Friday, December 30, 2016

പുന്നപ്ര-വയലാറിന്‍െറ സമരാവശ്യങ്ങള്‍



ചരിത്രം/അന്വേഷണം


1946 ഒക്ടോബറില്‍ തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗം നടത്തിയ സായുധ ഉയര്‍ത്തെഴുന്നേല്‍പ്പിനും അതിനൊപ്പം നടത്തിയ പണിമുടക്കിനും തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തായിരുന്നു, എത്രയായിരുന്നു? സമരത്തിന്‍െറ എഴുപതാം വാര്‍ഷിക വേളയില്‍ പത്രപ്രവര്‍ത്തകനായ ലേഖകന്‍ സമരാവശ്യങ്ങളുടെ രേഖകള്‍ കണ്ടെടുക്കുന്നു




പുന്നപ്ര-വയലാറിന്‍െറ
സമരാവശ്യങ്ങള്‍



തൊഴിലാളികളുടെ ഉയര്‍ത്തെഴുന്നേല്‍പില്‍ അധികാരം പിടിച്ചെടുക്കുന്ന  കമ്യൂണിസ്റ്റ് വിപ്ളവം വിജയകരമായി ആദ്യം  നടപ്പായത് 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് റഷ്യയിലാണ്. അതിന് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ രീതിയില്‍ ഒരു "ഒക്ടോബര്‍ വിപ്ളവ'ത്തിനുള്ള ശ്രമം തിരുവിതാംകൂറിലെ തൊഴിലാളി വര്‍ഗം നടത്തി. അധികാരം പിടിച്ചെടുക്കുന്നതില്‍ പരാജയമായിരുന്നെങ്കിലും കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ളവശ്രമമായി അത് ശേഷിക്കുന്നു. ഒരു തൊഴിലാളി പണിമുടക്ക് പ്രഖ്യാപിച്ച്, അതിന്‍െറ പിന്നാലെ ഒരു സായുധ ഏറ്റുമുട്ടലിലുടെ തിരുവിതാംകൂറിന്‍െറ അധികാരം പിടിച്ചെടുക്കുകയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം.
എഴുപത് വര്‍ഷം മുമ്പ്  തീര്‍ത്തും അനുകൂലവും അനിവാര്യവുമായ സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗം നടത്തിയ രാഷ്ട്രീയ ഇടപെടലായിരുന്നു പുന്നപ്ര-വയലാറിലേത്. സാമ്രാജ്യത്വത്തിനും രാജ,ജന്മി-നാടുവാഴിത്തവാഴ്ചയ്ക്കും എതിരെ തൊഴിലാളികള്‍ നടത്തിയ സജീവമായ ചെറുത്തുനില്‍പ്പും കടന്നാക്രമണവുമാണ് അത്.  എന്നാല്‍, പുന്നപ്ര-വയലാറിനെപ്പറ്റി വ്യാജമായ പ്രചാരണങ്ങളാണ് എന്നും നടന്നിട്ടുള്ളത്. സമരത്തെപ്പറ്റിയുള്ള വസ്തുതകള്‍ ഇനിയും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എന്ത് ആവശ്യങ്ങളുയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത്?  എത്രയായിരുന്നു അവരുടെ ആവശ്യങ്ങള്‍?  ഇതുവരെ എഴുതപ്പെട്ട "പുന്നപ്ര-വയലാര്‍' ചരിത്രകാരന്‍മാരെല്ലാം  തങ്ങള്‍ക്കിഷ്ടമുള്ളത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതിവയ്ക്കുകയായിരുന്നു. കേട്ടുകേള്‍വിക്ക് അപ്പുറം യഥാര്‍ത്ഥ രേഖകളുടെ പിന്‍ബലത്തിലേ ഏത് ചരിത്ര സംഭവങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാനാവൂ. അത്തരം  രേഖകള്‍ കണ്ടെടുക്കുന്നതിന് മുമ്പ് തൊഴിലാളികളെ വിപ്ളവത്തിലേക്ക് നയിച്ച സാഹചര്യം പരിശോധിക്കേണ്ടതുണ്ട്.


സമരത്തിന്‍െറ പശ്ചാത്തലം, അനിവാര്യത


തിരുവിതാംകൂറിലെ തൊഴിലാളികളുടെ സായുധ ചെറുത്തുനില്‍പ്പ് അന്തര്‍ദേശീയവും ദേശീയവുമായ സാഹചര്യങ്ങളുടെ അനിവാര്യതയില്‍ നിന്നാണ് ഉണ്ടാകുന്നത്. രണ്ടാംലോകയുദ്ധത്തില്‍ (1939-45) ഇന്ത്യയുടെ ആഭ്യന്തര സ്വത്ത് മുഴുവന്‍ ബ്രിട്ടന്‍ യുദ്ധാവശ്യത്തിനായി കൊള്ളയടിച്ചിരുന്നു. ഇതിന്‍െറ ഫലമായി രാജ്യത്താകമാനം ഭീകരമായ ഭക്ഷ്യക്ഷാമവും പട്ടിണിയും നടമാടി. ബംഗാളില്‍ ഇരുപതുലക്ഷം പേര്‍ പട്ടിണിമൂലം മരിച്ചു. സമാനമായ അവസ്ഥ ഏറ്റക്കുറച്ചിലോടെ തിരുവിതാംകൂറിലും നില നിന്നിരുന്നു. 1943 ല്‍ ഭക്ഷ്യക്ഷാമം മൂലം ചേര്‍ത്തല താലൂക്കില്‍ 20000 പേര്‍ മരിച്ചുവെന്നാണ് കണക്ക്. ബര്‍മ്മയില്‍ നിന്ന് വന്നുകൊണ്ടിരുന്ന അരിയുടെ നീക്കം നിലച്ചതോടെ ഭക്ഷ്യക്ഷാമം മൂര്‍ദ്ധന്യാവസ്ഥയിലത്തെി. യുദ്ധംകഴിഞ്ഞതിനാല്‍ പട്ടാളത്തില്‍ നിന്ന് നൂറുകണക്കിനു പേര്‍ തൊഴില്‍രഹിതരായി മടങ്ങി വന്നു. യുദ്ധകാലത്ത് പട്ടാളത്തിനാവശ്യമായ ടെന്‍റ്, സെലീറ്റ എന്നിവ നല്‍കിയിരുന്ന ഇരുപതിനായിരത്തിലധികം വരുന്ന കയര്‍തൊഴിലാളികള്‍ ദുരിതത്തിലായി. സിലോണിലേക്കും ബര്‍മ്മയിലേക്കുമുളള മത്സ്യകയറ്റുമതി മന്ദീഭവിച്ചതോടെ മത്സ്യമേഖലയിലും പ്രതിസന്ധി രൂപപ്പെട്ടു. തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞു. കൂലി, തൊഴില്‍ സമയം എന്നിവയെക്കുറിച്ച് അസംതൃപ്തി ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമായതോടെ അരി, പഞ്ചസാര, മണ്ണെണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ലാതായി.
ഇതിനെല്ലാം പുറമെ സവര്‍ണ്ണ ജന്മിത്വം അതിന്‍െറ മര്‍ദ്ദനം സര്‍.സി.പിയുടെ സായുധസേനാ പിന്‍ബലത്തോടെ അത്യധികമായി ശക്തിപ്പെടുത്തി. 1946 ഒക്ടോബര്‍ 1 ന് 1122-മാല്‍ത്തെ ഒന്നാം റഗുലേഷന്‍ പാസായതോടെ പണിമുടക്കും ഹര്‍ത്താലും നിരോധിക്കപ്പെട്ടു. അതിനു മുതിര്‍ന്നാല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന കരിനിയമവും നിലവില്‍ വന്നു. ഇതെല്ലാം ചേര്‍ന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യമാണ് സമരം അനിവാര്യമാക്കുന്നത്.തിരുവിതാംകുറിന് പുറത്തും സ്വാതന്ത്ര്യസമരം ആഞ്ഞടിക്കുകയായിരുന്നു. ലോകമെങ്ങും ദേശീയ വിമോചന പോരാട്ടങ്ങള്‍ വിജയിച്ചുകൊണ്ടിരുന്നു. ഈ ദേശീയ-അന്തര്‍ദേശീയ ധാരയില്‍ നിന്ന് തിരുവിതാംകൂറിന്‍െറ സമരചരിത്രത്തെയും ഒഴിച്ചുനിര്‍ത്താനാവില്ല.
1946 ഒക്ടോബര്‍ ആദ്യം മുതല്‍ക്ക് തൊഴിലാളികള്‍ ക്യാമ്പുകളിലേക്ക് നീങ്ങി. ആദ്യഘട്ടത്തില്‍ ക്യാമ്പുകള്‍ കമ്യൂണിസ്റ്റുപാര്‍ട്ടി ബോധപൂര്‍വം സംഘടിപ്പിച്ചതായിരുന്നില്ല. ജന്മിത്വവും-ഭരണകൂടവും ഒത്തുചേര്‍ന്ന് അഴിച്ചുവിട്ട മര്‍ദനങ്ങള്‍ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കുക എന്ന പ്രാഥമിക ബോധത്തില്‍ നിന്നാണ് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നത്.ചേര്‍ത്തല താലൂക്കില്‍ ജന്മിത്വവും അതിന്‍െറ ഗുണ്ടാപ്പടയും കൂടിച്ചേര്‍ന്ന ഭരണമായിരുന്നു നിലനിന്നിരുന്നത്. 1946 ആദ്യം അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിക്കുകയും സര്‍ സി.പി. പട്ടാള ചുമതലയേറ്റെടുക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതല്‍ വഷളായി. സി.പിക്ക് ജയ്വിളിച്ച് തൊഴിലാളിയൂണിയനുകളെ തകര്‍ക്കുമെന്ന് മുദ്രവാക്യം മുഴക്കി, ജന്മി-ഗുണ്ടാപ്പട പോലീസ് അകമ്പടിയോടെ ചേര്‍ത്തല പട്ടണത്തിലും തൊഴിലാളി സങ്കേതങ്ങളിലും കയറിയിറങ്ങി കൊള്ളയും മര്‍ദ്ദനവും ആരംഭിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ തങ്ങളുടെ അധികാരം ഇല്ലാതാവുന്നു, നിലനില്‍പ്പും അപ്രമാദിത്വവും അവസാനിക്കാന്‍ പോകുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് അക്രമണം മൂര്‍ഛിക്കുന്നത്. 1946 സെപ്റ്റംബര്‍ മുതല്‍ (1122 ചിങ്ങം 18) പോലീസ് ചേര്‍ത്തല ടൗണില്‍ റോന്തുചുറ്റാനും അടിച്ചമര്‍ത്തല്‍ നടത്താനും തുടങ്ങി. ഇതില്‍ നിന്ന് സുരക്ഷ തേടിയാണ് തൊഴിലാളികള്‍ വയലാര്‍, ഒളതല, മോനാശ്ശേരി എന്നിവിടങ്ങളില്‍ ക്യാമ്പ് തുറന്നത്.  ചേര്‍ത്തല കടക്കരപ്പളളിയില്‍ കുടിയാനെ തെങ്ങില്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചതിന് നാലുകെട്ടുങ്കല്‍ രാമനെ വധിച്ച് തൊഴിലാളികള്‍ പ്രതികാരം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായേക്കാവുന്ന പോലീസ് നടപടി ഭയന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ ക്യാമ്പിലേക്ക് നീങ്ങുന്നത്.
അമ്പലപ്പുഴ താലൂക്കിലും സ്ഥിതി ചേര്‍ത്തലയില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല. വള്ളമുടമകളായ ജന്മിമാര്‍ ഒരു തൊഴിലാളിയെ കെട്ടിയിട്ടു തല്ലിച്ചതച്ചു. പിന്നീട് തൊഴിലാളികള്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് പോലീസിനെക്കൊണ്ട് ക്രൂരമായി മര്‍ദിച്ചു. ഇതറിഞ്ഞ് ടി.വി.തോമസും സഹപ്രവര്‍ത്തകരും ജന്മികളോട് ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. അനുകൂലമായി ഉറപ്പുനല്‍കിയ ജന്മികള്‍ വീണ്ടും പഴയവഴിക്ക് തിരിഞ്ഞതോടെ തൊഴിലാളികള്‍ തിരിച്ചടിച്ചു. 1122 കന്നി 31 ന് ജന്മികളുടെ വീടും സ്ഥാപനങ്ങളും ആക്രമിച്ച് തൊഴിലാളികള്‍ തീവച്ചു. തുടര്‍ന്നുണ്ടായേക്കാവുന്ന പോലീസ് നായാട്ട് ഭയന്നാണ് ഇവിടെയും ജനങ്ങള്‍ ക്യാമ്പുകളിലേക്ക് നീങ്ങുന്നത്. ഈ ഒരു ഘട്ടത്തിലാണു സമരം സായുധകലാപമായി മാറുന്നത്. ചേര്‍ത്തല-അമ്പലപ്പുഴ താലൂക്കുകളില്‍ ജന്മിമാര്‍ നടത്തിയ കെട്ടിയിട്ടുമര്‍ദ്ദനം ഒര്‍ത്ഥത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന അവസ്ഥയുടെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു.

