Friday, July 23, 2010

ഈശ്വരന്‍ (പിള്ള) തന്ന ജീവിതം

ആത്മകഥയില്‍നിന്ന് ചില ഏടുകള്‍/
ഒരു 'വില്ലന്റെ' ജീവിതം; ഓര്‍മ


ജോസ് പ്രകാശ്

പൊടുന്നനെ തീര്‍ന്നുപോകുന്ന ഒരു സിനിമയാണ് ജീവിതം എന്ന് ചിലപ്പോഴെങ്കിലും എനിക്ക് തോന്നിയിട്ടുണ്ട്. ശരിയാവാം തെറ്റാവാം. അറിയില്ല. എണ്‍പത്തിയഞ്ചാം വയസില്‍, ചക്രക്കസേരയില്‍ മുറിച്ചുമാറ്റിയ ഒരു കാലുമായി ഇരിക്കുമ്പോള്‍ ജീവിതത്തെപ്പറ്റി ഒരു പുനര്‍ വിലയിരുത്തല്‍ നടത്താനൊന്നും എനിക്ക് താല്‍പര്യമില്ല; അര്‍ത്ഥവുമില്ല. ആറുപതിറ്റാണ്ടുകള്‍ സിനിമയുടെ നിന്നുതിരിയാന്‍ കഴിയാത്ത തിരക്കിലായിരുന്നു ഞാന്‍. കാലം കടന്നുപോകുന്നതറിയാതെ അഭിനയിച്ചു; ജീവിച്ചു. ഇപ്പോള്‍ ഓര്‍മകളില്‍ നിഴല്‍ വീണിരിക്കുന്നു. പലതും അവ്യക്തായ ഓര്‍മകളായി മാറിക്കഴിഞ്ഞു. എങ്കിലും ചിലതെല്ലാം മനസ്സിലുണ്ട്. കുറേ സൗഹൃദങ്ങള്‍, കുറേ നല്ല നിമിഷങ്ങള്‍, ചിലര്‍ നല്‍കിയ സ്‌നേഹങ്ങള്‍. ഒപ്പം കയ്പ്പുനിറഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളും. ഇവയില്‍നിന്ന് നിങ്ങള്‍ക്കെന്തെങ്കിലും കണ്ടെത്താനാകുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തെങ്കിലും ഗുണപാഠങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഉണ്ടെങ്കില്‍ നല്ലത്.


ഠഠഠഠ

ഓര്‍മകള്‍ തുടങ്ങുന്നത് ഒരു കൊച്ചുവീട്ടിലാണ്. സാധാരണകുടുംബം. ഒരച്ഛനും അമ്മയും എട്ട് മക്കളും. അവരുടെ ജീവിതം അത്ര സുഖകരമല്ല. സുഭിക്ഷതയുമില്ല. തട്ടിയും മുട്ടിയും ഒരു വിധം നീങ്ങുന്നു.
ഞാന്‍ ജനിച്ചത് ചങ്ങനാശ്ശേരിയിലാണ്. പക്ഷേ, ഓര്‍മവയ്ക്കുന്നതിനു മുമ്പേ കോട്ടയം പട്ടണത്തോടു ചേര്‍ന്ന ചൂട്ട്‌വേലിയിലേക്ക് പോന്നിരുന്നു. തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗമാണ് കോട്ടയം. രാജഭരണമാണ്.
അച്ഛന്‍ കെ.ജെ. ജോസഫ് മുന്‍സിഫ് കോടതിയില്‍ ഗുമസ്താനായിരുന്നു. 14 രൂപയാണ് ശമ്പളം. വീട്ടുവാടക തന്നെ മൂന്നുരൂപകൊടുക്കണം. അപ്പോള്‍ ജീവിതം എത്ര സന്തോഷപ്രദമായിരിക്കും എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. എട്ട് മക്കളുടെയും ഭാര്യയുടെയുടെയും ജീവിതച്ചെലവുകള്‍ കണ്ടെത്താനും മുടക്കമില്ലാതെ ഭക്ഷണം കൊടുക്കാനും അച്ഛന്‍ കഷ്ടപ്പെടുകയായിരുന്നു. അമ്മ ഏലിയാമ്മ തനി നാട്ടിന്‍പുറത്തുകാരിയാണ്. ഭര്‍ത്താവും മക്കളും മാത്രമായിരുന്നു അമ്മയ്ക്ക് ജീവിതം. പിന്നെ ബൈബിളും. മക്കളും ഭക്തിയില്‍ വളരണമെന്നാണ് അമ്മ ആഗ്രഹിച്ചത്. ശരിക്കും പാവമായിരുന്നു അമ്മ. തീര്‍ത്തും സാധു. പാട്ടിനോട് അമ്മയ്ക്ക് വലിയ താല്പര്യമാണ്. നന്നായി പാടും. അധികവും ഭക്തിഗാനങ്ങളാണ് പാടുക. അതുകേട്ടാവും പാട്ടിനോട് വല്ലാത്ത ഭ്രമം എന്നിലേക്ക് വന്നത്. ഈ വയസ്സുകാലത്തും പാട്ടിനോടുള്ള കമ്പം എന്നില്‍ കുറയുന്നതേയില്ല.
ഒരര്‍ത്ഥത്തില്‍ എന്റേത് ദാനം കിട്ടിയ ജീവിതമാണ്. എട്ടാംവയസ്സില്‍ മരണം എന്റെ തൊട്ടടുത്ത് എത്തിയിരുന്നു. കൈയെത്തും ദൂരെ. നിനച്ചിരിക്കാത്ത നിമിഷത്തില്‍ ഒരാള്‍ കടന്നുവന്ന് നമ്മെ രക്ഷിക്കും. അത് ചിലപ്പോഴൊക്കെ പലരുടെയും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാകും. എനിക്കുമുണ്ടായിരുന്നു ഒരു രക്ഷകന്‍. ഈശ്വരന്‍പിള്ളയെന്ന ഒരു നല്ല മനുഷ്യനോടാണ് ജീവിതം പലതുകൊണ്ടും കടപ്പെട്ടിരിക്കുന്നത്. അച്ഛന്റെ സുഹൃത്താണ് ഈശ്വരന്‍പിള്ള. ഒരു ദിവസം എന്റെ കാലില്‍ എന്തോ കടിച്ചു. എന്തെങ്കിലും ചെറിയ ജീവിയായിരിക്കുമെന്ന് കരുതി അത് അവഗണിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ എന്തോ എനിക്ക് സംഭവിക്കുന്നതുപോലെ തോന്നി. ആ സമയത്താണ് കടയില്‍നിന്ന് ഈശ്വരന്‍പിള്ളവരുന്നത്. തളര്‍ന്നിരിക്കുന്ന എന്നെ കണ്ട് എന്താണ് വിവരം തിരക്കി. ഞാന്‍ കാര്യം പറഞ്ഞു. അദ്ദേഹം കാലില്‍ നോക്കി. രണ്ട് ചെറിയ പൊട്ടുകള്‍. പാമ്പുകടിച്ചതാണെന്ന് ആ നിമിഷം അദ്ദേഹത്തിനു മനസ്സിലായി. എന്നെയും എടുത്ത് ഈശ്വരന്‍പിള്ള വേഗം വിഷഹാരിയുടെ അടുക്കലേക്ക് ഓടി. കുറേ ദൂരം എന്നെ അദ്ദേഹം ചുമന്നിട്ടുണ്ടാവും. മുറിവ്കണ്ട ഉടനെ വിഷഹാരി പറഞ്ഞു വിഷമുള്ളയിനമാണ് കടിച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും എത്തിയത് ഭാഗ്യമായി. കുറച്ചുകൂടി വൈകിയെങ്കില്‍ മരിച്ചേനെ. വിഷഹാരി എന്തൊക്കെയോ മരുന്നു തന്നു. ഒരു രാത്രി മുഴുവന്‍ ഉറക്കം ഒഴിച്ചാലേ മരുന്നിന് ഫലം ചെയ്യൂ. ആ രാത്രി മുഴുവന്‍ ഈശ്വരന്‍പിള്ള എന്നെ ഉറങ്ങാന്‍ സമ്മതിക്കാതെ അടുത്തിരുന്നു. ഞാന്‍ ജീവിതത്തിലേക്ക് മടങ്ങി. ഇപ്പോള്‍, ഓര്‍മകള്‍ മങ്ങുന്ന ഈ വാര്‍ദ്ധക്യത്തിലും ഞാന്‍ ഈശ്വരന്‍പിള്ളയെ ഞാന്‍ ഓര്‍ക്കുന്നു. ഈ വലിയലോകത്ത് ജീവിക്കാന്‍ നിമിത്തമായത് അദ്ദേഹമാണ്. ജീവിതം എന്ന അവസരം സമ്മാനിച്ച ആ വലിയ മനുഷ്യന് നന്ദി.
വീട്ടില്‍ മൂത്തമകന്‍ ഞാനാണ്. ഓര്‍മവച്ചനാള്‍ മുതല്‍ എനിക്ക് പാട്ടിനോടാണ് കമ്പം. കുട്ടിക്കാലം മുതലുള്ള ആഗ്രഹം എങ്ങനെയെങ്കിലും പാട്ടുകാരനാകുക എന്നതാണ്. അമ്മയുള്‍പ്പടെ എല്ലാവരും ഞാന്‍ നന്നായി പാടുന്നുണ്ടെന്നു പറഞ്ഞു. പഠിക്കാന്‍ വലിയതാല്‍പര്യം ഉണ്ടായില്ല. അച്ഛന് ഞാന്‍ എങ്ങനെയെങ്കിലും നന്നായി പഠിച്ച് ഒരു സര്‍ക്കാര്‍ ജോലി നേടണം എന്നതായിരുന്നു ആഗ്രഹം. അച്ഛന്‍ പ്രായോഗികമതിയാണ്. അന്ന് ജീവിക്കാന്‍ വരുമാനമില്ല. മറ്റൊരു തൊഴിലോ ബിസിനസ്സോ അറിയില്ല. ഇനി കൃഷി ചെയ്യാമെന്നു വച്ചാല്‍ സ്ഥലവുമില്ല. അതിനാല്‍ പഠിച്ച് ജോലി നേടുക എന്നതുമാത്രമാണ് രക്ഷപ്പെടാനുള്ള ഏക വഴി. അതാണ് അച്ഛന്‍ എപ്പോഴും പറഞ്ഞിരുന്നത്. ഞാന്‍ പഠിക്കാന്‍ പിന്നോക്കമായിരുന്നു. സിനിമ കാണണം, കൂട്ടുകാരുമായി കറങ്ങി നടക്കണം, പാട്ടുപാടണം ഇതൊക്കെയായിരുന്നു എന്നെ സംബന്ധിച്ച് വലിയ കാര്യങ്ങള്‍.
അന്ന് കോട്ടയം ചെറിയ പട്ടണമാണ്. അധികം തിരക്കൊന്നുമില്ല. യാത്രാ സൗകര്യവും കുറവ്. ആകെ ഒരു തീയേറ്ററേയുള്ളൂ. വിജയ. ഓലമേഞ്ഞ കൊട്ടക. അന്ന് മലയാള സിനിമകള്‍ അധികം ഇല്ല. വിജയയില്‍ പതിവായി വന്നിരുന്നത് തമിഴ് സിനിമകളാണ്. പിന്നെ ഇംഗ്ലീഷ് സിനിമകളും. തമിഴില്‍ വന്നിരുന്നതാകട്ടെ പുരാണ സിനികളാണ്. പക്ഷേ, അന്നത് വലിയ സംഭവമാണ്. ഒരു കുട്ടിയെ സംബന്ധിച്ച് ഈ കൗതുകം പറഞ്ഞറിയിക്കാനാവില്ല. സിനിമ എല്ലാവരെയും ചെറുപ്പത്തില്‍ വല്ലാതെ മോഹിപ്പിക്കും.
ഞാന്‍ പഠിച്ചിരുന്നത് കോട്ടയം സേക്രട്ട് ഹേര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ്. ഇന്നുമുണ്ട് പ്രശസ്തമായ ആ സ്‌കൂള്‍. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളാണ്. കോട്ടയം ബിഷപ്പ് ആയിരുന്ന തോമസ് തറയില്‍ ആണ് അന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍.
സ്‌കൂള്‍ വാര്‍ഷികത്തിന് അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ചെറിയ നാടകം അഭിനയിച്ചു. കഥയൊന്നും ഇന്നോര്‍ക്കുന്നില്ല. അതില്‍ എനിക്ക് സ്ത്രീവേഷമാണ്. നാടക പരിശീലനം നടക്കുമ്പോള്‍ അധ്യാപകനായ ഫ്രാന്‍സിസ് അച്ഛന്‍ എന്റെ കൈയില്‍ എട്ട് അണ തന്നു. ഇംഗ്ലീഷ്-തമിഴ് പടങ്ങള്‍ കണ്ട് നാടകത്തിന്റെ ട്യൂണ്‍ മോഷ്ടിക്കാനായിരുന്നു പറഞ്ഞിരുന്നത്. അന്ന് രണ്ട് ചക്രം മതി സിനിമ കാണാന്‍. അങ്ങനെ സിനിമാ കാണല്‍ കുറച്ചുകാലം കേമമായി നടന്നു. കണ്ട സിനിമകളില്‍നിന്ന് ഒരു പുതിയ ട്യൂണ്‍ ഉണ്ടാക്കി. അത് നാടകത്തില്‍ വിജയകമരായി ഉപയോഗിച്ചു.
നേരത്തെ ഞാന്‍ പറഞ്ഞു, പഠിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല എന്ന്. അച്ഛനാകട്ടെ ഞാന്‍ പഠിച്ച് മിടുക്കനാകണം എന്നും. അതുകൊണ്ട് തന്നെ ഒരു സംഘര്‍ഷം ഞങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഒരു ദിവസം ഞാനും അടുത്ത രണ്ടു കൂട്ടുകാരും കൂടി വീട്ടില്‍ ആരോടും പറയാതെ വിജയയില്‍ സിനിമ കാണാന്‍ പോയി. അച്ഛന്‍ എങ്ങനെയോ ഇതറിഞ്ഞു. ഞാനന്ന് ഫോര്‍ത്ത് ഫോറമിലാണ്. പതിനേഴ് വയസ്സുണ്ട്. വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ വിളിച്ചു 'എടാ, ബേബി ഇങ്ങോട്ട് വന്നേടാ'. വീട്ടിലുള്ളവരും അടുത്തബന്ധുക്കളും കൂട്ടുകാരും എന്നെ ബേബിയെന്നാണ് വിളിക്കുക. ഞാന്‍ ചെന്നു. 'നീ സിനിമയ്ക്ക് പോയിരുന്നോടാ', അച്ഛന്‍ ചോദിച്ചു. ഒട്ടും മടിക്കാതെ ഞാന്‍ 'ഇല്ല'യെന്ന് മറുപടി പറഞ്ഞു. അച്ഛന്‍ വീണ്ടും വീണ്ടും ചോദിച്ചെങ്കിലും ഞാന്‍ ആദ്യ ഉത്തരത്തില്‍ തന്നെ ഉറച്ചു നിന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു: 'നീ ആ സ്റ്റൂളിന്റെ മുകളില്‍ കയറിനിന്ന് കര്‍ത്താവിന്റെ രൂപത്തില്‍ തൊട്ട് സത്യം ചെയ്യ്'. സത്യം ചെയ്യാന്‍ ഞാന്‍ സ്റ്റൂളിന്റെ മേല്‍ കയറി. കര്‍ത്താവിന്റെ രൂപത്തില്‍ തൊടുന്നതിനു മുമ്പ് അടി വീണു. അച്ഛന്‍ ആഞ്ഞാണ് അടിച്ചത്. ഞാന്‍ നിലത്തുവീണു. വേദനകൊണ്ടു പുളഞ്ഞു. അച്ഛന്‍ അടി നിര്‍ത്തിയില്ല. അടികൊണ്ടിടത്ത് ചോരപൊടിഞ്ഞു. ഒരടി ചെവിക്കലയില്‍ കൊണ്ടു. അച്ഛന്‍ രോഷംകൊണ്ടു വിറക്കുകയാണ്.
''മേലില്‍ ഇവനെ ഞാന്‍ പഠിപ്പിക്കില്ല. ഇവന് പച്ചവെള്ളം ഇവിടെ നിന്ന് കൊടുക്കരുത്'' എന്നൊക്കെ അമ്മയോടും മറ്റുള്ളവരോടുമായിപ്പറഞ്ഞു. ഞാന്‍ സിനിമയ്ക്കുപോയതായിരുന്നില്ല അച്ഛനു വിഷയം. നുണ പറഞ്ഞതായിരുന്നു. സത്യം പറഞ്ഞിരുന്നെങ്കില്‍ ചിലപ്പോള്‍ അടിപോലും കിട്ടില്ലായിരുന്നു.
എനിക്ക് അടികിട്ടിയത് എല്ലാവരും അറിഞ്ഞു. സ്‌കൂളിലെ അധ്യാപകരും മറ്റുകുട്ടികളും എല്ലാം. വല്ലാത്ത നാണക്കേട് തോന്നി. ഒടുവില്‍ ഒരു തീരുമാനത്തില്‍ ഞാന്‍ എത്തി. ഇനി പഠിക്കുന്നില്ല. നാടുവിട്ട് പോകാം. മറ്റേതെങ്കിലും നാട്ടില്‍പോയി ജീവിക്കാം. അടികൊണ്ട രാത്രി ഞാന്‍ വീട് വിട്ടിറങ്ങി. അന്നത്തെ അടുത്ത സുഹൃത്തുക്കളായ സെബാസ്റ്റിയനോടും കുര്യനോടും വിവരം പറഞ്ഞു. അവര്‍ രണ്ടുപേരും എനിക്കൊപ്പം വരാന്‍ തയ്യാറായി. വിവരം അറിഞ്ഞ എല്ലാവരും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ നോക്കി. ഞങ്ങളുടെ തീരുമാനം ഉറച്ചതായിരുന്നു.
അപ്പോള്‍ ബേബിയാണ് (സെബാസ്റ്റിയന്റെ വിളിപ്പേര്) പറഞ്ഞത് പട്ടാളത്തില്‍ ചേരാമെന്ന്. അന്ന് രണ്ടാംലോകയുദ്ധം നടക്കുന്ന സമയമാണ്. തിരുവിതാംകൂറില്‍ നിന്ന് ബ്രിട്ടീഷ് സേനയിലേക്ക് ആളെ എടുക്കുന്നുണ്ട്. കോട്ടയത്ത് ഒരു സായിപ്പ് റിക്രൂട്ട്‌മെന്റിന് എത്തിയിട്ടുണ്ട് എന്ന വിവരം ഞങ്ങളറിഞ്ഞു. ഞങ്ങള്‍ മൂന്നുപേരും കൂടി കോട്ടയം ടിബിയില്‍ ചെന്ന് സായിപ്പിനെ കണ്ടു. പട്ടാളത്തില്‍ ചേരാന്‍ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ, വീട്ടുകാരുടെ കത്ത് വേണം. അല്ലെങ്കില്‍ ഹെഡ്മാസ്റ്ററുടെ. രണ്ടും കിട്ടാന്‍ ബുദ്ധിമുട്ടാണ്. വീട്ടില്‍നിന്ന് ഒരു കാരണവശാലും കത്ത് കിട്ടാന്‍ പോകുന്നില്ല. ബേബി തന്നെ പരിഹാരം കണ്ടെത്തി. ഹെഡ്മാസ്റ്ററുടെ മൂന്ന് കത്തുകള്‍ എങ്ങനെയോ അവന്‍ ഉണ്ടാക്കി. ഞങ്ങള്‍ വീണ്ടും സായിപ്പിനെ കാണാന്‍ ചെന്നു. സായിപ്പ് അവിടെയില്ല. സായിപ്പ് തിരുവനന്തപുരത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ മുന്നുപേരും കൂടി തിരുവനന്തപുരത്തേക്ക് തിരിച്ചു. സായിപ്പിനെ കണ്ടു. അടുത്തദിവസം റിക്രൂട്ട്‌മെന്റ് യോഗ്യതകള്‍ തെളിയിക്കാനായി ഹാജരാകാന്‍ പറഞ്ഞു. കുര്യനും ബേബിയും പെട്ടെന്ന് യോഗ്യതക്ഷമത ടെസ്റ്റുകള്‍ പാസ്സായി. പക്ഷേ, ഞാന്‍ കഷ്ടപ്പെട്ടാണ് വിജയിച്ചത്. അന്ന് അത്യാവശ്യം ഉയരവും തടിയും ഒക്കെ ഉള്ളതുകൊണ്ടാവും മൂന്നുപേരും തിരഞ്ഞെടുക്കപ്പെട്ടത്. ഞങ്ങള്‍ മൂന്നുപേരും വലിയ സന്തോഷത്തിലായിരുന്നു. അടുത്ത ദിവസം തന്നെ യാത്രയ്ക്ക് തയ്യാറാവാന്‍ സായിപ്പ് അറിയിച്ചു.


