Friday, April 8, 2011

'അക്രമം ഒരു അടഞ്ഞ തെരുവ്'

സംഭാഷണം

ഡോള്‍കുന്‍ ഇസ/സേതുദാസ്

ഏറ്റവും അപകടകാരിയായ പതിനൊന്ന് തീവ്രവാദികളില്‍ ഒരാളായി ചൈനീസ് ഭരണകൂടം വിശേഷിപ്പിക്കുന്ന ഡോള്‍കുന്‍ ഇസ തന്റെ ജനതയെപ്പറ്റി, വിമോചനത്തെപ്പറ്റി, ചൈനയെപ്പറ്റി സംസാരിക്കുന്നു.'അക്രമം ഒരു അടഞ്ഞ തെരുവ്'


ചൈനീസ് ഭരണകൂടത്തിന് ഭീകരവാദിയാണ് ഡോള്‍കുന്‍ ഇസ. 'രാജ്യ'ത്തെ ഏറ്റവും അപകടകാരിയായ പതിനൊന്ന് കൊടും തീവ്രവാദികളില്‍ ഒരാള്‍. ചൈനയിലെ സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖലയില്‍ 'കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ വിമോചന സംഘടന'യുടെ പേരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നതാണ് ഡോള്‍കുന്‍ ഇസയ്ക്കുമേല്‍ ആരോപിക്കപ്പെടുന്ന കുറ്റം.
ചൈനയ്ക്കുള്ളില്‍, കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടന്നുവരുന്ന വിമോചനപോരാട്ടങ്ങളെക്കുറിച്ച് ലോകത്തിന് അധികം അറിവില്ല. അവര്‍ ഏത് ജനതയെന്നത് പരിഗണനാ വിഷയമായിട്ടുണ്ടെന്നും തോന്നുന്നില്ല. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ (സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖല)ലെ ജനങ്ങള്‍ ചൈനക്കാരല്ല. തുര്‍ക്കികളാണ്. മധ്യ ഏഷ്യയില്‍ നിന്ന് ഉദയം ചെയ്ത, തുര്‍ക്കിഭാഷ സംസാരിക്കുന്നവരുടെ ദേശമാണിത്. ചൈനീസ് അധികാരികള്‍ പറയുന്നത് ആകെ 90 ലക്ഷം ഉഗ്യൂറുകളേയുള്ളൂവന്നാണ്. എന്നാല്‍, രണ്ടുകോടി വരും ഉഗ്യൂര്‍ മുസ്‌ളീം ജനങ്ങളുടെ എണ്ണം. 200 വര്‍ഷങ്ങള്‍ക്കിടയില്‍ പലവട്ടം കിഴക്കന്‍ തുര്‍ക്കിസ്ഥാനെ ചൈന അധിനിവേശപ്പെടുത്തിയിട്ടുണ്ട്. 1949 ലാണ് അവസാന അധിനിവേശം നടക്കുന്നത്. ശരിക്കും പറഞ്ഞാല്‍ മാവോയുടെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരത്തിലേറുന്നതോടെയാണ് ഉഗ്യൂര്‍ ജനതയുടെ ദുരിതം തുടങ്ങുന്നത്. ചൈനീസ് ജനകീയ വിമോചന സേന (പി.എല്‍.എ) കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ റിപ്പബ്ലിക്കിന്റെ സ്വാതന്ത്ര്യം അവസാനിപ്പിച്ച്, കടന്നു കയറി. അതിനുശേഷം ആറുപതിറ്റാണ്ടായി ഉഗ്യൂറുകളും കുടിയേറ്റക്കാരായ ഹാന്‍ ചൈനീസ് വംശജരും തമ്മില്‍ പോരാട്ടം നടക്കുകയാണ്. ഹാന്‍ വംശത്തിന്റെ ചിട്ടയായ അധിനിവേശം ഉഗ്യൂര്‍ ജനതയെ സ്വന്തം മണ്ണില്‍ ന്യൂനപക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. 1955ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉഗ്യൂറുകള്‍ക്ക് സ്വയം ഭരണം വാഗ്ദാനം ചെയ്യുകയും സിന്‍ജിയാങ്- ഉഗ്യൂര്‍ സ്വയംഭരണമേഖല സൃഷ്ടിക്കുകയും ചെയ്തു.
