Sunday, October 9, 2011

തെരുവു ഗുണ്ടകളും പൊലീസ് ഗുണ്ടകളും

സംഭാഷണം
വി.ബി. ഉണ്ണിത്താന്‍/ആര്‍.കെ.ബിജുരാജ്




തെരുവു ഗുണ്ടകളും
പൊലീസ് ഗുണ്ടകളും



നമുക്കിടയില്‍ പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുക അപൂര്‍വ സംഭവമൊന്നുമല്ല. ഭരണകൂടവും പൊലീസും രാഷ്ട്രീയക്കാരും മാഫിയകളുമെല്ലാം ഈ ആക്രമണത്തിന്റെ ഒരുവശത്ത് പതിവായി നിലകൊണ്ടിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ പല രീതിയില്‍, രൂപത്തില്‍ പത്രപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. ചില പത്രപ്രവര്‍ത്തകരുടെയെങ്കിലും അപകടമരണം സമസ്യയായി തുടരുന്നുമുണ്ട്. ജൂണില്‍, മുംബൈയില്‍ കൊല്ലപ്പെട്ട അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജ്യോതിര്‍മോയി ഡേയും (ജെ ഡേ) സൂചനയാണ്. യഥാര്‍ഥ പ്രതികളെ പിടിക്കാതെ കൊലപാതകികള്‍ക്കൊപ്പം നിലകൊള്ളുന്ന പൊലീസിന്റെ പ്രഹസനം അങ്ങനെ നമ്മള്‍ ആവര്‍ത്തിച്ചുകണ്ടുകൊണ്ടിരിക്കുന്നു.
നമ്മുടെ പുതിയ ലോകക്രമത്തില്‍ ആക്രമണം ഒന്നുകൂടി വര്‍ധിക്കാനേ തരമുള്ളൂ- മാധ്യമപ്രവര്‍ത്തകര്‍ക്ക്/മാധ്യമങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണവും ജനാധിപത്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെങ്കിലും.
അതെന്തായാലും, മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനു നേരെ നടന്ന ആക്രമണം പലരീതിയിലും വേറിട്ടുനില്‍ക്കുന്നു. അത് നമ്മളെ വല്ലാതെ ഭയപ്പെടുത്തും. അസ്വസ്ഥമാക്കും.
കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു പത്രപ്രവര്‍ത്തകനെ വധിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാഫിയാ ഗുണ്ടാസംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കുന്നു. അവരത് ഏതാണ്ടൊക്കെ ഭംഗിയായി നിര്‍വഹിക്കുന്നു. ഭാഗ്യം/നിര്‍ഭാഗ്യം എന്നുവിളിക്കുന്ന നൂല്‍പ്പാലങ്ങള്‍ക്കിടയില്‍ ഉണ്ണിത്താനായിരുന്നു ജയം. മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് ഉണ്ണിത്താനിപ്പോള്‍ പിച്ചവച്ചുകൊണ്ടിരിക്കുന്നു.
2011 ഏപ്രില്‍ 16 ന് രാത്രി പത്തിനാണ് ഉണ്ണിത്താനെതിരെ ആക്രമണം നടന്നത്. ഭരണിക്കാവിലെ വീട്ടിലേക്ക് പോകാന്‍ ശാസ്താംകോട്ടയില്‍ എത്തിയപ്പോഴായിരുന്നു ഇരുളില്‍ നിന്ന് ക്വട്ടേഷന്‍ സംഘം ചാടിവീണത്. കമ്പിവടിക്കുള്ള അടിയേറ്റ് വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞു. കൈയിലെ എല്ലുകള്‍ നുറുങ്ങി. കാല്‍ പലയിടത്തും ഒടിഞ്ഞ് എല്ലുകള്‍ പുറത്തുവന്നു. നട്ടെല്ലും കാലിലെ എല്ലുകളും യോജിക്കുന്നിടത്ത് മാരക പൊട്ടല്‍. ശരീരം മുഴുന്‍ ചതവുകള്‍. മജജ്ജയും രക്തവും കലര്‍ന്ന് മരണം ഉറപ്പെന്ന് ഡോക്ടര്‍മാര്‍ പോലും പറഞ്ഞ അവസ്ഥയിലായിരുന്നു ഉണ്ണിത്താന്‍. എട്ട്മണിക്കൂറെടുത്തു ശസ്ത്രക്രിയയ്ക്ക്.
പതിനഞ്ചുവര്‍ഷക്കാലമായി പത്രപ്രവര്‍ത്തന രംഗത്ത് സജീവമാണ് ഉണ്ണിത്താന്‍. മാതൃഭൂമിയില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. കരുനാഗപ്പള്ളി ഭരണിക്കാവ് സ്വദേശി. കോളജ് അധ്യാപകജോലി ഉപേക്ഷിച്ചാണ് പത്രപ്രര്‍ത്തനരംഗത്ത് ഉണ്ണിത്താന്‍ എത്തിയത്. ഭാര്യ പ്രീതക്കും രണ്ടുമക്കള്‍ക്കും പ്രായമായ അമ്മയ്ക്കുമൊപ്പമാണ് താമസം.
തന്നെ വധിക്കാന്‍ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ നല്‍കിയ പൊലീസിനെപ്പറ്റിയും അവരിലെ ക്രിമനലുകളെപ്പറ്റിയും എന്താവും ഉണ്ണിത്താന് പറയാനുണ്ടാകുക?


നമുക്ക് ഏപ്രില്‍ 16 ലെ രാത്രിയില്‍ നിന്ന് തുടങ്ങാം. എന്തുകൊണ്ട് നിങ്ങള്‍ ആക്രമിക്കപ്പെട്ടു?

