

സംഭാഷണം
സൈമണ്‍ ബ്രിട്ടോ/ ആര്‍.കെ.ബിജുരാജ്
പി.ടി. തോമസ്, തോമസ് ഐസക്, അഭിമന്യു, മഹാരാജാസ്
കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ ഏതു ചര്‍ച്ചയിലും അറിഞ്ഞും അറിയാതെയും സൈമണ്‍ ബ്രിട്ടോ കടന്നുവരും. കാരണം, സൈമണ്‍ ബ്രിട്ടോ ഒരു സൂചകമാണ്, അതേ സമയം ഐക്കണും. പ്രക്ഷുബ്ധമായ, വിപ്ളവപ്രതീക്ഷകള്‍ നിറഞ്ഞു നിന്ന കാലത്തിന്‍െറ സ്പന്ദനങ്ങള്‍ ഏറ്റവാങ്ങിയ വിദ്യാര്‍ഥി നേതാവ്. കൊലക്കത്തിക്ക് ഇരയായി ജീവിതം ചക്രക്കസേരയിലേക്ക് പറിച്ചുവയ്ക്കേണ്ടിവന്ന ഒരാള്‍. വിദ്യര്‍ഥി പ്രസ്ഥാനത്തിനൊപ്പം അഞ്ചരപതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ്. അതിനാല്‍ തന്നെ ഇപ്പോള്‍ നമുക്ക് ബ്രിട്ടോവിന്‍െറ അടുക്കലേക്ക് തന്നെ പോകാം. മഹാരാജാസ് കോളജില്‍ അഭിമന്യു എന്ന വിദ്യാര്‍ഥി (പ്രവര്‍ത്തകന്‍) കൊല്ലപ്പെട്ട സാഹചര്യത്തില്‍ ചില ചോദ്യങ്ങള്‍ ഉന്നയിക്കാന്‍. നാല് പതിറ്റാണ്ടുകളില്‍ കലാലയ രാഷ്ട്രീയവും വിദ്യാര്‍ഥി പ്രസ്ഥാനവും എങ്ങനെയാണ് ചലിക്കുന്നത് എന്നതിന് ചില ഉത്തരങ്ങള്‍ കൂടി ഈ കൂടിക്കാഴ്ച തന്നേക്കും. ക്യാമ്പസുകളില്‍ എസ്.എഫ്.ഐയുടെയും ക്യാമ്പസ് ഫ്രണ്ട് പോലുള്ള സംഘടനകളുടെയും ഇടപെടലുകള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന ഈ വേളയില്‍ ചില ചോദ്യങ്ങളും ഉത്തരങ്ങളും പ്രസക്തമാണ്.
എറണാകുളം പോഞ്ഞിക്കരയില്‍ 1954 മാര്‍ച്ച് 27 നാണ് സൈമണ്‍ ബ്രിട്ടോയുടെ ജനനം. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജ്, ബീഹാറിലെ മിഥില സര്‍വകലാശാല, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്‍റായായിരുന്നു. 1983 ഒക്ടോബര്‍ 14 ന് കത്തിക്കുത്തേറ്റ് അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ടു. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായി സാംസ്കാരിക രംഗത്ത് സജീവം. പന്ത്രണ്ടാം നിയമസഭയില്‍ ആംഗ്ളോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു.
അഭിമന്യുവിന്‍െറ കൊലപാതകത്തിന്‍െറ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജിലെയും പൊതുവില്‍ കേരളത്തിലെയും വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ ഇന്നലെകളെയും വര്‍ത്തമാനകാല സവിശേഷതകളെയും കുറിച്ച് സൈബണ്‍ ബ്രിട്ടോ സംസാരിക്കുന്നു.
മഹാരാജാസ് കോളജില്‍ ഒരു വിദ്യാര്‍ഥി കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. താങ്കള്‍ ഈ സംഭവത്തെ എങ്ങനെയാണ് കാണുന്നത്?
കൊല്ലപ്പെട്ട വിദ്യാര്‍ഥി അഭിമന്യു എസ്.എഫ്.ഐ നേതാവാണ്, എനിക്ക് വളരെ അടുപ്പമുള്ള കുട്ടിയാണ് എന്നത് തല്‍ക്കാലം മാറ്റിനിര്‍ത്താം. നമ്മള്‍ ചരിത്രത്തിന് അല്‍പം പിന്നിലേക്ക് പോകണം. മഹാരാജാസ് കോളജില്‍ നടക്കുന്ന ആദ്യ വിദ്യാര്‍ഥി കൊലപാതകമല്ലിത്, ആദ്യ കത്തിക്കുത്തുമല്ല. വലിയ സമരങ്ങളും ചരിത്രവുമുള്ള കോളജാണത്. വലിയ പ്രശസ്തര്‍ പഠിച്ച കലാലയം. ഈ കോളജിനെ അതിന്‍െറ പ്രശസ്തിയിലേക്കും മഹത്വത്തിലേക്കും ഉയര്‍ത്തിയത് പഠനത്തിലെ മികവ് മാത്രമല്ല, അവിടുത്തെ ഇടതുപക്ഷ രാഷ്ട്രീയവും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുമാണ്. കെ.എസ്.എഫും പിന്നീട് എസ്.എഫ്.ഐയും ക്യാമ്പസില്‍ കടന്നുവന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെയും കടുത്ത മര്‍ദനങ്ങളെയും കൊലക്കത്തികളെയും അതിജീവിച്ചുകൊണ്ടാണ്. തുടര്‍ച്ചയായി ഇടതുപക്ഷവിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു. ഇപ്പോള്‍ മന്ത്രിയായ തോമസ് ഐസക് മഹാരാജാസില്‍ പഠിക്കുമ്പോള്‍ കൊലക്കത്തിയില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. തുടര്‍ച്ചയായ സംഘര്‍ഷത്തിന്‍െറ കാലത്താണത്. അന്ന് ആളുമാറി മറ്റൊരാളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ കൊന്നു. ഇങ്ങനെ പലതരത്തില്‍ ഏറ്റവും അധികം ആക്രമിക്കപ്പെട്ട വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐയാണ്.
ഇടയില്‍ ചോദിക്കട്ടെ, എങ്ങനെയാണ് തോമസ് ഐസക് കൊലക്കത്തിയില്‍ നിന്ന് രക്ഷപ്പെട്ടത്?
1970 കളുടെ തുടക്കത്തിലാണ് തോമസ് ഐസക് മഹാരാജാസില്‍ ബിരുദ വിദ്യാര്‍ഥിയായി എത്തുന്നത്. എസ്.എഫ്.ഐയുടെ തുടക്കകാലം കൂടിയാണ് അത്. 1973-74 കാലത്ത് ഐസക്കും മറ്റും ചേര്‍ന്ന് വിദ്യാര്‍ഥി യൂണിയന്‍ കെ.എസ്.യുവില്‍ നിന്ന് പിടിച്ചെടുത്തു. കൊച്ചി തുറമുഖ മേഖലയില്‍ സി.ടി.ടി.യു എന്ന സംഘടനയുണ്ട്. അവര്‍ തുടര്‍ച്ചയായി എസ്.എഫ്.ഐ. പ്രവര്‍ത്തകരെയും സി.പി.എം അംഗങ്ങളെയും ആക്രമിച്ചു. എസ്.എഫ്.ഐയും തുറമുഖമേഖലയിലെ ഗുണ്ടാസംഘവുമായുള്ള ഏറ്റുമുട്ടല്‍ പതിവായി. പോളി എന്ന കുപ്രസിദ്ധ ഗുണ്ടയാണ് വിദ്യാര്‍ഥികളെ മര്‍ദിച്ച് ഒതുക്കിയിരുന്നത്. എന്നാല്‍, ഭിന്നശേഷിക്കാരനായ ആല്‍ബി എന്ന സഖാവ് കൊച്ചിയില്‍ ഒരു വോളീബാള്‍ മത്സരം നടക്കുന്നിടത്ത് ചെന്ന് പോളിയെ വെല്ലുവിളിക്കുകയും തിരിച്ചടിക്കുകയും ചെയ്തു. പോളി പേടിച്ച് ഓടി. കത്തിയുമായി ഗാലറിക്ക് നടുവില്‍ നിന്ന ആല്‍ബിയെ പൊലീസ് അറസ്റ്റ്ചെയ്തു. ഗുണ്ടയെ ചോദ്യം ചെയ്തത് സത്യത്തില്‍ പൊലീസിന് ഇഷ്ടപ്പെട്ടു. അടുത്ത ദിവസം ആല്‍ബിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഗുണ്ടകള്‍ വളഞ്ഞു. എന്നാല്‍, മട്ടാഞ്ചേരിയിലെ സഖാക്കള്‍ ഗുണ്ടകളില്‍ നിന്ന് ആല്‍ബിയെ രക്ഷിച്ചുകൊണ്ടുപോന്നു. ഇതിന്‍െറ തുടര്‍ച്ചയിലാണ് തോമസ് ഐസകിനു നേരെ വധശ്രമം നടന്നത്. അക്രമം ഭയന്ന് എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ടിരുന്നു. ഗുണ്ടകളില്‍ നിന്ന് രക്ഷപെട്ടാന്‍ ഐസക്കും ഒന്നുരണ്ടുപേരും ഹോസ്റ്റലിന്‍െറ ടെറസിലാണ് കിടന്നുറങ്ങിയത്. ഐസക് വായിച്ചുകിടന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ കണ്ണാടി ഊര്‍ന്ന് വീണു. അത് തലക്കടിയില്‍ പെട്ട് പൊട്ടിപ്പോയി. അടുത്ത ദിവസം രാവിലെ കോളജ് ഹോസ്റ്റലിന് മുന്നില്‍ ഒരു കാര്‍ ഗുണ്ടകളും ആയുധങ്ങളുമായി വന്ന് ഐസക്കിന് മുന്നില്‍ നിര്‍ത്തി. കണ്ണട ഇല്ലാത്തതിനാല്‍ ഐസക്കിനെ അവര്‍ക്ക് പെട്ടന്ന് മനസിലായില്ല. ഐസക് കാറിലേക്ക് തലയിട്ട് നോക്കി. ആയുധങ്ങള്‍ കണ്ടപ്പോള്‍ പതിയെ പിന്‍വലിഞ്ഞ്, ഓടി മറഞ്ഞു. ഗുണ്ടാസംഘം ഹോസ്റ്റലില്‍ കയറി ആക്രമണം അഴിച്ചുവിട്ടു. ഈ സമയത്താണ് എസ്.എഫ്.ഐ ക്കാരനല്ലാത്ത, തന്‍െറ ബന്ധുവിനെ അന്വേഷിച്ച് വന്ന ലക്ഷദ്വീപുകാരനായ മുത്തുക്കോയ കൊല്ലപ്പെട്ടത്്.