ഉഗ്യൂറുകളുടെ പോരാട്ടത്തെ നയിക്കുന്നത് ലോക ഉഗ്യൂര്‍ കോണ്‍ഗ്രസ് (ഡബ്‌ള്യു.യു.സി) ആണ്. സംഘടനയുടെ നേതൃത്വം ഡോള്‍കുന്‍ ഇസയ്ക്കാണ്. അദ്ദേഹമാണ് സെക്രട്ടറി ജനറല്‍. ചൈനീസ് തടവറയില്‍ അഞ്ചുവര്‍ഷക്കാലം ഏകാന്ത തടവിലടക്കപ്പെട്ട റബിയ കദീര്‍ എന്ന വനിതാ നേതാവാണ് 2004 ല്‍ മ്യൂണിക്കില്‍ സംഘടന രൂപീകരിച്ചത്. സ്വാതന്ത്ര്യവും ജനാധിപത്യവുമാണ് മുദ്രാവാക്യം. സിന്‍ജിയാങ് സര്‍വകാലാശാലയില്‍ 1984 മുതല്‍ 1988 വരെ ഫിസിക്‌സ് വിദ്യാര്‍ത്ഥിയായിരുന്നു ഡോള്‍കുന്‍. അണവ പരീക്ഷണങ്ങള്‍ക്കെതിരെയായിരുന്നു ആദ്യ പ്രകടനം. 1964 മുതല്‍ 1996വരെ കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ 46 തവണ ചൈന ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. മുപ്പതിനായിരം പേര്‍ ആണവവികരണമേറ്റു മരിച്ചുവെന്ന വസ്തുത ഭരണകൂടം ഒളിപ്പിച്ചു. ഇതിനെതിരെയുള്ള പ്രതിഷേധം വലിയ തോതില്‍ ഉഗ്യൂറുകളെ ചലിപ്പിച്ചു. കസാക്കുകള്‍, ഉഗ്യൂറുകള്‍, താജിക്കുകള്‍ എന്നിവര്‍ക്ക് നേരെയുളള വിവേചനം അവസാനിപ്പിക്കാനായിരുന്നു മറ്റൊരു പ്രകടനം.
1988 ലെ വിദ്യാര്‍ത്ഥി പ്രക്ഷോഭകാലത്ത് സര്‍വകലാശാലയില്‍ നടന്ന ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ നേതാവായിരുന്നു ഡോള്‍കുന്‍. അവിടെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. അതോടെ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. തുടര്‍ന്ന് തുര്‍ക്കിയിലെ ഗാസി സര്‍വകലാശാലയില്‍ ചേര്‍ന്ന് രാഷ്ട്രതന്ത്രത്തിലും സോഷ്യോളജിയിലും മാസ്റ്റര്‍ ബിരുദം നേടി. ഭരണകുടം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നുവെങ്കിലും ഉഗ്യൂര്‍ ജനതയുടെ അവകാശങ്ങള്‍ക്കുവേണ്ടി ഡോള്‍കുന്‍ പോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ രാജ്യത്തിന് പുറത്ത് നിന്ന് വിമോചനപോരാട്ടത്തെ നയിക്കുകയാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ഭരണാധികാരത്തോടാണ്് ഉഗ്യൂറുകള്‍ എതിരിടുന്നത്. മൃഗീയ അടിച്ചമര്‍ത്തലിനെയും സാംസ്‌കാരിക കൂട്ടക്കൊലയെയും അതിജീവിച്ച്, പരാജയപ്പെടാന്‍ വിസമ്മതിച്ച് ഉഗ്യൂര്‍ ജനത നിലകൊള്ളുന്നു. 2009 ല്‍ അവര്‍ വലിയ ഉയര്‍ത്തെഴുന്നേല്‍പ്പു സംഘടിപ്പിച്ചു. ഭീകരമായ സൈനിക അടിച്ചമര്‍ത്തലായിരുന്നു പിന്നീട് ലോകം കണ്ടത്്. ഔദ്യോഗിക കണക്കുപ്രകാരം 197 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ആയിരം കവിയും.
ഉഗ്യൂര്‍ ആസ്ഥാനത്ത് വച്ചാണ് ഡോള്‍കുന്‍ ഇസയുമായി ഈ കൂടിക്കാഴ്ച നടക്കുന്നത്. കൊടും തീവ്രവാദിയെന്ന് വിശേഷിക്കപ്പെട്ടയാള്‍ കാഴ്ചയില്‍ സൗമ്യന്‍. മാന്യമായ പെരുമാറ്റം. സംസാരം തികഞ്ഞ നയന്ത്രജ്ഞതയോടെ. ചൈനീസ് മാധ്യമങ്ങളും ഭരണകൂടവും വിശേഷിപ്പിക്കുന്നതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായ ഒരു ജനനായകനെയാണ് അഭിമുഖക്കാരന്‍ കണ്ടത്. ഡോള്‍കുനുമായി നടത്തിയ ഹൃസ്വ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:


