Tuesday, November 24, 2015

ഈ അതിജീവന സമരം കണ്ടില്ളെന്ന് നടിക്കരുത്

ഈ അതിജീവന സമരം കണ്ടില്ളെന്ന് നടിക്കരുത്

കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹകരണമില്ലാതെ
ബാങ്കുകള്‍ക്ക് നേരിട്ട് കിടപ്പാടം ജപ്തിചെയ്യാം. കേരളത്തില്‍ കിടപ്പാടം
നഷ്ടപ്പെട്ടവരും ജപ്തി നടപടി നേരിടുന്നവരും നൂറുകണക്കിനാണ്.
ദരിദ്രരും ദലിതരും നിസ്സഹായരുമായ മനുഷ്യര്‍. കഴിഞ്ഞ എഴുപത്
ദിവസമായി ഒരു കൂട്ടം നിസ്സഹായര്‍ എറണാകുളത്ത് അതിജീവന
പോരാട്ടത്തിലാണ്. ഇവര്‍ നടത്തുന്ന ‘കണ്ണുകെട്ടി സമര’ത്തെ കേരളം
കണ്ട ഭാവം നടിച്ചിട്ടില്ല. ബാങ്കുകള്‍ക്ക് നേരിട്ട് സ്വത്ത്് പിടിച്ചെടുക്കാന്‍
പരമാധികാരം നല്‍കുന്ന സര്‍ഫാസി നിയമത്തിന്‍െറ മറവില്‍
നടക്കുന്നത് ഞെട്ടിക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളാണ്.



ഈ അതിജീവന സമരം കണ്ടില്ളെന്ന് നടിക്കരുത്


ആര്‍.കെ. ബിജുരാജ്
ഇതൊരു കഥയാണെന്നുതന്നെ കരുതുക:
കൊച്ചിയിലെ ‘ബി’ എന്നയാള്‍ പ്രമുഖ പൊതുമേഖലാ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ കടമെടുക്കുന്നു. 20 ലക്ഷം മാര്‍ക്കറ്റ് വിലവരുന്ന സ്ഥലം ഈടുനല്‍കിയാണ് മകളുടെ വിവാഹത്തിന് വായ്പയെടുത്തത്. അപ്രതീക്ഷിത കാരണങ്ങളാല്‍ തുടര്‍ച്ചയായ മൂന്നു വായ്പാ ഗഡുക്കള്‍ അടയ്ക്കാനാവുന്നില്ല. ഒരു ദിവസം ബാങ്കില്‍നിന്ന് വിളിച്ച് നിങ്ങളുടെ കടം ഇനി ഏഴുലക്ഷം ബാക്കിയുണ്ടെന്നും ഉടനെ തിരിച്ചടയ്ക്കണമെന്നും അറിയിക്കുന്നു. ഇല്ളെങ്കില്‍ ഞങ്ങള്‍ മഹാരാഷ്ട്രയിലെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എ.ആര്‍.സി) വായ്പ വില്‍ക്കുമെന്നും പിന്നത്തെ കാര്യം എന്താണെന്ന് പറയേണ്ടല്ളോ എന്നും ഭീഷണിപ്പെടുത്തുന്നു. അടുത്ത ദിവസംതന്നെ ഇക്കാര്യം വ്യക്തമാക്കുന്ന നോട്ടീസ് ബാങ്കില്‍നിന്ന് ലഭിക്കുന്നു. ബി പണം തിരിച്ചടയ്ക്കാന്‍ കഴിയുന്നവിധത്തിലെല്ലാം ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒന്നരമാസത്തിന് ശേഷം വേറെ ചിലര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തുന്നു. ഞങ്ങള്‍ മഹാരാഷ്ട്രയിലെ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ആളുകളാണെന്നും കിടപ്പാടം ഒഴിഞ്ഞുപോകണമെന്നും ആജ്ഞ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കമ്പനിയുടെ ഗുണ്ടകള്‍ വീട്ടിലത്തെുന്നു. നിവൃത്തിയില്ലാതെ കമ്പനിയുടെ ഓഫിസില്‍ എത്തുമ്പോള്‍, ഒന്നുകില്‍ എട്ടു ലക്ഷം ഇപ്പോള്‍ അടച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും അല്ളെങ്കില്‍ മഹാരാഷ്ട്രയിലെ കമ്പനി ആസ്ഥാനത്ത് ചെന്ന് കാര്യം പറഞ്ഞാല്‍ മതിയെന്നും അറിയിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ഒരു വസ്തുപോലും എടുക്കാന്‍ അനുവദിക്കാതെ കമ്പനി ഗുണ്ടകള്‍ ബിയെ പുറത്താക്കുന്നു. ബിയും രോഗിയായ ഭാര്യയും തെരുവില്‍.


ബിഎന്ന പേരിന്‍െറ സ്ഥാനത്ത് ആരുമാവാം. നിങ്ങളോ ബന്ധുവോ അയല്‍വാസിയോ ആരും. സാഹചര്യം അല്‍പസ്വല്‍പം വ്യത്യാസപ്പെടാം എന്നുമാത്രം. പക്ഷേ, മുകളില്‍ പറഞ്ഞത് കഥയല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇപ്പോള്‍ നടക്കുന്നതും നടക്കാന്‍ പോകുന്നതുമായ യാഥാര്‍ഥ്യമാണ്. നമ്മള്‍ വലിയ രീതിയില്‍ ഇതേപ്പറ്റി ചര്‍ച്ചചെയ്തിട്ടില്ളെന്നു മാത്രം. കോടതിയുടെയോ മറ്റു സംവിധാനങ്ങളുടെയോ സഹകരണം ആവശ്യമില്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് കിടപ്പാടം ജപ്തി ചെയ്യാവുന്ന നിയമത്തിന്‍െറയും വ്യവസ്ഥയുടെയും കുരുക്കിലാണ് കൂടിയോ കുറഞ്ഞോ അളവില്‍ നമ്മളെല്ലാം. ഇത്തരത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരും ജപ്തി നടപടി നേരിടുന്നവരുമായ നൂറുകണക്കിന് പേരെ പ്രതിനിധാനംചെയ്ത്, ഒരു കൂട്ടം നിസ്സഹായര്‍ എറണാകുളത്ത് അതിജീവന പോരാട്ടത്തിലാണ്. ആഗസ്റ്റ് പത്തു മുതല്‍ കാക്കനാട് കലക്ടറേറ്റിന് മുന്നില്‍, ‘ബ്ളേഡ്-ബാങ്ക് ജപ്തി വിരുദ്ധ സമിതി’ നേതൃത്വത്തില്‍ ആരംഭിച്ചസമരം 70 ദിവസം പിന്നിട്ടിരിക്കുന്നു. ഇരകള്‍ നടത്തുന്ന ‘കണ്ണുകെട്ടി സമര’ത്തെ കേരളം കണ്ട ഭാവം നടിച്ചിട്ടില്ല. കണ്ടില്ളെന്ന് നടിക്കാം. പക്ഷേ, സമരത്തെ അവഗണിക്കാനാവില്ല. കാരണം, കേരളത്തിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും വായ്പ എടുത്തവരാണ്. അടുത്തിടെ പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം ആളോഹരി കടമുള്ളത് മലയാളിക്കാണ്. നേര്‍പകുതി മലയാളി കുടുംബങ്ങള്‍ കടക്കാരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ആ അര്‍ഥത്തില്‍തന്നെ ഈ സമരം വായ്പ എടുത്ത ഏതൊരാളെയും പ്രതിനിധാനംചെയ്യുന്നുണ്ട്. കാക്കനാട്ട് സമരം നടത്തുന്ന 33 കുടുംബങ്ങള്‍ എല്ലാംതന്നെ ദരിദ്രരാണ്. അതില്‍ നല്ല പങ്കും ദലിതരുമാണ്. ഇതില്‍ പനമ്പുകാട് ദ്വീപില്‍ തട്ടിപ്പിനിരയായി കിടപ്പാടം നഷ്ടപ്പെട്ട 11 കുടുംബങ്ങളുമുണ്ട്. ബാങ്കും ലോണ്‍ മാഫിയകളും വായ്പാ തട്ടിപ്പിനിരയാക്കി, ദരിദ്ര- ദലിത് കുടുംബങ്ങളെ തെരുവില്‍ തള്ളുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നാണ് സമരത്തിന്‍െറ മുഖ്യ ആവശ്യം.

