Wednesday, June 15, 2016

മലയാളിയുടെ ഐ.എന്‍.എക്കാലം



ചരിത്രം/അന്വേഷണം


70 വര്‍ഷം മുമ്പ് ഭരണകൂടം കണ്ടുകെട്ടിയ ഒരു പ്രകടന പത്രിക കണ്ടെടുക്കുന്നു. ഈ പ്രകടന പത്രികയുടെ പശ്ചാത്തലത്തില്‍ എന്തായിരുന്നു ഐ.എന്‍.എയിലെ മലയാളി പങ്കാളിത്തമെന്നും എങ്ങനെയാണ് കേരളത്തില്‍ പ്രവര്‍ത്തനം നടന്നിരുന്നതെന്നും അന്വേഷിക്കുന്നു. സുഭാഷ് ചന്ദ്രബോസിന്‍െറ അന്ത്യം ചര്‍ച്ചാ വിഷയമാകുന്ന ഇക്കാലത്ത് എഴുപതുവര്‍ഷം മുമ്പ് ഐ.എന്‍.എ പോരാളികള്‍ അതെപ്പറ്റി എന്തുകരുതിയിരുന്നുവെന്നും വിശകലനം ചെയ്യുന്നു.





മലയാളിയുടെ ഐ.എന്‍.എക്കാലം

ആര്‍.കെ. ബിജുരാജ്


അംഗീകരിച്ചാലുമില്ളെങ്കിലും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശത്തിനെതിരെ നടന്ന ഏറ്റവും വലിയ സായുധ ഇടപെടലായിരുന്നു ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ)യുടേത്. വിമോചനത്തിന് യുദ്ധം മാര്‍ഗമായി സ്വീകരിച്ച സംഘടനയും അതിന്‍െറ തന്ത്രങ്ങളും  പിന്നീടുണ്ടായ ചരിത്ര സംഭവങ്ങളില്‍ തട്ടി തകര്‍ന്നു എന്നതിന്‍െറ അടിസ്ഥാനത്തില്‍ ആ സംഘടന തന്നെ തെറ്റായിരുന്നുവെന്ന വിലയിരുത്തല്‍ ശരിയായിരിക്കില്ല. അത്തരം ദുര്യോഗം  ഐ.എന്‍.എ നേരിടുന്നുണ്ട്.  ജപ്പാന്‍െറ മുന്നേറ്റം അമേരിക്കന്‍ അണുബോംബ് വിക്ഷേപണങ്ങളില്‍ തകര്‍ന്നത് ഐ.എന്‍.എക്ക് തിരിച്ചടിയായിരുന്നുവെന്നത് വാസ്തവം. അതല്ല ഈ അന്വേഷണത്തിന്‍െറ വിഷയം.
ക്യാപ്റ്റന്‍ ലക്ഷ്മി  അടക്കം കൈവിരലിലെണ്ണാവുന്ന മലയാളികളേ ഐ.എന്‍.എയുടെ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തില്‍ വന്നിട്ടുള്ളൂ.  പക്ഷേ, അതല്ല വാസ്തവം. തുടക്കം മുതല്‍ അവസാനം വരെ എല്ലാ അര്‍ത്ഥത്തിലും മലയാളി പങ്കാളിത്തത്താല്‍ നിറഞ്ഞതാണ് ഐ.എന്‍.എ. രൂപീകരണം, പോരാട്ടമുഖങ്ങള്‍, സൈദ്ധാന്തിക-രാഷ്ട്രീയ നേതൃത്വം, സംഘാടനം തുടങ്ങി എല്ലാ മേഖലകളിലും മലയാളികള്‍ സജീവ സാന്നിദ്ധ്യമായിരുന്നു. ഐ.എന്‍.എ തെറ്റിധരിക്കപ്പെട്ടിരുന്നത് മലയായിലും ബര്‍മയിലും സിംഗപ്പുരിലും വിവിധ തൊഴില്‍ ചെയ്തിരുന്ന മലയാളികളുടെ കൂട്ടമായ പങ്കാളിത്തമെന്ന നിലയികൂടിയാണ്. ഈ സ്ഥലങ്ങളില്‍ എസ്റ്റേറ്റ് ജീവനക്കാരായും ബ്രിട്ടീഷ് സൈന്യത്തിലെ ശിപായികളും, മറ്റ് തൊഴില്‍മേഖലയില്‍ വ്യാപരിച്ചിരുന്നവരും ഐ.എന്‍.എയില്‍ ചേര്‍ന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ, ഇങ്ങ് കേരളത്തിലും ഐ.എന്‍.എ സജീവമായ പ്രവര്‍ത്തനം ഏറ്റെടുത്ത്, ആളുകളെ സൈന്യത്തിലേക്കും ഫോര്‍ഫേഡ് ബ്ളോക്കിലേക്കും റിക്രൂട്ടും ചെയ്തിരുന്നു. അത്തരം പ്രവര്‍ത്തനത്തിന്‍െറ രേഖാപരമായ തെളിവുകള്‍ ഇതുവരെ ലഭ്യമായിരുന്നില്ളെന്ന് മാത്രം


ഭരണകൂടം കണ്ടുകെട്ടിയ പ്രകടനപത്രിക

രണ്ടാം ലോകയുദ്ധത്തിന് ശേഷം 1946 നവംബറിലാണ്് "ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക' സുഭാഷ് ചന്ദ്രബോസിന്‍െറ അനുയായികള്‍ മലയാളത്തില്‍ അച്ചടിച്ചിറക്കുന്നത്. ഈ പത്രിക തിരുവനന്തപുരം സ്റ്റേറ്റ് ആര്‍കൈവ്സില്‍ കോണ്‍ഫെഡന്‍ഷ്യല്‍ ഫയല്‍ വിഭാഗത്തിലുണ്ട് ( സി.എസ്. ഫയല്‍ 805/46, തീയതി 18-12-1946) കൊല്ലത്തെ, നേതാജി പ്രസില്‍ നിന്നാണ് അച്ചടിച്ചിറക്കുന്നത് എന്ന് പത്രികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഒരേ സമയം ഫോര്‍വേഡ് ബ്ളോക്ക്, ആസാദ് ഹിന്ദു ദളം, ഐ.എന്‍.എ, നേതാജി ആസാദ് ഫണ്ട്, കര്‍മപരിപാടി എന്നിവയെപ്പറ്റി പത്രിക പരാമര്‍ശിക്കുന്നു.
ജപ്പാന്‍െറ പതനത്തിന് ശേഷമാണ് ഈ പ്രകടനപത്രിക പുറത്തിറങ്ങിയത് എന്നതാണ് പ്രസക്തം. "ഇന്ത്യക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം സമ്പാദിക്കുകയെന്നുള്ളതാണ് ഫോര്‍വേഡ് ബ്ളോക്കിന്‍െറ ഉദ്ദേശ്യം' എന്ന് ആദ്യ വാചകത്തില്‍ തന്നെ സുവ്യക്തമാക്കുന്നുണ്ട്. "പ്രസ്തുത ഉദ്ദേശത്തെ ലാക്കാക്കി മുതലാളി-തൊഴിലാളി മുതലായ വ്യത്യാസങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള സോഷ്യലിസ്റ്റ് സിദ്ധാന്തത്തോടുകൂടിയ ഒരു പാര്‍ട്ടിയാണ് ഫോര്‍വേഡ് ബ്ളോക്ക് എന്ന് പ്രഖാപിച്ചുകൊള്ളുന്നു.  തൊഴിലാളികളും കര്‍ഷകരും കൂടി അധികാരം കരസ്ഥമാക്കുകയും മാടമ്പി സമ്പ്രദായത്തിന്‍െറ നാശാവിശഷ്ടങ്ങളോടു കൂടി മുതലാളിത്തത്തെയും ജന്മിത്വത്തെയും മൂല വിഛേദം ചെയ്ത് ഉല്പാദന പദ്ധതികള്‍ ദേശീയമാക്കുയെന്നതാണതിന്‍െറ താല്‍പര്യം'. തുടര്‍ന്ന് ആസാദ് ഹിന്ദു ദളത്തെപ്പറ്റി പ്രകടന പത്രിക പരാമര്‍ശിക്കുന്നു. ""ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി നേതാജി ചെയ്ത അധ്വാനത്തെ പൂര്‍ണവിജയത്തിലത്തെിക്കുന്നതിന്  സുസന്നദ്ധരാകുന്നവരെ മാത്രമേ ഇതില്‍ ചേര്‍ക്കയുള്ളൂ. സൈനിക ശിക്ഷണത്തിന് പുറമെ, ആധുനിക രാഷ്ടീയ വിജ്ഞാനത്തെക്കുറിച്ച ഉദ്ബോധനങ്ങളും നല്‍കുന്നതാണ്'. പിന്നീട് ഐ.എന്‍.എയെപ്പറ്റി  പരാര്‍മശിക്കുന്നു: ""ഫോര്‍വേഡ് ബ്ളോക്കും ഐ.എന്‍.എയും നേതാജിയുടെ രണ്ടു ബലിഷ്ഠ ഹസ്തങ്ങളാണ്. എല്ലാ പ്രായോഗിക പദ്ധതികളിലും ഉഭയകക്ഷികളും പരസ്പരം സഹകരിക്കേണ്ടത് ഏറ്റവും അരത്യവശ്യമാണ്. എല്ലാ പ്രവശ്യകളിലുമുള്ള ഫോര്‍വേഡ് ബ്ളോക്ക് അംഗങ്ങള്‍ എല്ലായ്പ്പോഴും ഐ.എന്‍.യുമായി ഉറ്റ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടല്‍താണ്. അവരുടെ ദുരിത നിവാരണത്തിനും മറ്റും ശ്രമിക്കേണ്ടല്‍താണ്''. കര്‍മ പരിപാടികളില്‍ ഒന്നാമതായി പറഞ്ഞത് ഐ.എന്‍.എക്കാരുടെ സഹായത്തോടു കൂടി യുദ്ധപരിശീലനം സിദ്ധിച്ച ഒരു സൈനിക സന്നദ്ധ സംഘം രാജ്യമെങ്ങും രൂപീകരിക്ക'ലാണ്്.  ഈ പ്രകടന പത്രികക്കൊപ്പം ഫോര്‍വേഡ് ബ്ളോക്കില്‍ ചേരാനുള്ള പ്രതിജ്ഞാ പത്രവും മറ്റൊരു താളില്‍ അച്ചടിച്ചിരുന്നു. അതില്‍ "സമസ്താധികാരങ്ങളും ഭാരതീയര്‍ക്ക്' എന്ന വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.
പക്ഷേ, ഈ പ്രകടന പത്രിക അച്ചടിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിരോധിക്കപ്പെട്ടു. 1946 ഡിസംബര്‍ രണ്ടിന് ഇന്‍സ്പെക്ര്‍ ജനറല്‍ ഓഫ് പൊലീസ് തിരുവിതാകംര്‍ ഹുസൂര്‍ സെക്രട്ടറിയേറ്റ് രജിസ്റ്റാര്‍ക്ക് അയച്ച കത്തില്‍ കൊല്ലത്തും മറ്റ് സ്ഥലങ്ങളിലും പ്രകടന പത്രിക വിതരണം ചെയ്യുന്നതായി അറിയിച്ചു. ഇതേ തുടര്‍ന്ന് ഡിസംബര്‍ ആറിന്  തിരുവിതാംകൂര്‍ അടിയന്തര അികാരം നിയമം, 1122 ( 1/1122) ലെ സെക്ഷന്‍ രണ്ടു പ്രകാരം തിരുവിതാം കൂര്‍ മഹാരാജാവ് പ്രകടന പത്രിക നിരോധിച്ചു. പ്രകടനപത്രികയുടെ വിതരണവും അച്ചടിയും വിവര്‍ത്തനവും തടഞ്ഞു.
പ്രകടന പത്രികയില്‍ പ്രസാധകന്‍െറ പേര് സൂചിപ്പിച്ചിരുന്നില്ല. അതിനാല്‍ തന്നെ 70 വര്‍ഷം മുമ്പ് ഇറങ്ങിയ പ്രകടന പത്രികക്ക് പിന്നിലായിരുന്നുവെന്ന് അക്കാലത്തെ കൊല്ലം മേഖലയിലെ പ്രവര്‍ത്തകര്‍ ആരെക്കെയെന്ന് പരിശോധിക്കേണ്ടിവരും. പക്ഷേ, അതിനു മുമ്പ് നമ്മള്‍ ഐ.എന്‍.എ എന്തായിരുന്നുവെന്നും മറ്റും പരിശോധിക്കേണ്ടിയിരിക്കുന്നു.


