Saturday, July 17, 2010

'ബംഗാളിന്റെ (നിറംമങ്ങിയ) ചെങ്കൊടികള്‍ നമ്മളെന്തിന് ചുമക്കണം?'

പ്രൊഫ. സുഖേന്തു സര്‍ക്കാര്‍/ബിജുരാജ്


മുഖാമുഖം

ബംഗാളിന്റെ ഗ്രാമങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി മലയാളി എന്നും ചെവിയോര്‍ത്തിട്ടുണ്ട്. അവിടെ നിന്ന് നല്ല വാര്‍ത്തകള്‍ വരുമെന്ന് വിപ്ലവത്തെ സ്‌നേഹിക്കുന്ന രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് യുവാക്കള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നു; വെറുതെയെങ്കിലും ആശിക്കുന്നു. അതിനാല്‍ അവിടെ എന്തുനടക്കുന്നു എന്നതിന് ചെറുതല്ലാത്ത പ്രാധാന്യമാണുള്ളത്. പ്രത്യേകിച്ച് സി.പി.എമ്മും അനുബന്ധ ബുദ്ധിജീവികളും മികച്ച വികസനമാതൃകയായി ബംഗാളിനെ ദേശീയതലത്തില്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍.
മുപ്പതുവര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന ബംഗാള്‍, സി.പി.എം. അവകാശപ്പെടുന്നതുപോലെ സുന്ദരമാണെങ്കില്‍ എന്തുകൊണ്ട് അവിടെ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി നമ്മുടെ കൊച്ചിയിലും മറ്റു കെട്ടിടനിര്‍മാണ മേഖലകളിലും ദിനംതോറും വന്നടിയുന്നു? കുറഞ്ഞവേതനവും ദുരിത ജീവിതവും മാത്രം വാഗ്ദാനം ചെയ്യുന്ന നമ്മുടെ തൊഴിലിടങ്ങളില്‍ അടിമത്തൊഴിലാളികളാകാന്‍ (കരാര്‍,ബോണ്ടഡ് എന്നൊക്കെ മറ്റുപേരുകള്‍) അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യം എന്താവും?
ബംഗാളിന്റെ ഗ്രാമങ്ങളില്‍ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. സുഖേന്തു സര്‍ക്കാര്‍ നിരത്തുന്നത് മറ്റ് ചില യാഥാര്‍ത്ഥ്യങ്ങളാണ്. ബംഗാളിന്റെ നിറംമങ്ങിയ ചെങ്കൊടികള്‍ നമുക്ക് ഒരു പ്രതീക്ഷയും ശേഷിപ്പിക്കുന്നില്ലെന്നദ്ദേഹം പറയുന്നു. തൊഴില്‍അഭയാര്‍ത്ഥിത്വം മാത്രം സമ്മാനിക്കുന്ന ഈ അസംബന്ധ പുറംതോട് പൊട്ടിച്ചു പുറത്തുകടക്കണം. പുത്തന്‍മുതലാളിത്തത്തിന്റെ കുഴലൂത്തുകാരും നടത്തിപ്പുകാരുമായി സി.പി.എം. തുടരുന്നതിനാല്‍ ബദല്‍ തേടണം-സുഖേന്തു സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള ശിവോനാഥ് ശാസ്ത്രി കോളജില്‍ കാല്‍നൂറ്റാണ്ടിലേറെയായി ധനതത്വശാസ്ത്ര അധ്യാപകനാണ് സുഖേന്തു സര്‍ക്കാര്‍. സാമ്പത്തികശാസ്ത്ര വിദഗ്ധന്‍ എന്നതിനു പുറമെ, ബദല്‍ സാമ്പത്തിക പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്ന അദ്ദേഹം രാജ്യത്തെ വിവിധ സെമിനാറുകളിലും പ്രക്ഷോഭവേദികളിലും നിലപാടുകള്‍ അവതരിപ്പിച്ചുവരുന്നു. സലീം പ്രോജക്ടിന്റെ യഥാര്‍ത്ഥമുഖം, നന്ദിഗ്രാം: വസ്തുതകളും പാഠങ്ങളും തുടങ്ങി വലുതും ചെറുതുമായ നിരവധി പുസ്തകങ്ങളും ലഘുലേഖകളും ബംഗാളിയില്‍ എഴുതിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കുതൊട്ടു പിന്നാലെ സജീവ വിപ്ലവരാഷ്ട്രീയത്തിലേക്കു കടന്നുവന്ന സുഖേന്തു, ദീര്‍ഘകാലം സി.പി.ഐ.(എം.എല്‍)ന്റെ ബംഗാള്‍ നേതൃത്വത്തിലും ഇടക്കാലത്ത് അഖിലേന്ത്യാ നേതൃത്വത്തിലും സജീവമായിരുന്നു. ഇപ്പോള്‍ പാര്‍ലമെന്റ് താല്‍പര്യങ്ങള്‍ക്കു പുറത്ത് പ്രവര്‍ത്തിക്കുന്ന സമരസംഘടനകളുടെയും ഗ്രൂപ്പുകളുടെയും ഐക്യവേദിയായ 'സ്ട്രഗിള്‍ ഇന്ത്യ'യുടെ അഖിലേന്ത്യാ അധ്യക്ഷനാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടന്ന അഖിലേന്ത്യാ സെമിനാറില്‍ മുഖ്യപ്രഭാഷകനായി സുഖേന്ദുസര്‍ക്കാര്‍ അടുത്തിടെ കൊച്ചിയില്‍ എത്തിയിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെപ്പറ്റി, ബംഗാളിനെപ്പറ്റി, സി.പി.എമ്മിനെപ്പറ്റി, ബദല്‍ രാഷ്ട്രീയത്തെപ്പറ്റി അദ്ദേഹം സംസാരിക്കുന്നു:ബംഗാളും സി.പി.എം ഭരണവും


ബംഗാളിന്റെ സാമൂഹ്യ-സാമ്പത്തികാവസ്ഥയില്‍ എന്താണ് നടക്കുന്നത്?

പശ്ചിമ ബംഗാളില്‍ നടക്കുന്നതെല്ലാം മോശം കാര്യങ്ങളാണ്. സാമ്പത്തികമായും സാമൂഹികമായും ബംഗാള്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്നു. സര്‍വമേഖലകളിലും മുരടിപ്പ് പ്രകടമാണ്. കാര്‍ഷികമേഖല തകര്‍ന്നു. പട്ടിണിയും തൊഴിലില്ലായ്മയും കടക്കെണിയും പെരുകുന്നു; അതിനാല്‍ ആത്മഹത്യയും. 45 ലക്ഷം തൊഴില്‍രഹിതരാണ് എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. അവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. വ്യവസായിക മുരടിപ്പ് പ്രകടമാണ്. യഥാര്‍ത്ഥ ഭൂപരിഷ്‌കരണം നടന്നിട്ടില്ല. മണ്ണില്‍പണിയെടുക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും ഭൂമിയില്ല. മറിച്ച് ചെറുന്യൂനപക്ഷം വരുന്ന വന്‍കിട-ദല്ലാള്‍ മുതലാളിത്ത വര്‍ഗ്ഗങ്ങളിലും ഭൂപ്രഭുക്കളിലും ഭൂമിയുടെ കേന്ദ്രീകരണം തുടരുന്നു. അര്‍ദ്ധകൊളോണിയല്‍ അവസ്ഥയിലാണ് ഇപ്പോഴും ബംഗാള്‍. ഒരു ജനാധിപത്യ അവകാശങ്ങളും അംഗീകരിക്കാത്ത ഫാസിസ്റ്റ് ഭരണം നിലനില്‍ക്കുന്നു. പ്രതിഷേധ ശബ്ദങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെടുന്നു. സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഭരണകൂടം സാമ്രാജ്യത്വ-വിദേശ വന്‍കിട മുതലാളിവര്‍ഗ്ഗത്തിന് തുറന്ന രീതിയില്‍ ഒത്താശ ചെയ്യുന്നു. നഗരങ്ങളില്‍ മാത്രം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗ്രാമങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുന്നു.


