Saturday, July 17, 2010

'അതെന്റെ കലാപമായിരുന്നു'

സംഭാഷണം
ഡോ. ശരണ്‍കുമാര്‍ ലിംബാലെ/ബിജുരാജ്'അക്കര്‍മശി' ഒരു കലാപമാണ്. കാലത്തിനേക്കാള്‍ ഒച്ചത്തില്‍ മുഴങ്ങിയ ബഹിഷ്‌കൃതന്റെ ആത്മഭേരി. ദളിതന്റെ രോഷം പിന്നീടൊരിക്കലെങ്കിലും ഇത്രയേറെ അസ്വസ്ഥമായി, തീവ്രമായി വാക്കുകളില്‍ പടര്‍ന്നിട്ടുണ്ടോയെന്ന് സംശയിക്കണം. ജാതിയുടെ മര്‍ദനം അതിന്റെ ഏറ്റവും ക്രൂരമായ രൂപത്തില്‍ തന്നെ ഞെരിച്ചുടക്കുമ്പോഴാണ് ശരണ്‍കുമാര്‍ ലിംബാലെ പൊട്ടിത്തെറിക്കുന്നത്. ജനനം മുതല്‍ ഓരോ നിമിഷവും തന്നെ ആക്രമിച്ചുകൊണ്ടിരുന്ന സാമൂഹ്യ വ്യവസ്ഥയെ ആത്മകഥയിലൂടെ അന്നത്തെ ഇരുപത്തഞ്ചുവയസുകാരന്‍ തുറന്നുകാട്ടി. നന്നായി ഒന്ന് പ്രഹരിച്ചു.
മഹാരാഷ്ട്രയിലെ ഹണ്ണൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച ശരണ്‍കുമാര്‍ ലിംബാലെ വളര്‍ന്നത് ദാരിദ്ര്യത്തിന്റെയും ജാതിമര്‍ദനത്തിന്റെയും തൊട്ടാല്‍ പൊള്ളുന്ന നേരുകളിലാണ്. അച്ഛനാരാണെന്ന് അറിയാതെയുള്ള ജന്മം മുതല്‍ ഓരോ അണുവിലും സമൂഹം/ജാതി ശരണ്‍കുമാര്‍ ലിംബാലെയെ വേട്ടയാടിക്കൊണ്ടിരുന്നു. ചെറുപ്പത്തിലേ അംബേദ്കറിന്റെയും ഫുലേയുടെയും ചിന്തകളില്‍ സ്വാധീനിക്കപ്പെട്ടു. മാര്‍ക്‌സിനെയും മാവോയെയും വായിച്ചതോടെ
ദളിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറി. പിന്നെ തിരിച്ചടിയായി. 1984 ലാണ് ലിംബാലയുടെ ആത്മകഥ 'അക്കര്‍മശി' (അര്‍ദ്ധജാതി) മറാഠിയില്‍ പുറത്തുവരുന്നത്. വൈകാതെ വിവിധ ഇന്ത്യന്‍ഭാഷകളിലേക്ക് 'അക്കര്‍മശി ' മൊഴിമാറ്റപ്പെട്ടു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 'ഔട്ട്കാസ്റ്റ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ചതോടെ ശരണ്‍കുമാര്‍ ലിംബാലെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനായി.
അധ്യാപകന്‍, ചരിത്രകാരന്‍, നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ലിംബാല.
ഉപാല്യ, ഹിന്ദു, ബഹുജന്‍, തുടങ്ങിയ നാല്‍പതിലധികം കൃതികള്‍ പ്രസിദ്ധീകരിച്ചു. പൂനെയിലെ യശ്‌വന്ത് റാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ സര്‍വകലാശാലയില്‍ റീജണല്‍ ഡയറക്ടറാണ് ഇപ്പോള്‍. പൂനയില്‍ തന്നെയാണ് താമസവും.
കൊച്ചി സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച ശരണ്‍കുമാര്‍ ലിംബാലെ എത്തിയിരുന്നു. ദളിത് രാഷ്ട്രീയത്തെതും അവസ്ഥകളെയും തന്റെ നിലപാടുകളെയുംപറ്റി അദ്ദേഹം സംസാരിക്കുന്നു:അക്കര്‍മശിയും നേരെഴുത്തുകളും


'അക്കര്‍മശി' പ്രസിദ്ധീകരിക്കപ്പെട്ടശേഷം ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ തികയുന്നു. ഇന്നാണ് ആത്മകഥ എഴുതുന്നതെങ്കില്‍ എന്തായിരിക്കുമായിരുന്നു അതിന്റെ രൂപവും ഭാവവും?

ഞാനുമത് പലവട്ടം ചിന്തിച്ചിട്ടുണ്ട്. എനിക്കൊരിക്കലും 'അക്കര്‍മശി' ഇന്ന് എഴുതാനാവില്ല. അഥവാ എഴുതിയാല്‍ തന്നെ ഇതാകുമായിരുന്നില്ല രൂപം. ഇത്രയും സത്യസന്ധവുമാകില്ലായിരുന്നു. ഇപ്പോള്‍ എഴുതുകയായിരുന്നെങ്കില്‍ 'അക്കര്‍മശി'യുടെ രൂപഘടനയും ശൈലിയുമെല്ലാം മെച്ചപ്പെട്ടേനെ. കുറച്ചുകൂടി നല്ല ഭാഷയില്‍, നല്ല രീതിയില്‍ എഴുതാനാകുമായിരുന്നു. പക്ഷേ അതൊരിക്കലും എന്റെ മുറിവുകളെ, വേദനകളെ രേഖപ്പെടുത്തുമായിരുന്നില്ല. അന്നത് എഴുതുമ്പോള്‍ ഞാന്‍ ചെറുപ്പമായിരുന്നു. അന്ന് പക്വതയില്ലാത്ത യുവത്വമാണ്. മനസ്സില്‍ മുഴുവന്‍ എനിക്കും എന്റെ സമൂഹത്തിനും നേരെ നടക്കുന്ന അനീതികളോടുള്ള അടങ്ങാത്ത രോഷം ഉണ്ടായിരുന്നു. അയിത്തജാതിക്കാരന്‍ എന്ന നിലയില്‍, ദരിദ്രന്‍ എന്ന നിലയില്‍ ഞാന്‍ ജീവിച്ച ജീവിതം അതുപോലെ തന്നെ പകര്‍ത്തുകയായിരുന്നു. അത് എഴുതുമ്പോള്‍ ഞാന്‍ സമൂഹത്തില്‍ ആരുമായിരുന്നില്ല. ബഹിഷ്‌കൃതനായ ദളിത് മാത്രമായിരുന്നു. ഇന്ന് ഞാന്‍ പ്രൊഫസറാണ്. കുറേയേറെ പരിചയക്കാരുണ്ട്. മക്കള്‍ ഒക്കെ വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും സംഭവിച്ചതെല്ലാം സത്യസന്ധമായി പറയാനാകുമായിരുന്നില്ല. പലതും മറച്ചുവക്കാനുള്ള ഒരു പ്രവണത സ്വാഭാവികമായും എന്നില്‍ ഉണ്ടാകുമായിരുന്നു.


