Monday, October 1, 2018

ചരിത്രത്തിൽ ഗാന്ധി


ഗാന്ധിജി @ 150

ചരിത്രപരമായ ഇടപെടലുകളിലൂടെ ഗാന്ധി പുതിയ ഇന്ത്യ  സൃഷ്​ടിച്ചെടുത്തു. മതേതരത്വം, സമത്വം തുടങ്ങിയ വലിയ ആശയങ്ങൾ പുതിയ രാജ്യത്തിെൻറ അടിത്തറയാക്കിമാറ്റാൻ അദ്ദേഹം നിതാന്തമായി പോരാടി. ഇന്ത്യ പഴയ ആദർശങ്ങളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് വ്യക്തമാക്കുകയാണ്  ഗാന്ധിജിയുടെയും സി. രാജഗോപാലാചാരിയുടെയും കൊച്ചുമകനും ചിന്തകനും  പത്രപ്രവർത്തകനും ജീവചരിത്രകാരനുമായ ലേഖകൻ. മാധ്യമം ആഴ്ചപ്പതിപ്പിനായി എഴുതിയ ഈ കുറിപ്പിൽ ശുഭാപ്തിവിശ്വാസത്തിെൻറ ഗാന്ധിയൻ പ്രതീക്ഷകൾ അദ്ദേഹം നിറക്കുന്നു








ചരിത്രത്തിൽ ഗാന്ധി

രാജ്മോഹൻ ഗാന്ധി

1948ൽ, 78ാം വയസ്സിൽ കൊല്ലപ്പെടു​േമ്പാൾ ഗാന്ധി ഒരു  പ്രായംചെന്ന വ്യക്തിയായാണ് തോന്നിച്ചത്. ഇന്ന്, പല ഇന്ത്യക്കാർക്കും അദ്ദേഹത്തിെൻറ ചില കൊച്ചുമക്കൾക്ക് ഉൾ​െപ്പടെ 78ലേറെ വയസ്സുണ്ട്.
ത​െൻറ ആയുഷ്കാലത്ത് ഗാന്ധി പല സ്​ഥലങ്ങളിലും ജീവിച്ചിട്ടുണ്ട്. രാജ്കോട്ടിലും മുംബൈയിലും ജീവിച്ചു. ദക്ഷിണാഫ്രിക്കയിൽ ഡർബൻ, പ്രിട്ടോറിയ, ജൊഹാനസ്​ബർഗ് എന്നിവിടങ്ങളിൽ. ഗുജറാത്തിലെ അഹ്​മദാബാദിൽ. ബിഹാറിലെ ചമ്പാരനിൽ. മഹാരാഷ്​ട്രയിലെ സേവാഗ്രാമിൽ. ഇന്ന് ബംഗ്ലാദേശിെൻറ ഭാഗമായ നവഖാലിയിലെ നെയ്ത്തുകാരുടെയും അലക്കുകാരുടെയും കൂരകളിൽ.  ഇപ്പോൾ പാകിസ്​താനിലെ ഖൈബർ പക്​തുഖ്വാ പ്രവശ്യയിലെ ചർസദ്ദ, ഉദ്​മാൻസായി, അബോദബാദ് എന്നിവിടങ്ങളിൽ. കേരളത്തിൽ, ആന്ധ്രയിൽ, അസമിൽ. കൊൽക്കത്തയിൽ, മുംബൈയിൽ, ചെന്നൈയിൽ, ബംഗളൂരുവിൽ. അമൃത്​സറിൽ, ലാഹോറിൽ, കറാച്ചിയിൽ. മ്യാൻമറിലും ശ്രീലങ്കയിലും. ഇംഗ്ലണ്ട്, ഫ്രാൻസ്​, സ്വിറ്റ്സർലൻഡ്, ഇറ്റലി എന്നീ രാജ്യങ്ങളിൽ.
അദ്ദേഹം ജയിലിൽ ജീവിച്ചു. ഇന്ത്യക്കും ആഫ്രിക്കക്കും ബ്രിട്ടീഷ് ഐൽസുകൾക്കുമിടയിലെ കപ്പലുകളിൽ ജീവിച്ചു. ഇന്ത്യയിലെമ്പാടും ആവി പറത്തി ഓടിയ െട്രയിനുകളിൽ കഴിഞ്ഞു. ഡൽഹിയിൽ അദ്ദേഹത്തിെൻറ ആതിഥേയർ ഹിന്ദുക്കളും മുസ്​ലിംകളും ക്രിസ്​ത്യാനികളും ജൈനരുമായിരുന്നു. അവിടെ അദ്ദേഹത്തിെൻറ ആതിഥേയർ പാവപ്പെട്ട ദലിതരും ഘനശ്യാം ദാസ്​ ബിർളയെപോലുള്ള ധനിക വ്യവസായികളുമായിരുന്നു
ഗാന്ധിക്ക് എല്ലായിടവും വീടായി തോന്നി. കാരണം എല്ലായിടത്തും അദ്ദേഹം സുഹൃത്തുക്കളെ സൃഷ്​ടിച്ചു.

