Wednesday, June 15, 2016

ബാപ്പുവാണ് ശരി;ലക്ഷ്യത്തിലും മാര്‍ഗത്തിലും
ബാപ്പുവാണ് ശരി;ലക്ഷ്യത്തിലും മാര്‍ഗത്തിലും


ഗാന്ധിജിയുടെ പ്രപൗത്രനും ആക്ടിവിസ്റ്റുമായ തുഷാര്‍
ഗാന്ധി മനസ്സു തുറക്കുകയാണ് ഇവിടെ. ഗാന്ധിസം മാത്രമല്ല
തന്നെ ആഞ്ഞു പ്രഹരിച്ച വിവാദങ്ങളും രാജ്യത്ത് ശക്തമാകുന്ന
അസഹിഷ്ണുതയുമെല്ലാം ഈ സംഭാഷണം പരാമര്‍ശ
വിഷയമാക്കുന്നു. സ്വയം വിമര്‍ശിച്ച് നീളുന്ന ഈ അഭിമുഖം
ഗാന്ധിപക്ഷത്തുനിന്നുള്ള ശക്തമായ ഇടപെടല്‍ കൂടിയാണ്.
രാജ്യം വെല്ലുവിളി നേരിടുന്ന സമകാലിക അവസ്ഥയില്‍
ഗാന്ധിസം തന്നെയാണോ മറുപടി?


തുഷാര്‍ ഗാന്ധി / സേതു ദാസ്, ആര്‍.കെ. ബിജുരാജ്


ഗാന്ധിജിയുടെ പിന്മുറക്കാരന്‍ എന്നത് ഭാരമേറിയ വലിയ ടാഗാണ്. ഒരു വശത്ത് അത് ബഹുമതിയാണ്. അതേസമയം, പിന്മുറക്കാരന്‍െറ ഓരോ വാക്കും പ്രവൃത്തിയും ലോകത്തിന്‍െറ ശ്രദ്ധപിടിച്ചു പറ്റും. പലപ്പോഴും അവര്‍ വിവാദങ്ങളില്‍ മുങ്ങിത്താഴും. ഗാന്ധിസത്തിന് നേരെയുള്ള വിമര്‍ശം അറിയാതെ അവരിലേക്ക് ചെന്നത്തെും. മാത്രമല്ല, രാജ്യം വെല്ലുവിളി നേടുന്ന സമകാലിക അവസ്ഥയില്‍ ഗാന്ധിജിയുടെ പിന്മുറക്കാരന്‍ എന്നത് ഒരു വിധത്തിലും ലളിതമായ രാഷ്ട്രീയ ഉത്തരവാദിത്തമല്ല.
ഗാന്ധിജിയുടെ പ്രപൗത്രന്‍ എന്നതല്ല തുഷാര്‍ ഗാന്ധിയുടെ ഏക യോഗ്യത. അതല്ല ഈ അഭിമുഖത്തിന്‍െറ മാനദണ്ഡവും. സാമൂഹികവിമര്‍ശകന്‍, രാഷ്ട്രീയ ആക്ടിവിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ചിത്രകാരന്‍, ഗ്രന്ഥകര്‍ത്താവ്, മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ മേധാവി തുടങ്ങി വിവിധ തലങ്ങളില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ വ്യക്തിത്വങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഇന്തോ-അമേരിക്കന്‍ സാമൂഹിക ശാസ്ത്രജ്ഞനും പത്രപ്രവര്‍ത്തകനുമായ അരുണ്‍ മണിലാല്‍ ഗാന്ധിയുടെയും സുനന്ദഗാന്ധിയുടെയും മകനാണ് തുഷാര്‍ ഗാന്ധി. ഗാന്ധിജിയുടെ പേരമകനാണ് അരുണ്‍ മണിലാല്‍ ഗാന്ധി (ഗാന്ധിയുടെ പുത്രന്‍ മണിലാലിന്‍െറ മകന്‍). 1960 ജനുവരി 17ന്, ബോംബെക്കും കൊല്‍ക്കത്തക്കുമിടയില്‍ ഒരു ട്രെയിന്‍ യാത്രയിലാണ് തുഷാര്‍ ഗാന്ധിയുടെ ജനനം. മുംബൈ സാന്താക്രൂസിലാണ് വളര്‍ന്നതും പഠിച്ചതും. സാന്താക്രൂസിലെ ഗുജറാത്തി സ്കൂളായ ആദര്‍ശ് വിനയ് മന്ദിറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിതിബായി കോളജില്‍നിന്ന് ചിത്രകലയില്‍ ബിരുദം നേടി. 2005ല്‍, ദണ്ഡിയാത്രയുടെ 75ാം വാര്‍ഷികത്തില്‍ പ്രതീകാത്മക ദണ്ഡിയാത്ര നയിച്ചു. ഉപ്പുസത്യഗ്രഹികളോട് ബഹുമാനസൂചകമായി ഗുജറാത്തിലെ ദണ്ഡിയില്‍ ഒരു ദേശീയ സ്മാരകത്തിന്‍െറ ആശയം പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും ആ പദ്ധതിയുടെ ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നു. 2006ല്‍ CISRI-ISP ഗുഡ്വില്‍ അംബാസഡറായി നിയമിക്കപ്പെട്ടു. ആസ്ട്രേലിയന്‍ ഇന്ത്യന്‍ റൂറല്‍ ഡെവലപ്മെന്‍റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍കൂടിയാണ്. വിവാദമുയര്‍ത്തിയ ‘ലെറ്റ്സ് കില്‍ ഗാന്ധി’ എന്ന കൃതിയുടെ കര്‍ത്താവാണ്. 2001ല്‍ ഒരു അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് കമ്പനിക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ അമേരിക്കന്‍ മാര്‍ക്കറ്റിങ് കമ്പനിയുമായി തുഷാര്‍ ഗാന്ധി ധാരണയിലത്തെിയത് വന്‍ ഒച്ചപ്പാട് ഉയര്‍ത്തി. ബഹുജനപ്രതിഷേധംമൂലം ഈ തീരുമാനം പിന്‍വലിച്ചു.
ഭാര്യ സൊണാല്‍ ദേശായിക്കും മക്കളായ വിവാന്‍ ഗാന്ധി, കസ്തൂരി ഗാന്ധി എന്നിവര്‍ക്കുമൊപ്പം മുംബൈയിലാണ് തുഷാര്‍ ഗാന്ധിയുടെ താമസം.
അദ്ദേഹവുമായി നേരിട്ടും, ഓണ്‍ലൈനിലൂടെയും നടത്തിയ അഭിമുഖം:

‘ആധുനിക നാഗരികതയുടെ അടയാളം’ എന്നാണ് ഗാന്ധിജി ട്രെയിനിനെ വിശേഷിപ്പിച്ചത്. ആ അടയാളവുമായി താങ്കളുടെ ജീവിതത്തിന് അഭേദ്യമായി ബന്ധമുണ്ട്്. 1960ല്‍ ട്രെയിനിലാണ് ജനനം. ട്രെയിനിലെ ജനനത്തെ സ്വയം എങ്ങനെയാണ് കാണുന്നത്?
സാഹസികമെന്ന് പറയാവുന്ന ജനനം എന്‍െറ സാഹസികമായ സ്വഭാവത്തിന്‍െറ വിളിച്ചറിയിക്കലാവാം. അജ്ഞാതവും അപ്രതീക്ഷിതവുമായ വെല്ലുവിളികളെയും ഭീഷണിയെയും ഞാന്‍ ഒരിക്കലും ഭയപ്പെട്ടിട്ടില്ല. അത് ഭയന്ന് പിന്മാറിയിട്ടുമില്ല. ഉയര്‍ന്ന മലകളില്‍ കയറുമ്പോള്‍ ഭയം തോന്നുന്ന അവസ്ഥ (ഫോബിയ) എനിക്കുണ്ടായിരുന്നു. അടുത്തിടെ അമേരിക്ക സന്ദര്‍ശനവേളയില്‍ ഈ അര്‍ഥരഹിതമായ ഭയത്തെ മറികടക്കാന്‍ നിശ്ചയിച്ച്, സ്കൈ ഡൈവിങ് നടത്താന്‍ ഞാന്‍ തീരുമാനിച്ചു. ഒരുകൂട്ടം സാഹസികരോടൊപ്പം സ്കൈ ഡൈവിങ് നിശ്ചയിച്ചു. ഒരു ചെറു വിമാനത്തില്‍ 18,000 അടി ഉയരത്തില്‍നിന്ന് താഴേക്ക് ചാടി. 90 സെക്കന്‍ഡ് സ്വതന്ത്രമായി താഴേക്ക് പതിക്കുന്നത് ഞാന്‍ അറിഞ്ഞു. അതായിരുന്നു ജീവിതത്തിലെ ഉന്മേഷദായകമായ അനുഭവം. അത്യുന്നത മലകളെക്കുറിച്ചുള്ള ഭയത്തെ ഞാനിപ്പോള്‍ മറികടന്നിരിക്കുന്നു.
ജീവിതത്തില്‍ നിരവധി വെല്ലുവിളികളും പ്രതിസന്ധികളും എതിരിടേണ്ടിവന്നിട്ടുണ്ട്. അത് മറികടക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടത്തെുന്നു. ബാപ്പു, മുത്തശ്ശന്‍ മണിലാല്‍, അച്ഛന്‍െറ ബന്ധു കാന്തി ഗാന്ധി എന്നിവരെല്ലാം 1930ല്‍ നടത്തിയ ചരിത്രപരമായ ദണ്ഡിയാത്രയെ പിന്തുടര്‍ന്ന് മറ്റൊരു യാത്ര നടത്താന്‍ തീരുമാനിക്കുന്ന സമയത്ത് (2005ല്‍) ഉദാസീനത പുലര്‍ത്തുന്ന സ്വഭാവമുള്ളയാളായിരുന്നു ഞാന്‍. അതിനാല്‍ ആറുമാസം മുമ്പെങ്കിലും യാത്രക്കുവേണ്ട പരിശീലനം നടത്തണമെന്ന് എല്ലാവരും ഉപദേശിച്ചു. ഞാനത് ചെയ്തില്ല. അതിജീവിക്കാനാവുമെന്നും എനിക്ക് യാത്ര പൂര്‍ത്തിയാക്കാനാവുമെന്നും ആരും കരുതിയില്ല. മിക്കവരും പറഞ്ഞത് ആദ്യ ദിവസംതന്നെ ഞാന്‍ യാത്ര അവസാനിപ്പിക്കുമെന്നാണ്. എന്നാല്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തിരുന്നു. യാത്ര സഹിക്കാനാവില്ളെങ്കില്‍ പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. അപ്പോള്‍ ആന്തരിക ശബ്ദം എന്നോട് സംസാരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആന്തരിക ശബ്ദം സബര്‍മതിയില്‍നിന്ന് ദണ്ഡിവരെയുള്ള യാത്ര പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. പറഞ്ഞുവരുന്നത് എന്‍െറ വേറിട്ട ജനനംതന്നെയാകാം എന്നില്‍ വീണ്ടുവിചാരമില്ലാത്ത സാഹസികമനോഭാവം നിറച്ചത് എന്നാണ്. ബാപ്പു രാഷ്ട്രത്തിലെമ്പാടും ചുറ്റിക്കറങ്ങിയത് ട്രെയിനിലാണ്. അതേ ചുറ്റിക്കറങ്ങല്‍ ത്വര എന്നിലുമുണ്ട്.