പണിമുടക്കവും ആവശ്യങ്ങളും

തിരുവിതാംകൂറിലെ തൊഴിലാളി സംഘടനകളുടെ ഐക്യവേദി യായ അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് (എ.ടി.ടി.യു.സി)  1946 ഒക്ടോബര്‍ 22 (1122 തുലാം 5 ) മുതല്‍ പൊതുപണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. 1122 തുലാം മൂന്നിന് (1946 ഒക്ടോബര്‍ 20 ന്) യൂണിന്‍ പണിമുടക്കാഹ്വാനം നല്‍കി. തുലാം നാലിന് ദിവാന്‍ സംഘടനകള്‍ക്കുമേല്‍ യൂണിയനും പാര്‍ട്ടിക്കും അനുബന്ധ സംഘടനകള്‍ക്കും മേല്‍ നിരോധനം എര്‍പ്പെടുത്തി. തുലാം അഞ്ചു മുതല്‍ (ഒക്ടോബര്‍22) തുടങ്ങിയ പണിമുടക്കില്‍  തിരുവിതാംകൂര്‍ മൊത്തത്തില്‍ പങ്കുചേര്‍ന്നു. തുലാം ഏഴിന് നൂറുകണക്കിന് തൊഴിലാളികള്‍ പ്രകടനമായി ചെന്ന് പുന്നപ്ര പോലീസ് ക്യാമ്പ് ആക്രമിച്ചു.28 പേര്‍വെടിയേറ്റു മരിച്ചു.    തൊട്ടടുത്ത ദിനം ദിവാന്‍ സര്‍.സി.പി.  തിരുവിതാംകൂറില്‍ പട്ടാളഭരണം പ്രഖാപിച്ചു. തുലാം ഒമ്പതിന് വയലാറിലേക്കുള്ള പട്ടാള മുന്നേറ്റം തടയാന്‍ മാരാരിക്കുളത്തെ തടിപ്പാലം പൊളിച്ച തൊഴിലാളികള്‍ക്ക് നേരെ നടന്ന വെടിവയ്പ്പില്‍ ഒമ്പതുതൊഴിലാളികള്‍ മരിച്ചു. തുലാം പത്തിന് (ഒക്ടോബര്‍ 27 ) വയലാറിലും ഒളതലയിലും മോനാശേരിയിലും പട്ടാളം കൂട്ടക്കൊല നടത്തി. ഇതാണ് പുന്നപ്ര-വയലാര്‍ ദിനങ്ങളില്‍ നടന്ന സംഭവങ്ങളുടെ ചുരുക്കം. പുന്നപ്ര-വയലാറില്‍ രക്തസാക്ഷികളായ തൊഴിലാളികളുടെ എണ്ണത്തെപ്പറ്റി ഇന്നും കൃത്യമായ വിവരങ്ങളില്ല. സര്‍.സി.പി.യുടെ ഒൗദ്യോഗിക കണക്ക് അനുസരിച്ച് 193 പേര്‍ വെടിയേറ്റുമരിച്ചിട്ടുണ്ട്. കെ.സി.ജോര്‍ജിന്‍്റെ വിലയിരുത്തലനുസരിച്ച് 500 പേര്‍. മരണസംഖ്യ 193 നും 500 നുമിടയ്ക്ക് എന്നു പറയുന്നതാവും യുക്തിസഹം.
നമുക്ക് പണിമുടക്കിലേക്ക് തിരിച്ചുവരാം.എന്താവശ്യങ്ങള്‍ ഉയര്‍ത്തിയാണ് തൊഴിലാളികള്‍ പണിമുടക്കിയത് എന്ന് സമരനായകനായിരുന്ന കെ.സി. ജോര്‍ജ് രചിച്ച "പുന്നപ്ര-വയലാര്‍' അടക്കമുള്ള പുസ്തകങ്ങള്‍ വായിച്ചാല്‍ ഉത്തരം ലഭിക്കില്ല. കെ.സി. ജോര്‍ജ് സമരാവശ്യങ്ങളെപ്പറ്റി സംസാരിക്കുന്നില്ല. സമരത്തില്‍ സജീവ പങ്ക് വഹിച്ച എം.ടി. ചന്ദ്രസേനന്‍, കെ.എസ്.ബെന്‍ തുടങ്ങിയവരും സമരത്തെപ്പറ്റി എഴുതിയ മറ്റുള്ളവരും 26 ആവശ്യങ്ങള്‍ പണിമുടക്കിന് ഉന്നയിച്ചുവെന്നും ചിലര്‍ 27 ആവശ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും മാറി മാറി എഴുതിയിട്ടുണ്ട്.
പുന്നപ്ര-വയലാറിനെപ്പറ്റി ആക്ഷേപം ചൊരിഞ്ഞ് രവിവര്‍മ തമ്പുരാന്‍ രചിച്ച "പുന്നപ്രവയലാര്‍: അപ്രിയ സത്യങ്ങള്‍' (ഡി.സി.ബുക്സ്,1998) എന്ന പുസ്തകത്തിലാണ് ആദ്യമായി സമരവശ്യങ്ങള്‍ നിരത്താന്‍ ശ്രമിക്കുന്നത്. 26 ആവശ്യങ്ങള്‍ അതില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതിയ ശേഷം ഒന്നുകൂടി സൂചിപ്പിക്കുന്നു: ""ആവശ്യങ്ങള്‍ 27 ആയിരുന്നു എന്നും ചില ഗ്രന്ഥങ്ങളില്‍ കാണുന്നു. കൊച്ചി-ആലപ്പുഴ-കൊല്ലം തീവല്‍ിപ്പാത അനുവദിക്കണമെന്നതും ഒരാവശ്യമായിരുന്നുവെന്ന് ചിലര്‍ പറയുന്നു'' (പേജ് 133).
റെയില്‍വേ പാത അനുവദിക്കണമെന്ന ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചിരുന്നില്ല. വളരെ ലളിതമായ യുക്തി മാത്രം മതി ആ ആവശ്യം തൊഴിലാളികള്‍ ഉന്നയിച്ചില്ളെന്ന് മനസിലാക്കാന്‍. 1940 കളില്‍ തിരുവിതാംകൂറിന്‍െറ അതിത്തിയായ അരൂക്കുറ്റിയില്‍ നിന്ന് കൊച്ചിയിലേക്ക് കടക്കാന്‍ ബോട്ട് അല്ളെങ്കില്‍ വള്ളത്തെ ആശ്രയിക്കുകമാത്രമായിരുന്നു മാര്‍ഗം. കൊച്ചിയിലേക്ക് ഒരു പാലം എന്ന ആവശ്യം തീക്ഷ്ണമായിരിക്കെ, അത് ഉന്നയിക്കാതെ, റെയില്‍ പാതക്കായി വാദിച്ചു എന്നുപറയുന്നത് യുക്തിക്ക് നിരക്കുന്നതല്ല. അന്നത്തെ റെയില്‍ സൗകര്യങ്ങളുടെ അവസ്ഥ മാറ്റി നിര്‍ത്തിയാല്‍ തന്നെ തൊഴിലാളികള്‍ അത്തരമൊരാവശ്യം അടിയന്തര പ്രാധാന്യമുള്ളതായി കരുതിയിട്ടില്ല. അതെന്തായാലും ഈ പുസ്കതത്തിന് ശേഷം പുറത്തിറങ്ങിയ മറ്റ് പുന്നപ്ര-വയലാര്‍ സമര ചരിത്രങ്ങളിലെല്ലാം "തീരദേശപാത' പൊതുപണിമുടക്കിന്‍െറ ആവശ്യമായി മാറി.
ഒന്നു മനസ്സുവച്ചിരുന്നുവെങ്കില്‍ പണിമുടക്ക് ആവശ്യങ്ങളുടെ രേഖ നമുക്ക് നേരത്തെ കണ്ടത്തൊനാവുമായിരുന്നു. പണിമുടക്കിനെയും അതിന്‍െറ ആവശ്യങ്ങളെപ്പറ്റിയും വ്യക്തമാക്കുന്ന രണ്ട് രേഖകള്‍ തിരുവനന്തപുരം സ്റ്റേറ്റ് ആര്‍കൈവ്സിലിലുണ്ട്. "സര്‍ സി.പി.യുടെ കിരാത ഭരണത്തിനെതിരായി പടക്കളത്തിലേക്കു മാര്‍ച്ച് ചെയ്യുക' എന്ന ആഹ്വാനത്തോടെ മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ സെക്രട്ടറി കെ. ദാമോദരന്‍ ഇറക്കിയ പ്രസ്താവനയാണ് ഒന്ന് (ഇത് ആര്‍കൈവ്സില്‍ സി.എസ് ഫയല്‍ 765ന46 എന്ന നമ്പരിലുണ്ട്). മറ്റൊന്ന് എ.ടി.ടി.യു.സി പ്രഡിന്‍റ് ടി.വി. തോമസ് എല്ലാ യൂണിയനുകള്‍ക്കും അയച്ച സര്‍ക്കുലറാണ്. ഈ സര്‍ക്കുലറിന്‍െറ ഇംഗ്ളീഷ് പരിഭാഷ 1946 നവംബര്‍ 30 ന് ഇന്‍സ്പെക്ര്‍ ജനറല്‍ ഓഫ് പൊലീസ് തിരുവിതാകംര്‍ ഹുസൂര്‍ സെക്രട്ടറിയേറ്റ് രജിസ്റ്റാര്‍ക്ക് അയച്ച ഡെയ്ലി റിപ്പോര്‍ട്ട് സി.നം: 334 (സീക്രട്ട്  ബുള്ളറ്റിന്‍) ലാണുള്ളത്്. ഇത് ആര്‍കൈവ്സിലെ സി.എസ്.  805ന46 എന്ന കോണ്‍ഫിഡന്‍ഷ്യല്‍ ഫയലിലുണ്ട് (ബണ്ടില്‍ നം.189). തുടര്‍ച്ചയായ അഞ്ചുവര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് ഈ രേഖ ഈ ലേഖകന് ലഭിക്കുന്നത്. ആര്‍കൈവ്സില്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങള്‍ വിഫലമായി. തുടര്‍ന്ന് വിവരാവകാശ പ്രകാരം നല്‍കിയ ചോദ്യത്തിനും അതിന് ലഭിച്ച മറുപടിക്ക് നല്‍കിയ അപ്പീലിനും ശേഷമാണ് രേഖയുടെ പകര്‍പ്പ് ലഭിക്കുന്നത്.
