Saturday, July 17, 2010

രോഷം എന്നെ ഞാനാക്കി

സംഭാഷണം
കോല ബൂഫ്/ബിജുരാജ്ഇസ്ലാമിക യാഥാസ്ഥിതികരുടെ വധശിക്ഷാ ഫത്‌വയെ നേരിടുന്ന ബ്ലാക്ക്-അറബ് എഴുത്തുകാരിയും കവിയുമായ കോല ബൂഫ് സംസാരിക്കുന്നു. ഒസാമ ബിന്‍ലാദന്റെ ലൈംഗിക പീഡനത്തിന് ഇരയായ കോല ബൂഫ് നിഷേധിക്കുന്നത് നിലവിലുള്ള പുരുഷാധിപത്യ മതങ്ങളെയും അധികാരധാര്‍ഷ്ട്യങ്ങളെയും സദാചാരബോധ്യങ്ങളെയുമാണ്.'അപകടകാരിയായ കറുത്ത സ്ത്രീ'അതിസൂക്ഷ്മമായി വാക്കുകള്‍ തെരഞ്ഞെടുത്താലും കോല ബൂഫിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാവില്ല. 'അപകടകാരിയായ കറുത്ത സ്ത്രീ' എന്ന്, അമേരിക്കയിലെ ആരോ ചാര്‍ത്തിയ വിശേഷണം കുറച്ചെങ്കിലും ശരിയായേക്കും. അത്രമാത്രം.
ഒസാമ ബിന്‍ലാദന്റെ പേരുമായി ബന്ധപ്പെട്ടാണ് കോല ഒരു പക്ഷെ ഇന്ന് ലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. ലാദന്റെ ലൈംഗിക പീഡനത്തിന് ഇരയായ എഴുത്തുകാരിയും ആക്റ്റിവിസ്റ്റുമാണ് അവര്‍. ബിന്‍ലാദന്റെ ഭീഷണിക്കു പുറമെ, സുഡാനിലെ ഇസ്ലാമിക യാഥാസ്ഥികരുടെ വധശിക്ഷാ ഫത്‌വയെ നേരിടുന്ന കോല ഇന്ന് അമേരിക്കയില്‍ പ്രവാസിയാണ്. കവി, നോവലിസ്റ്റ്, നടി, വുമണിസ്റ്റ്, ആക്റ്റിവിസ്റ്റ് തുടങ്ങിയ നിലകളിലും രാജ്യാന്തര പ്രശസ്ത.
സുഡാനില്‍ വര്‍ഷങ്ങളായി നടന്നുവന്ന ആഭ്യന്തരയുദ്ധത്തില്‍ ദക്ഷിണദേശത്തിന്റെ സായുധ വിമോചന ശ്രമങ്ങളില്‍ കോല നിര്‍ണായക പങ്ക് വഹിച്ചു. അടുത്തകാലം വരെ സുഡാന്‍ ജനകീയ സേനയില്‍ (എസ്.പി.എല്‍.എ) ഏറ്റവും ഉയര്‍ന്ന സ്ത്രീയായിരുന്നു. 'ക്യൂന്‍ കോല' എന്ന് സുഡാനില്‍ വിശേഷിപ്പിക്കപ്പെടുന്ന അവര്‍ 1994-ല്‍ ഇസ്രായേലില്‍ നിന്ന് വിമോചന സേനയ്ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സംഘടിപ്പിച്ചു നല്‍കി. ഈ 'അറബ് വിരുദ്ധതയും' കോലയുടെ ജീവന് ഭീഷണിയാണ്.
സംഭവബഹുലമാണ് മുപ്പത്തിയെട്ടുകാരിയായ കോലയുടെ ജീവിതം. അമ്മയും അച്ഛനും കണ്‍മുന്നില്‍ വെടിയേറ്റു മരിക്കുന്നത് കണ്ടാണ് ജീവിതം തുടങ്ങുന്നത്. ഈജിപ്തുകരനായ ആര്‍ക്കിയോളജിസ്റ്റായിരുന്നു അച്ഛന്‍. അമ്മ സൊമാലിയയിലെ നാടോടി വംശജയും. അമ്മയും അച്ഛനും വെടിയേറ്റ് മരിക്കാന്‍ കാരണം സുഡാനിലെ അറബ്-ഇസ്ലാമിക ഭരണത്തിനും രാജ്യത്ത് നിലനില്‍ക്കുന്ന അടിമത്തത്തിനും എതിരായി സംസാരിച്ചുവെന്നതായിരുന്നു. സുഡാനില്‍ നിന്ന് ഈജിപ്തുകാരിയായ മുത്തശ്ശി കൂട്ടിക്കൊണ്ടുപോയെങ്കിലും കറുത്ത നിറം അത്രകണ്ടു പിടിക്കാത്തതിനാല്‍ കോലയെ വൈകാതെ ഉപേക്ഷിച്ചു. ഇംഗ്ലണ്ടില്‍ കഴിയുന്ന ഒരു എത്തോപ്യന്‍ കുടുംബത്തിനു മുത്തശ്ശി കോലയെ ദത്തുനല്‍കി. 'ദുര്‍മന്ത്രവാദി'യാണെന്ന് സംശയിച്ച് അവിടെ നിന്നും പുറന്തളളപ്പെട്ടു. പിന്നീട് മറ്റൊരു ആഫ്രിക്കന്‍-അമേരിക്കന്‍ കുടുംബം ദത്തെടുത്തതോടെ കോല വാഷിംഗ്ടണിലെത്തുന്നു. നൈമ ബിന്റ് ഹാരിത്ത് എന്നായിരുന്നു ഇക്കാലത്തൊക്കെ പേര്.
വളരെ 'അച്ചടക്ക'മുള്ള ജീവിതമായിരുന്നില്ല തന്റേത് എന്ന് കോലയും പറയുന്നു. ആദ്യം ഒരു കറുത്ത അമേരിക്കന്‍ വിദ്യാര്‍ത്ഥിയമായി പ്രണയത്തില്‍. ഗര്‍ഭിണിയായെങ്കിലും ബന്ധം അലസിപ്പിരിയുന്നു. വിര്‍ജിനയയിലെ ഫെയര്‍ ഫാക്‌സ് സൗന്ദര്യമത്സരത്തില്‍ വിജയിച്ചെങ്കിലും യോഗ്യതയ്്ക്ക് ഒരു വയസ് കുറവാണ് എന്നു കണ്ടെത്തിയതോടെ പുരസ്‌കാരം തിരിച്ചുമേടിക്കപ്പെടുന്നു. അപ്പോള്‍ പ്രായം പതിനേഴ്. ജഡ്ജസുമാരില്‍ ഒരാളായ വെള്ളനിറക്കാരനായ ബിസിനസുകാരനുമായി അടുപ്പത്തിലാകുന്ന കോല അയാളുടെ 'മിസ്ട്രസ്സായി' ജീവിക്കുന്നു. നാലു വര്‍ഷത്തിനുശേഷം അവിടെ നിന്നും പുറന്തള്ളപ്പെടുന്നു. 1996- ല്‍ ഒരു ജൂത സിനിമാ സംവിധായകനൊപ്പം ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പോകുന്നു. പിന്നെ പല രാജ്യങ്ങളില്‍ മാറി മാറി താമസം. ഈജിപ്ത്്, സുഡാന്‍, കെനിയ, ലിബിയ രാജ്യങ്ങളിലെ താമസത്തിനൊടുവില്‍ മൊറോക്കയില്‍ എത്തുന്നു. അവിടെ കുറച്ച് അറബി സിനിമകളില്‍ വേഷമിടുന്നു. പലതും മടിയില്ലാതെ തുറന്നുകാട്ടല്‍ വേഷങ്ങള്‍. മൊറോക്കയിലായിരുന്ന കാലത്താണ് കവിയെന്ന രീതിയില്‍ കോല അറിയപ്പെടാന്‍ തുടങ്ങുന്നത്. മൊറോക്കയില്‍ തങ്ങിയ നാളില്‍ അവിടുത്തെ സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങള്‍ ചേര്‍ത്തുകൊണ്ട്് 'എവിരി ലിറ്റില്‍ ബിറ്റ് ഹര്‍ട്ട്‌സ്' എന്ന എന്ന പുസ്തകം കോല ബൂഫ് എന്ന തൂലികാ നാമത്തില്‍ അറബിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഇസ്ലാമിനെതിരെ പുസ്തകത്തിലുള്ള പരാമര്‍ശങ്ങള്‍ വിവാദമായി. മറ്റൊരു പുസ്തകത്തിന്റെ പുറംചട്ടയില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടതോടെ കടുത്ത എതിര്‍പ്പായി. മൊറോക്കയിലെ പ്രസാധകര്‍ ആക്രമിക്കപ്പെട്ടു.
2003 ഏപ്രില്‍ ഒമ്പതിന് സിറ്റ്‌സര്‍ലണ്ടിലെ യു.എന്‍ കേന്ദ്രം, ഇസ്ലാമിക യാഥാസ്ഥിതികര്‍ കോല ബൂഫിനെ ഫത്‌വ വധശിക്ഷയ്ക്ക് വിധേയമാക്കാന്‍ ശ്രമിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചു. അതോടെ അമേരിക്കന്‍ സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തി. കുറേക്കാലം ഒളിവിലും വ്യാജപ്പേരുകളിലും കഴിയേണ്ടിവന്നു.
മൊറോക്കയില്‍ കഴിഞ്ഞ കാലത്താണ് ഒസാമ ബിന്‍ലാദന്റെ പീഡനത്തിന് ഇരയാകുന്നത്. ഒരു സ്വകാര്യ എസ്‌റ്റേറ്റില്‍ പുറത്തുപോകാന്‍ അനുവദിക്കാതെ തന്നെ നാലുമാസക്കാലം ലാദന്‍ പീഡിപ്പിക്കുകയായിരുന്നു എന്ന കോല പറഞ്ഞത് വന്‍ വിവാദമായി. കോല നുണപറയുകയാണെന്നും അല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നു. കോല വേശ്യയാണെന്നും അല്ലെന്നും ലോകം പറയാന്‍ തുടങ്ങി. ബിന്‍ലാദന്‍ വിട്ടയച്ചതോടെ കൈയിലുണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി ലണ്ടനിലേക്കും അമേരിക്കയിലേക്കും പോയതായി കോല പറയുന്നു. പിന്നീട് എഴുത്തില്‍ കൂടുതലായി ശ്രദ്ധിച്ചു. നിലവിലുള്ള പുരുഷാധിപത്യ മതങ്ങളെയും അധികാരധാര്‍ഷ്ട്യങ്ങളെയും പതിവ് എഴുത്തുരീതികളെയും സദാചാരബോധ്യങ്ങളെയുമാണ് എഴുത്തിലൂടെ കോല ആക്രമിക്കുന്നത്. 'ദ ഡയറി ഓഫ് എ ലോസ്റ്റ് ഗേള്‍' എന്ന ആത്മകഥയും കടുത്ത വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തി. ഇന്ന് എറ്റവും ശ്രദ്ധേയായ ബ്ലാക്ക്-അറബ് എഴുത്തുകാരിലൊരാളാണ് കോല. ആഫ്രിക്കന്‍ റൈറ്റിംഗ് മാഗസിന്‍ അമ്പത് പുതു എഴുത്തുകാരില്‍ ഒരാളായി കോലയെ തെരഞ്ഞെടുത്തിട്ടുണ്ട്.
'ഫ്‌ളെഷ് ആന്‍ഡ് ഡെവിള്‍'(നോവല്‍), 'നൈല്‍ റിവര്‍ വുമണ്‍'(കവിതാ സമാഹാരം), ലോംഗ് ട്രെയിന്‍ ടു ദ റിഡീമിംഗ് സിന്‍' തുടങ്ങിയവയാണ് കൃതികള്‍. രണ്ട് കുട്ടികളുണ്ട്. കഴിഞ്ഞവര്‍ഷം അര്‍ബുദ രോഗത്തിന്റെ പിടിയിലായെങ്കിലും ഇപ്പോള്‍ മോചിത.
തന്റെ ജീവിതത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയും കോല ബൂഫ് ഇന്റര്‍ നെറ്റിലൂടെ സംസാരിക്കുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രസിദ്ധീകരണത്തോട് കോല സംസാരിക്കുന്നത്. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:നിലപാടുകള്‍, സമീപനങ്ങള്‍