സേതുദാസ്: കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെ തലസ്ഥാനമായ ഉറുമാച്ചിയില്‍ 2009 ല്‍ നടന്ന ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷം ചൈനീസ് ഭരണകൂടം ശക്തമായ അടിച്ചമര്‍ത്തല്‍ നടത്തുന്നതായി അറിയാം. എന്താണ് ഉഗ്യൂര്‍ ജനതയുടെ ഇപ്പോഴത്തെ അവസ്ഥ?

ഉറുമാച്ചിയിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനുശേഷം ചൈനീസ് ഭരണകൂടം ഉഗ്യൂര്‍ ജനതയ്‌ക്കെതിരെയുള്ള യുദ്ധം ശക്തമാക്കിയിരിക്കുകയാണ്. 1,30,000 സൈനികരെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ചൈനീസ് സര്‍ക്കാര്‍ ഉഗ്യൂര്‍ വിമത നീക്കത്തിന്റെ എല്ലാ രൂപങ്ങള്‍ക്കെതിരെയും നിഷ്ഠൂരമായ അടിച്ചമര്‍ത്തല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഉഗ്യൂര്‍ ജനതയുടെ സമാധാനപരമായ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളെ കടുത്ത രീതിയിലാണ് ചൈന നേരിടുന്നത്. എല്ലാത്തരത്തിലുള്ള മതപ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തുകയാണ്. കൂടാതെ ഉഗ്യൂര്‍ സംസ്‌കാരത്തെയും സ്വത്വത്തെയും ഇല്ലാതാക്കാനും, ഉഗ്യൂര്‍ ഭാഷയുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കാനുമുളള ശ്രമങ്ങള്‍ തുടരുന്നു. ഉഗ്യൂര്‍ മേഖലയിലെ മനുഷ്യാവകാശ സാഹചര്യം 2009 ലെ സംഭവങ്ങള്‍ക്കുശേഷം വളരെയധികം മോശമായിട്ടുണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യവകാശ സംഘടനകള്‍ ഈ സാഹചര്യങ്ങളെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഉഗ്യൂര്‍ ജീവിത്തിന്റെ എല്ലാ മേഖലകളിലും കടുത്ത നീരീക്ഷണത്തിന് വിധേയരാണ്. അക്ഷരാര്‍ത്ഥത്തില്‍ സ്വതന്ത്രമായ ശ്വാസം വിടാന്‍പോലും അവിടെ ഒരു സാധ്യതയുമില്ല.

കിഴക്കന്‍ തുര്‍ക്കിസ്ഥാന്റെ പ്രശ്‌നത്തിന് സംവാദങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും സമാധാനപരമായ പരിഹാരം സാധ്യമാക്കുകയാണ് ലോക ഉഗ്യൂര്‍ കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യം . ലോകത്തിന്റെ ഏറ്റവും ശക്തമായ ഒരു സൈനിക ഭരണകൂടത്തോട് എതിരിടുമ്പോള്‍ താങ്കള്‍ 'ചര്‍ച്ചകളെ'പ്പറ്റി എത്രത്തോളം ശുഭാപ്തി വിശ്വാസിയാണ്?