പട്ടാളദിനങ്ങള്‍


ബ്രിട്ടീഷ് റോയല്‍ ആര്‍മിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം രാവിലെ ഞങ്ങള്‍ യാത്ര തിരിച്ചു. ട്രെയിനിലാണ് യാത്ര. ഗ്രാന്‍ഡ് ട്രങ്ക് ട്രെയിനില്‍ മദ്രാസിലേക്ക്. ഡല്‍ഹിക്കുപോകുന്ന ട്രെയിനാണത്. മൂന്നുപേര്‍ക്കും മലയാളം അല്ലാതെ ഒരു ഭാഷയുമറിയില്ല. ആദ്യമായിട്ടാണ് കേരളം വിട്ടുപുറത്തേക്ക് പോകുന്നത്. അതിന്റെ ആശങ്ക മനസ്സിലുണ്ട്. ഭാഷ അറിയാത്തതുകൊണ്ടുതന്നെ ആ യാത്രയിലും പിന്നീടുള്ള ദിവസങ്ങളിലും നന്നായി കഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത് ഫിറോസ്പൂരിലേക്കാണ്. സത്‌ലജിന്റെ തീരത്തുള്ള ഒരു പുരാതന പട്ടണമാണ് ഫിറോസ്പൂര്‍.
പഴയ പഞ്ചാബിലുളള ഫിറോസ്പൂര്‍ വലിയ സൈനികത്താവളം കൂടിയാണ്. വിഭജനത്തിനുശേഷം പാകിസ്താനിലാണ് ഇപ്പോള്‍ ആ സ്ഥലം; അതിര്‍ത്തിയോട് ചേര്‍ന്ന്.
ഞങ്ങള്‍ മൂന്നുപേര്‍ക്കും 65 രൂപയാണ് വേതനം. ആദ്യ 21 ദിവസം പരിശീലനമാണ്. അത് കടുത്തതായിരുന്നു. തോക്കുള്‍പ്പടെയുള്ള വിവിധ തരം ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി സാമാന്യം അറിവും പരിശീലനവും നല്‍കി. പരിശീലനം കഴിഞ്ഞ് അടുത്ത 21 ദിവസം അവധിയാണ്. ആ സമയത്ത് ഞാന്‍ നാട്ടില്‍വന്നു. അവധി കഴിഞ്ഞപ്പോള്‍ നിയമനം കിട്ടി മണിപ്പൂരില്‍. ഞങ്ങള്‍ മൂന്നുപേരും മൂന്ന് വഴിക്കായി. 1942 ലാണ് അത്. ലാന്‍സ്‌നായികായിട്ടായിരുന്നു നിയമനം. സൈനിക ജീവിതം പിന്നെ ഏഴുവര്‍ഷം നീണ്ടു.
അന്ന് ലോകയുദ്ധം നടക്കുന്നുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലേക്ക് ജപ്പാന്‍ സൈന്യത്തിന്റെ മുന്നേറ്റം ഏത് നിമിഷവും ഉണ്ടാവും. അങ്ങനെയാണ് ഞങ്ങളോട് പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ സൈനികര്‍ വലിയ ജാഗ്രതയിലാണ്. ഒരു വനത്തിനുള്ളില്‍ ആണ് ക്യാമ്പ്. ജപ്പാന്റെ വിമാനങ്ങള്‍ തലയ്ക്കു മുകളിലൂടെ ചീറിപ്പായുന്നുണ്ട്. അപായ സൈറണ്‍ മുഴങ്ങിയാല്‍ ക്യാമ്പിലെ വെളിച്ചം അണക്കും. ബ്ലാക്ക് ഔട്ട് എന്നു പറയും. ബോംബിംഗ് ഭയന്നാണ് ഞങ്ങളുടെ ജീവിതം. എന്തുസംഭവിക്കും എന്നതിനെപ്പറ്റി എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നു. മൂന്നു ദിവസം തുടര്‍ച്ചയായി ട്രഞ്ചില്‍ കഴിയേണ്ടി വന്ന പല സന്ദര്‍ഭങ്ങളുണ്ടായി. ഒരു വെളിച്ചവുമില്ലാതെ, കൊടുംകാട്ടില്‍ ട്രഞ്ചിനുള്ളില്‍ കഴിയുക എന്നൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ നടുക്കം തോന്നും.
ഞാന്‍ സപ്ലൈ യുണിറ്റിലാണ്. മൂന്ന് സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നാണ് എന്റേത്. അതുകൊണ്ട് തന്നെ തുടര്‍ച്ചയായി ട്രക്കുകളില്‍ യാത്ര ചെയ്യേണ്ടതുണ്ട്. ഞങ്ങളുടെ യൂണിറ്റ് എപ്പോഴും സ്ഥാനം മാറിക്കൊണ്ടേയിരിക്കും. ഇങ്ങനെ പതിവായി സ്ഥാനം മാറുമ്പോള്‍ ചിലപ്പോഴൊക്കെ വഴിതെറ്റും. ഞാനും സംഘവും ഇങ്ങനെ അലഞ്ഞിട്ടുണ്ട്. പക്ഷേ, അന്ന് ഞങ്ങള്‍ക്ക് പണത്തിന് വലിയ പഞ്ഞമില്ല. പേ ബുക്ക് കാണിച്ചാല്‍ ഏത് കമ്പനിയില്‍നിന്നും വേതനം കൈപ്പറ്റാം.
പക്ഷേ, ഒരിക്കല്‍ കൂട്ടംതെറ്റി. ഞാന്‍ ഒറ്റയ്ക്കായി. എങ്ങനെയാണ് അത് സംഭവിച്ചത് എന്ന് ഓര്‍ക്കുന്നില്ല. എന്റെ കമ്പനി സ്ഥലം മാറിയതായി അറിഞ്ഞു. കല്‍ക്കത്തിയിലേക്കോ മറ്റോ പോയി എന്നോ അറിഞ്ഞത്. ആ സമയത്ത് എനിക്ക് പനി പിടിച്ചു. അസുഖം മൂര്‍ഛിച്ച് ഞാന്‍ അവശനായി. ഒപ്പം പട്ടിണിയും. പക്ഷേ, എനിക്ക് ക്യാമ്പിനോടൊപ്പം എത്തേണ്ടതുണ്ട്. ഞാന്‍ ട്രെയിനില്‍ കല്‍ക്കട്ടയിലേക്ക് പോകാന്‍ തീരുമാനിച്ചു. അപ്പോഴേക്കും പനി കൂടി. ഛര്‍ദിക്കാന്‍ തുടങ്ങി. ക്യാമ്പ് എവിടെയാണെന്ന് ഒരു പിടിയുമില്ല. അവശനായ എനിക്ക് ഇനി മുന്നോട്ട് പോകാനാവില്ലെന്ന് ഉറപ്പായി. ആശുപത്രിയില്‍ പോയാലേ രോഗം മാറൂ. ഞാന്‍ ഹൗറ സ്‌റ്റേഷനില്‍ ഇറങ്ങി. രണ്ടോ മൂന്നോ ബിസ്‌ക്കറ്റ് മാത്രമാണ് ആ രണ്ടുദിവസം ആകെ ഴിച്ചിട്ടുള്ളത്. നിയമനുസരിച്ച് റെയില്‍വേ ട്രാന്‍സിസ്റ്റര്‍ ഓഫീസര്‍ക്ക് ഞാന്‍ റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പ് എവിടെയാണെന്ന് അറിയണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷേ ഒരു വിവരവും കിട്ടിയില്ല. പനി മൂലം അനങ്ങാനാവാതെ ഞാന്‍ പ്‌ളാറ്റ്‌ഫോമില്‍ കിടന്നു. തണുത്ത് വിറക്കുന്നുണ്ട്. ആരും തിരിഞ്ഞുനോക്കായില്ല. ഒടുവില്‍ റെയില്‍വേ ഗൂര്‍ഖാ പട്ടാളത്തിലെ കുറച്ചുപേര്‍ അടുത്തെത്തി. രണ്ട് ഉണക്കചപ്പാത്തി കഴിക്കാനായി കിട്ടി. അവരെന്നെ ആശുപത്രില്‍ കൊണ്ടുപോയി. അസുഖം ഒന്ന് ഭേദമായ സമയത്ത് ക്യാമ്പ് റാഞ്ചിയിലാണെന്ന് അറിഞ്ഞു. ഒരുവിധം ഞാന്‍ കമ്പനിക്കൊപ്പം തിരിച്ചെത്തി.
പട്ടാളത്തില്‍ ചേരുന്ന സമയത്ത് രാജ്യത്താകമാനം ഹിന്ദു-മുസ്ലിം സംഘര്‍ഷം മൂര്‍ഛിക്കാന്‍ തുടങ്ങിയിരുന്നു. കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉരുണ്ടുകൂടുന്നതിന്റെ സൂചനയൊന്നുമുണ്ടായിരുന്നില്ല. ഉത്തരേന്ത്യയിലേക്കുള്ള ആദ്യ ട്രെയിന്‍ യാത്രയില്‍ ഞങ്ങള്‍ക്ക് വര്‍ഗീയ സംഘര്‍ഷത്തിന്റെ ചില സൂചനകള്‍ കിട്ടിയിരുന്നു. അന്ന് ആന്ധ്രയിലൊക്കെയുള്ള ചില റെയില്‍വേ സ്‌റ്റേഷനുകളില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും വെള്ളം കുടിക്കാന്‍ വെവ്വേറെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ കണ്ട ബോര്‍ഡുകള്‍ ഇങ്ങനെയായിരുന്നു: ' ഹിന്ദുവോം കോ പീനെ കി പാനി'. മുസ്ലിം കോ പീനേ കി പാനി'. അത് ബ്രിട്ടീഷുകാരുടെ തന്നെ സൂത്രമായിരുന്നു. ഹിന്ദുവും മുസ്ലീമും തമ്മില്‍ എത്രത്തോളം അകലാമോ അതിന് അവസരം ഒരുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിന്റെ ഭാഗമായിട്ടായിരുന്നു റെയില്‍വേ സ്‌റ്റേഷനുകളിലെ ബോര്‍ഡുകള്‍. പിന്നീട് നെഹ്‌റുവിന്റെ കാലത്താണ് ഈ ബോര്‍ഡുകള്‍ മാറ്റുന്നത്.
പട്ടാളത്തിലും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം ബ്രിട്ടീഷുകാര്‍ വിദഗ്ധമായി നടപ്പാക്കിയിരുന്നു. ഭക്ഷണവിതരണത്തിലൊക്കെ ബോധപൂര്‍വം സംഘര്‍ഷം ഉണ്ടാക്കാനുള്ള പണികള്‍ അവര്‍ ചെയ്തു. ബ്രിട്ടീഷുകാരുടെ ശ്രമം പലപ്പോഴും വിജയിച്ചു. ചിലപ്പോഴൊക്കെ പരാജയപ്പെട്ടു. പട്ടാളത്തില്‍ മത വിദ്വേഷം കുറഞ്ഞ തോതിലേ കേരളംപോലെ ദക്ഷിണേന്ത്യയില്‍നിന്ന് വരുന്നവരെ സ്വാധീനിച്ചിട്ടുള്ളൂ.
ഓര്‍മയിലുള്ള ഒരു ഉദാഹരണം പറയാം. വിശേഷ ദിവസങ്ങളില്‍ പാചകം ചെയ്തു ഭക്ഷിക്കുന്നതിനായി അവര്‍ സൈനികര്‍ക്ക് ജീവനോടെ രണ്ട് ആടുകളെ നല്‍കും. അല്ലെങ്കില്‍ ഒരാടിനെ. എങ്ങനെയാണ് ആട്ടിനെ അറക്കുക? ഹിന്ദുക്കളെ സംബന്ധിച്ച് അവര്‍ ഒറ്റവെട്ടിന് കൊന്ന ആടിനെയേ തിന്നൂ. അറുത്തത് അവര്‍ കഴിക്കില്ല. അതാണ് ഹിന്ദുക്കളുടെ രീതി. മുസല്‍മാന്‍മാര്‍ക്ക് ബിസ്മി ചൊല്ലി അറുക്കണം. ഒറ്റവെട്ടിന് കൊന്നത് അവര്‍ കഴിക്കില്ല. അങ്ങനെ രണ്ടാടുകളെ നല്‍കി സായിപ്പുമാര്‍ കൈ ഒഴിയും. നിങ്ങള്‍ എന്താണ് വച്ചാല്‍ ചെയ്‌തോളൂ. ഞങ്ങള്‍ക്കിതില്‍ പങ്കില്ല എന്ന മട്ടില്‍ മാറി നില്‍ക്കും. ശരിക്കും ഇതൊരു ഭിന്നിക്കല്‍ തന്ത്രമായിരുന്നു. രണ്ട് അടുക്കള ക്യാമ്പില്‍ ഉണ്ടാകും. രണ്ടു വിഭാഗക്കാരായി പട്ടാളക്കാര്‍ മാറും. തങ്ങള്‍ ഒറ്റ സമൂഹമല്ലെന്ന ബോധം പട്ടാളക്കാരുടെ മനസ്സില്‍ അബോധപൂര്‍വമായി വളരും. ഇതില്‍ അവര്‍ വിജയിച്ചു.
ഞാനും മറ്റ് മലയാളികളും ഇതില്‍ ഒരു ഭാഗത്തുമില്ലായിരുന്നു. രണ്ട് അടുക്കളയിലും ഞങ്ങള്‍ ചെല്ലും. ഒരു പാത്രത്തില്‍ തന്നെ രണ്ടിടത്തുനിന്നും ഇറച്ചി മേടിക്കും. ഞാനിത് പതിവായി ചെയ്തിരുന്നത്. അതുകൊണ്ട് രണ്ടു കൂട്ടര്‍ക്കും വലിയ എതിര്‍പ്പില്ല. ഒരിടത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് മറ്റ് കൂട്ടര്‍ക്ക് സത്യത്തില്‍ ഇഷ്ടമില്ല. പക്ഷേ പ്രകടിപ്പിക്കുകയൊന്നുമില്ല. പക്ഷേ അവര്‍ പറയും 'ഇവനേത് കാട്ടുജാതിക്കാരനാണ്'. ഞാന്‍ മനസ്സില്‍ ചിരിക്കും. ബ്രിട്ടീഷുകാരുടെ ഭിന്നിക്കല്‍ അങ്ങനെ ഭക്ഷണകാര്യത്തില്‍ എനിക്കും മറ്റ് മതേതര വിഭാഗക്കാര്‍ക്കും വലിയ പ്രശ്‌നം ഉണ്ടാക്കിയില്ല. മറ്റൊരു തരത്തില്‍ ഗുണമേ നല്‍കിയുള്ളൂ. എന്നാല്‍, ഇതിനപ്പുറം രാജ്യം ഭിന്നിക്കുന്നതിന് സൈന്യത്തിലെ ഇത്തരം ഭിന്നിപ്പിക്കലുകളും ഒരു പരിധിവരെ പങ്കുവഹിച്ചു
ഗാന്ധിജിയുടെ കാവല്‍ക്കാരന്‍

സ്വാതന്ത്ര്യം കിട്ടുമ്പേഴേക്ക് വര്‍ഗീയ സംഘര്‍ഷം അതിന്റെ മൂര്‍ധന്യത്തിലെത്തി. കല്‍ക്കത്തയിലായിരുന്നു ഇക്കാലത്ത് ഞാന്‍. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാലമാണ് അത്. തെരുവുകളില്‍ രക്തമൊലിച്ച് മൃതദേഹങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്നത് കണ്ടിട്ടുണ്ട്. ഒരിക്കലല്ല, പലവട്ടം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ നേരിട്ടുകണ്ടു. ആക്രമത്തില്‍ പരുക്കേറ്റവരെയും പ്രാണഭയംകൊണ്ട് പലയാനം ചെയ്യുന്ന ആയിരക്കണിക്കിന് നിസഹായരെയും കണ്ടു. ഒരിടത്ത് അല്ലെങ്കില്‍ മറ്റൊരിടത്ത് അശുഭവാര്‍ത്തകള്‍ ഏത് നിമിഷവും ഉയരും. എല്ലാവര്‍ക്കും എല്ലാവരോടും വിദ്വേഷം. സമാധാനം ഉറപ്പാക്കുനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
1947 ഓഗസ്റ്റ് 15. ഇന്ത്യയുടെ സ്വതന്ത്രദിനം. നെഹ്‌റു പ്രധാനമന്ത്രിയായി ചുമലയേറ്റു. പക്ഷേ, പഞ്ചാബിലും ബംഗളാളിലും വര്‍ഗീയ ലഹള പടര്‍ന്നുകൊണ്ടിരുന്നു. ഗാന്ധിജി മാത്രം ഒറ്റയ്ക്ക് വര്‍ഗീയതയെ ചെറുക്കാന്‍ ബംഗാളിലുണ്ട്.
ഹിന്ദു-മുസ്ലീം സംഘര്‍ഷം നിയന്ത്രണം വിട്ട ഘട്ടത്തില്‍ ഗാന്ധിജി നിരാഹാര സമരം പ്രഖ്യാപിച്ചു. സുഹുര്‍വര്‍ധിയുടെ ബംഗ്ലാവിലാണ് ഉപവാസം. അദ്ദേഹത്തിന്റെ ആരോഗ്യനില ദിവസം ചെല്ലും തോറും വഷളായിക്കൊണ്ടിരുന്നു. ബംഗ്ലാവിനു ചുറ്റും റോയല്‍ ഇന്ത്യന്‍ ആര്‍മി കോറിന്റെ സായുധ ട്രൂപ്പുകള്‍ നിരന്നിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായാല്‍ നിയന്ത്രിക്കണം. പുറത്തുനിന്ന് ഒരാക്രമണം ഉണ്ടാവാതെ നോക്കണം. ഇതാണ് ട്രൂപ്പിന്റെ ചുമല. ക്യാമ്പിലെ ഏഴുപേര്‍ ഇരുപത്തിനാല് മണിക്കൂറും ഗാന്ധിയുടെ ഉപവാസ മഞ്ചത്തിനു സംരക്ഷണം തീര്‍ത്ത് ചുറ്റും നില്‍ക്കും. അതില്‍ ഒരാള്‍ ഞാനാണ്. ഗാന്ധിജിയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് നെഹ്‌റു കൊല്‍ക്കത്തിലെത്തി. നെഹ്‌റുവെത്തുമ്പോള്‍ 'ഗാന്ധിജിയുടെ നില അപകടത്തിലാണെന്നും ജീവന്‍ രക്ഷിക്കണമെന്നും പലരും മുറവിളി കൂട്ടി. ഇതിനിടയില്‍ ആരോ ആരോ ഉറക്കെ വിളിച്ചു പറഞ്ഞു: 'ഗാന്ധി മരിക്കട്ടെ'. കാറില്‍ നിന്നറിങ്ങിയ നെഹ്‌റു അതു കേട്ടു. ഓടി അയാള്‍ക്കടുത്ത് ചെന്ന് കഴുത്തിനു പിടിച്ചുവലിച്ച് നെഹ്‌റു അലറി വിളിച്ചു. 'ഇത് വെറും മനുഷ്യനല്ല. ബാപ്പു മരിച്ചാല്‍ ഈ രാജ്യം മുഴുവന്‍ ഇരുട്ടിലാകും''. അങ്ങനെയെന്തോ ആണ് നെഹ്‌റു അയാളോട് പറഞ്ഞത്. അവിടെ രോഷത്തോടെ കിതച്ചുകൊണ്ടുനിന്ന നെഹ്‌റുവിനെ സെക്യൂരിറ്റിക്കാര്‍ പാടുപെട്ട് പിന്തിരിപ്പിച്ചു. ആളുകള്‍ അമ്പരന്നു നില്‍ക്കുകയാണ്. നെഹ്‌റു ഗാന്ധിജിയുടെ മുന്നില്‍ ചെന്നിരുന്നു. പിന്നെ കരഞ്ഞു. ഗാന്ധി പതിയെ നെഹ്‌റുവിനെ തലോടി. മഹാത്മാവിന്റെ കൈയെടത്തു മുഖത്തോട് ചേര്‍ത്ത് നെഹ്‌റു വിതുമ്പി. ചുറ്റുംകൂടിനിന്നവരുടെയെല്ലാം കണ്ണില്‍ വെള്ളം നിറഞ്ഞു. പട്ടാളക്കാര്‍ ഒരു സമയത്തും വികാരാധീനരാകരുതെന്നാണ് ചട്ടം. അങ്ങനെയാണ് പരിശീലിപ്പിച്ചിരിക്കുന്നത്. പക്ഷേ എന്റെ കണ്ണും നിറഞ്ഞൊഴുകി. കാലം പെട്ടന്ന് കടന്നുപോയി. ഗാന്ധിജികൊല്ലപ്പെട്ടു. ഞാന്‍ നാട്ടിലെത്തി. സിനിമാക്കാരനായി. തിരക്കുപിടിച്ച നടനായി.
വര്‍ഷങ്ങള്‍ക്കുശേഷം റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ 'ഗാന്ധി' ഫിലിമിന്റെ ഒരു പ്രിവ്യൂഷോ കാണാന്‍ ഞാന്‍ ക്ഷണിക്കപ്പെടു. എറണാകുളം സരിതാ തീയേറ്ററിലാണ് ഷോ. എന്റെ മകന്‍ രാജന്‍ ജോസഫും സഹോദരിയുടെ മകന്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫും ഒപ്പമുണ്ട്. സിനിമയില്‍ ലയിച്ച് ഞാനിരുന്നു. രണ്ടാം പകുതിയിടെ ഇടയ്ക്ക് സ്‌ക്രീനില്‍ ഗാന്ധിജിയുടെ കല്‍ക്കത്താ സത്യാഗ്രഹം തെളിഞ്ഞു. നെഹ്‌റുവെത്തുന്നു. ചുറ്റും ഏഴ് സൈനികര്‍. ഞാന്‍ അറിയാതെ കരഞ്ഞുപോയി. കൈലേസെടുത്ത് കണ്ണു തുടച്ചു. ഡെന്നീസിന്റെ കൈയില്‍ ഞാന്‍ അറിയാതെ അമര്‍ത്തിപ്പിടിച്ചു. അപ്പോള്‍ ചോദിച്ചു 'എന്തുപറ്റി, എന്തിനാണ് കരയുന്നത്.' ഞാന്‍ പറഞ്ഞു ഒന്നുമില്ല. പിന്നെയും പിന്നെയും അവര്‍ ആവര്‍ത്തിച്ചുചോദിച്ചപ്പോള്‍ പറഞ്ഞു: 'ആ എഴുപേരില്‍ ഒരാള്‍ ഞാനാണ്'. അപ്പോഴാണ് മകനും മരുമകനും പട്ടാളത്തില്‍ ഞാന്‍ വഹിച്ച പങ്കിനെപറ്റി മനസ്സിലാവുന്നത്. അവര്‍ വഴി പലരും അറിഞ്ഞു.
സ്വാതന്ത്ര്യം കിട്ടിയശേഷം കുറച്ചുകാലം കൂടി കല്‍ക്കത്തയിലായിരുന്നു. ഞാന്‍ ഹവില്‍ദാര്‍ പദവിയിലെത്തിയിരുന്നു. പക്ഷേ രാജ്യം ഭിന്നു. സൈന്യം രണ്ടായി പിരിഞ്ഞ് രണ്ട് രാജ്യങ്ങളിലേക്ക് പോയി. ഇനി വേണമെങ്കില്‍ സൈന്യത്തില്‍ തുടരാം. അല്ലെങ്കില്‍ ഒരു നിശ്ചിത തുക നഷ്ടപരിഹാരം മേടിച്ച് നാട്ടിലേക്ക് മടങ്ങാം. ക്യാപ്റ്റന്‍ റാങ്കില്‍ എനിക്ക് പാകിസ്താനിലേക്ക് പോകാന്‍ ക്ഷണമുണ്ട്. എന്തുചെയ്യണം എന്ന് എനിക്ക് ഒരു വ്യക്തതയുമില്ല. പട്ടാളജോലി അപ്പോഴേക്കും മടുത്തിരുന്നു. എന്തുചെയ്യണം എന്ന് ചോദിച്ച് ഞാന്‍ അച്ഛനെഴുതി. നാട്ടിലേക്ക് പോരാനായിരുന്നു അച്ഛന്റെ മറുപടി. പിന്നെ ഒന്നും ആലോചിച്ചില്ല. നാട്ടിലേക്ക് മടക്കവണ്ടികയറി.


