Wednesday, June 15, 2016

അവര്‍ക്കെല്ലാം ഞാന്‍ വെറുക്കപ്പെട്ടവള്‍










സംഭാഷണം
തസ്ലിമ നസ്റിന്‍/സച്ചിദാനന്ദന്‍

അവര്‍ക്കെല്ലാം ഞാന്‍ വെറുക്കപ്പെട്ടവള്‍



ബംഗ്ളാദേശ് വിവാദ എഴുത്തുകാരിയും രാജ്യഭ്രഷ്ട്രയുമായ തസ് ലിമ നസ്റിന്‍ ഫെബ്രുവരി ആദ്യം കോഴിക്കോട്  ഡി.സി. ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തിന് എത്തിയിരുന്നു.  2007 ന് ശേഷം ആദ്യമായാണ് തസ്ലിമ ഡല്‍ഹി വിട്ട് ഇന്ത്യയിലെ ഏതെങ്കിലും ഒരു സ്ഥലത്ത് എത്തുന്നത്. മതമൗലിക വാദികളുടെ എതിര്‍പ്പിന് വിധേയമായി രാജ്യം വിടേണ്ടി വന്ന അവര്‍ സാഹിത്യോത്സവത്തില്‍ തന്‍െറ നിലപാടുകളും അനുഭവങ്ങളും തുറന്നു പറഞ്ഞു. സാഹിത്യോത്സവം ഡയറക്ടര്‍ കൂടിയായ കവി സച്ചിദാനന്ദന് ഒപ്പമുള്ള പൊതു ചര്‍ച്ചയായിരുന്നു അതില്‍ പ്രധാനം. ഇരുവരും നടത്തിയ സംഭാഷണത്തിന്‍െറ പ്രസക്ത ഭാഗങ്ങള്‍:





സച്ചിദാനന്ദന്‍: ഞാനാദ്യം തസ്ലിമ തന്‍െറ അമ്മയെപ്പറ്റി എഴുതിയ കവിത വായിക്കാം. ഈ കവിത അഭയമില്ലാത്ത ഒരു സ്ത്രീയുടെ ദുരിതങ്ങളും വേദനകളും നിറഞ്ഞതാണ്. അമ്മയോടുള്ള അഭ്യര്‍ത്ഥന, അല്ളെങ്കില്‍ ഒരു അമ്മക്കുള്ള കത്ത് എന്ന നിലയിലുള്ളതാണ് കവിത. (കവിത ചൊല്ലുന്നു: "ഹൗ ആര്‍ യു?/ മെനി ഡേസ് മെനി തൗസന്‍റസ് ഓഫ് ഡേസ്/ഐ ഡോണ്ട് സീ യൂ മാ/മെനി തൗസന്‍റസ് ഓഫ് ഡേസ്/ഐ ഡോന്‍ഡ് ഹിയര്‍ യുവര്‍ വോയ്സ്/മെനി തൗസന്‍റസ് ഓഫ് ഡേസ്/ഐ ഡോണ്ട് ഫീല്‍ യുവര്‍ ടച്ച് എന്നിങ്ങനെ തുടങ്ങുന്ന കവിത ഐയാം നോട്ട് എ ഹ്യൂമന്‍ ബിയിംഗ് ലൈക് യു എന്ന വരിയില്‍ അവസാനിക്കുന്നു). തസ്ലിമ ഈ കവിതക്ക് പിന്നിലുള്ള തീവ്രമായ വേദന എന്താണ്? എന്താണ് നിങ്ങളെ നിങ്ങളുടെ അമ്മയില്‍ നിന്ന്, മാതൃരാജ്യത്തില്‍ നിന്ന് വേര്‍പെടുത്തിയത്? മാതൃരാജ്യത്തില്‍ നിന്ന് വേര്‍പെടുക എന്നത് അമ്മയില്‍ നിന്ന് വേര്‍പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമല്ല. എന്താണ് നിങ്ങളുടെ അവസ്ഥക്ക് കാരണം? നിങ്ങള്‍ എന്നും നിലകൊണ്ടതും ഇപ്പോള്‍ നിലകൊള്ളുന്നതുമായ,നിങ്ങളുടെ ജീവിത പോരാട്ടത്തിന്‍െറ അര്‍ത്ഥം എന്താണ്?

തസ്ലിമ: നന്ദി. ഞാന്‍ അമ്മയെപ്പറ്റിയുള്ള ഈ കവിത എഴുതിയത് അമ്മ മരിച്ചശേഷമാണ്. അമ്മ മരണക്കിടക്കയിലായിരുന്നപ്പോള്‍ രാജ്യത്തേക്ക് മടങ്ങി, അമ്മയെ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, സര്‍ക്കാര്‍ എന്നെ എന്‍െറ രാജ്യത്തേക്ക് കടക്കാന്‍ അനുവദിച്ചില്ല. അച്ഛന്‍ അസുഖമായി കിടക്കുമ്പോള്‍ ഞാന്‍ അച്ഛനെ അവസാനമായി കാണാന്‍ അഭ്യര്‍ത്ഥന നടത്തുകയും കരയുകയും മൊക്കെ ചെയ്തു.  പക്ഷേ സര്‍ക്കാര്‍ എന്നെ രാജ്യത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. അച്ഛന്‍ മരിച്ചു. അമ്മ മരിച്ചു. 21 വര്‍ഷമായി ഞാന്‍ പ്രവാസിയായി കഴിയുന്നു. എന്‍െറ രാജ്യത്ത് ചെന്ന്  കുടുംബാംഗങ്ങളെ കാണാന്‍ എനിക്ക് അനുവാദമില്ല. അത് ശരിക്കും വേദനാജനകമാണ്. പക്ഷേ, എന്നെ സംബന്ധിച്ച് മതമൗലികവാദികളുടെ ആജ്ഞക്ക് അനുസരിച്ച് നിലപാടുകള്‍ മാറ്റിവക്കാന്‍ ആവില്ല. എനിക്കെതിരെ ഫത്വ പുറപ്പെടുവിക്കുകയും എന്‍െറ തലക്ക് വിലയിടുകയും ചെയ്തവര്‍ ഇപ്പോഴും രാജ്യത്ത് ജീവിക്കുന്നു. ഞാന്‍ പുറത്താക്കപ്പെട്ടിരിക്കുന്നു. ഇത് വേദന നിറഞ്ഞതാണ്. പക്ഷെ എന്തുചെയ്യാനാവും? തുടക്കത്തില്‍ എനിക്ക് എഴുതാന്‍ പോലുമായിരുന്നില്ല. പക്ഷേ, ഞാന്‍ തിരിച്ചറിഞ്ഞു പ്രവാസിയായി എവിടെ കഴിയേണ്ടിവന്നാലും എഴുത്തു തുടരേല്‍തായിട്ടുണ്ടെന്ന്. പോരാട്ടം തുടരേണ്ടതുണ്ട്. സ്ത്രീകളെ വെറുക്കുന്നവര്‍ക്കെതിരെ,  പിതൃദായക ക്രമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ, അഭിപ്രായ സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കെതിരെ, മനുഷ്യാവകാശം, മതേതരത്ത്വം എന്നിവയില്‍ വിശ്വസിക്കാത്തവര്‍ക്കെതിരെ.  ഞാനനെവിടെ പ്രവാസിയായി കഴിഞ്ഞാലും ഇവര്‍ക്കെതിരെ പോരാടേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. മരണം എത്തുന്നവരെ, മരണം എന്നെ വേട്ടയാടുന്നവരെ ഞാന്‍ എല്ലാതരം മതതീവ്രവാദികള്‍ക്കെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.