ആക്രമിക്കപ്പെട്ടതിന്റെ ലളിതമായ കാരണം പൊലീസിലെ ക്രിമിനലുകള്‍ക്ക് ഞാനെഴുതിയ വാര്‍ത്തകള്‍ ഇഷ്ടപ്പെട്ടില്ല എന്നതാണ്. 2009 ഒക്‌ടോബര്‍ ആദ്യവാരത്തില്‍ കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വലിയ ആഘോഷം നടന്നു. സ്പിരിറ്റ് കോണ്‍ട്രാക്ടര്‍മാര്‍ നടത്തിയ മദ്യ-മദിരാക്ഷി സല്‍ക്കാരം എന്നു പറയാം. കൊല്ലത്ത് കടലില്‍ കൂടി സ്പിരിറ്റ്/വ്യാജമദ്യം കടത്തുപതിവാണ്. അങ്ങനെ സ്പിരിറ്റ് കടത്ത് വിജയകരമായി നടത്തിയതിന്റെ നന്ദിസൂചകമായിട്ടാണ് സല്‍ക്കാരം നടന്നത്. വാര്‍ത്ത അറിഞ്ഞപ്പോള്‍ നേരിട്ട് അവിടെ ചെന്ന ചുരുക്കം പത്രപ്രവര്‍ത്തകരിലൊരാളാണ് ഞാന്‍. അവിടെ കണ്ട കാഴ്ചകള്‍ നാണിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്ക് വേണ്ടി പൊലീസ് ഓഫീസര്‍മാര്‍ ബഹളം കൂട്ടുന്നു. പരസ്പരം പോരാടിക്കുന്നു. വലിയ അടി നടക്കുന്നു. സി.ഐ. (പിന്നീട് ഡിവൈ.എസ്.പിയായി) സന്തോഷ് നായരടക്കം നാല് ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയുണ്ട്. വിവരങ്ങള്‍ ശേഖരിച്ച് തിരിച്ച് ഓഫീസിലേക്ക് വരുമ്പോള്‍ ഫോണില്‍ വിളിവന്നു. വാര്‍ത്ത കൊടുക്കരുതെന്ന് അപേക്ഷ. വാര്‍ത്ത വന്നാല്‍ വലിയ പ്രശ്‌നമാവും എന്ന് പറഞ്ഞു. നോക്കട്ടെ എന്നു ഞാനും. പിന്നെ പൊലീസ് അസോസിയേഷന്‍കാര്‍ വിളിച്ചു. വാര്‍ത്ത കൊടുക്കരുത്. 'വാര്‍ത്തയെപ്പറ്റി തീരുമാനിക്കുന്നത് ഞാനല്ല, അതിന് വേറെ ഓഫീസില്‍ വലിയ ആളുകള്‍ ഉണ്ട്. അവിടെ എന്തുകണ്ടോ അത് റിപ്പോര്‍ട്ട് ചെയ്യുകയാണ് എന്റെ ജോലി എന്നു മറുപടി പറഞ്ഞു. വിശദമായ വാര്‍ത്ത എഴുതി. ഞങ്ങളവിടെ എന്തുകണ്ടോ അത് മാത്രമാണ് അച്ചടിച്ചുവന്നത്. ഒക്‌ടോബര്‍ 13ലെ 'മാതൃഭൂമി'യില്‍ 'സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ പൊലീസ് ഓഫീസര്‍മാരുടെ അഴിഞ്ഞാട്ടം' എന്ന തലക്കെട്ടില്‍ പേജിന്റെ മുകള്‍ ഭാഗത്ത് വാര്‍ത്ത വന്നു. ജനങ്ങളെ വ്യാജമദ്യത്തില്‍ നിന്ന് രക്ഷിക്കേണ്ട പൊലീസുകാര്‍ മദ്യകച്ചവടക്കാരുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നത് അവര്‍ക്കിടയിലെ അവിശുദ്ധ കൂട്ടുകെട്ട് വ്യക്തമാക്കുന്നുണ്ട്. വാര്‍ത്ത വന്നതിന്റെ പിറ്റേ ദിവസം നടപടിയായി. ഡി.ജി.പി.യുടെ ചുമതല ഇന്റലിജന്‍സ് എ.ഡി.ജി.പി. സിബി മാത്യൂസിനായിരുന്നു. അദ്ദേഹം ഇന്റലിജന്‍സിനേടും പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റേഞ്ച് ഐ.ജി. ഹേമചന്ദ്രനാണ് എഡിജിപിക്ക് വേണ്ടി പൊലീസിനോട് റിപ്പോര്‍ട്ട് ചോദിച്ചു. അന്നത്തെ കൊല്ലം എസ്.പി. സഞ്ജയ്കുമാര്‍ പല കാര്യങ്ങളും മറച്ചുവക്കാന്‍ ശ്രമിച്ചു. എന്നാലും സംഭവത്തിലുള്‍പ്പെട്ട പൊലീസ് ഉദ്യോഗ്‌സഥരെ മുഴുവന്‍ സ്ഥലംമാറ്റി. അത് സന്തോഷ് നായരുള്‍പ്പടെയുള്ളവരെ പ്രകോപിച്ച ഒരു കാരണമാണ്.

ഒരു കാരണമെന്ന് പറഞ്ഞു. അപ്പോള്‍ മറ്റ് കാരണങ്ങളോ?

മറ്റൊന്ന് പൊലീസിലെ മറ്റൊരു അഴിമതിയും അന്യായമായ പ്രവൃത്തി പുറത്തുകൊണ്ടുവന്നതാണ്. യഥാര്‍ഥത്തില്‍ അത് മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട, അവഗണിക്കാന്‍ കഴിയാത്ത സംഭവമാണ്. കളക്ടറേറ്റിലെ തൂപ്പുകാരി മകളെ കാണുന്നില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കി. വളരെ ദരിദ്രയായ സ്ത്രീയാണവര്‍. മകളെ തിരയാന്‍ രണ്ട് എസ്.ഐ. മാര്‍ എണ്‍പതിനായിരം രൂപ ആ അമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങി. നൂറുരൂപക്ക് അഞ്ചുരൂപ പലിശയെടുത്താണ് ബ്ലേഡ്കാരില്‍ നിന്ന് അമ്മ പണം സംഘടിപ്പിച്ചത്. കാണാതായ ആളെ തിരയാന്‍ പൊലീസിന് സംവിധാനമുണ്ട്. അതിനുള്ള യാത്രാ ചിലവും സൗകര്യവും പൊലീസിനുണ്ട്. സ്വയമേ അന്വേഷിക്കുക പൊലീസിന്റെ ഉത്തരവാദിത്വമാണ്. അതിനാണ് പൊലീസ്. ഈ സംഭവം അറിഞ്ഞപ്പോള്‍ വാര്‍ത്ത കൊടുത്തു- 'മകളെ കണ്ടെത്താന്‍ എണ്‍പതിനായിരം കൈക്കൂലി'. മാതൃഭൂമി മാത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതത്. വാര്‍ത്ത വന്നതോടെ രണ്ട് എസ്.ഐ.മാരെ സസ്‌പെന്‍ഡ് ചെയ്തു. ഞങ്ങള്‍ ഈ വാര്‍ത്തയുടെ അനുബന്ധകഥ കൂടി കൊടുത്തു. ട്രെയിനില്‍ കൈയില്‍ പൈസയില്ലാതെ വിഷമിച്ച പെണ്‍കുട്ടിയെ ബാംഗ്ലൂര്‍ ഇന്ദിര കോളജിലെ ചില നല്ല വിദ്യാര്‍ഥികള്‍ രക്ഷിച്ചു. അതിലൊരു കന്നഡ വിദ്യാര്‍ഥി പൊലീസിനെ വിളിച്ച് വിവരം പറഞ്ഞു. പൊലീസ് അതിബുദ്ധി കാട്ടി. ആ വിദ്യാര്‍ഥിയോട് പെണ്‍കുട്ടിയെ കൂട്ടി നാട്ടിലോട്ട് വരാന്‍ പറഞ്ഞു. നല്ല മനസുകൊണ്ട് പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാനായി ആ വിദ്യാര്‍ഥി ഒപ്പം വന്നു. ആ വിദ്യാര്‍ഥിക്ക് ഈ പെണ്‍കുട്ടിയെ കാണാതായതില്‍ ഒരു ബന്ധവുമില്ല. പക്ഷെ പൊലീസുകാര്‍ അവനെ മര്‍ദിച്ചു. പിടിച്ചു ജയിലില്‍ തള്ളി. അമ്പതുദിവസം ആ വിദ്യാര്‍ഥി ജയിലില്‍ കിടന്നു. ഞങ്ങള്‍ വാര്‍ത്ത കൊടുത്തു. ആ വിദ്യാര്‍ഥിയെ വിട്ടു. പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടി. ഇതും പൊലീസിനെ പ്രകോപിക്കാന്‍ കാരണമായി. അതിപ്പോള്‍ മനുഷ്യാവകാശ കമീഷന്റെ പരിഗണനയിലാണ്.
കൂടാതെ ഞങ്ങള്‍ കാഞ്ഞിരക്കോട് കയാലിന് സമീപം സന്തോഷ് നായരും മറ്റൊരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും കൂടി റിസോര്‍ട്ട് പണിയാന്‍ ഭൂമി സ്വന്തമാക്കിയതിന്റെ പേരില്‍ വിജിലന്‍സ് അ്വേനഷം നടക്കുന്ന വാര്‍ത്ത നല്‍കിയിരുന്നു. പൊലീസുകാര്‍ സ്പിരിറ്റ് കടത്തിന് കൂട്ടുനിന്നത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്കൊപ്പം ഗോവയിലേക്ക് യാത്ര നടത്തിയതെല്ലാം വാര്‍ത്തയാക്കി. ഈ രീതിയില്‍ കൊല്ലത്തെ മാഫിയകളുടെ സ്വസ്ഥത കെട്ടപ്പോഴായിരുന്നു ആക്രമണം.