അപ്പോള്‍, ബംഗാള്‍ എത്രമാത്രം ഇടതുപക്ഷത്താണ്?

ബംഗാളിലെ ഇടതുപക്ഷം എന്നു പറയുമ്പോള്‍ പൊതുവില്‍ എല്ലാവരും ഉദ്ദ്യേശിക്കുന്നത് സി.പി.എം-സി.പി.ഐ. കക്ഷികളെയാണ്. അതാണ് ചോദ്യംകൊണ്ടുദ്ദ്യേശിക്കുന്നതെങ്കില്‍ ബംഗാള്‍ ഒട്ടും ഇടതുപക്ഷത്തല്ല. അവിടെ ചെങ്കൊടി നിറംമങ്ങി മുതലാളിത്തകൊടിയായി മാറിക്കഴിഞ്ഞു. അടിസ്ഥാന തൊഴിലാളിവര്‍ഗ്ഗാശയങ്ങള്‍ക്ക് ഒരു വിലയും സി.പി.എമ്മോ അവരുടെ സര്‍ക്കാരോ കല്‍പിക്കുന്നില്ല. നടന്നുകൊണ്ടിരിക്കുന്നത് സമ്പൂര്‍ണ മുതലാളിത്തവല്‍ക്കരണവും സാമ്രാജ്യത്വസേവയുമാണ്. സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ വിദേശ-സാമ്രാജ്യത്വങ്ങള്‍ക്ക് എല്ലാ ഒത്താശയും അവര്‍ ചെയ്തുകൊടുക്കുന്നു. ജനങ്ങളുടെ ക്രയശേഷി കുറഞ്ഞതുകൊണ്ടാണ് ഇപ്പോഴത്തെ പ്രതിസന്ധി, അതുകൊണ്ട് വികസനം വേണം. വികസനത്തിന് സ്വകാര്യ നിക്ഷേപം വേണം-എന്ന മട്ടിലാണ് അവര്‍ കാര്യങ്ങളെ കാണുന്നത്. സ്വകാര്യ-വിദേശ നിക്ഷേപം എന്ന അവരുടെ മുറവിളി ഏതാണ്ട് ഒരു വിലാപം പോലെയാണ് അനുഭവപ്പെടുന്നത്. എന്താണ് വികസനം എങ്ങനെ പ്രതിസന്ധികള്‍ മറികടക്കാം എന്നതിനെപ്പറ്റി ശാസ്ത്രീയ ഒരു കാഴ്പ്പാടും അവര്‍ക്കില്ല. ഫലത്തില്‍ ജനങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്.


നിങ്ങള്‍ തീര്‍ത്തും ഒരു 'ഇടതുപക്ഷ' വിരുദ്ധനെപ്പോലെയാണ് സംസാരിക്കുന്നത്...

തെറ്റിധരിക്കേണ്ട. ഞാന്‍ ഒരു കമ്യൂണിസ്റ്റാണ്. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റാണ്. പക്ഷേ അതിനര്‍ത്ഥം സി.പി.എമ്മുകാരന്‍ ആണെന്നല്ല. യഥാര്‍ത്ഥ ഇടതുപക്ഷക്കാര്‍ക്ക് കമ്യൂണിസ്റ്റുകള്‍ക്കൊപ്പം നിലനില്‍ക്കാനാവില്ല. ബദല്‍ അന്വേഷിക്കേണ്ടതുണ്ട്. ഈ സി.പി.എമ്മിനെ ഇടതുപക്ഷമെന്ന് വിളിച്ചാല്‍, അല്ലെങ്കില്‍ അവരുടെ കാപട്യം തിരിച്ചറിയാനാവുന്നില്ലെങ്കില്‍ നമ്മള്‍ വിഡ്ഢികളാകും. ബദല്‍ തേടുന്ന ഒരു ഇടതുപക്ഷക്കാരനാണ് ഞാന്‍. അതുകൊണ്ട് അവിടുത്തെ യാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി സമീപിക്കാന്‍ ശ്രമിക്കുന്നു.

ബംഗാളില്‍ നിന്ന് തൊഴില്‍ തേടി നൂറുകണക്കിനുപേര്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് കുറഞ്ഞ വേതനം ഉള്ള തൊഴിലുകള്‍ തേടി. താങ്കള്‍ എങ്ങനെയാണ് ഇതിനെ കാണുന്നത്?


ഞാന്‍ നേരത്തെ പറഞ്ഞു ബംഗാള്‍ അടിസ്ഥാപരമായി ദരിദ്രമാണെന്ന്. സര്‍വ്വ മേഖലകളും തകര്‍ന്നു കഴിഞ്ഞു. ഞാന്‍ വെറുതെ, വിലകുറഞ്ഞ ആരോപണം നടത്തുകയല്ല. വാസ്തവം അതാണ്. തൊഴിലില്ല. കൂലിയില്ല. ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയതു മുഴുവന്‍ നഗരകേന്ദ്രീകൃതമായി വന്‍കിട-ഇടത്തരം വര്‍ഗ്ഗ താല്‍പര്യങ്ങളെ സേവിക്കുന്ന വ്യവസായ പദ്ധതികള്‍ മാത്രാണ്. ഇതുമൂലം ഗ്രാമങ്ങള്‍ ദരിദ്രമായി. വലിയ അളവില്‍ ബംഗാള്‍ ഇന്ന് തൊഴില്‍അഭയാര്‍ത്ഥികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളില്‍ പട്ടിണി തുടരുന്നതിനാല്‍ ജനങ്ങള്‍ എവിടേക്കും തൊഴില്‍ തേടി പോകും. കേരളത്തിലേക്ക് മാത്രമല്ല, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, ഡല്‍ഹിയില്‍, മുംബൈയില്‍, ഗള്‍ഫില്‍ എല്ലാം ബംഗാളിലെ തൊഴില്‍ അഭയാര്‍ത്ഥികള്‍ ചെന്ന് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. ബംഗാളില്‍ ജോലിയോ മെച്ചപ്പെട്ട വേതനമോ ഇല്ലാത്തതുകൊണ്ടാണ് അവര്‍ കേരളത്തില്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ വരുന്നത്. നമ്മളിതിനെ കാണേണ്ടത് ബംഗാളി സമൂഹം ഈ 'ഇടതു'ഭരണത്തിന്‍ കീഴില്‍ വല്ലാതെ ഞെരുങ്ങുന്നു എന്നുതന്നെയാണ്. വരും നാളില്‍ അതു ഒന്നു കൂടി വര്‍ധിക്കാന്‍ മാത്രമാണ് സാധ്യത. അതാണ് ഞങ്ങളുടെ, ബംഗാളികളുടെ ഗതികേട്.


