Tuesday, February 22, 2011

ഭാവിയുടെ ചോളക്കതിരുകള്‍താരിഖ് അലി


കെയ്‌റോയില്‍ ആഹ്‌ളാദത്തിന്റെ രാത്രി. ഒരു ഈജിപ്തുകാരനായി, ഒരു അറബ് വംശജനായി ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര പരമാനന്ദകരം! തഹ്‌രീര്‍ ചത്വരത്തില്‍ അവരുടെ മന്ത്രണം മുഴങ്ങി: ''ഈജിപ്ത് സ്വതന്ത്രമായിരിക്കുന്നു', 'നമ്മള്‍ നേടിയിരിക്കുന്നു''.
മറ്റൊരു പരിഷ്‌ക്കരണവും നേടാനായില്ലെങ്കില്‍ തന്നെ, മുബാറക്കിന്റെ സ്ഥാനഭ്രഷ്ടമാക്കല്‍ (അയാള്‍ കൊള്ളയടിച്ച 40 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ദേശീയ ഖജനാവിലേക്ക് ലഭിക്കലും) എന്ന ഒറ്റക്കാര്യം തന്നെ ഈ മേഖലയിലെയും ഈജിപ്തിലെയും വലിയ രാഷ്ട്രീയ വിജയമായി കണക്കാക്കാം. അത് പുതിയ ശക്തികളെ ചലിപ്പിക്കും. ആ രാജ്യം സാക്ഷ്യം വഹിച്ച ജനമുന്നേറ്റം എന്ന അത്ഭുതത്തെയും ബഹുജന രാഷ്ട്രീയ ബോധത്തെയും എളുപ്പത്തില്‍ തകര്‍ക്കാനാവില്ല. തുനീഷ്യയും അത് വ്യക്തമാക്കുന്നു.
കാഴ്ചയ്ക്കപ്പുറം, അറബ് ചരിത്രം ഒരിക്കലും സ്ഥായിയായിരുന്നില്ല. മതേതര അറബ് ദേശീയതയെ പരാജയപ്പെടുത്തിക്കൊണ്ടാണ് 1967 ലെ ഇസ്രായേല്‍ വിജയം സാധ്യമാകുന്നത്. അത് നടന്ന ഉടനെ മഹത്തായ അറബ് കവികളിലൊരാളായ നിസാര്‍ കബ്ബാനി എഴുതി:

''അറബ് കുട്ടികള്‍,
ഭാവിയുടെ ചോളക്കതിരുകള്‍
നിങ്ങള്‍ നമ്മളുടെ കാല്‍ചങ്ങലകള്‍ ഭേദിക്കും
നമ്മുടെ തലയില്‍ നിറഞ്ഞ കറുപ്പിനെ കൊല്ലും
മിഥ്യകളെ അകറ്റും
അറബ് കുട്ടികളെ,
ശ്വാസംമുട്ടുന്ന ഞങ്ങളുടെ തലമുറയെപ്പറ്റി വായിക്കരുത്.
ഞങ്ങള്‍ ആശയറ്റ സംഗതികളാണ്
തണ്ണിമത്തങ്ങതൊലി പോലെ വിലകെട്ടവര്‍
ഞങ്ങളെപ്പറ്റി വായിക്കരുത്
ഞങ്ങളെ അംഗീകരിക്കരുത്
ഞങ്ങളുടെ ആശയങ്ങള്‍ സ്വീകരിക്കരുത്
ഞങ്ങള്‍ വഞ്ചകരുടെയും കപടനാട്യക്കാരുടെയും രാഷ്ട്രമാണ്
അറബ് കുട്ടികള്‍
വസന്തമഴ
ഭാവിയുടെ ചോളക്കതിരുകള്‍
പരാജയങ്ങളെ മറികടക്കുന്ന തലമുറ നിങ്ങളുടേതാണ്''

