Saturday, July 17, 2010

'നമ്മുടെ വിപ്ലവങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുന്നു'

സംഭാഷണം
വില്യം ഡാല്‍റിംപിള്‍/ബിജുരാജ്

ചരിത്രമെഴുത്തിനെ കഥപറച്ചിലിന്റെ ആഡംബരങ്ങളിലേക്കും ആഘോഷങ്ങളിലേക്കും പറിച്ചുവച്ച എഴുത്തുകാരനാണ് വില്യം ഡാല്‍റിംപിള്‍. നമ്മുടെ മാനത്ത് നൂറായിരം സൂര്യന്‍മാരുണ്ടെന്നും നമുക്ക് പൂര്‍ണവിരാമങ്ങളില്ലെന്നും ഓര്‍മിപ്പിക്കുന്ന മറ്റൊരു 'വിദേശ' ചരിത്രകാരന്‍.
ഇരുപത്തഞ്ചുവര്‍ഷമായി ഇന്ത്യയോട് ആത്മബന്ധം പുലര്‍ത്തുകയും രണ്ട് ദശാബ്ദങ്ങളായി ഡല്‍ഹിയില്‍ താമസിക്കുകയും ചെയ്യുന്ന സ്‌കോട്ടിഷുകാരനാണ് ഡാല്‍റിംപിള്‍. ചരിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍, സഞ്ചാരസാഹിത്യകാരന്‍, കോളമിസ്റ്റ് തുടങ്ങിയ നിലകളില്‍ രാജ്യാന്തര പ്രശസ്തന്‍.
1967-ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഫിര്‍ത്ത് ഓഫ് ഫോര്‍ത്തില്‍ ജനിച്ച വില്യം ഡാല്‍റിംപിള്‍ യു.കെയിലെ ആംപിള്‍ ഫോര്‍ത്ത് കോളജ്, ട്രിനിറ്റി, കേംബ്രിഡ്ജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ലണ്ടനിലെ സണ്‍ഡേ ടൈംസിന്റെ ലേഖകനായിട്ടാണ് എഴുത്തുജീവിതത്തിന്റെ തുടക്കം. ഇരുപത്തിരണ്ട് വയസുള്ളപ്പോള്‍ 'ഇന്‍ സനാഡു' എന്ന പ്രശസ്തമായ യാത്രാവിവരണ ഗ്രന്ഥം രചിച്ചു. പ്രാചീന സഞ്ചാരിയായ മാര്‍ക്കോപോളയുടെ യാത്രാവഴികളിലൂടെ ജറുസലേമില്‍ നിന്ന് മംഗോളിയയിലേക്ക് ദുര്‍ഘട പാതകള്‍ പിന്നിട്ടായിരുന്നു രചന. തുടര്‍ന്നുള്ള രണ്ട് രചനകളും മധ്യപൂര്‍വദേശം, ഇന്ത്യ, മധ്യയേഷ്യ എന്നിവിടങ്ങളില്‍ നടത്തിയ യാത്രയാണ്.
മൂന്നുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ 'ദ ലാസ്റ്റ് മുഗള്‍: ദ ഫാള്‍ ഓഫ് എ ഡൈനാസ്റ്റി, ഡല്‍ഹി 1857' യാണ് റിംപിളിന്റെ ഏറ്റവും പ്രശസ്തമായ പുസ്തകം. 'ഇന്‍ സനാഡു' (1989), 'സിറ്റി ഓഫ് ജിന്‍സ്', 'ഫ്രം ദ ഹോളി മൗണ്ടെയിന്‍: എ ജേര്‍ണി ഇന്‍ ദ ഷാഡോ ഓഫ് ബിസാന്‍ടിയം' (1997), 'ദ ഏജ് ഓഫ് കാളി' (1998), 'വൈറ്റ് മുഗള്‍സ്' (2002) തുടങ്ങിയവയാണ് കൃതികള്‍. ഇന്ത്യയെക്കുറിച്ചുള്ളതാണ് ഒമ്പതില്‍ ഏഴ് പുസ്തകങ്ങളും.
റോയല്‍ സൊസൈറ്റി ഓഫ് ലിറ്ററേച്ചര്‍, റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി എന്നിവയുടെ ഫെല്ലോയാണ് റിംപിള്‍. ജയ്പൂര്‍ സാഹിത്യോത്സവത്തിന്റെ സ്ഥാപകനും സഹ ഡയറക്ടറുമാണ്. ചരിത്രമെഴുത്തിനും യാത്രാവിവരണത്തിനും ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ദ ഗാര്‍ഡിയന്‍, ദ ന്യൂ സ്‌റ്റേറ്റ്‌സ്മാന്‍, ദ ന്യൂയോര്‍ക്കര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പതിവ് എഴുത്തുകാരനുമാണ്.
ഇപ്പോള്‍ ഡല്‍ഹിക്കടുത്ത് ജൗനാപൂരില്‍ വിശാലമായ ഒരു കൃഷിയിടത്തിലാണ് താമസം. കലാകാരിയും എഴുത്തുകാരിയുമായ ഒലിവിയ ഫ്രാസറാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
തന്റെ ഏറ്റവും പുതിയ പുസ്തകമായ 'നയണ്‍ ലൈവ്‌സ്: ഇന്‍ സെര്‍ച്ച് ഓഫ് മോഡേണ്‍ ഇന്ത്യ'യുടെ (ലണ്ടനിലെ ബ്ലൂംസ്‌ബെറിയാണ് പ്രസാധകര്‍) പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ വില്യം ഡാല്‍റിംപിള്‍ എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:


ഒമ്പതുജീവിതങ്ങള്‍, കഥകള്‍


'നയണ്‍ ലൈവ്‌സ്' എന്ന പുതിയ പുസ്തകത്തിന്റെ തലവാചകത്തില്‍ 'ആധുനിക ഇന്ത്യയുടെ ആത്മാവ് തേടു'ന്നുവെന്ന് പറയുന്നു. എത്രമാത്രം വ്യക്തിപരമായി താങ്കള്‍ക്ക് അതിനായിട്ടുണ്ട്? എങ്ങനെയാണ് ഈ പുസ്തകത്തിലേക്ക് എത്തുന്നത്?

ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയെന്ന അവകാശവാദമൊന്നും എനിക്കില്ല. ഈ വലിയ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ ഒരാള്‍ക്കും എളുപ്പം പിടികിട്ടില്ല. ഇന്ത്യയെ കൂടുതല്‍ അറിയാന്‍ ഞാന്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുസ്തകം. എന്റെ തന്നെ ജിജ്ഞാസയാണ് ഇത്. ഒമ്പത് മനുഷ്യരുടെ കഥകളാണ് പുസ്തകത്തിലുള്ളത്. ചൈനീസ് അധിനിവേശത്തിനെതിരെ സമരം ചെയ്ത് ഒളിവില്‍ ഇന്ത്യയിലേക്ക് വരുന്ന ബുദ്ധഭിക്ഷു, തെയ്യം കലാകാരനായ ഹരിദാസ്, ഒരു ദേവദാസി, ജൈന സന്യാസിനി തുടങ്ങി ഒമ്പതു പേര്‍ അവരുടെ തന്നെ കഥകള്‍ പറയുന്ന രീതിയിലാണ് 'നയണ്‍ ലൈഫ്‌സ്' തയ്യാറാക്കിയത്. ഞാന്‍ എന്ന വ്യക്തി ഈ കഥകളില്‍ കുറച്ചേയുള്ളൂ. എന്റേതായ ഇടപെടലുകള്‍ ഒന്നും നടത്താതെ അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തുന്നു. ചെറുകഥകള്‍ പോലെ വ്യത്യസ്തമാണ് ഇതിലെ ഓരോ അധ്യായവും. ഇന്ത്യയില്‍ പലപ്പോഴായി കണ്ട ആളുകളില്‍ നിന്നാണ് ഈ കഥകളുടെ തുടക്കം. ഞാനതിലൂടെ ഇന്ത്യയിലെ വിവിധ സംഭവങ്ങളും സ്വഭാവങ്ങളും പറയാനാണ് ശ്രമിച്ചത്.

എന്തുകൊണ്ടാണ് പെട്ടെന്ന് ചരിത്രപുസ്തകത്തില്‍ നിന്ന് ഒരു ഒഴിഞ്ഞുമാറ്റം നടത്തിയത്?

ഞാന്‍ പത്ത്‌വര്‍ഷത്തിലധികം ആര്‍ക്കൈവ്‌സുകളിലാണ് ചെലവിട്ടത്. ഡല്‍ഹിയില്‍ മാത്രമല്ല, ലാഹോറിലും റംഗൂണിലും ലണ്ടനിലുമെല്ലാം. അതില്‍ നിന്ന് ഒരു മാറ്റം എനിക്കാവശ്യമുണ്ടായിരുന്നു. ഞാന്‍ ഭൂരിഭാഗംസമയത്തും സഞ്ചാരസാഹിത്യകാരനായിട്ടാണ് ജീവിച്ചത്. അതുകൊണ്ട് തന്നെ ഞാനിഷ്ടപ്പെട്ടിരുന്ന ഒരു മേഖലയിലേക്കുള്ള മാറ്റമാണത് ഇത്. പക്ഷേ ഈ പുസ്തകത്തിലും ചരിത്രമുണ്ട്. ചരിത്ര സന്ദര്‍ഭങ്ങളിലൂടെ കടന്നുവരുന്നവരുടെ ജീവിതമുണ്ട്. ആ ജീവിതങ്ങളിലൂടെ ചരിത്രം പറയാനാന്‍ കൂടിയാണ് ശ്രമം.

പാശ്ചാത്യവായനക്കാര്‍ക്ക് ഇന്ത്യയുടെ ചരിത്രങ്ങളും വിശ്വാസവും പറഞ്ഞാല്‍ കൂടുതല്‍ സ്വീകാര്യമാവും എന്നു തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയല്ലേ പ്രമേയങ്ങളില്‍ വിശ്വാസവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുകള്‍ നടത്തുന്നത്?

പാശ്ചാത്യര്‍ക്ക് ഇന്ത്യയുടെ ചരിത്ര, മത, ആത്മീയ വിഷയങ്ങളില്‍ താല്‍പര്യമുണ്ടെന്നത് സത്യമാണ്. പക്ഷേ എന്റെ ലക്ഷ്യം അവരെ രസിപ്പിക്കലല്ല. നേരത്തെ പറഞ്ഞതുപോലെ എന്റെ തന്നെ ജിജ്ഞാസകളും അതിനു പുറകയെുള്ള അന്വേഷണവുമാണ് എന്റെ രചനകള്‍. മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ വീണ്ടും പറായാം: ഇന്ത്യയുടെ ആത്മീയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് അല്ല എന്റെ ഉദ്ദേശം.


'നയണ്‍ലൈവ്‌സില്‍' മലയാളിയായ തെയ്യം കലാകാരന്‍ ഹരിദാസിന്റെ കഥ നിങ്ങള്‍ പറയുന്നു. ഈ കഥയിലൂടെ ജാതിയുടെ അവസ്ഥകളെക്കുറിച്ചു പറയാനാണോ ആഗ്രഹിച്ചത്? അതോ തെയ്യം എന്ന കലയെയും അതിനു പിന്നിലുള്ള ജീവിതത്തെയുമോ?

