Friday, July 23, 2010

അഭയാര്‍ത്ഥികളുടെ നാട്; നിഷേധിക്കപ്പെട്ട സമാധാനം

അഭിമുഖം
ജെഹാന്‍ പെരേര/ബിജുരാജ്


ശ്രീലങ്കന്‍ ദേശീയ സമാധാന സമിതി (എന്‍.പി.സി)യുടെ എക്‌സിക്യുട്ടീവ് ഡയറക്ടറും പത്രപ്രവര്‍ത്തകനും മനുഷ്യാവകാശ പോരാളിയും ആക്റ്റിവിസ്റ്റുമായ ഡോ. ജെഹാന്‍ പെരേര സംസാരിക്കുന്നു.
ചിതറി വീണ ചോരത്തുളളി കടലില്‍ അലിയുന്നതുപോലെ- ശ്രീലങ്കയെ ഓര്‍മിക്കുമ്പോള്‍ പൊടുന്നനെ മനസില്‍ വരുന്ന അസുന്ദരചിത്രങ്ങളില്‍ ഒന്നാണിത്. ഒരു നാടിന്റെ ദുരന്തക്കാഴ്ചയുടെ ദയനീയമായ പ്രതിഫലനം.
വിമോചനത്തിന്റെ ഈഴം പോരാട്ടം കണിശമായി ഒരു വശത്ത്. മറുവശത്ത് വംശവെറിയുടെ സങ്കുചിത ഭരണകൂടം. ആഭ്യന്തര യുദ്ധം, വലിയ അയല്‍ക്കാരന്റെ സൈനിക ഇടപെടലുകള്‍, അന്തമില്ലാത്ത നരഹത്യകള്‍, നിനച്ചിരിക്കാത്ത വരുന്ന പൊട്ടിത്തെറികള്‍, നീണ്ടു നീണ്ടു പോകുന്ന അഭയാര്‍ത്ഥി നിര, ഇടയ്ക്ക് സുഖചികില്‍സ തേടും പോലെ വെടിനിര്‍ത്തല്‍- മുപ്പതുവര്‍ഷങ്ങള്‍ ശ്രീലങ്ക കടന്നുപോയത് ഇത്തരം അനിശ്ചിതത്വങ്ങളിലൂടെയാണ്.
ശ്രീലങ്കയില്‍ എന്നാവും സമാധാനം പുലരുക? അതെന്തായാലും, അഞ്ചുലക്ഷം ആഭ്യന്തര അഭയാര്‍ത്ഥികളുളള കൊച്ചു നാട്ടില്‍ സമാധാനം എന്ന വാക്ക് ഉച്ചരിക്കപ്പെടുക നമുക്ക് അപരിചിതമായ മറ്റേതെങ്കിലും തരത്തിലാവും.
പക്ഷെ അതിലും പ്രധാനം സമാധാനത്തിനായി പോരാടലാണ്. സുഖകരമായ കടല്‍ക്കാറ്റേല്‍ക്കലല്ല അത് . ഇടയ്‌ക്കെപ്പോഴോ കടന്നുവരാവുന്ന വെടിയുണ്ടയെയാണ് ആ പോരാട്ടം പ്രതീക്ഷിക്കുന്നത്. ശ്രീലങ്കയില്‍ അപൂര്‍വം ചിലരുണ്ട് ഇങ്ങനെ; ഡോ. ജെഹാന്‍ പെരേരയെപ്പോലെ ഭയരഹിതരായി. ശ്രീലങ്കന്‍ ദേശീയ സമാധാന സമിതി (എന്‍.പി.സി) എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ജെഹാന്‍ പെരേര. ഒരു വേള, ശ്രീലങ്കയില്‍ നിന്ന് സമാധാനത്തിനു വേണ്ടി ഉയരുന്ന ഉറച്ചതും മുഴങ്ങുന്നതുമായ ഏക ശബ്ദം ഇദ്ദേഹത്തിന്റേതാവണം. സമാധാനത്തെപ്പറ്റിയുളള ഏതൊരു ചര്‍ച്ചയിലും കാതോര്‍ക്കപ്പെടുന്നത് ജെഹാന്‍ പെരേരയുടെ ശബ്ദത്തിനാണ്. 1994 ജൂലൈയില്‍ സ്വതന്ത്രമായി രൂപീകരിക്കപ്പെട്ട സര്‍ക്കാരേതര സംഘടനയായാണ് ദേശീയ സമാധാന സമിതി (എന്‍.പി.സി). ആ വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മത സംഘടനകള്‍ സൃഷ്ടിച്ച കലുഷിതാവസ്ഥയാണ് സംഘടനയ്ക്കു രൂപം കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ശ്രീലങ്കന്‍ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം നിര്‍ദേശിക്കുന്ന ഈ സംഘടന ഒരളവുവരെ രാജ്യാന്തര തലത്തില്‍ ശ്രീലങ്കയെപ്പറ്റി നടക്കുന്ന ചര്‍ച്ചകളിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകളിലും സജീവ പങ്കാളികളാണ്. ജെഹാന്‍ പെരേരയാണ് എന്‍.പി.സി.ക്ക് തുടക്കം കുറിച്ചതും വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നതും. മുമ്പ് ഒമ്പതു വര്‍ഷം എന്‍.പി.സി.യുടെ മീഡിയാ ഡയറക്ടറായും ചുമതല വഹിച്ചു.
പത്രപ്രവര്‍ത്തകന്‍, ആക്റ്റിവിസ്റ്റ്, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.അമേരിക്കയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുളള ജെഹാന്‍ മുമ്പ് സര്‍വോദയ ലീഗല്‍ എയ്ഡ്‌സ് സര്‍വീസ് ഡയറക്ടറായിരുന്നു. 1992 ല്‍ പത്രപ്രവര്‍ത്തനത്തിനുളള എസ്‌മോണ്ട് വിക്രംസിംഗെ പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 'ഫ്രം വാര്‍ ടു പീസ്', 'പീസ് പ്രോസസ് ഇന്‍ നാഗാലാന്‍ഡ് ആന്‍ഡ് ചിറ്റഗോംഗ് ഹില്‍ ട്രാക്റ്റ്‌സ്', 'പീപ്പിള്‍സ് മൂവ്‌മെന്റ് അണ്ടര്‍ സീജ്' തുടങ്ങിയ കൃതികളുടെ രചയിതാവാണ്. ശ്രീലങ്കയുടെ സമകാലിക പ്രശ്‌നങ്ങളെപ്പറ്റി നിരവധി ലേഖനങ്ങളും കുറിപ്പുകളും എഴുതിവരുന്നു.
ആഭ്യന്തരയുദ്ധത്തില്‍ പക്ഷം ചേരലില്ലാതെ വസ്തുനിഷ്ഠമായും വളച്ചുകെട്ടലില്ലാതെയുമായാണ് ജെഹാന്‍ പെരേര സംസാരിക്കുന്നത്. ശ്രീലങ്കന്‍ പ്രശ്‌നത്തെപ്പറ്റി, രാജ്യത്തെ വൈരുദ്ധ്യങ്ങളെപ്പറ്റി, അന്തര്‍ദേശീയ സാഹചര്യങ്ങളെപ്പറ്റി തന്റെ കാഴ്ചപ്പാട് അദ്ദേഹം തുറന്നു പറയുന്നു. ജെഹാന്‍ പെരേരയുമായി നടത്തിയ ഇന്റനെറ്റ് അഭിമുഖത്തില്‍ നിന്ന്:


തമിഴ് ഈഴം, യുദ്ധം, സമാധാനം

ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം എന്താണ്? രാജ്യം എങ്ങോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?

രണ്ടു വ്യത്യസ്ത അവസ്ഥകള്‍ കൂടിക്കലര്‍ന്ന പ്രത്യേകതരം സ്ഥിതിയാണ് ശ്രീലങ്കയില്‍. ഇവിടെ വളരെ സാധാരണമായ ഒരവസ്ഥയുണ്ട്. ഒപ്പം കുഴപ്പംപിടിച്ച മറ്റൊരു അവസ്ഥയും. രാജ്യത്ത് സിംഹളര്‍ ഭൂരിപക്ഷമുളള മേഖലയില്‍ സാധാരണ ജീവിതമാണുളളത്. ഭൂരിപക്ഷം സിംഹളരുടെയും ജീവിതം സാധാരണ പോലെ പോകുന്നു. പക്ഷെ ജീവിതച്ചെലവ് വലിയ അളവില്‍ വര്‍ധിച്ചിട്ടുണ്ട്. അത് ഭൂരിപക്ഷത്തിനും പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. തമിഴര്‍ക്ക് ഭൂരിപക്ഷമുളള വടക്ക്, കിഴക്ക് മേഖലകളിലും അവര്‍ താമസിക്കുന്ന മറ്റിടങ്ങളിലും വളരെയേറെ അനിശ്ചിതത്വവും ഭയവും നിലനില്‍ക്കുന്നു. സര്‍ക്കാരും എല്‍.ടി.ടി.ഇ.യും തമ്മില്‍ മൂര്‍ഛിച്ചുകൊണ്ടിരിക്കുന്ന സൈനിക ഏറ്റുമുട്ടലാണ് ഈ പ്രശ്‌നത്തിന്റെ മൂലകാരണം. മുസ്ലീം ന്യൂനപക്ഷ സമൂഹത്തിനും ഭയമുണ്ട്. തങ്ങള്‍ ഈ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നും ഇരകളാക്കപ്പെടുമെന്നും അവര്‍ ഭയക്കുന്നു. സമ്പന്നരായ മുസ്ലിം വ്യാപാരികളെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിര്‍ഭാഗ്യമെന്നു പറയാം, ഇപ്പോഴുളള സാഹചര്യം പോലും കൂടുതല്‍ മോശമാവാനാണ് സാധ്യത. ഏറ്റുമുട്ടലുകളില്‍ നിന്ന് സര്‍ക്കാരും എല്‍.ടി.ടി.ഇ.യും പാഠങ്ങള്‍ പഠിച്ചതായി സൂചനയില്ല. ഈ മോശമായ പ്രവണത സര്‍ക്കാര്‍ മാറുന്നതുവരെ തുടര്‍ന്നേക്കും.