സച്ചിദാനന്ദന്‍: വളര്‍ച്ചയുടെ ഘട്ടത്തില്‍ എന്ത് ആശയങ്ങളാണ്, എന്തൊക്കെ പുസ്തകങ്ങളാണ് നിങ്ങളെ ആഴത്തില്‍ സ്വാധീനിച്ചത്.  നിങ്ങളുടെ  സ്വഭാവ രൂപീകരണത്തില്‍ ആദ്യ കാലത്ത് ആഴത്തില്‍ സ്വാധീനിച്ച സംഗതികള്‍ എന്തൈാക്കെയാണ്?

തസ്ലിമ: സത്യത്തില്‍, ഞാന്‍ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ ഫെമിനിസത്തെപ്പറ്റിയുള്ള ഒരു പുസ്തകവും വായിച്ചിരുന്നില്ല. മനുഷ്യാവകാശത്തെപ്പറ്റി എഴുതാന്‍ തുടങ്ങുമ്പോള്‍ മനുഷ്യാവകാശത്തെപ്പറ്റി ഞാനൊരു പുസ്തകവും വായിച്ചിരുന്നില്ല. അത് ഉള്ളില്‍ നിന്ന് തന്നെ വന്നതാണ്. നിങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെങ്കില്‍ നിങ്ങള്‍ അതിനെതിരെ പേരാടും. അത് മനുഷ്യ സ്വഭാവമാണ്. അതു ചെയ്യാനായി നിങ്ങള്‍ ഒരു പുസ്തകവും വായിക്കേണ്ടതില്ല. എന്‍െറ രാജ്യത്തെ സ്ത്രീകള്‍ സ്ത്രീകളാണെന്ന ഒറ്റകാരണത്താല്‍ അടിച്ചമര്‍ത്തപ്പെടുന്നത് കണ്ടപ്പോള്‍ അനീതിക്കും അതുല്യതക്കും എതിരെ ഞാന്‍ പ്രതിഷേധിച്ചു. സ്ത്രീകള്‍ മനുഷ്യരാണെന്ന് പറഞ്ഞു. അക്കാരണത്താല്‍ മാത്രം എന്തുകൊണ്ട് സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടു എന്ന് ചിന്തിച്ചു. നിങ്ങള്‍ക്ക് വിശക്കുന്നുല്‍െങ്കില്‍ നിങ്ങള്‍ ഭക്ഷണം തേടും. അതു മനുഷ്യ സ്വഭാവമാണ്. ഞാനത് ചെയ്തു. പക്ഷേ, ഞാന്‍ മാത്രം അനീതിക്കെതിരെയും പ്രതിഷേധിക്കുന്നു. മറ്റുളളവര്‍ എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല എന്ന ചോദ്യമുണ്ട്. പാട്രിയാട്രിക്കല്‍ വ്യവസ്ഥയുടെ സിദ്ധാന്തവല്‍ക്കരണത്തിന് സ്ത്രീകള്‍ വിധേയരായിട്ടുണ്ട്. തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്ന് അറിയാമെങ്കിലും അവര്‍ പ്രതിഷേധിക്കില്ല. പ്രതിഷേധിച്ചാല്‍ എന്ത് സംഭവിക്കുമെന്നറിയാം. പിന്നെ എനിക്ക് സംഭവിച്ചത് അവര്‍ കണ്ടു. ഞാന്‍ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. അത് അവരെ ഭയപ്പെടുത്തും. സ്ത്രീവിദ്വേഷപരമായ സമുഹത്തില്‍ സ്ത്രീ അവകാശങ്ങള്‍ പേരാടിയതാണ് ഞാന്‍ പുറത്താക്കപ്പെടാന്‍ കാരണം. അത് സ്ത്രീകള്‍ മനസിലാക്കുന്നു. മത അടിച്ചമര്‍ത്തലിനെതിരെ ആഴത്തില്‍ മതാധിഷ്ഠിതമായ സമൂഹത്തില്‍ പ്രതിഷേധിച്ചു. അതാണ് എന്‍െറ ക്രൈം. പക്ഷേ, ഞാനത് ക്രൈം കണക്കാക്കുന്നതേയില്ല. (ചിരി)


സച്ചിദാനന്ദന്‍: നിങ്ങള്‍ക്ക് എന്തുതരം വിദ്യാഭ്യാസമാണ് ഉണ്ടായിരുന്നത്? സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് ആക്റ്റിവിസം സ്വാധീനിച്ചിരുന്നോ?