ഹരിദാസിനെ ഞാന്‍ പലവട്ടം കണ്ടു സംസരിച്ചിരുന്നു. ഹരിദാസ് തെയ്യം എന്ന തന്റെ കലയെ ഇഷ്ടപ്പെടുന്നു. ജയില്‍വാര്‍ഡന്റെ മുഷിപ്പന്‍ പണി അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. തെയ്യം കെട്ടാനായിരുന്നു അയാള്‍ ജീവിച്ചത്. വര്‍ഷത്തില്‍ മൂന്നുമാസം വീടുകള്‍ തോറും കയറിയിറങ്ങും. അന്നുവരെ തന്നെ അവഗണിക്കുകയും ജാതിയമായി തള്ളിപ്പറയുകയും ചെയ്യുന്ന ബ്രാഹ്മണരുടെ വീടുകളിലുമൊല്ലം അയാള്‍ക്ക് കടന്നുചെല്ലാം. നമ്പൂതിരിമാരുള്‍പ്പടെയുള്ളവര്‍ തെയ്യം കെട്ടിയ ഹരിദാസിന്റെ അനുഗ്രഹത്തിനായി തലകുമ്പിട്ടു നില്‍ക്കുന്നു. അത്തരത്തില്‍ വ്യത്യസ്തമായ വശങ്ങളുള്ള ഒരു ജീവിതാവസ്ഥ ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്.

ജാതിയാണ് ഹരിദാസിന്റെ കഥയിലെ വില്ലന്‍. ജാതി വ്യവസ്ഥയുടെ ചലന നിയമങ്ങള്‍ നിങ്ങള്‍ക്കു പിടികിട്ടിക്കാണും. ജാതി നിര്‍മാര്‍ജനം സാധ്യമാകുമോ?

എനിക്ക് അക്കാര്യത്തില്‍ വ്യക്തതയില്ല. മാത്രമല്ല അത്തരം വഴികള്‍ പറയാന്‍ ഞാനള്ളല്ല. ജാതി മാറണമെങ്കില്‍ സമൂഹം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടണം. ജനങ്ങള്‍ കൂടുതല്‍ ബോധവല്‍ക്കരിക്കപ്പെടണം. പക്ഷേ, ജാതിയെ ഇല്ലാതാക്കുക അത്ര എളുപ്പമല്ല.

പുതിയ ഒരു സാമുഹ്യ വിപ്ലവത്തിനും ജാതിയെ നശിപ്പിക്കാന്‍ സാധിക്കില്ലേ?

എന്താണ് വിപ്ലവങ്ങളുടെ സ്ഥിതി. എല്ലാ വിപ്ലവങ്ങളും പരാജയങ്ങളാണ്. നിങ്ങള്‍ നോക്കൂ. റഷ്യയില്‍ വിപ്ലവം നടന്നു. വൈകാതെ സ്റ്റാലിന്‍ വന്നു. കൂട്ടക്കൊലപാതകങ്ങള്‍ നടത്തി. ചൈനയില്‍ വിപ്ലവം നടന്നു. മാവോ സാംസ്‌കാരിവിപ്ലവം എന്നപേരിലൊക്കെ ലക്ഷങ്ങളെ കൊന്നൊടുക്കി. എവിടെയാണ് വിപ്ലവം വിജയിച്ചിട്ടുള്ളത്. അത്യന്തിമായി എല്ലാം പരാജയങ്ങളായി. ലോകത്തെവിടെയും വിപ്ലവം എന്നപേരില്‍ വന്നത് സേച്ഛാധിപത്യ ഭരണകൂടങ്ങളാണ്. അക്രമത്തിന് പ്രസ്‌കതിയില്ല. അത് വിജയിക്കില്ല.

ഗാന്ധിയന്‍ രീതികളും വിപ്ലവത്തിന് വേണ്ടി ഉപയോഗിക്കാം...?

ശരിയാണ്. ഗാന്ധിസം എനിക്കിഷ്ടമാണ്. പക്ഷേ എത്രത്തോളം എന്നതാണ് വിഷയം. ഗാന്ധിയും നെഹ്‌റുവും ഒന്നിക്കുന്ന ഒരു പാതയാണ് ശരിയെന്ന് തോന്നുന്നു. അക്രമം ഒഴിവാക്കപ്പെടേണ്ടതാണ്.ഇന്ത്യയുടെ ചരിത്രം തേടി


എന്നാണ് ഇന്ത്യയിലേക്ക് ആദ്യം വരുന്നത്? എന്തായിരുന്നു അന്ന് മനസ്സില്‍?

ഇരുപത്തഞ്ച് വര്‍ഷം മുമ്പാണ് ആദ്യ വരവ്. ഇറാഖിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആ സമയത്ത് സദ്ദാം ഹുസൈന്‍ ഇറാഖില്‍ പ്രവേശിക്കുന്നതിന് വിദേശികള്‍ക്കുമേല്‍ ചില വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. അപ്പോഴാണ് ഇന്ത്യയിലേക്ക് വരാമെന്ന് കരുതുന്നത്. കേംബ്രിഡ്ജില്‍ ചേരുന്നതിനു മുമ്പ് കിട്ടിയ കുറച്ചുനാളുകളിലാണ് ഈ യാത്ര. ഒരു സുഹൃത്തിനൊപ്പം ഇന്ത്യയിലെത്തി. പഴയ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ തന്നെ ഇന്ത്യയെന്നത് വിചാരിച്ചതിനേക്കാള്‍ വലിയ അത്ഭുതമാണെന്ന് മനസ്സിലായി. മദര്‍ തെരേസയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശം കൂടിയുണ്ടായിരുന്നു അന്ന്.