സമാധാന കരാര്‍ ലംഘിച്ച്, വെടിനിര്‍ത്തല്‍ പുനരാരംഭിക്കാന്‍ എന്താണ് കാരണം? ആര്‍ക്കാണ് ഈ സംഘര്‍ഷം ആവശ്യം?

2005 നവംബറില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമായൊരു തെരഞ്ഞെടുപ്പിന് സാധ്യതയുണ്ടായിരുന്നു. സ്ഥാനാര്‍ത്ഥികളില്‍ ഒരാളായ മഹേന്ദ്ര രാജപാക്‌ഷെ വെടിനിര്‍ത്തല്‍ കരാര്‍ ദോഷകരമാണെന്ന് വാദിച്ചു. 2002 ല്‍ നോര്‍വെ സംഘം തുടങ്ങിവച്ച സമാധാന നടപടികളെ അദ്ദേഹം വിമര്‍ശിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ റെനില്‍ വിക്രംസിംഗെ താന്‍ സമാധാന നടപടികള്‍ തുടരുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തമിഴ് ജനങ്ങള്‍ വിക്രംസിംഗെയ്ക്ക് വോട്ട് ചെയ്തു. പക്ഷെ വടക്ക്, കിഴക്ക് മേഖലകളില്‍ തമിഴരെ മൊത്തത്തില്‍ വോട്ട് ചെയ്യാന്‍ എല്‍.ടി.ടി.ഇ അനുവദിച്ചില്ല. വിക്രംസിംഗെ പരാജയപ്പെടാന്‍ ഇത് ഇടയാക്കി. തെരഞ്ഞെടുപ്പില്‍ നിന്ന് തമിഴ് ജനങ്ങളെ മാറ്റി നിര്‍ത്താന്‍ രാജപക്‌ഷെയുടെ അനുയായികള്‍ എല്‍.ടി.ടി.ഇ.യ്ക്ക് പണം നല്‍കിയതായി ആരോപണമുണ്ട്.


അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാരിനെ മുമ്പുളളതുമായി എങ്ങനെ താരതമ്യം ചെയ്യും?

മുമ്പുണ്ടായിരുന്ന സര്‍ക്കാരുകളേക്കാള്‍, എല്‍.ടി.ടി.ഇ.യെ സായുധമായി പരാജയപ്പെടുത്തി സൈനിക പരിഹാരം നേടാന്‍ നിശ്ചയിച്ചിരിക്കുകയാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍. മുമ്പുണ്ടായിരുന്ന സര്‍ക്കാരുകളെ അപേക്ഷിച്ച് ഈ ഭരണത്തിന് അന്താരാഷ്ട്ര അഭിപ്രായങ്ങളോ, മനുഷ്യാവകാശമോ, സാധാരണക്കാരുടെ ജീവന്റെ വിലയോ ഒന്നും പ്രശ്‌നമല്ല. ഈ സമീപനം സമാധാനം കൊണ്ടു വരില്ല. അതു മാറേണ്ടതുണ്ട്.


ശ്രീലങ്കയില്‍ യഥാര്‍ത്ഥമായ ജനാധിപത്യമുണ്ടോ? എത്രമാത്രം അതു ജനങ്ങളുടെ താല്‍പര്യങ്ങളെ ഉള്‍ക്കൊളളുന്നുണ്ട്?

ശ്രീലങ്കയിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് ജനാധിപത്യമുണ്ടെന്നാണ്. അവര്‍ പതിവായി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നുണ്ട്. കുറേയേറെ സ്വാതന്ത്ര്യവും അവകാശങ്ങളുമുണ്ട്. പക്ഷെ പ്രശ്‌നം വംശീയ ന്യൂനപക്ഷത്തിന്റെ താല്‍പര്യങ്ങള്‍ പതിവായി അവഗണിക്കപ്പെടുന്നു എന്നതാണ്. അതിനാലാണ് അധികാരം പങ്കിടുന്ന ഫെഡറല്‍ നയം ആവശ്യമായി വരുന്നത്.

നിലവിലുളള സംഘര്‍ഷത്തെ നിങ്ങള്‍ എന്തു വിളിക്കും? ദേശീയ വിമോചന പോരാട്ടമെന്നോ അതോ വംശീയ സംഘര്‍ഷമെന്നോ?

ഞാനിതിനെ വംശീയ സംഘര്‍ഷമെന്നാണ് വിളിക്കുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ച് കൊണ്ടുളള ഭൂരിപക്ഷത്തിന്റെ ഭരണം എന്ന തത്വവുമായി എല്ലാവരും അനുരഞ്ജനപ്പെടേണ്ട പ്രശ്‌നമുണ്ടിതില്‍. മറ്റൊരു തലത്തില്‍ നോക്കിയാല്‍ ശ്രീലങ്കയ്ക്കുളളില്‍ എല്ലാ ദേശീയതകള്‍ക്കും തങ്ങളുടെ കൂട്ടായ അസ്തിത്വം വ്യക്തമാക്കുന്നതിനുളള അവകാശവും സ്വയം നിര്‍ണയാവകാശത്തിനുമുളള അവകാശവും അനുവദിക്കേണ്ടതുണ്ട്. വംശീയതയും മതവും പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റ് ദേശീയതകള്‍ ആധിപത്യം ചെലുത്താത്ത തങ്ങളുടേതായ സ്വയം നിര്‍ണയാവകാശം വേണമെന്നില്‍ കാര്യത്തില്‍ താല്‍പര്യമുളളവരാണ് മുസ്ലീം സമൂഹം. ദേശീയ വിമോചന പോരാട്ടമെന്ന് ഇതിനെ വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം രണ്ട് വ്യത്യസ്ത രാജ്യങ്ങളെന്നത് ശ്രീലങ്കക്കാരായ ഞങ്ങളുടെ ഹിതമല്ല.


യുദ്ധം, വെടിനിര്‍ത്തല്‍-ഇത് നിശ്ചിത വേളയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയില്‍ ശാശ്വതമായ സമാധാനം പുലരില്ലേ?

മാറിമാറി വന്ന സര്‍ക്കാരുകള്‍ തമിഴ് ജനതയുടെ ന്യായമായ ആകുലതകളെ അഭിമുഖീകരിച്ചില്ലെ ന്നതാണ് യുദ്ധം തുടങ്ങാന്‍ കാരണം. ഈ ദുഖങ്ങളെ അകറ്റുന്ന ഒരു രാഷ്ട്രീയ പരിഹാരം കണ്ടെത്തുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്താല്‍ ശ്രീലങ്ക വീണ്ടും സമാധന രാജ്യമാവും. ഇപ്പോള്‍ അത്തരം രാഷ്ട്രീയ പരിഹാരം കാണാന്‍ ആരും ശ്രമിക്കുന്നില്ല. രാഷ്ട്രീയ പരിഹാരം കണ്ടാല്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഇനിമേല്‍ ആവശ്യം അല്ലാതായിത്തീരും. അതെപ്പോഴാവുമെന്ന് ആര്‍ക്കും ഉറപ്പില്ല.

എന്താണ് സംഘര്‍ഷത്തിനുളള രാഷ്ട്രീയ പരിഹാരം? എന്താണ് സാമ്പത്തിക പരിഹാരം?

പ്രശ്‌ന പരിഹാരത്തിന് രണ്ട് രാഷ്ട്രീയ തലമുണ്ട്. ആദ്യ വശമെന്നത് തമിഴ് ജനത കഴിഞ്ഞ അമ്പതു വര്‍ഷമായി ആവശ്യപ്പെടുന്ന, അഭിലാഷങ്ങള്‍ തൃപ്തിപ്പെടുത്തുകയെന്നതാണ്. അത് യോജിച്ച രീതിയിലുളള അധികാര പങ്കിടലാവാം. ഇന്ത്യന്‍ മാതൃക പ്രശ്‌ന പരിഹാരത്തിന് അടിസ്ഥാനമാക്കാം. രണ്ടാമത്തെ വശമെന്നത് എല്‍.ടി.ടി.ഇയ്ക്ക് ആധിപത്യമുളള മേഖലയില്‍, ആയുധങ്ങളെ അവലംബിക്കാതെ അവര്‍ പുരോഗമനപരമായ ജനാധിപത്യ സംവിധാനത്തില്‍ പ്രവേശിക്കുക എന്നതാണ്്. ഫെഡറല്‍ ഭരണം സാമ്പത്തിക പരിഹാരം സാധ്യമാക്കും. അത് അധികാരത്തെയും സാമ്പത്തിക വിഭവങ്ങളെയും കൊളംബോയില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് കൊണ്ടുപോകും. ഇപ്പോള്‍ കൊളംബോ സ്ഥിതിചെയ്യുന്ന പശ്ചിമ മേഖലയ്ക്ക് ദേശീയ വരുമാനത്തിന്റെ 51 ശതമാനം ലഭിക്കുന്നുണ്ട്. പക്ഷെ അവിടെ ജനസംഖ്യയുടെ 29 ശതമാനം ജനങ്ങളേ അധിവസിക്കുന്നുളളൂ. ഫെഡറല്‍ ഭരണ സംവിധാനം നിലവില്‍ വന്നാല്‍ ഇതില്‍ മാറ്റം വരും.


