Wednesday, June 15, 2016

ഒ.വി. വിജയന്‍െറ സന്ദേഹങ്ങള്‍ തന്നെയാണ് പ്രശ്നം



പ്രഭാഷണം


‘ഖസാക്കിന്‍െറ ഇതിഹാസം’ എന്ന കൃതിയെയും ഒ.വി. വിജയനെയും പുനര്‍വായിക്കുന്നു. ഒരുവശത്ത്  ഹൈന്ദവവാദികള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന വിജയനെ വീണ്ടെടുക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നു. മറുവശത്ത് വിജയനെന്ന വ്യക്തിക്കും കൃതികള്‍ക്കും പുതിയ വായനകള്‍ ഉണ്ടാക്കുന്നു. ഈ ഘട്ടത്തില്‍ എന്താണ് വിജയന്‍െറ മഹത്ത്വമെന്നും എന്താണ് അദ്ദേഹത്തിന്‍െറ പരിമിതികളെന്നും വ്യക്തമാക്കുകയാണ് എഴുത്തുകാരന്‍കൂടിയായ പ്രഭാഷകന്‍.



സന്ദേഹിയുടെ ഒൗന്നത്യവും ദുരന്തവും


എന്‍.എസ്. മാധവന്‍


ഒ.വി. വിജയനെ ഞാന്‍  ആദ്യം കാണുകയല്ല ഉണ്ടായത്, എന്നെ കാണണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയാണ് ചെയ്തത്. എനിക്ക് അദ്ദേഹത്തെ കാണാന്‍ ചില കാരണങ്ങളാല്‍ താല്‍പര്യമുണ്ടായിരുന്നില്ല.  കാരണം, എണ്‍പതുകളില്‍ ഇടതുപക്ഷ പ്രസ്ഥാനം അല്ളെങ്കില്‍ നവ ഇടതുപക്ഷ പ്രസ്ഥാനം ഒ.വി. വിജയനെ വീക്ഷിച്ചിരുന്നത് വരാനിരിക്കുന്ന ഹൈന്ദവതയുടെ ഒരു ചിഹ്നമായിട്ടാണ്. അത്തരം ഒരു നവ ഇടതുപക്ഷത്തിന്‍െറ ഭാഗത്തു നിന്ന് ഞാന്‍ വിജയനെ വിമര്‍ശിച്ചിരുന്നു. ‘ഖസാക്കിന്‍െറ സമ്പദ് വ്യവസ്ഥ’ എന്ന പേരില്‍ ഞാന്‍ എഴുതിയ ഒരു ലേഖനം അടങ്ങിയ ഒരു പുസ്തകം (കലാവിമര്‍ശനം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍-എഡിറ്റര്‍ രവീന്ദ്രന്‍) തിരുവനന്തപുരത്ത് പ്രകാശനംചെയ്തു. അന്നത്തെ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ എല്ലാ നേതാക്കളും-ഇ.എം.എസ്, സി. അച്യുതമേനോന്‍, കെ.ആര്‍. ഗൗരിയമ്മ- എല്ലാവരും നിരന്നുനിന്നുകൊണ്ട് ഈ പുസ്തകം റിലീസ് ചെയ്തപ്പോള്‍ വിജയന് സ്വാഭാവികമായും ഇടതുപക്ഷം\ കമ്യൂണിസ്റ്റ് പ്രസ്ഥാനം പരിപൂര്‍ണമായും തനിക്കെതിരെ തിരിഞ്ഞുവെന്നു തോന്നി. അതിന് ഒരു പ്രേരകശക്തിയായി അദ്ദേഹം എന്നെ കാണുകയും എന്നെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയുംചെയ്തു.  സംഭാഷണത്തിന് ഞാന്‍ വിമുഖനായിരുന്നു. ഞാന്‍ എഴുതിയ ഒരു കൃതിയെക്കുറിച്ച്, അതിന്‍െറ വിഷയവസ്തുവായ വ്യക്തിയോട് ചര്‍ച്ചചെയ്യാനുള്ള എന്‍െറ ബുദ്ധിമുട്ടുകാരണം ഞാനാ കൂടിക്കാഴ്ചയില്‍നിന്ന് പിന്മാറി. പക്ഷേ, വ്യക്തിപരമായിട്ട് വിജയനും എന്‍െറ കുടുംബത്തിലെ ചില അംഗങ്ങളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. അത്തരത്തില്‍ പിന്നീട് വളരെയധികം ബന്ധം അടുത്തുപുലര്‍ത്തുകയും ചെയ്തു. എങ്കിലും അവസാനംവരെ വിജയന്‍െറ രാഷ്ട്രീയത്തോട്, വിജയന്‍െറ രാഷ്ട്രീയത്തിലെ സന്ദേഹപരതയോട് കലഹംവെച്ചുപുലര്‍ത്തിയ ഒരു വ്യക്തിയാണ് ഞാന്‍ എന്ന് മുഖവുരയായിട്ടു പറയണം.
