Saturday, July 17, 2010

ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനം




ചരിത്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു ഭരണകൂട (കു)യുക്തിയുണ്ട്. ഒരു ജനതയെ നരഭോജി എന്നു വിളിക്കുക. എന്നിട്ട് അവരെ കൊന്ന് അവരുടെ മാംസം ഭക്ഷിക്കുക. ആദിവാസികളാവും മിക്കപ്പോഴും ഈ ക്രൂര തമാശയുടെ ഇരകള്‍. അമേരിക്കയിലെ തദ്ദേശിയ ആദിവാസി ജനതകള്‍, കെനിയയിലെ കിയുക്കുകള്‍, നൈജീരിയയിലെ ഒഗോണികള്‍ ചരിത്രം ഇങ്ങനെ നീണ്ടുനീണ്ട് ഇപ്പോള്‍ ഛത്തീസ്ഗഢിലെ ഗോത്ര ജനങ്ങളില്‍ വന്നെത്തി നില്‍ക്കുന്നു.
യുദ്ധത്തിന്റെ നാളുകളാണ് ഇനി വരാന്‍ പോകുന്നത്. അവസാനത്തെ 'വെല്‍ അറേഞ്ച്ഡ്' ആദിവാസി വംശഹത്യയ്ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. നവംബറില്‍ സൈന്യം കാടുകള്‍ വളയും. മാവോയിസ്റ്റുകളെ തുടച്ചുനീക്കാനുള്ള 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്' ഗ്രാമങ്ങളെയും കാടിനെയും ശുദ്ധീകരിക്കാന്‍ പോകുന്നു എന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. ഒരു ജനതയ്ക്കുനേരെ യുദ്ധം അഴിച്ചുവിടാന്‍ ഭരണകൂടത്തിന് എന്താണ് അധികാരം?-ഈ ചോദ്യം ഒരൊറ്റ കോണില്‍ നിന്നും ഉയരുന്നില്ല. പകരം സി.പി.എം.ഉള്‍പ്പടെയുള്ള പ്രഖ്യാപിത ഇടതുപക്ഷകക്ഷികള്‍ ഭരണകൂടത്തിന്റെ കുഴലൂത്തുകരായി വംശഹത്യാ നീക്കത്തിനൊപ്പമുണ്ട്.


അടിച്ചമര്‍ത്തലിന്റെ പാക്കേജ്


മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒറീസ, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങള്‍ക്കായി 7300 കോടിയുടെ സമഗ്ര നക്‌സല്‍ വിരുദ്ധ പക്കേജ് നടപ്പാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ
നാലു സംസ്ഥാനങ്ങളിലേക്ക് 40,000 കേന്ദ്ര അര്‍ധസൈനികരെ ആഭ്യന്തര മന്ത്രാലയം വിന്യസിക്കും. അതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 30 ദിവസത്തിനകം നക്‌സലുകളെ അവരുടെ മേഖലകളില്‍ നിന്ന് പുറത്താക്കുകയും സിവില്‍ ഭരണം പുന:സ്ഥാപിക്കുകയും ചെയ്യും. 23 ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന, മേഖലയില്‍ നിന്ന് നക്‌സലൈറ്റുകളെ അടിച്ചമര്‍ത്തുന്നതിന് 1000 കോടി ചിലവഴിക്കും. പിന്നീട് ഈ മേഖലയില്‍ പോലീസ് സ്‌റ്റേഷനുകളും വിദ്യാലയങ്ങളും റോഡുകളും വികസിപ്പിക്കും. ബാക്കിതുക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുവര്‍ഷംകൊണ്ട് വിനിയോഗിക്കും.
സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തി വ്യോമസേനാ ആക്രമണവും നടത്തുമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി വ്യോമസേനയെ ആക്രമണത്തിന് ഉപയോഗിക്കില്ല എന്ന് പറഞ്ഞുവെങ്കിലും അത് പാലിക്കപ്പെടുമോ എന്ന് ഉറപ്പില്ല. 'സ്ട്രഗിള്‍ ഇന്ത്യ'പോലുള്ള സംഘടനകളും ചില പൗരാവകാശ പ്രവര്‍ത്തകരും ഭരണകൂട നീക്കത്തിനെതിരെ പ്രചാരണം ആരംഭിച്ചുവെങ്കിലും കുറഞ്ഞ അളവിലേ അത് ജനങ്ങളിലേക്ക് എത്തിയിട്ടുള്ളൂ.
'ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കം ചുറ്റിവളഞ്ഞ് അടിച്ചമര്‍ത്തുക എന്ന യുദ്ധന്ത്രമാണ് സ്വീകരിക്കുക. ശ്രീലങ്കയില്‍ തമിഴ് ഈഴം പോരാളികള്‍ക്ക് എതിരെ അടുത്ത കാലത്ത് നടന്ന കൂട്ടക്കൊലയെ മാതൃകയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം. സായുധ ഗറില്ലാ പോരാട്ടം നടത്തുന്ന ഒരു വിഭാഗത്തിനെതിരെ ചുറ്റിവളഞ്ഞ് അടിച്ചമര്‍ത്തുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കിയത് ശ്രീലങ്കയിലാണ്. എല്‍.ടി.ടി. ഇ. പോരാളികള്‍ക്കൊപ്പം തമിഴ്‌വംശജരെ മൊത്തത്തില്‍ വംശഹത്യ നടത്തുകയാണ് രാജ്പക്ഷെ ഭരണകൂടം ചെയ്തത്. മാധ്യമങ്ങളെ മുഴുവന്‍ യുദ്ധമേഖലയില്‍ നിന്ന് അകറ്റി പരിപൂര്‍ണമായ മനുഷ്യാവകാശ ധ്വംസനം നടത്തുക. 20000 തമിഴ്‌വംശജരെ ഇത്തരത്തില്‍ ലങ്കയില്‍ കൂട്ടക്കൊല ചെയ്തതായാണ് കണക്ക്. നാല് ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി. അത്തരത്തില്‍ ഒരു സമഗ്രമായ കടന്നാക്രമണമാണ് കേന്ദ്രഭരണകൂടം ലക്ഷ്യമിടുന്നത്. എന്നാല്‍, ശ്രീലങ്കയിലെ സാഹചര്യങ്ങളല്ല ഇന്ത്യയിലുള്ളത്. പശ്ചിമ ബംഗാളിലെ ലാല്‍ഗഢില്‍ 'സിംഹള സൈനിക രീതി' നടപ്പാക്കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അവിടെ പൂര്‍ണ വിജയം ഉറപ്പിക്കാന്‍ സൈന്യത്തിനായിട്ടില്ല. എല്‍.ടി.ടി.ഇയുടെയും മാവോയിസ്റ്റുകളുടെയും പ്രവര്‍ത്തന രീതിയിലുള്ള അന്തരം തന്നെയാണ് അതിനു കാരണം. കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകള്‍ക്ക്, അടിസ്ഥാന തൊഴിലാളിവര്‍ഗ അടിത്തറയും ബഹുജന പിന്തുണയുമുണ്ട്. നഗരങ്ങളിലെ ഇടത്തരം ബുദ്ധിജീവി വിഭാഗങ്ങളില്‍ സ്വാധീനവുമുണ്ട്. മാവോയിസ്റ്റ് ഗറില്ലകളാകട്ടെ 'വെള്ളത്തിലെ മീനിനെപ്പോലെ' ആദിവാസികള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശ്രീലങ്കയില്‍ നിലനില്‍ക്കുന്നതുപോലെ ഒരൊറ്റ ദേശീയതയുടെ ആധിപത്യം (സിംഹള) ഇന്ത്യയില്‍ നിലവിലില്ല. ശ്രീലങ്കയെ കോപ്പി പുസ്തകമാക്കാമെന്ന് കേന്ദ്രഭരണകൂടം കരുതുന്നത് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പാളിപ്പോകാനാണ് സാധ്യത.