വ്യവസായങ്ങള്‍ വളരാനോ തുടങ്ങാനോ പറ്റിയ രാഷ്ട്രീയഅന്തരീക്ഷം ബംഗാളില്‍ ഇല്ലാത്തതുകൊണ്ടാണ് തൊഴില്‍രഹിതര്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന ഒരു മറുവാദം ഉന്നയിക്കപ്പെടുന്നുണ്ട്...

അത് മറ്റൊരു തരം അസംബന്ധമാണ്. വ്യവസായങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, തലതിരിഞ്ഞ വ്യവസായ നയം കൊണ്ടാണ് തൊഴില്‍രഹിതര്‍ ഉണ്ടാവുന്നത്. നന്ദിഗ്രാമിലും സിംഗൂരിലും വ്യവസായങ്ങള്‍ വന്നാല്‍ കിട്ടുമെന്ന പറഞ്ഞ തൊഴിലിന്റെ എത്രയോ മടങ്ങ് ഇരട്ടിയാണ് അവിടെ ഭൂമിയേറ്റെടുക്കലിലൂടെ ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിച്ചത്? നമ്മള്‍ വ്യവസായങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്പോള്‍, അതുവരെ ആ ഭൂമിയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന പതിനായിരങ്ങളെ കാണില്ല. ആ തൊഴില്‍നഷ്ടത്തെപ്പറ്റി പറയില്ല. എന്നിട്ട് ഒരു കാര്‍ കമ്പനി വന്നാല്‍ ലഭിക്കുമെന്നു പറയുന്ന വളരെ കുറച്ച് തൊഴിലിനെപ്പറ്റി പറയുന്നു. എന്തൊരു അസംബന്ധമാണത്. ഒരിക്കലും മാര്‍ക്‌സിസ്റ്റ് ധാരണയ്ക്കനുസരിച്ച്, കൃഷിയെ അടിത്തറയാക്കുന്ന വ്യവസായവല്‍ക്കരണ നയം ബംഗാള്‍ സ്വീകരിച്ചിട്ടില്ല. അതയായത് കൃഷിയും വ്യവസായവും പരസ്പര പൂരകമാകുന്ന ബന്ധത്തില്‍ ശ്രദ്ധിച്ചില്ല. കാര്‍ ഫാക്ടറി കൊണ്ടുവരാന്‍ ശ്രമിച്ചു. അതുവേണ്ടി ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഇല്ലാതാക്കാന്‍ ശ്രമിച്ചു. തദ്ദേശിയരായ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ അവഗണിച്ചു. ഇങ്ങനെ വ്യവസായങ്ങള്‍ കൊണ്ടുവന്നതിന്റെ ഫലമായി കൃഷി മേഖലയും അനുബന്ധ തൊഴില്‍മേഖലകളും തകര്‍ന്നു. ഇതാണ് യഥാര്‍ത്ഥപ്രശ്‌നം. ഇതു തിരിച്ചറിയുന്നില്ലെങ്കില്‍ നമ്മള്‍ തെറ്റായ നിഗമനങ്ങളിലെത്തും. കൃഷിയെ എന്നാണ് ഇടതുപക്ഷ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത്? എന്തുസഹായമാണ് ആ മേഖലകളില്‍ ചെയ്തത്? ലക്ഷക്കണക്കിന് ഏക്കര്‍ പാടങ്ങള്‍ കൃഷിയിറക്കാതെ കിടക്കുന്നുണ്ട്. എന്തു സാമ്പത്തിക സഹായമാണ് അങ്ങനെയല്ലാതിരിക്കാന്‍ സര്‍ക്കാര്‍ ചെയ്ത്? പ്രശ്‌നം സാമ്രാജ്യത്വ-വന്‍കിട മുതലാളിവര്‍ഗ സേവതന്നെയാണ്.


ബംഗാളിലെ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു. എന്താണ് പ്രതിഷേധങ്ങളുടെ പൊതുസ്വഭാവം? സമരങ്ങള്‍ വികസിക്കുകയാണോ?

അതെ. സമരങ്ങളും പ്രതിഷേധങ്ങളും ശക്തമാവുകയാണ്. അതൊരു വലിയ മുന്നേറ്റമായി മാറിയിട്ടൊന്നുമില്ല. നന്ദിഗ്രാമില്‍ നടന്നത് ശക്തമായി കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന്റെ ചിതറിയ രൂപങ്ങളാണ്. കുടിയിറക്കലിനെതിരെ, അടിസ്ഥാന സൗകര്യ വികസനത്തിനുവേണ്ടിയൊക്കെ സമരങ്ങള്‍ വിവിധ സംഘടനകളുയും വ്യക്തികളുടെയും നേതൃത്വത്തില്‍ ഒറ്റയ്ക്കും കൂട്ടായും ഒക്കെ നടക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന തലത്തില്‍ ഒരു കൂട്ടായ്മ ഇതുവരെയും രൂപംകൊണ്ടിട്ടില്ല. വൈകാതെ, ശരിയായ രാഷ്ട്രീയ കാഴ്പ്പാടിന്റെ അടിസ്ഥാനത്തില്‍ പോരാടുന്ന എല്ലാവരും ഒന്നിച്ചേക്കാം. ഇപ്പോള്‍ അതൊരു പ്രതീക്ഷ മാത്രമാണ്.


മാവോയിസ്റ്റുകള്‍ നന്ദിഗ്രാം പോലുള്ള സമരങ്ങള്‍ സൃഷ്ടിയാണെന്നും വികസനപദ്ധതികളെ അട്ടിമറിക്കുകയാണെന്നുമുള്ള ആരോപണം സി.പി.എം. ഉന്നയിക്കുന്നുണ്ട്?

നന്ദിഗ്രാം മാവോയിസ്റ്റ് സൃഷ്ടിയാണെന്ന മട്ടിലുള്ള പ്രചാരണം സി.പി.എമ്മിന്റെ വിലകുറഞ്ഞ പ്രചരണ തന്ത്രം മാത്രമാണ്. മാവോയിസ്റ്റുകള്‍/നക്‌സലൈറ്റുകള്‍ സമരത്തില്‍ പങ്കെടുത്തിട്ടേയില്ല എന്നല്ല. എന്നാല്‍ ഇത് കേവലം മാവോയിസ്റ്റ് ഗൂഢാലോചനയായി പെരുപ്പിച്ച് പറയുമ്പോള്‍ നന്ദിഗ്രാമിലെ ജനങ്ങള്‍ ഉന്നയിച്ച പ്രശ്‌നത്തെ പുകമറയ്ക്കുള്ളിലാക്കി രക്ഷപ്പെടാമെന്നാണ് സി.പി.എം. കരുതിയത്. പക്ഷേ, ആ നീക്കം പൊളിഞ്ഞു. ബംഗാളില്‍ എവിടെയൊക്കെ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുന്നുവോ അതിനെയൊക്കെ അടിച്ചമര്‍ത്താന്‍ സി.പി.എം. അവയൊക്കെ മാവോയിസമായി മുദ്രകുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റൊന്നുകൂടി സംഭവിക്കുന്നുണ്ട്. അല്‍പം ഭയമുണ്ടെങ്കിലും മവോയിസ്റ്റുകള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരാണ് എന്ന് ജനങ്ങള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.


