Saturday, July 17, 2010

''അത് നിങ്ങളാണ്''
ഹരോള്‍ഡ് പിന്റര്‍

ഒളിവര്‍ ക്രോംവെല്ലിനെപ്പറ്റി പഴയ ഒരു കഥയുണ്ട്. ഐറിഷ് പട്ടണമായ ഡ്രോഗ്‌ഹെദ പിടിച്ചടക്കിയശേഷം നഗരവാസികളെ അയാള്‍ മുഖ്യ ചത്വരത്തിലേക്ക് വിളിപ്പിച്ചു. ക്രോംവെല്‍ തന്റെ ഉപസേനാനായകരോട് ആജ്ഞാപിച്ചു:'' ശരി!, എല്ലാ സ്ത്രീകളെയും കൊല്ലുക, എല്ലാ പുരുഷന്‍മാരെയും ബലാല്‍സംഗം ചെയ്യുക''. അദ്ദേഹത്തിന്റെ ഒരു സഹായി പറഞ്ഞു:'' ജനറല്‍, ക്ഷമിക്കണം. വിപരീതമായിട്ടല്ലേ ചെയ്യേണ്ടത്''. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ശബ്ദം വിളിച്ചുപറഞ്ഞു:'' ശ്രീ. ക്രോംവെല്ലിന് അറിയാം എന്താണ് ചെയ്യേണ്ടതെന്ന് ''.
ആ ശബ്ദം ടോണി ബ്ലെയറുടേതാണ്- '' ശ്രീമന്‍ ബുഷിനറിയാം എന്താണ് താന്‍ ചെയ്യുന്നതെന്ന്''
സത്യമെന്തെന്നാല്‍ ശ്രീമാന്‍ ബുഷിനും സംഘത്തിനും അവരെന്താണ് ചെയ്യുന്നതെന്നറിയാം. ഒരു വിഡ്ഢിയായി അഭിനയിക്കുകയും അങ്ങനെ മിക്കവാറും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ടോണി ബ്ലെയറിനുമറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. ബുഷും കമ്പനിയും നിശ്ചയിച്ചിരിക്കുന്നത്, ലളിതമായി പറഞ്ഞാല്‍ ലോകത്തെയും അതിന്റെ വിഭവങ്ങളെയും നിയന്ത്രിക്കാനാണ്. തങ്ങളുടെ വഴിയില്‍ എത്ര ജനങ്ങളെ കൊല്ലുന്നുവെന്ന് അവര്‍ ഗൗരവമായി കാണുന്നതേയില്ല. ബ്ലെയറും അവര്‍ക്കൊപ്പം പോകുന്നു.
അദ്ദേഹത്തിന് ലേബര്‍പാര്‍ട്ടിയുടെ പിന്തുണയില്ല, അയാള്‍ക്ക് രാജ്യത്തിന്റെയോ അല്ലെങ്കില്‍ പേര്‍പെറ്റ 'അന്താരാഷ്ട്ര സമൂഹത്തിന്റെ' പിന്തുണയോ ഇല്ല. ആരും ആഗ്രഹിക്കാത്ത യുദ്ധത്തിലേക്ക് ഈ രാജ്യത്തെ നയിക്കുന്നതിനെ അയാള്‍ക്കെങ്ങനെ ന്യായീകരിക്കാനാവും? അയാള്‍ക്ക് കഴിയില്ല. വാചാടോപങ്ങളെയും ക്ലീഷേകളെയും പ്രചാരണങ്ങളെയും മാത്രം അയാള്‍ക്ക് ആശ്രയിക്കേണ്ടിവരും. ബ്ലെയറിനെ അധികാരത്തിലേറ്റാന്‍ വോട്ട് ചെയ്യുമ്പോള്‍ നമ്മളാരും അയാളെ തളളിപറയേണ്ടിവരുമെന്ന് കരുതിയില്ല. ബുഷില്‍ അയാള്‍ക്ക് സ്വാധീനമുണ്ടെന്ന് പറയുന്നതു തന്നെ പരിഹാസ്യമാണ്. യു.എസ്. ഭീഷണികളെ കൈമലര്‍ത്തിയുളള സ്വീകരിക്കല്‍ തന്നെ ദയനീയമാണ്.
ഭീഷണിപ്പെടുത്തല്‍, തീര്‍ച്ചയായും അമേരിക്കയുടെ ചിരകാല പാരമ്പര്യമാണ്. 1965 ല്‍ യു.എസിലെ ഗ്രീക്ക് അംബാസഡറെ അഭിസംബോധന ചെയ്യുമ്പോള്‍ ലിന്‍ഡന്‍ ജോണ്‍സണ്‍ പറഞ്ഞു:'' നിങ്ങളുടെ പാര്‍ലമെന്റിനെയും ഭരണഘടനയെയും ഭോഗിക്കുക. അമേരിക്ക ഒരു ആനയാണ്. സൈപ്രസ് ഒരു ചെളളാണ്. ഗ്രീസും ഒരു ചെളളാണ്. ഇതു രണ്ടും കൂടി ഉരസല്‍ തുടര്‍ന്നാല്‍, ആനയുടെ തുമ്പികൈകൊണ്ടുളള പ്രഹരം അവര്‍ക്കു കിട്ടും; പ്രഹരം നല്ലതിനാണ്.
അയാള്‍ പറഞ്ഞത് തന്നെയാണ് അര്‍ത്ഥവും. അതിനുശേഷം വൈകാതെ യു.എസ്. പിന്തുണയുളള കേണല്‍മാര്‍ ഗ്രീക്കിന്റെ അധികാരം ഏറ്റെടുക്കുകയും ഗ്രീക്ക് ജനത ഏഴുവര്‍ഷം നരകത്തില്‍ കഴിയുകയും ചെയ്തു.
