Saturday, July 17, 2010

ഭരണകൂടവും പൌരാവകാശവും

അഭിമുഖം

ആനന്ദ് പട്‌വര്‍ധന്‍/ബിജുരാജ്
ചരിത്രത്തിന്റെ എതിര്‍ദിശയില്‍ നിന്നുളള കടന്നുവരവ് അസാധാരണമെങ്കിലും സുന്ദരമാണ്. നിര്‍ണായക നിമിഷങ്ങളില്‍ സത്യം വിളിച്ചു പറഞ്ഞ് ആഞ്ഞു പ്രഹരിക്കുന്ന ഈ മറുതലയ്ക്കലെ വ്യക്തിത്വങ്ങളാണ് പലപ്പോഴും കാലത്തിന്റെ ദിശയെ തിരിച്ചുവിടുക. മൂന്നരദശകത്തിന്റെ ഇന്ത്യന്‍ ചരിത്രത്തില്‍ നമുക്ക് ഇത്തരത്തില്‍ നിശ്ചയമായും കണ്ടെടുക്കാവുന്ന, മുന്നില്‍ നില്‍ക്കുന്ന അപൂര്‍വം പേരുകളില്‍ ഒന്നാണ് ആനന്ദ് പട്‌വര്‍ധന്‍.
ഇന്ത്യയിലെ സാമൂഹ്യ-രാഷ്ട്രീയ ഡോക്യുമെന്ററികളുടെ ചരിത്രം തുടങ്ങുന്നത് പട്‌വര്‍ധനില്‍ നിന്നാണ് (പിതാവ് , ആചാര്യന്‍ തുടങ്ങിയ അശ്ലീലമാം വിധം അപമാനകരമായ പദങ്ങള്‍ ഒഴിവാക്കാം). ഒരു പക്ഷേ നമ്മുടെ ക്ലാസിക്കല്‍ ഡോക്യുമെന്ററിയുടെ തുടക്കം ഇദ്ദേഹത്തിന്റെ ഇടപെടലില്‍ നിന്നാവും. അതിന്റെ ഭാഷയും സൗന്ദര്യവും വളര്‍ച്ചയും വികാസവും എല്ലാം പട്‌വര്‍ധന്റെ മാത്രം സൃഷ്ടിയാണ്. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവം മുതല്‍ നര്‍മദയുടെയും മുംബൈയിലെ ചേരിനിവാസികളുടെ അതിജീവനവും വരെ, വിയറ്റ്‌നാം മുതല്‍ ഇറാഖ്‌വരെയുളള യുദ്ധങ്ങള്‍ സത്യസന്ധമായ ദൃശ്യങ്ങളായി മര്‍ദിത പക്ഷത്തു നിന്ന് ലോകം കണ്ടത് പട്‌വര്‍ധന്റെ ഡോക്യുമെന്ററികളിലൂടെയാണ്. അതിനേക്കാള്‍, ഉപഭൂഖണ്ഡത്തില്‍ വെറുപ്പിന്റെ വിളവെടുപ്പായ ബാബറി പളളി പൊളിക്കലിനു പിന്നിലുളള യഥാര്‍ത്ഥ്യങ്ങള്‍ നമ്മളറിഞ്ഞതും പട്‌വര്‍ധന്റെ കാമറയിലൂടെയാണ്. മാനവികതയുടെ വിപ്ലവമായിരുന്നു 'രാം കെ നാം ' വിതച്ചത്. ഒരാള്‍ ഏകനായി വര്‍ഗീയതയെ പ്രതിരോധിക്കുന്ന കാഴ്ചയും നമ്മള്‍ കണ്ടു.
അന്താരാഷ്ട്ര-ദേശീയ തലങ്ങളില്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ജനകീയ ഡോക്യുമെന്ററികളുടെ സംവിധായകനെന്നതിനപ്പുറം ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ-ജനാധിപത്യ പ്രക്ഷോഭകാരി എന്നീ നിലകളില്‍ പ്രശസ്തനാണ് പട്‌വര്‍ധന്‍.
1950 ല്‍ ജനനം. 1970 ല്‍ ബോംബെ സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. സ്‌കോളര്‍ഷിപ്പോടുകൂടി 1972 ല്‍ ബ്രാന്‍ഡിസ് സര്‍വകാലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദവും മാക്ഗില്‍ സര്‍വകലാശാലയില്‍ നിന്ന് കമ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ബിരുദവും നേടി. അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ക്കേ രാഷ്ട്രീയ-സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമാണ്. വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രസ്ഥാനത്തില്‍ പങ്കെടുത്തിന് അറസ്റ്റ് ചെയ്യപ്പെട്ടു. കാലിഫോര്‍ണിയയില്‍ സീസര്‍ ഷാവേസിന്റെ യുണൈറ്റഡ് ഫാം വര്‍ക്കേഴ്‌സ് യൂണിയനിലും 1974- 75 കാലത്ത് ബീഹാറില്‍ നടന്ന അഴിമതി വിരുദ്ധ മുന്നേറ്റത്തിലും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവത്തിലും സമരോത്സുകനായ പോരാളിയായിരുന്നു. അടിയന്തരാവസ്ഥാ കാലത്തും പിന്നീടും ജനാധിപത്യ-പൗരാവകാശങ്ങള്‍ക്കുവേണ്ടി നടന്ന നിരവധി പ്രക്ഷോഭങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു.
ഭരണകൂടം അനുമതി നല്‍കാതെ തടസപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പടെ 14 ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തു. കോടതികളില്‍ നടന്ന നീണ്ടകാല നിയമയുദ്ധങ്ങളിലൂടെയാണ് പല ഡോക്യുമെന്ററികള്‍ക്കും പ്രദര്‍ശനാനുമതി നേടിയെടുത്തത് .
'എ ടൈം ടു റൈസ്', 'ബോംബെ ഔര്‍ സിറ്റി', 'ഇന്‍ മെമ്മറി ഓഫ് ഫ്രണ്ട്‌സ്', 'രാം കെ നാം ', 'ഫാദര്‍ സണ്‍ ആന്‍ഡ് ഹോളി വാര്‍', 'എ നര്‍മദാ ഡയറി', 'വാര്‍ ആന്‍ഡ് പീസ്' തുടങ്ങിയവയാണ് സംവിധാനം ചെയ്ത പ്രമുഖ ഡോക്യുമെന്ററികള്‍. അഞ്ച് ദേശീയ അവാര്‍ഡുകള്‍ ഉള്‍പ്പടെ രാജ്യത്തിനകത്തും പുറത്തു നിന്നുമായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
അടുത്തിടെ തൃശൂരില്‍ വിബ്‌ജ്യോര്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യാന്‍ വന്നപ്പോഴുള്‍പ്പടെ പലതവണ നേരിട്ടും അല്ലാതെയും ആനന്ദ് പട്‌വര്‍ധനുമായി സംസാരിച്ചിരുന്നു. ഇന്റര്‍നെറ്റിലൂടെ പലപ്പോഴായി അയച്ചു തന്ന ഉത്തരങ്ങളും കൂടി ഉള്‍പ്പെടുത്തിയതാണ് ഈ സംഭാഷണം. ഒന്നുകൂടി കുറിക്കേണ്ടതുണ്ട്. സാമ്പത്തികമായ പിന്‍ബലം ഒന്നും കൂടാതെ സ്വയം ഒരുക്കുന്നവയാണ് പട്‌വര്‍ധന്റെ ഡോക്യുമെന്ററികള്‍. അവയുടെ സത്യസന്ധത സംവിധായകന്റേതുകൂടിയാണ്. അതില്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരേ സമയം സൗമ്യവും എന്നാല്‍ രോഷാകുലവുമായ അദ്ദേഹത്തിന്റെ മനസുകൂടിയാണ്. ഇനി അഭിമുഖത്തിലേക്ക്:സംഘപരിവാര്‍, വര്‍ഗീയത, ബാബറി പളളിഎന്താണ് താങ്കള്‍ക്ക് ഡോക്യുമെന്ററി? ആക്റ്റിവിസ്റ്റ് എന്ന നിലയില്‍ ഈ മാധ്യമത്തില്‍ തൃപ്തനാണോ?