തസ്ലിമ: ഞാന്‍ വളരെ ചെറുപ്പത്തിലേ കവിത എഴുതിയിരുന്നു. 13 വയസുള്ളപ്പോള്‍  കവിത എഴുതി പ്രസിദ്ധീകരിച്ചു. 17 വയസുള്ളപ്പോള്‍ കവിതാ മാഗസിന്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. ഞാന്‍ ബംഗാളി സാഹിത്യം പഠിക്കാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, അച്ഛന്‍ ഡോക്ടറായിരുന്നു. വളരെ സെക്യുലറലായ വ്യക്തിയായിരുന്നു അച്ഛന്‍. പക്ഷേ, ഞാന്‍ ബംഗാളി സാഹിത്യം പഠിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ദരിദ്രയായി മാറും എന്നതായിരുന്നു ചിന്ത. ഞാന്‍ ആര്‍ട്ടിസ്റ്റാവാന്‍ ആഗ്രഹിച്ചു. അച്ഛന്‍ അതും നിരസിച്ചു. അച്ഛന്‍ മെഡിസിന്‍ പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ഡോക്ടറായി. ഞാന്‍ പക്ഷേ എന്നും എഴുതിയിരുന്നു. കഥയും കവിതയുമൊക്കെ. ആദ്യ കവിതാ സമാഹരം 1986 ല്‍ പ്രസിദ്ധീകരിച്ചു. അതു നന്നായി സ്വീകരിക്കപ്പെട്ടു. ചില വര്‍ത്തമാന പത്രങ്ങളുടെ എഡിറ്റര്‍മാര്‍ എന്നോട് കോളം എഴുതാന്‍ ആശ്യപ്പെട്ടു. അങ്ങനെ കോളം എഴുതാന്‍ തുടങ്ങി. സ്ത്രീകളുടെ അവകാശം, സ്വാതന്ത്ര്യം എന്നിവയെപ്പറ്റിയാണ് ആ പംക്തിയില്‍ എഴുതിയത്. ആ കോളങ്ങള്‍ പെട്ടന്ന് തന്നെ  ജനപ്രിയമായി. കൂടുതല്‍ കൂടൂതല്‍ വര്‍ത്തമാന പത്രങ്ങളും മാഗസിനുകളുടെ എഡിറ്റര്‍മാരും എന്നോട് എഴുതാന്‍ ആവശ്യപ്പെട്ടു. അങ്ങനെ കൂടുതല്‍ ഗദ്യങ്ങള്‍ എഴുതി. മതമൗലികവാദികള്‍ക്ക് എന്‍െറ ആ ലേഖനങ്ങളുടെ പേരിലാണ്  ദേഷ്യമുണ്ടായത്. ലേഖനങ്ങള്‍ മത തീവ്രവാദത്തെയും മതത്തെയും എതിര്‍ത്തിരുന്നു.  ഞാന്‍ ഇസ്ലാമിനെ മാത്രമല്ല വിമര്‍ശിച്ചിരുന്നത്. ഇസ്ലാമിക അടിച്ചര്‍ത്തലിനെ മാത്രമല്ല. ഞാന്‍ എല്ല മത അടിച്ചമര്‍ത്തലിനെയും വിമര്‍ശിച്ചിരുന്നു.പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലിനെതിരെ. സ്ത്രീ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും പറ്റി വാദിക്കുന്ന എനിക്ക് ഏതെങ്കിലും ഒരു മതത്തെ ഒഴിവാക്കാനുമായിരുന്നില്ല. പാരമ്പര്യം, സംസ്കാരം, ആചാരങ്ങള്‍, മതം എന്നിങ്ങനെ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെ ഒക്കെ ഞാന്‍ വിമര്‍ശിച്ചു. അതിനാല്‍ തന്നെ മതമൗലികവാദികള്‍ എനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അവര്‍ എന്നെ തൂക്കിക്കൊല്ലാന്‍വേണ്ടി ശഠിച്ചു. എന്‍െറ തലക്ക് വിലയിട്ട മതമൗലിക വാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സര്‍ക്കാര്‍ എനിക്കെതിരെ നടപടിയെടുത്തു. സര്‍ക്കാര്‍ എനിക്കെതിരെ മതനിന്ദാ കുറ്റം ചുമത്തി കേസെടുത്തു. രാജ്യത്ത് തന്നെ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടു. പിന്നീട് ജാമ്യം അനുവദിക്കപ്പെട്ടു. ഞാന്‍ എന്‍െറ രാജ്യം വിടാന്‍ നിര്‍ബന്ധിതയായി.അത്  21 വര്‍ഷം മുമ്പാണ്. തുടക്കത്തില്‍ രാജ്യത്തേക്ക് വൈകാതെ മടങ്ങാനാവുമെന്നാണ് കരുതിയത്. അത് സാധ്യമായില്ല. ഇപ്പോള്‍ ഒട്ടും സാധ്യമല്ല. ബംഗ്ളാദേശിലെ ഒരു സര്‍ക്കാരും എന്‍െറ പാസ്പോര്‍ട്ട് പുതുക്കിയില്ല, ഒരു സര്‍ക്കാരും എന്‍െറ ബംഗ്ളാദേശിലേക്ക് വീസ പുതുക്കിയില്ല. ഞാന്‍ യൂറോപ്യന്‍ പൗരയായി. നിങ്ങള്‍ക്ക് ഇപ്പോള്‍ ബംഗ്ളദേശില്‍ എന്തു നടക്കുന്നുവെന്നറിയാം. ഇസ്ലാമിക വല്‍ക്കരണം തുടങ്ങിയപ്പോള്‍ തന്നെ ഞാന്‍ പ്രതിഷേധിച്ചിരുന്നു. ഇസ്ലാമിക് മതമൗലിക വാദികള്‍ സെക്യുലര്‍ ബ്ളോഗര്‍മാരെയും എഴുത്തുകാരെയും കൊല്ലുകയാണിപ്പോള്‍. യുക്തിവാദികള്‍, മതേതരവാദികള്‍, നിരീശ്വരവാദികള്‍, പുരോഗനക്കാര്‍ എന്നിവര്‍ ആക്രമിക്കപ്പെടുന്നു. എഴുത്തിന്‍െറ പേരില്‍ മാത്രമാണ് അത്. നിരവധി ബ്ളോഗര്‍മാര്‍ കൊല്ലപ്പെട്ടു. എനിക്ക് എന്നെങ്കിലും ബംഗ്ളാദേശില്‍ പ്രവേശിക്കാന്‍ അവസരം കിട്ടിയാല്‍, ഞാനവിടെയത്തെുന്ന ഉടന്‍ കൊല്ലപ്പെടും. നിലോയ് ചക്രവര്‍ത്തി, ആനന്ദ ബിജോയ്, അവജിത് റോയി എന്നീ ബ്ളോഗര്‍മാരെ കൊലപ്പെടുത്തി. ഈ മതേതര എഴുത്തുകാരുടെ പ്രസാധകര്‍ വരെ കൊല്ലപ്പെട്ടു.  ഇസ്ലാമിക വല്‍ക്കരണത്തിന്‍െറ ഫലമാണിത്.

സച്ചിദാനന്ദന്‍: മതങ്ങള്‍ അടിസ്ഥാനപരമായി സ്ത്രീകള്‍ക്കെതിരാണെന്നാണോ? അതോ മതങ്ങളുടെ രചനകളെ വളച്ചൊടിച്ച്, സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടന്നതാണോ?

തസ്ലിമ: നിങ്ങളില്‍ പലരും എന്നോട് യോജിച്ചുകൊള്ളണമെന്നില്ല.പക്ഷേ, എന്‍െറ വ്യക്തിപരമായ അഭിപ്രായം മതം സ്വയം സ്ത്രീ വിരുദ്ധമാണെന്ന് തന്നെയാണ്. എല്ലാ മതങ്ങളും. മത മൗലിക വാദികള്‍ രചനകള്‍ സ്ത്രീകള്‍ക്കെതിരെ വളച്ചൊടിക്കുന്നുണ്ട്.  ക്രിസ്തുമതവും സ്ത്രീവിരുദ്ധമാണ്, യഹൂദമതവും സ്ത്രീക്ക് എതിരാണ്. മതം ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളെ അംഗീകരിക്കുന്നില്ല. മതവും ഭരണകൂടവും ഒന്നായിക്കൂടാ. രല്‍ും വേര്‍ പെടുത്തുകയാണെങ്കില്‍, നീതി, തുല്യത എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയമങ്ങള്‍ ഉല്‍െങ്കില്‍ മതം കുഴപ്പമില്ല. മതത്തിന്‍െറ അടിസ്ഥാനത്തില്‍ ഭരണകൂടം സ്ഥാപിക്കുന്നതോടെ നീതിയും തുല്യതയും നടപ്പാവില്ല. ഒരര്‍ത്ഥത്തില്‍ മതം നമ്മുടെ ചരിത്രമാണ്.  മതം ഗ്രനഥങ്ങള്‍ നമ്മുടെ ഡോക്യൂമെന്‍ററി പുസ്തകമാണ്. അതിനപ്പുറമില്ല. മതത്തിന്‍െറ നിയമങ്ങളല്ല ഇക്കാലത്ത് വേണ്ടത്. ഏഴാം നൂറ്റാണ്ടിലെ നിയമങ്ങള്‍ 21ാം നൂറ്റാണ്ടില്‍ പാലിക്കപ്പെടേണ്ടതില്ല. അങ്ങനെയല്ളോ നിങ്ങളും കരുതുന്നത്?