യു.എസ്. ആനയെ സംബന്ധിച്ച് ഇത് അവലക്ഷണത്തിന്റെയും അശ്‌ളീലതയുടെ അനുപാതത്തില്‍ ഭീകരരൂപമായി വളര്‍ന്നു. ബാലിയിലെ ഭീകരണ അക്രമങ്ങള്‍ ഈ സംഭവത്തിന്റെ സാംഗത്യത്തെ മാറ്റിമറിക്കുന്നില്ല.
യു.എസും യു.കെയും തമ്മിലുളള ' സവിശേഷ ബന്ധം' കഴിഞ്ഞ 12 വര്‍ഷത്തിനുളളില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും സെര്‍ബിയയിലും ആയിരക്കണക്കിന് മരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ലോകത്ത് 'സമാധാനവും സ്ഥിരതയും' കൊണ്ടുവരാനുളള യു.എസിന്റെയും യു.കെയുടെയും 'ധാര്‍മിക കുരിശുയുദ്ധ'ത്തിന്റെ ഫലമായിരുന്നു ഇതെല്ലാം.
ഗള്‍ഫ് യുദ്ധത്തില്‍ പ്രയോഗിച്ച സാന്ദ്രീകരിച്ച യുറേനിയം പ്രത്യേകിച്ചും സാര്‍ത്ഥകമായി. ഇറാഖിലെ അണുപ്രസരണ തോത് ഭീതിദമായ വിധത്തില്‍ ഉയര്‍ന്നതാണ്. കുട്ടികള്‍ തലച്ചോറും കണ്ണുകളും ലിംഗങ്ങളുമില്ലാതെയാണ് ജനിക്കുന്നത്. ചെവി, വായ, ഗുദം എന്നീ ഭാഗങ്ങളില്‍ വൈകല്യമുണ്ടാവാന്‍ കാരണം രക്തമാണ്.
ബെ്‌ളയറും ബുഷും ഇത്തരം വസ്തുതകള്‍ക്ക് നേരെ ഉദാസീനരാണ്. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ പ്രകടമായി വിജയഘോഷം മുഴക്കിയ ബില്‍ ക്ലിന്റന്റെ വശീകരണതയും വികൃതസ്മിതവും നേരംപോക്കുകളും മറക്കുന്നില്ല. എന്തിന്? ഇറാഖികുട്ടികളെ കൊന്നതിനോ അല്ലെങ്കില്‍ സെര്‍ബിയന്‍ കുരുന്നുകളെ കൊന്നതിനോ?
ബുഷ് പറഞ്ഞിട്ടുണ്ട് :'' ലോകത്തിന്റെ ഏറ്റവും വിനാശകരമായ ആയുധങ്ങള്‍ ലോകത്തിലെ എറ്റവും മോശം നേതാക്കളുടെ കൈകളില്‍ തുടരാന്‍ നമ്മളനുവദിക്കില്ല''. തീര്‍ച്ചയായും നല്ലത്. മുറിയിലെ കണ്ണാടിയില്‍ നോക്കുക. അത് നിങ്ങളാണ്.
യു.എസ്. ഈ സമയം 'ജനങ്ങളെ കൂട്ടക്കൊലചെയ്യുന്ന ആയുധങ്ങളുടെ' ആധുനിക സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയും അനുയോജ്യം എന്ന് കാണുന്നിടത്ത് അത് പ്രയോഗിക്കാന്‍ തയാറെടുത്തുകൊണ്ടിരിക്കുകയുമാണ്. ജൈവ-രാസായുധങ്ങളുടെ അന്താരാഷ്ട്ര ധാരണകളെ ലംഘിച്ചുകൊണ്ടും തങ്ങളുടെ ആണവഫാക്ടറികളില്‍ പരിശോധന അനുവദിക്കാതെയുമാണ് ഇത്.
ഗ്വാണ്ടനാമോ മലയിടുക്കില്‍ നൂറുകണക്കിന് അഫ്ഗാന്‍ തടവുകാരെ നിയമപരമായ അവകാശങ്ങള്‍ നിഷേധിച്ചും യാതൊരു കുറ്റവും ആരോപിക്കപ്പെടാതെയും, വാസ്തവത്തില്‍, എന്നന്നേക്കുമായി കൈവശം വച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര കുറ്റകോടതിയില്‍ നിന്ന് തടവുകാര്‍ക്ക് മോചനമെന്ന് ശഠിക്കുന്നത് ഒരു വേള ഭിക്ഷാംദേഹിയുടെ പ്രതീക്ഷകളാകാമെങ്കിലും ഇന്ന് യു.കെ.യും അതിനെ പിന്തുണയ്ക്കുന്നു. കാപട്യം ശ്വാസം നിലപ്പിക്കുന്നതാണ്.
കുറ്റവാളിയായ യു.എസ്.സാമ്രാജ്യത്വത്തിന് ടോണി ബ്ലെയര്‍ നടത്തുന്ന അപമാനകരമായ പാദസേവ ഈ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുകയും മാന്യതകെടുത്തുകയുമാണ് ചെയ്യുന്നത്.


----
ഹൗസ് ഓഫ് കോമണ്‍സില്‍ നടന്ന യുദ്ധ വിരുദ്ധ സമ്മേളനത്തില്‍ പിന്റര്‍ നടത്തിയ പ്രസംഗമാണിത്.
Published in the book
Virunninitayile Kalapam-Harold Pinter
Fabian books

No comments:

Post a Comment