ജ്ഞാനപീഠ ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി ജനക്കൂട്ടത്തിന്റെ 'ബീഹാര്‍ മോഡല്‍' നിയമം നടപ്പാക്കലിനു പിന്നിലെ മനശാസ്ത്രം വിശദമാക്കുന്നു. ആള്‍ക്കൂട്ടനീതി യാദൃശ്ചികമാണാ? ആരാണ് ഇരകള്‍? എന്തുകൊണ്ട് 'എടപ്പാള്‍' അരങ്ങേറുന്നു?
മഹാശ്വേതാ ദേവി
ബീഹാറിലെ വൈശാലിയില്‍ കഴിഞ്ഞ മാസം 10 പേര്‍ ആള്‍ക്കൂട്ടത്തിന്റെ നിയമത്തിന് ഇരയായി. അവര്‍ വിജ്ഞാപനങ്ങളില്‍ ഇല്ലാത്ത 'നാറ്റ്' സമുദായത്തില്‍പ്പെട്ടവരാണ്. ഇന്ത്യയില്‍ വിജ്ഞാപനങ്ങളില്‍ ഇല്ലാത്ത സമുദായങ്ങളെപ്പറ്റി വായനക്കാര്‍ക്ക് പരിചയമുണ്ടോ എന്ന് എനിക്കറിയില്ല. വളരെ മുമ്പ്, '70 കളില്‍ ഈ ജനങ്ങളിലേക്ക് ഞാന്‍ അടുക്കാനുണ്ടായ കാരണം ചുരുക്കത്തില്‍ പറയാന്‍ ശ്രമിക്കാം. അക്കാലത്ത് ഞാന്‍ ആദിവാസികളില്‍ തല്‍പരയായിരുന്നു. ഗ്രാമത്തിലെ മധ്യവര്‍ഗത്തിന്റെ നിര്‍ദേശനാനുസരണം മേദിനിപുരത്തെ ലോധകള്‍ മോഷണവും പിടിച്ചുപറിയും നടത്തുമെന്ന് അറിയാം. ലോധകള്‍ (ലുബ്ധക്‌സ് അല്ലെങ്കില്‍ നായാടികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു) വനവാസികളാണ്. മിക്കപ്പോഴും മര്‍ദനത്തിനും കുടിയൊഴിപ്പിക്കലിനും ആള്‍ക്കൂട്ട നീതിക്കും ഇരയാകുന്ന ഇവര്‍ 'ജന്മനാ കുറ്റവാളികള്‍' ആയിട്ടാണ് അറിയപ്പെടുന്നത്-ഈ പട്ടംചാര്‍ത്തലിന് കൊളോണിയല്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ പാസാക്കിയ വെറുക്കപ്പെട്ട കുറ്റവാളി ഗോത്ര ആക്റ്റിലൂടെ (1871) നിയമാംഗീകാരവും ലഭിച്ചു. ആ നിയമത്തിനു കീഴില്‍ നിരവധി നാടോടി സമുദായങ്ങള്‍ കുറ്റവാളികള്‍ എന്നു മുദ്രകുത്തപ്പെട്ടു. പശ്ചിമ ബംഗാളില്‍ അത്തരത്തില്‍ മൂന്ന് ഗോത്രങ്ങളുണ്ട്: മേദിനിപുരത്തെ ലോധകള്‍, പുരുലിയയിലെ ഖേരിയ-സബാറുകള്‍, ഭീര്‍ഭത്തിലെ ധേക്കാരോകള്‍. ഈ ജനതകള്‍ക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുന്ന മുദ്രകള്‍ക്കെതിരെ വര്‍ഷങ്ങളായി ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്; പക്ഷെ ഒരു ഫലവുമില്ല. പശ്ചിമ ബംഗാള്‍ മുപ്പതുവര്‍ഷമായി സി.പി.എം. നേതൃത്വത്തിലുളള ഇടതുമുന്നണിക്കു കീഴിലാണ് . അവരോ കേന്ദ്ര സര്‍ക്കാരോ 'കുറ്റവാളി ജാതികള്‍' എന്നറിയപ്പെടുന്ന വിഭാഗത്തിന്റെ വേദനകള്‍ അകറ്റുന്നതിന് ഒന്നും ചെയ്തിട്ടില്ല; ഇനിമേല്‍ കുറ്റവാളി ജനതകളായി ആരെയും പരിഗണിക്കരുതെന്ന 1952 ലെ വിജ്ഞാപനമൊഴിച്ച് ഒന്നും സംഭവിച്ചിട്ടില്ല. അതിലൂടെയാകട്ടെ ഈ വിഭാഗങ്ങള്‍ വിജ്ഞാപനത്തിനു പുറത്തുമായി.