പ്രായത്തിന്റെ പക്വതയില്‍ മനസിലെ രോഷവും വേദനയും ഇല്ലാതായിരിക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്?

അല്ല. മുറിവുകള്‍ എന്റെ മനസിലുണ്ട്. വേദനയും വിട്ടൊഴിയുന്നില്ല. നമുക്ക് നേരെ നടന്ന അനീതികള്‍ നമുക്കൊരിക്കലും മറക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ഇനിയും എഴുതാന്‍ പോകുന്നത്. പറഞ്ഞുവന്നത് എന്റെ തന്നെ പുതിയ സാഹചര്യങ്ങളെപ്പറ്റിയാണ്. അക്കര്‍മശിക്കുശേഷം ഞാനെത്തി നില്‍ക്കുന്ന അവസ്ഥയെപ്പറ്റിയാണ് പറഞ്ഞത്. വ്യക്തിപരമായ ചില അതിക്രമങ്ങള്‍ വേണമെങ്കില്‍ ക്ഷമിക്കാമെന്ന മാനസികാവസ്ഥ ഇന്നെനിക്കുണ്ട്. ക്ഷമിക്കുമെന്നല്ല പറഞ്ഞുവരുന്നത്. പ്രായംകൊണ്ടു സംഭവിച്ചതാവാം ഈ മാറ്റം. പക്ഷേ, അന്നത് എനിക്ക് ഒട്ടുമില്ലായിരുന്നു.

'അക്കര്‍മശി'യാണ് താങ്കളെ ശ്രദ്ധേയനാക്കുന്നത്. എന്താണ് താങ്കളെ പുസ്തകത്തിലേക്ക് നയിച്ചത്?

എനിക്കത് എഴുതിയേ മതിയാകുമായിരുന്നുള്ളൂ. ഞാന്‍ അഭിമുഖീകരിച്ചുകൊണ്ടിരുന്ന ജാതിയുടെ മര്‍ദനവും സാമൂഹ്യ സാഹചര്യങ്ങളുമാണ് ആത്മകഥ എഴുതാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്. അത്രയേറെയായിരുന്നു എന്റെ വേദനകള്‍, മുറിവുകള്‍, അപമാനങ്ങള്‍ എല്ലാം. അത് എന്റെ മാത്രം ജീവിതമല്ല. ഓരോ ദളിതന്റെയുമാണ്. ഒരോ ഗ്രാമീണന്റെയുമാണ്. എനിക്കും എന്റെ സമൂദായത്തിനും മേല്‍ നടന്ന അനീതിയുടെയും അതിക്രമത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും അനുഭവമാണ്. അതിന്റെ രേഖപ്പെടുത്തലാണ്. വാക്കുകളായിരുന്നു എനിക്ക് ആയുധം. അതെന്റെ കലാപമായിരുന്നു.


മഹാരാഷ്ട്രയിലാണ് ദളിത് ആത്മകഥകളുടെ തുടക്കം. എന്തുകൊണ്ടാണ് ആത്മകഥ കൂടുതലായി എഴുതപ്പെട്ടത്?

ആത്മകഥ ആര്‍ക്കും എഴുതാനാവും. അധികം വിദ്യാഭ്യാസമൊന്നും അതിനുവേണമെന്നില്ല. തങ്ങള്‍ കണ്ടതും അറിഞ്ഞതുമായ സംഭവങ്ങള്‍ അതുപോലെ തന്നെ എഴുതിയാല്‍ മതി. ഭാഷയല്ല അതില്‍ പ്രമുഖം. ഞാനൊരു സാഹിത്യകാരനല്ല. അതുപോലെ ദളിത് സമൂഹത്തില്‍ വന്ന പലര്‍ക്കും വിദ്യാഭ്യസം പോലും നിഷേധിക്കപ്പെട്ടിരുന്നു. അവര്‍ക്ക് എന്നാല്‍ കുറേകാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. മറ്റ് മാധ്യമങ്ങളിലൂടെ അവര്‍ക്ക് അത് പ്രകടിപ്പിക്കാനാവില്ല. അതിനാല്‍ ഞാനുള്‍പ്പടെയുള്ളവര്‍ ഞങ്ങള്‍ക്കറിയാവുന്ന ഭാഷയില്‍ ഞങ്ങളുടെ അനുഭവങ്ങള്‍ എഴുതി. ഈ ആത്മകഥകള്‍ക്ക് ഗുണമുണ്ടായി. ദളിതന് ഉയര്‍ന്ന ജാതിക്കാരുടെ വീടുകളില്‍ പ്രവേശനമില്ലായിരുന്നു. പക്ഷേ, ദളിതന്‍ എഴുതിയ ആത്മകഥ സവര്‍ണ്ണന്റെ കിടപ്പുമുറികളില്‍ പോലും പുസ്‌കത രൂപത്തില്‍ കടന്നുചെന്നു. അവരെ ചിന്തിപ്പിച്ചു. സമൂഹത്തിനോട് തങ്ങളും തങ്ങളുടെ സമൂഹവും ചെയ്യുന്ന അനീതികളെ ബോധ്യപ്പെടുത്തി. അത്തരത്തിലും ആത്മകഥ ചരിത്രപരമായ കടമ നിര്‍വഹിക്കുന്നുണ്ട്.


വളരെ ചെറുപ്പത്തില്‍ ആത്മകഥ എഴുതാന്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ്?

എന്തുകൊണ്ട് ഒരു പയ്യന്‍ ആത്മകഥയെഴുതുന്നു? ഇവനെന്താണ് പറയാനുള്ളത് തുടങ്ങിയ ചോദ്യങ്ങളാണ് ആദ്യം മുതല്‍ക്കേ ഞാന്‍ നേരിട്ടത്. ആത്മകഥയെഴുതുക സാധാരണ അറുപതും എഴുപതും വയസ്സിലാണ്. ഞാനത് മറികടന്നു. പ്രായമല്ല കാര്യം എന്താണ് ആത്മകഥയിലൂടെ പറയുന്നത് എന്നാണ്. സമൂഹത്തിനോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്? അതാണ് വിഷയം. എനിക്ക് കുറേ കാര്യങ്ങള്‍ സവര്‍ണന്റെ മുഖത്തുനോക്കി വിളിച്ചുപറയണമായിരുന്നു. അതുകൊണ്ട് ഞാന്‍ എഴുതണമായിരുന്നു. അതിന് ആത്മകഥയെപ്പോലെ ഉചിതമായ മറ്റൊരു രൂപം ഇല്ലായിരുന്നു. ആത്മകഥയില്‍ ഞാന്‍ അധികമൊന്നും ചെയ്തില്ല. കണ്ടതും അനുഭവിച്ചതുമായ അനീതികള്‍ അതുപോലെ തന്നെ പകര്‍ത്തിവച്ചു എന്നു മാത്രം.ദലിത് പാന്തറുകളും മോചനവും


എന്താണ് ദലിതുകളുടെ പൊതു അവസ്ഥ? പുരോഗമനപരമായ മാറ്റങ്ങള്‍ ചുറ്റും സംഭവിക്കുകയാണോ?