ഐ.എന്‍.എയും സുഭാഷ് ചന്ദ്രബോസും

ചരിത്രപരമായി ഐ.എന്‍.എയെപ്പറ്റി പല തെറ്റിധാരണകളും നിലനില്‍ക്കുന്നുണ്ട്്. സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എ സ്ഥാപിച്ചു എന്നാണ് സ്കൂള്‍ പാഠപുസ്തകങ്ങള്‍ നമ്മളോട് പറയുന്നത്. എന്നാല്‍, ഐ.എന്‍.എ സുഭാഷ് ചന്ദ്രബോസിന്‍െറ സൃഷ്ടിയല്ല. 1942 ഫെബ്രുവരി 15 ന്, മലയായുടെ പതനത്തോടെ തടവുകാരായി പിടിക്കപ്പെട്ട 45,000 ഇന്ത്യന്‍ പട്ടാളക്കാരെ മുഴുവന്‍ ജപ്പാന്‍കാര്‍ ക്യാപ്റ്റന്‍ മോഹന്‍സിങ്ങിനെ എല്‍പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഐ.എന്‍.എയുടെ തുടക്കം. ജപ്പാന്‍െറ ആശിസുകളോടെ അവരുടെ താല്‍പര്യാര്‍ത്ഥമാണ് ഐ.എന്‍.എക്ക് സംഘടനാ രൂപം ഒരുങ്ങുന്നത്. ജപ്പാനിലേക്ക് ഒളിച്ചു കടന്ന റാഷ് ബിഹാരി ബോസിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് അതിനു മുമ്പേ പ്രവര്‍ത്തിച്ചിരുന്നു. മലയായുടെ പതനത്തിന്‍െറ പശ്ചാത്തലത്തില്‍  ടോക്കിയോയില്‍ റാഷ്ബിഹാരി ബോസിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറ ആദ്യ സമ്മേളനം ചേര്‍ന്നു. അഭിഭാഷകനും മലയന്‍ ഇന്ത്യന്‍ സംഘടനയുടെ പ്രസിഡന്‍റുമായിരുന്ന എന്‍. രാഘവന്‍, കെ.പി. കോശവ മോനോന്‍, എസ്.സി.ഗുഹ, എന്നിവരടക്കം 18 പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.  ഈ സമ്മേളനം കഴിഞ്ഞ് തിരിച്ച് എത്തിയ ക്യാപ്റ്റന്‍ മോഹന്‍ സിങ്ങാണ് ഐ.എന്‍.എ രുപീകരിക്കുന്നത്. ഇതോടെ മലയായയിലും മറ്റും ലീഗ് ശാഖയും അതനുസരിച്ച് ഐ.എന്‍.എയും വളരാന്‍ തുടങ്ങി. തുടര്‍ന്ന് 1942 ജൂണ്‍ 15 ന് ബാങ്കോക്കില്‍ നിര്‍ണായക സമ്മേളനം ചേര്‍ന്നു.  മഞ്ചുക്കോ നായരും എ.എം. സാഹെയുമായിരുന്നു ബാങ്കോക്ക് സമ്മേളനത്തിന്‍െറ  മുഖ്യ ആസൂത്രകര്‍. തിരുവനന്തപുരം സ്വദേശി മാധവന്‍ നായര്‍ എന്ന എം.എം. നായരാണ് മഞ്ചുക്കോ നായര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടിരുന്നത്.  സാഹസികനായ രാഷ്ട്രീയക്കാരനായിരുന്നു മഞ്ചുക്കോ നായര്‍. 1920 ല്‍ എഞ്ചീനീയറിങ് പഠനത്തിനാണ് അദ്ദേഹം ജപ്പാനിലത്തെിയത്. പിന്നീട് ഇന്ത്യന്‍ ജനങ്ങളുടെ സ്വാതന്ത്ര്യ മോഹത്തിന്‍െറ മുഖ്യ സംഘാടകനായി മാറി. സമ്മേളനത്തിനായി രൂപീകരിക്കപ്പെട്ട സ്വാഗത സംഘത്തതിന്‍െറ സെക്രട്ടറി ബാങ്കോക്കിലെ പത്രപ്രവര്‍ത്തകനായ എം.ശിവറാമായിരുന്നു. അധ്യക്ഷന്‍ എ.എം. സാഹെയും. 90 പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തില്‍ പ്രതിനിധി സമ്മേളനം അധ്യക്ഷന്‍ എന്‍. രാഘവനായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ രാഘവന്‍ അഭിഭാഷ ബിരുദം നേടിയ ശേഷം 1928 മുതല്‍ മലയയായില്‍ നിയമപ്രാക്ടീസ് നടത്തുകയായിരുന്നു.  മലയയിലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറ നേതാവായിരുന്നു രാഘവന്‍ ( പിന്നീട് ഐ.എന്‍.എ അംഗമായ അദ്ദേഹം സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച ആസാദ് ഹിന്ദ് സര്‍ക്കാരില്‍ ധന-ആസൂത്രണ മന്ത്രിയായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്തോനേഷ്യയില്‍ അംബാസഡറായി).   ഈ സമ്മേളനത്തിനിടയില്‍ റാഷ്ബിഹാരി ബോസുമായി നടത്തിയ റേഡിയോ ടെലഫോണ്‍ സംഭാഷണത്തിലൂടെയാണ് സുഭാഷ് ചന്ദ്രബോസ് പൂര്‍വ്വേഷ്യയിലേക്ക് വരാനുള്ള തീരുമാനം അറിയിക്കുന്നത്. ബാേങ്കോക്ക് സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളില്‍ ഒന്ന് "ജപ്പാന്‍െറ സഹായ സഹകരണത്തോടുകുടിയുള്ള ഐ.എന്‍.എ പ്രവര്‍ത്തനഫലമായി വിമോചിതമാകുന്ന ഇന്ത്യ പരിപൂര്‍ണ സ്വതന്ത്രമായിരിക്കണം' എന്നതായിരുന്നു. ജപ്പാന് കീഴില്‍ ഒരു ഡൊമിയന്‍ പദവിയല്ല വിപ്ളവകാരികള്‍ സ്വപ്നം കണ്ടത് എന്ന് ചുരുക്കം. സമ്മേളനത്തിന് ശേഷം ജൂലൈ  രണ്ടിനാണ് സുഭാഷ് ചന്ദ്ര ബോസ് സിംഗപ്പൂരില്‍ ഒളിച്ചത്തെുന്നത്.  ജൂലൈ നാലിന് സിംഗപ്പരില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിന്‍െറയും ഐ.എന്‍.എയുടെയും നേതാവായി ബോസ് അവരോധിക്കപ്പെട്ടു. ജപ്പാന്‍െറ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചതിനാല്‍ അറസ്റ്റ് ചെയ്യപ്പെട്ട് ചരിത്രതില്‍ നിന്ന് മോഹന്‍ സിങ് ബഹിഷ്കൃതനായപ്പോള്‍ ഐ.എന്‍.എ തകര്‍ന്നടിഞ്ഞു. ആ ഘട്ടത്തില്‍ ഐ.എന്‍.എ പുനര്‍ജീവിപ്പിക്കുന്നത് സുഭാഷ് ചന്ദ്രബോസാണ്. പക്ഷേ, അതും ഐ.എന്‍. എ സ്ഥാപകനെന്ന വിളിപ്പേരിന് ബോസിനെ അര്‍ഹനാക്കുന്നില്ല. നമ്മളുടെ ചരിത്രമാകട്ടെ മോഹന്‍സിങിനെ വളരെ പിന്നിലാക്കിയും കളഞ്ഞു.
കമ്യൂണിസ്റ്റുകള്‍ അടക്കമുള്ളവര്‍ ജപ്പാന്‍െറ പിണിയാള്‍ എന്ന് സുഭാഷ് ബോസിനെ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ കറതീര്‍ന്ന സ്വാതന്ത്ര്യ സമരനേതാവായിരുന്നു ബോസ്. 1938 ലെ ഹരിപുര കോണ്‍ഗ്രസ് സമ്മേളനത്തില്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സുഭാഷ് ചന്ദ്രബോസ് സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ട "ഡൊമിനിയന്‍' പദവിയെ തുടക്കം മുതലേ എതിര്‍ത്തയാളാണ്.  ഇന്ത്യയുടെ സമ്പൂര്‍ണ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യം.  ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആറു മാസത്തിനുള്ളില്‍ രാജ്യവ്യാപക സമരത്തിന് കോണ്‍ഗ്രസിനെ അദ്ദേഹം സന്നദ്ധനാക്കി. എന്നാല്‍ ഗാന്ധിയുടെ പിന്തുണയുള്ള വിഭാഗം അത് തടസപ്പെടുത്തി.  1939 ല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പട്ടാഭി സീതാരമയ്യയെ ബോസിനെതിരെ ഗാന്ധിജിസംഘം മത്സരിപ്പിച്ചു. ഗാന്ധിജി തന്‍െറ നോമിനിക്കുവേണ്ടി പറഞ്ഞത് "പട്ടാഭിയുടെ പരാജയം എന്‍െറ പരാജയമായിരിക്കും' എന്നാണ്. എന്നാല്‍ നേരിയ ഭൂരിപക്ഷത്തോടെ, എല്ലാ ഉപജാപക നീക്കത്തെയും മറികടന്ന് ബോസ് ജയിച്ചു. 1939 ഏപ്രിലില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവച്ച് ബോസ് ഒരു മാസത്തിനുള്ളില്‍ ഫോര്‍വേഡ് ബ്ളോക്ക് എന്ന സംഘടന  രൂപീകരിച്ചു. തുടര്‍ന്ന് രാജ്യവ്യാപക സമരത്തിന് ആഹ്വാനം നല്‍കി. രാജ്യദ്രോഹകുറ്റത്തിന് തടവിലാക്കപ്പെട്ട ബോസ് 1940 നവംബര്‍ 29 ന് ജയില്‍മോചിതനായി. എന്നാല്‍ വിചാരണ തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന 1941 ജനുവരി 26 ന്  പത്ത് ദിവസംമുമ്പ് ജനുവരി15 ന് ബോസ് കല്‍ക്കത്ത വിട്ടു. ഈ ഒളിവിന്‍െറ തുടര്‍ച്ചയിലാണ് ബോസ് ഐ.എന്‍.എയിലത്തെുന്നത്.