ഠഠഠ
കൊല്ലപ്പെട്ടശേഷം വളരെക്കാലം ഗാന്ധി ഹിന്ദുദേശീയവാദികളാൽ ആക്രമിക്കപ്പെട്ടു. വിഭജനം തടയാനാവാത്തതിെൻറ പേരിൽ. ‘‘അദ്ദേഹം ഇന്ത്യയുടെ പിതാവല്ല’’, ഹിന്ദു തീവ്രവാദികൾ വിളിച്ചുകൂവി: ‘‘അയാൾ പാകിസ്​താെൻറ പിതാവാണ്.’’
ഇന്ന് ഹിന്ദു ദേശീയവാദികൾ ഗാന്ധിയെ ആക്രമിക്കുന്നത് വിഭജനത്തെ ചെറുക്കാത്തതിനല്ല. അവർ സ്വകാര്യമായി പറയുന്നത് ഇങ്ങനെയാണ്: ‘‘പാകിസ്​താൻ ഉണ്ടാവുന്നത് തടയുന്നതിൽ ഗാന്ധി പരാജയപ്പെട്ടതിൽ ദൈവത്തിന് നന്ദി. ഇന്ത്യ ഒന്നായി തുടർന്നുവെങ്കിൽ ഇന്ത്യയിലെ മുസ്​ലിം ശതമാനം 15 അല്ല 35 ആകുമായിരുന്നു. ദൈവം ഇടപെട്ടു,  ഗാന്ധി പരാജയപ്പെട്ടു, ഇന്ത്യ അനുഗ്രഹിക്കപ്പെട്ടു.’’
എന്നാൽ, ഇന്ത്യ അത്രമാത്രം അനുഗ്രഹിക്കപ്പെട്ടില്ല. ഇന്ത്യയെ യോജിപ്പിച്ച് നിർത്തണമെന്ന ഗാന്ധിയുടെ അപകടകരമായ ആഗ്രഹം പൂവണിഞ്ഞില്ല. എങ്കിലും നെഹ്റുവിെൻറയും അംബേദ്കറിെൻറയും മറ്റുള്ളവരുടെയും സഹായത്തോടെ ഇന്ത്യൻ ഭരണകൂടം മതനിരപേക്ഷമായിരിക്കുമെന്ന് ഗാന്ധി ഉറപ്പാക്കി. അങ്ങനെ ഇന്ത്യൻ പൗരർക്ക് ചിന്തിക്കാൻ, വിശ്വസിക്കാൻ, ആരാധിക്കാനുള്ള സ്വാതന്ത്ര്യം സ്വന്തമായി.
എന്തുകൊണ്ടാണ് വിഭജനം തടയുന്നതിൽ ഗാന്ധി പരാജയപ്പെട്ടത്? കാരണം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്ഷമ മൂലം ഭൂരിപക്ഷം ഇന്ത്യക്കാരും അതാവശ്യപ്പെടുന്ന വില നൽകാൻ തയാറായിരുന്നു. വിഭജനമായിരുന്നു ആ വില. മൂന്നു പതിറ്റാണ്ട് ഗാന്ധിയുടെ അടുത്ത സഹപ്രവർത്തകരായിരുന്നവർ (നെഹ്റു, പട്ടേൽ, ആസാദ്, രാജാജി, രാജേന്ദ്ര പ്രസാദ്, കൃപാലിനി എന്നിവരുൾ​െപ്പടെ) ആ വില നൽകാൻ തയാറായിരുന്നു. ജനങ്ങളിലെ വലിയ ഭൂരിപക്ഷം ആ വില നൽകാൻ തയാറായിരുന്നു.
ഹിന്ദു ഭൂരിപക്ഷ മേഖലകൾ പുതിയ ഇന്ത്യയാവുകയും മുസ്​ലിം ഭൂരിപക്ഷ മേഖലകൾ പാകിസ്​താനാവുകയും ചെയ്തുവെന്നത്​സത്യമാണ്. ഗാന്ധി ഭൂരിപക്ഷ അഭിപ്രായത്തിന് വഴങ്ങുകയും വിഭജനം അംഗീകരിക്കുകയും ചെയ്തു.