എങ്ങനെയാണ് താങ്കള്‍ മുതുമുത്തശ്ശനെയും രാഷ്ട്രപിതാവിനെയും വിലയിരുത്തുന്നത്? 

എന്നെ സംബന്ധിച്ച് മുതുമുത്തശ്ശനും രാഷ്ട്രപിതാവും ലോകം ആദരിക്കപ്പെടുന്ന വ്യക്തിയും എല്ലാംചേര്‍ന്നതാണ് ഗാന്ധി. അതെന്നത് മൂന്ന് വ്യക്തിത്വങ്ങള്‍ ഒരാളില്‍ ഉള്‍ച്ചേര്‍ന്ന ഒരു വ്യക്തിയുമായുള്ള സവിശേഷബന്ധംപോലെയാണ്. ജീവിതത്തിലെ ദു$ഖം ബായും ബാപ്പുവും ജീവിച്ചിരിക്കുമ്പോള്‍ ജനിച്ചില്ളെന്നതും ബായുടെ സ്നേഹം അനുഭവിക്കാനും ബാപ്പുവിന്‍െറ ജീവിതപാഠങ്ങള്‍ നേരിട്ട് മനസ്സിലാക്കാനായില്ളെന്നതുമാണ്. എന്‍െറ ദുരന്തം എന്നത് ബാപ്പു വധിക്കപ്പെടാന്‍ കാരണമായ ആശയത്തിന്‍െറ പ്രചാരകരായ ആര്‍.എസ്.എസുകാരുടെ അധിക്ഷേപത്തിന് ഞാനും വിധേയമാകുന്നുവെന്നതാണ്. ബാപ്പു ഒരു പബ്ളിക് ഫിഗര്‍ ആയിരുന്നു എന്നതാണ് അതിന് കാരണം. മറ്റുള്ളവരെപ്പോലെ ബാപ്പു ഞങ്ങള്‍ക്ക് വ്യക്തിപരമായി കാരണവരായിരുന്നില്ല. സ്വകാര്യമായി ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യാനാവുന്ന ഓര്‍മകളല്ല എനിക്ക് ബാപ്പുവിനെപ്പറ്റിയുള്ളത്. അദ്ദേഹത്തിന്‍െറ പൊതുവ്യക്തിത്വം ആ സാധ്യത ഇല്ലാതാക്കിക്കളഞ്ഞു. ബാപ്പുവിന്‍െറ മരണത്തില്‍ സ്വകാര്യമായി ദു$ഖമാചരിക്കാന്‍പോലും കുടുംബാംഗങ്ങള്‍ അനുവദിക്കപ്പെട്ടിരുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന കാരണവര്‍ എന്നതിനെക്കാള്‍ അദ്ദേഹം പൊതുപ്രവര്‍ത്തകനായതാണ് അതിനു കാരണം. എനിക്ക് തോന്നുന്നത് എല്ലാ പബ്ളിക് ഫിഗറുകളുടെയും കുടുംബങ്ങള്‍ സഹിക്കേണ്ട ത്യാഗമാണിതെന്നാണ്. ബായുടെയും ബാപ്പുവിന്‍െറയും പിന്തുടര്‍ച്ചക്കാരനാവുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. അദ്ദേഹംതന്നെയാണ് എന്‍െറ രാഷ്ട്രപിതാവ് എന്നതും അതിലേറെ അഭിമാനമുള്ള സംഗതിയാണ്.

നിങ്ങള്‍ സ്വയം വിശേഷിപ്പിക്കുന്നത് ‘പരാജയപ്പെട്ട രാഷ്ട്രീയക്കാര’നായാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശരിക്കും താങ്കള്‍ പരാജയമാണെന്നാണോ, അതോ ഈ ഇരുണ്ട രാഷ്ട്രീയം താങ്കളെ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെട്ടെന്നാണോ? 

‘പരാജിത രാഷ്ട്രീയക്കാരന്‍’ എന്നു പറഞ്ഞത് എന്‍െറ കഴിവിന്‍െറ പരാജയത്തെപ്പറ്റിയാണ്. വിജയിച്ച രാഷ്ട്രീയക്കാരനാകാന്‍ പ്രത്യേക കഴിവുകള്‍ ആവശ്യമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, പൊതുവില്‍ രാഷ്ട്രീയത്തില്‍തന്നെ. രാഷ്ട്രീയത്തില്‍ ചേര്‍ന്നശേഷം എനിക്ക് രാഷ്ട്രീയം അത്യധികം സ്പെഷലൈസ്ഡ് കരിയര്‍ ആണെന്നും വിജയിക്കാന്‍ കേവല കഴിവുകള്‍ പോരെന്നും മനസ്സിലായി. ഇരുണ്ട രാഷ്ട്രീയനടപടികളും ‘ആദര്‍ശമില്ലാത്ത ജനപ്രിയരാഷ്ട്രീയ’വും രാഷ്ട്രീയത്തോട് വിമുഖത തോന്നാന്‍ കാരണമായിട്ടുണ്ട്. രാഷ്ട്രീയത്തിലെ ആദര്‍ശമില്ലായ്മ, തട്ടിപ്പ്, അഴിമതി എല്ലാം വിമുഖതക്ക് കാരണമാണ്. അതുപോലെ അവസരവാദവും ലക്ഷ്യം പ്രധാനവും മാര്‍ഗം അപ്രസക്തമാവുന്ന രീതികളും എന്നെ പിന്നോട്ടടിച്ചു. രാഷ്ട്രീയത്തിലൂടെ ലഭിക്കാനിടയുള്ള ‘പ്രതിഫലം’ പലരുടെ അതിയായ താല്‍പര്യമാകുന്നത് എന്നെ ഭയപ്പെടുത്തി. അത്തരം പ്രലോഭനങ്ങളുടെ പരീക്ഷണത്തെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ഭയം എനിക്കുമുണ്ടായിരുന്നു. അത്തരം പ്രലോഭനത്തെ ചെറുക്കുന്നതില്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. അതുപോലെ അത്തരം സാധ്യത നഷ്ടപ്പെടുത്താനും ഞാന്‍ ഒരുക്കമായിരുന്നില്ല. ഈ ഘടകങ്ങളെല്ലാം രാഷ്ട്രീയത്തിലെ എന്‍െറ പരാജയത്തില്‍ പങ്കുവഹിച്ചു.

സാമൂഹിക, രാഷ്ട്രീയ മാറ്റത്തിന് ഇന്നും അക്രമരാഹിത്യം\അഹിംസ നല്ല മാര്‍ഗമായി കരുതുന്നുണ്ടോ? 
ബാപ്പുവിന്‍െറ പൗത്രനാണ് എന്നതിനാല്‍ അക്രമരാഹിത്യത്തിലുള്ള വിശ്വാസം അടിച്ചേല്‍പിക്കപ്പെട്ട ഒന്നല്ല. വ്യക്തിപരമായി വിശ്വസിക്കുന്നത് ജീവിക്കുക, മനുഷ്യരെ  സാധ്യമാകുന്നത്ര ജീവിക്കാന്‍ അനുവദിക്കുക എന്നതാണ്. പ്രകൃതിക്കും പരിസ്ഥിതിക്കുമെതിരായ നമ്മുടെ ദുര മൊത്തം സമൂഹത്തിന്‍െറയും നിലനില്‍പിനെ ബാധിച്ചിട്ടുണ്ട്. ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം എന്നിവ ഭാവനാവിലാസമല്ല. അവ വ്യക്തവും ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന അപകടവുമാണ്. അടുത്തിടെ ചെന്നൈയിലുണ്ടായ പ്രകൃതിദുരന്തവും പ്രകൃതിക്കെതിരെയുള്ള നമ്മുടെ ദുരയുടെയും അക്രമത്തിന്‍െറയും ഫലമാണ്്. സാമൂഹിക-രാഷ്ട്രീയ മേഖലയിലും അക്രമം നമ്മുടെ ജീവിതരീതിയെ ഭീഷണിപ്പെടുത്തുകയും വ്യക്തിസ്വാതന്ത്ര്യമെന്ന ആശയത്തെ ഭയപ്പെടുത്താന്‍ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. അമേരിക്കയില്‍ സെപ്റ്റംബര്‍ 11 ആക്രമണവും പാരിസില്‍ അടുത്തിടെ നടന്ന ആക്രമണവും പല പൗരാവകാശങ്ങളും സുരക്ഷയുടെ പേരില്‍ ഇല്ലാതാക്കാനാണ് അതത് സര്‍ക്കാറുകള്‍ ഉപയോഗിച്ചത്. ഇന്ത്യയിലും അത്തരം ശ്രമം നടക്കുന്നുണ്ട്.
ഭീകരവാദികള്‍ അഴിച്ചുവിട്ട അക്രമത്തിനെതിരായ പ്രതിപ്രവര്‍ത്തനം അതിലേറെ അക്രമാത്മകമായിരുന്നു.  സെപ്റ്റംബര്‍ 11 ആക്രമണത്തിന് പ്രതികാരമായി അമേരിക്ക രണ്ട് രാഷ്ട്രങ്ങളെ നാമാവശേഷമാക്കി. ഇതിനുശേഷം സിറിയക്കെതിരെ അപ്രഖ്യാപിത ലോകയുദ്ധം അഴിച്ചുവിട്ടു. ഐ.എസാണ് ലക്ഷ്യമെന്ന് പറയുമെങ്കിലും സൂപ്പര്‍ സോണിക് ജെറ്റില്‍ ബോംബുകള്‍ വര്‍ഷിച്ചത് ഐ.എസ് തീവ്രവാദികള്‍ക്കെതിരായല്ല.  ആക്രമണത്തില്‍ സിറിയന്‍, സുഡാന്‍, യമന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. പക്ഷേ, ഇത്തരം കൊലപാതകങ്ങള്‍ ഒരു പാര്‍ശ്വനഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഈ അലംഭാവം വര്‍ഗീയകക്ഷികള്‍ക്ക് കൂടുതല്‍ പേരെ അണികളായി ചേര്‍ക്കാനും അങ്ങനെ അക്രമം ചാക്രികമായി ശാശ്വതമാകാനും ഇടനല്‍കുന്നുണ്ട്.
ഞാനെപ്പോഴും പറയുന്ന കാര്യമുണ്ട്. നമുക്ക് തലവേദന വരുമ്പോള്‍ കഴിക്കേണ്ട ഒരു മരുന്നല്ല അക്രമരാഹിത്യം. ഭിന്നതയുടെയും എതിര്‍പ്പിന്‍െറയും ആദ്യ സൂചന കണ്ടുതുടങ്ങുമ്പോഴേ അക്രമരാഹിത്യം ഫലപ്രദമാണ്. പലപ്പോഴും ഇത്തരം സൂചനകള്‍ വസ്തുതയായിരിക്കും.  മറ്റു ചിലപ്പോള്‍ അവ സാങ്കല്‍പികമായിരിക്കും. പക്ഷേ, നീതിക്ക് വേണ്ടിയുള്ള ആവശ്യം ബധിരകര്‍ണങ്ങളില്‍ പതിക്കുമ്പോള്‍ രോഷം ഉയരുകയും അത് എതിര്‍പ്പായി പടരുകയും ചെയ്യും. അത് അന്യതാവത്കരണം, ശത്രുത എന്നിവക്ക് കാരണമാവുകയും അക്രമത്തിലേക്ക് വഴിമാറുകയും ചെയ്യും. ഒരു ചാവേറിനെ മനംമാറ്റാന്‍ അഹിംസക്ക് കഴിയുമോ എന്ന ചോദ്യം പലതവണ ഞാന്‍ കേട്ടിട്ടുണ്ട്. മരണമാണ് നല്ലത് എന്ന് കരുതുന്ന രീതിയില്‍ മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയനായി ഒരാള്‍ മാറുമെന്ന് കരുതുന്നത് ഉചിതമായിരിക്കില്ല. അക്രമരാഹിത്യം ഫലപ്രദമാകണമെങ്കില്‍ അത് എതിര്‍പ്പിന്‍െറ സൂചനകളെ തുടക്കത്തിലേ അഭിമുഖീകരിക്കണം. വ്യക്തി മരിക്കാനും കൊല്ലാനുമായി തീരുമാനിക്കുന്ന തലത്തിലത്തെിയാല്‍ അക്രമരാഹിത്യം ഫലപ്രദമാകുമെന്ന് കരുതുന്നത് തെറ്റാവും. സമാധാനത്തിനും നീതിക്കുവേണ്ടി നിലകൊള്ളുന്നതിനെക്കാള്‍ സ്വയം നശിച്ചും ചുറ്റുപാടുകളെ നശിപ്പിക്കാനും ശ്രമിക്കുന്നവര്‍ക്ക് നേരെ നമ്മള്‍ അഹിംസയല്ല സ്വീകരിക്കുന്നതും. അക്രമത്തിന്‍െറ ഫലം മരണവും നശീകരണവുമാണെന്ന് അംഗീകരിക്കണം.

