ദലിതര്‍ക്ക് എന്തിനാണ് പ്രതിമകളും ദൃശ്യബിംബങ്ങളും? അത് ദലിത്
മുന്നേറ്റത്തിന് സഹായകരമാണോ? സ്വാഭിമാനം നേടാന്‍
ബിംബ-ദൃശ്യവത്കരണം ഗുണകരമാണോ? ദലിത് ബിംബവത്കരണത്തെ |
ചരിത്രപരമായ കാഴ്ചപ്പാടില്‍ വിലയിരുത്തുന്നു.

സ്വാഭിമാനത്തിന്‍െറ ദലിത് രൂപങ്ങള്‍
പ്രഫ.ബദരി നാരായന്‍
ദലിതുകളുടെ ജീവിതം സാംസ്കാരിക വിഭവങ്ങളാല്‍ സമ്പന്നമാണ്. നാടോടി ചിത്രങ്ങള്‍, കളിമണ്ണിലും ചളിയിലും തീര്‍ത്ത ശില്‍പങ്ങള്‍, സാംസ്കാരിക അവതരണങ്ങള്‍ (ചമാറുകളുടെ ചമറൗന്‍ധ, പാസികളുടെ പാസിയൗവ, ധോബികളുടെ ധോബിയൗവ) എന്നിവക്ക് ദലിതരെ സംബന്ധിച്ച് സവിശേഷ പ്രാധാന്യമുണ്ട്. ഈ സാംസ്കാരിക രൂപങ്ങള്‍ അവര്‍ നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക അന്തരീക്ഷങ്ങളെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍, ദലിത്ബോധം ഉയരുന്നതിന് മുമ്പ് ഒരു കീഴാളജാതിക്കും ദൈവത്തിന്‍െറ ദൃശ്യങ്ങളോ ബിംബങ്ങളോ ഉണ്ടായിരുന്നില്ല. നിശ്ചിതമായ സ്ഥലത്ത് നിശ്ചലമായി നിലകൊള്ളുന്ന അമ്പലം, സംഘടിത മതമെന്ന ബോധത്തിന്‍െറ അഭാവം എന്നിവയായിരുന്നു അതിന് കാരണം. അവരെ സംബന്ധിച്ച് പ്രകൃതിയോടുള്ള നിത്യേനയുള്ള ഇടപെടലനുസരിച്ച് ദൈവങ്ങളും ദേവതമാരും വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത രൂപവും ഭാവവും കൈക്കൊള്ളും. ഇത് ക്ഷേത്രങ്ങളില്‍ ഉറങ്ങുകയോ ഇരിക്കുകയോ ചെയ്ത്, യഥാര്‍ഥ ജീവിതത്തില്‍നിന്ന് അന്യമായി നിലകൊള്ളുന്ന, ഉയര്‍ന്ന ജാതിദൈവങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു. യഥാര്‍ഥ ജീവിതസാഹചര്യങ്ങളില്‍നിന്ന് ഉയിര്‍കൊള്ളുന്ന വീരനായകന്മാരല്ലാതെ ദലിതര്‍ക്ക് തങ്ങളുടേതായ നായകരുടെ ദൃശ്യചിത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഓരോ കീഴ്ജാതിക്കാര്‍ക്കും വാമൊഴിയിലൂടെയോ നാടന്‍ പാട്ടുകളിലൂടെയോ പങ്കുവെക്കപ്പെട്ട, രൂപങ്ങളില്ലാത്ത നായകരാണുണ്ടായിരുന്നത്. അങ്ങനെ നായകര്‍, ദൈവങ്ങള്‍, സാംസ്കാരിക രൂപങ്ങള്‍ എന്നിവ ഓരോ കീഴാള ജാതിയുടെയും സാംസ്കാരിക വിഭവങ്ങളുടെ ഭാഗമായി ശേഷിച്ചു. അത് രാഷ്ട്രീയ വിഭവങ്ങളായി പരിവര്‍ത്തനപ്പെടാതെയാണ് കൂടുതലും നിലകൊണ്ടത്.
ഉത്തര്‍പ്രദേശില്‍ ദലിത് രാഷ്ട്രീയ അവബോധത്തിന്‍െറയും ബഹുജന്‍ സമാജ്പാര്‍ട്ടി (ബി.എസ്.പി)യുടെ ഉയര്‍ച്ചയോടെയുമാണ് സാംസ്കാരിക വിഭവങ്ങളെ ദലിതരുടെ രാഷ്ട്രീയ മുന്നേറ്റത്തിനായി പരിവര്‍ത്തനപ്പെടുത്താന്‍ തുടങ്ങുന്നത്. ഓരോ ജാതികളുടെയും നായകര്‍ക്ക് നിശ്ചിത ദൃശ്യരൂപങ്ങള്‍ നല്‍കപ്പെട്ടു. ഇങ്ങനെ തങ്ങളുടെ സ്വത്വത്തിന്‍െറ അടയാളങ്ങളായി ഈ ദൃശ്യരൂപങ്ങളെ ആന്തരികവത്കരിക്കാന്‍ നിരക്ഷരരും അര്‍ധനിരക്ഷരരുമായ താഴത്തേട്ടിലുള്ള ദലിതുകളെ പ്രേരിപ്പിച്ചു. കൂടാതെ കലണ്ടറുകള്‍, ലഘുലേഖകള്‍, പോസ്റ്ററുകള്‍, പ്രതിമകള്‍, സ്മാരകങ്ങള്‍ എന്നിങ്ങനെയുള്ള ദൃശ്യങ്ങളിലൂടെ അവരുടെ മിത്തുകള്‍ രൂപപ്പെടുത്താനും മിത്തുകള്‍ക്കൊപ്പമുള്ള ഓര്‍മകളെ രൂപപ്പെടുത്താനും സഹായിച്ചു. ദൃശ്യരൂപങ്ങള്‍ക്ക് ലിഖിത രൂപങ്ങളെക്കാള്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനാകുമെന്ന വസ്തുത ബി.എസ്.പി നന്നായിതന്നെ പ്രയോജനപ്പെടുത്തി. മിത്തുകള്‍, ഓര്‍മകള്‍, ദൃശ്യവിഭവങ്ങള്‍ എന്നിവയുടെ ചാക്രിക ബന്ധം ജാതിഅഭിമാനവും മഹത്ത്വവും ദലിതുകള്‍ക്കിടയില്‍ ഉയര്‍ത്താനായി ബി.എസ്.പി രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തി.