 1946  ഒക്ടോബര്‍ 21 ന് അതായത് അനിശ്ചിത കാല പണിമുടക്ക് തുടങ്ങുന്നതിന്‍െറ തലേനാള്‍ ടി.വി. തോമസ് അയച്ചതാണ് സര്‍ക്കുലര്‍. തൊഴിലാളി പ്രവര്‍ത്തനത്തിന്‍െറ പേരില്‍ അറസ്റ്റിലായ പത്തനംതിട്ട ചിറ്റാര്‍ എസ്റ്റേറ്റിലെ കെ.എന്‍. കൊച്ചുപാപ്പിയുടെ പെട്ടിയില്‍നിന്നാണെന്ന് സര്‍ക്കുലര്‍ കണ്ടത്തെിയതെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.അതില്‍ 27 ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പണിമുടക്കിന് കാരണമായി 26 ആവശ്യങ്ങളല്ല, 27 ആവശ്യങ്ങളാണുള്ളത് എന്ന് ഇംഗ്ളീഷിലുള്ള രേഖ വ്യക്തമാക്കുന്നു (ഈ രേഖയുടെ മലയാള വിവര്‍ത്തനം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. മൊഴിമാറ്റം ലേഖകന്‍േറത്).
അതേ സമയം, സമരത്തിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ്, 1122 കന്നി 31 ന് (1946 ഒക്ടോബര്‍ 17 ന്) മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍െറ ആഹ്വാനത്തിലുള്ളത് 26 ആവശ്യങ്ങളാണ്. ഇതില്‍ നേര്‍ത്ത ദേഭഗതി മാത്രമാണ് ടി.വി.തോമസ് അന്തിമായി അയച്ച സര്‍ക്കുലറിലുള്ളത്.(അനുബന്ധം ഒന്ന് കാണുക). വേലസമയം ആഴ്ചയില്‍ 48 മണിക്കൂര്‍ ആക്കുക എന്ന് ഈ ആഹ്വാനത്തിലുള്ളത് ടി.വി.തോമസിന്‍െറ സര്‍ക്കുലറില്‍ 40 മണിക്കൂറായി. "തൊഴിലാളി വര്‍ഗം അതിന്‍െറ ചരിത്രപരവും അടിയന്തരവുമായ കടമ നിര്‍വഹിക്കുക' എന്ന് വ്യക്തമാക്കുന്ന കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ ആഹ്വാനത്തില്‍ ഇങ്ങനെ പറയുന്നു: ""അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ പ്രതിനിധ സമ്മേളനത്തില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആക്ഷന്‍ കമ്മിറ്റി നിര്‍ദേശിക്കുന്ന തീയതി സമരപ്രഖ്യാപനം നടത്തേല്‍താണ്. സന്ധി സംസാരിക്കുന്നതിനും കൂടിയാലോചനകള്‍ നടത്തുന്നതിനും ഉള്ള അവകാശങ്ങള്‍ ആക്ഷന്‍ കമ്മിറ്റിക്കും കമ്മിറ്റി പ്രസിഡന്‍റ് സഖാവ് ടി.വി. തോമസിനും മാത്രമായിരിക്കും. അല്ലാതെയുള്ള ഏതു കൂടിയാലോചനകളും പ്രസിദ്ധീകരണങ്ങളും അസാധുവും തൊഴിലാളികളെ ബാധിക്കുന്നതുമല്ല''.
1946 ഒക്ടോബര്‍ 13 ന് (1122 കന്നി 27) കൂടിയ ട്രേഡ്യൂണിയനുകളുടെ പ്രതിനിധിയോഗമാണ് പണിമുടക്ക് എന്ന തീരുമാനത്തിലത്തെുന്നത്.  യോഗം ആറംഗം ആക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഈ കമ്മിറ്റിയാണ് യഥാര്‍ത്ഥത്തില്‍ പണിമുടക്കിനും സായുധ ഉയര്‍ത്തെഴുന്നേല്‍പ്പിനും രാഷ്ട്രീയവും സംഘടനാപരവുമായ നേതൃത്വംകൊടുത്തത്. ആക്ഷന്‍ കമ്മിറ്റിയംഗങ്ങള്‍ തിരുവിതാം കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്തിലുള്ളവരായിരുന്നു. കെ.സി.ജോര്‍ജ്, കെ.വി.പത്രോസ്, സി.കെ.കുമാരപ്പണിക്കര്‍, കെ.കെ.കുഞ്ഞന്‍, സി.ജി.സദാശിവന്‍, പി.കെ. പത്മനാഭന്‍ എന്നിവരായിരുന്നു ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. കെ.വി. പത്രോസായിരുന്നു കണ്‍വീനര്‍. സമരത്തെപ്പറ്റി ഏതൊരു നിര്‍ണായക തീരുമാനമെടുക്കേണ്ടല്‍ ഈ ആറംഗ കമ്മിറ്റിയിലെ എല്ലാവരും വിവിധകേസുകളില്‍ പെട്ട് അക്കാലത്ത് ഒളിവിലായിരുന്നു. ചിലരുടെ പേരില്‍ കൊലപാതക കുറ്റമാണ് ചുമത്തിയിരുന്നത്.  തുലാം മൂന്നിന് സമരപ്രഖാപാനം ഉണ്ടായ ഉടന്‍ എ.ടി.ടി.യു.സി.യെയും അനുബന്ധ സംഘടനകളെയും തിരുവിതാംകൂര്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയെയും ദിവാന്‍ നിരോധിച്ചു.കമ്യൂണിസ്റ്റുപാര്‍ട്ടി സെക്രട്ടറി പി.ടി. പുന്നൂസ്, ആര്‍.സുഗതന്‍, സൈമണാശാന്‍ തുടങ്ങിയ ധീരരായ ജനകീയ നേതാക്കളില്‍ പലരെയും സമരത്തിന്‍െറ മുന്നൊരുക്കം തടയാന്‍ സി.പി. തടവറയില്‍ അടച്ചിരുന്നു.
മൊത്തത്തില്‍ സമരവും   പുന്നപ്ര ക്യാമ്പാക്രമണവും  ആസൂത്രിത പദ്ധതിക്കനുസരിച്ചാണ് നടക്കുന്നത്.  തുലാം ആറിന് ട്രേഡ് കൗണ്‍സില്‍ കണ്‍വീനര്‍മാര്‍ ആര്യാട് ഒത്തുചേര്‍ന്നാണ്  പദ്്ധതി ആസൂത്രണം ചെയ്തത്. ആക് ഷന്‍ കൗണ്‍സിലംഗങ്ങളും 54 ട്രേഡ് കൗണ്‍സില്‍ഭാരവാഹികളും രാത്രി രഹസ്യമായി ഒത്തുചേര്‍ന്നു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍െറയും സമരാഹ്വാനം ചെയ്ത എ.ടി.ടി.യു.സിയുടെയും പ്രസിഡന്‍്റായിരുന്ന ടി.വി.തോമസും വൈസ് പ്രസിഡന്‍റായ പി.കെ. പത്മനാഭനും പരസ്യമായി തന്നെ നില്‍ക്കാനായിരുന്നു തീരുമാനം.
തിരുവിതാംകൂറിലാകെയാണ് പണിമുടക്കം പ്രഖ്യാപിച്ചത്. എന്നാല്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലാണ് പണിമുടക്ക് പൂര്‍ണവിജയകരമായി നടന്നത്.അന്ന് ഏറ്റവും കൂടുതല്‍ തൊഴിലാളികളുണ്ടായിരുന്നത് ഈ താലൂക്കുകളിലാണ്. അവരാകട്ടെ കമ്യൂണിസ്റ്റ് നേതൃത്വത്തില്‍ രാഷ്ട്രീയമായി സംഘടിതരുമായിരുന്നു. മാത്രമല്ല ഇവിടെ സവര്‍ണ്ണജന്മിത്വ ചൂഷണം വളരെയേറെ മൂര്‍ച്ഛിച്ചുമിരുന്നു. ഇക്കാരണത്താലാണ് ഇവിടെ സായുധ സമരം തുടങ്ങാന്‍ തീരുമാനിക്കുന്നത്.