ഈയൊരു പശ്ചാത്തലത്തിലാണ് വീണ്ടും  മാധവന്‍കുട്ടി പറഞ്ഞതുപോലെ ( അധ്യക്ഷനായിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.മാധവന്‍കുട്ടി) ഇടതുപക്ഷം ഒ.വി. വിജയനെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് ആഹ്ളാദപരമാണ്. നമ്മള്‍ തിരിച്ചുപോകുകയാണെങ്കില്‍ ഒരുപക്ഷേ, വിജയനെ ചരിത്രപരമായി അടയാളപ്പെടുത്തേണ്ടത് 1960കളിലാണ്. 1960കളില്‍ ലോകമാകെ കലുഷിതമായിരുന്നു.  ലോകത്തെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക വളരെ ദരിദ്രമായ ഒരു ജനതയെ-വിയറ്റ്നാം ജനതയെ-അടിച്ചമര്‍ത്തുന്ന തികച്ചും ന്യായരഹിതമായ ഒരു കാഴ്ചയില്‍ അമേരിക്കയിലെ യുവജനത, യൂറോപ്പിലെ യുവജനത ക്ഷുഭിതമായ കാലഘട്ടമായിരുന്നു 1960കള്‍. ഈ സമയത്തുതന്നെ,  റോസി പാര്‍ക്ക് എന്ന സ്ത്രീയെ ഒരു ബസിന്‍െറ അകത്തുനിന്ന് ഇറക്കിവിടുന്നതില്‍ തുടങ്ങുന്ന വര്‍ണവിവേചന വിദ്വേഷത്തിന് എതിരായിട്ടുള്ള വലിയ സമരം അതിന്‍െറ മൂര്‍ധന്യത്തില്‍ എത്തിയിരുന്നു. 1962ല്‍ ക്യൂബയില്‍ മിസൈല്‍ ക്രൈസിസ് ഉണ്ടാവുകയും ക്യൂബയെ തകര്‍ക്കാന്‍ വേണ്ടി ജോണ്‍ എഫ്. കെന്നഡിയുടെ നേതൃത്വത്തില്‍ മിസൈല്‍ അയക്കുകയും അതില്‍ ക്രൂഷ്ചേവ് ഇടപെടുകയും ലോകമാകെ ആദ്യത്തെ ആണവ യുദ്ധത്തിന്‍െറ മുന്നില്‍ വന്നു നില്‍ക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ പ്രക്ഷുബ്ധമായിരുന്നു ജീവിതം. ശരിക്ക് അന്നേവരെയുള്ള മനുഷ്യചരിത്രത്തിന്‍െറ ജീവിതം മാറുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഈ കാലഘട്ടത്തിന്‍െറ മറ്റൊരു പ്രത്യേകത 1962ല്‍ ‘ടൈം മാഗസിന്‍’ എല്ലാ വര്‍ഷത്തെയും പതിവുപോലെ ആ വര്‍ഷത്തെ മാന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന്, ആ വര്‍ഷത്തെ പ്രധാന വ്യക്തിയെന്ന്  കണ്ട് തിരഞ്ഞെടുത്തത്  വമ്പിച്ച ലൈംഗിക സ്വാതന്ത്ര്യം നല്‍കിയ ഗര്‍ഭനിരോധന ഗുളികയെയാണ്. അങ്ങനെ ലോകം മാറിക്കൊണ്ടിരിക്കുന്ന, ലോകം മുഴുവന്‍ പ്രക്ഷുബ്ധമായിരിക്കുന്ന കാലത്തില്‍ രണ്ട് എഴുത്തുകാര്‍ ഈ ലോകത്തില്‍നിന്ന് പിന്‍വാങ്ങി, മറ്റൊരു സാങ്കല്‍പിക ലോകമുണ്ടാക്കി. ഈ രണ്ട് എഴുത്തുകാരും ആ സാങ്കല്‍പിക ഗ്രാമത്തെക്കുറിച്ച് രണ്ട് നോവലുകള്‍ എഴുതി. 