സംഭാഷണം
മോയിന്‍ ബാപ്പു/ആര്‍.കെ. ബിജുരാജ്
ഇരുപത്തഞ്ച് വര്‍ഷം മുമ്പ് മാവൂരില്‍ നടന്ന, കേരളം ഒന്നിച്ച് പിന്തുണച്ച ഒരു വലിയ പണിമുടക്കിന്റെ ഇന്നലെകള്‍ പറയുകയാണ് സമരനായകരിലൊരാളായ മോയിന്‍ ബാപ്പു. ഒരു കൊച്ചു സ്വതന്ത്രയൂണിയന്‍ എങ്ങനെ വലിയ സമരം നടത്തി? മാവൂര്‍ എങ്ങനെയാണ് പോരാടിയത്്? മാവൂരിന്റെ സമരങ്ങള്‍ നമുക്കെന്ത് പാഠങ്ങളാണ് നല്‍കുന്നത്?
''ജയിച്ചത് ബിര്‍ളയാവാം, പക്ഷേ നമ്മള്‍ തോറ്റില്ല''
മാവൂരിന്റെ പോരാട്ടങ്ങള്‍ക്കെന്നും വിശുദ്ധമായ നന്മയുടെ മുഖഛായയായിരുന്നു. അവര്‍ അവര്‍ക്കായല്ല, വരും കാലത്തെ ഇണകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയായിരുന്നു പോരാടിയത്. ആ സമരങ്ങളെ നിസ്വാര്‍ത്ഥതയും ത്യാഗവുംകൊണ്ട് ജ്വലിപ്പിച്ചവരില്‍ ഒരാള്‍ മോയിന്‍ ബാപ്പു എന്ന ബാപ്പൂക്കയാണ്. സമരങ്ങള്‍ക്കൊപ്പം ജീവിച്ച ഈ വലിയ മനസിന് വ്യക്തിജീവിതത്തില്‍ നേട്ടമൊന്നുമുണ്ടായില്ല. പക്ഷേ, നേടിയെടുത്തത് മനസ്സിന്റെ ആത്മീയമായ ഔന്നത്യം. പരാജയപ്പെടാന്‍ അയാള്‍ ഒരിക്കലും തയ്യാറായിരുന്നില്ല.
മാവൂരിന്റെ വിജയപരാജയങ്ങളുടെ സാക്ഷിയാണ് ബാപ്പുക്ക. ഒരു പക്ഷേ, മാവൂരിലെ ബിര്‍ളയുടെ വരവിനും വളര്‍ച്ചയ്ക്കും വിടവാങ്ങലിനുമെല്ലാം അടുത്തുനിന്ന് സാക്ഷിയായ ഒരേയൊരാള്‍. ഇപ്പോള്‍ പ്രായം എഴുപത്തിയാറ്. ചാലിയാറിനപ്പുറം, മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലുണ്ട് ബാപ്പുക്ക.
1950 കളുടെ ഒടുവില്‍ കമ്പനിയുടെ കെട്ടിടം ഉയരുമ്പോള്‍ ആ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മോയിന്‍ ബാപ്പുവുണ്ടായിരുന്നു. പിന്നെ കമ്പനിയില്‍ തൊഴിലാളി. നിലനിന്നിരുന്ന ട്രേഡ്‌യൂണിയനുകളില്‍ മനസുമടുത്ത് , 1983 ല്‍ 'ഗ്രോ' (ഗ്വാളിയോര്‍ റയോണ്‍സ് ഓര്‍ഗനൈസേഷന്‍ ഓഫ് വര്‍ക്കേഴ്‌സ്) എന്ന സ്വതന്ത്ര തൊഴിലാളി യൂണിയന്‍ കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങി. എ. വാസുവെന്ന മുന്‍ നക്‌സലൈറ്റും അവര്‍ക്കൊപ്പം നിലകൊണ്ടു. പിന്നീട് 1985 ല്‍ വിവിധ തൊഴിലാളി യൂണിയനുകള്‍ ഒന്നിച്ച് പണിമുടക്കിയപ്പോള്‍ അതിനൊപ്പം 'ഗ്രോ'യും ചേര്‍ന്നു.. സമരം മുന്നോട്ട് ഇഴഞ്ഞ് നീങ്ങുന്നതിനിടെ പതിമൂന്ന്്് തൊഴിലാളികള്‍ ആത്മഹത്യചെയ്തു. പിന്നെ സമരത്തിന്റെ നേതൃത്വം 'ഗ്രോ'യ്ക്ക് തനിച്ചായി. കേരളം ബാപ്പുക്കയ്ക്കും ഗ്രോയ്ക്കും പിന്നില്‍ അണിനിരന്നു. രണ്ടു തവണകളിലായി അമ്പത്തെട്ട്് ദിനം ബാപ്പുക്കയും വാസുവേട്ടനും നിരാഹാരം കിടന്നു. അതിനും വളരെ മുമ്പ് മറ്റൊരു പതിനഞ്ച് ദിവസവും തൊഴിലാളികള്‍ക്കുവേണ്ടി ബാപ്പുക്ക നിരാഹാരം കിടന്നിട്ടുണ്ട്. ഒടുവില്‍ മാവൂരിന്റെ വിജയം സമരക്കാര്‍ നേടിയെടുത്തു.
അടച്ചുപൂട്ടിയ ഗ്രാസിം കമ്പനി തുറന്ന് അധികം വൈകാതെ വീണ്ടുമൊരു സമരം മാവൂരില്‍ ഉയര്‍ന്നു. 'കമ്പനി അടച്ചുപൂട്ടുക' എന്ന മുദ്രാവാക്യവുമായി സമരം കമ്പനിക്ക് പുറത്തായിരുന്നു നടന്നത്. ചാലിയാറിനും മനുഷ്യനും വേണ്ടി നടന്ന രണ്ടാം മാവൂര്‍ സമരത്തിലും ബാപ്പുക്ക മുന്‍നിരയില്‍ തന്നെ നിന്നു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി കമ്പനി അടച്ചുപൂട്ടണം എന്നായിരുന്നു ഗ്രോയുടെ നിലപാട്. ഒടുവില്‍ മാവൂര്‍ ബിര്‍ളയെ നാടുകടത്തി; 2001 ജൂണ്‍ 30 ന്. അതിനിടയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് മറ്റൊരുജ്വല സമരവും.
മോയിന്‍ ബാപ്പുവിനെ കൂടാതെ മാവൂരിന്റെ സമരങ്ങളെപ്പറ്റിയുള്ള ഒരു ചരിത്രവും പൂര്‍ണമാവില്ല. രാജന്റെ ഭൗതികാവശിഷ്ടങ്ങള്‍ എവിടെ എന്നുന്നയിച്ച് നടന്ന സമരജാഥകള്‍, കിനാലൂരിലെ ഭൂമി ഏറ്റെടുക്കലിനെതിരെയും നടന്ന സമരങ്ങള്‍, ഹജ്ജ് യാത്രികരുടെ കൈയില്‍ നിന്ന് ഇടനിലക്കാര്‍ വന്‍തുക കൈപറ്റുന്നതിനെതിരെയുള്ള എതിര്‍പ്പുകള്‍ എന്നിവയുടെ ഒക്കെ മുമ്പില്‍ സജീവമായിരുന്നു ബാപ്പുക്ക. ഇപ്പോള്‍ എന്‍.സി.എച്ച്.ആര്‍.ഒയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റാണ്.
തന്റെ ജീവിതത്തെയും ഇരുപത്തഞ്ച് വര്‍ഷം മുമ്പ് നടന്ന (തുടങ്ങിയ) പണിമുടക്കിനെയും പറ്റി സംസാരിക്കുകയാണ് ഈ സംഭാഷണത്തില്‍ ബാപ്പുക്ക. ഒപ്പം 'ഗ്രോ'യുടെ/മാവൂരിന്റെ സമരങ്ങളെയും അത് നല്‍കുന്ന പാഠങ്ങളെയും ഓര്‍മിപ്പിക്കുന്നു.
മാവൂരില്‍ ഗ്വാളിയാര്‍ റയോണ്‍സ് വരുന്നതിന് മുമ്പുള്ള താങ്കളുടെ ജീവിതം എങ്ങനെയായിരുന്നു? എന്തായിരുന്നു കുടുംബ പശ്ചാത്തലം ?