ബംഗാളിന്റെ ഒരു ഭാഗത്ത് പ്രത്യേക ഗൂര്‍ഖാ സംസ്ഥാനം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരങ്ങള്‍ ശക്തിപ്പെടുന്നു. അത്തരം മുന്നേറ്റങ്ങളെ എങ്ങനെയാണ് താങ്കള്‍ സമീപിക്കുന്നത്?

പ്രത്യേക ഗൂര്‍ഖാ സംസ്ഥാനം എന്ന ആവശ്യം ന്യായമാണ്. ഗൂര്‍ഖാ മേഖലകള്‍ സംസ്ഥാനത്ത് ഏറ്റവും അവികസിതമാണ്. നല്ല റോഡുകളോ, വൈദ്യുതി-ജലവിതരണ സംവിധാനമോ അവിടെയില്ല. സാമ്പത്തികമായും, സാംസ്‌കാരികമായും മറ്റുമൊക്കെ ഏറ്റവും പിന്നാക്കാവസ്ഥയാണ് അവിടെ. അവരില്‍ നല്ല പങ്കും തൊഴില്‍അഭയാര്‍ത്ഥികളാണ്. അവരെ ഞങ്ങളുടെ സംഘടന പിന്തുണയ്ക്കുന്നുണ്ട്. കേവലം ഒരു സംസ്ഥാനം രൂപീകരിച്ചതുകൊണ്ട് അവിടെ പ്രശ്‌ന പരിഹാരമാവില്ല എന്നതുവേറെ കാര്യം. സോഷ്യലിസ്റ്റ് കാഴ്പ്പാടുള്ള ജനകീയ ഭരണസംവിധാനം സാധ്യമായലേ അവര്‍ക്ക് അത്യന്തികമായ നേട്ടമുണ്ടാവൂ. അത്തരം കാഴ്പ്പാട് അവര്‍ക്കില്ല. പക്ഷേ, ഗൂര്‍ഖകളുടെ വാദത്തിന് ന്യായീകരണമുള്ളതുകൊണ്ട് തന്നെ ഞങ്ങളതിനെ പിന്തുണയ്ക്കുന്നു.


മുമ്പ് അസമുകാരും ഉള്‍ഫപോലുള്ള സംഘടനകളും ഉന്നയിച്ച മുഖ്യപ്രശ്‌നം ബംഗാളില്‍ നിന്നുള്ള അധിനിവേശമാണ്. അതാണ് പിന്നീട് ദേശീയ വിമോചന സമരമായി മാറുന്നത്...

അസമില്‍ ബംഗാള്‍ അധിനിവേശം നടന്നു എന്നത് വസ്തുതയാണ്. കേവലം ബംഗാളി അധിനിവേശം നടന്നു എന്നതുകൊണ്ടല്ല അസമുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അവര്‍ വര്‍ഗ്ഗ പ്രശ്‌നം കൂടിയാണ് ഉന്നയിച്ചത്. അതായത് ബംഗാളില്‍ നിന്നുള്ള വന്‍കിട-ഇടത്തരം വര്‍ഗത്തിന്റെ ആധിപത്യം. ഈ ആധിപത്യം അസമിന്റെ സാമ്പത്തിക-സാമൂഹ്യ വ്യസ്ഥിതിക്കുമേല്‍ അധികാരം കൈയാളിയപ്പോഴാണ് സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. കേവലം ബംഗാളി അധിനിവേശമായി അതിനെ ചുരുക്കി കണ്ടാല്‍ നമ്മള്‍ എത്തുക സങ്കുചിത പ്രാദേശിക വികാരത്തിലാവും.
മുതലാളിത്തത്തിന്റെ പ്രതിസന്ധി, ബദല്‍ആഗോള തലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയെ സാമ്പത്തിക ശാസ്ത്രകാരന്‍-അധ്യാപകന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എന്താണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം?

ഈ പ്രതിസന്ധിക്ക് രണ്ടുതരം കാരണങ്ങളുണ്ട്. ഒന്ന് സ്ഥായിയായത്. രണ്ടാമത്തേത് പെട്ടന്നുണ്ടായ കാരണങ്ങള്‍. സ്ഥായിയായ കാരണമെന്നത് മുതലാളിത്തത്തിന്റെ പ്രതിസന്ധിതന്നെയാണ്. ഇത് അതിന്റെ ആന്തരികമായ, അസ്ഥിരതാ കേന്ദ്രീകൃത സ്വഭാവത്തെ എടുത്തുകാട്ടുന്നു. 1920 മുതല്‍ 1939 വരെ നീണ്ടുന്ന നിന്ന പ്രതിസന്ധിയുടെ മറ്റൊരു തുടര്‍ച്ചതന്നെയാണ് ഇതും. ആവശ്യത്തിലേറെ വികസിച്ച, ആവശ്യത്തിലേറെ ഉപകരണങ്ങള്‍ കൊണ്ടുനിറഞ്ഞ ഒരു സമ്പദ്ഘടനയുടെ സ്വാഭാവിക പരിണാമമായിരുന്നു അന്നത്തെ തകര്‍ച്ച. അപ്പോള്‍ ജെ.എം.കെയ്ന്‍സ് പൊതുമേഖലയുടെ അതിരുകള്‍ വിസ്തൃതപ്പെടുത്തുന്നതാണ് എല്ലാറ്റിനുമുള്ള പരിഹാരമെന്ന് നിര്‍ദേശിച്ചു. യഥാര്‍ത്ഥത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധിയെന്നത് മാര്‍ക്‌സും ഏംഗല്‍സും ചൂണ്ടിക്കാട്ടിയ അമിതോല്‍പ്പാദനം തന്നെയാണ്. പരിമിതമായ വാങ്ങല്‍ ശേഷി പ്രശ്‌നത്തെ മുതലാളിത്തം അഭിമുഖീകരിക്കുന്നു. '80 കളില്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള സാമ്രാജ്യത്വം നവലിബറലിസത്തിലേക്ക് തിരിഞ്ഞു. എല്ലാ അര്‍ത്ഥത്തിലും സാമ്രാജ്യത്വത്തിന് തോന്നും പോലെ പെരുമാറാന്‍ അനുവദിക്കുന്ന ഒരു ലോകമായിട്ടാണ് '90 കള്‍ വിവക്ഷിക്കപ്പെട്ടത്. സാമ്രാജ്യത്വ മൂലധന ഒഴുക്കിന്‍മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റാനും കര്‍ക്കശമായി ചുരുക്കാനും ഡങ്കല്‍ കരാറിലൂടെ കഴിഞ്ഞു. യു.എസ്.എസ്.ആറിന്റെ തകര്‍ച്ച അവരുടെ അഴിഞ്ഞാട്ടത്തിന് ഇടനല്‍കി. ഒപ്പം മൂന്നാം ലോകരാജ്യങ്ങളെ ഐ.എം.എഫ്-ലോകബാങ്ക് കടക്കെണിയിലമര്‍ത്തി. വിപണി മൗലികവാദം അവരെ ചതിച്ചു. അതായത് എന്ത് ഉല്‍പാദിപ്പിക്കണം, ആര്‍ക്ക്, എങ്ങനെ, എങ്ങനെ വിതരണം ചെയ്യണം എന്നിവയെല്ലാം വിപണീശക്തികളുടെ സ്വതന്ത്രവും തടസ്സമില്ലാത്തതുമായ പരസ്പര പ്രവര്‍ത്തനത്തിലൂടെ സാധ്യമാകുമെന്ന് നവലിബറല്‍ വിപണിവാദികള്‍ കരുതി. അനുപാതങ്ങള്‍ ലംഘിച്ച്, നിരന്തരം വളര്‍ന്നുപെരുകാനുള്ള, മൂലധനത്തിന്റെ ആന്തരിക പ്രവണതയാണ് ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണം. അമിതോല്‍പ്പാദനം തന്നെയാണ് അവര്‍ക്ക് വിനയായത്. മുതലാളിത്തം അതിന്റെ അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ ലക്ഷണങ്ങളായിട്ടാണ് ഞാനിതിനെ കാണുന്നത്.


പക്ഷേ, പ്രതിസന്ധിക്ക് പെട്ടന്നുണ്ടായ കാരണം എന്താണ്?

റിയല്‍ എസ്‌റ്റേറ്റ് പണയ വിപണിയിലെ തകര്‍ച്ചയാണ് അമേരിക്കയിലെ പ്രതിസന്ധിക്കുണ്ടായ പെട്ടന്നുള്ള കാരണം. റിയല്‍ എസ്‌റ്റേറ്റുകള്‍ വാങ്ങാന്‍ സ്വകാര്യ ബാങ്കുകള്‍ വായ്പ വാരിക്കോരി നല്‍കിയിരുന്നു. വായ്പകള്‍ ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി. ഇത് ബാങ്കിനും വായ്പ എടുക്കുന്നവര്‍ക്കും ഗുണകരമായിരുന്നു. ഇടപാടുകാര്‍ വര്‍ധിച്ചതോടെ ഭവന വിപണിയും വികസിച്ചു. ഇതിന്റെ ഫലമായി ഊഹക്കച്ചവടം വല്ലാതെ വര്‍ധിച്ചു. വീടും ഭൂമിയും വന്‍ തുകയ്ക്ക് മറിച്ചുവിറ്റ് പലരും ലാഭം കൊയ്തു. ഒരുഘട്ടത്തില്‍ അവിടെ റിയല്‍ എസ്‌റ്റേറ്റ് വിപണി 14 ലക്ഷം കോടി ഡോളര്‍വരെ എത്തി. പക്ഷേ, അമേരിക്കയുടെ യഥാര്‍ത്ഥ അവസ്ഥ ദയനീയമായിരുന്നു. തൊഴിലാളിവര്‍ഗത്തിലെ 26 ശതമാനം ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. അതേസമയം 1979 നും 2006 നും ഇടയില്‍ ഏറ്റവും സമ്പന്നരായ ഒരു ശതമാനത്തിന്റെ വാര്‍ഷികവരുമാനം വര്‍ധിച്ചു. 2001ല്‍ രാജ്യത്തെ ഏറ്റവും ദരിദ്രരായ 80 ശതമാനത്തിന് ഉണ്ടായിരുന്ന സ്വത്തിന്റെ നാലിരട്ടി ഈ ഒരു ശതമാനത്തിനുണ്ടായിരുന്നു. അതായത് അമേരിക്ക റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ 'സമൃദ്ധ'മായി മുന്നേറുമ്പോള്‍ ജനങ്ങളുടെ അവസ്ഥ ദരിദ്രമായി തുടരുകയായിരുന്നു എന്നര്‍ത്ഥം. അതിരു കവിഞ്ഞ് വിലയിട്ട റിയല്‍ എസ്‌റ്റേറ്റ് ആസ്തികള്‍ ഒടുവില്‍ ആവശ്യക്കാരെ കണ്ടെത്താനാവാതെ ഇടിച്ചു നിന്നു. റിയല്‍ എസ്‌റ്റേറ്റ് മേഖല തകര്‍ന്നു. മാലപ്പടക്കത്തിന് തിരികൊളുത്തിയതുപോലെ വസ്തുപണയപ്പാടുകളുടെയും മറ്റ് കടപത്രങ്ങളുടെയും മൂല്യം ഇടിഞ്ഞു. ബാങ്കുകള്‍ കടം പിരിച്ചെടുക്കാനും വസ്തു ജപ്തി ചെയ്യാനും തുടങ്ങി. പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് ആവശ്യക്കാരെ കണ്ടെത്താനായില്ല. പാഴായിക്കിടന്ന കെട്ടിടങ്ങള്‍ക്ക് അന്യായമായ നികുതി അടക്കേണ്ട ബാധ്യത ബാങ്കുകള്‍ക്കായി. ബാങ്കുകള്‍ തകര്‍ന്നു. ഇങ്ങനെ ഒരു ചാക്രികമായ അവസ്ഥയാണ് പെട്ടന്നുള്ള തകര്‍ച്ചയ്ക്ക് കാരണം. റിയല്‍ എസ്‌റ്റേ് മേഖലയില്‍ അമേരിക്കയില്‍ സംഭവിച്ചത് നമ്മുടെ നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന ഭൂമിവില്‍പ്പനയുടെ വലിയ പതിപ്പായിരുന്നു.


എന്താണ് സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ-സാമ്പത്തിക മാര്‍ഗം?

ഇന്നത്തെ പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ ദുര്‍ബലതകള്‍ ശരിക്കും തെളിയിച്ചുകഴിഞ്ഞു. ഉയര്‍ന്നുവരുന്ന ലോക വിപ്ലവത്തിന്റെ പുതിയ അലകളെ ഉത്തേജിപ്പിക്കുകയും സജീവമാക്കുകയുമാണ് വേണ്ടത്. 'പരിക്ക് പറ്റിയെന്നോര്‍ത്ത് പേപ്പട്ടിയെ വെറുതെ വിടരുത്' എന്നാണ് പഴമൊഴി. ഇത് സാമ്രാജ്യത്വത്തിനും ബാധകമാണ്. മുതലാളിത്തത്തിന് ബദല്‍ എന്നത് യഥാര്‍ത്ഥ സോഷ്യലിസമാണ്. മാവോയുടെ കാലത്തെ സോഷ്യലിസ്റ്റ് ചൈനയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണം. വൈദേശിക-ആഭ്യന്തര കടബാധ്യതയില്ലാത്ത സ്വാശ്രിത വികസിതമായ ചൈനയില്‍ നിന്ന്. നമ്മുടെ നാട്ടിലുള്‍പ്പടെ സാമ്രാജ്യത്വത്തെ ഇല്ലാതാക്കുന്ന വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണം. അത്തരം ഒരു പങ്കാളിത്തം ലോകവിപ്ലവത്തിന്റെ ഭാഗമാണ്. ഇത്തരം വിപ്ലവത്തിലൂടെ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ബദല്‍ സ്ഥാപിച്ചെടുക്കണം. അതുമാത്രമാണ് മാര്‍ഗം.