ലോക ഉഗ്യൂര്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും പരസ്യമായി ചൈനീസ് അധികാരികളോട് ആവശ്യപ്പെട്ടത് കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഉഗ്യൂറുകളുമായി ചര്‍ച്ചകളാരംഭിക്കമെന്നാണ്. 2010 ഏപ്രിലില്‍ ബ്രസല്‍സിലും ബല്‍ജിയത്തിലും യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലുമെല്ലാം ഞങ്ങള്‍ ഇതാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചൈനീസ് അധികാരികള്‍ ഈ നിര്‍ദേശത്തോട് പ്രതികരിച്ചിട്ടില്ല. അവരത് സമീപ ഭാവിയില്‍ ചെയ്യുമെന്നും ഞാന്‍ കരുതുന്നില്ല. അതിനാല്‍ ഔദ്യോഗിക സംഭാഷണത്തെപ്പറ്റിയുള്ള ഞങ്ങളുടെ കാഴ്പ്പാടുകള്‍ ഇപ്പോള്‍ അശുഭാപ്തികരമാണ്. എന്നാല്‍, ഞങ്ങള്‍ ഈ നിര്‍ദേശങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അക്രമരഹിതവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ സമരം തുടരുകയും ചെയ്യും.

റബിയ കദീറിന്റെ നേതൃതത്ത്രിലുള്ള ഉഗ്യൂര്‍ ജനതയുടെ സമാധാന ശ്രമങ്ങള്‍ക്ക് വിരുദ്ധമായി കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ പോരാട്ടം അക്രമാസക്തമായി തുടരുകയാണ്്. കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ജനങ്ങളും ഉഗ്യൂര്‍ നേതാക്കള്‍ സ്വീകരിച്ച പാതയും തമ്മില്‍ വൈരുദ്ധ്യമുള്ളതായി തങ്കള്‍ക്ക് തോന്നുന്നുണ്ടോ?

കിഴക്കന്‍ തുര്‍ക്കിസ്ഥാനിനുള്ളിലെ സമരങ്ങള്‍ അക്രമാസക്തമല്ല. ശരിയാണ്, അവിടെ മുമ്പ് ചില അക്രമാസക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, അവ വ്യക്തപരമായ തലത്തിലാണ് നടന്നത്. അതിന് ഉഗ്യൂര്‍ ജനതയുടെ മൊത്തത്തിലുള്ള പിന്തുണയുണ്ടായിരുന്നില്ല. ചൈനീസ് അധികാരികള്‍ ഉഗ്യൂര്‍ ജനതയുടെ സമാധാനപരമായ രാഷ്ട്രീയ-മതപര-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ എന്നും 'മൂന്ന് തിന്‍മ'കളുമായി തുലനപ്പെടുത്തിയാണ് പറയുന്നത്. അതായത് ഭീകരവാദം, വിഘടനവാദം, മത തീവ്രവാദം എന്നിവയുമായി. ഈ 'മൂന്ന് തിന്‍മകളെ' ഇല്ലാതാക്കാനെന്ന പേരില്‍ അവര്‍ ഉഗ്യൂറുകളെ പീഡിപ്പിക്കുകയാണ്. അതിനാല്‍ ഉഗ്യൂറുകളെപ്പറ്റിയും അവരുടെ പോരാട്ടങ്ങളെപ്പറ്റയും തെറ്റായ ധാരണകള്‍ ബാഹ്യലോകത്ത് വികസിച്ചിട്ടുണ്ട.് ഇന്ന് കിഴക്കന്‍ തുര്‍ക്കിസ്ഥാനില്‍ നടക്കുന്ന കാര്യങ്ങള്‍ ശരിക്കും നിങ്ങള്‍ക്ക് മനസിലാക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ മൂല കാരണങ്ങള്‍ തേടണം. 2009 ജൂലൈയിലുണ്ടായ ഭീകരമായ സംഭവങ്ങളുടെ മൂല കാരണങ്ങള്‍ കുടികൊള്ളുന്നത് ചൈനീസ് സര്‍ക്കാര്‍ നീണ്ടകാലമായി ഉഗ്യോറുകളോട് സ്വീകരിക്കുന്ന വിവേചനപരമായ നയങ്ങളിലും, അവരുടെ മതം രാഷ്ട്രീയം, വിദ്യാഭ്യാസം, ഭാഷ, സാമ്പത്തിക അവകാശങ്ങള്‍ എന്നിവയ്ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ അങ്ങേയറ്റം മോശമായ അടിച്ചമര്‍ത്തലിലുമാണ്്. അതിനര്‍ത്ഥം ഉഗ്യൂറുകള്‍ ഇന്ന് തുറന്ന ജയിലില്‍ കഴയുന്നുവെന്നാണ്. അത് സാമൂഹ്യപരമായ സംഘര്‍ഷങ്ങള്‍ കൂട്ടുകയും അക്രമത്തിലേക്കും നീക്കുകയും ചെയ്യും. ഇതു പറയുമ്പോള്‍ ഞാന്‍ അക്രമത്തിന് അനുകൂലമായി ഒഴികഴിവുകള്‍ കണ്ടെത്തുകയല്ല. പകരം അതിനു പിന്നിലെ കാരണങ്ങള്‍ പറയുകയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ അക്രമം ഒരറ്റം അടഞ്ഞ തെരുവാണ് (ഡെഡ് എന്‍ഡ് സ്ട്രീറ്റ്). അതിനാല്‍ തന്നെ ഡബ്ല്യു.യു.സി അക്രമാസ്‌ക്തമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു.


