Saturday, July 17, 2010

'സിനിമ ആണുങ്ങളുടേതു മാത്രമല്ല'

ആണുങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഭരിക്കുന്ന മലയാള സിനിമയിലേക്ക് കൃത്യമായ സ്ത്രീപക്ഷ നിലപാടുകളുമായി കടന്നുവന്ന ആദ്യ വനിതാതിരക്കഥാകൃത്താണ് ദീദി ദാമോദരന്‍. നമ്മുടെ സിനിമാ ചരിത്രത്തില്‍ 'ഗുല്‍മോഹറി'നോട് തുലനം ചെയ്യാവുന്ന സ്ത്രീപക്ഷ തിരക്കഥകള്‍ കണ്ടെടുക്കാനുമാവില്ല. അധ്യാപികയും ആക്റ്റിവിസ്റ്റുമായ ദീദി ദാമോദരന്‍ തന്റെ സിനിമാ സങ്കല്‍പ്പങ്ങളെപ്പറ്റി, ജീവിതത്തെപ്പറ്റി, അതിജീവിച്ച രോഗാവസ്ഥയെപ്പറ്റി സംസാരിക്കുന്നു.അഭിമുഖം

സിനിമയെന്നത് ആണിന്റെ കോട്ടയാണ്. എല്ലാം പുരുഷന്‍ നിശ്ചയിക്കുന്നു. സംവിധാനം മുതല്‍ ആര് അഭിനയിക്കണം, ആരു കാണണം എന്നുവരെ എല്ലാം. കേവല അഭിനയത്തിന്റെ രണ്ടോ മൂന്നോ ചുവടുകള്‍, ഒരു പാട്ട്, ഒരു കരച്ചില്‍ - അതോടെ കഴിഞ്ഞു മലയാള സിനിമയില്‍ സ്ത്രീയുടെ വേഷം. ഇളക്കമില്ലാതെ തുടര്‍ന്ന ഈ ആണ്‍ലോകത്തേക്ക് കൃത്യമായ സ്ത്രീപക്ഷ നിലപാടുകളോടെ ദീദി ദാമോദരന്‍ 'നൂണ്ടുകടന്നി'രിക്കുന്നു. ഈ നുഴഞ്ഞുകയറ്റം പോലും ഒട്ടും എളുപ്പമായിരുന്നില്ലെന്നത് വേറെ കാര്യം. എണ്‍പതുവയസു പിന്നിട്ട മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യ സ്ത്രീപക്ഷതിരക്കഥാകൃത്താണ് ദീദി ദാമോദരന്‍. 'ഗുല്‍മോഹര്‍' എന്ന സിനിമയുടെ തിരക്കഥാ രചനയിലൂടെ അവര്‍ ലളിതമായി ഒരു കാര്യം വ്യക്തമാക്കിയിരിക്കുന്നു: തിരക്കഥാ രചനയുള്‍പ്പടെ സിനിമാ നിര്‍മാണത്തിന്റെ ഏതൊരു മേഖലയും സ്ത്രീക്ക് അനായാസം കൈകാര്യം ചെയ്യാനാവും.
പ്രശസ്ത തിരക്കഥാകൃത്ത് ടി. ദാമോദരന്റെ മകളാണ് ദീദി. അതുകൊണ്ടുതന്നെ സിനിമയുടെ ചുറ്റുവട്ടങ്ങളില്‍ തന്നെയായിരുന്നു എന്നും അവര്‍. വിദ്യാര്‍ത്ഥികാലം മുതല്‍ക്കേ സാംസ്‌കാരിക-സ്ത്രീപക്ഷ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദീദി ഇപ്പോള്‍ കോഴിക്കോട് ഐ.എച്ച്.ആര്‍.ഡിയില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്നു. ഒപ്പം 'ഫിലിം ആന്‍ഡ് ഫീമെയില്‍' എന്ന വിഷയത്തില്‍ ഗവേഷണവും നടത്തുന്നു. വര്‍ഷങ്ങളായി ചലച്ചിത്രോത്സവവേദികളിലെ ശബ്ദായമാനമായ സാന്നിദ്ധ്യവുമാണ്. ദീദി ദാമോദരനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:


തിരക്കഥാ രചനയുടെ സാങ്കേതിക വശങ്ങള്‍ എങ്ങനെയാണ് ദീദി സ്വായത്തമാക്കിയത്?