പണിമുടക്ക് എന്ന രാഷ്ട്രീയസമരം

തിരുവിതാംകൂറിലെ തൊഴിലാളികള്‍ തങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ക്ക് വേണ്ടി നടത്തിയ സമരമാത്രമായിരുന്നില്ല 1946 ഒക്ടോബറിലേത് എന്ന് കണ്ടെടുത്ത രേഖ (ടി.വി.തോമസിന്‍െറ സര്‍ക്കുലര്‍) വ്യക്തമാക്കുന്നു.  സാമ്പത്തികസമരവാദം എന്ന ആക്ഷേപം ഒരിക്കലും സമരത്തിന് ചേരില്ല. 27 മുദ്രാവാക്യങ്ങളില്‍ ഒമ്പതെണ്ണം പൂര്‍ണമായും രാഷ്ട്രീയ സ്വഭാവമുള്ളവയായിരുന്നു. "ദിവാന്‍ ഭരണം അവസാനിപ്പിക്കണം', " ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കുക', "തിരുവിതാംകൂറിന്‍െറ ഭാവിഭരണഘടനയ്ക്ക് രൂപം നിശ്ചയിക്കുന്നതിനു പ്രായപൂര്‍ത്തിവോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭ രൂപീകരിക്കുക',"എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചുകൊണ്ടും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ പേരില്‍ പ്രതിനിധികളെ തെരഞ്ഞെടുത്ത് ഇടക്കാല സര്‍ക്കാര്‍  സ്ഥാപിക്കുക', "പൗരാവകാശം നിഷേധിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുക', "പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക', "എല്ലാ രാഷ്ട്രീയതടവുകാരെയും നിരുപാധികമായി വിട്ടയക്കുക' എന്നിവയായിരുന്നു അതിലെ രാഷ്ട്രീയ ആവശ്യങ്ങള്‍.
സമരം രാഷ്ട്രീയമായിരുന്നു എന്നതിന് തെളിവാണ് ഒൗദ്യോഗിക വസതിയായ ഭക്തിവിലാസത്തില്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യര്‍ വിളിച്ചുകൂട്ടിയ സന്ധി സംഭാഷണത്തില്‍ ടി.വി.തോമസും ശ്രീകണ്ഠന്‍നായരും എടുത്ത നിലപാട്. പണിമുടക്ക് തുടങ്ങുന്നതിന് എട്ട് ദിവസം മുമ്പ് നടന്ന സംഭാഷണത്തില്‍ ബോണസ് ഉള്‍പ്പടെയുയുള്ള മിക്ക സാമ്പത്തികാവശ്യങ്ങളും അംഗീകരിച്ചു തരാന്‍ സി.പി.തയാറായി. എന്നാല്‍ രാഷ്ട്രീയാവശ്യങ്ങള്‍ പിന്‍വലിക്കണമെന്ന് ദിവാന്‍ ആവശ്യപ്പെട്ടു. ഭരണപരിഷ്കാരം ഒരു വിധത്തിലും സ്വീകാര്യമല്ളെന്ന് ടി.വി. വ്യക്തമായി പറഞ്ഞു. അതൊടെ ചര്‍ച്ച പൊളിഞ്ഞു. സാമ്പത്തികാവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാമെന്നു പറഞ്ഞിട്ടും അത് തള്ളിക്കളഞ്ഞത് ഭരണപരിഷ്കാരത്തിനും അമേരിക്കന്‍മോഡലിനും കീഴില്‍ അത്തരം ആനുകൂല്യങ്ങള്‍ ആവശ്യമില്ളെന്ന് പറഞ്ഞുകൊണ്ടാണ്. സാമ്പത്തികമാത്ര സമരമായിരുന്നുവെങ്കില്‍ ഒത്തുതീര്‍പ്പു സാധ്യമായിരുന്നു. പക്ഷെ തൊഴിലാളികള്‍ക്ക് പ്രധാനം രാഷ്ട്രീയാവശ്യങ്ങളായിരുന്നു. തൊഴിലാളികളുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന്  ഒരുഘട്ടത്തില്‍ തൊഴിലാളി സമരത്തിന്‍്റെ അവസ്ഥയെപ്പറ്റി നടന്ന ഒരു ചര്‍ച്ചയില്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാവും സമര ആസൂത്രകനുമായ കെ.വി.പത്രോസ് കൃത്യമായി പറഞ്ഞിട്ടുണ്ട്: ""അമ്പലപ്പുഴമുതല്‍ ചേര്‍ത്തലവരെ ദിവാന്‍ ഭരിക്കേണ്ട''. ചര്‍ച്ചയില്‍ നാലുശതമാനം ബോണസ് എന്നത് സര്‍ക്കാര്‍ സമ്മതിച്ചിരുന്നു.അത് തൊഴിലാളികള്‍ നേടിയെടുത്ത വലിയ വിജയമായിരുന്നു.