1998 ല്‍ പുരുലിയയില്‍ പോലീസ് മൃഗീയമായി ബുധാന്‍ സബാര്‍ എന്നയാളെ കൊലപ്പെടുത്തി. ആ സംഭവത്തിനു മുമ്പ് കുറ്റവാളി ജനതകളുടെ സാഹചര്യത്തെപ്പറ്റി വ്യക്തിപരമായി എനിക്കറിയുമായിരുന്നില്ല. ഡോ. ജി.എന്‍.ദേവിയും (ഗുജറാത്തിലെ ആദിവാസി ജനതകള്‍ക്കൊപ്പം അക്ഷീണം പ്രവര്‍ത്തിച്ചിട്ടുളളയാള്‍) സുഹൃത്തുക്കളും മേദിനിപുരം വിദ്യാസാഗര്‍ സര്‍വകലാശാലയില്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഈ സംഭവവും മറ്റ് അക്രമങ്ങളും ഞാന്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ അവരെ മനസിലാക്കാനുമായില്ല. ദേവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ബറോഡയില്‍ ആദിവാസിളെപ്പറ്റി സംസാരിക്കാന്‍ ഞാന്‍ പോയി. ആദിവാസി ഭാഷ, സംസ്‌കാരം, സാഹിത്യം എന്നിവ പരിപോഷിപ്പിക്കാനുളള സംഘടനയായ 'ഭാഷ'യുടെ പ്രതിവര്‍ഷ വേറിയര്‍ എല്‍വിന്‍ സ്മാരക പ്രഭാഷണ വേദിയില്‍ ഞാന്‍ സംസാരിച്ചു.
1998 ല്‍ ബുധാന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഞാനും സജീവമായിരുന്നു. പശ്ചിം ബംഗാ ഖേരിയ സബാര്‍ കല്യാണ്‍ സമിതിയുടെ പേരില്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ ഞങ്ങള്‍ കേസ് കൊടുത്തിരുന്നു. ബറോഡയില്‍ ഞാന്‍ സംസാരിച്ചത് 'വിജ്ഞാപനത്തില്‍ ഇല്ലാത്ത ജനതകളെ'പ്പറ്റിയായിരുന്നു. ഞാന്‍ കേള്‍വിക്കാരോട് ചോദിച്ചു: ''ആദിവാസികള്‍ക്കു വേണ്ടി മാത്രമല്ലാതെ, നമ്മുടെ അടയാളപ്പെടുത്താത്ത ആദിവാസികള്‍ക്കുവേണ്ടിയും ആരാണ് പ്രവര്‍ത്തിക്കുക?''. ദേവി, ലക്ഷ്മണ്‍ ഗേക്ക്‌വാദ് (ഉചാല്യയുടെ രചനയ്ക്ക് സാഹിത്യ അക്കാദമി അവര്‍ഡ് ലഭിച്ച വ്യക്തി), ഗാന്ധി പണ്ഡിതനായ ത്രിദിപ് ഷുരൂദ് (ഹരിലാല്‍ ഗാന്ധിയെപ്പറ്റി ചന്തുലാല്‍ ദലാല്‍ രചിച്ച ജീവചരിത്രത്തിന്റെ വിവര്‍ത്തകന്‍), ഗ്രാമ വികസന ഗവേഷന്‍ അജോയി ദാന്‍ഡേക്കര്‍ എന്നിവര്‍ക്കൊപ്പം ആ രാത്രി ഞാന്‍ കുറേയേറെ സംസാരിച്ചു. ആ ചൂടുപിടിച്ച ചര്‍ച്ചകളിലാണ് വിജ്ഞാപനേതര-നാടോടി ഗോത്ര അവകാശ കര്‍മ സമിതി വാര്‍ത്താ പത്രികയായ 'ബുധാന്‍' ഉരുവെടുക്കുന്നത്.