സിനിമയിലേക്ക് (ഗായകനും നടനും)


പട്ടാളത്തില്‍നിന്ന് വിരമിച്ചപ്പോള്‍ കുറച്ചുതുക കിട്ടി. അന്നത് മോശമല്ലാത്ത തുകയാണ്. വിദ്യാഭ്യാസമില്ലാത്തുകൊണ്ട് നല്ല ജോലിയൊന്നും കിട്ടില്ല. ആഗ്രഹിച്ചതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് തന്നെ എന്തെങ്കിലും ബിസിനസ് ചെയ്യുന്നതാവും നല്ലത് എന്ന് തോന്നി. തേയില കച്ചവടം നടത്തുന്നതാണ് നല്ലതെന്ന് അച്ഛന്‍ പറഞ്ഞു. അത് കുഴപ്പമില്ല എന്ന് എനിക്കും തോന്നി അങ്ങനെ കോട്ടയത്ത് കെ.കെ. റോഡിനോട് ചേര്‍ന്ന് ഒരു തേയിലക്കട തുടങ്ങി. കച്ചവടം മോശമല്ലായിരുന്നു. അത് അല്‍പം ജീവിതഭദ്രത നല്‍കി. അച്ഛനന്ന് ഈപ്പഞ്ചേരിക്കാരുമായുള്ള ബന്ധം മൂലം വാടകയില്ലാതെ സൗജന്യമായി കിട്ടിയതാണ് ആ ക്കട. ഇന്നും ആ ക്കടയുണ്ട്. കെ.കെ. റോഡില്‍. ഇപ്പോള്‍ അനിയന്‍ പ്രേംക്രാശാണ് അത് നോക്കി നടത്തുന്നത്. നടനും നിര്‍മാതാവുമായ പ്രേം പ്രകാശ് എന്റെ ഏറ്റവും ഇളയ സഹോദരനാണ്. ഞാന്‍ പട്ടാളത്തില്‍ പോകുമ്പോള്‍ അവന്‍ ജനിച്ചിട്ടില്ല. ആദ്യ അവധിക്കുവരുമ്പോഴാണ് (1943ല്‍) ഞാന്‍ ആദ്യം അവനെ കാണുന്നത്. എന്നേക്കാള്‍ പതിനെട്ടുവയസ്സിന് ഇളയതാണ് പ്രേംപ്രകാശ്.
തേയിലക്കച്ചവടം നടത്തുമ്പോള്‍ തന്നെ ഞാനെന്റെ കലാപ്രവര്‍ത്തനവും ഊര്‍ജിതമാക്കി. പട്ടാളത്തില്‍ ആയിരിക്കുമ്പോഴും ഞാന്‍ പാട്ടിനോടുള്ള ഭ്രമം വിട്ടിരുന്നില്ല. കുറച്ച് ഹിന്ദിപാട്ടൊക്കെ പഠിച്ചിരുന്നു. നാട്ടിലേക്ക് മടങ്ങാന്‍ എന്നെ പ്രേരിപ്പിച്ച ഒരു ഘടകം പാട്ടിനോടും കലയോടുമുള്ള അടങ്ങാത്ത സ്‌നേഹം തന്നെയാണ്.
അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ഞങ്ങളൊരു കലാസമിതിയുണ്ടാക്കി. കോട്ടയം ജോസഫ്, കെ.പി.എ.സിയിലൂടെ പ്രശ്‌സതനായ ജോണ്‍സണ്‍, അന്തരിച്ച ക്ലാരനറ്റ് ജോസഫ് എന്നിവരുമായി ചേര്‍ന്ന് കോട്ടയം ആര്‍ട്‌സ് ക്ലബ് രൂപീകരിച്ചു. ഗാനമേളയായിരുന്നു പരിപാടി. അതില്‍ ഹിന്ദി പാട്ടുകള്‍ പാടലായിരുന്നു എന്റെ പ്രധാന പ്രവര്‍ത്തനം. മുഹമ്മദ് റാഫിയാണ് എന്റെ പ്രിയ ഗായകന്‍. റാഫി പാടിയ 'മേരി കഹാനി' എന്ന പാട്ട ഞാന്‍ നന്നായി പാടും. അത് സ്‌റ്റേജില്‍ പലവട്ടം പാടി.അത് അന്ന് എല്ലാവര്‍ക്കും ഇഷ്ടമായി. ഉത്സവപറമ്പുകളിലും മറ്റും ഞങ്ങളുടെ ക്ലബ് സ്ഥിരമായി പരിപാടി അവതരിപ്പിച്ചതോടെ പലരും ശ്രദ്ധിക്കാന്‍ തുടങ്ങി. റാഫിയുടെ പാട്ടുകള്‍ സ്ഥിരമായി പാടിയതോടെ നാട്ടുകാര്‍ എന്നെ 'മേരി കഹാനി ബേബി' എന്ന് വിളിക്കാന്‍ തുടങ്ങി. അതൊരു അംഗീകാരമാണ്.
അഭിനയം എന്നെ ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. പക്ഷേ പാട്ടുകാരനാകുക എന്നതാണ് ജീവിത ലക്ഷ്യം. അതുമാത്രമാണ് ആഗ്രഹം. എന്നാല്‍ സംഗീതം അഭ്യസിച്ചിട്ടില്ല. ജന്മവാസനകൊണ്ടാകാം ഒരു പാട്ട് കേട്ടാല്‍ പെടന്ന് അതിന്റെ ട്യൂണ്‍ സഹിതം ഹൃദ്യസ്ഥമാകും.
കോട്ടയത്ത് തിരുനക്കരയില്‍ നടന്ന ഒരു രാഷ്ട്രീയ സമ്മേളനമാണ് ജീവിതം മാറ്റിമറിക്കുന്നത്. അത് സോഷ്യലിസ്റ്റുകളുടെ ഒരു വലിയ സമ്മേളനമായിരുന്നു. റാം മനോഹര്‍ ലോഹ്യ സമ്മേളനത്തില്‍ പ്രസംഗിക്കുന്നുണ്ട്. സമ്മേളനത്തിന്റെ ഉച്ചഭാഷണിയും സൗണ്ട് സിസറ്റവും ഏര്‍പ്പാടാക്കിയത് എന്റെ ചില സുഹൃത്തുക്കളാണ്.
ഞാവര്‍ക്കൊപ്പം അവിടെ ചെന്നു. കടലുപോലെ ജനമുണ്ട്. കോട്ടയം ജോസഫ് എന്നോട് ആളുകളെ രസിപ്പിക്കാന്‍ ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഹിന്ദി ദേശഭക്തി ഗാനമായ 'വതന്‍ കി രാഹ് ഹമേ... വതന്‍ കി നൗ ജവാന്‍ ഷരീദ് ഹോ...'' എന്ന പാട്ടുപാടി. കെ.എല്‍.സൈഗാള്‍ ആലപിച്ചതാണ് ആ പാട്ട്. അന്നവിടെ കൂടിയിരുന്നവര്‍ക്കെല്ലാം പാട്ട് ഇഷ്ടമായി.
തിക്കുറുശ്ശി സുകുമാരന്‍ നായര്‍ അന്ന് കോട്ടയത്തുണ്ട്. 'ശരിയോ തെറ്റോ' എന്ന ചിത്രത്തിന്റെ ആലോചനയിലാണ് അദ്ദേഹം. സമ്മേളനത്തിലെ എന്റെ പാട്ടുകേട്ട് അദ്ദേഹം വിളിപ്പിച്ചു. തിക്കുറുശ്ശി താമസിക്കുന്ന പാര്‍ട്ട് വ്യൂ ഹോട്ടലില്‍ ഞാന്‍ ചെന്നു. അന്ന് കോട്ടയം മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്ന ടി.കെ. ഗോപാലകൃഷ്ണ പണിക്കര്‍, സ്വരാജ് ബാലന്‍, ശങ്കുചേട്ടന്‍ എന്നിവരും ഒപ്പമുണ്ട്. തിക്കുറുശ്ശിയുടെ അടുത്ത സംഗീത സംവിധായകനായ വി. ദക്ഷിണാമൂര്‍ത്തിയുണ്ട്. അവര്‍ സിനിമയില്‍ പാടാന്‍ പുതിയ ഗായകരെ തേടുകയാണ്. അവസരം തേടി കുറേപ്പേര്‍ എത്തിയിട്ടുണ്ട്. നല്ല സ്വരമുള്ള ആളെ ദക്ഷിണാമൂര്‍ത്തി തിരഞ്ഞെടുക്കും. വന്നവരില്‍ ഞാനൊഴിച്ച് മറ്റെല്ലാവരും സംഗീതം പഠിച്ചിട്ടുള്ളവരാണ്.
ദക്ഷിണാമൂര്‍ത്തി സ്വാമി എന്നോട് പാടാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പരുങ്ങി. ശ്രുതിയോ രാഗമോ അറിയില്ലെന്ന് തുറന്നു പറഞ്ഞു. മറ്റുള്ളവരെപ്പോലെ ഹാര്‍മോണിയം വായിക്കാനറിയില്ലെന്നും. 'കുഴപ്പമില്ല, അറിയാവുന്നതുപോലെ പാടാന്‍' സാ്വമി പറഞ്ഞു. വീണ്ടും ഞാന്‍ കുഴങ്ങുന്നതുകൊണ്ടാവും ഹാര്‍മോണിയം നീക്കി വച്ച്, ഒന്നു മുറുക്കി സ്വാമി പറഞ്ഞു. 'പാടിക്കോ. ഞാന്‍ ഹാര്‍മോണിയം വായിക്കാം'. ഞാന്‍ സൈഗാളിന്റെ തന്നെ വേറൊരു പാട്ട് പാടി. എനിക്ക് ഹിന്ദി പാട്ട് മാത്രമേ അറിയാവൂ എന്നതാണ് സത്യം. എന്തുകൊണ്ടോ പാട്ട് സ്വാമിക്ക് നന്നായി ഇഷ്ടപ്പെട്ടു. പാട്ട് കഴിഞ്ഞ ഉടനെ തന്നെ എന്നെ തിരഞ്ഞെടുത്തതായി സ്വാമി അറിയിച്ചു. മദ്രാസിലേക്ക് റിഹേഴ്‌സലിനും റെക്കോഡിംഗിനുമായി ചെല്ലാനും പറഞ്ഞു.
മദ്രാസിലെ രേവതി സ്റ്റുഡിയോയില്‍ വച്ചാണ് ആദ്യ റെക്കോഡിംഗ്. തിക്കുറുശ്ശിയാണ് ആ സിനിമയ്ക്ക് പാട്ടെഴുതിയിരിക്കുന്നത്. എനിക്ക് മൂന്നു പാട്ടാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ പാട്ട് ഒറ്റയ്ക്കുള്ളതാണ്. അത് സൈഗാളിന്റെ തന്നെ ഒരു പാട്ടിന്റെ സ്വഭാവമുള്ളതാണ്. 'താരമേ താണുവരൂ..'' എന്നരാംഭിക്കുന്നതാണ് ആ ഗാനം. പിന്നെ പി.ലീലയോടൊത്ത് ഒരുയുഗ്മഗാനം- 'വാര്‍ മഴവില്ലേ വാ'. അതു കഴിഞ്ഞ് തനിച്ച് 'കണ്ണുനീര്‍ നീ ചൊരിയാതെ...'' എന്ന ഒരു പാട്ടും പാടി. മൂന്നും മോശമായില്ലെന്ന് സ്വാമി പറഞ്ഞു. 'ശരിയോ തെറ്റോ' എന്ന സിനിമയില്‍ മൊത്തം 16 പാട്ടുകള്‍ ഉണ്ട്. ബാക്കി പാട്ടുകള്‍ ദക്ഷിണാമൂര്‍ത്തിയും മീന സുലോചനയും പാടി. മീന സുലോചന പിന്നീട് തിക്കുറുശ്ശിയുടെ ഭാര്യയായി.
ആ സിനിയുടെ ഗാനരംഗത്തും ഞാന്‍ പ്രത്യക്ഷപ്പെട്ടു.
റിക്കാര്‍ഡര്‍ (ഗ്രാമഫോണ്‍) ഇറങ്ങുമ്പോള്‍ അതില്‍ പേര് ചേര്‍ക്കണം. ജോസഫ് എന്നപേരോ വീട്ടുകാര്‍ വിളിക്കുന്ന ബേബിയെന്ന പേരോ അത്ര രസമുള്ളതായി തിക്കുറുശ്ശിക്ക് തോന്നിയില്ല. അബ്ദുള്‍ ഖാദറിനെ പ്രേം നസീറും അബ്ദുള്‍ വഹാബിനെ പ്രേം നവാസും മാധവന്‍ നായര്‍ക്ക് മധുവെന്നും പേരു മാറ്റി നല്‍കിയ തിക്കുറുശ്ശി അധികം ആലോചിക്കാതെ ഒരു പേര് നിര്‍ദേശിച്ചു: 'ജോസ് പ്രകാശ്'. അത് മറ്റൊരു തുടക്കമായി. സ്‌ക്രീനില്‍ വരുന്നതിനുമുമ്പേ എന്റെ പേര് ഗ്രാമഫോണില്‍ അച്ചടിച്ചുവന്നു്.
'ശരിയോ തെറ്റോ ' ഇറങ്ങാന്‍ വൈകി. അപ്പോഴേക്കും ഞാന്‍ പാടിയ പാട്ടുമായി 'വിശപ്പിന്റെ വിളി' ഇറങ്ങി. അഭയദേവിന്റെ രചനയ്ക്ക് പി.എസ്. ദിവാകര്‍ ആണ് ഈണം നല്‍കിയത്. ആ ഗാന രംഗത്തില്‍ പ്രേംനസീര്‍ പാടി അഭിനയിക്കുന്നുണ്ട്. ശബ്ദം എന്റേതും. 1952 ലാണ് അത്.
മലയാള സിനിമയെ സംബന്ധിച്ച് 1952 സവിശേഷമായ ഒരു വര്‍ഷമാണ്. സത്യനും നസീറും ആദ്യമായി സിനിമയില്‍ വരുന്നത് അക്കൊല്ലമാണ്. എം.പി.പ്രൊഡക്ഷന്‍സിന്റെ 'മരുമകള്‍' എന്ന സിനിമയിലൂടെ പ്രേം നസീര്‍ വന്നു. പോള്‍കല്ലുങ്കലാണ് ആ സിനിമയുടെ സംവിധായകന്‍. ആ വര്‍ഷം തന്നെ 'ആത്മസഖി' എന്ന സിനിമയില്‍ക്കൂടിയാണ് സത്യന്റെയും അരങ്ങേറ്റം നടന്നു.അടൂര്‍ഭവാനിയുടെയും ആദ്യ ചിത്രം ശരിയോ തെറ്റോ ആണ്. നാടകത്തില്‍നിന്ന് സിനിമയിലെത്തി. അടൂര്‍ പങ്കജത്തിന്റെ സഹോദരിയാണ് ഭവനി. 1969 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഭവാനിക്കു കിട്ടി. താരങ്ങളുടെ കടന്നുവരവിനേക്കള്‍ പ്രധാനം അല്ലെങ്കില്‍ ആദ്യം പറയേവണ്ടത് മെരിലാന്‍ഡിന്റെ വരാണ്. നിര്‍മാതാവും സംവിധായകനുമായിരുന്ന പി. സുബ്രഹ്മണ്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്റ്റുഡിയോ. മലയാളത്തിലെ രണ്ടാമത്തെ സ്റ്റുഡിയോയാണ് തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ട മെരിലാന്‍ഡ്. അതിനു രണ്ടു മൂന്നുവര്‍ഷം മുമ്പ് ആലപ്പുഴയില്‍ 'ഉദയാ' പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മെരിലാന്‍ഡ് വന്നതോടെ ഉദയയും സജീവമായി. രണ്ടുപേരും മത്സരിച്ച് സിനിമകള്‍ എടുക്കാന്‍ തുടങ്ങി. ഇവരുടെ മത്സരം കൂടുതല്‍ സിനിമകള്‍ ഉണ്ടാകാന്‍ കാരണമായി.
'വിശപ്പിന്റെ വിളി'യിലെ പാട്ടുകള്‍ വന്നതോടെ കുറച്ച് അവസരങ്ങള്‍ കൂടി തേടി വന്നു. അഞ്ചാറു സിനിമകള്‍. അന്ന് പാട്ട് രംഗത്ത് പാടുന്നവര്‍ പാടി അഭിനയിക്കുന്നതായിരുന്നു രീതി. അതുകൊണ്ട് എനിക്ക് ചെറിയവേഷങ്ങള്‍ കിട്ടി. 'പ്രേമലേഖ', 'ദേവസുന്ദരി', 'അല്‍ഫോന്‍സ്', 'അവന്‍ വരുന്നു', 'വേലക്കാരന്‍' തുടങ്ങി കുറച്ചു സിനിമകളില്‍ അഭിനയിച്ചു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന ഒര ഘട്ടത്തില്‍ തന്നെ പാട്ട് പാടുന്നത് നിര്‍ത്തി സിനിമയില്‍ അഭിനയിക്കുന്നതില്‍ കേന്ദ്രീകരിക്കുക എന്ന തീരുമാനം ഞാനെടുത്തു. അന്ന് എന്നേക്കാള്‍ നന്നായി പാടാന്‍ കഴിവുള്ള, മിടുക്കരായ ആള്‍ക്കാര്‍ ധാരാളമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. മാത്രമല്ല അവര്‍ സിനിമയിലേക്ക് വരുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് പാടുകയെന്ന സ്വപ്നം പാതിവഴിയില്‍ ഉപേക്ഷിച്ചത്. പക്ഷേ, ഗാനരംഗം വിട്ടതില്‍ എനിക്ക് ഒട്ടും ദു:ഖം തോന്നിയില്ല. ഞാനൊരിക്കലും സംഗീതം അഭ്യസിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കുറ്റബോധമോ വിഷമമോ തോന്നേണ്ട കാര്യമില്ല. ശാസ്ത്രീയായി സംഗീതം പഠിച്ച ഒരാള്‍ക്കേ നല്ല ഗായകനാവാന്‍ കഴിയൂ. സ്വരം നല്ലതാണെന്നും ഈണത്തില്‍ പാടുമെന്നും അച്ഛന് അറിയാമായിരുന്നു. എന്നാല്‍, പാട്ടുപഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി അന്നില്ല. മുമ്പ് പറഞ്ഞതുപോലെ, എങ്ങനെയെങ്കിലും പഠിച്ച് ജോലി നേടുകയെന്നതുമാത്രമാണ് അച്ഛന്റെ ഉപദേശം. സംഗീതം പഠിച്ചതുകൊണ്ട് വയറ്റിപ്പിഴപ്പ് നടക്കില്ല. ഇന്നത്തെപോലെയല്ല അന്ന്. അവസരങ്ങള്‍ നന്നേകുറവ്. പള്ളികളില്‍ ഗായകസംഘങ്ങളൊന്നു അന്നില്ല. പിന്നെ പാട്ടുള്ളത് അമ്പലങ്ങളിലാണ്. അവിടെയാണെങ്കില്‍ അന്യമതസ്ഥരെ കയറ്റുകയുമില്ല.
യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫ് എന്നോട് പറഞ്ഞ ഒരു കാര്യം ഇപ്പോഴും നല്ല ഓര്‍മയുണ്ട്. ഞങ്ങള്‍ നല്ല അടുപ്പമായിരുന്നു. 'വേലക്കാരന്‍' എന്ന സിനിമയില്‍ ഒരുമിച്ച് അഭിനിച്ചിട്ടുണ്ട്. ചില നാടകങ്ങളിലും. ഞാനദ്ദേഹത്തിന്റെ വീട്ടില്‍പോവാറുണ്ടായിരുന്നു. തിരിച്ചും. അന്ന് അഗസ്്റ്റിന്‍ജോസഫിന് അസുഖമായപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ വീട്ടില്‍ ചെല്ലും. അദ്ദേഹത്തിന്റെ മകനും യുവാവുമായ യേശുദാസ് അവിടെയുണ്ട്. കുട്ടിയാണെങ്കിലും സ്‌നേഹത്തോടെയുള്ള നല്ല സ്വീകരണമാണ് യേശുദാസും നല്‍കിയിരുന്നത്. ഒരു ദിവസം വേദനയോടെ അഗസ്റ്റിന്‍ ജോസഫ് പറഞ്ഞു: '' ഞാനെന്റെ മകനെ സംഗീതം പഠിക്കാന്‍ വിടാന്‍ പോകുന്നു. എന്റെ കൈയില്‍ കാശില്ല. എങ്കിലും ഞാനവനെ സംഗീതം പഠിപ്പിക്കും. പഠിച്ചാലും ചിലപ്പോള്‍ ഗുണമുണ്ടാവില്ല. നമുക്ക് പള്ളിയില്‍ പാടന്‍ അവസരമില്ല. അമ്പലത്തിലാണെങ്കില്‍ നമ്മളെകൊണ്ട് പാടിക്കുകയുമില്ല. എന്നാലും എന്റെ മകന്‍ സംഗീതം പഠിക്കണം. അതെന്റെ ആഗ്രഹമാണ്.'' ആ അച്ഛന് തെറ്റിയില്ല. മകന്റെ ശബ്ദത്തില്‍ അത്രമാത്രം വിശ്വാസം അഗസ്റ്റിന്‍ജോസഫിന് ഉണ്ടായിരിക്കണം. ഞാനത് വര്‍ഷങ്ങള്‍ക്കുശേഷം യേശുദാസിനോട് പറഞ്ഞു. അദ്ദേഹത്തിന് ഡോക്ടറേറ്റ് കിട്ടിയ സമയത്താണ്. ഞാന്‍ പറഞ്ഞതുകേട്ടപ്പോള്‍ യേശുദാസിന്റെ കണ്ണില്‍ വെള്ളം നിറഞ്ഞു. പിന്നെ ചെറുതായിക്കരഞ്ഞു.
വില്ലനായി അരങ്ങേറ്റം