കമ്യൂണിസത്തെയും മാവോയിസത്തെയും എങ്ങനെ സമീപിക്കും? 

രാജ്യത്ത് പൗരന്മാര്‍ക്കിടയിലെ സാമ്പത്തിക അസമത്വം അപായകരമായ അനുപാതത്തില്‍ എത്തിയിട്ടുണ്ട്. പൗരന്മാരുടെ അവകാശം തുല്യമായ രീതിയില്‍ വിതരണംചെയ്യപ്പെടുന്നില്ല. നഗരത്തിലെ ഉന്നതര്‍ ആഡംബരങ്ങളും എ.സി വീടുകളുമായി ആഘോഷിക്കുകയാണ്. അതേസമയം ഗ്രാമത്തിലെ പാവപ്പെട്ടവര്‍ക്ക് കുടിവെള്ളംപോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ഡിജിറ്റല്‍ ഇന്ത്യപോലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴുമുള്ള അവസ്ഥയിതാണ്. ഇത്തരത്തിലെ അസമത്വങ്ങള്‍ മാവോവാദികള്‍ ചൂഷണംചെയ്യുകയും അവര്‍ പെട്ടെന്ന് തന്നെ ഇന്ത്യയുടെ ഹൃദയത്തില്‍ സ്വാധീനമേഖല സൃഷ്ടിക്കുകയും ചെയ്തു. ആ മേഖലയില്‍ സര്‍ക്കാര്‍ അധികാരം നിലനില്‍ക്കാത്ത അവസ്ഥയാണ്. തങ്ങള്‍ വാദിക്കുന്നത് നടപ്പാക്കാനോ മേഖലയില്‍ മെച്ചപ്പെട്ട അവസ്ഥ ഒരുക്കാനോ മാവോവാദികള്‍ക്ക് കഴിയുന്നില്ല. അവര്‍ വളരെ തന്ത്രപൂര്‍വം ഇല്ലായ്മകളും ദാരിദ്ര്യവും പ്രയോജനപ്പെടുത്തി, ആളുകളെ തങ്ങളുടെ അണികളിലേക്ക് ചേര്‍ത്തുകൊണ്ട്, തങ്ങളുടെ ആശയശാസ്ത്രം പ്രചരിപ്പിക്കുകയാണ്.
ലോകമെമ്പാടുംതന്നെ കമ്യൂണിസം ആഭ്യന്തര വൈരുധ്യംമൂലം പരാജയപ്പെട്ടിരിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ കമ്യൂണിസം മര്‍ദനത്തിന്‍െറ ഉപകരണമായി മാറിയ ശേഷമാണ് അത്.  ഇന്ത്യയിലും കമ്യൂണിസ്റ്റുകള്‍ ഉയര്‍ന്നുവരുന്നതില്‍ പരാജയപ്പെട്ടു. ഇന്ന് കമ്യൂണിസം പരാജയപ്പെട്ട സിദ്ധാന്തമായാണ് കാണപ്പെടുന്നത്.
നമ്മുടെ പിന്നാക്കാവസ്ഥയുമായും വ്യക്തിഗത സംരംഭങ്ങളുടെ അഭാവവുമായി കമ്യൂണിസം ബന്ധപ്പെട്ടിരിക്കുന്നു. സോഷ്യലിസവും സമാനമായ വിധിയാണ് നേരിടുന്നത്. മുതലാളിത്തം, മെറ്റീരിയലിസം എന്നിവയോട് പാശ്ചാത്യലോകത്തിന് എതിര്‍പ്പുണ്ടെങ്കിലും അവര്‍ക്ക് സോഷ്യലിസത്തിലോ കമ്യൂണിസത്തിലോ വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്നില്ല. സാമ്പത്തികവ്യവസ്ഥ തകര്‍ന്ന രാജ്യങ്ങള്‍പോലും സോഷ്യലിസത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ മടിക്കുന്നു. കമ്യൂണിസം ഫലവത്തും ജനാധിപത്യപരവുമായിട്ടില്ല. എന്നാല്‍, പൊതുനന്മക്കായി വ്യക്തിപരമായ സംരംഭങ്ങള്‍ അനുവദിക്കാനും മറ്റും കഴിഞ്ഞാല്‍ സോഷ്യലിസം ഇപ്പോഴും പ്രസക്തമാണ്. സ്വത്തിന്‍െറ കാര്യത്തില്‍ ട്രസ്റ്റിഷിപ്പിന്‍െറയും സമയം, കഴിവ്, പാടവം എന്നിവ പൊതുനന്മക്കായി ഉപയോഗിക്കുകയും ചെയ്യുന്ന തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനാവുമെന്നാണ് വിശ്വാസം.
2009ല്‍ മഹാത്മാഗാന്ധി ലിമിറ്റഡ് എഡിഷന്‍ 241 മോണ്ട് ബ്ളാങ്ക് പേനകള്‍ക്ക് അനുമതി നല്‍കി താങ്കള്‍ 72 ലക്ഷം രൂപ മഹാത്മാ ഗാന്ധി ഫൗണ്ടേഷന് സംഭാവനയായി സ്വീകരിച്ചതില്‍ കടുത്ത വിമര്‍ശം ഉയര്‍ന്നിരുന്നു. ഒരിക്കല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ക്കായി പേനകള്‍ നിര്‍മിച്ച കമ്പനിയാണ് മോണ്ട് ബ്ളാങ്ക്. അന്നെടുത്ത തീരുമാനത്തില്‍ ഖേദമുണ്ടോ? 
ബാപ്പുവിന്‍െറ ചിത്രങ്ങളെ പ്രതിനിധീകരിക്കാനുള്ള അവകാശത്തിനായി ഒരു അമേരിക്കന്‍ ഏജന്‍സി സമീപിക്കുകയും ഞാനവര്‍ക്ക് ഉപാധികളോടെ അനുമതി നല്‍കുകയും ചെയ്തു. അതിനെതിരെ കടുത്ത വിമര്‍ശം ഉയര്‍ന്നു. അത് ഞാന്‍ ബാപ്പുവിന്‍െറ ചിത്രങ്ങള്‍ക്കുള്ള പകര്‍പ്പവകാശവും പേറ്റന്‍റും അമേരിക്കന്‍ കമ്പനിക്ക് നല്‍കിയതായി മാധ്യമങ്ങള്‍ സെന്‍സേഷനലായി, തെറ്റായി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. അന്ന് മാധ്യമങ്ങള്‍ പറഞ്ഞത് ഇനി വീട്ടില്‍ ഗാന്ധിജിയുടെ പടം തൂക്കാനാഗ്രഹിക്കുന്നവര്‍ സി.എം.ജിക്ക് റോയല്‍റ്റി നല്‍കേണ്ടിവരും എന്നും മറ്റുമാണ്. ഞാന്‍ വിമര്‍ശിക്കപ്പെടുകയും ചീത്തകേള്‍ക്കുകയും ചെയ്തു. ശരിയാണ്, ബാപ്പുവിന്‍െറ ദൃശ്യങ്ങളെ പ്രതിനിധീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഞാന്‍ സി.എം.ജിയുമായി കൂടിയാലോചന നടത്തിയിരുന്നു. എന്‍െറ ഉദ്ദേശ്യം രണ്ടു തലത്തിലായിരുന്നു. ഒന്ന് ബാപ്പുവിന്‍െറ ചിത്രം തെറ്റായി ഉപയോഗിക്കുന്നതു തടയുകയും ചിത്രങ്ങള്‍ മോശം കാര്യത്തിന് ഉപയോഗിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യുകയുമായിരുന്നു. അടുത്തിടെ അമേരിക്കയില്‍ ഒരു മദ്യക്കമ്പനി ഗാന്ധിയുടെ പേരില്‍ ബിയര്‍ തുടങ്ങി. അവര്‍ ബിയര്‍ എന്ന് പ്രിന്‍റ് ചെയ്ത കാന്‍ ബാപ്പു ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രം അതില്‍ ഉപയോഗിച്ചു. അതൊരു അന്യായമാണെങ്കിലും ഞാന്‍ നിസ്സഹായനായിരുന്നു. കാരണം സി.എം.ജിയുമായി ധാരണയില്‍ എത്തിയിരുന്നെങ്കില്‍ അവരെ പ്രോസിക്യൂട്ട് ചെയ്യാമായിരുന്നു. 2002ല്‍ അമേരിക്കന്‍ മാഗസിനായ മാക്സിം വളരെ അധിക്ഷേപകരമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു -‘ബിറ്റ ദ വിംപ് ഫിറ്റ്നസ് വര്‍ക്കൗട്ട്’. അതില്‍ ഒരു വെള്ള നിറക്കാരനായ ചെറുപ്പക്കാരന്‍ ഒരു ഡമ്മിയില്‍ ഇടിക്കുകയും തൊഴിക്കുകയും മറ്റും ചെയ്യുന്നു. ഇടക്ക് ഡമ്മി തലകീഴായി നിലത്തിട്ടടിക്കുന്നു. ഈ ഡമ്മി ബാപ്പുവിന്‍െറ കൃത്യമായ രൂപമായിരുന്നു. ഇതിനെതിരെ ഇന്ത്യയില്‍ ഇരുന്ന് ഒന്നും ചെയ്യാനാവാത്തതില്‍ എനിക്ക് വേദനയും ദു$ഖവും തോന്നി. ഞാന്‍ സഹായത്തിന് പ്രധാനമന്ത്രിയോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം നിസ്സഹായാവസ്ഥ വ്യക്തമാക്കി. സി.എം.ജിയുമായ ധാരണയിലത്തെിയിരുന്നെങ്കില്‍ എനിക്ക് അത് തടയാനും മാക്സിമിനെ പ്രോസിക്യൂട്ട് ചെയ്യാനുമാകുമായിരുന്നു.
സി.എം.ജിയുമായി ധാരണയിലത്തൊന്‍ ശ്രമിക്കുന്ന സമയത്ത് പോര്‍ബന്തറിലെ കസ്തൂര്‍ബാവീട് വളരെ നാശോന്മുഖമായ അവസ്ഥയിലായിരുന്നു. ഭൂകമ്പത്തിന് ശേഷം ഗുജറാത്ത് സര്‍ക്കാറിനോട് കസ്തൂര്‍ബാവീട് അറ്റകുറ്റപ്പണി ചെയ്ത് നവീകരിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയും പകരം മ്യൂസിയമായി അത് തിരിച്ചു നല്‍കാമെന്നും ഞാന്‍ പറഞ്ഞിരുന്നു. സി.എം.ജി നല്‍കുമായിരുന്ന ഫണ്ട് എനിക്ക് കസ്തൂര്‍ബാവീട് നന്നാക്കാന്‍ ഉപയോഗിക്കാമായിരുന്നു. പക്ഷേ, വിവാദംമൂലം ഇടപാട് സാധ്യമാക്കാതെ പോയി. പിന്നീട് ഗുജറാത്ത് സര്‍ക്കാര്‍ കസ്തൂര്‍ബാവീട് നവീകരിച്ചുവെന്നത് വേറെ കാര്യം.
മോണ്ട് ബ്ളാങ്കുമായുണ്ടാക്കിയ ഇടപാടില്‍ ഞാനൊരു തെറ്റും കാണുന്നില്ല. ഞാനൊരിക്കലും ബാപ്പുവിന്‍െറ ചിത്രം വാണിജ്യ ആവശ്യത്തിനായി നല്‍കി ആ പണം വ്യക്തിപരമായ ധനസമ്പാദനത്തിന് ഉപയോഗിച്ചിട്ടില്ല. ഇടപാടിലൂടെ ലഭിച്ച പണം കോലാപൂരില്‍ എം.ജി.എഫ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിനായി ഉപയോഗിക്കുകയാണ്് ചെയ്തത്. രക്ഷപ്പെടുത്തിയ കുട്ടിത്തൊഴിലാളികള്‍ക്കായി വീടും നയിതാലിം സ്കൂളും പണിയാനാണ് പണം ഉപയോഗിച്ചത്. 250 കുട്ടികളെ താമസിപ്പിക്കാന്‍ കഴിയുന്ന ഒരു കാമ്പസ് പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
മോണ്ട് ബ്ളാങ്ക് അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് വേണ്ടി എഴുത്തുപകരണങ്ങള്‍ നിര്‍മിച്ചിട്ടുണ്ടാകാം. പക്ഷേ, ബാപ്പുവിനെ ഓര്‍മിക്കുന്ന വസ്തു നിര്‍മിക്കുന്നതുവഴി അവര്‍ക്ക് മാറ്റം വരുമായിരുന്നു. ഞാനൊരിക്കലും മദ്യം, ആയുധം എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ബാപ്പുവിന്‍െറ ചിത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കില്ലായിരുന്നു. ധാര്‍മികത പുലര്‍ത്തുകയും ബാപ്പുവിന്‍െറ വിശ്വാസങ്ങള്‍ക്ക് ഒത്തുപോകുന്നതും, വരുമാനം എല്ലാവരുടെയും നന്മക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്കുമാത്രമേ അനുമതി നല്‍കുമായിരുന്നുള്ളൂ. ഹരിജന്‍ ഫണ്ട് സമാഹരിക്കാന്‍ ബാപ്പു തന്‍െറ ഓട്ടോഗ്രാഫും ഫോട്ടോയും വിറ്റ് സമാനമായത് ചെയ്തിട്ടുണ്ട്. അതിനാല്‍തന്നെ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. ഭാവിയില്‍ സാഹചര്യം ഉയര്‍ന്നുവന്നാല്‍ വീണ്ടുമത് ചെയ്യും.