ഞങ്ങളുടേത് വലിയ കുടുംബമാണ്. കൊയ്പ്പത്തൊടിയെന്നാണ് തറവാട്ട് പേര്. പ്രശസ്തമായ തറവാടാണ്. വലിയ സാമ്പത്തിക ശേഷിയുണ്ടായിരുന്നു. ഉമ്മൂമ്മയുടെയും ബാപ്പയുടെയും മറ്റും കാലത്ത് പാവങ്ങളെ സഹായിക്കുകയും വലിയ രീതിയില്‍ ദാനങ്ങള്‍ ചെയ്യുകയും തറവാട്ടില്‍ പതിവായിരുന്നു. സമൂഹത്തിന്റെ നന്മയ്ക്കായി സ്ഥലം വിട്ടുകൊടുത്തു. എടവണ്ണപ്പാറയില്‍ കോളജിരിക്കുന്ന സ്ഥലമൊക്കെ അങ്ങനെ വിട്ടുകൊടുത്തതാണ്. കുടുംബത്തിന്റെ പേരില്‍ വഖഫ് നിലനില്‍ക്കുന്നുണ്ട്. ഞാന്‍ വാഴക്കാടും മുക്കത്തുമായിട്ടാണ് പഠിച്ചത്. പഠിക്കുന്ന സമയത്ത് മുസ്ലീംലീഗിന്റെ ഒപ്പം ഉണ്ടായിരുന്നു. അവരുടെ വിദ്യാര്‍ത്ഥി സംഘടനയിലൊക്കെ. ഇന്ത്യ വിഭജിച്ചപ്പോള്‍ പിന്നെ അതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലായി. അതിനുശേഷം വ്യക്തമായ രാഷ്ട്രീയമൊന്നുമുണ്ടായില്ല. എങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളും സമരങ്ങളുമുണ്ടെങ്കില്‍ അതില്‍ പങ്കെടുക്കും. ആത്മീയ കാര്യങ്ങളിലായിരുന്നു താല്‍പര്യം. മതപഠനം നടത്തി. വാഴക്കാടന്‍ മുസ്ലീയാര്‍ എന്നയാള്‍ ഓച്ചിറയില്‍ മതസ്ഥാപനം നടത്തുന്നുണ്ട്. വലിയ പണ്ഡിതനാണ്. ഈ നാട്ടുകാരനായിരുന്നു അദ്ദേഹം. അതുകൊണ്ട് കൂടിയാണ് ഞാന്‍ അവിടെ പോയത്. അഞ്ചാറുകൊല്ലം അവിടെ മതപഠനവുമായും മറ്റു കഴിഞ്ഞു. നാട്ടില്‍ വന്നിട്ടും ആത്മീയകാര്യങ്ങളിലായിരുന്നു ശ്രദ്ധ.
കമ്പനി വരുന്നതിനു മുമ്പുള്ള മാവൂര്‍ എങ്ങനെയായിരുന്നു?
അന്നത്തെ മാവൂര്‍ ഇത്ര തിരക്ക് പിടിച്ച നാടല്ല.എടവണ്ണപ്പാറയും അങ്ങനെ തന്നെയാണ്. അന്ന് പാലമില്ല. പാലം അടുത്താണ് വന്നത്. മാവൂര് പോകാന്‍ തോണിയിലൂടെ കടത്ത് കടക്കണം. വാഹന സൗകര്യം ഒക്കെ കുറവാണ്. ആളുകള്‍ വലിയ സാമ്പത്തിക ശേഷിയുള്ളവരായിരുന്നില്ല. പുഴയില്‍ നിന്ന് മീന്‍പിടിച്ചും, കക്കവാരിയും കൃഷിചെയ്തുമൊക്കെയായിരുന്നു ജീവിച്ചത്. പശുവളര്‍ത്തലൊക്കെയുണ്ടായിരുന്നു. ശാന്തമായിരുന്നു മാവൂര്‍. ജീവിക്കാന്‍ പറ്റിയ ഇടമായിരുന്നു അന്ന്.
ഗ്വാളിയാര്‍ കമ്പനിയുമായി ബാപ്പുക്ക ആദ്യം ബന്ധപ്പെടുന്നത് എങ്ങനെയാണ്?
കമ്പനി പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പേ എനിക്ക് അവിടെ ബന്ധമുണ്ട്. 1959-ല്‍ കമ്പനിക്കുവേണ്ടി മാവൂരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കുട്ടിസായ്‌വ് എന്ന് എല്ലാവരും വിളിക്കുന്ന, എന്റെ ഇളാപ്പയാണ് (ബാപ്പയുടെ അനുജന്‍). മുഹമ്മദ് കുട്ടി എന്നാണ് ശരിക്കും പേര് ബിര്‍ളയ്ക്കുവേണ്ടി കരാറെടുത്തായിരുന്നു പണി. എട്ട് കോടിയൊക്കെ മുടക്കിയാണ് കമ്പനി വരുന്നത്. ഇളാപ്പയുടെ കമ്പനി പണികള്‍ എടുത്തപ്പോള്‍ ഞാനും അവിടെ ഒപ്പമുണ്ടായിരുന്നു. സൂപ്പര്‍വൈസറായിട്ട്. കെട്ടിടം പണി മാത്രമല്ല, അവര്‍ക്കുവേണ്ടി തൊഴിലാളികളെ സപ്‌ളെ ചെയ്യലിന്റെയും ചുമതല ഇളാപ്പയുടെ കമ്പനിക്കായിരുന്നു. പിന്നെ ബിര്‍ളയും ഇളാപ്പയും തമ്മില്‍ തെറ്റി. പണി ബിര്‍ള നേരിട്ട് തന്നെയായി. ഇന്ധനംകൊണ്ടുള്ളതിനേക്കാള്‍ കരികൊണ്ട് ബോയിലറാണ് ലാഭമെന്ന് കമ്പനി കണ്ടെത്തി. അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനൊപ്പമായിരുന്നു എനിക്ക് ചുമതല. പിന്നെ കമ്പനി തുറന്നപ്പോള്‍ ഞാനുള്‍പ്പടെയുള്ളവരെ അവിടെ തൊഴിലാളികളായി നിയമിച്ചു. അവിടെ കരിപ്ലാന്റില്‍ സൂപ്പര്‍വൈസറായിരുന്നു ഞാന്‍.
1960 ല്‍ കമ്പനി തുടങ്ങിയെങ്കിലും 'ഗ്രോ' രൂപീകരിക്കപ്പെടുന്നത് എണ്‍പതിന്റെ ആരംഭത്തിലാണ്. അതുവരെ തൊഴിലാളി പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നില്ലേ?
ഞാന്‍ അന്ന് ബഷീറിന്റെ (ഇ.ടി.മുഹമ്മദ് ബഷീര്‍) നേതൃത്വത്തിലുള്ള യുണിയനിലായിരുന്നു. എസ്.ടി.യുവില്‍. ബഷീറായിരുന്നു ജനല്‍ സെക്രട്ടറി. അഡ്വ. അബ്ദുള്‍ അസീസാണ് അതിന്റെ മറ്റൊരു നേതാവ്. ഞാന്‍ പക്ഷേ, എസ്.ടി.യു വില്‍ സജീവമായിരുന്നില്ല. അത് നല്ല ട്രേഡ് യൂണിയനൊന്നുമായിരുന്നില്ല. അവര്‍ക്ക് കൂടുതലും മാനേജ്‌മെന്റുമായുള്ള ചില നീക്ക്‌പോക്കുകളിലായിരുന്നു താല്‍പര്യം. അവര്‍ തൊഴിലാളിക്കുവേണ്ടി ആത്മാര്‍ത്ഥതയോടെ നിലകൊണ്ടില്ല. അതിനാല്‍ ഞാന്‍ വലിയ പ്രവര്‍ത്തനത്തിന് പോയില്ല. എന്നാല്‍ എന്തെങ്കിലും പ്രകടനമോ,യോഗമോ ഒക്കെ ഉണ്ടെങ്കില്‍ പോകും.
പിന്നെയെപ്പോഴാണ് 'ഗ്രോ' സ്ഥാപിക്കാന്‍ തീരുമാനിച്ചത്? എന്തായിരുന്നു കാരണം?