ദിവാനും രാജവാഴ്ചക്കുമെതിരായ നീക്കം

തൊഴിലാളികള്‍ ഉയര്‍ത്തിയ "ദിവാന്‍ ഭരണം എന്നെന്നേക്കുമായി അവസാനിപ്പിക്കണം' എന്ന മുദ്രാവാക്യത്തിന് വലിയ അര്‍ത്ഥങ്ങളാണുള്ളത്. ചിലര്‍ സമരം ദിവാനു മാത്രം എതിരായിരുന്നു രാജാവാഴ്ചക്കെതിരായിരുന്നില്ല എന്നും വാദിക്കുന്നുണ്ട്. രാജവാഴ്ച അവസാനിപ്പിക്കണം എന്നത് പണിമുടക്കാവശ്യങ്ങളിലുണ്ടായിരുന്നില്ളെങ്കിലും തൊഴിലാളികള്‍ നടത്തിയ പ്രകടനങ്ങളിലെല്ലാം ആ മുദ്രാവാക്യം ഉന്നയിച്ചിരുന്നു.
 സമരഘട്ടത്തില്‍ കൂടുതലായി മുഴങ്ങിയത് ദിവാന്‍ ഭരണത്തിനും അമേരിക്കന്‍ മോഡലിനുമെതിരെയുളള മുദ്രാവാക്യങ്ങളാണ്. അതിനു കാരണം സമരം പ്രഖ്യാപിച്ചത് തിരുവിതാംകൂര്‍ കമ്യൂണിസ്റ്റു പാര്‍ട്ടി നേരിട്ടോ സ്വയമോ അല്ല എന്നതാണ്. പണിമുടക്കിനാഹ്വാനം നല്‍കിയത് കമ്യൂണിസ്റ്റുപാര്‍ട്ടിക്കു കീഴിലെ നിയമവിധേയ സംഘടനയായ തിരുവിതാംകൂര്‍ ട്രേഡ്യൂണിയന്‍ കോണ്‍ഗ്രസാണ്. അതിന് ഒരു രാഷ്ട്രീയ മുദ്രാവാക്യം കമ്യൂണിസ്റ്റുപാര്‍ട്ടിയെപ്പോലെ ഉന്നയിക്കുന്നതില്‍ പരിമിതിയുണ്ട്. എങ്കിലും  അവര്‍ ആ പരിമിതി ബോധപൂര്‍വം മറികടന്നു. എ.ടി.ടി.യു.സി.യുടെ പ്രത്യക്ഷ സമരത്തിനു പിന്നിലും മറവിലുമായി സായുധസമരം അഴിച്ചുവിട്ട് ഭരണം പിടിച്ചെടുക്കുക എന്ന തന്ത്രമാണ് കമ്യൂണിസ്റ്റുകാരെ നയിച്ചത്.
പക്ഷേ, ദിവാന്‍ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യത്തിന്‍െറ മറ്റൊരു അര്‍ത്ഥം ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുക എന്നത് കൂടിയായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകുന്നതുവരെ  തിരുവിതാംകൂറും കൊച്ചിയും സ്വതന്ത്ര രാജ്യങ്ങളായിരുന്നു എന്ന ധാരണ നിലവിലുണ്ട്. നേരിട്ടുള്ള കൊളോണിയല്‍ വാഴ്ചയ്ക്ക് കീഴിലായിരുന്നില്ല ഈ രാജ്യങ്ങളെന്നത് നേര്. പക്ഷേ, അതിനേക്കാള്‍ ശക്തമായ, പരോക്ഷ കൊളോണിയല്‍ അധിനിവേശം ( ബ്രിട്ടീഷ് ഭരണം) ഈ നാട്ടുരാജ്യങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.
തിരുവിതാംകൂറിന്‍്റെ കാര്യത്തില്‍ അവര്‍ ബ്രിട്ടീഷുകാരുമായി 1795- ലാണ് നിര്‍ണായകമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു സന്ധിയില്‍ ഒപ്പിടുന്നത്.ഈ ഉടമ്പടിയുടെയും സൗഹൃദത്തിന്‍്റെയും അടിസ്ഥാനത്തില്‍ തിരുവിതാംകൂറിന്‍്റെ ഭരണസംവിധാനം ആകെ പരിഷ്കരിക്കപ്പെട്ടു.  എന്നാല്‍, 1805 ല്‍ സ്ഥിതിമാറി. വേലുത്തമ്പി ദളവയുടെ ഭരണകാലത്ത്, ശോഷിച്ച ഭണ്ഡാരം നിറക്കാന്‍ അദ്ദേഹം ചില കടുത്തനടപടി കൈക്കൊണ്ടു. അത് രാജ്യത്തിനുള്ളില്‍ അസംതൃപ്തി ഉണ്ടാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചില നാട്ടുപ്രമാണികളും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. പട്ടാളം കലാപം ആരംഭിച്ചു. ഈ കലാപം അടിച്ചമര്‍ത്താന്‍ വേലുത്തമ്പിക്ക് കഴിയാതെ വന്നു. ഒടുവില്‍ സഹായത്തിന് ഇംഗ്ളീഷ് പട്ടാളത്തെ വിളിച്ചു. ആഭ്യന്തര കലാപത്തെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞുവെങ്കിലും തിരുവിതാംകൂറിന്‍െറ കീഴടങ്ങല്‍ അവിടെ തുടങ്ങി. സഹായത്തിനു പ്രത്യുപകാരമായി അതുവരെ നിലനിന്നിരുന്ന സന്ധി പുതുക്കാന്‍ ഇംഗ്ളീഷുകാര്‍ ആവശ്യപ്പെട്ടു. പുതുക്കിയ സന്ധികളാകട്ടെ തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ക്ക് തീര്‍ത്തും അടിമപ്പെടുത്തുന്നതായിരുന്നു. വ്യവസ്ഥകള്‍ ഇതായിരുന്നു: ഒന്നാമതായി, ഈസ്റ്റിന്ത്യാകമ്പനിയുടെ അനുവാദത്തോടെയല്ലാതെ ഒരു യൂറോപ്യനെയും തിരുവിതാംകൂറിലെ ഒരുദ്യോഗത്തിലും നിശ്ചയിക്കുകയില്ല. രണ്ടാമത്, നികുതിപിരിവോ ധനസംബന്ധമായ ഭരണമോ, തിരുവിതാംകൂറിലെ മറ്റെന്തെങ്കിലും ഗവണ്‍മെന്‍്റ വകുപ്പുകളോ ശരിയായി നടത്തുന്നതിനാവശ്യമെന്ന് തോന്നുന്ന നിയമങ്ങളും നിര്‍ദേശങ്ങളും ബ്രിട്ടീഷുകാര്‍ പുറപ്പെടുവിക്കും. ആവശ്യമെന്നുകണ്ടാല്‍ തിരുവിതാംകൂറിന്‍്റെ ഏതെങ്കിലും ഭാഗമോ തിരുവിതാംകൂര്‍ മുഴുവന്‍ തന്നെയോ ഈസ്റ്റിന്ത്യാക്കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലാക്കാനും ഇംഗ്ളീഷ് ഗവര്‍ണര്‍ ജനറല്‍ക്കധികാരമുണ്ടായിരിക്കും. മൂന്നാമത്, തിരുവിതാംകൂറിലെ നീതിന്യായം, നികുതിപിരിവ്, സര്‍ക്കാര്‍ ചെലവുകളുടെ നിയന്ത്രണം, കച്ചവടം, കൃഷി, വ്യവസായം, മഹാരാജാവിന്‍്റെ താല്‍പര്യങ്ങളും പ്രജകളുടെ ക്ഷേമവും സംരക്ഷിക്കാനുള്ള വിഷയങ്ങള്‍ എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന ഉപദേശങ്ങളനുസരിക്കാന്‍ തിരുവിതാംകൂര്‍ രാജാവ് ബാധ്യസ്ഥനാണ്.
തിരുവിതാംകൂറിന്‍്റെ എല്ലാ അധികാരങ്ങളും ഇംഗ്ളീഷുകാര്‍ക്ക് പണയപ്പെടുത്തിയതാണ് ഈ സന്ധി. ബ്രിട്ടീഷുകാരുടെ ദാസന്‍മാര്‍ മാത്രമായിരുന്നു രാജാവ്. തിരുവിതാംകൂറും ബ്രിട്ടീഷ് സര്‍ക്കാരുമായി ഉണ്ടാക്കിയ ബന്ധമെല്ലാം ഈ സന്ധിയുടെ ചുവടുപിടിച്ചാണ്. പിന്നീട്, 1809 ല്‍ തിരുവിതാംകൂറില്‍ തങ്ങള്‍ക്കെതിരെയുല്‍ായ ചില കുഴപ്പങ്ങളുടെ പേരില്‍ രാജ്യഭരണം ഇംഗ്ളീഷുകാര്‍ നേരിട്ട് കുറച്ചുകാലത്തേക്കെങ്കിലും ഏറ്റെടുത്തു. ഇംഗ്ളീഷ് സര്‍ക്കാരിന്‍്റെ പ്രതിനിധിയായ റസിഡന്‍്റ് കേണല്‍ മണ്‍റോ തിരുവിതാംകൂര്‍ ദിവാനായി.  രാജാവിനെ പേരിനുമാത്രം നിലനിര്‍ത്തി, രാജ്യഭരണം ദിവാന്‍ തന്നെ നടത്തി. ഇക്കാലയളവില്‍ തിരുവിതാംകൂറിന്‍്റെ ഭരണവ്യവസ്ഥയില്‍ മണ്‍റോ നിര്‍ണായകമായ ഒട്ടനവധി മാറ്റം വരുത്തി. അതാകട്ടെ ബ്രിട്ടീഷുകാരുടെ താല്‍പര്യത്തിനനുസരിച്ചുള്ളതുമാത്രമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിന്‍്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരെയും അവര്‍ക്കുമേല്‍ റസിഡന്‍്റിന് നിയന്ത്രണവുമുള്ള വിധത്തിലായിരുന്നു പുതിയ ഭരണവ്യവസ്ഥ ക്രമപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ക്കിഷ്ടമുള്ള ദിവാന്‍മാര്‍ മാത്രം രാജ്യംഭരിക്കുകയെന്ന അവസ്ഥയുടെ ഫലമായി ഉദ്യോഗസ്ഥ യന്ത്രത്തിന്‍്റെ ചുക്കാന്‍ പൂര്‍ണഅര്‍ത്ഥത്തില്‍ അവരുടെ കയ്യിലായി.
ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് "കേരളം: മലയാളികളുടെ മാതൃഭൂമി'യില്‍ എഴുതി: " മണ്‍റോവിന്‍്റെ ഭരണപരിഷ്കാരത്തില്‍ നാടുവാഴികളും ദേശവാഴികളും മാത്രമല്ല, അവരുടെയെല്ലാം യജമാനനായ രാജാവുകൂടി ഇല്ലാതായിരിക്കുന്നു. പേരിന് നാടുവാഴുന്നത് രാജാവാണ്. അദ്ദേഹം ഒപ്പിട്ടതാണ് പ്രധാന ഉത്തരവുകള്‍; അദ്ദേഹമംഗീകരിക്കാത്ത നിയമങ്ങളൊന്നും നിയമമാവുകയില്ല; ദിവാന്‍ അദ്ദേഹത്തിന്‍്റെ ആജ്ഞാനുവര്‍ത്തിയായ ഉദ്യോഗസ്ഥന്‍മാത്രമാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ രാജ്യം ഭരിക്കുന്നത് ദിവാനാണ്; നയവും പരിപാടിയും രൂപീകരിക്കുന്നതിലും, അത് നടപ്പില്‍ വരുത്താന്‍വേണ്ട പ്രായോഗിക നടപടികളെടുക്കുന്നതിലും, അതിനുവേണ്ട ഉദ്യോഗസ്ഥന്‍മാരെ നിയമിക്കുന്നതിലുമെല്ലാം ദിവാനാണ് മുമ്പും കൈയുമുള്ളത്''. മണ്‍റോവിന്‍്റെ കാലത്തിനുശേഷം ആരും ഈ അവസ്ഥയ്ക്കുമാറ്റമുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. മറിച്ച് ഈ സ്ഥിതി കൂടുതല്‍ ശക്തിപ്പെടുകയാണുണ്ടായത്.
തിരുവിതാംകൂറില്‍ ഭരണം നടത്തിയിരുന്നത് ദിവാനായിരുന്നു. ദിവാന്‍ തന്നെയായിരുന്നു എല്ലാ അര്‍ത്ഥത്തിലും സര്‍വാധിപതി. ദിവാന്‍മാര്‍ക്ക് രാജാവിനെപ്പോലും നീക്കം ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു.  അതിനാല്‍ ദിവാനെതിരെ മാത്രം എന്ന് തോന്നിപ്പിക്കുന്ന പണിമുടക്കാവശ്യം ബ്രിട്ടീഷ് അധികാരത്തിലും രാജവാഴ്ചയിലും ചെന്നുതൊടുന്നു. തിരുവിതാംകൂറിലെ തൊഴിലാളിവര്‍ഗ്ഗത്തിന് രാജകൊട്ടാരത്തോട് സവിശേഷമായ എന്തെങ്കിലും സ്നേഹമോ, സര്‍.സി.പി.യോട് മാത്രമായി എന്തെങ്കിലും വെറുപ്പോ ഉണ്ടായിരുന്നില്ല. അടിസ്ഥാനപരമായി, രാജവാഴ്ചയെയും ദിവാന്‍ ഭരണത്തെയും തൂത്തെറിഞ്ഞ് തൊഴിലാളിവര്‍ഗ ഭരണകൂടം സ്ഥാപിക്കുക എന്നതില്‍ കുറഞ്ഞ ഒരു രാഷ്ട്രീയ ലക്ഷ്യവും അവര്‍ക്കുണ്ടായിരുന്നില്ല. തൊഴിലാളിവര്‍ഗഭരണകൂടം ദിവാനെ മാത്രം നീക്കം ചെയ്ത് രാജാവിനെ നിലനിര്‍ത്തിയേനെ എന്നൊക്കെ ചിന്തിക്കുന്നത് ശുദ്ധ അസംബന്ധമാവും.
സര്‍.സി.പി.യോട് മാത്രമായിരുന്നു വിദ്വേഷമെങ്കില്‍ തൊഴിലാളികള്‍ പുന്നപ്രപോലീസ് ക്യാമ്പ് ആക്രമിക്കാന്‍ രാജാവിന്‍െറ ജന്മദിനമായ തുലാം ഏഴ് തന്നെ തെരഞ്ഞെടുക്കേല്‍ കാര്യമില്ല. മാത്രമല്ല പുന്നപ്ര ക്യാമ്പാക്രമണം നടത്തിയവര്‍ "ദിവാന്‍ ഭരണം അവസാനിപ്പിക്കുക', "രാജവാഴ്ച തുലയട്ടെ' എന്ന മുദ്രാവാക്യവും വിളിച്ചിരുന്നു. സര്‍.സി.പി. അധികാരമേറ്റെടുക്കുന്ന സമയത്തിനു മുമ്പായി പാര്‍ട്ടി പുറത്തിറക്കിയ ലഘുലേഖയില്‍ രാജവാഴ്ച അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറയുന്നുമുണ്ട്.