ഗാന്ധി ഇന്ന് ദലിത് മണ്ഡലത്തില്‍നിന്ന് കടുത്ത വിമര്‍ശങ്ങള്‍ നേരിടുന്നുണ്ട്. അടുത്തിടെ ബി.ആര്‍. അംബേദ്കറുടെ ‘ജാതി ഉന്മൂലനം’ എന്ന പുസ്തകത്തിന് അരുന്ധതി റോയി എഴുതിയ ‘ഡോക്ടറും വിശുദ്ധനും ’എന്ന അവതാരികയില്‍ ജാതി നിലപാടുകളുടെ കാര്യത്തില്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ജാതി ഉന്മൂലനത്തില്‍ ഗാന്ധിയുടെ നിലപാടുകളെ താങ്കള്‍ എങ്ങനെ കാണുന്നു? ഗാന്ധിജി ദലിത് താല്‍പര്യങ്ങള്‍ക്ക് എതിരായിരുന്നോ? 

ദലിതുകളുടെ ചാമ്പ്യന്മാരായി അവകാശപ്പെടുന്ന ചിലര്‍ ബാപ്പു ദലിത് വിരോധിയായിരുന്നുവെന്ന് ആരോപിക്കുന്നത് ബാപ്പുവിന്‍െറ കൊലപാതകികള്‍ ബാപ്പു ഹിന്ദുവിരുദ്ധനാണ് എന്ന് പറയുന്നതുപോലെ അസംബന്ധവും അടിസ്ഥാനരഹിതവുമാണ്. ജാതിവിഷയങ്ങളിലും ജാതി ഇല്ലാതാക്കുന്നതിലും ബാപ്പുവും ബാബ സാഹേബ് അംബേദ്കറും തമ്മില്‍ ഭിന്നത ഉണ്ടായിരുന്നുവെന്നതില്‍ സംശയമില്ല. ആദ്യഘട്ടത്തില്‍ ബാപ്പു വര്‍ണവ്യവസ്ഥയില്‍ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. അതേസമയം തന്നെ ജാതിയുടെ അധികാര ശ്രേണിയെയും ഘടനയെയും എതിര്‍ക്കുകയും ജന്മംകൊണ്ട് ഒരു ജാതിയില്‍പെടുത്തുന്നതിനെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ബാപ്പു വര്‍ണവ്യവസ്ഥയെ തള്ളിക്കളയുകയും ജാതിവ്യവസ്ഥ ഹിന്ദുയിസത്തിലെ ഏറ്റവും വലിയ പാപമായി അപലപിക്കുകയും ചെയ്തു. ബാപ്പു സ്വാംശീകരണത്തില്‍ വിശ്വസിച്ചിരുന്നു. അദ്ദേഹം ഹരിജനങ്ങള്‍ ഹിന്ദുമതത്തിന്‍െറ ഭാഗമാണെന്ന് വിശ്വസിക്കുകയും പരിഷ്കരിക്കപ്പെട്ട ഹിന്ദുക്കളുമായി അവര്‍ സ്വാംശീകരിക്കപ്പെടണമെന്നും അദ്ദേഹം വാദിച്ചു. അംബേദ്കര്‍ക്ക് ഹിന്ദുയിസത്തില്‍ വിശ്വാസം നഷ്ടപ്പെടുകയും തൊട്ടുകൂടാത്തവരെ തുല്യരായി പരിഗണിക്കുന്നത് സ്വീകരിക്കുന്ന രീതിയില്‍ ഹിന്ദുയിസം ഒരിക്കലും പരിഷ്കരിക്കപ്പെടില്ളെന്നും വിശ്വസിച്ചു. ദലിതുകളുടെ ചാമ്പ്യന്മാരായി അവകാശപ്പെടുന്നവര്‍ ദലിത് രാഷ്ട്രീയത്തോട് ആത്മാര്‍ഥതയില്ലാത്തവരും ദലിത് താല്‍പര്യങ്ങള്‍ക്ക് കേവലം വാകൊണ്ട് പിന്തുണ നല്‍കുന്നവരുമാണ്. ദലിതുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. ദലിത് താല്‍പര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയും മിക്ക ദലിത് നേതാക്കളും തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങള്‍ക്കായി സമുദായത്തെ ചൂഷണംചെയ്യുകയും ചെയ്യുന്നു. ബാബാ സാഹെബിന്‍െറ മേലങ്കി അണിയാനായി ദലിത് നേതാക്കള്‍ പരസ്പരം പോരടിക്കുകയും ഫലത്തില്‍ നിഷ്പ്രയോജകരാകുകയും ചെയ്യുന്നു. അവര്‍ ബാപ്പുവിനെതിരെ അധിക്ഷേപം ചൊരിയുന്നത് തങ്ങളുടെ തന്നെ കഴിവില്ലായ്മയില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ്.
അരുന്ധതി റോയി ബാപ്പുവിനെപ്പറ്റി എഴുതിയതാണെങ്കില്‍ അത് അജ്ഞതയും ബാപ്പുവിന്‍െറ രചനകളുടെ ബോധപൂര്‍വമായ തെറ്റായ വ്യാഖ്യാനവുമാണ്. ബാപ്പുവിനെ അവമതിക്കാനുള്ള അരുന്ധതി റോയിയുടെ ശ്രമങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി അമ്മാവനായ രാജ്മോഹന്‍ ഗാന്ധി മനോഹരമായ ലേഖനം എഴുതിയിട്ടുണ്ട്.ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ അവസ്ഥയെ എങ്ങനെ കാണുന്നു? അസഹിഷ്ണുത ശക്തമാകുന്ന അവസ്ഥയില്‍ രാജ്യത്ത് ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രസക്തി കുറയുന്നതായി തോന്നുന്നുണ്ടോ? 

ഇന്ത്യയെ വര്‍ഗീയവത്കരിക്കുകയെന്നത് വര്‍ഗീയവാദികളുടെ രാഷ്ട്രീയ തന്ത്രമാണ്. പുരോഗമന, ലിബറല്‍ ചിന്തകള്‍ നശിപ്പിക്കാനുള്ള പ്രചാരണം വളരെ കൃത്യമായി തന്നെ നടപ്പാക്കുന്നു. വര്‍ഗീയഭ്രാന്തന്മാരുടെ ചിന്തകളും പ്രവൃത്തികളും ദേശസ്നേഹപരമാക്കുകയും പ്രോത്സാഹിക്കപ്പെടുകയും ചെയ്യുന്നു. പ്രതിലോമകരമായ പ്രചാരണങ്ങള്‍ക്ക് വിശ്വാസ്യത ലഭിക്കുകയും ലിബറല്‍ ചിന്താഗതികള്‍ വിമര്‍ശിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യുന്നു. ബീഫ് പ്രശ്നം ജനങ്ങളുടെ ജീവന്‍ കവരുമ്പോള്‍ പ്രധാനമന്ത്രി വിദേശത്ത് അസഹിഷ്ണുതയെപ്പറ്റി ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബുദ്ധനെയും ബാപ്പുവിനെയും ഉദ്ധരിക്കുന്നു. ഇതൊന്നും യഥാര്‍ഥ പ്രതിവിധിയല്ല. മതഭ്രാന്ത്് നമ്മുടെ ഡി.എന്‍.എയിലേക്ക് ആഴത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മനുഷ്യരുടെ ജീവിതത്തിന് മൃഗ ഇറച്ചിയെക്കാള്‍ കുറഞ്ഞ വിലയേ നാം കല്‍പിക്കുന്നുള്ളൂ. എന്നാല്‍, ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല. മാത്രമല്ല, അത് കൂടുന്നതേയുള്ളൂ.