അച്ഛന്‍ എന്നും സിനിമയുടെ തിരക്കിലായിരുന്നു. 'ഈ നാട്', 'വാര്‍ത്ത', 'കാറ്റത്തെ കിളിക്കൂട്' '1921', 'കാലപാനി' തുടങ്ങി മലയാളികളിഷ്ടപ്പെട്ട 71 സിനിമകളെങ്കിലും അച്ഛന്‍ ചെയ്തിട്ടുണ്ട്. ആ തിരക്കഥകളില്‍ ഭൂരിപക്ഷവും കേട്ടെഴുതാന്‍ അച്ഛന്‍ എന്നോടാണ് ആവശ്യപ്പെട്ടത്. മുപ്പത് സിനിമകളെങ്കിലും കേട്ടെഴുതിയിട്ടുണ്ടാവും. തിരക്കഥയുടെ സാങ്കേതിക വശങ്ങള്‍ അങ്ങനെയാണ് വശമാകുന്നത്. നിരന്തരം സിനിമകള്‍ കണ്ടപ്പോള്‍ എനിക്കും എന്റേതായ രീതിയില്‍ തിരക്കഥകള്‍ എഴുതാമെന്ന ആത്മവിശ്വാസം കൈവന്നു. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അച്ഛന്റെ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളെപ്പറ്റിയും അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഇടങ്ങളെപ്പറ്റിയും ഞങ്ങള്‍ സ്വയമെങ്കിലും തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്തിരുന്നു. അതിന്റെയൊക്കെ തുടര്‍ച്ചയാണ് തിരക്കഥാ രചന.


അച്ഛന്റെ സ്വാധീനം ജീവിതത്തിലും സിനിമയിലും ശക്തമായിട്ടുണ്ടോ?

മൂന്നു പെണ്‍മക്കളിലും അച്ഛന്റെ സ്വാധീനം ശക്തമായിട്ടുണ്ട്. അച്ഛന് ഞങ്ങള്‍ ഭാരമല്ലായിരുന്നു. ഞങ്ങളെ വളര്‍ത്താന്‍ അമ്മയുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് നല്‍കി. ജീവിത പങ്കാളികളെ തിരിഞ്ഞെടുക്കുന്നതില്‍ വരെ. പെണ്ണുകാണല്‍ തുടങ്ങിയ വ്യവസ്ഥാപിതമായ ഒന്നിനും ഞങ്ങളെ വിട്ടുകൊടുത്തില്ല. കുട്ടികളായിരിക്കുമ്പോള്‍ തന്നെ, ഞങ്ങളുടെ പ്രായത്തിലുള്ള പെണ്ണുങ്ങളില്‍നിന്നു വ്യത്യസ്തമായി, പൊതുജീവിതത്തില്‍ ഇടപെടാനും അവസരം നല്‍കി. അതിനാല്‍ പെണ്ണായതില്‍ അഭിമാനിച്ചുകൊണ്ടാണ് വളര്‍ന്നത്. ഞങ്ങള്‍ പാതി തമാശയായിട്ട് പറയും 'അച്ഛനുറങ്ങുന്ന വീടാണ്' ഞങ്ങളുടേത് എന്ന്. ഉറങ്ങാതിരിക്കേണ്ട ഒരാവശ്യവും അച്ഛനുണ്ടായിരുന്നില്ല. മാത്രമല്ല, ഹിറ്റു സിനിമകള്‍, കാലത്തിന്റെ ട്രെന്‍ഡിനനുസരിച്ച്- താരനിബദ്ധമായ ആണ്‍സിനിമകള്‍-ചെയ്യുമ്പോഴും 'ഇന്നല്ലെങ്കില്‍ നാളെ' പോലുള്ള ശക്തമായ സ്ത്രീപക്ഷ സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഇതൊക്കെ നല്‍കിയ മാനസികകരുത്ത് വളരെ വലുതാണ്.


'ഗുല്‍മോഹര്‍' എന്ന സിനിമയിലേക്ക് എങ്ങനെയാണ് എത്തിയത്?