ആദ്യഘട്ടത്തില്‍ പാട്ടുസീനുകളില്‍ പാടി അഭിനയിക്കുന്ന ചെറിയ വേഷങ്ങള്‍ മാത്രമാണ് എനിക്ക് ലഭിച്ചിരുന്നത്. പിന്നെ തിക്കുറുശ്ശി ഒരുക്കിയ സിനിമയില്‍ നായകനായി. പക്ഷേ, സിനിമയില്‍ എന്നും വില്ലനായി ജീവിക്കാനായിരുന്നു എന്റെ വിധി!
കെ. പി. കൊട്ടാരക്കര നിര്‍മിച്ച 'ലൗ ഇന്‍ കേരള' യാണ് അഭിനയ ജീവിതം മാറ്റി എഴുതുന്നത്. ശശികുമാറാണ് സംവിധായകന്‍. അതില്‍ എനിക്ക് ഏതാണ്ട് നായകതുല്യപ്രധാന്യമുള്ള വില്ലന്റെ വേഷമാണ്. ക്ലിന്‍ഷേവ് ചെയ്ത്, തലമൊട്ടയടിച്ച് വെളളി നിറത്തിലുള്ള ചായം പൂശിയായിരുന്നു വില്ലന്‍ രംഗത്തുവന്നത്. 1968 ലെ പിറന്നാള്‍ ദിനത്തിലാണ് ഞാന്‍ ആദ്യമായി വില്ലനാകുന്നത്. അതുവരെ അഭിനയിച്ചിരുന്നത് സ്‌നാപകയോഹന്നാനും ഭീഷ്മരും ദേവേന്ദ്രനും ഒക്കെയായിട്ടാണ്. 'സില്‍വെര്‍ ഹെഡ്' എന്നാണ് വേഷത്തിന്റെ പേര്. അധോലോക കഥാപാത്രമാണ്; അമാനുഷികനാണ്. സിനിമയില്‍ ഈ അതിമാനുഷികത നിലനിര്‍ത്താന്‍ പല രീതികളും ഉപയോഗിച്ചിരുന്നു. വലിയൊരു ഇരുമ്പു ചുറ്റിക ഉപയോഗിച്ച് അടൂര്‍ഭാസിയുടെ കഥാപാത്രം സില്‍വര്‍ ഹെഡിന്റെ തലയ്ക്ക് ആഞ്ഞടിക്കും. കൂറ്റന്‍ പള്ളിമണിയുടെ മുഴക്കമാണ് അപ്പോള്‍ കേള്‍ക്കുക. അങ്ങനെ അന്നത്തെ കാലത്ത് തീര്‍ത്തും വ്യത്യസ്തവും ശ്രദ്ധിക്കപ്പെടുന്നതുമായ വില്ലന്‍വേഷമായി അത്. പ്രേം നസീറാണ് ഈ സിനിമയിലെ നായകന്‍. സിനിമ ഹിറ്റായതോടെ ഞാന്‍ സ്ഥിരം വില്ലനായി അവരോധിക്കപ്പെട്ടു. കൊള്ളക്കാരനും, ദുഷ്ടനായ ജന്മിയായും, ഭൂപ്രഭുവായും തുടര്‍ച്ചയായി വേഷമിട്ടു. തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ വില്ലന്‍വേഷങ്ങള്‍ക്ക് ചില സവിശേഷതകളുണ്ടായിരുന്നു എന്നുതോന്നുന്നു. അന്നുവരെ മലയാളിക്ക് പരിചയമുള്ള മലയാളിത്തമുള്ള വില്ലനു പകരം പരിഷ്‌കാരിയായ പണക്കാരന്‍ മുതലാളിയായിട്ടാണ് ഞാന്‍ പലപ്പോഴും വേഷമിട്ടത്. പൈപ്പ് കടിച്ചുപിടിച്ച് തുടര്‍ച്ചയായി ഇംഗ്ലീഷ് പറയുന്നതായിരുന്നു ഇതില്‍ പല വേഷവും. അത് മാറുന്ന ജന്മിത്ത കാലത്തെക്കൂടി പലതരത്തിലും പ്രതിനിധീകരിക്കുന്നുണ്ടായിരുന്നു. ഞാനാണ് ഇംഗ്ലീഷ് ഡയലോഗുകള്‍ സിനിമയില്‍ ആദ്യം കൂടുതലായി പറഞ്ഞത് എന്നൊക്കെ ചിലര്‍ പറയുന്നതും കേട്ടിട്ടുണ്ട്. എന്തായാലും ഈ വില്ലന്‍വേഷങ്ങള്‍ക്ക് മാറുന്ന കാലത്തില്‍ സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ടാണ് അവ വിജയിച്ചത്.


നാടകത്തിന്റെ സജീവതയിലേക്ക്

വില്ലനായി അരങ്ങേറ്റം നടത്തുന്നതിനു മുമ്പ് നാടകത്തില്‍ സജീവമായ ഒരു കാലം എനിക്കുണ്ടായിരുന്നു. സിനിമയില്‍ മുഖം കാണിച്ചെങ്കിലും പെട്ടന്ന് തിരക്കുള്ള നടനായി മാറിയിരുന്നില്ല. സിനിമ മുടങ്ങാതെ ഉണ്ടായിരുന്നെങ്കിലും. കോട്ടയത്തു ബിസിനസും കലാപ്രവര്‍ത്തനവുമായി ഞാന്‍ തുടര്‍ന്നു. സിനിമയിലെത്തിയ ആദ്യ നാളുകളില്‍തന്നെ സംഗീത സംവിധായകന്‍ ദേവരാജനുമായി എങ്ങനെയോ അടുത്ത ബന്ധം രൂപപ്പെട്ടിരുന്നു. കോട്ടയം കോടിമതയില്‍ പെരുന്ന ലീലാമണിയുടെ നൃത്തപരിപാടി അരങ്ങേറുമ്പോള്‍ പിന്നണി പാടാനായി ദേവരാജന്‍ എന്നെ വിളിച്ചു. ലിലാമണി ദേവരാജന്റെ ഭാര്യയാണ്. ആ നൃത്തപരിപാടി മനോഹരമായിരുന്നു. വലിയ കൈയടി നേടി.
പിന്നെയും ദേവരാജനൊപ്പം ഞാന്‍ പലവട്ടം ഒന്നിച്ചിട്ടുണ്ട്. ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് 1957 ല്‍ ആദ്യമായി കേരളത്തിലെത്തുമ്പോഴാണ് ഒന്ന്. ശിപായി ലഹള എന്നറിയപ്പെട്ട ഒന്നാം സ്വാതന്ത്രസമരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് അദ്ദേഹം വരുന്നത്. അന്ന് ഒരു സമൂഹഗാനം അതരിപ്പിക്കണം. ചുതല ദേവരാജനാണ്. ഒ.എന്‍.വി. ക്ക് പാട്ടെഴുതാന്‍ എന്തോ അസൗകര്യമുണ്ടായി. അദ്ദേഹം സര്‍ക്കാര്‍ സര്‍വീല്‍ ചേര്‍ന്നിരുന്നെന്ന് തോന്നുന്നു. അതുകൊണ്ട് ദേവരാജന്‍, ഒ.എന്‍.വിയുടെ തന്നെ നിര്‍ദേശത്തില്‍ വയലാറിനെ കണ്ടു. വയലാര്‍ എഴുതി ദേവരാജന്‍ ഈണം പകര്‍ന്ന ഗാനം പൊതുചടങ്ങില്‍ ഞങ്ങള്‍ അവതരിപ്പിച്ചു. കോട്ടയത്ത് ബെസ്റ്റ് ഹോട്ടലില്‍ ആയിരുന്നു റിഹേഴ്‌സല്‍. കെ.പി.എ.സി. സുലോചന, കെ.എസ്. ജോര്‍ജ് എന്നിവരും ഗാനസംഘത്തിലുണ്ട്. 'ബലി കുടീരങ്ങളേ, ബലി കുടീരങ്ങളേ' എന്ന, അന്നു പാടിയ പാട്ട് പെട്ടെന്ന് ഹിറ്റായി. അത് പിന്നീട് കെ.പി.എ.സി. അവതരണ ഗാനമായി റിക്കോഡ് ചെയ്തു. കെ.എസ്. ജോര്‍ജും സുലോചനയുമാണ് റിക്കോഡില്‍ പാടിയത്.
1954 ല്‍ ആദ്യമായി പ്രൊഫഷണല്‍ നാടകത്തില്‍ സഹകരിച്ചു. 'പട്ടിണിപ്പാവങ്ങള്‍' ആയിരുന്നു ആദ്യ നാടകം. രണ്ട് തെണ്ടികളുടെ കഥയാണത്. അതിനുശേഷം മൂന്നു നാല് നാടകങ്ങള്‍ കളിച്ചു. അപ്പോഴാണ് സ്വന്തമായി നാടക ട്രൂപ്പ് തുടങ്ങുന്നതിനെപ്പറ്റി ആലോചന തുടങ്ങുന്നത്. തികച്ചും പ്രൊഫഷണല്‍ രീതിയില്‍ തന്നെ ട്രൂപ്പിന് രൂപം കൊടുക്കാനായിരുന്നു തീരുമാനം. 1956 ല്‍ നാഷണല്‍ തീയേറ്റേഴ്‌സിന് തുടക്കമായി. കോട്ടയം ദേവലോകത്ത് വീടിനോട് ചേര്‍ന്നായിരുന്നു ഓഫീസ്. അവിടെ തന്നെയായിരുന്നു റിഹേഴ്‌സലും. എം.കെ. ജോര്‍ജിനായിരുന്നു നടത്തിപ്പു ചുമതല. കെ.പി.എ.സിയോടോ ചങ്ങാനാശ്ശേരി 'ഗീഥ' പോലുള്ള നാടകസംഥങ്ങളോടോ അതിനേക്കാള്‍ മുമ്പിലോ ആയിരുന്നു നാഷണല്‍ തീയേറ്റേഴ്‌സ് എനിക്ക് ഉറപ്പിച്ചുപറയാനാവും. ഓരോ നാടകവും നൂറും നാനൂറും വേദികളില്‍ അവതരിപ്പിച്ചു.
'ഫ്‌ളോറി', 'സാത്താന്‍ ഉറങ്ങുന്നില്ല', 'പൊലീസ് സ്‌റ്റേഷന്‍' എന്നിവയാണ് ഞങ്ങള്‍ അവതരിപ്പിച്ച ഏറ്റവും ശ്രദ്ധേയ നാടകങ്ങള്‍. അതില്‍ 'ഫ്‌ളോറി' അവതരിപ്പിക്കുന്നത് ഇ.എം.എസ്. ഭരണകാലത്താണ്. വിമോചന സമരകാലത്ത് പോലീസ് വെടിവയ്പ്പില്‍ മരിച്ച ഫ്‌ളോറിയാണ് അതിലെ കഥാപാത്രം. പക്ഷേ രാഷ്ട്രീയമൊന്നുമല്ല. ആ ഒരു സംഭവം മാത്രമാണ് ഞങ്ങളെടുത്തത്. ഒരു പാര്‍ട്ടിയോടും ചായ്‌വോടെയായിരുന്നില്ല. കമ്യുണിസ്റ്റുകാര്‍ക്ക് സ്വാഭാവികമായും എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പെട്ടെന്ന് ചര്‍ച്ചയായി. കോണ്‍ഗ്രസുകാരുള്‍പ്പടെയുള്ളവര്‍ കാണാന്‍ വന്നു.
'സാത്താന്‍ ഉറങ്ങുന്നില്ല' എന്നത് ഫാദര്‍ ബെനഡിക്ടുമായി ബന്ധപ്പെട്ടതാണ്. സ്ത്രീയെ കൊലപ്പെടുത്തി എന്ന കുറ്റത്തിന് പള്ളി വികാരി അറസ്റ്റിലാവുന്നതാണ് അതിലെ വിഷയം. പിന്നീട് 'മൈനത്തരുവികൊലക്കേസ്', 'മാടത്തരുവി' എന്നപേരിലൊക്കെ ആ സംഭവം സിനിമയായി. ഞങ്ങള്‍ അച്ഛന്‍ കുറ്റക്കാരനാണ് എന്ന മട്ടിലല്ല നാടകം അവതരിപ്പിച്ചത്. അദ്ദേഹത്തെ അറസ്റ്റിലാവുന്ന രംഗത്തില്‍ ഞങ്ങള്‍ നാടകം അവസാനിപ്പിച്ചു. പക്ഷേ ചില വിമര്‍ശനങ്ങളും നടത്തി. ആ നാടകവും പെട്ടെന്ന് സ്വീകരിക്കപ്പെട്ടു.
നാഷണല്‍ തീയേറ്ററില്‍ ഒത്തിരിയേറെ പ്രതിഭകള്‍ പല ഘട്ടങ്ങളിലായി സഹകരിച്ചിട്ടുണ്ട്. പലരും അതിപ്രശസ്തനും പ്രതിഭകളുമായിരുന്നു. ഒരുഘട്ടത്തില്‍ പി.ജെ.ആന്റണി സഹകരിച്ചു. അദ്ദേഹം തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച 'രാഗം' വലിയ വിജയമായിരുന്നു. അത് ഏഴു ദിവസംകൊണ്ട് റിഹേഴ്‌സല്‍ നടത്തിയാണ് അവതരിപ്പിച്ചത്. ഒ.എന്‍.വിയും എം.കെ. അര്‍ജുനനുംകൂടി ഒരുക്കിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. അയിരൂര്‍ സദാശിവന്‍ എന്ന അനുഗ്രഹീത ഗായകന്‍ പാടി. സ്ത്രീക്ക് പ്രാധാന്യമുള്ള ഈ നാടകം കലയെയും സംഗീതത്തെയും ഇഷ്ടപ്പെടുന്ന, മാനസിക നില തകര്‍ന്ന ഒരു സ്ത്രീയുടെ ജീവിതമാണ്. പാര്‍ട്ടി പിളര്‍ന്നതുമായി ബന്ധപ്പെട്ട് ആ ഘട്ടത്തില്‍ കെ.പി.എ.സി. വിട്ട സുലോചനയായിരുന്നു അതില്‍ നായിക. കോട്ടയം ചെല്ലപ്പന്‍, മണവാളന്‍ ജോസഫ്, ഖാന്‍, അച്ചന്‍കുഞ്ഞ്, ചങ്ങനാശ്ശേരി സുലോചന, കൂത്താട്ടുകുളം ലീല, ഡി. ഫിലിപ്പ്, ജോസഫ് എന്നിവരും അഭിനയിച്ച ആ നാടകം നാനൂറു സ്‌റ്റേജുകളിലെങ്കിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.
പിന്നീട് എന്‍.എന്‍.പിള്ളയുടെ 'ആത്മബലി' ഞങ്ങള്‍ അവതരിപ്പിച്ചു. പിള്ളയെ എനിക്ക് നേരത്തെ അറിയാം. ഞങ്ങള്‍ ഒരര്‍ത്ഥത്തില്‍ നാട്ടുകാരാണ്. എന്നെപ്പോലെ വീട്ടില്‍ നിന്ന് ഒളിച്ചോടി പട്ടാളത്തില്‍ പണിയെടുത്ത്, യുദ്ധാവസാനം നാട്ടിലേക്ക് മടങ്ങിയ ഒരാളാണ്. അത്തരത്തിലും ഞങ്ങള്‍ സമാനഹൃദയരായിരുന്നു. '1952'ല്‍ അദ്ദേഹം 'വിശ്വകേരള കലാസമിതി' രൂപീകരിച്ചിരുന്നു. പക്ഷേ ചൈനീസ് യുദ്ധകാലത്ത് 'ആത്മബലി' ഞങ്ങള്‍ക്കുവേണ്ടി അവതരിപ്പിച്ചു. ഈ നാടകത്തിന് ടാക്‌സ് ഇളവുകള്‍ കിട്ടിയിരുന്നു. രണ്ട് പട്ടാളക്കാരുടെ കഥയാണ്. അതില്‍ എന്‍.എന്‍.പിള്ളയ്ക്കും എനിക്കും പട്ടാളക്കാരന്റെ വേഷമാണ്. അതില്‍ എന്റെ മകനായി വേഷമിട്ടത് അഞ്ചുവയസുകാരനായ, പിള്ളയുടെ മകന്‍ കുട്ടനാണ്. ഇന്ന് വലിയ നടനായ വിജയരാഘവന്‍. കോട്ടയം വി.ടി.തോമസും നാടകത്തില്‍ സഹകരിച്ചു. എറണാകുളം ടി.ഡി.എം.ഹാളള്‍ ഉള്‍പ്പടെ പല പ്രാധന വേദികളും ഞങ്ങള്‍ ഈ നാടകം അവതരിപ്പിച്ചു.
ഇങ്ങനെ നാഷണല്‍ തീയേറ്റേഴ്‌സില്‍ സഹകരിച്ചവരില്‍ ഒരാള്‍ അച്ചന്‍കുഞ്ഞാണ്. മുമ്പ് കോട്ടയം ബോട്ട് ജെട്ടിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു അദ്ദേഹം. രാത്രി മുഴുവന്‍ അഭിനയം. പകല്‍ ചുമട്ടു ജോലി എന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. മുമ്പ് കെ.പി.എ. സിയിലും അഭിനയിച്ചിട്ടുണ്ട്. അച്ചന്‍കുഞ്ഞിനെ സിനിമയിലേക്ക് ശിപാര്‍ശ ചെയ്യുന്നത് പ്രേം പ്രകാശാണ്. അച്ചന്‍കുഞ്ഞിനെ ഭരതന് പരിചയപ്പെടുത്തികൊടുത്തു. 'ലോറി' എന്ന സിനിമയില്‍ നല്ല നടനുള്ള സംസ്ഥാ അവാര്‍ഡ് അച്ചന്‍കുഞ്ഞിന് ലഭിച്ചിട്ടുണ്ട്..
മികച്ച രംഗപടം ഒരുക്കി പലവട്ടം സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ആര്‍ട്ടിസ്റ്റ് സുജാതന്റെ അരങ്ങേറ്റവും നാഷണല്‍ തീയേറ്റിലൂടെയാണ്. 1973 ല്‍ നിശാഗന്ധി എന്ന ഞങ്ങളുടെ നാടകത്തിനാണ് ആദ്യമായി അദ്ദേഹം ഒറ്റയ്ക്ക് രംഗപടം ഒരുക്കുന്നത്.
അര്‍പ്പണബോധത്തോടെയുള്ള കലാകാരന്‍മാരുടെ പ്രവര്‍ത്തനം തന്നെയാണ് നാഷണല്‍ തീയേറ്ററിന്റെ വിജയമായത്. മറക്കാനാവാത്ത ഒരു സംഭവം പറയാം. നിലമ്പൂരിനടുത്ത് അതിര്‍ത്തിയിലുള്ള ദേവര്‍ഷോള എന്ന സ്ഥലത്ത് നാടകം അവതരിപ്പിക്കാന്‍ നാഷണല്‍ തീയേറ്റേഴ്‌സ് കലാകരന്‍മാര്‍ ഒരിക്കല്‍ പോയി. സുന്ദരന്‍ കല്ലായി എഴുതിയ 'സീമന്തിനി' എന്ന നാടകമാണ് അത്. മക്കള്‍ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിക്കുന്ന അമ്മയുടെ കഥയാണ് നാടകം. എം.എസ്. ബാബുരാജ് ചിട്ടപ്പെടുത്തിയ അതിലെ അഞ്ചുപാട്ടുകളും ഹിറ്റായിരുന്നു. 150 വേദിയെങ്കിലും നാടകംകളിച്ചു. അച്ചന്‍കുഞ്ഞ്, കെ.കെ.ജേക്കബ്, കെ.എസ്. കര്‍ത്ത, കരിക്കകംമണി, കെ.പി.എ.സി.സൂലോചന കൂത്താട്ടുകുളം ലീല, പാല സുമ, തുടങ്ങിയവരാണ് അഭിനേതാക്കള്‍.
നാടകം അവതരിപ്പിക്കാന്‍ പോയത് തേയിലതോട്ടങ്ങളില്‍ പണിയെടുത്തിരുന്ന, മലയാളികള്‍ കൂടുതലുള്ള അതിര്‍ത്തി ഗ്രാമത്തിലാണ്. അവിടെ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഒരു മലയാള നാടകം നടത്താന്‍ സ്വാഭാവികമായും തീരുമാനിച്ചു. രാവിലെ തന്നെ കോട്ടയത്ത്‌നിന്ന് കലാകാരന്‍മാര്‍ യാത്ര തിരിച്ചു. ഉച്ച കഴിഞ്ഞ് നിലമ്പൂരെത്തി. കയറ്റവും ചുരങ്ങളുമുള്ള സ്ഥലമാണ് ദേവര്‍ഷോള. നാടുകാണിയെന്ന സ്ഥലം കഴിഞ്ഞ് ഒരു വളവില്‍ വച്ച് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് വാനിലിടിച്ചു. വാന്‍ പിന്നിലോട്ട് നിയന്ത്രണം വിട്ട് ഇറങ്ങി മരത്തിലിടിച്ചു നിന്നു. പിന്നില്‍ കൊക്കയാണ്. ഭാഗ്യത്തിന് എല്ലാവരും രക്ഷപെട്ടു. എല്ലാവര്‍ക്കും തന്നെ പരിക്കുപറ്റി. കുറച്ചുപേരെ ആശുപത്രിയില്‍ എത്തിച്ചു. അധികം പരുക്കേല്‍ക്കാത്തവര്‍ നാടകസ്ഥലത്തേക്ക് നീങ്ങി. ഭാരവാഹികള്‍ നാടകംമാറ്റിവയക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു. പക്ഷേ കലാകാരന്‍ ഒത്തുചേര്‍ന്ന് നാടകം മാറ്റിവയ്‌ക്കേണ്ടെന്ന് തിരുമാനിച്ചു. രാത്രി 11 ന് നാടകം തുടങ്ങി. നാടകം തുടങ്ങുമ്പോള്‍ കൂത്താട്ടുകുളം ലീലയുടെ മൂക്കില്‍നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. മൂക്കില്‍ പഞ്ഞിവച്ച്, ഓരോ രംഗം കഴിയുമ്പോഴും അത് പഞ്ഞി മാറ്റിയാണ് ലീല അഭിനയം പൂര്‍ത്തിയാക്കിയത്. നാടകത്തിനുശേഷം തിരിച്ചുപോരാന്‍ വണ്ടിയില്ല. ഒടുവില്‍ അവിടെയുള്ളവര്‍ ഒരു ലോറി സംഘടിപ്പിച്ചു കൊടുത്തു. അതില്‍ കയറിയാണ് തൃശൂര്‍ റീജണല്‍ തീയേറ്ററില പിറ്റേദിവസത്തെ പരിപാടിക്ക് എത്തുന്നത്. എല്ലാവരും ബാന്‍ഡേജ് ഒക്കെ കെട്ടിയുട്ടുണ്ട്. തണുപ്പ് സഹിച്ച് തുറന്ന ലോറിയിലായിരുന്നു യാത്ര. ഇവിടെയും നാടകം മാറ്റിവയ്ക്കാമെന്ന് ഭാരവാഹികള്‍ പറഞ്ഞെങ്കിലും കലാകാരന്‍മാര്‍ സമ്മതിച്ചില്ല. നാടകത്തിനുശേഷം ഭാരവാഹികള്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് നാടകം സംഘം തിരിച്ചെത്തുന്നത്. ഇതൊന്നും ഇന്നു പറഞ്ഞാല്‍ വിശ്വസിക്കാനാവില്ല. അതായിരുന്നു അന്നത്തെ കലാകാരന്‍മാര്‍. ഈ സംഭവത്തെപ്പറ്റി കെ.പി.എ.സി. സുലോചന തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഇങ്ങനെ കുറേ കലാകാരന്‍മാരുടെ അര്‍പ്പണ ബോധത്തിലാണ് നാഷണല്‍ തീയേറ്റേഴ്‌സ് ഒന്നാമതെത്തിയത്.
അന്ന് മിക്ക നാടകങ്ങളിലും ഞാനും അഭിനയിച്ചിരുന്നു. പക്ഷേ സിനിമയും നാടകവും ഒരുമിച്ച് കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു . അന്ന് നാടകത്തില്‍ അഭിനയിച്ചശേഷം പ്ലെയിനില്‍ ഷൂട്ടിംഗ് സ്ഥലത്തേക്ക് പറന്ന ദിവസങ്ങളുണ്ടായിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമൊക്കെ അതുവരുത്തി. പക്ഷേ നാടകം ഒരു ഭ്രാന്താണ്. ശരിക്കും ഞാന്‍ അത് ആസ്വദിച്ച് അഭിനയിച്ചു. പിന്നീട് കൊച്ചിയിലേക്ക് താമസം മാറ്റിയയോടെ നാഷണല്‍ തീയേറ്റര്‍ നോക്കി നടത്താനാവാതെയായി. ഞാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചു. അദ്ദേഹം കുറച്ചുവര്‍ഷം മുമ്പ് മരിച്ചു.
കൊച്ചിയില്‍ വന്നശേഷവും ഞാന്‍ സ്വന്തമായി നാടകട്രൂപ്പ് തുടങ്ങി. 'പീപ്പിള്‍സ് സ്‌റ്റേജ് ഓഫ് കേരള' എന്നപേരില്‍. 'വേലുത്തമ്പി ദളവ' പോലുള്ള നടകങ്ങള്‍ചെയ്തു.കൊട്ടാരക്കര, സെബാസ്റ്റിയന്‍ കുഞ്ഞ് കുഞ്ഞ് ഭാഗവതന്‍, ഓച്ചര വേലിുക്കുട്ടി എന്നിവര്‍ ഒക്കെ സഹകരിച്ചു. അപ്പോഴേക്കും സിനിമയുടെ തിരക്കേറി. ഒന്നിനും സമയമില്ലാത്ത അവസ്ഥ. അതോടെ നാടക രംഗം പതിയെ വിടേണ്ടി വന്നു.മദ്രാസ് ഓര്‍മകള്‍


