Saturday, July 17, 2010

'ആ പ്രയോഗം എന്റേതല്ല'



പ്രതികരണം

അരുന്ധതിറോയി

'മാവോയിസ്റ്റുകളെ തോക്കേന്തിയ ഗാന്ധിയന്‍മാര്‍ എന്ന രീതിയില്‍ വിശേഷിപ്പിച്ചുകൊണ്ടുള്ള അരുന്ധതിറോയിയുടെ പരാമര്‍ശം കടുത്ത വിമര്‍ശനത്തിന് വിധേയമാകുന്നു' എന്നരീതിയില്‍ 'ഔട്ട്‌ലുക്ക്' മാഗസിന്റെ പുറംചട്ടയില്‍ (മെയ് 31) അച്ചടിച്ചു വന്ന പ്രസ്താവനയോടുള്ള പ്രതികരണമാണിത്.
ഞാന്‍ എഴുതിയത് പലതും കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പക്ഷേ, ഔട്ട്‌ലുക്കിന്റെ കോപ്പി എഡിറ്റര്‍ എഴുതിയ ഒരു സൂചനാകുറിപ്പിന്റെ അടിസ്ഥാനത്തില്‍ (ഇത് പിന്നീട് 'ഗാര്‍ഡിയന്‍ മാഗസിനിലും' പ്രതിഫലിച്ചു) ഞാന്‍ വിമര്‍ശനങ്ങളുടെ ലക്ഷ്യമായി തീരുമ്പോള്‍ നേരിട്ട് തന്നെ വിശദീകരണം നല്‍കേണ്ടതുണ്ടെന്ന് കരുതുന്നു. 'സഖാക്കള്‍ക്കൊപ്പം' (വാക്കിംഗ് വിത്ത് കോമ്രേഡ്‌സ്) എന്ന ലേഖനത്തില്‍ ഒരിടത്തും ഞാന്‍ മാവോയിസ്റ്റുകളെ 'തോക്കേന്തിയ ഗാന്ധിയന്‍മാര്‍' എന്നു വിശേഷിപ്പിച്ചിട്ടില്ല. ഞാന്‍ പറഞ്ഞതിതാണ്:
''എനിക്കീ സേനയെ വിശ്വസിക്കാനാവുന്നില്ല. ഉപഭോഗത്തിന്റെ തോതനുസരിച്ച് നോക്കിയാല്‍ ഗാന്ധിയന്‍മാരേക്കാള്‍ ഗാന്ധിയന്‍മാരാണ് ഇവര്‍. ഏത് കാലാവസ്ഥ വ്യതിയാന സുവിശേഷകരെക്കാളും കുറഞ്ഞ തോതിലാണ് ഇവര്‍ കാര്‍ബണ്‍ കാലടയാളങ്ങള്‍ പതിപ്പിക്കുന്നത്. ഒരുപക്ഷേ. അട്ടിമറിയിലും ഒരു ഗാന്ധിയന്‍ സമീപനമാണവര്‍ക്കുള്ളത്. ഉദാഹരണത്തിന്, ഒരു പോലീസ് വാന്‍ അഗ്നിക്കിരയാക്കുന്നതു മുമ്പ് ഉപയോഗിക്കാനാവുന്ന എല്ലാ വസ്തുക്കളും അവര്‍ അഴിച്ചുമാറ്റുന്നു. വളയം അഴിച്ചെടുത്ത് നേരെയാക്കി ബാരമാറാക്കി മാറ്റുന്നു. റെക്‌സിന്‍ അഴിച്ചെടത്തു വെടിക്കോപ്പുകള്‍ പൊതിയാനായി ഉപയോഗിക്കുന്നു. ബാറ്ററി സൗരോജ ശേഖരണത്തിന്. (ഹൈകമാന്‍ഡിന്റെ പുതിയ നിര്‍ദേശം പിടിച്ചെടത്ത വാഹനങ്ങള്‍ കത്തിക്കാതെ, കുഴിച്ചിടുക എന്നതാണ്. അങ്ങനെ ചെയ്താല്‍ ആവശ്യം വരുമ്പോള്‍ വീണ്ടും ഉപയോഗിക്കാനാവും) ഞാനൊരു നാടകമെഴുതിയാലോ- ഗാന്ധിക്ക് നിങ്ങളുടെ തോക്ക് കിട്ടുമോ? അഥവാ വിചാരണയില്ലാത്ത ജനക്കൂട്ടദണ്ഡനമാണോ ഞാന്‍ നേരിടേണ്ടിവരിക?''