സ്വതന്ത്ര തിരുവിതാംകൂര്‍ വാദവും അമേരിക്കന്‍ മോഡലും

"ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കണം' എന്ന പണിമുടക്കിന്‍െറ ആവശ്യം സവിശേഷമായി ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിലാളികള്‍ സര്‍.സി.പി ഉയര്‍ത്തിയ സ്വതന്ത്ര തിരുവിതാംകൂര്‍ എന്ന വാദത്തിന് എതിരായിരുന്നുവെന്നതിന്‍െറ പ്രത്യക്ഷ തെളിവാണ് ഈ ആവശ്യം.
"1947 ജനുവരിയില്‍ കരടു ഭരണഘടന പ്രഖ്യാപിച്ചതിനുശേഷമാണ് സ്വതന്ത്ര തിരുവിതാംകൂര്‍ ഒരു സജീവ പ്രശ്നമായത്' എന്ന് ശ്രീധരമേനോന്‍ വാദിക്കുന്നു. (സര്‍.സി.പി. തിരുവിതാംകൂര്‍ ചരിത്രത്തില്‍, പേജ് 319). പുന്നപ്ര-വയലാര്‍ സ്വതന്ത്ര തിരുവിതാംകൂറിന് എതിരായി നടന്ന സമരമല്ല എന്നു വാദിക്കാനാണ് ശ്രീധരമേനോന്‍ ശ്രമിക്കുന്നത്. എന്നാല്‍ 1947 ജനുവരിയില്‍ പ്രഖ്യപിച്ച കരട് ഭരണഘടന, ആ ദിവസങ്ങളില്‍ ഉണ്ടായതല്ല. കൃത്യം ഒരുവര്‍ഷം മുമ്പ്, 1946 ജനുവരി 16 ന്, അതായത് പുന്നപ്ര-വയലാര്‍ നടക്കുന്നതിനും ഒമ്പതുമാസങ്ങള്‍ക്ക് മുമ്പാണ് ഈ ഭരണഘടനാ പരിഷ്കാരം ആദ്യമായി പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് "അമേരിക്കന്‍ മോഡല്‍' ഭരണപരിഷ്കാരം പ്രഖ്യാപിച്ച് പത്രക്കുറിപ്പ് ഇറങ്ങി. അതിന്‍്റെ വികസിതരൂപമാണ് 1947 ജനുവരിയില്‍ കരട് രൂപത്തില്‍ പുറത്തിറങ്ങുന്നത്.
പത്രക്കുറിപ്പില്‍ ഭരണഘടനയില്‍ വരുത്താന്‍പോകുന്ന മാറ്റങ്ങള്‍ അതില്‍ വ്യക്തമായി പറയുന്നുണ്ട്. മഹാരാജാവിന്‍്റെ ഭരണത്തില്‍ കീഴില്‍ ദിവാന്‍ ഭരണം നടത്തുന്ന, നിയമസഭയക്ക് ഒരധികാരവുമില്ലാത്ത ഭേദഗതിയാണ് ഇത്. ഭരണഘടനാ പരിഷ്കാരങ്ങളില്‍ ദിവാന്‍്റെ സ്ഥാനം അമേരിക്കന്‍ പ്രസിഡന്‍്റിനോടു തുല്യമാണ് എന്നു പറഞ്ഞതിനാലാണ് "അമേരിക്കന്‍ മോഡല്‍' ഭരണം എന്നു വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
മഹാരാജാവിന്‍്റെ പദവിക്കോ ദിവാന്‍്റെ പദവിക്കോ ഒരിളക്കവും സംഭവിക്കാത്ത ഭണഘടനയായിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന പൂര്‍ണ ജനാധിപത്യത്തിനും ഉത്തരവാദിത്വഭരണത്തിനും എതിരായിരുന്നു അത്. ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരധികാരവും ഇല്ലാത്ത നോക്കുകുത്തി പദവിമാത്രമാണുണ്ടായിരുന്നത്. ഇതിനെതിരെ, പൂര്‍ണ ജനാധിപത്യമാണ് തൊഴിലാളിവര്‍ഗം ആവശ്യപ്പെട്ടത്. അതുകൊല്‍് തന്നെ 1946 ഒക്ടോബറില്‍, പുന്നപ്ര-വയലാറില്‍ നടന്ന സായുധ സമരത്തില്‍ മുഴങ്ങിക്കേട്ട മുാ്രദവാക്യങ്ങളില്‍ ഒന്ന് "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്നായിരുന്നു. അത് 1946 ജനുവരിയില്‍ പ്രഖ്യാപിച്ച  ഭരണഘടനാ പരിഷ്കാരങ്ങളോടുള്ള വിയോജിപ്പാണ്.
ഭരണഘടനാ ഭേദഗതി പ്രഖ്യാപിക്കുന്ന 1947 ജനുവരി 27 നു മുമ്പ് ഇന്ത്യയില്‍ ഒരു ഇടക്കാല സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നു (1946 സെപ്റ്റംബറില്‍ 2). ഇന്ത്യന്‍യൂണിയനില്‍ ചേരാതെ, സ്വതന്ത്രമായി നില്‍ക്കാനാണ്, 1946 ജനുവരി മുതല്‍ സി.പി.ശ്രമിച്ചുപോന്നത്.

വിപ്ളവം പരാജയപ്പെടുന്നു

തിരുവിതാംകൂറിലെ സവര്‍ണ്ണ ഹിന്ദു ഭരണകൂടത്തിനെതിരെ അണിനിരന്നവരില്‍ ഭൂരിഭാഗം അടിസ്ഥാനവര്‍ഗ/ജാതി വിഭാഗങ്ങളായിരുന്നു.  കയര്‍-മത്സ്യത്തൊഴിലാളികള്‍ക്കായിരുന്നു സമരത്തിന്‍്റെ നേതൃത്വം. ഈഴവരായിരുന്നു ജനസംഖ്യയില്‍ ഭൂരിപക്ഷം. ദലിതര്‍, ക്രിസ്ത്യന്‍ ദരിദ്രവിഭാഗങ്ങള്‍, സ്ത്രീകള്‍, മത്സ്യമേഖലയിലെ തൊഴിലാളികള്‍ എന്നിവരാണ്് അണി നിരന്ന മറ്റുവിഭാഗക്കാര്‍. സ്ത്രീകള്‍ ഈ സമരത്തില്‍ പുരുഷതൊഴിലാളികള്‍ക്കൊപ്പം നിന്നു പോരാടി. എന്നാല്‍, പട്ടാളത്തിന്‍െറ മുന്നേറ്റത്തിന് മുന്നില്‍ തൊഴിലാളികള്‍ പതറി. അതിന് നിരവധി കാരണങ്ങളുണ്ട്.  ദേശീയതലത്തില്‍ സി.പി.ഐ പിന്തുടര്‍ന്നത് വലതുപക്ഷ പരിഷ്കരണവാദ ലൈനാണ്. വര്‍ഗസമരത്തിനു പകരം കോണ്‍ഗ്രസ് ഉള്‍പ്പടെയുളള ദേശീയബൂര്‍ഷ്വാസിയോട് വര്‍ഗസഹകരണമായിരുന്നു ലൈന്‍. അത്തരം ഒരു ലൈനിന്‍്റെ കീഴില്‍, ആ ലൈന്‍ തിരുത്താനുളള ശ്രമം പോലും  നടത്താതെയാണ് സമരം സംഘടിപ്പിച്ചത്. ഭരണകൂടത്തോട് സായുധമായി ഏറ്റുമുട്ടുമ്പോള്‍ ശരിയായ സൈനികലൈന്‍  ആവശ്യമാണ്. സൈനിക ലൈനിന് രൂപംകൊടുക്കാന്‍ ഒരിക്കലും ശ്രമിച്ചില്ല. തിരുവിതാംകൂറിലാകെ ഉയര്‍ത്തെഴുന്നേല്‍പ്പിന് അനുകൂല സാഹചര്യം നിലനിന്നിരുന്നെങ്കിലും അതിനുവേണ്ടി ശ്രമിച്ചില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പലനിലപാടും വസ്തുനിഷ്ഠതയേക്കാള്‍ ആത്മനിഷ്ഠതയില്‍ നിന്നാണ് ഉടലെടുത്തത്. സി.പി.യുടെ സായുധസേനയുടെ എണ്ണം മാത്രമെടുത്ത് അതിന്‍്റെ സായുധശക്തി അവഗണിച്ചു. 4000 പട്ടാളത്തെയും 3000 വരുന്ന പോലീസുമായിരുന്നു സി.പി.യുടെ ശക്തി. സായുധസേനയുടെ എണ്ണം മാത്രമെടുക്കുകയും ആയുധകരുത്ത് കണക്കിലെടുക്കാതിരിക്കുകയും ചെയ്്തു. ആ ആള്‍ബലത്തെ അതിനേക്കാള്‍ എത്രയോ ഇരട്ടി വരുന്ന തൊഴിലാളികളുടെ എണ്ണംകൊണ്ട് മറികടക്കാമെന്ന് വ്യാമോഹിച്ചു.
പട്ടാളത്തിന് എളുപ്പത്തില്‍ എത്തിച്ചേരാനാവാത്ത ഇടങ്ങളിലാണ് ക്യാമ്പുകള്‍ സ്ഥാപിച്ചെങ്കിലും ശത്രു ജലമാര്‍ഗം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അജ്ഞരായിരുന്നു. വയലാറിലും മോനാശേരിയിലും ബോട്ടിലാണ് പട്ടാളം വന്നിറങ്ങിയത്.ഭരണകൂട സേനകള്‍ അടിച്ചമര്‍ത്താന്‍ എത്തുമ്പോള്‍ വാരിക്കുന്തങ്ങള്‍കൊണ്ട് ചെറുത്തുനില്‍ക്കാമെന്ന് സമരസംഘാടകര്‍ തെറ്റായി ചിന്തിച്ചു.  ക്യാമ്പുകളില്‍ തൊഴിലാളികളുടെ വാരിക്കുന്തങ്ങള്‍ ചത്തെിക്കൂര്‍പ്പിക്കുകയും മുട്ടിലിഴഞ്ഞ് ചെന്ന് പട്ടാളക്കാരെ ആക്രമിക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പാക്രമണവേളയില്‍ വാരിക്കുന്തമായിരുന്നു സമരക്കാരുടെ മുഖ്യ ആയുധം.  മുന്നില്‍ നില്‍ക്കുന്നതിനേക്കാള്‍ ഇഴഞ്ഞു മുന്നേറുന്നതായിരുന്നു വെടിയേല്‍ക്കുന്നതിനെ പ്രതിരോധിക്കാനുളള മാര്‍ഗം.  പൊലീസിന്‍െറ കൈവശമുണ്ടായിരുന്ന  303 റൈഫിള്‍ തോക്ക് നേരെ മുന്നിലേക്ക് മാത്രമേ വെടിവയ്ക്കാനാവൂ. വെടിയുല്‍കള്‍ ഭൂമിക്ക് നിശ്ചിത ഉയരത്തില്‍ നേര്‍രേഖയിലേ ചലിക്കു. മാത്രമല്ല അഞ്ചുറൗണ്ട് വരെ വെടിവയ്ക്കാവുന്ന തോക്കിന് തിരകള്‍ സമയമെടുത്ത് മാറ്റിയിടുകയും വേണം. അതിനാല്‍ തന്നെ പോലീസിനെ കീഴ്പ്പെടുത്താന്‍ വാരിക്കുന്തവും ഇഴഞ്ഞുമുന്നേറ്റവും കുറേയൊക്കെ ഫലപ്രദമായിരുന്നു. എന്നാല്‍ ഈ നീക്കം പിഴച്ചത് വയലാറിലാണ്്. കാരണം അവിടെ അപ്രതീക്ഷിതമായി പട്ടാളം പ്രയോഗിച്ചത് യന്ത്രത്തോക്കാണ്. ഫലത്തില്‍ ശത്രുവിന്‍െറ ആയുധ ശേഷിയെ തെറ്റായി വിലയിരുത്തിയത് സമരത്തിന് വിനയായി.
വെടിവയ്പ്പ് നടന്ന ഉടന്‍ പലയാനത്തിനാണ് നേതൃത്വം ശ്രമിച്ചത്. ക്യാമ്പുകള്‍ പിരിച്ചുവിടാന്‍ അവര്‍ വേഗത്തില്‍ തീരുമാനമെടുത്തു. മാത്രമല്ല, സര്‍.സി.പിയാകട്ടെ എല്ലാത്തരം ക്രൂരതയും മര്‍ദനവും സൈനിക ആധിപത്യവും ജനങ്ങള്‍ക്ക് മേല്‍ നിഷ്ഠൂരമായി നടപ്പാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും തൊഴിലാളികള്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
പക്ഷേ, ഒരു വിപ്ളവവും ഒരു സമരവും അത്യന്തികമായി പരാജയപ്പെടുന്നില്ല. പരാജയങ്ങള്‍ സമരത്തിന്‍െറ ന്യായയുക്തതെ ഇല്ലാതാക്കുന്നുമില്ല. ഓരോ പരാജയവും വിജയവും പിന്നീടുള്ള മുന്നേറ്റത്തിന്‍െറ ആദ്യ ചുവടുകള്‍ മാത്രം. 1946 ലെ തൊഴിലാളി പണിമുടക്കിന്‍െറയും പുന്നപ്ര-വയലാറിന്‍െറയും അജയ്യയമായ വാരിക്കുന്തമാണ് പിന്നീട് കേരളം നടന്ന വഴികളെ നിശ്ചയിച്ചത്.