താങ്കള്‍ക്ക് എങ്ങനെയാണ് കുത്തേറ്റത്?
ഞാന്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്നില്ല. ലോകോളജിലാണ് പഠിച്ചത്. എസ്.എഫ്.ഐയില്‍ സജീവമായതിനാല്‍ കൊച്ചി നഗരത്തിലായിരുന്നു പ്രവര്‍ത്തനം. എസ്.എഫ്.ഐ പ്രവര്‍ത്തകരെ തുടര്‍ച്ചയായി വളഞ്ഞിട്ട് കോണ്‍ഗ്രസ് ഗുണ്ടകളും കെ.എസ്.യുക്കാരും ആക്രമിച്ചുകൊണ്ടിരുന്നു. അടിയന്തരാവസ്ഥയില്‍, ഭരത് അവാര്‍ഡ് ജേതാവ് പി.ജെ.ആന്‍റണിയുടെ മകന്‍ എസ്.എഫ്.ഐയുടെ ക്ളാസ് പ്രതിനിധിയായി മത്സരിച്ചിരുന്നു. അന്ന് കുപ്രസിദ്ധ ഗുണ്ട പാല ജോണ്‍ കത്തിയുമായി പി.ജെ. ആന്‍റണിയെ ഭീഷണിപ്പെടുത്തി. തന്‍െറ മകന്‍ അടുത്ത ദിവസം എസ്.എഫ്.ഐക്ക് വോട്ടുചെയ്യാന്‍ വന്നാല്‍ കുത്തികൊല്ലും എന്ന് പറഞ്ഞ് കത്തി കാട്ടിയായിരുന്നു ഭീഷണി. പി.ജെ. ആന്‍റണി മകനെ വിളിച്ച് ഗുണ്ടക്ക് മുന്നില്‍ വച്ച് എസ്.എഫ്.ഐക്ക് വോട്ട് ചെയ്യണമെന്നും, കുത്തണമെങ്കില്‍ കുത്താനും ഗുണ്ടയെ വെല്ലുവിളിച്ച ഒരു സംഭവവുമുണ്ട്. ഇങ്ങനെ ഏകപക്ഷീയമായി ആക്രമിക്കപ്പെടുന്നതിനെ എസ്.എഫ്.ഐ പല രീതിയില്‍ ചെറുക്കാനും ശ്രമിച്ചു. 1983 ഒക്ടോബര്‍ 14 ന് കെ.എസ്.യു. ആക്രമണത്തില്‍ പരിക്കേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ അവിടെ ചെല്ലുമ്പോള്‍ ക്യാഷ്വാലിറ്റിക്ക് മുന്നിലെ വരാന്തയില്‍ വച്ചാണ് എന്നെ കുത്തിയത്. രണ്ട്പേര്‍ പിന്നില്‍ നിന്ന് പിടിച്ചുവയ്ക്കുകയും മൂന്നാമന്‍ തലപിടിച്ച് കുനിച്ച് മുതുകില്‍ കുത്തുകയുമായിരുന്നു. നാല് കുത്ത്. എന്നെ കൊല്ലാന്‍ വേണ്ടി തന്നെയാണ് കുത്തിയത്. അവിടെയുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ നോക്കിനിന്നതേയുള്ളൂ. അവര്‍ക്ക് മുന്നില്‍ വച്ചാണ് എനിക്ക് കുത്തേറ്റത്. ഞാന്‍ രക്ഷപ്പെടാന്‍ ഏക കാരണം ക്യാഷ്വാലിറ്റിക്ക് മുന്നിലായതുകൊണ്ടുമാത്രമാണ്. പെട്ടന്ന് ചികിത്സ കിട്ടി. യഥാര്‍ത്ഥത്തില്‍ ക്യാഷ്വാലിറ്റിക്ക് മുന്നില്‍ വച്ചല്ല കുത്തെങ്കില്‍ എറണാകുളത്ത് അഭിമന്യുവിന് മുമ്പ് കൊല്ലപ്പെടുന്ന വിദ്യാര്‍ഥി പ്രവര്‍ത്തകന്‍ ഞാനാകുമായിരുന്നു.
സൈമണ്‍ ബ്രിട്ടോയെപ്പറ്റി അറിയണമെങ്കില്‍ പി.ടി. തോമസിനോട് ചോദിച്ചാല്‍ മതി എന്ന മട്ടില്‍ ഒരു എഫ്.പി. പോസ്റ്റ് അടുത്തിടെ കണ്ടു. എന്തായിരിക്കും ആ പോസ്റ്റ് ഇട്ടയാള്‍ ഉദ്ദേശിച്ചത്?
എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഞാനും പി.ടി. തോമസും സഹപാഠികളാണ്. അന്ന് പരസ്പരം അലോഹ്യമുണ്ടായിരുന്നില്ല. അദ്ദേഹം കെ.എസ്.യു. നേതാവാണ്. മഹാരാജാസില്‍ കെ.എസ്.യുവിനെ ഒരു ഘട്ടത്തില്‍ വിജയിപ്പിച്ച വ്യക്തിയാണ്. ഒരിക്കല്‍ എന്നോട് നിന്നെ ചിലര്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്, സൂക്ഷിക്കണം എന്ന് തോമസ് പറഞ്ഞിരുന്നു. അപ്പോള്‍ ചിരിച്ചുകൊണ്ട് എനിക്കെതിരെ എന്ത് നീക്കമുണ്ടായാലും നീ അറിയാതെ സംഭവിക്കില്ല എന്ന് ഞാനും പറഞ്ഞു. അത് എന്തായാലും പി.ടി. തോമസ് പിന്നെ എന്ത് ചെയ്തു എന്നറിയില്ല. കുറച്ചുവര്‍ഷങ്ങള്‍ക്ക് എസ്.എഫ്.ഐ സംഘടിപ്പിച്ച ഒരു ക്യാമ്പില്‍ ബാലചന്ദ്രന്‍ചുള്ളിക്കാടിനെയും പി.ടി. തോമസിനെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു. അവിടെ വച്ച് പഴയ സംഭവങ്ങള്‍ പറയുന്നതിനിടയില്‍ തോമസ് സംഭവങ്ങള്‍ എല്ലാം മറന്ന്, ഒരു പ്രണയകഥ മൂലമാണ് എനിക്ക് കുത്തേറ്റത് എന്ന് പറഞ്ഞു. അതിനെ എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം ആതിര ചോദ്യം ചെയ്തു. നടന്ന സംഭവങ്ങള്‍ പറയാതെ ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് തോമസ് എന്നും ചെയ്തത്. പിന്നീട് ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ച ഘട്ടത്തില്‍ മുളന്തുരുത്തി പബ്ളിക് ലൈബ്രറിയില്‍ നടന്ന സംവാദത്തില്‍ തോമസും ഉണ്ടായിരുന്നു. അവിടെ വച്ചും ആളുകള്‍ക്ക് സംശയം തോന്നുന്ന വിധത്തില്‍ ചിലത് തോമസ് പറയുകയും ഇതിന് സൈമണ്‍ബ്രിട്ടോ മറുപടി പറയേണ്ടിവരും എന്ന് പ്രസംഗിക്കുകയും ചെയ്തു. അപ്പോള്‍ സീന എഴുന്നേറ്റ് ജനറല്‍ ആശുപത്രിയില്‍ മരുന്നുമേടിക്കാന്‍ കുപ്പിയുമായിട്ടാണോ കോണ്‍ഗ്രസുകാര്‍ വരിക അതോ കത്തിയുമായിട്ടാണോ എന്ന് ചോദിച്ചു. അന്ന് അവിടെയുണ്ടായിരുന്ന പലരും തോമസിനെതിരെ തിരിഞ്ഞു. ഞാന്‍ കൃത്യമായി മറുപടി പറയുകയും ഇനിയും എന്‍െറ ശരീരത്തില്‍ ശേഷിക്കുന്ന 20 ശതമാനം ജീവന്‍ വേണമെങ്കില്‍ എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് മൈക്ക് തോമസിന് മുന്നിലേക്ക് ഇടുകയും ചെയ്തു. അന്ന് കോണ്‍ഗ്രസുകാരുള്‍പ്പടെയുള്ളവരുടെ എതിര്‍പ്പില്‍ പിടിച്ചുനില്‍ക്കാന്‍ തോമസ് പാടുപെട്ടു. എന്തൊക്കെയോ പറഞ്ഞ് തലയൂരി. ദീര്‍ഘകാലം സംസാരിക്കാറില്ലായിരുന്നെങ്കിലും ഇപ്പോള്‍ തോമസും ഞാനും വീണ്ടും സൗഹൃദത്തിലാണ്.

പി.ടി. തോമസിനെ ജാവലിന് കുത്തിയ ഒരു സംഭവം ഉണ്ടായിരുന്നോ?
ഉണ്ട്. അങ്ങനെ ഒരു സംഭവം നടന്നിരുന്നു. അതില്‍ എനിക്കു പങ്കില്ല. അറിവുമില്ല. ഈ സംഭവത്തിലേക്ക് വരുന്നതിന് മുമ്പ് മറ്റൊരു കഥ പറയണം. അടിയന്തരാവസ്ഥക്ക് ശേഷം മഹാരാജാസ് കോളജിലെ ഹോസ്റ്റലിലേക്ക് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ കത്തിയുമായി വരുന്നത് ഞങ്ങള്‍ തടഞ്ഞിരുന്നു. അപരിചിതരായ പലരും പതിവായി ഹോസ്റ്റലില്‍ വന്നുപോകും. അവരില്‍ പലരും ആയുധമായിട്ടായിരുന്നു വന്നിരുന്നത്. അക്കാലത്ത് ഞാനും ഷണ്‍മുഖനും നിര്‍മല്‍ കുമാറും ചേര്‍ന്ന് അങ്ങനെ ഹോസ്റ്റലില്‍ വരുന്ന പലരെയും തടഞ്ഞ് അരയില്‍ നിന്ന് കത്തി പിടിച്ചെടുത്തിരുന്നു. അഞ്ചുപേരില്‍ നിന്ന് കത്തി പിടിച്ചെടുത്തു. കത്തിയുമായി വന്നവരെ ഷണ്‍മുഖന്‍ അടിച്ചോടിക്കുകയും ചെയ്തു. ഇങ്ങനെ നിരന്തരം ആക്രമിക്കുകയും മാരാകായുധവുമായി വന്ന് ഭീഷണിപ്പെടുത്തുന്നതിനെയും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചെറുത്തിരുന്നു. അത് കഴിഞ്ഞ് വളരെ മോശം അനുഭവം ന്യൂ ഹോസ്റ്റലിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പറയാനുണ്ട്. പി.ടി. തോമസാണ് അന്ന് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനാ നേതാവ്. തോമസ് ഹോസ്റ്റലില്‍ വന്നുപോകുന്നതിനോട് അടുപ്പിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് ഗുണ്ടകളുടെ തല്ല് കിട്ടും. ഇത് പതിവായി നടന്നു. അന്ന് ഇന്നത്തെ സംഘടനാ ശേഷി എസ്.എഫ്.ഐക്കില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ഹോസ്റ്റല്‍ മുറി പുറത്ത് നിന്ന് പൂട്ടി മര്‍ദിക്കുക പതിവായി. ഒരു ഘട്ടത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരില്‍ ഒരാള്‍ ജാവലിനുമായി തോമസിനെ കുത്താനാഞ്ഞു. അന്ന് കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. അതിനാലാണ് അന്ന് തോമസ് കുത്തേറ്റുവീഴാതിരുന്നത്.
ഈ സംഘര്‍ഷത്തിന്‍െറ തുടര്‍ച്ചയിലാണോ താങ്കള്‍ക്ക് കുത്തേല്‍ക്കുന്നത്?
അല്ല. ഈ സംഘര്‍ഷം അടഞ്ഞ അധ്യായമാണ്. അതവിടെ തീര്‍ന്നു. അതിന് ശേഷം മറ്റൊരു സമയത്ത്, മറ്റൊരു സംഘര്‍ഷത്തിലാണ് എന്നെ അവര്‍ കൊല്ലാനൊരുങ്ങുന്നത്.
ആ സംഘര്‍ഷം എങ്ങനെയാണ് തുടങ്ങിയത്?
അക്കാലത്ത് പോളിയില്‍ നിന്ന് മോശം പെരുമാറ്റത്തിന് പുറത്താക്കപ്പെട്ട് മഹാരാജാസില്‍ വന്ന് ചേര്‍ന്ന ഒരു വിദ്യാര്‍ഥിയുണ്ടായിരുന്നു. പോളിയില്‍ എസ്.എഫ്.ഐയിലാണെങ്കിലും മഹാരാജാസില്‍ കോളജില്‍ കെ.എസ്.യുവിലാണ് അയാള്‍ പ്രവര്‍ത്തിച്ചത്. പക്ഷേ, ഇവിടെ സ്ഥിരമായി അയാള്‍ പെണ്‍കുട്ടികളോടക്കം മോശമായി പെരുമാറിയതിന്‍െറ പേരില്‍ വിദ്യാര്‍ഥികള്‍ അയാള്‍ക്കെതിരെ തിരിഞ്ഞു. അതില്‍ എസ്.എഫ്.ഐയുമുണ്ടായിരുന്നു.അതാണ് സംഘര്‍ഷമായി വളര്‍ന്നത്.