ഈ എഴുതിയതില്‍ നിന്ന് ഞാന്‍ മാവോയിസ്റ്റുകളെ തോക്കേന്തിയ ഗാന്ധിയന്‍മാര്‍ എന്നു വിശേഷിപ്പിക്കുന്നതായി ആരെങ്കിലും അനുമാനിക്കുന്നുവെങ്കില്‍ അവര്‍ക്ക് അല്‍പ ധാരണയേയുള്ളൂ അല്ലെങ്കില്‍ അവര്‍ക്ക് ഐറണിയെപ്പറ്റി ഒരു ധാരണയുമില്ല. അതുമല്ലെങ്കില്‍ ഇതുരണ്ടും കൂടിയതാവും. മിത ഉപഭോഗത്തെപ്പറ്റിയുള്ള ഗാന്ധിയുടെ ആദര്‍ശങ്ങളെ മാവോയിസ്റ്റുകള്‍ തങ്ങളുടെ ഗാന്ധിയേതര ധാരണയായ അട്ടിമറിയുമായും സായുധ വിപ്ലവവുമായും കൂട്ടിയോജിപ്പിക്കുന്നുവെന്നാണ് ഞാന്‍ പരോക്ഷമായി സൂചിപ്പിച്ചത്. ചിലപ്പോള്‍ ആശയക്കുഴപ്പം വരാന്‍ കാരണം ഇന്ത്യന്‍ ഉന്നതവര്‍ഗം ഇതിന് വിരുദ്ധമായി ചിന്തിക്കുന്നതുകൊണ്ടാവാം. അതായത് അവര്‍ കരുതുന്നത് സമൃദ്ധമായ ഉപഭോഗം എന്നത് ധനികര്‍ക്കും അക്രമരഹിത സത്യഗ്രഹം പാവപ്പെട്ടവര്‍ക്കുമുള്ളതാണ് എന്നാണ്.
എന്റെ ലേഖനത്തില്‍ ഗാന്ധിയെപ്പറ്റിയുള്ള ഏക പരാമര്‍ശം താഴെ കൊടുത്തിരിക്കുന്ന രണ്ട് ഖണ്ഡികയില്‍ മാത്രമാണ് ഉള്ളത്. ഇതിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിക്കൊണ്ടാണ് ചിലര്‍ ഞാന്‍ മാവോയിസ്റ്റുകളെ വിമര്‍ശിക്കുന്നില്ലെന്നും ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് ചാരുമജുംദാറെ 'ഉള്‍ക്കാഴ്ച'യുള്ളയാളെന്ന് വിശേഷിപ്പിച്ചുവെന്നും പറയുന്നത്. ആ ഭാഗമാണിത്:
''ചെയര്‍മാന്‍ മാവോ. അദ്ദേഹവും ഇവിടെയുണ്ട്. അല്‍പം ഏകനാണെങ്കിലും പക്ഷേ ഇവിടെ ഹാജരുണ്ട്. അദ്ദേഹത്തിന്റെ ഫോട്ടോ ചുവന്ന തുണിയുടെ തിരശീലയിലുണ്ട്. മാര്‍ക്‌സുമുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനും മുഖ്യ സിദ്ധാന്തകനുമായ ചാരുമജുംദാറുടെ പടവും അവിടെയുണ്ട്. അക്രമം, രക്തം, രക്തസാക്ഷിത്വം എന്നിവയോട് ചാരുമജുംദാറിന്‌വ്യക്തിപരമായ അമിതാവേശമുണ്ടായിരുന്നു. മിക്കപ്പോഴും അദ്ദേഹം ഉപയോഗിച്ചത് ഏതാണ്ട് നരഹത്യാപരമായ പരുക്കന്‍ ഭാഷയാണ്. ഇവിടെ നില്‍ക്കുമ്പോള്‍, ഭൂമ്കല്‍ ദിനത്തില്‍, ഞാന്‍ അതേപ്പറ്റി ചിന്തിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിശകലനങ്ങള്‍, ഈ വിപ്ലവത്തിന്റെ ഘടനയില്‍ മര്‍മപ്രധാനമാണ്. അത് വൈകാരികതയില്‍ നിന്നും ഇഴയടുപ്പങ്ങളില്‍ നിന്നും എടുത്തുമാറ്റേണ്ടതുണ്ട്. 