നാലായിരത്തി അഞ്ഞൂറോളം തൊഴിലാളികളുണ്ടായിരുന്നു കമ്പനിയില്‍. അവരെ പ്രതിനിധീകരിച്ച് അന്ന് എട്ട് രാഷ്ട്രീയ പാര്‍ട്ടികളുടേതായി പതിനൊന്ന് ട്രേഡ്‌യൂണിയനുകള്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷം ട്രേഡ്‌യൂണിയന്‍ നേതാക്കന്‍മാരും റയോണ്‍സ് മാനേജ്‌മെന്റും തമ്മില്‍ ഒത്തുകളിക്കുകയായിരുന്നു. തൊഴിലാളിക്ക് ആനുകൂല്യങ്ങള്‍ ഒന്നും കിട്ടിയില്ല. അവരുടെ അഭിമാനംപോലം നഷ്ടമായ അവസ്ഥയായിരുന്നു. 1982 മെയ് ഒന്നു മുതല്‍ കമ്പനി ലേ ഓഫ് ചെയ്തു. തലേന്ന് നോട്ടീസ് ബോര്‍ഡില്‍ നിന്നാണ് എല്ലാവരും കാര്യം അറിഞ്ഞത്. നാളെ മുതല്‍ ജോലിയില്ല. കുലിയുമില്ല. ആര്‍ക്കും ഒന്നും ചെയ്യാനായില്ല. ഒരു തൊഴിലാളിയുണിയന്‍ നേതാക്കളും അങ്ങോട്ടേക്ക് വന്നില്ല. അത് പലവരുടെയും കണ്ണുതുറപ്പിച്ചു. കാര്യങ്ങള്‍ ഇങ്ങനെപോയല്‍ പോരാ എന്ന് പലര്‍ക്കും തോന്നി. അങ്ങനെയാണ് 1983 നവംബറില്‍ . 'ഗ്വാളിയോര്‍ റയോണ്‍സ് ഓര്‍ഗനൈസേഷന്‍ ഓഫ് വര്‍ക്കേഴ്‌സ്' എന്ന പേരില്‍ യൂണിയന്‍ രൂപീകരിക്കുന്നത്. വിവിധ യൂണിയനുകളില്‍ നിന്ന് വിട്ടുപോന്ന ആയിരം പേരുടെ പിന്തുണ ഞങ്ങള്‍ക്കുണ്ടായിരുന്നു. 'ഗ്രോ' ഒരു രാഷ്ട്രീയ നേതാവും മുന്‍കൈയെടുത്ത് രൂപീകരിച്ചതല്ല. രൂപീകരിക്കുന്നതിന് മുമ്പേ ഞങ്ങള്‍ വാസുവേട്ടന്‍ (എ.വാസു)വിനെ പൊറ്റമ്മലില്‍ പോയി കണ്ടു. അന്നദ്ദേഹം നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സമയമാണ്.അദ്ദേഹം നേതൃത്വം ഏറ്റെടുത്തു. 1984 ഫെബ്രുവരി 28 നാണ് ഔദ്യോഗിക ഉദ്ഘാടനം മാവൂരില്‍ നടന്നത്്. കെ.പി.ആര്‍. ഗോപാലനായിരുന്നു ഉദ്ഘാടനം ചെയ്തത്. അധ്യക്ഷന്‍ മഞ്ചേരി സുന്ദര്‍രാജും.
നക്‌ലൈറ്റ് രാഷ്ട്രീയ നിലപാടുള്ള, ദൈവവിശ്വാസമില്ലാത്ത, വാസുവേട്ടനെപോലുള്ളവരോട് മതവിശ്വാസ പാരമ്പര്യത്തില്‍ നിന്നു വരുന്ന താങ്കള്‍ എങ്ങനെയാണ് യോജിക്കുന്നത്?
വാസുവേട്ടന്‍ നക്‌സലൈറ്റാണോ ദൈവവിശ്വാസിയല്ലേ എന്നൊന്നുമല്ല വിഷയം. വിശ്വാസിയാണോ എന്നൊന്നും ഞാന്‍ അന്വേഷിച്ചില്ല. ആയിരിക്കാം അല്ലായിരിക്കാം. പക്ഷേ, അദ്ദേഹം ചെയ്യുന്നത് ആത്മീയപ്രവര്‍ത്തനമാണ്. എല്ലാവര്‍ക്കും നല്ലതുവരണം, പാവപ്പെട്ടവരെ സഹായിക്കണം എന്നൊക്കെയേ വാസുവേട്ടനുള്ളൂ. വാസുവേട്ടന്‍ എന്തിനാ വര്‍ഗീസിനൊപ്പം വയനാട്ടില്‍ പോയത്? അവിടെയുള്ള ആദിവാസികളെയും പാവപ്പെട്ടവരെയും വലിയ പണക്കാര്‍ ചൂഷണം ചെയ്യുന്നത് ഇല്ലാതാക്കാനാണ്. അത് വലിയ മനുഷ്യസ്‌നേഹമുള്ളവര്‍ക്കേ പറ്റു. അത്തരത്തിലുള്ള ആത്മീയ പ്രവര്‍ത്തനമാണ് ഞാനും നടത്തുന്നത്. ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന വാസുവേട്ടനെപോലൊരാള്‍ക്ക് മറ്റൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല.
പുതിയതായി ഒരു സ്വതന്ത്രയൂണിയന്‍ വന്നപ്പോള്‍ എന്തായിരുന്നു മാനേജ്‌മെന്റിന്റെയും മറ്റ് തൊഴിലാളി സംഘടനകളുടെയും സമീപനം?
ഗ്രോയൂണിയനെ തകര്‍ക്കാനായിരുന്നു മാനേജുമെന്റും മറ്റ് യൂണിന്‍ നേതാക്കളും ശ്രമിച്ചത്. കമ്പനിയിലെ ആദ്യ കാല യുണിയന്‍ സംഘടാകരിലൊരാളായ ടി.എം. തോമസ് ഗ്രോ യൂണിയനില്‍ ചേര്‍ന്നിരുന്നു. അദ്ദേഹം വൈസ് പ്രസിഡന്റായി. അദ്ദേഹത്തിന്റെ തല തകര്‍ത്തു. ഗ്രോയൂണിയനിലെ ചിലര്‍ക്ക് മര്‍ദനമേറ്റു. എ.ഐ.ടി.യു.സി.ക്കാരാണ് ആദ്യം ഞങ്ങളെ അടിച്ചത്. പിന്നെ സി.ഐ.ടി.യുവായി. പക്ഷേ, ഞങ്ങള്‍ മുന്നാട്ട്‌പോയതോടെ എല്ലാവര്‍ക്കും അംഗീകരിക്കേണ്ടി വന്നു. യൂണിയന്‍ രൂപീകരിച്ച് വൈകാതെ ഞങ്ങള്‍ സമരം നടത്തി വിജയം നേടിയെടുത്തതുകൊണ്ട് തന്നെ ഞങ്ങളോട് മറ്റ് യൂണിയനിലെ സാധാരണ അംഗങ്ങള്‍ക്കെല്ലാം താല്‍പര്യമുണ്ടായി.
യൂണിയന്‍ രൂപീകരിച്ച ഉടനെ സമരം എന്തിനായിരുന്നു?
ശരിക്കും 'ഗ്രോ' രൂപീകരണം തന്നെ സമരമായിരുന്നു. അറുനൂറോളം റിസര്‍വ് തൊഴിലാളികളുണ്ട് കമ്പനിയില്‍. ഇവര്‍ക്ക് പതിനഞ്ചും ഇരുപതുവര്‍ഷവും സര്‍വീസുള്ളവരാണ്. എന്നാല്‍ മാസത്തില്‍ 13 ദിവസമേ ഇവര്‍ക്ക് പണികൊടുക്കുകയുള്ളൂ എന്നാല്‍ കോണ്‍ട്രാക്ടുറുടെ കീഴില്‍ ആയിരത്തോളം പേര്‍ക്ക് ദിവസവും ജോലി നല്‍കും. മാനേജ്‌മെ്‌റിനും കോണ്‍ട്രാക്ടര്‍മാരായ ട്രേഡ്‌യൂണിയന്‍ നേതാക്കള്‍ക്കും വന്‍ ലാഭമായിരുന്നു ഈ ഇടപാട്. പണം വളരെയധികം മറിയുന്നതാണ് ഈ കരാര്‍ നടപടികള്‍. ഞങ്ങള്‍ കോണ്‍ട്രാക്ട് പണികള്‍ തടഞ്ഞു. മൂന്നുമാസം സമരം നടന്നു. 24 ഗ്രോ അംഗങ്ങളെ മാനേജ്‌മെന്റ് പുറത്താക്കി. പുതിയ യൂണിയനെ തകര്‍ക്കാനായിരുന്നു നീക്കം. ഞാനും വാസുവേട്ടനും കൂടി 17 ദിവസം നിരാഹാരം നടന്നു. ഒടുവില്‍ സമരം വിജയിച്ചു. കോടതിയില്‍ കേസ് നടത്തി ഞങ്ങള്‍ സസ്‌പെന്‍ഷന്‍ പിന്‍വലിപ്പിക്കുന്ന തരത്തില്‍ വിജയംനേടി.സസ്‌പെന്‍ഡ് ചെയ്ത തൊഴിലാളികള്‍ക്ക് സമര കാലത്ത് അലവന്‍സ് കൊടുക്കാന്‍ വിധിയായി. അത് കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ആ സമരം വിജയിച്ചതതോടെ 'ഗ്രോ'യിലേക്ക് ചേരാന്‍ തൊഴിലാളികള്‍ക്ക് താല്‍പര്യം കൂടി.