നായകര്‍ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ ബി.എസ്.പി ബുദ്ധിജീവികള്‍ ചെയ്ത ആദ്യകാര്യം തങ്ങളുടെ യുക്തിക്ക് അനുരൂപമാകുന്ന പ്രാദേശിക നായകരുടെ കഥകള്‍ ചികഞ്ഞ് കണ്ടത്തെുകയായിരുന്നു. അടുത്ത പണി ഈ നായകര്‍ക്ക് മുഖങ്ങള്‍ നല്‍കുകയായിരുന്നു. ചിലപ്പോള്‍ ഈ മുഖങ്ങള്‍ വിവരിക്കപ്പെട്ടതിനനുസരിച്ചുള്ളതായിരിക്കും. എന്നാല്‍ ചിത്രങ്ങളോ മറ്റു ദൃശ്യ സ്രോതസ്സുകളോ ഇല്ലാത്തപ്പോള്‍ വിവരണത്തിന് അനുയോജ്യമായ മുഖങ്ങള്‍ അവര്‍ സ്വയം സൃഷ്ടിച്ചു. സമീപകാലത്ത് ഉദ്ദദേവി, ജല്‍കാരിബായി, സുഹല്‍ദേവ്, ബിജിലി പാസി എന്നീ ദലിത് നേതാക്കളുടെ പ്രതിമകള്‍ ഉത്തര്‍പ്രദേശിലെ തെരുവോരങ്ങളിലെമ്പാടും ഉയര്‍ത്തപ്പെട്ടു. അംബേദ്കര്‍, കബീര്‍, രവിദാസ്, ജല്‍കരിബായി, ഉദ്ദദേവി എന്നിങ്ങനെയുള്ള നായകരുടെ ചിത്രങ്ങള്‍ ദലിത് വീടുകളുടെ ചുവരുകളില്‍ വരക്കുകയോ കലണ്ടറുകളും പോസ്റ്ററുകളായും തൂക്കുകയോ ചെയ്തു. സവര്‍ണജാതി ഹിന്ദുക്കളെപ്പോലെ ചില ഹിന്ദുദലിതുകള്‍ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ ഗണേശ, ഹനുമാന്‍, ദുര്‍ഗ മുതലായ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ തൂക്കി. ബുദ്ധദലിതുകള്‍ തങ്ങളുടെ വീടുകളില്‍ ബുദ്ധന്‍െറ പ്രതിമകളോ ചിത്രമോ ആലേഖനംചെയ്തു. നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള വീടുകളിലാണ് ദലിത് നായകരുടെ കലണ്ടറുകളും പോസ്റ്ററുകളും കൂടുതലായി കണ്ടുവരുന്നത്. ഗ്രാമങ്ങളില്‍ രാഷ്ട്രീയ പ്രകടനങ്ങള്‍ക്കിടയില്‍ ദലിത് നേതാക്കളുടെ പ്രാദേശിക മിത്തുകള്‍ ലഘുലേഖകളും കൈപ്പുസ്തകങ്ങളുമായി സൗജന്യമായി വിതരണം ചെയ്തു. ഇവ സാധാരണ അച്ചടിച്ചത് തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നിലകൊള്ളുന്ന ദലിത് ബിസിനസുകാരോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളോ ആയിരുന്നു.
ദൃശ്യങ്ങളുടെ രൂപവത്കരണം
ഇന്ന് ഉത്തര്‍പ്രദേശിലെമ്പാടും കാണുന്ന ഉദ്ദദേവിയുടെ ദൃശ്യത്തിന് അധികം പഴക്കമില്ല. അതിന്‍െറ ചരിത്രം ഇങ്ങനെയാണ്: 1953ല്‍ ലഖ്നോവിലെ നാഷനല്‍ ബൊട്ടാണിക്കല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.ബി.ആര്‍.ഐ) ലഖ്നോവിന്‍െറ നഗരചരിത്രത്തെ അടിസ്ഥാനമാക്കി ഒരു മ്യൂസിയം സ്ഥാപിച്ചു. ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രഫ.കെ.എന്‍. കൗള്‍ സമാഹരിച്ച വിവരങ്ങള്‍ക്കനുസരണമായി ഉദ്ദദേവിയുടെ ചിത്രം നിര്‍മിക്കാന്‍ ഒരു ചിത്രകാരനെ വിളിച്ചു. എന്‍.ബി.ആര്‍.ഐ മ്യൂസിയത്തിലെ ദൃശ്യത്തിന് അനുസൃതമായി ഒരു സിമന്‍റ് പ്രതിമ നിര്‍മിക്കാന്‍ 1973 ല്‍ സ്ഥാപിക്കപ്പെട്ട സ്വതന്ത്ര സംഗ്രാം സമിതി തീരുമാനിച്ചു. ഈ പ്രതിമ നന്നായിട്ടല്ല പണിതത്. അതിനാല്‍തന്നെ പെട്ടെന്ന് പൊട്ടല്‍ വീഴാന്‍ തുടങ്ങി. അവിദഗ്ധരായ തൊഴിലാളികളെ വിളിച്ച് പൊട്ടലുകള്‍ അടപ്പിച്ചു. ഇതുവഴി പ്രതിമയുടെ രൂപത്തില്‍ മാറ്റം വന്നു. പിന്നീട് ബി.എസ്.പി ഉദ്ദദേവിയുടെ പ്രതിമകള്‍ സ്ഥാപിക്കാനും അവരുടെ ചിത്രം പോസ്റ്ററുകളിലും കലണ്ടറുകളിലും അച്ചടിക്കാനും തീരുമാനിച്ചപ്പോള്‍ അവര്‍ ഈ മോശമാക്കപ്പെട്ട പ്രതിമയുടെ ചിത്രമാണ് എടുത്തത്. അതിനാലാണ് എന്‍.ബി.ആര്‍.ഐയിലെയും വഴിയോരങ്ങളിലെയും പ്രതിമകള്‍ വലിയ രീതിയില്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നത്.