ഐ.എന്‍.എയിലെ മലയാളികള്‍


മഞ്ചുക്കോ നായരും എന്‍. രാഘവനും മാത്രമല്ല, ഐ.എന്‍.എയിലെ മലയാളി സാന്നിദ്ധ്യം. മലയായിലെയും ബര്‍മയിലെയും സിംഗപ്പൂരിലെയും ഐ.എന്‍.എ യുദ്ധമുഖങ്ങളില്‍ നിറഞ്ഞു നിന്നത് മലയാളികള്‍ തന്നെയാണ്. 1930 കളിലും 40 കളിലും ഈ മൂന്ന് മേഖലകളിലേക്കും മലയാളികളുടെ പ്രവാസ കുടിയേറ്റങ്ങള്‍ ധാരാളമായി നടന്നിരുന്നു. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ പറഞ്ഞാല്‍ സിലോണ്‍ അടക്കമുള്ള ഈ മേഖലകളായിരുന്നു മലയാളിയുടെ അന്നത്തെ "ഗള്‍ഫ്'.  പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം ചെറുപ്പക്കാരില്‍ പലരും ജോലി തേടി നാടുവിട്ടു. ഇവരില്‍ നല്ല പങ്കും മറുനാടുകളില്‍ ജോലിയെടുത്തത്് ബ്രിട്ടീഷ് പട്ടാളത്തിലെ ശിപായി മാരായിട്ടാണ്. അല്ളെങ്കില്‍ എസ്റ്റേറ്റ് ജീവനക്കാരായോ, കണക്ക് എഴുത്തുകാരായോ, കച്ചവടക്കാരായോ തൊഴില്‍മേഖല തുറന്നു.
ജപ്പാന്‍ രണ്ടാം ലോകയുദ്ധത്തില്‍ മലയാ, സിംഗപ്പൂര്‍ മേഖലകള്‍ പിടിച്ചടക്കുന്നതോടെയാണ് നല്ല പങ്ക് മലയാളികളും ഐ.എന്‍.എയിലൂം സ്വാതന്ത്ര്യസമരപോരാട്ടത്തിലും കണ്ണിയാകുന്നത്. വര്‍ക്കല സ്വദേശി പി. കൃഷ്ണപിള്ളയെ പോലെ യുദ്ധമുഖങ്ങളില്‍ നിരവധി മലയാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ബ്രിട്ടീഷ് സൈനികരുടെ പീഡനത്തിനും ഇരയായി. എന്നാല്‍, അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഐ.എന്‍.എ പോരാളികളായിരുന്ന ചിലരുടെ ഓര്‍മക്കുറിപ്പുകളില്‍ ചില മലയാളി പേരുകള്‍ കടന്നുവരുന്നുണ്ടെന്ന് മാത്രം. അതിനുമപ്പുറം ഐ.എന്‍.എയിലെ മലയാളി അധ്യായം ഇനിയും എഴുതപ്പെടേണ്ടിയിരിക്കുന്നു.
ഐ.എന്‍.എ നേതൃത്വത്തിലുണ്ടായിരുന്ന  മലയാളികളില്‍ പ്രശസ്തനായ മറ്റൊരാള്‍ ഡോ. എസ്. വാസവ മേനോനാണ്.  തൃപ്പൂണിത്തുറയില്‍ ജനിച്ച വാസവ മേനോന്‍ മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യ ബിരുദം നേടിയേ ശേഷം  1937 ല്‍ കൊച്ചി സര്‍ക്കാരില്‍ അസിസ്റ്റന്‍റ് സര്‍ജനായി. ലക്നൗവില്‍ വച്ച് ഇന്ത്യന്‍ ആര്‍മി വൈദ്യവിഭാഗത്തില്‍ ചേര്‍ന്നു. 1940 ല്‍ ക്യാപ്റ്റനായി സിംഗപ്പുരിലത്തെി. 1942ല്‍ വാസവ മേനോനെ ജപ്പാന്‍ കാര്‍ തടവുകാരനായി പിടികൂടി. തുടര്‍ന്ന്അദ്ദേഹം  ഐ.എന്‍.എയില്‍ ചേര്‍ന്നു. ചീഫ് സര്‍ജന്‍ എന്ന നിലയില്‍ ഐ.എന്‍.എയുടെ കീഴിലുള്ള 10 സൈനിക ആശുപത്രികളുടെ ചുമതല വഹിച്ചു.  നേതാജിയുടെ പേഴ്സണല്‍ ഫീസിഷ്യനായും വാസവ മേനോന്‍ നിയമിക്കപ്പെട്ടു. ജപ്പാന്‍െറ പതനതതിന് ശേഷം 1945 ല്‍ ബ്രിട്ടീഷ് സൈന്യത്തിന് കീഴടങ്ങി.  1945 ല്‍ ചെങ്കോട്ടയില്‍ നടന്ന കുപ്രസിദ്ധമായ ഐ.എന്‍.എ വിചാരണയില്‍ വാസവ മേനോനും ഉള്‍പ്പെട്ടിരുന്നു.  1946 മെയ് 11 ന് മോചിതനായി.
വാസവ മേനോനെപ്പോലെ ചെങ്കോട്ടയില്‍ വിചാരണ ചെയ്യപ്പെട്ട മലയാളികള്‍ വേറെയുമുണ്ടായിരുന്നു. എം.സി.വി. മേനോന്‍,   കൊല്ലം പെരിനാട് സ്വദേശി എന്‍. പരശ്വേരന്‍ നായര്‍ എന്നിവര്‍ അതിലുള്‍പ്പെടുന്നു. എം.സി.വി. മേനോനുവേണ്ടി വാദിച്ചത് ബലുഭായി ദേശായിയായിരുന്നു. പരമേശ്വരന്‍ നായര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും 1946 ഡിസംബറില്‍ മോചിപ്പിക്കപ്പെട്ടു. തൃശൂര്‍ ജില്ലക്കാരനായ കെ.വി. ശങ്കരപ്പണിക്കര്‍ക്ക് വധശിക്ഷയാണ് ലഭിച്ചതെങ്കിലും ശിക്ഷ ഇളവ് ചെയ്തിനാല്‍ 1946 ഫെബ്രുവരി 21 ന് മോചിതനായി.
രണ്ടാം ലോകയുദ്ധത്തിന്‍െറ അവസാനം ബ്രിട്ടീഷ് പട്ടാളത്തെ ഇംഫാലില്‍ നേരിടുകയും എന്നാല്‍ പരാജയപ്പെടുകയും ചെയ്ത ഐ.എന്‍.എ പടയാളികളുടെ വിചാരണയാണ് ചെങ്കോട്ടയില്‍ നടന്നത്. വിചാരണ ബ്രിട്ടീഷ് ഭരണത്തിനെതിരെ പുതിയ സമര മുഖം തുറന്നു. "ഐ.എന്‍.എക്കാരെ വിട്ടയക്കുക' എന്ന മുദ്രാവാക്യം ദേശീയ ആവശ്യമായി ഉയര്‍ന്നു. ദേശീയ പണമുക്കുകളും പ്രകടനങ്ങളും നടന്നു. സമരങ്ങളെ അടിച്ചമര്‍ത്താനുള്ള ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ ഇന്ത്യന്‍ നാവികപ്പട രംഗത്ത് എത്തിയത് നാവിക കലാപമായി മാറി. തിരുവിതാം കൂര്‍ ഭരണകൂടത്തിന് ഐ.എന്‍.എയോടുള്ള സമീപനം എന്നും ഇരട്ടത്താപ്പായിരുന്നു. 1945 ഒക്ടോബറില്‍ ആരംഭിച്ച ഐ.എന്‍.എ വിചാരണക്കെതിരെ ദേശ വ്യാപകമായ മുന്നേറ്റമുണ്ടായപ്പോള്‍ തിരുവിതാംകൂറില്‍ അതിനുള്ള ഡിഫന്‍സ് ഫണ്ട് പിരിവ് സര്‍.സി.പി. നിരോധിച്ചു. എന്നാല്‍ ചേംബര്‍ ഓഫ് പ്രിന്‍സസ് യോഗത്തില്‍ പങ്കെടുക്കാന്‍ ബോംബെയ്ക്ക് പോയപ്പോള്‍ അവിടെ വച്ച് പതിനായിരം രൂപ ഐ.എന്‍.എ ഡിഫന്‍സ് ഫണ്ടിലേക്ക് സര്‍ സി.പി. സംഭവന ചെയ്തു. നേരത്തെ, ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക നിരോധിച്ച തിരുവിതാം കൂറിന്‍െറ ദിവാനായിരുന്നു സര്‍.സി.പി.  സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനും അമേരിക്കന്‍ മോഡല്‍ ഭരണത്തിനും ജനസമ്മതി നേടിയെടുക്കാനുള്ള തന്ത്രമായിരുന്നു സര്‍.സി.പിയുടെ ഐ.എന്‍.എ അനുകൂല  നിലപാട്.
ഐ.എന്‍. എ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ വധശിക്ഷ ലഭിച്ചവരുമുണ്ട്. വക്കം സ്വദേശി മുഹമ്മദ് അബ്ദുള്‍ ഖാദര്‍ ഐ.എന്‍.എ പ്രവര്‍ത്തനത്തിന്‍െറ പേരില്‍ തൂക്കിക്കൊല്ലപ്പെട്ട വ്യക്തിയാണ്. കോഴിക്കോട് ബീച്ചില്‍ അന്തര്‍വാഹിനിയില്‍ വന്നിറങ്ങിയ അദ്ദേഹം പെട്ടന്ന് പിടിയിലായി. 1943 സെപ്റ്റംബര്‍ 10 ന് മദ്രാസില്‍ തൂക്കിലേറ്റപ്പെട്ടു. മലയാളിയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളില്‍  പക്ഷേ, അബ്ദുള്‍ ഖാദറിന്‍െറ പേര് വലുതായി കാണില്ളെന്നു മാത്രം.
ഐ.എന്‍.എയിലെ മലയാളി വനിതാ പോരാളികളില്‍ രണ്ട് ലക്ഷ്മിമാരുണ്ടായിരുന്നു. ഒന്ന് ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളും മറ്റൊന്ന് ലക്ഷ്മി കൃഷ്ണനും. പാലക്കാട് ആനക്കര കുടുംബത്തില്‍ ജനിച്ച ലക്ഷ്മി സെഗാല്‍ എം.ബി.ബി.എസ്. ബിരുദത്തിന് ശേഷം  1939 ല്‍ സിംഗപ്പൂരില്‍ വൈദ്യപരിശീലനം നടത്തുന്നവേളയിലാണ് ഐ.എന്‍.എയില്‍ ചേരുന്നത്. റാണി ത്സാന്‍സി റെജിമെന്‍റില്‍ ഡോക്ടറായും കമാന്‍ഡറായും പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ ബ്രിട്ടീഷുകാര്‍ വീണ്ടും പിടിച്ചെടുത്തപ്പോള്‍ തടവിലാക്കപ്പെട്ട ലക്ഷ്മി 1946 മോചിതയായ ശേഷം ഇന്ത്യയിലേക്ക് മടങ്ങി. കോയമ്പത്തൂരില്‍ നടരാജ അയ്യരുടെ മകളായ ജനിച്ച ലക്ഷ്മി കൃഷ്ണന്‍ റംഗൂണില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുമ്പോഴാണ് ഐ.എന്‍.എയില്‍ ചേര്‍ന്നത്. ത്സാന്‍സി റാണി റെജിമെന്‍റില്‍ സൈനികയായി 1942-1945 വരെ പ്രവര്‍ത്തിച്ച അവര്‍ പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി.
ഈ ലേഖനത്തിന് അനുബന്ധമായി സമാഹരിച്ചത് ഉള്‍പ്പടെ മലയാളികളായ ഏതാണ്ട് 200 ഐ.എന്‍.എ പോരാളികളുടെ പേര് നമുക്ക് കണ്ടെടുക്കാനാവും. എന്നാല്‍, ഇതൊരിക്കലും പൂര്‍ണ ചിത്രമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളില്‍ മലയാളികളുടെ പങ്ക് വസ്തുനിഷ്ഠമായി മനസിലാക്കാനെങ്കിലും ഐ.എന്‍.എയിലെ മലയാളികളെക്കുറിച്ച് പഠനം നടക്കേണ്ടിയിരിക്കുന്നു.