എന്താണ് നിങ്ങള്‍ക്ക് എഴുത്ത്? എങ്ങനെയാണ് എഴുത്തിലേക്ക് തിരിയുന്നത്?

അച്ഛനുമമ്മയും കണ്‍മുന്നില്‍ കൊല്ലപ്പെടുന്നതു കണ്ടുകൊണ്ടാണ് ഞാന്‍ ജീവിതം തുടങ്ങുന്നത്. സുഡാനിലെ അടിമത്തത്തെ എതിര്‍ത്തതുകൊണ്ടാണ് അറബ് മുസ്ലീം വംശജരായ അവര്‍ കൊല്ലപ്പെടുന്നത്. തൊലിനിറം വളരെ ഇരുണ്ടതായതിനാല്‍, അറബ് കുടുംബത്തില്‍ വളര്‍ത്തുന്നതു നാണക്കേടാണെന്ന് കരുതി ഈജിപ്തുകാരിയായ മുത്തശ്ശി മറ്റൊരു കുടുംബത്തിന് എന്നെ ദത്ത് നല്‍കി. അങ്ങനെ, വെള്ളമേല്‍ക്കോയ്മയുടെ നാടാണെങ്കിലും അമേരിക്കയില്‍ എത്തിയ ഞാന്‍ ഈ നാടിനെ സ്‌നേഹിക്കാനും തുടങ്ങി. ഇന്ന് സുഡാനില്‍ നരഹത്യ നടന്നുകൊണ്ടിരിക്കുകയാണ്. പട്ടിണിയാണവിടെ. ദാരിദ്ര്യം മൂലം ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്നു. അന്തമില്ലാത്ത, പരിപൂര്‍ണമായ നിരാശയുടെ പേടകത്തിലാണ് ഞാന്‍ ജീവിക്കുന്നത്. ഇതൊക്കെകൊണ്ടു തന്നെ ഞാനൊരു എഴുത്തുകാരിയാണ്. രോഷമാണ് എന്നെ എഴുത്തിലേക്ക് നയിക്കുന്നത്. ജനങ്ങളെ കൊലപാതകങ്ങളില്‍ നിന്ന് അകറ്റാനാണ് ഞാനെഴുതുന്നത്. എഴുത്തു തുടരേണ്ടതുമുണ്ട്.

ഒരു കവിതയില്‍ ദൈവം കറുത്ത മനുഷ്യനാനെന്നും അവരില്‍ പകുതിയിലേറെപ്പേര്‍ ചെകുത്താന്‍മാരാണെന്നും നിങ്ങള്‍ എഴുതി. എന്തുകൊണ്ട് കറുത്ത മനുഷ്യന്‍? വിശദമാക്കാമോ?

ദൈവം ഒരു കറുത്ത മനുഷ്യനാണ്. കാരണം ഞാനൊരു കറുത്ത രാഷ്ട്രത്തില്‍ നിന്ന് വന്ന കറുത്തവര്‍ഗക്കാരിയാണ്. ആ കവിത സംസാരിക്കുന്നത് പകുതി സാത്താന്‍മാരായ ആണുങ്ങളെപ്പറ്റിയാണ്. കാരണം അവര്‍ പകുതി അറബാണ്. സുഡാനിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ നിന്നാണ് ആ കവിത എഴുതുന്നത്. ആ കവിതയില്‍ സുഡാനിലെ സ്ത്രീകളുള്‍പ്പടെയുള്ളവരുടെ ശത്രുക്കളെപ്പറ്റി പറയുന്നു. അവിടെ അറബ് വംശജരാണ്് ആഫ്രിക്കക്കാരുടെ എതിര്‍ചേരിയില്‍. അതേ സമയം ഞാനും പകുതി വെള്ളക്കാരിയായ അറബാണ്. മറ്റ് വാക്കില്‍ പറഞ്ഞാല്‍ രക്തവും ഭാഷയും ഞങ്ങളുടെ ശത്രുക്കളായി വരുന്നു. ഇവ രണ്ടും സ്വന്തം അസ്ഥിത്വപ്പറ്റി എന്നെപ്പോലെ ഒരാളെ ആശയക്കുഴപ്പത്തിലാക്കുന്നു. ആര്‍ക്കെതിരാണ് വിപ്ലവം നടത്തേണ്ടത് എന്നുപോലും അറിയില്ല. വിപ്ലവംപോലും തീര്‍ത്തും പ്രയാസമുള്ള കാര്യമായി മാറുന്നു.