ജീവിതത്തിെൻറ അവസാന വർഷങ്ങളിൽ എല്ലാ ജനങ്ങൾക്കുമായി ചെറിയ ഇന്ത്യയെ ഒരു രാഷ്​ട്രമെന്ന നിലയിൽ സ്വതന്ത്രമായി നിലനിർത്താനും സ്വാതന്ത്ര്യത്തിെൻറ ഉദയത്തിനൊപ്പം സംഭവിച്ച ദുഃഖകരമായ മുറിവുകൾ ഉണക്കാനും ഗാന്ധി അധ്വാനിച്ചു.
ഈ ലക്ഷ്യങ്ങളിൽ അദ്ദേഹത്തിെൻറ വിജയം പൂർണമോ സ്​ഥായിയായതോ ആയിരുന്നില്ല.  പക്ഷേ, അത് അസാധാരണമായിരുന്നു.
ത​െൻറ ജീവിതത്തിെൻറ അവസാന വർഷത്തിൽ ചെയ്തപോലെ ഗാന്ധി വാദിക്കുകയും പോരാടുകയും ഉപവസിക്കുകയും ചെയ്തിരുന്നില്ലെങ്കിൽ ഇന്ത്യയിൽ ഒരു ഹിന്ദു രാഷ്​ട്രം സ്​ഥാപിക്കപ്പെടുമായിരുന്നു. മുസ്​ലിംകൾ ഡൽഹിയിൽ നിന്ന് പുറന്തള്ളപ്പെടുമായിരുന്നു. രാജ്യത്തെമ്പാടും മുസ്​ലിംകളും ക്രിസ്​ത്യാനികളും രണ്ടാംതരം പദവി അംഗീകരിക്കാൻ നിർബന്ധിക്കപ്പെടുമായിരുന്നു. ഗാന്ധിജി ഈ കാര്യങ്ങൾ സംഭവിക്കുന്നത് തടഞ്ഞു.  ഈ കാര്യങ്ങൾ ത​െൻറ ജനനത്തിെൻറ 150ാം വാർഷികം പുറമേക്ക് ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളുടെ രഹസ്യപിടിയിൽ സംഭവിക്കുന്നതിൽ നിന്നായിരുന്നു അദ്ദേഹം തടഞ്ഞത്. ആ ആളുകളുടെ ഉള്ളിലെ ആഗ്രഹം, ചിലപ്പോഴൊക്കെ തുറന്നുതന്നെ പ്രകടിപ്പിച്ചതുപോലെ, ഒരു ഹിന്ദു രാഷ്​​ട്രവും  വർഗീയ തരംതിരിവുകളും ഇന്ത്യ അതിെൻറ സ്വാതന്ത്ര്യത്തിെൻറ 100ാം വർഷികം, 2047ൽ വരുന്നതിന് മുമ്പേ കൊണ്ടുവരുകയാണ്.
‘‘എല്ലാവർക്കും തുല്യ അവകാശം’’ എന്ന പ്ലക്കാർഡ് ഏന്തുന്നത് ഇന്നത്തെ ലോകത്ത് പുതുമയല്ല. അത് ട്രംപിെൻറ അമേരിക്കയിലോ മോദിയുടെ ഇന്ത്യയിലോ പുതുമയല്ല. പുടിെൻറ റഷ്യയിലോ അല്ലെങ്കിൽ ഷിയുടെ ചൈനയിലോ അല്ല. മറ്റ് പല നാടുകളിലുമല്ല.
ഇന്നത്തെ ദേശീയവും ആഗോളവുമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ 1947 ലും 1948 ലും ഗാന്ധി നടത്തിയ സാഹസിക കൃത്യങ്ങൾ ചരിത്രപരമായ ആക്സ്​മിക നേട്ടമായി തോന്നുന്നു. സ്വതന്ത്ര ഇന്ത്യ മതനിരപേക്ഷ ഭരണകൂടമാക്കാനുള്ള നീക്കം ഇന്ത്യൻ സ്വാതന്ത്ര്യം പോലെ തന്നെ വലിയ നേട്ടമായി കാണാം.
ഗാന്ധി സ്വയമല്ല ഈ ഫലങ്ങൾ സൃഷ്​ടിച്ചത്. അല്ലെങ്കിൽ കേവലം നെഹ്റുവി​െൻറ​േയാ മറ്റ് ഏതാനും പേരുടെയോ സഹായത്താലുമല്ല. ലക്ഷക്കണക്കിന് അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഇന്ത്യക്കാർ, നിരവധി ഇന്ത്യക്കാരല്ലാത്തവർ ഈ ശ്രമത്തിൽ പങ്കുവഹിച്ചിട്ടുണ്ട്.