ഭരണകൂട ഒളിയുദ്ധം

ഛത്തീസ്ഗഢില്‍ നടന്നുകൊണ്ടിരുന്ന സല്‍വാജൂഢവും ഇനി നടക്കാന്‍ പോകുന്ന ഗ്രീന്‍ഹണ്ടും സാമ്രാജ്യത്വത്തിനുവേണ്ടി ഭരണകൂടം നടത്തുന്ന ഒളിയുദ്ധമാണ്. സാമ്രാജ്യത്വകൊള്ള സുഗമാക്കുക എന്നതാണ് സൈനിക നീക്കത്തിനു പിന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യം. ബീഹാര്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 40,000 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയാണ് ഇന്ത്യയില്‍ ഏറ്റവും ധാതുസമ്പുഷ്ടമായ മേഖല. അതാകട്ടെ, ആദിവാസി ജനതയുടെ അതിജീവന സമരങ്ങളില്‍ പങ്കാളിയായി മാവോയിസ്റ്റുകള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. മണ്ണിനടിയില്‍, ആദിവാസിഭൂമിയില്‍ തീരാത്ത അക്ഷയഖനിയുണ്ടെന്ന് ബഹുരാഷ്ട്ര കുത്തകകള്‍ക്കും സാമ്രാജ്യത്വത്തിനും നേരത്തെ അറിയാം. അതു കൈക്കലാക്കണമെങ്കില്‍ ആദിവാസികളെ ഈ മേഖലയില്‍ നിന്ന് കുടിയിറക്കണം. കുടിയൊഴിയാന്‍ ആദിവാസികള്‍ മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ തയ്യാറല്ലാത്തതിനാലാണ് ഭരണകൂടം വംശഹത്യ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.
മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു മുമ്പ് ഛത്തീസ്ഗഢ്. 52,199 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുളള ഈ സംസ്ഥാനത്തിന് ഭൂശാസ്ത്രപരമായും വ്യാവസായികമായും നിര്‍ണായക പ്രധാന്യമുണ്ട്. മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര, ഒറീസ, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഛത്തീസ്ഗഢ് വനനിബിഢവും ധാതുസമ്പത്താല്‍ സമ്പുഷ്ടവുമാണ്. വിഭജനത്തിനുശേഷം, പഴയ മദ്ധ്യപ്രദേശ് ഉല്‍പാദിപ്പിച്ചിരുന്നതിന്റെ 30 ശതമാനത്തിലധികം ഇന്നീ സംസ്ഥാനം സ്വയം ഉല്‍പാദിപ്പിക്കുന്നുണ്ട്. മൊത്തം രാജ്യത്തെയും ജപ്പാന്റെയും ഇരുമ്പാവശ്യം നിറവേറ്റുന്നത് ഈ മേഖലയില്‍ നിന്നുളള ഉല്‍പാദനത്തിലൂടെയാണ്. ബാല്‍കോ അലുമീനിയം പ്ലാന്റ് (കോര്‍ബ), എന്‍.ടി.പി.സി, ഭിലായ് ഉരുക്ക് കമ്പിനി, എസ്.ഇ.സി. റെയില്‍വേ സോണ്‍ തുടങ്ങിയ നിരവധി വന്‍കിട കമ്പനികളും സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് 1.8 ബില്യണ്‍ ഡോളറിന്റെ സ്വകാര്യ നിക്ഷേപത്തിനായി സാമ്രാജ്യത്വ കമ്പനികളുമായി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. ടാറ്റാ സ്റ്റീല്‍ഛത്തീസ്ഗഢില്‍ 10000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. 2005 ജൂണില്‍ സര്‍ക്കാരുമായി അവര്‍ കരാര്‍ ഒപ്പിട്ടു. ബസ്തറിലാണ് കമ്പനി സ്ഥാപിക്കുക. എന്നാല്‍ കര്‍ഷകര്‍ ടാറ്റാ സീറ്റീല്‍ പദ്ധതിക്കെതിരെ സമരരംഗത്താണ്. സിരിസാഗുഡ, തക്‌രാഗുഡ, ദുര്‍ഗോണ്‍ എന്നിവിടങ്ങളില്‍ ഭൂമിക്കു പകരമായി ടാറ്റാ സ്റ്റീല്‍ നല്‍കാമെന്ന് സമ്മതിച്ച തുച്ഛമായ നഷ്ടപരിഹാരം മേടിക്കാന്‍ ജനങ്ങള്‍ കൂട്ടാക്കിയില്ല. ഒറീസയിലെ കലിംഗ നഗര്‍ ജില്ലയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങിയപ്പോഴും ടാറ്റാ സ്റ്റീല്‍ ജനങ്ങളുടെ എതിര്‍പ്പ് നേരിട്ടു.
''അവര്‍ക്ക് (ഭരണകൂടത്തിന്) കാടിലെ ശല്യം ഒഴിവാക്കി കമ്പനികള്‍ക്ക തുറന്നുകൊടുക്കണം. ജാര്‍ഖണ്ഡ് പോലുള്ള സ്ഥലങ്ങളില്‍ നൂറുകണക്കിന് ധാരണപത്രങ്ങള്‍ വിവിധ കമ്പനികളുമായി ഒപ്പുവച്ചു കഴിഞ്ഞിട്ടുണ്ട്. അതിലൊന്നും നടപ്പാക്കാനായിട്ടില്ല. അതിന്റെ നിരാശയാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത്. അല്ലെങ്കില്‍, അറുപതുവര്‍ഷത്തിനുശേഷം ആദിവാസികളുടെ തലയ്ക്ക് നേരെ തോക്കുചൂണ്ടിയശേഷം ഇതാ വികസനം എന്ന് ഭരണകൂടം എന്തിനു പറയണം''-മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ എഴുത്തുകാരി അരുന്ധതിറോയി ചോദിക്കുന്നു.