ഭഗത്സിങ്ങിനെപ്പറ്റി നടത്തിയ പരാമര്‍ശത്തിനെതിരെ താങ്കള്‍ക്കെതിരെ ഒരു ബി.ജെ.പി നേതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ‘ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ഭഗത് സിങ് ഒരു ക്രിമിനല്‍’ ആയിരുന്നു എന്ന അഭിപ്രായം താങ്കള്‍ക്കിപ്പോഴുമുണ്ടോ, അതോ തെറ്റായി താങ്കളെ ഉദ്ധരിക്കപ്പെട്ടതാണോ?
ആ സംഭവം എന്നെ താറടിക്കാനും വിവാദം സൃഷ്ടിക്കാനുമുള്ള തെറ്റായ ശ്രമമായിരുന്നു. ജയ്പൂരില്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ എന്തുകൊണ്ട് ശഹീദ് ഭഗത്സിങ്ങിനെ കഴുമരത്തില്‍ നിന്ന് രക്ഷിക്കാന്‍ ബാപ്പു ഒന്നും ചെയ്തില്ളെന്ന് പത്രപ്രവര്‍ത്തകര്‍ എന്നോട് ചോദിച്ചു. അത് ഒരു സിനിമയിലെ തെറ്റായ പ്രതിനിധീകരണത്തില്‍നിന്നുണ്ടായ തെറ്റായ ധാരണയാണ്. ലോര്‍ഡ് ഇര്‍വിനോട് നാല് അവസരങ്ങളില്‍ ഭഗത്സിങ്ങിന്‍െറ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കണമെന്ന് ബാപ്പു ആവശ്യപ്പെട്ടിരുന്നു. ഇത് പറഞ്ഞശേഷം ഞാന്‍ നമുക്ക് ഭഗത്സിങ് ഒരു സ്വാതന്ത്ര്യപോരാളിയും വിപ്ളവനായകനുമാണെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം ഒരു ക്രിമിനല്‍ ആയിരുന്നുവെന്നും പറഞ്ഞു. ഇതായിരുന്നു എന്‍െറ വാക്കുകള്‍. എന്നാല്‍ ഒരു പ്രാദേശിക പത്രത്തിന്‍െറ റിപ്പോര്‍ട്ടര്‍ തെറ്റായി ഞാന്‍ ഭഗത്സിങ് ക്രിമിനലാണെന്ന് കരുതുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ഇത് തെറ്റായതും എനിക്കെതിരെ വിദ്വേഷം നിറഞ്ഞതുമായ ആരോപണമായിരുന്നു. ഞാന്‍ ബാപ്പുവിനെ ആദരിക്കുന്നത്രയുംതന്നെ ഭഗത് സിങ്ങിനെയും ആദരിക്കുന്നുണ്ട്.

വധശിക്ഷയെ താങ്കള്‍ എതിര്‍ക്കുന്നുണ്ടോ?

വധശിക്ഷ അപരിഷ്കൃതമായ നടപടിയായിട്ടാണ് ഞാന്‍ കരുതുന്നത്. ഒരു പരിഷ്കൃത സമൂഹത്തില്‍ വധശിക്ഷക്ക് ഒരു സ്ഥാനവുമില്ല. വധശിക്ഷയെന്നത് നിയമപരമായി അനുവദിക്കപ്പെട്ട കൊലപാതകമാണ്. അത് കുറ്റകൃത്യത്തിനുള്ള പരിഹാരവുമല്ല.

ലിംഗനീതി, സ്വവര്‍ഗാനുരാഗംപോലുള്ള വിഷയങ്ങളിലെ സമീപനമോ?

ഞാന്‍ സ്വവര്‍ഗാനുരാഗത്തെ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നില്ല. രണ്ടു മുതിര്‍ന്ന വ്യക്തികള്‍ തമ്മിലുള്ള സ്വതന്ത്ര തെരഞ്ഞെടുപ്പാവണം ലൈംഗിക കാര്യത്തില്‍ ഉണ്ടാവേണ്ടത്. സ്വവര്‍ഗാനുരാഗം ക്രിമിനല്‍വത്കരിക്കുന്നതിന് ഞാന്‍ എതിരാണ്. ലിംഗവിവേചനം അധാര്‍മികവും പ്രകൃതിക്ക് എതിരുമാണ്. അത് അപലപിക്കപ്പെടേണ്ടതുണ്ട്. അന്തസ്സിനുള്ള അവകാശം (റൈറ്റ് ഓഫ് ഡിഗിനിറ്റി)യില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ലിംഗസമത്വം നടപ്പാക്കാനായി നമ്മള്‍ പ്രവര്‍ത്തിക്കണം. നമ്മുടെ ഭരണഘടന തുല്യതയെപ്പറ്റി പ്രതിഷ്ഠിക്കുന്നുണ്ടെങ്കിലും നമ്മുടെ നടപടി അതില്‍നിന്ന് വളരെ ദൂരത്താണ്.

‘അപരിഷ്കൃതരെ പരിഷ്കൃത’രാക്കുന്നുവെന്ന പേരില്‍ ക്രിസ്തുമതപ്രചാരകര്‍ നടത്തിയ അതിക്രമങ്ങള്‍ ഐ.എസും ബോകോഹറാമും നടത്തുന്ന അക്രമങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല എന്ന് അടുത്തിടെ താങ്കള്‍ പറഞ്ഞിരുന്നു. എന്താണ് ഇത്തരം നിലപാടിന് അടിത്തറ? 


ഞാന്‍ പറഞ്ഞത് ശരിയാണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. നാഗരികതയുടെ പേരില്‍ നടത്തിയ കൂട്ടക്കൊലകള്‍ക്കും അപരിഷ്കൃതരുടെ നരഹത്യകള്‍ക്കും ഇന്നത്തെ ഭീകരവാദികള്‍ നടത്തുന്ന അക്രമവുമായാണ് താരതമ്യം. മതത്തിന്‍െറയും മതാത്മകതയുടെയും ശൂന്യതയാണ് ഭീകരവാദം. അതെന്നത് കീഴ്പ്പെടുത്തലിന്‍െറ ഉപകരണമാണ്. നാഗരികര്‍\പരിഷ്കൃതര്‍ എന്ന് അവകാശപ്പെടുന്നവരാണ്് അവര്‍ അപരിഷ്കൃതര്‍ എന്ന് അധിക്ഷേപിച്ചവര്‍ക്ക് നേരെ ഏറ്റവും അപരിഷ്കൃതമായി പെരുമാറിയിട്ടുള്ളത്.
‘ഗാന്ധി മലാ ഭേത്ല’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യം ഉന്നയിച്ച ദത്താത്രേയ് ഗുര്‍ജാറിനെ താങ്കള്‍ പിന്തുണച്ചിരുന്നു. അതുപോലെ അടുത്തിടെ അസഹിഷ്ണുതയുടെ ഇരയായ അമീര്‍ഖാനെയും. എന്താണ് ഇത്തരം വ്യക്തികളെ പിന്തുണച്ച് രംഗത്തുവരാന്‍ പ്രേരിപ്പിക്കുന്നത്? 

അഭിപ്രായങ്ങളോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള വിശ്വാസമാണ് അതിന് കാരണം. രണ്ട് സംഭവങ്ങളിലും തെറ്റായ ധാരണകളുടെ പുറത്താണ് വിവാദം ഉണ്ടായത്. വ്യക്തികള്‍ പറയുന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പുണ്ടാവില്ളെങ്കിലും അത്തരം അഭിപ്രായം പറയാനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ ഞാനെന്നും ശ്രമിക്കും. അഭിപ്രായം അടിച്ചമര്‍ത്താനും ശബ്ദങ്ങള്‍ നിശ്ശബ്ദമാക്കാനുമുള്ള ഏതൊരു ശ്രമത്തെയും ഞാന്‍ എതിര്‍ക്കും. അപൂര്‍വ് എന്നതിനെ ആരാധിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ കാപട്യത്തിനും അഴിമതിക്കുമെതിരെ ആക്ഷേപഹാസ്യം പടക്കുകയായിരുന്നു ഗുര്‍ജാര്‍. അദ്ദേഹം ഉപയോഗിച്ചത് മോശം ഭാഷയും നിന്ദ്യമായ ഉദാഹരണങ്ങളുമാണ് ഗാന്ധിയെ വീണ്ടെടുക്കാന്‍ എന്ന പേരില്‍ ചെയ്തത് എന്ന് ഞാന്‍ സമ്മതിക്കുന്നു. ബാപ്പുവിനെ അധിക്ഷേപിച്ചിരുന്നെങ്കില്‍പോലും അദ്ദേഹത്തിന് എതിരെയുള്ള പ്രോസിക്യൂഷനെ എതിര്‍ക്കുമായിരുന്നു. അദ്ദേഹം കള്ളമാണ് എഴുതിയിരുന്നതെങ്കില്‍ സത്യംകൊണ്ട് എതിരിടുമായിരുന്നു. എന്നാല്‍പോലും ആരും ഗുര്‍ജാറിനെ നിശ്ശബ്ദമാക്കാന്‍ ഞാന്‍ അനുവദിക്കില്ലായിരുന്നു.
അമീര്‍ ഖാന്‍ വിവാദപരമായ ഒന്നും പറഞ്ഞില്ല. ശരിയായ ആകുലതകളാണ് അദ്ദേഹം പങ്കുവെച്ചത്. അമീര്‍ ഖാന്‍ ഇന്ത്യയെ അധിക്ഷേപിച്ചില്ല. അദ്ദേഹം സ്നേഹം, സഹിഷ്ണുത എന്നിവയെപ്പറ്റിയും മതേതര, ലിബറല്‍ ഇന്ത്യയെപ്പറ്റിയുള്ള ഉത്കണ്ഠകളുമാണ് പങ്കുവെച്ചത്. അത് ആരെയെങ്കിലും അവഹേളിക്കാനുള്ള ഉദ്ദേശ്യത്തോടെയുമായിരുന്നില്ല. ഈ നാടിനോടുള്ള സ്നേഹത്തില്‍നിന്നാണ് ആ ആകുലതകള്‍ ഉടലെടുത്തത്. ഉണ്ടായ പ്രതികരണം അദ്ദേഹം പറഞ്ഞതിനോടുള്ളതിനെക്കാള്‍ അദ്ദേഹം ഒരു ഖാനാണ് എന്നതിനോടായിരുന്നു.
നാഥുറാമിന്‍െറ ‘മേ ഇറ്റ് പ്ളീസ് യുവര്‍ ഓണര്‍’ എന്ന പ്രസ്താവന നിരോധിച്ചതിനെയും ഞാന്‍ എതിര്‍ത്തിട്ടുണ്ട്. അത് നുണകളും അര്‍ധസത്യങ്ങളും നിറഞ്ഞതാണ് എന്നു വിശ്വസിക്കുമ്പോഴും അതിനെ ഇല്ലാതാക്കുന്നതിന് പകരം സത്യങ്ങള്‍കൊണ്ട് എതിരിടാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ പ്രസ്താവന നാഥുറാം എഴുതിയതാണ് എന്ന് ഞാന്‍ കരുതുന്നില്ല. അത്തരം നല്ല ഭാഷയില്‍ എഴുതാന്‍ നാഥുറാമിന് കഴിവില്ലായിരുന്നു. അത് ചെങ്കോട്ടയിലെ പ്രത്യേക ജയിലില്‍ തടവറയില്‍ കിടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന സവര്‍ക്കര്‍ എഴുതി നല്‍കിയതാവണം. ‘മി നാഥുറാം ബോല്‍തെ’ എന്ന നാടകത്തിന്‍െറ നിരോധത്തെയും ഞാന്‍ എതിര്‍ത്തിരുന്നു. നമ്മള്‍ അത്തരം കാര്യം അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് ന്യായയുക്തത ലഭിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പ്രചാരങ്ങളെ സത്യംകൊണ്ടും ബൗദ്ധികതകൊണ്ടും എളുപ്പത്തില്‍ മറികടക്കാനാവും.