പ്രകടന പത്രികയുടെ പ്രസാധകനാര്?

ഫോര്‍വേഡ് ബ്ളോക്കിന്‍െറ പ്രകടന പത്രിക കൊല്ലത്തു നിന്ന് അച്ചടിച്ചറക്കിയത് ആര് എന്നതിന് തിരുവിതാംകൂര്‍ ഭരണകൂടത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. ആര്‍കൈവ്സിലെ രേഖകളില്‍ നിന്ന് ഉത്തരം കണ്ടത്തൊനുമാവില്ല. പൊലീസ് രഹസ്യ രേഖകളില്‍ അതെപ്പറ്റി പരാമര്‍ശങ്ങളുമില്ല. ഈ പ്രകടന പത്രിക ഇറങ്ങിയ കാലത്ത് നിരവധി ഐ.എന്‍.എ ഭടന്‍മാര്‍ തിരുവിതാംകൂറില്‍ മടങ്ങിയത്തെിയിരുന്നു. ജപ്പാന്‍െറ പതനത്തോടെ ഐ.എന്‍.എ ഭടന്‍മാരില്‍ നല്ല പങ്കും പിടികൊടുക്കാതെ നാട്ടിലേക്ക് ഒളിച്ചോടി. തടവിലാക്കിയവരില്‍ നല്ല പങ്കിനെയും ബ്രിട്ടീഷ് സൈന്യം മോചിപ്പിരുന്നു. ചെങ്കോട്ടയിലെ വിചാരണയില്‍ കുറ്റവിമുക്തരായവരും നാട്ടിലേക്ക് മടങ്ങിയത്തെി.
ജി. ഗോപാലപിള്ള (പറവൂര്‍), പി.കെ. കരുണാകരന്‍ (കിളിമാനൂര്‍) കെ.പി. മാധവന്‍ (തിരുവനന്തപുരം). കെ. മാധവന്‍ പിള്ള (തിരുവനന്തപുരം), കെ. മാധവന്‍ പിള്ള (കൊല്ലം), എന്‍. നടരാജന്‍ (തിരുവനന്തപുരം), പറവൂര്‍ സ്വദേശികളയായ പരമേശ്വരന്‍ പിള്ള, കെ. പരശുരാമന്‍, കെ.എസ്.സി.പിള്ള, ജി. ശങ്കരപ്പിള്ള,  ശങ്കരപ്പിള്ള,എടവ സ്വദേശി എന്‍. രാമകൃഷ്ണപ്പിള്ള,  കുട്ടന്‍നായര്‍ (പാരിപ്പിള്ളി), ബാലകൃഷ്ണന്‍പിള്ള (പാരിപ്പിള്ളി) തുടങ്ങിയവര്‍ കൊല്ലം, തിരുവനന്തപുരം മേഖലയില്‍ നിന്ന് ഐ.എന്‍.എയില്‍ ഭടന്‍മാരായി പ്രവര്‍ത്തിച്ചവരാണ്.  1946 ല്‍ ബ്രിട്ടീഷ് തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പി.കെ. കരുണാകരന്‍,  കെ.പി. മാധവന്‍, കെ. മാധവന്‍പിള്ള തുടങ്ങിയവര്‍  തിരുവിതാംകൂറില്‍ എത്തിയിരുന്നു. പിന്നീട് നാടക-സിനിമാ മേഖലയില്‍ നിറഞ്ഞുനിന്ന എന്‍.എന്‍.പിള്ളയും തിരുവിതാംകൂറിലേക്ക് മടങ്ങിയത്തെി. എന്‍.എന്‍.പിള്ളയെപോലുള്ളവര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി.
തിരുവിതാംകൂറില്‍  ഉജ്ജ്വല പ്രവര്‍ത്തനം കാഴ്ചവച്ച ഐ.എന്‍. എ നേതാവാണ് ദാമോദരന്‍ നായര്‍ എന്ന സി.ഡി. നായര്‍.തിരുവനന്തപുരം കടക്കാവൂരില്‍ ജനിച്ച സി.ഡി. നയാര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് വരുന്നത്. 1941 ല്‍ സിംഗപ്പുരിലേക്ക് പോയി.  ഐ.എന്‍.എ രൂപീകരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു. ആസാദ് ഹിന്ദ് സര്‍ക്കാരില്‍ പ്രചരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.  1945 സിംഗപ്പൂര്‍ വീണ്ടും ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്തപ്പോള്‍  തടവിലാക്കപ്പെട്ടു. 1946 ല്‍ ജനുവരിയില്‍ അറസ്റ്റിലായെങ്കിലും ഫെബ്രുവരി 24 ന് മോചിതനായി. സിംഗപ്പുരില്‍ "കേരള ബന്ധു'വില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. എന്നാല്‍, 1946 മെയില്‍ നാടുവിടന്‍ ഉത്തരവ് ലഭിച്ചു. തുടര്‍ന്ന് കേരളത്തില്‍ എത്തിയ അദ്ദേഹം തിരുവിതാംകൂറിലെ  ഐ.എന്‍.എ. റിലീഫ് കമ്മിറ്റി സെക്രറ്റിയായി പ്രവര്‍ത്തിച്ചു. തിരുവന്തപുരം പാളയത്തെ ഐ.എന്‍.എ റിലിഫ് ഓഫീസ് ഭരണകൂടം റെയ്ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ഐ.എന്‍.എയുമായി ബന്ധപ്പെട്ട രേഖകള്‍ സി.ഡി.നായര്‍ എടുത്തുമാറ്റി. തുടര്‍ന്ന് ഒളിവില്‍ കുറേക്കാലം  പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ മടങ്ങിയത്തെിയ ഐ.എന്‍.എ പോരാളികള്‍ തന്നെയായിരിക്കണം പ്രകടന പത്രികക്ക് പിന്നില്‍.
അക്കാലത്ത് കൊല്ലത്ത് ഐ.എന്‍.എക്ക് അനുകൂലമായി പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ അഡ്വ.ജനാര്‍ദനക്കുറുപ്പാണ്. പക്ഷേ, അദ്ദേഹത്തിന്‍െറ ആത്മകഥയില്‍  പ്രകടനപത്രികയെപ്പറ്റി ഒന്നും പറയുന്നില്ല. പറയുന്നത് ക്യാപ്റ്റന്‍ ലക്ഷമിക്ക് 1946 ല്‍ നല്‍കിയ ഒരു സ്വീകരണത്തെപ്പറിയാണ്. അതിങ്ങനെയാണ്: "ആയിടക്ക് ഐ.എന്‍. എ. പ്രസ്ഥാനത്തോടുള്ള കോണ്‍ഗ്രസുകാരുടെ വിപ്രതിപത്തി പ്രഖ്യാപിക്കപ്പെട്ടിരുന്നു. സുഭാഷ് ചന്ദ്രബോസിന്‍െറ മരണശേഷം ഇന്ത്യയിലത്തെിയ ഐ.എന്‍.എ. നേതാക്കാന്‍മാര്‍ക്ക് പ്രത്യേകിച്ച് ക്യാപ്റ്റന്‍ ലക്ഷ്മിക്ക് ഒരു സ്വീകരണം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ടി.എം. വര്‍ഗീസിനും മറ്റു തലമുതിര്‍ന്ന നേതാക്കന്‍മാര്‍ക്കും  അത്തരമൊരു സ്വീകരണം സ്വാഗതാര്‍ഹമായില്ല. പ്രത്യേകിച്ച് ആരുടെയൊക്കെ മന്ത്രോപദേശം കേട്ട് കോണ്‍ഗ്രസിന്‍െറ നേതൃത്വം ശ്രീകണ്ഠന്‍നായരും കൂട്ടരും കൈക്കലാക്കുമെന്ന തെറ്റിധാരണയും നേതാക്കന്‍മാര്‍ക്കുണ്ടായി. ഞങ്ങള്‍ അവരെ കൂട്ടാക്കിയില്ല. ഐ.എന്‍.എ  സമ്മേളനത്തിന്‍െറ റിസപ്ഷന്‍ കമ്മിറ്റിയില്‍ കണ്ണന്തോടത്ത് ജനാര്‍ദനന്‍നായരും കെ.എന്‍. ഗോപാലക്കുറുപ്പും ശ്രീകണ്ഠന്‍ ചേട്ടനുമായിരുന്നു നേതൃത്വ നിരയില്‍. കെ.എന്‍.ഗോപാലക്കറുപ്പ് അന്ന് കോണ്‍ഗ്രസിന്‍െറ കൊല്ലം ഡിവിഷന്‍ സെക്രട്ടറിയായിരുന്നു. കേണല്‍ ലക്ഷ്മിയെ ശ്രീക്ണഠന്‍ ചേട്ടന്‍ കണ്ണൂര്‍ പോയാണ് സ്വീകരിച്ചത്. ആയിടക്ക് ഐ.എന്‍.എയില്‍ നിന്നും വിരമിച്ച താടിക്കാരന്‍ എ.പി.പിള്ള ഓഫീസില്‍ എത്തി. എന്നെയും അദ്ദേഹത്തെയും സ്വാഗത സംഘത്തിന്‍െറ സെക്രട്ടറിമാറാക്കി. സമ്മേളനം ഉദ്ഘടനം ചെയ്യാന്‍ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കോണ്‍ഗ്രസ് നേതാവായ കുമ്പളത്ത് ശങ്കുപ്പിള്ളയെ ഞങ്ങള്‍ ക്ഷണിച്ചു. കോണ്‍ഗ്രസിന്‍െറ നെടുംതൂണായ ടി.എം.വര്‍ഗീസിനെ ഞങ്ങള്‍ പ്രത്യേകം ക്ഷണിച്ചിരുന്നു. ഒരു പ്രതിഷേധം പോലെ യാഥാസ്ഥിതിക നേതാക്കന്‍മാരാരും സമ്മേളനത്തില്‍ പങ്കെടുത്തില്ല. പക്ഷേ, സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ കുമ്പളമത്തെിയിരുന്നു.'' (പേജ് 75) പ്രസംഗത്തിന് ശേഷം സ്വാഗത സംഘം  പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ജനാര്‍ദനക്കുറുപ്പായിരുന്നു.
കൊല്ലത്ത് നടന്ന സമ്മേളനത്തില്‍ അഞ്ചാലംമൂട് സ്വദേശിയായ എ.പി.പിള്ളക്കും സ്വീകരണം നല്‍കിയിരുന്നു.  ഐ.എന്‍.എയിലെ ഒന്നാം ഫീല്‍ഡ് പ്രൊപ്പഗന്‍ഡ യൂണിറ്റിന്‍െറ കമാന്‍ഡറായിരുന്നു എ.പി.പിള്ള. സമ്മേളനത്തില്‍ എന്‍.എന്‍.പിള്ളക്കും സ്വീകരണം നല്‍കി. ഐ.എന്‍.എയിലെ രണ്ടാംയൂണിറ്റിന്‍െറ കമാന്‍ഡറായിരുന്നു എന്‍.എന്‍.പിള്ള. സമ്മേളനാന്തരം തിരുവിതാംകൂര്‍ സ്റ്റേറ്റ് ഐ.എന്‍.എ റിലീഫ് കമ്മിറ്റി സെക്രട്ടറിയായി എന്‍.എന്‍.പിള്ള തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്‍റ് പട്ടം താണുപിള്ളയും. റിലീഫ് കമ്മിറ്റിയുടെ പ്രധാന ചുമതല എന്‍.എന്‍.പിള്ള പിന്നീട് വിശദീകരിച്ചതുപോലെ "സര്‍.സി.പി. രാമസ്വാമി അയ്യര്‍ സംഭാവന ചെയ്ത പതിനായിരം രൂപയും  ക്യാപ്റ്റന്‍ ലക്ഷമി ഡല്‍ഹിയില്‍ നിന്നയച്ച പതിനായിരം രൂപയും ചേര്‍ത്ത് ഐ.എന്‍.എ ദുരിതാശ്വാസ നിധിയുടെ അര്‍ഹമായ ിവതരണമാ'യിരുന്നു.

