'society prepares crime, the criminal commits it”
'സൊസൈറ്റി പ്രിപ്പയേഴ്‌സ് ക്രൈം, ദ ക്രിമിനല്‍ കമ്മിറ്റ്‌സ് ഇറ്റ്'
- ഹെന്റി തോമസ് ബക്കിള്‍, ഇംഗ്ലീഷ് ചരിത്രകാരന്‍(1821-1862)
അത്ര സുഖകരമല്ല കേള്‍ക്കുന്ന വാര്‍ത്തകള്‍. കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ ഏതൊരു കോണില്‍നിന്നും ഈ മോശം വാര്‍ത്തകള്‍ ഉയരാം. എപ്പോള്‍, ഏത് നിമിഷം എന്നുമാത്രം ആര്‍ക്കും പ്രവചിക്കാനാവില്ല. ആ കുറ്റകൃത്യ വാര്‍ത്തകളില്‍ നിന്ന്, കഴിഞ്ഞ രണ്ടുമാസങ്ങളില്‍ ഉയര്‍ന്ന മൂന്നു മാതൃകകള്‍ മാത്രം ശ്രദ്ധിക്കാം:
. കാഞ്ഞങ്ങാട് നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ പെരിയ ശാഖയില്‍നിന്ന് നാലുകോടിയിലധികം രൂപയുടെ സ്വര്‍ണവും ഏഴ്‌ലക്ഷവും കവര്‍ന്നു. (2009 ജൂണ്‍)
. കോഴിക്കോട് പയ്യോളിയില്‍ ജില്ലാ സഹകരണ ബാങ്കിന്റെ ശാഖ ഷട്ടര്‍ പൊളിച്ച് 30 ലക്ഷം രൂപയുടെ സര്‍ണം കൊള്ളയടിച്ചു. 90 സ്വകാര്യ ലോക്കറുകളില്‍നിന്ന് 20 എണ്ണം തകര്‍ക്കപ്പെട്ടു. (ജൂലൈ 6)
. രാമനാട്ടുകരയില്‍ പട്ടാപ്പകല്‍ ജ്വല്ലറി കൊള്ളയടിച്ചു. കാറിലെത്തിയ സംഘം ജീവനക്കാരനെ വാള്‍കൊണ്ട് വെട്ടിപ്പരുക്കേല്‍പ്പിച്ചാണ് 13 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നത്.(ജൂലൈ 13)
അഞ്ചാറുവര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം വാര്‍ത്തകള്‍, ദേശവും കാലവും വ്യത്യാസപ്പെട്ട് പലവട്ടം ആവര്‍ത്തിച്ചിട്ടും നമ്മളെ അത് ഒരുതരത്തിലും അത്ഭുതപ്പെടുത്തുന്നില്ല. മാസത്തില്‍ ശരാശരി നാല് എന്ന തരത്തിലാണ് കേരളത്തില്‍ വന്‍ സാമ്പത്തിക അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് ഇത്തരം കവര്‍ച്ചകള്‍ പെരുകുന്നു എന്ന അന്വേഷണം ഒരു കോണില്‍നിന്നും ഉയര്‍ന്നു കാണുന്നില്ല. അതെന്തായാലും സമൂഹത്തില്‍ നിരന്തരം നടക്കുന്ന സാമ്പത്തിക അതിക്രമങ്ങള്‍ ആ സമൂഹത്തിന്റെ നിലനില്‍പ്പിനെയും സ്വഭാവത്തെയുംപ്പറ്റി ഗൗരവപൂര്‍വമായ ചര്‍ച്ച ആവശ്യപ്പെടുന്നുണ്ട്.
സമാന്തര ലോകം, ഭരണകൂടം
ഏതൊരു സമൂഹത്തിലും രണ്ടുതരം ലോകങ്ങള്‍ നിലനില്‍ക്കും. ഒന്ന് യഥാര്‍ത്ഥമെങ്കില്‍ മറ്റേത് അദൃശ്യമായിട്ടാവും നിലകൊളളുക. ചില ഒത്തുതീര്‍പ്പുകളിലൂടെയാണ് യഥാര്‍ത്ഥലോകവും അധോലോകം പലപ്പോഴും നിലനില്‍ക്കുകയും മുന്നേറുകയും ചെയ്യുക. എന്നാല്‍ ചില ഘട്ടങ്ങളില്‍ അധോലോകം യഥാര്‍ത്ഥ ലോകത്തെത്തിന്റെ ചലനനിയമങ്ങളെ നിയന്ത്രിക്കാന്‍ തുടങ്ങും. അത് യാഥാര്‍ത്ഥ്യത്തിനുമേല്‍ കുറ്റകൃത്യങ്ങളും അക്രമങ്ങളും പടര്‍ത്തും. ഒടുവില്‍ അധോലോകം മാത്രം യാഥാര്‍ത്ഥ്യമായി അശേഷിക്കും. കേരളത്തില്‍ സാമ്പത്തികവും സാമ്പത്തികേതരവുമായ അതിക്രമങ്ങള്‍ നിരന്തരം വര്‍ധിക്കുമ്പോള്‍ അധോലോകത്തിന്റെ ചലനനിയമം നമ്മളെ ബാധിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന വസ്തുത നിശ്ചയമായും ഉറപ്പിക്കണം.
ഇവിടെ അധോതലത്തില്‍ നില നില്‍ക്കുന്നത് ഏകദേശം 50000 കോടിയുടെ സാമ്പത്തിക വ്യവസ്ഥയാണ്. സമാന്തര സാമ്പത്തിക വ്യവസ്ഥയെന്ന് ഇതിനെ വിളിക്കുന്നതാവും ഉചിതം. ഇതാകട്ടെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസാണ് കേരളത്തിലെ മാഫിയാ സംഘങ്ങള്‍ക്കെല്ലാം കൂടി 50000 കോടിയുടെ സാമ്പത്തിക ശേഷിയുണ്ടെന്ന് പ്രഖ്യാപിച്ചത്. ഇതില്‍ നല്ല പങ്കും ഹവലാ പണമിടപാടുകളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. വര്‍ഷംതോറും 10000 കോടിയുടെ ഹവാല ഇവിടെ നടക്കുന്നുവെന്നാണ് 2007 ല്‍ ആഭ്യന്തര മന്ത്രി കൊടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചത്. 2002 വര്‍ഷത്തില്‍ മാത്രം ബാങ്കുകളിലൂടെ 708 കോടിയുടെ ഹവലാ ഇടപാട് നടന്നു.
അങ്ങനെയൊരു സമാന്ത സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കില്‍ സമാന്തരമായ ഒരു അധോലോക സര്‍ക്കാരും നിലവിലുണ്ടായിരിക്കണം. കേവല അതിശയോക്തി വിട്ടുകളഞ്ഞ്, ഗൗരവത്തോടെ ചിന്തിച്ചാല്‍, ഈ സമാന്തര ഭരണകൂടത്തിന് അതിന്റേതായ നീതിയും നിയമങ്ങളും ആവശ്യമായി വരുന്നു എന്നു കാണാം. വന്‍കിട ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ എന്നിവ ചേര്‍ന്നു നടത്തുന്ന ഒരു സമാന്തര ഭരണകൂടം കൊച്ചി പോലുള്ള നഗരങ്ങളിലെങ്കിലും നിലനില്‍ക്കുന്നുണ്ടെന്നതാണ് വാസ്തവം. ഈ സമാന്തര വ്യവസ്ഥയെപ്പറ്റി പൊലീസും സാമൂഹ്യ വിമര്‍ശകരും നിരന്തരമായി അപായ സൂചനകള്‍ നല്‍കുന്നുമുണ്ട്.