സച്ചിദാനന്ദന്‍: ഞാന്‍ തസ്ലിമയുടെ വാദങ്ങളോട് പൂര്‍ണമായി യോജിക്കുന്നു. എന്നാല്‍, ലിബറേഷന്‍ തിയോളജി, അടുത്തിടെ അന്തരിച്ച ഫാത്തിമ മെര്‍നീസി പോലുള്ളവരുടെ വാദം മറ്റൊന്നാണ്. അടിസ്ഥാന ഇസ്ലാമും ഖുറാനും സ്ത്രീകള്‍ക്കെതിരല്ളെന്നും, എന്നാല്‍, ഖുറാനില്‍, മതത്തില്‍ അധികാരം കൈയാളുന്നവരാണ് സ്ത്രീകള്‍ക്കെതിരെയെന്നുമാണ് വാദം. അതിനാലാണ് ഞാന്‍ ചോദിച്ചത്. നിങ്ങള്‍ മതതേതരത്വത്തിന്‍െറ അര്‍ത്ഥത്തെ കൃത്യമായി നിര്‍വചിച്ചിരിക്കുന്നു. മതത്തിന് ഭരണകൂടത്തില്‍ ഇടമുണ്ടാകരുത്. മതം പൊതുതലത്തില്‍ ഇടപെടാതെ  സ്വകാര്യതലത്തില്‍ നടപ്പാക്കണം. എല്ലാ മതക്കാരെയും പൊതു നിയമത്തിന്‍െറ അടിസ്ഥാനത്തില്‍ തുല്യപദവി നല്‍കണം. മതമില്ലാത്തവര്‍ക്കും അത്തരം തുല്യപദവി നല്‍കണം. ഇതെല്ലാമാണ് മതതേതരത്തിന്‍െറ അടിസ്ഥാന വശങ്ങള്‍. അതു ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു. മെയിന്‍ലാന്‍ഡ് ബംഗാളിലെ സ്ത്രീകളുടെ അവസ്ഥയും ബംഗ്ളാദേശിലെ സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്തമാണോ. മെയിന്‍ലാന്‍ഡ് ബംഗാള്‍ എന്ന വിശേഷം ശരിയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്തായാലും പശ്ചിമബംഗാളിലെയും മുമ്പ് കിഴക്കന്‍ ബംഗാള്‍ ആയിരിക്കുകയും ചെയ്ത സ്ഥലങ്ങളെപ്പറ്റിയാണ് ചോദ്യം. ബംഗ്ളാദേശിലെ സ്ത്രീകള്‍  പ്രത്യേക തരത്തില്‍ പിന്നാക്കവസ്ഥ നേരിടുന്നുണ്ടേല്‍ാ?

തസ്ലിമ: ഉണ്ട്. പശ്ചിമ ബംഗാളില്‍ നിയമങ്ങളുണ്ട്. ഇവിടെ 1956 ഹിന്ദു നിയമം തുല്യതയുടെ അടിസ്ഥാനത്തില്‍ ഉണ്ടാക്കി. പക്ഷേ, ബംഗ്ളാദേശില്‍ ഇപ്പോഴും ശരിയ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ക്കുള്ള നിയമം. അതിനാല്‍ ബംഗ്ളാദേശിലെ സ്ത്രീകള്‍ പശ്ചിമ ബംഗാളിലെ സ്ത്രീകളേക്കാള്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഹിന്ദുകളെ സംബന്ധിച്ച് ഇന്ത്യയില്‍ തുല്യതയുടെ നിയമങ്ങള്‍ ഉണ്ട്. മതത്തിന്‍െറ അടിസ്ഥാനത്തിലല്ലാത്ത നിയമങ്ങള്‍. അതിനാല്‍ സ്ത്രീകള്‍ ഒരുതരത്തില്‍ തുല്യത ലഭിക്കും.പക്ഷേ, ഹിന്ദു ന്യുനപക്ഷങ്ങള്‍ക്ക് അത്തരം തുല്യത ബംഗ്ളാദേശില്‍ ഇല്ല. അവര്‍ക്ക് പൊതു നിയമം വേണ്ട. അവര്‍ക്ക് പഴയ ഹിന്ദുശാസ്ത്രയുടെ അടിസ്ഥനത്തിലുള്ള നിയമം വേണമെന്നാണ് ആവശ്യം. അതുപോലെ ഇന്ത്യയില്‍ മുസ് ലിംകള്‍ക്ക് എക സിവില്‍ കോഡ് വേണ്ട. അവര്‍ വാദിക്കുന്നത് ഖുറാനെ അടിസ്ഥാനമാക്കിയ നിയമാണ്. ന്യൂനപക്ഷ മുസ്ളിംകള്‍ പല രാജ്യങ്ങളിലും അവരുടേതായ, ഖുറാന്‍െറ അടിസ്ഥാനത്തിലുള്ള നിയമമാണ് ആവശ്യപ്പെടുന്നത്. അത്തരം നിയമത്തില്‍ സ്ത്രീകള്‍ക്ക് തുല്യത ലഭിക്കില്ല. വിവാഹം,വിവാഹ മോചനം, കുട്ടികളുടെ അവകാശം, പാരമ്പര്യ സ്വത്തിലെ അവകാശം എന്നിവയിലെല്ലാം വിവേചനം നേരിടും.  അതുപോലെ ഹിന്ദു ന്യുനപക്ഷം ബംഗ്ളാദേശില്‍, പാകിസ്താനില്‍ തുല്യതയുടെ അടിസ്ഥാനത്തിലുള്ള നിയമം വേണ്ട.  അവര്‍ക്ക് അവരുടേതായ നിയമാണ് ആവശ്യം. സ്ത്രീകള്‍ക്ക് തുല്യത നല്‍കുന്നതല്ല ആ നിയമങ്ങള്‍. ബംഗ്ളാദേശില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹമോചനം നടത്താന്‍ അവകാശമില്ല. പാരമ്പര്യ സ്വത്തില്‍തുല്യമായ അവകാശമുണ്ടാകില്ല. പിതാവിന്‍െറ സ്വത്ത് സഹോദരങ്ങള്‍ക്ക് വിതരണം ചെയ്യുന്നതില്‍ തുല്യതയുണ്ടാവില്ല.  ഹിന്ദു പുരുഷന്‍മാര്‍ര്‍ക്ക് ബംഗ്ളാദേശില്‍ നല്ല നിയമം വേണമെന്നില്ല. അതിനാല്‍ എല്ലാ നിയമങ്ങളിലും സ്ത്രീകള്‍ ദുരിതം അനുഭവിക്കും. മുസ്ളിം സ്ത്രീകള്‍ അവരുടെ മതത്തിന്‍െറ നിയമം പ്രകാരം ദുരിതം പേറുന്നു. ഹിന്ദു സ്ത്രീകള്‍ ഹിന്ദു മത നിയമങ്ങള്‍ പ്രകാരം ദുരിതം പേറുന്നു. നിയമങ്ങള്‍ എല്ലായിടത്തും തുല്യതയുടെ അടിസ്ഥാനത്തിലാവണം. മതത്തിന്‍െറ അടിസ്ഥാനത്തിലാവരുത്. ഭരണകൂടത്തിന് മതം പാടില്ല. ബംഗ്ളാദേശില്‍ സ്റ്റേറ്റിന്‍െറ മതം ഇസ്ലാമാണ്. 1971 ല്‍ ബംഗ്ളാദേശ് രൂപീകരിക്കപ്പെട്ടപ്പോള്‍  ഭരണഘടന മതേതതരത്വത്തിന്‍െറ അടിസ്ഥാനത്തിലുള്ളതായിരുന്നു. . എന്നാല്‍ 80 കളുടെ മധ്യത്തില്‍  മതേതതര ഭരണഘടന മാറ്റി. ഇസ്ലാമിക് ഭരണഘടനയാക്കി. വേണ്ടത്,1972 മതേതര ഭരണഘടനയിലേക്ക് പോകണം. ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത് അതിനാണ്. അതുപക്ഷേ ബുദ്ധിമുട്ടാണ്.