നമുക്ക് അഭിമന്യുവിന്‍െറ കൊലപാതകത്തിലേക്ക് വരാം. ഈ കൊലപാതകത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
അഭിമന്യു നമുക്കെല്ലാം മറിയുന്നതുപോലെ ഇടുക്കിയിലെ ഉള്‍നാടായ വട്ടവട സ്വദേശിയാണ്. ദരിദ്രനും ആദിവാസി വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ഥിയുമാണ്. പഠിച്ച് മിടുക്കനാവണം, നാടിന് നന്മവരുത്തണം എന്ന് ആഗ്രഹിച്ചിരുന്ന വിദ്യാര്‍ഥിയാണ്. എന്തുകൊണ്ട് അഭിമന്യു മഹാരാജാസില്‍ എത്തി? എന്തുകൊണ്ട് ആ കുട്ടി ഹോസ്റ്റലില്‍ തുടര്‍ന്നു? എന്തായിരുന്നു ഹോസ്റ്റലിലെ സ്ഥിതി? ഇത് നമ്മള്‍ ആദ്യം മനസിലാക്കണം. വിദ്യാഭ്യാസ സ്വകാര്യവല്‍ക്കരണത്തിന്‍െറയും മറ്റും ഭാഗമായി മഹാരാജാസ് കോളജ് സ്വയംഭരണ കോളജായി മാറിയതോടെ ഈ കലാലയത്തിന്‍െറ തകര്‍ച്ച അതിവേഗത്തിലാണ്. എറണാകുളം നഗരത്തില്‍ ലോ കോളജ് ഒഴിച്ച് ഏതാണ്ട് എല്ലാ കോളജുകളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. പിന്നെ ദരിദ്രരും പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ഥികള്‍ക്ക് ഏക ആശ്രയം മഹാരാജാസാണ്. എന്‍.എല്‍. ബീന മഹരാജാസ് പ്രിന്‍സിപ്പലായ ശേഷം അവര്‍ ലക്ഷ്യമിട്ടത് കോളജിലെ ഹോസ്റ്റല്‍ പൊളിച്ചുമാറ്റാനാണ്. അതിന് പല കാരണങ്ങള്‍ നിരത്തി. ഒരു കാര്യം മനസിലാക്കണം ഇടുക്കിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും എത്തുന്ന നിര്‍ധനരായ കുട്ടികള്‍ പിന്നെ എവിടെയാണ് തങ്ങുക. വലിയ വാടകകൊടുത്ത് കോളജിന് പുറത്ത് താമസിക്കാനാവില്ല. കോളജധികൃതര്‍ പുട്ടിയിട്ട ഹോസ്റ്റല്‍ ഞാനുള്‍പ്പടെയുള്ളവര്‍ ഇടപെട്ടാണ് തുറന്നുകൊടുത്തത്. ഹോസ്റ്റലല്ല, അവിടെ ഒരു വലിയ മുറിമാത്രമാണ് തുറന്നത്. കുട്ടികള്‍ അവിടെ നിരനിരയായി കിടക്കണം. വെള്ളമില്ല, വെളിച്ചമില്ല. വെള്ളം പുറത്ത്നിന്ന് ചുമന്ന്കൊണ്ടുവരണം. വെളിച്ചത്തിന് മെഴുകുതിരി കത്തിക്കണം . ഹോസ്റ്റലിലെ മെസ് പ്രവര്‍ത്തിക്കാത്ത അവസ്ഥയുണ്ടായി. അവിടെ ഞങ്ങള്‍ ഒക്കെ ഇടപെട്ട മൂന്ന് നേരം കഞ്ഞി കിട്ടുന്നവിധത്തില്‍ സൗകര്യമൊരുക്കി. അഭിമന്യുവിന്‍െറ രക്തസാക്ഷിത്വതിന് ശേഷം ആ കുട്ടി വിശപ്പ് അനുഭവിച്ചിരുന്നുവെന്ന് എല്ലാവര്‍ക്കും ഇന്നറിയാം. പട്ടിണിയാണ് ഹോസ്റ്റലില്‍ ഉണ്ടായിരുന്നത്. ആ പട്ടിണി വന്നതിന് സ്വയം ഭരണകോളജാക്കിയതുമായി ബന്ധപ്പെട്ട് ഒരു ചരിത്രമുണ്ട്. അതിനെ അതിജീവിച്ച് പഠിത്തം പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് അഭിമന്യു ഉള്‍പ്പടെയുള്ള കുട്ടികള്‍ നടത്തിയിരുന്നത്. അപ്പോള്‍ ഒരു ചോദ്യം വരും എന്തുകൊണ്ടാണ് അഭിമന്യു കൊലപ്പെട്ടത് എന്ന്. അഭിമന്യുവിനെ കൊന്നത് വര്‍ഗീയ ക്രിമിനല്‍ സംഘമാണ്. കേരളത്തിലെ വിദ്യാര്‍ഥികളെ വര്‍ഗീയമായി ചേരിതിരിക്കാന്‍ ലക്ഷ്യമിട്ട് വന്ന ഒരു സംഘം ബോധപൂര്‍വം നടത്തിയ കൊലപാതകമാണത്. അതിനെ രാഷ്ട്രീയ സംഘര്‍ഷം എന്ന് വിളിച്ചുകൂടാ. പരിശീലനം നേടി, കൃത്യമായ മര്‍മങ്ങള്‍ അറിഞ്ഞ് നടത്തിയ ആസൂത്രിത കൊലപാതകമാണിത്.
ക്യാമ്പസ് ഫ്രണ്ട് തന്നെയാണ് കൊലക്ക് പിന്നില്‍ എന്ന് ഉറപ്പിക്കരുതെന്ന് ചില പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്..?
അതൊരു തന്ത്രമാണ്. കൊന്നതില്‍ സംശയമുണര്‍ത്തുക. അല്ളെങ്കില്‍ പറയുക, കോടതിയില്‍ കുറ്റം തെളിയിക്കപെടട്ടെ, അതുവരെ ക്യാമ്പസ്ഫ്രണ്ടിനെ കുറ്റവാളികളാക്കരുതെന്ന്. കോടതിയില്‍ വലിയ രീതിയില്‍ ഫണ്ട് മുടക്കി അവര്‍ക്ക് അഭിഭാഷകരെയും മറ്റും അണിനിരത്തി കേസ് വിജയിപ്പിക്കാനാകും. ഇപ്പോള്‍ എളുപ്പത്തില്‍ പ്രതികളെ ഒളിപ്പിച്ചപോലെ. കോടതി ഈ കേസില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ട് എന്നു കരുതുക. അതിനര്‍ത്ഥം അഭിമന്യു കൊലപ്പെട്ടിട്ടില്ല എന്നല്ലല്ളോ. അവര്‍ കൊന്നിട്ടില്ല എന്നുമല്ലല്ളോ. എന്നെ കുത്തിയ കേസില്‍ കെ.എസ്.യു. പ്രവര്‍ത്തകരെ വിട്ടയച്ചു. അതിനര്‍ത്ഥം എനിക്ക് കുത്തുകിട്ടിയില്ല എന്നും, കുത്തിയവര്‍ കെ.എസ്.യുക്കാര്‍ അല്ളെന്നുമല്ലല്ളോ.
ഈ കൊലപാതകം ക്യാമ്പസ് ഫ്രണ്ടിന് നഷ്ടമാണുണ്ടാക്കുക. പിന്നെ അവര്‍ എന്തിന് ഇത് ചെയ്യണം?
അവര്‍ക്ക് നഷ്ടമല്ല, നേട്ടമാണുണ്ടാക്കുക. താല്‍ക്കാലികമായ തിരിച്ചടിയുണ്ടാവുമെങ്കിലും അവര്‍ ലക്ഷ്യമിടുന്ന മത-വര്‍ഗീയ ധ്രുവീകരണം സമൂഹത്തില്‍ സാധ്യമാകും. ക്യാമ്പസുകളില്‍ ഭയം പടര്‍ത്താന്‍ കഴിയും. പിന്നെ ആരും തങ്ങളെ ചെറുക്കാന്‍ വരില്ളെന്ന് അവര്‍ കരുതുന്നു. മാത്രമല്ല, ഇവരെ മറ്റുള്ളവര്‍ ഭയക്കുന്നുവെന്ന് തിരിച്ചറിഞ്ഞ് സമുദായത്തിലെ പലരും അവര്‍ക്കൊപ്പം ചേരും. ഇനി ഇതിനപ്പുറം കൊലപാതകികളെ സംബന്ധിച്ച് തങ്ങള്‍ ചെയ്തിരിക്കുന്നത് വലിയ കാര്യമാണ്. അതിന് പരലോകത്തില്‍ പ്രതിഫലം കിട്ടും. ക്യാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ഇപ്പോള്‍ ചെയ്യുന്നത് കത്തിയേക്കാള്‍ ഒരു പടി കൂടി കടന്ന ആധുനിക മാരകായുധങ്ങള്‍ ഉപയോഗിക്കുക എന്നതാണ്. ഇരുട്ടടി എന്നു നമ്മള്‍ വിശേഷിപ്പിക്കുന്നതിന്‍െറ പുതിയ പരിഷ്കരിച്ച രൂപം. ആ ആക്രമണം മാരകമായിരിക്കും, തടയാനുമാവില്ല.
പക്ഷേ, ഒരു ചോദ്യമുണ്ട്. ക്യാമ്പസുകളില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സോഷ്യല്‍ ഫാഷിസത്തിന്‍െറ പ്രശ്നം. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും മറ്റു പരലൂം ഉന്നയിച്ചത് എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങളോടുള്ള പ്രതിരോധത്തിന്‍െറ ഭാഗമായാണ് അഭിമന്യുവിന്‍െറ കൊലപാതകം എന്നതാണ്..?