കവി നിസാര്‍ കബ്ബാനിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായി കാണുന്നത് എത്രമാത്രം സന്തോഷകരമാണ്.
ബഹുജനപ്രതിഷേധത്തിന്റെ പുതിയ അലകള്‍ സംഭവിച്ചത് അറബ് ലോകത്ത് ഒരൊറ്റ പുരോഗന ദേശീയ പാര്‍ടിയും ഇല്ലാത്ത കാലത്താണ്. അവര്‍ അടവുകള്‍ രൂപപ്പെടുത്തിയത് ഇങ്ങനെയാണ്: നിനച്ചിരിക്കാത്ത നിമിഷത്തില്‍ അധികാരികളെ വെല്ലുവിളിച്ചുകൊണ്ട് വന്‍ സമ്മേളനങ്ങള്‍ പ്രതീകാത്മ പ്രധാന്യമുള്ള ഇടങ്ങളില്‍ സംഘടിച്ചു. അവര്‍ ഇങ്ങനെ പറയുന്നതുപോലെ തോന്നിപ്പിച്ചു: ഞങ്ങള്‍ ഞങ്ങളുടെ കരുത്ത് പ്രകടിപ്പിക്കുകയാണ് ഇവിടെ. ഞങ്ങള്‍ക്ക് ഈ കരുത്ത് പരീക്ഷിക്കേണ്ടതില്ല. കാരണം ഞങ്ങള്‍ സംഘടിതരോ മുന്‍കൂട്ടി തയാറെടുത്തവരോ അല്ല. പക്ഷേ, നിങ്ങള്‍ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ക്കുക, ലോകം നിങ്ങളെ നോക്കുന്നുണ്ട്.
ആഗോള പൊതു അഭിപ്രായങ്ങളെ ആശ്രയിക്കുക എന്നത് ഹൃദയസ്പര്‍ശിയാണ്. പക്ഷേ, അത് ദുര്‍ബലതകളുടെ സൂചനകൂടിയാണ്. ഒബാമയും പെന്റഗണും ഈജിപ്ത് സൈന്യത്തോടെ ചത്വരത്തിലെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നുവെങ്കില്‍-എത്ര ഉയര്‍ന്ന വിലകൊടുത്തും- ജനറല്‍മാര്‍ ആ ഉത്തരവുകള്‍ അനുസരിച്ചേനെ. പക്ഷേ, ഒബാക്കുവേണ്ടിയല്ലെങ്കില്‍ അത് അതൊരു അത്യന്തം അപകടകരമായ സൈനികനീക്കമാവുകയും ചെയ്യുമായിരുന്നു. അത്തരം നീക്കം ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും താഴ്ന്ന തലത്തിലുള്ള പട്ടാളക്കാരെയും ഓഫീസര്‍മാരെയും ഭിന്നിപ്പിക്കും. ഈ സാധാരണ പട്ടാളക്കാരുടെ ബന്ധുക്കളും കുടുംബക്കാരും പ്രതിഷേധ പ്രകടനത്തിലുണ്ട്. പട്ടാളക്കാരില്‍ നല്ല പങ്കിനുമറിയാം ജനങ്ങളാണ് ശരിയുടെ പക്ഷത്ത് നില്‍ക്കുന്നതെന്ന്. അതിനര്‍ത്ഥം വാഷിംഗ്ടണോ മുസ്‌ളീം ബ്രദര്‍ ഹുഡോ- ഇത് കൃത്യമായ കണക്കുകൂട്ടലുകളുള്ള ഒരു പാര്‍ട്ടിയാണ്- ആഗ്രഹിക്കാത്തത് അത്തരം സൈനിക നീക്കത്തിലൂടെ സംഭവിക്കുമായിരുന്നു എന്നാണ്.
ബഹുജന കരുത്തിന്റെ പ്രകടനം തന്നെ നിലവിലെ സേച്ഛാധിപതിയെ ഒഴിവാക്കാന്‍ ധാരാളമായിരുന്നു. അമേരിക്ക മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ മാത്രമേ അയാാള്‍ പോകുമായിരുന്നുള്ളൂ. വളരെയേറെ ചാഞ്ചാട്ടങ്ങള്‍ക്കു ശേഷം അമേരിക്കയത് ചെയ്തു. അവര്‍ക്ക് ഗൗരവകരമായ മറ്റൊരു സാധ്യതയും ശേഷിച്ചിരുന്നില്ല. അതെന്തായാലും വിജയം ഈജിപ്ഷ്യന്‍ ജനതയ്ക്ക് അവകാശപ്പെട്ടതാണ്. അവരുടെ അവസാനിക്കാത്ത ധീരതയും ത്യാഗവുമാണ് ഇതെല്ലാം സാധ്യമാക്കിയത്.