അവർ ബ്രിട്ടീഷ് രാജിനെയും മിക്കപ്പോഴും തങ്ങളുടെ അടുത്ത ബന്ധുക്കളെയും ധിക്കരിച്ചു. അവർക്ക് ജോലിയും പണവും നഷ്​ടപ്പെട്ടു. അവർ മർദനവും തടവുശിക്ഷയും ക്ഷണിച്ചുവരുത്തി. അതിനേക്കാൾ പ്രധാനമായി, ഗാന്ധിക്കൊപ്പം അണിനിരന്ന് ചുവടു​െവച്ചവർ അദ്ദേഹത്തിെൻറ കടുപ്പമുള്ള നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു.
‘‘ഭയം അരുത്’’, ഗാന്ധി പറഞ്ഞു. ഒപ്പം ഗാന്ധി കൂട്ടി ചേർത്തു, ‘‘വെറുപ്പ് അരുത്.’’  ഗാന്ധി ഇന്ത്യക്കാരെ അവരുടെ ഭയത്തിൽ നിന്ന് മുക്തരാക്കാൻ ചക്രവർത്തിയുടെ പീരങ്കികൾക്കുമുന്നിലേക്ക് നയിച്ചുവെന്ന് നെഹ്റു പ്രശസ്​തമായ രീതിയിൽ പറഞ്ഞിട്ടുണ്ട്. വെറുപ്പും മുൻവിധികളും ആശ്ചര്യപ്പെടുത്തുന്ന വിധത്തിൽ മറികടന്നു, കുറഞ്ഞത് കുറച്ചു നാളത്തേക്കെങ്കിലും. മതത്തിെൻറ, ജാതിയുടെ, ഭാഷയുടെ, വർഗത്തിെൻറ പ്രതിബന്ധങ്ങൾ തകർക്കപ്പെട്ടു.
ഗാന്ധി എളുപ്പത്തിൽ ഉൾക്കൊള്ളാവുന്ന സൂചനകൾ നൽകി, എന്നാൽ അവ പുരോഗമനപരമായവ കൂടിയായിരുന്നു. അവ അത്ര മാ​ത്രം ലളിതമായിരുന്നു,  അതേസമയം നമ്മുടെ സാമാന്യധാരണക്ക് ഒത്തുപോകുന്നതായിരുന്നു, അവ ‘‘ഈശ്വർ അല്ലാ തേരെ നാം’’ എന്ന തുപോലെ അത്രമാത്രം ഉത്പതിഷ്ണുപരമായിരുന്നു.
തുല്യ അവകാശത്തെപ്പറ്റിയുള്ള ഭരണഘടനാപരമായ വ്യവസ്​ഥ, ലക്ഷക്കണക്കിന് ഇന്ത്യക്കാർ ‘‘ഈശ്വർ അല്ലാ തേരെ നാം’’  എന്ന വാക്യം തങ്ങളുടെ ഹൃദയത്തിലേറ്റാതെ പ്രാവർത്തികമാകുമായിരുന്നില്ല. സ്വാതന്ത്ര്യം സാധ്യമായത് ഗാന്ധി ‘‘ഇന്ത്യ വിടുക’’ എന്ന് പ്രഖ്യാപിച്ചതുകൊണ്ടല്ല, മറിച്ച് ലക്ഷക്കണക്കിന് ജനം അവരുടെ ഹൃദയത്തിൽ ബ്രിട്ടീഷുകൾ ഇന്ത്യ വിടേണ്ടതാണെന്ന് തീരുമാനിച്ചതുകൊണ്ടാണ്.
സ്വാതന്ത്ര്യം അടുത്ത് വന്ന നാളിൽ, ഗാന്ധി ജീവിച്ചിരിക്കുമ്പോൾ, 1947 ഏപ്രിലിൽ ഡൽഹിയിൽ നടന്ന ഏഷ്യൻ റിലേഷൻസ്​ സമ്മേളനത്തിൽ ഈജിപ്തിൽ നിന്ന് ഒരു കവിത  ചൊല്ലപ്പെട്ടു.