ചോദ്യത്തെ രണ്ട് തരത്തില്‍ സമീപിക്കണം. മഹാരാജാസ് കോളജില്‍ എന്ത് എസ്.എഫ്.ഐ ഫാഷിസമാണ് നിലനിന്നത്? കെ.എസ്.യു ഉള്‍പ്പടെയുള്ള സംഘടനകള്‍ പറഞ്ഞു കോളജില്‍ പ്രശ്നമില്ളെന്ന്. കോളജില്‍ കെ.എസ്.യു സംഘടിപ്പിച്ച മത്സരങ്ങളില്‍ എസ്.എഫ്.ഐ പങ്കെടുക്കുന്നതിന്‍െറയും സൗഹൃദത്തിന്‍െറയും അന്തരീക്ഷം നിലനിന്നത് മാധ്യമങ്ങള്‍ തന്നെ കാണിച്ചു തന്നു. അവിടെ സംഘര്‍ഷം ഉണ്ടെന്ന് വരുത്തേണ്ടത് ക്യാമ്പസ് ഫ്രണ്ട് എന്ന വര്‍ഗീയ സംഘത്തിന്‍െറ ലക്ഷ്യമാണ്. അവര്‍ക്ക് തങ്ങളുടെ മതം കടത്തിവിട്ട്, സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കണം. രണ്ടാമത്തെ പ്രശ്നം എസ്.എഫ്.ഐ എല്ലാ സംഘടനകളെയും അടിച്ചമര്‍ത്തുന്നുവെന്നതാണ്. അങ്ങനെ അടിച്ചമര്‍ത്തുന്നതിന്‍െറ പ്രശ്നങ്ങള്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഉണ്ടെങ്കില്‍തന്നെ നമ്മള്‍ ഒരോ വിഷയത്തെയും ഒറ്റതിരിച്ച് പരിശോധിക്കണം. ഉദാഹരണത്തിന് മുമ്പ് മഹരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്ന് മാരാകായുധങ്ങള്‍ പിടിച്ചെടുത്തുഎന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അത് ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. നേരത്തെ പറഞ്ഞപോലെ മഹാാജാസിന്‍െറ ന്യൂഹോസ്റ്റല്‍ പൊളിച്ചുമാറ്റാന്‍ കോളജധികൃതര്‍ ഒരു വശത്ത് ശ്രമം നടത്തുന്നു. അവര്‍ പല ന്യായീകരണം അതിന് പറഞ്ഞെങ്കിലും അതെല്ലാം പരാജയപ്പെട്ടു. അഭിമന്യുവിനെ പോലുള്ള ദരിദ്രരും അടിസ്ഥാന ജനവിഭാഗത്തില്‍ പെട്ടവരുമായ കുട്ടികള്‍ താമസിക്കുന്ന ഒരിടണമാണ് അത്. സാമൂഹ്യവിരുദ്ധരുടെ ശല്യമാണ് അധികൃതര്‍ പറഞ്ഞത്. ഹോസ്റ്റല്‍ അടച്ചിട്ടപ്പോള്‍ മറ്റ് സ്ഥലങ്ങളില്‍ താമസിക്കാന്‍ പണമില്ലാത്തതിനാല്‍ എസ്.എഫ്.ഐ നേതൃത്വത്തില്‍ ബലമായി ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ താമസം തുടങ്ങി. ഈ വിഷയം ക്യാമ്പസ്ഫ്രണ്ടോ അല്ളെങ്കില്‍ മറ്റൊരു മതവിഭാഗീയ സംഘടനകളോ ഏറ്റെടുത്തിരുന്നില്ല. ഹോസ്റ്റല്‍ പൊളിക്കാനും വിദ്യാര്‍ഥികളെ അവിടെ നിന്ന് തുരത്താനും അധികൃതര്‍ തന്നെ നടത്തിയ നാടകമാണ് മാരാകായുധങ്ങള്‍ കണ്ടത്തെല്‍. അത് ബോധപൂര്‍വം അധികൃതര്‍ കൊണ്ടുവച്ചതാണ് എന്ന് വ്യക്തം. ഞാന്‍ പറയുന്നത് നിങ്ങള്‍ വിശ്വസിക്കേണ്ട. നേരിട്ട് അന്വേഷിച്ചോളൂ. പക്ഷേ, വാര്‍ത്ത വന്നത് എസ്.എഫ്.ഐ മറ്റ് വിദ്യാര്‍ഥി സംഘടനകളെ ആക്രമിക്കാന്‍ സൂക്ഷിച്ചുവെന്നതാണ്. മഹാരാജാസില്‍ മറ്റ് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ കുറച്ചുവര്‍ഷങ്ങളായി ആക്രമിക്കപ്പെട്ടിട്ടുണ്ടോ എന്ന് കൂടി പരിശോധിക്കൂ. ഞാന്‍ പറഞ്ഞുവരുന്നത് ക്യാമ്പസുകളുടെ രാഷ്ട്രീയ വീര്യത്തെ ചോര്‍ത്തിക്കളയാനും വര്‍ഗീയ വല്‍ക്കരിക്കാനും ശ്രമിക്കുന്ന എ.ബി.വി.പി, ക്യാമ്പസ്ഫ്രണ്ട്, ഫ്രറ്റേണിറ്റി പോലുള്ള സംഘടനകളാണ് എസ്.എഫ്.ഐക്കെതിരെ ആരോപണമുന്നയിക്കുന്നത്. അവര്‍ക്കുവേണ്ടി ഒപ്പം നില്‍ക്കുന്നവരും.
മഹാരാജാസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ചിരുന്നു..?
സ്വയംഭരണ കോളജായ ശേഷം എല്‍.എന്‍. ബീന പ്രിന്‍സിപ്പലായി ചുമതലയേറ്റു. സ്വയംഭരണകോളജാക്കുന്നതിനെതിരെ സമരം ചെയ്ത അധ്യാപകര്‍ക്കെതിരെ പകപോക്കല്‍, അനധികൃത വിദ്യാര്‍ഥി പ്രവേശനം, നിലവാരമില്ലാത്ത അധ്യാപനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു. പാഠഭാഗങ്ങള്‍ തീര്‍ക്കാതെ പരീക്ഷ നടത്താനുള്ള ശ്രമം വലിയ പ്രശ്നങ്ങളുണ്ടാക്കി. ഒരു ബാച്ചിലെ 690 വിദ്യാര്‍ഥികളില്‍ 656 പേര്‍ പരീക്ഷ ബഹിഷ്കരിച്ചു. 12 ദിവസം നിരാഹാര സമരം നടത്തിയ ശേഷമാണ് പരീക്ഷ വീണ്ടും നടത്താന്‍ പ്രിന്‍സിപ്പല്‍ തയാറായത്. എന്നാല്‍, ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വന്നത് നാലാം സെമസ്റ്റര്‍ സമയത്താണ്. വിദ്യാര്‍ഥികളുടെ പേരില്‍ പൊലീസില്‍ കേസുകള്‍ അവര്‍ നല്‍കി. സെന്‍ട്രല്‍ സര്‍ക്കിളില്‍ ഇരുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ചൂടുപറ്റിയിരിക്കുകയാണെന്ന് പറഞ്ഞ് അപമാനിച്ചു. അതിന് പ്രിന്‍സിപ്പലിന് മാപ്പ് എഴുതേണ്ടി വന്നു. ഒരു പക്ഷേ, ചരിത്രത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മാപ്പ് എഴുതികൊടുത്ത പ്രിന്‍സിപ്പലാകും അവര്‍. അങ്ങനെ നിരവധി സമരങ്ങള്‍ നടന്നതിന് ഒടുവിലാണ് ഒരു പ്രകടനത്തിന് ശേഷം വിദ്യാര്‍ഥികള്‍ കസേര കത്തിച്ചത്. കത്തിച്ചവരെ എസ്.എഫ്.ഐ പുറത്താക്കി. കസേര കത്തിച്ചത് അപക്വമാണ്. പക്ഷേ, വിദ്യാര്‍ഥികള്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടു. കസേര കത്തിച്ച സംഭവത്തിന് ശേഷം പ്രിന്‍സിപ്പാല്‍ എങ്ങനെയാണ് വിദ്യാര്‍ഥികളോട് പെരുമാറിയത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. അഞ്ചുപേരെ പുറത്താക്കി. വിദ്യാര്‍ഥികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പുനര്‍വിദ്യാഭ്യാസമോ തുടര്‍ വിദ്യാഭ്യാസമോ സാധ്യമല്ലാത്ത വിധത്തില്‍ മോശം പരാമര്‍ശങ്ങള്‍ എഴുതിചേര്‍ത്തു. 1.35 കോടി ചെലവ് ചെയ്താല്‍ അറ്റകുറ്റപ്പണി നടത്തി പുതുക്കി പണിയാവുന്ന ഹോസ്റ്റല്‍ പൊളിച്ചു കളയാന്‍ അവര്‍ ശ്രമിച്ചു. 100 വര്‍ഷം പഴക്കമുള്ള ലേഡീസ് ഹോസ്റ്റലല്ല, 60 വര്‍ഷം പഴക്കമുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പൊളിക്കണമെന്നാണ് ബീന വാദിച്ചത്. എസ്.എഫ്.ഐ ഇടപെട്ടാണ് ആ ഹോസ്റ്റല്‍ അവിടെ നിലനിര്‍ത്തിയത്. ഇത്തരം പല കാര്യങ്ങളെയും പരിഗണിക്കാതെ കസേര കത്തിച്ചത് മാത്രം എടുത്ത് ചിലര്‍ പൊക്കിപ്പിടിക്കുന്നത് എന്തിനാണ്?