മുംബൈയിലെ ശിവസേന രാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കും? താങ്കള്‍ക്ക് ഇപ്പോഴും ഭീഷണിയുണ്ടോ?
ശിവസേന അവസരവാദത്തില്‍ മുങ്ങിയിരിക്കുന്നു. അതിന് തങ്ങളുടെ പിന്തുണാടിത്തറയില്‍ നല്ല പങ്കിനെയും നഷ്ടപ്പെട്ടുകഴിഞ്ഞു. ഭരണകക്ഷിയായ ബി.ജെ.പിയുമായി അതിനുള്ളത് കാപട്യം നിറഞ്ഞ ബന്ധമാണ്. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പി നയത്തോടുള്ള അതിന്‍െറ വിമര്‍ശം പരിഹാസ്യമാണ്. മുംബൈ കോര്‍പറേഷനിലെ ദുര്‍ഭരണം മുംബൈക്കാരുടെ കടുത്ത എതിര്‍പ്പിനും കാരണമായി. ഞാനെന്നും ശിവസേനയുടെ നയങ്ങളെയും അതിന്‍െറ തെമ്മാടിത്ത സ്വഭാവത്തെയും വിമര്‍ശിച്ചിട്ടുണ്ട്; അവരുടെ പുഷ്കലകാലത്തും. അവരുടെ ആയുധ കടന്നാക്രമണങ്ങളെയോ ഭീഷണികളെയോ ഞാന്‍ ഭയക്കുന്നില്ല.

താങ്കളുടെ അച്ഛന്‍ അരുണ്‍ മണിലാല്‍ ഗാന്ധി അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ്. അമേരിക്കയിലാണ് താമസം. എന്താണ് താങ്കളുടെ കുട്ടിക്കാലം? അച്ഛനെയും മറ്റുള്ളവരെയും പറ്റിയുള്ള ഓര്‍മകള്‍ എത്തരത്തിലുള്ളതാണ്? 
കുട്ടിക്കാലത്തെ ഓര്‍മകള്‍ മനസ്സില്‍ നിറഞ്ഞുനില്‍പുണ്ട്. കുട്ടിക്കാലത്ത് മാതാപിതാക്കളും മുത്തശ്ശിമാരും പ്രധാനപ്പെട്ട പാഠങ്ങള്‍ പറഞ്ഞുനല്‍കി. അത് വ്യക്തിയെന്ന രീതിയില്‍ വികാസത്തിന് സഹായിച്ചിട്ടുണ്ട്. ഞാന്‍ വളര്‍ന്നത് കഷ്ടപ്പെടുന്ന ഒരു ഇടത്തരം കുടുംബത്തിലാണ്. ഞങ്ങള്‍ക്ക് വലിയ സൗകര്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നാലും സംതൃപ്തരായിരുന്നു. അച്ഛന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രൊബേഷനറി ട്രെയിനി റിപ്പോര്‍ട്ടറായാണ് ജോലി തുടങ്ങിയത്. മാസം 150 രൂപ ശമ്പളമായിരുന്നു അദ്ദേഹത്തിന്‍െറ വരുമാനം. വളര്‍ന്നത് ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ഫ്ളാറ്റിലാണ്. അതൊരു ചെറിയ വീടായിരുന്നു, എന്നാല്‍ വലിയ ഹൃദയമുള്ള വീട്. ഞങ്ങളുടെ വീട് എന്നും സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കും. അമ്മ നഴ്സായിരുന്നു. അത് ഉപേക്ഷിച്ച് അമ്മ വീടിന്‍െറ മേല്‍നോട്ടമേറ്റു. ഉദാരമതിയായ ആതിഥേയയായിരുന്നു അമ്മ. ആര്‍ക്കും ഭക്ഷണവും താമസവും വീട്ടില്‍ നിഷേധിച്ചില്ല; മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും. ഞങ്ങള്‍ക്ക് മൃഗസംരക്ഷണവും ഉണ്ടായിരുന്നു. തന്‍െറ നഴ്സിങ് പാടവം അമ്മ മുറിവേറ്റ മൃഗങ്ങളെയും പക്ഷികളെയും സംരക്ഷിക്കാനും ചികിത്സിക്കാനും വിനിയോഗിച്ചു.
ഞങ്ങള്‍ ചെറിയ ബജറ്റിലാണ് ജീവിച്ചത്. എന്നാല്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് അഭാവമുണ്ടായിരുന്നില്ല. അച്ഛന് പണ്ഡിറ്റ് നെഹ്റുവുമായി പ്രത്യേകവും ഊഷ്മളവുമായ ബന്ധമുണ്ടായിരുന്നു. എന്നാല്‍, ഒരു ആനുകൂല്യവും നെഹ്റുവില്‍നിന്ന് സ്വീകരിച്ചിരുന്നില്ല. ഇത് അന്തസ്സ്, വ്യക്തിപരമായ സത്യന്ധത എന്നിവയെപ്പറ്റിയുള്ള വലിയ പാഠങ്ങള്‍ പകര്‍ന്നു.

പത്ത് വര്‍ഷം മുമ്പ്, ഉപ്പു സത്യഗ്രഹമാര്‍ച്ചിന്‍െറ 75ാം വാര്‍ഷികത്തില്‍ നിങ്ങള്‍ അഹ്മദാബാദില്‍നിന്ന് ദണ്ഡിയിലേക്ക് ഗാന്ധി നടത്തിയ മാര്‍ച്ചിനെ പുനരാവിഷ്കരിച്ചിരുന്നു. ഈ മാര്‍ച്ചിലെ പ്രധാനപ്പെട്ട നിമിഷങ്ങള്‍ പങ്കുവെക്കാമോ?
ദണ്ഡിമാര്‍ച്ച് വ്യക്തിപരമായ വെല്ലുവിളിയായിരുന്നു. എന്‍െറ മൂന്ന് പൂര്‍വികര്‍ യഥാര്‍ഥ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ബാപ്പു, മുത്തശ്ശന്‍ മണിലാല്‍, അച്ഛന്‍െറ ബന്ധു കാന്തിലാല്‍ ഗാന്ധി എന്നിവരാണ് അത്. ദണ്ഡിപാതയില്‍ പൂര്‍വികര്‍ ചെയ്തതുപോലെ നടക്കുക എന്നത് എപ്പോഴും വെല്ലുവിളിയായി അനുഭവപ്പെട്ടു. ദണ്ഡിയാത്രയുടെ 75ാം വാര്‍ഷികത്തില്‍ സ്വയം അത്തരം യാത്രയെ അഭിമുഖീകരിക്കാനും വെല്ലുവിളി ഏറ്റെടുക്കാനും ഞാന്‍ നിശ്ചയിച്ചു. സഹയാത്രികരെ തേടാന്‍ തീരുമാനിച്ചു. പെട്ടെന്നുതന്നെ 950 പേരെ കണ്ടത്തൊനായി. അതില്‍ 90 പേര്‍ ലോകമെമ്പാടുംനിന്നുള്ളവരായിരുന്നു. പാകിസ്താനില്‍നിന്ന്, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനിന്‍െറ പത്താന്‍ അനുയായികളായ ഖുദൈ ഖിദ്മദ്ഗാറുമുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ചുവന്ന പത്താനി സൂട്ടുമണിഞ്ഞ് ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ ഞങ്ങളോട് തോളോട് തോള്‍ ചേര്‍ന്നു നടന്നു. ആ സമയത്ത് ഗുജറാത്ത് 2002ല്‍ നടന്ന വംശഹത്യയില്‍നിന്ന് വിമുക്തമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. വര്‍ഗീയ രാഷ്ട്രീയത്തിന്‍െറ ലബോറട്ടറിയായി ഗുജറാത്തിനെ സംഘ് മാറ്റിയപ്പോള്‍ വെറുപ്പ് ജനങ്ങളുടെ മനസ്സില്‍ ചിട്ടയായി അടിച്ചേല്‍പിച്ചിരുന്നു.
വ്യക്തിപരമായും സംഘാടകപരവുമായ വെല്ലുവിളികള്‍ മാര്‍ച്ച് നേരിട്ടു. മാര്‍ച്ച് തുടങ്ങുംമുമ്പ് ഉച്ചക്ക് ജാഥയിലുള്ളവര്‍ക്ക് വെള്ളത്തിന് വേണ്ട ഒരു ക്രമീകരണവും ഒരുക്കിയിട്ടില്ളെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ബാപ്പുവിന്‍െറ കാലത്തില്‍നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിലെ കിണറുകളെ ആശ്രയിക്കുന്നതില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. ഞങ്ങള്‍ കൂടുതല്‍ നഗരവത്കരിക്കപ്പെട്ടിരുന്നുവെന്നതാണ് അതിന് കാരണം. അതിനാല്‍ ഞങ്ങള്‍ക്ക് വെള്ളം വിതരണം ചെയ്യാന്‍ കഴിയുന്ന ആരെയെങ്കിലും തേടി. ആദ്യ രണ്ട് ദിവസം മാത്രം വെള്ളം നല്‍കാമെന്ന് സമ്മതിച്ച ഒരു വിതരണക്കാരനെ ലഭിച്ചു. രാത്രിയോടെ മുഴുവന്‍ യാത്രക്കിടയിലും വെള്ളം വിതരണം ചെയ്യുന്ന രീതിയില്‍ അദ്ദേഹത്തെക്കൊണ്ട് സമ്മതിപ്പിക്കാനായി. ഇതൊരു വലിയ വെല്ലുവിളിയായിരുന്നു.
ശാരീരിക വെല്ലുവിളി അത്രത്തോളംതന്നെ ശക്തമായിരുന്നു. ശരീരം യാത്ര ഉപേക്ഷിക്കാന്‍ പല അവസരങ്ങളിലും നിര്‍ബന്ധിച്ചു. മുമ്പ്് എപ്പോഴും അവഗണിച്ചിരുന്ന ആന്തരികശബ്ദം വേദനിക്കുന്ന പാദങ്ങളെ വീണ്ടും ചുവടുവെക്കാന്‍ പ്രേരിപ്പിച്ചു. രാത്രിയാകുമ്പോഴേക്ക് തളരും. രാവിലെ ശരീരം മരവിച്ച്, അവയവങ്ങള്‍ വേദനിക്കുന്ന പ്രത്യേക അവസ്ഥയിലാവും. പക്ഷേ, ആന്തരിക ശബ്ദം അത് അവഗണിച്ച് മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചു. ദണ്ഡിയിലെ കടപ്പുറത്ത് എത്തുന്നത് ഞാന്‍ കാലിന്‍െറ കഴിവിനെക്കാള്‍ ആന്തരിക ശബ്ദത്തിന്‍െറ കരുത്തിലായിരുന്നു. ഈ യാത്ര ജീവിതം മാറ്റിമറിക്കുന്നതായിരുന്നു. ഈ മാര്‍ച്ചില്‍ അദ്ഭുതകരമായ കാര്യം സംഭവിച്ചു. ബാപ്പുവിനെയും അദ്ദേഹത്തിന്‍െറ 80 അംഗ സംഘത്തെയുംപോലെ ഞങ്ങളും തിങ്കളാഴ്ചകളിലാണ് വിശ്രമിച്ചത്. ഇന്ത്യക്കാര്‍ക്കും പാകിസ്താന്‍കാര്‍ക്കും പതിവെന്നപോലെ ഞങ്ങള്‍ ഇടവേളയില്‍ ക്രിക്കറ്റ് കളിച്ചു. ഞങ്ങള്‍ പരസ്പരം ഇടകലര്‍ന്ന് സൗഹൃദ മത്സരങ്ങള്‍ നടത്തി. സൂറത്തില്‍വെച്ച് മാര്‍ച്ചിനിടയില്‍ ഞങ്ങള്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നടത്തി. അദ്ഭുതപ്പെടുത്തുന്ന രീതിയില്‍ അതൊരു ഇന്ത്യ-പാക് മത്സരമായി. അതിന് അംപയറായി നിന്നത് രണ്ട് ബ്രിട്ടീഷുകാരായ സംഘാംഗങ്ങളായിരുന്നു. ഈ വിരോധാഭാസം കണ്ട് ബാപ്പു നിശ്ചയമായും ചിരിച്ചിട്ടുണ്ടാകും.