സംവിധായകന്‍ ഭരതന്‍ അച്ഛനെക്കൊണ്ട് ഒരു തിരക്കഥ എഴുതിക്കാന്‍ നിശ്ചയിച്ചിരുന്നു. അത്‌ലറ്റും കോച്ചും തമ്മിലുള്ള ആത്മബന്ധം പ്രമേയമാക്കുന്ന ഒരു സിനിമയാണത്. ഭരതന്റെ ശിഷ്യനും അന്ന് സംവിധാനസഹായിയുമായിരുന്ന ജയരാജ് പഴയ തിരക്കഥ അന്വേഷിച്ച് അച്ഛനെ തേടി വരുന്നതോടെയാണ് 'ഗുല്‍മോഹറിന്റെ' കഥ തുടങ്ങുന്നത്. അച്ഛന്‍ മറ്റൊരു സിനിമയുടെ വര്‍ക്കിലായതിനാല്‍ തിരക്കഥ പെട്ടന്ന് എഴുതാനാവില്ലെന്നു പറഞ്ഞു. ഒരു സിനിമാ നടിയുടെ ജീവിതവും ക്യാന്‍സര്‍ വന്ന് അവര്‍ മരിക്കുന്നതുമായ ഒരു കഥ ഞാനും ജയരാജും ചര്‍ച്ചചെയ്തു. ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കി. അതിനിടയില്‍ ആ സിനിമ, മല്ലികാ ഷെറാവത്തിനെ നായികയാക്കി ഹിന്ദിയില്‍ ചെയ്യാന്‍ ജയരാജിന് അവരമൊരുങ്ങി. നായികയെത്തേടിയുള്ള യാത്രയാണ് ബോളിവുഡില്‍ എത്തിക്കുന്നത്. ആ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പ്, ജയരാജിന് മലയാളത്തിലും ഒരു പടം ചെയ്യേണ്ടതുണ്ടായിരുന്നു. ജയരാജ് പുതിയ തിരക്കഥയുണ്ടോ എന്ന് ആവശ്യപ്പെട്ട ഉടന്‍ ഞാന്‍ 'ഗുല്‍മോഹര്‍' എടുത്തു നല്‍കി. സിനിമയാക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാനത് മൂന്നുവര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതായിരുന്നു. തിരക്കഥ നല്‍കിയ അടുത്തദിവസം സിനിമയുടെ പൂജ തിരുവനന്തപുരത്ത് നടന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍. ഒരു സ്ത്രീ തിരക്കഥയെഴുതുന്നു എന്നതിനാലാണ് മാര്‍ച്ച് 8 പൂജയ്ക്കായി തിരഞ്ഞെടുത്തത്.


'ഗുല്‍മോഹര്‍' ഭാവനാ സൃഷ്ടിയല്ലെന്ന് ദീദീ തന്നെ പറഞ്ഞിട്ടുണ്ട്...

'ഗുല്‍മോഹര്‍' ഭാവനാ സൃഷ്ടിയല്ല.അതില്‍ തൊണ്ണൂറു ശതമാനവും എനിക്ക് നേരിട്ടറിയാവുന്ന സഖാക്കളുടെ ജീവിതം തന്നെയാണ്. പത്ത് ശതമാനമേ അതില്‍ ഭാവനയ്ക്ക് സാധ്യതയുള്ളൂ. കോഴിക്കോട് തന്നെയുള്ള പഴയകാല ആക്റ്റിവിസ്റ്റുകളുടെ ജീവിതത്തില്‍ നിന്നാണ് ഞാനാ കഥ മനസില്‍ രൂപപ്പെടുത്തുന്നത്. ഈ സിനിമയിലെ മനുഷ്യര്‍ ഇപ്പോഴും ഞങ്ങളുടെ സുഹൃത്തുക്കളാണ്.


'ഗുല്‍മോഹര്‍' എന്ന സിനിമയുടെ തിരക്കഥയിലൂടെ എന്താണ് മുഖ്യമായി പറയാന്‍ ശ്രമിച്ചത്?