മഹാരാജാസ് കോളജില്‍ തന്നെ ദലിത് വിദ്യാര്‍ഥികള്‍ സംഘടനയുണ്ടാക്കിയപ്പോഴും മറ്റും എസ്.എഫ്.ഐ ആക്രമിച്ചത് ഈ ലേഖകന് അറിയാം..?
അത് ഏത് കാലത്താണ്, എന്താണ് വിഷയമെന്ന് എനിക്ക് അറിയില്ല. ക്യാമ്പസിലെ ഒരക്രമത്തിനും ഞാന്‍ കൂട്ടല്ല. ക്യാമ്പസുകളില്‍ അക്രമം പാടില്ല. അവിടെ ജനാധിപത്യവും സൗഹാര്‍ദവും ഉണ്ടാവണം. അത് കൂടുതലായി രാഷ്ട്രീയവല്‍ക്കരിക്കപ്പെടണം. ക്യാമ്പസുകളില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയാലും ഞാന്‍ അതിനൊപ്പമില്ല. കൊലപാതക രാഷ്ട്രീയം ക്യാമ്പസുകളില്‍ നിന്ന് ഒഴിവാക്കണം. ഞാന്‍ പറഞ്ഞത് ഏകപക്ഷീയമായി എസ്.എഫ്.ഐ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നു മാത്രമാണ്. വയലന്‍സും പ്രതിരോധവും രണ്ടും രണ്ടാണ്. പ്രതിരോധത്തെ വയലന്‍സായി തെറ്റിധരിച്ച് പറയാനും പാടില്ല.
ഇന്നത്തെ പത്രത്തില്‍ പാലക്കാട് വിക്ടോറിയ കോളജില്‍ കൊടിയുയര്‍ത്താന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരോട് യൂണിറ്റ് സെക്രട്ടറിയുടെ അനുവാദം വാങ്ങാന്‍ ആവശ്യപ്പെടുന്ന എസ്.എഫ്.ഐ നേതാക്കള്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്തയുണ്ട്. മറ്റ് വിദ്യാര്‍ഥി സംഘടനളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിന്‍െറ പ്രശ്നമാണത്..?
ക്യാമ്പസുകളില്‍ നിന്ന് മതത്തെ മാറ്റി നിര്‍ത്തണം. മതസംഘടനകളെ ഒഴിവാക്കണം. അവര്‍ക്ക് വിദ്യാര്‍ഥികളുടെ താല്‍പര്യമല്ല ഉള്ളത്. വര്‍ഗീയവല്‍ക്കരണമാണ് ലക്ഷ്യം.അവരെ ഒഴിവാക്കാന്‍, ചെറുക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കും. ശ്രമിക്കുക എന്നതാണ് അവരുടെ രാഷ്ട്രീയ കടമ. ക്യാമ്പസ് ഫ്രണ്ടിനെപോലുള്ള ഒരു വര്‍ഗീയ സംഘടന കടന്നുവന്നത് തടയാന്‍ ശ്രമിച്ചതാകും എസ്.എഫ്.ഐ. ഞാന്‍ വാര്‍ത്ത കണ്ടിട്ടില്ല.
വിക്ടോറിയ കോളജില്‍ ഫ്രറ്റേണിറ്റിയെയാണ് എസ്.എഫ്.ഐ തടഞ്ഞത്, ക്യാമ്പസ് ഫ്രണ്ടിനെയല്ല...?
ഫ്രറ്റേണിറ്റിയെപ്പറ്റി അഭിമന്യുവിട്ട ഒരു പോസ്റ്റ് കണ്ടുകാണും. ഇന്നലെ അവര്‍ എസ്.ഐ.ഒ, പിന്നെ ഇങ്കിലാബ്, ഇപ്പാള്‍ ഫ്രറ്റേണിറ്റി, നാളെ മറ്റൊരു പേരില്‍. അപ്പോള്‍ എസ്.എഫ്.ഐ എന്ന് സംഘടനക്ക് പേരിടരുതേ എന്ന് പറഞ്ഞ് അഭിമന്യു ഫ്രറ്റേണിറ്റിയെ പരിഹസിക്കുന്നുണ്ട്. ഫ്രറ്റേണിറ്റി എന്നത് കൃത്യമായി ഒരു മതവാദ സംഘടനയാണ്. അവരുടെ ലക്ഷ്യം വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമല്ല. വിദ്യാര്‍ഥികളെ വര്‍ഗീയമായി വിഭജിക്കുകയാണ്. ഞാനെല്ലാം പഠിക്കുന്ന കാലത്ത് അഫ്ഗാനിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തി സിമി എന്ന വിദ്യാര്‍ഥി സംഘന ‘റഷ്യന്‍ കരടികള്‍ അഫ്ഗാന്‍വിടുക’പോലുള്ള മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ജമാത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്നു അന്ന് സിമി. അവര്‍ പിന്നീട് തീവ്രാദമേഖലയിലേക്കും പോപ്പുലര്‍ ഫ്രണ്ടിലേക്കും എത്തി. ക്യാമ്പസ് ഫ്രണ്ടാകട്ടെ, ഫ്രറ്റേണിറ്റിയാകട്ടെ ഇതുവരെ ശ്രമിച്ചുവന്നത് വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാടാനല്ല. എത്രത്തോളം മതത്തെ വിദ്യാര്‍ഥി സമൂഹത്തിലേക്ക് കടത്തിവിടാനാണ്. വിദ്യാര്‍ഥികളെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ട്. ആഗോളവല്‍ക്കരണം, സ്വകാര്യവത്കരണം, ഫീസ് വര്‍ധന, ക്യാമ്പസുകളുടെ സ്വയംഭരണസംവിധാനത്തിലേക്കുള്ള മാറ്റല്‍, ഹിന്ദുത്വഫാഷിസം ഇനി അതൊന്നുമല്ളെങ്കില്‍ മഹാരാജാസില്‍ ഞാന്‍ നേരത്തെ ചൂണ്ടിക്കാണിച്ചതടക്കം നിരവധി വിഷയങ്ങള്‍. ഈ സംഘടനകള്‍ എവിടെയാണ് ഈ വിഷയങ്ങള്‍ ഉയര്‍ത്തി സമരമുഖത്ത് വന്നിട്ടുള്ളത്. അവര്‍ വന്നിട്ടുള്ളത് മുഴുവന്‍ മുസ്ലിം സമൂഹത്തിന്‍െറ വിഷയങ്ങളുമായിട്ടാണ്. ലോകത്തിന്‍െറ എത് കോണിലായാലും മുസ്ലിംകള്‍ക്ക് നേരെ അതിക്രമം നടന്നാല്‍ അതിനെതിരെ ക്യാമ്പസ് ഫ്രണ്ടും ഫ്രറ്റേണിറ്റിയും പ്രകടനം നടത്തും. മറ്റൊന്നും അവരുടെ വിഷയമല്ല. എസ്.എഫ്.ഐയാകട്ടെ ആ അതിക്രമത്തിനു എതിരെയും ലോകത്ത് നടക്കുന്ന എല്ലാത്തരം അനീതികള്‍ക്കുമെതിരെയും പ്രകടനം നടത്തും. മുസ്ലിം പ്രശ്നം ഉയര്‍ത്തി, പാന്‍ ഇസ്ലാമിക ചിന്ത കൊണ്ടുവന്ന്, എത്രത്തോളം മതധ്രുവീകരണം നടത്താമെന്നാണ് അവര്‍ നോക്കുക. ക്യാമ്പസുകളില്‍ ഇത്തരം സംഘടനകള്‍ക്കും എ.ബി.വി.പിക്കും കടന്നുവരാന്‍ കഴിയാത്തത് എസ്.എഫ്.ഐ യുടെയും മറ്റ് ഇടതു സംഘടനകളുടെയും പ്രവര്‍ത്തനം മൂലമാണ്. പകരം അവര്‍ എസ്.എഫ്.ഐയെ അപമാനിക്കാനും ഒരു ഫാഷിസ്റ്റ് സംഘടനയായി മുദ്രകുത്താനും ശ്രമിച്ചുകൊണ്ടിരിക്കും. ചെറിയ വിഷയങ്ങള്‍ ഊതി പെരുപ്പിക്കും. ബോധപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അത് സോഷ്യല്‍മീഡിയയിലൂടെ വര്‍ഗീയമായി പ്രചരിപ്പിക്കും. അത് ഏറ്റുപിടിക്കാന്‍ ധാരാളം പേരുണ്ട്. നിങ്ങള്‍ നോക്കൂ, അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം ഈ സംഘടനകളും അവരെ പിന്തുണക്കുന്നവരും എല്ലാം നടത്തിയ പ്രവര്‍ത്തനം എന്താണെന്ന്. കൊലപാതകത്തെ അപലപിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തുടങ്ങി, എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ടിനെ ന്യായീകരിക്കുന്നതില്‍ അവര്‍ എത്തി. അതിന് അവര്‍ എസ്.എഫ്.ഐ ഫാഷിസ്റ്റ് സംഘടനയാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. എസ്.എഫ്.ഐ നിരവധി പേരെ കൊന്നുതള്ളിയെന്നൊക്കെ പ്രചരിപ്പിക്കും. കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍െറ ചരിത്രം നിഷേധിച്ചുകൊണ്ടാണ് ഈ ആരോപണം. ഈ സംഘടനകള്‍ക്ക് പണമുണ്ട്. അവര്‍ക്ക് ആളുകളെ എളുപ്പത്തില്‍ സംഘടിപ്പിക്കാന്‍ കഴിയും, വലിയ പ്രചരണ സംവിധാനങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ അവരുടെ പ്രചാരണങ്ങള്‍ക്കാണ് മുന്‍തൂക്കം കിട്ടുക.