എന്താണ് നിങ്ങളുടെ മതപരമായ കാഴ്ചപ്പാട്?

ഞാന്‍ ജനിച്ചത് മുസ്ലീമായിട്ടാണ്. അമേരിക്കയിലേക്ക് എന്നെ ദത്തെടുത്തശേഷം വളര്‍ന്നത് ക്രിസ്ത്യാനിയായിട്ടാണ്. ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ ഞാന്‍ രണ്ട് മതങ്ങളെയും തള്ളിക്കളയുന്നു. ഞാന്‍ സ്വന്തമായി 'ദ വോംബ്' എന്ന മതം രൂപപ്പെടുത്തിയിട്ടുണ്ട്. അത് നിലോട്ടിക് ആത്മീയ ജീവിത രീതിയാണ്. വുമണിസത്തെപ്പറ്റിയുള്ള ആലിസ് വാക്കറിന്റെ സിദ്ധാന്തത്തെയും ഞാന്‍ പിന്തുടരുന്നു. ഈ ലോകത്തിന്റെ രാജ്ഞിയായിരുന്നെങ്കില്‍ ഞാന്‍ ക്രിസ്ത്യന്‍മതത്തെയും ജൂതമതത്തെയും മറ്റെല്ലാ മനുഷ്യ നിര്‍മിത മതങ്ങളെയും ഇല്ലാതാക്കുമായിരുന്നു. ഞാന്‍ വിശ്വസിക്കുന്നത് നമുക്ക് കൂടുതല്‍ ദൈവവും കുറച്ച് മതവും മതിയെന്നാണ്. സുഡാനിലെ സ്ത്രീകളെപ്പറ്റിയാണെങ്കില്‍ ആണുങ്ങള്‍ അവരോട് ഇതില്‍ വിശ്വസിക്ക് അല്ലെങ്കില്‍ അതില്‍ വിശ്വസിക്കുന്നുവെന്ന് പറയുന്നു. സ്ത്രീകള്‍ അത് അനുസരിക്കുന്നു.


പുസ്തകത്തിന്റെ പിന്‍പുറ ചട്ടയില്‍ നിങ്ങള്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടു. അത് എളുപ്പത്തില്‍ പുസ്തകത്തിന് പ്രചാരം കിട്ടുമെന്നുകരുതിയിട്ടോ അതോ ഏതെങ്കിലും തരത്തില്‍ സ്ത്രീവിമോചനത്തെ സഹായിക്കുമെന്ന് കരുതിയിട്ടോ ?

ഞാന്‍ മുകള്‍ഭാഗം നഗ്നായി ഫോട്ടോയ്ക്ക് നിന്നുകൊടുത്ത് എനിക്ക് ജന്മം നല്‍കിയ അമ്മയുടെ സംസ്‌കാരത്തോടും ആഫ്രിക്കയോടുള്ള ആദരവിന്റെയും സൂചകമായാണ്. സ്ത്രീകളുടെ മുല മറയ്ക്കുന്നത് ദൈവത്തോടുള്ള അവമതിയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ, അതെങ്ങനെ സ്ത്രീവിമോചനത്തെ സഹായിക്കും അല്ലെങ്കില്‍ സഹായിക്കില്ല എന്നൊന്നും എനിക്കറിയില്ല. ഞാന്‍ നഗ്നനായി പോസ് ചെയ്തതിന് എതിരാണ് ഭൂരിപക്ഷം സ്ത്രീകളും. പക്ഷേ, ഞാനൊരു ആഫ്രിക്കക്കാരിയാണ് എന്ന് എനിക്ക് നിങ്ങളോട് പറയേണ്ടതുണ്ട്. അതിനുള്ള ഒരു മാര്‍ഗം കൂടിയാണ് നഗ്നത.എഴുത്തിന്റെ രീതികള്‍


എഴുത്തിലേക്ക് തന്നെ മടങ്ങാം. സ്വയം എങ്ങനെ നിങ്ങളുടെ കവിതയെ മറ്റുളളവരില്‍ നിന്നു വേര്‍തിരിക്കും? രചനകളും കവിതകളും എത്രമാത്രം നിങ്ങളുടെ ആക്റ്റിവിസത്തെ പ്രതിനിധീകരിക്കുന്നുണ്ട്?

ഞാനെന്റെ പുസ്തകത്തിന്റെ പുറം ചട്ടയില്‍ നഗ്നയാണ്. അതുപോലെ നഗ്നമാണ് എഴുത്തും. എന്റെ എഴുത്തുകള്‍ വൈകാരികവും അക്രമണോത്സുകമായി സ്ത്രീപക്ഷത്തു നില്‍ക്കുന്നു. ഞാനെഴുതുന്നതില്‍ പലരും അസ്വസ്ഥരാണ്. പലരും പറഞ്ഞിട്ടുണ്ട് എന്റെ എഴുത്ത് അവരെ പ്രതിനിധീകരിക്കുന്നുണ്ടെന്നും ഞാനെഴുതുന്നത് അവരുടെ ശബ്ദമാണന്നും. ഞാനെഴുതുന്നതെല്ലാം എന്റെ രാഷ്ട്രീയമാണ്. അതുകൊണ്ടുതന്നെ ആക്റ്റിവിസം പലരൂപത്തില്‍ അതില്‍ കാണാം. ലോകത്തിന്റെ രീതികളോട് എതിര്‍പ്പ് നിന്ദയുടെ രൂപത്തില്‍ ഞാന്‍ പ്രകടിപ്പിക്കാറുണ്ട്. മറ്റെന്തിനേക്കാളുമുപരി വര്‍ണ്ണ വിവേചനം എന്നെയും ബാധിച്ചിട്ടുണ്ട്. ഇരുണ്ട നിറമുളള തൊലിയുളള എല്ലാവരും വെറുക്കപ്പെടുകയും മറ്റ് വര്‍ണക്കാരെ മഹത്വവല്‍ക്കരിക്കുന്നതിനെയും വിട്ടുവീഴ്ചയില്ലാതെ ഞാന്‍ എതിര്‍ക്കുന്നു. ഇതെല്ലാം രചനകളില്‍ ആക്റ്റിവിസമായി പ്രതിനിധീകരിക്കുന്നുണ്ട്.


നിങ്ങളുടെ കവിതകളില്‍ വളരെയേറെ അസ്വസ്ഥതയും തീവ്രമാനസിക വേദനകളും കാണുന്നുണ്ട്. കവിതകള്‍ എത്രമാത്രം നിങ്ങളുടെ മനസിനെ പ്രതിനിധീകരിക്കുന്നുണ്ട്?

എന്റെ എഴുത്ത് ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പാണ്. എഴുത്തില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനുകാരണം എന്റേത് അസ്വസ്ഥവും തീവ്രമാനസികവേദനയും നിറഞ്ഞ ജീവിതമാണ് എന്നതാണ്. എന്നാല്‍ മനസില്‍ തീവ്രവേദനയില്ല. മനസ് വളരെ നിശിതവും സ്വപ്നാധിഷ്ഠിതവുമാണ്. സ്‌നേഹത്തെപ്പറ്റി ഞാനെപ്പോഴും ചിന്തിക്കുന്നു.


സ്ത്രീവിഷയവും കറുത്തവര്‍ഗ്ഗക്കാരുടെ പ്രശ്‌നങ്ങളും പ്രമേയമാക്കുമ്പോള്‍ നിങ്ങളുടെ എഴുത്ത് കൂടുതല്‍ അക്രമണോത്സുകമാകുന്നതായി തോന്നുന്നു. സ്വയം എന്തുപറയും?