സാമൂഹ്യാവസ്ഥയില്‍ ചില നല്ല മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പക്ഷേ അതു വളരെ സാവധാനത്തിലാണ്. ദളിതുകള്‍ക്ക് ഇന്ന് ജോലി കിട്ടുന്നുണ്ട്, മറ്റെല്ലാ മേഖലയിലേക്കും കടന്നുവരാന്‍ അവസരമുണ്ട് എന്നതൊക്കെ ശരിയാണ്. പക്ഷേ ജാതി ഇന്നും നിലനില്‍ക്കുന്നു; ജാതി മര്‍ദനവും. നമ്മളിപ്പോഴും ജാതിയുടെ കാര്യത്തില്‍ പതിനാറാം നൂറ്റാണ്ടിലേ എത്തിയിട്ടുള്ളൂ. മുമ്പ് ഒരു ദളിതനെ സവര്‍ണന്‍ മര്‍ദിക്കുകയൂം ബഹിഷ്‌കരിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അത് കുറേയൊക്കെ ഒരു വ്യക്തി മാത്രം നേരിട്ട മര്‍ദനങ്ങളായിരുന്നു. ഇന്നതിന്റെ രുപം മാറി. മൊത്തം സവര്‍ണ സമൂഹവും ഒന്നുചേര്‍ന്ന് ദളിതുകളെ സാമൂഹ്യമായി ബഹിഷ്‌കരിക്കുന്നതാണ് പുതിയകാലത്തെ മര്‍ദനത്തിന്റെ ഒരു രൂപം.


ജാതി ഉന്മൂലനത്തിന് നിങ്ങള്‍ കരുതുന്ന മാര്‍ഗം എന്താണ്? എന്ത് രാഷ്ട്രീയ പരിഹാരമാണ് നിര്‍ദേശിക്കുക?

ജാതിയെ നശിപ്പിക്കുക എന്നത് പെട്ടന്ന് ചെയ്യാവുന്ന ഒരു കാര്യമില്ല. അതിന് നീണ്ട നാളത്തെ ശ്രമങ്ങള്‍ ആവശ്യമാണ്. ജനങ്ങളുടെ മനസ്സുമാറുക എന്നതാണ് കാര്യം. അതിന് ബഹുമുഖമായ തലത്തിലുള്ള പ്രവര്‍ത്തനം വേണം. രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ പ്രവര്‍ത്തനം നടക്കണം. ജാതിവിരുദ്ധമായ രചനകള്‍ ഉണ്ടാവണം. കലാരംഗത്തെപ്രവര്‍ത്തനങ്ങളുണ്ടാവണം. വിദ്യഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ദളിതുകളുടെ ഉന്നമനത്തിനുള്ള സാമ്പത്തിക പ്രചോദനങ്ങള്‍ നല്‍കണം. മതംമാറ്റവും മിശ്രവിവാഹവുമെല്ലാം ജാതിനിര്‍മാര്‍ജനത്തിന് സഹായകരങ്ങളാണ്. അത്തരത്തില്‍ വിവിധ രുപത്തിലും തലത്തിലുമുള്ള പ്രവര്‍ത്തനങ്ങളിലൂടെയോ ജാതിയെ ഉന്മൂലനം ചെയ്യാനാവൂ.


ജാതി നിര്‍മാര്‍ജനത്തിന് മതപരിവര്‍ത്തനം പരിഹാരമാണോ, പ്രത്യേകിച്ച് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ ആ മതങ്ങളിലും മറ്റൊരുതരം ദലിതരായി തുടരുന്ന സാഹചര്യത്തില്‍?

മതം മാറ്റം ജാതി നിര്‍മാര്‍ജനത്തിന്റെ ഒരു വഴി മാത്രമാണ്. അതല്ല അത്യന്തികമായ പരിഹാരമാര്‍ഗം. ഹിന്ദുമതത്തില്‍ നിലനില്‍ക്കുന്നിടത്തോളം അതിലെ ജാതിയെ അഭിമുഖീകരിക്കേണ്ടി വരും. ജാതിയെ ഹിന്ദുമതം ന്യായീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അതില്‍ നിന്ന് ദളിതുകള്‍ പുറത്തുവരേണ്ടതുണ്ട്. പക്ഷേ ആദ്യഘട്ടത്തിലെ ഒറ്റപ്പെട്ട വ്യക്തികളുടെ പരിവര്‍ത്തനത്തിനുശേഷം സംഘമായുള്ള മതപരിവര്‍ത്തനത്തില്‍ സംഭവിച്ചത് ദളിതുകള്‍ അവര്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്ന മതങ്ങളിലും ദളിതരായി തുടരുക എന്നതാണ്. ദളിത് ക്രിസ്ത്യാനികള്‍, ദളിത് മുസ്ലീങ്ങള്‍ എന്ന നിലയില്‍. അമേരിക്കയില്‍ പോലും അങ്ങനെ സംഭവിച്ചു. ഇവിടെ നിന്നു ചെന്ന് മതം മാറിയ ദളിതര്‍ അവിടെയും മറ്റൊരു ദളിത് സമൂഹമായി പരിവര്‍ത്തനപ്പെട്ടു. അതുകൊണ്ട് മതം മാറ്റമല്ല ഏക പരിഹാര മാര്‍ഗം. ബ്രാഹ്മണ്യത്തെയും ജാതിയുടെ അടിത്തറയും തകര്‍ക്കുന്ന ശ്രമങ്ങള്‍ പലതലങ്ങളില്‍ നടക്കണം.


ജാതി സമരത്തിന് അക്രമോത്സുകവും അല്ലാത്തതുമായ സമരം സ്വീകരിക്കാം. നിങ്ങള്‍ ഏത് മാര്‍ഗം നിര്‍ദേശിക്കും?