അതിനാല്‍ മുബാരക്കിനും അയാളുടെ പഴഞ്ചന്‍ പിണിയാളിനും കാര്യങ്ങള്‍ മോശമായി ഭവിച്ചു. പതിനഞ്ച് ദിവസം മുമ്പ്, സുരക്ഷാ സൈനിക തെമ്മാടികളെ അഴിച്ചുവിട്ട വൈസ് പ്രസിഡന്റ് സുലൈമന്‍ ചത്വരത്തില്‍ നിന്ന് പ്രകടനക്കാരെ ഒഴിപ്പിക്കുന്നതില്‍ പരാജയപ്പെട്ടു. അത് ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു. ഈജിപ്ത് ജനതയുടെ അലയടിച്ചുയരല്‍, പണിമുടക്കിക്കൊണ്ടുള്ള തൊഴിലാളികളുടെ രംഗത്തിറങ്ങല്‍, തെരുവില്‍ ജഡ്ജിമാരുടെ പ്രകടനം, വരാന്‍ പോകുന്ന ആഴ്ചയില്‍ അണിനിരക്കാന്‍ പോകുന്ന അതി വിപുലമായ ആള്‍ക്കുട്ടം- ഇതെല്ലാം വാഷിംഗ്ടണിന് മുബാരക്കിനെയും അയാളുടെ അനുയായികളെയും ആശ്രയിച്ചുകൊണ്ടിരിക്കല്‍ അസാധ്യമാക്കി മാറ്റി. വിശ്വസ്ത സുഹൃത്തും, 'കുടുംബ'വുമെന്നും മുബാരക്കിനെപ്പറ്റി മുമ്പ് ഹിലാരി ക്ലിന്റണ്‍ പരാമര്‍ശിച്ചത് കൈയൊഴിയപ്പെട്ടു. തങ്ങളുടെ നഷ്ടം കഴിയുന്നത്ര കുറയ്ക്കാന്‍ അമേരിക്കന്‍ തീരുമാനിച്ചു. അവര്‍ സൈനിക ഇടപെടല്‍ അധികാരപ്പെടുത്തി.
പഴയ പാശ്ചാത്യ പ്രിയങ്കരന്‍ ഒമര്‍ സുലൈമാനെ വാഷിംഗ്ടണ്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. അതിന് യുറോപ്യന്‍ യൂണിയന്റെ പിന്തുണയും. അയാള്‍ 'ക്രമപ്രകാരമുള്ള പരിവര്‍ത്തനത്തിന്' മേല്‍നോട്ടം വഹിക്കും. സുലൈമാനെ ജനങ്ങള്‍ എന്നും ക്രൂരനും അഴിമതിക്കാരനായ പീഡകനുമായിട്ടാണ് കണ്ടിരുന്നത്. ഉത്തരവ് നല്‍കുക മാത്രമല്ല അത്തരം പ്രക്രിയയില്‍ പങ്കാളിയാകുകയും ചെയ്യുന്ന ഒരാളായി. മുന്‍ അമേരിക്കന്‍ അംബാസഡര്‍ അയാളെ 'മുന്‍ശുണ്ഠിക്കാരനായി' പുകഴ്ത്തുന്ന രേഖ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. പുതിയ വൈസ് പ്രസിഡന്റ് കഴിഞ്ഞ ചൊവ്വാഴ്ച പ്രതിഷേധ ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നല്‍കി. അവര്‍ സ്വയം പിരിഞ്ഞുപോകുന്നില്ലെങ്കില്‍ സൈന്യം നിലപാടെടുക്കും. ഒരു അട്ടിമറി മാത്രമായിരുന്നു പിന്നെയുള്ള ഏക സാധ്യത. പക്ഷേ, അത് തങ്ങള്‍ 30 വര്‍ഷമായി പിന്തുണയ്ക്കുന്ന സേച്ഛാധിപത്യത്തിനെതിരാകുമായിരുന്നു. അതായിരുന്നു രാജ്യത്തിന് സ്ഥിരത നല്‍കാനുള്ള ഏക വഴി.അവിടെ 'സാധാരണ നിലയിലേക്ക്' മടങ്ങിപ്പോകല്‍ സാധ്യമാകുമായിരുന്നില്ല.
അബ് ലോകത്ത് രാഷ്ട്രീയ യുക്തി വിചാരത്തിന്റെ യുഗം മടങ്ങിവരികയാണ്. അധിനിവേശവും അടിച്ചമര്‍ത്തലും ജനങ്ങള്‍ വശംകെട്ടിരിക്കുന്നു. അതിനിടയില്‍ ജോര്‍ദാന്‍, അള്‍ജീരിയ, യെമന്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ താപം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

പരിഭാഷ: ആര്‍.കെ.ബിജുരാജ്

പത്രപ്രവര്‍ത്തകന്‍, ചരിത്രകാരന്‍, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ രാജ്യാന്തര പ്രശസ്തനാണ് താരിഖ് അലി. ബ്രിട്ടീഷ്-പാകിസ്ഥാന്‍ വംശജനായ അദ്ദേഹം 'ന്യൂലെഫ്റ്റ് റിവ്യൂ'വിന്റെ എഡിറ്റര്‍മാരിലൊരാളാണ്. ലണ്ടനിലാണ് താമസം.

Samakalika Malayalam varika
2011 Feb 25

No comments:

Post a Comment