മധ്യ ഉത്തര്‍പ്രദേശിലെ പാസി ജാതിക്കാരുടെ മറ്റൊരു ബിംബമാണ് സുഹല്‍ദേവ്. മഹാരാജ സുഹല്‍ദേവിന്‍െറ ആദ്യ ദൃശ്യം 1950 ല്‍ ബഹറായിച്ചിന് സമീപമുള്ള ജിതോത്രയില്‍ ഒരു പ്രാദേശിക കോണ്‍ഗ്രസുകാരനാണ് നിര്‍മിച്ചത്. ജിതോത്രയില്‍ പ്രതിമ അനാച്ഛാദനത്തിന് ഒരു പ്രകടനവും സംഘടിപ്പിച്ചിരുന്നു. ലലിത് നാഗ്, രാജ്കുമാര്‍ എന്നീ രണ്ട് പ്രാദേശിക ചിത്രകാരന്മാരെയാണ് സുഹല്‍ദേവിന്‍െറ ചിത്രം സങ്കല്‍പത്തില്‍നിന്ന് വരക്കാന്‍ ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഈ ചിത്രത്തെ അടിസ്ഥാനമാക്കി ഗോണ്ടയിലെ സമയദീന്‍ പ്രതിമ നിര്‍മിച്ചു. അതില്‍ കുതിരപ്പുറത്തുള്ള പടയാളിയുടെ രൂപമാണ് നല്‍കിയത്. പ്രയാഗ്പൂരിലെ പ്രാദേശിക രാജ 500 ഭിഗ ഭൂമിയും ജിതോത്ര തടാകവും സുഹല്‍ദേവ് സ്മാരക സമിതിക്ക് സംഭാവന ചെയ്തു. ആദ്യം പ്രതിമ ഒരു സ്മാരകമെന്ന നിലയില്‍ പാര്‍ക്കില്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് ആ സ്ഥലം ഒരു അമ്പലത്തിന്‍െറ മാതൃകയില്‍ നവീകരിച്ച് പ്രതിമയെ വിഗ്രഹമാക്കി മാറ്റി. സമീപങ്ങളില്‍നിന്ന് നിരവധി പേര്‍ പ്രാര്‍ഥിക്കാനായി അവിടെ എത്തുന്നു. പ്രാര്‍ഥന നടത്താന്‍ ഒരു പൂജാരിയെയും നിയമിച്ചിട്ടുണ്ട്. ആരാധകര്‍ ജിതോത്ര തടാകത്തില്‍ മുങ്ങിനിവരും. കുഷ്ഠമടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഫലപ്രദമാണ് തടാകത്തിലെ വെള്ളമെന്നാണ് വിശ്വാസം. മഹാരാജ സുഹല്‍ദേവിന്‍െറ അനുഗ്രഹം വെള്ളത്തെ ദിവ്യമാക്കിയെന്നാണ് കരുതുന്നത്. നേരത്തേ സുഹല്‍ദേവിനെ ആരാധിച്ച പാസി സമൂഹത്തിന് പുറമെ ഉന്നതജാതിക്കാരും ഈ സ്ഥലത്ത് പ്രാര്‍ഥനക്ക് എത്തിത്തുടങ്ങി. ഇന്ന് ഉന്നതജാതിക്കാരെ മുസ്ലിംകള്‍ക്കെതിരെ അണിനിരത്താനായി ബി.ജെ.പിയും ആര്‍.എസ്.എസും സുഹല്‍ദേവിനെ ദൈവമായി കാണുകയും ചെയ്യുന്നു. ഇത് ദലിതുകളെ ചലിപ്പിക്കാന്‍ ബി.എസ്.പി സുഹല്‍ദേവിനെ ഉപയോഗിക്കുന്നതിനെക്കാള്‍ അപ്പുറമാണ്. പാസികളെ ചലിപ്പിക്കാനായി ബി.എസ്.പി ചിലപ്പോഴൊക്കെ സുഹല്‍ദേവിന്‍െറ പേര് സൂചിപ്പിക്കാറുണ്ട്. ഇപ്പോള്‍ ആര്‍.എസ്.എസുകാര്‍ സുഹല്‍ദേവിന്‍െറ പ്രതിമ ലഖ്നോവില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ജിതോത്രയിലേതിന് വ്യത്യസ്തമാണ്. ലഖ്നോവില്‍ ഉന്നതജാതിക്കാരുടെ ചരിത്ര കഥാപാത്രമായ മഹാറാണ പ്രതാപിന്‍െറ രൂപത്തിലാണ് സുഹല്‍ദേവിന്‍െറ പ്രതിമ തീര്‍ത്തത്. ഇരുമ്പ് പടച്ചട്ട, തൊപ്പി, കൈയില്‍ പരിച, അരയില്‍ തൂങ്ങുന്ന വാള്‍ എന്നിവയെല്ലാം പ്രതിമയിലുള്‍പ്പെടുത്തി. ജിതോത്രയിലെ പ്രതിമ സുഹല്‍ദേവിനെ മധ്യകാലത്തെ ഒരു നാടോടി നായകനായി കിരീടവും അമ്പും വില്ലുമേന്തിയ രീതിയിലാണ് ചിത്രീകരിച്ചിരുന്നത്. സുഹല്‍ദേവിനെ റാണയുടെപോലെ പ്രതിമയാക്കിയത് ഹിന്ദു നായകരെയും അവരുടെ ദൃശ്യബിംബവത്കരണത്തെയും ഏകമാനവത്കരിക്കാനുമുള്ള ആഗ്രഹത്തിന്‍െറ പ്രതിഫലനമായിട്ടാവാം. ബഹ്റായയിലെ നാട്ടുകാര്‍ തങ്ങളുടെ പട്ടണത്തിലുള്ള സുഹല്‍ദേവിന്‍െറ പ്രതിമയാണ് ശരിയായ രൂപമെന്ന് വിശ്വസിക്കുന്നു.