1967ല്‍ തന്നെയാണ് മാര്‍കേസിന്‍െറ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ വരുന്നത്. 1967ല്‍ തന്നെയാണ് ‘ഖസാക്കിന്‍െറ ഇതിഹാസം’ ആദ്യമായിട്ട് മാതൃഭൂമിയില്‍ സീരിയലൈസ് ചെയ്യാന്‍ തുടങ്ങിയത്. ഈ പ്രക്ഷുബ്ധമായ കാലത്തിനോട് അന്ന് എങ്ങനെ പ്രതികരിച്ചുവെന്നും ഈ പ്രതികരണം  ലോകത്തിന്‍െറ പല ഭാഗത്തുമുണ്ടാക്കിയ  എല്ലാ ആശയങ്ങളെയും ഒരു ഈസ്റ്റ് പോലെ, ബാക്ടീരിയപോലെ പടര്‍ന്നുകിടക്കുന്നു എന്നതിന്‍െറയും തെളിവാണ് ഈ രണ്ടു പുസ്തകങ്ങളും. ഈ രണ്ടു വലിയ കൃതികളും അന്നുവരെ കേള്‍ക്കാത്തൊരു ഭാഷയാണ് സംസാരിക്കുന്നത്. അന്നുവരെ സ്പാനിഷ് ഭാഷ എന്നു പറഞ്ഞിരുന്നുവെങ്കില്‍ അത് യൂറോപ്പിലെ സ്പെയിനിലെ ഭാഷയായിരുന്നു. ഇന്ന് സ്പാനിഷ് ഭാഷ എന്നു പറയുന്നത് ലാറ്റിനമേരിക്കയിലെ സ്പാനിഷ് ഭാഷയാണ്. അന്നുവരെ കേള്‍ക്കാത്ത, സര്‍വകലാശാലകളില്‍ പഠിപ്പിക്കാത്ത, ഭാഷയില്‍നിന്ന് ഒരു എഴുത്തുകാരന്‍ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ എഴുതി. മലയാള നോവലില്‍ ഏറ്റവും വലിയ വിപ്ളവം. അതിന്‍െറ അനുരണനം പതിറ്റാണ്ടുകള്‍ക്ക് ശേഷം ദീപന്‍ ശിവരാമനില്‍ എത്തിനില്‍ക്കുന്നു. ഒ.വി. വിജയന്‍െറ ‘ഖസാക്കിന്‍െറ ഇതിഹാസം’ ഒരു മഹത്തായ കൃതിയാകുന്നത് അത് പല രീതിയിലും വായിച്ചെടുക്കാമെന്നുള്ളിടത്താണ്. അതിന്‍െറ ആദ്യവായന എന്നത് അന്നത്തെ നിരൂപകര്‍ കണ്ടത്തെിയതാണ്. 1964ലാണ് സാര്‍ത്ര് നൊബേല്‍ സമ്മാനം വേണ്ടെന്ന് പറയുന്നത്. അതോടെയാണ് മലയാളികള്‍ എക്സ്റ്റന്‍ഷ്യലിസം (അസ്തിത്വവാദം)എന്നു പറയുന്ന ഒരു സാധനം ഉണ്ടെന്ന് അറിയുന്നതും എന്നിട്ട് അത് വിജയന്‍െറ മേല്‍ ആരോപിക്കുകയും ചെയ്യുന്നത്. ഈ രീതിയിലാണ് ഖസാക്കിനെക്കുറിച്ചുള്ള ആദ്യവായന. ഇത് ലോകത്തിലെമ്പാടും ഉണ്ടായിരുന്ന, ഒരു തരത്തിലുള്ള പൊതു സാഹിത്യത്തിന്‍െറ ഭാഗമായി കാണാം. കാരണം ഈ കാലഘട്ടത്തില്‍ തന്നെയാണ് ഒന്നിനോടും കൂസാതെ, ജാക് കെറുവാക്ക്, കൊര്‍ട്ട് വോണിഗട്ട്, തോമസ് പിന്‍ജര്‍ തുടങ്ങിയ എഴുത്തുകാര്‍ അവരുടെ കൃതികള്‍ മുന്നോട്ടുവെച്ചത്. ഏതാണ്ട് അതിന്‍െറ ചുവടുകള്‍ വെക്കുന്നതാണ് ഖസാക്ക് എന്ന് നമ്മളെ തോന്നിപ്പിച്ചു. ഈ ശൂന്യതാവാദത്തില്‍നിന്നാണ്, അതായത് ജീവിതത്തിന്‍െറ ശാശ്വത മൂല്യങ്ങള്‍ക്ക് അര്‍ഥമില്ളെന്നും, ശാശ്വത മൂല്യങ്ങളില്ളെന്നും അത് ദൈനംദിനമായിട്ട് ഇടപെടുന്നുവെന്നും ആ ഇടപെടലുകളുടെ -ഈ അസ്തിത്വപരമായിട്ടുള്ള ഇടപെടലുകളുടെ- ഒരു ആകത്തുകയാണ് ജീവിതം എന്നുമാണ് ഖസാക്ക്  ആദ്യ വായനയില്‍ തോന്നിപ്പിച്ചത്. ആദ്യവായനയില്‍ തോന്നിപ്പിച്ച മറ്റൊരു കാര്യം ഖസാക്കിന്‍െറ വികലമായ സമ്പദ്വ്യവസ്ഥയാണ്. എനിക്ക് അത് വളരെയധികം തോന്നിയ കാര്യവുമാണ്. അക്കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട പല ഇടതുപക്ഷ ചിന്തകരിലും അത്തരം ധാരണ ഉണ്ടായിരുന്നു. അതി സമൃദ്ധമായ സാംസ്കാരിക ജീവിതമുള്ള ഒന്നാണ് ഖസാക്ക്. ആ ഖസാക്കില്‍ സംസ്കാരമല്ലാതെ മറ്റൊന്നുമില്ല.  എന്നാല്‍, ഈ സംസ്കാരത്തെ താങ്ങിനിര്‍ത്താനുള്ള ഒരു രീതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനവും ഖസാക്കില്‍ നടക്കുന്നില്ല എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. എന്താണ് ഖസാക്കിന്‍െറ സമ്പദ്വ്യവസ്ഥയുടെ അടിത്തറ? ആകെയുള്ളത് ശിവരാമന്‍നായരുടെ ഞാറ്റുപുരയാണ്. ആ ഞാറ്റുപുര ഒഴിഞ്ഞുകിടക്കുകയാണ്. പിന്നീടുള്ളത് കുറെ ആള്‍ക്കാര്‍  ജോലിതേടി പുറത്തുപോയി തിരിച്ചുവരുന്നു.  ഇത്തരത്തില്‍ പല തരത്തിലുള്ള സാംസ്കാരിക പ്രവര്‍ത്തനം നടക്കുമ്പോഴും അവിടെ അതിന് തത്തുല്യമായി സ്ഥാപിച്ചെടുക്കാനുള്ള ഒരു സമ്പദ് വ്യവസ്ഥ ഉണ്ടായിരുന്നില്ല. മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍കൂടി നോക്കുകയാണെങ്കില്‍, അല്ളെങ്കില്‍ എന്നും മാര്‍ക്സ് പറഞ്ഞിട്ടുള്ളത് ഉപരിഘടന, അതായത് സാംസ്കാരികമായതും സാമൂഹികശാസ്ത്രപരമായതുമായ ഉപരിഘടനയും അതിന്‍െറ താഴ്ത്തട്ടുമായിട്ട് ആനുപാതികമായ ബന്ധത്തിന്‍െറ ആവശ്യമില്ളെന്നുതന്നെയാണ്. പക്ഷേ, ഈ ഒരു സാംസ്കാരികതലമായിട്ടുള്ള, വളരെ വിചിത്രമായിട്ടുള്ള വ്യത്യാസം ഖസാക്ക് എന്തിലേക്കാണ് നയിക്കുന്നത്, ഏതുതരത്തിലുള്ള