ആദ്യ ലക്കം മുതലുളള ബുധാന്‍ കൈവശമുണ്ടോ എന്നെനിക്കുറപ്പില്ല. പക്ഷെ അതിലൊന്നില്‍ ഞങ്ങള്‍ എല്ലാ വിഭാഗങ്ങളുടെയും സമഗ്രമായ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നാറ്റുകളുടെ പേരുമുണ്ട്.
ഞങ്ങളുടെ പിന്നീടുളള ശ്രമങ്ങളില്‍ ബീഹാര്‍ പങ്കാളികളായിരുന്നോ? ഞാന്‍ ഓര്‍മിക്കുന്നില്ല. പക്ഷെ എങ്ങനെയാണ് ആള്‍ക്കൂട്ടത്തിന്റെ നിയമം നടപ്പാകുന്നത് എന്ന് മുന്‍ അനുഭവങ്ങളില്‍ നിന്ന് എനിക്ക് നന്നായി അറിയാം.
പുരുലിയയിലെ ലോധകളും ഖേരിയകളും കൊളളയ്ക്കും കവര്‍ച്ചയ്ക്കും നിര്‍ബന്ധിക്കപ്പെടുന്നതിന്റെ കുറേയേറെ സംഭവങ്ങള്‍ ഓര്‍ക്കുന്നുണ്ട്. ബുധാനിലെ ഒരു ലേഖനത്തില്‍ പറയുന്നതുപോലെ ''... പോലീസുകാരാലും മോഷണവസ്തുക്കള്‍ കൈപ്പറ്റുന്നവരാലുമാണ് ഈ വിഭാഗക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നത്''. പര്‍ധി വിഭാഗത്തില്‍ പെടുന്ന ലക്ഷ്ണണ്‍ ഗേക്ക്‌വാദ് ഇതിന് സാക്ഷ്യം നല്‍കുന്നുണ്ട്. എനിക്കുമിതറിയാം കാരണം 20 വര്‍ഷത്തിലേറെയായി പശ്ചിമ ബംഗാളില്‍ വിജ്ഞാപനത്തിനുപുറത്തുളള ജനവിഭാഗങ്ങള്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 1998 ലാണ് 'ബുധാന്‍' തുടങ്ങുന്നത്. ഇത് 2007 ഒക്‌ടോബറാണ്.