പക്ഷേ, എന്തിന് നിങ്ങളെ അവര്‍ കൊല്ലണം?

വാര്‍ത്തകള്‍ വന്നതോടെ പൊലീസ്/ക്രിമിനല്‍ കൂട്ടുകെട്ട് പഴയ രീതിയില്‍ തുടരാന്‍ കഴിയാതെ വന്നു. ഈ മാഫിയാ സംഘം എന്നത് നിസാരമായി കാണരുത്. ഇത് വലിയ അധികാരലോകമാണ്. പെലീസുകാരടങ്ങിയ മാഫിയകള്‍ക്ക് വലിയ രീതിയില്‍ ദോഷകരമായി സ്ഥലംമാറ്റവും സസ്‌പെന്‍ഷനും. അപ്പോള്‍ പിന്നെ പഴയ നില തുടരണമെങ്കില്‍ വാര്‍ത്തകള്‍ വരാതിരിക്കണം. അതിന് പത്രപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തണം. തങ്ങളുടെ ശക്തി പ്രകടിപ്പിക്കണം. പലതരത്തിലാവും പത്രപ്രവര്‍ത്തകരോട് മാഫിയാ സംഘം ഇടപെടുക. ആദ്യം അപേക്ഷയാവും, പിന്നെ പ്രലോഭനവും, ഭീഷണിയാവും. വാഗ്ദാനങ്ങള്‍ നല്‍കും. വേണമെങ്കില്‍ മദ്യവും മദിരാക്ഷിയും സമ്മാനിക്കാനും തയാറാവും. ഇവിടെ മൂന്നുവഴികളേ പത്രപ്രവര്‍ത്തകന്റെ മുന്നിലുള്ളൂ. ഒന്നുകില്‍ വഴങ്ങുക, രണ്ട് നിവര്‍ന്നു നില്‍ക്കുക. അല്ലെങ്കില്‍ കണ്ണടക്കുക. പത്രപ്രവര്‍ത്തകന്‍ ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങുന്നില്ലെന്നു കണ്ടാല്‍ എന്തുചെയ്യും? വളച്ചിട്ടു നടന്നില്ലെങ്കില്‍ ഒടിക്കുക എന്നതാണ് ചൊല്ല്. അതുകൊണ്ട് നട്ടെല്ല് ഒടിക്കുക. കൊല്ലുക.

ആക്രമിക്കപ്പെടുമെന്ന സൂചന താങ്കള്‍ക്കുണ്ടായിരുന്നോ? എത്തരത്തിലാണ് പൊലീസ് ആക്രമണം ആസൂത്രണം ചെയ്തത്?

എനിക്ക് സൂചനയുണ്ടായിരുന്നില്ല. ആക്രമണത്തിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥര്‍ ചിലയിടങ്ങളില്‍ പത്രക്കാര്‍ക്കിട്ട് 'പണികൊടുക്കു'ന്നതിനെപ്പറ്റി പറഞ്ഞിരുന്നതായാണ് അറിവ്. എന്നെ ആക്രമിക്കാനുള്ള പദ്ധതി അവര്‍ നീക്കിയത് ഗോവയില്‍ വച്ചാണ്. അവിടെ പൊലീസുകാര്‍ ഉല്ലാസകേളികള്‍ നടത്താന്‍ പോയിരുന്ന സമയത്ത്. കണ്ടെയ്‌നര്‍ സന്തോഷിനോട് ഒരു വര്‍ഷമായി ഡി.വൈ.എസ്.പി. സന്തോഷ് ആക്രമിക്കുന്നകാര്യം ചര്‍ച്ച ചെയ്യുന്നതാണ്. നവംബര്‍ മധ്യത്തിലാണ് സന്തോഷ് നായര്‍ എന്റെ പടം കണ്ടെയ്‌നര്‍ സന്തോഷിന് ഇമെയില്‍ ചെയ്തുകൊടുക്കുന്നത്. അത് ഹാപ്പി രാജേഷ് എന്ന ഗുണ്ടക്ക് കൈമാറി. തെരഞ്ഞടുപ്പ് ദിവസമായ ഏപ്രില്‍ 13 നാണ് അവര്‍ ആക്രമിക്കാന്‍ തെരഞ്ഞെടുത്തത്. അന്ന് അവര്‍ അവിടെ കാത്തുനിന്നെങ്കിലും ഞാന്‍ എത്തിയത് വളരെ വൈകിയാണ്. അവരുടെ കണക്കൂകൂട്ടല്‍ തെറ്റി. പിന്നെയാണ് 16 -ാം തീയതി തെരഞ്ഞെടുത്തത്. കുറ്റകൃത്യത്തിന് നേതൃത്വം വഹിച്ചത് ഹാപ്പി രാജേഷ് എന്ന ഗുണ്ടയാണ്. സംഘത്തിലെ രണ്ടുപേര്‍ക്ക് പതിനായിരം വീതവും മൂന്നാമന് 5000 രൂപയും കൊടുത്തുവെന്നാണ് അറിവ്. ഇതിലെ രസം കണ്ടെയ്‌നര്‍ സന്തോഷ് പലര്‍ക്ക് ഈ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നാണ്. എന്നാല്‍, പത്രക്കാരനെയാണ് കൊല്ലേണ്ടത് എന്നു കണ്ടപ്പോള്‍ പലരും ക്വട്ടേഷന്‍ വിട്ടു. ഒടുവില്‍ പത്രകെട്ട് ഇറക്കുന്നയാള്‍ എന്ന് പറഞ്ഞാണ് ഹാപ്പി രാജേഷിന് ക്വട്ടേഷന്‍ പോയത്. ഇതിലെ പേടിപ്പിക്കുന്ന കാര്യം ഈ ക്വട്ടേഷന്‍ സംഘത്തിന് എന്നെ അറിയില്ലെന്നാണ്. ആക്രമിക്കപ്പെടേണ്ടയാളുടെ രൂപവും സമയവും പറഞ്ഞുകൊടുക്കുന്നു. സംഘം ആക്രമിക്കുന്നു. ചെറുപ്പക്കാര്‍ക്കിടയില്‍ സുഖജീവിതത്തിന് പണം ആവശ്യമാവുകയും പണത്തിന് വേണ്ടി എന്തും ചെയ്യും എന്ന അവസ്ഥ വന്നതോടെയാണ് ക്വട്ടേഷന്‍ സംഘം സജീവമാകുന്നത്. പണത്തിന് വേണ്ടി എന്തും ചെയ്യുക എന്ന അവസ്ഥ ഭീകരമാണ്. ഒരു പക്ഷേ, നാളെ ക്വട്ടേഷന്‍ സംഘത്തിലെ ആളുകള്‍ തങ്ങളുടെ അച്ഛനെയോ സഹോദരനെയെക്കയാവും ആക്രമിക്കുക. കാരണം അവര്‍ക്ക് തങ്ങള്‍ ആരെയാണ് ആക്രമിക്കാന്‍ പോകുന്നതെന്ന് നേരിട്ട് അറിവില്ല. ആക്രമിക്കുന്നതിന് തൊട്ടുമുമ്പാവും അവര്‍ തങ്ങള്‍ ആക്രമിക്കാന്‍ വന്നിരിക്കുന്നത് തന്റെ തന്നെ ബന്ധുക്കളെയാണെന്ന് തിരിച്ചറിയുക. അപ്പോഴുവര്‍ അതു ചെയ്യും. കാരണം ക്വട്ടേഷനില്‍ ബന്ധങ്ങളില്ലല്ലോ. ഞാനിത് കളിയായി പറയുന്നതല്ല. ശരിക്കും ആലോചിച്ചാല്‍ അവസ്ഥ നിങ്ങള്‍ക്കു പിടികിട്ടും. ഇത്തരത്തിലുള്ള സമൂഹത്തിന്റെ പോക്കാണ് എന്നെ ഭയപ്പെടുത്തുന്നത്.