മാവോയിസ്റ്റുകളുടെ വളര്‍ച്ച

മദ്ധ്യ ഇന്ത്യയുടെ സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയാണ് മാവോയിസ്റ്റുകള്‍ക്ക് വളരാന്‍ പറ്റിയ മണ്ണൊരുക്കിയത്. ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകളില്‍ ആളുകള്‍ക്ക് പ്രാഥമിക ആരോഗ്യപരിരക്ഷപോലും ലഭ്യമല്ല. 35 ശതമാനത്തിലധികം ഗ്രാമവാസികള്‍ക്കും ശുദ്ധജലമില്ല. ഇന്ത്യയിലെ ആദിവാസി വിഭാഗങ്ങളില്‍ ഏറ്റവുമധികം രോഗത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനും വിധേയമായിക്കൊണ്ടിരിക്കുന്നവരാണ് ഛത്തീസ്ഗഢിലേത്. പട്ടിക വര്‍ഗക്കാരാണ് 32% ജനങ്ങളും. കൃഷിയും, വനവിഭവ ശേഖരണവുമാണ് മുഖ്യ ഉപജീവന മാര്‍ഗം. പട്ടിണി, പോഷകാഹാര കുറവുമൂലമുള്ള മരണങ്ങള്‍, തൊഴിലില്ലായ്മ എന്നിവയും ഈ പ്രദേശത്ത് വ്യാപകമാണ്. ബഹുഭൂരിപക്ഷം ഗ്രാമങ്ങളിലും വൈദ്യുതി അന്യം. രാഷ്ട്രീയ നേതൃത്വങ്ങള്‍, വനം - പൊലീസ് - റവന്യൂ ഉദ്യോഗസ്ഥര്‍, വട്ടപ്പലിശക്കാര്‍ എന്നിവരുടെ ചൂഷണം ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. വ്യവസായവത്കരണത്തിന്റെ പേരിലുള്ള അടിമപ്പണിയും വന്‍തോതില്‍ നിലനില്‍ക്കുന്നു. മണ്ണില്‍പ്പണിയെടുക്കുന്നവര്‍ക്ക് കൃഷിഭൂമിയുമില്ല.
ഇത്തരം ജനങ്ങളുടെ ഇടയിലേക്ക് 1980 കളോടുകൂടിയാണ് മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപിക്കുന്നത്. തെലുങ്കാനയായിരുന്നു മുഖ്യ പ്രവര്‍ത്തന കേന്ദ്രം. ദണ്ഡകാരണ്യ ആദിവാസി കിസാന്‍ മസ്ദൂര്‍ സംഘടന്‍ എന്ന ബഹുജന സംഘടന രൂപീകരിച്ച് ആന്ധ്ര കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പ്രദേശിക ചൂഷകര്‍ക്കെതിരെയുള്ള ജനമുന്നേറ്റം അവര്‍ പെട്ടെന്ന് ഒരുക്കി. തങ്ങള്‍ക്കവകാശപ്പെട്ട വനഭൂമിയില്‍ അവകാശം ഉറപ്പിക്കാന്‍ ഇതുമൂലം ആദിവാസികള്‍ക്ക് കഴിഞ്ഞു. തുടര്‍ന്ന് വന്‍തോതില്‍ ഭൂമി കയ്യടക്കി വച്ചിരുന്ന വിഭാഗങ്ങളില്‍നിന്ന് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം നടത്തുകയും ചെയ്തു. പ്രാദേശിക ഭരണത്തിനായി ജനകീയ സമിതികള്‍ രൂപീകരിക്കുകയും ക്രമേണ പ്രാദേശിക രാഷ്ട്രീയ അധികാര കേന്ദ്രങ്ങളായി മാറുകയും ചെയ്തു.
ടാറ്റാ സീറ്റീല്‍ കമ്പനി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ബസ്തറില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകളും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. വ്യവസായ ഭീമന്‍മാരുടെയും ബഹുരാഷ്ട്ര കുത്തകളുടെയും സാമ്രാജ്യത്വത്തിന്റെയും താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ഭരണകൂടം ബസ്തര്‍ ഒരു യുദ്ധഭൂമിയാക്കി മാറ്റിയത്. ചൂഷണം മുറുകിയപ്പോള്‍ ജനങ്ങള്‍ ചെറുത്തുനില്‍പ്പിലേക്ക് നീങ്ങി. തുടര്‍ന്ന് ഭരണകൂട അടിച്ചമര്‍ത്തലുകള്‍ വന്നു. അതോടെ ജനങ്ങള്‍ സായുധ പാതയിലേക്ക് നീങ്ങി. ജനങ്ങളുടെ എതിര്‍പ്പ് ശക്തമാകുന്നതുകണ്ടപ്പോള്‍ ഭരണകൂടം 'സല്‍വാജൂഢ'വുമായി എത്തി.