ഈ വിഷയങ്ങള്‍ എഴുതുമ്പോള്‍ എന്റെ എഴുത്ത് പൂര്‍ണമായി സത്യസന്ധവും അക്രമണോത്സുകവുമാണ്. അങ്ങനെതന്നെയാവുകയും വേണം. ജീവിതം ചെറുതാണ്. കറുത്ത സ്ത്രീകള്‍ പുരുഷന്‍മാരുടെ എല്ലാ സര്‍ക്കാരുകള്‍ക്കും നുണകള്‍ക്കും മതങ്ങള്‍ക്കുമെതിരെ കലാപം ചെയ്യണം. കറുത്തസ്ത്രീയാണ് ലോകത്തിന്റെ മാതാവ്. എന്നാല്‍ ഇന്നവള്‍ ലോകത്തിന്റെ ഏറ്റവും അടിയിലാണ്. മനുഷ്യന്റെ എല്ലാ ദ്രോഹങ്ങളാലും ഞങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒന്നിനോടും വിധേയരല്ല ഞങ്ങള്‍. കലാപം ഒഴിച്ചു നിര്‍ത്താനാവില്ല.ബിന്‍ലാദന്‍, ഫത്‌വ


ബിന്‍ലാദനുമായി ബന്ധപ്പെട്ടാണ് നിങ്ങളുടെ പേര് കൂടുതല്‍ ചര്‍ച്ചയായത്. നിങ്ങള്‍ എപ്പോഴാണ് ബിന്‍ലാദനെ ആദ്യം കാണുന്നത്? എന്തായിരുന്നു അനുഭവം?

മൊറോക്കയില്‍ അഭിനയവുമായി തങ്ങുമ്പോഴാണ് ഒസമാ ബിന്‍ലാദനെ ഞാന്‍ ആദ്യം കാണുന്നത്. നയ്മ കിതാര്‍ എന്ന നടിയാണ് അന്ന് ഞാന്‍. മൊറാക്കെയിലെ ഒരു റസ്‌റ്റോറന്റില്‍ വച്ച് ഒസാമയും അയാളുടെ ആളുകളുടെ കൂടി എന്നെ പിടികൂടി. ആദ്യദിവസം രാത്രിയില്‍ ഒസാമ എന്നെ ബലാല്‍സംഗം ചെയ്തു. ഞാന്‍ താമസിച്ചിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലില്‍ നിന്ന് ലാ മെയ്‌സണ്‍ അറബെയിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ടുപോയി. അത് പുരാതനമായ മെഡിദന കൊട്ടാരനഗരത്തിലെ എസ്‌റ്റേറ്റാണ്. ചില രഹസ്യ വഴികളേ പുറത്തേക്കുള്ളൂ. നാല് മാസം ഒസാമ അവിടെ എന്നെ പാര്‍പ്പിച്ചു. ഭയമായിരുന്നു ആ സമയത്ത് എന്നെ നയിച്ച വികാരം. അതുകൊണ്ട്തന്നെ ഒസാമയെ 'സോമി' എന്നാണ് വിളിച്ചത്.

എത്തരത്തിലുള്ള വ്യക്തിയാണ് അദ്ദേഹം?

1996- ല്‍ ഞാന്‍ കാണുമ്പോള്‍ വളരെ ശാന്തനായിതോന്നുന്ന ഒരാളായിരുന്നു ഒസാമ. വളരെ പതിയെയാണ് സംസാരം. ജീവിതം മൊത്തത്തില്‍ തന്നെ മതപരമായി നയിക്കപ്പെട്ടിരുന്നു. എല്ല അര്‍ത്ഥത്തിലും രാഷ്ട്രീയമായും മനശാസ്ത്രപരമായും ഒരു സംഘത്തിന്റെ നേതാവായിരുന്നു ഒസാമ. ഹുക്ക സ്ഥിരം വലിക്കും. ഇഷ്ടപ്പെട്ട ഭക്ഷണം ചീരയും തണ്ണിമത്തനുമാണ്. ഏറ്റവും വലിയ ആഹ്‌ളാദം ലൈംഗികതയും. കാട്ടുതാറാവുകളെ വേട്ടയാടലും മീന്‍ പിടുത്തവുമാണ് മറ്റ് ഹോബി. നന്നായി കവിതകളെഴുതും ഒസാമ. ലാ മെയ്‌സണ്‍ അറബെയുടെ മുന്നിലെ കുളത്തിന് സമീപം ഇരുന്ന് ഒസാമ കവിത എഴുതും. സുഡാനിലെ തന്റെ അടുത്ത സുഹുത്തായ ഇസാം അല്‍ തുറാബിക്കൊപ്പം കുതിരകളുടെ പ്രജനം നടത്താനും ഒസാമ ഇഷ്ടപ്പെട്ടൂ
വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ഞാനദ്ദേഹത്തെ ചെകുത്താനായിട്ടാണ് കണ്ടത്. ഞാന്‍ അദ്ദേഹത്തെ പൂര്‍ണമായി വെറുക്കുകയും സഹതപിക്കുകയും ചെയ്തിരുന്നു.നാലുമാസത്തിനുശേഷമാണ് ഒസാമയുടെ കൂട്ടാളികള്‍ എന്നെ വിട്ടയക്കുന്നത്. അന്ന് വേറൊരു സ്ത്രീയുമായി ഒസാമ അടുപ്പത്തിലായി. അതുകൊണ്ടാണ് മോചനം. ഒസാമ സമ്മനിച്ചതിലെറ്റാം വിറ്റുപെറുക്കിയാണ് ലണ്ടനിലേക്ക് ഞാന്‍ പോകുന്നത്.


ബിന്‍ ലാദന്‍ ഇന്ന് അമേരിക്കയുടെ ഭീകരരുടെ പട്ടികയിലാണ്. നിങ്ങളെന്തുകരുതുന്നു, ലാദന്‍ അതിജീവിക്കുമോ?

പാശ്ചാത്യ ലോകം ഒസാമയെ ഒരിക്കലും ജീവനോടെ പിടികൂടുമെന്ന് ഞാന്‍ കരുതുന്നില്ല. പിടികൂടുന്ന രീതിയില്‍ ശത്രുക്കള്‍ വളഞ്ഞാല്‍ അദ്ദേഹം ആത്മഹത്യചെയ്യുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നത് എന്നെ പേടിപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതുമായ സംഗതിയാണ്. കാരണം എനിക്കദ്ദേഹത്തെ വളരെ അടുത്ത്, അക്രമാത്മകമായ രീതിയില്‍ അറിയാം. എസ്.പി.എല്‍.എ. അവകാശപ്പെടുന്നതുപോലെ ഞാന്‍ അവരുടെ അവിഭാജ്യഭാഗമായിട്ടുണ്ടെങ്കില്‍ അത് ഒസമായുടെ ചെയ്തികള്‍കൊണ്ടാണ്. വളരെ ബുദ്ധിശാലിയും അതീവ ആത്മീയവാദിയുമാണ് ഒസാമ. ഞാനദ്ദേഹത്തെ വലിയ കലാകരനായിട്ടാണ് കാണുന്നത്. അതായത് അനുഗ്രഹീതനായ കവിയായിട്ട്. പക്ഷേ, അതേ സമയം സ്ത്രീകളെ ഒരു മനുഷ്യ ജീവികളാണെനന്ന രീതിയില്‍ പോലും പരിഗണിക്കാതെ കൊലപ്പെടുത്തുന്ന ഭ്രാന്തന്‍ കൊലയാളികൂടിയാണ് ഒസാമ. ആലിസ് വാക്കര്‍ ഒസാമപ്പെറ്റി മയപ്പെടുത്തി ചിലതു പറയാന്‍ ശ്രമിച്ചിട്ടുണ്ട്. അതാതയ് സുഡാനിലെ പാവങ്ങള്‍ക്കുവേണ്ടി ഒസാമ പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് മട്ടില്‍. ഞാന്‍ ആലിസ് വാക്കറിനോട് വിയോജിക്കുകയാണ് ചെയ്യുന്നത്. അയാള്‍ ദക്ഷിണ സുഡാന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ഒസമായുടെ അനുയായികള്‍ എന്നെ കൊല്ലാന്‍ വേണ്ടി കാത്തിരിക്കുകയാണ്. അതുകൊണ്ട് ഞാന്‍ അധികമൊന്നും പറയുന്നില്ല. പക്ഷേ, പാശ്ചാത്യ ലോകം അദ്ദേഹത്തെ ജീവനോടെ പിടിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരാള്‍ക്കും തന്നെ ജീവനോടെ പിടികൂടാനാവില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്.