സിനിമയെന്നത് എഴുപതുവരെ മദ്രാസായിരുന്നു. 1978 നു മുമ്പ് കേരളത്തില്‍ വലിയ രീതിയില്‍ സിനിമാ നിര്‍മാണം നടക്കുന്നിട്ടില്ല. മലയാളസിനിമയുടെ ആസ്ഥാനം എല്ലാ അര്‍ത്ഥത്തിലും മദ്രാസാണ്; കോടാമ്പക്കമാണ്. അന്ന് ഉദയായും മെരിലാന്‍ഡും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ട് സ്റ്റുഡിയോയലും സ്വന്തം ചിത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം മാത്രമാണ് പ്രധാനമായി നടന്നത്. റിക്കാര്‍ഡിംഗ്, എഡിറ്റിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആശ്രയിച്ചിരുന്നത് മദ്രാസിലെ സ്റ്റുഡിയോകളെയാണ്.അന്ന് മലയാള സിനിമയ്ക്ക് വേണ്ടി സ്റ്റുഡിയോ പകല്‍ സമയത്ത് വിട്ടുകിട്ടില്ല. രാത്രി 12 മണിക്കും 2 മണിക്കുമൊക്കെയോ നമുക്ക് ഡബ്ബ് ചെയ്യാന്‍ സ്റ്റുഡിയോകിട്ടൂ. അതുവരെ ഉറക്കമൊന്നുമില്ലാതെ കാത്ത് കെട്ടിക്കിടക്കണം. അന്നത്തെ സൂപ്പര്‍ താരങ്ങള്‍ വരെ എല്ലാവരും എന്തുത്യാഗവും കഷ്ടപ്പാടുംസഹിക്കാന്‍ തയ്യാറായിരുന്നു. ഇന്നത്തെ സിനിമാക്കാര്‍ക്കോ തലമുറക്കോ പറഞ്ഞാല്‍ മനസ്സിലാവില്ല.
അന്ന് മലയാളത്തിലെ ഒരു മാതിരി പ്രമുഖ താരങ്ങളെല്ലാം തങ്ങിയിരുന്നത് സ്വാമീസ് ലോഡ്ജിലാണ്. സത്യന്‍, നസീര്‍, മുത്തയ്യ, എസ്.പി.പിള്ള, നെല്ലിക്കോട് ഭാസ്‌ക്കരന്‍, ബഹുദര്‍. പറവൂര്‍ഭരതന്‍, ജി.കെ.പിള്ള അങ്ങനെ ഒരു തലമുറയിലെ എല്ലാവരും തന്നെ. ഇപ്പോള്‍ ഞങ്ങള്‍ മൂന്നുപേരേ ശേഷിക്കുന്നുള്ളൂ. ജി.കെ.പിള്ളയും പറവൂര്‍ ഭരതനും ഞാനും. അതില്‍ പ്രായക്കൂടുതല്‍ എനിക്കാണ്. 'അമ്മ'യുടെ ഏറ്റവും മുതിര്‍ന്ന അംഗം ഞാനാണ്.
കുടുംബംപോലെയായിരുന്നു അവിടെ. നസീറും ഞാനും അടുത്തടുത്ത മുറികളിലാണ് താമസം. എല്ലാവരും ഏതുസമയവും കളിയും ചിരിയുമായിരിക്കും. നായകന്‍, വില്ലന്‍ എന്നൊരു വ്യത്യാസം പെരുമാറ്റത്തില്‍ ഇല്ല.
വുഡ്‌സ്‌റോഡിനോട് ചേര്‍ന്നാണ് സ്വാമീസ് ലോഡ്ജ്. മലയാള സിനിമയില്‍ എന്തെങ്കിലും ആവണമെന്നാഗ്രഹിക്കുന്നവര്‍ അവിടെയെത്തും. അതുകൊണ്ട് തന്നെ എന്നും അവിടെ തിരക്കും ചര്‍ച്ചയുമായിരുന്നു. അവിടെ സ്വാമീസ് ലോഡ്ജില്‍ തന്നെ ഭക്ഷണശാലയുണ്ട്. പക്ഷേ നോണ്‍ വെജിറ്റേറിയന്‍ അടുത്തുള്ള അവരുടെ തന്നെ 'രാമകൃഷ്ണ നിവാസില്‍' പറഞ്ഞാല്‍ കൊണ്ടുവരും. വലിയ നടന്‍മാരും സാധാരണ താരങ്ങളും എങ്ങനെ ഒന്നിച്ച് ജീവിച്ചുവെന്നത് ഇന്ന് അത്ഭുതം തോന്നും. പലര്‍ക്കും വലിയ സൗകര്യങ്ങള്‍ തേടി പോകാന്‍ സാമ്പത്തിക ശേഷിയുണ്ടായിരുന്നെങ്കിലും ആരും പോയില്ല എന്നതാണ് സത്യം. എല്ലാവരും കൂട്ടായ്മയില്‍, ലാളിത്യത്തില്‍ വിശ്വസിച്ചു.
അന്ന് ഇരുപതിനായിരം രൂപയ്ക്ക് മേലാണ് നായക താരങ്ങളുടെ പ്രതിഫലം. നസീറിന് എഴുപത്തായിരം രൂപയുടെ അടുത്തുണ്ടാവും. ഇന്നത്തേത് വച്ച് നോക്കുമ്പോള്‍ വലിയ തുകയൊന്നുമല്ല. അവര്‍ ചോദിച്ചുവാങ്ങാന്‍ പ്രൊഫഷണലുകളുമായിരുന്നില്ല. ഒരു വില്ലന്‍ എന്ന നിലയില്‍ 25,000 രൂപവരെയാണ് എനിക്ക് ലഭിച്ചത്. അന്ന് കുറച്ചു കാശൊക്കെ ഉണ്ടായിരുന്നു. പക്ഷേ നാല് പെണ്‍മക്കളെയും മറ്റും അച്ഛനായിരുന്നു ഞാന്‍!
മദ്രാസില്‍ ചില ഓര്‍മകള്‍ ഇപ്പോഴും മങ്ങുന്നില്ല. 'കുരുതിക്കളം' എന്ന സിനിമയുടെ ഷൂട്ടിംഗാണ് രംഗം. ഷീലയും സത്യനും മധുവും കോട്ടയം ചെല്ലപ്പനും മെല്ലാമുണ്ട്. എ.കെ. സഹദേവനായിരുന്നു സംവിധായകന്‍. ചിത്രീകരണം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് ഹിന്ദി സിനിമയിലെ പ്രമുഖ നായകനായ ദിലിപ്കുമാറും വില്ലനായ പ്രാണും കൂടി വന്നു. ഷീല എന്റെ ഷര്‍ട്ട് പിടിച്ചു വലിച്ചുകീറുന്ന എതോ രംഗമാണ് അന്ന് ചിത്രീകരിക്കേണ്ടത്. ഞങ്ങള്‍ ചെയ്യുന്നതെല്ലാം നോക്കി അവര്‍ അവിടെ നിന്നു. പിന്നെ ആദ്യ സീനിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ദിലീപ് കുമാര്‍ വന്നു ചോദിച്ചു: 'ആപ് മലയാളം കാ വില്ലന്‍ ഹേ' (നിങ്ങള്‍ മലയാളത്തിലെ പ്രാണ്‍ ആണല്ലേ'). ചിരിപൊട്ടി. അന്ന് എല്ലാരും ഒന്നിച്ചുനിന്ന് ഒരു ഫോട്ടോയെടുത്തു. ആ ഫോട്ടോ അമൂല്യമായി ഞാന്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചു. പിന്നെ ഇടയ്ക്കുവന്ന ഏതേരാ പത്രക്കാരന്‍ തിരിച്ചുകൊണ്ടുതരാമെന്ന് പറഞ്ഞ് കൈക്കലാക്കി മുങ്ങി.
മലയാള സിനിമയയെ മദ്രാസില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത് മദ്രാസിലെ തന്നെ സിനിമാ പ്രവര്‍ത്തകരാണ്. അങ്ങനെ പൂര്‍ണമായി പറയുന്നത് ശരിയല്ലെങ്കിലും വാസ്തവം ഏറെക്കുറെ അതാണ്. അന്ന് അവിടെയുണ്ടായിരുന്ന ഞങ്ങളെല്ലാം ചേര്‍ന്ന് 'ചലച്ചിത്ര പരിഷത്ത്' എന്ന സംഘടനയുണ്ടാക്കി. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മിക്കുന്ന മലയാളത്തിന്റെ സിനിമാആസ്ഥാനം കേരളത്തിലേക്ക് മാറ്റുക എന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ചലച്ചിത്ര പരിഷത്ത് തീരുമാനിച്ചു. രാമുകര്യാട്ട്, എ. വിന്‍സന്റ്, തോപ്പില്‍ഭാസി, വയലാര്‍, കെ.എസ്. സേതുമാധവന്‍, പ്രേംനസീര്‍, സത്യന്‍ തുടങ്ങിയവര്‍ക്കായിരുന്നു മുന്‍കൈ. എനിക്ക് ഈ സംഘത്തില്‍ ചെറിയ റോളേ ഉണ്ടായിരുന്നുള്ളൂ. അന്ന് മെമ്മോറാണ്ടം തയ്യാറാക്കുകയും മുഖ്യമന്ത്രി അച്യുതമേനോന് സമര്‍പ്പിക്കുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷനും ചിത്രാഞ്ജലി സ്റ്റുഡിയോയും സ്ഥാപിതമാകുന്നത്. അത് ശരിക്കും മലയാള സിനിമയുടെ കുതിച്ചുചാട്ടമായിരുന്നു. കുറേ സിനിമകള്‍ വന്നു. കൂടുതല്‍ പേര്‍ രംഗത്ത് എത്തി. അപ്പോള്‍ സിനിമയുടെ രീതിയും സ്വഭാവവും മാറി. സ്വാമിലോഡ്ജ് ഓര്‍മയായി.