സഹായക ഗ്രന്ഥങ്ങള്‍


1. പുന്നപ്ര-വയലാര്‍, കെ.സി.ജോര്‍ജ്, പ്രഭാത് ബുക് ഹൗസ്, 1998
2. സര്‍.സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും-ചരിത്ര രേഖകളിലൂടെ, പ്രൊഫ.എ.ശ്രീധരമേനോന്‍, ഡി.സി.ബുക്സ്,കോട്ടയം,1999
3.പുന്നപ്ര സമരം: ചരിത്രത്തിലെ കഥയും കഥയിലെ ചരിത്രവും, എ.എം.ജോസി, അരശര്‍കടവില്‍, കറന്‍്റ് ബുക്സ്,കോട്ടയം, 2007
4. പുന്നപ്ര-വയലാര്‍ സമരം: അനുഭവങ്ങളിലൂടെ, എഡിറ്റര്‍: ഫാ.അലോഷ്യസ് ഡി ഫെര്‍ണാന്‍്റസ്, ചിന്ത പബ്ളിഷേഴ്സ്, 2006
5. കേരളം: മലയാളികളുടെ മാതൃഭൂമി, ഇ.എം.എസ്, 1948
6. തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍, വോല്യം 4.
7.പുന്നപ്ര-വയലാര്‍: നേരും നുണയും, കെ.എന്‍.കെ. നമ്പൂതിരി, പൂര്‍ണ ബുക്സ്, 2000
8.പുന്നപ്ര-വയലാര്‍: ജ്വലിക്കുന്ന അധ്യായങ്ങള്‍, എം.ടി.ചന്ദ്രസേനനന്‍, ഡി.സി.ബുക്സ്, 1996
9. പുന്നപ്ര-വയലാര്‍: അപ്രിയ സത്യങ്ങള്‍, രവിവര്‍മ തമ്പുരാന്‍, ഡി.സി.ബുക്സ്, 1998
10. പുന്നപ്ര-വയലാര്‍ സമരം: ഒരു ലഘുചരിത്രം, പി.കെ. ചന്ദ്രാനന്ദന്‍, ദേശാഭിമാനി ബുക്ഹൗസ്.
11. പുന്നപ്ര-വയലാര്‍ സമരം: അറിയപ്പെടാത്ത ഏടുകള്‍, എം.എം. വര്‍ഗീസ്, ഡി.സി.ബുക്സ്.
12.പുന്നപ്ര-വയലാര്‍: കനലും കരിക്കട്ടയും, തെക്കുംഭാഗം മോഹന്‍, ഇന്‍്റര്‍നെറ്റ് പബ്ളിക്കേഷന്‍സ്,1998
13. പുന്നപ്ര-വയലാര്‍ സമരങ്ങളുടെ യഥാര്‍ത്ഥ പാഠം, മുരളി, കനല്‍ പ്രസിദ്ധീകരണകേന്ദ്രം
14. പുന്നപ്ര-വയലാര്‍: റിവോള്‍ട്ട് ഓഫ് ദ ഒപ്രസ്ഡ്, ഇംഗ്ളീഷ്, പി.കെ.വി.കൈമള്‍.
15.  പുന്നപ്ര-വയലാര്‍: ചരിത്രത്തില്‍ സംഭവിച്ചതും ചരിത്രകാരനില്‍ സംഭവിച്ചതും, ബിജുരാജ്, മാധ്യമം ആഴ്ചപ്പതിപ്പ്, 2006 നവംബര്‍ 10 മുതല്‍ നാല് ലക്കങ്ങള്‍




അനുബന്ധം-1

തൊഴിലാളികളുടെ ആവശ്യങ്ങള്‍


"സര്‍ സി.പി.യുടെ കിരാത ഭരണത്തിനെതിരായി പടക്കളത്തിലേക്കു മാര്‍ച്ച് ചെയ്യുക' എന്ന തലകെട്ടില്‍ 1946 ഒക്ടോബര്‍ 17 ന് (1122 കന്നി 31 ന്) മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ സെട്ടറി കെ. ദാമോദരന്‍ പ്രസിദ്ധികരിച്ച പ്രസ്താവനയില്‍ ഉന്നയിച്ച 26 ആവശ്യങ്ങള്‍:

1. ദിവസമൊന്നുക്ക് ഒരാള്‍ക്ക് കുറഞ്ഞതു നാഴി അരിയും മറ്റ് ധാന്യങ്ങളും അനുവദിക്കുക
2. കപ്പ, കാച്ചില്‍, ഏത്തക്ക മുതലായ മറ്റ് ഭക്ഷണസാധനങ്ങള്‍ നിയന്ത്രിത വിലക്കു വിതരണം ചെയ്യുക.
3. എല്ലാവര്‍ക്കും തൊഴിലോ തൊഴിലില്ലായ്മ വേതനമോ അനുവദിക്കുക
4. ജീവിക്കുവാന്‍ മതിയാകുന്ന കൂലി നിജപ്പെടുത്തുക
5. മൂന്നുമാസത്തെ കൂലി ബോണസ്സായി അനുവദിക്കുക
6. ശമ്പളത്തോടുകൂടി ഒരു മാസത്തെ അവധി അനുവദിക്കുക.
7. മൂന്നു മാസത്തേയ്ക്ക് പ്രസവകാലവേതനം അനുവദിക്കുക
8. വാര്‍ദ്ധക്യകാലത്തും, രോഗം വരുമ്പോഴും ആവശ്യമായ പരിരക്ഷയും വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ഉതകുന്ന സാമൂഹ്യ രക്ഷാ പദ്ധതികള്‍ ഉണ്ടാക്കുക
9. തൊഴിലാളികളുടെ കുട്ടികള്‍ക്കു പഠിക്കുാവാന്‍ ആഗ്രഹമുള്ളിടം വരെ സൗജന്യ വിദ്യാഭ്യാസം അനുവദിക്കുക.
10. വേല സമയം ആഴ്ചയില്‍ 42 മണിക്കൂറുകള്‍ ആക്കി ചുരുക്കുക
11. പത്തുപേരില്‍ കൂടുതല്‍ പണിയെടുക്കുന്ന എല്ലാ വ്യവസായ ശാലകളും ഫാക്ടറി ആക്റ്റിന്‍െറ പരിധിയില്‍ കൊണ്ടുവരിക
12. കയര്‍ വ്യവസായം പുന:സംഘടിപ്പിക്കുക
13. കയര്‍ തൊഴിലാളികളെ ഇടത്തട്ടുകാരില്‍നിന്നും രക്ഷിക്കാന്‍ വേണ്ടി കയറു ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഡിപ്പോള്‍ സ്ഥാപിക്കുക.
14. പട്ടാളത്തില്‍ നിന്നും ആസാമില്‍ നിന്നുംയുദ്ധസേവനം കഴിഞ്ഞുവരുന്നവര്‍ക്ക് തൊഴിലുകൊടുക്കുവാന്‍ ഉതകുന്ന തരതില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുക
15. ചെറുകൃഷിക്കാരെ നെല്ളെടുപ്പില്‍നിന്നും ഒഴിവാക്കുക
16. ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ ജനകീയ കമ്മിറ്റികളെ ഏല്‍പ്പിക്കുക.
17. തരിശുഭൂമികളും ചതുപ്പുനിലങ്ങളും കൃഷിക്കാര്‍ക്കു പതിച്ചുകൊടുത്ത് കൃഷിചെയ്യിപ്പിക്കുകയും അപ്രകാരം ആഹാര കാര്യത്തില്‍ തിരുവിതാംകൂറിനെ സ്വയം പര്യാപ്തമാക്കുകയും ചെയയുക
18. പ്യൂണ്‍സ്, പൊലീസ്, പട്ടാളം തുടങ്ങിയ കീഴ്ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ ശമ്പളം 50 ഉറുപ്പികയായി നിജപ്പെടുത്തുക
19. 500 ഉറുപ്പികയില്‍ കവിഞ്ഞ എല്ലാ ശമ്പള റെയിറ്റും വെട്ടിച്ചുരുക്കുക
20. ചെറുതുംവലുതുമായ ഉദ്യോഗസ്ഥന്മാരും വന്‍കിട കച്ചവടക്കാരും അന്യായമായി യുദ്ധകാലത്ത് ഉണ്ടാക്കിയിട്ടുള്ള എല്ലാ അന്യായ സമ്പത്തുകളും കണ്ടുകെട്ടുകയും പിടിച്ചെടുക്കുകയും ചെയ്യുക.
21. കരിഞ്ചന്തക്കാരെയും അതിനു കുട്ടുനിന്ന ഉദ്യോഗസ്ഥന്‍മാരെയും പരസ്യമായി വിസ്തരിച്ചു ശിക്ഷിക്കണം.
22. എല്ലാ രാഷ്ട്രീയതടവുകാരെയും നിരുപാധികമായി വിട്ടയക്കണം.
23. തിരുവിതാംകൂറിന്‍െറ ഭാവിഭരണഘടനയ്ക്ക് രൂപം നിശ്ചയിക്കുന്നതിനു പ്രായപൂര്‍ത്തിവോട്ടവകാശത്തിന്‍െറ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി സഭ രൂപീകരിക്കണം
24. ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കണം
25. ദിവാന്‍ ഭരണം അവസാനിപ്പിക്കണം
26. എല്ലാ കക്ഷികള്‍ക്കും, താല്പര്യങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും പ്രതിനിധ്യമുള്ള ഇടകകാല ഗവണ്‍മെന്‍റ് സ്ഥാപിക്കണം