ബിന്‍ലാദന്റെ കവിതകള്‍ തേടി ഒരു പ്രസാധകന്‍ നിങ്ങളെ തേടിവന്നതായി കേട്ടു?

ഇറ്റാലിയന്‍ വോഗ് മാസിയുടെ എഡിറ്റര്‍ ഫ്രാന്‍ക സൊസ്സാനി ഒസാമ ബിന്‍ലാദനെഴുതിയ നാല് കവിതകളെപ്പറ്റി സംസാരിക്കാന്‍ വന്നിരുന്നു. 1996 ല്‍ ലാ മെയ്‌സണ്‍ അറബെയില്‍ താമസിക്കുമ്പോഴാണ് ഒസാമ ആ കവിതകള്‍ എഴുതിയത്. ഞാന്‍ 'ഡയറി ഓഫ് എ ലോസ്റ്റ് ഗേള്‍'എന്ന എന്റെ ആത്മകഥയില്‍ ഈ കവിതകളെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ കവിതകള്‍ നിയമകാരണങ്ങളാല്‍ പ്രസിദ്ധീകരിക്കുന്നത് ഞാന്‍ നിരസിച്ചു. ഈ കവിതകളൊന്നും കാല്‍പനികല്ല. ആദ്യത്തെ മൂന്ന് കവിതകള്‍ ജിഹാദി അനകൂലമായവയാണ്. 'നൈമ പൂച്ച' എന്ന പേരില്‍ എഴുതിയ നാലാമത്തെ കവിത എനിക്ക് ജന്മദിനസമ്മാനമായി എഴുതിയതാണ്.


പക്ഷേ, ഫത്‌വയെ എങ്ങനെ കാണുന്നു? ലാദനും ഭീഷണിപ്പെടുത്തിയതായി നിങ്ങള്‍ എഴുതിയിട്ടുണ്ട്..


ജീവിതത്തില്‍ ഞാന്‍ ഇതിനേക്കാള്‍ മോശമായ ഭീഷണികളെ നേരിട്ടിട്ടുണ്ട്.


നിങ്ങള്‍ ഒരു കപടനാട്യക്കാരിയും തട്ടിപ്പുമാണോ? അങ്ങനെ പലരും വാദിക്കുന്നുണ്ട്..

നിങ്ങളുടെ ചോദ്യത്തിന് ശരിക്കും ഒരു ഉത്തരവും പറയാനില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാന്‍ തട്ടിപ്പുകാരിയാണെന്ന് വിചാരിക്കാം അല്ലെങ്കില്‍ മറിച്ച്. എന്നെയത് ഒരുവിധത്തിലും ബാധിക്കാന്‍ പോകുന്നില്ല. എങ്കിലും ഞാന്‍ പറയാം. ഒസാമയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് എഴുതിയപ്പോള്‍ എല്ലാവരും കൂടി ഞാന്‍ കപടനാട്യക്കാരിയാണെന്ന് പറഞ്ഞ് വന്നു. ഞാന്‍ ഒസാമയെ കണ്ടിട്ടുപോലുമില്ലെന്ന വിധത്തില്‍ വരെ സംസാരമുണ്ടായി. ഒസാമ എന്നെ പീഡിപ്പിചത് ലാ മെയ്‌സണ്‍ അറബെ എന്ന സ്വകാര്യ എസ്‌റ്റേറ്റില്‍ വച്ചാണെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ എതിര്‍ക്കുന്നവര്‍ പറഞ്ഞു ലാ മെയ്‌സണ്‍ അറബെ ഹോട്ടലാണെന്നും ഞാന്‍ പറയുന്നത് നുണയാണെന്നും. ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. പിന്നീട് മൊറോക്കന്‍ ജേര്‍ണലിസ്റ്റായ ഹന്ന ബ്രാവെര്‍മാന്‍ ഒരു അന്വേഷണം നടത്തിയ ശേഷം മാധ്യമങ്ങളോട് ഞാന്‍ പറയുന്നതാണ് ശരിയെന്നു പറഞ്ഞു. ലാ മെയ്‌സണ്‍ അറബെ 1940 കളില്‍ റസ്‌റ്റോറന്റായിരുന്നു. പിന്നെ 1983 വരെ അടഞ്ഞുകിടന്നു. പിന്നെ അത് പ്രൈവറ്റ് എസ്‌റ്റേറ്റായി മാറി. പ്രിന്‍സ് ഫാറിസിയോ റുസ്‌പോളിയുടെ അതിഥികള്‍ തങ്ങുന്നൊരിടം മാത്രമായിരുന്നു അവിടം. ഒസാമ തങ്ങുമ്പോള്‍ അത് ഒരു പ്രൈവറ്റ് എസ്‌റ്റേറ്റായിരുന്നു. പിന്നെ രണ്ടുവര്‍ഷം കഴിഞ്ഞ് 1998 ലാണ് ഹോട്ടലാക്കുന്നത്. ഞാന്‍ പറഞ്ഞതായിരുന്നു സത്യം. എന്നെ എതിര്‍ക്കുന്നവര്‍ ഇത്തരം ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് ശ്രമിച്ചത്. വസ്തുനിഷ്ഠമായി ആര്‍ക്കും ഞാനൊരു കപടനാട്യക്കാരിയാണെന്ന് പറഞ്ഞിട്ടില്ല.സുഡാന്‍, വിമോചനപ്പോരാട്ടം, അമേരിക്ക


്എന്താണ് സുഡാനിലെ സാഹചര്യം. എങ്ങോട്ടാണ് സുഡാന്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്? എന്താവും അന്ത്യം?

സുഡാനില്‍ ഇപ്പോള്‍ സമാധാന സന്ധി നിലവില്‍ വന്നിട്ടുണ്ട്. ഞാനതിനെ അംഗീകരിക്കുന്നില്ലെങ്കിലും അതു ഗുണകരമായ ചുവടാണ്. ഞാന്‍ ആശങ്കപ്പെടുന്നതും പ്രാര്‍ത്ഥിക്കുന്നതും ഒന്നുമില്ലാത്ത അടിച്ചമര്‍ത്തപ്പെട്ട കറുത്തവര്‍ഗക്കാരായ മനുഷ്യരെപ്പറ്റിയാണ്. അവരുടെ അവസ്ഥയില്‍ ഗുണകരമായ ഒരു മാറ്റവും ഇതുവരെയുണ്ടായിട്ടില്ല. സുഡാന്‍ സത്യത്തില്‍ സാത്താന്റെ വയറുപോലുളള രാജ്യമാണ്. അത് ഒരര്‍ത്ഥത്തിലും നല്ലരാജ്യമല്ല. ഞങ്ങളുടെ വൈസ് പ്രസിഡന്റും സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റിന്റെ('ഊഃ?) നേതാവുമായ ജോണ്‍ ഗരാംഗിന് രാജ്യത്തിന്റെ അവസ്ഥ മാറ്റാനാകുമെന്ന് ഞാന്‍ കരുതിയിരുന്നു് സംശയാസ്പദമായ സാഹചര്യത്തില്‍ ജോണ്‍ ഗരാംഗ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നതോടെ ആ പ്രതീക്ഷയും അറ്റു.

സുഡാന്‍ എന്നെങ്കലും നല്ല സ്ഥിതിയില്‍ ആവുമെന്ന്് പ്രതീക്ഷിക്കുന്നുണ്ടോ? എങ്കില്‍ എപ്പോള്‍?

ഒരു നൂറുവര്‍ഷമെങ്കിലുമെടുക്കും സുഡാനില്‍ നടന്നുകൊണ്ടിരിക്കുന്ന തിന്‍മകള്‍ ഇല്ലാതാകാന്‍. അതെന്റെ ജീവിത കാലത്ത് സംഭവിക്കുമെന്ന പ്രതീക്ഷയും ഇല്ല. ദക്ഷിണ ഡിന്‍ക, ന്യൂയര്‍, ഷില്‍നുക് ജനങ്ങളോട് എന്നും ഞാന്‍ ഐക്യപ്പെടുന്നുണ്ട്. ദക്ഷിണ സുഡാന്‍ ഇസ്രായേലിന്റെ സഖ്യകക്ഷിയാവുന്നത് കാണാന്‍ ഞാനിഷ്ടപ്പെടുന്നു. ആഫ്രിക്കയിലെ അറബ് വ്യാപനം എന്തും വിലകൊടുത്തും ഇല്ലാതാവണമന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആഫ്രിക്ക ആഫ്രിക്കാരുടേതാണ്.