നായകന്റെ പൗരുഷത്തില്‍ ഏകപക്ഷീയമായി അഭിരമിക്കുകയാണ് നമ്മുടെ സിനിമ. മീശ പിരിക്കുന്നവനാണ് നായകന്‍. 'ഗുല്‍മോഹറി'ലൂടെ ഞാനുദ്ദേശിച്ചത് മറ്റൊരു പുരുഷത്വം തേടലാണ്. നമ്മള്‍ പൊതുവില്‍ പുരുഷത്വം എന്നു കരുതുന്നതിന്റെ തീര്‍ത്തും വിരുദ്ധവും മനുഷ്യത്വപരവുമായ മറ്റൊരു സാധ്യത അന്വേഷിക്കുക എന്നതാണ് ഞാനുദ്ദേശിച്ചത്.
വടക്കന്‍പാട്ടിലെ കുഞ്ഞിരാമനെപ്പോലെ തന്നെക്കാള്‍ തന്റെ ഭാര്യയ്ക്ക് -ഉണ്ണിയാര്‍ച്ചയ്ക്ക്- കളരിപ്പയറ്റ് അറിയാമെന്ന് തുറന്നു പറയുന്ന ആണിനെയാണ് എനിക്കിഷ്ടം. അതാണ് സത്യസന്ധതയും മാന്യതയും. പക്ഷേ അയാള്‍ പരിഹസിക്കപ്പെടുന്നു. പെണ്‍കോന്തനാകുന്നു. തന്റെ പൗരഷത്തില്‍ തികഞ്ഞ വിശ്വാസം ഉള്ള ഒരാള്‍ക്കേ ആ ചീത്തപ്പേര് നേരിടാനുള്ള ധീരതയുണ്ടാകൂ. പെണ്ണിനെ ഒരിക്കലും അംഗീകരിക്കാത്ത, മെയ്ക്കരുത്തും മീശപിരിക്കലും നടത്തുന്ന നായകന്റെ ഭീരുതമാണ് അയാളെക്കൊണ്ട് അത് ചെയ്യിക്കുന്നത്. കുഞ്ഞിരാമനന്റെ ജനാധിപത്യബോധം പ്രസക്തമാണ്. ഇന്ദുചൂഡന്‍ എന്ന കഥാപാത്രം ഭാര്യയുടെ കഴിവുകള്‍ അംഗീകരിക്കുന്ന ഒരു വിപ്ലവകാരിയാണ്. കാരണം അയാള്‍ക്ക് അയാളുടെ ആണത്തത്തില്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അടിച്ചേല്‍പ്പിക്കപ്പെടുന്നതാണ് ജെന്‍ഡര്‍ ബര്‍ഡന്‍ എന്നു പറയാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ ജീവിതത്തിന്റെ ഏറ്റവും പ്രതികൂലമായ നിമിഷത്തില്‍, മറ്റുള്ളവര്‍ക്കുവേണ്ടി ആത്മാഹൂതി നടത്താനും അയാള്‍ക്ക് മടിയില്ല. അപ്പോള്‍ പൗരുഷം എന്നത് എന്താണ്? മലയാള സിനിമയിലെ 'പുരുഷ'ന്‍മാരെ ഒന്നു മറിച്ചിടാനായിരുന്നു എന്റെ ശ്രമം.


അതില്‍ വിജയിച്ചോ? സ്ത്രീ സിനിമാസങ്കല്‍പ്പങ്ങളോട് 'ഗുല്‍മോഹറി'ന് പൂര്‍ണമായി നീതിപുലര്‍ത്താനായോ?

ഞാന്‍ ആ സിനിമയില്‍ തൃപ്തയാണ്. ഗുല്‍മോഹര്‍ ഒരു പെണ്‍സിനിമയുടെ തിരക്കഥയല്ല. ചില കോംപ്രമൈസുകള്‍ ആവശ്യമായി വന്നിട്ടുണ്ട്. പക്ഷേ, മലയാള സിനിമയെന്ന പുരുഷകോട്ടയില്‍ ഒരിടം കണ്ടെത്താന്‍ 'ഗുല്‍മോഹര്‍' എനിക്ക് അവസരം നല്‍കി. എനിക്ക് പറായനുള്ളത് കേള്‍പ്പിക്കാന്‍ മാത്രം ഉയര്‍ന്ന ഒരു പ്ലാറ്റ് ഫോമാണ് അതുണ്ടാക്കിത്തന്നത്. അതിനുവേണ്ടി നടത്തിയ കോംപ്രമൈസുകള്‍ക്ക് യോഗ്യമാണ് ഈ ഇടം.

പക്ഷേ, 'ഗുല്‍മോഹര്‍' ഒരു ആണ്‍സിനിമയായി മാറിയെന്ന ആക്ഷേപം ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്...