ജനാധിപത്യത്തിന്റെയും അക്രമരാഹിത്യത്തിന്റെയും പാതയാണ് ഞാന്‍ നിര്‍ദേശിക്കുക. ഒരിക്കലും അക്രമത്തെ ഞാന്‍ അംഗീകരിക്കുന്നില്ല. പിന്തുണയ്ക്കുകയുമില്ല. ആയുധം അത്യന്തികമായ മോചനം നമുക്ക് തരില്ല. താല്‍ക്കാലികമായ ചില നേട്ടങ്ങള്‍ കൊണ്ടുവന്നേക്കും. പക്ഷേ ഒരിക്കലും ശാശ്വതമായ പരിഹാരം ആയുധം തരില്ല. ഞങ്ങളുടെ ആശയശാസ്ത്രം ബുദ്ധനാണ് യുദ്ധമല്ല.
സമാധാനപരമായ ജനകീയ സമരങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഇന്ത്യയില്‍ സാധ്യതയുണ്ട്. അതുപയോഗിക്കുകയാണ് വേണ്ടത്.


പക്ഷേ, ഇന്ന് ഇന്ത്യയിലെ ദളിതരിലും ആദിവാസികളും നല്ലൊരു വിഭാഗം മാവോയിസ്റ്റുകള്‍ക്കൊപ്പം സായുധ പോരാട്ടങ്ങളിലാണ്...


ഞാന്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നില്ല. പക്ഷേ എനിക്കുള്ളില്‍ അവരോട് അനൂകലമനോഭാവം ഉണ്ട്. അവര്‍ ഞങ്ങളുടെ ശത്രുക്കളല്ല. അവര്‍ ഒളിവില്‍ നിന്ന് അവര്‍ രാഷ്ട്രീയ മുഖ്യധാരയിലേക്ക് വന്ന് ജനാധിപത്യപരാമയി പോരാടാണം. അല്ലാതെ ഒരു വിജയവും സാധ്യമല്ല.


എന്താണ് നിങ്ങളുടെ കുടുംബ പശ്ചാത്തലം? ദളിത് ബോധത്തിലേക്ക് താങ്കള്‍ എത്തുന്നതെങ്ങനെയാണ്?


മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്തിയിലാണ് ഞാന്‍ ജനിച്ചത്. എല്ലാവരും കന്നഡയാണ് സംസാരിച്ചിരുന്ന്. പക്ഷേ, പഠിച്ചത് മറാഠിയാണ്. സ്‌കൂളില്‍ അതായിരുന്നു പഠനമാധ്യമം. അമ്മ മഹാര്‍ എന്ന കീഴ് ജാതിയിലും അച്ഛന്‍ ലിംഗായത്ത് എന്ന മേല്‍ജാതിയിലുമാണ് ജനിച്ചത്. പക്ഷേ ഞാന്‍ ദളിതനാണ്. അച്ഛന്‍ എന്ന ഒന്ന് എനിക്കുണ്ടായിരുന്നില്ല. അമ്മ യാഥാര്‍ത്ഥില്‍ അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ ഇരയാണ്. ഉന്നതജാതിക്കാരന് ദളിത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാമെന്നതിന്റെ തുടര്‍ച്ചയാണ് അമ്മ. പട്ടിണിയും ദാരിദ്ര്യവുമായിരുന്നു കൂട്ട്. എന്നും ജാതി മര്‍ദനങ്ങള്‍ എന്നുമുണ്ടായി. പക്ഷേ മഹാരാഷ്ട്രയില്‍ ദളിതുകള്‍ക്കിടയില്‍ അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായ വശങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജനങ്ങള്‍ അംബേദ്കറിന്റെയും ഫുലേയുടെയും കൃതികള്‍ വായിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുട്ടിയായിരിക്കുമ്പോഴേ അംബേദ്കറിന്റെ കൃതികള്‍ ഞാന്‍ വായിച്ചു തുടങ്ങി. അതെനിക്ക് പുതിയ ബോധം പകര്‍ന്നു തന്നു. ഒപ്പം ഞാന്‍ മാര്‍ക്‌സിറ്റ് കൃതികളും വായിച്ചു. അതുകൊണ്ട് പെട്ടന്ന് തന്നെ ഞാന്‍ ദളിത് മുന്നേറ്റത്തില്‍ പങ്കാളിയാകാന്‍ തുടങ്ങി.


നിങ്ങള്‍ക്ക് ഇന്ന് ഏതെങ്കിലും സംഘടനയില്‍ അംഗത്വമുണ്ടോ? ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുകളുമായി ഐക്യത്തിന്റെ തലത്തില്‍ വേദി പങ്കിടുന്നുണ്ടോ?

ഇല്ല. എനിക്കൊരു സംഘടനയിലും അംഗത്വമില്ല. മുമ്പ് ഞാന്‍ ദളിത് പാന്തര്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. ഇപ്പോള്‍ എന്റെ മേഖലയെന്നത് എഴുത്താണ്. ദളിത് സാമൂഹ്യ മുന്നേറ്റത്തിന് പലതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ചിലര്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കി മുന്നേറുന്നു. മറ്റ് ചിലര്‍ കലയുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. എന്റേത് മേഖല എഴുത്താണ്. അതില്‍ തന്നെ ഞാന്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ആത്മാര്‍ത്ഥതയോടെ, പൂര്‍ണമായി സമര്‍പ്പിത മനസ്സോടെ ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നു.


ദലിത് പാന്തര്‍ പ്രസ്ഥാനത്തിന്റെ സജീവത മുമ്പ് നമ്മള്‍ കണ്ടതാണ്. താങ്കളും അതില്‍ പങ്കാളിയായിരുന്നു. എന്തായിരുന്നു അന്നത്തെ പ്രവര്‍ത്തനം?

ഞാന്‍ വളരെ ചെറുപ്പമായിരിക്കുമ്പോഴേ ദളിത് പാന്തറില്‍ ചേര്‍ന്നിരുന്നു. ദളിത് പാന്തര്‍ അക്കാലഘട്ടത്തിന്റെ അനിവാര്യമായ സൃഷ്ടിയാണ്. അംബേദ്കര്‍ക്കൊപ്പം മാര്‍ക്‌സിനെയും മാവോയെയും വായിച്ച യുവദളിതുകളാണ് 1972 ല്‍ ആ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നത്. തിരിച്ചടിക്കുക എന്നതായിരുന്നു അന്നത്തെ മുഖ്യനയം. ഏതെങ്കിലും ഗ്രാമത്തില്‍ ദളിതുകളെ സവര്‍ണ്ണ സമുദായത്തില്‍ പെട്ട ആരെങ്കിലും ആക്രമിച്ചാല്‍ ഞങ്ങള്‍ സൈക്കിള്‍ ചവിട്ടി കൂട്ടമായി അവിടെയെത്തുന്നു. എന്നിട്ട് ആ നാട്ടിലെ എല്ലാ സവര്‍ണ്ണര്‍ക്കും അടികൊടുക്കുന്നു. ഒരു തരം ഭീകരത സൃഷ്ടിക്കുന്നു. ഇനിയൊരിക്കലും അവിടെ ദളിതര്‍ മര്‍ദിക്കപ്പെടരുത് എന്നതാണ് ഈ തിരിച്ചടിയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ദളിതുകളെ ആക്രമിക്കാന്‍ സവര്‍ണ്ണര്‍ ഭയപ്പെട്ടു. ആക്രമിച്ചാല്‍ ദളിത് പാന്തറുകള്‍ വരും തങ്ങള്‍ക്ക് തിരിച്ചടി കിട്ടുമെന്ന് ഭയമായി. ഒരു ദളിതനെ കൊലപ്പെടുത്തിയാല്‍ തിരിച്ചും കൊലപ്പെടുത്തുന്നു. ഒരു തരത്തില്‍ മര്‍ദിതരുടെ ഭാഗത്ത് നിന്ന് ഭീകരത സൃഷ്ടിക്കുകയായിരുന്നു ഞങ്ങളുള്‍പ്പടെയുള്ളവര്‍ ചെയ്തത്.