പക്ഷേ, എന്തുകൊണ്ടാണ് ഇന്ത്യയില്‍ താമസമാക്കാന്‍ തീരുമാനിക്കുന്നത്?

ഇന്ത്യയില്‍ താമസിക്കാന്‍ തീരുമാനിക്കുന്നത് പിന്നീട് അഞ്ചുവര്‍ഷങ്ങള്‍ കഴിഞ്ഞാണ്; 1989 ല്‍. ഇന്ത്യയില്‍ രണ്ടാം വട്ടം ഞാന്‍ വരുന്നത് പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. അന്ന് ഞാന്‍ 'ജിന്നുകളുടെ നഗരം' (സിറ്റി ഓഫ് ജിന്‍സ്) എന്ന പുസ്തകം രചിക്കാനുള്ള ശ്രമത്തിലായിരുന്നു. ഡല്‍ഹിയെപ്പറ്റിയുള്ള എന്റെ തന്നെ ഓര്‍മകള്‍ എന്ന രീതിയിലായിരുന്നു അത് ചിട്ടപ്പെടുത്തിയത്. ഡല്‍ഹിയിലെ നാഷണല്‍ ആര്‍ക്കൈവ്‌സിലും മറ്റുമായി ആറുവര്‍ഷം പുസ്തകത്തിനുവേണ്ടി ഗവേഷണവും പഠനവും നടത്തി. അതോടെ ഇവിടെ തന്നെ തുടരാന്‍ തീരുമാനിച്ചു. എനിക്ക് ഇന്ത്യയെപ്പറ്റി കുറേ പറയാനുണ്ടെന്ന് തോന്നി.


ചരിത്രരചനയും രീതികളും

ആദ്യ പുസ്തകത്തിന്റെ രചനാനുഭവങ്ങള്‍ പറഞ്ഞശേഷം നമുക്ക് ചരിത്രമെഴുത്തിന്റെ രീതികളിലേക്ക് പോകാം. 'ഇന്‍ സനാഡു' രചിച്ചത് ഇരുപത്തിരണ്ടുവയസ്സിലാണ്. എന്തായിരുന്നു ആ യാത്രാനുഭവങ്ങള്‍?

ആ പുസ്തകം എഴുതാന്‍ ഒരു കാരണം ഉണ്ടായിരുന്നു. 1986 ല്‍ പാകിസ്താനെയും ചൈനയെയും ബന്ധിപ്പിക്കുന്ന കാരക്കോരം ഹൈവേ വീണ്ടും തുറക്കുന്നു. മലയിടുക്കുകളിലൂടെയാണ് യാത. 19,000 കിലോമീറ്ററുകള്‍. ഈ വഴിയേ സഞ്ചാരിയായ മാര്‍ക്കോപോളോ പോയിട്ടുണ്ടെന്നാണ് വിശ്വാസം. യാത്ര ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ആ വഴിയേ യാത്ര ചെയ്യാന്‍ തീരുമാനിച്ചു. ആ അനുഭവങ്ങള്‍ പുസ്തകമാക്കണമെന്നും. അതിനായി ഞാന്‍ ജറുസലേമില്‍ നിന്ന് മംഗോളിയയിലെ സനാഡുവിലേക്ക് യാത്രചെയ്തു. അവിടെയാണ് കബ്‌ലായി ഖാനിന്റെ വേനല്‍ക്കാല കൊട്ടാരം. മറവിയിലേക്ക് വീണ റോഡുകളിലൂടെ ഞാന്‍ നീങ്ങി. ഗ്രാമങ്ങളുടെയും നഗരങ്ങളൂടെയൂം ആതിഥ്യം സ്വീകരിച്ചു. സാഹസികവും അപകടം നിറഞ്ഞതുമായിരുന്നു യാത്ര. ഞാനത് ശരിക്കും ആസ്വദിച്ചു.

ചരിത്രവും ചരിത്രമെഴുത്തും ഒരിക്കലും നിഷ്പക്ഷമല്ല എന്ന വാദത്തോട് താങ്കളെങ്ങനെയാണ് പ്രതികരിക്കുക?

ചരിത്രമെഴുത്ത് നിഷ്പക്ഷമൊന്നുമല്ല. ഒന്നും നിഷ്പക്ഷമല്ല. എല്ലാവരിലുമുണ്ട് താല്‍പര്യങ്ങളും ചായ്‌വുകളും മുന്‍വിധികളും. ചിലര്‍ തങ്ങളുടെ ചില താല്‍പര്യങ്ങള്‍ മറച്ചുവയ്ക്കും. എന്നിലും പല ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും. പക്ഷേ, ചരിത്രകാരന്‍ തന്റെ പക്ഷപാതിത്വങ്ങളെപ്പറ്റി ബോധവാനായിരിക്കണം. ചരിത്രം വായിക്കുന്നവര്‍ക്കുമുണ്ട് പക്ഷം. എന്റെ കാര്യത്തില്‍ ചരിത്രത്തോടാണ് ഞാന്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുന്നത്. കഴിയുന്നത്രയും വസ്തുതാപരമായിരിക്കാനും യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനുമാണ് മെനക്കെടുന്നത്.

ചരിത്രമെഴുത്തില്‍ എന്താണ് താങ്കളുടെ രീതി?

കുറേ പേരുകളും വര്‍ഷങ്ങളും സംഭവങ്ങളുമായി കുത്തിനിറച്ച പുസ്തകമല്ല എനിക്ക് ചരിത്രം. അക്കാമിക് ശൈലിയിലുള്ള പുസ്തകങ്ങളല്ല ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ വായിക്കണം. അവര്‍ക്ക് മനസ്സിലാകണം. അപ്പോള്‍ ചരിത്രം പറയുന്നത് ലളിതവും രസകരവുമായ രീതിയിലായിരിക്കണം. വായനക്കാര്‍ക്ക് മടുപ്പുണ്ടാകരുത്. ഇന്ത്യയില്‍ ചരിത്രം രസകരമായി പറയുക എന്നത് പുതുമയാണ്. ഈ രീതി വിജയിച്ചുവെന്നാണ് കരുതുന്നത്. അതുകൊണ്ടാവണം 'ലാസ്റ്റ് മുഗള്‍' 35000 കോപ്പി ഇന്ത്യയില്‍ മാത്രം വിറ്റുപോയത്.