ലോണ്‍ മാഫിയാ സംഘങ്ങളുടെ വഞ്ചന
കേരളത്തില്‍ വസ്തു ഈടിന്മേല്‍ വായ്പ സംഘടിപ്പിച്ച് നല്‍കുന്ന ലോണ്‍മാഫിയയുടെയും ഇടനിലക്കാരുടെയും വിപുലശൃംഖല പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ എങ്ങനെ തട്ടിപ്പ് നടത്തുന്നു എന്നറിയാന്‍ എറണാകുളം ജില്ലയിലെ വല്ലാര്‍പാടം പനമ്പുകാട് സ്വദേശി വി.എ. സുശീലയുടെ അനുഭവം ധാരാളം. കിടപ്പാടം ജപ്തിക്കെതിരെ കണ്ണുകെട്ടി സമരം ചെയ്യുന്ന പ്രധാനപോരാളികളിലൊരാളാണ്് ഈ ദരിദ്ര വീട്ടമ്മ. 66 വയസ്സ്. ദലിത. കണ്ണ് ശസ്ത്രക്രിയക്ക് അടിയന്തരമായി 50,000 രൂപ ആവശ്യമായി വന്നു. ആകെയുള്ള കിടപ്പാടം പണയപ്പെടുത്തി പൊതുമേഖലാ ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ശ്രമിച്ചു. ഒമ്പത് സെന്‍റില്‍ നിര്‍മിച്ച ഒറ്റ കെട്ടിടത്തില്‍ മൂന്ന് സെന്‍റില്‍ മാത്രമാണ് സുശീലക്ക് അവകാശം. വായ്പ നേരിട്ട് ശരിയാക്കിയെടുക്കാന്‍ കഴിയില്ളെന്ന് ബോധ്യമായ സുശീലയെ ‘ക്ളബ്ബിങ് ഏജന്‍സി’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ലോണ്‍ മാഫിയാ\ഇടനില സംഘം സമീപിച്ചു. അവര്‍ സുശീലക്ക് 50,000 രൂപ നല്‍കിയെങ്കിലും വായ്പക്ക് ഈടായി വസ്തു വിശ്വാസത്തീറ് തരണമെന്ന് ആവശ്യപ്പെട്ടു. പിരിവുകാരെ അയക്കാമെന്നും ദിവസം 100 രൂപ വീതം അടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ചു. എന്നാല്‍, സുശീല അറിയാതെ ആധാരത്തിന്‍െറ ഈടിന്മേല്‍ 25 ലക്ഷം ഇടനിലക്കാര്‍ വായ്പയെടുത്തു. ഒരു ലക്ഷം രൂപ വരെ കൂലിവേല ചെയ്ത് സുശീല തിരിച്ചടച്ചു. ഇതിനിടയില്‍ 25 ലക്ഷം തിരിച്ചടച്ചില്ളെങ്കില്‍ കിടപ്പാടം ജപ്തി ചെയ്യുമെന്ന് കാണിച്ച് പത്രത്തില്‍ ബാങ്കിന്‍െറ പരസ്യം വന്നു. 25 ലക്ഷം താന്‍ കൈപ്പറ്റിയിട്ടില്ല എന്ന് ബാങ്ക് മാനേജരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തട്ടിപ്പിന് ബാങ്ക് മാനേജര്‍ കൂട്ടുനിന്നതായി സുശീല ആരോപിക്കുന്നു. ഒമ്പതു സെന്‍റും സുശീലയുടെ പേരിലാണെന്ന് ഇടനിലക്കാര്‍ പറഞ്ഞത് ബാങ്ക് എങ്ങനെ വിശ്വസിച്ചുവെന്നതാണ് ചോദ്യം. ഇതേ പുരയിടത്തില്‍തന്നെ താമസിച്ച അനുജനും ഗായകനുമായ പി.കെ. ഗോപിയുടെ വീട് കോണ്‍ക്രീറ്റ് ചെയ്യാന്‍ 50,000 കൊടുത്ത് ലോണ്‍ മാഫിയ പത്തു ലക്ഷവും തട്ടിയെടുത്തു. ഇതിന്‍െറ ആഘാതത്തില്‍ ഗോപി ഹൃദയസ്തംഭനംമൂലം മരിച്ചു. വി.യു. അഫ്സല്‍, എ.എല്‍. ബാബു, എസ്.പി. മണികണ്ഠന്‍ എന്നീ ലോണ്‍ മാഫിയക്കും ഇന്ത്യന്‍ ബാങ്ക് ഇടപ്പള്ളി ബ്രാഞ്ച് മാനേജര്‍ക്കുമെതിരായി മുളവുകാട് പൊലീസില്‍ സുശീല പരാതി നല്‍കിയിട്ടുണ്ട്. ‘സര്‍ഫാസി നിയമം’ ഉപയോഗിച്ചാണ്് ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തത്. സുശീലയടക്കം നൂറുകണക്കിന് പേര്‍ എന്തുകൊണ്ട് ഇപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുന്നു എന്നറിയാന്‍ ആദ്യം പരിശോധിക്കേണ്ടത് സര്‍ഫാസി എന്ന ജനവിരുദ്ധനിയമത്തെയാണ്.
സര്‍ഫാസി നിയമം
എന്ന ചതി
കോടതി ഇടപെടലില്ലാതെ ബാങ്കുകള്‍ക്ക് നേരിട്ട് സ്വത്ത്് പിടിച്ചെടുക്കാന്‍ പരമാധികാരം നല്‍കുന്ന സര്‍ഫാസി നിയമത്തെപറ്റി പലരും കേട്ടിട്ടുപോലുമില്ല. വായ്പ എടുക്കുന്നവരോട് ഈ ചതിനിയമത്തെപ്പറ്റി ബാങ്കും പറഞ്ഞുനല്‍കാറില്ല. 2002ല്‍ വാജ്പേയി സര്‍ക്കാറാണ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് ഓഫ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ആക്ട് (SARFAESI ACT) കൊണ്ടുവന്നത്. കൊള്ളയില്‍ അധിഷ്ഠിതമായ ആഗോളധന വിപണിക്ക് അനുസൃതമായിട്ടാണ് നിയമം പടച്ചുണ്ടാക്കിയത്. ലോക കമ്പോളത്തില്‍ മത്സരിക്കാനെന്ന മുഖവുരയോടെയാണ് നിയമം തുടങ്ങുന്നത്. ബാങ്കിങ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും അന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
വായ്പ തിരിച്ചടയ്ക്കുന്നതില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈടായി നല്‍കിയ വസ്തു ബാങ്കിന് നേരിട്ടു പിടിച്ചെടുക്കാനും വില്‍ക്കാനും നിയമം പരമാധികാരം നല്‍കുന്നു. ഈട് വസ്തു പിടിച്ചെടുക്കാന്‍ കോടതി ഉത്തരവ് വേണ്ട. വായ്പാ വസ്തുവില്‍ നോട്ടീസ് പതിച്ച് ബാങ്കിന് ഏറ്റെടുക്കാം. ഒരു ലക്ഷത്തില്‍ താഴെയുള്ള വസ്തു ഈട് നല്‍കാത്ത വായ്പക്കു മാത്രമാണ് നിയമം ബാധകമല്ലാത്തത്. തിരിച്ചടയ്ക്കേണ്ട തുക എടുത്ത വായ്പയുടെ ഇരുപതു ശതമാനത്തില്‍ താഴെയാണെങ്കിലും നിയമം ബാധകമാകില്ല.
ബാങ്ക് മാനേജര്‍മാര്‍ക്ക് സൂക്ഷ്മപരിശോധനയില്ലാതെ വന്‍തുക വായ്പ നല്‍കാനും നിയമം അനുവദിക്കുന്നുണ്ട്. ഒരു ലക്ഷം രൂപയോ മൂന്നു ഗഡു തിരിച്ചടവോ കുടിശ്ശികയാകുന്നവര്‍ക്ക് നേരെ വായ്പാ കാലാവധി പരിഗണിക്കാതെ കടം നിഷ്ക്രിയ ആസ്തിയായി (Non-Performing Asset) പ്രഖ്യാപിച്ച് നടപടിയെടുക്കാന്‍ സര്‍ഫാസി നിയമം ബാങ്കുകള്‍ക്ക് അധികാരം നല്‍കുന്നു.
കൃഷിഭൂമിക്ക് ജപ്തി ബാധകമല്ളെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് ബാങ്കുകള്‍ പരിഗണിക്കാറില്ല. കൃഷിഭൂമി ജപ്തി ചെയ്യരുതെന്നും കിടപ്പാടം ജപ്തി ചെയ്യാം എന്നും പറയുന്നതിലെ വൈരുധ്യം ആര്‍ക്കും വിഷയംപോലുമല്ല. ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമ്പോള്‍ സര്‍ഫാസി കേന്ദ്ര നിയമമാണെന്ന് പറഞ്ഞ് കൈകഴുകയാണ് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍, തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ അമര്‍ച്ച ചെയ്യാനും ജനത്തിന് അവരുടെ കിടപ്പാടം ഉറപ്പാക്കാനും സര്‍ക്കാറിനാണ് ബാധ്യത. ഒരു നിയമത്തിന്‍െറപേരിലും ആ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാവില്ല.
വായ്പക്കാരനില്‍നിന്ന് ഏറ്റെടുത്ത ഈടുവസ്തു ലേലത്തില്‍ വില്‍ക്കുക മാത്രമല്ല, നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ വാങ്ങിച്ചെടുക്കാന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് (എ.ആര്‍.സി) രൂപംകൊടുക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ശരിക്കും ഗുണ്ടാസംഘത്തിന് തുല്യമാണ് എ.ആര്‍.സികളുടെ പ്രവര്‍ത്തനം. അവര്‍ സ്വന്തം നിലക്കുതന്നെ കിടപ്പാടത്തില്‍നിന്ന് വായ്പയെടുത്തയാളെ ഒഴിപ്പിക്കും. അതിന് ഭീഷണിയോ, മറ്റുതരത്തിലുള്ള ശാരീരിക ആക്രമണമോ നടത്തും. ശാരീരിക ആക്രമണത്തിന് നിയമത്തില്‍ വ്യവസ്ഥയില്ളെങ്കിലും. മുമ്പ് കോടതിമുഖേനയേ ജപ്തിയും ഏറ്റെടുക്കലും സാധ്യമാകുമായിരുന്നുള്ളൂ. അതിലൂടെ സാധാരണക്കാരുടെ നീതി കുറെയെങ്കിലും ഉറപ്പിക്കാമായിരുന്നു. ഇവിടെ കോടതിയും നീതിന്യായവുമെല്ലാം കടംനല്‍കിയ സ്ഥാപനം മാത്രമാണ്.
സര്‍ഫാസി നിയമമനുസരിച്ച് രൂപവത്കരിക്കപ്പെട്ട, റിസര്‍വ് ബാങ്ക് അംഗീകാരമുള്ള 14 അസറ്റ് റികണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ (എ.ആര്‍.സി) രാജ്യത്തുണ്ട്. റിലയന്‍സിന്‍േറതാണ് ഇതില്‍ പ്രമുഖം. ഇതില്‍ പത്ത് എണ്ണത്തിന്‍െറയും ആസ്ഥാനം മുംബൈയാണ്. മൂന്നെണ്ണം ഡല്‍ഹിയിലും ഒന്ന് ഹൈദരാബാദിലുമായി പ്രവര്‍ത്തിക്കുന്നു. എ.ആര്‍.സികള്‍ ബാങ്കുകളുടെ വായ്പ വാങ്ങുമ്പോള്‍ സുതാര്യവും പ്രാപ്യവുമായതിന്‍െറ അടിസ്ഥാനത്തിലും, മാര്‍ക്കറ്റ് ഘടകങ്ങള്‍ നിശ്ചയിക്കുന്ന വിലയ്ക്കുമാകണമെന്ന് ആര്‍.ബി.ഐ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ വായ്പ എടുത്തു ഗഡുക്കള്‍ മുടങ്ങിയവര്‍ക്ക് ഇടപെടേണ്ടിവരുക മുംബൈയിലും ഡല്‍ഹിയിലുമുള്ള എ.ആര്‍.സികളോടാണ് എന്നതുതന്നെ സ്വാഭാവിക നീതിലംഘനമാണ്. ലളിതമായ യുക്തിവെച്ച് നോക്കിയാല്‍തന്നെ എ.ആര്‍.സി കള്‍ കൂലിത്തല്ലുകാരന്‍െറ റോളാണ് വഹിക്കുന്നത് എന്ന് വ്യക്തമാകും. നിങ്ങള്‍ 100 രൂപ ഒരാളില്‍നിന്ന് കടംവാങ്ങുന്നു. നിശ്ചിത കാലയളവിനുശേഷം നല്‍കാമെന്ന വാഗ്ദാനം എന്തുകൊണ്ടോ പാലിക്കപ്പെടുന്നില്ല. അതിനാല്‍ പണം കടം നല്‍കിയയാള്‍ മറ്റൊരാളില്‍നിന്ന് 75 രൂപ വാങ്ങിച്ച് 100 രൂപ നിങ്ങളില്‍നിന്ന് വാങ്ങിക്കാന്‍ പറയുന്നു. അയാള്‍ വന്ന് മര്‍ദിച്ച് പണം വീണ്ടെടുക്കുന്നു. എ.ആര്‍.സികള്‍ക്ക് പിന്നിലെ ഈ ക്രിമിനല്‍ യുക്തിതന്നെ ആരോഗ്യമുള്ള സമൂഹത്തിന് ആശാസ്യമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) സാധാരണക്കാരുടെ ആസ്തികള്‍ മഹാരാഷ്ട്രയിലെ എ.ആര്‍.സിക്ക് വിറ്റത് 5000 കോടിക്കാണ്. ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്ന സര്‍ഫാസി നിയമം ഇപ്പോള്‍ മണപ്പുറം, മുത്തൂറ്റ് പോലുള്ള ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (NBFC)\ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് കേന്ദ്രസര്‍ക്കാര്‍. ഇതിന്‍െറ പ്രത്യാഘാതം നിസ്സാരമായിരിക്കില്ല.