മിത്തോളജിക്കലാണ് സൃഷ്ടിക്കുന്നത്, അതിന്‍െറ ഭ്രമാത്മകത എത്രമാത്രം ഭീകരമാണെന്ന് എന്നൊക്കെ എഴുതുകയും വിമര്‍ശിക്കുകയും  ചെയ്ത വളരെയധികം എഴുത്തുകാര്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പിന്നെയുള്ളത് ഇതിന്‍െറ ആഖ്യാനപരമായിട്ടുള്ളതാണ്. ‘ഖസാക്കിന്‍െറ ഇതിഹാസം’ ഒരു നാടകമാകാന്‍ വളരെ ഉപയുക്തമായിട്ടുള്ള നോവലാണ്. കാരണം ഇതിന്‍െറ ആഖ്യാനതലം ഖസാക്ക് എന്ന  സമൂഹത്തിലേക്ക് ഒരു അപരിചിതന്‍ കടന്നുവരുകയാണ്. ഇതൊരു കൊളോണിയല്‍ നരേറ്റിവാണ്. അതായത് ഇബ്നുബത്തൂത്തയാകട്ടെ, മാര്‍ക്കോപോളോയാകട്ടെ, അവര്‍ കടന്നുപോകുന്നു.  അവര്‍ തങ്ങള്‍ക്ക് അന്യമായ, അപരിചിതമായ ഒരു സ്ഥലത്തെ സംസ്കാരത്തിലേക്ക് കയറുന്നു. അതിനെ നിരീക്ഷിക്കുന്നു. അതിനെക്കുറിച്ച് അവരുടെ കാഴ്ചപ്പാടില്‍ എഴുതുന്നു. എന്നാല്‍, വിജയന്‍െറ മഹത്ത്വം എഡ്വേഡ് സൈദ് ഒക്കെ പറഞ്ഞിട്ടുള്ള ഒരു തരത്തിലുള്ള ഓറിയന്‍റലിസമാണ്. അതായത് മറ്റൊരു സംസ്കാരത്തെ നോക്കിക്കണ്ട്, അതിനോടുള്ള ഒരു അഭിനിവേശം. ഈ ഓറിയന്‍റലിസം വിജയന്‍െറ ദൃഷ്ടികോണില്‍നിന്ന് ഖസാക്കിനെ കാണുന്നു. ഇതിലെ അപരിചിതനായ കാഴ്ചക്കാരന്‍ ഈ സമൂഹത്തില്‍ തുടര്‍ച്ചയായി ഇടപെടുന്നു. ഈ ഇടപെടലിന് ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ബന്ധമുണ്ട്. ഈ ഇടപെടല്‍, അതായത് മിക്കവാറും ആള്‍ക്കാരുമായിട്ട് രവിയുടെ ഇടപെടല്‍ ലൈംഗികപരമായിരുന്നു. പക്ഷേ, ഈ സമൂഹത്തിന്‍െറ ഭാഗമായിനിന്നുകൊണ്ട് വിജയന് വെറും ഓറിയന്‍റലിസ്റ്റ് ഗെയ്സാക്കി (നോട്ടം) മാറ്റാതിരിക്കാന്‍ സാധിച്ചിട്ടുണ്ട്. ‘ഖസാക്കിന്‍െറ ഇതിഹാസം’ നാടകമാക്കുമ്പോള്‍ അതില്‍ രവിയുടെ ആവശ്യമില്ല. കാരണം, രവിയാകുന്നത് എല്ലാ കാഴ്ചക്കാരനുമാണ്. രവി കണ്ട കാഴ്ചകളാണ് ‘ഖസാക്കിന്‍െറ ഇതിഹാസം’. ദീപന്‍ ശിവരാമന്‍െറ നാടകം ഞാന്‍ കണ്ടിട്ടില്ല. ‘ഖസാക്ക്’ നാടകമാക്കുകയാണെങ്കില്‍, തികച്ചും രവിയെ മാറ്റിനിര്‍ത്തിക്കൊണ്ടുതന്നെ നാടകമാക്കാന്‍ പറ്റും. കാരണം, ഒരു അപരിചിതന്‍െറ അപരിചിതമായ, എന്നാല്‍ ഓറിയന്‍റലിസ്റ്റ് ഒൗത്സുക്യമില്ലാതെ നോവല്‍ അവതരിപ്പിക്കുന്നു.