പാസി രാജാവായ മഹാരാജ ബിജ്ലി പാസി ഉത്തര്‍പ്രദേശ് മേഖലയില്‍ മധ്യകാലത്ത് ഭരിച്ച രാജാവായാണ് കരുതുന്നത്. പാസി ജാതി ചരിത്രത്തില്‍ പ്രധാനപ്പെട്ട പങ്ക് ഈ രാജാവിനുണ്ട്. താഴ്ന്നജാതികളിലും രാജാക്കന്മാരുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ദലിതുകള്‍ ബിജ്ലി പാസിയെ ഉയര്‍ത്തിപ്പിടിക്കാറുണ്ട്. ലഖ്നോവില്‍ അദ്ദേഹം ഭരിച്ചിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇന്നുമുണ്ട്. ബി.എസ്.പി അത് ഒരു സ്മാരകമാക്കി മാറ്റി. രാജാവിന്‍െറ വിജയദിനത്തില്‍ അവിടെ വലിയ ആഘോഷം നടക്കാറുണ്ട്. എല്ലാ ദലിത് സമുദായങ്ങളിലുമുള്ളവര്‍ അന്ന് ഒന്നിച്ച് പ്രകടനം നടത്തും. അമ്പും വില്ലുമേന്തിയ മധ്യകാല പോരാളിയുടേതിന് സമാനമായ പ്രതിമയാണ് അവിടെ ഉയര്‍ത്തിയിരിക്കുന്നത്. ബിജ്ലി പാസിയുടെ ദൃശ്യരൂപവത്കരണം രസകരമാണ്. കാന്‍ഷിറാമിന്‍െറ അടുത്ത അനുയായിയും മായാവതി സര്‍ക്കാറിലെ മുന്‍മന്ത്രിയുമായ നാസിമുദ്ദീന്‍ സിദ്ദീഖിയാണ് അത് വിവരിച്ചുനല്‍കിയത്. അഞ്ച് സിഖ് ഗുരുക്കളുടെ എല്ലാ നല്ല സവിശേഷതകളും ഒരുമിച്ചുചേര്‍ത്താണ് കാന്‍ഷിറാം പ്രതിമ നിര്‍മിക്കാനാവശ്യപ്പെട്ടത്. ഗുരു അര്‍ജുന്‍ ദേവ്, ഗുരു ഗോവിന്ദ് സിങ്, ഗുരുനാനാക്ക് എന്നിങ്ങനെയുള്ള ഗുരുക്കന്മാരുടെ രൂപത്തിലെ നല്ല സവിശേഷതകള്‍ പ്രതിമയില്‍ നോക്കിയാല്‍ മനസ്സിലാകും.
ഡോ.ബി.ആര്‍. അംബേദ്കറുടെ പ്രതിമകള്‍ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നത് ദലിത് മുന്നേറ്റത്തിലെ ഏറ്റവും നിര്‍ണായക പ്രവൃത്തിയായിരുന്നു. അഅ്സംഗഢില്‍ നടത്തിയ ഒരു വസ്തുതാന്വേഷണത്തില്‍ ഈ മേഖലയില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നത് ദലിത് സമുദായങ്ങള്‍ക്ക് വലിയ അഭിമാനം നല്‍കിയതായും അവരുടെതന്നെ സ്വത്വ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ചുവെന്നുമാണ് വെളിപ്പെട്ടത്. ഈ മേഖലയില്‍ താമസിക്കുന്ന റാം ഷരണ്‍ റാം എന്ന ദലിത് യുവാവ് പറഞ്ഞത് അംബേദ്കറിന്‍െറ പ്രതിമകള്‍ സ്ഥാപിക്കുന്നതും ജന്മവാര്‍ഷികത്തിന് പുഷ്പഹാരങ്ങള്‍ അണിയിക്കുന്നതും എല്ലാ ദലിതുകളുടെയും ഹൃദയം അഭിമാനംകൊണ്ട് തുടിക്കാന്‍ ഇടയാക്കുന്നുവെന്നാണ്. അലഹബാദിനും അഅ്സംഗഢിനുമിടയില്‍ അംബേദ്കര്‍ പ്രതിമകള്‍ പരിശോധിച്ചപ്പോള്‍ മിക്ക പ്രതിമകളും ഇന്ത്യന്‍ ഭരണഘടനയിലുള്ള അംബേദ്കറിന്‍െറ ചിത്രം പകര്‍ത്തിയതാണെന്ന് വ്യക്തമാക്കി. അതുതന്നെയാണ് പാഠപുസ്തകങ്ങളിലും കലണ്ടറുകളിലും പകര്‍ത്തിയത്. കോത്വ, ചൗക, ഖുര്‍ദ്, ബന്‍കാത് ബസാര്‍, ബെലിസ എന്നീ ഗ്രാമങ്ങളില്‍ നിരീക്ഷിച്ചപ്പോള്‍ മിക്ക പ്രതിമകളും പ്രാദേശിക കലാകാരന്മാര്‍ ഉണ്ടാക്കിയതും അധികം വൈദഗ്ധ്യത്തോടെ നിര്‍മിച്ചതല്ളെന്നും വ്യക്തമായി. എന്നാല്‍ ഈ പ്രതിമകള്‍ക്കെല്ലാം സമാനതകളും ഒരേ നിറരൂപങ്ങളുമാണ് കണ്ടത്. കോട്ട് ഇളം നീലയും പാന്‍റ് വെള്ളയുമാണ്. ഈ പ്രതിമകളെല്ലാം സ്ഥാപിച്ചത് ദലിത് ഗ്രാമീണര്‍ ബി.എസ്.പി എം.എല്‍.എമാരുടെയോ എം.പിമാരുടെയോ സഹായത്തോടെയാണ്. അഅ്സംഗഢിലെ അംബേദ്കര്‍ പ്രതിമ ബി.എസ്.പി നിയമസഭാംഗം ബര്‍ഖുറാം ബര്‍മ സാമ്പത്തിക സഹായം ചെയ്തതാണ്. അഅ്സംഗഢിലെതന്നെ ജന്‍ഗോപൂര്‍ ഗ്രാമത്തിലെ പ്രതിമമേഖലയിലെ ബി.എസ്.പി എം.എല്‍.എ മാലിക് സമൂദ് ധനസഹായം ചെയ്താണ്.