ചരിത്ര ഗവേഷണത്തിലും രചനയിലും ഏര്‍പ്പെടുമ്പോള്‍ എന്തിനാണ് താങ്കള്‍ പ്രാധാന്യം നല്‍കുക? സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചുളള പഠനത്തിനാണോ?

അല്ല. പല വശങ്ങള്‍ക്കും പ്രാധാന്യം നല്‍കും. സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിയില്‍ മാത്രം ഊന്നല്‍ നല്‍കുന്നത് ശരിയായ രീതിയായിരിക്കില്ല. ചരിത്രാന്വേഷണങ്ങള്‍ക്ക് ബഹുമുഖ ദിശാസ്വഭാവമാണുള്ളത്. 1857 ലെ കലാപ സമയത്ത് വെടിയുണ്ടകളെ ഭയന്ന് ഓടുന്നവര്‍ക്കുമേല്‍ സിദ്ധാന്തങ്ങളും തിയറികളും പ്രായോഗിച്ചല്ലല്ലോ നമ്മള്‍ കാര്യങ്ങള്‍ പറയുക. അവരെ സംബന്ധിച്ച് ആ സമയത്ത് ജീവിതമാണ് വിഷയം. പലപ്പോഴൂം സിദ്ധാന്തങ്ങള്‍ മാറ്റിവച്ചേ ചരിത്ര രചന സാധ്യമാകൂ.

ചരിത്രത്തെ മാര്‍ക്‌സിസ്റ്റുും ഇടതുചരിത്രകാരും കാണുന്നത് വര്‍ഗസമരങ്ങളുടെ ചരിത്രമായിട്ടാണ്. ഈ വാദത്തോട് യോജിപ്പുണ്ടോ?

ഇല്ല. മാര്‍ക്‌സിറ്റുകളോട് യോജിപ്പില്ല. അവരുടെ വിശ്വാസങ്ങളോടോ ചരിത്ര രചനാരീതികളോടോ താല്‍പര്യം എനിക്കില്ല. അവര്‍ക്ക് ചരിത്രത്തെ മൊത്തത്തില്‍ കാണാനുള്ള കഴിവില്ല. അവര്‍ എഴുതുന്ന ചരിത്രം പലപ്പോഴും യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതായിരിക്കില്ല.


നമ്മുടെ ചരിത്രകാരില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ചരിത്രമെഴുതുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്...

അതില്‍ സത്യമുണ്ട്. ചരിത്രകാരില്‍ ഭൂരിപക്ഷം പേരും കൃത്യമായ രാഷ്ട്രീയ താല്‍പര്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. ചരിത്രകാരും എഴുത്തുകാരും പാര്‍ട്ടികള്‍ക്കും മതങ്ങള്‍ക്കും ദേശത്തിനും അതീതരായിരിക്കണം. പക്ഷേ ആരുടെയും പേരെടുത്ത് പറയാന്‍ ഇഷ്ടപ്പെടുന്നില്ല.

ചരിത്രകാരന്‍ എന്നതിനപ്പുറം വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകുമല്ലോ?

ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അക്രമത്തെ എതിര്‍ക്കുന്നു. എല്ലാത്തരം മൗലിക വാദത്തെയും എതിര്‍ക്കുന്നു.


എന്താണ് നിങ്ങളുടെ മത കാഴ്ചപ്പാട്?

ഞാന്‍ ഒരു മതത്തിന്റെയും ഭാഗമല്ല. പക്ഷേ വളരെയധികം മത പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് വരുന്നത്. സഹോദരനും അമ്മാവന്‍മാരും പുരോഹിതരാണ്. അച്ഛനും അമമ്മയും മതവിശ്വാസികളായിരുന്നു. മത വിശ്വാസമില്ല എന്നു പറയുമ്പോള്‍ എനിക്ക് ആത്മീയമായ താല്‍പര്യങ്ങളില്ല എന്നര്‍ത്ഥമില്ല. മതങ്ങളിലെ മാനവികതയാണ് ഞാന്‍ എഴുത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുമ്പ് ഞാന്‍ പറഞ്ഞിട്ടുണ്ട്: എന്നെങ്കിലും ഒരു മതത്തിന്റെ ഭാഗമായേ തീരൂ എന്ന അവസ്ഥ വന്നാല്‍, അങ്ങനെ നിര്‍ബന്ധിക്കപ്പെട്ടാല്‍ ഞാന്‍ ബൗള്‍ അനുയായി ആവാനാണിഷ്ടപ്പെടുക.


ഇന്ത്യയില്‍ ചരിത്രപഠനം ഗൗരവമായി കണക്കാക്കപ്പെടുന്നുണ്ടോ?