എന്തുകൊണ്ടാണ് ദളിത് പാന്തറുകള്‍ക്ക് തിരിച്ചടി നേരിട്ടത്?

തിരിച്ചടികളും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും അധിക കാലം തുടരാനാവില്ല. ചെറിയ നേട്ടങ്ങള്‍ താല്‍ക്കാലികമായി നല്‍കാനേ അതിനു കഴിയൂ. ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്ക് അക്രമങ്ങള്‍ ഗുണകരമാവില്ല. ദളിത് പാന്തറുകള്‍ പല തരത്തിലും അപക്വമായിരുന്നു. തിരിച്ചടിക്കുക എന്നതുമാത്രമാണ് ചലിപ്പിച്ചത്. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലും ശക്തമായി. കേസുകളും ധാരാളം ചുമത്തപ്പെട്ടു. പലരും പലവഴിക്ക് വഴി പിരിഞ്ഞു.


ദലിതരുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരസ്പര ബന്ധിതമാണ്. മര്‍ദിതര്‍ എന്ന പൊതു പദത്തിനു കീഴില്‍ വന്ന് ഒരുമിച്ച് പോരാടുകയല്ലേ വേണ്ടത് ദളിതര്‍ പലപ്പോഴും വേറിട്ട് നിന്നാണ് സമരം ചെയ്യുന്നത്...

ശരിയാണ്. മര്‍ദിതര്‍ എന്ന തലത്തില്‍ ദളിതുകള്‍ സ്ത്രീകളുമായും തൊഴിലാളികളുമായി ഒന്നിക്കുകയാണ് വേണ്ടത്. മിക്ക ദളിതുകളും അത്തരം കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കുന്നുണ്ട്. അങ്ങനെയായിരിക്കുമ്പോഴും മര്‍ദനത്തിന്റെ തോതും രീതികളും വ്യത്യസ്തമാണ്. ദളിതുകള്‍ തങ്ങള്‍ നേരിടുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോട് ദളിതുകള്‍ എന്ന നിലയിലും പോരാടേണ്ടതുണ്ട്. പക്ഷേ അത് മര്‍ദിതര്‍ എന്ന വിശാലമായ കാഴ്ചപ്പാടോടുകൂടിയാവണം.മായാവതിയും കൂട്ടുകെട്ടുകളുംദളിത് രാഷ്ട്രീത്തെപ്പറ്റി പൊതുവില്‍ എന്തു പറയും?

ദളിതുകള്‍ മുമ്പെന്നത്തേക്കാളും സംഘടിതരായിക്കൊണ്ടിരിക്കുന്നു എന്നതാണ് ദളിത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനയുടെയും വികാസം കാണിക്കുന്നത്. അവര്‍ക്കിടയില്‍ ഐക്യവും ശക്തിപ്പെടുന്നുണ്ട്. മായാവതിയുടെ വിജയവും ദളിതുകളുടെ രാഷ്ട്രീയം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഒരു തെളിവാണ്. പുതിയ ദളിത് നേതാക്കള്‍, എഴുത്തുകാര്‍ ഒക്കെ കടന്നുവരുന്നു. ദളിത് രാഷ്ട്രീയം മുന്നോട്ട് നീങ്ങുന്നു എന്നതാണ് സൂചനകള്‍.

പക്ഷേ, മായാവതിക്കെതിരെ അഴിമതി ഉള്‍പ്പടെയുള്ള ആരോപണങ്ങളുണ്ട്. ബി.ജെ.പിയുള്‍പ്പടെയുള്ള പാര്‍ട്ടികളുമായി അവരുടെ മുന്‍കാല ബന്ധങ്ങളും വിമര്‍ന വിധേയമായിട്ടുണ്ട്....

ഉത്തര്‍പ്രദേശിലെ മായാവതിയുടെ വിജയത്തെ നമ്മള്‍ വില കുറച്ചു കാണേണ്ടതില്ല. പക്ഷേ ഇതു രാഷ്ട്രീയമാണ്. അവിടെ ചില ഒത്തുതീര്‍പ്പുകളും കൂട്ടുകെട്ടുകളും ആവശ്യമാണ്. മറ്റുള്ളവര്‍ക്ക് എന്തുകൂട്ടുകെട്ടുകളും ആവാം ദളിതര്‍ക്ക് അത് പാടില്ല എന്നു പറയുന്നതില്‍ യുക്തികേടുണ്ട്. അധികാരം നിലനിര്‍ത്താന്‍ ചില ഒത്തുതീര്‍പ്പുകള്‍ ആവശ്യമാണെന്നാണ് മായാവതിയുടെ നിലപാട്. ഞാന്‍ അത്തരം കൂട്ടുകെട്ടുകളോട് യോജിക്കുന്നുവെന്നല്ല. പക്ഷേ, ദളിതര്‍ക്ക് ഇത്തരം കൂട്ടുകെട്ടുകള്‍ പാടില്ല എന്നു പറയുന്നതില്‍ ഞാന്‍ യുക്തികേട് കാണുന്നു.സംഘപരിവാര്‍, ഹിന്ദുമതം, ഗാന്ധി


മണ്ഡല്‍ കാലത്ത് ഉയര്‍ന്നുവന്ന സവര്‍ണ ഹിന്ദുമുന്നേറ്റത്തിന് ഇന്ന് ചില തിരിച്ചടികള്‍ നേരിട്ടതായി തോന്നുന്നുണ്ടോ?