പക്ഷേ, അമേരിക്കന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന സാമ്പത്തിക സഹായപദ്ധതികള്‍ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കില്ലേ?

ഒരു പക്ഷേ, മുതലാളിത്തത്തിന് തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍നിന്ന് താല്‍ക്കാലിക ആശ്വസം ലഭിച്ചേക്കും. വൈകാതെ വീണ്ടും മുതലാളിത്തവും അമേരിക്കയും പ്രതിസന്ധിയിലമരും. ഒബാമ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായപദ്ധതികളില്‍ വലിയ വൈരുദ്ധ്യം ഉണ്ട്. 70,000 കോടി ഡോളറിന്റെ രക്ഷാപദ്ധതി എന്നുപറയുന്നത് സ്വകാര്യബാങ്കുകള്‍ക്കുള്ള വമ്പന്‍ സബ്‌സിഡിയാണ്. അതായത് സ്വകാര്യബാങ്കുകളുടെ നഷ്ടഭാരം അമേരിക്കയിലെ ജനങ്ങള്‍ ചുമക്കുന്നു. ഇതിലൂടെ വ്യക്തമാകുന്നത് അമേരിക്കന്‍ വര്‍ഗസ്വഭാവം തന്നെയാണ്. ജനങ്ങളെകൊള്ളയടിച്ചുകൊണ്ടിരുന്ന സ്വകാര്യബാങ്കുകള്‍ക്ക് ജനങ്ങളുടെ പണം തന്നെ അവരുടെ കൊള്ളതുടരാനായി നല്‍കുന്നു. വാള്‍സ്ട്രീറ്റിനെ രക്ഷിക്കാന്‍ കൂറ്റന്‍ മുതല്‍മുടക്ക് നടത്തിയപ്പോള്‍, ഉയര്‍ന്ന ശമ്പളം പറ്റുന്ന കുറച്ചുപേര്‍ക്കായി നികുതിപ്പണം ചിലവിടരുതെന്നാവശ്യപ്പെട്ട് വിവിധ വ്യവസായങ്ങളിലെ തൊഴിലാളികളും അധ്യാപകരും മറ്റും ന്യൂയോര്‍ക്ക് എക്‌സഞ്ചേിനു മുന്നില്‍ പ്രതിഷേധിച്ചു. ആ പണം ജനങ്ങള്‍ക്കുവേണ്ടി ചിലവിടണമെന്നും തങ്ങളുടെ പെന്‍ഷന്‍പണവും മറ്റു സമ്പാദ്യങ്ങളും വാള്‍സ്ട്രീറ്റിലെ ഓഹരിക്കച്ചവടക്കാരില്‍ നിന്നും സംരക്ഷിക്കണമെന്നായിരുന്നു ജനം ആവശ്യപ്പെട്ടത്. ഭരണകൂടം ഒന്നു തെളിയിച്ചു, തങ്ങള്‍ ജനങ്ങള്‍ക്കൊപ്പമല്ല, ആര്‍ത്തിപൂണ്ട ഓഹരി-ഊഹക്കച്ചവടക്കാര്‍ക്കൊപ്പമാണെന്ന്.മുതലാളിത്തം പ്രതിസന്ധിയിലാണെന്നു പറയുന്നു. പക്ഷേ മുതലാളിത്തം പ്രതിസന്ധിയെ മറികടന്നു മുന്നേറുകയും ചെയ്യുന്നു. അത് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയും അത്തരത്തില്‍ താല്‍ക്കാലികമാണെന്നു കരുതിക്കൂടേ?

അല്ല. മുതലാളിത്തം എന്നത് അത്യന്തികമായി നശിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയാണ്. ലോകത്തിന്റെ വാര്‍ധക്യമാണത്. മുതലാളിത്തത്തിന്റെ ആന്തരിക പ്രതിസന്ധി ഓരോ ഘട്ടത്തിലും വെളിവാകും. അവര്‍ അതിനെ താല്‍ക്കാലികമായി മറികടക്കും. പക്ഷേ അവര്‍ കൂടുതല്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും. അവര്‍ അതിനെയും മറികടക്കാന്‍ ശ്രമിക്കും. വീണ്ടും അതിലും വലിയ പ്രതിസന്ധിയിലമരും. ഇത് ഇങ്ങനെ അത്യന്തികമായ പതനത്തിലേക്കാണ് നീങ്ങുന്നത്. അതിനര്‍ത്ഥം മുതലാളിത്തം തന്നെത്താന്‍ ഇല്ലാതാകുമെന്നല്ല. ഇതിന്റെ പതനം വേഗത്തിലാക്കുന്ന, ശരിയായ കാഴ്പ്പാടോടെയുള്ള സാമൂഹ്യമോചന വിപ്ലവങ്ങള്‍ സംഘടിപ്പിച്ച് മുതലാളിത്തത്തെ പൂര്‍ണമായും ഇല്ലാതാക്കണം.


നിങ്ങള്‍ സോഷ്യലിസ്റ്റ് ബദലിനെപ്പറ്റി പറയുന്നു. പക്ഷേ, 150 വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടത് സോഷ്യലിസ്റ്റ് മുന്നേറ്റങ്ങള്‍ എല്ലായിടത്തും തിരിച്ചടി നേരിടുന്നതും മുതലാളിത്തം മുന്നേറുന്നതുമായാണ്. മുതലാളിത്തത്തേക്കാള്‍ പ്രതിസന്ധിയിലാണ് സോഷ്യലിസ്റ്റുകള്‍...

സോഷ്യലിസത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. അതില്‍ തര്‍ക്കമില്ല. പക്ഷേ അതാണ് താല്‍ക്കാലികം. മുതലാളിത്തം നേരിടുന്ന പ്രതിസന്ധി പക്ഷേ അത്യന്തികമാണ്. അത് തകര്‍ന്നേ തീരൂ. ലോകമെങ്ങുമുള്ള പുതിയ പ്രവണത വിപ്ലവത്തിന്റേതാണ്. പെറു, ഇറാഖ്, നേപ്പാള്‍, ലാറ്റിനമേരിക്ക എന്നിങ്ങനെ എല്ലായിടത്തും ഇത്തരം വിപ്ലവങ്ങള്‍ സജീവമാകുന്നു. സാമ്രാജ്യത്വത്തിന് സോഷ്യലിസ്റ്റ് ബദല്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു എന്നതാണ് സൂചനകള്‍. ഇത്തരം ബദലിനെപ്പറ്റി ഞങ്ങള്‍ പറയുമ്പോള്‍ അത് അവ്യക്തവും അതിരുകവിഞ്ഞ ശുഭാപ്തി വിശ്വാസവുമായി തോന്നാം. ഉന്നതങ്ങള്‍ ലക്ഷ്യംവയ്ക്കുന്നവര്‍ മാത്രമാണ് ചരിത്രം സൃഷ്ടിക്കുക എന്നാണ് ഇതിനോടെനിക്ക് വിനയപൂര്‍വം പറയാനാവുക.ഐക്യവും പോരാട്ടവും


നമുക്ക് തിരിച്ച് ബംഗാളിലേക്ക് തന്നെ വരാം. അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ സാമൂഹ്യ മനോഭാവത്തെപ്പറ്റി ധാരണയുണ്ടാകുമല്ലോ. വിദ്യാര്‍ത്ഥികള്‍ എങ്ങനെ ചിന്തിക്കുന്നു; പ്രവര്‍ത്തിക്കുന്നു?