ഇല്ല. നിര്‍ഭാഗ്യകരമാണ് അത്. ചരിത്രം എന്നത് രസകരമായ വിഷയമാണ്. അത് വായിച്ചാല്‍ മനസ്സിലാകുവുന്ന വിധത്തില്‍ പറഞ്ഞാല്‍ ഏതൊരാള്‍ക്കും ഇഷ്ടപ്പെടും. നമ്മളുടെ ചരിത്രം കുറേ ഡേറ്റകളാണ്. അതുകൊണ്ട് തന്നെ മടുക്കും. മാത്രമല്ല പൊതുവില്‍ ചരിത്രം ഒരു അവഗണിക്കപ്പെട്ട വിഷയമാണ്. സ്‌കൂളുകളില്‍ പോലും ഗൗരവമായ ചരിത്രപഠനം നടക്കുന്നില്ല. ഇന്ത്യക്കാര്‍ക്ക് വര്‍ത്തമാന കാലത്തില്‍ മാത്രമേ താല്‍പര്യമുള്ളൂ. തന്റെ തന്നെ ഇന്നലെകള്‍ എന്തായിരുന്നുവെന്നറിയാന്‍ ഇന്ത്യയിക്കാര്‍ അധികം മെനക്കെടുന്നില്ല.


പക്ഷേ, നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ പലതും ദുര്‍ഗ്രാഹ്യവും വായനാക്ഷമതയില്ലാത്തതുമാണെന്ന് അഭിപ്രായമുണ്ട്?

ശരിയാണ്. കൂടുതല്‍ ചരിത്രപുസ്തകങ്ങളും അങ്ങനെയാണ്. ചരിത്രപുസ്തകങ്ങള്‍ എഴുത്തുകാരുടെ തങ്ങളുടെ വാദങ്ങളും തെളിവുകളും കുത്തിനിറച്ച ഒന്നായി മാറുന്നുണ്ട്. എന്നെ സംബന്ധിച്ച് ചരിത്രം സുന്ദരമായി, വായനാക്ഷമതയുണര്‍ത്തുന്ന വിധത്തില്‍ എഴുതപ്പെടണം. രസകരമായി, ബുദ്ധിപരമായ രീതിയില്‍ എഴുതുന്ന പുസ്തങ്ങളേ വായിക്കപ്പെടൂ.

അത്തരം രീതിയില്‍ മികച്ച ചരിത്രരചയിതാക്കളായി താങ്കള്‍ കണക്കാക്കുന്നതാരെയാണ്?

ചരിത്രത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട ചരിത്രകാരന്‍ സര്‍ സ്റ്റീവന്‍ റുന്‍സിമെന്നാണ്. 'ദ ഫാള്‍ ഓഫ് കോണ്‍സ്റ്റനാപ്പിള്‍ 1453' ആണ് ഏറ്റവും അധികം ഇഷ്ടപെടുന്ന പുസ്തകങ്ങളില്‍ ഒന്ന്. ഞാനത് പലവട്ടം വായിക്കുന്നു.

സഞ്ചാരസാഹിത്യരചനയില്‍ ഇഷ്ടപ്പെട്ടവര്‍?

ബ്രൂസ് ചാട്ട്‌വിന്‍, പാട്രിക് ലെയിഗ് ഫെര്‍മോര്‍, റോബര്‍ട്ട് ബൈറോണ്‍ തുടങ്ങിയവര്‍. ഇവരെല്ലാം ആദ്യ കാലത്ത് എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അവരുടെ കൃതികള്‍ തുടര്‍ച്ചയായി വായിച്ചുകൊണ്ടായിരുന്നു എന്റെയും തുടക്കം.


വിമര്‍ശനങ്ങള്‍, സമീപനങ്ങള്‍


താങ്കള്‍ ചരിത്രമെഴുത്തില്‍ 'മധ്യപാത' എന്നും സ്വീകരിക്കുന്നതായി വിമര്‍ശനമുണ്ട്. ഉദാഹരണത്തിന് കാശ്മീര്‍ വിഷത്തെപ്പറ്റി നിങ്ങള്‍ എഴുതിയ നീണ്ട കുറിപ്പുകളില്ലെല്ലാം ഇതുകാണാം. സമകാലിക അവസ്ഥകളില്‍ ആരെയും കൃത്യമായി ശരി/തെറ്റ് എന്ന് വേര്‍തിരിക്കാതെയാണ് എഴുതുന്നത്?

വിമര്‍ശനങ്ങള്‍ ഓരോരുത്തരുടെയും ചിന്തകള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചു കൂടിയാണ്. മധ്യപാത എന്ന വിമര്‍ശനത്തില്‍ എനിക്ക് ഒന്നും പറയാനില്ല. വിമര്‍ശനങ്ങള്‍ എന്നെ അസ്വസ്ഥപ്പെടുത്തുന്നില്ല. പക്ഷേ, കാശ്മീരിനെ സംബന്ധിച്ചാണെങ്കില്‍ കാശ്മീരിനെപ്പറ്റി പറയാന്‍ കാശ്മീരികള്‍ക്കാണ് അവകാശം എന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഡല്‍ഹി കുറേ വീഴ്ചകള്‍ വരുത്തിയിട്ടുണ്ട്. തുടക്കം മുതല്‍ക്കേ. കാശ്മീരിനെ അത്യധികമായി സൈനികവല്‍ക്കരിച്ചും സൈനിക നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നുമാണ് ഇന്ത്യന്‍ ഭരണകൂടം കരുതിയത്. പാകിസ്താന്‍ കുറേ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു എന്നത് സത്യമാണ്. പക്ഷേ തുടക്കം മുതല്‍ ഇന്ത്യക്ക് കുറേ വീഴ്ചകള്‍ സംഭവിച്ചു. മുമ്പ് തമിഴ്‌നാട്ടില്‍ ദേശീയ മോചനത്തിന്റെ പ്രശ്‌നമുണ്ടായിരുന്നു. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാദമുണ്ടായിരുന്നു. ഇന്നാരും അത് ഉയര്‍ത്തുന്നില്ല. ജനാധിപത്യ വല്‍ക്കരണ പ്രക്രിയയില്‍ ജനങ്ങളെ കൂടുതലായി ഉള്‍ച്ചേരുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിക്കും.