സെപ്റ്റംബറില്‍ ജനക്കൂട്ടം നിയമ നടപ്പാക്കിയതിനു ശേഷം വൈശാലിയില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് 10 നാറ്റുകളെ ജനക്കൂട്ടം അടിച്ചുകൊന്നത് അവര്‍ മോഷ്ടാക്കളുടെ സംഘത്തില്‍പെട്ടവരായതിനാലാണ് എന്നാണ്. എന്തുകൊണ്ടാണ് 10 പേരെ കൊലപ്പെടുത്തിയതിനെപ്പറ്റി അന്വേഷണം നടക്കാത്തത്? എവിടെയാണ് ഈ നാറ്റുകള്‍ താമസിച്ചിരുന്നത്? എന്തായിരുന്നു അവരുടെ തൊഴില്‍? വൈശാലിയിലെ പോലീസുകാര്‍ക്ക് എന്താണ് പറയാനുളളത് ? ആള്‍ക്കൂട്ടനിയമം നടപ്പാക്കലിനെപ്പറ്റി ബീഹാര്‍ മുഖ്യമന്ത്രി എന്താണ് പറയുന്നത്? എന്തുകൊണ്ടാണ് ബീഹാര്‍ പോലീസ് നടപടികള്‍ എടുക്കാത്തത്? നാറ്റുകള്‍ ജന്മനാ കുറ്റവാളികളാണോ? വര്‍ഷങ്ങളായി ഈ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരവും അന്യായവുമായ മുദ്രയടിക്കലിനെതിരെ പോരാട്ടം നടക്കുന്നതും അവര്‍ക്കെതിരെയുളള അക്രമങ്ങള്‍ ഞങ്ങള്‍ തുടര്‍ച്ചയായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചുകൊണ്ടിരിക്കുന്നതും ബീഹാര്‍ ഭരണാധികാരികള്‍ക്ക് അറിവില്ലേ? ഞങ്ങളുടെ നിര്‍ദേശ പ്രകാരം അന്നത്തെ ദേശീയ മനുഷ്യവകാശ കമ്മിഷന്‍ അധ്യക്ഷ ജെ.എസ്.വര്‍മ വിജ്ഞാപനേതര വിഭാഗങ്ങള്‍ താമസിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചു കൂട്ടിയിരുന്നു. ഇന്ന് എന്റെ പഴയ കാലം ഓര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അവസാനം 2006 ജനുവരി 14 ന് ജി.എന്‍.ദേവിയും മൈസൂരിലെ ഉദയ നാരായണ്‍ സിംഗും ഞാനും ഇന്ത്യയില്‍ വിജ്ഞാപനത്തില്‍പ്പെടാത്ത വിഭാഗങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും സമൂര്‍ത്തമായി ചെയ്യണമെന്ന് അപേക്ഷിക്കുന്ന കത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ നേരില്‍ കണ്ട് നല്‍കി. 'എന്തെങ്കിലും' നടന്നു. മഹാരാഷ്ട്രയിലെ ബാല്‍കൃഷ്ണ റെന്‍കേയുടെ കീഴില്‍ പ്രത്യേക കമ്മിഷന്‍ നിമിക്കപ്പെട്ടു. വിജ്ഞാപനങ്ങളിലില്ലാത്ത ഗോത്രങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുളള പരിഹാര മാര്‍ഗ്ഗങ്ങളാണ് അദ്ദേഹം നിര്‍ദേശിക്കേണ്ടത്.
റെന്‍കേ ഇപ്പോഴും തന്റെ റിപ്പോര്‍ട്ട് തയാറാക്കുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്!.
ബീഹാറില്‍ 10 നാറ്റുകള്‍ കൊല്ലപ്പെട്ടത് എന്നെ സംബന്ധിച്ച് പശ്ചിമ ബംഗാളില്‍ ലോധകളും സബാറുകളും കൊല്ലപ്പെടുന്നത് പോലെ തന്നെയാണ്. സി.പി.എം. നേതൃത്വത്തിലുളള ഇടതു മുന്നണിയുടെ ഭരണത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍, 1977-79 കാലയളവില്‍ മാത്രം മദീനപുരത്ത് 37 ലോധകള്‍ കശാപ്പുചെയ്യപ്പെട്ടിരുന്നു. 1998 ല്‍ ബുധാന്‍ സബാര്‍ സംഭവം നടക്കുന്നതുവരെ നിരവധി ഖേരി-സാബാറുകള്‍ 'കുറ്റവാളി ഗോത്ര'ത്തില്‍പെടുന്നുവെന്ന കാരണത്താല്‍ കൊല്ലപ്പെട്ടിരുന്നു.
ഇത്തരം എല്ലാ കേസുകളുടെയും അന്വേഷണം ഒടുവില്‍ ഈ വാക്കുകളില്‍ അവസാനിക്കും: '' പോലീസിന്റെ കഴിവുകേടുകൊണ്ട്....''