ബംഗാളിലെ ഇപ്പോഴത്തെ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ അളവില്‍ സാമൂഹ്യ പ്രതിബന്ധതയും സ്‌നേഹവുമുണ്ടെന്ന് കരുതുന്നില്ല. മുമ്പങ്ങനെയായിരുന്നില്ല. ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെ മനോഭാവം എങ്ങനെ, എത്രയും പെട്ടന്ന് പണക്കാരാകാം, സുഖകരമായ ജീവിതം എങ്ങനെ സാധ്യമാക്കാം എന്നതാണ്. അത് പൊതുസമൂഹത്തിലെ മനോഭാവത്തിന്റെ സ്വാധീനമാണ്. നന്ദിഗ്രാമിനുശേഷം പക്ഷേ ഈ അവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ കാണുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ ചിലരെങ്കിലും രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. സി.പി.എമ്മിനു പുറത്തും ഇടതുപക്ഷക്കാര്‍ ഉണ്ടെന്ന് അവര്‍ മനസ്സിലാക്കിത്തുടങ്ങുന്നു.


സി.പി.എമ്മിനുള്ളിലുള്ള ഗ്രൂപ്പ് വഴക്കുകള്‍ എത്രത്തോളമുണ്ട്?

ഇന്ന് സി.പി.എമ്മില്‍ വലത്-അധികാര പാര്‍ട്ടികളിലുള്ള എല്ലാ ദുഷിച്ച വശങ്ങളുമുണ്ട്. അഴിമതിയുണ്ട്, ഗ്രൂപ്പ് വഴക്കുണ്ട്, പടലപ്പിണക്കങ്ങളുണ്ട്, പരസ്പരമുള്ള കാലുവാരലുകളുണ്ട്. പാര്‍ട്ടിയുടെ അധികാര കേന്ദ്രങ്ങളിലെല്ലാം ഉയര്‍ന്ന വര്‍ഗ്ഗ-ജാതി വിഭാഗങ്ങളിലുള്ളവരാണ്. പറഞ്ഞുവരുന്നതിനര്‍ത്ഥം സി.പി.എം. ഏറ്റവും മോശം രാഷ്ട്രീയ പാര്‍ട്ടിയാണെന്നല്ല. അവര്‍ മറ്റ് ചില പാര്‍ട്ടികളുമായി നോക്കുമ്പോള്‍ കുറച്ചുഭേദമാണ്. അതുകൊണ്ട് കാര്യമില്ലല്ലോ. ജനങ്ങള്‍ക്ക് പ്രതീക്ഷിക്കാവുന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയെന്ന നിലയില്‍ ഇനിമേല്‍ സി.പി.എമ്മിനെ കാണാനാവില്ല. ഈ അസംബന്ധ പുറംതോട് പൊട്ടിച്ചുകളയണം. ബദല്‍ പാര്‍ട്ടിയും പ്രസ്ഥാനവും കണ്ടെത്തണം.


പക്ഷേ, ബംഗാളില്‍ ഒരിക്കലും തിരിച്ചുവരാത്ത വിധം നിങ്ങള്‍ സൂചിപ്പിക്കുന്ന നക്‌സലൈറ്റ് പ്രസ്ഥാനം അവസാനിച്ചുവെന്നാണ് സി.പി.എമ്മും ഭരണകൂടവും പറയുന്നത്?

നക്‌സലൈറ്റ് പ്രസ്ഥാനത്തിന് തിരിച്ചടി നേരിട്ടിട്ടുണ്ട്. പ്രസ്ഥാനം അവിടെ തകര്‍ന്നുപോയി. ചില തിരുത്തല്‍വാദ കക്ഷികള്‍ക്കു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. എന്നാല്‍ നക്‌സലൈറ്റുകള്‍ ഒരിക്കലും തിരിച്ചുവരില്ല എന്നൊക്കെ മുന്‍വിധിയോടെ സമീപിക്കുന്നത് വങ്കത്തമാവും. സി.പി.എമ്മിന് എന്തും പ്രചരിപ്പിക്കാം. യുവാക്കള്‍ ഇപ്പോള്‍ കൂടുതലായി ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നാണ് ഭരണകൂടത്തിന്റെ തന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിന്തിക്കുന്ന യുവാക്കളില്‍ നല്ല പങ്കും നക്‌സലൈറ്റുകളോട് ഇപ്പോഴും ആഭിമുഖ്യം സൗകര്യമായെങ്കിലും പുലര്‍ത്തുന്നുണ്ട്. നന്ദിഗ്രാം സമരത്തിനുശേഷം ഇതൊരു വലിയ അളവില്‍ വികസിക്കുന്നുണ്ട്.

എന്താണ് താങ്കളുടെ 'സ്ട്രഗിള്‍ ഇന്ത്യ'?

അഖിലേന്ത്യ തലത്തില്‍ സമരം ചെയ്യുന്ന സംഘടനകളുടെയും ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും പൊതുവേദിയാണ് ഇത്. പാര്‍ലമെന്റിപാതയ്ക്ക് പുറത്തുള്ള ഇടത് ബദല്‍ സമരമാര്‍ഗ്ഗങ്ങള്‍ തേടുന്നവയാണ് ഇതിലെ അംഗങ്ങള്‍. കേരളം, ബംഗാളുമുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ പോരാടുന്ന പലരെയും ഒന്നിപ്പിക്കാനായിട്ടുണ്ട്. ഒപ്പം ഞങ്ങള്‍ മറ്റ് സമരസംഘടനകളുമായി പ്രശ്‌നാധിഷ്ഠിതമായി ഒന്നിക്കുന്നു.

പക്ഷേ, രാജ്യത്തിനുള്ളില്‍ പൊരാടുന്ന സംഘടനകള്‍ തമ്മില്‍ ഐക്യം എത്രമാത്രം സാധ്യമാണ്? പോരാടുന്ന ഇടതുകക്ഷികള്‍ തമ്മില്‍ പോലും ഐക്യം സാധ്യമാക്കാനായിട്ടില്ലല്ലോ?

ശരിയാണ്. ഒത്തിരിയേറെ പ്രശ്‌നങ്ങളും വിഭാഗീയതകളുമുണ്ട്. ഇത്തരം വിയോജിപ്പുകളില്‍ നല്ല പങ്കും ആശയപരമാണ്. മറ്റ് ചിലത് സങ്കുചിതമായ മറ്റ് കാരണങ്ങള്‍കൊണ്ടും. എന്നാല്‍ ജനങ്ങളെ സ്‌നേഹിക്കുന്ന, ആത്മാര്‍ത്ഥതയുള്ള യഥാര്‍ത്ഥ പോരാട്ട സംഘടനകള്‍ക്ക് പരസ്പരം ഐക്യപ്പെടുന്നതിന് വലിയ തടസ്സങ്ങളില്ല. ഭാവിയില്‍ വിപുലവും വിശാലവുമായ ഐക്യം സാധ്യമാണെന്നാണ് സ്ട്രഗിള്‍ ഇന്ത്യ കരുതുന്നത്.