സച്ചിദാനന്ദന്‍: ഭരണഘടന, നിയമങ്ങള്‍ക്ക് എന്നിവ ഉള്ളതുകൊണ്ടുമാത്രം  സ്ത്രീകള്‍ക്ക് തുല്യത ലഭിക്കില്ല. തുല്യതയുടേതായ അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട്. അതിന് സ്ത്രീകളില്‍ നിന്ന് തന്നെ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. സ്ത്രീകളില്‍ നിന്ന് മാത്രമല്ല അടിസ്ഥാന മനുഷ്യാവകാശത്തില്‍ വിശ്വസിക്കുന്ന എല്ലാവരില്‍ നിന്നും. ഇന്ത്യയില്‍നിയമങ്ങളുണ്ട്. പക്ഷേ, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നു, വിവേചനം നേരിടുന്നു. അവര്‍ പലതരം ശാരീരിക ആക്രമണത്തിന് വിധേയമാകുന്നു. തുല്യത, മതേതതത്വം എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ ഉള്ള ഇന്ത്യയില്‍ പോലും മുല്യങ്ങളുടെ പ്രശ്നമുണ്ട്, സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍,, പ്രസിദ്ധീകരണ ശാലകളില്‍, ഓഫീസുകളില്‍, വീട്ടില്‍ ഒക്കെ വിവേചനം നേരിടുന്നു. അവര്‍ രണ്ടാം തരം പൗരന്‍മാരായി പരിഗണിക്കപ്പെടുന്നു. ഭര്‍ത്താക്കന്‍മാരുടെ അടിമകളായി പരിഗണിക്കപ്പെടുന്നു. അതിനാല്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ നിന്ന്  പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്. അതിനാല്‍ തന്നെ തസ്ലിമയുടെ പോരാട്ടത്തിന് വിവിധ തരത്തില്‍ പ്രാധാന്യമുണ്ട്.  നമുക്ക് സാഹിത്യത്തിലേക്ക് മടങ്ങാം. ബംഗ്ളാദേശി സാഹിത്യം, പശ്ചിമബംഗാള്‍ സാഹിത്യം എന്നിവയെപ്പറ്റി എന്തുപറയും? ബംഗാളിലെ പ്രമുഖരായ ഏതാണ്ട് മിക്ക എഴുത്തുകാരും, ടാഗൂര്‍, സുനില്‍ ഗംഗോപദ്ധ്യായ പോലുള്ള പലരും മുമ്പ് കിഴക്കന്‍ ബംഗാള്‍ അഥവാ ഇന്നത്തെ ബംഗ്ളാദേശില്‍ ജനിച്ചവരാണ്.  ഈ രണ്ടു സാഹിത്യങ്ങള്‍ തമ്മില്‍ ഒരു തുടര്‍ച്ചയും നൈരന്തര്യവും നിലനില്‍ക്കുന്നുണ്ടോ? ബംഗ്ളാദേശ് സാഹിത്യത്തിന് സ്വന്തമായി അസ്തിത്വമുണ്ടോ?

തസ്ലിമ: ശരിയാണ്. മിക്ക ബംഗാളി എഴുത്തുകാരും കിഴക്കന്‍ ബംഗാളിലാണ് ജനിച്ചത്. പക്ഷേ,  ടാഗൂര്‍ ജനിച്ചത് കിഴക്കന്‍ ബംഗാളിലല്ല. പശ്ചിമ ബംഗാളിലാണ്. ബംഗ്ളാദേശിലെ സാഹിത്യത്തേക്കാള്‍ പശ്ചിമ ബംഗാളിലെ സാഹിത്യം മെച്ചപ്പെട്ടതാണ്. കാരണം. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ക്ക്  ബംഗ്ളാദേശിലെ മുസ്ളിംകളേക്കാള്‍ നേരത്തെ തന്നെ വിദ്യാഭ്യാസം ലഭിക്കുന്നു. എന്നാലും ബംഗ്ളാദേശില്‍ പുസ്തകങ്ങള്‍ നന്നായി വായിക്കപ്പെടുന്നു. പശ്ചിമ ബംഗാളിലെ സാഹിത്യം ബംഗ്ളാദേശില്‍ വളരെ ജനപ്രിയമാണ്.  പക്ഷേ തിരിച്ച് ബംഗ്ളാദേശി എഴുത്തുകാര്‍ പശ്ചിമ ബംഗാളില്‍ അത്ര ജനപ്രിയരല്ല.

സച്ചിദാനന്ദന്‍: ബംഗ്ളാദേശിലെ സാഹിത്യത്തില്‍ സ്ത്രീയെഴുത്ത് ഒരു മൂവ്മെന്‍റ് എന്ന നിലക്ക് ശക്തമാണോ? ഇന്ത്യയിലെ സാഹിത്യത്തില്‍ അടുത്ത കാലത്തുണ്ടായ രണ്ട് ശക്തമായ മൂവ്മെന്‍റുകളാണ് സ്ത്രീ സാഹിത്യവും, ദലിത് സാഹിത്യവും അത്തരമൊന്ന് ബംഗ്ളാദേശിലുണ്ടോ? ഞാന്‍ ഉദ്ദേശിക്കുന്നത് സംഘടനയല്ല. ഒരു മൂവ്മെന്‍റ് എന്ന നിലയില്‍ സ്ത്രീകള്‍ മുന്നോട്ടുവരിയും സ്വാതത്രന്ത്യം, തങ്ങളുടെ ശരീരത്തിന്‍െറ അവകാശം, പൊതു ഇടങ്ങളുടെ അവകാശം,  അന്തസ്, തുല്യത എന്നിവ ആവശ്യപ്പെടുകയും ചെയ്യുന്ന തലത്തില്‍. നിങ്ങള്‍ക്ക് ചില കുറച്ചു പിന്തുടര്‍ച്ചക്കാര്‍ ബഗ്ളാദേശിലുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു?