ഉണ്ട്. ഒരു ഫെമിനിസ്റ്റ് എഴുതിയിട്ടും എന്തുകൊണ്ട് ഗുല്‍മോഹര്‍ ആണ്‍സിനിമയായി മാറിയെന്നാണ് സുഹൃത്തുക്കളുള്‍പ്പടെയുള്ള പലരുടെയും വിമര്‍ശനം. അതിനുള്ള മറുപടിയാണ് ഗുല്‍മോഹറിന്റെ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിട്ടുള്ള തിരക്കഥ. ഒരു സ്ത്രീപക്ഷ തിരക്കഥ ഒരു പുരുഷന്‍ സംവിധാനം ചെയ്യുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ രീതിയില്‍ വരുത്തുന്നു എന്ന് അത് വ്യക്തമാക്കും. അത്തരം ഒരു മാറ്റത്തെപ്പറ്റി ചലച്ചിത്രവിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു പാഠപുസ്തകം കൂടിയായിരിക്കും അത്.


എന്താണ് സ്ത്രീകള്‍ക്ക് തിരക്കഥാ രംഗത്തൊക്കെ കടന്നുവരാന്‍ തടസം?

സാങ്കേതികമായി നോക്കുകയാണെങ്കില്‍ ഒരു തടസവുമില്ല എന്നതാണ് വാസ്തവം. തിരക്കഥാരചന പാടുള്ള ഒരു കാര്യമല്ല. പറയുനുദ്ദേശിക്കുന്ന കഥയെ സിനിമാ ദൃശ്യങ്ങളായി കാണാനും അത് കൃത്യമായി എഴുതാനുമുള്ള കഴിവും മതി തിരക്കഥാരചനയ്ക്ക്. സ്ത്രീ എന്തുകൊണ്ട് കടന്നുവരുന്നില്ലെന്ന് ചോദിച്ചാല്‍ അതിനു ഞാന്‍ പറയുന്ന മറുപടി സ്ത്രീക്ക് വര്‍ത്തമാന കാലം എന്നൊന്നില്ല എന്നതാണ്. അവര്‍ മറ്റാര്‍ക്കൊക്കെയോ വേണ്ടി- ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒക്കെയായി- ജീവിക്കുന്നു. ഭൂതവും ഭാവിയും മാത്രമാണ് അവള്‍ക്കുള്ളത്. ഒരിക്കലും വര്‍ത്തമാനമില്ല. തനിക്കുവേണ്ടി ജീവിക്കുന്നില്ല. തിരക്കഥ എന്നും വര്‍ത്തമാന കാലത്തിലാണ് എഴുതേണ്ടത്. അതവള്‍ക്കില്ല. ഇത് ഞാന്‍ പറഞ്ഞത് ലിറ്ററലി അല്ല. വാസ്തവത്തില്‍ സിനിമയുടെ ലോകത്ത് ആരാണ് സ്ത്രീയെ അംഗീകരിച്ചുകൊടുക്കുക? സ്ത്രീ കടന്നുവരുന്നതിനെ ആരും ഇഷ്ടപ്പെടുന്നില്ല. അതാണ് കാരണം. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറുകയാണ്. പുതിയ സ്ത്രീ തിരക്കഥാകൃത്തുക്കളും സംവിധായകരും ഉണ്ടാകുന്നുണ്ട്.

എന്താണ് താങ്കളുടെ സിനിമാ സങ്കല്‍പ്പം?