പിന്നീട്, നാല്‌വര്‍ഷക്കാലം നീണ്ട ഐതിഹാസികമായ സമരം തുടങ്ങാന്‍ എന്തായിരുന്നു കാരണം?
1980 മുതല്‍ മാനേജ്‌മെന്റ്് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുകയായിരുന്നു. അതുകൊണ്ടാണ് പുതിയ യൂണിയന്‍ പോലും വേണ്ടിവന്നത്. 4500 പേര്‍ക്ക് നേരിട്ടും 10,000 പേര്‍ക്ക് പരോക്ഷമായി ജോലിയൊക്കെ നല്‍കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ അവസ്ഥ സുഖകരമായിരുന്നില്ല. 81,82,83 വര്‍ഷങ്ങളിലെ ബോണസ് ലഭിക്കണം എന്നതായിരുന്നു ഒരാവശ്യം. മൂന്നുകൊല്ലമായി ബോണസ് കൊടുക്കാത്ത കമ്പനികള്‍ മറ്റെവിടെയും കാണില്ല. ദീര്‍ഘകാല കാരാറുകളുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കിയിരുന്നില്ല, 800 റിസര്‍വ് തൊഴിലാളികള്‍ക്ക് 13 ദിവസമാണ് പണി, അത് 26 ദിവസമാക്കണമെന്നായിരുന്നു മറ്റൊരാവശ്യം. കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക എന്നതും ഞങ്ങളുടെ മുദ്രാവാക്യമായിരുന്നു. 'ഗ്രോ' തനിച്ചല്ല സമരം തുടങ്ങിയത്. എല്ലാ യൂണിയനുകളും സംയുക്തമായിട്ടാണ് പൊതുപണിമുടക്കിലേക്ക് നീങ്ങിയത്. സമരത്തിന്റെ ആവശ്യങ്ങള്‍ ന്യായമായതിനാല്‍ 'ഗ്രോ'യും സമരത്തിനൊപ്പം ചേര്‍ന്നു. സമരത്തോട് തീര്‍ത്തും നിഷേധ നിലപാടാണ് മാനേജ്‌മെന്റിന് ഇണ്ടായിരുന്നത്.
സമരത്തിന്റെ നേതൃത്വം 'ഗ്രോ'യ്ക്കാകുന്നതെപ്പോഴാണ്?
1985 ജൂലൈ 7 നാണ് സമരം തുടങ്ങുന്നത്. നാല്‍പത്തുമാസം സമരം നീണ്ടുനിന്നു. മാനേജ്‌മെന്റ് ഒട്ടും വഴങ്ങാതെ കര്‍ശന നിലപാടെടുത്തു. തൊഴിലാളികളുടെ സമരം മാനേജ്‌മെന്റ് തങ്ങളുടെ നേട്ടത്തിനായി സര്‍ക്കാരുമായി വിലപേശാന്‍ ഉപയോഗിക്കുകയായിരുന്നു. തൊഴിലാളികളെ വച്ച് സര്‍ക്കാരുമായി അവര്‍ വിലപേശി. അസംസ്‌കൃത വസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ കിട്ടണമെന്ന നിലപാട് മുന്നോട്ട്‌വച്ചു. കരുണാകര സര്‍ക്കാരിനെയും നായനാര്‍ സര്‍ക്കാരിനെയും മാനേജ്‌മെന്റ് നിസാഹയരാക്കി. പോലീസിനെകൊണ്ട് തല്ലിയൊതുക്കാനായിരുന്നു ഒരു നീക്കം. മൂന്നുവട്ടം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ചര്‍ച്ചയോടെല്ലാം ഒരു തരം നിഷേധ നിലപാടാണ് ബിര്‍ള എടുത്തത്. യൂണിയനുകള്‍ക്ക് സമരത്തോട് താല്‍പര്യമില്ലാതായി. തൊഴിലാളികളെ എല്ലാവരും കൈയൊഴിഞ്ഞ നിലയിലായി. അപ്പേഴേക്കും 13 ആത്മഹത്യകള്‍ നടന്നിരുന്നു. ഒരുദിവസം തോണിയില്‍ ചാലിയാര്‍ കടന്ന് മാവൂര്‍ക്ക് പോകുമ്പോഴാണ് ഞാനും വാസുവേട്ടനും ഇത് ഇങ്ങനെപോയാല്‍ പറ്റില്ല എന്ന് തീരുമാനിക്കുന്നത്. കടുത്ത സമരമേ രക്ഷയുള്ളൂ, ഗ്രോ നേതൃത്വം ഏറ്റെടുക്കണം. അല്ലെങ്കില്‍ ഇനിയും ആത്മഹത്യ നടക്കും. ഒരു മരണവും ഇനി മാവൂരില്‍ നടക്കരുത് എന്ന് ഞങ്ങള്‍ അപ്പോള്‍ തന്നെ ഉറപ്പിച്ചു. അങ്ങനെ സമരം തനിച്ച് നയിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 'ഫാക്ടറി തുറക്കുക, അല്ലെങ്കില്‍ സര്‍ക്കാര്‍ എറ്റെടുക്കുക, രണ്ടും സാധ്യമല്ലെങ്കില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി പരിച്ചുവിടുക'എന്നതായിരുന്നു ഗ്രോയുടെ മുദ്രാവാക്യം. 1987 നവംബര്‍ 8,9,10 തീയതികളില്‍ മൂന്നു ദിവസം നിരാഹാരം നടത്തികൊണ്ട് ഞങ്ങള്‍ സമരരംഗത്ത് സജീവമായി. 1988 ജനുവരി 6 ന് അനിശ്ചിതകാല നിരാഹാരം ഞാനും വാസുവേട്ടനും തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. രണ്ടരമാസം പലതരം പ്രചരണങ്ങള്‍ നടത്തി. ഒടുവിലാണ് നിരാഹാരസമരം തുടങ്ങുന്നത്. അതോടെ സമരാന്തരീക്ഷം മാറി.
അനശിചിതകാലസമരം തുടങ്ങിയശേഷം അന്തരീക്ഷം എങ്ങനെയാണ് മാറിയത്? എന്തായിരുന്നു മൊത്തത്തിലുള്ള അവസ്ഥ?
രണ്ടര വര്‍ഷം പിന്നിട്ടിരുന്നു ഞങ്ങള്‍ നിരാഹാരസമരത്തിലേക്ക് നീങ്ങുമ്പോള്‍. ഈ സമരം വിജയിക്കാന്‍ പോകുന്നില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. നിരാഹാരം തുടങ്ങിയതോടെ തൊഴിലാളികളില്‍ പ്രതീക്ഷകള്‍ വന്നു. എല്ലായിടത്തുനിന്നും സമരപന്തലിലേക്ക് ആളുകള്‍ വരാന്‍ തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ വന്ന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ആദ്യം സര്‍ക്കാര്‍ സമരം കണ്ടില്ലെന്ന് നടിച്ചു. പക്ഷേ ദിവസം കഴിയുന്തോറും സംഘര്‍ഷ സാധ്യത കനത്തു. ഞങ്ങളുടെ അവസ്ഥ മോശമായി തുടങ്ങി. നിരാഹാരം പത്ത് ദിവസം കഴിയുമ്പോഴാണ് ചര്‍ച്ച ചെയ്യാന്‍ തന്നെ തീരുമാനിക്കുന്ന കത്ത് ഞങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് കിട്ടുന്നത്. അതിനിടയില്‍ വ്യവസായമന്ത്രി കെ.ആര്‍. ഗൗരി മാവൂരില്‍ വന്ന് പ്രസംഗിച്ചു. ബിര്‍ള ഒന്നിനും വഴങ്ങുന്നില്ലെന്നും തൊഴിലാളികളും ജനങ്ങളും സമരം ചെയ്താല്‍ സര്‍ക്കാര്‍ അവരോടൊപ്പമുണ്ടാകുമെന്നും ഗൗരിയമ്മ പറഞ്ഞു. അവര്‍ക്കും ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. അതിനിടയില്‍ ഞങ്ങളെ അറസ്റ്റ് ചെയ്തു. അത് വീണ്ടും സമരത്തെ ശക്തമാക്കി.
അറസ്റ്റിനെപ്പറ്റി?
