Friday, December 30, 2016

‘ഏറ്റുമുട്ടല്‍’ കൊലകള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍

‘ഏറ്റുമുട്ടല്‍’ കൊലകള്‍, മനുഷ്യാവകാശ ധ്വംസനങ്ങള്‍
ആര്‍.കെ.ബിജുരാജ്

ഒരു സമൂഹത്തില്‍ ‘ഏറ്റുമുട്ടല്‍’ കൊലപാതകങ്ങള്‍ പെരുകുന്നുവെങ്കില്‍ ആ സമൂഹം ഒരു പൊലീസ് സ്റ്റേറ്റായി മാറിയെന്നോ മാറുന്നുവെന്നോ ആണ് അര്‍ഥം. ആഗോളവത്കരണ കാലത്തെ ഭരണകൂടരൂപമായ ‘സുരക്ഷാ ഭരണകൂടങ്ങ’ളുടെ സൃഷ്ടിയായ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നിഷ്ഠൂര ജനദ്രോഹനിയമങ്ങളുടെ വ്യാപക ഉപയോഗവുമാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം. 46 വര്‍ഷത്തിന് ശേഷം കേരളത്തില്‍ വീണ്ടും ഒരു ‘ഏറ്റുമുട്ടല്‍’ കൊലപാതകം നടന്നുവെന്നതാണ് 2016ന്‍െറ ഭരണകൂട അധികാരപ്രയോഗത്തിന്‍െറ ബാക്കി പത്രങ്ങളില്‍ ഒന്ന്.
2016 ഒക്ടോബര്‍ 24, 27 തീയതികളില്‍ ആന്ധ്ര-ഒഡീഷ അതിര്‍ത്തിയിലെ മാല്‍ക്കന്‍ഗിരിയിലാണ് സമീപകാലത്തെ ഏറ്റവും വലിയ ഭരണകൂട കൂട്ടക്കൊല നടന്നത്. വനമേഖലയില്‍ നിരോധിത സംഘടന സി.പി.ഐ (മാവോയിസ്റ്റ്)യോഗം നടത്തുന്നുവെന്നാരോപിച്ച് ആന്ധ്ര-ഒഡിഷ പൊലീസ് സേന നടത്തിയ സൈനിക നീക്കത്തില്‍  23 പേര്‍ കൊല്ലപ്പെട്ടു. കൂട്ടക്കൊലക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ തന്നെ ഒക്ടോബര്‍ 24നും 25നും എട്ടുപേരെ കൂടി വധിച്ചതായി ഭരണകൂടം അറിയിച്ചു. മനുഷ്യാകകാശ പ്രവര്‍ത്തകരുടെ കണക്കനുസരിച്ച് 22 മാവോവാദികളും ഒമ്പത് ആദിവാസികളുമാണ് മാല്‍ക്കന്‍ഗിരിയില്‍ കൊല്ലപ്പെട്ടത്. പൊലീസ് വരുന്നതുകണ്ട് അയല്‍ഗ്രാമത്തിലെ ആദിവാസി യുവാക്കള്‍ ഓടി. നിരായുധരായ ഇവരെയും പുഴയില്‍ മീന്‍ പിടിച്ച ആദിവാസികളെയും പൊലീസ് വെടിവച്ചുകൊന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. ബോക്സൈറ്റ് ഖനനത്തിനെതിരെയും  ബാലിമേലാ റിസര്‍വോയറിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടും ശക്തമായ ചെറുത്ത് നില്‍പ് നടക്കുന്ന മേഖലയിലാണ് കൂട്ടക്കൊല നടന്നത് എന്നത് സംഭവങ്ങളുടെ കൃത്യമായ രൂപം പകര്‍ന്നുനല്‍കുന്നുണ്ട്.
2016 ഒക്ടോബര്‍ 31ന്, മാല്‍ക്കന്‍ഗിരി കൂട്ടക്കൊല കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭോപ്പാലില്‍ മറ്റൊരു വ്യാജഏറ്റുമുട്ടല്‍ കൊല നടന്നു. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥനെ വധിച്ച ശേഷം തടവുചാടിയ എട്ട് സിമി വിചാരണ തടവുകാരെ  മണിക്കൂറുകള്‍ക്കകം എട്ട് കിലോമീറ്റര്‍ മാത്രം അകലെ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതിനാല്‍ വെടിവെച്ച് കൊന്നു എന്നതായിരുന്നു ഒൗദ്യോഗിക വിശദീകരണം. എന്നാല്‍, അവശ്വസനീയമായ കഥയായാണ് രാജ്യം ഈ സംഭവത്തെ കണ്ടത്. ഭരണകൂടം നിരത്തിയ എല്ലാ കഥകളും യുക്തിഭദ്രമല്ലാത്തതിനാല്‍ പൊളിഞ്ഞു വീണു.