സുഡാന്‍ ജനകീയ വിമോചന സേനയില്‍ (എസ്്.പി.എല്‍.എ) ഉയര്‍ന്ന പദവി വഹിച്ച സ്ത്രീയാണ് നിങ്ങള്‍. പക്ഷേ അടുത്തിടെ സേനയില്‍ നിന്ന് രാജിവച്ചു. എന്താണ് കാരണം?

എസ്.പി.എല്‍.എയ്ക്കുവേണ്ടി ഞാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള പോരാട്ടത്തില്‍ പങ്കെടുത്തിട്ടുണ്ടാവില്ല. പക്ഷേ, സേനയിലെ ഏതൊരാളും ചെയ്യുന്നതിനേക്കാള്‍ ചെയ്യാന്‍ പുറത്തുനിന്നായിട്ടുണ്ടെന്നാണ് വിശ്വാസം. ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ സംഘടിപ്പിച്ചതുമുതല്‍ പല രീതിയില്‍ ഞാന്‍ വിമോചന സേനയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ആഭ്യന്തരയുദ്ധത്തിന്് ചില ഒത്തുതീര്‍പ്പുകള്‍ സാധ്യമായപ്പോള്‍ എനിക്ക് മെഡല്‍ ഓഫ് ഹോണര്‍ സമ്മാനിക്കാന്‍ സേനയിലെ ഒരു വിഭാഗം തീരുമാനിച്ചു. പക്ഷേ അതിന് എതിര്‍പ്പുവന്നു. കാരണം ഞാന്‍ പകുതി അറബാണ്. ഞാന്‍ ഈജിപ്തുകാരിയാണ് ,(ഡിജ്ക, ന്യൂര്‍, ഷിലുക് വംശങ്ങളില്‍ പെടുന്നില്ല) , ഞാന്‍ സ്വവര്‍ഗരതിയെ പിന്തുണച്ചു, ഞാനൊരു വേശ്യയാണ്, ഞാന്‍ മുസ്ലിമാണെങ്കിലും വുമണിസ്റ്റും പേഗനുമാണ് (ആഫ്രിക്കന്‍ സ്ത്രീകളുടെ പോലെ) തുടങ്ങിയ കുറേ വാദങ്ങള്‍ സേനയിലെ ഒരു വിഭാഗം ഉന്നയിച്ചു. ഞാന്‍ ഇതൊക്കെയാണെന്ന് അപ്പോള്‍ മാത്രമാണ് എനിക്ക് മനസ്സിലായത്!! ഇത് വല്ലാതെ വേദനിപ്പിച്ചു. ഞാന്‍ എന്ന വ്യക്തിയെ തന്നെ നിഷേധിക്കുന്നതായിട്ടാണ് തോന്നിയത്. സ്ത്രീയാണ് എന്നതാണ് എല്ലാ ആരോപണത്തിനും കാരണം. അതുകൊണ്ട് തന്നെ സേനയില്‍നിന്ന് ഞാന്‍ രാജിവച്ചു. അവാര്‍ഡല്ല എന്റെ വിഷയം. അങ്ങനെ അവര്‍ ആ അവാര്‍ഡ് നല്‍കേണ്ട എന്ന് തീരുമാനിച്ചു. പക്ഷേ, സേനയിലെ ചിലര്‍ ചേര്‍ന്ന് ഒമാഹയിലെ കാത്തോലിക്ക് പള്ളിയില്‍ വച്ച് നടത്താനിരുന്ന 'പാര്‍ട്ടി'ക്ക് ക്ഷണിച്ചു. എന്നാല്‍ ആ പാര്‍ട്ടി സ്വീകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചു. ഞാന്‍ എസ്.പി.എല്‍.എയില്‍ കമാന്‍ഡര്‍ ആയിരുന്നില്ല. പക്ഷേ ഒരു കമാന്‍ഡര്‍ക്ക് ചെയ്യാനാവുന്നതില്‍ കൂടുതല്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എസ്.പി.എല്‍.എയുടെ കാര്യത്തില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു


നിങ്ങള്‍ അമേരിക്കയിലാണ് കഴിയുന്നത്. പക്ഷേ സുഡാനിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ അമേരിക്കയുടെ നിക്ഷിപ്ത താല്‍പര്യങ്ങളുമുണ്ടല്ലോ?

ലോകത്തിലെ എല്ലാ വെള്ള ഭരണകൂടടങ്ങള്‍ക്കും സുഡാന്റെയും ആഫ്രിക്കയുടെയും പതനത്തില്‍ പങ്കുണ്ട്. അമേരിക്കയ്ക്ക് മാത്രമല്ല. അറബ് മുസ്ലീങ്ങള്‍ക്ക്, ബ്രിട്ടന് ഒക്കെ പങ്കുണ്ട്. കൊളോണിയലിസവും അടിമത്തവും കറുത്തജനങ്ങളുടെ മനസും ആത്മാവും തിന്നുകൊണ്ട് വൈറാസായി പടരുന്നുന്നു. കറുത്ത വര്‍ഗക്കാര്‍. ശരിക്കും പരാജിതരാണ്. അതിന് കാരണം ബാഹ്യജനങ്ങളുമായുള്ള ബന്ധം തന്നെയാണ്.


അമേരിക്കയിലെ ജീവിതത്തെയും സംസ്‌കാരത്തെപ്പറ്റിയും എന്തു പറയും?

ഞാന്‍ അമേരിക്കയിലാണ് വളര്‍ന്നത്. അമേരിക്കയുമായി പരിചിതമായി കഴിഞ്ഞിരിക്കുന്നു. ഞാന്‍ അമേരിക്കയെ സ്‌നേഹിക്കുന്നു. വര്‍ണ്ണവെറിയുണ്ടെങ്കിലും ഇതാണെന്റെ നാട്. അമേരിക്കയില്‍ ജീവിക്കുന്നതുകൊണ്ടു തന്നെ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ട്. അത് കൊണ്ട് എനിക്കു സത്യം വിളിച്ചുപറയാം. അമേരിക്കയിലെ എഡിറ്റര്‍മാര്‍ക്ക് 1970 കള്‍ക്കുമുമ്പുള്ള വര്‍ണ വിവേചന പ്രശ്‌നത്തെപ്പറ്റി എഴുതിയാല്‍ മതി. അവര്‍ അമേരിക്കയിലെ ഇപ്പോഴുള്ള വര്‍ണവിവേചന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറല്ല. അമേരിക്കന്‍ കറുത്ത വര്‍ഗ സംസ്‌കാരത്തിനും അതിന്റെ നന്മയ്ക്കും പുതിയ പ്രശ്‌നങ്ങളെഅഭിമീഖീകരിക്കേണ്ടതുണ്ട്. എഡിറ്റര്‍മാരുടെ സമീപനം ശരിയില്ല. ഞാനത് വെറുക്കുന്നു. അമേരിക്ക പോലുള്ള രാജ്യത്താണ് എന്നെപ്പോലുള്ള സ്ത്രീകള്‍്ക്ക് അഭിപ്രായ സ്വതന്ത്ര്യമുള്ളൂ അങ്ങനെ നോക്കുമ്പോള്‍ അമേരിക്കക്കാരിയായതില്‍ അഭതിമാനം രേതാന്നുണ്ട്.


സുഡാന്‍ വര്‍ണവെറിയന്‍ രാജ്യമാണ്. അമേരിക്കയും വര്‍ണവെറിയില്‍ നിന്ന് വിമുക്തമല്ല. വര്‍ണവിവേചനം എങ.ങനെ അവസാനിപ്പിക്കും?