തസ്ലിമ: ഞാന്‍ വളരെ പോപ്പുലറായിരുന്നു. സ്ത്രീകളുട അവകാശങ്ങള്‍ക്ക് വേണ്ടി ഞാന്‍ വാദിക്കാന്‍ തുടങ്ങുമ്പോള്‍ അന്ന് അത്തരം രീതി സാധാരണമായിരുന്നില്ല. പുരുഷന്‍െറ എഴുത്താണ് ഉണ്ടായിരുന്നത്. സ്ത്രീകളെപ്പറ്റി പുരുഷന്‍മാര്‍ എഴുതും. സ്ത്രീകള്‍ എഴുതാന്‍ ഇദ്ദേശിക്കപ്പെട്ട കാര്യങ്ങള്‍ അവരാണ് എഴുതുക.  സ്ത്രീകള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ ആ സ്ത്രീകള്‍ക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് പൊതു മനോഭാവം.  സ്ത്രീകള്‍ക്ക് പ്രശ്നമുണ്ടെങ്കില്‍, അസന്തുഷ്ടിയുണ്ടെങ്കില്‍ അവര്‍ വിവാഹമോചനം നേടും, അല്ളെങ്കില്‍ ആത്മഹത്യ ചെയ്യും, അല്ളെങ്കില്‍ അസന്തുഷ്ടരായ സ്ത്രീകള്‍ വ്യഭിചാരത്തിന് പോകും. അല്ളെങ്കില്‍ അവര്‍ എഴുതാന്‍ തുടങ്ങും ഇതാണ് മനോഭാവം. ആരും സ്ത്രീകള്‍ -സന്തോഷവതികളായ സ്ത്രീകള്‍ -കവിത എഴുതും പ്രസിദ്ധീകരിക്കും എന്നൊന്നും കരുതുന്നില്ല. എഴുത്തു സമൂഹത്തില്‍ പുരുഷന്‍മാരുടെ  ആധിപത്യമായിരുന്നു. എഴുതുന്ന സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടും.അല്ളെങ്കില്‍ സുന്ദരികളായ സ്ത്രീകളാകണം എഴുത്തുകാര്‍, സുന്ദരികളെല്ലങ്കില്‍ എഡിറ്റര്‍മാര്‍ പരിഗണിക്കില്ല. അവസരം കിട്ടില്ല. സാഹിത്യലോകം  സമ്പൂര്‍ണമായി പുരുഷന്‍മാരുടേതാണ്്. സ്ത്രീകള്‍ അവരുടെ ശരീരം,  ദുരിതം, സന്തോഷം എന്നിവയെപ്പറ്റി എഴുതിയാല്‍ പോണോഗ്രാഫി എഴുതുന്നതായി പുരുഷന്‍മാര്‍ പറയും. പുരുഷന്‍മാര്‍ സ്ത്രീകളുടെ ശരീരത്തെപ്പറ്റി എഴുതിയാല്‍ അതു സാഹിത്യം.

സച്ചിദാനന്ദന്‍: ഭാഷയുടെ പ്രയോഗവും പ്രശ്നഭരിതാണ്. നിങ്ങള്‍ എഴുതുമ്പോള്‍ ഭാഷ പ്രശ്നമായിവരും. ചില വാക്കുകള്‍ ഉപയോഗക്കുന്നത് പ്രശ്നം ഉണ്ടാക്കും. അത് ചില ഇന്‍ഹിബിഷന്‍, നിരോധങ്ങള്‍, ടാബൂ എന്നിവ സൃഷ്ടിക്കും. ചില വാക്കുകള്‍, വികാരങ്ങള്‍, ചില വിവരണങ്ങള്‍ എഴുതുമ്പോള്‍ ചില തടസ്സങ്ങള്‍ ഉണ്ടാകും. അതെപ്പറ്റി?

തസ്ലിമ: അതെ. ഞാന്‍ എല്ലാ ടാബൂകളെയും തകര്‍ത്തു. സ്ത്രീകള്‍ എഴുതാന്‍ പാടില്ളെന്ന് കരുതിയതെല്ലാം ഞാന്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, അത് പുരുഷ എഴുത്തുകാരുടെ രീതി പിന്തുടര്‍ന്നില്ളെന്ന് പറയില്ല. പക്ഷേ, എന്‍െറ ഭാഷ പുരുഷ എഴുത്തുകാരില്‍ നിന്ന് വ്യത്യസ്തമാണ്. സ്ത്രീകള്‍ അവരുടെ ആഹ്രങ്ങളെപ്പറ്റി എഴുതാന്‍ പാടില്ല. പകരം പുരുഷന്‍മാര്‍ എഴുതുമെന്നതായിരുന്നു അവസ്ഥ. ഞാന്‍ അത്തരം എല്ലാ ടാബുകളെയും തകര്‍ത്തു. ഞാന്‍ പുരുഷന്‍മാരാല്‍ വെറുക്കപ്പെട്ടു. അതുപോലെ പിതൃദായക മനോഭാവമുള്ള സ്ത്രീകളാലും വെറുക്കപ്പെട്ടു. അത് ഞാന്‍ കാര്യമാക്കുന്നില്ല. സ്ത്രീകളുടെ കഥ പറയേണ്ടതുണ്ട്. ഞാന്‍ ആത്മകഥ എഴു പുസ്തങ്ങളായി എഴുതി. അതതെന്‍െറ മാത്രം കഥയില്ല. ആയിരക്കണക്കിന് സ്ത്രീകളുണ്ട് ആ കഥയില്‍. സ്ത്രീകള്‍ എന്നോട് പറഞ്ഞിട്ടുണ്ട്- ഞാന്‍ എഴുത്തു നിര്‍ത്തരുതെന്ന്. കാരണം അതവരുടെ കഥയാണ്്. ഞാനവര്‍ക്ക് കരുത്തു പകരുന്നുവെന്ന്. അത്തരത്തില്‍ സ്ത്രീകള്‍ പങ്കുവച്ച അഭിപ്രായങ്ങളാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരം.

സച്ചിദാനന്ദന്‍: "ലജ്ജ'പോലുള്ള എഴുത്തിലേക്ക് നിങ്ങള്‍ വരുന്നത് എപ്പോഴാണ്. അതുപോലെ മറ്റുള്ള രചനകളിലേക്കും?