നിയമത്തിന്‍െറ ഇരട്ടത്താപ്പ്
വായ്പകള്‍ തിരിച്ചടയ്ക്കാത്തതുമൂലം ബാങ്കുകളുടെ കിട്ടാക്കടം അല്ളെങ്കില്‍ നിഷ്ക്രിയ ആസ്തി (Non-Perfoming Asset) വര്‍ധിക്കുന്നു എന്നതാണ് സര്‍ഫാസി നിയമം കൊണ്ടുവരാന്‍ പറഞ്ഞ ഒരു ന്യായീകരണം. കിട്ടാക്കടം പെരുകുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിന് സാധാരണക്കാരല്ല ഉത്തരവാദികള്‍. 2015 ആഗസ്റ്റിലെ കണക്ക് പ്രകാരം ബാങ്കുകളുടെ കിട്ടാക്കടം ആറുലക്ഷം കോടിയാണെന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം പരിശോധിച്ച പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി വിലയിരുത്തിയിരുന്നു. എന്നാല്‍, കിട്ടാക്കടം തിരിച്ചുപിടിക്കുന്നതില്‍ കോര്‍പറേറ്റുകളോടും വിദ്യാഭ്യാസ ആവശ്യത്തിനടക്കം ചെറു വായ്പയെടുത്തവരോടും രണ്ടു തരം പരിഗണനയാണ് ബാങ്കുകള്‍ പുലര്‍ത്തുന്നത് എന്ന് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. തോമസ് തന്നെ വ്യക്തമാക്കി. ആകെ കുടിശ്ശിക തുകയുടെ ചെറിയ ശതമാനം മാത്രം എ.ആര്‍.സികളില്‍നിന്ന് വാങ്ങി അവര്‍ക്ക് പിഴപ്പലിശയും ചെലവും സഹിതം പിരിച്ചെടുക്കാനുള്ള അധികാരം കൈമാറുകയാണ് പൊതുമേഖലാ ബാങ്കുകളെന്നും കുറ്റപ്പെടുത്തലുണ്ടായി. സാധാരണക്കാര്‍ക്ക് ചെറിയ തുക വായ്പ കൊടുക്കുമ്പോള്‍ കര്‍ശന നിബന്ധന അടിച്ചേല്‍പിക്കുന്ന ബാങ്കുകള്‍ക്ക് കോടികള്‍ വായ്പയെടുക്കുന്നവരോട് മൃദുസമീപനമാണ്. മദ്യരാജാവും കിങ് ഫിഷര്‍ വിമാന കമ്പനി ഉടമയുമായ വിജയ് മല്യയെപ്പോലുള്ള വന്‍കിടക്കാരില്‍നിന്ന് പണം തിരിച്ചുപിടിക്കാന്‍ ഇത്തരം കാരണങ്ങളാല്‍ കഴിയുന്നില്ളെന്നും തിരിച്ചുപിടിക്കാന്‍ ശുഷ്കാന്തി പുലര്‍ത്തുന്നില്ളെന്നും കമ്മിറ്റി വിലയിരുത്തി. 2014 മാര്‍ച്ച് 31 വരെ 2.5 ലക്ഷം കോടിയുണ്ടായിരുന്ന കിട്ടാക്കടമാണ് ഒറ്റയടിക്ക് ആറുലക്ഷം കോടിയായി ഉയര്‍ന്നത്. പൊതുമേഖലാ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികളുടെ കിട്ടാക്കടത്തില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടേതാണ് എന്നതാണ് യാഥാര്‍ഥ്യം.
2014 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് 24 പൊതുമേഖലാ ബാങ്കുകളില്‍ 406 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്. വിജയ് മല്യയുടെ കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ 2673 കോടി, വിന്‍സം ഡയമണ്ട് ആന്‍ഡ് ജ്യുവല്‍ കമ്പനിയുടെ 3156 കോടി, സൂം ഡെവലപ്പേഴ്സിന്‍െറ 1810 കോടി, സ്റ്റെര്‍ലിങ് ഗ്രൂപ്പിന്‍െറ 3672 കോടി എന്നിവ ഇതില്‍പെടും. 13 വര്‍ഷത്തിനകം പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് വമ്പന്മാരുടെ 2.04 ലക്ഷം കോടിയുടെ കിട്ടാക്കടമാണെന്നും അറിയണം. 172 കോര്‍പറേറ്റുകളില്‍നിന്ന് 37,000 കോടിയാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് കിട്ടാക്കടം. 2014 ജൂണിലെ കണക്ക് പ്രകാരം ഏഴു വര്‍ഷത്തിനുള്ളില്‍ ബാങ്കുകള്‍ കൊടുത്ത വ്യാജ വായ്പകള്‍ 4.95 ലക്ഷം കോടിയാണ്. കൂടാതെ അടുത്തിടെ വിദേശ കമ്പനികളുടെ 40,000 കോടി നികുതിബാധ്യത സര്‍ക്കാര്‍ എഴുതിത്തള്ളിയിരുന്നു. ഓഹരിവിപണിയിലെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിദേശ കമ്പനികളെ തൃപ്തിപ്പെടുത്താനാണ് തുക വേണ്ടെന്നുവെച്ചത്. 2013 വരെയുള്ള 14 വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്കുവേണ്ടി എഴുതിത്തള്ളിയത് ഒരു ലക്ഷം കോടി രൂപയുടെ വായ്പയാണെന്ന് ബാങ്ക് മേധാവികളുടെ വാര്‍ഷിക സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികകടമായി എഴുതിത്തള്ളിയതിന്‍െറ പതിന്മടങ്ങാണ് കോര്‍പറേറ്റുകളുടെ കിട്ടാക്കടമായി തഴഞ്ഞത്. 2001ല്‍ 6446 കോടി രൂപ എഴുതിത്തള്ളി. 2013ല്‍ ഇത് 32,218 കോടിയിലത്തെി. ആകെ 2,04,512 കോടി. ഇതില്‍ പകുതിയിലധികവും വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടമാണെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ഫലത്തില്‍ കോര്‍പറേറ്റുകള്‍ തിരിച്ചടയ്ക്കാത്ത തുകയുടെ ബാധ്യത പേറേണ്ടത് സാധാരണക്കാരായി മാറുന്നു. വന്‍കിടക്കാര്‍ക്കും സാധാരണക്കാര്‍ക്കും നിയമം രണ്ട് രീതിയില്‍ ബാധകമാക്കുന്നുവെന്നതുതന്നെ തെറ്റായ രീതിയാണ്. സാധാരണക്കാരുടെ ഏതാനും ആയിരങ്ങള്‍ക്ക് കിടപ്പാടം ജപ്തി ചെയ്യുന്നവര്‍ കോര്‍പറേറ്റുകളോട് കാണിക്കുന്ന ഇരട്ടത്താപ്പ് ചോദ്യംചെയ്യപ്പെടേണ്ടതുതന്നെയാണ്.

ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ എന്ന അനീതി

സര്‍ഫാസി നിയമപ്രകാരം കിടപ്പാടം ജപ്തി ചെയ്യപ്പെട്ടാല്‍ ഇരക്ക് സിവില്‍ കോടതിയെ സമീപിക്കാനാവില്ല. നിയമത്തിലെ 34ാം വകുപ്പ് കടക്കെണിയില്‍ പെട്ടവരെ സിവില്‍ കോടതിയെ സമീപിക്കുന്നതില്‍ വിലക്കുന്നു. പകരം ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിനെ (ഡി.ആര്‍.ടി) വേണം സമീപിക്കാന്‍. സര്‍ഫാസി നിയമം പാസാകുന്നതിന് പത്തു വര്‍ഷം മുമ്പേ ഡി.ആര്‍.ടി നിലവില്‍ വന്നിരുന്നു. ഡി.ആര്‍.ടിയില്‍നിന്ന് കടാശ്വാസമോ കട പരിഹാരമോ ലഭിക്കില്ല. ഇത് യഥാര്‍ഥത്തില്‍ ബാങ്കുകള്‍ക്ക് വേണ്ടി കടക്കെണിയിലായവരുടെ സ്വത്തുവകകള്‍ നീതിന്യായ വിചാരണ കൂടാതെ പിടിച്ചുകൊടുക്കാനുള്ള സംവിധാനമാണ്. കേരളത്തിലെയും ലക്ഷദ്വീപിലെയും കടക്കെണിയില്‍ വീണവര്‍ക്ക് ഒരൊറ്റ ഡി.ആര്‍.ടിയെയുള്ളൂ അത് എറണാകുളം പനമ്പള്ളി നഗറിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാകട്ടെ ഭീമമായ ഫീസ് കെട്ടിവെക്കണം. സുപ്രീംകോടതിയിലാണെങ്കില്‍ ഈടുവസ്തുവിന്‍െറ പകുതി കെട്ടിവെക്കണം. ഇതുകൊണ്ടുതന്നെ സര്‍ഫാസി നിയമംകൊണ്ടോ ഡി.ആര്‍.ടി കൊണ്ടോ സാധാരണക്കാര്‍ക്ക് ഗുണമൊന്നുമില്ല, ദോഷം മാത്രമേയുള്ളൂ.
ഡി.ആര്‍.ടിയുടെ പ്രവര്‍ത്തനത്തിനെതിരെ ഗുരുതര ആരോപണമാണ് ബ്ളേഡ്-ജപ്തി വിരുദ്ധ സമിതി ഉന്നയിക്കുന്നത്. ബാങ്കുകളില്‍നിന്ന് വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് ട്രൈബ്യൂണലില്‍ കൂടുതലായുള്ളത്. ഇവര്‍ പ്രവര്‍ത്തിക്കുന്നത് ബാങ്കുകളുടെ ഏജന്‍റുമാരായാണ്. ട്രൈബ്യൂണലിലെ പലരും താമസിക്കുന്നത് ബാങ്കുകളുടെ ഫ്ളാറ്റുകളിലാണെന്നും സമിതി ആരോപിക്കുന്നു. ഇത്തരം സംവിധാനത്തില്‍നിന്ന് എന്ത് നീതിയാണ് ജനത്തിന് ലഭിക്കുക എന്ന സമിതിയുടെ ചോദ്യം ന്യായം.
പിടിച്ചെടുത്തുകൊടുക്കല്‍ എന്നാണ് റിക്കവറി എന്നതിന്‍െറ ഒരര്‍ഥം. എന്തുകൊണ്ട് കടം, പരിഹാരം, സമാശ്വാസം എന്നിങ്ങനെ അര്‍ഥതലമുള്ള ട്രൈബ്യൂണല്‍ സ്ഥാപിക്കപ്പെട്ടില്ളെന്ന് സമരസമിതി വൈസ് ചെയര്‍പേഴ്സണ്‍ വി.സി. ജെന്നി ചോദിക്കുന്നു. ബാങ്ക് സ്പോണ്‍സര്‍ ചെയ്ത സ്ഥാപനത്തെപ്പോലെ ബാങ്കിനുവേണ്ടി കടക്കാരില്‍നിന്ന് പണം പിടിച്ചുകൊടുക്കുന്നുവെന്നല്ലാതെ ഡി.ആര്‍.ടിയില്‍ നീതിയുക്തമായ വിചാരണ സാധ്യമല്ല. കടം തിരിച്ചടയ്ക്കാന്‍ അല്‍പം കാലതാമസം അനുവദിച്ച് വേണമെങ്കില്‍ ഉത്തരവ് നല്‍കിയേക്കാം. അതിനാല്‍തന്നെ കിടപ്പാടം നഷ്ടപ്പെടുന്നവര്‍ക്ക് ആശ്രയിക്കാവുന്ന സംവിധാനമേയല്ല ഡി.ആര്‍.ടി. ഫലത്തില്‍ കോടതിയുടെ ഒരുവിധ സഹായവും വായ്പ എടുത്തവര്‍ക്ക് ലഭിക്കില്ളെന്ന് സാരം.



വിദ്യാഭ്യാസ വായ്പയിലെ ചതിക്കുഴികള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടം റിലയന്‍സ് എ.ആര്‍.സിക്ക് വിറ്റതായ വാര്‍ത്തകള്‍ ഈ വര്‍ഷം ജൂണില്‍ പുറത്തുവന്നതോടെയാണ് സര്‍ഫാസി നിയമത്തെയും എ.ആര്‍.സികളെയും പറ്റി കേരളം ചര്‍ച്ച ചെയ്തുതുടങ്ങിയത്. സാമൂഹികരംഗത്ത് ഗുരുതര പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ പോന്നതാണ് എസ്.ബി.ടിയുടെ നടപടി. നാല് ലക്ഷവും അതില്‍ താഴെയുമുള്ള 8658 വിദ്യാഭ്യാസ വായ്പകളാണ് റിലയന്‍സിന് എസ്.ബി.ടി വിറ്റത്. ഇതില്‍ 6764 വായ്പകളിലാണ് റിലയന്‍സ് നടപടി തുടങ്ങിയത്. ബുക്ക് ബാലന്‍സിന്‍െറ 45 ശതമാനം തുക്കക്കാണ്, അതായത് 130.57 കോടിക്കാണ് എസ്.ബി.ടി വായ്പകള്‍ റിലയന്‍സിന് വിറ്റത്. പക്ഷേ, റിലയന്‍സ് ഈ കച്ചവടത്തില്‍ പ്രതീക്ഷിക്കുന്നത് 260 കോടി ലാഭമാണ്. ഇനിയുള്ള ഇടപാടുകള്‍ റിലയന്‍സ് കമ്പനിയുമായി നടത്തണമെന്ന് കാണിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക് കത്തയച്ചിട്ടുണ്ട്. റിലയന്‍സിന് നേരിട്ടുതന്നെ ഈ വായ്പകളില്‍ ഈടുവെച്ച വസ്തു പിടിച്ചെടുക്കാം. വായ്പ തിരിച്ചുപിടിക്കാന്‍ ന്യൂജനറേഷന്‍ ബാങ്കുകളുടെ ഗുണ്ടകള്‍ ഇപ്പോള്‍തന്നെ കറങ്ങുന്നുണ്ട്. അതിലേക്കാണ് റിലയന്‍സിന്‍െറ ഗുണ്ടകള്‍ കൂടി രംഗത്തിറങ്ങാന്‍ പോകുന്നത്. 6764 വായ്പകളില്‍ 5000ലെങ്കിലും കിടപ്പാടം ജപ്തിചെയ്യപ്പെടും. ഇത് സൃഷ്ടിക്കാന്‍ പോകുന്ന സാമൂഹിക പ്രത്യാഘാതം ചെറുതല്ല. നാലുവര്‍ഷം മുമ്പ് ഒരു ലക്ഷം വായ്പ എടുത്തവര്‍ക്ക് നാലും അഞ്ചും ലക്ഷം രൂപ വരെയാണ് തിരിച്ചടയ്ക്കേണ്ടത്്. റിലയന്‍സ് ആവശ്യപ്പെടുക അതിലും ഉയര്‍ന്ന തുകയാവും.
ഒരു വിദ്യാര്‍ഥിക്ക് ആവശ്യമായ പഠനസംവിധാനം ഉറപ്പാക്കുക എന്നത് പ്രാഥമികമായും സര്‍ക്കാറിന്‍െറ ഉത്തരവാദിത്തമാണ്. വിദ്യാഭ്യാസം കച്ചവടവത്കരിക്കപ്പെട്ടതോടെ ബിസിനസ് മേഖലയിലേക്ക് കടന്നുവന്ന സ്ഥാപനങ്ങളെ നിലനിര്‍ത്തേണ്ടതും സര്‍ക്കാറിന്‍െറ ബാധ്യതായി. അതിന്‍െറ തുടര്‍ച്ചയിലാണ് വിദ്യാഭ്യാസ വായ്പകള്‍ വ്യാപകമാകുന്നതും ഇരകള്‍ സൃഷ്ടിക്കപ്പെടുന്നതും. കേരളത്തിലെ വിദ്യാഭ്യാസ വായ്പയുടെ 80 ശതമാനവും നല്‍കിയത് എസ്.ബി.ടിയാണ്. കണക്കനുസരിച്ച് 1.5 ലക്ഷം അക്കൗണ്ടുകളിലായി 2400 കോടി രൂപയാണ് എസ്.ബി.ടി വായ്പ നല്‍കിത്. പതിനായിരം കോടി രൂപയാണ് 2014 ല്‍ മലയാളികള്‍ പഠിക്കാനായി വായ്പയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.
വിദ്യാഭ്യാസവായ്പയുടെ ഇരയാണ് ചേരാനെല്ലൂര്‍ വാര്യത്ത് വീട്ടില്‍ ജോമോന്‍. 2006ല്‍ കര്‍ണാടകയിലെ സ്വാമി വിവേകാനന്ദ സ്കൂള്‍ ഓഫ് നഴ്സിങ് സ്ഥാപനത്തില്‍ പഠിക്കാന്‍ ചേര്‍ന്നു. എസ്.ബി.ടി ഇടപ്പള്ളി ബ്രാഞ്ച് വിദ്യാഭ്യാസ വായ്പയായി 51,500 രൂപ നല്‍കി. ഏഴു മാസം കഴിഞ്ഞപ്പോഴാണ് വിദ്യാഭ്യാസസ്ഥാപനം വ്യാജമാണെന്ന് അറിഞ്ഞത്. സമരം ചെയ്ത വിദ്യാര്‍ഥികളെ കോളജുകാര്‍ മര്‍ദിച്ച് ഓടിച്ചു. എസ്.എസ്.എല്‍.സി ബുക്ക് അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഇത് ബാങ്കിനെ രേഖാമൂലം അറിയിച്ചെങ്കിലും അവര്‍ മുഖവിലയ്ക്കെടുത്തില്ല. ഇതിനിടയില്‍ മനോവിഷമവും മറ്റും മൂലം അച്ഛന്‍ മരിച്ചു. മറ്റൊരു സഹോദരന്‍ ബേബി ജോണും ജീവിതത്തോട് വിടപറഞ്ഞു. രോഗിയായ അമ്മയെ ചികിത്സിക്കാനും ജീവിക്കാനുമായി കൂലിവേല ചെയ്യുകയാണ് ജോമോന്‍. വിദ്യാഭ്യാസ വായ്പ നല്‍കുന്ന സമയത്ത് ബാങ്ക് ഒരു ശ്രദ്ധയും ചെലുത്തിയില്ല. ഇപ്പോള്‍ ആകെയുള്ള നാലര സെന്‍റ് കിടപ്പാടം ജപ്തി ചെയ്യാന്‍ ബാങ്ക് നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍, സമരസമിതിക്കൊപ്പം വീട്ടില്‍നിന്നിറങ്ങാതെ പിടിച്ചുനില്‍ക്കുകയാണ് ജോമോന്‍. എന്നാല്‍, എത്ര നാളെന്ന് ഉറപ്പില്ല.
2004ല്‍ അവതരിപ്പിച്ച വിദ്യാഭ്യാസ വായ്പാരംഗം രാജ്യത്ത് പത്തു മടങ്ങിലേറെ വളര്‍ന്നിട്ടുണ്ട്. 90 ദിവസത്തേക്ക് ഇ.എം.ഐ അഥവാ മാസഗഡു അടയ്ക്കാതിരുന്നാല്‍ അത് നിഷ്ക്രിയ ആസ്തിയായി കണക്കാക്കും. മാത്രമല്ല, ഏഴര ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ നിഷ്ക്രിയ ആസ്തി ആയാല്‍ ജപ്തിനടപടിയുണ്ടാകും.
കഴിഞ്ഞ ഡിസംബര്‍വരെ സംസ്ഥാനത്ത് 2,61,256 വിദ്യാര്‍ഥികള്‍ക്ക് 4516.97 കോടി രൂപയാണ് ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ അനുവദിച്ചത്. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് ജാമ്യക്കാരനോ ഈടോ ഇല്ലാതെ ബാങ്കുകളില്‍നിന്ന് 7.50 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭിക്കുന്ന പദ്ധതി ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്നുണ്ട്. അങ്ങനെ റിലയന്‍സ് എ.ആര്‍.സി അടക്കമുള്ള പണം\വസ്തു പിടിച്ചെടുക്കല്‍ സ്ഥാപനങ്ങള്‍ക്ക് വിസ്തൃതമായ ഒരു വിപണിയാണ് തുറന്നുകിട്ടാന്‍ പോകുന്നത്.