ഞാനൊരു സ്ത്രീയായതുകൊണ്ടു കൂടിയാവാം സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളും ദുരിതവുമെല്ലാം എന്റെ വിഷയമാണ്. മലയാള സിനിമയുടെ നിലവിലുള്ള അവസ്ഥ, അവയെല്ലാം സ്ത്രീവിരുദ്ധമോ സ്ത്രീയെ രണ്ടാംതരക്കാരിയാക്കുന്നതോ ആണെന്നതാണ്. 'ദ കിംഗ്' എന്ന സിനിമയില്‍ വാണിവിശ്വനാഥിനോട്് മമ്മൂട്ടി പറയുന്ന 'നീ വെറും പെണ്ണാണ്, പെണ്ണ്' എന്ന ഡയലോഗാണ്, അല്ലെങ്കില്‍ അതിനെ ചുറ്റിപ്പറ്റിയുള്ളതാണ് നമ്മുടെ സിനിമയിലെ സ്ത്രീ സങ്കല്‍പം. സ്ത്രീയെ അടിച്ചൊതുക്കുകയും അപമാനിക്കുകയും ചെയ്യുന്ന സംഭാഷണങ്ങള്‍ നിറഞ്ഞ സിനിമയ്ക്കാണ് കയ്യടി. ഈ സിനിമകള്‍ സമൂഹത്തില്‍ ഉല്‍പാദിപ്പിക്കുന്നതും സ്ത്രീവിരുദ്ധമായ കാഴ്പ്പാടുകളാണ്. ബസില്‍ പീഡിപ്പിക്കാനുള്ള പുരുഷന്റെ ശ്രമത്തെ സ്ത്രീ എതിര്‍ത്താല്‍ അതിനര്‍ത്ഥം സമ്മതമാണെന്ന മട്ടിലാണ് കാര്യങ്ങള്‍. കാരണം സ്ത്രീയെ ചുംബിക്കാനും കടന്നുപിടിക്കാനുമുള്ള പുരുഷന്റെ ശ്രമങ്ങളെ സിനിമയിലും സ്ത്രീ എതിര്‍ക്കാറുണ്ട്. പക്ഷേ, അത് സമ്മതത്തിന്റെ സൂചനയാണ്. സിനിമയില്‍ പാട്ടിനൊടുവില്‍ പുരുഷനും സ്ത്രീയും തമ്മില്‍ പ്രണയത്തിലാകും. അതുകൊണ്ട് യഥാര്‍ത്ഥ ജീവിതത്തില്‍ പീഡനങ്ങളെ സ്ത്രീ എതിര്‍ക്കുന്നതുപോലും പുരുഷന്‍ കാണുന്നത് സമ്മതമായിട്ടാണ്. ഇത്തരം മൂല്യങ്ങളെ ഉല്‍പ്പാദിപ്പിക്കാത്ത, പുരുഷന്റെ ആധിപത്യങ്ങളെ ചെറുക്കുന്ന സ്ത്രീപക്ഷ സിനിമയാണ് എന്റെ സങ്കല്‍പം.


ദീദി വര്‍ഷങ്ങളായി ഫിലിംഫെസ്റ്റുവലുകളിലെ സാന്നിദ്ധ്യമാണ്. കാഴ്ചക്കാരിയെന്ന നിലയില്‍ രസകരമായ അനുഭവങ്ങളുംഉണ്ടായിരിക്കാണമല്ലോ...


കുട്ടിക്കാലം മുതല്‍ക്കേ എല്ലാത്തരം സിനിമയുംഞാന്‍ തുടര്‍ച്ചയായി കണ്ടിട്ടുണ്ട്. കല്യാണത്തിനുശേഷമാണ് ചലച്ചിത്രോത്സവങ്ങള്‍ക്ക് പോയിത്തുടങ്ങിയത്. സാധ്യമായ ഒരു ഫിലിംഫെസ്റ്റിവലും ഞങ്ങള്‍ മുടക്കാറില്ല. ഇന്ത്യന്‍രാജ്യാന്തര ചലച്ചിത്രമേളയില്‍ എട്ടുവര്‍ഷം തുടര്‍ച്ചയായി പങ്കെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ചലച്ചിത്രോസവത്തില്‍ കേരളത്തില്‍ നിന്ന് ഒറ്റ സ്ത്രീകള്‍ പോലുമുണ്ടായിരുന്നില്ല. ഇപ്പോള്‍ അവസ്ഥമാറി. സ്ത്രീകള്‍ സിനിമയ്ക്ക് ചെല്ലുന്നത് എന്നും കൗതുകരമാണ്. 'ബോക്ക' എന്ന ചലച്ചിത്രം കാണാന്‍ പോയത് രസകരമായ ഒരനുഭവമാണ്. ഫെസ്റ്റിവലില്‍ വച്ച് മിസ്സായ പ്രസക്തമായ സിനിമയായിരുന്നു അത്. ഞാനും പ്രേംചന്ദും കൂടി ആ സിനിമ കാണാന്‍ ചെന്നു. തിയേറ്റര്‍ കാവല്‍ക്കാരന്‍ മുതല്‍, തീയേറ്റര്‍ മാനേജര്‍ വരെ പലരും ആ സിനിമ കാണരുതെന്ന് ഉപദേശിച്ചു. അത് അശ്ലീല സിനിമയാണെന്നാണ് അവര്‍ താക്കീത് ചെയ്തു. പ്രേംചന്ദ് കാണുന്നതില്‍ കുഴപ്പമില്ല. 'ഫാമിലി'ക്ക് പറ്റിയയല്ല അതെന്ന് പറഞ്ഞ് അവര്‍ കുശുകുശുപ്പ് തുടര്‍ന്നു. എന്നുവച്ചാല്‍ സ്ത്രീയായ ഞാന്‍ കാണരുത്. ഞങ്ങള്‍ ഈ സിനിമകാണാന്‍ കഷ്ടപ്പെട്ടു വന്നതാണ് എന്നു പറഞ്ഞിട്ടൊന്നും അവര്‍ വിട്ടുതരാന്‍ ഒരുക്കമായിരുന്നില്ല. അത് വകവയ്ക്കാതെ അകത്തു കടന്നപ്പോള്‍ കണ്ടത് കുട്ടികള്‍ മുതല്‍ വയസന്‍മാര്‍ വരെയിരുന്നു സിനിമ 'കാണുന്ന'താണ്. സിനിമകഴിഞ്ഞിട്ടും എല്ലാവരുടെ മുഖത്തും ചോദ്യങ്ങള്‍ മാത്രം. എല്ലാവര്‍ക്കും പ്രശ്‌നം ഞാന്‍ കണ്ടതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. തീയേറ്റര്‍ പോലും സ്ത്രീകള്‍ക്ക് എത്രമാത്രം അന്യമാണ് എന്ന് സൂചിപ്പിക്കാനാണ് ഞാനിത് പറഞ്ഞത്.