തസ്ലിമ: 1992 ഡിസംബറില്‍ അയോധ്യയിലെ ബാബറി പള്ളി ഹിന്ദു മതമലികവാദികള്‍ തകര്‍ത്തു.ആ സമയത്ത് ബംഗ്ളാദേശിലെ ന്യുനപക്ഷക്കാരായ ഹിന്ദുക്കള്‍ മുസ്ളിം മതമൗലിക വാദികളാല്‍ ആക്രമിച്ചു. നിരവധി ഹിന്ദു വീടുകള്‍, കടകള്‍, അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദു സ്ത്രീകളെ ബലാല്‍സംഗം ചെയ്തു. പല ഹിന്ദുക്കളും ബംഗ്ളാദേശ് വിട്ട് ഇന്ത്യയിലേക്ക് വന്നു.  അത്തരം സംഭവങ്ങളുടെ വസ്തുതകള്‍ എന്‍െറ കൈവശമുണ്ടായിരുന്നു. 1947 മുതല്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് എന്തു സംഭവിക്കുന്നതിനെപ്പറ്റിയുള്ള വസ്തുതകള്‍ കൈവശമുല്‍ായിരുന്നു. ഈ സമയത്ത് സ്വാഭാവിക പ്രതികരണമായി ഞാന്‍ ഫിക്ഷന്‍ എഴുതി, മതേതരവാദികളായ നിരീശ്വരവാദികളായ ഒരു ഹിന്ദു കുടുംബത്തിന്‍െറ കഥയാണ് അത്. ബംഗ്ളാദേശില്‍ ജീവിക്കാന്‍ അനുവദിക്കില്ളെന്ന് മതമൗലികവാദികള്‍ തീരുമാനിച്ചു. 1992 അവര്‍ ആക്രമിക്കപ്പെട്ടു. സുരഞ്ജനെന്ന കഥാപാത്രത്തിന്‍റ  സഹോദരി മായയെ തട്ടിക്കൊണ്ടുപോയി മതമൗലിക വാദികള്‍ ബലാല്‍സംഗംചെയ്തു. അച്ഛനെ ആക്രമിച്ചു. ഒടുവില്‍ അവര്‍ തങ്ങളുടെ പ്രിയപ്പെട്ട രാജ്യം വിടാന്‍ തീരുമാനിച്ചു. ഇത് ഒന്നോ രണ്ടോ കുടുംബത്തിന്‍െറ കഥയല്ല. ആയിരക്കണക്കിന് വീടുകളില്‍ നടന്ന സംഭവമാണ്. ഹിന്ദു ന്യൂനപക്ഷങ്ങള്‍ തുടക്കത്തില്‍ രാജ്യം വിട്ടുപോകാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ അവര്‍ അവസാനം അതിന് നിര്‍ബന്ധിക്കപ്പെട്ടു. ഇതായിരുന്നു ബംഗ്ളാദേശിന്‍െറ യാഥാര്‍ത്ഥ്യം. ഇന്ന് 90 ശതമാനം മുസ്ലിംകള്‍ ഉള്ള രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങള്‍ രാജ്യം വിടുന്നു. അത് വേദനിപ്പിക്കുന്നതാണ്. വ്യത്യസ്ത മതത്തില്‍ പെടുന്നതിനാല്‍ ആളുകള്‍ക്ക് സുരക്ഷയില്ല. എല്ലായിടത്തും ന്യുനപക്ഷങ്ങളുടെ അവസ്ഥയിതാണ്. ഗുജറാത്തില്‍ ന്യൂനപക്ഷമായ മുസ്ലിംകള്‍ കൊല്ലപ്പെടുന്നു. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ പാകിസ്താനില്‍ കൊല്ലപ്പെടുന്നു. ഹിന്ദു ന്യൂനപക്ഷങ്ങള്‍ ബംഗ്ളാദേശില്‍ കൊല്ലപ്പെടുന്നു. ലോകത്ത് എവിടെയും ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നു. അപ്പോഴൊക്കെ ഞാന്‍ അതിനെ എതിര്‍ത്തിട്ടുണ്ട്. ഗുജറാത്ത്, ബോസ്നിയ, ഫലസ്തിന്‍ എന്നിങ്ങനെ എല്ലായിടത്തും ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുമ്പോള്‍. എനിക്കവര്‍ മുസ്ളിങ്ങളല്ല,  ക്രിസ്ത്യാനികളല്ല, എനിക്ക് അവര്‍ മനുഷ്യരാണ്. അവര്‍ക്ക് തങ്ങളുടെ മതം പാലിക്കാനുള്ള അവകാശമുണ്ടാകണം.  ഇത്തരം ന്യൂനപക്ഷത്തെയാണ് ഞാന്‍ ലജ്ജയില്‍ പരാമര്‍ശിക്കുന്നത്. ഞാന്‍ സര്‍ക്കാരിനെതിരെയാണ് അതില്‍ എഴുതിയത്. ഹിന്ദു ന്യൂനപക്ഷ സമൂദായത്തെ സംരക്ഷിക്കാതിരുന്ന സര്‍ക്കാരിനെതിരെയാണ് രോഷം പ്രകടിപ്പിച്ചതും.

സച്ചിദാനന്ദന്‍: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ പൊതു ചര്‍ച്ച ഉയര്‍ന്നുവരുന്നുണ്ട്. രാജ്യത്ത് ചില ബുദ്ധിജീവികള്‍ കൊല്ലപ്പെടുന്നു. ബീഫ് ഉപയോഗിച്ചുവെന്ന സംശയത്തിന്‍െറ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു. ന്യുനപക്ഷങ്ങള്‍,  പ്രത്യേകിച്ച്, മുസ്ലിംകള്‍ സുരക്ഷിതരല്ല. എതിര്‍ക്കുന്നവരോട് പാകിസ്താനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അഭിപ്രായം പറഞ്ഞ നടനെതിരെ നീക്കം നടക്കുന്നു. ലോകത്ത് എല്ലായിടത്തും ഇത്തരം അരക്ഷിതാവസ്ഥയുണ്ട്. യു.കെയിലെ കുടിയേറ്റക്കാര്‍ പോലും.അവിടെ കര്‍ശനമായ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. എന്താണ് ഇത്തരം അസഹിഷ്ണുതയോടുള്ള പ്രതികരണം? ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി എന്തു പറയുന്നു?