ഉയരുന്ന ക്രൈം റേറ്റ്
''ക്രൈം എന്നത് ചെയ്യുമ്പോഴല്ല, പിടിക്കപ്പെടുമ്പോഴാണ് സംഭവിക്കുന്നത്''. ഇതൊരു ആപ്തവാക്യമാണ്. കുറഞ്ഞ പക്ഷം ക്രിമിനല്‍ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കെങ്കിലും. അത് ഭരണകൂടത്തിനും നന്നായി അറിയാം. പിടിക്കപ്പെടുന്ന ക്രൈമുകളുടെ നിരക്ക് (റേറ്റ്) കേരളത്തില്‍ ഉയരാന്‍ തുടങ്ങുന്നത് '90 കളുടെ മധ്യത്തോടെയും അത് ക്രമാതീതമായി വര്‍ധിക്കുന്നത് 2000ത്തിനു ശേഷവുമാണ്.
2008 ഡിസംബര്‍ അനുസരിച്ചുള്ള കണക്കനുസരിച്ച് എറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മണിപ്പൂര്‍, ദാമന്‍ദിയു, ദാദ്ര നഹര്‍ ഹവേലി, അസം എന്നിവയാണ് ഇക്കാര്യത്തില്‍ കേരത്തേക്കാള്‍ മുന്നില്‍. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ കണക്കു പ്രകാരം ഐ.പി.സി. കുറ്റങ്ങളുടെ ദേശീയ ശരാശരി 175.1 ആയിരിക്കുമ്പോള്‍ കേരളത്തിലത് 319.1 ആണ്. കേരളത്തിലെ കുറ്റകത്യങ്ങളുടെ റേറ്റ് ദേശീയ ശരാശരിയേക്കാള്‍ 50 ശതമാനം അധികമാണെന്ന് ദേശിയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്..
അക്രമത്തോടെയുള്ള കുറ്റകൃത്യങ്ങളുടെ ദേശീയ ശരാശരി 19 ആയിരിക്കുമ്പോള്‍ കേരളത്തിലത് 31 ആണ്. കേരളത്തില്‍ ആകെ 10,558 വയലന്‍സ് സ്വഭാവമുള്ള അക്രമങ്ങള്‍ നടന്നു. അതില്‍ 7358 എണ്ണം തീത്തും അക്രമം നിറഞ്ഞതാണ്. 367 പേര്‍ കൊല്ലപ്പെട്ടു. 402 വധശ്രമങ്ങള്‍ നടന്നു. 512 ബലാല്‍സംഗവും, 255 തട്ടിക്കൊണ്ടുപോകലും റിപ്പോര്‍ട്ട് ചെയ്തു. മറ്റ് കുറ്റകൃത്യങ്ങളില്‍ പോണ്ടിച്ചേരി, ചത്തീസ്ഗഡ്, ഡല്‍ഹി എന്നിവയാണ് കേരളത്തിലേക്കാള്‍ മുന്നില്‍. മൊത്തം കുറ്റകൃത്യങ്ങളുടെ കണക്കില്‍ ഏഴാം സ്ഥാനമാണ് കേരളത്തിന്. (കണക്കുകള്‍ 2007 ലേത്). ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റകൃത്യങ്ങള്‍ ശരിയായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നായതുകൊണ്ടാണ് കേരളത്തില്‍ ക്രൈം റേറ്റ് ഉയര്‍ന്നിരിക്കുന്നത് എന്ന ന്യായം ഔദ്യോഗിക കണക്കുകള്‍ക്കെതിരെ വേണമെങ്കില്‍ ഉന്നയിക്കാം. പക്ഷേ, ക്രൈം കുറവാണ് എന്ന് അതിനര്‍ത്ഥമില്ല.
കേരള സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുപ്രകരം ഈ വര്‍ഷം ഏപ്രില്‍ വരെ 433 ക്രിമിനലുകള്‍ പിടിയിലായി (ജനുവരിയില്‍ 122, ഫെബ്രുവരിയില്‍ 96, മാര്‍ച്ചില്‍ 99, ഏപ്രിലില്‍ 116 പേര്‍). അതേ കണക്കനുസരിച്ച് ഏപ്രില്‍ വരെ
സ്ത്രീകള്‍ക്കെതിരെ മാത്രം 3156 കുറ്റകൃത്യങ്ങള്‍ നടന്നു. അതില്‍ 189 ബലാല്‍സംഗങ്ങള്‍, 878 മാനംഭംഗശ്രമങ്ങള്‍ 39 തട്ടിക്കൊണ്ടുപോകല്‍ 123 പൂവാലശല്യം, 6 സ്ത്രീധനമരണം, 1277 ഭര്‍ത്താവ്/ബന്ധുക്കളില്‍ നിന്നുള്ള ആക്രമണം എന്നിവ നടന്നു. കഴിഞ്ഞവര്‍ഷം മൊത്തത്തില്‍ നടന്ന അക്രമങ്ങളേക്കാള്‍ വളരെ ഉയരത്തിലാണ് ഈ വര്‍ഷത്തെ ആദ്യ നാലുമാസത്തെ കണക്കുകള്‍. കുറ്റകൃത്യങ്ങള്‍ ഓരോ വര്‍ഷവും ക്രമാതീതമായി പെരുകുന്നു എന്നുതന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിച്ചു. കോഴിക്കോട് ജില്ലയില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ മുന്നില്‍ 2000 ല്‍ വന്നത് 12 കേസുകളാണെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 138 ആയി ഉയര്‍ന്നു. സംസ്ഥാന പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെ കണക്കുപ്രകാരം കൊലപാതകകുറ്റങ്ങള്‍ ആരോപിക്കപ്പെട്ട 1600 പേര്‍ പിടിക്കപ്പെടാനുണ്ട്.
ആഗോളീകരണത്തിന്റെ വാതിലുകള്‍
കേരളത്തില്‍, കുറ്റകൃത്യങ്ങളുടെ അളവില്‍ 1990 കളുടെ മധ്യത്തോടെ വര്‍ധന തുടങ്ങി എന്നത് വാസ്തവമാണെങ്കില്‍ അതിന് കൃത്യമായ ഒരു കാരണവും ഉണ്ടാവണം. ഏതൊരു സമൂഹത്തിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കില്‍ വെറുതെ സംഭവിക്കുന്നതല്ല. അതിനു പിന്നില്‍ വ്യക്തമായ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക കാരണങ്ങളുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് രാജ്യത്തിന്റെ വാതിലുകള്‍ ആഗോള വല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനുമായി മലക്കെ തുറന്നിട്ടുകൊടുത്തത്. സാമ്രാജ്യത്വത്തിന്റെ കൊളോണിയല്‍/പുത്തന്‍ കൊളോണിയല്‍ അധിനിവേശങ്ങള്‍ നടക്കന്നിടത്തെല്ലാം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. കൊളംബിയ, മെക്‌സിക്കോ, റഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ, ആഗോളവല്‍ക്കരണം നടക്കുകയും സാമ്രാജ്യത്വ സാമ്പത്തിക ശ്രേണിയോട് കണ്ണി ചേരുകയും ചെയ്ത എല്ലാ രാജ്യങ്ങളും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിയെ തകര്‍ത്തുകൊണ്ടാണ് സാമ്രാജ്യത്വം എന്നും അതിന്റെ അധിനിവേശം സാധ്യമാക്കുക . നിലവിലുള്ള മൂല്യവ്യസ്ഥയെ അത് പരിവര്‍ത്തനപ്പെടുത്തും. വിപണിയുടെ താല്‍പര്യങ്ങളെം മുഖ്യമാക്കി ഉയര്‍ത്തും. രാഷ്ട്രീയമുള്‍പ്പടെ എല്ലാത്തിനെയും പണം നയിക്കും. അക്രമങ്ങള്‍ ബോധപൂര്‍വമായി വികസിപ്പിക്കപ്പെടും. ആയുധകച്ചവടം വര്‍ധിക്കും. പെണ്‍ വാണിഭവവും ഊഹക്കവടവും നിര്‍ണായകമാവും. കര്‍ഷകര്‍ കടക്കെണിയിലാകും. ആത്മഹത്യ പെരുകും. കുടിയിറക്കവും മനുഷ്യാവകാശ ലംഘനവും അരങ്ങേറും. ലോകമെല്ലായിടത്തും ആഗോളവല്‍ക്കരണം ചെയ്തിട്ടുള്ളത് ഇതു തന്നെയാണ്.