പക്ഷെ എല്‍.ടി.ടി.ഇ. ഫെഡറല്‍ വ്യവസ്ഥ അംഗീകരിച്ച് ഐക്യ ശ്രീലങ്കയ്ക്ക് കീഴില്‍ വരുമെന്ന് കരുതാനാവുമോ? അവര്‍ വിമോചനമാണ് ആവശ്യപ്പെട്ടുവരുന്നത്?

2002 ഡിസംബറില്‍ നടന്ന ഓസ്‌ലോ സമാധാന ചര്‍ച്ചകളില്‍ എല്‍.ടി.ടി.ഇ.യും ശ്രീലങ്കന്‍ സര്‍ക്കാരും വടക്ക്, കിഴക്ക് മേഖലകള്‍ക്ക് സ്വീകാര്യമായ ആഭ്യന്തര സ്വയം നിര്‍ണയാവകാശം അടിസ്ഥാന തത്വമാക്കിയ ഒരു ഫെഡറല്‍ പരിഹാരത്തിന് സാധ്യതകള്‍ ആരായാമെന്ന് സമ്മതിച്ചിരുന്നു. വേറിട്ട രാജ്യമെന്ന തങ്ങളുടെ ആവശ്യത്തിന് സമൂര്‍ത്തമായ ഒരു ബദല്‍ സ്വീകരിക്കാമെന്ന് എല്‍.ടി.ടി.ഇ. ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടിയാലോചന നടത്തേണ്ടതുണ്ട്.

എന്തുകൊണ്ടാണ് തമിഴര്‍ക്ക് സ്വയം നിര്‍ണയാവകാശം നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്? എന്താണ് സര്‍ക്കാരിന്റെ എതിര്‍ വാദങ്ങള്‍?

സിംഹള ജനങ്ങളുടെ ഭയം സര്‍ക്കാരില്‍ പ്രതിഫലിക്കുന്നുണ്ട്. അവര്‍ ഭയപ്പെടുന്നത് ഫെഡറല്‍ അല്ലെങ്കില്‍ സംയുക്ത ഭരണം വേറിട്ടുപോകാനുളള തമിഴരുടെ ആവശ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് . അതിനേക്കാള്‍ വലിയ ഭയം ശ്രീലങ്ക വിഭജിക്കപ്പെടുമെന്നും അങ്ങനെ ദ്വീപില്‍ പ്രത്യേകമായ തമിഴ് രാജ്യം വരുമ്പോള്‍ അതിന് ഇന്ത്യയില്‍ നിന്ന് അല്ലെങ്കില്‍ കുറഞ്ഞ പക്ഷം തമിഴ്‌നാട്ടില്‍ നിന്നെങ്കിലും പിന്തുണ ലഭിക്കുമെന്നും അവര്‍ കരുതുന്നു. അങ്ങനെ വന്നാല്‍ മുഴുവന്‍ ദ്വീപും തമിഴര്‍ കയ്യടക്കുന്നതിലേക്ക് നയിക്കും. ഇതാണ് സിംഹളരുടെ ഭയം.

പ്രശ്‌ന പരിഹാരത്തിന് സിംഹള ദേശീയ സങ്കുചിത വാദികളാണ് തടസം എന്ന് കേള്‍ക്കുന്നു. നിങ്ങളങ്ങനെ ചിന്തിക്കുന്നുണ്ടോ?

സിംഹള ദേശീയ പാര്‍ട്ടികള്‍ക്ക് മൊത്തം വോട്ടിന്റെ 10 ശതമാനമേയുളളൂ. പക്ഷെ പാര്‍ലമെന്റില്‍ അധികാര സന്തുലനം ഉളളതുകൊണ്ട് അവര്‍ ശക്തരാണ്. അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് അവരുടെ വോട്ട് വേണം. അവര്‍ സമൂല പരിഷ്‌കരണവാദികളാണ്. തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി തെരുവിലേക്കിറങ്ങാന്‍ മടിയില്ലാത്തവരുമാണ്. ഇക്കാരണത്താല്‍ കൂടുതല്‍ ശക്തരാണ് അവര്‍. പക്ഷെ സമാധാന പരിഹാരത്തിന് ഏക തടസമല്ല അവര്‍. അതുപോലെ തന്നെ, എല്‍.ടി.ടി.ഇ.യും ചിതറിയ തമിഴരും (ഡയസ്‌പോറ) ഉള്‍പ്പെടുന്ന തമിഴ് ദേശീയവാദികള്‍ സമൂലപരിഷ്‌കരണവാദികളും വിട്ടു വിഴ്ചയില്ലാത്തവരാണ്.

ശ്രീലങ്ക അഭയാര്‍ത്ഥികളുടെ നാടാണ്.എന്താണ് അവരുടെ അവസ്ഥ? ജനങ്ങള്‍ രാജ്യം വിടുന്നതു തുടരുകയാണല്ലോ?

ശ്രീലങ്കയില്‍ മാത്രം അഞ്ചുലക്ഷം ആഭ്യന്തര അഭയാര്‍ത്ഥികളുണ്ട്. അവര്‍ വലിയ അളവില്‍ ദുരിതം അനുഭവിക്കുന്നു. പറഞ്ഞറിയിക്കാനാവുന്നതിന് അപ്പുറമാണ് ദുരിതവും കഷ്ടപ്പാടും. ഇനിയും കുറേയേറെ വര്‍ഷം ഈ ദുരിതവും ദുരന്തവും തുടരാനാണ് സാധ്യത. സംഘര്‍ഷം മൂലം ബുദ്ധിജീവികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേര്‍ രാജ്യം വിട്ടിട്ടുണ്ട്. രാജ്യത്തിന് ഗുണകരമായി ഉപയോഗിക്കേണ്ട വിഭവങ്ങള്‍ നഷ്ടപ്പെടുന്നു എന്നാണ് ഇതിനര്‍ത്ഥം. എന്‍.പി.സി.യുടെ ലക്ഷ്യം സമാധാനത്തിനുളള സാധ്യത ഒരുക്കലാണ്. അതിലൂടെയേ അഭയാര്‍ത്ഥികളുടെ ദുരിതം അവസാനിക്കൂ.

അടുത്തിടെ കൊളംബോ സന്ദര്‍ശിച്ച പത്രപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞ കാര്യം അവിടെയും മറ്റിടങ്ങളിലും കഴിയുന്ന മിക്ക ആള്‍ക്കാരും ആഭ്യന്തരയുദ്ധത്തെപ്പറ്റി ശ്രദ്ധിക്കുന്നുപോലുമില്ലെന്നാണ്. വെറും കാഴ്ചക്കാരായി ഇതെല്ലാം കാണുന്നു എന്നു മാത്രം. എന്തുകൊണ്ടാണ് ഈ പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത്?

ഭൂരിപക്ഷം ജനങ്ങള്‍ക്ക് വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടക്കുന്നത് എന്ന് അറിയില്ല. സര്‍ക്കാര്‍ പറയുന്നത് ഞങ്ങള്‍ സാധാരണ പൗരന്‍മാരെ സംരക്ഷിക്കുന്നുണ്ട് എന്നാണ്. ജനം അതു വിശ്വസിക്കുകയും ചെയ്യുന്നു. ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നത് വേറിട്ട ഒരു രാജ്യത്തില്‍ കുറഞ്ഞ ഒന്നുമായും എല്‍.ടി.ടി.ഇ. ഒത്തുതീര്‍പ്പില്‍ എത്തില്ല എന്നാണ്. അതിനാല്‍ യുദ്ധത്തില്‍ എല്‍.ടി.ടി.ഇ. തോല്‍പ്പിക്കുകയല്ലാതെ മറ്റൊരു ബദലില്ല എന്നും അവര്‍ ചിന്തിക്കുന്നു.എല്‍.ടി.ടി.ഇ, പ്രഭാകരന്‍, പാര്‍ട്ടികള്‍


എല്‍.ടി.ടി.ഇ. ഇപ്പോള്‍ വ്യോമാക്രമണവുമായി രംഗത്തെത്തിയിരിക്കുന്നു. വെടിനിര്‍ത്തല്‍ കാലത്ത് അവര്‍ ശക്തി സംഭരിക്കുകയായിരുന്നോ? എവിടെ നിന്നാണ് അവര്‍ക്ക് ആയുധവും വിമാനം ലഭിച്ചത്? വിദേശ സഹായങ്ങള്‍?

എല്‍.ടി.ടി.ഇ. കഴിഞ്ഞ ഒരു ദശാബ്ദമായി വ്യോമ ശക്തി സ്വന്തമാക്കാന്‍ ശ്രമിക്കുകയായിരുന്നു. അവര്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ പുറത്തു നിന്ന് കടത്തിക്കൊണ്ടുവന്നതാണ്. ഞാന്‍ കരുതുന്നത് എല്‍.ടി.ടി.ഇ. ഈ ഭാഗങ്ങള്‍ തുറന്ന വിപണിയില്‍ നിന്ന് മേടിച്ചു എന്നാണ്. ഇതിന് ഏതെങ്കിലും വിദേശ രാജ്യങ്ങള്‍ സഹായം ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഈ വിമാനങ്ങള്‍ കൂട്ടിയിണക്കിയതില്‍ സാങ്കേതിക മികവൊന്നുമില്ല. ഇത് ഭാരം കുറഞ്ഞ ചെറിയ വിമാനമാണ്. മറ്റ് രാജ്യങ്ങളുടെ പറക്കല്‍ സംഘങ്ങളില്‍ (ഫ്‌ളയിംഗ് ക്ലബ്) ലഭിക്കുന്നവയാണ് ഈ വിമാനങ്ങള്‍.