സമരം എട്ടൊമ്പതു ദിവസം കഴിഞ്ഞപ്പോഴായിരുന്നു അറസ്റ്റ്. അര്‍ദ്ധാത്രിയലായിരുന്നു പോലീസ് അറസ്സ് ചെയ്യാനെത്തിയത്. തൊഴിലാളികള്‍ ഇല്ലാത്ത സമയത്ത് അറസ്റ്റ് ചെയ്താല്‍ കുഴപ്പം ഒഴിവാക്കാമെന്നായിരുന്നു അവരുടെ ധാരണ. പക്ഷേ, വിവരം അറിഞ്ഞ് തൊഴിലാളികള്‍ തടിച്ചുകൂടി. നൂറുകണക്ക് സ്ത്രീകളളെയും പുരുഷന്‍മാരെയും അറസ്സ്്‌ചെയ്ത് നീക്കിയശേഷമേ ഞങ്ങള്‍ക്ക് അടുത്തേക്ക് എത്താന്‍ പോലീസിനു കഴിഞ്ഞുള്ളൂ. മാവൂര്‍ മുതല്‍ ചെറൂപ്പ വരെ ആളുകള്‍ സാധനങ്ങള്‍ ഇട്ട് വഴി തടസ്സപ്പെടുത്തി. ഞങ്ങളെകൊണ്ടുപോയ വാഹനത്തിലെ പോലീസുകര്‍ക്ക് പുറത്തിറങ്ങി കല്ലും തടസങ്ങളും എടത്തുമാറ്റേണ്ടിവന്നു.
അറസ്റ്റില്‍ പ്രതിഷേധിച്ച് പിറ്റേന്ന് രാവിലെ മാവൂരില്‍ നിന്ന് മെഡിക്കല്‍ കേളാജിലേക്ക് വന്‍ പ്രതിഷേധ പ്രകടനം വന്നു. സമരം അതോടെ മാവൂര്‍ വിട്ട് സംസ്ഥാനത്താകെ പടര്‍ന്നു. എല്ലായിടത്തുന്നിനും ജനങ്ങള്‍ മാവൂരിലേക്ക് എത്തി. പല സംഘടനകളും അവരുടേതയായ രീതിയിലുള്ള സമരങ്ങള്‍ ഏറ്റെടുത്തു. കോഴിക്കോടും കണ്ണൂരും മലപ്പുറത്തും ബന്ദു നടന്നു. പലയിടത്തും അനശ്ചിത കാല നിരാഹാര സമരം തുടങ്ങി. ഒടുവില്‍ സര്‍ക്കാരിന് ഞങ്ങള്‍ക്കു മുന്നിലേക്ക് വരേണ്ടി വന്നു. മാനേജ്‌മെന്റിനെകൊണ്ട് അടിയന്തിരമായ ഫാക്ടറി തുറപ്പിക്കാന്‍ വേണ്ടത് ചെയ്യാമെന്നും അതിന് സാധിച്ചില്ലെങ്കില്‍ കേന്ദ സര്‍ക്കാരിനെകൊണ്ട് ഫാക്ടറി ഏറ്റെടുപ്പിക്കാമെന്നുമറ്റുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരാഹാര സമരം
26-ദിവസം, ഫെബ്രുവരി 20 ന് സമരം പിന്‍വലിച്ചത്.
സമരം ഒത്തുതീര്‍പ്പായി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങിയല്ലോ?
സര്‍ക്കാര്‍ നല്‍കിയ ഉറപ്പനുസരിച്ചാണ് സമരം നിര്‍ത്തിയതെങ്കിലും സര്‍ക്കാര്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം മുഖ്യമന്ത്രി നായനാര്‍ കൊയിലാണ്ടിയില്‍ ഗ്രോസമരം പൊളിഞ്ഞെന്നും മറ്റും പ്രസംഗിച്ചു. അത് വല്ലാതെ ഞങ്ങളെ വേദനിപ്പിച്ചു. അപ്പോള്‍ തന്നെ മറ്റൊരു സമരം നടത്തേണ്ടിവരുമെന്ന് ഞങ്ങള്‍ക്കറിയാമയരുന്നു. രണ്ടാം സമരപ്രഖ്യാപനം നടത്തി. ഞങ്ങളിലൊരാള്‍ സെക്രട്ടറിയേറ്റ് കവാടത്തിലും ഒരാള്‍ മാവൂരില്‍ കമ്പനിക്കു മുമ്പിലും നിരാഹാരം കിടക്കുമെന്നായിരുന്നു പ്രഖ്യാപനം. അതിനു മുമ്പ് വാഗദാന ലംഘന വിരുദ്ധ ജാഥ തിരുവനന്നതപുരേത്ത് നിശ്ചയിച്ചു. സമരപ്രചരണജാഥയ്ക്ക് വന്‍ സ്വീകരമാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. 1988 മാര്‍ച്ച് 16 ന് തിരുവനന്തപുരത്ത് എത്തി അനിശ്ചിതകാല സമരം തുടങ്ങാനായിരുന്നു പരിപാടി. എന്നാല്‍ കെ.പി.ആറിനെപോലുളളവര്‍ സര്‍ക്കാരിന് കുറച്ചു ദിവസം സമയം നല്‍കണമെന്ന് പറഞ്ഞു. പക്ഷേ അതുകൊണ്ട് കാര്യമില്ലെന്ന് കണ്ട് വീണ്ടും അനിശ്ചിത കാല സമരം തുടങ്ങി. 32 ദിവസം സമരം നീണ്ടു നിന്നു. ഒടുവില്‍ കമ്പനി തുറക്കാന്‍ തീരുമാനമായി.
സമരത്തിനിടയില്‍ ഭീഷണി നേരിട്ടിരുന്നോ?
അതുണ്ടായിരുന്നു. മൂഖ്യമായും മറ്റ് യൂണിയന്‍കാരില്‍ നിന്നായിരുന്നു ഭീഷണിയും എതിര്‍പ്പും. സി.ഐ.ടി.യുവിനായിരുന്നു കൂടുതല്‍ ദേഷ്യം. സമരം നടക്കുന്ന സമയത്ത് ചേറ്റുവയില്‍ വച്ച് കല്ലേറ് വന്നു. ഒരു കല്ല് വാസുവേട്ടനെയും എന്നെയും തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ വന്നു. വാസുവേട്ടന്റെ മേത്ത് കല്ല് വീണോയെന്ന് സംശയമുണ്ട്. ജീപ്പിന്റെ ചില്ലൊക്കെ പൊട്ടി. ചേറ്റുവയില്‍ പാലത്തിന് ഇപ്പുറത്ത് ജാഥ പോകാതിരിക്കാന്‍ തെങ്ങൊക്കെ വെട്ടിയിട്ടു. എന്നിട്ട് ഇട്ടവര്‍ തന്നെ ഞങ്ങള്‍ക്കൊപ്പം അത് പൊക്കിമാറ്റാനൊക്കെ കൂടി. അത്തരത്തില്‍ പലഭീഷണിയുണ്ടായി. പോലീസിനെകൊണ്ട് മര്‍ദിച്ചൊതുക്കാനൊക്കെ ശ്രമം നടന്നു. പോലീസിനെവിട്ട് സമരപന്തലില്‍ കയറി എല്ലാവരെയും തല്ലിച്ചു. പക്ഷേ ഗ്രോ അന്ന് അങ്ങോട്ട് പോകാത്തതുകൊണ്ട് നമുക്ക് തല്ല് കിട്ടിയില്ല. മറ്റ് യൂണിയന്‍കാര്‍ക്കാണ് കിട്ടിയത്.
സമരത്തിനിടയ്ക്ക് കമ്പനിയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ആര്‍.എന്‍.സാബുവിനെ വധിക്കാനും മറ്റും നീക്കമുണ്ടായതായി ആരോപണമുയര്‍ന്നിരുന്നല്ലോ?