മതം ഒരുയാഥാര്‍ത്ഥ്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ മതം പാടില്ല എന്ന് പറയാന്‍ പറ്റില്ലല്ളോ...?
ക്യാമ്പസുകളില്‍ മതം പാടില്ല. മതത്തെയും മതവാദത്തെയും ക്യാമ്പസിന് പുറത്താക്കണം. ഒരു ക്യാമ്പസിലും മതം പഠിപ്പിക്കുന്നില്ല. മതം പാഠ്യവിഷയമല്ല. മതം അതിനാല്‍ തന്നെ ക്യാമ്പസില്‍ വേണ്ട ഒന്നല്ല. വിശ്വാസവും മതവാദവും രണ്ടാണ്. വിശ്വാസമാകാം. മതവാദം കൂടുതല്‍ വര്‍ഗീയതയിലേക്ക് കാര്യങ്ങളെ എത്തിക്കും.
എ.ബി.വി.പിയാണോ, ക്യാമ്പസ് ഫ്രണ്ടാണോ ക്യാമ്പസില്‍ എസ്.എഫ്.ഐ നേരിടുന്ന പ്രധാന പ്രശ്നം?
രണ്ടും അപകടകരമാണ്. ഒന്ന് മറ്റൊന്നിന് വളം വയ്ക്കും. എ.ബി.വി.പിയുടെ പ്രവര്‍ത്തനം മുസ്ലിം സംഘടനകളെയും മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തനം ഹിന്ദുത്വവാദികളെയും ശക്തിപ്പെടുത്തും. രണ്ടും അപകടരമാണെങ്കില്‍ ചില ഘട്ടത്തില്‍ ഒന്നാവും മുഖ്യസ്ഥാനത്ത്. അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മുസ്ലിം വര്‍ഗീയതയാണ് മുഖ്യസ്ഥാനത്ത്.
എസ്.എഫ്.ഐ ചില ഹിന്ദുത്വ ബിംബങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് സരസ്വതി ദേവിയുടെ ചിത്രം അടുത്തിടെ ഒരു ക്യാമ്പസില്‍ ഉപയോഗിച്ചത് കണ്ടു...?
അത് തെറ്റാണ്. മത ബിംബങ്ങള്‍ ഉപയോഗിക്കേണ്ട കാര്യമില്ല. അത് എതിര്‍ക്കപ്പെടേണ്ടതാണ്. എസ്.എഫ്.ഐക്ക് മതചിഹ്നങ്ങള്‍ ഉപയോഗിക്കുക എന്ന നയമില്ല. ഒറ്റപ്പെട്ട ഏതെങ്കിലും വിദ്യാര്‍ഥികള്‍ ചെയ്തത്, മൊത്തം സംഘടനയുടെ ഭാഗമായി പറയാന്‍ പറ്റില്ല. പക്ഷേ, ക്യാമ്പസ് ഫ്രണ്ട്, ഫ്രെറ്റേണിറ്റി പോലുള്ള സംഘടനകള്‍ തുറന്ന രൂപത്തില്‍ മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നു, മതവാദത്തിന് ആളെക്കുട്ടുന്നു. അത് ചെറുക്കപ്പെടേണ്ടതാണ്.
‘പച്ചക്കുതിര’യുടെ കഴിഞ്ഞ ലക്കത്തില്‍ എസ്. ഹരീഷ് എസ്.എഫ്.ഐ യൂടെ ഇന്നലെകളും മോശമാണ്, അഭിമാനിക്കാന്‍ ഒന്നുമില്ല എന്ന മട്ടില്‍ അഭിപ്രായ പ്രകടനം നടത്തിയിരുന്നു...?
അത് ചരിത്രത്തെ നിഷേധിച്ചുകൊണ്ടുള്ള വാദമാണ്. കേരളത്തിലെ കഴിഞ്ഞകാലത്ത് എസ്.എഫ്.ഐ നടത്തിയ പോരാട്ടങ്ങള്‍, ശ്രമങ്ങള്‍, സാമ്രാജ്യത്വവിരുദ്ധമുന്നേറ്റങ്ങള്‍, ആവിഷാരസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി നടത്തിയ ത്യാഗോജ്ജലമായ പ്രവര്‍ത്തനം ഒന്നും കാണാതെ പറയുന്നതില്‍ എന്ത് മറുപടി പറയാനാണ്. മനസില്‍ യുവത്വമുള്ളവര്‍ ആരും അത് പറയില്ല. നിങ്ങള്‍ പറഞ്ഞ വ്യക്തിയെ ഞാനറിയില്ല (എസ്. ഹരീഷ് നോവല്‍ പിന്‍വലിക്കുന്നതിന് മുന്‍പാണ് ഈ അഭിമുഖം). ഒരു പക്ഷേ, അയാള്‍ക്ക് പ്രായംകൊണ്ടു ചെറുപ്പമായിരിക്കും. എന്നാല്‍, വാര്‍ധക്യം ബാധിച്ചിരിക്കുന്നു. മനസില്‍ വാര്‍ധക്യം ബാധിച്ചവര്‍ക്ക് മാത്രമേ യാഥാര്‍ത്ഥ്യങ്ങള്‍ കാണാതിരിക്കാനാവൂ. ഞാന്‍ പറയുന്നത് പ്രായത്തിന്‍െറ കണക്കിലെ വാര്‍ധക്യമല്ല.
എസ്.എഫ്.ഐയുടെ ഭൂതകാലം അവിടെ നില്‍ക്കട്ടെ. ഫാഷിസം ശക്തമായ ഇക്കാലത്ത്, അല്ളെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സമകാലീന അവസ്ഥയില്‍ എവിടെ എസ്.എഫ്.ഐയുടെ സമരങ്ങള്‍?