സമാധാന കാലയളവിലും എല്‍.ടി.ടി.ഇ. സൈനിക കരുത്തില്‍ തന്നെയാണ് വിശ്വസിച്ചിരുന്നത്

യുദ്ധത്തില്‍ വിജയമാണ് അവര്‍ ആഗ്രഹിക്കുന്നത്. ശ്രീലങ്കന്‍ ഭരണകൂടത്തെ പരാജയപ്പെടുത്താനായില്ലെങ്കില്‍ വേറിട്ട രാജ്യം സാധ്യമാവില്ലെന്ന് അവര്‍ കരുതുന്നു. എല്‍.ടി.ടി.ഇ.യുടെ സൈനിക കരുത്തുകൊണ്ടാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ തുല്യതയില്‍ ഇരുന്ന് ചര്‍ച്ചചെയ്യാന്‍ അവരെ ക്ഷണിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ സൈനിക കരുത്ത് നിലനിര്‍ത്തി. കൂടുതല്‍ ശക്തി സംഭരിച്ചു.


സമാധാന കൂടിയാലോചനകള്‍ക്ക് എല്‍.ടി.ടി.ഇ. വന്നത് സമാന്തരമായ ഒരു ഭരണകൂടത്തെ പ്രതിനിധീകരിച്ചുകൊണ്ടാണ്

അതെ. അന്ന് എല്‍.ടി.ടി.ഇ. യെ പ്രതിനിധീകരിക്കുന്ന സാധാരണക്കാരോട് ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ യോജിച്ച ഭരണം (ഫെഡറല്‍) എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത് യഥാര്‍ത്ഥത്തില്‍ സഖ്യരാഷ്ട്ര ഭരണം (കോണ്‍ ഫെഡറിസം)ആണ്. അതായത് രണ്ട് സര്‍ക്കാരുകള്‍, രണ്ട് പ്രധാന മന്ത്രിമാര്‍, രണ്ട് വിദേശ മന്ത്രിമാര്‍, രണ്ടു സൈന്യം എന്നിങ്ങനെയുളള മട്ടില്‍.


എല്‍.ടി.ടി.ഇ.യുടെയും മറ്റ് തമിഴ് ദേശീയ വിമോചന സംഘങ്ങളുടെയും ശക്തി എത്രമാത്രമാണ്. മുമ്പുണ്ടായിരുന്ന ടുള്‍ഫ് തുടങ്ങിയ സംഘടനകളെപ്പറ്റി കേള്‍ക്കാനേയില്ല.

എല്‍.ടി.ടി.ഇ. ആണ് ഇന്ന് ശ്രീലങ്കയിലെ എറ്റവും ശക്തമായ, ഏക പാര്‍ട്ടി. അതിന് ഒരു പരിധിവരെയുളള കാരണം മറ്റ് തമിഴ് പാര്‍ട്ടികളുടെ നേതാക്കളെ മുഴുവന്‍ എല്‍.ടി.ടി.ഇ. കൊലപ്പെടുത്തിയെന്നതാണ്. മാത്രമല്ല മറ്റുളളവരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുമില്ല. ശ്രീലങ്കന്‍ സര്‍ക്കാര്‍ തങ്ങളുടെ അവകാശം എന്നെങ്കിലും അനുവദിച്ച് തരുമെങ്കില്‍ അത് എല്‍.ടി.ടി.ഇ. മൂലമാവും എന്നാണ് തമിഴ് ജനങ്ങളുടെ ഇടയില്‍ ശക്തമായുളള ചിന്ത. കാരണം എല്‍.ടി.ടി.ഇ.ആണ് കൂടിയാലോചന മേശകളിലേക്ക് സര്‍ക്കാരിനെ എത്തിച്ചിട്ടുളളത്.

എല്‍.ടി.ടി.ഇ ആഭ്യന്തരമായി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ? ബാലശിങ്കത്തിന്റെ മരണത്തെയും കരുണ വിഭാഗത്തിന്റെ ശത്രുതാപരമായ വേര്‍പെടലിനെയും എങ്ങനെ കാണുന്നു?

എല്‍.ടി.ടി.ഇ.യുടെ ആഭ്യന്തര പ്രശ്‌നങ്ങളെപ്പറ്റി അധികമൊന്നും ആര്‍ക്കുമറിയില്ല. എല്‍.ടി.ടി.ഇ. വളരെ രഹസ്യവും കടുത്ത അച്ചടക്കവുമുളള സംഘടനയാണ്. കരുണയോടുണ്ടായ ഭിന്നിപ്പ് പോലും സംഭവിച്ചശേഷമാണ് എല്ലാവരും അറിഞ്ഞത്. കരുണ പറഞ്ഞത് എല്‍.ടി.ടി.ഇ. നേതൃത്വം വടക്കന്‍ മേഖലയില്‍ നിന്നു വരുന്നവരാണെന്നും അവര്‍ കിഴക്കന്‍ മേഖലയിലുളള തമിഴരോട് വിവേചനം കാട്ടുന്നുവെന്നും അതിനാല്‍ താന്‍ സംഘടന വിടുന്നുമെന്നാണ്. ബാലശിങ്കത്തിന്റെ മരണം എല്‍.ടി.ടി.ഇയ്ക്കും ശ്രീലങ്കയ്ക്കും വലിയ നഷ്ടം വരുത്തിയിട്ടുണ്ട്. രാജ്യത്ത് ഏതുതരം രാഷ്ട്രീയ പരിഹാരമാണ് നിലവില്‍ വരേണ്ടത് എന്നതിനെപ്പറ്റി മനസിലാക്കിയിരുന്ന ആളായിരുന്നു അദ്ദേഹം. തന്റെ മരണത്തിനു മുമ്പ് ഒരു രാഷ്ട്രീയ പരിഹാരം സാധ്യമാക്കുന്നതിനുവേണ്ടി ബാലശിങ്കം തിരക്കിട്ടു പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ കൂടിയാലോചനകള്‍ തുടങ്ങാനായില്ല എന്നതു ദു:ഖകരമാണ്.


എല്‍.ടി.ടി.ഇ. തലവന്‍ വേലുപ്പിളളി പ്രഭാകരനെ വ്യക്തിപരമായി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ശ്രീലങ്കന്‍ ഭരണാധികാരികളേക്കാള്‍ മെച്ചമാണോ അദ്ദേഹം?

പ്രഭാകരന്‍ മനുഷ്യ ജീവിതത്തേക്കാള്‍ തന്റെ ലക്ഷ്യത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വ രീതി രാജാക്കന്‍മാരുടെ യുഗത്തിന് അനുയോജ്യമായിരിക്കാം. എന്നാല്‍ ആധുനിക ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും കാലത്തില്‍ ഒട്ടും ചേര്‍ന്നതല്ല.

കമ്യൂണിസ്റ്റുകള്‍ക്കും മറ്റ് ഇടതു പാര്‍ട്ടികള്‍ക്കും അവടെ എന്തെങ്കിലും പങ്കുവഹിക്കുന്നുണ്ടോ? അവര്‍ക്കെന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നുണ്ടോ?

കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലുളള പഴയ ജനാധിപത്യ ഇടതു പാര്‍ട്ടികളെല്ലാം സര്‍ക്കാര്‍ സഖ്യത്തില്‍ പങ്കാളികളാണ്. വംശീയ സംഘര്‍ഷത്തോടുളള സര്‍ക്കാര്‍ സമീപനത്തില്‍ അവര്‍ സന്തുഷ്ടരല്ല. പക്ഷെ സര്‍ക്കാരിന്റെ നയം തിരുത്താന്‍ കഴിയുന്ന വിധത്തില്‍ അവര്‍ ശക്തരുമല്ല. രാഷ്ട്രീയമായി അവര്‍ ദുര്‍ബലരാണ്. ഒരു പാര്‍ലമെന്റ സീറ്റുപോലും തനിച്ചു നേടാനാവില്ല. പക്ഷെ അവരുടെ സാന്നിധ്യം അര്‍ത്ഥമാക്കുന്നത് സമാധാനത്തിന്റെയും സല്‍ബുദ്ധിയുടെയും ശബ്ദങ്ങള്‍ സര്‍ക്കാരിനുണ്ട് എന്നാണ്.


കമ്യൂണിസ്റ്റുകളുള്‍പ്പടെയുളള പുരോഗമനശക്തികള്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് എന്തെങ്കിലും ചെയ്യുന്നുണ്ടോ?

സര്‍ക്കാരിനൊപ്പമുളള പഴയ ഇടതു പാര്‍ട്ടികളിലൊന്നായ എല്‍.എസ്.എസ്.പി (ട്രോട്‌സ്‌കിയിസ്റ്റ്)യുടെ നേതാവ് പ്രൊഫ. ടിസ വിതരണയാണ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഉള്‍പ്പെടുന്ന പ്രതിനിധി സമിതിയുടെ അധ്യക്ഷന്‍. അദ്ദേഹം വംശീയ സംഘര്‍ഷത്തിന് രാഷ്ട്രീയ പരിഹാരം നിര്‍ദേശിച്ചുകൊണ്ട് ഒരു കരട് നിര്‍ദേശം തയാറാക്കികൊണ്ടിരിക്കുകയാണ്. കരട് നിര്‍ദേശങ്ങള്‍ക്കായി പ്രൊഫ. വിതരണ ഉന്നയിച്ച നിര്‍ദേശങ്ങള്‍ നല്ലതാണ്. അത് രാഷ്ട്രീയ പരിഹാരത്തിന് അടിത്തറയൊരുക്കും. പക്ഷെ നിര്‍ഭാഗ്യമെന്നു പറയാം, സര്‍ക്കാര്‍ ഇതുവരെ ഈ നിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക യുദ്ധത്തിന്റെ ഫലം കൂടുതല്‍ വ്യക്തമാകുന്നതുവരെ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തുനിയുന്നത് നീട്ടി നീട്ടിക്കൊണ്ടുപോകാനാണ് സാധ്യത.

എല്‍.ടി.ടി.ഇ. യുദ്ധത്തില്‍ ജയിക്കുമെന്ന് കരുതുക. എന്തായിരിക്കും പിന്നീട് സംഭവിക്കുക? അവരേത് രാഷ്ട്രീയ-സമ്പദ് വ്യവസ്ഥിയാവും നടപ്പാക്കുക?