സല്‍വാജൂഢം കൊലകള്‍

ആദിവാസി വംശഹത്യ നടപ്പാക്കാന്‍ ആദിവാസികളെ തന്നെ ആയുധമണിയിക്കുന്ന ഗൂഢതന്ത്രമാണ് ആദ്യം ഭരണകൂടം നടപ്പാക്കിയത്. ആയുധങ്ങളും പണവും സഹായവും ഭരണകൂടം നല്‍കും. മുഖ്യ ജോലി തങ്ങളുടെ തന്നെ ഭാഗമായ, ആദിവാസികളെ കൊന്നൊടുക്കുക.
സല്‍വാജൂഢം എന്ന വാക്കിന്റെ അര്‍ത്ഥം 'ശുദ്ധീകരണ സേന' എന്നാണ്. പക്ഷേ, ഭരണകൂടവും ഭരണാധികാരികളും നല്‍കുന്ന അര്‍ത്ഥം 'സമാധാന സേന അഥവാ സമാധാന പ്രചരണം' എന്നും.
ബസ്തറില്‍ 2005 ജൂണ്‍ 5 നാണ് സല്‍വാജൂഢം ആരംഭിക്കുന്നത്. ഇവിടെ 1200 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭാഗത്ത് മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. ഭരണകൂടത്തിന് കടന്നുചെല്ലാന്‍ സാധ്യമല്ലാത്ത വിധത്തില്‍ ചെറുത്തുനില്‍പ്പും ശക്തം. അഞ്ചുവര്‍ഷം മുമ്പ് സി.ആര്‍.പി.എഫ്.സേനയെ ഭരണകൂടം വിന്യസിച്ചു. ഏറ്റുമുട്ടല്‍ ശക്തമായ ഘട്ടത്തില്‍ 2005 മെയ് 24 ന് പി.എല്‍.ജി.എ (മാവോയിസ്റ്റ് ഗറില്ലാ സംഘം) അഞ്ച് സി.ആര്‍.പി.എഫുകാരെ വധിച്ചു. തീവ്രമായ ഒരു അടിച്ചമര്‍ത്തല്‍ അന്ന് ഭരണകൂടം ലക്ഷ്യമിട്ടെങ്കിലും പൊതുജനങ്ങളുടെയും ആദിവാസികളുടെയും തൊഴിലാളികളുടെയും ചെറുത്തുനില്‍പ്പില്‍ അതു പരാജയപ്പെട്ടു. നേരിട്ടുള്ള ആക്രമണം സാധ്യമല്ലെന്നു കണ്ടതോടെ ഭരണകൂടം നയം മാറ്റി.
2005 ജൂണ്‍ 5 ന് ഉസകി എന്ന ഗ്രാമത്തില്‍ അധികാരികള്‍ ജനങ്ങളുടെ ഒരു യോഗം വിളിച്ചുകൂട്ടി. കളക്ടര്‍ കെ.ആര്‍.പിസ്ദയും മഹേന്ദ്ര കര്‍മയുമാണ് യോഗത്തിന് നേതൃത്വം കൊടുത്തത്. ഈ യോഗത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ ആദിവാസി പ്രവര്‍ത്തകരെ (ഡി.എ.കെ.എം.എസ്) വ്യവസ്ഥകള്‍ ലംഘിച്ച് പൊലീസിന് ഇവര്‍ കൈമാറി. വൈകാതെ കളക്ടറും മഹേന്ദ്രകര്‍മയും മാത്‌വാഡയില്‍ 3000 പേരെ പങ്കെടുപ്പിച്ച് ഒരു സമ്മേളനം നടത്തി. തുടര്‍ന്ന് ഇവരില്‍ നിന്ന് ആയിരത്തോളം പേരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മഹേന്ദ്രകര്‍മയുടെ നേതൃത്വത്തില്‍ കോത്രപാല്‍ ഗ്രാമം ആക്രമിച്ചു. ആക്രമണ വിവരം നേരത്തെ കിട്ടിയ ആദിവാസികള്‍ തിരിച്ചടിച്ചു. 12 സല്‍വാജൂഢം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. തുടര്‍ന്നാണ് സല്‍വാജൂഢം എന്ന പേരില്‍ പരസ്യമായ ആക്രമണങ്ങള്‍ നടക്കുന്നത്.
ജനങ്ങള്‍ സ്വയമേവെ സംഘടിച്ച് നക്‌സലൈറ്റുകള്‍ക്കെതിരെ പോരാടുന്നു എന്നതാണ് ഭരണകൂടത്തിന്റെ ഭാഷ്യം. എന്നാല്‍ വസ്തുത അതല്ല. മനുഷ്യവകാശ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഛത്തീസ്ഗഢ് സന്ദര്‍ശിച്ച ഭരണകൂടത്തിന്റെ മുഴുവന്‍ വാദങ്ങളെയും തുറന്നുകാട്ടി. ബീജാപൂരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഡി.എല്‍. മാന്‍വര്‍ സല്‍വാജൂഢം നേതാവിന് നല്‍കിയ നിര്‍ദേശത്തിന്റെ ശബ്ദരേഖ വസ്തുതാന്വേഷണ സംഘം വെളിച്ചത്തുകൊണ്ടുവന്നു. 'ഗ്രാമത്തിലെ എല്ലാ വീടുകളും ചുട്ടെരിക്കണം. കൊലയുടെ ഒരു റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ക്ക് കിട്ടരുത്' തുടങ്ങിയ നിര്‍ദേശങ്ങളാണ് എസ്.പി. നല്‍കിയത്.
സല്‍വാജൂഢത്തില്‍ പ്രത്യേക പൊലീസ് സേന (എസ്.പി.ഒ)യായി നിയമിക്കപ്പെടുന്നവര്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നത് ഭരണകൂടം തന്നെയായിരുന്നു. സല്‍വാജൂഢം സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിനും വിഷയമായി. ജനങ്ങള്‍ക്ക് കൊല്ലാനായി ആയുധം നല്‍കാന്‍ എങ്ങനെയാണ് കഴിയുക? എന്നാല്‍ സുപ്രീംകോടതി വിമര്‍ശനത്തെയും ഛത്തീസ്ഗഢ് ഭരണകൂടം അവഗണിക്കുകയാണ്.
സല്‍വാജൂഢം എന്ന പേരില്‍ ആദിവാസി ജനതകളെ പാര്‍പ്പിച്ചിരിക്കുന്നത് അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. തെരുവോരത്ത് വെറും ടാര്‍പ്പോളിന്‍ മേല്‍ക്കൂരയ്ക്കു കീഴില്‍ മോശമായ അവസ്ഥയിലാണ് അവര്‍ കഴിയുന്നത്. അയ്യായിരത്തിലധികം ആദിവാസികള്‍ തങ്ങളുടെ ആവാസമേഖലയില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഈ തടങ്കല്‍ പാളയങ്ങളില്‍ ഭക്ഷണമോ, വെളളമോ, തൊഴിലോ ഇല്ലാതെ കഴിയുന്നുണ്ട്.
സല്‍വാജൂഢം കോത്രപാല്‍ എന്ന ഒരു ഗ്രാമം തുടച്ചുനീക്കി. ആദിവാസികളെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റിയിട്ടായിരുന്നു അത്. തങ്ങള്‍ 'ഗ്രാമം തുടച്ചു നീക്കി'യെന്ന് മഹേന്ദ്രകര്‍മയുടെ സഹായി അജയ്‌സിംഗും വീരവാദം മുഴക്കി(അയാളെ പിന്നെ ആദിവാസികള്‍ തന്നെതുടച്ചുനീക്കി). സല്‍വാജൂഢത്തിന്റെ കൊടിയ ഭീകരതകള്‍മൂലം മൂന്നരലക്ഷം ഗ്രാമീണരെയാണ് ഛത്തീസ്ഗഢില്‍ കാണാതായത്. ആദിവാസി സ്ത്രീകള്‍ക്കുനേരെ ലൈംഗികപീഡനവുംവലിയ തോതില്‍ അരങ്ങേറുന്നു.
ആദിവാസികളെ കൊലചെയ്തും, സ്ത്രീകളെ മാനഭംഗപ്പെടുത്തിയും ഗ്രാമങ്ങള്‍ ചുട്ടുകരിച്ചും സല്‍വാജൂഢം മുന്നേറുമ്പോള്‍ തിരിച്ചടികള്‍ സ്വാഭാവികമാകുന്നു. ഭരണകൂടം ആഗ്രഹിച്ചതും അതാണ്. ആദിവാസികളുടെ വംശഹത്യ ആദിവാസികളെകൊണ്ട് തന്നെ നടത്തിക്കുക. ഛത്തീസ്ഗഢ് ബഹുരാഷ്ട്ര കുത്തകള്‍ക്കും സാമ്രാജ്യത്വത്തിനും തീറെഴുതുക. ഈ സല്‍വാജുഢത്തിനെ എതിര്‍ത്തവരെല്ലാം 'മാവോയിസ്റ്റു'കളായി. മനുഷ്യാവകാശ പ്രവര്‍ത്തകനും പി.യു.സി.എല്‍. നേതാവും ജനകീയ ഡോക്ടറുമായ ബിനായക്‌സെന്‍ സല്‍വാജൂഢം രൂപീകരിച്ചതുമുതല്‍ അതിനെതിരെ രംഗത്തുണ്ടായിരുന്നു. രാജ്യാന്തരതലത്തില്‍ ഭരണകൂട ഭീകരത തുറന്നുകാട്ടാന്‍ അദ്ദേഹംമുന്‍കൈയ്യെടുത്തു. സല്‍വാജൂഢം നടത്തിയ കൂട്ടക്കൊലകളും മാനഭംഗങ്ങളും അതിക്രമങ്ങളും ചിത്രീകരിച്ച് വെളിച്ചത്തുകൊണ്ടുവന്നു. അതോടെ ബിനായക് മാവോയിസ്റ്റ്' എന്ന മുദ്രകുത്തി രണ്ടുവര്‍ഷത്തിലധികം ജയിലിടച്ചു.