വര്‍ണവിവേചനം ഒരിക്കലും ഇല്ലതാക്കാന്‍ പറ്റില്ല. അത് മനുഷ്യ സ്വഭാവത്തിലെ സ്വഭാവിക ഭാഗമാണ്്. കൂടുതല്‍ ബുദ്ധിയോടെ, ഭയത്തോടെ മുന്‍വിധിയോടെ, സഹനത്തോടെ, പ്രതിബന്ധതയോടെ തൊലിവര്‍ണത്തെ സമീപിക്കാവുന്ന രീതിയില്‍ ആളുകള്‍ വളരുകയാണ് വേണ്ടത്. ഇതുകൊണ്ടാണ് മാല്‍കം എക്‌സിനെയും മാര്‍കസ് ഗാര്‍വേയും ഞാനിഷ്ടപ്പെട്ടുന്നത്. കാരണം ഇവര്‍ക്ക് വിപ്ലവത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലാവുകയും, ഒരാളുടെ അസ്തിത്വം വാസസ്ഥലം എന്നിവയ്ക്ക് വില കല്‍പ്പിക്കുകയും ചെയ്തു. ഞാന്‍ ഭൂമിയിലെ എല്ലാ മനുഷ്യരെയൂം സ്‌നേഹിക്കുന്നു. വര്‍ണവിവേചനത്തെയും നിറമുള്ള മനുഷ്യരെയും പറ്റിയൊക്കെ അറിയാന്‍ കഴിഞ്ഞ അനുഭവത്തില്‍ ഞാന്‍ സന്തോഷവതിയാണ്. പക്ഷേ ഞാന്‍ ഒരിക്കലും വര്‍ണത്തെയോ അസ്ഥിത്വത്തെയയോ ഉപേക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല.


അമേരിക്കയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുകയാണ് എന്നു കേള്‍ക്കുന്നു. ബരാക് ഒബാമയെപ്പോലൊരാളുടെ പ്രസിഡന്റ് പദവി മാറ്റത്തിന്റെ സൂചനയായി കാണിക്കപ്പെടുന്നു. അമേരിക്കയില്‍ പുരോഗമനമായ മാറ്റങ്ങള്‍ സംഭവിക്കുകയാണോ?

ഒബാമ പ്രസിഡന്റായതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഞാനും അദ്ദേഹത്തിന്റെ വിജയത്തിനുവേണ്ടി നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ ഇതൊരു പുരോഗമന മാറ്റമാകുമോ? എനിക്ക് അങ്ങനെ തോന്നുന്നില്ല. അതൊരു പതിവ് കാര്യമായി തുടരും. പക്ഷേ ഒരു ആഫ്രിക്കന്‍ പ്രസിഡന്റുണ്ടായതില്‍


മുമിയ അബുജമാലിനെപ്പോലുള്ള കറുത്തവര്‍ഗ്ഗക്കാരായ ആക്റ്റിവിസ്റ്റുകള്‍ പലരും ഇന്ന് അമേരിക്കന്‍ ജയിലിലാണ്. അവരുടെ മോചനത്തിനുവേണ്ടി ചില മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം മുന്നേറ്റങ്ങളില്‍ അമേരിക്കയില്‍ താമിസിക്കുന്ന ഒരു കറുത്തവര്‍ഗ ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ എന്താണ് നിങ്ങളുടെ പങ്ക്?

സ്വന്തം വിപ്ലവത്തിനുവേണ്ടി തിരിക്കിട്ടുള്ള പോരാട്ടങ്ങളിലാണ് ഞാന്‍. പക്ഷേ മുമിയയുടെ മോചനം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവന്‍ കറുത്ത വര്‍ഗക്കാര്‍ക്കാവശ്യമുണ്ട്. കുറത്ത ജനങ്ങളുടെ വലിയ നേതാവണ് അദ്ദേഹം.


അമേരിക്കയിലെ കറുത്ത സാഹിത്യത്തെപ്പറ്റി?

കറുത്ത സാഹിത്യത്തിന് അമേരിക്കയില്‍ വളരെയധികം പ്രിയമുണ്ട്. തീര്‍ച്ചയായും നോബല്‍ സമ്മാന ജേതാവ് ടോണി മോറിസണിനാണ് ഏറ്റവും വലിയ കറുറത്ത വര്‍ഗക്കാരിയായ എഴുത്തികാരി. പുതിയ കുറേ നല്ല കറുത്ത എഴുത്തുകാര്‍ വരുന്നുണ്ട്്. എഡ്‌വേര്‍ഡ് പി. ജോണ്‍സ്, സെഡ്. സെഡ്. പാക്കര്‍, പോര്‍ ബെറ്റി തുടങ്ങിയവര്‍. അവരെയെല്ലാം ഞാന്‍ വളരെയധികം ആദരിക്കുന്നുണ്ട്.


സ്വന്തം പ്രവാസി ജീവിതത്തെ എങ്ങനെയാണ് കാണുന്നത്? സുഡാനിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

സുഡാനിലെ മുന്‍ വൈസ് പ്രസിഡന്റ് (1995) ഹസന്‍ അല്‍ തുറാബിയുടെ മിസ്ട്രസ് ആയിരുന്നു ഞാന്‍. അദ്ദേഹവുമായി ഒരു ലൈംഗികബന്ധമില്ലെങ്കിലും. പക്ഷേ എനിക്ക് രാജ്യം പല കാരണങ്ങള്‍കൊണ്ട് വിടേണ്ടി വന്നു. പിന്നീട് ഒരിക്കലും സുഡാനിലേക്ക് പോകാനായിട്ടില്ല. സുഡാനെന്നത് സാത്താന്റെ വയറാണ്. അതിപ്പോള്‍ അള്ളായുടെ രാഷ്ട്രമല്ല. കാരണം അറബുകള്‍ അള്ളായെ കൊന്നിരിക്കുന്നു. ദക്ഷിണ സുഡാന്‍ അറബ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായി കാണാന്‍ ഞാനാഗ്രഹിക്കുന്നു. പുര്‍ണ വിമോചിതമായ സുഡാനിലേക്ക് പോകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.


സുഡാനിലെ സാഹിത്യത്തെപ്പറ്റി എന്താണ് പൊതുവില്‍ പറയുക?

സുധാന്‍ ഒരു യുദ്ധം തകര്‍ത്ത രാഷ്ടമാണ്. അടിമത്തവും നരഹത്യയും ബാധിച്ച രാജ്യം. എഴുത്ത് എപ്പോഴും മഹത്തരമാകുന്നത് അത് എഴൂതുന്നയാളുടെ വ്യക്തിപരമായ അനുഭവസത്യത്തില്‍ നിന്ന് വരുമ്പോഴാണ്. സുഡാന്‍ സര്‍ക്കാര്‍ സുഡാനിലെ ജീവിതതത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പറയാന്‍ ആരെയും സമ്മതിക്കില്ല. നിങ്ങള്‍ സത്യം പറയുകയാണെങ്കില്‍ തടവിലാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യും. അല്ലെങ്കില്‍ രാജ്യത്ത് നിന്ന് ബഹിഷ്‌കൃതനായി പ്രവസിയായി കഴിയേണ്ടി വരും. സുഡാനിലെ ജനങ്ങള്‍ തങ്ങളുടെ ആവിഷ്‌കാരം നടത്തുന്നത് പാട്ടിലൂടെയും സംഗീതത്തിലൂടെയാണ്. അതാണ് ഇപ്പോഴവരുടെ സാഹിത്യം.


നിങ്ങള്‍ പ്രവാസിയാണ്. പ്രവാസ സാഹിത്യത്തെപ്പറ്റി എന്തുപറയും?

ഒരു പ്രവാസിയായിരിക്കുക എന്നത് ഏറ്റവും ഭീകരമായ കാര്യമാണ്. നമ്മള്‍ ഒരിടത്തും ആവാതെ, അന്യനായി കഴിയേണ്ടി വരിക എന്നതാണ് അതിന്റെ ഫലം. അത് നമ്മുടെ ഹൃദയം നുറുക്കും. എന്റെ ഹൃദയം തസ്ലീമ നസ്‌റിനൊപ്പം പോകുന്നു. കാരണം എനിക്ക് തസ്ലിമയുടെ കഥ അറിയാം. അവരെന്തുകൊണ്ട് പ്രവാസിയായെന്നു. ഞാന്‍ പ്രവാസികളെ ആദരിക്കുന്നു. കെനിയയുടെ ധീരനായ ഗൂഗി വാന്‍ തിയോംയോയും സൊമാലിയയുടെ നൂറുദ്ദീന്‍ ഫാറയുമെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. അവര്‍ പറയുന്നത് മറ്റൊരു ലോകത്തിരുന്ന് തങ്ങളുടെ പഴയ ജീവിതത്തെപ്പറ്റിയാണ്. തങ്ങളുടെ രാജ്യത്തിലെ സെന്‍സര്‍ഷിപ്പുകളെ ഭയപ്പെടേണ്ടാത്തതുകൊണ്ട് പ്രവാസി എഴുത്ത് കുറേക്കൂടി വസ്തുനിഷ്ഠമായിരിക്കും.