ഉണ്ട്. ഹിന്ദുശക്തികള്‍ക്ക് ഏറ്റ തിരിച്ചടിയില്‍ ഞാന്‍ സന്തുഷ്ടനാണ്. സംഘപരിവാര്‍ ജനങ്ങളുടെ ശത്രുക്കളാണ്. അവര്‍ നിലനില്‍ക്കുന്നിടത്തോളം ദളിതുകളുടെ മോചനം സാധ്യമാവുമായിരുന്നില്ല. ഇനിയൊരിക്കലും 'ഹിന്ദു' വെന്ന തീവ്ര മുഖവുമായി ഹിന്ദുഫാസിസ്റ്റ് തുടരനാവില്ല. അതവരും തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ ഹിന്ദുശക്തികള്‍ തീര്‍ത്തും പരാജിതരായി എന്നു കരുതാന്‍ പാടില്ല. ദളിതുകള്‍ ഉള്‍പ്പടെയുള്ളവര്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ജാഗ്രതയോടെ ചുവടുകള്‍ വച്ചില്ലെങ്കില്‍ ഇപ്പോള്‍ സംഘപരിവാര്‍ ശക്തികള്‍ക്കുമേലുള്ള വിജയം താല്‍ക്കാലികമായിത്തീരും.


ദലിത് പ്രസ്ഥാനങ്ങള്‍ മിക്കപ്പോഴും എതിരാളിയായി കാണുന്നത് ഗാന്ധിയെയാണ്. നിങ്ങളും അത്തരം മനോഭാവം പുലര്‍ത്തുന്നുണ്ടോ?

ഗാന്ധിയുടെ ഇടപെടലുകള്‍ ദളിതുകള്‍ക്ക് അനുകൂലമായിരുന്നില്ല. പല ചരിത്ര സാഹചര്യങ്ങളിലും ദളിതുകള്‍ക്കെതിരായിട്ടാണ് ഗാന്ധി നിലകൊണ്ടത്. പ്രത്യേകിച്ച് അംബേദ്കറോടുള്ള സമീപനങ്ങളില്‍. അതുകൊണ്ട് തന്നെ എനിക്ക് ഗാന്ധിയോട് അനുകൂല നിലപാടല്ല ഉള്ളത്. എന്നാല്‍ ഗാന്ധിയുടെ പ്രവര്‍ത്തനരീതികളില്‍ നിന്ന് ഒന്നും സ്വീകരിക്കേണ്ടതില്ലെന്ന് അര്‍ത്ഥമില്ല.കമ്യൂണിസ്റ്റുകളും ജാതിയും


സാമ്രാജ്യത്വത്തിന്റെ മുഖ്യ ഇരകളായി ദലിതരെയും ആദിവാസികളെയുമാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദളിതുകള്‍ സാമ്രാജ്യത്വ വിരുദ്ധ മുന്നേറ്റങ്ങളില്‍ പങ്കെടുക്കുന്നതില്‍ ദളിത് ബുദ്ധിജീവികള്‍ പൊതുവില്‍ വലിയ ഊന്നല്‍ നല്‍കുന്നതായി കാണുന്നില്ല. അതു ശരിയായ സമീപനമാണോ?

സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കെതിരെ വിശാലമായ ഐക്യം രൂപീകരിക്കേണ്ടതുണ്ട്. ഒരു തരത്തിലുള്ള ചൂഷണവും നമുക്ക് അംഗീകരിക്കാനാവില്ല. അതുകൊണ്ട് തന്നെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളില്‍ ദളിതര്‍ പങ്കെടുക്കുകയും ശക്തമായ സമരങ്ങള്‍ നടത്തുകയും വേണം. സാമ്രാജ്യത്വ ചൂഷണത്തോടാണ് എനിക്ക് എതിര്‍പ്പ്. പക്ഷേ ഞാന്‍, ഞാന്‍ ആഗോളവല്‍ക്കരണത്തെ അംഗീകരിക്കുന്നുണ്ട്.


ആഗോളവല്‍ക്കരണത്തെ അംഗീകരിക്കുന്നുവെന്നോ. എന്തുകൊണ്ട്?

എന്നൊക്കെ പുറത്തുനിന്ന് ആള്‍ക്കാര്‍ ഇവിടേക്കു വന്നോ അവരൊക്കെ ജാതിയോട് പ്രതികൂലമായിട്ടാണ് കുറഞ്ഞ അളവിലെങ്കിലും പ്രതികരിച്ചത്. അവരാരും ഹിന്ദുബ്രാഹ്മണ്യത്തെപ്പോലെ ജാതിയെ ന്യായീകരിച്ചില്ല. ഇവിടേക്ക് ക്രിസ്ത്യാനികള്‍വന്നപ്പോള്‍, പിന്നീട് മുഗളര്‍ വന്നപ്പോള്‍ ഒക്കെ ജാതിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയല്ല സ്വീകരിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ നിഷേധിക്കുമ്പോഴും ബ്രിട്ടീഷുകാര്‍ക്ക് ജാതിയോട് പൊതുവില്‍ അനുകൂല മനോഭാവമല്ല ഉണ്ടായിരുന്നത്. ഇവിടുത്തെ നേതാക്കള്‍ക്കും ബ്രാഹ്മണ്യ വിഭാഗങ്ങള്‍ക്കും ജാതി പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ അശക്തരായിരുന്നു. മറിച്ച് അതിന്റെ പ്രോത്സാഹകരായിരുന്നു. എന്നാല്‍ ദളിതുകള്‍ പറഞ്ഞ പല കാര്യങ്ങളും ബ്രിട്ടീഷുകാര്‍ക്ക് മനസ്സിലായി. ഇപ്പോള്‍ ആഗോളവല്‍ക്കരണം നടക്കുമ്പോള്‍ അത് ദളിതുകളുടെ അവസ്ഥയെ മെച്ചപ്പെടുത്തുന്നുണ്ട്. അവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നുണ്ട്. അവര്‍ക്ക് ലോകത്തോട് സംവദിക്കാനാവുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോളവല്‍ക്കരണത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.


ദളിതര്‍ തങ്ങളുടെ ദേശീയ സ്വത്വത്തിലേക്കും ഭാഷയിലേക്കും മടങ്ങിപ്പോകണമെന്നും അങ്ങനെ ചെറുത്തുനില്‍പ്പിന്റെ ഉയര്‍ത്തണമെന്നും ഒരു വാദമുണ്ട്. താങ്കള്‍ അതിനെ അനുകൂലിക്കുന്നുണ്ടോ?