ഒസ്‌ലോ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ ഓഫ് ക്രിമിനോളജി ആന്‍ഡ് സോഷ്യോളജി ഓഫ് ലോയില്‍ അസോസിയേറ്റ് പ്രൊഫസര്‍ കട്ജ ഫ്രാങ്കോ ആസിനെപ്പപ്പോലുള്ളവര്‍ ഇക്കാര്യത്തില്‍ നടത്തിയ വിശദമായ പഠനങ്ങള്‍ 'ഗ്ലോബൈലൈസേഷന്‍ ആന്‍ഡ് ക്രൈം' എന്ന പേരില്‍ വിശ്രുതമാണ്. സാമ്രാജ്യത്വം ക്രിമിനല്‍വല്‍ക്കരണവും നടത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ 'ഗ്ലോബല്‍ റിപ്പോര്‍ട്ട് ഓണ്‍ ക്രൈം ആന്‍ഡ് ജസ്റ്റിസ്' തുടങ്ങിയ രേഖകള്‍ തന്നെ സംബന്ധിക്കുന്നു. റെയ്മണ്ട് ലോട്ട പോലുള്ള മാര്‍ക്‌സിസ്റ്റ് സാമ്പത്തി വിദഗ്ധരും സാമ്രാജ്യത്വത്തിന്റെ ക്രിമിനല്‍ സ്വഭാവത്തെപ്പറ്റി പറയുന്നുണ്ട്.
ആഗോളവല്‍ക്കരണം കേരള ഗ്രാമങ്ങളെ വളരെ പെട്ടന്നു തന്നെ ഉപഭോക്തൃ സമൂഹമാക്കി മാറ്റി. ഇത് എല്ലാവരിലും മൊത്തത്തില്‍ വ്യാമോഹങ്ങള്‍ സൃഷ്ടിച്ചു. എങ്ങനെയും പണമുണ്ടാക്കുക എന്ന സ്വപ്നം പടര്‍ത്തി. വിപണി കൊഴുത്തു. പണത്തോടുള്ള ആര്‍ത്തിയില്‍ നിറഞ്ഞ വ്യാമോഹങ്ങളുടെ ഒരു പൊങ്ങച്ച സഞ്ചിയാണ് കേരളത്തിന്റെ ചുമലില്‍ ഇരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കാറ്റുനിറച്ച ബലൂണാണിത്. ചെറിയ സൂചി മുന മതി ഇത് പൊട്ടിത്തകരാന്‍.
സാമ്രാജ്യത്വം അതിന്റെ പിടി മൊത്തത്തില്‍ സമൂഹത്തില്‍ മുറുക്കിയത് ധനകാര്യ/ബാങ്കിംഗ് സ്ഥാപനങ്ങളിലൂടെയാണ്. ന്യൂജനറേഷന്‍ ബാങ്കുകള്‍, സാമ്പത്തികസ്ഥാപനങ്ങള്‍ എന്നിവയുടെ ശൃംഖലയെ അധിനിവേശം കെട്ടഴിച്ചുവിട്ടു. ഈ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാതെ, അവയുടെ പ്രവര്‍ത്തന രീതി മനസ്സിലാക്കാതെ പെരുകുന്ന കുറ്റകൃത്യങ്ങളെപ്പറ്റി വ്യക്തമായി മനസ്സിലാക്കാനാവില്ല.
ന്യൂജനറേഷന്‍ ബാങ്കുകളുടെ കടന്നുവരവ്
ജനകീയ/സാമൂഹ്യ ബാങ്കിംഗിനെ തകര്‍ത്തുകൊണ്ട്, ന്യുജനറേഷന്‍-സ്വകര്യ ബാങ്കുകളുടെ കടന്നുവരവാണ് സാമൂഹ്യ വ്യവസ്ഥിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നത്. 1991 ല്‍ നരസിംഹം കമ്മറ്റിയുടെ ശിപാര്‍ശ ബാങ്കുകളെ ലാഭകേന്ദ്രീകൃതമാക്കിമാറ്റുകയെന്നതായായിരുന്നു. 1994 ബാങ്കിംഗ് ദേശസാല്‍കരണനിയമം ഭേദഗതി ചെയ്ത് ബാങ്കിംഗ് മേഖലയെ സ്വകാര്യ വല്‍ക്കരണത്തിന് തുറന്നുകൊടുത്തു. ആദ്യ ഘട്ടത്തില്‍ പത്ത് ബാങ്കുകള്‍ക്കായിരുന്നു അനുമതി. മുമ്പുണ്ടായിരുന്ന എല്ലാ നിയ്രന്ത്രണങ്ങളും ഒഴിവാക്കി. ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, സെഞ്ചുറിയന്‍ ബാങ്ക്, എച്ച്.ഡി.എഫ്.സി., ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് ബാങ്കുള്‍ നമ്മുടെ മണ്ണിലേക്ക് സജീവമായി കടന്നുവന്നു. ഇത് വ്യാമോഹങ്ങളുടെ വല വീശിയെറിഞ്ഞു. നിലവിലുള്ള വിപണിയെ വികസിപ്പിക്കാന്‍ കൂടി പോന്നതായിരുന്നു ഈ ബാങ്കുകളുടെ വരവും പ്രവര്‍ത്തനവും. ആഢംബരമായ ജീവിതത്തിന് നാലഞ്ച് ബ്ലാങ്ക് ചെക്കുകള്‍ മാത്രം മതിയെന്ന് ഈ ബാങ്കുകള്‍ ആവര്‍ത്തിച്ചു പറഞ്ഞു. ബൈക്ക്, കാര്‍, വീട്, തൊഴില്‍ എന്നിങ്ങനെ മോഹങ്ങളെല്ലാം കൈയെത്തുന്ന ദൂരത്തില്‍ വച്ച് അവര്‍ യുവത്വത്തെ പെടന്ന് തന്നെ കടക്കെണിയിലാക്കി. വായ്പകള്‍ കൈയച്ചു നല്‍കിയ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ കൊടുത്ത വായ്പ പലിശ സഹിതം തിരിച്ചു പിടിക്കാന്‍ കലക്ഷകന്‍ എക്‌സിക്ക്യടുട്ടീവ് എന്ന പേരില്‍ ഗുണ്ടാ സംഘവും രംഗത്തെത്തി.