നിങ്ങള്‍ അറബ്-അമേരിക്കന്‍-ബ്ലാക്ക് സാഹിത്യത്തിന്റെ ധാരയിലാണ് വരുന്നത്. അതാകട്ടെ പുതിയ ഒരു സാഹിത്യ ധാരയും. പുതിയ സാഹിതധാരകള്‍ നല്ല പ്രവണതയാണോ?

അതെ. പുതിയ സാഹിത്യ ധാരകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്്. പുതിത അറബ് -അമമരിക്കന്‍ സാഹത്യം വരുന്നുണ്ട്. ഓരോ വിഭാഗം എഴുത്തുകാര്‍ക്കും തങ്ങളുടേതായ വിഷയങ്ങളും പ്രശ്‌നങ്ങളും പറയാനുണ്ട്. അതുകൊണ്ട് ഓരോ സാഹിത്യശാഖകള്‍/ധാരകള്‍ ഉണ്ടാകും. എന്റെ ഏറ്റവും വലിയ ഹീറോയും കൗമാരകാലത്ത് ഏറ്റവും പ്രചോദിപ്പിച്ചിട്ടുള്ള ഒരാള്‍ ഈജിപ്തിലെ ഫെമിനിസ്റ്റ് എഴുത്തകാരി നവാല്‍ എല്‍ സദാവിയാണ്. അവരുടെ എഴുത്തുകള്‍ അമേരിക്കയെ പിടിച്ചുകുലുക്കുന്നതാണ്. അവര്‍ക്ക് ചില സവിശേഷമായ കാര്യങ്ങള്‍ പറയാനുണ്ടായിരുന്ന്ു. അതാണ് ഞാന്‍ എന്ന വ്യക്തിയെയും എഴുത്തിനെയും രൂപപ്പെടുത്തുന്നത്. സുഹൃത്തായ സയിദ് മൂസയും ഉപദേശങ്ങ്ും പ്രോത്സാഹനങ്ങളും നല്‍കി. അങ്ങനെ ഓരോ വിഭാഗം പറയുന്നതും കേള്‍ക്കാനും വായിക്കാനും ആളുകളുണ്ട്. അത് സാഹിത്യത്തെ ഗുണകരമായി ചലിപ്പിക്കും.സാഹിത്യത്തെ കറുത്തവര്‍ഗക്കാരുടെ എഴുത്ത് അറബ് എഴുത്ത് സ്ത്രീ എഴുത്ത് എന്നിങ്ങനെ വേര്‍തിരിക്കുന്നത് നല്ലതാണോ? അതിനെ അംഗീകരിക്കുന്നുണ്ടോ?


മറ്റാര്‍ക്കുവേണ്ടി എനിക്ക് സംസാരിക്കാനില്ല. ബ്ലാക്ക് ആഫ്രിക്കന്‍ സ്ത്രീ എഴുത്തുകാരി എന്ന് എന്നെ വിളിക്കുന്നതില്‍ പ്രശ്‌നമില്ല. വേറിട്ട സ്വന്തം അസ്തിത്വത്തില്‍ എനിക്ക് വളരെ അഭിമാനമാണ് തോന്നുന്നത്. എഴുത്തില്‍ എന്റെ സ്വന്തം രാഷ്ട്രീയത്തെയും വര്‍ഗ-വര്‍ണ അസ്ഥിത്വങ്ങളെയുമാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും പ്രത്യേക വിഭാഗം എഴുത്തുകാരി എന്ന് വിശേഷിപ്പിക്കപ്പെടുന്നതില്‍ ദു:ഖമോ എതിര്‍പ്പോ ഇല്ല.ഇന്ത്യന്‍ സാഹിത്യത്തെപ്പറ്റി എന്തറിയാം.

ക്ഷമിക്കണം. എനിക്ക് ഇന്ത്യയെപ്പറ്റി വളരെ കുറച്ച് മാത്രമേ അറിയൂ. നല്ല അഴകുള്ള ആള്‍ക്കാര്‍ എന്നതുമാത്രമാണ് എന്റെ അറിവ്. പിന്നെ തസ്ലീമാ നസ്‌റിനെയും അവര്‍ ഇന്ത്യയില്‍നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ചും അറിയാം.


തസ്ലിമയുടെ ഇന്ത്യയില്‍ നിന്നുള്ള പുറത്താക്കലിനെപ്പറ്റി എന്തുപറയും? നിങ്ങളെപ്പോലെ തസ്ലീമയും ഫവത്‌വ നേരിടുന്നുണ്ട്?

തസ്ലിമയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയത് അംഗീകരിക്കാനാവില്ല. അതൊരു അപമാനമാണ്. ഈ ആണുങ്ങള്‍ വൃത്തി
ത്തികെട്ട വിഡ്ഢികളുടെ കൂട്ടമാണ്. ആണുങ്ങള്‍ക്ക് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാവില്ല-അതാത് മറ്റ് ആണുണങ്ങളെ കുറ്റക്കാരായി കണ്ട് എതിരിടാന്‍ ആവില്ല. പകരം അവര്‍ സ്ത്രീയുടെ നേര്‍ക്ക് തിരിയും. ഒരു സ്ത്രീ തന്റെ മനസിലുള്ളത് പറഞ്ഞുപോയാല്‍ കുറ്റമായി. പിന്നെ അവളെ ഇല്ലാതാക്കണം. എന്റെ പ്രാര്‍ത്ഥനയും മനസും തസ്ലീമയ്‌ക്കൊപ്പമാണ്. ഞാനവരെ സ്‌നേഹിക്കുന്നു.എന്താണ് പുതിയ രചനകള്‍?

കുറച്ചധികം എഴുതാനുണ്ട്. അടുത്തു തന്നെ ചില പുസ്തകങ്ങള്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ. വരും. അര്‍ബുദം ബാധിച്ചത് മൊത്തത്തില്‍ എഴുത്തിനെയും ബാധിച്ചു. കുറച്ച് എഴുത്ത് മുടങ്ങി. ഇപ്പോള്‍ എഴുത്തില്‍ വീണ്ടും സജീവമാണ്. ' ദ സെക്‌സി പാര്‍ട്ട് ഓഫ് ബൈബിള്‍' എന്ന നോവലും 'മൈ ഡിയറസ്റ്റ്, മൈ ഡിയറസ്റ്റ് ഓഫ് ഓള്‍' എന്ന കവിതാസമാഹാരവുമാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. അധികം വൈകാതെ പൂര്‍ത്തിയാക്കും. ' സ്‌റ്റേ ഔട്ട് ഓഫ് മെന്‍സ് ചര്‍ച്ചസ്' എന്ന ലേഖനസമാഹാരവും തയാറായി വരുന്നു.


അവസാനമായി ചോദിക്കട്ടെ, നിങ്ങള്‍ ഒരു എഴുത്തുകാരിയായിരുന്നില്ലെന്ന് കരുതുക. പകരം എന്താവുമായിരുന്നു ?

ഞാനൊരു പ്രൊഫഷണല്‍ പാചകക്കാരിയാണ്. എന്നെങ്കിലും സ്വന്തമായി കുക്കിംഗ് ഷോ നടത്താന്‍ ഉദ്ദേശമുണ്ട്. സത്യത്തില്‍ എന്റെ സ്വപ്നം ഒരു സിനിമാ സംവിധായകയാകുകയാണ്. കാരണം ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന ശക്തമായ കലാരൂപമാണ് അത്. എന്നെങ്കിലും സിനിമ ചെയ്യാനാവും എന്നാണ് പ്രതീക്ഷ. എന്റെ ആദ്യകാലത്തെ സ്വപ്നം ഒരു വീട്ടമ്മയാവുക എന്നതായിരുന്നു. പക്ഷേ, ഇപ്പോഴുമെനിക്കൊരു ഭര്‍ത്താവില്ല. ഞാനൊരു പ്രത്യേകതരക്കാരിയാണ്. അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചുപോകുന്നു.Pachakkuthira
2010 May

No comments:

Post a Comment