ഇവിടന്നാണ് വിജയന്‍െറ മഹത്ത്വം നമുക്ക് വ്യക്തമാകുന്നത്. എവിടെയെല്ലാം ചതിക്കുഴികള്‍ ഉണ്ടോ ആ ചതിക്കുഴികള്‍ വരെ നടന്നുചെന്ന്, എന്നാല്‍ അതിന്‍െറ വക്കില്‍വെച്ച് അദ്ദേഹം നിര്‍ത്തി. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ ഒരു മിത്തോളജിക്കലായിട്ട് അവിശ്വനീയമായ രീതിയിലുള്ള സാംസ്കാരിക ധാര്‍മിക തലം സൃഷ്ടിച്ച്, അതിന്‍െറ ഭവിഷ്യത്തായിട്ട് സംഭവിക്കാവുന്ന ഹൈന്ദവതയും അതി ഹൈന്ദവതയുടെയും തൊട്ടുവക്കില്‍ ചെന്ന് അദ്ദേഹം നിര്‍ത്തുന്നു. വിജയനെപ്പറ്റി സക്കറിയ നടത്തിയ വലിയൊരു നിരീക്ഷണമുണ്ട്. അതായത് വിജയന്‍ എഴുത്തിന്‍െറ മഹത്ത്വം എന്നത് പൈങ്കിളിയാകുന്നതിന്‍െറ ഒരു ചുവട് മുമ്പ് വെച്ച് അദ്ദേഹത്തിന് എഴുത്തുനിര്‍ത്താന്‍ പറ്റുമായിരുന്നുവെന്ന്. ഇങ്ങനെ ഒരു ഞാണിന്മേല്‍ കളിയുടെ മഹത്ത്വമാണ് വിജയന്‍െറ മിക്ക  സാഹിത്യസൃഷ്ടികളിലും കാണുന്നത്. തത്ത്വശാസ്ത്രപരമായിട്ട് അത് ഓറിയന്‍റലിസമാകുന്നില്ല, അത് അതിഭാവുകത്വമാവുന്നില്ല, അത് ജാതീയമാകുന്നില്ല, അത് വര്‍ഗീയമാകുന്നില്ല, അതി ഹൈന്ദവതയുമാകുന്നില്ല. പക്ഷേ, ഇതിന്‍െറയെല്ലാം വക്കില്‍ചെന്ന് നിര്‍വചനങ്ങള്‍ക്ക് അതീതനായിട്ട് വിജയന്‍ ഇന്നും  നിലകൊള്ളുന്നു.  ഈ അസ്തിത്വവാദപരമായിട്ടുള്ള വിശേഷണങ്ങള്‍ക്ക് ശേഷവും ‘ഖസാക്ക്’ തൊണ്ണൂറുകളിലും മറ്റും ആളുകളെ വീണ്ടും ഹഠാദാകര്‍ഷിച്ചത് അതിന്‍െറ അതി സൂക്ഷ്മപരമായിട്ടുള്ള നരവംശശാസ്ത്ര പഠനങ്ങളാണ്. വളരെ വ്യത്യസ്തമായിട്ടുള്ള പല ജാതികളെയും മതങ്ങളെയും ഭാഷകളെയും   മറ്റും സൂക്ഷ്മമായ വിജയന്‍െറ നിരീക്ഷണങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ട്.  സാഹിത്യകാരനും സിനിമാസംവിധായകനുമായ മധുപാലിന്‍െറ ഒരു ലേഖനത്തില്‍ വായിച്ചു, പാലക്കാട് ഭാഗത്ത് ഈഴവരെ പണിക്കര്‍ എന്നു വിളിക്കാറില്ല, പക്ഷേ, വിജയന്‍ പണിക്കരെന്നു വിളിച്ചുവെന്ന്. കാരണം, വിജയന് അറിയാമായിരുന്ന ഈഴവര്‍ ഡല്‍ഹിയിലെ പണിക്കേഴ്സ് ട്രാവല്‍സിലെ  പണിക്കരായിരുന്നു. വിജയന് ഇതില്‍ തെറ്റിദ്ധാരണപറ്റിയെന്നുള്ളതല്ല, പക്ഷേ, ഇത്തരം സൂക്ഷ്മതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ അറിയാത്തവര്‍ക്കെല്ലാം ആ രചനകള്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു. നരവംശശാസ്ത്ര പഠനങ്ങളും സൂക്ഷ്മമായിട്ടുള്ള ചരിത്രനിര്‍മിതികളും വിജയന്‍െറ സാഹിത്യത്തിലുണ്ട്. അതായത് ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെയാണ് ബീഡിക്കമ്പനിയില്‍കൂടി ഒരു നാട്ടിന്‍പുറത്ത് വരുന്നത് എന്നത് വളരെ സൂക്ഷ്മമായിട്ടുള്ള  നിരീക്ഷണങ്ങളില്‍കൂടി പറയാന്‍ വിജയന് സാധിച്ചു.  ഇതിനുശേഷമുള്ള നാലാമത്തെയോ അഞ്ചാമത്തെയോ വായനയാണ് നേരത്തേ എന്‍. മാധവന്‍കുട്ടി ചൂണ്ടിക്കാട്ടിയതുപോലെ ഇടതുപക്ഷം വിജയനെ തിരിച്ചുപിടിക്കുന്നുവെന്നത്.