ബംഗാളില്‍ ബദല്‍ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ സി.പി.എം. അതിനോട് എങ്ങനെ സമീപിക്കുന്നു?

സി.പി.എം. എന്നത് മര്‍ദ്ദക ഫാസിസ്റ്റ് രാഷട്രീയ സംവിധാനമാണ്. അവര്‍ അവരുടെ തന്നെ ഭരണമുന്നണിയിലെ കക്ഷികളായ സി.പി.ഐ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി. കക്ഷികളെ തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഇവരെ ശാരീരികമായി ഇല്ലായ്മ ചെയ്യുന്നതും പതിവാണ്. എത്ര കൊലപാതകങ്ങള്‍ അവര്‍ ഇത്തരത്തില്‍ നടത്തി എന്നതിന് ആര്‍ക്കാണ് കണക്കുള്ളത്? തങ്ങള്‍ക്ക് വെല്ലുവിളിയായി ഉയര്‍ന്നുവരുന്ന ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയും, സംഘങ്ങളെയും, ഗ്രൂപ്പുകളെയും അവര്‍ കായികമായി നേരിട്ടും അല്ലാതെയും ഇല്ലാതാക്കും. അപ്പോള്‍ അതിനൊക്കെപ്പുറത്തുള്ള ഞങ്ങളെപ്പോലുള്ളവരുടെ കാര്യം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഒരു ജനാധിപത്യ മര്യാദകളും പാലിക്കാതെ തികഞ്ഞ ഫാസിറ്റ്-സേച്ഛാധിപത്യപ്രവണതകളോടെയാണ് സി.പി.എം. അവിടെ പ്രവര്‍ത്തിക്കുന്നത്.


ബംഗാളിന്റെ പുരോഗതിക്ക് താങ്കെളെന്താണ് നിര്‍ദേശിക്കുക?

ബംഗാളിന്റെ മാത്രമല്ല, കേരളമുള്‍പ്പടെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും പുരോഗതിക്ക് ആദ്യംവേണ്ടത് സാമ്രാജ്യത്വ-വിദേശ കുത്തകകളെ കെട്ടുകെട്ടിക്കുക എന്നതാണ്. അവരുടെ ചൂഷണം ഇല്ലാതാക്കണം. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ഉറപ്പാക്കുന്ന യഥാര്‍ത്ഥ ഭൂപരിഷ്‌കരണം നടപ്പാക്കണം. കൃഷിയെ പ്രോത്സാഹിപ്പിക്കണം. കൃഷിയെ അടിത്തറയാക്കുന്ന വ്യവസായവല്‍ക്കരണം സാധ്യമാക്കണം. വ്യവസായയവും കൃഷിയുംതമ്മിലുള്ള പരസ്പര പൂരകബന്ധത്തില്‍ ഊന്നല്‍ എന്നിവ നല്‍കണം. ഇറക്കുമതിക്ക് പകരം ഉല്‍പ്പാദനത്തിന് പ്രോത്സഹാനം നല്‍കണം. ആഭ്യന്തര വ്യവസായങ്ങള്‍ക്ക് വിവേചനപരമായ സംരക്ഷണം നല്‍കണം. ഊഹക്കച്ചവടവും ഇടപാടുകളും പൂര്‍ണ്ണമായി നിരോധിക്കണം. മുഴുവന്‍ അധ്വാനിക്കുന്നവര്‍ക്കും കെട്ടുറപ്പുള്ള സാമൂഹ്യ സുരക്ഷാ വലയം തീര്‍ക്കണം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും ഉറപ്പാക്കുന്ന വിധത്തില്‍ പദ്ധതികള്‍ സ്വീകരിക്കണം. ഇത്തരത്തില്‍ ഗുണകരമായ സമീപനം കൈക്കൊണ്ടാല്‍ മാത്രമേ പുരോഗതിയേലക്ക് നീങ്ങാനാവൂ.


കേരളത്തിലെ ജനമുന്നേങ്ങളെയും പ്രക്ഷോഭങ്ങളെയും എങ്ങനെ വിലയിരുത്തുന്നു?

ഇവിടുത്തെ സംഭവികാസങ്ങളെപ്പറ്റി എനിക്ക് വലിയ അറിവില്ല. പത്രവാര്‍ത്തകളിലൂടെയും ആള്‍ക്കാരുമായുള്ള സംഭാഷണങ്ങളിലൂടെയും മനസ്സിലാക്കിയത് ജനകീയ പ്രക്ഷോഭങ്ങള്‍, ഭൂമിക്കുവേണ്ടിയും പരിസ്ഥിതിക്കുവേണ്ടിയുമൊക്കെ വിവിധ ഇടങ്ങളില്‍ നടക്കുന്നു എന്നാണ്. ചെങ്ങറ, പ്ലാച്ചിമട, നൈനാംകോണം പോലുള്ള സമരങ്ങള്‍. അത് ചില സൂചനകള്‍ നല്‍കുന്നുണ്ട്. അതായത് പുതിയ വിപ്ലവ സാഹചര്യം വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന്.


വ്യക്തിപരമായ ജീവിതത്തെപ്പറ്റിയും രാഷ്ട്രീയത്തിലേക്ക് വന്ന സാഹചര്യങ്ങളെപ്പറ്റിയും ഒന്നും പറഞ്ഞില്ല...

എഴുപത്തിയെട്ട് കാലത്താണ് ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത്. നക്‌സല്‍ബാരി നടക്കുന്ന കാലത്ത് മൂന്നുവയസ്സുമാത്രമേയുള്ളൂ. പക്ഷേ ജനങ്ങള്‍ നക്‌സല്‍ബാരിയെപ്പറ്റി എഴുപതുകളുടെ ഒടുവിലും സംസരിക്കുന്നുണ്ടായിരുന്നു. കല്‍ക്കത്തയാണ് എന്റെ സ്ഥലം. അടിയന്തരാവസ്ഥയൊക്കെ കഴിയുന്നതോടെ രാഷ്ട്രീയ തിളച്ചുമറിയലുകള്‍ നടക്കുകയായിരുന്നു. വായിക്കുകയും കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുന്ന ഒരാള്‍ സ്വഭാവികമായും എത്തിച്ചേരേണ്ട ഒരിടമായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം. പീന്നീട് അതിന്റെ സംസ്ഥാനഘടകത്തിലും മറ്റുമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഞാന്‍ അധ്യാപക ജോലിയില്‍ തുടര്‍ന്നു. ക്ലാസില്‍ കുട്ടികളോട് സംസാരിക്കുന്നതുപോലെ തെരുവിലും ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു(ചിരി). അങ്ങനെ എല്ലാ സമയത്തും അധ്യാപകനായി തുടരുന്നു!. ഭാര്യയും ഒരു മകളുമുണ്ട്.


madhyama weekly
2008

No comments:

Post a Comment