അനുബന്ധം-2


എ.ടി.ടി.യു.സി. സര്‍ക്കുലര്‍

സഖാവെ,

അടുത്തിടെ, തിരുവിതാംകൂര്‍ സര്‍ക്കാര്‍ തൊഴിലാളി സംഘടനയ്ക്കും അതിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കുമെതിരെ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. എ.ടി.ടി.യു.സിയുടെ അവസാന പ്രത്യേക സമ്മേളനം സര്‍ക്കാരിന്‍െറ ഈ നയം സമരത്തിലൂടെ മാത്രമേ മാറ്റാനാകൂവെന്ന നിഗമനത്തില്‍ എത്തിയിരുന്നു. സമരത്തിന്‍െറ തീയതി നിശ്ചയിക്കാനുള്ള അധികാരം ആക്ഷന്‍കമ്മിറ്റിക്ക് നല്‍കിയിട്ടുണ്ട്. എ.ടി.ടി.യു.സി. സൗഹാര്‍ദപരമായ ഒത്തുതീര്‍പ്പിന് വേണ്ടി കാത്തിരുന്നുവെങ്കിലും ഇതിനിടയില്‍ ചേര്‍ത്തലയിലെ കാര്യങ്ങള്‍ വഷളായി. പട്ടംതാണുപിള്ളയും ടി.എം. വര്‍ഗീസും ചേര്‍ത്തലയിലെ സംഭവവികാസങ്ങളില്‍ ഇടപെട്ട് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഒരു വശത്ത് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിയാലോചന നടത്തുകയും മറുവശത്ത് ചേര്‍ത്തല കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍,അമ്പലപ്പുഴ മത്സ്യത്തൊഴിലാളി യൂണിയന്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് തൊഴിലാളി സംഘടനയെയും അതിന്‍െറ മുന്നേറ്റത്തെയും അടിച്ചമര്‍ത്താനുള്ള നയത്തിന്‍െറ മുന്നോടിയാണെന്നും, സര്‍ക്കാരിന് സമാധാന നയത്തില്‍ സത്യസന്ധതയില്ളെന്നുമേ കണക്കാക്കാനാവൂ. ഇതുവെറുതെ കാഴ്ചക്കാരായി കല്‍ിരിക്കാന്‍ അധ്വാനിക്കുന്ന വര്‍ഗത്തിന് കഴിയില്ല. അതിനാല്‍ എ.ടി.ടി.യു.സിയുടെ പേരില്‍ ഞാന്‍ എല്ലാ യൂണിനുകളോടും അഞ്ചാംതീയതി ചൊവ്വാഴ്ച മുതല്‍ (22-10-46) പൊതു പണിമുടക്ക് നടത്താന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഓരോ യൂണിയനുകളും തങ്ങളുടെ പ്രത്യേക ആവശ്യങ്ങള്‍ ഇതിനൊപ്പം കൂട്ടിചേര്‍ത്ത് ഉന്നയിക്കുകയും മുന്നോട്ടുപോകുകയും ചെയ്യണം. ഈ ആവശ്യങ്ങളും താഴെസൂചിപ്പിച്ചിരിക്കുന്നതും അംഗീകരിക്കുന്നതുവരെ എല്ലാ യൂണിയനുകളും എ.ടി.ടി.യു.സി.യുടെ കൊടിക്കൂറക്ക് കിഴിലും തങ്ങളുടെ സ്വന്തം യൂണിയനുകളുടെ കൊടിക്കൂറക്ക് കീഴിലും ഉറച്ചുനില്‍ക്കുകയും സമരം തുടരുകയും വേണം.

അടിയന്തരാവശ്യങ്ങള്‍

1.ദിവസമൊന്നുക്ക് ഒരാള്‍ക്ക് കുറഞ്ഞതു നാഴി അരിയും മറ്റ് ധാന്യങ്ങളും അനുവദിക്കുക
2. സംഭരണം, വിതരണം എന്നിവ ജനകീയ കമ്മിറ്റികളെ ഏല്‍പ്പിക്കുക.
3. ഭക്ഷ്യവിതരണം സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം ഭക്ഷ്യ വകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ പര്‍ച്ചേസുകളുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുക.
4. എല്ലാ വ്യവസായങ്ങളെയും അംഗീകരിക്കുക
5.  വേല സമയം ആഴ്ചയില്‍ 40 മണിക്കൂറുകള്‍ ആക്കി ചുരുക്കുക
6.വാര്‍ദ്ധക്യകാലത്തും, രോഗം വരുമ്പോഴും ആവശ്യമായ പരിരക്ഷയും വൈദ്യസഹായവും ലഭ്യമാക്കുന്നതിന് ഉതകുന്ന സാമൂഹ്യ രക്ഷാ പദ്ധതികള്‍ ഉണ്ടാക്കുക
7.എല്ലാവര്‍ക്കും തൊഴിലോ തൊഴിലില്ലായ്മ വേതനമോ അനുവദിക്കുക
8.മൂന്നുമാസത്തെ കൂലി ബോണസ്സായി അനുവദിക്കുക
9. നിലവിലെ എല്ലാ തൊഴില്‍ നിയമങ്ങളും ദേഭഗതിചെയ്യുകയും പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക
10. അടിസ്ഥാന വേതനം വര്‍ധിപ്പിക്കുക
11. യുദ്ധത്തിന് മുമ്പുള്ള പാട്ടം, വാരം സമ്പദ്രായം ഇല്ലായ്മ ചെയ്യുക
12. ഭൂവസ്തുവകകള്‍ക്കുമേല്‍ സ്ഥായിയായ അവകാശം അനുവദിക്കുക
13. നിയമനിര്‍മാണത്തിലൂടെയുള്ള കുടിയൊഴിപ്പിക്കല്‍ നിരോധിക്കുക
14. യുദ്ധകാലത്ത് കരിഞ്ചന്തയിലൂടെ ഉണ്ടാക്കിയ എല്ലാ അന്യായ സമ്പത്തുകളും പിടിച്ചെടുക്കുക
15.നീക്കിവച്ച ഭൂമികള്‍  രജിസ്റ്റര്‍ ചെയ്യുകയും കൃഷിക്കാരെ സഹായിക്കുകയും ചെയ്യുക
16.  പട്ടാളം, ക്ളര്‍ക്ക്, പൊലീസ്, പ്യൂണ്‍ എന്നിവര്‍ക്ക് കുറഞ്ഞ വേതനം 50 രൂപയായി നിജപ്പെടുത്തുക
17.500 ഉറുപ്പികയില്‍ കവിഞ്ഞ എല്ലാ ശമ്പള റെയിറ്റും വെട്ടിച്ചുരുക്കുക
18.ചെറുതുംവലുതുമായ ഉദ്യോഗസ്ഥന്മാരും വന്‍കിട കച്ചവടക്കാരും അന്യായമായി യുദ്ധകാലത്ത് ഉണ്ടാക്കിയിട്ടുള്ള എല്ലാ അന്യായ സമ്പത്തുകളും കണ്ടുകെട്ടുകയും പിടിച്ചെടുക്കുകയും ചെയ്യുക.
19. ജനമര്‍ദകരായ ഉദ്യോഗസ്ഥരെ പരസ്യമായി വിചാരണ ചെയ്യുക
20. ദിവാന്‍ ഭരണം എന്നന്നേക്കുമായി അവസാനിപ്പിക്കുക
21. പട്ടാളത്തെ പിന്‍വലിക്കുക
22. എല്ലാ നിരോധന ഉത്തരവുകളും റദ്ദുചെയ്യുക
23. പൗരാവകാശം നിഷേധിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുക
24.  പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക
25.  എല്ലാ രാഷ്ട്രീയതടവുകാരെയും നിരുപാധികമായി വിട്ടയക്കണം.
26. ഇന്ത്യന്‍ ഭരണഘടന രൂപീകരണ സമിതിയിലേക്ക് ജനപ്രതിധികളെ അയക്കണം
27.എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചുകൊണ്ടും പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍െറ പേരില്‍ പ്രതിനിധികളെ തെരഞ്ഞെടുത്ത്, ഇടക്കാല സര്‍ക്കാര്‍  സ്ഥാപിക്കുക.

ടി.വി. തോമസ്
പ്രസിഡന്‍റ്, എ.ടി.ടി.യു.സി

ആലപ്പുഴ
4-3-22/ 21-10-46



പച്ചക്കുതിര, 2016 ഒക്ടോബര്‍ 


                                                                                                                                                                                                                                                                                                                                                                 








No comments:

Post a Comment