ഗ്രാമവും നഗരവും മാഫിയ കൈയടക്കുമ്പോള്‍

ബ്ളേഡ്-ലോണ്‍ മാഫിയാ സംഘത്തിന്‍െറ പിടിയിലാണ് കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും നഗരങ്ങളും. രോഗം, മരണം, വിവാഹം, വീടുവെക്കല്‍, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ക്കാണ് സാധാരണക്കാര്‍ വായ്പ എടുക്കുന്നത്. എന്നാല്‍,സാധാരണക്കാര്‍ക്കും ഈടുവെക്കാന്‍ ഒന്നുമില്ലാത്തവര്‍ക്കും ബാങ്കുകള്‍ വായ്പ നല്‍കില്ല. അല്ളെങ്കില്‍ നിരവധി വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കും. മിക്കപ്പോഴും മൂന്നും നാലും സെന്‍റില്‍ കഴിയുന്നവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. പിന്നെ എളുപ്പം സമീപിക്കാവുന്നത് ബ്ളേഡ് പലിശസംഘങ്ങളെയാണ്. ഒരിക്കല്‍ ബ്ളേഡ് സംഘത്തിന്‍െറ പിടിയില്‍ അമര്‍ന്നാല്‍ രക്ഷപ്പെടുക പാടാണ്. ഓക്സിജന്‍, ഹാമിങ്, മീറ്റര്‍, കുരുവി, ട്യൂബ്, പത്താംകളം എന്നിങ്ങനെ പലിശ ഇടപാടുകള്‍ നിരവധിയുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇതില്‍ പലതിലും പലിശ കണക്കാക്കുന്നത്. പതിനാല് ശതമാനത്തില്‍ (മാസം ഒന്നേകാല്‍ ശതമാനത്തില്‍ താഴെ) കൂടുതല്‍ പലിശ ഈടാക്കരുതെന്ന റിസര്‍വ് ബാങ്കിന്‍െറ നിബന്ധന ബ്ളേഡ് സംഘങ്ങള്‍ക്ക് ബാധകമല്ല. മൂന്നു വര്‍ഷം തടവും 50,000 രൂപ പിഴയും ശിക്ഷ നല്‍കുന്ന അമിത പലിശ ഈടാക്കല്‍ നിരോധനിയമം പ്രാബല്യത്തില്‍ ഉണ്ടെങ്കിലും നിയമത്തിലെ അവ്യക്തത ബ്ളേഡുകാര്‍ക്കാണ് ഗുണം ചെയ്യുന്നത്. പലയിടത്തും ഇടനിലക്കാര്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്മാരും ജോലിയില്‍നിന്ന് വിരമിച്ച ബാങ്ക് ഉദ്യോഗസ്ഥരുമാണ്്. ഇവര്‍ ഒന്നുചേര്‍ന്ന് സംഘടിതമായ രീതിയില്‍ പ്രഫഷനല്‍ കുറ്റകൃത്യമാണ് നടത്തുന്നത്. ബാങ്കുകളുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ ഇടനിലക്കാരുടെ തട്ടിപ്പിന് ബാങ്ക് മാനേജര്‍മാരും പ്രോത്സാഹനം നല്‍കും.
കൊള്ളപ്പലിശക്കു വാങ്ങിയ പണം തിരികെ നല്‍കാനാവാത്തതിനാല്‍ വൃക്ക വിറ്റു പണം നല്‍കാന്‍ ആവശ്യപ്പെടുന്ന ബ്ളേഡ് സംഘത്തില്‍നിന്ന് കുതറിമാറി നടക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറും സമരപന്തലിലുണ്ട്. ആധാരം നല്‍കിയാല്‍ ബാങ്കുകളില്‍നിന്ന് വായ്പ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘങ്ങള്‍ ഗ്രാമങ്ങളില്‍ സജീവം. കടത്തിലിരിക്കുന്ന വസ്തു വീണ്ടെടുത്ത് വായ്പ എടുക്കാന്‍ സഹായിക്കുമെന്ന് ബോര്‍ഡ് വെച്ചാണ് തട്ടിപ്പ്. വായ്പ എടുക്കാനായി വസ്തുവിന്‍െറ പ്രമാണം ആവശ്യപ്പെടും. അത് ഈടുവെച്ച് ഉടമയറിയാതെ, ഉടമയുടെ പേരില്‍ വന്‍ തുക കൈക്കലാക്കും. ഒടുവില്‍ സര്‍ഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്യപ്പെടുമ്പോഴാണ് പലരും വിവരം അറിയുക. നേരത്തേ ചര്‍ച്ച ചെയ്തപോലെ സമീപിക്കാന്‍ കോടതികളൊന്നും ഇരകള്‍ക്ക് മുന്നില്‍ തുറന്നിരിപ്പില്ല.
ക്ളബ്ബിങ് എന്ന് നാടന്‍പേരിലറിയപ്പെടുന്ന തട്ടിപ്പാണ് വ്യാപകമായി അരങ്ങേറുന്നത്. ഒന്നോ അതിലേറെയോ ആധാരങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഈട് നല്‍കി പണം വായ്പ എടുക്കുന്ന തട്ടിപ്പാണ് ഇത്. ഈ തട്ടിപ്പിനായി മാഫിയകള്‍, ബാങ്ക് മാനേജര്‍മാര്‍, സബ്രജിസ്ട്രാര്‍മാര്‍ എന്നിവര്‍ ഒന്നുചേരുന്നു. പല ആധാരങ്ങള്‍ ഒറ്റ ആധാരംപോലെ പണയംവെച്ച് തുക തുല്യമായി വീതിക്കുന്നു. പുതുവൈപ്പിലെ വൃദ്ധയായ ചന്ദ്രമതിയമ്മയുടെ ആറ് സെന്‍റിന്‍െറ ആധാരം വാങ്ങി 20 ലക്ഷം തട്ടിപ്പു നടത്തിയ വൈപ്പിന്‍ സ്വദേശി ഇബ്രാഹിം മറ്റ് ഏഴ് ദലിത് കുടുംബങ്ങളെക്കൂടി ഇത്തരത്തില്‍ തട്ടിച്ചതായും സമരസമിതി പറയുന്നു. ഇതില്‍ മൂന്ന് പേരുടെ കിടപ്പാടം ജപ്തിചെയ്യപ്പെട്ടു. മൂന്നും അഞ്ചും സെന്‍റുവരുന്ന കിടപ്പാടങ്ങളുടെ പ്രമാണം ചതിവില്‍ തട്ടിയെടുത്ത് 15 ലക്ഷം മുതല്‍ ഒരു കോടിവരെ ഭീമമായ വായ്പകള്‍ എടുക്കുന്നതാണ് ക്ളബ്ബിങ് രീതി. വായ്പ എടുത്തത് പ്രമാണത്തിന്‍െറ ഉടമകളായിരിക്കും. എന്നാല്‍, പണം മാഫിയാ സംഘം കൊണ്ടുപോകും. വല്ലാര്‍പാടം പനമ്പുകാട് മേഖലയില്‍ മാത്രം 11 ദലിത് കുടുംബങ്ങള്‍ തട്ടിപ്പിനിരയായി. കാക്കനാട്, വൈപ്പിന്‍, ഇരുമ്പനം തുടങ്ങിയ മേഖലകളിലെ 22 കുടുംബങ്ങളും വഞ്ചനക്കിരയായി. ഈ മാഫിയാ പ്രവര്‍ത്തനംമൂലം ബാങ്ക് ജീവനക്കാരനായ ദിലീപ് അടക്കം ചിലര്‍ ആത്മഹത്യചെയ്തു. ചിലര്‍ നാടുവിട്ടു.
പനമ്പുകാട് 11 ദലിത് കുടുംബങ്ങളെ തട്ടിപ്പിനിരയാക്കിയ സംഘടിത കുറ്റകൃത്യം അഞ്ചുവര്‍ഷം മുമ്പ് സമരസമിതി സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഇത് വായ്പാതട്ടിപ്പ് കൂടുതല്‍ വ്യാപകമാക്കാന്‍ ഇടയാക്കി. ഇത്തരം തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ലോനന്‍ ബാബുവിനെതിരെ 20 കേസുകള്‍ ഉണ്ട്. എന്നാല്‍ ഇയാള്‍ ഇപ്പോഴും തട്ടിപ്പ് തുടരുന്നു. ദലിത് കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് വായ്പാതട്ടിപ്പിനിരയാക്കിയ ഇബ്രാഹിമിനെതിരെ ഏഴ് കേസുകള്‍ ഉണ്ട്. കാര്യമായ ഒരു നടപടിയും ഇയാള്‍ക്കെതിരെ ഉണ്ടായിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്‍െറയും പട്ടാളിമക്കള്‍ കക്ഷിയുടെയും നേതാവ് ചമഞ്ഞായിരുന്നു തട്ടിപ്പ്. ലോണ്‍ മാഫിയയായും ഇടനിലക്കാരുമായി പ്രവര്‍ത്തിക്കുന്നവരുടെ പേരുകള്‍ സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. എ.എല്‍. ബാബുരാജ്, ഇബ്രാഹിം പള്ളിത്തറ, വി.യു. അഫ്സല്‍, ഏലിയാസ് കിഴക്കമ്പലം, റഷീദ് ഇടപ്പള്ളി, ലോനന്‍ ബാബു, മാത്യൂ ജേക്കബ് എന്നിവരാണ് ഇതില്‍ ചിലര്‍. ഇവരില്‍ പലര്‍ക്കുമെതിരെ പട്ടികജാതി-വര്‍ഗ പീഡന നിരോധനിയമപ്രകാരം സമരസമിതിയുടെ നേതൃത്വത്തില്‍ കേസുകള്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍, പ്രതികള്‍ സ്വതന്ത്രരായി വിലസുകയും സംസ്ഥാനത്തിന് അകത്തും പുറത്തും സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായും സമരസമിതി നേതാവ് പി.ജെ. മാനുവല്‍ പറയുന്നു. ഓരോ ദിവസവും കിടപ്പാടവും കച്ചവടസ്ഥാപനങ്ങളും മറ്റു സ്വത്തുക്കളും നഷ്ടപ്പെടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുകയാണെന്നും പി.ജെ. മാനുവല്‍ കണക്ക് നിരത്തി വ്യക്തമാക്കുന്നു.