ന്യൂ ജനറേഷന്‍ ബാങ്കുകളുടെ ചരിയ്ര ദൗത്യം ആഢംബരത്തിന്റെ മായിക വലയിലേക്ക് ഒരു തലമുറയെ മുഴുവന്‍ വലിച്ചിഴക്കുകയെന്നായിരുന്നു. സ്വന്തമായി ബൈക്കും കാറും നല്‍കിയതോടെ പണം, ആഢംബരം എന്നിവ സമൂഹത്തിന്റെ പൊതു താല്‍പര്യവിഷയമായി. എല്ലാം പണം നയിക്കും എന്ന അവസ്ഥ വന്നു.
'' വി നീഡ് മണി, വി ഡു എനിതിംഗ് ഫോര്‍ മണി, മണി ബ്രിംഗ്‌സ് എവരിതിംഗ്'' എന്ന് ഒരു സമൂഹം പറയാന്‍ തുടങ്ങി. രോഗം ഗുരുതരമായി മൂര്‍ഛിച്ചുകൊണ്ടിരുന്നു.
പണം നിയന്ത്രിക്കുന്ന സമൂഹങ്ങള്‍
'പണം' എന്നത് സമൂഹത്തിന്റെ പൊതു മുദ്രാവാക്യമായതോടെ അത് ഉണ്ടാക്കേണ്ട വഴികളും പുതിയതായി കണ്ടെത്തണ്ടതായിരുന്നു. ശാരീരികമായ അധ്വാനം വിറ്റ് ഒരിക്കലും പണക്കാരനാവാന്‍ കഴിയില്ലെന്ന് ആദ്യം തന്നെ വ്യക്തമായി. പിന്നെ മറ്റു മാര്‍ഗങ്ങള്‍ തേടിയേ തീരൂ. ആളുകളുടെ പണക്കാരാകുക എന്ന അമിതാവേശത്തെ മുതലെടുക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഒന്നൊന്നായി രംഗത്തെത്തി. 2000 നുശേഷം ലിസ് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ കൂടുതലായി കടന്നുവരാന്‍ തുടങ്ങി. ബ്ലെയിഡ്/ഹുണ്ടിക സ്ഥാപനങ്ങളെപ്പോലും നിഷ്പ്രഭമാക്കിയായിരുന്നു ഇത്തരം സാമ്പത്തിക സ്ഥാപനങ്ങളുടെ വളര്‍ച്ച. ഒരു നിശ്ചിത തുക കുറച്ചു കാലത്തേക്ക് നിക്ഷേപിച്ചാല്‍ നാല്‍പതുമുതല്‍ എണ്‍പതുശതമാനം വരെ വര്‍ധിപ്പിച്ച് മടക്കിത്തരാമെന്നായിരുന്നു അവകാശവാദം. ആകര്‍ഷകമായ കോര്‍പ്പറേറ്റ് ഓഫീസ്, വലിയ പരസ്യ പ്രചരങ്ങള്‍, താരസംഗമങ്ങള്‍ , നിക്ഷേപമേളകള്‍ കൊണ്ട് മറ്റൊരു മായിക പ്രപഞ്ചം തീര്‍ത്തു. പക്ഷേ നിക്ഷേപകര്‍ വഞ്ചിക്കപ്പെട്ടു. കോടിക്കണക്കിന് രൂപ ജനങ്ങളില്‍നിന്ന് വെട്ടിച്ചു. നിക്ഷേപകര്‍ പ്രശ്‌നവുമായി രംഗത്തെത്തിയതോടെ, പ്രൈസ് ആന്‍ഡ് ചിറ്റീസ് ആന്‍ഡ് മണി സര്‍ക്കുലേഷന്‍ ആക്റ്റ് അനുസരിച്ച് ലിസിനെ സര്‍ക്കാര്‍ നിരോധിച്ചു. ഉടന്‍ അവര്‍ 'ജ്യോതിസ്' എന്നപേരില്‍ 2007 ല്‍ പുന: പ്രവര്‍ത്തനമാരംഭിച്ചെങ്കിലും അതും സര്‍ക്കാര്‍ നിരോധിച്ചു.
ലിസ് മാതൃകയില്‍ പണമിരട്ടിപ്പ് സ്ഥാപനങ്ങള്‍ കുറേയെറെ സജീവമായി. മണിചെയ്യിന്‍ രീതിയായിരുന്നു ഇതില്‍ പലതും സ്വീകരിച്ചത്. ഉടമകള്‍ ആരെന്ന് വെളിപ്പെടുത്താതെ 'സര്‍വൈശ്വര്യ' എന്ന സ്ഥാപനം വന്നു. 18 മാസം കൊണ്ട് നിക്ഷേപ തുക 80 ശതമാനം വര്‍ധിപ്പിച്ച് നല്‍കാമെന്നായിരുന്നു അവകാശം.. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക. തുക ലോട്ടറി ടിക്കറ്റിലും റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലും നിക്ഷേപിച്ച് പണം ഇരട്ടിപ്പിച്ച് നല്‍കുമെന്ന് പറഞ്ഞതും മറ്റൊരുതരം കള്ളത്തരമായിരുന്നു. ചാനലുകളിലും മറ്റ് പരസ്യം നല്‍കിയാണ് ആളുകളെ കബളിപ്പിച്ചത്. 2008 സെപ്റ്റംബറിലാണ് തട്ടിപ്പുകള്‍ പുറത്തുവന്നത്.
മാന്യമായി വസ്ത്രം ധരിക്കുകയും, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കുകയും ചെയ്യുന്ന ആര്‍ക്കും കോടീശ്വരനാകാമെന്ന പുതിയ സിദ്ധാന്തവും ഇതനിടിയില്‍ പ്രത്യക്ഷപ്പെട്ടു. 'ടോട്ടല്‍ ഫോര്‍ യു' എന്ന തട്ടിപ്പിലൂടെ ശബരീനാഥ് എന്ന ഇരുപതുവയസ്സുകാരന്‍ അതിന് വ്യക്തമായ ഭാക്ഷ്യം ചമച്ചു. പ്ലസ് ടു വിദ്യാഭ്യാസയോഗ്യത മാത്രമുള്ള ഇയാളും പണമിരട്ടിപ്പ് തന്നെയാണ് നടപ്പാക്കിയത്. പതിനായിരം രൂപ 90 ദിവസത്തേക്ക് നിക്ഷേപപിച്ചാല്‍ 3000 രൂപയും ഒരു ലക്ഷം ആറുമാസത്തേക്ക് നിക്ഷേപിച്ചാല്‍ 50,000 ഡിവിഡന്റു നല്‍കുമെന്നായിരുന്നു ശബരീ നാഥിന്റെ വാഗ്ദാനം. ഒരു ലക്ഷം നിക്ഷേപിച്ചാല്‍ 30 ദിവസം കഴിഞ്ഞ് 1.30 ലക്ഷവും 50 ദിവസം കഴിഞ്ഞാല്‍ ഒന്നരലക്ഷവുമായി നല്‍കും. പക്ഷേ, 20007 മാര്‍ച്ചില്‍ കളിപൊളിഞ്ഞു.
തിരൂരില്‍ അബ്ദുര്‍ നൂര്‍ എന്നയാള്‍ തന്റെ ഷാന്‍ എന്റര്‍ പ്രൈസിലുടെയും പണം സ്വീകരിച്ചു. കോടിക്കണക്കിന് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചു. കൊടുത്തു. ബിസിനസ് നടത്താനായി പണം നല്‍കുന്നു എന്നായിരുന്നു തട്ടിപ്പിന്റെ രീതി. ബിസിനസില്‍ 10 ശതമാനം നടത്തിപ്പുകാരനും 90ശതമാനം നൂറിനും ലഭിക്കും. 20 കോടി നിക്ഷേപം സ്വീകരിച്ചു. ഇത്തരത്തില്‍ നിരവധി പണമിരട്ടിപ്പ് സ്ഥാപനങ്ങള്‍, മണിചെയിനുകള്‍ എന്നിവയിലൂടെയും വ്യാമോഹങ്ങള്‍ കുന്നുകൂടിക്കൊണ്ടിരുന്നു.