മനശാസ്ത്രയുദ്ധം, മാധ്യമങ്ങളുടെ പങ്ക്


മാവോയിസ്റ്റുകള്‍ എന്ന് ഭരണകൂടത്തിന് ആരെവേണമെങ്കിലും മുദ്രകുത്താം. അനീതിക്കെതിരെ സംസാരിക്കുന്ന ആരും പുതിയ കാലഘട്ടത്തില്‍ തീവ്രവാദികളാകും. മുലമ്പള്ളിയിലോ ചെങ്ങറയിലോ ആകട്ടെ നീതിക്കുവേണ്ടി സംസാരിക്കുന്ന മുഴുവന്‍ പേരെയും മാവോയിസ്റ്റുകള്‍ എന്നു മുദ്രകുത്തും. സിംഗൂരിലും നന്ദിഗ്രാമിലും വന്‍കിട കുത്തക കമ്പനികള്‍ക്കുവേണ്ടി നടപ്പാക്കാന്‍ ശ്രമിച്ച കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ച കര്‍ഷകരെയും അടിച്ചമര്‍ത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഉപയോഗിച്ചത് മാവോയിസ്റ്റ് എന്ന സൗകര്യപ്രദമായ മുദ്രകുത്തലാണ്. മാവോയിസ്റ്റുകളാണെങ്കില്‍ അടിച്ചമര്‍ത്തപ്പെടേണ്ടതാണെന്ന ഒരു തോന്നല്‍ ജനങ്ങളില്‍ ബോധപൂര്‍വമായി വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. പൊലീസ് ഭാഷ്യം തൊണ്ട തൊടാതെ വിഴുങ്ങി നുണ പ്രചരിപ്പിക്കുന്ന സമീപനമാണ് മാധ്യമങ്ങളുടെ ശ്രമമാണ് ഇതില്‍ ആദ്യം വിമര്‍ശിക്കപ്പെടേണ്ടത്. ''സാമ്പത്തിക താല്‍പര്യം മുലം സര്‍ക്കാരിന് ഒരു യുദ്ധം ആവശ്യമുണ്ട്. സമൂഹത്തെ സൈനികവല്‍ക്കരിക്കണം. അതിന് ഒരു ശത്രുവേണം. മുസ്ലിംങ്ങള്‍ ബി.ജെ.പി.ക്ക് ശത്രുക്കളായിരിക്കുന്നതുപോലെ കോണ്‍ഗ്രസിന് മാവോയിസ്റ്റുകളാണ് എതിരാളികള്‍''-അരുന്ധതിറോയി പറയുന്നു. ഛത്തീസ്ഗഢ് ഉള്‍പ്പടെയുള്ള എല്ലായിടത്തും വന്‍തോതില്‍ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നുണ്ട്. ഛത്തീസ്ഗഢ് സ്‌പെഷല്‍ പബ്ലിക് സെക്യൂരിറ്റി ആക്ട് എന്ന കരിനിയമം കേന്ദ്രാനുമതിയോടെ നിലനില്‍ക്കുന്നതിനാല്‍ ഏതൊരു പൗരനെയും രാജ്യദ്രോഹിയാക്കി മാറ്റാന്‍ പൊലീസിന് കഴിയുന്നു.
സല്‍വാജൂഢം ഊരുകളിലെത്തി ആദിവാസികളെ വെടിവെച്ചുകൊന്നാലും അത് മാവോയിസ്റ്റുകളുടെ കണക്കിലാവും മാധ്യമങ്ങള്‍ ചേര്‍ക്കുക. ഗൊളാപ്പങ്ങളിയില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന അഞ്ചുചെറുപ്പക്കാരെ സൈനികര്‍ വധിച്ചു. അഞ്ച് നക്‌സലുകള്‍ വെടിയേറ്റുമരിച്ചെന്നായിരുന്നു പിറ്റേന്നത്തെ തലക്കെട്ട്.
ഇക്കഴിഞ്ഞ് സെപ്റ്റംബര്‍ 29 ന് അഞ്ചുകുട്ടികള്‍ ഉള്‍പ്പടെ 16 പേര്‍ ബീഹാറിലെ ഖാഗറിയ ജില്ലയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. സര്‍ക്കാരും മാധ്യമങ്ങളും അത് മാവോയിസ്റ്റുകളാണെന്ന് ആദ്യമേ പ്രഖ്യാപിച്ചു. പിന്നീട് പോലീസ് അത് തിരുത്തി. 'ഹിന്ദുസ്ഥാന്‍ ടൈംസിനെ' പോലുള്ള അപൂര്‍വം പത്രങ്ങളാണ് ' കൊലപാതകികള്‍ ക്രിമിനലുകളാണ് മാവോയിസ്റ്റുകളല്ല എന്ന് പോലീസ് ഇപ്പോള്‍ സമ്മതിക്കുന്നു' എന്ന് (2009 ഒക്‌ടോ 4) എഴുതിയത്.
ജനങ്ങള്‍ക്കു മുമ്പില്‍ നക്‌സലൈറ്റുകളെ മോശക്കാരും അടിച്ചമര്‍ത്തപ്പെടേണ്ടവരുമാണെന്ന ധാരണ പരത്തുന്ന മനശാസ്ത്രയുദ്ധമാണ് ഭരണകൂടം ആദ്യമേ അഴിച്ചുവിട്ടത്.
'നക്‌സലുകള്‍ എന്നാല്‍ നിഷ്ഠൂരരായ കൊലപാതകകികള്‍ അല്ലതൊ മറ്റൊന്നല്ല ' എന്നുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരസ്യം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 20 ന് ഛത്തീസ്ഗഢ്, ഒറീസ, ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ ദേശീയ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഏഴ്‌പേരുടെ മൃതദേഹങ്ങള്‍ ചൂണ്ടിക്കാട്ടി നക്‌സലൈറ്റുകള്‍ നിരപരാധികളെ എന്തിന് കൊന്നു എന്ന് പരസ്യം ചോദിക്കുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള മനശാസ്ത്രയുദ്ധം വളരെ മുമ്പേ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമാണ് 'ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഏറ്റവും വലിയ ഭീഷണി'യാണ് മാവോയിസ്റ്റുകള്‍ എന്ന് സെപ്റ്റംബറില്‍ മന്‍മോഹന്‍സിംഗ് നടത്തിയ പ്രസ്താവനയും. ജനങ്ങള്‍ക്കിടയില്‍ നക്‌സലൈറ്റുകളോടുള്ള അനുകൂല മനോഭാവം തകര്‍ക്കുന്നതിനുവേണ്ടി തീര്‍ത്തും അവമതികരമായ ആരോപണങ്ങളും ഭരണകൂടം ഉന്നയിക്കുന്നു. ഇതുവരെ മാവോയിസ്റ്റുകള്‍ക്ക് വ്യക്തമായ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഹാജരാക്കിയില്ലെങ്കിലും കഞ്ചാവ് കൃഷിയില്‍ ഏര്‍പ്പെടുന്നു, മയക്കുമരന്നു കച്ചവടം നടത്തുന്നു, ലക്ഷ്‌കര്‍ ഇ തോയിബയുമായി ബന്ധ പുലര്‍ത്തുന്നു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. മനശാസ്ത്ര യുദ്ധം വലിയ പരിധിവരെ വിജയിച്ചു എന്നതിന്റെ തെളിവാണ് വലിയ രീതിയിലുള്ള സൈനിക നീക്കം നടക്കാന്‍ പോകുന്നു എന്നറിയുമ്പോഴും ജനങ്ങളില്‍ നിന്ന് ശക്തമായ ഒര് എതിര്‍പ്പും ഉയരാത്തത്.