എന്താണ് ഈ പ്രതിമകള്‍ ദലിത് സമുദായങ്ങള്‍ക്ക് ചെയ്യുക? ഒന്നാമത്, ഈ ദൃശ്യബിംബങ്ങള്‍ ഓര്‍മകള്‍ സൃഷ്ടിക്കാന്‍ വളരെയേറെ ഫലവത്താണ്. ദൃശ്യങ്ങളുടെ ഫലം പെട്ടെന്നുള്ളതാണ്. ഈ പ്രതിമകളെ ചുറ്റിപ്പറ്റി ദലിത് സമുദായങ്ങളില്‍ ഓര്‍മകള്‍ സൃഷ്ടിക്കുകയും, അത് ദലിത് രാഷ്ട്രീയത്തില്‍ വലിയ ചിഹ്നങ്ങള്‍ നല്‍കുകയും ചെയ്യും.
രണ്ടാമത് സമൂഹത്തില്‍ തങ്ങളുടെ സ്വീകാര്യതയുടെ അടയാളമെന്ന നിലയില്‍ ദലിത് സമുദായങ്ങള്‍ക്ക് സ്വാഭിമാനം നേടാന്‍ സഹായിക്കും. ഇത് അവരുടെ സ്വത്വം, സ്വാഭിമാനം, അന്തസ്സ് എന്നിവ ഉയര്‍ത്തും. തങ്ങളുടെ നായകരുടെ മഹത്ത്വം തങ്ങളിലൂടെ പ്രതിഫലിക്കാന്‍ പ്രേരിപ്പിക്കും. പൊതു ഇടങ്ങളില്‍ സ്വാഭിമാനം നേടുകവഴി, സവര്‍ണജാതികളില്‍നിന്ന് തങ്ങള്‍ നിത്യവും നേരിടുന്ന അവമതിയെ മറികടക്കാന്‍ സഹായിക്കും. മായാവതി സ്ഥാപിച്ച പ്രതിമകള്‍ക്ക് ദലിത് സമുദായങ്ങളില്‍ പ്രത്യേക അര്‍ഥമുണ്ട്. അംബേദ്കറുടെ പ്രതിമ സ്ഥാപിച്ച അംബേദ്കര്‍ പാര്‍ക്കില്‍ പ്രവേശിക്കുമ്പോള്‍ തങ്ങള്‍ക്ക് ഈ സ്ഥലത്തില്‍ അവകാശമുണ്ടെന്ന തോന്നല്‍ അവരിലുണര്‍ത്തും. അവര്‍ അത് തങ്ങളുടെ വീടുപോലെ കാണുകയും അവിടെ ഇരിക്കുകയും ഉറങ്ങുകയും നടക്കുകയും ചെയ്യും. ‘‘ബഹന്‍ജി നിര്‍മിച്ചതാണ്’’ എന്നു പറയുന്നതിലൂടെ അവര്‍ തങ്ങളുടെ അവകാശം പ്രഖ്യാപിക്കുകയും ചെയ്യും.
ബി.എസ്.പി പ്രതിമകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാനാണെന്ന് മിക്കപ്പോഴും എതിര്‍കക്ഷികള്‍ ആരോപണം ഉന്നയിച്ചു. സമാജ്വാദി പാര്‍ട്ടിയാണ് മുഖ്യമായും ഈ ആരോപണം ഉന്നയിച്ചത്. ഇത് ദലിതുകള്‍ എപ്പോഴൊക്കെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചോ അപ്പോഴൊക്കെ സംഘര്‍ഷത്തിലേക്കും അക്രമത്തിലേക്കും നയിച്ചു. അഅ്സംഗഢില്‍ പല സ്ഥലത്തും ദലിത് നായകരുടെ പ്രതിമകള്‍ സ്ഥാപിക്കുമ്പോള്‍ പൊലീസ് അപ്രഖ്യാപിത നിരോധം അടിച്ചേല്‍പിച്ചു. ഭരണമുന്നണിയായ എസ്.പിയുമായി ബന്ധം പുലര്‍ത്തിയിരുന്ന സവര്‍ണജാതി ഭൂ ഉടമകളായ ഠാക്കൂറുമാരും ഇടത്തരം ജാതികളായ യാദവരും അംബേദ്കറുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് സ്ഥലം കൈയേറാനുള്ള ബോധപൂര്‍വ നീക്കമാണെന്ന് ആക്ഷേപിച്ചു. അഅ്സംഗഢിലെ മജ്ഹൗവ ഗ്രാമത്തില്‍ ജീവിക്കുന്ന 50 വയസ്സുള്ള, ഗ്രാമത്തിലെ സ്ഥലത്തില്‍ നല്ല പങ്കും കൈയാളുന്ന, ഓംകാര്‍ സിങ് എന്ന ഠാക്കൂര്‍ ഭൂരിപക്ഷം ഉന്നതജാതികള്‍ക്കും അംബേദ്കറുടെ പ്രതിമകാണുന്നത് ദേഷ്യമാണെന്നും തങ്ങള്‍ക്ക് നിയന്ത്രണം വിട്ട് രക്തം ചൊരിയാനിടയായാല്‍ അതിന് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ളെന്നും പറഞ്ഞു. 2004ല്‍ ബി.എസ്.പി ഉത്തര്‍പ്രദേശില്‍ പരാജയപ്പെട്ടതോടെ അംബേദ്കര്‍ പ്രതിമകളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞു. അങ്ങനെ ദലിതുകളുടെ സ്വയംനിര്‍ണയത്തിലെ മുഖ്യഘടകമായ അംബേ്ദകര്‍ പ്രതിമകള്‍ ആ മേഖലയില്‍ താമസിക്കുന്ന മറ്റു ജാതികള്‍ക്ക് അവമതിയായി തോന്നുന്നു. ഈ തോന്നല്‍ അക്രമത്തിലേക്കും രക്തചൊരിച്ചിലിലേക്കും നീങ്ങി. അതാണ് 2002ല്‍ മജ്ഹൗവ ഗ്രാമത്തില്‍ ഠാക്കൂറുമാരെ പ്രാദേശിക ബി.എസ്.പി നേതാക്കള്‍ അംബേദ്കറുടെ ജന്മദിവസത്തില്‍ സംഘടിപ്പിച്ച ആഘോഷങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ പ്രേരിപ്പിച്ചത്. ബി.എസ്.പി ഭരണത്തിന്‍ കീഴില്‍ ഉത്തര്‍പ്രദേശിലെമ്പാടും പ്രതിമകള്‍ സ്ഥാപിക്കുന്നത് സാധാരണ നടപടിയായിരുന്നു. ദലിത് നേതാക്കളുടെ പ്രതിമ സ്ഥാപനവും സ്മാരക നിര്‍മാണവും ദലിത് സ്വത്വ നിര്‍മാണത്തിന്‍െറ ഭാഗമായി മായാവതി കണ്ടതിനാല്‍ ബി.എസ്.പിയുടെ രാഷ്ട്രീയ തന്ത്രങ്ങളില്‍ അതിന് ആദ്യ പരിഗണന നല്‍കപ്പെട്ടു.