നിങ്ങളെ ആക്രമിച്ച ഹാപ്പി രാജേഷ് കൊല്ലപ്പെട്ടതെങ്ങനെയാണ്്?

എന്നെ ആക്രമിച്ച കേസില്‍ അന്വേഷണം ഉന്നതപൊലീസ് ഉദ്യോഗസ്ഥരിലേക്ക് എത്താതിരിക്കാനാണ് ഹാപ്പി രാജേഷിനെ അവര്‍ തന്നെ കൊല്ലുന്നത്. ക്വട്ടേഷന്‍ സംഘത്തെപ്പറ്റി അറിവുള്ളതും, അതില്‍ പങ്കെടുത്തവരെപ്പറ്റി ധാരണയുള്ളതും ഹാപ്പി രാജേഷിനാണ്. അയാള്‍ ജീവിച്ചിരുന്നാല്‍ തനിക്ക് ക്വട്ടേഷന്‍ നല്‍കിയവരുടെ പേര് വിവരം പുറത്തു പറഞ്ഞേക്കും. മാത്രമല്ല ഹാപ്പി രാജേഷിനെ കിട്ടിയിരുന്നെങ്കില്‍ മറ്റ് പല കണ്ണികളിലേക്കും പോകാനാവുമായിരന്നു. അത് പൊലീസുകാര്‍ ഇല്ലാതാക്കി. ഹാപ്പി രാജേഷിനെ കൊല്ലാന്‍ വേറൊരു ക്വട്ടേഷന്‍. വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധ ഗുണ്ടക്കാണ് അതിന്റെ ക്വട്ടേഷന്‍ ലഭിച്ചത്. അയാളിപ്പോള്‍ ജയിലിലാണ്. ഈ ക്വട്ടേഷന്‍ സംഘത്തെപ്പറ്റി അന്വേഷിക്കാതെ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് ശ്രമം. ക്രൈംബാഞ്ച്ര് പറയുന്നത് മുമ്പ് ഹാപ്പി രാജേഷ് ഒരു കാര്‍ കത്തിച്ചിരുന്നുവെന്നും ആന്നത്തെ ഇരകള്‍ അതിന് പ്രതികാരമായി തിരിച്ചടിച്ചുവെന്നുമാണ്. എന്നാല്‍, അതു ശരിയല്ലെന്നാണ് തെളിയുന്നത്. കാരണം കാര്‍ അത്തിയ ദിവസം അയാള്‍ വീട്ടിലുണ്ടായായിരുന്നത്രെ. സന്തോഷ് നായര്‍ മാത്രമല്ല, വേറെയും പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ പ്രതികളാണ്. സന്തോഷ് നായരെ മാത്രം വിട്ടുനല്‍കി മറ്റ് പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കുകയാണ് ശരിക്കുമുണ്ടായത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് നടത്തുന്ന അന്വേഷണം. സംഭവത്തിന് പിന്നിലെ എല്ലാ വസ്തുതതകളും പുറത്തുവരുമോ?

പൊലീസ് അന്വേഷിച്ചാല്‍ കേസ് എവിടെയുമെത്തില്ല. എന്നെ ആക്രമിച്ച കേസില്‍ സന്തോഷ് നായര്‍ ആറാം പ്രതിയാണ്. വധശ്രമം, ഗൂഢാലോചന എന്നിവയൊക്കൊണ് കേസ്. കോടതി കുറ്റക്കാരനെന്ന് വിധിച്ചാല്‍ തന്നെ അനുഭവിക്കേണ്ടിവരുന്ന ശിക്ഷാ കാലാവധി വളരെ കുറവാണ്. അതേ സമയം ഹാപ്പി രാജേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സന്തോഷ് നായര്‍ പ്രതിയല്ല. ആ സംഭവം അന്വേഷിക്കാതെ ഒഴിവാക്കുകയാണ് പൊലീസ്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കുറഞ്ഞത് ജീവപര്യന്തമാവും. അതു പാടില്ല. ഇങ്ങനെ പൊലീസ് തന്നെ നടത്തുന്ന രക്ഷിക്കാനുള്ള ശ്രമമുണ്ട്. മുമ്പ് ആശ്രമം ഗസ്റ്റ് ഹൗസില്‍ നടന്ന സല്‍ക്കാരത്തില്‍ സന്തോഷ് നായരുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്ന കാര്യം നേരത്തെ സൂപിച്ചച്ചു. എന്നാല്‍ അന്ന് സി.ഐ മാരായ സന്തോഷ് നായരുള്‍പ്പടെയുള്ളവരെ സ്ഥലം മാറ്റിയെങ്കിലും വൈകാതെ ഇവരില്‍ പലര്‍ക്കും ഡിവൈ.എസ്.പിമാരായി സ്ഥാനയക്കയറ്റം നല്‍കി. ഇതാണ് പൊലീസിന്റെ രീതി. അതുകൊണ്ട് നമ്മുടെ പൊലീസ് അന്വേഷിച്ച് കേസിലെ പ്രതികള്‍ പിടിക്കപ്പെടുമെന്ന് കരുതുന്നത്

അപ്പോള്‍ അന്വേഷണത്തില്‍ തൃപ്തനല്ലേ?