ഞങ്ങള്‍ നടത്തിയത് തീര്‍ത്തും ഗാന്ധിയന്‍ മാതൃകയിലുള്ള, സമാധാനപരമായ സമരമായിരുന്നു. ഒരക്രമവും ഞങ്ങള്‍ നടത്തിയിട്ടില്ല. കാരണം നിരാഹാരസമരം പോലുള്ള സമരരീതികളാണ് ഞങ്ങള്‍ ഉപയോഗിച്ചത്. ഒരക്രമപ്രവര്‍ത്തനവും നടത്തിയതായി ഒരാരോപണവും ഞങ്ങള്‍ക്കുമേലില്ല. കേസുമില്ല. ഞങ്ങള്‍ നിരാഹാര സമരം തുടങ്ങിയതോടെ സമരപ്പന്തലിലേക്ക് ജനങ്ങള്‍ വരാന്‍ തുടങ്ങി. അവര്‍ പല രാഷ്ട്രീയ വിശ്വാസങ്ങളും പുലര്‍ത്തുന്നവരായിരുന്നു. അവര്‍ അവരുടേതായ രീതിയില്‍ സമരത്തെ സഹായിക്കാന്‍ മറ്റ് സമരങ്ങള്‍ ഏറ്റെടുത്തു. ജനങ്ങള്‍ നാല് ജില്ലകളില്‍ ബന്ദും മറ്റും നടത്തി. നക്‌സലൈറ്റുകള്‍ക്ക് സാബു ഇല്ലാതായാലേ സമരം തീരുവെന്നതായിരുന്നു രഹസ്യമായ നിലപാട്. കാരണം അത്രയ്ക്ക് ധാര്‍ഷ്ട്യമായിരുന്നു സാബുവിന്. ബിര്‍ള നേരിട്ട് വരാനുള്ള എല്ലാ നീക്കവും അയാള്‍ തടഞ്ഞു. ശരിക്കും കമ്പനിയില്‍ സാധാരണക്കാരനായി വന്ന് പെട്ടന്ന് ഉന്നതിയിലെത്തിയ ആളാണ്. താന്‍ പോകുന്നതോടെ കമ്പനിയും ഇല്ലാതാവണമെന്ന ശാഠ്യക്കാരനായിരുന്നുസ സാബു. ഗൗരിയമ്മയെപ്പോലുള്ളവര്‍ പോലും 'സാബു ഞങ്ങള്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല' എന്ന് പറഞ്ഞിരുന്നു. അതൊക്കെയാണെങ്കിലും നക്‌സലൈറ്റുകളും സാബുവിനെ ഒന്നും ചെയ്തില്ല. എന്തോ ചെയ്യാനൊരുങ്ങി എന്നൊരു വാര്‍ത്ത ഉണ്ടായിരുന്നു. അതിന്റെ വാസ്തവം എനിക്കറിയില്ല. അവര്‍ കടപ്പുറത്തെ ബിര്‍ളയുടെ ഗോഡൗണ്‍ തല്ലിപ്പൊളിക്കുകയോ മറ്റോ ചെയ്തിരുന്നു. അക്രമം നടത്തുന്നതിന് ഞങ്ങള്‍ എതിരായിരുന്നു. നക്‌സലൈറ്റുകളെ വിളിച്ച് വാസുവേട്ടന്‍ തന്നെ ചില താക്കീത് നല്‍കിയിരുന്നു.
പി.കെ. സത്യനെപ്പോലെ 'ഗ്രോ'രൂപീകരിക്കാന്‍ മുന്നിട്ടറിങ്ങയ പലരും ഇടയ്ക്ക് വച്ച് സമരത്തില്‍ നിന്ന്് പിരിഞ്ഞുപോയിരുന്നല്ലോ?
അതുണ്ടാവും. സത്യന്‍മാത്രമല്ല, വേറെയും ആള്‍ക്കാര്‍ മറ്റ് യൂണിനിലേക്ക് പോയിട്ടുണ്ട്. സമരം സഹായിക്കാന്‍ വന്നവര്‍ ഇടയ്ക്ക് വച്ച് തള്ളിപ്പറയുകയൊക്കെ ചെയ്തിരുന്നു. അജിത ഇടക്കുവച്ച് പിന്‍മാറിയല്ലോ. അതിനൊക്കെ പല കാരണമുണ്ടാവും. ചിലത് പ്രലോഭനമാവാം, ചിലത് മടുത്തിട്ടാവാം. ചിലത് വ്യക്തിതാല്‍പര്യംകൊണ്ടാവാം. അത് സ്വഭാവികമാണ്. ഞങ്ങളത് കാര്യമാക്കിയിരുന്നില്ല.
സമരപന്തിലിലും വച്ച് ബാപ്പുക്ക അഞ്ചുനേരം നിസ്‌കരിക്കുമെന്ന് കേട്ടിരുന്നു?
ശരിയാണ്. ഞാന്‍ സമരം ചെയ്യുമ്പോഴൊന്നും അതു മുടക്കിയില്ല. നിരാഹാരം കിടന്ന് അവശരായഘട്ടത്തിലും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുമ്പോഴും ഒന്നും ഞാന്‍ നിസ്‌കാരവും പ്രാര്‍ത്ഥനയും മുടക്കിയില്ല. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഞാന്‍ ദൈവവിശ്വാസിയാണ്. ആത്മീയതയുടെ ഭാഗമാണ് എനിക്ക് സമരവും.
എന്താണ് 'ഗ്രോ'യുടെ സമരത്തില്‍ നിന്ന് കേരളത്തിനും തൊഴിലാളി യൂണിയനുകള്‍ക്കും പഠിക്കാനുള്ള പാഠം?
ഒത്തിരിയേറെ പാഠങ്ങള്‍ ഗ്രോയില്‍ നിന്ന് പഠിക്കാനുണ്ട്. മാവൂരില്‍ നടന്ന തൊഴില്‍സമരവും അതിനുശേഷം അടപ്പിക്കാന്‍ നടന്ന സമരത്തിനും കേരളത്തിന്റെ ചരിത്രത്തില്‍ വലിയ പ്രധാന്യമുണ്ട്. എല്ലാവരും സമരത്തെപ്പറ്റി അറിയുകയും മനസിലാക്കുകയും വേണം. ഒന്നാമത്തെ പാഠം എന്നത് ഗ്രാംസിമില്‍ 4500 തൊഴിലാളികളും അവര്‍ക്ക് 11 ട്രേഡ്‌യൂണിയനുകളും ഉണ്ടായിരുന്നു. എല്ലാം രാഷ്ട്രീയ പാര്‍ട്ടികളുടെ യുണികനുകളുമുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്തുണയില്ലാത്ത വരായിരുന്നു ഞങ്ങള്‍. എന്നാല്‍ തനിച്ച് സമരം ചെയ്ത്, ഒരു സര്‍ക്കാരിനെപോലും നിസഹായരാക്കിയ ബിര്‍ളയെ ഞങ്ങള്‍ക്ക് മുട്ടുകുത്തിക്കാനായി. അതിന് കേരളത്തിലെ ജനങ്ങള്‍ ഒന്നടങ്കം പിന്തുണ നല്‍കി. സത്യസന്ധമായ ഏതൊരു സമരത്തിനും ഇത്തരം പിന്തുണയുണ്ടാവും. അതിപ്പോഴാണെങ്കിലും. ശരിയായ സമരം ചെയ്യുമ്പോള്‍ വലിയ ബുദ്ധിമുട്ടുകളും അടിച്ചമര്‍ത്തലുമെല്ലാം ഉണ്ടാകും. പക്ഷേ, അതൊക്കെ സഹിക്കാനുള്ള കരുത്തുണ്ടാവണം. ആ കരുത്തുണ്ടായതും ജനങ്ങളെയും തൊഴിലാളികളെയും ശരിക്കും നയിക്കാനായതുമാണ് ഞങ്ങളുടെ വിജയം. സത്യസന്ധമായ യൂണിയനുകള്‍ സംഘടിപ്പിക്കുക എന്നതാണ് ആവശ്യം. അല്ലെങ്കില്‍ എന്തുസംഭവിക്കുമെന്ന് പറയേണ്ടതില്ലല്ലോ?
സമരദിനങ്ങളില്‍ വീട്ടുകാരുടെയും ബന്ധുക്കളുടെയും സമീപനം എങ്ങനെയായിരുന്നു?
വീട്ടുകാര്‍ക്ക് ചില വിഷമങ്ങളുണ്ടായിരുന്നു. എപ്പോഴും പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. അവരുടെ വിഷമം സ്വാഭാവികമാണ്. അന്ന് എന്റെ മക്കള്‍ വളരെ ചെറിയ കുട്ടികളാണ്. ഞങ്ങള്‍ നിരാഹാരം കിടക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കുട്ടികള്‍ പ്രകടനം നടത്തി. അന്ന് മക്കളും കുട്ടികളുടെ പ്രകടനത്തില്‍ വന്നിരുന്നു. അതൊരു വല്ലാത്ത ഓര്‍മയാണ്. ഹോസ്റ്റല്‍ തൊഴിലാളികളുടെ പ്രശ്‌ന മുയര്‍ത്തി ഞങ്ങള്‍ പ്രചരണ ജാഥ ഒമ്പതു ദിവസം നടത്തിയപ്പോള്‍ മക്കളായ റഷീദയും അഹ്‌വാത്തും ഒപ്പമുണ്ടായിരുന്നു. അന്നവര്‍ വളരെ ചെറിയ കുട്ടികളാണ്.
'ചാലിയാറിനെ സംരക്ഷിക്കുക, കമ്പനി അടച്ചുപൂട്ടുക' എന്ന മുദ്രാവാക്യവുമായി നടന്ന രണ്ടാം മാവൂര്‍ സമരത്തെപ്പറ്റി?
ഗ്രോ രൂപീകരിക്കുമ്പോഴേ പ്രകൃതിയുടെ കാര്യം ഞങ്ങള്‍ പറഞ്ഞിരുന്നു. കമ്പനി തുടങ്ങിയ ഉടനെ പരിസ്ഥിതി പ്രശ്‌നം ഉണ്ട്. ചാലിയാര്‍ മലിനമാക്കരുതെന്നായിരുന്നു ഞങ്ങളുടെ അന്നത്തെയും എപ്പോഴത്തെയും നിലപാട്.