താങ്കള്‍ ഒരിക്കല്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് കോണ്‍ഗ്രസിലും. എന്തുകൊണ്ടാണ് സമാജ്വാദി പാര്‍ട്ടി വിട്ടത്? കുഴപ്പങ്ങള്‍ നിറഞ്ഞ ഇക്കാലത്ത് രാജ്യം നയിക്കാനുള്ള യഥാര്‍ഥ ബദലായി താങ്കള്‍ കോണ്‍ഗ്രസിനെ കാണുന്നുണ്ടോ? 

സമാജ്വാദി പാര്‍ട്ടിയില്‍ ഞാന്‍ ചേര്‍ന്നത് ഒരു അബദ്ധമായിരുന്നു. രാഷ്ട്രീയ മേഖലയില്‍ സജീവമാകാനാവാതെ ഞാന്‍ നിരാശനായിരുന്നു. അതിനാല്‍ കിട്ടിയ ഏത് അവസരവും ഉപയോഗിക്കാനുള്ള ശ്രമത്തിലായിരുന്നു. ഞാന്‍ ബാപ്പുവിന്‍െറ ട്രസ്റ്റിഷിപ് ആദര്‍ശത്തിലും ലോഹ്യയുടെയും ജയപ്രകാശ് നാരായണന്‍െറയും സോഷ്യലിസത്തിലും വിശ്വസിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയാണ് എന്നെ സംബന്ധിച്ച് മാതൃകാപരമായ ഇടം എന്ന് കരുതി. പിന്നീട് അതിന്‍െറ ആശയശാസ്ത്രമില്ലായ്മയും കാപട്യവും മനസ്സിലായി. ഒന്നരവര്‍ഷത്തിന് ശേഷം അത് അസഹനീയമായി. തെറ്റ് തിരുത്താന്‍ തീരുമാനിച്ചു; സമാജ്വാദി പാര്‍ട്ടി വിട്ടു. അപ്പോഴും എനിക്ക് രാഷ്ട്രീയ അഭിവാഞ്ഛകള്‍ ഉണ്ടായിരുന്നു. അതിനാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഞാന്‍ വിശ്വസിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ധിക്കുന്ന വര്‍ഗീയവത്കരണത്തെയും സംഘ് രാഷ്ട്രീയത്തിന്‍െറ വര്‍ധിക്കുന്ന സ്വാധീനത്തിനും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനാകുമെന്നാണ്. ഒരു രാഷ്ട്രീയക്കാരന്‍ എന്ന നിലയിലെ കഴിവിനെപ്പറ്റി എനിക്ക് സംശയം തോന്നിത്തുടങ്ങിയെങ്കിലും അത് അംഗീകരിക്കാന്‍ മനസ്സ് കൂട്ടാക്കിയിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് സീറ്റ് ലഭിക്കുക എന്ന ശ്രമം പരാജയപ്പെട്ടപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്മാറി. എന്‍െറ അഭാവം കോണ്‍ഗ്രസിന് പ്രശ്നമേ ആയിരുന്നില്ല. കോണ്‍ഗ്രസിന് വര്‍ഗീയശക്തികള്‍ക്കെതിരെ വെല്ലുവിളിയാകാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. പക്ഷേ, കോണ്‍ഗ്രസ് സ്വയം കണ്ടത്തെുകയും മൃതാശയങ്ങളില്‍നിന്ന് മുക്തമാവുകയും വേണം. അത് വേരുകളിലേക്ക് തിരിച്ചുപോകുകയും നെഹ്റുവിയന്‍ ലിബറല്‍, മതേതരത്വ, ജനാധിപത്യ മൂല്യങ്ങള്‍ വീണ്ടെടുത്ത് ദീര്‍ഘദര്‍ശനമുള്ളതുമായി മാറണം. അപ്പോള്‍ മാത്രമേ വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്താനും രാജ്യത്തെ നയിക്കാനും കഴിയൂ.‘ലെറ്റ്സ് കില്‍ ഗാന്ധി’ എന്ന പുസ്തകത്തില്‍ ഗാന്ധിജിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതിന് ബ്രാഹ്മണരെ നിങ്ങള്‍ കുറ്റപ്പെടുത്തുന്നുണ്ട്. എല്ലാ ബ്രാഹ്മണരെയും കുറ്റപ്പെടുത്തുന്നതായി വിമര്‍ശകര്‍ താങ്കള്‍ക്കെതിരെ ആരോപണം ചൊരിഞ്ഞു. എന്താണ് ആ പുസ്തകരചനക്ക് താങ്കളെ പ്രേരിപ്പിച്ചത്?
രോഷത്തില്‍നിന്നാണ് ‘ലെറ്റ്സ് കില്‍ ഗാന്ധി’ ജനിക്കുന്നത്. ബാപ്പുവിന്‍െറ ഘാതകരായ ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ട പ്രചാരണത്തിലാണ് എനിക്ക് ദേഷ്യം തോന്നിയത്. ‘ഗാന്ധിയന്മാരുടെ’ മൗനം എന്നെ കൂടുതല്‍ രോഷം കൊള്ളിച്ചു. അങ്ങനെ സത്യം സ്വയം കണ്ടത്തെണമെന്നും അത് ജനങ്ങളുമായി പങ്കുവെക്കണമെന്നുമുള്ള തീരുമാനത്തില്‍ ഞാന്‍ എത്തി. ബാപ്പുവിന്‍െറ കൊലപാതകത്തിന് മൊത്തം ബ്രാഹ്മണ സമുദായത്തെ കുറ്റപ്പെടുത്തുന്ന തരത്തില്‍ എനിക്കെതിരെ ഉയര്‍ന്ന വികാരം ഒരു റിപ്പോര്‍ട്ടറുടെ ബോധപൂര്‍വമായ തെറ്റായ റിപ്പോര്‍ട്ടിങ്ങിന്‍െറ ഫലമായാണ്. ബാപ്പുവിന്‍െറ കൊലപാതകത്തിന് ഞാന്‍ ബ്രാഹ്മണരെ കുറ്റപ്പെടുത്തിയെന്ന രീതിയില്‍ പി.ടി.ഐ റിപ്പോര്‍ട്ടര്‍ എഴുതുന്നത് ഞാന്‍ കണ്ടു. ഞാന്‍ പറഞ്ഞത് ബാപ്പുവിന്‍െറ കൊലപാതകത്തിന് കുറ്റമാരോപിക്കപ്പെട്ട എല്ലാവരും ബ്രാഹ്മണരാണെന്നും അവരെ പിന്തുണച്ച എല്ലാവരും ബ്രാഹ്മണരാണെന്നുമാണ്. ഞാനത് അന്നേരംതന്നെ ആ റിപ്പോര്‍ട്ടര്‍ക്ക് തിരുത്തി പറഞ്ഞുകൊടുത്തു. എന്നാല്‍, ആ റിപ്പോര്‍ട്ടര്‍ തെറ്റായ കാര്യം പറഞ്ഞുതന്നെയാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. ബ്രാഹ്മണര്‍ എന്നില്‍നിന്ന് വാസ്തവം തേടാതെ രോഷാകുലരായി. ‘ലെറ്റ്സ് കില്‍ ഗാന്ധി’ എന്ന പുസ്തകത്തില്‍ എഴുതിയ ഓരോ വാക്കിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ബാപ്പുവിന്‍െറ കൊലപാതകത്തോടും അതിനെ ന്യായീകരിക്കാനുള്ള കള്ളങ്ങളോടും എനിക്ക് തോന്നിയ ദേഷ്യം അകറ്റാന്‍വേണ്ടിയാണ് എഴുതിയതെങ്കിലും ആ പുസ്തകത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.

പുണെയില്‍ ചെന്ന് എഴുപതുകളില്‍ ഗോപാല്‍ ഗോദ്സെയെ താങ്കള്‍ കണ്ടിരുന്നു. മുത്തശ്ശിയും ഗോപാല്‍ ഗോദ്സെയെ സന്ദര്‍ശിക്കാനും മാപ്പുനല്‍കാനും ആഗ്രഹിച്ചിരുന്നതായി താങ്കള്‍ പറഞ്ഞിരുന്നു. അക്കാലത്ത് ഗോദ്സെ കുടുംബം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ആ കൂടിക്കാഴ്ചയെപ്പറ്റി പറയാമോ? 
എഴുപതുകളില്‍ ഒരു സന്ദര്‍ശനത്തിനിടെ മുത്തശ്ശി പുണെയില്‍ ഗോദ്സെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അക്കാലത്ത് വധക്കേസില്‍ ജയിലില്‍നിന്ന് ഗോപാല്‍ ഗോദ്സെ മോചിതനായതേ ഉണ്ടായിരുന്നുള്ളൂ. കുടുംബത്തോടൊപ്പം ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു ഗോപാല്‍ ഗോദ്സെ. ഞങ്ങള്‍ അവരോട് ക്ഷമിച്ചിരിക്കുന്നുവെന്നും അവര്‍ക്കെതിരെ ദേഷ്യം പുലര്‍ത്തുന്നില്ളെന്നും അറിയിക്കാന്‍ മുത്തശ്ശി ആഗ്രഹിച്ചു. അതിനാലായിരുന്നു സന്ദര്‍ശനം. കാലം പെട്ടെന്ന് മാറി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗോപാല്‍ ഗോദ്സെ മതഭ്രാന്തരുടെ പോസ്റ്റര്‍ ബോയിയായി മാറി. ബാപ്പുവിന്‍െറ മരണത്തെ ന്യായീകരിക്കാനും തുടങ്ങി. അവരുടെ പ്രവൃത്തിക്കുള്ള ഞങ്ങളുടെ അംഗീകാരമായി ഗോപാല്‍ ഗോദ്സെ ഞങ്ങളുടെ സന്ദര്‍ശനം പരാമര്‍ശിക്കാനും തുടങ്ങി. അപ്പോള്‍ അതായി കൂടിക്കാഴ്ചയുടെ വ്യാഖ്യാനം. ഒരിക്കലും ഗോപാല്‍ഗോദ്സെയുടെ ചെയ്തികളെ ഞങ്ങള്‍ അംഗീകരിച്ചിട്ടില്ല.