ഇല്ല. ദളിതര്‍ ആധുനിക ലോകത്തോട് ഇടപെടണം. അവര്‍ ഇംഗ്ലീഷ് പഠിക്കണം. അവര്‍ കാലത്തിന് പിന്നിലോട്ട് പോയി തങ്ങളിലേക്ക് ചുരുങ്ങുകയല്ല വേണ്ടത്. അവര്‍ ആധുനീകരാവണ,. തങ്ങളുടെ സംസ്‌കാരങ്ങളിലെ ചില സമര പൈതൃകങ്ങള്‍ അവര്‍ക്ക് ഉയര്‍ത്തിക്കാട്ടാം. പക്ഷേ, അത്യന്തികമായി മുന്നോട്ട് വരാനാണ് ദളിതുകള്‍ ശ്രമിക്കേണ്ടത്. ഇല്ലെങ്കില്‍ അവര്‍ പഴയകാലത്ത് തുടരുകയാവും ചെയ്യുക.
ബ്രാഹ്മണ്യം പ്രാദേശിക സംസ്‌കാരത്തെയും ഭാഷയെയും അധിനിവേശപ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍ക്കണം


കാഞ്ച ഐലയ്യയെപ്പോലുള്ളവര്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്നും ബദല്‍ സൂചകളങ്ങും ചിഹ്‌നങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനെ അപ്പോള്‍ എങ്ങനെ കാണും?

ദളിതുകളുടെ മുന്നേറ്റത്തിന് ചരിത്രത്തില്‍ നിന്നും ഇന്നലെകളില്‍ നിന്നും ചില ദളിത് സൂചകങ്ങള്‍ എടുത്തുകാട്ടുന്നതില്‍ തെറ്റില്ല. അതാവശ്യമാണ് താനും. പക്ഷേ, ദളിതര്‍ തങ്ങളുടെ ഭാഷയിലേക്കും സംസ്‌കാരത്തിലേക്കും മടങ്ങിപ്പോകണം എന്നു പറയുന്നത് ശരിയല്ല. ദളിതുകള്‍ ഇംഗ്ലീഷ് വിദ്യഭ്യാസം നേടണം. കലാലയ വിദ്യാഭ്യാസം നടത്തണം. അവര്‍ ഇടപെടേണ്ടത് പുതിയ ലോകത്തോടാണ്. അവര്‍ പിന്നിലേക്ക് നടക്കേണ്ടതില്ല.


ഇന്ത്യയിലെ കമ്യൂണിസ്റ്റുകളോടും ഇടതുപക്ഷങ്ങളോടും നിങ്ങളുടെ നിലപാടെന്താണ്?

ഞാന്‍ ചെറുപ്പത്തില്‍ മാര്‍ക്‌സിന്റെയും മാവായുടെയും സാഹിത്യങ്ങള്‍ വായിച്ച് അതില്‍ ആകൃഷ്‌നായ ഒരാളാണ്. കമ്യൂണിസ്റ്റുകള്‍ ദളിതരുടെ സുഹൃത്തുക്കളാണ്. അവര്‍ ദളിതരുടെ മോചനത്തിനുവേണ്ടി കുറേയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അനുകൂലമായ നിലപാടുകള്‍ എടുത്തിട്ടുണ്ട്. പക്ഷേ അവര്‍ ഒരിക്കലും ജാതിയുടെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞില്ല. കമ്യൂണിസ്റ്റുകള്‍ എന്നും സാമ്പത്തിക പരിഹാരമാണ് നിര്‍ദേശിച്ചത്. അവര്‍ പ്രശ്‌നങ്ങളെ സാമ്പത്തികത്തിലേക്ക് ചുരുക്കി കണ്ടു. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ ജാതിയുള്‍പ്പടെയുള്ള സാമൂഹ്യ വേര്‍തിരിവുകള്‍ അപ്രത്യക്ഷമാകുമെന്ന് കരുതി. അതില്‍ അവര്‍ പരാജയമായിരുന്നു. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം എന്ന് സവര്‍ണ്ണരുടെ കൈകളിലാണ്. ഒരൊറ്റ ദളിതനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ക്ക് കാണാനാവില്ല. ജാതിയുടെ യാഥാര്‍ത്ഥ്യത്തെ പഅവര്‍ മനസ്സിലാക്കുന്നതില്‍ കമ്യൂണിസ്റ്റുകള്‍ ഇന്നും പരാജയമാണ്.


കമ്യൂണിസ്റ്റുകള്‍ക്കെതിരെ അത്തരം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ മറുവശത്ത് ദളിതുകള്‍ക്കെതിരെയും ആ ആക്ഷേപമുണ്ട്. ദലിത് പ്രസ്ഥാനങ്ങള്‍ ജാതിയെ മാത്രം പരിഗണിക്കുകയും വര്‍ഗത്തെ അവഗണിക്കുകയും ചെയ്യുന്നു...

ദലിതര്‍ വര്‍ഗസമരവും നടത്തണം. ദളിതന്‍ ജാതിയുടെ മര്‍ദനം മാത്രമല്ല ഏല്‍ക്കുന്നത്. ദളിത് ദരിദ്രന്‍ (ഗരീബി) കൂടിയാണ്. പക്ഷേ ദളിതുകള്‍ ആദ്യം നടത്തേണ്ടത് ജാതി സമരമാണ്. രണ്ടാമതായി വര്‍ഗസമരവും. അവുടെ ഊന്നല്‍ ജാതിവിരുദ്ധ സമരത്തിലായിരിക്കും. ജാതിയെ ഒഴിച്ചുനിര്‍ത്തി വര്‍ഗ സമരമോ വര്‍ഗത്തെ ഒഴിച്ചുനിര്‍ത്തി ജാതി വിരുദ്ധ സമരമോ സാധ്യമല്ല.


ജാതി പ്രശ്‌നത്തില്‍ മുന്നേറിയ സമൂഹമായാണ് പൊതുവില്‍ കേരളം വിലയിരുത്തപ്പെടുന്നത്? കേരളത്തിലെ ജാതി പ്രശ്‌നത്തെപ്പറ്റി എത്രമാത്രം അറിയാം?


കേരളത്തിലെ ദളിത് അവസ്ഥകളെപ്പറ്റി നന്നായി അറിയാം എന്നു പറഞ്ഞുകൂടാ. പക്ഷേ, സ്ഥിരമായി തന്നെ ഇവിടെ നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കാറും പിന്തുടരാറുമുണ്ട്. കേരളത്തിലെ അവസ്ഥ അത്രമെച്ചമൊന്നുമല്ല. ഇവിടെ നടന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്കൊണ്ട് ചില മുന്നേറ്റങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ ഇപ്പോഴും ദളിതര്‍ പീഡിപ്പിക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമല്ല കേരളത്തിലെ സ്ഥിതി. വര്‍ക്കലയില്‍ അടുത്തു നടന്ന മര്‍ദനങ്ങള്‍ തന്നെ അതിനു തെളിവാണ്.


വര്‍ക്കലയില്‍ നടന്ന ദളിത് മര്‍ദനങ്ങള്‍...? താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?