എല്‍.ടി.ടി.ഇ. ഒരിക്കലും സ്ഥിരമായ വിജയം നേടാന്‍ പോകുന്നില്ല. കാരണം നഷ്ടപ്പെട്ട അധികാരം തിരിച്ചു പിടിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എപ്പോഴും ശ്രമിക്കും. പക്ഷെ എല്‍.ടി.ടി.ഇ.യെ ഭരണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിനര്‍ത്ഥം എല്‍.ടി.ടി.ഇ. ജനാധിപത്യത്തെ ആദരിക്കണമെന്നും അവരുടെ ആയുധം പ്രയോഗിക്കരുതെന്നുമാണ്. തമിഴ് ജനതയെ പ്രതിനിധീകരിക്കുന്ന മറ്റ് തമിഴ് പാര്‍ട്ടികളെ ആദരിക്കാന്‍ അവര്‍ പഠിക്കണം. ഒരു ജനാധിപത്യ രാജ്യത്തും ഒരൊറ്റ പ്രതിനിധികള്‍ ഉണ്ടാവില്ല. രാഷ്ട്രീയ-സമ്പദ് ശാസ്ത്രം എന്ന രീതിയില്‍ എന്താവും എല്‍.ടി.ടി.ഇ. ചെയ്യുക എന്നു വ്യക്തമല്ല. പക്ഷെ ഭരണകൂടത്തിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ എല്ലാം ആക്കാനാവും അവരുടെ ശ്രമം. കാരണം തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കാനാവുന്നതെല്ലാം അങ്ങനെ ആക്കണമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍.

എന്താണ് ജാഫ്‌നയിലും മറ്റ് എല്‍.ടി.ടി.ഇ. നിയന്ത്രണ മേഖലകളിലുമുളള ജീവിത സാഹചര്യങ്ങള്‍?

ശ്രീലങ്കയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ വളരെ അവികസിതമായ അവസ്ഥയാണുളളത്. വടക്ക്, കിഴക്ക് മേഖലയിലെ ഭൂരിപക്ഷം പ്രദേശങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ നോക്കിയാല്‍ ശ്രീലങ്കയുടെ മറ്റ് ഭാഗങ്ങളേക്കാള്‍ ദശാബ്ദങ്ങള്‍ പുറകിലാണ്. അവിടെ എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളുണ്ടായിരുന്നോ അതെല്ലാം യുദ്ധത്തില്‍ തകര്‍ന്നിട്ടുണ്ട്. ജാഫ്‌നയെയും രാജ്യത്തെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് മാര്‍ഗങ്ങള്‍ അടച്ചതിനാല്‍ ജാഫ്‌നയിലേക്കുളള അവശ്യ വസ്തുക്കളുടെ വിതരണം പോലും നിലച്ചിരിക്കുകയാണ്. ഭരണകൂടം സൈനിക കാരണങ്ങളാലാണ് റോഡ് അടച്ചതെങ്കിലും ഇതിന്റെ അത്യന്തികഫലം വലിയ അളവില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുക എന്നതാണ്.

യുദ്ധതടവുകാരെ(പി.ഒ.ഡബ്ല്യു)ക്കുറിച്ച് എന്തു പറയുന്നു? ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുന്നതായി കേള്‍ക്കുന്നു?

എല്‍.ടി.ടി.ഇ.യുടെ പക്ഷത്ത് യുദ്ധത്തടവുകാര്‍(പി.ഒ.ഡബ്ല്യു) ഉളളതായി അറിവില്ല. എന്നാല്‍ സര്‍ക്കാരിന്റെ പക്ഷത്തുണ്ട്. ഭരണകൂടം യുദ്ധതടവുകാരെ സാധാരണ ജയിലുകളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. പക്ഷെ നിരവധി തവണ ഹീനമായ രീതിയിലാണ് അവരോട് പെരുമാറിയിട്ടുളളത്. 1983 ജൂലൈയില്‍ സംശയത്തിന്റെ പേരില്‍ തടവിലടയ്ക്കപ്പെട്ട 50 തീവ്രവാദികളെയും മറ്റുളളവരെയും ജയിലില്‍ വച്ച് മറ്റു തടവുകാര്‍ കൊലപ്പെടുത്തിയിരുന്നു. 2004 ല്‍ കീഴടങ്ങിയതിനെ തുടര്‍ന്ന് പുനരധിവസിപ്പിച്ച 20 യുവാക്കളെ ഗ്രാമീണര്‍ കൊലപ്പെടുത്തി. പക്ഷെ ഇതെല്ലാം വേറിട്ട സംഭവങ്ങളാണ്. എന്നാലും മനുഷ്യാവകാശ ലംഘനങ്ങള്‍ വലിയ അളവില്‍ നടക്കുന്നുണ്ട്. മുമ്പത്തേക്കാള്‍ വഷളാണ് അവസ്ഥ. അപ്രത്യക്ഷമാകല്‍, തട്ടിക്കൊണ്ടുപോകല്‍, പണത്തിനുവേണ്ടിയുളള റാഞ്ചല്‍ തുടങ്ങിയവ പതിവായി നടക്കുന്നു. തങ്ങള്‍ക്ക് ഇതില്‍ ഉത്തരവാദിത്വമില്ല എന്നാണ് ഭരണാധികാരികള്‍ പറയുന്നത്. എല്‍.ടി.ടി.ഇ, മറ്റ് കുറ്റവാളിസംഘങ്ങള്‍, നിയമവിരുദ്ധര്‍ തുടങ്ങിയവര്‍ ഇതെല്ലാം ചെയ്യുന്നു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. പക്ഷെ ഇതിലെല്ലാം ഭരണകൂടത്തിന്റെ കൈയുളളതായി കൂറേയേറെപ്പേര്‍ വിശ്വസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ആയിരത്തിലേറെ സംഭവങ്ങളുണ്ടായി. ഈ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിച്ചിരുന്നു. എക്ഷെ അവരുടെ പ്രവര്‍ത്തനം സാവധാനവും തൃപ്തികരമല്ലാത്ത വിധത്തിലുമാണ്.

ബുദ്ധഭിക്ഷുക്കള്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നു.അവരെന്തുകൊണ്ടാവണം ആക്രമണ ലക്ഷ്യമാകുന്നത്? പക്ഷം ചേര്‍ന്നതുകൊണ്ടാണോ? ഭിക്ഷുക്കള്‍ക്കിടയിലും കലഹം നടക്കുന്നുണ്ട്.

ശ്രീലങ്കയിലെ ബുദ്ധഭിക്ഷുക്കള്‍ സ്വയം കരുതുന്നത് തങ്ങള്‍ രാജ്യത്തിന്റെ സംരക്ഷകരാണെന്നാണ്. സിംഹള ചരിത്രം ഭാഗികമായി ഇത് ശരിവയ്ക്കുന്നുണ്ട്. സിംഹളര്‍ ശ്രീലങ്കയില്‍ ബുദ്ധമതത്തിന്റെ സംരക്ഷകരായിരിക്കും എന്നു ബുദ്ധഭഗവാന്‍ പറഞ്ഞതായി പുരാതന കൃതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സിംഹള ജനതയെയും ബുദ്ധമതത്തെയും നാശത്തില്‍ നിന്ന് രക്ഷപെടുത്തുക എന്നത് തങ്ങളുടെ പവിത്രമായ കടമയായിട്ടാണ് ബുദ്ധഭിക്ഷുക്കള്‍ കരുതുന്നത്. പുരാതന ചരിത്രത്തില്‍ രാജ്യത്തെ രക്ഷിക്കാന്‍ ബുദ്ധസന്യാസികള്‍ സിംഹളസേനയ്‌ക്കൊപ്പം അണിചേര്‍ന്നതായി പറയുന്നുണ്ട്. അത് ഇന്നത്തെ കാലത്തേക്കും കൊണ്ടു വന്നിരിക്കുന്നു. തമിഴ് തീവ്രവാദത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കലാണ് ഇപ്പോഴവര്‍ കടമയായി കാണുന്നത്. തിരിച്ച് തമിഴര്‍ ബുദ്ധസന്യാസികളെ തമിഴ്‌വിരുദ്ധരായും സിംഹളീസ് സങ്കുചിത ആധിപത്യവാദികളായും കാണുന്നു. ബുദ്ധഭിക്ഷുക്കളെ കൊല്ലുന്നതു വഴി എല്‍.ടി.ടി.ഇ. ശ്രമിക്കുന്നത് സിംഹളരെ പ്രകോപിപ്പിക്കാനും സിംഹള സങ്കുചിത വാദത്തിന് പ്രഹരം നല്‍കാനുമാണ്. പക്ഷെ ഞാന്‍ സംസാരിച്ചിട്ടുളള ഭൂരിപക്ഷം സന്യാസികളും സമാധാനകാംക്ഷികളാണ്. അവര്‍ക്ക് സമാധാനം സമാധാനമാര്‍ഗങ്ങളിലൂടെ നിലവില്‍ വരണമെന്നാണ് ആഗ്രഹം. തീവ്രവാദികളായ ബുദ്ധഭിക്ഷുക്കള്‍ ആക്രോശിക്കുന്നവരും രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നവരും തെരുവില്‍ അണിനിരക്കാന്‍ തയാറുളളവരുമാണ്. അതേസമയം സമാധാനപ്രിയരായ ഭിക്ഷുക്കള്‍ ദേവാലയത്തില്‍ ജനങ്ങളെ സഹായിച്ചു കഴിയുന്നു. ഈ രണ്ടു വ്യത്യസ്ത രീതികള്‍ ബുദ്ധ ഭിക്ഷുക്കള്‍ക്കിടയില്‍ വൈരുദ്ധ്യമുണ്ടാക്കിയിട്ടുണ്ട്. ഇന്നത്തെ വംശീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സമാധാന പരമായ സഹവര്‍ത്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരായും സമാധാനകാംക്ഷികളായും എനിക്ക് തോന്നിയിട്ടുളളത് ക്രിസ്ത്യന്‍ പുരോഹിതരെയാണ്. സംഘര്‍ഷത്തില്‍ ഗുണകരമായ മദ്ധ്യസ്ഥതവഹിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. അതിനു കാരണം സിംഹള, തമിഴ് വിഭാഗങ്ങള്‍ക്കിടയില്‍ നല്ല അളവില്‍ ക്രിസ്ത്യാനികള്‍ ഉണ്ടെന്നതാണ്. ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ ഉന്നത വിദ്യഭ്യാസം കൂടുതലായി നേടിയവരും സമൂഹത്തിന്റെ നിലപാടുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവരുമാണ്.