കേസ് അന്വേഷണം ശരിക്കും പറഞ്ഞാല്‍ പ്രഹസനമാണ്. ഒരു വസ്തുത പറയാം. അന്വേഷണ ചുമതലയുള്ള ഡിഐജി ശ്രീജിത്ത് ഇന്നുവരെ എന്നെ കാണുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല. നേരിട്ട് പോകട്ടെ, ഒരുവട്ടം ഫോണില്‍ വിളിച്ചുപോലും കേസ് സംബന്ധമായി ഒരു വിവരവും തിരക്കിയിട്ടില്ല. അപ്പോള്‍ പിന്നെ അന്വേഷണം എവിടെയെത്തുമെന്ന് ഊഹിക്കാം. കണ്ടെയ്‌നര്‍ സന്തോഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ മാധ്യമങ്ങളോട് അയാള്‍ തന്നെ ഈ പണി ഏല്‍പിച്ച രണ്ടുപോലീസുകാരുടെ പേര് പറഞ്ഞിരുന്നു. ഒന്ന് സന്തോഷ് നായരാണ്. രണ്ടാമത്തേത് ഡിവൈ.എസ്.പി അബ്ദുള്‍ റഷീദ്. ഇത് ചാനലുകളില്‍ കൂടി എല്ലാവരും കേട്ടതാണ്. എന്നാല്‍ അബ്ദുള്‍ റഷീദിനെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. സന്തോഷ് നായരും ഈ പൊലീസ് ഉദ്യോഗസ്ഥനും അടുത്ത ബന്ധമുണ്ട്. കണ്ടെയ്‌നര്‍ സന്തോഷിനും സന്തോഷ് നായര്‍ക്കുമൊപ്പം ഗോവയില്‍ അവധിക്കാലം ചെലവഴിക്കാന്‍ ഈ പൊലീസുകാരനുമുണ്ടായിരുന്നു എന്നാണ് പറച്ചില്‍. ഡി.ജെ.പി ശ്രീജിത്ത് എന്തുകൊണ്ട് ഈ ഉദ്യോഗസ്ഥനെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, എന്തുകൊണ്ട് സംരക്ഷിക്കുന്നു എന്നത് അന്വേഷിക്കാവുന്നതേയുള്ളൂ. അന്വേഷിച്ചാല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സാധാരണ ഉദ്യോഗസ്ഥര്‍ പോലും അതിനു കാരണം പറഞ്ഞുതന്നേക്കും!! എന്നെ ആക്രമിച്ച കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷണത്തിന്റെ വക്കിലാണ്. സി.ബി.ഐ ഏറ്റെടുത്താല്‍ ഒരു പക്ഷേ യഥാര്‍ത്ഥ പ്രതികള്‍ വെളിച്ചത്തുവന്നേക്കാം.




പൊലീസിലെ ക്രിമിനലുകള്‍


കൊല്ലം സംഭവത്തിനു പുറത്ത്, പത്രപ്രവര്‍ത്തന ജീവിതത്തില്‍ നിങ്ങള്‍ കണ്ട് പൊലീസ് അഴിമതികള്‍ എത്തരത്തിലുള്ളതാണ്?

പൊലീസില്‍ ധാരാളം ക്രിമിനലുകളുണ്ട്. ക്രിമിനല്‍ ബന്ധമുള്ളവരുമുണ്ട്. പത്രപ്രവര്‍ത്തനത്തിനിടയില്‍ പൊലീസിന്റെ അഴിമതി കണ്ടുകൊണ്ടിരിക്കുന്നരാണ്. ഞാന്‍ അടുത്തിടെ കണ്ട രണ്ട് സംഭവങ്ങള്‍ പറയാം. ഒന്ന് കിഴക്കേ കല്ലട പൊലീസ് സ്‌റ്റേഷനില്‍ നടന്നതാണ്. അവിടുത്തെ ചില പൊലീസ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീടു പണിയാന്‍ മണല്‍ വേണം. പൊള്ളുന്ന വിലയാണ് മണലിന്. അവരതിന് ഉപായം കണ്ടുപിടിച്ചു. അനധികൃത മണല്‍ വാരല്‍ പിടിച്ചുഎന്ന് വരുത്തുക. എന്നിട്ട് മണല്‍ സ്വന്തമാവശ്യത്തിന് മാറ്റുക. മണല്‍ കടത്തുകാരോട് മണല്‍ കൊണ്ട് പൊലീസ് സ്‌റ്റേഷന് പിന്നില്‍ അടിക്കാന്‍ പറഞ്ഞു. 60 ലോഡിനടുത്ത് മണല്‍ അടിച്ചു. രാത്രിക്ക് രാത്രി ഉദ്യോഗസ്ഥര്‍ മണല്‍ തങ്ങളുടെ വീട്ടിലേക്ക് മാറ്റി. എന്നിട്ട് രണ്ടു ലോഡ് മണല്‍ മാത്രം പിഡിച്ചതായി കേസുണ്ടാക്കി. ആ കേസ് അവര്‍ തന്നെ ഇല്ലാതാക്കുകയും ചെയതു. അന്ന് ഇതിന് കൂട്ടുനില്‍ക്കാത്ത ഒരു പൊലീസുകാരന്‍ ഇപ്പോഴും ലീവിലാണെന്നാണ് അറിയുന്നത്. അയാളെ മറ്റുള്ളവരെല്ലാം ചേര്‍ന്ന് ഭീഷണിപ്പെടുത്തി. ശരിക്കും മണല്‍മാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.
മറ്റൊന്ന് പൊലീസുകാരുടെ അനധികൃത വരുമാമാണ്. മണല്‍മാഫിയകള്‍, ക്വാറി ഉടമകള്‍, സ്പിരിറ്റ് കച്ചവടക്കാര്‍ എന്നിവരെല്ലാം പൊലീസ് പതിവായി മാസപ്പടി കണക്കില്‍ പണം നല്‍കുന്നുണ്ട്. സാധാരണ പൊലീസുകാരന്‍ മുതല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വരെ കൃത്യമായി ഇതിന്റെ വിഹിതം ലഭിക്കും. കൊല്ലത്തെ പല പൊലീസ് ഓഫീസര്‍മാര്‍ക്കും മാസം 20,000 രൂപവരെ പല രീതിയില്‍ അധികം പണം കിട്ടുന്നുണ്ട്. ഞാനിത് അന്വേഷിച്ചിട്ടുള്ളതാണ്. കൊല്ലത്തെ ഒരു ഹെഡ്‌കോണ്‍സ്്റ്റബിളിന് മാസം അഞ്ചുലക്ഷം രൂപയാണ് വരവ്. അയാളുടെ ബാങ്ക് അക്കൗണ്ടില്‍ പലയിടത്തുനിന്നായി പണം വരുന്നുണ്ട്. ബാങ്ക്് സ്‌റ്റേറ്റ്‌മെന്റ് ഞാന്‍ കണ്ടതാണ്.
കണ്ടെയ്‌നര്‍ സുന്തോഷ് ക്രിമിനലാണെന്ന് എല്ലാവര്‍ക്കുമറിയം. എന്നാല്‍, ഇയാള്‍ക്ക് തോക്കിന് ലൈസന്‍സിന് ശിപാര്‍ശ ചെയ്ത പൊലീസുകാരുണ്ട്. മാതൃഭൂമി കൊടുത്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സി.ഐ. വിജയനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അയാളായിരുന്നു സന്തോഷിനനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത്. എങ്ങനെയാണ് ഒരു ക്രിമിനലിന് തോക്ക് നല്‍കണമെന്ന് നമ്മുടെ പൊലീസിന് ശിപാര്‍ശചെയ്യാനാവുക? പൊലീസിന്റെ ക്രിമിനല്‍ സ്വഭാവം അറിയണമെങ്കില്‍ നമ്മള്‍ ദിവസം കേള്‍ക്കുന്ന വാര്‍ത്തകള്‍ ഒന്നു സൂക്ഷ്മമായി വായിച്ചാല്‍ മതി.