ചൈന ആരോപിക്കുന്നത് സിന്‍ജിയാങ്-ഉഗ്യൂര്‍ സ്വയംഭരണ മേഖലയിലെ തീവ്രവാദ സംഘങ്ങള്‍ അല്‍ക്വയ്ദ, മുന്‍സോവിയറ്റ് യൂണിയനിലെയിലെയും ചെച്‌നിയിയിലെയും ഇസ്ലാമിക ഗ്രുപ്പുകള്‍, താലിബാന്‍ എന്നിവയില്‍നിന്ന് പരിശീലനവും പ്രചോദനവും നേടുന്നതായിട്ടാണ്. എന്താണ് ഇതിനോടുള്ള താങ്കളുടെ പ്രതികരണം?

കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെപ്പറ്റി പരമാര്‍ശിക്കുമ്പോള്‍ ചൈന ഉദ്ദേശിക്കുന്നത് കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ഇ.ടി.ഐ.എം) പോലുള്ള സംഘടനയെയാണ്. എന്നാല്‍, പല വിദഗ്ധരും അക്കാമീഷ്യന്‍മാരും ഇത്തരം ഗ്രൂപ്പുകളുടെ നിലനില്‍പ്പിനെപ്പറ്റി ഗൗരവകരമായ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അവര്‍ ചിന്തിക്കുന്നത് ഇവയെ ചൈനീസ് അധികാരികള്‍ തന്നെ സൃഷ്ടിച്ചതായിട്ടാണ്; ഉഗ്യൂര്‍ ജനതയെ പീഡിപ്പിക്കാന്‍ ഒരു കാരണം കണ്ടെത്താനായി.

ചൈനയുടെ മറ്റൊരു ആരോപണം ഉഗ്യൂറുകള്‍ക്ക് ദലൈലാമയുടെയും തായ്‌വാന്‍െയും തുര്‍ക്കി ഇറ്റലിന്‍ജര്‍സ് ഏജന്‍സികളുടെയും പിന്തുണയുണ്ടെന്നാണ്? എന്തു പറയുന്നു.

ദലൈലാമ തീര്‍ച്ചയായും ഉഗ്യൂര്‍ പോരാട്ടങ്ങളോട് സഹാനുഭൂതിയുള്ള വ്യക്തിയാണ്. ചൈനീസ് അധികാരികളുടെ അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സമാനമായ ചരിത്രമാണ് തിബത്തന്‍കാര്‍ക്കും ഉഗ്യൂറുകള്‍ക്കുമുള്ളത്. താങ്കള്‍ക്കറിയാവുന്നതുപോലെ ദലൈലാമയും തിബത്തന്‍കാരും നടത്തുന്നത് ഞങ്ങള്‍ ചെയ്യന്നതുപോലെ സമാധാനപരവും അക്രമരഹിതവുമായ സമരമാണ്. തായ്‌വാനിലെയും തുര്‍ക്കിയിലെയും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മുന്‍കാലങ്ങളില്‍ ഞങ്ങളെ പിന്തുണച്ചിരുന്നു.

അറബ് രാജ്യങ്ങളിലെ ഉയര്‍ത്തെഴുന്നേല്‍പ്പുകളുടെ പശ്ഛാത്തലത്തില്‍ സമാനമായ ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ഭയന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്‍ജിയാങ്ങ് മേഖലില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായി കേള്‍ക്കുന്നു. ചൈനയിലെ പല ഭാഗങ്ങളിലും വിപ്ലവ ശ്രമങ്ങള്‍ നടക്കുന്നുണ്ടോ?