2016 നവംബര്‍ 24ന് കേരളത്തിലെ നിലമ്പൂരില്‍ രണ്ട് മാവോവാദികള്‍ ‘ഏറ്റുമുട്ടലില്‍’ കൊല്ലപ്പെട്ടു. കുപ്പുദേവരാജ്, അജിത എന്ന കാവേരി എന്നിവരാണ് തണ്ടര്‍ബോള്‍ട്ടിന്‍െറ വെടിയേറ്റ് നിലമ്പൂരിലെ കരുളായി വനത്തില്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന് വാദമുയര്‍ന്നു. അസുഖബാധിതരായി കാട്ടില്‍ കഴിഞ്ഞ രണ്ടുപേരും കീഴടങ്ങാന്‍ തയ്യാറായിട്ടും വെടിവച്ചുകൊല്ലുകയായിരുന്നുവെന്നായിരുന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞത്. സാഹചര്യത്തെളിവുകളും അത് ശരിവെക്കുന്നു. 1970 ഫെബ്രുവരി 18ന്  നക്സലൈറ്റ് നേതാവ് എ. വര്‍ഗീസിനെ വെടിവച്ചുകൊന്നതായിരുന്നു ഐക്യകേരളത്തിലെ ആദ്യത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം.
ഭരണകൂടം എതിരാളികളെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന അടിച്ചമര്‍ത്തല്‍ രീതികളിലൊന്നാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍. ഏതൊരു ഏറ്റുമുട്ടല്‍ കൊലയിലും പൊലീസുകാര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഏറ്റുമുട്ടല്‍ കൊലകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത്,  പൊലീസ് അന്വേഷണം നടത്തണമെന്നും പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കണമെന്നും ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശം ദേശീയ മനുഷ്യാവകാശ കമീഷനും  പുറത്തിറക്കിയിരുന്നു. നിലമ്പൂര്‍ വിഷയത്തില്‍ ഒരു മാസത്തിനു ശേഷമാണ് പൊലീസുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
സ്വാതന്ത്ര്യാനന്തരം ഏറ്റമുട്ടലിലൂടെ ഭരണകൂടം കൊലപ്പെടുത്തിയവരുടെ എണ്ണത്തെപ്പറ്റി കൃത്യമായ കണക്കുകളില്ല. 2004നും 2013നും ഇടയില്‍ 1654 പേര്‍ പൊലീസ് വെടിയേറ്റുമരിച്ചുവെന്നാണ് പാര്‍ലമെന്‍റിലെ ഒരുകണക്ക് പറയുന്നത്. 2013 മുതല്‍ 2016 ജൂണ്‍ വരെ 470 പേര്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചിട്ടുണ്ട്. അതേ സമയം 2016 ജൂലൈയില്‍ സുപ്രീംകോടതിയില്‍ മണിപ്പൂരില്‍നിന്ന് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സംസ്ഥാനത്ത് നടന്ന 1528 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ദേശീയ മനുഷ്യാവകാശകമീഷന്‍ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍ 2007 മുതല്‍ 2012 വരെയുള്ള കാലത്തിനിടെ 1671 പരാതികള്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കെതിരെ ലഭിച്ചതായും അതില്‍ 191 കേസുകളില്‍ 10.5 കോടി  നഷ്ടപരിഹാരം വിധിച്ചതായും പറയുന്നു.