ഇന്ത്യന്‍ സാഹചര്യത്തില്‍ ചരിത്രം എന്നും സമകാലിക രാഷ്ട്രീയമുദ്രാവാക്യവുമായി ചേര്‍ന്നിരിക്കുന്നു. ഒരു ചരിത്രകാരന്‍ എന്ന നിലയില്‍ സമകാലിക രാഷ്ട്രീയ പ്രശ്‌നങ്ങളെ താങ്കള്‍ക്കും അഭിമുഖീകരിക്കേണ്ടി വരുന്നില്ലേ?

അങ്ങനെയില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ചരിത്രത്തിന് ഇന്നുമായി ബന്ധമുണ്ട് എന്ന് ഞാന്‍ അംഗീകരിക്കുന്നു. പക്ഷേ, 1857 ലെ മുഗള്‍ വംശത്തെപ്പറ്റി എഴുതുമ്പോള്‍ ഞാനെന്തിനാണ് സമകാലിക വിഷയങ്ങളെപ്പറ്റി പറയുന്നത്?


നിങ്ങള്‍ പറയുന്ന മുഗള്‍ വംശത്തില്‍ തന്നെയാണ് 'ബാബറി മസ്ജിദ്' നിലകൊള്ളുന്നത്. ഹിന്ദു മൗലിക വാദികള്‍ ആരോപിച്ചത് മുഗള്‍ ഭരണാധികാരി അമ്പലം പൊളിച്ച് പള്ളി പണിതു എന്നാണ്. അപ്പോള്‍ നിങ്ങള്‍ക്ക് സമകാലിക സംഭവങ്ങളുമായി ഇടപെടേണ്ടി വരുന്നില്ലേ?

അത്തരത്തില്‍ ശരിയാണ്. വര്‍ഗീയവാദികള്‍ പലപ്പോഴും ചരിത്രത്തില്‍ നിന്നാണ് തങ്ങളുടെ അടിത്തറ കണ്ടെത്തുന്നത്. ഞാന്‍ ആദ്യം ഇന്ത്യയില്‍ വരുന്നത് പത്രപ്രവര്‍ത്തകനായിട്ടാണ്. എന്റെ ആദ്യത്തെ റിപ്പോര്‍ട്ട് 'അയോധ്യയിലേക്കുള്ള എന്റെ യാത്രയാണ്'. അക്കാലത്ത് രാജ്യത്ത് ഹിന്ദു മത മൗലിക വാദികളുടെ മുന്നേറ്റം നടക്കുകയായിരുന്നു. രാജ്യം അപടകത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ചു. പക്ഷേ ആ വ്യാളി (ഡ്രാഗണ്‍) ഒഴിഞ്ഞിരിക്കുന്നു.


ആ വ്യാളി ഒഴിഞ്ഞു എന്നു പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചത്?

ഹിന്ദുമൗലികവാദം ഇന്ത്യയ്ക്ക് ദോഷകരമായിരുന്നു. അക്കാലത്ത് അതായിരുന്നു മുഖ്യ വിപത്ത്. ഇന്ന് പക്ഷേ ആ അവസ്ഥ മാറിയതായാണ് തോന്നുന്നത്. തെരഞ്ഞെടുപ്പില്‍ ഹിന്ദു മൗലികവാദികള്‍ക്ക് തിരിച്ചടിയേറ്റിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ല. അവര്‍ക്കിടയിലെ പ്രശ്‌നവും മറ്റുംകൊണ്ട് ഇനിയൊരു മന്ദിര്‍ പ്രശ്‌നം പറഞ്ഞ് അവര്‍ക്ക് വരാനാവില്ല.


വ്യാളി എന്നത്‌കൊണ്ട് ഹിന്ദു മൗലികവാദത്തെ മാത്രമാണോ ഉദ്ദേശിക്കുന്നത്?

അല്ല. ഏതൊരു തരം മൗലികവാദത്തെയും, അത് അഫ്ഗാനിസ്ഥാനിലെ താലിബാനായിക്കോട്ടെ, അല്‍ക്വയ്ദയായിക്കേട്ടെ ഞാനതിനെ എതിര്‍ക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് ഹിന്ദുമൗലിക വാദം ഒഴിഞ്ഞിരിക്കുന്നു. പാകിസ്താനെയും മറ്റും സംബന്ധിച്ചാണെങ്കില്‍ അവിടെ ശക്തമായി മുസ്ലീം മൗലികവാദം നിലനില്‍ക്കുന്നുണ്ട്. ഞാനതിനെ എതിര്‍ക്കുന്നുണ്ട്.


ഹിന്ദു മൗലികവാദം ഒഴിഞ്ഞുവെന്ന് പറഞ്ഞു. ഒരു ചരിത്രകാരനെന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന മുഖ്യപ്രശ്‌നം?

ഇന്ന് എനിക്ക് തോന്നിയ ഒരു മുഖ്യ പ്രശ്‌നം മാവോയിസവും അതിന്റെ അക്രമവുമാണ്. അത് രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണ്. അതിനോട് എനിക്ക് വിയോജിപ്പുണ്ട്.


മാവോയിസത്തെ അടിച്ചമര്‍ത്തണമെന്നാണോ പറയുന്നത്? പക്ഷേ ഛത്തീസ്ഗഢിലെ ആദിവാസികളുടെ ചെറുത്തുനില്‍പ്പും അതില്‍ അടങ്ങിയിട്ടുണ്ട്...