അതായിരിക്കും ഇതിന്റെയും അവസാനം. ചിലപ്പോള്‍ പശ്ചിമ ബംഗാളില്‍ ലോധകളോ ഖേരിയ-സബാറുകള്‍ ഇനി കൊല്ലപ്പെടില്ലായിരിക്കും. എന്നാല്‍ ലോധ-ഖേരിയ-സബാര്‍ വിഭാഗത്തില്‍ ജനിച്ചതിനാല്‍ അവര്‍ അവഹേളിക്കപ്പെടുന്നത് ഇനിയും തുടരും. അടുത്ത ദിവസമാണ് എനിക്കറിയാവുന്ന, ബിരുദധാരിയായ ലോധ യുവാവിന് ഗ്രാമത്തിലെ സ്‌കൂളില്‍ ജോലി കിട്ടിയത്. സ്‌കൂള്‍ അധികാരികള്‍ 1,70,000 രൂപ കൈക്കൂലി നല്‍കാന്‍ അയാളോട് ആവശ്യപ്പെട്ടു. അവന് അത് കഴിയുമായിരുന്നില്ല. അയാള്‍ ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌കൂള്‍ അധികാരികള്‍ വന്ന് ''ജന്മനാ കുറ്റവാളി' എന്ന് ആക്ഷേപിച്ചു. ഇവിടെ കുറേയേറ നല്ല നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്; പക്ഷെ അവ വിരളമായേ നടപ്പാവൂ.
ഹിന്ദിയിലോ ഇംഗ്ലീഷിലോ ഉളള മാധ്യമങ്ങള്‍ ബീഹാറിലെ നാറ്റുകളുടെയും മറ്റ് ഗോത്രങ്ങളുടെയും കഥ തെരഞ്ഞിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ കണ്ടെത്തുമായിരുന്നു: ഇന്ത്യയില്‍ അടയാളപ്പെടുത്താത്ത ഈ ജനവിഭാഗങ്ങള്‍ ദാരിദ്ര്യരേഖയ്ക്കും താഴെ കഴിയുന്നവരാണ്. അവരുടെ ജീവിതത്തില്‍ പട്ടിണി നിത്യ സത്യമാണ്. അതിനാല്‍ തന്നെ അവരെ ആര്‍ക്കും തങ്ങളുടെ ഇഷ്ടം പോലെ ഉപയോഗിക്കാം. ദാരിദ്ര്യം, വിശപ്പ്, കൂരയില്ലാത്ത അവസ്ഥ, വിദ്യാഭ്യസം ഇല്ലായ്മ, തൊഴില്‍ സാധ്യതകളുടെ അഭാവം-ഇതാണ് ഭൂരിപക്ഷം ഇന്ത്യക്കാരെപ്പോലെ നാറ്റുകളുടെ എന്നുമുളള യാഥാര്‍ത്ഥ്യങ്ങള്‍.
'അടയാളങ്ങളില്ലാത്തവര്‍' എന്ന മുദ്ര ഈ വിഭാഗങ്ങളെ എളുപ്പം ഇരകളാക്കാന്‍ കാരണമാകുന്നു. ദലിതുകള്‍, ഹിന്ദുക്കളിലെ അധ:കൃതര്‍, മുസ്ലിംകള്‍ തുടങ്ങിയ ആര്‍ക്കും കൊല്ലണമെന്നു തോന്നിയാല്‍ അവരെ കൊല്ലാം. ഇനിയും ജനക്കൂട്ട നിയമത്തിന് ഇരയാവില്ലെന്ന ഉറപ്പോടെ ഭയരഹിതമായി നാറ്റുകള്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലും ഒന്ന് എന്നാണ് സര്‍ക്കാര്‍ ചെയ്യാന്‍ തുടങ്ങുക?
Translation: Bijuraj
No comments:
Post a Comment