എന്തുകൊണ്ടാണ് പൊലീസില്‍ ക്രമിനല്‍ വല്‍ക്കരണം സംഭവിക്കുന്നത്?

സംസ്ഥാന പൊലീസില്‍ ക്രിമിനലുകളുണ്ടെന്നത് ഏതെങ്കിലും പത്രപ്രവര്‍ത്തകന്റെ കണ്ടെത്തലൊന്നുമല്ല. പൊലീസ് സേനയുടെ തലവമാരും പൊലീസ് വകുപ്പ് ഭരിച്ചവരുമെല്ലാം പലവട്ടം പൊലീസില്‍ ക്രിമിനലുകളുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. പൊലീസില്‍ ക്രിമിനലുകള്‍ വേണ്ട എന്ന്.
ഹൈക്കോടതിയുടെ സുപ്രധാനമായ നിഗമനവും നിര്‍ദേശവുമുണ്ട്. ക്രിമിനല്‍വല്‍ക്കരണം സംഭവിക്കുന്നതിന് ഒരു കാരണം പൊലീസ് ക്രിമിനലുകളെ തങ്ങളുടെ ഡ്യൂട്ടി ചെയ്യാന്‍ വേണ്ടി പോലും ഉപയോഗിക്കുന്നതാണ് ഒരു കള്ളനെ പിടിക്കാന്‍ പൊലീസ് മറ്റൊരു കള്ളനെ ഉപയോഗിക്കുന്നു. അവര്‍ പോയി പിടിച്ചുകൊണ്ടുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് പൊലീസ് ഏറ്റെടുക്കും. ഓടിച്ചിട്ടുപിടിച്ചു, സാഹസികമായി കീഴടക്കി എന്നൊക്കെയുള്ള രീതിയില്‍ പൊലീസ് തന്നെ കഥകള്‍ സൃഷ്ടിക്കും. ശരിക്കും പണിയെടുത്തിട്ടുണ്ടാവുക ക്രിമിനലുകളാണ്.
എന്നെ ആക്രമിച്ച സംഭവത്തില്‍ ഒന്നാം പ്രിയായ ഹാപ്പി രാജേഷിനെ കൊല്ലാന്‍ പൊലീസ് ഉപയോഗിച്ചത് വെട്ടുകുട്ടന്‍ എന്ന കൊല്ലത്തെ മറ്റൊരു കുപ്രസിദ്ധ ക്രിമിനലിനെയാണ്. പൊലീസില്‍ താഴെ തട്ടില്‍ മുതല്‍ മുകള്‍ തട്ടുവരെ ക്രിമിനലുകളുടെ സഹായം തേടുന്നത് പതിവാണ്. പൊലീസില്‍ അറുപത് ശതമാനം പേര്‍ ഈ രീതി തുടരുന്നുണ്ടെന്നാണ് വ്യക്തിപരമായ അന്വേഷണത്തില്‍ തെളിഞ്ഞി്ട്ടുളളത്.രണ്ടാമത്തേത് പണത്തോടുള്ള ആര്‍ത്തി സമൂഹത്തിന്റെ പൊതു പ്രവണതയാണ്. അത് പൊലീസുകാരെയും ബാധിക്കുന്നു.
ഭൂമാഫിയകകളാണ് പൊലീസുകാരുടെ മറ്റൊരു വരുമാന സ്രോതസ്. ഭൂമാഫിയ പലയിടത്തൂം അനധികൃതമായി ഭൂമി വ്യജപ്പേരിലും ബിനാമിപേരിലുമെല്ലാം മേടിച്ച് കൂട്ടുന്നുണ്ട്. പത്ത് വര്‍ഷത്തിനും കേരളം ഭൂമാഫിയയുടെ കൈയില്‍ ഒതുങ്ങും. ഭൂമാഫിയയുടെ നല്ല ഇടനിലക്കാര്‍ പൊലീസുകാരാണ്.

പൊലീസില്‍ നല്ല ഉദ്യോഗസ്ഥരില്ലെന്നാണോ? അതേ അവര്‍ വളരെ കുറവാണെന്നാണാ?

പൊലീസില്‍ ക്രിമിനലുകളായി ബന്ധപ്പെടാത്ത സത്യസന്ധരായ നല്ല ഉദ്യോഗസ്ഥരുണ്ട്. എം.ആര്‍. അജിത് കുമാര്‍, മനോജ് എബ്രഹാം, ഹേമചന്ദ്രന്‍, സിബി മാത്യൂസ്, ഹര്‍ഷിത അത്തല്ലൂരി എന്നിങ്ങനെ കുറേ നല്ല പൊലീസ് ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. പക്ഷേ ഇത്തരം നല്ല ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ്. കൈവരിലില്ലൊവുണ്ണവരേ വരൂ.

രാഷ്ട്രീയക്കാരും പൊലീസും തമ്മിലുള്ള ബന്ധത്തെപ്പറ്റി എന്തുപറയും? നിങ്ങളെ ആക്രമിച്ച കേസിലും രാഷ്ട്രീയക്കാരന്‍ പ്രതിയാണെന്ന് അറിയുന്നു. ആദ്യം ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പേര് സംഭവവുമായി ബന്ധപ്പെട്ട് പറഞ്ഞ് കേട്ടിരുന്നു.

രാഷ്ട്രീയക്കാരും മാഫിയാ സംഘങ്ങളും പൊലീസും തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. ഒരു സാധാരണക്കാരന് തനിച്ച് പൊലീസ് സ്‌റ്റേഷനില്‍ പോകാന്‍ പേടിയാണ്. ജനമൈത്രി പൊലീസ് സ്‌റ്റേഷനോ മാതൃകാ പൊലീസ് സ്‌റ്റേഷനോ പേര് എന്തുമാകട്ടെ അവിടെ ചെല്ലാന്‍ ജനം ഭയപ്പെടുന്നു. അവര്‍ സ്‌റ്റേഷനില്‍ പോകേണ്ടിവന്നാലോ പൊലീസിന്റെയോ സഹായം തേടേണ്ട അവസരം വരുമ്പോള്‍ രാഷ്ട്രീയക്കാരുടെ സഹായം തേടുന്നു. ഇത്തരത്തില്‍ രാഷ്ട്രീയക്കാര്‍ പൊലീസുമായി ബന്ധം നിലനിര്‍ത്തുന്നു. എന്നെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതി ചൂര്‍ക്കോട് വിജയന്‍ എന്നയാള്‍ പത്തനംതിട്ട ഡി.സി.സി.ഭാരവാഹിയാണ്. പൊലീസുകരെ സംരക്ഷിക്കുക എന്ന ചുമതല മിക്കപ്പോഴും രാഷ്ട്രീയക്കാര്‍ ഏറ്റെടുക്കും.തിരിച്ചും. അത്തരത്തില്‍ പൊലീസ്-രാഷ്ട്രീയക്കാര്‍-മാഫിയ ഭരണമാണ് നാടുഭരിക്കുന്നത്. നമ്മള്‍ കരുതുന്നതിനപ്പും മറ്റൊരു ലോകമുണ്ട്. മറ്റൊരു ഭരണവ്യവസ്ഥയും. എന്നെ ആക്രമിച്ചതില്‍ എം.എല്‍.എയ്ക്ക് പങ്കില്ല. അത് അന്വേഷണം വഴിതെറ്റിക്കാന്‍ ക്വട്ടേഷന്‍ സംഘം ബോധപൂര്‍വം ശ്രമിച്ചതാണ്. ആക്രമിക്കുന്നതിനിടക്ക് നീ നാല് പവന്‍ നാല്‍പതും നാനൂറുമാക്കും അല്ലേടാ എന്ന് അവര്‍ ആക്രോശിച്ചു. കുന്നത്തൂര്‍ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍തി പി.കെ. രവിയുടെ ഭാര്യയുടെ സ്വത്ത് വാര്‍ത്ത മാതൃഭൂമിയില്‍ വന്നതില്‍ തെറ്റുണ്ടായിരുന്നു. നാല്‍പത് പവന്‍. അച്ചടിച്ചുവന്നപ്പോള്‍ നാനൂറായിപ്പോയി. അത് ഞാനല്ല എഴുതിയത്. പക്ഷെ, ഈ തെറ്റ് വരുത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ഥി പറഞ്ഞിട്ട് ആക്രമിക്കുന്നു എന്ന് തോന്നിപ്പിക്കാനായിരുന്നു ക്വട്ടേഷന്‍ സംഘം അത്തരം തന്ത്രം പ്രയോഗിച്ചത്.