അതിജീവനപോരാട്ടം
കേരളത്തില്‍ വായ്പാതട്ടിപ്പു സംഘങ്ങളും ബ്ളേഡ്മാഫിയകളും സജീവമാവുകയും സര്‍ഫാസി നിയമം ഉപയോഗിക്കപ്പെടുകയും ചെയ്തതോടെയാണ് ഇരകള്‍ മറ്റൊരു സാധ്യതയില്ലാതെ സമരത്തിലേക്ക് നീങ്ങുന്നത്. സര്‍ഫാസി നിയമത്തിനെതിരെ ഒരുപക്ഷേ രാജ്യത്തുതന്നെ ആദ്യമായി നടക്കുന്ന സമരമാകും ഇത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് സമരം മുന്നോട്ടുപോകുന്നത്. ആദ്യമേതന്നെ ഓരോ സംഭവങ്ങളിലും പൊലീസില്‍ പരാതി നല്‍കി. പ്രചാരണങ്ങള്‍, ധര്‍ണ, മാര്‍ച്ചുകള്‍ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് കണ്ണ്കെട്ടി സമരത്തിലത്തെിയത്. ദലിത് കുടുംബങ്ങളെ വഞ്ചിച്ച് വഴിയാധാരമാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലത്തെിയ സമരസമിതിക്ക് തിക്താനുഭവങ്ങളും നേരിടേണ്ടിവന്നു. എസ്.സി-എസ്.ടി സംസ്ഥാന കമീഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ദേശീയ പട്ടികജാതി കമീഷന് നേരിട്ട് ഇരകള്‍ തെളിവുനല്‍കി. 30 ദിവസത്തിനകം നടപടിയെടുക്കണമെന്ന് സംസ്ഥാന എസ്.സി-എസ്.ടി വകുപ്പിന് ദേശീയ കമീഷന്‍ നിര്‍ദേശം നല്‍കി. നിയമക്രമപ്രശ്നമാണെന്ന് കണക്കാക്കി പ്രശ്നപരിഹാരത്തിന്‍െറ സാധ്യത റിപ്പോര്‍ട്ട് ചെയ്യാന്‍ ഡി.ജി.പിക്ക് ദേശീയ കമീഷന്‍ അടിയന്തര സന്ദേശം അയച്ചു. എന്നാല്‍, കേന്ദ്രനിയമമായ സര്‍ഫാസിക്ക് കീഴിലെ നടപടിയായതിനാല്‍ ഇടപെടാനാവില്ളെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. ഇതിനിടയില്‍ ഡി.ആര്‍.ടി ഓഫിസ്, സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടങ്ങിയ നിരവധി സമരം നടത്തി. ജപ്തിനടപടികളെ സംഘടിതമായി ജനത്തെ അണിനിരത്തി തടയാനും സമരസമിതി ശ്രമിക്കുന്നു. ജപ്തി ചെയ്യപ്പെട്ട വീടുകളില്‍ ചിലത് തിരിച്ചുപിടിച്ചു. പലേടത്തും ജപ്തി തടഞ്ഞു. ഈ സമരമില്ലായിരുന്നെങ്കില്‍ കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം പല മടങ്ങാവുമായിരുന്നു.
ഭൂമിയും കിടപ്പാടവുമെല്ലാം നഷ്ടപ്പെട്ട 33 കുടുംബങ്ങളാണ് സമരപന്തലിലുള്ളത്. നിരവധി പേര്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗത്തുനിന്നും എത്തി ആശങ്ക പങ്കുവെക്കുന്നുണ്ട്. മുഖ്യധാരാ പാര്‍ട്ടികളുടെയെല്ലാം പ്രാദേശിക നേതാക്കളാണ് പലയിടത്തും ബ്ളേഡുകാര്‍ എന്നതിനാല്‍തന്നെ സ്വന്തം നേതാക്കള്‍ക്കെതിരെ അണികളും സമരപന്തലിലത്തെുന്നുണ്ട്. തട്ടിപ്പിനിരയായി ഭൂമി നഷ്ടപ്പെടുന്നതില്‍ നല്ല പങ്കും ദലിതരാകുന്നത് സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിമര്‍ദനത്തിന്‍െറ സവിശേഷ രൂപംകൂടിയാണെന്ന് വി.സി. ജെന്നി വ്യക്തമാക്കുന്നു.
സര്‍ഫാസി നിയമം കേന്ദ്രതലത്തിലേ പിന്‍വലിക്കാനാവൂവെന്ന് സമരസമിതിക്കുമറിയാം. നിയമം പിന്‍വലിക്കണമെന്ന ആത്യന്തിക മുദ്രാവാക്യം ഉയര്‍ത്തുമ്പോഴും, അതല്ല സമിതി അടിയന്തര ആവശ്യമായി ഉന്നയിക്കുന്നത്. തട്ടിപ്പിനിരയായവരെ കടബാധ്യതയില്‍നിന്ന് ഒഴിവാക്കി കിടപ്പാടവും പ്രമാണങ്ങളും തിരികെ നല്‍കുക, ലോണ്‍ മാഫിയക്ക് ശിക്ഷ ഉറപ്പാക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്യുക, വായ്പാ തട്ടിപ്പ് നടത്തിയ കേസുകളില്‍ സര്‍ഫാസി നിയമം പ്രയോഗിക്കാതിരിക്കുക, സര്‍ഫാസി ജപ്തി നടപടിക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, പട്ടികജാതി-വര്‍ഗ കമീഷന്‍ ശിപാര്‍ശ നടപ്പാക്കുക, തട്ടിപ്പുകള്‍ സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കുക എന്നിവയാണ് സമരസമിതിയുടെ ആവശ്യം. കിടപ്പാടം ജപ്തി ചെയ്യരുതെന്ന് കണിശമായി വാദിക്കുന്നു. സാമ്പത്തിക ഇടപാടുകള്‍ കുറ്റവിചാരണ ചെയ്ത് ശിക്ഷിക്കാനുള്ള നെഗോഷ്യബള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് 138ാം വകുപ്പ് പ്രകാരം രാജ്യത്ത് അറുപതുലക്ഷം ദരിദ്രജനങ്ങളാണ് ചെക്ക് കേസില്‍ കുടുങ്ങിയിട്ടുള്ളതെന്നും, അതിനാല്‍ സംഘടിതമായ ജനകീയ മുന്നേറ്റം സംസ്ഥാനത്തെമ്പാടും ഉയരണമെന്നുമാണ് സമരക്കാരുടെ ആഹ്വാനം.
മാവോവാദി നീക്കമാണെന്ന് മുദ്രകുത്തി സമരത്തെ ഒറ്റപ്പെടുത്താനും അടിച്ചമര്‍ത്താനും ഭരണകൂടശ്രമം ഒരു വശത്ത് നടക്കുന്നുണ്ട്. വന്‍ ബഹുജന പിന്തുണയിലേക്ക് സമരം വികസിക്കാത്തതും തിരിച്ചടിയാണ്. അതെന്തായാലും വലിയ രീതിയില്‍ വായ്പ എടുത്തവരുടെ കിടപ്പാടം നഷ്ടപ്പെടാന്‍ പോകുന്ന വര്‍ത്തമാനകേരളത്തില്‍, അതിനെതിരെ നടക്കുന്ന ചെറുത്തുനില്‍പിന് ചെറിയ അര്‍ഥങ്ങളല്ല ഉള്ളത്. കേരളം മുഖംതിരിച്ചാല്‍ ഈ ചെറുത്തുനില്‍പും തകരും. അതോടെ വായ്പ എടുത്തവര്‍ക്ക് തെരുവുമാത്രമാവും അഭയം. അത് അനുവദിക്കണോ വേണ്ടയോ എന്നതാണ് ഇപ്പോള്‍ നമ്മള്‍ അഭിമുഖീകരിക്കുന്ന ചോദ്യം.