'മരണത്തെ വെല്ലുവിളിക്കുകയൂം എല്ലാ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ നിന്നും സ്വതന്ത്രമായ പുതിയ മനുഷ്യനെ സൃഷ്ടിക്കാന്‍ 'ഉന്മൂലന നടപടിയിലൂടെ' മാത്രമേ സാധ്യമാകൂ എന്ന് ചാരുമജുംദാര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ചിന്തിക്കാനായിക്കാണുമോ, രാത്രിയില്‍ നൃത്തം ചെയ്യുന്ന ഈ പുരാതന ജനങ്ങളുടെ ചുമലിലാണ് അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ വന്നണഞ്ഞിരിക്കുന്നതെന്ന്?
''പ്രശ്‌നങ്ങള്‍ നിറഞ്ഞ ഭൂതകാലത്തിലൂടെ രൂപപ്പെട്ട പാര്‍ട്ടിയുടെ സൈദ്ധാന്തികരുടെ കാര്‍ക്കശ്യവും ഒട്ടും വളയാത്ത വാചാടോപതയും മാത്രമാണ് പുറംലോകത്തിന് വിഷയമാകുന്നത്. അത് ഇവിടെ സംഭവിക്കുന്ന എല്ലാം കാര്യങ്ങള്‍ക്കും വലിയ രീതിയില്‍ ദോഷകരമാണ്. ചാരുമജുംദാര്‍ 'ചൈനയുടെ ചെയര്‍മാന്‍ നമ്മുടെ ചെയര്‍മാന്‍, ചൈനയുടെ പാത നമ്മുടെ പാത 'എന്ന് പറഞ്ഞത് പ്രശസ്തമായിരുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ചാരുമജുംദാര്‍ ആ പരാമര്‍ശത്തിന് നക്‌സലൈറ്റുകള്‍ നിശബ്ദരായി തുടര്‍ന്ന തലത്തിനപ്പുറത്തേക്ക് വ്യാപ്തി നല്‍കാന്‍ തയ്യാറായിരുന്നു. നക്‌സലൈറ്റുകള്‍ കിഴക്കന്‍ പാകിസ്താനില്‍ (ബംഗ്ലാദേശില്‍) ജനറല്‍ യാഹ്യഖാണ്‍ നടത്തുന്ന നരഹത്യയ്ക്കു നേരെ നിശബ്ദരായി നിലകൊണ്ടിരുന്നു. കാരണം ആ സമയത്ത് ചൈന, പാകിസ്താന്റെ സഖ്യകക്ഷിയായിരുന്നു. ഖമര്‍റൂഷിനെയും കംബോഡിയയിലെ അതിന്റെ കൊലപാതക പാടങ്ങളെയും പറ്റിയും നക്‌സലൈറ്റുകള്‍ നിശബ്ദത പാലിച്ചിരുന്നു. ചൈനീസ്, റഷ്യന്‍ വിപ്ലവങ്ങളുടെ അസാമാന്യമായ പ്രചാരണങ്ങളെപ്പറ്റി നിശബ്ദത പാലിക്കപ്പെട്ടു. തിബത്തിനെപ്പറ്റി നിശബ്ദത പാലിക്കപ്പെട്ടു. നക്‌സലൈറ്റ് മുന്നേറ്റത്തിനുള്ളില്‍ തന്നെയും അക്രമങ്ങളുടെ ധാരാളിത്തമുണ്ടായിരുന്നു. അവര്‍ ചെയ്ത നല്ല കാര്യങ്ങള്‍ വച്ച് അക്രമങ്ങളെ പ്രതിരോധിക്കുകയെന്നത് അസാധ്യമായിരുന്നു. പക്ഷേ, അവര്‍ ചെയ്‌തൊന്നും കോണ്‍ഗ്രസും ബി.