മാവോയിസത്തെ അംഗീകരിക്കാനാവില്ല. അത് ഇല്ലാതാവണം എന്നാണ് എന്റെ അഭിപ്രായം. നിങ്ങള്‍ പറഞ്ഞതുശരിയാണ്. ജനങ്ങളുടെ ചെറുത്തുനില്‍പ്പുള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ മാവോയിസവുമായി ബന്ധപ്പെട്ടുണ്ട്. പക്ഷേ നമുക്കൊരിക്കലും അക്രമത്തെ ന്യായീകരിക്കാനാവില്ല. ഞാന്‍ യാത്രികനാണ്. കംബോഡിയയില്‍ പോയിട്ടുണ്ട്. മാവോയിസം എന്നു കേള്‍ക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്നവര്‍ ഒന്ന് അവിടെ പോകണം. വിപ്ലവം എന്ന പേരില്‍ ഖമറൂഷും പോള്‍പോള്‍ട്ടും കൊന്നൊടുക്കിയവരുടെ തലയോട്ടികള്‍ കാണണം. അതോടെ മാവോയിസത്തെപ്പറ്റിയുള്ള എല്ലാ താല്‍പര്യവും നശിക്കും. നമ്മള്‍ നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ ഒന്നായി തന്നെയാണ് മാവോയിസ്റ്റ് അക്രമത്തെയുംകാണേണ്ടത്.

ഒരേസമയം പത്രപ്രവര്‍ത്തകനും, ചരിത്രകാരനും, സഞ്ചാര സാഹിത്യകാരനുമാണ്. ഏതാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്?

നിങ്ങളുടെ ചോദ്യത്തിന് പെട്ടെന്ന് ഉത്തരം പറയാനാവില്ല. മൂന്നും ഞാനിഷ്ടപ്പെടുന്നുണ്ട്. ഇപ്പോള്‍ എനിക്കിഷ്ടം സഞ്ചാരസാഹിത്യകാരന്‍ എന്ന ജോലിയാണ്. അഞ്ചുവര്‍ഷം മുമ്പ് ചരിത്രകാരന്‍ എന്ന ജോലിയാണ് മോഹിപ്പിച്ചത്. കരിയറിന്റെ തുടക്കത്തില്‍ പത്രപ്രവര്‍ത്തനാകുക എന്നതും. എനിക്ക് തോന്നുന്നത് ഈ മൂന്നുമേഖലയും തമ്മില്‍ പരസ്പരം കെട്ടുപിണഞ്ഞ രിതിയില്‍ ബന്ധമുണ്ടെന്നാണ്. എന്റെ ഓരോ പുസ്‌കത്തിലും ഈ മൂന്ന് മേഖലയും അടങ്ങിയിട്ടുണ്ട്.


താങ്കള്‍ എത്രത്തോളം ഇന്ത്യക്കാരനാണ്?

ഒരു ഇന്ത്യക്കാരന്‍ എന്നു വിളിക്കപ്പെടാനാണ് ഇഷ്ടം. ഇന്ത്യക്കാരനാണ് എന്ന തോന്നലിലാണ് ജീവിക്കുന്നതും. പക്ഷേ, എനിക്കങ്ങനെ പൂര്‍ണമായി ആകാന്‍ ആവില്ലെന്നറിയാം. അതിലേക്ക് കുറേ പരിവര്‍ത്തനങ്ങള്‍ സാധ്യമാണ്. അകത്തും പുറത്തുമുള്ള ദ്വന്ദത്വം ഗുണകരമാണ്.


സ്‌കോട്ട്‌ലന്‍ഡ് എത്രത്തോളം പിന്‍വിളിക്കുന്നുണ്ട്? മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ?

തീര്‍ച്ചയായും സ്‌കോട്ട്‌ലാന്‍ഡ് പിന്‍വിളിക്കുന്നുണ്ട്. പക്ഷേ, ഇന്ത്യയാണ് എനിക്കിഷ്ടം. ഇന്ത്യയുമായി ആഴത്തില്‍ ആത്മബന്ധമുണ്ട്. അതുകൊണ്ട് മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഞാനിപ്പോള്‍ വര്‍ഷത്തില്‍ പത്തുമാസം ഇവിടെ താമസിക്കുന്നു. രണ്ടുമാസം ലണ്ടനിലേക്കും സ്‌കോട്ട്‌ലാന്‍ഡിലേക്കും യാത്ര ചെയ്യുന്നു.


പുതിയ പുസ്തകം?

ഞാന്‍ കേരളത്തെപ്പറ്റി ഒരു പുസ്തകം എഴുതുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തെപ്പറ്റിയെന്നല്ല പറയേണ്ടത് ഇവിടെയുള്ള മത ഐക്യത്തിന്റെ ചില ധാരകളെ ചൂണ്ടിക്കാട്ടുകയാണ് ലക്ഷ്യം. ശബരിമലയിലെ വാവര്‍-അയ്യപ്പന്‍ വിശ്വാസം, മണര്‍കാട് ഹിന്ദു ക്രിസ്ത്യന്‍ ദേവലായങ്ങള്‍ ഒരുമിച്ചുപോകുന്നത് പോലുള്ള ചില സംഭവങ്ങളും വിശ്വാസങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകമാണ് മനസ്സില്‍. മുമ്പ് ഞാന്‍ ഈ മതഐക്യത്തെപ്പറ്റി മുമ്പ് ഒരു ലേഖനം എഴുതിയിട്ടുണ്ട്. പ്രതിബന്ധങ്ങളെ മറികടന്ന് വ്യത്യസ്ത മത വിശ്വാസങ്ങള്‍ ഒന്നിച്ച് പോകുന്നതാണ് പ്രമേയം. കുറച്ചേറെ വായിക്കാനും പഠിക്കാനുമുണ്ട്. പുസ്തകത്തിന്റെ വര്‍ക്കിനായി രണ്ടുമാസത്തിനുള്ളില്‍ വീണ്ടും ഇവിടെ വരും.


Malayalam Vaarikha
2010 Jan

No comments:

Post a Comment