ശ്രീലങ്കയില്‍ ജാതി വ്യവസ്ഥ നിലവിലുണ്ട്. അതെത്രമാത്രം ഈ സംഘര്‍ഷത്തെ സ്വാധീനിക്കുന്നുണ്ട്?

ശ്രീലങ്കയില്‍ ജാതി വ്യവസ്ഥ നിലവിലുണ്ട്. പക്ഷെ അത് ഇന്ത്യയിലുളള ജാതി വ്യവസ്ഥയുമായി രണ്ടു തരത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു വ്യത്യാസമെന്നത് ഇവിടുത്തെ ഉയര്‍ന്ന ജാതിയെന്നത് കര്‍ഷകരുടേതാണ്. അവരാണ് ഏറ്റവും വലിയ ജാതി. രണ്ടാമത് മിക്കയിടത്തും ജാതിവ്യവസ്ഥ ദൃശ്യമല്ല. അത് കുറഞ്ഞ അളവില്‍ പൊന്തിവരുന്നത് ആള്‍ക്കാര്‍ വിവാഹിതരാകുമ്പോള്‍, വോട്ടു ചെയ്യുമ്പോള്‍ തുടങ്ങിയ സമയത്തൊക്കെയാണ്. സംഘര്‍ഷം തുടരുന്നതിന് തമിഴ് സമൂഹത്തില്‍ ജാതിയുടെ പങ്കും കാരണമാകുന്നുണ്ടാവാം. പ്രഭാകരനുള്‍പ്പടെയുളള മിക്ക എല്‍.ടി.ടി.ഇ. നേതാക്കളും കര്‍ഷകതേരമായ മുക്കുവ ജാതികളില്‍ നിന്നുളളവരാണ്. ഇപ്പോള്‍ നടക്കുന്ന യുദ്ധം മൂലം അവര്‍ കര്‍ഷക ജാതിയിലെ ആള്‍ക്കാര്‍ക്കു മേല്‍ ആധിപത്യമുണ്ട്. പക്ഷെ സമാധാനം നിലവില്‍ വരുന്നതോടെ അവര്‍ക്ക് കര്‍ഷക ജാതിക്കുമേലുളള ആധിപത്യം ഒരിക്കല്‍ കൂടി നഷ്ടമാകും.ഇന്ത്യയുടെ ഇടപെടല്‍, തിരിച്ചടികള്‍ശ്രീലങ്കന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ പങ്കിനെ എങ്ങനെ നിര്‍വചിക്കും? ഇന്ത്യയ്ക്ക് എന്തെങ്കിലും ഗുണകരമായി ചെയ്യാനാവുമോ?

സിംഹള ചരിത്രമെന്നത് ഇന്ത്യയില്‍ നിന്നുളള അക്രമങ്ങളുടേതാണ്. സിംഹള കാഴ്ചപ്പാടില്‍ ഇന്ത്യ തങ്ങളുടെ ചരിത്രപരമായ ശത്രുവാണ്. അഞ്ചാം നൂറ്റാണ്ടിലെ ബുദ്ധ ഭിക്ഷു എഴുതിയ 'മഹാവസ്മ'(മഹാ പുരാവൃത്തം) എന്ന പുസ്തകത്തില്‍ സിംഹള നാഗരികത ദക്ഷിണ ഇന്ത്യയില്‍ നിന്നുളള തുടര്‍ച്ചയായ അധിനിവേശങ്ങളില്‍ നശിപ്പിക്കപ്പെട്ടതായും ദുര്‍ബലമാക്കപ്പെട്ടതായും പറയുന്നുണ്ട്. ഇതുകൊണ്ട് തന്നെ, 1970 ലും 80 കളിലും തമിഴ് തീവ്രവാദത്തെ ഇന്ത്യ പിന്തുണച്ചത് സിംഹള ജനങ്ങളുടെ മനസില്‍ ആഴത്തില്‍ വൈകാരികമായും മനശാസ്ത്രപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 1987 ല്‍ ഇന്ത്യന്‍ സമാധാന സേന വരുന്നതിനെ അവര്‍ എതിര്‍ത്തതും ഇക്കാരണത്താലാണ്. അവര്‍ കണ്ടത് ഇത് ചരിത്രത്തിന്റെ പുനരാവര്‍ത്തനമായാണ്. ഇന്ത്യന്‍ സേന ഒരിക്കലും തിരിച്ചുപോകില്ലെന്നും അവര്‍ വിശ്വസിച്ചു. സിംഹളരുടെ ആകുലതകളോട് ഇന്ത്യ കൂടുതല്‍ സംവേദനാത്മകമായ സമീപനം പുലര്‍ത്തേണ്ടതുണ്ട്.


ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്ക് നിക്ഷിപ്തമായ താല്‍പര്യമുണ്ട് എന്നു കരുതുന്നുണ്ടോ?

ഇന്ത്യയുടെ മുഖ്യ ആകുലതയെന്നത് ശ്രീലങ്കയിലെ തമിഴ് പ്രശ്‌നം കടല്‍ കടന്ന തമിഴ്‌നാടിനെ ബാധിക്കരുത് എന്നതാണ്. സംഘര്‍ഷത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുന്നതിലും ഇന്ത്യയ്ക്ക് വിയോജിപ്പുണ്ട്. വിദേശ ശക്തികള്‍ ശ്രീലങ്കയില്‍ പങ്കുവഹിക്കുന്നതിനെയും അതിനു അവര്‍ കാണിക്കുന്ന താല്‍പര്യത്തിലും ഇന്ത്യയ്ക്ക് ആശങ്കകളുണ്ട്. പ്രശ്‌നം മൂര്‍ച്ഛിക്കതെ ഒതുക്കാനാണ് ഇന്ത്യയ്ക്ക് താല്‍പര്യം.


'ഇന്ത്യയുടെ ആശിസും പിന്തുണയും സമ്മര്‍ദവുമില്ലാതെ ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല എന്ന് നമുക്കെല്ലാം അറിയാം'' എന്ന് താങ്കള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു? വിശദമാക്കാമോ?

നാനാത്വമുളളതും വ്യത്യസ്തവുമായ ജനവിഭാഗങ്ങളെ ചേര്‍ത്ത് തങ്ങളുടെ രാജ്യത്തെ ഒന്നിപ്പിച്ചു കൊണ്ടുപോകാന്‍ ഇന്ത്യ പഠിച്ചിട്ടുണ്ട്. വംശീയ സംഘര്‍ഷങ്ങളെയും തീവ്രവാദത്തെയും കൈകാര്യം ചെയ്യാന്‍ പ്രപ്തരും തീവ്രവാദികളെ എങ്ങനെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നും അറിയുന്നവരുമാണ് അവര്‍. ഇന്ത്യ ഒരു സൂപ്പര്‍ ശക്തിയും ശ്രീലങ്കയുടെ അടുത്ത അയല്‍ക്കാരനുമാണ്. അതിനാല്‍ ഞങ്ങള്‍ക്ക് ഇന്ത്യയെ വേണം. പക്ഷെ ഇന്ത്യയെ അവിശ്വസിക്കുന്ന വളരെയധികം പേര്‍ ശ്രീലങ്കയില്‍ ഉണ്ട്. അവര്‍ ചിന്തിക്കുന്നത് ഇന്ത്യ ബോധപൂര്‍വം തങ്ങളെ സംഘര്‍ഷത്തില്‍ നില നിര്‍ത്തുന്നു എന്നാണ്. മുമ്പ് തമിഴ് തീവ്രവാദികളെ പരിശീലിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്ത കാര്യം ശ്രീലങ്കന്‍ ജനങ്ങള്‍ ഓര്‍മിക്കുന്നുണ്ട്. ഇന്ത്യ ഇത് എന്നും നിഷേധിച്ചിട്ടുണ്ടെങ്കിലും. അതിനാല്‍ അവര്‍ ചോദിക്കുന്നു: എങ്ങനെ നമുക്ക് ഇന്ത്യയെ വിശ്വസിക്കാനാവും? പക്ഷെ ഇന്ത്യയുമായുളള ബന്ധം പുനസ്ഥാപിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബന്ധങ്ങള്‍ പുനസ്ഥാപിക്കുന്നതിലൂടെ ഇന്ത്യയോടുളള വിശ്വാസം വര്‍ദ്ധിക്കും. അങ്ങനെ നല്ല സുഹൃത്തും പങ്കാളിയുമായി ഇന്ത്യയെ മാറ്റാനാവും. അത് ശ്രീലങ്കയിലെ പ്രശ്‌ന പരിഹാരത്തിന് ഒരളവുവരെ കാരണമാകും.