മൈക്രോ ഫൈനാന്‍സ് കെണികള്‍
ഗ്രാമങ്ങളുടെ അടിത്തട്ടില്‍ നടക്കുന്ന സങ്കീര്‍ണതകള്‍ പുറമെ നിന്നുളള നോട്ടത്തില്‍ എളുപ്പം പിടികിട്ടിക്കൊളളണമെന്നില്ല. വട്ടപ്പലിശക്കാര്‍, മറുനാടനും നാടനുമായ ഹുണ്ടികകള്‍, ബ്ലേഡ് പലിശക്കാര്‍, സഹകരണസംഘങ്ങള്‍, 'പഴയ'തലമുറ ബാങ്കുകളും പുതുതലമുറ ബാങ്കുകളും ഒക്കെ ചേര്‍ന്നൊരുക്കുന്ന കടങ്ങളുടെ ഒരു വൃത്തത്തിനുളളിലാണ് കേരളത്തിലങ്ങോളമിങ്ങോളമുളള ഗ്രാമങ്ങള്‍. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും സ്വയംസഹായ സംഘങ്ങളും പലയിടത്തും ശ്രദ്ധയേമായ സ്ത്രീ സാന്നിദ്ധ്യങ്ങള്‍ ഒരുക്കിയയോടെ കേരളത്തില്‍ മൊത്തത്തില്‍ മൈക്രോഫൈനാന്‍സ് അനുകൂല മനോഭാവം വളര്‍ന്നു വന്നിട്ടുണ്ട്. ഈ മണ്ണിന്റെ ഫലഭൂയിഷ്ഠതയിലേക്ക് ഭീമന്‍മാരായ മൈക്രാഫൈനാന്‍സ് കമ്പനികള്‍ കടന്നുവന്നുകൊണ്ടിരിക്കുകയാണ്. ഈ കമ്പനികള്‍ ബഹുരാഷ്ട്ര ബാങ്കുകളുടെയും പുതുതലമുറ ബാങ്കുകളുടെയും ഒരു ശൃംഖലകൂടിയാണ്.
രണ്ടുവര്‍ഷം മുമ്പ് ഡിസംബറില്‍, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.എകെ.എസ്. മൈക്രോഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതുതലമുറ മൈക്രോ ഫൈനാന്‍സ് കമ്പനി കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കടന്നുവരവിന്റെ തുടക്കം. 1998 ല്‍ പ്രവര്‍ത്തനമാരംഭിച്ച എസ്.കെ.എസിന് 4729 കോടിയുടെ ആസ്തിയുമുണ്ട്. പശ്ചിമകൊച്ചിയിലും തൃശൂരിന്റെ തീരദേശമേഖലകളിലും കേന്ദ്രീകരിച്ചു പ്രവര്‍ത്തമാരംഭിച്ച ഉടന്‍ 800 അംഗങ്ങളെ ചേര്‍ത്തു. 1467 ഗ്രാമങ്ങളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
നോണ്‍ബാങ്കിംഗ്ഫിനാന്‍ഷ്യല്‍ കമ്പനിയായി 2005 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എസ്.കെ.എസിന്റെ ചുവടുപിടിച്ച് ചില വന്‍കിട മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ കേരളത്തിലേക്കു വരാന്‍ ഒരുങ്ങുകയാണ്.
മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്ക് പൊതുവില്‍ ഒരു പ്രവര്‍ത്തന രീതിയുണ്ട്. അവയെല്ലാം ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് വികസിപ്പിച്ച മാതൃകയെയാണ് പിന്തുടരുന്നത്. വരുമാനം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി 16,000 രൂപ വരെ ഒരു വ്യക്തിക്ക് അനുവദിക്കും.
50 ആഴ്ചകളില്‍ പണം തിരിച്ചടച്ചാല്‍ മതി.വായ്പ വിതരണം ചെയ്യുന്ന സമയത്ത് വിതരണം ചെയ്യുന്ന തുകയുടെ ഒരു ശതമാനം വായ്പാ നടപടി ഫീസായി മേടിക്കും. അംഗങ്ങള്‍ പരസ്പരം ജാമ്യക്കാരാണ്. ഒരംഗം വീഴ്ച വരുത്തിയാല്‍ മറ്റംഗങ്ങള്‍ പണം തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ അവര്‍ തുല്യമായി തിരിച്ചടക്കേണ്ടിവരും. വീഴ്ചവരുത്തുന്നവരാകട്ടെ സാമൂഹ്യമായി ഒറ്റപ്പെടുകയും ചെയ്യും.
ലോകബാങ്കാണ് യഥാര്‍ത്ഥത്തില്‍ മൈക്രോ ഫൈനാന്‍സ് പരിപാടിയുടെ പ്രായോജകര്‍. ലോകമെങ്ങും മൈക്രോഫൈനാന്‍സ് വ്യാപിപ്പിക്കുക എന്ന ലക്ഷ്യം വച്ച് ആദ്യ മൈക്രോ ക്രെഡിറ്റ് ഉച്ചകോടി 1997 ഫെബ്രുവരിയില്‍ യു.എസ്.എയിലെ വാഷിംഗ്ടണില്‍ അവര്‍ വിളിച്ചു ചേര്‍ത്തു. ലോകരാജ്യങ്ങളുടെ ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമാക്കുന്ന വിശാലമായി പദ്ധതിയായി അവതരിപ്പിച്ച്, ഇന്ത്യയടക്കമുളള 100 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ച് 2000ല്‍ നടന്ന ഉച്ചകോടിയുടെ നേതൃത്വം അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയായ ഹിലാരി ക്ലിന്റണായിരുന്നു.
പിന്നീട് വിവിധ രാജ്യങ്ങളിലായി നിരവധി ഉച്ചകോടികള്‍ ലോകബാങ്ക് സംഘടിപ്പിച്ചു. നേരിട്ട് തന്നെ ഫണ്ടിംഗ് നടത്തി. 2005-ാമാണ്ടിനെ യു.എന്‍. മൈക്രോ ഫൈനാന്‍സ് വര്‍ഷമായി പ്രഖ്യാപിക്കുകയും ചെയ്തു. ആ വര്‍ഷത്തെ നമ്മുടെ കേന്ദ്ര ബജറ്റില്‍ 200 കോടിയാണ് സ്വയം സഹായ സംഘങ്ങള്‍ക്കായി നീക്കിവയ്ക്കപ്പെട്ടത്. ഈ വര്‍ഷം ബാലിയില്‍ 50 രാജ്യങ്ങളില്‍ നിന്ന് 900 പേര്‍ പങ്കെടുത്ത ഏഷ്യാ പസഫിക് റീജണല്‍ മൈക്രാകെഡ്രിറ്റ് ഉച്ചകോടിയും അവര്‍ വിളിച്ചുചേര്‍ത്തു. ഈ ഉച്ചകോടിയില്‍ നബാര്‍ഡുംഎസ്.ഡി.ബി.ഐയുമൊക്കെ പങ്കെടുത്തിരുന്നു.
കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച എസ്.കെ.എസിനു പിന്നിലും ബഹുരാഷ്ട്ര ബന്ധങ്ങളുണ്ട്. അമേരിക്കയിലെ സിലിക്കോണ്‍വാലി ബാങ്കിന്റെ അനുബന്ധസ്ഥാപനമായ എസ്.വി.ബി.ഇന്ത്യാ ക്യാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ്‌യുമായും സാന്‍ഡ്‌സ്‌റ്റോണ്‍ ക്യാപിറ്റലുമായി ഓഹരി ഇടപാടുകളിലോടെ 366 കോടി രൂപയുടെ ഫണ്ട് സമാഹരണവും ഈ കമ്പനി നടത്തിയിട്ടുണ്ട്. മറ്റൊരു യു.എസ്. അനുബന്ധ കമ്പനിയായ സെക്യൂയ ക്യപിറ്റലിന്റെ 50 കോടിയുടെ നിക്ഷേപവും ഈ കമ്പനിയിലുണ്ട്. പക്ഷേ, മൈക്രോ ഫൈനാന്‍സിനും വ്യാമോഹങ്ങള്‍ സൃഷ്ടിക്കാമെന്നല്ലാതെ, പണക്കാരാകുക എന്ന താല്‍പര്യത്തെ സഹായിക്കാന്‍ ആവില്ല.
റിയല്‍ എസ്‌റ്റേറ്റ് വിപണി
ഒന്നുകില്‍ പണമിരിട്ടിപ്പ് സ്ഥാപനം അല്ലെങ്കില്‍ ഭൂമി കച്ചവടം ആണ് പണമുണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമെന്ന് എളുപ്പം തെളിഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ടാണ് കേരളത്തില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നത്. തൊണ്ണൂറുകളുടെ മധ്യത്തോടെ റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ സജീവമായി രംഗത്തെത്തി. ആഗോളീകരണം റിയല്‍ എസ്സ്‌റ്റേറ്റ് വിപണിയെ ഉത്തേജിപ്പിച്ചു. മാഫിയാ സംഘങ്ങള്‍ ബിനാമിയായും അല്ലാതെയും ഭൂമി വാങ്ങിക്കൂട്ടി. സ്ഥലത്തിന്റെ വില കുതിച്ചുയര്‍ന്നു. റിയല്‍ എസ്‌റ്റേറ്റ് എല്ലാവരെയും പണക്കാരക്കാര്‍ തുടങ്ങി. കൊച്ചിപോലുള്ള നഗരങ്ങളില്‍ നാല്‍ക്കവലകളില്‍ നിന്നവര്‍ പോലും ഭൂമി കച്ചവടത്തിലെ ഇടനിലക്കാരായി സ്വത്തുകള്‍ സമ്പാദിച്ചു. ഒപ്പം കൊച്ചിയിലെ ദ്വീപുകളെപ്പോലും സ്വന്തമാക്കുന്ന വിധത്തില്‍ റിയല്‍ എസ്‌റ്റേറ്റ് മൂലധനം ഇറങ്ങി. വര്‍ഷം തോറും അനധികൃതമായി 15000 കോടിയുടെ ഭൂമി ഇടപാട് നടക്കുന്നുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
തിരിച്ചടികള്‍, ക്രൈമിലേക്കുള്ള ചുവടുകള്‍
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനും മുമ്പേ കേരളത്തില്‍ പ്രതിസന്ധി പ്രത്യക്ഷമായി. പണത്തിന്റെ വരവിന്റെ മാര്‍ഗങ്ങള്‍ അടഞ്ഞു. ഗള്‍ഫില്‍ കുത്തിയൊഴുക പണം മന്ദഗതിയിലായി. സാമ്പത്തിക മാന്ദ്യം കൂടിയയോടെ റിയല്‍ എസ്‌റ്റേറ്റ് വിപണി തകര്‍ന്നു. ഹവാല പണത്തിന്റെ ഒഴുക്കാകട്ടെ ഇതിനു മുമ്പ് നിലച്ചിരുന്നു. 2007 ല്‍ എം. പോള്‍ ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഹവാല ഇടപാട് അന്വേഷണ ടീം രൂപീകരിക്കപ്പെട്ടതോടെ ഹവാല സംഘങ്ങള്‍ രംഗത്ത്‌നിന്ന് പിന്‍മാറ്റം ആരംഭിച്ചു. ഭരണകൂടം അല്‍പം കര്‍ക്കകശമായതോടെ പണം പെരുകാതെ ഒളിപ്പിക്കേണ്ട ഗതികേടിലായി മാഫിയാ സംഘങ്ങള്‍. ഇതെല്ലാം സൃഷ്ടിച്ച പ്രതിസന്ധികളില്‍നിന്നാണ് ഒരര്‍ത്ഥത്തില്‍ വലിയ ക്രൈമുകള്‍ രൂപം കൊളളുന്നത്. പണം എന്നത് മുദ്രാവാക്യമായി മാറിയ ഒരു സമൂഹത്തിന് അതിന്റെ തുടക്കത്തിലേക്ക്, അതായത് മുമ്പ് സമൂഹം എന്തായിരുന്നോ അങ്ങോട്ടേക്ക് തിരിച്ചുപോകാന്‍ സാധിക്കില്ല. ആഡംബര ജീവിതത്തിന്റെ ഭ്രമത്തില്‍ അമര്‍ന്ന സമൂഹത്തിന്, അതിന്റെ യുവത്വത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടിയേ തീരൂ. ശക്തമായ ഒരു അരക്ഷിതാവസ്ഥ മൊത്തം സമൂഹത്തെയും ബാധിച്ചു. ഇതാണ് കേരളത്തെ ക്രൈം സ്‌റ്റേറ്റായി മാറ്റിയ സമൂഹ്യ-സാമ്പത്തിക യാഥാര്‍ത്ഥ്യം.
കുറ്റകൃത്യങ്ങളുടെ നാള്‍വഴികള്‍
വലിയ തോതിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ 2004-5 ലാണ് തുടക്കം കുറിക്കുന്നത്. 2005 മെയ് 6 ന് തിരുനാവായ സഹകരണബങ്കില്‍ നിന്ന് കാവല്‍ക്കാരനെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണവും 69,400 രുപയും കവരുന്നത് കുറ്റകൃത്യങ്ങളുടെ വഴിയില്‍ വലിയ തുടക്കമായി. അതേ വര്‍ഷം സെപറ്റംബറില്‍ കാഞ്ഞങ്ങാട് ഇന്‍ഷുറന്‍സ് ഓഫീസില്‍ നിന്ന് 6.33 ലക്ഷം കൊള്ളയടിക്കപ്പെട്ടു. പിന്നെ ചെറുതും വലുതുമായ നിരവധി കൊള്ള നടന്നു.