മിത്തുകള്‍ സൃഷ്ടിക്കല്‍
ഉത്തര്‍പ്രദേശില്‍ അംബേദ്കറുടെ മിത്ത് സൃഷ്ടിക്കല്‍ എന്ന പ്രവൃത്തി രസകരമായിരുന്നു. അംബേദ്കര്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ ജനപ്രീതിയുള്ളയാളാണ്. ഭരണഘടനാ സ്രഷ്ടാവ് എന്ന നിലയില്‍ മറ്റു ഇന്ത്യക്കാര്‍ക്കിടയിലും അദ്ദേഹത്തിന്‍െറ ജനപ്രീതി വര്‍ധിപ്പിച്ചു. എന്നാല്‍ അദ്ദേഹം സജീവമായ ആദ്യ കാലങ്ങളില്‍ ഉത്തര്‍പ്രദേശില്‍ അറിയപ്പെടുന്നയാളായിരുന്നില്ല. അദി ഹിന്ദു പ്രസ്ഥാനത്തില്‍ അടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ സ്വാമി അച്യുതാനന്ദാണ് അംബേദ്കറുടെ പേര് പ്രശസ്തമാക്കുന്നത്. 1932ലെ പുണെ കരാര്‍ അവരുടെ സൗഹൃദം കൂട്ടി. സ്വാമി അച്യുതാനന്ദും കരാറില്‍ ഒപ്പിട്ട ഒരാളായിരുന്നു. അംബേദ്കര്‍ സ്വാമി അച്യുതാനന്ദിനെ ആദരിച്ചിരുന്നുവെന്നത് അദ്ദേഹത്തിന് അയച്ച കത്തുകളില്‍ വ്യക്തമാണ്. കത്ത് തുടങ്ങിയതോ അവസാനിപ്പിച്ചതോ പ്രണാമം എന്ന വാക്കോടെയാണ്. കൊളോണിയല്‍ കാലത്ത് പ്രസിദ്ധീകരിച്ച സമതയുടെ പത്രാധിപര്‍ ഹരി പ്രസാദ് തമ്തയുമായും അംബേദ്കര്‍ അടുത്ത് പ്രവര്‍ത്തിച്ചു. അങ്ങനെ അംബേദ്കറുടെ പ്രശസ്തി തമ്ത തന്‍െറ സൃഹൃത്തുക്കളോട് പറഞ്ഞതിലൂടെയും അംബേദ്കറുടെ രചനകള്‍ പതിവായി സമതയിലൂടെ പ്രസിദ്ധീകരിച്ചുംകൂട്ടി. വിദ്യാസമ്പന്നരായ ദലിതുകള്‍ വര്‍ത്തമാനപത്രങ്ങളിലൂടെ പുണെ കരാറില്‍ അംബേദ്കറുടെ പങ്കിനെപ്പറ്റി അറിഞ്ഞു. അവര്‍ മഹാരാഷ്ട്രയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, അംബേദ്കറുടെ രചനകള്‍ അടങ്ങിയ ദലിത് വര്‍ത്തമാനപത്രങ്ങള്‍ വരുത്താന്‍ തുടങ്ങി. അങ്ങനെ ഈ മേഖലയില്‍ അംബേദ്കര്‍ പ്രശസ്തി നേടിത്തുടങ്ങി.
അംബേദ്കര്‍ സ്ഥാപിച്ച ആര്‍.പി.ഐ എന്ന പാര്‍ട്ടി സ്വാതന്ത്ര്യത്തിന് ശേഷം മഹാരാഷ്ട്രയില്‍നിന്ന് ഉത്തര്‍പ്രദേശിലേക്കുകൂടി വ്യാപിച്ചു. അത് അംബേദ്കറുടെ ജനപ്രീതി ആ മേഖലയിലേക്കും വര്‍ധിപ്പിച്ചു. ദലിതുകളുടെ മനസ്സില്‍ ഇത് സൃഷ്ടിച്ചത് അതിമാനുഷന്‍, ദലിതുകളുടെ മിശിഹ എന്ന ദൃശ്യമാണ്. ആര്‍.പി.ഐയുടെ രാഷ്ട്രീയം പശ്ചിമ ഉത്തര്‍പ്രദേശില്‍നിന്ന് കാണ്‍പൂരിലേക്കും സമീപസ്ഥലങ്ങളിലേക്കും വ്യാപിച്ചു. ആഗ്ര ദലിത് രാഷ്ട്രീയത്തിന്‍െറ ഹബ്ബായി മാറാന്‍ തുടങ്ങി. 1956 മാര്‍ച്ച് 18ന് ഇവിടെ അംബേദ്കര്‍ പങ്കെടുത്ത യോഗത്തില്‍ ലക്ഷക്കണക്കിന് വിദ്യാസമ്പന്നരായ ദലിതുകള്‍ പങ്കെടുത്തു. അത്തരം സമ്മേളനത്തിലൂടെ അംബേദ്കറുടെ പ്രശസ്തി മേഖലയില്‍ പടര്‍ന്നു. ആര്‍.പി.ഐ പ്രചരിപ്പിച്ച പോസ്റ്ററുകള്‍, ലഘുലേഖകള്‍ എന്നിവയിലൂടെ അംബേദ്കറുടെ ചിത്രം ജനപ്രിയമാക്കപ്പെട്ടു. പാശ്ചാത്യരീതിയില്‍ കോട്ടും ബൂട്ടുമണിഞ്ഞ് ഭരണഘടനയുടെ ഒരു പകര്‍പ്പ് ഏന്തുന്ന ചിത്രമായിരുന്നു അത്. ഈ ദൃശ്യം സാധാരണ ദലിതുകള്‍ക്കിടയില്‍ വിദ്യാസമ്പന്നരാകുകയും നല്ല ഭാവിക്കുവേണ്ടി പോരാടുന്നതിനുമുള്ള അവബോധം സൃഷ്ടിക്കുന്ന അടയാളമായി മാറി. ഇത് മര്‍ദിതര്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, നിരക്ഷരര്‍ എന്നിങ്ങനെ ദലിതുകളെപ്പറ്റിയുള്ള പതിവ് ധാരണയെ അപനിര്‍മിക്കുകയും ചെയ്തു.