ശ്രീലങ്കന്‍ പ്രശ്‌ന പരിഹാരത്തിന് രാജീവ് ഗാന്ധിക്ക് താല്‍പര്യമുണ്ടായിരുന്നു എന്ന് ഒരിക്കല്‍ താങ്കള്‍ പറഞ്ഞു. പക്ഷെ ഇന്ത്യന്‍ സമാധാന പാലന സേനാ (ഐ.പി.കെ. എഫ്) അധ്യായം അത്ര നല്ല ഓര്‍മകളിലല്ല അവസാനിച്ചത്? എന്തുപറയുന്നു?

ഇന്ത്യാ-ലങ്കാ ഉടമ്പടിയില്‍ പ്രശ്‌നം ഉണ്ടായിരുന്നു. ഉടമ്പടി വരുന്നതിനു മുമ്പ് അത് കൃത്യമായി വിശദീകരിക്കുകയോ ജനങ്ങളുമായി ചര്‍ച്ച നടത്തുകയോ ചെയ്തില്ല. പ്രധാനമന്ത്രി രാജീവ് ഗാന്ധി അന്ന് ചെറുപ്പമായിരുന്നു. അനുഭവ സമ്പത്ത് കുറവും. ഒരു രാജ്യത്തിലെ പ്രശ്‌നങ്ങള്‍ രാത്രി ഇരുണ്ടുവെളുക്കുമ്പോഴേക്കോ, അല്ലെങ്കില്‍ പേനയുടെ ഒരു കോറല്‍ കൊണ്ടോ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം മനസിലാക്കിയില്ല. ഇന്ത്യന്‍ ഇടപെടലിനെപ്പറ്റി ശക്തായ എതിര്‍പ്പ് ശ്രീലങ്കയില്‍ ഉണ്ടായിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ പോലും. ഇന്ത്യ തന്നെ ബോധപൂര്‍വം ദുര്‍ബലമാക്കിയ ഒരു ചെറിയ അയല്‍ക്കാരനുമേലുളള ഇന്ത്യയ്ക്കു കടന്നുകയറാനുളള അവസരമായി സമാധാന കരാര്‍ പരക്കെ വീക്ഷിക്കപ്പെട്ടു. പക്ഷെ ഇന്ത്യാ-ലങ്കാ സമാധാന ഉടമ്പടി സര്‍ക്കാരിനും തമിഴര്‍ക്കുമിടയില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് അടിത്തറ ഒരുക്കുന്നതായിരുന്നു. പ്രശ്‌നം എന്തെന്നാല്‍ ജനങ്ങള്‍ അതിന് തയ്യാറെടുത്തിരുന്നില്ല എന്നതാണ്. സര്‍ക്കാരോ എല്‍.ടി.ടി.ഇ. പോലും. ഐ.പി.കെ.എഫ്. എന്നതുകൊണ്ട് ഒരിക്കലും യുദ്ധം ചെയ്യുക എന്ന് ഉദ്ദേശിച്ചിരുന്നില്ല. അവരെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചതോടെ ഇന്ത്യാ ലങ്ക ഉടമ്പടി തകര്‍ന്നു. ഈ കാലത്ത് അസംഖ്യം മനുഷ്യാവാകശ ലംഘനങ്ങള്‍ നടന്നു. അത് ലങ്കയ്ക്ക് ഉണങ്ങാത്ത മുറിവുകള്‍ സൃഷ്ടിച്ചു.


തമിഴ്‌നാടിന് ശ്രീലങ്കയുമായി വിവിധ തലത്തില്‍ അടുത്ത ബന്ധമുണ്ട്. ചില കൊടുക്കല്‍ വാങ്ങലുകള്‍, പരസ്പരം സ്വായത്തമാക്കല്‍ സാധ്യമാണ്. അതിനെപ്പറ്റി എന്തുപറയുന്നു?

ശ്രീലങ്ക സാമ്പത്തികമായും സാമൂഹ്യമായും ദക്ഷിണേന്ത്യയുമായി കൂടുതല്‍ ബന്ധം പുലര്‍ത്തേണ്ടതുണ്ട്. ഇപ്പോഴുളള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം. ഞങ്ങള്‍ക്ക് ദക്ഷിണേന്ത്യന്‍ വിപണി, വിനോദസഞ്ചാരം, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവ ഇതുവഴി സാധ്യമാണ്. രാജ്യത്തിന് വൈകാരികമായി തന്നെ ഇന്ത്യയോട് അടുപ്പമുണ്ട്. ഇന്ത്യയില്‍ തമിഴ്‌നാട്ടിലും കേരളത്തിലും ആയിരിക്കുമ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുന്നതുപോലുളള അനുഭവമാണ് കൂടുതലും എനിക്കു തോന്നിയിട്ടുളളത്.

സമാധാന സമിതി, ഭീഷണികള്‍,ദേശീയ സമാധാന സമിതി (എന്‍.പി.സി)ക്ക് കുറച്ചു കാലത്തെ ചരിത്രമുണ്ട്? എന്താണ് അതിന്റെ പങ്ക്?

ദേശീയ സമാധാന സമിതി 1995 ലാണ് രൂപീകരിക്കുന്നത്. ഞാന്‍ സ്ഥാപക അംഗമാണ്. സമാധാനത്തിനുവേണ്ടിയുളള ജനകീയ മുന്നേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ പ്രഥമികമായി ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ യുദ്ധത്തിനെതിരെ അവബോധം വളര്‍ത്താനാണ്. സമാധാനത്തിലേക്കുളള മാര്‍ഗം യുദ്ധമല്ല എന്നതാണ് ഞങ്ങളുടെ പ്രധാന മുദ്രാവാക്യം. ആ സമാധാനത്തില്‍ എല്‍.ടി.ടി.ഇയെ ഉള്‍പ്പെടുത്തുകയും ഫെഡറല്‍ രീതിയില്‍ അധികാരം പങ്കിടുന്ന പരിഹാരം കാണുകയും വേണം. വ്യത്യസ്ത വംശീയ, മത വിഭാഗങ്ങളില്‍ പെടുന്നവരാണ് ഞങ്ങളുടെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും. ഞങ്ങള്‍ എല്ലാ സമുദായങ്ങളോടും അകലം പാലിക്കുകയും രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രമായിരിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഭാഗം തെറ്റു വരുത്തുമ്പോള്‍ ഞങ്ങളത് ചൂണ്ടിക്കാട്ടുന്നു. അതിനര്‍ത്ഥം ഞങ്ങളും വിമര്‍ശിക്കപ്പെടുന്നു എന്നാണ്.

നോര്‍വേയുടേതുള്‍പ്പടെയുളള സമാധാന ദൗത്യങ്ങളെ ഇരുപക്ഷവും എങ്ങനെ കാണുന്നു?

നിലവില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നോര്‍വേയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നടപടികളോട് സംശയാലുക്കളാണ്. അന്താരാഷ്ട്ര സമൂഹം തങ്ങളെ വിമര്‍ശിക്കുന്നതുകൊണ്ട് അവര്‍ പക്ഷപാതികളാണെന്നാണ് സര്‍ക്കാര്‍ കരുതുന്നത് . സമാധാന ദൗത്യക്കാരുടെ മുഖ്യ വിമര്‍ശനം എന്നത് സര്‍ക്കാര്‍ സമാധാനത്തിനു വേണ്ടി കൂടുതലായി ഒന്നും ചെയ്യുന്നില്ല എന്നാണ്. എല്‍.ടി.ടി.ഇ.യും അന്താരാഷ്ട്ര സമൂഹത്തെ പക്ഷപാതികളായി കണ്ട് സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. കാരണം അന്താരാഷ്ട്ര സമൂഹം എല്‍.ടി.ടി.ഇ.യെ നിരോധിച്ചിട്ടുണ്ട്.
സര്‍ക്കാരിനും എല്‍.ടി.ടി.ഇ.ക്കും തങ്ങളുടെ നിലപാടില്‍ വിട്ടുവീഴ്‌യില്ലാതെ തങ്ങളുടേതായ രീതിയില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുന്നോട്ടു പോകാനാണ് താല്‍പര്യം. അതിനാലാണ് അവര്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം തേടുന്ന അന്താരാഷ്ട്ര സമൂഹത്തെ ഇഷ്ടമില്ലാത്തത്. സമാധാനത്തിനു വേണ്ടി രണ്ടു പക്ഷവും ഒത്തു തീര്‍പ്പുകള്‍ നടത്തണമെന്നാണാണ് എന്റെ അഭിപ്രായം.

നിങ്ങളുടെ സമാധാന ദൗത്യത്തിന് പണം നല്‍കുന്നത് നോര്‍വെയാണ്? അവര്‍ക്കെന്താണ് ശ്രീലങ്കയില്‍ താല്‍പര്യം?

ഞങ്ങള്‍ക്ക് പണം നല്‍കുന്നവരില്‍ പ്രധാനപ്പെട്ട രാജ്യമാണ് നോര്‍വെ. ശ്രീലങ്കന്‍ സമാധാന നടപടികളില്‍ നോര്‍വെ പ്രതിജ്ഞാബദ്ധരാണ്. ശ്രീലങ്കയില്‍ നിരവധി പേര്‍, പ്രത്യേകിച്ച് സിംഹള സമൂഹവും സര്‍ക്കാരും നോര്‍വെയുളള താല്‍പര്യങ്ങളില്‍ സംശയാലുക്കളാണ്. കാരണം നോര്‍വെ എല്‍.ടി.ടി.ഇയെ പിന്തുണയ്ക്കുന്നതായിട്ടാണ് അവര്‍ കരുതുന്നത്. എനിക്ക് വ്യത്യസ്ത അഭിപ്രായമാണുളളത്. നോര്‍വെ പ്രവര്‍ത്തിക്കുന്നത് ശ്രീലങ്കയുടെ നന്മയ്ക്കുവേണ്ടിയും ഇവിടുത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നില്ല.