സി.പി.എമ്മിന്റെ ഭരണവര്‍ഗ സേവ

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസ്റ്റുകളാണ് എന്ന പ്രധാനമന്ത്രിയുടെ വാദത്തെ സി.പി.എമ്മും പിന്തുണയ്ക്കുന്നു. ഇരുകൂട്ടര്‍ക്കും ദാരിദ്ര്യമല്ല ഏറ്റവും വലിയ ആഭ്യന്തര വെല്ലുവിളി. മാര്‍ക്‌സിയന്‍ വൈരുദ്ധ്യശാസ്ത്രത്തിന് വിരുദ്ധമാണ് അവരുടെ ഈ നിലപാട്. വസ്തുനിഷ്ഠ സാഹചര്യമാണ് മാവോയിസ്റ്റുകളെ സൃഷ്ടിക്കുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന ദാരിദ്ര്യവും മറ്റ് പിന്നോക്ക സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളുമാണ് കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിപ്ലവകാരികളെയും സൃഷ്ടിക്കുന്നത്. തിരിച്ചല്ല. യഥാര്‍ത്ഥ ഭീഷണി മാവോയിസ്റ്റുകളാണെന്നു പറയുമ്പോള്‍ വസ്തുനിഷ്ഠ സാഹചര്യത്തെ കാണാതെ പോകുകയാണ് സി.പി.എം. നേതൃത്വം.
മവോയിസ്റ്റുകളെ ഇടതുപക്ഷ വിഭാഗമായി കാണുന്നില്ലെന്ന സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന കേന്ദ്രത്തിന്റെ യുദ്ധ നീക്കത്തിനൊപ്പമാണ് എന്ന് വ്യക്തമാക്കുന്നു. ''വര്‍ഗശത്രുക്കളല്ലാത്ത സി.പി.എം. പ്രവര്‍ത്തകരെപ്പോലും മാവോയിസ്റ്റുകള്‍ കൊന്നൊടുക്കുകയാണ്. മാവോയിസ്റ്റ് ഭീഷണിക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പരിഹാരം കാണേണ്ട വിഷയമാണ്. രാജ്യവ്യാപകമായി പ്രചാരണം നടത്തി മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തും''-കാരാട്ട് പറഞ്ഞു.
മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തേണ്ടതാണ് എന്ന സി.പി.എം. വാദത്തെ അംഗീകരിച്ചാല്‍ തന്നെ ഗോത്രവിഭാഗങ്ങള്‍ക്ക് നേരെ നടക്കാന്‍ പോകുന്ന സായുധ ആക്രമണത്തെപ്പറ്റി എന്തുകൊണ്ടാണ് കാരാട്ട് നിശബ്ദത പാലിക്കുന്നത്.