ഗാന്ധിയുടെ കൈയിൽ ചർക്കതണ്ടുകൾ വാളിനേക്കാൾ മൂർച്ചയുള്ളതായി
ഗാന്ധിയുടെ മെലിഞ്ഞ ദേഹത്ത് ചുറ്റിയ വെള്ള മുണ്ട് സാമ്രാജ്യത്വതോക്കുകൾക്ക് തുളച്ചുകയറാനാവാത്ത പടച്ചട്ടയായി
ഗാന്ധിയുടെ ആട് ബ്രിട്ടീഷ് സിംഹത്തേക്കാൾ കരുത്തുള്ളതായി (1)

മതേതര ഇന്ത്യയുടെ, –സമത്വവും സ്വാതന്ത്ര്യവും കുറഞ്ഞപക്ഷം ഉദ്ദേശ്യമെങ്കിലുമായ ഇന്ത്യയുടെ–  ‘‘ചരിത്രപരമായ ആകസ്​മിക വിജയം’’ തങ്ങൾക്ക് വേണ്ടത് ഇതാണെന്ന് നിശ്ചയിച്ച നിരവധി ഇന്ത്യക്കാർക്കിടയിലെ നിശ്ശബ്​ദവും ശക്തവുമായ ധാരണയുടെ ഫലമായിരുന്നു. അവർ ചിലർ ഉത്തരവിടുകയും മറ്റുള്ളവർ അനുസരിക്കുകയും ചെയ്യുന്ന ഇന്ത്യ ഒരിക്കലും അംഗീകരിച്ചില്ല.
നിസ്സംശയമായും അവർ ഗാന്ധിയാലും അദ്ദേഹത്തിെൻറ ആശ്ചര്യപ്പെടുത്തുന്ന സംഘത്താലും പ്രചോദിക്കപ്പെട്ടിരുന്നു. അതിനേക്കാൾ തങ്ങൾക്ക് അഭിമാനിക്കാവുന്ന ഒരു ഇന്ത്യയെപ്പറ്റിയുള്ള തങ്ങളുടെ സ്വന്തം ബോധത്താൽ, തങ്ങളുടെ സ്വന്തം ധാരണയാൽ അവർ ചലിക്കപ്പെട്ടു.
സമത്വവും സ്വാതന്ത്ര്യവും അന്തസ്സുമുള്ള ഇന്തയുടെ ‘‘ചരിത്രപരമായ ആകസ്​മിക വിജയം’’ വീണ്ടും സംഭവിക്കും. ഇന്ത്യൻ ജനതയുടെ മനസ്സാക്ഷിയും സാമാന്യബോധവും അത് വീണ്ടും സൃഷ്​ടിക്കും. അതെപ്പോൾ സംഭവിക്കും എന്നത് മാത്രമാണ് ചോദ്യം.
കേരളം വഴികാട്ടിയാവട്ടെ!


സൂചിക
1. ബി.ആർ. നന്ദ എഡിറ്റ് ചെയ്ത ‘മഹാത്മാഗാന്ധി: 125 വർഷങ്ങൾ’ എന്ന പുസ്​തകത്തിൽ ഒമർ ഉൽഹഖിനെ ഉദ്ധരിച്ചത്. ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ്​ (ഡൽഹി, 1995) ആണ് പുസ്​തകത്തിെൻറ പ്രസാധകർ.

മൊഴിമാറ്റം: ആർ.കെ. ബിജുരാജ്




മാധ്യമം ആഴ്​ചപ്പതിപ്പ്​, ലക്കം: 1074 , 2018 ഒക്​ടോബർ ഒന്ന്​

No comments:

Post a Comment