യൂണിയന്‍ രൂപീകരിക്കുമ്പോഴേ ഞങ്ങളത് തുറന്നു പറഞ്ഞതാണ്. അന്നത്തെ ഞങ്ങളുടെ നോട്ടീസിലൊക്കെ അതുണ്ട്. ചാലിയാറിലേക്ക് വിഷം നിറഞ്ഞ അഴുക്ക് വെള്ളം തുറന്നവിട്ടതോടെ കക്ക വാരിയും മീന്‍പിടിച്ചും ജീവിച്ചവരുടെ ഗതി ആദ്യം മുട്ടി. പിന്നെ ഒത്തിരിപേര്‍ക്ക് ക്യാന്‍സര്‍ വന്നു. റഹ്മാനാണ് രണ്ടാം സമരം ശരിക്കും തുടക്കക്കാരന്‍. അങ്ങേര്‍ക്ക് പിന്നെ കാന്‍സര്‍ വന്നു മരിച്ചു. ഞങ്ങളുടെ നിലപാട് തൊഴിലാളിക്ക് നഷ്ടപരിഹാരം നല്‍കി കമ്പനി അടച്ചുപൂട്ടണം എന്നായിരുന്നു. കമ്പനി അടച്ചുപൂട്ടുന്നതിനോട് എനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ടായിരുന്നു. കാരണം ഇടയ്ക്കാലത്ത് മലിനജലം ശുദ്ധീകരിക്കാന്‍ ഒരു സംവിധാനം ബിര്‍ള കൊണ്ടുവന്നു. അഴക്കുവെള്ളം ശുദ്ധീകരിച്ചു. ആ വെള്ളം ഞാനും വീട്ടിലുള്ളവരും കുടിച്ചിട്ടുണ്ട്. ഒരസുഖവും വന്നില്ല. ശുദ്ധീകരിച്ച വെള്ളം അത്ര നല്ലതായിരുന്നു. മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനത്തിന് വളരെ പണചിലവ് വരും. ബോംബെയില്‍ നിന്ന് ആളെകൊണ്ടുവരണം. അതിന് പണം മുടക്കാന്‍ ബിര്‍ളയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അവരെ അതിന് നിര്‍ബന്ധിക്കാന്‍ സര്‍ക്കാരും രാഷ്ട്രീയക്കാരും കൂട്ടാക്കിയുമില്ല. കമ്പനി തുടങ്ങിയപ്പോഴേ അഴക്കുജലം ചാലിയാറില്‍ ഒഴുക്കാന്‍ അനുവാദം കൊടുത്തത് സര്‍ക്കാരാണ്.
കമ്പനി അടച്ചതുമൂലം മാവൂരിന് എന്തുസംഭവിച്ചു? കമ്പനിയില്‍ പണിയെടുത്തിരുന്നവര്‍ എങ്ങോട്ട് പോയി?
കമ്പനി പൂട്ടിയതുകൊണ്ട് മാവൂരിന് ഒന്നും സംഭവിച്ചില്ല. ആദ്യ സമരം മൂന്നര വര്‍ഷം നീണ്ടപ്പോള്‍ അതായിരുന്നില്ല സ്ഥിതി. സാമ്പത്തിക പ്രതിസന്ധിമൂലം ഏതാണ്ട് ഭൂരിപക്ഷം പേരും ആത്മഹത്യയുടെ വക്കിലായിരുന്നു. പക്ഷേ, കമ്പനി ഇന്നു തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷകൊണ്ട് അവര്‍ മറ്റുപണിക്കുപോയില്ല. മുമ്പ് മാവൂരിലെ കമ്പനിയില്‍ ജോലിക്കായി വലിയ സര്‍ക്കാര്‍ പണി കളഞ്ഞുപോലും ആളുകള്‍ എത്തിയിരുന്നു. രണ്ടാം സമരം നടക്കുമ്പോഴേ കമ്പനി അടച്ചുപൂട്ടുമെന്ന് എല്ലാവര്‍ക്കും ധാരണയുണ്ടായിരുന്നു. അതിനാല്‍ പല വഴികള്‍ മുന്നേ തന്നെ തൊഴിലാളികള്‍ നോക്കി. പിന്നെ നഷ്ടപരിഹാരം കിട്ടി. അതു സമരത്തിലൂടെ നേടിയെടുത്തതാണ്. പലരും കൃഷിയും കാര്യങ്ങളിലേക്കും തിരിഞ്ഞു. മറ്റ് ചിലര്‍ ഗള്‍ഫിലേക്ക് പോയി. കമ്പനിയിലെ ആദ്യം പണിയെടുത്തിരുന്നവരുടെ മക്കളൊക്കെ പഠിച്ച് ഒരു നിലയിലൊക്കെയായിരുന്നു. ഗള്‍ഫ് പണമൊക്കെ വന്നതുകൊണ്ട് മാവൂരിന് ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ അന്ന് ഭയപ്പെട്ടത് കമ്പനി അടച്ചുപൂട്ടിയാല്‍ മാവൂര്‍ ആകെ തകരുമെന്നാണ്. അതുണ്ടായില്ല. ഇപ്പോള്‍ കമ്പനി ഇല്ലാത്തതുകൊണ്ട് നല്ല വായു ആളുകള്‍ക്ക് ശ്വസിക്കാം. നല്ല വെള്ളം കുടിക്കാം. അത് നല്ല കാര്യമാണ്.
നാലരപതിറ്റാണ്ടു കാലം മാവൂരില്‍ സ്ഥിതി ചെയ്ത ബിര്‍ള കമ്പനി എന്തെങ്കിലും അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടോ?
ബിര്‍ളയെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത് അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചാണ്. മറിച്ച് നമ്മുടെ വ്യവസ്ഥകള്‍ അവര്‍ അംഗീകരിച്ചിട്ടല്ല. അവരുമായി ധാരണയിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പര്യമാണ് സര്‍ക്കാര്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടിയിരുന്നത്. അതുണ്ടായില്ല. അവര്‍ക്ക് നമ്മുടെ പ്രകൃതി സമ്പത്തും കാടും കൊടുത്തു. വില കുറഞ്ഞ അധ്വാനവും. അവരതെല്ലാം ഉപയോഗിച്ച് വന്‍ ലാഭം കവര്‍ന്ന് കാശുകാരായി തിരിച്ചുപോയി. നമ്മള്‍ വിഡ്ഢികളായി. രണ്ട് അവര്‍ നമുക്ക് രോഗവും മരണവും തന്നു. നമ്മുടെ പുഴയില്‍ വിഷം കലക്കി. നമുക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കമ്പനി നിന്നിടത്ത് മണ്ണില്‍ എത്ര വിഷം കിടക്കുന്നുണ്ടെന്ന് അറിയാമോ? എത്ര നുറ്റാണ്ടുകള്‍ കഴിയും ആ മണ്ണ് ഇനി നേരെയാവാന്‍. സമരകാലവും ബിര്‍ള ഉപയോഗിച്ചത് കുറഞ്ഞ രീതിയില്‍ അസംസൃക്ത വസ്തുക്കള്‍ നേടാനായി ഉപയോഗിച്ചു. ട്രേഡ്‌യൂണിനകളെ അവര്‍ സ്വന്തക്കാരാക്കി. ഇനി അടച്ചുപൂട്ടിയപ്പോഴും അവര്‍ക്ക് ലാഭം മാത്രം. ഇപ്പോള്‍ ഭൂമി അവരുടെ കൈയിലാണ്. 320 ഏക്കര്‍ ഭൂമിയുണ്ട്. നിസാര തുകയ്ക്ക് ജനങ്ങളില്‍ നിന്ന് ഏറ്റെടുത്തുകൊടുത്ത് നല്‍കിയതാണ് അത്. കമ്പനി അടയ്ക്കുന്നതിന് മുമ്പ് ഇവിടെ സ്‌കൂളും ആശുപത്രിയും പ്രവര്‍ത്തിച്ചിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതാണ്. അത് ശരിക്കും നാടിന്റെ സ്വത്താണ്. കമ്പനി അടച്ചു പൂട്ടിയപ്പോള്‍ ബിര്‍ള അതും പൂട്ടി. സ്‌കൂളും ആശുപത്രിയും നിലനിര്‍ത്താനായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഞങ്ങള്‍ ആവശ്യപ്പെട്ടത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യണമെന്നാണ്. ശരിക്കും സര്‍ക്കാര്‍ അവര്‍ക്ക് മുന്നില്‍ കീഴടങ്ങി. ഞങ്ങളുടെ സമരവും ചാലിയാര്‍ സമരവും വച്ചുനോക്കുമ്പോള്‍ ഒരു കാര്യം പറയാം, ബിര്‍ള ജയിച്ചിട്ടുണ്ടാവും, പക്ഷേ, നമ്മള്‍ തോറ്റില്ല. എന്നുവച്ച് നമ്മുടെ സ്വത്ത് നല്ല പങ്കും അവര്‍ കൊണ്ടുപോയില്ല എന്നര്‍ത്ഥമില്ല.