അംബേദ്കറുടെ മരണശേഷം കലണ്ടറുകളിലും പോസ്റ്ററുകളിലും അദ്ദേഹത്തിന്‍െറ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനും പ്രതിമകള്‍ സ്ഥാപിക്കാനും തുടങ്ങി. അദ്ദേഹത്തിന്‍െറ ഫോട്ടോ ദലിത് മാഗസിനുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും മുഖചിത്രമായി പ്രസിദ്ധീകരിച്ചു. ഇത് സാധാരണക്കാരും നിരക്ഷരരുമായ ദലിതര്‍ക്കിടയില്‍ പ്രചരിച്ചു. ചില സ്ഥലങ്ങളില്‍ അംബേദ്കര്‍ ബുദ്ധന്‍െറ അവതാരമായി പരാമര്‍ശിക്കപ്പെടുകയും മറ്റു ചില സ്ഥലങ്ങളില്‍ സവര്‍ണജാതിയില്‍പ്പെട്ടവരെക്കാള്‍ അറിവുള്ളയാളെന്ന നിലയില്‍ വാഴ്ത്തപ്പെടുകയും ചെയ്തു.
എണ്‍പതുകളുടെ മധ്യത്തില്‍ ബി.എസ്.പി രാഷ്ട്രീയ മത്സരത്തിലേക്ക് ചാടിയപ്പോള്‍ സംസ്ഥാനത്ത് വളരെക്കുറച്ച് അംബേദ്കര്‍ പ്രതിമകളേ ഉണ്ടായിരുന്നുള്ളൂ. സര്‍ക്കാറോ അര്‍ധ രാഷ്ട്രീയ-സാമൂഹിക സംഘടനകളോ സ്ഥാപിച്ചതായിരുന്നു അത്. ബി.എസ്.പിയുടെ സ്ഥാപനത്തോടെ സ്വത്വ പ്രഖ്യാപനത്തിന്‍െറ അക്രമോത്സുകമായ തന്ത്രങ്ങള്‍ സ്വീകരിക്കപ്പെട്ടു. അദ്ദേഹത്തിന്‍െറ പ്രതിമകള്‍ ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ദലിത് രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും സ്ഥാപിക്കാന്‍ തുടങ്ങി. എന്നാല്‍, അംബേദ്കര്‍ മഹാരാഷ്ട്രയില്‍പോലെ വീട്ടകങ്ങളില്‍, അടിത്തട്ടില്‍ എത്തപ്പെട്ട പേരായിരുന്നില്ല ഉത്തര്‍പ്രദേശില്‍. ആദ്യഘട്ടത്തില്‍ അവര്‍ക്ക് ആ സമൂഹത്തിലെ സ്പന്ദനം മനസ്സിലായില്ല. പിന്നീട് ഉത്തര്‍പ്രദേശില്‍ സന്ന്യാസികള്‍, ഗുരുവര്യന്മാര്‍, ഐതിഹാസിക നായകര്‍, പ്രാദേശിക നേതാക്കള്‍ എന്നിവര്‍ ജനങ്ങളുടെ മനസ്സില്‍ സവിശേഷവും സുപ്രധാനവുമായ ഇടം കൈയാളുന്നതായി അവര്‍ മനസ്സിലാക്കി. അതോടെ ബി.എസ്.പി മഹാരാഷ്ട്രയിലെ ദലിത് മുന്നേറ്റത്തിന്‍െറ രാഷ്ട്രീയ ഭാഷയില്‍ മാറ്റം വരുത്തി. അങ്ങനെ പ്രാദേശിക സാംസ്കാരിക നായകര്‍, സന്ന്യാസികള്‍, അംബേദ്കര്‍ തുടങ്ങിയവരുടെ പ്രതിമകള്‍ സ്ഥാപിക്കുക എന്ന രാഷ്ട്രീയതന്ത്രം കൈക്കൊണ്ടു. അതുപോലെ അത്തരം നായകരുടെ ഓര്‍മകളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ സംഘടിപ്പിക്കുക, അത് ജനങ്ങളുടെ കൂട്ടായ ഓര്‍മകളില്‍ സുപ്രധാന മിത്തുകളായി പടര്‍ത്തുക എന്ന നിലപാട് സ്വീകരിച്ചു.