അറബ് ലോകത്തേതിന് സമാനമായ വിപ്ലവങ്ങക്ക് ചൈനയില്‍ സമയമായി എന്നു ഞാന്‍ കരുതുന്നില്ല. അതിന് കുറച്ചുകൂടി സമയമെടുക്കും. ചൈനീസ് പൗരന്‍മാര്‍ തയ്യാറാതെ അത്തരം സംഭവങ്ങള്‍ ചൈനയില്‍ സാധ്യമല്ല. ഈ നിമിഷത്തില്‍, രാജ്യത്തിനുമേലുളള പാര്‍ട്ടിയുടെ നിയന്ത്രണം ശക്തമാണ്. അവര്‍ വിമതരെ കടുത്ത രീതിയില്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്നുണ്ട്. എന്നാല്‍, ചൈനയിലെ വിമത ശബ്ദങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണ്് ചൈനയില്‍ അധികം വൈകാതെ തന്നെ തന്നെ ശക്തമായ സാമൂഹ്യ, രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കന്നത്.


അമേരിക്ക സിന്‍ജിയാങ്ങിലെ ഉഗ്യൂര്‍ ജനതയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നുണ്ട്. അതേ സമയം ചൈനയെ അമേരിക്ക 'ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധ'ത്തില്‍ തന്ത്രപരമായ പങ്കാളികളാക്കുകയും ബീജിംഗില്‍ എഫ്.ബി.ഐ. ലീഗല്‍ അനുബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. കിഴക്കന്‍ തുര്‍ക്കിസ്ഥാന്‍, തിബത്ത് എന്നിവയുടെ കാര്യത്തില്‍ അമേരിക്കയുടെ നിലപാട് അവരുടെതന്നെ വിദേശ നയവുമായി വൈരുദ്ധ്യമുണ്ടോ? അവരുടെ ശരിയായ താലപര്യം ചൈനീസ് നേതൃത്വത്തെ തകര്‍ക്കുകയാണ്, അല്ലാതെ; മര്‍ദിത ജനതയുടെ മോചനമല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നില്ലേ?

ചൈനയോടുളള അമേരിക്കയുടെ പെരുമാറ്റത്തില്‍ അത്ഭുതമൊന്നുമില്ല. ചൈനയുമായി പോസ്റ്റീവായ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്ന മറ്റേതൊരു രാജ്യത്തെയും പോലെ അമേരിക്കയും ചൈനീസ് അധികാരികളുമായി പല തലങ്ങളിലും ബന്ധം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ലോകമെമ്പടുമുളള പല സര്‍ക്കാരുകളുടെ വിദേശ നയവും മനുഷ്യാവകാശ താലപര്യങ്ങളും തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ട്. പല പാശ്ചാത്യ രാജ്യങ്ങളും സ്വന്തം ജനതയ്ക്കും ഉഗ്യൂറുകള്‍ക്കും നേരെയുള്ള ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നുണ്ട്. അതേ സമയം അവര്‍ ചൈനയുമായി മെച്ചപ്പെട്ട സാമ്പത്തിക ബന്ധങ്ങള്‍ക്കും ശ്രമിക്കുന്നു. ഇതൊരു വൈരുദ്ധ്യമാണോ? തീര്‍ച്ചയയായും അതെ. പക്ഷേ നിര്‍ഭാഗ്യകാരമെന്നുപറയാം ഇതേ രീതിയിലാണ് രാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുതക്ക് വിരുദ്ധമായി രാഷ്ട്രീയത്തിലെ പല ജനങ്ങളും ഞങ്ങളുടെ ലക്ഷ്യത്തെ ഉറച്ചരീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ പിന്തുണ ഞങ്ങള്‍ക്ക് വളരെ അവശ്യമാണ്. അതിനോട് ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.്്


------
'ഫ്രണ്ട് ഓഫ് തിബത്ത്' എന്ന സംഘടനയുടെ സ്ഥാപകനും ആക്റ്റിവിസ്റ്റുമണ് കൊച്ചി സ്വദേശിയായ സേതു ദാസ്. ഡിസൈന്‍ ആന്‍ഡ് പീപ്പിളിന്റെ സ്ഥാപകരിലൊരാളാണ്.

പരിഭാഷ: ആര്‍.കെ.ബിജുരാജ്

Pachakkuthira
2010 April

No comments:

Post a Comment