ഗാന്ധി കുടുംബത്തില്‍ ആളുകള്‍ക്ക് എളുപ്പത്തില്‍ സമീപിക്കാവുന്ന അംഗങ്ങളില്‍ ഒരാളാണ് താങ്കള്‍. എന്നാല്‍, നിങ്ങള്‍ ‘പീലി ചണ്ഡി’ മാര്‍ എന്ന് വിളിക്കുന്ന ആര്‍.എസ്.എസ് നേതാക്കളും കേഡര്‍മാരും ട്വിറ്ററില്‍ നിങ്ങളെ എപ്പോഴും ആക്രമിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ട്വിറ്ററിലാകട്ടെ നിങ്ങള്‍ക്ക് വലിയ ഫോളോവേഴ്സുമുണ്ട്. സൈബര്‍ ആക്ടിവിസത്തെപ്പറ്റി എന്തു പറയും? അതാണോ വിപുലമായ വൃത്തത്തിലേക്ക് താങ്കളെ എത്തിക്കുന്നത്? 

സോഷ്യല്‍ മീഡിയയുടെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാല്‍തന്നെ വിശ്വസിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഞാനത് നന്നായി ഉപയോഗിക്കുന്നു. ഞാനൊരിക്കലും ഈ മാധ്യമം സ്വന്തം പബ്ളിസിറ്റിക്കായി ഉപയോഗിച്ചിട്ടില്ല. ആളുകള്‍ ഞാനൊരു പബ്ളിസിറ്റി തല്‍പരനാണെന്ന തലത്തില്‍ ആക്ഷേപിച്ചിട്ടുണ്ട്. പക്ഷേ, ഞാനൊരിക്കലും എന്നെ പ്രമോട്ട് ചെയ്യാന്‍ മാധ്യമം ഉപയോഗിച്ചിട്ടില്ല. ഞാന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കായാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത്. ഇതാവണം കുടുംബത്തില്‍ ഏറ്റവും ദൃശ്യപരത എനിക്ക് നല്‍കുന്നത്.
ട്വിറ്ററില്‍ എനിക്ക് പോരാടുന്ന വ്യക്തിയായി തുടരേണ്ടിവരുന്നു എന്നത് സത്യമാണ്. സോഷ്യല്‍മീഡിയയില്‍ ‘പീലി ചണ്ഡി’മാര്‍ക്ക് അഥവാ സംഘികള്‍ക്ക് വലിയ സാന്നിധ്യവും സ്വാധീനവുമുണ്ട്. അവര്‍ വെറുപ്പ്, അസഹിഷ്ണുത, വര്‍ഗീയവേര്‍തിരിവിന് ഉതകുന്ന വാര്‍ത്തകള്‍ എന്നിവ പ്രചരിപ്പിക്കാനായി ശ്രമിക്കുന്നു. അതിനാല്‍തന്നെ അവരെ എതിരിടാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു. ട്വിറ്ററില്‍ വളരെയേറെ പേര്‍ എന്നെ പിന്തുടരുന്നതും പോസ്റ്റുകള്‍ വായിക്കുന്നതും സന്തോഷകരമാണ്. അവിടെ ഞാന്‍ ഹൃദയംകൊണ്ട് സംസാരിക്കുകയും സ്വന്തം നിശ്ചയപ്രകാരം ‘പീലി ചണ്ഡി’കള്‍ക്കെതിരെ പോരാട്ടം നടത്തുകയും ചെയ്യുന്നു.

താങ്കള്‍ സ്ഥാപിച്ച മഹാത്മാ ഗാന്ധി ഫൗണ്ടേഷന്‍െറ പ്രവര്‍ത്തനങ്ങളെപ്പറ്റി കൂടുതല്‍ വ്യക്തമാക്കാമോ? 

ബാപ്പുവുമായി ബന്ധപ്പെട്ട എല്ലാത്തിനും ഒരു ഡിജിറ്റല്‍ ആര്‍ക്കൈവ്സ് രൂപവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗാന്ധി ഫൗണ്ടേഷന്‍ ഞാന്‍ സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ഈ ലക്ഷ്യത്തിന് സിലിക്കോണ്‍ വാലി ഇന്ത്യന്‍ ഐ.ടി സംരംഭകരില്‍നിന്ന് വലിയ ഗ്രാന്‍റ് വാഗ്ദാനം ചെയ്യപ്പെട്ടു. അതിനാല്‍ ഞങ്ങള്‍ പദ്ധതിക്ക് തുടക്കംകുറിച്ചു. വാഗ്ദാനം ചെയ്യപ്പെട്ട തുകയുടെ പകുതിയേ യാഥാര്‍ഥ്യമാക്കാനായുള്ളൂ. ബാക്കി ലഭിച്ചില്ല. കിട്ടിയ പണം ചെലവഴിച്ചുകഴിഞ്ഞിരുന്നു. അതോടെ പദ്ധതി പൊളിഞ്ഞു. പക്ഷേ, അപ്പോഴേക്കും വളരെയധികം മള്‍ട്ടിമീഡിയ കണ്ടന്‍റ് ഞങ്ങള്‍ ഡിജിറ്റലൈസ് ചെയ്തിരുന്നു. അത് എല്ലാം www.mahatma.org.in ല്‍ ലഭ്യമാണ്. ബാപ്പുവിനെപ്പറ്റി സമഗ്രമായ വിവരങ്ങള്‍ അടങ്ങിയ വെബ്സൈറ്റുകളില്‍ ഒന്നാണത്. ഗാന്ധിജിയെപ്പറ്റിയുള്ള വിവരങ്ങള്‍ക്ക് ഇപ്പോഴും കൂടുതല്‍ പേര്‍ തിരയുന്ന സൈറ്റുകളില്‍ ഒന്നാണത്. നിരവധി തവണ വൈറ്റ്ഹൗസ് പോലും ഞങ്ങളെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്്.
രക്ഷപ്പെടുത്തിയ കുട്ടിത്തൊഴിലാളികള്‍ക്കായി കോലാപൂരില്‍ നയിതാലിം സ്കൂളും വീടും പണിയാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഗാന്ധി ഫൗണ്ടേഷന്‍. ഞങ്ങള്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങിക്കുകയും കെട്ടിടംപണി തുടങ്ങുകയും ചെയ്തു. എന്നാല്‍ കാമ്പസ് പണിയാനായി പണം കണ്ടെത്തേണ്ടതുണ്ട്.
സമാധാനം, അക്രമരാഹിത്യം തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെ ഉള്‍പ്പെടുത്തി വിദേശത്ത് ഫൗണ്ടേഷന്‍െറ ചാപ്റ്ററുകള്‍ തുടങ്ങുന്നതിനും ഫൗണ്ടേഷന്‍ പ്രോത്സാഹനം നല്‍കുന്നു. ഇതിനകം മെക്സിക്കോയില്‍ ഒരു ചാപ്റ്റര്‍ തുടങ്ങിയിട്ടുണ്ട്. വെനിസ്വേലയില്‍ ചാപ്റ്റര്‍ സ്ഥാപിക്കുന്ന പ്രക്രിയയിലാണിപ്പോള്‍.

ഈ കാലത്ത് പുതുതലമുറ എങ്ങനെ പ്രവര്‍ത്തിക്കണമെന്നാണ് താങ്കള്‍ കരുതുന്നത്?
കാണുന്നതും കേള്‍ക്കുന്നതുമായ ഒന്നിനെയും ചോദ്യം ചെയ്യാതെ വിശ്വസിക്കരുതെന്നാണ് യുവതലമുറയോട് പറയാനുള്ളത്. ഇത് സ്പിന്‍ഡോക്ടര്‍മാരുടെയും ഫോട്ടോഷോപ്പിന്‍െറയും കാലമാണ് എന്നത് ഓര്‍ക്കണം. അക്രമോത്സുകതയും ഗര്‍വും ആകര്‍ഷകമായി തോന്നാമെങ്കിലും നിലനില്‍ക്കുക അസാധ്യമാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുക, എന്നിട്ട് നിശ്ചിതഘട്ടത്തില്‍ മാത്രം വിശ്വസിക്കുക. പുരോഗതി നല്ലതാണ്. എന്നാല്‍ ശാസ്ത്രീയമല്ലാത്ത പുരോഗതി ഗുണകരമല്ല. വ്യക്തികള്‍ ഒറ്റപ്പെട്ട ഓരോ ദ്വീപല്ല എന്നത് ഓര്‍ക്കണം. പഴയത് ആകര്‍ഷകമായിരിക്കില്ല. എന്നാല്‍, അവരുടെ അനുഭവസമ്പത്ത് അമൂല്യമാണ്. യുവത്വം എളുപ്പം വളയും. അതിനാല്‍തന്നെ തങ്ങളുടെ ബൗദ്ധികതയെ പ്രചാരണത്തിന് കീഴ്പ്പെടുത്താതെ നോക്കാന്‍ യുവത്വം ശ്രദ്ധിക്കണം. സഹിഷ്ണുത ദുര്‍ബലതയുടെ ലക്ഷണമല്ളെന്നും യുവത അറിയണം.  ഉള്‍ക്കൊള്ളല്‍ ഒരു ഗുണവിശേഷമാണ്. സ്വീകരിക്കാനും ആദരിക്കാനുമുള്ള വിശാലമായ ഹൃദയമാണ് ആവശ്യം. അതാണ് കാലവും രാജ്യവും ഇപ്പോള്‍ ആവശ്യപ്പെടുന്നത്.ഫ്രന്‍ഡ്സ് ഓഫ് തിബത്ത്, ഡിസൈന്‍ ആന്‍ഡ് പിപ്പിള്‍ എന്നീ സംഘടനകളുടെ സ്ഥാപകനും സാമൂഹികപ്രവര്‍ത്തകനുമാണ് കൊച്ചി സ്വദേശിയായ സേതു ദാസ്. പഠനം ബറോഡ എം.എസ് യൂനിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്സിലും ഉപരിപഠനം മുംബൈ ഐ.ഐ.ടിയില്‍ ഇന്‍ഡസ്ട്രിയല്‍ ഡിസൈനിലും.


മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 933
2016 ജനുവരി 11

No comments:

Post a Comment