കമ്പനി പോയതില്‍ വ്യക്തിപരമായ ദു:ഖം ഉണ്ടോ?
അതിന് കൃത്യമായ ഉത്തരം പറയാന്‍ പറ്റില്ല. വിഷമം ഉണ്ടോ എന്നുചോദിച്ചാല്‍ ഉണ്ട്. പക്ഷേ, ആ കമ്പനി ജനങ്ങള്‍ക്കും തൊഴിലാളിക്കും ദ്രോഹമേ ചെയ്തിട്ടുള്ളൂ. ജനങ്ങള്‍ കമ്പനി പോയത് നന്നായി എന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമേയുള്ളൂ. കാന്‍സര്‍ വന്നു ആളുകള്‍ മരിക്കില്ലല്ലോ.
ബിര്‍ള വീണ്ടും മാവൂരിലേക്ക് വരാന്‍ പോകുന്നുവെന്ന് കേള്‍ക്കുന്നു? അതിനെപ്പറ്റി എന്തുപറയും?
ഫാക്ടറി നിന്നിടത്ത് ബിര്‍ള ടെക്‌നോപാര്‍ക്ക് തുടങ്ങാന്‍ പോകുന്നുവെന്ന് കേട്ടു. കുറച്ചുകാലമായി ഇത്തരം വാര്‍ത്ത പറഞ്ഞുകേള്‍ക്കുന്നു. ബിര്‍ള വരുമോ എന്നെനിക്കുറപ്പില്ല. അവര്‍ക്ക് നൂറൂരൂപ മുടക്കിയില്‍ നാനൂറു രൂപ തിരിച്ചുകിട്ടണം. അല്ലാത്ത ഒരു ലാഭക്കച്ചവടത്തിനും അവര്‍ തയാറാവില്ല. മുമ്പ് ആര്‍.എന്‍. സാബു (മാവൂരിലെ ഗ്രാംസി ഫാക്ടറിയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റ്) ചര്‍ച്ചക്കിടയില്‍ ഞങ്ങളോട് നേരിട്ട് പറഞ്ഞ കാര്യമുണ്ട്. 'ഞങ്ങള്‍ നാടു നന്നാക്കാന്‍ വന്നതല്ല. ബിസിനസാണ് ഞങ്ങളുടെ ലക്ഷ്യം. കാശു മുടക്കിയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകിട്ടണം. നാടിന്റെ മറ്റ് വിഷയങ്ങളൊന്നും ഞങ്ങള്‍ക്ക് വിഷയമല്ല'. ലാഭം കിട്ടുമെന്നും, അത് എത്ര ശതമാനം എന്നുമൊക്കെ കൃത്യമായി കണക്കാക്കി രേഖാമൂലം ഉറപ്പുകിട്ടിയാല്‍, നമ്മുടെ ചിലവില്‍ അവര്‍ വരും. അവരെ ക്ഷണിക്കാന്‍ പോകുന്നവര്‍ ഇവിടെ മുമ്പ് ബിര്‍ള നടത്തിയ ദ്രോഹങ്ങള്‍ ഓര്‍മയുണ്ടാവണം. അനുഭവിച്ച ആളുകളും അത് ഒക്കെ ഓര്‍ക്കണം. എന്നിട്ടേ അവരെ കൊണ്ടുവരാവൂ. വന്നിട്ട് ആളുകള്‍ക്ക് ഗുണമുണ്ടാവുമെങ്കില്‍ കുഴപ്പമില്ല. നമ്മളെ വച്ച് മുതലാക്കാന്‍ ആരെയും അനുവദിക്കരുത്. അനുഭവത്തില്‍ നിന്ന് പഠിച്ചാല്‍ നമുക്ക് നല്ലത്.
വിഷജലം ചാലിയാറിലേക്ക് ഒഴുകാതെയായിട്ട് ഇപ്പോള്‍ കുറച്ചുവര്‍ഷമായി. അതുകൊണ്ട് പുഴയ്ക്കും ജനങ്ങള്‍ക്കും വന്ന മാറ്റംത്തെപ്പറ്റി എന്തുപറയും?
ഇപ്പോള്‍ പുഴവെള്ളം കുടിക്കാം. മീനൊക്കെ വീണ്ടും ഉണ്ടായി. പണ്ട് പുഴയില്‍ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. കമ്പനി ഇല്ലാതായെങ്കിലും അത് പുഴയിലേക്ക് തള്ളിയ മാലിന്യം പറയാന്‍ കഴിയുന്നതിന് അപ്പുറമാണ്. ആ വിഷം ഒക്കെ ഇല്ലാതാവന്‍ എത്ര വര്‍ഷം എടുക്കുമെന്ന് ആര്‍ക്കും പറയാനാവില്ല.
മാവൂര്‍ സമരത്തിനുശേഷമുള്ള കാലത്ത് ബാപ്പുക്ക എന്താണ് ചെയ്തത്?
കമ്പനി പൂട്ടിയെങ്കിലും ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ്. ഇപ്പോള്‍ എന്‍.സി.എച്ച്.ആര്‍.ഒയുടെ പ്രസിഡന്റാണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുപോകും. അതിനിടയില്‍ വാസുവേട്ടനൊപ്പം ചേര്‍ന്ന് പല പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ ജീവനക്കാര്‍ക്കിടയില്‍ ഞങ്ങള്‍ക്കൊരു യൂണിയനുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി ചില സമരങ്ങള്‍ നടത്തി. ഹജ്ജ് യാത്രികരുടെ കൈയില്‍ നിന്ന് പൈസ അമിതിമായി കൊള്ളയടിക്കുന്നതിനെതിരെ ഞങ്ങള്‍ ചില സമരങ്ങള്‍ നടത്തി. അവസാനം പൈസ കുറേപേര്‍ക്ക് തിരിച്ചുകിട്ടി. പിന്നെ കിനാലൂരിലെ ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നം, നക്‌സലൈറ്റ് രാജന്റെ ഭൗതിക ശരീരം എന്തുചെ്തു എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് നടത്തിയ ജാഥ ഇതിലൊക്കെ പങ്കെടുത്തു. പിന്നെ ജെ.ഡി.റ്റിലെ അഴിമതിക്കെതിരെയും ചില പ്രശ്‌നങ്ങളില്‍ ഇടപെടുന്നു. ഇപ്പോള്‍ വഖഫിന്റെ സ്വത്തുവകകള്‍ ചിലര്‍ മാത്രം ഉപയോഗിക്കുന്നതിനെതിരെ ഒരു കേസ് നടത്തുന്നുണ്ട്.
കുടുംബത്തെപ്പറ്റി?
എനിക്ക് എട്ട് മക്കളാണുള്ളത്. നാലാണും നാലുപെണ്ണും. മക്കളൊക്കെ മോശമല്ലാത്ത രീതിയില്‍ ജീവിക്കുന്നു. ഭര്യ സുഹ്‌റാബി. ഇവിടെയുണ്ട്.
പച്ചക്കുതിര
2011 januvary

thanks for the revamping the history
ReplyDeleteചാലിയാറിനും മനുഷ്യനും വേണ്ടി നടന്ന രണ്ടാം മാവൂര്‍ സമരത്തിലും ബാപ്പുക്ക മുന്‍നിരയില്‍ തന്നെ നിന്നു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കി കമ്പനി അടച്ചുപൂട്ടണം എന്നായിരുന്നു ഗ്രോയുടെ നിലപാട്.
ReplyDeleteആദ്യം പറഞ്ഞത് തെറ്റാണ്. കമ്പനി പൂട്ടിക്കാനുള്ള സമരത്തില്‍ അദ്ദേഹമില്ലായിരുന്നു. ഗ്രോ വാസുവേട്ടന്‍ ഒരു സമയത്ത് കമ്പനി അടച്ചുപൂട്ടണം എന്നു പറഞ്ഞെങ്കിലും പിന്നീട് തൊഴിലാളികളുടെ പ്രശ്നം പറഞ്ഞ് അതുപേക്ഷിക്കുകയായിരുന്നു. പൂട്ടിക്കാനുള്ള സമരത്തില്‍ അദ്ദേഹം പങ്കെടുത്തതുമില്ല.
dear calico, may be you are correct. But i want to check it again.
ReplyDeletedid you see this issue of pachakuthira? There is a photograph- Arunthathi roy visits Vasuvettan during the second mavoor struggle.
anyway thanks