അവസാനമായിട്ട് എന്താണ് വിജയന്‍  എന്നു ചോദിച്ചാല്‍ അദ്ദേഹം ഒരു സന്ദേഹിയായിരുന്നു. അതി ഹൈന്ദവതയെക്കുറിച്ച് അദ്ദേഹം സന്ദേഹം പുലര്‍ത്തിയിരുന്നു. അതി ഹൈന്ദവതയെന്നാല്‍ ഹൈന്ദവതയല്ല എന്ന് പറയാനും ഇവ രണ്ടും തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസം ചൂണ്ടിക്കാട്ടാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഒരുതരത്തില്‍ പിടികൊടുക്കാതിരിക്കുക എന്നതായിരുന്നു വിജയന്‍െറ എഴുത്തിന്‍െറയും സാഹിത്യത്തിന്‍െറയും വിജയന്‍ എന്ന വ്യക്തിയുടെയും ഒരു പ്രധാനപ്പെട്ട വ്യക്തി മുദ്ര. വിഡിയോകള്‍ ഒക്കെ വരുന്നതിന് മുമ്പ് ഫിലിം മാഗസിന്‍ പ്രസ്ഥാനം ഉണ്ടായിരുന്നു. ഇന്ത്യാ ടുഡേയെല്ലാം എല്ലാ ആഴ്ചകളിലും കാസറ്റ് ഇറക്കിയിരുന്നു. ഒരു വിഡിയോ മാഗസിന്‍ സങ്കല്‍പം. അത്തരത്തില്‍ ഒരു വിഡിയോ മാഗസിനില്‍ വിജയനുമായി നടത്തിയ ഒരു അഭിമുഖ സംഭാഷണം ഞാന്‍ കാണുകയുണ്ടായി. അതില്‍ അദ്ദേഹം ആത്മീയതയെപ്പറ്റി സംസാരിക്കുന്നു, ദൈവത്തെപ്പറ്റി സംസാരിക്കുന്നു. അവസാനം അഭിമുഖം നടത്തുന്നയാള്‍ ചോദിച്ചു അപ്പോള്‍ ദൈവം ഉണ്ട് എന്നാണോ വിശ്വാസം? വിജയന്‍െറ ഉത്തരം: ‘‘ആവോ.’’ ഇത്തരത്തില്‍ അനവരതം മാറിക്കൊണ്ടിരിക്കുന്ന സന്ദേഹിയായിരുന്നു വിജയന്‍. ഈ സന്ദേഹംതന്നെയാണ് വിജയനെ പിടിച്ചെടുക്കാന്‍, അപ്രോപ്രിയേറ്റ് ചെയ്യാന്‍ ഏറ്റവും പറ്റിയ ഉരുപ്പടിയായി വിജയന്‍െറ സാഹിത്യത്തെ മാറ്റുന്നത്. വിജയനെ ഏത് രീതിയില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഇത് ഒരു സാഹിത്യ കൃതിക്ക് സംഭവിക്കുന്നത് മുന്നൂറോ നാനൂറോ വര്‍ഷത്തിന് ശേഷമാണ്. ഷേക്സ്പിയറിന് വേണ്ടി പലതരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ട്. ഒക്ടോബര്‍ മാസത്തില്‍ എഡിന്‍ബറോ ഫെസ്റ്റിവലുണ്ട്. അതില്‍ മാക്ബത്തിന്‍െറ തന്നെ പതിനഞ്ചോ ഇരുപതോ വ്യാഖ്യാനങ്ങള്‍ ഓരോ വര്‍ഷവും അവതരിപ്പിക്കുന്നു. പത്തു നാനൂറു വര്‍ഷങ്ങള്‍ക്കുശേഷം ഒരു  സാഹിത്യകാരനില്‍നിന്നും അക്കാലത്തെ ചരിത്രത്തില്‍നിന്നും നമ്മള്‍ മാറിനില്‍ക്കുമ്പോള്‍ മാത്രം സാധ്യമാകുന്ന ഒരു വ്യാഖ്യാന പടുത വിജയന് എന്നും ഉണ്ടായിരുന്നു. ഞാന്‍ പറഞ്ഞുവരുന്നത് എന്നും