തസ്ലിമ: ഇന്ത്യ അസഹിഷ്ണുതയുള്ള രാജ്യമാണെന്ന് ഞാന്‍ പറയില്ല. ഇവിടെ സഹിഷ്ണുതയുള്ള നിരവധി ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അസഹിഷ്ണുതയെ പിന്തണക്കാത്ത നിയമങ്ങളുല്‍്. അസഹിഷ്ണുത കുറ്റമായി പ്രഖ്യാപിക്കുന്ന നിയമങ്ങള്‍. ഇവിടെ അസഹിഷ്ണുതയില്ളെന്ന് ഞാന്‍ പറയില്ല. പല മേഖലയിലും അസഹിഷ്ണുക്കളുണ്ട്. സ്ത്രീകള്‍ക്കെതിരെ, താഴ്ന്ന ജാതിക്കാര്‍ക്കെതിരെ അസഹിഷ്ണുത പുലര്‍ത്തുന്നവരുണ്ട്. ഞാന്‍ ബഹുസ്വര ചിന്തകളില്‍ വിശ്വസിക്കുന്നു. പക്ഷേ, മതമൗലിക വാദികള്‍ ബഹുസ്വര ചിന്തകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ചിന്തിക്കാത്ത അനുയായി വൃന്ദമാണ് ആവശ്യം. ആളുകള്‍ക്ക് അവരുടെ ഇഷ്ടം പോലെ ജീവിക്കാന്‍ അനുവദിക്കണം. ഭക്ഷണത്തിന് വേല്‍ി വളര്‍ത്തുന്ന മൃഗങ്ങളെ കൊല്ലാന്‍ അവസരമുണ്ടാകണം. മതേതതര വ്യക്തികള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. ദാദ്രിയിലെ കൊലപാതകത്തിനെതിരെ ആളുകള്‍ രംഗത്തുവന്നു. ദാദദ്രിയിലേത് അസഹിഷ്ണുതത മാത്രമല്ല. അത് ഹീനമായ ക്രൈമുമാണ്. മതേതര വാദികള്‍ അവാര്‍ഡുകള്‍ തിരിച്ചുകൊടുത്തത് മതമൗലികവാദികള്‍ക്കെതിരെ വേറിട്ട പ്രതിഷേധമാണ്. എന്നാല്‍, ഇന്ത്യന്‍ മതേതരവാദികള്‍ ഹിന്ദു മൗലികവാദത്തിനെതിരെ മാത്രമേ പോരാടൂ. അവര്‍ മുസ്ളിം മതമൗലിക വാദത്തിനെതിരെ പോരാടില്ല.  മതമൗലിക വാദം ഭൂരുപക്ഷ മതത്തില്‍ നിന്ന് വന്നാലും ന്യുനപക്ഷത്തില്‍ നിന്ന് വന്നാലും തുല്യമായ രീതിയില്‍ മോശമാണ്. അത് തുല്യമായ രീതിയില്‍ അപകടകരമാണ്. അതു സമൂഹത്തെ പിന്നിലോട്ട് വലിക്കും. ഞാന്‍ എല്ലാത്തരം മതമൗലികവാദത്തിനും എതിരാണ്. പശ്്ചമ ബംഗാള്‍ സര്‍ക്കാര്‍ എന്നെ സംസ്ഥാനത്ത് പുറത്താക്കുന്നത് ചില ചില മുസ്ളിം മതഭ്രാന്തര്‍ പ്രശ്നമുണ്ടാക്കിയപ്പോഴാണ്. അവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ഒരു എഴുത്തുകാരിയുടെ തലക്ക് വിലയിട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അവര്‍ എന്നെ പുറത്താക്കി. ആദ്യം വീട്ടുതടങ്കലിലാക്കി. പിന്നെ രാജ്യത്തിന് പുറത്താക്കി. മുസ്ളിം മതഭ്രാന്തരെ വോട്ടിനായി പ്രീണിപ്പിക്കാനായി ശ്രമിച്ചു. അതു ശരിയായ ജനാധിപത്യമല്ല. ശരിയായ ജനാധിപത്യത്തിന്, ശരിയായ മതേതരത്വത്തിന് വേല്‍ിയാണ് നിലകൊള്ളേണ്ടത്.  ഞാന്‍ എല്ലാ മതമൗലിക വാദത്തിനും എതിരാണ്. യഹൂദ മൗലികവാദം, ക്രിസ്ത്യന്‍ മതമൗലികവാദം, ഇസ്ലാം മതമൗലികവാദം, ഹിന്ദുമതമൗലികവാദം എന്നിവയ്ക്കെല്ലാം എതിരാണ്. അതുപോലെ മതേതരവാദികള്‍ എല്ലാ മത മൗലികവാദത്തിനുമെതിരെ പോരാടണം.

സച്ചിദാനന്ദന്‍: നമ്മള്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്നു. എല്ലാവരും ഒരു പോലെ ചിന്തിക്കണം, ഒരേ പോലുള്ള ഭക്ഷണം കഴിക്കണം എന്ന് ചിന്തിക്കുന്നത് ഫാഷിസമാണ്.  ഐ.എസ്. ചെയ്യുന്നതിന് നമ്മള്‍ എതിര്‍ക്കുന്നു. നെഹ്റു മുമ്പ് പറഞ്ഞിട്ടുണ്ട് ന്യൂനപക്ഷ വര്‍ഗീയതക്ക് രാജ്യത്തെ വിഭജിക്കാനേ കഴിയൂ. പക്ഷേ, ഭൂരിപക്ഷ വര്‍ഗീയതക്ക് രാജ്യത്ത് ഫാഷിസ്റ്റ് ഉറച്ച അടിത്തറയുണ്ടാക്കാനാകും എന്ന്്. അതിനാല്‍ തന്നെ ആരാണ് മുഖ്യ ശത്രു എന്ന് വിലയിരുത്തേണ്ടതുണ്ട്. അതിനെതിരെ ഒന്നിക്കേല്‍ിവരും. മതമൗലികവാദത്തിന് ചില സമയങ്ങളില്‍ ആപേക്ഷികമായ വിലയിരുത്തല്‍ നടത്തേണ്ടിവരും. അല്ളെങ്കില്‍ അപകടമാകും.

തസ്ലിമ: ഇന്ത്യയില്‍ സംഘര്‍ഷമുണ്ട്. അത് ഹിന്ദു മുസ്ളീങ്ങള്‍ക്കിടയില്ല.  മതങ്ങള്‍ തമ്മിലല്ല. ഞാന്‍ കാണുന്ന സംഘര്‍ഷം മതേതരത്തിനും മതമൗലികവാദത്തിനും ഇടയിലാണ്.റാഷണല്‍ യുക്തിക്കും അയുക്തിപരമായ അന്ധമായ വിശ്വാസവും തമ്മിലാണ്. ഇന്നോവേഷനും ട്രഡീഷനും തമ്മിലാണ്,  ഹ്യൂമനിസവും ബാര്‍ബറേസവും തമ്മിലാണ്,  ഭൂതം ഭാവിയും തമ്മിലാണ്. സ്വാതന്ത്യം വിലമതിക്കുന്ന ജനങ്ങളും  സ്വാതന്ത്ര്യം വിലമതിക്കാത്തവര്‍ക്കും ഇടയിലാണ്.

ഠഠഠ

സമയം വൈകിയതിനാല്‍ സംഭാഷണം ഇവിടെ അവസാനിപ്പിച്ച് സച്ചിദാനന്ദന്‍ കവിത ചെല്ലാനായി തസ്ലിമയോട് അഭ്യര്‍ത്ഥിച്ചു. കവിത വായനക്ക് ശേഷം സദസിന്‍െറ ചോദ്യങ്ങള്‍ക്ക് തസ്ലിമ മറുപടി പറയും. തസ്ലിമ കവിത ചൊല്ലുമ്പോള്‍ അടുത്തുള്ള പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നു. ബംഗ്ളാദേശില്‍ ബാങ്ക് വിളിക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ളെന്ന് തസ്ലിമ. കവിത ചൊല്ലുന്നത് നിര്‍ത്തണമോ എന്ന ചോദ്യത്തിന് അത് നിങ്ങളുടെ സൗകര്യമനുസരിച്ച് തീരുമാനിക്കാമെന്ന് മറുപടി.  ആദ്യമായാണ് അസാന്‍ ഉയരുമ്പോള്‍ താന്‍ സ്റ്റേജില്‍ സംസാരിക്കുന്നതെന്ന് തസ്ലിമ. ഇത് ശരിക്കും മതേതര രാജ്യമാണെന്ന അവരുടെ അഭിപ്രായത്തിന് നിറഞ്ഞ കൈയ്യടി. തസ്ലിമ കവിത ചൊല്ലുന്നത് തുടരുന്നു. അന്തരീക്ഷത്തില്‍ ബാങ്ക് വിളിയുടെ നേര്‍ത്ത ശബ്ദം. തൊട്ടടുത്ത് കടലിന്‍െറ മനോഹാരിത. തീര്‍ത്തും അവിചാരിതമായ അന്തരീക്ഷത്തില്‍ സ്ത്രീ അവകാശത്തിനായുള്ള തസ്ലിമയടെ കവിത ഒച്ചത്തില്‍ മുഴങ്ങുന്നത് തുടരുന്നു.



എഴുത്ത്്/മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്

പച്ചക്കുതിര, മാര്‍ച്ച്, 2016

No comments:

Post a Comment