സമൂഹത്തില്‍ മൊത്തം നിറഞ്ഞുനില്‍ക്കുന്ന ക്രിമിനല്‍വല്‍ക്കരണവും അഴിമതിയും സ്വാഭാവികമായും മാധ്യമങ്ങളെയും വിട്ടുകളയാന്‍ സാധ്യതയില്ല. മാധ്യമങ്ങളിലെ/മാധ്യമപ്രവര്‍ത്തകരിലെ അഴിമതിയെപ്പറ്റി?
പത്രപ്രവര്‍ത്തകരില്‍ അഴിമതിക്കാരില്ലെന്നോ, മാഫിയാ സംഘങ്ങളുമായി ബന്ധമുള്ളവരില്ലെന്നോ ഒന്നും കരുതേണ്ടതില്ല. അതുണ്ട്. സമൂഹത്തിന്റെ പൊതു പ്രവണതകളില്‍ നിന്ന് മാധ്യമങ്ങള്‍ മാത്രം മാറി നില്‍ക്കാന്‍ സാധ്യതയില്ല. പക്ഷേ, ഈ അഴിമതിയുടെ അളവ് താരതമ്യേന കുറവാണ്. മാധ്യമതാല്‍പര്യങ്ങളെപ്പറ്റിയല്ല, മാധ്യമരംഗത്തെ പ്രവണതയെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. മാധ്യമരംഗത്ത് നല്ലൊരു ശതമാനം പേര്‍ ഇപ്പോഴും ആദര്‍ശങ്ങളില്‍ പ്രചോദിതാരണ്. ആര്‍ക്കുമുന്നിലും വഴങ്ങാത്ത കുറേ പത്രപ്രവര്‍ത്തകര്‍ ഉണ്ട്. അതുപോലെ മാധ്യമങ്ങളുടെ തലപ്പത്തും. അതുകൊണ്ടാണ് അഴിമതിയുടെ കഥകള്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുവരുന്നത്. പത്രപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ ഇത്രയേറെ മാഫിയാ സംഘം നിലനില്‍ക്കുമ്പോഴും അവരില്‍ നല്ല പങ്ക് അതിന് കീഴ്‌പ്പെടുന്നില്ലെന്നത് ചെറിയ കാര്യമല്ല. ടെലകോം അഴിമതി പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകന് കോടികള്‍ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അത് അയാള്‍ തള്ളിക്കളയുന്ന ആദര്‍ശമാണ് പത്രലോകത്തിന്റെയും അതുവഴി ജനാധിപത്യത്തിന്റെയും കരുത്ത്.


പല പത്രപ്രവര്‍ത്തകരും കേരളത്തില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അപ്പോഴൊന്നുമില്ലാത്ത പ്രത്യേക താല്‍പര്യത്തോടെ പത്രപ്രവര്‍ത്തക യൂണിയന്‍ ഈ വിഷയം ഏറ്റെടുത്തു. എന്തുകൊണ്ടാവും അത്?


മുമ്പ് പത്രപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയോ മര്‍ദിക്കപ്പെടുകയോ ചെയ്തതുപോലുള്ള വിഷയമല്ല ഇത്. ഇത് തീര്‍ത്തും വ്യത്യസ്തമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മാഫിയാ സംഘങ്ങള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുകയാണ്. ഇത് വലിയ ആകുലത എല്ലാവരിലും സൃഷ്ടിച്ചിട്ടുണ്ട്. പത്രക്കാരില്‍ മാത്രമല്ല സാധാരണ ജനങ്ങളിലും, മാധ്യമസ്ഥാപനങ്ങള്‍ക്കുമെല്ലാം. ഈ അതിക്രമം വകവച്ചുകൊടുക്കരുത് എന്ന ബോധ്യം പത്രപ്രവര്‍ത്തകരിലും ശക്തമായിരുന്നു. പ്രത്യേകിച്ച് പൊലീസ്/അധികാരത്തിന്റെ ഈ ക്രിമിനല്‍ സ്വഭാവത്തെ സാമാന്യബോധമുളള ആര്‍ക്കും അംഗീകരിക്കാനാവുമായിരുന്നില്ല. ഇത് അനുവദിച്ചുകൊടുത്താല്‍ അത് തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ തന്നെ വല്ലാത്ത ഭീകരത സൃഷ്ടിക്കുകയും തൊഴിലെടുക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുകയും ചെയ്യും. ഈ ആകുലതയെ കൃത്യമായി ഉള്‍ക്കൊണ്ടാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായ നിലപാട് തുടക്കം മുതല്‍ എടുത്തത്. പത്രപ്രവര്‍ത്തക യൂണിയന് പുറത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്കും ഈ ആകുലതയുണ്ടായിരുന്നു. അതിനാലാണ് ഒരു മാധ്യമം ഒരു വിയോജിപ്പ് പോലും രേഖപ്പെടുത്താതെ സത്യത്തിനൊപ്പം നിന്നത്. എല്ലാ മാധ്യമങ്ങളും ഇതില്‍ ഒറ്റക്കെട്ടായിരുന്നു. ഈ അതിമ്രകം അനുവദിച്ചാല്‍ പത്രപ്രവര്‍ത്തന മേഖലയില്‍ പോലും ആളുകള്‍ വരാതാകും. നട്ടെല്ലുവളക്കാതെ നില്‍ക്കുന്നവര്‍പോലും ഭയപ്പെടും. അതൊഴിവാക്കേണ്ടത് എല്ലാവരുടെയും ആവശ്യമായിരുന്നു. അതിനാലാണ് പൊതുവികാരം ഒപ്പം നിന്നത്. വി.ബി. ഉണ്ണിത്താന്‍ എന്ന വ്യക്തി ഇവിടെ വിഷയമായിരുന്നില്ല. അത് മറ്റൊരള്‍ക്കു നേരെയായിരുന്നെങ്കിലും ഇതേ വികാരവും പ്രതിഷേധവും രൂപപ്പെടുമായിരുന്നു.