ഠഠഠ
2016 ജൂലൈ എട്ടിന് കശ്മീരില്‍ ബുര്‍ഹാന്‍ വാനിയെ ഹിസ്ബുള്‍ മുജാഹ്ദീന്‍ നേതാവ് എന്നാരോപിച്ച് ഭരണകൂടം കൊലപ്പെടുത്തിയതും വ്യാജ ഏറ്റുമുട്ടലിന്‍െറ ഗണത്തിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തുന്നത്. ഈ കൊലപാതകത്തെ തുടര്‍ന്ന് അഞ്ചുമാസത്തിലേറെ കശ്മീര്‍ പ്രക്ഷുബ്ധമായി. നൂറിലേറെ സാധാരണപൗരന്‍മാരാണ് പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. 13000 പേര്‍ക്ക് പരിക്കേറ്റു. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. സ്വന്തം ജനതയുടെ കാഴ്ചശക്തി നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഭരണകൂടം പെല്ലറ്റ് ആക്രമണം നടത്തിയത് രാജ്യത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യവേട്ടകളിലൊന്നായി മാറി.

ഠഠഠ
2016 ജൂലൈ 11ന് ഗുജറാത്തിലെ ഉനയില്‍ പശുവിനെ കൊന്ന് തോല്‍ ഉരിഞ്ഞെന്നാരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ നാല് ദലിതരെ അര്‍ധനഗ്നരാക്കി കെട്ടിയിട്ട് മര്‍ദിച്ചത് രാജ്യത്ത് തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ മറ്റൊരു രൂപം തുറന്നുകാട്ടി. സംഘ്പരിവാര്‍ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ പശുവിനെ മതന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ ഉപയോഗിക്കുന്നതിന്‍െറ തുടര്‍സംഭവമായിരുന്നു ഉനയിലേത്. എന്നാല്‍, ഉന വലിയ പ്രതിഷേധം രാജ്യത്താകെ രൂപപ്പെടുത്തി. ആഗസ്റ്റ് 15ന് ഉനയില്‍ സമാപിച്ച അസ്മിതയാത്രയില്‍ ദലിതരുടെ രോഷം  വലിയരീതിയില്‍ അണപൊട്ടി.
ഠഠഠ
പോയ വര്‍ഷം  സംസ്ഥാനത്ത് വലിയ രീതിയില്‍ പൊലീസ് അതിക്രമം നടന്നു. കൊല്ലത്തും എറണാകുളം ചേരാനല്ലൂരുമായി രണ്ട് കസ്റ്റഡി മരണങ്ങളാണ് നടന്നത്. ജിഷ വധക്കേസിന്‍െറ പേരില്‍ ഓട്ടോ ഡ്രൈവര്‍ സാബു, ഒരു പൊലീസുകാരന്‍െറ വ്യക്തി വൈരാഗ്യത്തിന്‍െറ പേരില്‍ സ്റ്റേഷനില്‍ മര്‍ദനമേറ്റ് നട്ടെല്ല് തകര്‍ന്ന സ്കൂള്‍ ബസ് ഡ്രൈവര്‍ സുരേഷ്, രാത്രി തെരുവില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച ട്രാന്‍സ്ജെന്‍ഡറുകളായ പൂര്‍ണ,അയിഷ, മോഷണക്കുറ്റമാരോപിച്ച് പൊലീസ് പനങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മര്‍ദിച്ചവശനാക്കിയ ഓട്ടോ ഡ്രൈവര്‍ നെട്ടൂര്‍ നസീര്‍ തുടങ്ങിയവര്‍ കഴിഞ്ഞ വര്‍ഷം പൊലീസ് അതിക്രമത്തിന് ഇരയായവരില്‍ ചിലര്‍ മാത്രം. ഫോര്‍ട്ട്കൊച്ചി കടപ്പുറത്ത് കുടുംബത്തോടൊപ്പം എത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി സനീഷ്, ഭാര്യ ഷാമില എന്നിവരക്കം നാലുപേരെ പൊലീസ് മര്‍ദിച്ചവശരാക്കിയ സംഭവം വേറെ. പാലക്കാട് വടക്കഞ്ചരേിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും എ.കെ ബാലനും പങ്കെടുക്കുന്ന ചടങ്ങില്‍ ട്രൈബല്‍ ഓഫീസര്‍ വിളിച്ച് ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് നിവേദനവുമായി എത്തിയ കടപ്പാറ ഭൂസമര മുന്നണി പ്രവര്‍ത്തകരായ റജീഷ്, രാജു, മണികണ്ഠന്‍ എന്നീ മൂന്ന് ആദിവാസി യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതും മനുഷ്യാവകാശ-പൗരാവാശ ധ്വംസനങ്ങളുടെ നീണ്ട പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ വരുന്നു.
കേരളത്തിലുള്‍പ്പടെ  യൂ.എ.പി.എ അടക്കമുള്ള ജനദ്രോഹ നിയമങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേരെ വ്യാപകമായി ചുമത്തപ്പെട്ടു. തെരഞ്ഞെടുപ്പ് ബഹിഷ്കരണ ആഹ്വാനം നല്‍കിയതിന്‍െറ പേരില്‍ മാത്രം ഏഴ് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തപ്പെട്ടു. ഇതില്‍ ആദിവാസി സ്ത്രീയായ ഗൗരിയും വരുന്നു. നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിന്‍െറ മൃതദേഹം ഏറ്റുവാങ്ങാനത്തെിയ ബന്ധുക്കളെ സഹായിച്ചതിന്‍െറ പേരില്‍ സര്‍ക്കാര്‍ ഉദ്യോസ്ഥനും നേരെയും അതേ നിയമം പ്രയോഗിച്ചിരുക്കുന്നതാണ് 2016 അവസാനിക്കുമ്പോഴുള്ള കാഴ്ച. അതേ സമയം, ദേശീയ ഗാനത്തെ അപമാനിച്ചുവെന്നതിന്‍െറ പേരില്‍ നോവലിസ്റ്റ് കമല്‍ സി. ചവറക്കും മാവോവാദികള്‍ക്കെതിരെ നിരന്തരം സംസാരിക്കുന്ന നദീര്‍ എന്ന യുവാവിനു നേരെയും ദേശദ്രോഹനിയമം ചുമത്താനുള്ള നീക്കം സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിവന്നു എന്ന നല്ല സൂചനയും വര്‍ഷാന്ത്യം മുന്നോട്ടുവെക്കുന്നു.

Madhyamam daily
2016 dec 31

No comments:

Post a Comment