കമ്യൂണിസ്റ്റ് നിലപാടുകള്‍

കേരളത്തില്‍ ഐ.എന്‍.എയും ഫോര്‍വേഡ് ബ്ളോക്കും പ്രവര്‍ത്തിച്ചിരുന്നത് കമ്യൂണിസ്റ്റുകളുടെ കടുത്ത എതിര്‍പ്പിനെ അതിജീവിച്ചാണ്. സാമ്രാജ്യത്വ യുദ്ധമായി രണ്ടാം ലോകയുദ്ധത്തെ വിശേഷിപ്പിച്ചിരുന്ന കമ്യൂണിസ്റ്റുകള്‍ സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ ചേര്‍ന്നതോടെ ഗുരുതരമായ ആശയക്കുഴപ്പത്തിലകപ്പെട്ടു. നിലപാട് മാറ്റിയ കമ്യൂണിസ്റ്റുകള്‍ ലോകയുദ്ധത്തെ ജനകീയ യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്‍െറ എതിര്‍പക്ഷത്തുള്ള ജപ്പാനോടും ജപ്പാന്‍െറ ഒപ്പം ചേര്‍ന്ന ഐ.എന്‍.എക്കാരോടും കമ്യൂണിസ്റ്റുകള്‍ക്ക് എതിര്‍പ്പ് തോന്നുക സ്വാഭാവികം. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനം പോരാട്ടത്തിന് തയ്യാറായപ്പോള്‍ അത് നയിക്കുന്നതിന് പകരം ബ്രിട്ടീഷുകാരെ സേവിക്കുക എന്ന തലതിരിഞ്ഞ നയം കമ്യൂണിസ്റ്റുകള്‍ കൈക്കൊണ്ടു. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസിനോട് ഒത്തുചേര്‍ന്ന് ഫോര്‍വേഡ് ബ്ളോക്കുകാരെയും ഐ.എന്‍.എക്കാരെയും ഒതുക്കാനായിരുന്നു കമ്യൂണിസ്റ്റ് ശ്രമം.
തിരുവനന്തപുരം സ്റ്റേറ്റ് ആര്‍കൈവ്സില്‍ സൂക്ഷിച്ചിട്ടുള്ള "കേരളത്തിലെ കോണ്‍ഗ്രസുകാരോട്' എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളകമ്മിറ്റി (എമ്പയര്‍ പ്രസ്, കോഴിക്കോട്) പ്രസിദ്ധീകരിച്ച ആഹ്വാനം യുദ്ധകാലത്ത് കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ഒന്നിച്ച് പ്രവര്‍ത്തിക്കേല്‍തിനെപ്പറ്റി പറയുന്നു. രേഖയില്‍ ഫോര്‍വേഡ് ബ്ളോക്കിനെയും ഐ.എന്‍.എയും കുറ്റപ്പെടുത്തുന്നു: "... നിങ്ങളെിലൊരു വിഭാഗം ചെയ്യുന്നതെന്താണ്? റെയിലും കമ്പിയും മുറിക്കുക, മറ്റ് വിധത്തില്‍ ഗതാഗത മാര്‍ഗങ്ങള്‍ നശിപ്പിക്കുക, നാടിന്‍െറ സാമ്പത്തിക ജീവിതത്തെ തടസ്സപ്പെടുത്തുക. ഇത് ബ്രിട്ടീഷ് ഭരണത്തെയാണു ശ്വാസംമുട്ടിക്കുന്നതെന്നാണു ഇത് ചെയ്യുന്നവരുടെ വിശ്വാസം. "സര്‍വവവിധത്തിലുമള്ള സ്വാതന്ത്ര്യത്തിന്‍െറ ശത്രുവായ ഫാസിസത്തിന്‍െറ തലസ്ഥാന പട്ടണങ്ങളിലിരുന്നു "സ്വാതന്ത്ര്യം' പ്രസംഗിക്കുന്ന സുഭാഷ് ബോസിന്‍െറ അനുയായികളാണ് കോണ്‍ഗ്രസിന്‍െറ സമരമെന്ന തിരശശിലക്ക് പന്നില്‍ നിന്നു കൊണ്ടു ഇവിടെയെല്ലായിടത്തും പ്രവര്‍ത്തിക്കുന്നത്. വിപരീതാഭിപ്രായം പറയുന്നവരെ അടിക്കുക, കുത്തുക, കല്ളെറിയുക, മുതലായവയെല്ലാം അവ ക്രമമായി നടത്തുന്നു: സ്വാതന്ത്ര്യപ്രിയരായ ദേശഭിമാനികളെ അടിച്ചുപരിക്കേല്‍പിക്കുന്ന അവസരത്തില്‍ അവര്‍ മഹാത്മാഗാന്ധീ കീജെയ് വിളിച്ചുകൊല്‍ു ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും നമ്മുടെ ദേശീയ പ്രസ്ഥാനത്തെതന്നെയും കളങ്കപ്പെടുത്തുന്നു'.
ആരോപണത്തിന്‍െറ സ്വഭാവമാണുള്ളതാണെങ്കിലും കമ്യൂണിസ്റ്റുകള്‍ കേരളത്തില്‍ ഐ.എന്‍.എ, ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തനം നടന്നിരുന്നതായി സമ്മതിക്കുന്നു: ""കഴിഞ്ഞ ഒരു മാസക്കാലത്ത് കണ്ണൂരും തലശ്ശേരിയിലും കോഴിക്കോട്ടും മറ്റും നടന്നതെന്താണ്? സമാധാനപരമായി നടന്നിരുന്ന സമ്മേളനങ്ങളില്‍ കടന്നുവന്ന് ഇവര്‍ ബഹളമുണ്ടാക്കി; സഖാക്കര്‍ പി.ആര്‍. നമ്പ്യാരെയും മറ്റും അടിച്ചു പരിക്കേല്‍പിച്ചു. അലവില്‍ യൂണിയന്‍ യോഗത്തില്‍ വന്നു ബഹളമുണ്ടാക്കുകയും പ്രവര്‍ത്തകരെ ദേഹോപദ്രവമേല്‍പിക്കകുയും ചെയ്തു. തലശ്ശേരിയില്‍ പ്രവര്‍ത്തകന്മാരുടെ നേരെ കത്തി പ്രയോഗത്തിന് മുതിര്‍ന്നു. കോഴിക്കോട്ട് ടി.യു.സി. സമ്മേളനത്തില്‍ വന്നു ബഹളവും കല്ളേറുമുല്‍ാകകി. ഇതൊന്നും കോണ്‍ഗ്രസിന്‍െറ വകയല്ളെന്നു ഞങ്ങള്‍ക്കറിയാം. പക്ഷേ, കോണ്‍ഗ്രസിന്‍െറ പേരിലാണ്. കോണ്‍ഗ്രസിന്‍െറ കൊടിയും പിടച്ചുകൊണ്ടാണ്, ഗാന്ധിജി കീ യെ് വളിച്ചുകൊല്‍ാണ്, അവരിതെല്ലാം ചെയ്യുന്നത്. കോണ്‍ഗ്രസ് തുടങ്ങിയ സമരമാണ് അവര്‍ക്കതിന് അവസരം നല്‍കിയത്. അതുകൊല്‍ു തന്നെയാണ് സുഭാഷ് ബോസ് ദിവസം തോറും റേഡിയോവില്‍ ഈ സമരത്തെ പുകഴ്ത്തികൊണ്ട് സംസാരിക്കുന്നത്. ഇന്ന് ഈ രാജ്യദ്രോഹികളുടെ ആക്രമണത്തിനിരയായിട്ടുള്ളത് കമ്യൂണിസ്റ്റുകാരായ ഞങ്ങളാണ്. കാരണം ഞങ്ങളാണ് ജപ്പാനെ ചെറുക്കുന്ന കാര്യത്തില്‍ ഇന്നു കാര്യമായി പണിയെടുക്കുന്നത്. പക്ഷേ, ഇതേ കൂട്ടരാണ് എട്ട് കൊല്ലം മുന്‍പ് മാലികാണ്ടയിലെ ഗാന്ധിസേവാ സമ്മേളന പന്തലില്‍ തീവെക്കാന്‍ ശ്രമിച്ചതും ഗാന്ധിജിയെ ചെരിപ്പുകൊണ്ടെറിഞ്ഞതും. ജാപ്പാക്രമണം നടന്നു അത് വിജയകരമാകുന്ന പക്ഷം ആ ആക്രമണത്തിന്‍െറ പ്രാധാന കൊന്‍പുവിളിക്കാരനായ സുഭാഷ്ബോസ് ചെയ്യുന്ന ആദ്യത്തെ പ്രവര്‍ത്തി ഗാന്ധിജിയോടും പണ്ഡിറ്റ്ജിയോടും കോണ്‍ഗ്രസ് നേതൃത്വ¤ത്തോടുമുള്ള തന്‍െറ പക വീട്ടുകയായിരിക്കുമെന്ന കാര്യത്തില്‍ വല്ല സംശയമുണ്ടോ.?''