കൊച്ചിയിലേക്ക് ഒരു കുടിയേറ്റം


സിനിമയില്‍ തിരക്കേറിയ സമയത്ത് ഞാന്‍ കൊച്ചിയിലേക്ക് കുടിയേറി. എറണാകുളം അന്ന് ചെറിയ പട്ടണമാണ്. പക്ഷേ, വളര്‍ച്ചയുടെ സൂചനകള്‍ കാണിക്കുന്നുണ്ട്. എം.ജി.റോഡ് എന്നത് ചതുപ്പിനിടയിലൂടെയുള്ള ചെറിയ ഒരു വഴിയാണ്. ഇരുവശത്തും പച്ചപ്പുല്ല് വളര്‍ന്നു നില്‍പ്പുണ്ട്. മേനക തീയേറ്ററിനുമുന്നിലുടെയുളള വഴിയാണ് അന്ന് പ്രധാനം. അന്ന് കായല്‍ റോഡിനോട് ചേര്‍ന്നാണുണ്ടായിരുന്നത്. മറൈന്‍ ഡ്രൈവ് വരുന്നതിനു മുമ്പാണിത്. അന്ന് അവിടെയുള്ള കല്‍ക്കെട്ടില്‍, കായലിനഭിമുഖമായിരുന്ന് കൂട്ടുകാരുമൊത്ത് തമാശകള്‍ പറഞ്ഞു കൂടുക ഒരു രസമുള്ള കാര്യമായിരുന്നു.
മദ്രാസിലേക്കു പോകുമ്പോള്‍ എന്റെ ഇടത്താവളമാണ് ആദ്യ ഘട്ടത്തില്‍ കൊച്ചി. അതിനുമുമ്പേ എനിക്ക് കൊച്ചിയുമായി ബന്ധമുണ്ട്. തേയില കച്ചവടം നടത്തിയ നാളില്‍ ഞാന്‍ ഫിലിം റെപ്രസെന്റീവ് ആയി പണിയെടുത്തിരുന്നു. ഫിലിം പെട്ടികളുമായി സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലേക്കു പോകണം. അന്ന് മാസം 25 രൂപയാണ് വേതനം. മൂന്നു രൂപ ദിവസ അലവന്‍സും കിട്ടും. അന്ന് എറണാകുളത്തായിരുന്നു മുഖ്യമായി തങ്ങിയിരുന്നത്. ഒപ്പം കൊച്ചിയിലുള്ള ഏക തീയേറ്ററായ മേനകയില്‍ പോയി പതിവായി സിനിമയും കാണും. പിന്നെ കായ ഭിത്തിയില്‍ മറ്റ് ഫിലിംറെപ്രസെന്റീവേറ്റീവുകള്‍ക്കൊപ്പം ഇരിക്കും.
പിന്നീട് ഞാന്‍ പൂക്കാരംമുക്കില്‍ ഓഫീസുണ്ടായിരുന്ന ഒരു ഫിലിം കമ്പനിയില്‍ ചേര്‍ന്നു. ഓഫീസിനോടു ചേര്‍ന്നുള്ള കൊച്ചുമുറിയിലായിരുന്നു താമസം. കുറച്ചുവര്‍ഷത്തിനുശേഷം കലൂരില്‍ ഒരു ചെറിയവീട്‌വാടകയ്ക്ക് എടുത്തു. അന്ന് എന്റെ അനിയനും ഉണ്ടായിരുന്നു. ബിസിനസ് മെച്ചപ്പെടുകയും സിനിമയില്‍ അസ്ഥിത്വം ഉണ്ടാവുകയും ചെയ്തപ്പോള്‍ രവിപുരത്ത് ഞാന്‍ ഒരു വീടു പണിതു. അടുത്തകാലം വരെ അവിടെയായിരുന്നു താമസം. അന്ന് രവിപുരം തീര്‍ത്തും ശാന്തമായ സ്ഥലമാണ്. കുറച്ചുവീടുകള്‍ ഉണ്ട്. റോഡിന്റെ അറ്റത്ത് അമ്പലം. എം.ജി. റോഡ് തൊട്ടടുത്ത്. പക്ഷേ പെട്ടെന്ന് കൊച്ചി വളര്‍ന്നു. ഇന്ന് ആ സ്ഥലം തിരക്കുപിടച്ചു. വീടിനേക്കള്‍ കടകളാണവിടെ.
നല്‍പതുവര്‍ഷം മുമ്പ് ഞാന്‍ എറണാകുളത്ത് ബിസിനസ് തുടങ്ങി. ഡ്രൈ ക്ലീനിംഗിന്റെ ബിസിനസാണ് അത്. അന്ന് തിരിക്കുള്ള നടനാണ്. പക്ഷേ, എനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. നസീറിന് ഒരു പാകിസ്താനി സുഹൃത്തുണ്ട്. മദ്രാസില്‍. ആ സുഹൃത്തില്‍നിന്ന് ഡ്രൈ ക്ലീനിഗ് ബിസിനസ് വിജയ സാധ്യതയുണ്ടെന്ന് അറിഞ്ഞ നസീര്‍ അത് എന്നോട് പങ്കുവച്ചു. സമയം കിട്ടുമ്പോള്‍ ഈ ബിസിനസിനെപ്പറ്റി അറിയാന്‍ മദ്രാസിലെ ഷോപ്പുകള്‍ ഞാനും നസീറും സന്ദര്‍ശിച്ചിരുന്നു.
അന്ന് എറണാകുളത്ത് ഒരൊറ്റ ഡ്രൈക്ലീനിംഗ് ഷോപ്പേയുള്ളൂ. ഞാന്‍ അന്ന് ആദ്യ കടയുടെ എതിര്‍വത്തായി ഒരു കട എം.ജി.റോഡില്‍ തന്നെ കണ്ടെത്തി. ഞാന്‍ പക്ഷേ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങളില്‍നിന്നും ഓഡറുകള്‍ സ്വീകരിക്കാന്‍ ശ്രിച്ചു. ഫോര്‍ട്ട് കൊച്ചി, ആലുവ എന്നിവടങ്ങളില്‍ നിന്നൊക്കെ. അന്ന് ഒരു സ്റ്റാന്‍ഡേര്‍ഡ് വാനുണ്ട് എനിക്ക്. അതില്‍ കടയുടെ പേര് വലുതായി എഴുതിവച്ചിരുന്നു. പിന്നില്‍ വസ്ത്രങ്ങള്‍ അലക്കിയ വസ്ത്രങ്ങള്‍ തൂക്കിയിടാന്‍ സൗകാര്യമുണ്ട്.
എറണാകുളത്തുളളപ്പോള്‍ ഞാന്‍ തന്നെ വണ്ടി ഓടിക്കും. അന്ന് ആളുകള്‍ കൗതുകത്തോടെ നോക്കും. സിനിമയിലുള്ള പല സുഹൃത്തുക്കളും പതിവായി കടയില്‍ വരും. നടി ശാരദയാണ് കടയുല്‍ഘാടനം ചെയ്തത്. അന്നവര്‍ ഉദായ സ്റ്റുഡിയോയില്‍ ഷൂട്ടിംഗിനുണ്ടായിരുന്നു. വിളിച്ചയുടന്‍ അവര്‍ വന്നു. വലിയ ആള്‍ക്കൂട്ടവുമുണ്ടായിരുന്നു. സത്യന് മക്കള്‍ക്ക് വേണ്ടി തിരുവനന്തപുരത്ത് ഒരു കട ഇതുപോലെ തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നു. എങ്ങനെയാണ് ഞങ്ങളുടെ ഷോപ്പ് പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ സത്യന്‍ പതിവായി വരും. പക്ഷേ, സത്യന് കട തുടങ്ങായില്ല.


ജയന്‍: മിന്നിമറഞ്ഞ താരം

'താരം' എന്ന വാക്ക് എല്ലാവര്‍ക്കും ചേരില്ല. എല്ലാ അഭിനേതാക്കളും താരങ്ങളല്ല. താരം എന്ന പദം അത് ജയനുമാത്രമേ ചേരൂ. എല്ലാ അര്‍ത്ഥത്തിലും താരം. ഷൂട്ടിംഗ് സ്റ്റാര്‍ (വാല്‍നക്ഷത്രം) പോലെ മിന്നിമറഞ്ഞ ഒരാള്‍. ജയനെ ഓര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ വല്ലാത്ത വേദന നിറയും. വിഷമം തോന്നും.
സിനിമയില്‍ വരുന്നതിനു മുമ്പേ എനിക്ക് കൃഷ്ണന്‍നായരെ അറിയാം. മകന്‍ രാജന്റെ കൂട്ടുകാരനാണ്. സിനിമയായിരുന്നു അന്നും അയാള്‍ക്ക് താല്‍പര്യം. എറണാകുളത്തെ ഡ്രൈക്ലിനിംഗ് ഷോപ്പില്‍ വൈകിട്ട് പതിവായിവരും. രാജനോട് വര്‍ത്തമാനം പറഞ്ഞിരിക്കും. ഇടയ്ക്കു കാണുമ്പോള്‍ എന്നോട് സിനിമാ വിശേഷങ്ങള്‍ ചോദിക്കും. മകന്റെ കൂട്ടുകാരനായതുകൊണ്ടുതന്നെ മകനോടുള്ള വാത്സല്യവും സ്‌നേഹവുമായിരുന്നു.
കൊല്ലത്ത് തേവള്ളയില്‍ ജനിച്ച കൃഷ്ണന്‍നായര്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ പഠിത്തം നിര്‍ത്തി നേവിയില്‍ ചേര്‍ന്നു. പിടി ഓഫീസറോ മറ്റോ ആയിരുന്നു. ആകര്‍ഷകമായി വസ്ത്രം ധരിച്ചേ ഞാന്‍ കൃഷ്ണന്‍ നായരെ കണ്ടിട്ടുള്ളൂ. നല്ല, ഉറച്ച ശരീരമുണ്ട്. തന്റെ ശരീരത്തെപ്പറ്റി നല്ല ബോധ്യവും അതിനെക്കുറിച്ച് സ്വകാര്യമായി അഹങ്കരിക്കുകയും ചെയ്തിരുന്ന ആളാണ് അദ്ദേഹം. ആരോഗ്യത്തില്‍ ശ്രദ്ധയുള്ളതുകൊണ്ടുതന്നെ മദ്യപാനും പുകയിലവലിയും ഉപക്ഷിച്ചിരുന്നു. എറണാകുളത്തും ഫോര്‍ട്ട്‌കൊച്ചിയിലുമൊക്കെ മോട്ടോര്‍ബൈക്കിലാണ് കറക്കം. 'ജാവാ നായര്‍' എന്നാണ് നേവിക്കാരുള്‍പ്പടെ എല്ലാവരും വിളിക്കുക. എന്നാല്‍ അടുപ്പമുള്ളര്‍ എല്ലാവരും 'ബേബി' എന്നാണ് വിളിച്ചിരുന്നത്. അമ്മയുടെ ഇഷ്ടപേര് ബേബി എന്നായിരുന്നു.
സിനിമയില്‍ ജയന് അവസരം ഒരുക്കുന്നതില്‍ എനിക്ക് പങ്കുണ്ട്. കൃഷ്ണന്‍ നായരെ ജേസിക്കു പരിചയപ്പെടുത്തുന്നത് ഞാനാണ്. എന്റെ സുഹൃത്താണ് സംവിധായകനായ ജേസി. കലൂരില്‍ കുറ്റിക്കാട്ട് വീട്ടില്‍ ജേസഫിന്റെ മകനാണ് ചിന്നപ്പന്‍ ജോസഫ് എന്ന ജേസി. പിന്നീ ആ പേര് കെ.സി. കുറ്റിക്കാട്ട് എന്നായി. ഒടുവില്‍ ജേസിയുമായി. 1974 ല്‍ 'ശാപമോക്ഷം' സംവിധാനം ചെയ്താണ് ജേസി ഒരു സ്വതന്ത്ര സംവിധായകനാകുന്നത്. ആ സിനിമയിലൂടെയാണ് ജയന്റെ വരവും. ഷീല, കെ.പി. ഉമ്മര്‍, അടൂര്‍ഭാസി, ഞാന്‍ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ഞാന്‍ ജേസിയോട് പറഞ്ഞയുടനെ അദ്ദേഹം അത് സമ്മതിച്ചു. സിനിമയില്‍ പേര് കൊടുക്കുന്ന ഘട്ടത്തില്‍ ജേസി എന്നോട് പറഞ്ഞു കൃഷ്ണന്‍നായര്‍ എന്നത് അത്ര ക്ലിക്കാവാന്‍ സാധ്യതയില്ല. കേള്‍ക്കാന്‍ രസമുള്ള ഒരു പേരുവേണം. അതിനുമുമ്പ് തിക്കുറുശ്ശി ചെയ്തിരുന്ന പണി ഞാനന്ന് ഏറ്റെടുത്തു. ജയന്‍ എന്ന പേരാണ് പെട്ടന്ന് നാക്കിന്‍തുമ്പത്തുവന്നത്. അത് ജേസിക്കിഷ്ടമായി. കൃഷ്ണന്‍നായര്‍ക്കും. വൈകാതെ, ഹരിഹരന്‍ 'ശരപഞ്ചരം' എന്ന സിനിമയെടുത്തു. അതില്‍ നായക വേഷമായിരുന്നു. ജയന്‍ എന്ന പേര്‍ ഹരിഹരന്‍ കൂടി ഉപയോഗിച്ചതോടെ അതുറച്ചു. മലയാളിക്ക് പരിചിതമായി. സിനിമയില്‍ സജീവമായതോടെ 16 വര്‍ഷം ജോലി ചെയ്ത നേവിയില്‍ നിന്ന് ജയന്‍ പിരിഞ്ഞു.
ജയന്റെ ആദ്യ സിനിമയില്‍ വില്ലന്റെ വേഷമാണ് എനിക്ക്. എന്നോട് സ്‌നേഹവും ആദരവുമായിരുന്നു എന്നു. കാരണം കൂട്ടുകാരന്റെ അച്ഛന്‍ കൂടിയാണ് ഞാന്‍.
മൂന്നുവര്‍ഷം കൊണ്ട് 105 ചിത്രങ്ങളില്‍ ജയന്‍ അഭിനയിച്ചു. 'തച്ചോളി അമ്പു'വായിരിക്കും ബ്രേക്ക്. പിന്നെ പഞ്ചമി, ശത്രുസംഹാരം, കരിപുരണ്ട ജീവിതങ്ങള്‍, മൂര്‍ഖന്‍, കരമ്പന, അങ്ങാടി, തടവറ തുടങ്ങിയ എത്രയോ സിനിമകള്‍. അഭിനയിച്ച സിനിമകളില്‍ ഭൂരിപക്ഷം ചിത്രങ്ങളിലും ഞാനുണ്ടായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് 'അഗ്നിശര'ത്തില്‍ അഭിനയിച്ചത് എനിക്ക് നല്ല ഓര്‍മയുണ്ട്്. എ.ബി.രാജ് സംവിധാനം ചെയ്ത ആ പടത്തില്‍
കവിയൂര്‍ പൊന്നമ്മ, ജയഭാരതി, ശ്രീലത, റീന എന്നിവരുണ്ട്. കലാരജ്ഞനി ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ആ സിനിമയുടെ കഥ തിരക്കഥ, സംഭാഷണം, നിര്‍മാണം എല്ലാം എ.ബി.രാജാണ്. എ.കെ. അര്‍ജുനന്റെ സംഗീതമാണ്. ആ സിനിമയുടെ സെറ്റില്‍ വച്ച് ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുത്തു. പക്ഷേ എന്നും ഒരാദരവിന്റെ അകലം ജയന്‍ പാലിച്ചു. ഞാനാകട്ടെ വാത്സല്യത്തിന്റെയും.
ആത്മാര്‍ത്ഥ, അര്‍പ്പണബോധം, സാഹികത എന്നിവയാണ് ജയനിലെ ഏറ്റവും വലിയ സ്വഭാവ സവിശേഷതകള്‍. അതുതന്നെയാണ് കോളിളക്കത്തിലെ അപടകമരണത്തിനും കാരണം. മരിക്കുമ്പോള്‍ 42 വയസ്സായിരുന്നു. ഇടയ്ക്ക് ജയന്റെ അനിയന്‍ സോമന്‍നായരും സിനിമയില്‍ മുഖംകാട്ടി. അന്ന് പേര് അജയന്‍ എന്നാക്കി മാറ്റി.
ഇടയ്ക്ക് ടിവിയില്‍ മിമിക്രി താരങ്ങള്‍ ജയനെ അനുകരിച്ച് വൃത്തികേടാക്കുന്നതു കാണാം. അതു കാണുമ്പോള്‍ പലപ്പോഴും വിഷമം തോന്നും. അത്തരം പരിഹാസങ്ങള്‍ക്ക് ജയന്‍ അര്‍ഹനല്ല എന്നെനിക്കറിയാം. മലയാളത്തിലെ സൂപ്പര്‍ സ്റ്റായിരുന്നു അദ്ദേഹം. ആരും ഇന്നും ആ സിംഹാസനം അതേ അര്‍ത്ഥത്തില്‍ കൈയടക്കിയിട്ടില്ല. ജയന്‍ വിജയിച്ചത് ഒരു തലമുറയ്ക്ക് ഇഷ്ടമായതുകൊണ്ടാണ്. ജയനെ പരിഹസിക്കുമ്പോള്‍ എനിക്ക് തോന്നുന്നത് ഒരു തലമുറയെ പരിഹസിക്കുന്നതുപോലെയാണ് തോന്നുന്നത്. എന്നെയും മിമിക്രി താരങ്ങള്‍ അനുകരിക്കുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ ഞാനിതുവരെ കേട്ടിട്ടില്ല. അനുകരിക്കുന്നത് മോശമായിട്ടാണെങ്കിലും എനിക്ക് വിഷമമില്ല. ചിലരെങ്കിലും എന്നെ ഓര്‍ക്കുമല്ലോ.