2007 ഫെബ്രുവരി 24 ന് പാലക്കാട് ജില്ലയിലെ കാഞ്ഞിക്കുളം സഹകരണ ബാങ്കിന്റെ ഏഴക്കാട് ശാഖയില്‍ നിന്ന് 44 കിലോ സ്വര്‍ണം രണ്ടുലക്ഷം കവര്‍ന്നു. .2008 ഒക്‌ടോബറില്‍ തലശ്ശേരി പൊന്ന്യം സഹകരണബാങ്കില്‍നിന്ന് 2.7 കോടിയുടെ സ്വര്‍ണം കവര്‍ന്നു. 2009 ഏപ്രില്‍ ഡ്രീം ടച്ച് ഇന്‍ഫോ സൊലൂഷന്‍സ് പൈവ്‌റ് ലിമിറ്റഡ് എന്ന സ്ഥാനത്തിന്റെ പേരിില്‍ തട്ടിപ്പ് നടത്തിയ കേസില്‍ അഭിഭാഷകനുള്‍പ്പടെ മൂന്നുപേരെ അറസ്റ്റിലായി. തൊഴിലും സ്ഥാപനതതിന്റെ ഫ്രാഞ്ചൈസിയും വാഗദ്ാദം ചെയ്ത് അയ്യാരയിരത്തോളം പേരില്‍ നിന്ന് 45 കോിടയാണ് തട്ടിയത്. കഴിഞ്ഞ 2009 മാര്‍ച്ചില്‍ കാലടിയിലെ ആദി ശങ്കര ജന്മഭൂമിയില്‍ നിന്ന് അമൂല്യമായ പഞ്ചലോഹ വിഗ്രഹവും ലക്ഷക്കണക്കിന് വിലവരുന്ന മറ്റ് വസ്തുവകകളും കൊള്ളയടിക്കപ്പെട്ടൂ. ജൂണില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കോടികളുടെ തട്ടിപ്പ് മൂന്നംഗ സംഘം പിടിയിലായി. എന്നാല്‍ മലപ്പുറം ജില്ലയിലെ ചേലേമ്പ്രയില്‍ നടന്ന ബാങ്ക് കൊള്ളയാണ് എല്ലാവരെയും ഞെട്ടിച്ചത്. വളരെ ആസൂത്രിതമായി, സമയമെടുത്ത്, പാളിച്ചകളില്ലാതെ നടപ്പക്കിയ കവര്‍ച്ചയായിരുന്നു അത്. എട്ട് കോടിരൂപയാണ് കവര്‍ന്ന് സംഘം ഹൈദ്രാബാദിലേക്ക് കടന്നെങ്കിലും ഒന്നരമാസത്തിനുള്ളില്‍ പിടിയിലായി. കേരളത്തിലെ റ്റവും വലിയ കവര്‍ച്ചയായിരുന്നു 2007 ഡിസംബര്‍ 21 ന് രാവിലെ നടന്നത്. എന്നാല്‍ ചേലേമ്പ്ര കവര്‍ച്ചയൊഴിച്ച് മറ്റ് കവര്‍ച്ചാ ശ്രമങ്ങളിലൊന്നും തന്നെ യഥാര്‍ത്ഥ പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.
കവര്‍ച്ചയുടെ രാഷ്ട്രീയവും സുരക്ഷാകാരണവും
ചേലേമ്പ്ര ബാങ്ക് കവര്‍ച്ചയുള്‍പ്പടെ ഇരുപത് വലിയ കേസുകള്‍ തെളിയിച്ച ക്രൈംബ്രാഞ്ച് എസ്.പി. പി.വിജയന്‍ പറയുന്നത് കേരളത്തില്‍ നടന്ന ഈ അക്രമങ്ങള്‍ ഒന്നും ജീവിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി, ദരിദ്ര വിഭാഗങ്ങള്‍ നടത്തിയതായിരുന്നില്ല എന്നാണ്. വലിയ ഒരു മോഷണം നടത്തി മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ട് ആഢംബരപൂര്‍വമായ ജീവിതം നയിക്കുകയായിരുന്നു നടന്ന മിക്ക ക്രൈമുകളുടെയും ലക്ഷ്യം. അന്യസംസ്ഥാനത്ത് സ്ഥലം വാങ്ങി സുഖജീവിതം നയിക്കണം. അതായിരുന്നു കുറ്റകൃത്യങ്ങള്‍ക്കു പിന്നിലുള്ള പിന്നിലുള്ള വികാരമെന്ന് വിജയന്‍ പറയുന്നു. സമൂഹത്തിലെ അരക്ഷിതാവസ്ഥയാണ് ഈ ചിന്തയുടെ ഉറവിടം. ചെറുപ്പക്കാരാണ് ഈ പ്രലോഭനത്തിന് കൂടുതല്‍ വഴങ്ങുന്നത്. കോട്ടയം ചിറക്കടവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ബാങ്ക് കൊള്ളയാടിക്കാന്‍ ശ്രമിച്ചത് ഇതിന് ഉദാഹരണമാണ്. മുഖം മൂടി ധരിച്ച് മാരകായുഖങ്ങള്‍ കാട്ടി പണം തട്ടാന്‍ ശ്രമിച്ചവരെ പക്ഷേ നാട്ടുകാര്‍ പിടകികൂടി. രാമപുരം മാര്‍ അഗസ്തിനോസ് കോളജിലെ ഈ വിദ്യാര്‍ത്ഥികളെല്ലാം തന്നെ ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ളവരായിരുന്നു. മിക്കവരുടെയും മാതാപിതാക്കള്‍ക്ക് ഉദ്യോഗസ്ഥരും സാമ്പത്തികമായി സുരക്ഷിതരുമായിരുന്നു. എന്നാല്‍ ആഡംബര ജീവിതത്തോടുള്ള ഭ്രമമാണ് ചെറുപ്പക്കാരെ ബാങ്ക് കൊള്ളയടിക്കാന്‍ പ്രേരിപ്പിച്ചത്. മുമ്പ് പല കേസുകളും തെളിയാതെ പോയി എന്നതും പലരും ഒറ്റ ക്രൈമിലൂടെ പണക്കാരായി എന്നതുമാണ് മറ്റൊരു പ്രചോദനം.
എന്തുകൊണ്ട് ബാങ്കുള്‍ കവര്‍ച്ച ചെയ്യാന്‍ തുടര്‍ച്ചയായ ശ്രമം നടക്കുന്നുവെന്നതിനും വ്യക്തമായ ഉത്തരമുണ്ട്. ''നിലവിലുള്ള നിയമമനുസരിച്ച് 100 രൂപ മോഷ്ടിച്ചവനും 100 കോടി മോഷ്ടിച്ചവനും കിട്ടാന്‍പോകുന്ന ശിക്ഷയില്‍ വലിയ അന്തരമില്ല. ചെറിയ വീട് കുത്തിത്തുറക്കുന്നതിനും ബാങ്ക് കൊള്ളയടിക്കുന്നതിലും റിസ്‌ക് ഫാക്റ്റര്‍ തുല്യം. കൂടുതല്‍ തുക കൈയിത്തെണമെങ്കില്‍ കൂടുതല്‍ പണമിരിക്കുന്ന ബാങ്കുകള്‍ കൊള്ളയടിക്കുന്നതാണ് നല്ലത് എന്ന ചെറുപ്പക്കാര്‍ ചിന്തിക്കുന്നു''-വിജയന്‍ പറയുന്നു.
കേരളത്തില്‍ കവര്‍ച്ചാ ശ്രമങ്ങളിലേര്‍പ്പെടുന്നവര്‍ ഒരു പ്രത്യേക വര്‍ഗ/ ജാതി വിഭാഗത്തില്‍പെടുന്നവരലല്ല. എല്ലാതരക്കാരും ഇതില്‍ ഏര്‍പ്പെടുന്നുണ്ട്.
എന്നാല്‍ ഏത് കവര്‍ച്ചയും ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിയിക്കാനാവുമെന്നും വിജയന്‍ തറപ്പിച്ചു പറയുന്നു. ചേലേമ്പ്ര ബാങ്ക് കവര്‍ച്ച അന്വേഷിച്ചത് തുടര്‍ച്ചയായി, വിശ്രമമില്ലാത്ത 56 ദിവസം എടുത്താാണ്. എല്ലാ സൗകര്യങ്ങളെല്ലാം ഒരുങ്ങിക്കിട്ടുകയും ചെയ്തു.