വിദ്യാര്‍ഥികളില്‍ നിന്ന് ഒരു പ്രതിഷേധവും ഉണ്ടാവാത്ത വിധത്തില്‍ പലതരം ക്രമീകരണങ്ങള്‍ ഭരണകൂടവും കോടതിയും എല്ലാം കൂടി ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഒന്നാമത് കലാലയ രാഷ്ട്രീയം നിരോധിക്കപ്പെട്ടിരിക്കുന്നു. കലാലയങ്ങളുടെ സ്വഭാവം മാറി, വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറി. ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് സമരം ചെയ്യാന്‍ പോയിട്ട് മറ്റൊന്നിനും സമയമില്ലാതായി. ഇന്‍േറണല്‍ അസസ്മെന്‍റുകള്‍, സെമസ്റ്റര്‍ സംവിധാനങ്ങള്‍, കടുപ്പമുള്ള സിലബസുകള്‍ എന്നിവയിലൂടെ കുട്ടികള്‍ക്ക് മറ്റൊന്നിനും സമയമില്ലാതായി. ഇറങ്ങിയാല്‍ തന്നെ അവര്‍ക്ക് വിദ്യാഭ്യാസം നഷ്ടപ്പെടുന്ന അവസ്ഥ. മഹാരാജാസ് കോളജ് ഉള്‍പ്പടെയുള്ള ക്യാമ്പസുകള്‍ സ്വയംഭരണത്തിന്‍ കീഴിലായി. അവിടെ അധ്യാപകര്‍ക്കും കോളജ്അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമേല്‍ സമഗ്രാധിപത്യം സാധ്യമായി. സ്വയംഭരണ കോളജുകളില്‍ നിന്ന് ഒരു വിദ്യാര്‍ഥി പുറത്താക്കപ്പെട്ടാല്‍ തുടര്‍ വിദ്യാഭ്യാസം പോലും സാധ്യമല്ല. മറ്റിടങ്ങളില്‍ പ്രവേശനം കിട്ടില്ല. ഇനി സ്വകാര്യ കോളജുകളിലാകട്ടെ വലിയ തുക കൊടുത്തുവേണം പഠിക്കാന്‍. അതിന് പുറത്ത് പ്രീഡിഗ്രി ക്ളാസുകള്‍ ഇപ്പോള്‍ കലാലയങ്ങളില്ല. അതിനേക്കാള്‍ വന്ന മാറ്റം, ആര്‍ട്സ് വിഷയങ്ങള്‍ പഠിക്കാന്‍ കോളജുകളില്‍ ആളില്ലാതായി എന്നാണ്. മുമ്പ് അതല്ല അവസ്ഥ. സ്വാശ്രയ വിദ്യാഭ്യാസവും സ്വകാര്യവത്കരണവും വന്നശേഷം ബി.ടെക്ക് പോലുള്ള കോഴ്സുകള്‍ മുട്ടിന് മുട്ടിന് വന്നു. ആര്‍ട്സ് വിഷയങ്ങള്‍ വിട്ട് വിദ്യാര്‍ഥികള്‍ കൂട്ടമായി എഞ്ചിനീയറിങ് പോലുള്ള കോഴ്സുകള്‍ക്ക് ചേര്‍ന്നു. ഇങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റങ്ങള്‍ വിദ്യാര്‍ഥികളെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെയും മാറ്റിതീര്‍ത്തു. എന്നാല്‍, ജിഷ്ണു പ്രണോയിയുടെ വ്യവസ്ഥാപിത കൊലപാതകത്തിന് ശേഷം പുതിയ മുന്നേറ്റം വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. അത് കാണാതിരുന്നു കൂടാ.
പ്രതിപക്ഷ സംഘടന എന്ന ദൗത്യം നിര്‍വഹിക്കാന്‍ കഴിയാത്ത വിധത്തില്‍ കെ.എസ്.യുവും മാറിയോ?
സംശയമെന്ത്. വിദ്യാര്‍ഥി വിഷയങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കെ.എസ്.യു. ദയനീയമായി പരാജയപ്പെട്ടു. പകരം ആരാണ് വന്നത് എന്ന് നോക്കൂ. ക്യാമ്പസ് ഫ്രണ്ടുള്‍പ്പടെയുള്ള മതഭീകരവാദികള്‍. അവര്‍ക്ക് ഏക എതിരാളികള്‍ എസ്.എഫ്.ഐയാണ്. അതുകൊണ്ടാണ് എസ്.എഫ്.ഐയെ അധിക്ഷേപിക്കുന്നതും.
ദേശീയതലത്തില്‍ നോക്കിയാല്‍ പുതിയ ദലിത് സംഘടനകള്‍ ഉയര്‍ന്നുവരുന്നു, മത ന്യൂനപക്ഷ സംഘടനകള്‍ കടന്നുവരുന്നു. ഫാഷിസത്തിനെതിരെ ചില ഒന്നിക്കലുകള്‍ ജെ.എന്‍.യു ഉള്‍പ്പടെയുള്ള ക്യാമ്പസുകളില്‍ സാധ്യമാകുന്നു. പുതിയ മാറ്റങ്ങളെ എസ്.എഫ്.ഐ ഉള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുന്നുണ്ടോ?
നേരത്തെ വ്യക്തമാക്കിയതുപോലെ, രാജ്യത്തെ പ്രധാനപ്പെട്ട ക്യാമ്പസുകളില്‍ മതസംഘടനകള്‍ക്ക് അവരുടേതായ കൃത്യമായ ലക്ഷ്യമുണ്ട്. അത് മാറ്റിനിര്‍ത്താം. ദലിത് വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ വിഷയങ്ങളെ അഭിമുഖീകരിക്കാന്‍ എസ്.എഫ്.ഐ വിമുഖത കാട്ടുന്നതായി തോന്നിയിട്ടില്ല. പുതിയ കാലത്തിന്‍െറ വെല്ലുവിളികള്‍ ഏറ്റെടുത്ത്, ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ് ശക്തമാക്കണം. അതില്‍ എസ്.എഫ്.ഐക്ക് നിര്‍ണായക പങ്കുണ്ട്. അത് വിദ്യാര്‍ഥികള്‍ നിറവേറ്റണം.
നേരത്തെ ക്യാമ്പസുകളിലെ പ്രശ്നങ്ങളെപ്പറ്റിയും വിദ്യാഭ്യാസ സമ്പ്രദായത്തിലെ അപചയങ്ങളെയും പറ്റിയും പറഞ്ഞു. ഇടതുപക്ഷമാണ് അധികാരത്തില്‍. എന്തുകൊണ്ട് മറ്റങ്ങളുണ്ടാകുന്നില്ല..?
വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്കരങ്ങള്‍ കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ്.ആദ്യ ഇ.എം.എസ്. സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കുകയും ചെയ്തു. പക്ഷേ, സര്‍ക്കാരിനെതിരെ മത-ജാതി സംഘടനകള്‍ മുഴുവന്‍ രംഗത്തിറങ്ങി. പിന്നീട് നടന്ന സ്വകാര്യവത്കരണവും കച്ചവടവല്‍ക്കരണവും അതീഭീകരമാണ്. അതിനെ ചെറുക്കുന്നതില്‍ വലിയ പങ്ക് ഇപ്പോഴും വഹിക്കുന്നത് ഇടതുപക്ഷവും ഇടതുസര്‍ക്കാരുമാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ നല്ല ചുവടുകള്‍ വയ്ക്കുന്നു. പൊതുവിദ്യാഭ്യാസത്തിന് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. അതിന്‍െറ ഫലമായി കൂടുതല്‍ കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്കും കലാലയങ്ങളിലേക്കും മടങ്ങിവന്നുകൊണ്ടിരിക്കുന്നു. ആര്‍ട്സ്വിഷയങ്ങള്‍ പഠിക്കുന്നതിലേക്കും അവര്‍ കൂടുതലായി നീങ്ങിക്കൊണ്ടിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തിന്‍െറ നിലവാരം ഉയരുന്നുണ്ട്.അത് ശുഭസൂചകമാണ്.
മഹാരാജാസ് ഉള്‍പ്പടെയുള്ള ക്യാമ്പസുകള്‍ എങ്ങനെയായിരിക്കണമെന്നാണ് താങ്കള്‍ സങ്കല്‍പിക്കുന്നത്?
മഹാരാജാസ് മാത്രമല്ല എല്ലാ ക്യാമ്പസുകളും രാഷ്ട്രീയവല്‍ക്കരിക്കപ്പെടണം. കക്ഷിരാഷ്ട്രീയമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ അവരുടെ ചരിത്രപരമായ കടമകള്‍ ഏറ്റെടുക്കണം. ക്യാമ്പസുകളില്‍ സ്വതന്ത്ര ചിന്തയും സംസ്കാരവും ശക്തിയാര്‍ജിക്കണം. മത സംഘടനകള്‍ക്ക് ഒരിടവും ക്യാമ്പസുകളില്‍ നല്‍കരുത്. അവിടം ജനാധിപത്യവല്‍ക്കരിക്കപ്പെടണം. സംഘര്‍ഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കപ്പെടണം. കച്ചവടവല്‍ക്കരണത്തില്‍ നിന്ന് ക്യാമ്പസുകള്‍ മുക്തമാകണം.
അത് സാധ്യമാകുമോ-താങ്കള്‍ ശുഭാപ്തി വിശ്വാസിയാണോ?
സംശയമെന്ത്. ഞാന്‍ മാര്‍ക്സിസ്റ്റാണ്. മാര്‍ക്സിസ്റ്റ് ചരിത്ര വിശകലന രീതികളില്‍ വിശ്വസിക്കുന്നു. ചരിത്രം ഒരിക്കലും നിശ്ചലമായിരുന്നിട്ടില്ല. വലിയ സാമ്രാജ്യത്വങ്ങളെ ജനം കടപുഴക്കിയിട്ടു. ഈ ഫാഷിസ്റ്റ് ക്രമത്തെയും ജനം മറിച്ചിടും. അതില്‍ സംശയമെന്തിന്?
No comments:
Post a Comment