മാവോയിസ്റ്റുകളുടെ പരാജയം, തിരിച്ചടികള്‍

മാവോയിസ്റ്റുകളുടെ പരാജയത്തില്‍ നിന്നും ചെയ്തികളില്‍നിന്നുമാണ് ഭരണകൂടം തങ്ങളുടെ സായുധ ഇടപെടലിന് ന്യായീകരണം തേടുന്നത്. പലപ്പോഴും നിഷ്ഠൂരമായ കൂട്ടഹത്യകള്‍ക്കും മാവോയിസ്റ്റുകള്‍ നേതൃത്വം കൊടുക്കുന്നുണ്ട്. കുഴിബോംബ് സ്‌ഫോടനത്തിലൂടെയും മറ്റ് പോലീസുകാരെ കൊന്നെടുക്കുന്നത് ജനങ്ങളില്‍ എതിര്‍ മനോഭാവം വളര്‍ത്തിയിട്ടുണ്ട്. തൊഴില്‍-ഭൂ സമരങ്ങളുടെപേരില്‍ വലിയ സായുധ ആക്രമണങ്ങള്‍ക്കാണ് മാവോയിസ്റ്റുകള്‍ മുതിര്‍ന്നത്. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ പേരില്‍ മൈന്‍ വച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കേന്ദ്രമന്ത്രി റാംവിാസ് പസ്വാന്‍, ജിതിന്‍ പ്രസദാദ എന്നിവരെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചു.
അതിനേക്കാള്‍ സൈദ്ധാന്തികമായി മാവോയിസ്റ്റുകള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയുന്നതില്‍ മാവോയിസ്റ്റുകള്‍ പലപ്പോഴും പരാജയപ്പെട്ടു. വിപ്ലവകാലത്ത് ചൈനയെ മാവോ സേതുംഗ് വിശേഷിപ്പിച്ച അര്‍ദ്ധകൊളോണിയല്‍ സങ്കല്‍പ്പം പിന്തുടര്‍ന്ന് അവര്‍ ഇന്ത്യയില്‍ ഇപ്പോഴും ജന്മിത്വം നിലനിലനില്‍ക്കുന്നുവെന്നും അതാണ് മുഖ്യ ശത്രുവെന്നും ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നു. മദ്ധ്യ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മാത്രം അവരുടെ പ്രവര്‍ത്തനം ഒതുങ്ങി. പരിസ്ഥിതി മുന്നേറ്റങ്ങള്‍, വടക്കുകിഴക്കന്‍ മേഖലയുള്‍പ്പടെയുള്ള ദേശീയ വിമോചന മുന്നേങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം കടന്നുചെല്ലാനാവാതെ അവര്‍ ഒതുങ്ങിപ്പോയി. രാജ്യത്ത് 180 ജില്ലകളില്‍ സ്വാധീനവും പശ്ചിമഘടത്തില്‍ നിന്ന് നേപ്പാള്‍ വരെ നീളുന്ന 'ചുവന്ന ഇടനാഴി'യെപ്പറ്റിയുള്ള അവകാശ വാദവും യഥാര്‍ത്ഥത്തില്‍ പെരുപ്പിച്ച സൂചകങ്ങളാണ്. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നില്ല. ചുവന്ന ഇടനാഴിയുടെ ഒരൊറ്റത്ത് വയനാടും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തില്‍ മാവോയിസ്റ്റുകള്‍ നിര്‍ണായക സ്വാധീനമില്ലെന്ന് വ്യക്തമാണ്.
ആന്ധ്രാപ്രദേശ് പോലുള്ള മേഖലയില്‍ അവര്‍ക്കുണ്ടായിരുന്ന സ്വാധീനവും ഇടക്കാലത്ത് നഷ്ടമായി. ആന്ധ്രയില്‍ തിരിച്ചടികള്‍ നേരിട്ടുവെന്ന് സി.പി.ഐ (മാവോയിസറ്റ്) സെക്രട്ടറി മുപ്പല ലക്ഷ്മണ്‍ റാവുവും (ഗണപതി) സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതിനെ താല്‍ക്കാലികമെന്നാണ് അദ്ദേഹം വിളിക്കുന്നത്. തിരിച്ചടികളെ മുഴുവന്‍ സംഘടനാപരമായ പ്രശ്‌നങ്ങളായാണ് അവര്‍ കാണുന്നത്. ഒരിക്കലും തങ്ങളെ നയിക്കുന്ന രാഷ്ട്രീയം അവര്‍ പുനപരിശോധിച്ചിട്ടേയില്ല. തിരിച്ചടികള്‍ നേരിടുമ്പോള്‍ കൂടുതല്‍ ആയുധ കേന്ദ്രീകൃതമാകാനാണ് എക്കാലവും ശ്രമിച്ചത്.
2005 നുശേഷം മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ പല മുതിര്‍ന്ന നേതാക്കളും പിടിയിലാവുകയോ വധിക്കപ്പെടുകയോ ചെയ്തു. നേതൃത്വം ദണ്ഡകാര്യണ്യ മേഖലയില്‍ നിന്ന് പുറത്തേക്ക് നീങ്ങാന്‍ തീരുമാനിച്ചത് ഭരണകൂടവും തിരിച്ചറിഞ്ഞു. വന്‍കിട നഗരങ്ങളില്‍ നിന്ന് അവരിലെ പല നേതാക്കളും പിടിയിലായി. ഒപ്പം നാഗ്പൂരിലും തമിഴ്‌നാട്ടിലുമുണ്ടായിരുന്ന ആയുധ നിര്‍മാണ കേന്ദ്രങ്ങള്‍ പിടിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുപ്പല ലക്ഷ്മണ്‍ റാവു (ഗണപതി), ബംഗാളിന്റെ ചുമതലയുള്ള മാവോയിസ്റ്റ് നേതാവ് കോടേശ്വര്‍ റാവു (കിഷന്‍ജി), കേശവ് റാവു (ഗന്‍ഗന),എം. വേണുഗോപാല്‍ (വിവേക്), ബല്‍രാജ് (ആനന്ദ്) തുടങ്ങി വളരെക്കുറച്ചു നേതൃത്വ േമാത്രമാണ് ഇപ്പോള്‍ പുറത്തുള്ളത്. 'ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടുമാത്രം നക്‌സലിസത്തെ ഇല്ലാതാക്കാനാവില്ല' എന്ന് വരവരറാവു പറയുന്നതാണ് മാവോയിസ്റ്റുകള്‍ പൊതുവില്‍ ആവര്‍ത്തിക്കുമെങ്കിലും പ്രവര്‍ത്തനത്തെ തുടര്‍ച്ചയായി നടന്ന അറസ്റ്റുകള്‍ ഗുരുതരമായി ബാധിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന നാരായണ്‍ സന്യാല്‍ (പ്രസാദ്), കോബാള്‍ ഗാന്ധി, മല്ലരാജ റെഡ്ഢി എന്നിവരുള്‍പ്പടെ നിരവധി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാണ്. 22 അംഗ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് എട്ട് മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസിന്റെ അവകാശ വാദം. മുതിര്‍ന്ന നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രസ്ഥാനത്തെ നിര്‍ജീവമാക്കാനുള്ള ശ്രമം കുറേയൊക്കെ വിജയം കാണുകയും ചെയ്തു.
2007 ജനുവരി-ഫെബ്രുവരിയില്‍ സി.പി.ഐ. മാവോയിസ്റ്റിന്റെ പാര്‍ട്ടി സമ്മേളനം (ഐക്യസമ്മേളനം/ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്) നടക്കുന്നതിനു മുമ്പേ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വരുണ്‍, വിജയ്, തപസ്, ചിന്തര്‍, ശോഭ എന്നിവര്‍ ജയിലായിരുന്നു.
പൊളിറ്റ് ബ്യൂറോ അംഗം ചന്ദ്രമൗലി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മുരളി, ശ്യാം, കൊല്ലത്ത് നിന്ന് പിടിയിലായ, കര്‍ണാടക സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ രാജമൗലി തുടങ്ങിയ നിരവധി പേരെ പോലീസ് വ്യാജ ഏറ്റുമുട്ടലുകളിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കൊലപ്പെടുത്തി. കേന്ദ്രകമ്മിറ്റി അംഗമായ അനുരാന്ധാ ഗാന്ധിയാകട്ടെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മലേറിയ ബാധിച്ച് മരിച്ചു. മാവോയിസ്റ്റുകള്‍ക്ക് നേതൃത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് ശക്തമായ ഒരു അടിച്ചമര്‍ത്തലിന് ഭരണകൂടത്തെ നിര്‍ബന്ധിക്കുന്ന മറ്റൊരു കാരണം.