മിത്തുകള്‍ക്കായി സാംസ്കാരിക സംഘങ്ങള്‍
മിത്തുകളെ അടിത്തട്ടിലുള്ള വിഭാഗങ്ങളിലേക്ക് പടര്‍ത്താന്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചു. നാടോടിഗായക സംഘം രൂപവത്കരിക്കുകയും അത് ഗ്രാമങ്ങളിലൂടെ അവരുടെ ഗാനങ്ങളുമായി സഞ്ചരിക്കുകയും ചെയ്തു. സവര്‍ണജാതികളില്‍ കാണപ്പെടുന്നതുപോലെ ചരാന്‍, ഭാന്തുകള്‍ എന്നു വിളിക്കപ്പെടുന്ന പ്രഫഷനല്‍ ഗായകര്‍ തങ്ങളുടെ ജാതികളുടെ മഹത്ത്വം പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും ജനങ്ങള്‍ക്കിടയില്‍ പ്രശസ്തമാക്കി. യു.പിയില്‍ ദലിത് പാസി വിഭാഗത്തിലെ ഉപ ഗ്രൂപ്പായ പാസ്മാന്‍ഗ്തയുടെ തൊഴില്‍ തന്നെ പാസി കുടുംബങ്ങളുടെ ഓരോ വീടുകളിലും പോയി ജാതിയുടെ ചരിത്രത്തെപ്പറ്റി പാടുകയാണ്. പാസി മഹത്ത്വത്തെപ്പറ്റി പറയാന്‍ അവര്‍ തങ്ങളുടെ കഥ മഹാരാജ ബിജ്ലി പാസി, ദല്‍ദേവ് പാസി തുടങ്ങിയവരുടെ കഥകളുമായി ബന്ധിപ്പിക്കും. തിരിച്ച് ഓരോ വീട്ടുകാരും അരി, മഞ്ഞള്‍, മറ്റു ഭക്ഷണവസ്തുക്കള്‍ എന്നിവ അവര്‍ക്ക് നല്‍കും. വിദ്യാഭ്യാസവും നഗരവത്കരണവുംമൂലം ഇത്തരം പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ കുറവാണെങ്കിലും പാട്ടുകളും സംഗീതവും ഈ സമൂഹങ്ങളുടെ വാമൊഴി പാരമ്പര്യത്തിന്‍െറ ഭാഗമാണിപ്പോഴും. ഈ പാട്ടുകള്‍ ഇന്ന് ദലിതുകള്‍ക്കിടയില്‍ പാടുന്ന സംഘമുണ്ട്. ഈ പാട്ടുകള്‍ ഇന്ന് ബി.എസ്.പി വിവിധ ജാതികളുടെ മഹത്ത്വവുമായി ബന്ധിപ്പിക്കുകയും അവരില്‍ ജാത്യഭിമാനം ഉയര്‍ത്തുകയും അങ്ങനെ അവരില്‍ സ്വത്വ നിര്‍മാണത്തിന് ശ്രമിക്കുകയും ചെയ്യുന്നു. നാടോടി ഗായകര്‍, രാഷ്ട്രീയ കവികള്‍, ഗായകര്‍ എന്നിവരെ സാംസ്കാരിക സ്ക്വാഡി (ജാഗ്രതി ദസ്ത)ന്‍െറ ഭാഗമായി ബി.എസ്.പി നിയോഗിച്ചിരുന്നു. ഈ സ്ക്വാഡില്‍ എഴുത്തുകാര്‍, നാടകകൃത്തുക്കള്‍, കവികള്‍, കലാകാരന്മാര്‍ എന്നിവരടങ്ങിയിരുന്നു. ഇവരുടെ ജോലി ദലിത് അവബോധമുയര്‍ത്താനായി ഗാനങ്ങള്‍, കവിതകള്‍, ചിത്രങ്ങള്‍ എന്നിവ രചിക്കലും അത് ആ മേഖലകളില്‍ പടര്‍ത്തുകയുമാണ്. ഈ സാംസ്കാരിക രൂപങ്ങള്‍ അംബേദ്കര്‍, ഫുലേ, മായാവതി, കാന്‍ഷി റാം, ജല്‍കാരിബായി, ഉദ്ദദേവി, ബിജ്ലി പാസി, അവാന്തിബായി, മഹാവിരിദേവി തുടങ്ങിയ ദലിത് നായകരുടെ മഹത്ത്വം വിവരിക്കുകയായിരുന്നു.
അലഹബാദിലെ സാംസ്കാരിക സ്ക്വാഡ് അംഗമായ പ്യാരേലാല്‍ തങ്ങളുടെ സംഘം അംബേദ്കറുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററികള്‍, സവര്‍ണ ജാതിക്കാര്‍ ദലിതര്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ വിവരിച്ച് പ്രകാശ് ജാ നിര്‍മിച്ച ദമൗല്‍പോലുള്ള ഹിന്ദി സിനിമകള്‍ ഗ്രാമങ്ങളിലും മറ്റും കാണിക്കുന്നതായി പറയുന്നു. അവര്‍ പ്രാദേശിക ബി.എസ്.പി നേതാക്കളുടെ പ്രസംഗത്തിന് മുമ്പ് പ്രകടനങ്ങളിലും രാഷ്ട്രീയ യോഗങ്ങളിലും കാന്‍ഷിറാമിന്‍െറയും മായാവതിയുടെയും പ്രസംഗങ്ങള്‍ അടങ്ങിയ ഓഡിയോ കാസറ്റുകള്‍ വില്‍ക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നു.
മറ്റൊരു കൂട്ടായ രീതി സൈക്കിള്‍ സ്ക്വാഡാണ്. ബി.എസ്.പി പാര്‍ട്ടി പ്രവര്‍ത്തകര്‍ സൈക്കിളില്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ച്, മുദ്രാവാക്യം മുഴക്കുന്നു. ദലിത് നായകരുടെ ജനന-മരണ വാര്‍ഷികങ്ങള്‍ക്ക് പ്രകടനം, സമ്മേളനം എന്നിവ സംഘടിപ്പിച്ച് ബി.എസ്.പിയുടെ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി ഉപയോഗിക്കുന്നു.
ഇത്തരത്തില്‍ ദലിത് സമൂഹങ്ങളുടെ രാഷ്ട്രീയ ചലനത്തിനായി ദലിത് നായകരുടെ ദൃശ്യബിംബങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഇത് പ്രാന്തവത്കരിക്കപ്പെട്ട സമൂഹങ്ങളില്‍ സ്വത്വത്തിന്‍െറയും ആത്മാഭിമാനത്തിന്‍െറയും ശക്തമായ ധാരണകള്‍ ഉയര്‍ത്തുന്നു. ഇത് ജാതികളുടെ നായകരെക്കുറിച്ച്, ഒട്ടും അറിവില്ലാത്ത ദലിതേതര ജാതികള്‍ക്കിടയിലും അവബോധം സൃഷ്ടിക്കുന്നു. അത്തരത്തില്‍ മറ്റു ജാതിക്കാരുടെ മുന്നില്‍ ദലിതര്‍ക്ക് അഭിമാനവും അന്തസ്സും ഉയര്‍ത്തുന്നു.
l
ലേഖകന്‍ ജെ.എന്‍.യു സോഷ്യല്‍ സയന്‍സസില്‍
അധ്യാപകനാണ്. ജാതിയെയും സംസ്കാരത്തെയും പറ്റിയുള്ള
അദ്ദേഹത്തിന്‍െറ പഠനത്തിലെ ഒരു അധ്യായത്തിന്‍െറ
സ്വതന്ത്രവിവര്‍ത്തനമാണിത്.
മൊഴിമാറ്റം: ആര്‍.കെ. ബിജുരാജ്
Madhayamam Weekly
Issue 952
2016 May 30
No comments:
Post a Comment