വര്‍ക്കലയില്‍ ദളിതര്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തലാണ് നടന്നത്. മുഴുവന്‍ ദളിത് സമൂഹത്തെയും തീവ്രവാദികളായി മുദ്രകുത്തി അടിച്ചമര്‍ത്തുകയായിരുന്നു ഭരണകൂടവും ഹിന്ദുശക്തികളും മാധ്യമങ്ങളും കൂടി ചെയ്തത്. ദളിതുകള്‍ വഴിപോക്കനെ കൊലപ്പെടുത്തിയെങ്കില്‍ കുറ്റക്കാരെ പിടികൂടി ശിക്ഷിക്കണം. അതില്‍ ആര്‍ക്കും ഇല്ല എതിര്‍പ്പ്. എന്നാല്‍ വര്‍ക്കലയില്‍ ഒരു കൊലപാതകത്തിന്റെ പേരില്‍ മുഴുവന്‍ ദളിതരെയും തീവ്രാദികളാക്കി മുദ്രകുത്തുകയും അടിച്ചമര്‍ത്തുകയുമാണ് ചെയ്യുന്നത്. സ്ത്രീകളെ രാത്രി ആക്രമിക്കുന്നു. വീടുകള്‍ തകര്‍ക്കുന്നു. ഭീകരത സൃഷ്ടിക്കുന്നു. ഇത് ക്രൂരമായ അനീതിയാണ്. ദളിതുകളും അവരുടെ സംഘടനകളം സമൂഹത്തില്‍ നിലനില്‍ക്കാനോ പാടില്ല എന്ന സവര്‍ണ്ണ മൂല്യബോധമാണ് ഇതിനു പിന്നില്‍. ദളിതുകളുടെ മേല്‍ ആരോപിക്കപ്പെടുന്ന കൊലപാതകമാകട്ടെ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിന് ഇത് നാണക്കേടാണ്. വര്‍ക്കലിയില്‍ നടന്ന ദളിത് മര്‍ദനങ്ങളില്‍ ഇടതുകാരും കമ്യൂണിസ്റ്റുകാരും ലജ്ജിക്കുകയാണ് വേണ്ടത്.


നിങ്ങള്‍ ഒരു ലിബറല്‍- പരിഷ്‌കരണവാദി സമീപനമാണ് പൊതുവില്‍ എഴുത്തിലൂടെ സ്വീകരിക്കുന്നത് എന്ന് ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. എങ്ങനെയാണ് ഈ വിമര്‍ശനത്തോട് പ്രതികരിക്കുക?

ലിബറല്‍-പരിഷ്‌കരണവാദം (ലിബറല്‍ റിഫോര്‍മര്‍) എന്ന വിമര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്തെന്ന് എനിക്ക് വ്യക്തമായിട്ടില്ല. ഞാനൊരു വിപ്ലവകാരിയല്ല. ഒരിക്കലും അക്രമം എന്റെ പാതയുമല്ല. ജനാധിപത്യവും സമാധാനപരവുമായ രീതികളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീണ്ടകാല ലക്ഷ്യങ്ങളെ അതുമാത്രമാണ് സഹായിക്കുക. അതുകൊണ്ടാണ് വിമര്‍ശനങ്ങളെപ്പറ്റി ഒന്നും പറയാനില്ല.


എന്താണ് നിങ്ങളുടെ എഴുത്തിന്റെ പൊതുരീതി? ഹിന്ദിയില്‍ രചനകള്‍ നടത്താറില്ലേ?

ഞാന്‍ മറാഠിയിലാണ് എഴുതുന്നത്. മറാഠിയിലേ എഴുതാനറിയു. മറ്റൊരു ഭാഷയിലും എനിക്ക് ശരിയായ അര്‍ത്ഥത്തില്‍ പ്രാവീണ്യമില്ല. ഹിന്ദിയും ഇംഗ്ലീഷും അറിയാം. ആശയവിനിമയത്തിന്റെ തലത്തില്‍. മറാഠിയില്‍ എഴുതുന്നതെല്ലാം പെട്ടന്ന് തന്നെ ഹിന്ദിയിലേക്ക് മൊഴിമാറ്റപ്പെടുന്നു. അത് പിന്നീട് ഇംഗ്ലീഷിലേക്കും. അത്തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്.

'അക്കര്‍മാശി'യുടെ കഥ തുടരുകയാണല്ലോ. എന്തുകൊണ്ട് ബാക്കി ജീവിതം കൂടി എഴുതുന്നില്ല?

അക്കര്‍മശിയുടെ രണ്ടാം ഭാഗം ഞാന്‍ കുറച്ചുമുമ്പ് എഴുതിപൂര്‍ത്തിയാക്കിയിരുന്നു. അക്കര്‍മശി എഴുതിയ ശേഷമുള്ള എന്റെ ജീവിതമാണ് അത്. മറാഠിയിലാണ് അത്. ഹിന്ദി വിവര്‍ത്തനം വന്നിട്ടില്ല. അതുകൊണ്ട് തന്നെ മറാഠിക്ക് പുറത്ത് അധികം പേര്‍ക്കും അറിയില്ല. അക്കര്‍മശിയുടെ രണ്ടാം ഭാഗത്തിന് ഞാന്‍ വ്യക്തിപരമായി വലിയ പ്രധാന്യം കൊടുക്കുന്നില്ല. എനിക്ക് പറയാനുണ്ടായിരുന്നത് 'അക്കര്‍മാശി'യാണ്.

കുടുംബം?

പൂനയിലെ ശര്‍മാര്‍ഥ് നഗറിലാണ് താമസം. മെച്ചപ്പെട്ട സാമ്പത്തിക കെട്ടുറപ്പ് ഇപ്പോഴുണ്ട്. ഭാര്യ കുസുമം തന്നെയാണ് എന്റെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ സഹായിയായി പ്രവര്‍ത്തിക്കുന്നത്. മൂന്നുമക്കളുണ്ട്. ഒരു മകനും രണ്ടു പെണ്‍മക്കളും. രണ്ട് മക്കള്‍ കോളജ് അധ്യാപകരാണ്. ഒരു മകള്‍ നിയമവിദ്യാര്‍ത്ഥിയാണ്.


പുതിയ രചനകള്‍?

ജനുവരിക്കു മുമ്പ് എന്റെ ആറ് പുസ്തകങ്ങള്‍ പുറത്തിറങ്ങും. ഹിന്ദുവിന്റെ ഇംഗ്ലീഷ് പതിപ്പ്, ദളിത് സാഹിത്യ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ചില പഠനങ്ങള്‍, അക്കര്‍മശിയുടെ അഞ്ചാം പതിപ്പ് എന്നിവയാണ് അത്. ഇപ്പോള്‍ നിരൂപണത്തിലാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഒപ്പം ദളിത് ചരിത്രത്തിലും.Samakaalika Malayalam Varika
2010 Jan

No comments:

Post a Comment