മങ്ങാത്ത സൗഹൃദങ്ങള്‍


പ്രശസ്തിക്കും സാമ്പത്തിക നേട്ടത്തിനുമപ്പുറം സിനിമ എനിക്ക് കുറേ നല്ല സൗഹൃദങ്ങളും സമ്മാനിച്ചു. അതില്‍ പലരും തിരിച്ചുവരാത്ത ലോകത്തേക്ക് മടങ്ങി. സൗഹൃദങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍, ചിലപ്പോഴൊക്കെ ഞാന്‍ തനിച്ചായതുപോലെ തോന്നും. സിനിമയില്‍ എനിക്ക് എന്നും അടുപ്പം നസീറുമായിട്ടായിരുന്നു. ആ വലിയ മനസ്സിനെപ്പറ്റി പറയാന്‍ ഒത്തിരിയുണ്ട്. കെ.എന്‍.കെ. പ്രൊഡക് ഷസിന്റെ ബാനറില്‍ 'വിശപ്പിന്റെ വിളി' എന്ന സിനിമയുടെ ഷൂട്ടിംഗ് 'ഉദയാ'യില്‍ നടക്കുമ്പോഴാണ് ഞാന്‍ നസീറിനെ ആദ്യം പരിചയപ്പെടുന്നത്. അന്നുമുതല്‍ മരിക്കുന്നതുവരെ ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദം പുലര്‍ത്തി. ആദ്യം ദിവസം മുതല്‍ 'അളിയാ', അപൂര്‍വമായി 'അസ്സേ' എന്നാണ് പരസ്പരം വിളി. കൂടുതല്‍ അടുപ്പമുള്ളവര്‍ക്കേ അങ്ങനെ വിളിക്കാനാവൂ. അടുപ്പം ഓരോ ഘട്ടത്തിലും കൂടിയതേയുള്ളൂ. ഒരുപക്ഷേ, അടുത്ത ബന്ധുവെന്നൊ, സ്വന്തമെന്നോ ഒക്കെ പറയാം. എന്റെ വീട്ടില്‍ സ്വാതന്ത്ര്യത്തിലൂടെ എങ്ങനെ അദ്ദേഹം കടന്നുവന്നിരുന്നോ അതേ സ്വാതന്ത്ര്യം എനിക്കും അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നു. നസീറിന്റെ മക്കളും അച്ഛന്റെ സ്ഥാനത്താണ് എന്നെ കണ്ടത്.
നസീറിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്കെപ്പോഴും പെട്ടന്ന് ഓര്‍മവരിക 'ലാല്‍ അമേരിക്കയില്‍' എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ സമയമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം അമേരിക്കയില്‍ വച്ചാണ് ചിത്രീകരിച്ചത്. കൊച്ചിന്‍ ഹനീഫയുടേതാണ് തിരക്കഥയും സംഭാഷണവും. 1989 ലാണ് സിനിമ പുറത്തുവരുന്നത്. മോഹന്‍ലാല്‍, പ്രേംനസീര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, സത്താര്‍ എന്നിവരൊക്കെയാണ് മറ്റ് അഭിനേതാക്കള്‍. ന്യൂയോര്‍ക്കിനടുത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ ഒരു മോട്ടലിലാണ് താമസ സൗകര്യം ഏര്‍പ്പാടാക്കിയിരിക്കുന്നത്. ഞാനും നസീറും ഒരുമുറിയിലാണ് താമസം. മോട്ടലില്‍ താമസസൗകര്യം മാത്രമേയുണ്ടാകൂ, ഭക്ഷണം പുറത്ത് നിന്ന് കഴിക്കണം. ഞങ്ങള്‍ അവിടെയെത്തി ആദ്യ ദിവസം വെളുപ്പിന് എഴുന്നേറ്റ് കുറച്ചുകഴിഞ്ഞപ്പോള്‍ നസീറും ഞാനും 'ഒരു ചായ കുടിച്ചാല്‍ കൊള്ളാം' എന്ന ആത്മഗതം പങ്കിട്ടു. തൊട്ടടുത്ത് ഒരു റസ്‌റ്റോറന്റ് ഞങ്ങള്‍ കണ്ടിരുന്നു. ലുങ്കിയുടുത്താണ് മോട്ടലില്‍ ഞങ്ങള്‍ തങ്ങുന്നത്. അതേ വേഷത്തില്‍ തന്നെ പോകാം എന്ന് നസീര്‍ പറഞ്ഞു. പക്ഷേ ഞാന്‍ പോയി ഡ്രസ് മാറി. നസീര്‍ അതേ വേഷത്തിലും. അവിടെ ചെല്ലുമ്പോള്‍ ബ്രെഡിന്റെ സവിശേഷ രീതിയുള്ള പലഹാരം കണ്ടു. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അതു കഴിക്കണമെന്നാഗ്രഹം. പല്ലൊക്കെ പിന്നീട് തേക്കാം എന്നു പറഞ്ഞ് തീറ്റ കഴിഞ്ഞു. സ്ത്രീകള്‍ മാത്രം നടത്തുന്നത റസ്‌റ്റോറന്റാണ് അത്. ഭക്ഷണം കഴിച്ചശേഷമാണ് അറിയുന്നത് നസീറിന്റെ കൈയില്‍ അമ്പത് പൗണ്ടാണുള്ളത് എന്ന്. അമേരിക്കയില്‍ വേണ്ടത് ഡോളറാണ്. റസ്‌റ്റോറന്റിലുള്ളവര്‍ കൈമലര്‍ത്തിക്കാണിച്ചു. ഞങ്ങളിരുവരും അവിടെ നിന്ന് പുകഞ്ഞു. പിന്നെ ഒരു വിധത്തില്‍, ഇന്ത്യയില്‍ കേരളമെന്ന് പറയുന്ന സ്ഥലമുണ്ടെന്നും അവിടെ അത്യാവശ്യം അറിയപ്പെടുന്ന അഭിനേതാക്കളാണ് എന്നുമൊക്കെ പറഞ്ഞൊപ്പിച്ചു. പണം പിന്നീട് തന്നാല്‍ മതി എന്നവര്‍ സമ്മതിച്ചു. പിന്നീട് ഞങ്ങളുമായി വളരെ അടുപ്പത്തിലുമായി. ആ സംഭവത്തിന്റെ കൗതുകം എന്തുകൊണ്ടോ ഇപ്പോഴും മനസ്സിലുണ്ട്.
നസീറും ഞാനും ഒരു നാടകത്തില്‍ ഒരുമിച്ചഭിനയിച്ചു. മറുനാടന്‍ മലയാളികള്‍ക്കുവേണ്ടി ഒരുക്കിയതാണ് അത്. സ്‌റ്റേജ് പെര്‍ഫോമന്‍സിന്റെ ഭാഗമായി. നാടകം പിന്നീട് ലണ്ടന്‍, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ പല വേദികളിലും അവതരിപ്പിച്ചു. ആ സ്‌റേറ്ജ് പെര്‍ഫോമന്‍സില്‍ ബ്രഹ്മാനനന്ദന്‍, തളിപ്പറമ്പ് രാഘവന്‍, സി.എല്‍. ജോസ് എന്നിങ്ങനെ പലരുമുണ്ടായിരുന്നു. പിന്നീട് 'ലവ് ഇന്‍ സിംഗപ്പൂര്‍' എന്ന സിനിമയുടെ ഷൂട്ടിംഗിന് ഞങ്ങള്‍ ഒരുമിച്ച് സിംഗപ്പൂരിലും പോയി. അതില്‍ ജയനുണ്ട്. ലതയായിരുന്നു നായിക. രണ്ടുവട്ടം അമേരിക്കയില്‍ ഞങ്ങളൊരുമിച്ചുപോയി. മദ്രാസിലായിരുന്നപ്പോള്‍ സ്വാമീസ് ലോഡ്ജില്‍ അടുത്തടുത്ത മുറികളിലായിരുന്നു താമസം. 1989 ജനുവരി 16 ന് അറുപത്തിരണ്ടു വയസുള്ളപ്പോള്‍ മദ്രാസില്‍ വച്ചായിരുന്നു നസീറിന്റെ അന്ത്യം. സംസ്‌കാരത്തിന് പോകുമ്പോള്‍ ഞാന്‍ നിര്‍ത്താതെ വിങ്ങിപ്പൊട്ടുകയായിരുന്നു.
ഞാന്‍ ഏറ്റവും അധികം അഭിനയിച്ചിട്ടുള്ളതും നസീറിനൊപ്പമാണ്. അദ്ദേഹം അഭിനയിച്ച എഴുന്നൂറു സിനിമകളില്‍ ഇരുനൂറിലെങ്കിലും ഞാനുണ്ടാകുമെന്ന് ഉറപ്പാണ്. കണ്ടുമുട്ടുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ , എതാണ്ട് നാലു പതിറ്റാണ്ട് ഒരു ബന്ധം ഒരു വഴക്കുമില്ലാതെ ഊഷ്മളമായി നില്‍ക്കുക എന്നത് അപൂര്‍വമാണ്. അടുത്തകാലത്ത് നസീറിന്റെ മകള്‍ എന്നെ കാണാന്‍ വന്നിരുന്നു. കുറേ നേരം ഇരുന്ന് പഴയ കഥകളും സ്‌നേഹവും ഒക്കെ പങ്കുവച്ചാണ് അവര്‍ പോയത്. മിസ്.കുമാരി, എസ്.പി.പിള്ളയും വീട്ടില്‍ പതിവായി വരുമായിരുന്നു.
ബഹദൂറായിരുന്നു സിനിമയില്‍ അടുപ്പമുണ്ടായിരുന്ന മറ്റൊരാള്‍. ദുരിതം നിറഞ്ഞ ഒരു ജീവിത സാഹചര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നമ്മളെ അദ്ദേഹം ചിരിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ നെഞ്ചിലെ കരച്ചില്‍ നാം കാണാതെ പോകുകയും ചെയ്തു. സിനിമയില്‍ എത്തുന്നതിനു മുമ്പ് പി.കെ.കുഞ്ഞാലു എന്നായിരുന്നു ബഹദൂറിന്റെ പേര്. കൊടുങ്ങല്ലൂരില്‍ എട്ട് മക്കളുള്ള വീട്ടിലായിരുന്നു ജനനം. അതില്‍ ഏഴുപേര്‍ അനിയത്തിമാരാണ്. അവരെ കല്യാണം കഴിപ്പിച്ചയക്കേണ്ടതുമുതല്‍ ജീവിതച്ചെലവു നല്‍കേണ്ട എല്ലാ ബാധ്യതകളും കുഞ്ഞാലുവിനായിരുന്നു. അതിനായി ചെറുപ്പത്തിലേ നാടകത്തില്‍ അഭിനയിക്കാന്‍ തുടങ്ങി. പഠിത്തം പാതിവഴിയില്‍ ഉപേക്ഷിച്ചു. പിന്നെ കുറച്ചുകാലം ബസ് കണ്ടക്ടറായി പണിയെടുത്തു. മലയാള സിനിമയുടെ ഫാദര്‍ ഫിഗറായ തിക്കുറുശ്ശിയാണ് കുഞ്ഞാലുവിന് ബഹദൂര്‍ എന്ന പേര് സമ്മാനിക്കുന്നത്. ഒരുഘട്ടത്തില്‍ ആത്മഹത്യയുടെ വക്കിലായിരുന്നു ബഹദൂര്‍. മെരിലാന്‍ഡ് സുബ്രഹ്മണ്യം സിനിമയില്‍ അഭിനയിപ്പിക്കാതെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചപ്പോഴാണ് അദ്ദേഹം ആത്മഹത്യയുടെ പാതതിരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. കുടുംബത്തെപോറ്റാന്‍ നിവൃത്തിയില്ലാതെ വിഷമിക്കുകയായിരുന്നു ആ പാവം. ആ സമയത്താണ് ഞാന്‍ മെരിലാന്‍ഡ് സുബ്രഹ്മണ്യത്തെ കണ്ട് ബഹദൂറിനെ അഭിനയിക്കാന്‍ അവസരം ഒരുക്കുന്നത്. അന്ന് നിര്‍മാതാക്കളായിരുന്നു സര്‍വാധിപതികള്‍. എല്ലാം അവര്‍ നിശ്ചയിക്കും. ചുരുക്കും ചില താരങ്ങള്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം അവരെ ഭയക്കും. നിര്‍മാതാക്കള്‍ക്കൊപ്പം, അല്ലെങ്കില്‍ അവരുടെ മുന്നില്‍ കസേരയില്‍ നടീനടന്‍മാര്‍ ഇരിക്കാറുപോലുമില്ലായിരുന്നു. 'ഉദയാ'യുടെ കുഞ്ചാക്കോയും മെരിലാന്‍ഡിലെ പി. സുബ്രഹ്മണ്യവും ഒക്കെ ഈ രീതിയാണ് തുടര്‍ന്നിരുന്നത്. മെരിലാന്‍ഡില്‍ സ്്റ്റുഡിയോയ്ക്കുള്ളില്‍ വള്ളിക്കുടില്‍ പോലുള്ള പ്രൗഢമായ ഓഫീസായിരുന്നു സുബ്രഹ്മണ്യത്തിന്റേത്. പക്ഷേ, അദ്ദേഹം എന്നോടൊരിക്കലും അത്തരത്തില്‍ പെരുമാറിയിരുന്നില്ല. അതുകൊണ്ട് തന്നെ ബഹദൂറിനെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ വഴങ്ങി.
അടുപ്പമുള്ള മറ്റൊരാളായിരുന്നു മുട്ടത്തുവര്‍ക്കി. പൈങ്കിളി നോവലെഴുത്തുകാരന്‍ എന്നൊക്കെ അദ്ദേഹത്തെ ഇന്നത്തെ തലമുറയ്ക്ക് വിശേഷിപ്പിക്കാം. പക്ഷേ, വര്‍ക്കി പറഞ്ഞതുമുഴുവന്‍ ഒരു കാലഘട്ടത്തിന്റെ കഥയാണ്. മുട്ടത്തുവര്‍ക്കിയെ ഞാനാണ് സിനിമയുടെ ലോകത്തേക്ക് പരിചയപ്പെടുത്തുന്നത്. ആദ്യം അദ്ദേഹത്തിന്റെ 'പാടാത്ത പൈങ്കിളി' സിനിമയായി. തുടര്‍ന്ന് മുട്ടത്തുവര്‍ക്കിയുടെ എതാണ്ട് എല്ലാ നോവലുകളും.
സൗഹൃദത്തിന്റെ രസകരമായ അനുഭവങ്ങള്‍ ഇനിയുമുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പാണിത്. ഞാനന്ന് പടിയാത്ത് റോഡിലെ വീട്ടിലാണ് താമസം. രാവിലെ പള്ളിയില്‍ പോയി വരുമ്പോള്‍ എതിരെ രണ്ടുപേര്‍ വന്നു. ഞാന്‍ അന്ന് പീ ക്യാപ് ധരിച്ചിട്ടുണ്ട്. നടന്നുവന്നവരില്‍ ഒരാള്‍ 'ബേബി' എന്നി വളിച്ചപ്പോള്‍ ഞാന്‍ നിന്നു. പരിചയുമുള്ള ആരോ ആണ്. പിടികിട്ടുന്നില്ല. കോട്ടയംകാരനാണ്. 'മേരി കഹാനി ബേബി, താന്‍ തോമച്ചനെ മറന്നോ? ചോദ്യം പേര് വിളിച്ചയാളുടേതാണ്. എനിക്ക് ആളെ മനസ്സിലായി 1952-54 ക്ലബ് നാളുകളിലെ ചങ്ങാതി. അന്നു പിരിഞ്ഞ ശേഷം പിന്നെ കണ്ടില്ല. വഴിയില്‍നിന്ന് കുറേ വര്‍ത്തമാനം പറഞ്ഞു. കെട്ടിപ്പിടിച്ചു. ഞാന്‍ ചോദിച്ചു 'തോമച്ചാ നീ എന്തുചെയ്യുന്നു'. ഞാനൊരു ജഡ്ജിയാണ് എന്ന് മറുപടി. പിന്നെയാണ് മനസ്സിലായത് ജസ്റ്റിസ് കെ.ടി. തോമസ് ആണ് എന്റെ ആ പഴയ തോമാച്ചനെന്ന്.
മമ്മൂട്ടിയുമായും ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്നത് അത്തരത്തില്‍ നല്ല സ്‌നേഹബന്ധമാണ്. കുറേയേറെ സിനിമകളില്‍ ഒന്നിച്ചഭിനയിച്ചു. പ്രേംപ്രകാശിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങിയ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ചു. അടുത്തിടെ, ഏപ്രിലില്‍ എന്റെ 84-ാം ജന്മദിനത്തിന് അപ്രതീക്ഷിതനായ അതിഥിയായി മമ്മൂട്ടി എത്തിയിരുന്നു. പ്രേംപ്രകാശില്‍നിന്നറിഞ്ഞയുടനെ തിരക്കുകള്‍ മാറ്റിവച്ച് വന്നു. വൈറ്റിലയില്‍ മകന്‍ രാജന്റെ വീട്ടില്‍ അന്ന് ചെറിയ ആഘോഷമായി.
അന്ന് മമ്മൂട്ടി മാധ്യമങ്ങളോട് ഞങ്ങള്‍ ഒരുമിച്ചിരുന്ന പല രംഗങ്ങളും പറഞ്ഞു. അതില്‍ ഒന്ന് 'കൊടുങ്കാറ്റ്' എന്ന സിനിമയിലെ സംഘട്ടന സീനാണ്. ഒരുമലയ്ക്കുമുകളിലാണ് രംഗം. ഒരു കൈകൊണ്ട് മമ്മൂട്ടിയെ താങ്ങുകയും മറ്റേ കൈകൊണ്ട് അടിക്കുകയും ചെയ്യണം. ഇന്നും ആ സീന്‍ ഞാനോര്‍ക്കുന്നുണ്ട്. സന്തോഷം തോന്നി, തിരിക്കിനടയിലും മമ്മൂട്ടിയെപ്പോലെ ചിലരെങ്കിലും എന്നെ ഓര്‍ക്കുന്നുണ്ടല്ലോ.
'സ്‌നാപകയോഹന്നാനും' 'കുഞ്ഞാലി'യും

അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ കിട്ടിയ വേഷങ്ങള്‍ എല്ലാം എത്രയും നന്നാക്കി ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അവയ്‌ക്കെല്ലാം ചില ടിപ്പിക്കല്‍ സ്വഭാവങ്ങള്‍ ഉണ്ടായിരുന്നു എന്നതും വാസ്തവം. വീണ്ടും ആവര്‍ത്തിക്കുന്നു: അതൊക്കെ ഒരു കാലഘട്ടത്തെ രസിപ്പിക്കുന്ന, ആ കാലഘട്ടത്തിന്റെ വേഷങ്ങളാണ്.
അഭിനയിച്ച സിനിമകളില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്നവേഷം സ്‌നാപകയോഹന്നാന്റേതാണ്. നീലായുടെ ബാനറില്‍ സുബ്രഹ്മണ്യം നിര്‍മിച്ച് സംവിധാനം ചെയ്ത സിനിമയാണ് 'സ്‌നാപകയോഹന്നാന്‍'. ആദ്യമായി ബൈബിള്‍ കഥ മലയാളത്തില്‍ സിനിമയാക്കപ്പെട്ടു എന്നതാണ് അതിന്റെ പ്രത്യേകത.
ആ സിനിമയിറങ്ങിയ ഘട്ടത്തില്‍ ഒരു വിമര്‍ശകന്‍ എഴുതി 'ഈ സിനിമ നിറയെ ബഹളമാണ്'. ഞാനതില്‍ കൂടുതല്‍ ഒച്ചയുയര്‍ത്തി സംസാരിക്കുന്നു എന്നൊക്കെ. ആദ്യമായും അവസാനമായും ഞാന്‍ കാണുന്ന വിമര്‍ശനമാണത്. പിന്നീട് ആരെങ്കിലും എനിക്കെതിരെ എഴുതിയതായി ഓര്‍ക്കുന്നില്ല. പക്ഷേ, ആ വിമര്‍ശന് ബൈബിള്‍ സംഭവങ്ങള്‍ അറിയാത്തതുകൊണ്ടാണ് അങ്ങനെ എഴുതിയത്. സ്‌നാപകയോഹന്നാന്‍ അലറിവിളിച്ച് സംസാരിക്കുന്ന കഥാപാത്രമാണ്. കാട്ടില്‍നിന്നാണ് വരുന്നത്. അരയില്‍ തോല്‍വാര്‍ ഒക്കെ ധരിച്ചുകൊണ്ട്. മരുഭൂയില്‍വന്ന് സ്‌നാപകയോഹന്നാന്‍ പ്രസംഗിക്കുന്നത് ബൈബിളില്‍ ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: '' അണലി സന്തതികളേ, ആസന്നമായ ക്രോധത്തിനിന്ന് നിന്ന് ഓടിയകലാന്‍ നിങ്ങള്‍ക്ക് മുന്നിറിയിപ്പ് നല്‍കാനാണ്...'' ആ സിനിമയില്‍ നന്നായി അഭിനയിച്ചുവെന്നല്ല പറയുന്നത്, എനിക്ക് ഓര്‍ക്കാന്‍ ഇഷ്ടമുള്ള കഥാപാത്രമെന്നാണ്.
ഇഷ്ടപ്പെടുന്ന മറ്റൊരു വേഷമാണ് 'ഓളവും തീര'ത്തിലെ കുഞ്ഞാലി. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ആ സിനിമയാണ് മലയാളത്തിലെ ആദ്യ മുഴുനീള ഔട്ട് ഡോര്‍ ചിത്രം. ആലുവയില്‍ പെരിയാറിന്റെ കരയില്‍ വച്ചാണ് ഷൂട്ടിംഗ് നടന്നത്. അതില്‍ ഞാനും മധുവും ഏതാണ്ട് നല്ല പ്രാധാന്യമുള്ള വേഷങ്ങളിലാണ് അഭിനയിച്ചത്. ഒരു രംഗത്ത് ഞങ്ങള്‍ തമ്മില്‍ സംഘട്ടനം നടത്തുന്നുണ്ട്. ആദ്യമായി ഔട്ട്‌ഡോറില്‍ സ്വാഭാവിക വെളിച്ചത്തില്‍ ചിത്രീകരിക്കുന്നതുകൊണ്ട് തന്നെ ശ്രദ്ധയോടെയാണ് അഭിനയം. ആ സിനിമ വളരെ ബുദ്ധിമുട്ടിയാണ് പുറത്തിറക്കിയത്. നിര്‍മാതാവ് പി.എ. ബക്കറിന്റെ പണം ഇടയ്ക്കു വച്ചു തീര്‍ന്നു. കുറേക്കാലം മുടങ്ങി. സംവിധായകന്‍ കോഴിക്കോടോ മറ്റോ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് സിനിമ പുറത്തിറങ്ങുന്നത്. ചാരുചിത്രയുടെ ബാനറില്‍ നിര്‍മിച്ച ഈ ചിത്രം മലയാള നവസിനിമയുടെ തുടക്കം കറിച്ചു. പരിയാനം പറ്റ, ആലംമൂടന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, ടി.ദാമോദരന്‍, പറവൂര്‍ ഭരതന്‍, ഉഷാനന്ദിനി, ഫിലോമിന എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എന്റെ വിഭിന്നമായ ഒരു മുഖമാണ് ഈ സിനിമയിലെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
ഇവിടെ വീട്ടില്‍ ഇടയ്ക്ക് വന്ന ആരോ ചോദിച്ചു ഞാന്‍ 'ഭക്തകുചേല'യിലൂടെ അഭിനയം തുടങ്ങിയത്? 1969ല്‍? എതോ വെബ് സൈറ്റില്‍ അങ്ങനെ കണ്ടുപോലും. ഞാന്‍ നൂറു സിനിമകളോളം അഭിനയിച്ചു എന്നും അതില്‍ പറയുന്നു. അത് തെറ്റല്ലേ?
എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല. സിനിമാ ചരിത്രം തന്നെ അങ്ങനെ രേഖപ്പെടുത്തിയാല്‍ എനിക്കെന്ത്? എന്നെ അത് വിഷമിപ്പിക്കാനേ പോകുന്നില്ല. എങ്കിലും പറയണമെന്ന് തോന്നുന്നു. 'ഭക്തകുചേല' ഇറങ്ങുന്നത് ഞാന്‍ അഭിനയം തുടങ്ങി ഒമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. 1969 ല്‍ അല്ല 1961ലാണ് ആ സിനിമ പുറത്തുവരുന്നത്. അതിന് മുമ്പ് എന്റെ എത്രയോ സിനിമകള്‍ ഇറങ്ങി. ഒരു ഊഹം പറയുകയാണെങ്കില്‍ ഞാന്‍ ഏതാണ്ട് 450 സിനിമകളിലെങ്കിലും മൊത്തത്തില്‍ അഭിനയിച്ചിട്ടുണ്ടാകും. എന്തായാലും നൂറലല്ല എന്നുറപ്പ്. അഭിനയിച്ച സിനിമകളൊന്നും ഒരിക്കലും കുറിച്ചുവച്ചില്ല. പല സിനിമകളും ഇറങ്ങിയോ എന്നും ഉറപ്പില്ല. അഭിനയിച്ച സിനിമകള്‍ പലതും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ മദ്രാസിലായിരുന്നു. തിരക്കുള്ള സമയമാണ് അന്ന്. ഒരു സ്റ്റുഡിയോയില്‍ നിന്ന് വേറൊരു സ്റ്റുഡിയോയിലേക്ക്. അതിനിടയില്‍ അഭിയിച്ച സിനിമകള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ടോയെന്ന് അന്വേഷിച്ചില്ല.
'ഭക്തകുചേല' എന്ന സിനിമയ്ക്ക് പിന്നില്‍ അധികം അറിയാത്ത ഒരു കഥ കൂടിയുണ്ട്. 1961 ല്‍ മെരിലാന്‍ഡ് 'ഭക്തകുചേല' ചെയ്യുന്നുവെന്നറിഞ്ഞപ്പോള്‍ കുഞ്ചാക്കോയ്ക്ക് ക്ഷീണമായി. ഉടന്‍ തന്നെ അതേ കഥ തന്നെ അടിസ്ഥാനമാക്കി അദ്ദേഹം 'കൃഷ്ണകുചേല' എന്ന സിനിമ ചെയ്തു. മുത്തയ്യയും കെ.പി.എ.സി.സുലോചനയുമായിരുന്നു അതില്‍ കുചേലനും പത്‌നിയുമായി അഭിനയിച്ചത്. ആലുപ്പുഴയിലെ ഉദയാ സ്റ്റുഡിയോയില്‍ വച്ചായിരുന്നു ഷൂട്ടിംഗ്.
മെരിലാന്‍ഡ നിര്‍മിച്ച കുചേലയില്‍ 'ഈശ്വരചിന്തയിലൊന്നേ മനുഷ്യന്''എന്ന് കമുകറ പാടിയ ഹിറ്റ് ഗാനമുണ്ട്. പറവൂര്‍ഭരതന്‍, തിക്കുറുശി, ആറന്‍മുള പൊന്നമ്മ എന്നിവരാണ് അഭിനേതാക്കള്‍. എന്തായാലും ദോഷം പറയരുത്. രണ്ടു 'കുചേല'യും പരാജയപ്പെട്ടു!