തകര്‍ച്ചയെ അതിജീവിച്ച ചരിത്രം

സായുധമായി നക്‌സലൈറ്റ് പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യാമെന്ന് കരുതുന്നത് തെറ്റാണെന്ന് രണ്ടിലേറെ തവണ അവര്‍ തെളിയിച്ചിടുണ്ട്. പൂര്‍ണമായി ഇല്ലാതായിട്ടും വീണ്ടും അവര്‍ തിരിച്ചുവന്നു. 1971 ല്‍ ബംഗ്ലാദേശില്‍ നടന്ന ദേശീയ വിമോചന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യം നക്‌സലൈറ്റുകള്‍ക്കെതിരെ അടിച്ചമര്‍ത്തല്‍ നടക്കുന്നത്. പശ്ചിമ ബംഗാളില്‍ നൂറുകണക്കിന് നക്‌സലൈറ്റുകളെ പോലീസ് വധിക്കുകയോ തടവിലാക്കുകയോ ചെയ്തു. 1971 ഓഗസ്റ്റ് 12, 13 തീയതികളില്‍ കല്‍ക്കത്തയ്ക്ക് സമീപം കാഷിപൂര്-ബാരന്‍നഗറില്‍ മാത്രം 150 പേരെയാണ് പോലീസ് കൂട്ടക്കൊല ചെയ്തത്. അതിന് അല്‍പം ദിവസങ്ങള്‍ക്ക് മുമ്പ്, ഓഗസ്റ്റ് അഞ്ചിന് സി.പി.ഐ (എം.എല്‍) പൊളിറ്റ് ബ്യൂറോ അംഗം സരോജ് ദത്തയെ പോലീസ് രഹസ്യമായി വെടിവച്ച് കൊന്നിരുന്നു. ചാരുമജുംദാറിന്റെ രക്തസാക്ഷിത്വത്തോടെ, നക്‌സലൈറ്റുകള്‍ക്കുള്ളിലെ ചേരിതിരിവും പതനം പൂര്‍ത്തിയാക്കി. അടിയന്തരാവസ്ഥ കാലഘട്ടത്തിലായിരുന്നു രണ്ടാമത്തെ തകര്‍ച്ച. സംഘടന ഇന്ത്യയില്‍ മൊത്തത്തില്‍ തന്നെ തകര്‍ക്കപ്പെട്ടു. പക്ഷേ, ഒരിക്കലും കനല്‍ അടങ്ങിയില്ല. അടിയില്‍ പുകഞ്ഞുകൊണ്ടേയിരുന്നു. അത് പിന്നെ കാട്ടുതീയായി വീണ്ടും പടര്‍ന്നു.
സ്വാതന്ത്ര്യത്തിനുമുമ്പ് തെലുങ്കാനയില്‍ ആരംഭിച്ച കര്‍ഷകരുടെ ഗറില്ലാ സായുധ പോരാട്ടമാകട്ടെ ആറുപതിറ്റാണ്ടുകളെ അതിജീവിച്ചു മുന്നേറി. അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയം മൂലം പിന്‍വലിച്ചെങ്കിലും സൈന്യം നൂറുകണക്കിന് കേഡര്‍മാരെ കൊലപ്പെടുത്തിയെങ്കിലും കാര്‍ഷിക വിപ്ലവം തുടരുകയായിരുന്നു.


മവോയിസ്റ്റുകളുടെ യുദ്ധ സന്നദ്ധത

ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാപനത്തെ മാവോയിസ്റ്റുകള്‍ സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. 'നീണ്ടതും കടുത്തതുമായ ഒരു യുദ്ധത്തിന് തയ്യാറെടുക്കാന്‍' സി.പി.ഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ പതിനാല് പേജ് വരുന്ന പ്രമേയത്തിലൂടെ ജനകീയ വിമോചന ഗറില്ലാ സേനയോടും (പി.എല്‍.ജി.എ) പ്രവര്‍ത്തകരോടും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തിയെ കുറച്ചു കാണുന്നതിനാലാണ് മാവോയിസ്റ്റുകള്‍ യുദ്ധസന്നദ്ധതരാകുന്നത് എന്ന ആക്ഷേപതില്‍ കഴമ്പില്ലാതില്ല.
'' ഞങ്ങളുടെ പാര്‍ട്ടി നിരവധി തവണ നിരോധിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി വിവിധ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രങ്ങളും ഇത്തരം അടിച്ചമര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ട്. നൂറുകണക്കിന് നേതാക്കളെയും കേഡര്‍മാരെയും കൊലപ്പെടുത്തിയെന്നതല്ലാതെ അതൊന്നും വലിയ വിജയങ്ങള്‍ നേടാനായില്ല. ഞങ്ങളുടെ പാര്‍ട്ടി ശക്തിപ്പെടുകയും പുതിയ മേഖലകളിലേക്ക് വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ മാത്രമുണ്ടായിരുന്ന ശക്തി ഇന്ന് 15 സംസ്ഥാനങ്ങളിലേക്ക് വികസിച്ചു. 2004 മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും പീപ്പിള്‍സ്‌വാറും ലയിച്ച് സി.പി. ഐ(മാവോയിസ്റ്റ്) ഉണ്ടായതു മുതല്‍ യു.പി.എ. സര്‍ക്കാര്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിനെതിരെ സര്‍വ തലത്തിലും ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ട്. നഷ്ടങ്ങള്‍ക്കിടയിലും പാര്‍ട്ടി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ പി.എല്‍.ജി.എ. നിരവധി വലിയ വിജയങ്ങള്‍ നേടിയിട്ടുണ്ട്''-ഗണപതി 'ഓപ്പണ്‍' മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. യുദ്ധം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മാവോയിസ്റ്റുകള്‍ എന്ന് വ്യക്തം.


കൂട്ടക്കൊലയുടെ ദു:സൂചനകള്‍

മാവോയിസ്റ്റുകള്‍ യുദ്ധ സന്നദ്ധത പ്രകടിപ്പിച്ചതോടെ വലിയ തോതിലുള്ള രക്തച്ചൊരിച്ചില്‍ സംഭവിക്കുമെന്ന് ഉറപ്പ്. അതിനാല്‍ തന്നെ ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ നിസാരമായി കാണുന്നതും തെറ്റാവും. ആഭ്യന്തരമായി നടക്കുന്ന ഏറ്റവും വലിയ സൈനിക നീക്കമാകാനാണ് സാധ്യത. സി.പി.എം. ഉള്‍പ്പടെയുള്ള കക്ഷികളെല്ലാം ഒരു വശത്തായതുകൊണ്ട് തന്നെ പ്രതിഷേധ ശബ്ദങ്ങള്‍ വിരളമായേ ഉയരാനിടയുള്ളൂ. അവസരം മുതലാക്കി മാവോയിസ്റ്റുകളുടെ സമ്പൂര്‍ണ നിഷ്‌കാസനമാവും ഭരണകൂടം ലക്ഷ്യമിടുക. അതാകട്ടെ ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ സമ്പൂര്‍ണ വംശഹത്യയിലൂടെ സാധ്യമാകൂ. ഒരു ജനതയ്‌ക്കെതിരെ ഭരണകൂടം യുദ്ധം പ്രഖ്യാപിക്കുമ്പോള്‍ ആ സാമൂഹ്യ-സാമ്പത്തിക ഘടനയില്‍ ഗുരുതരമായ കുഴപ്പങ്ങളുണ്ട് എന്നാണര്‍ത്ഥം. ആ കുഴപ്പം മൂര്‍ഛിപ്പിക്കാതെ നോക്കുന്നിടത്താണ് 'ജനാധിപത്യത്തിന്റെ' വിജയം!!



Samakaalika Malayalam Vaarikha

No comments:

Post a Comment