ജെ.പിയും പഞ്ചാബ്, കാശ്മീര്‍, ഡല്‍ഹി, മുംബൈ, ഗുജറാത്ത്... ഇന്നിവിടങ്ങളില്‍ നടത്തിയ വൃത്തികെട്ട നേട്ടങ്ങളുമായി തുലനം ചെയ്യാനേ പറ്റില്ല. എന്നിരുന്നാലൂം ഈ ഭീതിപ്പെടുത്തുന്ന വൈരുദ്ധ്യങ്ങളിലും എഴൂതുകയും പറയുകയും ചെയ്ത കാര്യങ്ങളില്‍ അസാധാരണ ഉള്‍ക്കാഴ്ചയുണ്ടായിരുന്നയാളാണ് ചാരുമജുംദാര്‍. അദ്ദേഹം രൂപീകരിച്ച പാര്‍ട്ടി (അതിന്റെ പല ഭിന്നിച്ച ഗ്രൂപ്പുകളും)വിപ്ലവത്തെപ്പറ്റിയുള്ള സ്വപ്നം ഇന്ത്യയില്‍ വാസ്തവികമാക്കുകയും നിലനിര്‍ത്തുകയും ചെയ്തു. ആ സ്വപ്നം പോലുമില്ലാതിരുന്നു ഒരു സമൂഹത്തെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. ആ ഒറ്റക്കാരണാത്താല്‍ തന്നെ നമ്മള്‍ ചാരുമജുംദാറെ പരുക്കന്‍ രീതിയില്‍ വിധിയെഴുതിക്കൂടാ. പ്രത്യേകിച്ച് ഗാന്ധിയുടെ ധാര്‍മനിഷ്ഠയില്‍ സ്വയം പൊതിഞ്ഞ് നമ്മള്‍ 'അക്രമരാഹിത്യപാതയുടെ' മേല്‍ക്കോയ്മയെയെപ്പറ്റിയും ട്രസ്റ്റിഷിപ്പിനെപ്പറ്റിയും അസംബന്ധം മൊഴിയുമ്പോള്‍. ട്രസ്റ്റിഷിപ്പിനെപ്പറ്റിയുടെ ഗാന്ധിയന്‍ ധാരണയിങ്ങനെയാണ്: ''പണക്കാരനായ മനുഷ്യന്‍ തന്റെ സ്വത്തിന്റെ ഉടമസ്ഥാവകാശം വിട്ടുകൊടുക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉചിതമായത് ഉപയോഗിച്ചശേഷം സ്വത്തിന്റെ ബാക്കിഭാഗം സമൂഹത്തിന്റെ നന്മയ്ക്ക് ഉപയോഗിക്കാനായി ട്രസ്റ്റി പോല്‍ പ്രവര്‍ത്തിക്കണം''.
ഈ ഭാഗങ്ങളില്‍ ഞാന്‍ മാവോയിസ്റ്റുകളെ തോക്കേന്തിയ ഗാന്ധിയന്‍മാര്‍ എന്നു വിളിക്കുന്നതായി തോന്നുന്നുണ്ടോ? തുറന്നു പറഞ്ഞാല്‍, ഞാന്‍ ഈ എഴുത്ത് എഴുതുന്നത് വളരെയധികം വിഷമത്തോടെയാണ്.


Samakaalika Malayalam varka
2010 May

No comments:

Post a Comment