ഇരതേടുന്ന വന്യജീവി


ഒരുതലമുറയുടെ മനസ്സില്‍ ഞാനൊരു മോശക്കാരനാണ്. കാരണം അവരുടെ തലമുറയിലെ, പ്രിയ താരങ്ങളുടെ പ്രതിയോഗിയായിരുന്നു സിനിമയില്‍ ഞാന്‍. അറിയാതെ ഒരുതരം എതിര്‍പ്പ് ആളുകളില്‍ രൂപപ്പെട്ടിട്ടുണ്ടാവും.
ഞാനൊരു പരുക്കനും വഴക്കാളിയും ഗൗരവക്കാരനുമാണെന്നാണ് പലരും കരുതിയിട്ടുള്ളത്. ഇപ്പോഴും കരുതുന്നത്. അതല്ല സത്യം. വ്യക്തിപരമായി ആരോടെങ്കിലും വഴക്കിടുകയോ ആര്‍ക്കെങ്കിലും ദ്രോഹം ചെയ്യുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ് എനിക്കിത്രയും സിനിമകള്‍ കിട്ടിയത്; സൗഹൃദങ്ങള്‍ സൂക്ഷിക്കാനായത്. പ്രേം നസീറിനെപ്പോലുള്ള നല്ല മനുഷ്യനോട് നാല് പതിറ്റാണ്ട് ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നു എന്നു പറയുമ്പോള്‍ അത് മനസ്സിലാക്കാവുന്നതേയുള്ളൂ.
എല്ലാവര്‍ക്കും അറിയേണ്ടത് ഷീല, ജയഭാരതി, ശാരദ തുടങ്ങിയവരോടുള്ള എന്റെ ബന്ധമാണ്. അന്ന് എല്ലാ സിനിമയിലും ഒരു 'റേപ്പ്' സീനെങ്കിലും വേണം. അത് മുഖ്യവില്ലന്‍ തന്നെ ചെയ്യുകയും വേണം. അതുകൊണ്ട് തന്നെ ഈ മൂന്നുപേരാണ് സിനിമയില്‍ എന്റെ 'ബലാല്‍സംഗ'ത്തിന് കൂടുതല്‍ ഇരയായിട്ടുള്ളത്. 1962 ലാണ് ഷീല സിനിമയില്‍ വരുന്നത്; ഭാഗ്യജാതകത്തിലൂടെ. ഒരു നായകനോടൊപ്പം ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച നായിക എന്ന ക്രെഡിറ്റ് ഷീലയുടേതാണ്. ഈ സിനിമകളില്‍ നല്ല പങ്കിലും വില്ലന്‍ ഞാനായിരുന്നു.
പക്ഷേ, സിനിമയ്ക്കു പുറത്ത് ഞങ്ങള്‍ എല്ലാവരും അടുത്ത ബന്ധത്തിലായിരുന്നു. സ്വന്തം സഹോദരങ്ങള്‍ എന്ന മട്ടില്‍. അന്ന് ഏതാണ്ട് മുഴുവന്‍ സമയവും ഞങ്ങളെല്ലാവരും ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ തീവ്രമായ സ്‌നേഹവും ബന്ധവും ഞങ്ങള്‍ക്കിടയില്‍ നിന്നിരുന്നു. പരസ്പരം എല്ലാ കാര്യങ്ങളും പറയുക, വീടുകളില്‍ പോവുക-എന്നിങ്ങനെയായിരുന്നു ബന്ധം. അവരൊക്കെ എന്നെ മൂത്ത ജ്യേഷ്ഠനെപ്പോലെയാണ് കണ്ടത്.
പക്ഷേ, സിനിമ വേഗം തീര്‍ന്നു. എല്ലാവരും അവരുടേതായ ലോകങ്ങളിലായി. ഞാന്‍ കൊച്ചിയിലായി താമസം. ജയഭാരതി മദ്രാസില്‍. ഷീല ഊട്ടിയില്‍. ശാരദ അവരുടെ നാട്ടില്‍. കാണുന്നതും വിളിക്കുന്നതും അപൂര്‍വമായി. കുറച്ചുവര്‍ഷം മുമ്പ് എന്റെ കണ്ണിന് ഓപ്പറേഷന്‍ വേണ്ടി വന്നു. അന്നത് നടത്തിയത് ഊട്ടില്‍ മകളുടെയടുത്തുവച്ചാണ്. ഞാന്‍ ആശുപത്രിയിലുണ്ടെന്നറിഞ്ഞ് ഷീല വന്നു. അന്ന് കുറേ നേരം സംസാരിച്ചു. പിന്നെ കണ്ടില്ല. ഇനി ഇവരെയൊക്കെ കാണാനാകുമോയെന്നും അറിയില്ല.മാറുന്ന വേഷങ്ങള്‍, കാലം

ഞാന്‍ 'നല്ല വേഷ'ങ്ങള്‍ ചെയ്തത് പലര്‍ക്കുമറിയില്ല. വില്ലന്‍ വേഷങ്ങളാണ് എന്നെ ഞാനാക്കിയത്. അതിലെനിക്ക് സന്തോഷമേയുള്ളൂ. ഇന്ത്യയിലെ പല വലിയ നടന്‍മാരും വില്ലന്‍മാരായിട്ടാണ് അഭിനയം തുടങ്ങുന്നത്. മെരിലാന്‍ഡിന്റെ സ്ഥിരം നടനായിരുന്നു. ആദ്യം ചെറിയ വേഷങ്ങള്‍, പിന്നെ തിക്കുറശ്ശി സംവിധാനം ചെയ്ത 'അച്ഛന്റെ ഭാര്യ'യില്‍ നായനായി. അതുകഴിഞ്ഞ് സ്ഥിരം വില്ലന്‍. അതിനിടയിലും ഞാന്‍ ചെയ്ത കുറേ നല്ല വേഷങ്ങളുണ്ട്. 'ദേവാസുര'ത്തിലെ എഴുത്തച്ഛന്‍, 'പത്ര'ത്തിലെ പത്രാധിപര്‍. അങ്ങനെ കുറേ വേഷങ്ങള്‍. 'പത്ര'ത്തിലെ വേഷം മലയാളി പെട്ടെന്ന് മറക്കുമെന്ന് തോന്നുന്നില്ല.
സിനിമയ്ക്കിടയില്‍ ഞാന്‍ ബിസിനസ് ചെയ്തിരുന്നതിനെപ്പറ്റി പറഞു. ഇടയ്ക്ക് ഞാന്‍ സിനിമയും നിര്‍മിച്ചു. പ്രേം പ്രകാശിലൂടെയായിരുന്നു അത്. പ്രേംപ്രകാശും അദ്ദേഹത്തിന്റെ മക്കളുമായിരുന്നു പ്രേരണ. 'പ്രകാശ് മൂവിടോണ്‍' അനിയന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.
പ്രേംപ്രകാശ് നല്ല സിനിമയുടെ നിര്‍മാതാവുകൂടിയാണ്. 1979 ല്‍ 'പെരുവഴിയമ്പലം' എന്ന സിനിമ പ്രേം നിര്‍മിച്ചു. പത്മരാജന് രാഷ്ട്രപതിയുടെ രജത് കമല്‍ പുരസ്‌കാരം കിട്ടി. സംസ്ഥാനതലത്തില്‍ മികച്ച രണ്ടാത്തെ ചിത്രം, മികച്ച തിരക്കഥ, സംവിധാനം എന്നിവയ്ക്കും
ദേശീയതലത്തില്‍ മികച്ച തിരക്കഥ, മികച്ച പ്രാദേശിക സിനിമ തുടങ്ങിയവയ്ക്കും അവാര്‍ഡുകള്‍ കിട്ടി. അതായിരുന്നു പത്മരാജന്റെ ആദ്യം സംവിധാനം ചെ്ത സിനിമ. പത്മരാജനെ കൊണ്ട് കഥയെഴുതിക്കാന്‍ ചെല്ലുകയും പിന്നീട് കഥകേട്ട് അദ്ദേഹത്തെക്കൊണ്ട് ആ സിനിമ ചെയ്യിക്കുകയുമായിരുന്നു പ്രേം ചെയ്തത്.
പ്രേമിന്റെ നിര്‍ദേശം അനുസരിച്ചാണ് 1983 ല്‍ 'കൂടെവിടെ' എന്ന സിനിമയുടെ നിര്‍മാണത്തില്‍ സഹകരിക്കുന്നത്. അതിന്റെ നിര്‍മാതാവും പ്രേംപ്രകാശ് തന്നെയാണ്. അത് വലിയ ഹിറ്റായി. ഊട്ടിയിലെ ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ മരുകമന്റെയും മകളുടെയും ഉടമസ്ഥതയിലുള്ളതാണ്. അവിടെയാണ് ആ സിനിമയുടെ ഷൂട്ടിംഗ് നടന്നത്. കൂടെവിടെയില്‍ സേവ്യര്‍പുത്തൂരാന്‍ എന്ന എം.പിയായിട്ടായിരുന്നു എന്റെ വേഷം. റഹ്മാന്റെ അച്ഛനായിട്ട്. അതില്‍ ക്യാപ്റ്റന്‍ ജോര്‍ജ് എന്ന വേഷത്തില്‍ പ്രേമും അഭിനയിച്ചു. മലയാളത്തിലെ മികച്ച സിനിമകളിലൊന്നാണ് കൂടെവിടെ എന്ന് എനിക്ക് നിസംശയം പറയാം. അന്ന് ഇന്ത്യന്‍ പനോരാമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. റഹ്മാനും സുഹാസിനിക്കും മികച്ച സഹനടനും നടിക്കുമുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. സിനിമയ്ക്ക് നല്ല സിനിമയ്ക്കും ജനപ്രതിക്കുമുളള അവാര്‍ഡും കിട്ടി.
ഞാനും പ്രേംപ്രകാശുമൊന്നിച്ച് ആയിരംകണ്ണുകള്‍, ഉപഹാരം, ഈറന്‍ സന്ധ്യ തുടങ്ങിയ വേറെയും ചിത്രങ്ങളെടുത്തു. പ്രേം പിന്നെയും സിനിമ ചെയ്യുന്നു. 'ജോണിവാക്കര്‍', 'ആകാശദൂത്'. 'എന്റെ വീട് അപ്പൂന്റേം', 'ഹൈവേ' തുടങ്ങിയ ചിത്രങ്ങള്‍ പ്രകാശ് മൂവിടോണ്‍ നിര്‍മിച്ചതാണ്.
ഇടയ്ക്ക് ടെലിവിഷന്‍ രംഗത്ത് സജീവമായി. ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത 'മിഖായേലിന്റെ സന്തതികള്‍ പലര്‍ക്കും ഇഷ്ടമായി.അതിലെ അഭിനയത്തിന് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു. അതാണ് ജീവിതത്തില്‍ അഭിനയത്തിന് കിട്ടുന്ന ഏക പുരസ്‌കാരം.

ചക്രക്കസേരയിലെ ജീവിതം

ഇടയ്ക്ക് ഞാന്‍ തമാശയായി പറയും. ദൈവം ജോസ് പ്രകാശ് എന്ന നല്ലവനായ മനുഷ്യനെയല്ല കണ്ടത്. തിരശ്ശീലയിലെ വില്ലന്‍ വേഷങ്ങളെയാണ്. അതുകൊണ്ട് എന്റെ കാല്‍ തിരിച്ചെടുത്തു. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലാണ് കാല് നഷ്ടമാവുന്നത്.
അറുപതുവയസ്സുകഴിഞ്ഞപ്പോള്‍ രോഗങ്ങള്‍ ഒന്നൊന്നായി വന്നു തുടങ്ങുന്നത് ഞാനറിഞ്ഞു. ഷൂട്ടിംഗിന്റെ തിരക്കില്‍ ഒന്നിനും നേരമില്ലായിരുന്നു. പ്രമേഹമാണ് ആദ്യം കണ്ടെത്തിയത്. അതും വൈകി. അന്നുവരെയുള്ള ശീലങ്ങള്‍ അതോടെ മാറ്റാന്‍ തുടങ്ങി. അതിനുമുമ്പ് പുകവലി, പൈപ്പ്, മദ്യപാനം അങ്ങനെ എല്ലാമുണ്ടായിരുന്നു. എല്ലാം ഒന്നൊന്നായി നിര്‍ത്തി.
നാല് വര്‍ഷം മുമ്പ് ഒരു ദിവസം ഡബ്ബിംഗിന് പോയപ്പോള്‍ താഴെ വീണു. വലതുകാലിന്റെ അസ്ഥിപൊട്ടി. യോജിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പഴുത്തു. കാലില്‍ രക്തയോട്ടം കുറവായിരുന്നു. തുടന്ന് ബൈബസ്്പ് ഒരു ശസ്ത്രക്രിയ. അതിനുശേഷം രണ്ടു ദിവസം ആശുപത്രിയിലൂടെ കുറച്ചു ദൂരം നടത്തിച്ചു. എന്നാല്‍ ബൈപ്പാസ് ഞരമ്പ് പൊട്ടി രക്തമൊഴുകി. രാക്തയോട്ടം തടഞ്ഞ് വീണ്ടും ശസ്ത്രക്രിയ നടന്നു. നാലാമത്തെ ഓപ്പറേഷനില്‍ കാല്‍ മുറിച്ചു. വലതുകാലാണ് മുറിച്ചത്. ആ കാലില്‍ രകതയോട്ടം നിലച്ചിരുന്നു. മൂന്നുലക്ഷം രുപ ശസ്ത്രക്രിയയ്ക്ക് ചെലവായി.
കൃത്രിമക്കാല്‍ വയ്ക്കുന്നതിനെപ്പറ്റ് ഞാന്‍ ചിന്തിച്ചിരുന്നു. കുറച്ചുനാള്‍ കഴിയട്ടെ എന്ന് വിദഗ്ധാഭിപ്രായം. ഇടതുകാലിനും ബലക്ഷയമുള്ളതുകൊണ്ടായിരിക്കണം ഡോക്ടര്‍മാര്‍ അന്നങ്ങനെ പറഞ്ഞത്. മുമ്പ് ഒരപകടം പറ്റിയതിനെ തുടര്‍ന്ന് ഇടതുകലാില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു. എന്തായാലും പിന്നെ കൃത്രിമക്കാല്‍ വയ്ക്കാന്‍ പോയില്ല. ഇപ്പോള്‍ ചക്രക്കസേരയില്‍ ജീവിതം.
കാലുമുറിച്ചു മാറ്റിയയിടക്ക് കാലമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി എന്നെ കാണാന്‍ വന്നു. കഥകളി സംഗീതതത്തിന്റെ മര്‍മം മറിച്ച ഗായകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെയും വലതുകാല്‍ മുറിച്ചിരുന്നു. രക്തയോട്ടം നിലച്ചതാണ് അദ്ദേഹത്തിനും വിനയായത്. ആദ്യം ശ്രീചിത്രയയില്‍ അഡ്മിറ്റായി. അവിടെനിന്നും വന്നിട്ടും കുഴപ്പം. പിന്നെ കൊച്ചിയില്‍ അമൃതയില്‍ പ്രവേശിപ്പിച്ചു. 'കാല്‍വേണ്ട-അച്ഛന്‍ മതി' എന്ന് അദ്ദേഹത്തിന്റെ മൂത്തമകള്‍ പറഞ്ഞു. ഗുരുവായൂര്‍ ഏകാദശിയുടെ അന്നാണ് ശങ്കരന്‍ എമ്പ്രാന്തിരയുടെ കാല്‍ മുറിച്ചത്.മംഗളം പത്രമായിരുന്നു ആ ഒത്തുചേരല്‍ ഒരുക്കിയത് 2004 മാര്‍ച്ചില്‍. അന്ന് വളഞ്ഞമ്പലത്തുള്ള പ്രകാശ്ഭവനിലായിരുന്നു താമസം.
കാല്‍ മുറിച്ചുമാറ്റിയശേഷവും ഞാന്‍ സിനിമയില്‍ അഭിനയിച്ചു. ' അപ്പുവിന്റെ വീട്, അച്ചൂവിേെന്റയും'. എന്ന സിനിമയില്‍ ജഡ്ജിയായിട്ടായിരുന്നു അഭിനയം. ജയറാമിന്റെ മകനായ കാളിദാസനാണ് കഥാപാത്രം. പ്രേം പ്രകാശിന്റെ മക്കളായ ബോബിയും സജ്ഞയുമാണ് ആ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. അതാണ് ശരിക്കും അവസാനം അഭിനയിച്ച സിനിമ.
2006 ല്‍ ഹൈവേ എന്ന സിനമയിലും ചെറിയ ഒരു റോള്‍ ചെയ്തു. അടുപ്പമുള്ളവര്‍ വന്നു വിളിച്ചപ്പോള്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു. ചക്രക്കസേരയില്‍ അവരെന്നെ ഒരു ഹോട്ടലില്‍ കൊണ്ടുപോയി. അവിടെ സെറ്റ് ഒരുക്കിയിരുന്നു. ഒന്നോ രണ്ടോ സീനുകളില്‍ ഇരുന്ന അഭിനയിച്ചു. ഓഫറുകള്‍ പിന്നെയും വന്നിരുന്നു. പ്രേംപ്രകാശിന്റെ സീരിയലില്‍ അഭിനയിക്കാന്‍ പലവട്ടം വിളിച്ചു. പക്ഷേ എനിക്ക് വയ്യ. ഞാനവര്‍ക്ക് ഒരു ഭാരമാകും. എന്നാല്‍ നല്ല വേഷം വന്നാല്‍ ഇനിയും പോകാന്‍ മടിയില്ല.


പരിഭവമില്ലാത്ത, പ്രതീക്ഷയില്ലാത്ത ജീവിതം

ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ഞാന്‍. പ്രായം എണ്‍പത്തഞ്ച് വയസ്സായി. ചക്രക്കസേരയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് അധികം ഒന്നും ചെയ്യാനില്ല. ഒരു കണ്ണിന് കാഴ്ചയില്ല. തഴെ നിരയില്‍ കുറച്ചു പല്ലുകളും പോയി. മകനും അവന്റെ ഭാര്യ റെജിക്കൊപ്പം പച്ചാളത്താണ് ഇപ്പോള്‍ താമസം.
ഇപ്പോള്‍ തിരക്കില്ല. ദിവസം ഉന്തിതള്ളി നീക്കുന്നു. അങ്ങനെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തില്‍ വിശ്രമിക്കുന്നു. ഇപ്പോള്‍ ശരിക്കും കൂട്ട് റേഡിയോയാണ്. രാവിലെ എഴുന്നേറ്റ് റേഡിയോ കേള്‍ക്കും. വാര്‍ത്തകള്‍ കേള്‍ക്കും. ഒമ്പതുമണിക്ക് ചായകുടിക്കും. പിന്നെ ശാലോ ടിവയില്‍ അല്‍പ നേരം കുര്‍ബാന കേള്‍ക്കും. കാഴ്ച കുറവായതുകൊണ്ട് കാണാനാവില്ല. പിന്നെ ഒരു മണിക്കൂര്‍ ഉറങ്ങും. ഉച്ചയ്ക്ക് 12 മണിക്ക് ടിവിയില്‍ ന്യുസ് കേള്‍ക്കും. പിന്നെ അല്‍പ നേരം മയങ്ങും. വൈകിട്ട് അഞ്ചുമണിമുതല്‍ റേഡിയോയില്‍ പാട്ടുകള്‍ക്കും. രാത്രി 10.30 വരെ ഈ കസേരയില്‍ ഇരിക്കും. റേഡിയോ വശത്തിരുന്ന് മൂളും. മകന്‍ ഷാജിയും അവന്റെ ഭാര്യ റെജിയുമാണ് സഹായം.
ചിന്നമ്മ പോകുന്നതോടെയാണ് ജീവിതത്തില്‍ ഒറ്റപ്പെടല്‍ എനിക്ക് തോന്നിത്തുടങ്ങിയത്. അവരായിരുന്നു എന്റെ കരുത്ത്. സിനിമയില്‍ തിരക്കേറിത്തുടങ്ങുന്ന കാലത്താണ് ഞാന്‍ ചിന്നമ്മയെ വിവാഹം കഴിക്കുന്നത്. കോട്ടയം കലക്ടറേറ്റിനടുത്താണ് തറവാട്. വിക്‌റ്റോറിയ ഹോട്ടല്‍ ഒക്കെ നടത്തിയിരുന്ന ഭേദപ്പെട്ട കുടുംബാഗംമായിരുന്നു അവര്‍. സിനിമയ്ക്കുവേണ്ടി വീട്ടില്‍നിന്നകന്ന് മദ്രാസിലും മറ്റും തങ്ങുമ്പോള്‍ മക്കളെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ ചിന്നമ്മയായിരുന്നു. നാലുപെണ്ണും രണ്ട് ആണ്‍മക്കളുമായിരുന്നു എനിക്ക്. താങ്ങും തണലുമായിരുന്നു. അവര്‍. പിന്നെ പരിചയും സ്‌നേഹവും ഉണ്ടായിരുന്നവര്‍ ഒന്നൊന്നായി യാത്രയായി. ഇപ്പോഴും ഞാന്‍ ശേഷിച്ചിരിക്കുന്നു.
ഇപ്പോള്‍ എനിക്ക് ജീവിതത്തോട് ഒരു പ്രതിപത്തിയില്ല. പ്രതീക്ഷകളില്ല. പരിഭവവുമില്ല. കുറേപ്പേരെ സിനിമയിലൂടെ രസിപ്പിക്കാനായത് തന്നെ ഭാഗ്യം. അതുതന്നെയാണ് ദൈവം എനിക്ക് തന്ന വലിയ സ്‌നേഹം.

Mangalam Onappathippu
2009

No comments:

Post a Comment