സാധാരണ ഒരു പത്രപ്രവര്‍ത്തകന് ജോലിയുമായി ബന്ധപ്പെട്ട് മര്‍ദനമേല്‍ക്കുകയോ, പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്താല്‍ സ്ഥാപനം അതിന് വലിയ പ്രാധാന്യം നല്‍കി കണ്ടിട്ടില്ല. പക്ഷേ, അത്തരമൊരു അവസ്ഥയുണ്ടാവാത്തതില്‍ സന്തോഷം തോന്നുന്നുണ്ടോ?

സത്യമാണ്. പത്രപ്രവര്‍ത്തകന് ജോലിയുമായി ബന്ധപ്പെട്ട് മര്‍ദനം നേരിട്ടാല്‍ ആരും തിരിഞ്ഞുപോലും നോക്കാനുണ്ടാവില്ല. എന്നാല്‍, അതില്‍ മാതൃഭൂമി അക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്തമാണ്. മാതൃഭൂമിയുടെയും അതിന്റെ എം.ഡി. എം.പി.വീരേന്ദ്രകുമാറിന്റെയും നിലപാട് പത്രപ്രവര്‍ത്തകരോട് ഒത്തുപോകുന്ന ഒന്നാണ്. മാതൃഭൂമി എന്ന ഞാന്‍ പ്രവര്‍ത്തിച്ച സ്ഥാപനം എനിക്കൊപ്പം നിന്നില്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുമോ എന്നുപോലും ഉറപ്പില്ല. അമ്മയും ഭാര്യയും രണ്ടുമക്കളുമുള്ള സാധാരണക്കാരനായ എന്നെപോലൊരാള്‍ക്ക് ചികിത്സാ ചെലവ് പോലും താങ്ങാനാവില്ല. നിങ്ങള്‍ തന്നെ പറയൂ എന്തുചെയ്യാനാവും? പക്ഷെ മാതൃഭൂമി ഇന്നുവരെയുള്ള ചിലവ് മുഴുവന്‍ വഹിച്ചു. വേതനത്തോടെയുള്ള പ്രത്യേക അവധി അനുവദിച്ചു. എം.പി. വീരേന്ദ്രകുമാര്‍ കോഴിക്കോട് നിന്ന് കൊല്ലത്തുവന്നു. അപ്പോഴാണ് അവസ്ഥയുടെ ഭീകരത മനസിലാക്കുന്നത്. അദ്ദേഹം എന്നെയും കുടുംബത്തെയും ആശ്വസിപ്പിച്ചു. കട്ടിലിലിരുന്ന് നേരെ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌നെ വിളിച്ചു. അങ്ങനെയാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്. മാധ്യമ ചരിത്രത്തില്‍ ഇതും കൂടി പാഠമാകണം. മാതൃഭൂമിയും അതിലെ ജീവനക്കാരും ഇന്ന് എന്നോട് കാണിച്ച വലിയ സമീപനം നാളെ മറ്റ് സ്ഥാപനവും കാണിക്കണം. പത്രപ്രവര്‍ത്തകര്‍ക്ക് പിന്നില്‍ നിലകൊള്ളണം. മാധ്യമസ്ഥാപനത്തിന്റെ പിന്തുണ ഉണ്ടാവുമെന്നുണ്ടെങ്കില്‍ അത് പത്രപ്രവര്‍ത്തകന് നല്‍കുന്ന ബലം വളരെവലുതാണ്. ഈ ഒരു നന്മ എല്ലാ സ്ഥാപനങ്ങളും തുടര്‍ന്നാല്‍ മാത്രമേ നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളായ മാധ്യമ പ്രവര്‍ത്തനം ശക്തിപ്പെടൂ.

ഇപ്പോഴത്തെ ആരോഗ്യസ്ഥിതി?


ആഞ്ചുമാസത്തിലേറെയായി കിടക്കയില്‍ തന്നെയായിരുന്നു. കുറേക്കാലം ആശുപത്രിയില്‍. ഇപ്പോള്‍ ഇവിടെ ഇങ്ങനെ ചാരുകസേരയില്‍ ഇരിക്കാവുന്ന പരുവത്തിലായി. നട്ടെല്ലിന്റെ പരുക്കുകള്‍ ഒരുവിധം ഭേദമായി. എന്നാല്‍, ചില സമയത്ത് അസഹനീയ വേദനയുണ്ട്. നടക്കാന്‍ ബുദ്ധിമുട്ടാണ്. വാക്കറിന്റെ സഹായം ആവശ്യമുണ്ട്. കാലിന്റെ അസ്ഥിക്ക് ബലക്കുറവുണ്ട്. ചെറുതായി ചലിച്ചാല്‍ വേദനയാണ്. അതിനി വീണ്ടും നടന്ന് ശരിയാവണം. എന്തായാലും ഒക്‌ടോബര്‍ അവസാനത്തോടെ പത്രഓഫീസില്‍ വീണ്ടും പോയിത്തുടങ്ങാം എന്നാണ് പ്രതീക്ഷ.

അപ്പോള്‍ ഇനി?


മുമ്പത്തെ ഞാനല്ല ആക്രമണത്തിനുശേഷമുള്ള ഞാന്‍. ഇപ്പോഴെനിക്ക് മാഫിയ/ക്രിമിനല്‍ സംഘത്തെപ്പറ്റിയും അവയുടെ സമൂഹത്തിലെ പങ്കിനെപ്പറ്റിയും കൂടുതല്‍ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഇന്നലത്തെ ഉണ്ണിത്താനായി എനിക്ക് തുടരാനാവില്ല. ഞാനെന്താണോ എഴുതിക്കൊണ്ടിരുന്നത് അതിനിയും കൂടുതല്‍ ശക്തമായി എഴുതും. അതിനുള്ള പിന്തുണ എന്റെ പത്രം എനിക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ കാണുന്ന, സത്യമെന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഒരു ഭയവും കൂടാതെ, മുമ്പെഴുതിയിരുന്നതിനേക്കാള്‍ പലമടങ്ങ് ശക്തിയില്‍ എഴുതും. ഞാനൊന്നിനെയും ഭയപ്പെടുന്നില്ല. ഒരു പക്ഷേ ഇങ്ങനെ എഴുതിയാല്‍ അവരെന്നെ വീണ്ടും ആക്രമിച്ചേക്കാം. കൂടിവന്നാല്‍ കൊല്ലുമായിരിക്കും. എന്നാലും എന്റെ മൂല്യങ്ങളെ കൊല്ലാനാവില്ല. പത്രപ്രവര്‍ത്തനം തുടങ്ങിയ അന്നു മുതല്‍ ഇന്നോളം ഞാന്‍ പുലര്‍ത്തുന്ന മൂല്യങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാനാവില്ല. മൂല്യങ്ങളൂടെ കരുത്തിനെ, അഥവാ വാക്കിന്റെ നട്ടെല്ലിനെ ആര്‍ക്കും അടിച്ചൊടിക്കാനുമാവില്ല.

പച്ചക്കുതിര
2011 ഒക്‌ടോബര്‍

No comments:

Post a Comment