കേരളത്തില്‍ സ്ത്രീപക്ഷ പ്രസ്ഥാനം ഉണ്ടാകുന്നതു മുതല്‍ അതിന്റെ കൂടെയുണ്ടല്ലോ...


ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോളജില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നിരുന്നു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളജ് അന്ന് അതിന്റെ ഒരു കേന്ദ്രമാണ്. സാറാജോസഫ് കോഴിക്കോട് വന്ന് തങ്ങി ഞങ്ങളെ സംഗീതശില്‍പം പഠിപ്പിച്ചിരുന്നു. കോഴിക്കോട് 'ബോധന'യും പാലക്കാട്ട് മാനുഷിയും സജീവമാകുന്ന ഒരുഘട്ടമാണിത്. സാംസ്‌കാരിക പ്രവര്‍ത്തനവുമായി സജീവമായ ഘട്ടത്തില്‍ സ്ത്രീവാദപരമായ കാഴ്പ്പാട് മനസില്‍ ശക്തമാകാന്‍ തുടങ്ങി. 'മാ' എന്നു ഞങ്ങള്‍ വിളിക്കുന്ന മന്ദാകിനിയും അജിതയും ഗംഗടീച്ചറുമൊക്കെയുള്ള അടുപ്പമാണ് കൃത്യമായ നിലപാട് രൂപീകരണത്തിന് കാരണമായത്. ഞാനിപ്പോഴും സ്ത്രീസംഘടനയില്‍ സജീവമാണ്. 'അന്വേഷി' മാസികയുടെ പത്രാധിപ ജോലികളും ചെയ്തുവരുന്നു.


സിനിമാ ചിത്രീകരണത്തിനിടയില്‍ അര്‍ബുദം ബാധിച്ചതായി കേട്ടിരുന്നു. എന്തായിരുന്നു ചികിത്സാനുഭവങ്ങള്‍?

'ഗുല്‍മോഹറി'ന്റെ വര്‍ക്കിന്റെ അവസാന ഘട്ടത്തിലാണ് എനിക്ക് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. സ്വയം തിരിച്ചറിയുകയായിരുന്നു. പിറ്റേ ദിവസം തന്നെ ഡോക്ടറെ കണ്ടു. അന്നുതന്നെ രോഗം തിരിച്ചറിഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ ചികില്‍സ തുടങ്ങി. ഇപ്പോള്‍ ചികിത്സ കഴിഞ്ഞു. ഈ സമയത്ത് ശരിയായ സുഹൃത്തുക്കളെയും ബന്ധുക്കളെയും തിരിച്ചറിയാനായി. അവര്‍ പ്രകടിപ്പിച്ച സ്‌നേഹവും സാമിപ്യവും പിന്തുണയുമൊക്കെ രോഗം ഭേദമാകാന്‍ കാരണമായിട്ടുണ്ട്. സ്വന്തം സഹോദരിമാരും പ്രേംചന്ദിന്റെ രണ്ട് സഹോദരന്‍മാരും ഏട്ടനെപ്പേലെ കൂടെ നിന്ന ശ്രീനിയേട്ടനും സ്വയം മറന്ന് എന്നെ സഹായിച്ച സുധാന്റിയോടുമുള്ള കടപ്പാട് വീട്ടിതീര്‍ക്കാനാവില്ല.