നിര്‍വചനത്തിന് അതീതനാണ് വിജയനെന്നാണ്. അദ്ദേഹത്തെ ഓരോ കളങ്ങളില്‍ കെട്ടിയിടുന്നത്  ഒരുപക്ഷേ ഇപ്പോള്‍ സാധ്യമായിരിക്കും. കാരണം, അദ്ദേഹം മരിച്ചുകഴിഞ്ഞിരിക്കുന്നു. അദ്ദേഹം ജീവിച്ചിരിക്കുന്ന സമയത്ത് അത് സാധ്യമാകുമായിരുന്നില്ല. വിജയന്‍ അതില്‍നിന്ന് കുതറിമാറി പുറത്തുചാടുമായിരുന്നു. ഇത് വിജയന്‍െറ ശക്തിയാണ്. ഇതുതന്നെയാണ് വിജയന്‍െറ ദൗര്‍ബല്യവും. ഇതുകൊണ്ടുതന്നെയാണ് ഈ വര്‍ഷം ഡി.സി ബുക്സ് ഇറക്കിയ ‘ഖസാക്കിന്‍െറ ഇതിഹാസ’ത്തിന്‍െറ പതിപ്പില്‍ ഏതാണ്ട് 97 അടിക്കുറിപ്പുകള്‍ വിജയനെ ആത്മീയവാദിയായിട്ടും സോഫ്റ്റ് ഹിന്ദുവായിട്ടും അവതരിപ്പിക്കുന്ന രീതിയില്‍ എഴുതിച്ചേര്‍ക്കാന്‍ കാരണം. ഈ വര്‍ണരാജിയുടെ, ഈ സ്പെക്ട്രത്തിന്‍െറ മറ്റൊരു അറ്റമാണ് ദീപന്‍ ശിവരാമന്‍െറ നാടകം. എന്തിനും വഴങ്ങുന്ന, നിലപാടുകള്‍ ഒരിക്കലും തറപ്പിച്ചുപറയാത്ത ഒരു വ്യക്തിയുടെ മഹത്തായ സാഹിത്യത്തിന് സംഭവിക്കാവുന്ന ഒൗന്നത്യവും അതിന്‍െറ ദുരന്തവുമാണ് വിജയന്‍ എന്നും കാഴ്ചവെച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള കുറച്ചു ചിന്തകള്‍ നിങ്ങളോട് പങ്കുവെക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒരുപക്ഷേ, വിജയനെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് ഞാനായിരിക്കും. പക്ഷേ,  എഴുത്തു പൂര്‍ണമായിട്ടില്ല. എന്നും വിജയനിലേക്ക് പിന്മടങ്ങിപ്പോകുന്ന വ്യക്തിയാണ് ഞാന്‍. ഇത്തരം എന്‍െറ സന്ദേഹങ്ങള്‍ ഇവിടെ പങ്കുവെച്ചുകൊണ്ട് നിര്‍ത്തുന്നു, നന്ദി.

-----------------------------------------------------------------------------------------
ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത ‘




ഖസാക്കിന്‍െറ ഇതിഹാസം’ എന്ന നാടകാവതരണത്തിന് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂനിയന്‍ ഉള്‍പ്പടെയുള്ള ഖസാക്ക് @കോഴിക്കോടും റാസ്ബറി ബുക്സും ചേര്‍ന്ന് മേയ് 17ന് സംഘടിപ്പിച്ച ഒ.വി. വിജയന്‍ അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം

എഴുത്ത്: ആര്‍.കെ. ബിജുരാജ്


Madhayamam Weekly 2016 JUNE 13 (954)

No comments:

Post a Comment