BOX



താഴിട്ട് പൂട്ടിയ വീട് 
വൈപ്പിനിലെ സാധാരണ കുടുംബമായിരുന്നു ലിനറ്റിന്‍േറത്. രണ്ട് കുട്ടികള്‍. ഭര്‍ത്താവ് ജയിന്‍ ബാബുവിന് സ്വന്തമായി ചെറിയ സീഡി ഷോപ്പുണ്ടായിരുന്നു. ഋഷിരാജ് സിങ്ങിന്‍െറ നേതൃത്വത്തില്‍ വ്യാജസീഡി വേട്ട ആരംഭിച്ചതോടെ കട പൂട്ടി. ജീവിതമാര്‍ഗം അടഞ്ഞു. ജീവിതച്ചെലവ് കണ്ടത്തൊന്‍ പ്രദേശവാസികളായ രണ്ടുപേരില്‍നിന്ന് ഒരു ലക്ഷം പലിശക്കു കടമെടുത്തു. വിചാരിച്ചതുപോലെ കടം കൊടുത്തുതീര്‍ക്കാനായില്ല. പലിശക്കാര്‍ വീടുകയറിയിറങ്ങാന്‍ തുടങ്ങി. ആയിടക്ക് വല്ലാര്‍പാടം പള്ളിയില്‍ പോയി മാതാവിനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. പള്ളിയില്‍നിന്ന് മടങ്ങുമ്പോള്‍ ‘പ്രോപര്‍ട്ടി ലോണ്‍, കടമുള്ളവര്‍ വിഷമിക്കണ്ട. വസ്തു ഈടിന്മേല്‍ ദിവസങ്ങള്‍ക്കകം ലോണ്‍ ശരിയാക്കി നല്‍കുന്നതിന് സമീപിക്കുക’ എന്ന ബോര്‍ഡുകണ്ടു. ദൈവം വഴികാണിച്ചു തരുന്നു എന്നാണ് അപ്പോള്‍ കരുതിയതെന്ന് ലിനറ്റ് പറയുന്നു. പരസ്യത്തിലെ നമ്പറില്‍ ബന്ധപ്പെട്ടു. എ.എല്‍. ബാബുരാജായിരുന്നു മറുതലക്കല്‍. ഒരു ലക്ഷം വായ്പ എടുത്താല്‍ തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്താന്‍ ബാബുരാജ് ആധാരം ആവശ്യപ്പെട്ടു. തുടര്‍ന്ന്, ബാങ്കില്‍ ഈടുവെച്ച ആധാരം തിരികെ എടുക്കാനും കച്ചവടം ആരംഭിക്കാനും മുടക്കുമുതലായി ആറു ലക്ഷം നല്‍കാന്‍ കഴിവുള്ള ആലപ്പുഴയിലെ മടയില്‍ മാത്യു ജേക്കബിനെ ബാബുരാജ് പരിചയപ്പെടുത്തി. 20 സെന്‍റും രണ്ടുനില വീടും വരുന്ന വസ്തു വിശ്വാസത്തീറായി വാങ്ങിയശേഷം മാത്യു ആറുലക്ഷം നല്‍കി. പ്രതിമാസം മാത്യുവിന്‍െറ ആക്സിസ് ബാങ്ക് അക്കൗണ്ടില്‍ 5000 രൂപ അടയ്ക്കാനായിരുന്നു നിര്‍ദേശം. 18 മാസം തുക അടച്ചു. ഇതിനിടയില്‍ രണ്ടു ബാങ്കുദ്യോഗസ്ഥര്‍ വീട്ടിലത്തെി. മാത്യു ഈ കിടപ്പാടം ഈടുവെച്ച് 25 ലക്ഷം വായ്പ എടുത്തിരിക്കുന്നു. ഒന്നും തിരിച്ചടച്ചിട്ടില്ല. പലിശയടക്കം 40 ലക്ഷം കുടിശ്ശിക ആയി. സര്‍ഫാസി നിയമപ്രകാരം ജപ്തി അറിയിപ്പുമായാണ് ബാങ്കുകാര്‍ വന്നത്. ബാങ്കുകാര്‍ പോയശേഷം ലിനറ്റിന്‍െറ കുടുംബം മാത്യുവിനെ ബന്ധപ്പെട്ടു. വിചാരിക്കാത്ത ചില വീഴ്ചകൊണ്ടാണ് പണം അടയ്ക്കാനാവാത്തതെന്നും ഉടന്‍ വേണ്ടതു ചെയ്യാമെന്നും മാത്യു ആശ്വസിപ്പിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. അടുത്തതവണ ബാങ്കുകാര്‍ എത്തിയത് പൊലീസുമായാണ്്. നാട്ടുകാര്‍ സംഘടിച്ചു. മാത്യുവിനെ ഒന്നു ഭയപ്പെടുത്താന്‍ രണ്ടു ദിവസത്തേക്ക് മാറിനില്‍ക്കണമെന്ന് ബാങ്കുകാര്‍ ലിനറ്റിനോടും ജയിന്‍ ബാബുവിനോടും അഭ്യര്‍ഥിച്ചു. ഇതുകേട്ട് കുട്ടികളുടെ സ്കൂള്‍ ബാഗും അത്യാവശ്യ വസ്തുക്കളും മാത്രം എടുത്ത് വീടുവിട്ടിറങ്ങി. പിന്നീട് വന്നപ്പോള്‍ ബാങ്കുകാര്‍ വീട് പുതിയ താഴിട്ട് പൂട്ടിയതാണ് കണ്ടത്. കുടുംബം വഴിയാധാരമായി. ബാങ്കുകാരാവട്ടെ ഈ വസ്തു ലേലം ചെയ്ത് മറ്റൊരാള്‍ക്ക് വിറ്റു. കുറച്ചു മാസം മുമ്പ് സമരസമിതി പ്രവര്‍ത്തകരുടെ പിന്തുണയോടെ ലിനറ്റും കുടുംബവും പൂട്ടുപൊളിച്ച് വീട്ടില്‍ കയറി താമസമാരംഭിച്ചു. പുതിയ ഉടമ വീട് വില്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. അതിനാല്‍തന്നെ എത്രനാള്‍ പിടിച്ചുനില്‍ക്കാനാവുമെന്ന് ലിനറ്റിന് അറിയില്ല.