രോഗം വന്നു എന്നറിഞ്ഞപ്പോള്‍ മാനസികാവസ്ഥ എന്തായിരുന്നു? മരണത്തെപ്പറ്റി ഭയപ്പെട്ടിരുന്നോ?

ഭയമുണ്ടായിരുന്നില്ല. സുഹൃത്തായ ഡോക്ടര്‍ സുരേഷ് എന്നോട് നേരിട്ടുതന്നെ രോഗത്തെപ്പറ്റിയും ചികില്‍സിച്ചാല്‍ ഭേദമാകാനുള്ള സാധ്യതകളെപ്പറ്റിയും പറഞ്ഞു. എനിക്ക് സുരേഷിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സുരേഷ് എന്നോട് കള്ളം പറയില്ലെന്ന് എനിക്കുറപ്പാണ്. പിന്നീട് ചികില്‍സിച്ച ഡോ. ജയിന്‍ അബ്രഹാമും ഗംഗാധരനുമൊക്കെ അത്തരം മനോഭാവമാണ് എന്നോട് പുലര്‍ത്തിയത്. കാന്‍സര്‍ ആര്‍ക്കും വരാനുള്ള സാധ്യതയുണ്ട്. സ്വയം പരിശോധന എല്ലാവരും നടത്തണം. ശരീരത്തില്‍ തടിപ്പോ അസ്വഭാവികമായി മറ്റോ എന്തെങ്കിലും കണ്ടാല്‍ ഉപേക്ഷ കാണിക്കാതെ ഡോക്ടറെ ഉടന്‍ കാണണം. എന്നാല്‍ രോഗം ഭേദപ്പെടും. മാത്രമല്ല മാനസിക ധൈര്യം കൈവിടാന്‍ പാടില്ല. പതറിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. മാനസികമായ കരുത്തും ആദ്യഘട്ടത്തില്‍ തന്നെ ചികിത്സ സാധ്യമായി എന്നതുമാണ് എനിക്ക് ഗുണകരമായത്.


പുതിയ തിരക്കഥ? ഭാവിയില്‍ സംവിധാനം ലക്ഷ്യമിടുന്നുണ്ടോ?

ചെയ്യാന്‍പോകുന്ന വര്‍ക്കുകളെപ്പറ്റി പറയാന്‍ പൊതുവെ എനിക്ക് അല്‍പം മടിയുണ്ട്. സിനിമ പറഞ്ഞു നടക്കേണ്ടതല്ല, ചെയ്തുകാട്ടേണ്ടതാണെന്നാണ് അച്ഛന്‍ എന്നും ഓര്‍മിപ്പിക്കാറുള്ളത്. 'റെയിന്‍ബോ' എന്ന സിനിമയ്ക്കായി പുതിയ ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷില്‍ നിര്‍മിക്കുന്ന ഈ സിനിമ കെ.എ.ദേവരാജനാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പൂജ മാര്‍ച്ച് എട്ടിനു തന്നെ മേരിറോയിയാണ് നടത്തിയത്. എഴു സ്ത്രീകളെക്കുറിച്ചുള്ള കഥയാണിത്. സിനിമ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയിലുമില്ല. സംവിധാനത്തെപ്പറ്റി വലിയ അറിവില്ല. എനിക്ക് അറിയാവുന്നത് എഴുത്താണ്.


കുടുബം?

പത്രപ്രവര്‍ത്തകനായ പ്രേംചന്ദാണ് ജീവിത പങ്കാളി. പത്താംക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. മുക്ത. കോഴിക്കോട് ആര്‍ട്‌സ് കോളജിനു സമീപമാണ് താമസം.


Grihalakshmi
2009, March

No comments:

Post a Comment