ചില അപൂര്‍വം കേസുകളിലൊഴിച്ച് മിക്ക കേസുകളിലും പ്രതികള്‍ ആദ്യമായി ക്രൈം ചെയ്യുന്നവരല്ല. കുറച്ചുകാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ പ്രൊഫഷണല്‍ സ്വഭാവം ആര്‍ജിച്ചവരാണ് കവര്‍ച്ചകള്‍ക്ക് പിന്നില്‍ എന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജയിലില്‍ വച്ചാണ് പലര്‍ക്കും ക്രിമിനല്‍ പരിശീലനം കിട്ടുന്നത്. '' ഒരു കേസില്‍ പ്രതിയായി ജയിലിലെത്തുന്നവര്‍ അവിടെ ഒരു ക്രിമിനല്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നു. തങ്ങളുടെ ആദ്യ ശ്രമം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ജയിലില്‍ വച്ച് സഹ തടവുകാരുമായി ചര്‍ച്ച ചെയ്യുന്നു. പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് പുറത്തിറങ്ങുമ്പോള്‍ എങ്ങനെ വലിയ കവര്‍ച്ച നടത്താമെന്നാണ് പിന്നെ ചിന്തിക്കുക. അവിടെ വച്ച് തന്നെ പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നു. ചേലേമ്പ്ര കേസില്‍ ശിവജി എന്ന പ്രതി ഇത് സമ്മതിച്ചതാണ്.''. വിജയന്‍ ചൂണ്ടിക്കാട്ടുന്നത് നിലവിലെ ജയിലുകളിലെ അശാസ്ത്രീയമായ സംവിധാനത്തിന്റെ പിഴവുകള്‍ കൂടിയാണ്.
ബാങ്കുള്‍ കൊള്ളയടിക്കപ്പെടുന്നതിന് പൊതുവായി വേറെയും കാരണവും സവിശേഷതകളുമുണ്ട്. മിക്കബാങ്കുകള്‍ക്കും സുരക്ഷ കുറവാണ്; ആവശ്യത്തിന് കാവല്‍ക്കാര്‍ പലയിടത്തുരില്ല. റിസര്‍വ് ബാങ്ക സ്‌റ്റോര്‍ റൂമുകളെപ്പറ്റിയും ലോക്കര്‍ സംവിധാനങ്ങളെപ്പറ്റിയും പറയുന്നുണ്ടെങ്കിലും മിക്ക ബാങ്കുകളും അത് നടപ്പാക്കില്ല. ഉള്‍നാട്ടിലുള്ള ബാങ്കുകളാണ് കൂടുതല്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. രണ്ട് അവധികള്‍ അടുത്തടുത്ത് വരുന്ന ദിവസങ്ങളിലാണ് മോഷണം കൂടുതലും നടന്നത്. കവര്‍ച്ചചെയ്യപ്പെട്ട ബാങ്കുകളെല്ലാം മോശം കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മിക്ക ബാങ്കുകളുയെടും മുന്‍വശം മോടിയോടെയാണ് ക്രമീകരിക്കപ്പെട്ടെങ്കിലും പിന്‍വശം കാടുപിടിച്ചു കിടക്കുയോ വാതിലുകളും ജനാലുകളും ജീര്‍ണിച്ചതോ ആവും. ഇത്തരം അനുകൂലമായ ഘടകങ്ങളും കവര്‍ച്ചയ്ക്ക് സഹായകരമായിത്തീരുന്നു.
കവര്‍ച്ചയുടെ മനശാസ്ത്രം
കേരളത്തില്‍ അരങ്ങേറുന്ന കവര്‍ച്ചകള്‍ക്ക് പിന്നില്‍ , പൊതുവില്‍ ഒറ്റ മനശാസ്ത്രമാണുള്ളത് എന്ന് മനശാസ്ത്രജ്ഞനും സാമൂഹ്യവിമര്‍ശകനുമായ കെ.എസ്. ഡേവിഡ് പറയുന്നു. 'ആരുടെ കൈയില്‍ പണമുണ്ടോ അവര്‍ക്കാണ് സമൂഹത്തില്‍ വിലയും മാന്യതയും. മുമ്പ് നില നിന്നിരുന്ന ആദര്‍ശകാത്മായ മൂല്യ വ്യസ്ഥിതി തകര്‍ന്നുകഴിഞ്ഞു. പണം എങ്ങനെ ഉണ്ടായി എന്നത് വിഷയമല്ല. മോഷ്ടിച്ച കാശും മാന്യത നല്‍കും. അത് എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത മൊത്തത്തില്‍ സമൂഹത്തിലും പ്രത്യേകിച്ച് ചെറുപ്പക്കാരിലും വളര്‍ത്തുന്നു''. അതാണ് വന്‍ കവര്‍ച്ചകളില്‍ ഏര്‍പ്പെടുന്നവരെ പൊതുവില്‍ ചലിപ്പിക്കുന്നത്. ആത്മഹത്യയെപ്പാലെ കവര്‍ച്ചയെയും ആഘോഷമാക്കുന്ന മാധ്യമരീതിയെയും ഡേവിഡ് വിമര്‍ശിക്കുന്നു.
'എല്ലാവരിലും ക്രിമിനല്‍ പ്രവണതകള്‍ ഉണ്ട്. അത് വിദ്യാഭ്യാസവും സംസ്‌കാരവും വിവേകവും കൊണ്ട് മറികടക്കുകയാണ് ഭൂരിപക്ഷവും ചെയ്യുക. ത്രില്ലിനോടും സാഹസികതയും ചെറുപ്പക്കാരെ എന്നും ചലിപ്പിക്കുമെങ്കിലും കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ അത്തരത്തില്‍ മാത്രം കാണാന്‍ കഴിയില്ല. അതിജീവിക്കാനും വിശപ്പടക്കാനുമുള്ള ത്വരയല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബാങ്കു കവര്‍ച്ചകള്‍. ആര്‍ഭാടജീവിതത്തോടുള്ള ഭ്രമാണ് അത്. മൊത്തം സമൂഹത്തിലും ഇത് പ്രകടമാണ്''.
ആര്‍ഭാട ജീവിതത്തോടും പണത്തോടും സമൂഹത്തിലെ ഭൂരിപക്ഷ അംഗങ്ങള്‍ക്കും ആകര്‍ഷകത്വമുണ്ടെങ്കില്‍ ആ സമൂഹത്തിന് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്നു എന്നതുതന്നെയാണ് വാസ്തവം. സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശങ്ങളോടാണ് അതിന്റെ മൂലകാരണം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്.
നമുക്ക് ബ്രിട്ടീഷ് ചരിത്രകാരനായ ഹെന്റി തോമസ് ബക്കിളിന്റെ വാദത്തിലേക്ക് മടങ്ങിപ്പോകാം. സമൂഹമാണ് ക്രൈമിനെ സൃഷ്ടിക്കുന്നതെങ്കില്‍ ശിക്ഷയല്ല ക്രൈമിന് യഥാര്‍ത്ഥ പ്രതിവിധി. ക്രൈം ഉണ്ടാക്കുന്ന സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയില്‍ മാറ്റം വരുത്തണം. ചികിത്സ വൃണത്തിനല്ല, വൃണമുണ്ടാക്കുന്ന കാരണത്തിനാണ് വേണ്ടത്.
Madhyamam weekly
2009 September
No comments:
Post a Comment