അമേരിക്കയുള്‍പ്പെടുന്ന സാമ്രാജ്യത്വത്തിന് ശ്രീലങ്കയിലെ സംഘര്‍ഷങ്ങളില്‍ ചില താല്‍പര്യങ്ങളില്ലേ? സാമ്രാജ്യത്വത്തിന് ആയുധ വിപണി എന്നും ലക്ഷ്യമാണല്ലോ?

ഉണ്ടാവാം. എല്ലാവര്‍ക്കും നിശ്ചിതമായ താല്‍പര്യങ്ങള്‍ എപ്പോഴുമുണ്ട്. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍അന്താരാഷ്ട്ര സമൂഹം പൊതുവില്‍ ശ്രീലങ്കയില്‍ സമാധാനം വരുന്നതിനെ പൂര്‍ണ രീതിയില്‍ പിന്തുണയ്ക്കുന്നതായിട്ടാണ് തോന്നിയിട്ടുളളത്. സമാധാന ശ്രമങ്ങള്‍ക്ക് നോര്‍വെയുള്‍പ്പടെയുളള പാശ്ചാത്യ രാജ്യങ്ങള്‍ നല്ല പങ്കാണ് വഹിക്കുന്നത്. എന്നിരുന്നാലും ചില രാജ്യങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് ആയുധങ്ങള്‍ നല്‍കുന്നുണ്ട്. ന്യായയുക്തമായ സര്‍ക്കാരിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനെന്ന പേരില്‍.


നിങ്ങളുടെ സമാധാന ശ്രമങ്ങളെ ഇരുപക്ഷവും എങ്ങനെയാണ് കാണുന്നത്? വ്യക്തിപരമായി ഭീഷണികള്‍?

സമാധാനത്തിന് ഇരുപക്ഷവും വിട്ടുവീഴ്ചകള്‍ നടത്തി ഒത്തുതീര്‍പ്പിലെത്തണം. ഇങ്ങനെ ആവശ്യപ്പെടുന്നത് ഇരുപക്ഷത്തിനും പലപ്പോഴും സ്വീകാര്യമാവാതെ പോകുന്നു. അതിനേക്കാളെല്ലാം ഉപരി തങ്ങളുടെ ലക്ഷ്യം നേടാന്‍ ജനങ്ങളെ കൊല്ലുന്നത് തെറ്റും അധാര്‍മികവുമാണെന്നാണ് എന്റെ പക്ഷം. അതിനാല്‍ ഞാന്‍ ഹിംസയെ, അനീതിയെ, മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ക്കുന്നുണ്ട്. ആരാണ് അത് ചെയ്യുന്നത് എന്നു നോക്കാതെ. സ്വാഭാവികമായും ഭീഷണികള്‍ നേരിട്ടുണ്ട്. വധഭീഷണികള്‍ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. പക്ഷെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കലാണ് എന്റെ കടമയാണെന്ന് ഞാന്‍ കരുതുന്നു. അതു ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ല.

ഡോ. വിക്ടര്‍ രാജകുലേന്ദ്രനെപ്പോലുളളവര്‍ നിങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വായിച്ചിട്ടുണ്ട്. നിങ്ങള്‍ പക്ഷപാതിയാണെന്നും സിംഹള കുഴലൂത്തുകാരനുമാണെന്നാണ് ധ്വനി. വ്യക്തിപരമായി നിങ്ങള്‍ക്ക് പക്ഷമുണ്ടോ?

ആള്‍ക്കാര്‍ക്ക് പേനയെടുത്ത് എഴുതാന്‍ എളുപ്പമാണ്. അല്ലെങ്കില്‍ കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍. ജനങ്ങള്‍ക്കിടയിലേക്ക് ചെന്ന് അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കികൊടുക്കുയും സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് കൂടുതല്‍ മൂല്യമുളളത്. അതത്ര എളുപ്പവുമല്ല. സിംഹള, തമിഴ് വിഭാഗങ്ങള്‍ക്കിടയില്‍ ഡോ. വിക്ടറിനെപ്പോലെ രോഷമുളള പലരുണ്ട്. പക്ഷെ അത്തരക്കാര്‍ ഭൂരിപക്ഷവും, ഡോ. വിക്ടറിനെപ്പോലെ തന്നെ വിദേശത്താണ് കഴിയുന്നത്. സമാധാനം സമാധാനത്തിന്റേതായ മാര്‍ഗങ്ങളിലൂടെയേ സാധ്യമാകൂ എന്ന ദേശീയ സമാധാന സമിതി (എന്‍.പി.സി)യുടെ നിലപാടിലാണ് ഞാന്‍ വിശ്വസിക്കുന്നത്. അതായത് എല്‍.ടി.ടി.ഇ.യും ഈ പ്രശ്‌ന പരിഹാരത്തിന്റെ ഭാഗമായിരിക്കണം. ശ്രീലങ്ക ഒരു സംയുക്ത രാഷ്ട്രം (ഫെഡറല്‍) ആയിരിക്കുകയും അതില്‍ വിവിധ സമൂഹങ്ങള്‍ക്കിടയിലും മേഖലകള്‍ക്കിടയിലും അധികാര പങ്കിടല്‍ സാധ്യമാവുകയും ചെയ്യണം. അതാണെന്റെ പക്ഷം. മറിച്ചൊരു പക്ഷം എനിക്കില്ല.

ദേശീയ സമാധാന സമിതി(എന്‍.പി.സി)യുടെ മാധ്യമ തലവനായി താങ്കള്‍ പ്രവര്‍ത്തിച്ചിരുന്നു. എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകര്‍ സംഘര്‍ഷത്തെ സമീപിക്കുന്നത്? സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള സാഹചര്യമുണ്ടോ?

ശ്രീലങ്കയില്‍ വലിയ അളവില്‍ മാധ്യമ സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ കാര്യങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നിരുന്നാലും യുദ്ധ റിപ്പോര്‍ട്ടിംഗ് വളരെ മോശമാണ്. കാരണം സൈന്യവും എല്‍.ടി.ടി.ഇ.യും സംഘര്‍ഷ മേഖലയിലേക്ക് അടുക്കാന്‍ സ്വതന്ത്ര പത്രപ്രവര്‍ത്തകരെ അനുവദിക്കാറില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള മാധ്യമങ്ങള്‍ ഒരര്‍ത്ഥത്തിലും സ്വതന്ത്രമല്ല. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ നിന്നും എല്‍.ടി.ടി.ഇയില്‍ നിന്നും നിരവധി ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 10 മാധ്യമ പ്രവര്‍ത്തകര്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.


ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലും ചിറ്റഗോംഗിലും നടക്കേണ്ട് സമാധാന ശ്രമങ്ങളെപ്പറ്റി താങ്കള്‍ പുസ്തകം രചിച്ചിട്ടുണ്ട്. എന്താണ് ഈ മേഖലയ്ക്ക് നിര്‍ദേശിക്കാനാവുക?

വളരെ സങ്കീര്‍ണമായ സാഹചര്യമാണ് അവിടെയുളളത്. ഇപ്പോള്‍ എനിക്ക് ആ സങ്കീര്‍ണതയെപ്പറ്റി എന്തെങ്കിലും പറയാന്‍ മതിയായ അറിവില്ല. അവിടെ നടക്കുന്ന സംഘര്‍ഷവും സ്വത പ്രശ്‌നമാണ്. അതിനാല്‍ ഏറെക്കുറെ ശ്രീലങ്കയിലെ സംഘര്‍ഷവുമായി ബന്ധമുണ്ട്. നാഗാലാന്‍ഡിലെയും ചിറ്റഗോംഗ് മലനിരയിലെയും പൊതുവായ പ്രവണത വെടിനിര്‍ത്തല്‍ തുടരുന്നതുമായി ബന്ധപ്പെട്ടാണ് കാണാനാവുക. എപ്പോള്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുന്നോ അപ്പോഴൊക്കെ ജനങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്നു. അവര്‍ സന്തോഷിക്കുന്നു. എന്നാല്‍ സമാധാനം ആഗ്രഹിക്കുന്ന അതേ ജനങ്ങളുടെ പേരിലാണ് തങ്ങള്‍ പോരാട്ടം നടത്തുന്നത് എന്ന് സര്‍ക്കാരും തീവ്രാദികളും അവകാശപ്പെടുന്നു.


അവസാനമായി ഒരു സഹായ അഭ്യര്‍ത്ഥന നടത്തട്ടെ. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ചിലര്‍ ശ്രീലങ്കയില്‍ തടവിലാണ്. സര്‍ക്കാരും ചിലപ്പോള്‍ എല്‍.ടി.ടി.ടിയും അവരെ തടവിലാക്കുന്നു. പലരുടെയും കുടുംബാംഗങ്ങള്‍ ദു:ഖത്തിലാണ്. എന്തെങ്കിലും സഹായം ചെയ്യാനാവുമോ? (കൊച്ചിയിലെ സൈമണ്‍ സോസ ഉള്‍പ്പടെയുളള മത്സ്യത്തൊഴിലാളികള്‍ എല്‍.ടി.ടി.ഇ. തടവില്‍ ആണെന്ന വാര്‍ത്ത ഉയരുമ്പോഴാണ് ഈ ചോദ്യം ഉന്നയിച്ചത്)

മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കൊപ്പം ഞങ്ങളും സഹതപിക്കുന്നു. ഇത് ഒരു അന്താരാഷ്ട്ര പ്രശ്‌നമാണ്. സര്‍ക്കാരേതര സംഘടനയായ ഞങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വളരെ കുറച്ചേ ചെയ്യാനാവൂ. എന്നാലും ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളെ കണ്ട് /കാണുമ്പോള്‍ ഈ പ്രശ്‌നം ഉന്നയിക്കാം. നിങ്ങളുടെ ആകുലതകള്‍ അധികാരികളെ അറിയിക്കാം.മാധ്യമം ആഴ്ചപ്പതിപ്പ്
2007

No comments:

Post a Comment