ഒടവില്‍ കമ്യൂണിസ്റ്റുകള്‍ നല്‍കുന്ന ആഹാ്വാനം ഇതാണ് "1. അഞ്ചാംപത്തിക്കാരായ ഫോര്‍വേഡ് ബ്ളോക്കുകാരെ ഒരു കൊടില്‍കൊണ്ടുപോലും തൊടരുത്.2. അവര്‍ക്ക് കോണ്‍ഗ്രസില്‍ കടന്നു കൂടാനവസരം നല്‍കുന്നതായ ഇന്നത്തെ സമരപരിപാടി നിര്‍ത്തിവയ്ക്കുക. ജപ്പാനെ ചെറുക്കാനും ദേശീയ ഗവണ്‍മെന്‍റു സ്ഥാപിക്കാനും വേണ്ടി നാട്ടുകാരെയാകെ അണിനിരത്തുക'.
"കേരളത്തിലെ ബഹുജനങ്ങളോട്  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന' (കാലിക്കറ്റ് പ്രസ്, കോഴിക്കോട്) എന്ന മറ്റൊരു യുദ്ധകാല ആഹ്വാനവും വായിച്ചിരിക്കേണ്ടതാണ്. ""നമ്മുടെ നാട് ഒരത്യാപത്തിന്‍െറ വക്കത്തെിയിരിക്കുകയാണ്. നമ്മുടെ മാതൃഭൂമിയായ ഇന്ത്യയുടെ കിഴക്കെ അതിര്‍ത്തിയില്‍ ജപ്പാന്‍െറ പട്ടാളം തടിച്ചുകൂടിയിരിക്കുന്നു. നമ്മുടെ നാടിന്‍െറ മൂന്നുഭാഗവും ചുറ്റിക്കിടക്കുന്ന ഹിന്തു സമുദ്രത്തില്‍ അവന്‍െറ പടക്കപ്പലുകള്‍ റോന്തു ചുറ്റുന്നു.നാളെ അവന്‍െറ പട്ടാളം ആസാമിനെയും ബാംഗാളിനെയും ആക്രമിച്ചേക്കാം.ഒറീസയിലും, ആന്ധ്രയിലും തമിഴ്നാടിടലും, കേരളത്തിലും അവന്‍െറ പടക്കപ്പലുകളില്‍ നിന്നുള്ള പടയാളികള്‍ വന്നിറങ്ങിയേക്കാം; ഈ ഓരോ സംസ്ഥാനത്തിലുമുള്ള പട്ടണങ്ങളില്‍ അവന്‍െറ വിമാനങ്ങള്‍ ബോംബിട്ടേക്കാം. അതുകൊണ്ടു, സഖാക്കളെ കേരളത്തിലെ 110 ലക്ഷം ജനങ്ങള്‍-തിരുവിതാംകൂറുകാരനും കൊച്ചിക്കാരനും മലബാറുകാരനും-ഹിന്ദുവും മുസ്ളിമും ക്രിസ്ത്യനും- ആണും പെണ്ണും കുട്ടിയും കിഴവനും ഒത്തുചേരുക. എന്തിന്? ജാപ്പേജണ്ടുമാര്‍ തോണിയിലോ പാരച്ചൂട്ടിലോ വന്നിറങ്ങുന്നുല്‍ോ എന്നു പരിശോധിച്ചു ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍; ജാപ്പുപടയാളികള്‍ വരുമ്പോഴക്കേു അവരെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇവിടെയുള്ള പട്ടാളത്തിന്‍െറ കൈകളെ ശക്തിപ്പെടുത്താന്‍:,  ജാപ്പു പട്ടാളത്തിന്‍െറ ഓരോ കാല്‍വെപ്പിന്‍െറയും മുന്നില്‍ അധികമധികം തടസ്സങ്ങള്‍ വലിച്ചെറിയാന്‍, ജാപ്പു പട്ടാളക്കാരുടെടയും അവരുടെ ഏജന്‍റുമാരെയുടെയും തല അരിഞ്ഞരിഞ്ഞുകളയാന്‍.''. ഒരുതരത്തില്‍ ജനങ്ങളോട് ഒറ്റുകാരുടെ പണിചെയ്യാന്‍ ആവശ്യപ്പെടുന്ന കമ്യൂണിസ്റ്റുകള്‍ മറ്റു നിര്‍ദേശവുംകൂടി മുന്നോട്ടുവയ്ക്കുന്നു: "ഒരോ പട്ടണത്തിലും ഗ്രാമത്തിലും ജാപ്പുവിരോധക്കമമിറികള്‍ സ്ഥാപിക്കണം. ജാപ്പു പട്ടാളത്തോടും അതിന്‍െറ നാടന്‍ സി.ഐ.ഡികളോടും പകയും വെറുപ്പും കത്തിക്കാളുകയെന്ന സ്വഭാവ ഗുണം ഓരോ നാട്ടുകാരനിലും കുത്തിചെലുത്തണം. ജാപ്പു ഫാസിസിത്തിന്‍െറ നാടന്‍ സി.ഐ.ഡികളെ കണ്ടുപിടിക്കുന്നതും ആ വിഷ ജന്തുക്കളെ നശിപ്പിക്കുന്നതും തങ്ങളുടെ പാവനമായ കടമയാണെന്ന ബോധം ഓരോരുത്തരിലും പരത്തണം.ബ്രിട്ടീഷ് വിരോധം കൊണ്ട്  ജപ്പാനെ സ്വാഗതം ചെയ്യാനുള്ള മനോഭാവം വന്നു കഴിഞ്ഞവരോ വരുന്നവരോ ആയ ദേശാഭിമാനികളെ ജാപ്പ് സി.ഐഡി.യു പിടിയില്‍ നിന്നു മോചിപ്പിക്കണം'. ഇത്തരത്തില്‍ തീര്‍ത്തും ശത്രുതാപരമായിരുന്നു കമ്യൂണിസ്റ്റകളുടെ സമീപനം.
അഞ്ചാംപത്തിക്കാര്‍ എന്ന കമ്യൂണിസ്റ്റുകള്‍ ആക്ഷേപിച്ചപ്പോള്‍ തിരിച്ച് "സ്വരാജ്യദ്രോഹികള്‍' എന്നാണ് ഐ.എന്‍.എക്കാര്‍ വിളിച്ചത്. കമ്യൂണിസ്റ്റുകള്‍ ഐ.എന്‍.എക്കാരോടും ഫോര്‍വേഡ് ബ്ളോക്ക് കാരോടും എടുത്ത സമീപനവുമായി നോക്കിയാല്‍ താരതമ്യേന പുരോഗനപരമായ നിലപാടായിരുന്നു ഐ.എന്‍.എക്ക് തിരിച്ചുണ്ടായിരുന്നത്. ഫോര്‍വേഡ് ബ്ളോക്ക് പ്രകടനപത്രിക തന്നെ അതിന് തെളിവ്. "കമ്യൂണിസ്റ്റുകളോടും വ്യവസ്ഥാപിത പ്രക്ഷോഭണത്തെക്കൂടെക്കൂടെ പറ്റിപ്പിടിച്ച് കോണ്‍ഗ്രസിന്‍െറ ഇടതും വലതും വശങ്ങളിലേക്ക് ആടിക്കൊണ്ടിരിക്കുന്ന സോഷ്യലിസ്റ്റുകളോടും  ഫോര്‍വേഡ് ബ്ളോക്ക് വിയോജിക്കുന്നുണ്ടെങ്കകിലും  പൊതുലക്ഷ്യമായ സമ്പൂര്‍ണ സ്വാതന്ത്ര്യത്തിലേക്കുള്ള അവിഘന് നിര്‍ഗ്ഗമനത്തില്‍ മറ്റാരോടും സഹരിക്കുകയാണ് ബ്ളോക്കിന്‍െറ കര്‍ത്തവ്യം'.  പ്രകടനപത്രികയില്‍ തന്നെ "തൊഴിലാളി നിര' എന്ന ഉപതലക്കെട്ടിന് കീഴില്‍ പറയുന്നു: "അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിനോടുള്ള സഹകരണപൂര്‍വമായ ബന്ധമാണ് ഫോര്‍വേഡ് ബ്ളോക്കിന്‍െറ തൊഴിലാളി നയം'