ചതിയുടെ കൈയൊപ്പ്
പുതുവൈപ്പ് സ്വദേശിയാണ് ചന്ദ്രമതിയമ്മ. 83 വയസ്സ്. രോഗി. ദലിത് കുടുംബം. ആറ് സെന്‍റിന്‍െറ ആധാരം നല്‍കി ഓച്ചന്‍ തുരുത്ത് സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് 30,000 രൂപ വായ്പ എടുത്തിരുന്നു. 86,000 രൂപക്ക് വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് അയച്ചു. ഈ സമയത്ത് നായരമ്പലത്തെ പ്രമുഖ ഇടനിലക്കാരന്‍ പൊതുമേഖലാ ബാങ്കില്‍നിന്ന് ദീര്‍ഘകാല വായ്പ എടുത്തു നല്‍കാമെന്ന് വിശ്വസിപ്പിച്ചു. ബാങ്കില്‍ ഈട് വെക്കാന്‍ പ്രമാണം രജിസ്റ്റര്‍ ചെയ്യണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് രജിസ്റ്റര്‍ ഓഫിസില്‍ കൊണ്ടുപോയി, നിരക്ഷരയായ ചന്ദ്രമതിയെക്കൊണ്ട് മുദ്രപത്രങ്ങളില്‍ ഒപ്പിട്ടുവാങ്ങി. ദീര്‍ഘകാല വായ്പയായി ആറു ലക്ഷം എടുത്തിട്ടുണ്ടെന്നും മാസം 8250 രൂപ ബാങ്കില്‍ അടയ്ക്കണമെന്നും പറഞ്ഞു. സഹകരണ ബാങ്ക് വായ്പ തീര്‍ക്കാനും പ്രമാണച്ചെലവിനുമായി മൂന്ന് ലക്ഷം ചെലവായെന്ന് പറഞ്ഞ് ഇടനിലക്കാര്‍ മൂന്നു ലക്ഷം മാത്രമാണ് നല്‍കിയത്. 8250 അടയ്ക്കാനായി മകന്‍ ബാങ്കില്‍ ചെന്നപ്പോള്‍ അമ്മക്ക് ഇവിടെ ലോണ്‍ അക്കൗണ്ടില്ളെന്ന് മാനേജര്‍ പറഞ്ഞു. മാനേജര്‍ തന്നെ ഇടനിലക്കാരനായ ഇബ്രാഹിമിനെ വിളിച്ചുവരുത്തി. അയാളുടെ ഓഫിസില്‍ തുക അടച്ച് രസീത് വാങ്ങാന്‍ നിര്‍ദേശം കിട്ടി. ഒരു ലക്ഷം രൂപ ചന്ദ്രമതിയമ്മ അടച്ചു. എന്നാല്‍, 2009 ഫെബുവരി 24ന് വായ്പ തിരിച്ച് അടയ്ക്കാത്തതിന് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചു. ഇടനിലക്കാര്‍ 20 ലക്ഷമാണ് വായ്പ എടുത്തത്. ജപ്തി ഒഴിവാക്കാമെന്ന് പറഞ്ഞ് ഇടനിലക്കാര്‍ 25,000 രൂപകൂടി തട്ടിച്ചെടുത്തു. തന്‍െറ ഭാര്യയുടെ വീതം വിറ്റ് ബാങ്കിലെ പണം അടയ്ക്കാമെന്ന് പറഞ്ഞ് ഷാനവാസ് എന്നയാള്‍ വീട്ടിലത്തെി. 40,000 രൂപ ആവശ്യപ്പെട്ടാണ് ചന്ദ്രമതിയമ്മയുടെ പേരിലുള്ള പാസ് ബുക്കും ചെക്കുമായി ഇയാള്‍ വന്നത്.
40,000 രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങി അയാളും മുങ്ങി. ബ്ളേഡ് -ബാങ്ക് ജപ്തി വിരുദ്ധസമിതി പാസ്ബുക്ക് പരിശോധിച്ചപ്പോള്‍ ചന്ദ്രമതിയമ്മയുടെ പേരില്‍ പാസായ 20 ലക്ഷത്തില്‍നിന്ന് ഇബ്രാഹിം നാല് ലക്ഷവും സുരേഷ് ബാബു അഞ്ചു ലക്ഷവും ഒരു പരിചയവുമില്ലാത്ത ബൈജുവെന്നും ബാനിയെന്നും പേരുള്ള രണ്ടുപേര്‍ അഞ്ചും ആറും ലക്ഷം വീതവും പിന്‍വലിച്ചതായി അറിഞ്ഞു.


രണ്ട് ജീവിതകഥ

കൊച്ചി മുളവുകാട് സ്വദേശിയാണ് എ.എസ്. മുരളീധരന്‍. ഭാര്യാസഹോദരന്‍െറ മകളുടെ വിവാഹത്തിനാണ് പണം ആവശ്യമായി വന്നത്. മൂന്നു സെന്‍റില്‍ ഇടിഞ്ഞുവീഴാറായ വീടാണ് മുരളീധരന് ആകെയുള്ളത്. ‘ക്ളബിങ് മാഫിയ’ മൂന്നുലക്ഷം നല്‍കി 15 ലക്ഷം രൂപയുടെ വായ്പ എടുത്തു. ബാങ്ക് ഒരു തവണപോലും ഈട്വസ്തു പരിശോധിച്ചില്ല. രണ്ടു നിലയുള്ള മൂന്ന് മാസ്റ്റര്‍ കിടപ്പുമുറിയും രണ്ട് എ.സി മുറിയും ടൈല്‍ പതിച്ച ചുറ്റുമതിലുള്ള ബംഗ്ളാവാണ് മൂന്നുസെന്‍റിലുള്ളത് എന്ന് വായ്പാ രേഖകള്‍ പറയുന്നു. സ്ഥലം ഇപ്പോള്‍ ഷാജഹാന്‍ എന്ന ലോണ്‍മാഫിയയുടെ പേരിലാണ്. പണം തിരിച്ചടച്ചിട്ടുമില്ല.
***

പോര്‍ട്ടില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്നു പനമ്പുകാട് സ്വദേശി പി.ഡി. രവി. അടുത്തിടെ സര്‍വിസില്‍നിന്ന് വിരമിച്ചു. രണ്ട് പെണ്‍മക്കളുടെ വിവാഹത്തിന് നാല് ലക്ഷം രൂപയാണ് ‘ക്ളബിങ് മാഫിയ’ വായ്പ സംഘടിപ്പിച്ച് നല്‍കിയത്. എന്നാല്‍ ആധാരം പണയംവെച്ച് മാഫിയാസംഘം പതിനഞ്ച് ലക്ഷം തട്ടിയെടുത്തു. കുടിശ്ശിക അടയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ ‘‘നിങ്ങള്‍ കക്ഷിയല്ല’’ എന്നുപറഞ്ഞ് ബാങ്ക് തിരിച്ചടവ് അനുവദിച്ചില്ല. ജീവിതകാലം മുഴുവന്‍ തൊഴിലെടുത്ത് കെട്ടിപ്പൊക്കിയ വീട്ടില്‍നിന്ന്് നട്ടുച്ചക്ക് വേവിച്ച കഞ്ഞിപോലും എടുക്കാന്‍ അനുവദിക്കാതെ രവിയെ പുറത്താക്കി. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇറക്കിവിടല്‍. വായ്പാതട്ടിപ്പ് സംഘത്തിന് എതിരെയുള്ള കേസ് പൊലീസ് ഒതുക്കി. ദലിത് സമുദായാംഗമായ രവിക്കെതിരെ നടന്ന അതിക്രമം പട്ടികജാതി-വര്‍ഗ അതിക്രമ നിരോധനിയമത്തിന്‍െറ പരിധിയില്‍ വരുന്നതാണ്. കേസ് കൊടുത്തിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.


പുഷ്പ, ജാനകിയമ്മ, ദിലീപ് 
കൊച്ചി നഗരസഭയില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായിരുന്നു 68 വയസ്സുള്ള പുഷ്പ. പനമ്പുകാട് സ്വദേശി. 2000ല്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. പത്തു സെന്‍റ് സ്ഥലമുണ്ടായിരുന്നു. അതില്‍ വീടുപണി നടക്കുന്നതിനിടെ ഭര്‍ത്താവ് മരിച്ചു. 1.25 ലക്ഷം സര്‍വിസ് സഹകരണബാങ്കില്‍നിന്ന് വായ്പ എടുത്തു. വീട് ജപ്തി ചെയ്യുമെന്ന് ഭീഷണിയുണ്ടായപ്പോള്‍ ഇബ്രാഹിം, ഷാജഹാന്‍, അജയന്‍ എന്നിവര്‍ വന്ന് ബാങ്കില്‍നിന്ന് വായ്പ സംഘടിപ്പിച്ചു നല്‍കി. ഈ ഇടനിലക്കാര്‍ പുഷ്പയുടെ ആധാരം പണയംവെച്ച് എടുത്തത് 18 ലക്ഷം രൂപ.
***

ലക്ഷംവീട് കോളനിയിലാണ് 61 വയസ്സുകാരി ജാനമ്മ താമസിക്കുന്നത്. നാല് സെന്‍റാണ് സ്വന്തം. 2003ല്‍ ഭര്‍ത്താവ് മരിച്ചു. ഹൗസിങ് ബോര്‍ഡില്‍നിന്ന് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നപ്പോള്‍ മുളവുകാടില്‍നിന്ന് ഇടനിലക്കാരായ ബാബുജോസഫ് മുഖേന ബാങ്കില്‍നിന്ന്  2.5 ലക്ഷം വായ്പ എടുത്തു. താന്‍ വീട് ഇടനിലക്കാരായി എത്തിയവര്‍ക്ക് വിറ്റതായും അതേ പറമ്പില്‍ ഇപ്പോള്‍ വാടകക്ക് താമസിക്കുന്നു എന്നുമാണ് രേഖകള്‍ വ്യക്തമാക്കുന്നത് എന്ന് 2009ല്‍ ഇവര്‍ തിരിച്ചറിഞ്ഞു. മൊത്തം ഇടപാടും തട്ടിപ്പായിരുന്നു. ജാനമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പ്രഹസനം.
***

കളമശ്ശേരിക്ക് സമീപം കങ്ങരപ്പടി സ്വദേശിയായിരുന്നു ദിലീപ്. കങ്ങരപ്പടി സര്‍വിസ് സഹകരണബാങ്കില്‍ ഇരുപതുവര്‍ഷം ജീവനക്കാരന്‍. ഭാര്യയും മക്കളുമുണ്ട്. വീട് നിര്‍മിക്കാന്‍ 10 ലക്ഷം ആവശ്യമായി വന്നു. ഇടനിലക്കാര്‍ വഴി വായ്പ സംഘടിപ്പിച്ചു. എന്നാല്‍, ഇടനിലക്കാരന്‍ ദിലീപിന്‍െറയും മറ്റ് രണ്ടുപേരുടെയും ആധാരം പണയംവെച്ച് ബാങ്കില്‍നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ ദിലീപ് ആത്മഹത്യ ചെയ്തു. ഇരുമ്പനം, പനമ്പുകാട് എന്നിവിടങ്ങളിലെ ലോണ്‍ മാഫിയ ബാബുരാജാണ് തട്ടിപ്പിന് പിന്നില്‍. ‘ഈട് വസ്തു മറിച്ചുവിറ്റ് ലോണെടുത്ത് സഹായിക്കും’ എന്ന ബോര്‍ഡുവെച്ചാണ് ബാബുരാജ് നിരവധി പേരെ ഇരയാക്കിയത്.


മാധ്യമം ആഴ്ചപ്പതിപ്പ്, 2015 നവംബര്‍ 2

No comments:

Post a Comment