"നേതാജി ജീവിച്ചിരിക്കുന്നു'

സുഭാഷ് ചന്ദ്രബോസ് വിമാന അപകടത്തില്‍ മരിച്ചിട്ടില്ളെന്ന ദൃഢ വിശ്വാസമാണ് 1946 ഒടുവില്‍ പുറത്തിറങ്ങിയ ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക വച്ചുപുലത്തുന്നത്. നേതാജി ജീവിച്ചിരിക്കുന്നു എന്ന ഉപതലക്കെട്ടിന് തുടര്‍ച്ചയായി ഇങ്ങനെ പറയുന്നു: "തുടരെ പലരുമെന്നല്ല പണ്ഡിറ്റ് നെഹ്റു പോലും നേതാജി മരിച്ചുപോയിയെന്നു പറഞ്ഞുവെങ്കിലും ആ സ്വാതന്ത്ര്യ സമരവീരന്‍ ജീവിച്ചിരുക്കുന്നെന്നെും ഇന്ത്യ സ്വാതന്ത്ര്യ സമരത്തിന്‍െറ അന്ത്യമം നയിക്കുന്നതിന് പ്രത്യക്ഷപ്പെടുമെന്നും ഫോര്‍വേഡ് ബ്ളോക്ക് നിര്‍വ്വിശങ്കം പ്രസ്താവിച്ചുകൊള്ളുന്നു'.
ഫോര്‍വേഡ് ബ്ളോക്കിന്‍െറ തിരുവിതാംകൂര്‍ വിഭാഗം തങ്ങളുടെ പ്രകടനപത്രികയില്‍ നേതാജി ജീവിച്ചിരിക്കുന്നുവെന്ന  രീതിയില്‍ പ്രകടിപ്പിക്കുന്ന വിശ്വാസം അക്കാലത്ത് പൊതുവില്‍ ഐ.എന്‍.എയിലും സംഘടനയിലും നിലനിന്നിരുന്ന ഒന്നാണ്. പക്ഷേ, ഐ.എന്‍.എ പോരാളിയായിരുന്ന, എന്‍.എന്‍.പിള്ള അക്കാലത്തേ നേതാജി മരിച്ചുവെന്ന വിശ്വാസം പുലര്‍ത്തിയിരുന്ന വ്യക്തികളിലൊരാളാണ്. അദ്ദേഹം ആത്മകഥയില്‍ ഇങ്ങനെ എഴുതുന്നു: ""1947 വരെ നേതാജിയുടെ മരണത്തെ സംബന്ധിച്ച് എന്‍െറ അഭിപ്രായം തികച്ചും ദൃഡമായ ഒരു വിശ്വാസമായിരുന്നില്ല. എന്നാല്‍ 1947 ല്‍ കാണ്‍പൂരില്‍ വച്ചു നടന്ന ഐ.എന്‍.എ. സമ്മേളനത്തില്‍ തിരുവിതാംകൂറിലെ ഐ.എന്‍.എ ക്കാരുടെ (എന്‍.എന്‍. പിള്ളയുടെ തിരുവിതാം കൂറിലെ ഐ.എന്‍.എക്കാരുടെ എന്ന പ്രയോഗം ശ്രദ്ധിക്കുക ) പ്രതിനിധിയായി സംബന്ധിക്കാന്‍ എനിക്കിടയായി. അവിടെ വച്ച് ഞാന്‍ ഹബീബ് റഹ്മാനെ നേരില്‍ കണ്ടു. വെളുത്ത് സുന്ദരമായ ആ ശരീരത്തിന്‍െറ അനാവൃതമായ ഒരു വശം മുഴുവന്‍ കഠിനമായ പൊള്ളലേറ്റതിന്‍െറ വടുക്കള്‍കൊണ്ട് നിറഞ്ഞിരുന്നു. നേതാജിയുടെ മരണത്തെപ്പറ്റി ആരു ചോദിച്ചാലും മറുപടി പറയാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു എന്നറിഞ്ഞതുകൊണ്ട്  ഞാന്‍ ഒന്നും ചോദിച്ചില്ല. എന്നാല്‍ ആ വടുക്കളുടെ വാചാലതയുടെ മുന്നില്‍ റഹ്മാന്‍െറ മൗനം അപഹാസ്യതയിട്ടാണെനിക്ക് തോന്നിയത്'.
നേതാജിയുടെ മരണത്തെപ്പറ്റി  ഇപ്പോള്‍ ബോസ്ഫയല്‍സ്ഡോട്ട് ഇന്‍ഫോ എന്ന വെബ്സൈറ്റ് ഇപ്പോള്‍ നടത്തുന്ന വെളിപ്പെടുത്തിലിന് സമാനമായ നിഗമനമാണ് 35 വര്‍ഷം മുമ്പ് എന്‍.എന്‍.പിള്ള തന്‍െറ ആത്മകഥയില്‍ അവതരിപ്പിക്കുന്നത്. "1945 ആഗസ്റ്റ് 18 ന് തായ്ഹോക്ക് വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറച്ചു പറന്നുയര്‍ന്ന വിമാനത്തിന്‍െറ ഒരു പ്രൊപ്പല്ലര്‍ ഒടിഞ്ഞ് തെറിച്ചു; വിമാനത്തിന് തീയും പിടിച്ചു. കത്തിയെരിഞ്ഞ് താവളത്തില്‍ തന്നെ വീണു തകര്‍ന്ന വിമാനത്തിന്‍െറ അവശിഷ്ടങ്ങളില്‍ നിന്ന് പറത്തു ചാടിയ നേതാജിയുടെ ഉടുവസ്ത്രങ്ങളെല്ലാം കത്തിയെരിയുമ്പോഴും ആ അത്ഭുത മനുഷ്യന്‍ നീണ്ടുനിവര്‍ന്ന് ഏതോ അബോധാവസ്ഥയില്‍ അപാരതയിലേക്ക് നോക്കിനില്‍ക്കുകയായിരുന്നുവത്രെ. സര്‍വ്വാംഗം പൊള്ളലേറ്റിട്ടും പുറത്തിറങ്ങാന്‍ കഴിഞ്ഞ ഹബീബ് റഹ്മാന്‍ ഒരു വലിയ തീപ്പന്തമായി നിന്ന് കത്തുന്ന തന്‍െറ നേതാവിനെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരുമിച്ച് ബോധം കെട്ടുവീണു. വളരെ വേഗം രണ്ടാളെയും തായ്ഹോക്ക് മിലിട്ടറി ഹോസ്പിറ്റലിലത്തെിച്ചെങ്കിലും നേതാജിയുടെ നില ഗുരുതരമായിരുന്നു'. രാത്രി ഒമ്പതുമണിക്ക് ആ ദേഹം നിശ്ചലമയി. 20ാം തീയതി തായ്ഹോക്ക് ശ്മശാനത്തില്‍ ദഹിപ്പിച്ച അദ്ദേഹത്തിന്‍െറ ചിതാഭസ്മം നിറച്ച പേടകം ആഴ്ചകള്‍ക്കുശേഷം ഹബീബ് റഹ്മാന്‍ തന്നെ ടോക്കിയോവിലത്തെിച്ചു സെപ്റ്റംബര്‍ 14 ന് ടോക്കിയോവിലെ റിയോകോജു ദേവാലയത്തില്‍ എല്ലാ അന്ത്യോപചാരങ്ങളോടും കൂടി അത് സംസ്കരിക്കുകയും ചെയ്തു (പേജ് 351).
എന്‍.എന്‍.പിള്ള ഉറച്ച ബോധ്യത്തോടെ വിവരിക്കുന്ന ഈ  നിലപാടാണ് ഇപ്പോള്‍ പുറത്തുവരുന്നതും. പക്ഷേ, അന്ന്, 1946 ല്‍ അങ്ങനെ വിശ്വസിക്കാന്‍ ഫോര്‍വേഡ് ബ്ളോക്ക് പ്രകടന പത്രിക ഒരുക്കമായിരുന്നില്ളെന്നു മാത്രം. കാരണം അക്കാലത്ത് ഫോര്‍വേഡ് ബ്ളോക്കിന് യൗവനമായിരുന്നു. അവര്‍ക്ക് പോരാടാന്‍ അത്തരം ചില വിശ്വാസങ്ങള്‍ ആവശ്യമായിരുന്നു. ആ വിശ്വാസങ്ങള്‍ തന്നെയാണ് "പ്രകടനപത്രിക' ഇറങ്ങി വര്‍ഷങ്ങളോളം അവരെ ചലിപ്പിച്ചത്.

സൂചിക
1. ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്‍റ് ഇന്‍ കേരള, വോള്യം-3 (1938-1948), കേരള സ്റ്റേറ്റ് ആര്‍കൈവ്സ് ഡിപ്പാര്‍ട്ട്മെന്‍റ്,2006
2. എന്‍െറ ജീവിതയാത്ര, കെ.സി.ജോര്‍ജ്, നാഷണല്‍ ബുക് സ്റ്റാള്‍
3. ഞാന്‍, എന്‍.എന്‍.പിള്ള, കറന്‍റ് ബുക്സ്, 2008
4. പുന്നപ്ര-വയലാര്‍, കെ.സി. ജോര്‍ജ്, പ്രഭാത് ബുക്ക് ഹൗസ്, 1998
5. ണവീ ശ െണവീ ീള എൃലലറീാ എശഴവലേൃ െകി ഗലൃമഹമ, ഗ.ഗമൃൗിമസമൃമി ചമശൃ, ടമേലേ ഏീ്ലൃിാലി,േ 1973
6. എന്‍െറ ജീവിതം, ജി. ജനാര്‍ദ്ദനക്കുറുപ്പ് , കറന്‍റ് ബുക്സ്, തൃശൂര്‍, 2003







ബോക്സ്


ഐ.എന്‍.എയിലെ  മലയാളികള്‍

അബ്ദുള്‍ റഹിമാന്‍ എം (കണ്ണൂര്‍ പള്ളിക്കുന്ന്), അബൂബക്കര്‍ ഹാജി എം (ന്യൂമാഹി) ടി. അച്യുതന്‍ നായര്‍ (കോഴിക്കോട്), പി.പി. അച്യുതന്‍ (പയ്യന്നൂര്‍), സി.കെ. ആനന്ദന്‍ (കൂത്ത്പറമ്പ്), കെ. ആല്‍ി (മൊകേരി), കടവത്ത് അപ്പായി (മലപ്പുറം), യു. അപ്പു (പൊന്നാനി), ടി.വി. അയ്യപ്പന്‍ (തൃശൂര്‍),  പി.എ. അസീസ് (കണ്ണുര്‍), എം. ബാലകൃഷ്ണന്‍ (ഫറോക്ക്),  കെ.പി. ബാലന്‍ നായര്‍ (തലശ്ശേരി), സി. ചന്തന്‍ (തൃക്കരിപ്പൂര്‍), വി.ആര്‍. ചന്ദ്രശേഖരന്‍ (കോഴിക്കോട്),  അബുവിന്‍െറ പറമ്പത്ത് ചേക്കു (പാനൂര്‍), വി. ചോയി (പാനൂര്‍), സി.വി.ഗോവിന്ദന്‍ (കണ്ണൂര്‍), എ.എം.ഗോവിന്ദന്‍ (കൊടുങ്ങല്ലൂര്‍), ടി.ഗോവിന്ദന്‍ (കണ്ണൂര്‍),  സി.ഐ. ജോണ്‍ (കായംകുളം),  ജോസഫ് ഉക്കന്‍ കെ. (തൃശൂര്‍),  സി. കണ്ണന്‍ (കൊയിലാല്‍ി), കെ.ടി. കണ്ണന്‍ (കൊയിലാല്‍ി),  ടി.യു. കണ്ണന്‍ (കല്ല്യശേരി),  ചാലില്‍ കരുണാകരന്‍ (വടകര), പി. കരുണാകരന്‍ (കോഴിക്കോട്),  സി.കേളപ്പന്‍ (കോഴിക്കോട്),എം.കൊച്ചുണ്ണി അച്ചന്‍ (ഒലവക്കോട്), എം.കെ. കോപ്പന്‍ (തൃശൂര്‍), സി.കെ. കോരു (മാഹി), കെ.പി.കൃഷ്ണചെട്ടിയാര്‍ (വടകര),  സി.എച്ച്. കൃഷ്ണക്കുറുപ്പ് (കൊയിലാല്‍ി),  പി. കൃഷ്ണകുറുപ്പ് (കോടഞ്ചേരി), പട്ടാശ്ശേരി കൃഷ്ണന്‍ നായര്‍ (തൃശ്ശൂര്‍), എം. കൃഷ്ണന്‍ നായര്‍ (കണ്ണൂര്‍), പി.ആര്‍. കൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), പി. കുഞ്ഞമ്പു (തൃക്കരിപ്പൂര്‍), ടി.യു. കുഞ്ഞമ്പു (കല്ല്യശേരി),  തെരുവത്ത് കുഞ്ഞിക്കണ്ണന്‍ (പാനൂര്‍),പാറായി കുനിയില്‍ കുഞ്ഞിക്കുട്ടി (കണ്ണൂര്‍), എം.കെ. കുഞ്ഞിക്കുട്ടി (പാനൂര്‍), എം.പി. കുഞ്ഞിരാമന്‍ (പാനൂര്‍), കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമന്‍ (തലശ്ശേരി),  വി.കെ. അമ്പാട്ടി (തിരൂര്‍), കെ. കുട്ടികൃഷ്ണന്‍ നായര്‍ (ചെര്‍പ്പുളശ്ശരി),കെ.സി.മാധവന്‍ (തൃശൂര്‍), പി.കെ. മണത്തില്‍ (കല്‍ാണശേരി, തൃശൂര്‍) സി.കെ. മേനോന്‍ (ആലത്തൂര്‍), എ.മുഹമ്മദ് (പൊന്നാനി), പി.എസ്. നായര്‍ (ഫറോക്ക്), എ.നാരായണ മേനോന്‍ (തൃശൂര്‍),പല്ലിശ്ശേരി നാരായണ മേനോന്‍ (ഇരിങ്ങാലക്കുട), പി.പി. നാരായണന്‍ (കണ്ണൂര്‍), എന്‍. നാരായണണ്‍ കുട്ടി (ചെര്‍പ്പുളശ്ശേരി),വി. ഒണക്കന്‍ (കൊയിലാല്‍ി), പി.കെ. പത്മനാഭന്‍ നായര്‍ (ചേവരമ്പലം, കോഴിക്കോട്), എന്‍. പൈതല്‍ (വടകര), ജി.വി. പണിക്കര്‍ (ചേര്‍ത്തല), പി. പരമേശ്വരന്‍ നായര്‍ (പെരിന്തല്‍മണ്ണ), കെ.എ. പഴനിയപ്പന്‍ മുതലാളി (ചെര്‍പ്പുളശ്ശേരി), ടി.പി.പൊക്കന്‍ (പാനൂര്‍), പി.കെ. രാഘവന്‍ (കൊയിലാല്‍ി),  സി.കെ. രാമചന്ദ്രന്‍ (ഫറോക്ക്), കെ.ആര്‍. രാമകൃഷ്ണപിള്ള (കവിയൂര്‍, ആലപ്പുഴ), കെ. രാമന്‍ നായര്‍ (തൃശൂര്‍), കെ. രാമന്‍നായര്‍ (തിരുര്‍), കെ.പി. രാമന്‍നായര്‍ (ഒറ്റപ്പാലം), എം.പി. രാമന്‍ നായര്‍ (നൂല്‍പ്പുഴ, വയനാട്), ടി.വി.ശ്രീധരമേനോന്‍ (ആലുവ), വി.കെ. ഉണ്ണികൃഷ്ണന്‍, കൊടകര വാസുദേവന്‍ ഉണ്ണി (വയനാട്), പി.ഉണ്ണി (കോഴിക്കോട്), ടി. വര്‍ഗീസ് (കായംകുളം), രംഗനാഥ മേനോന്‍, സി.വി. അശോകന്‍, പി.ജ. വാസവന്‍(തലവടി), ജോര്‍ജ്, ഇലവന്തിട്ട രവീന്ദ്രന്‍, ബാലന്‍, നീലകണ്ഠനാശാന്‍, ബാലകൃഷ്പിള്ള (ആറന്‍മുള)

-------------------------
ലേഖകന്‍ സമാഹരിച്ച അപൂര്‍ണമായ ഈ പട്ടികക്ക് ആധാരം  1973 ല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഹു ഈസ് ഹു ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് ഇന്‍ കേരള (എഡിറ്റര്‍: കെ. കരുണാകരന്‍ നായര്‍) എന്ന പുസ്തകവും മറ്റ് ചില ആത്മകഥകളും ലേഖനക്കുറിപ്പുകളുമാണ്

2016 Feb  പച്ചക്കുതിര മാസിക










No comments:

Post a Comment