ഡോക്യുമെന്ററികളുടെ ലോകത്തേക്കു ഞാന്‍ പ്രവേശിക്കുന്നത് രാഷ്ട്രീയവും സാമൂഹ്യവുമായ ഇടപെടല്‍ എന്ന നിലയ്ക്കാണ്. മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷവും ഇതാണെന്റെ പ്രഥമ പ്രചോദനം. ഞാന്‍ തൃപ്തനല്ലെങ്കില്‍ അത് ഈ മാധ്യമത്തിന്റെ പരാജയംകൊണ്ടല്ല. മറിച്ച് ഇത്തരം ഡോക്യുമെന്ററികളുടെ വിതരണത്തിന് നമ്മുടെ സമൂഹം ഏര്‍പ്പെടുത്തിയിരിക്കുന്ന പരിധികളും പരിമിതികളും കൊണ്ടാണ്. കുറഞ്ഞ അളവിലേ എന്റെ എല്ലാ ചിത്രങ്ങളും പ്രയോജനപ്പെടുത്തിയുളളൂ. അതിനാല്‍ തന്നെ ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടാക്കാനാവുമായിരുന്ന സ്വാധീനം അവയ്ക്കു സൃഷ്ടിക്കാനായിട്ടില്ല.

'രാംകെ നാമാ'ണ് താങ്കളുടെ ഏറ്റവും ശ്രദ്ധേയമായ ഡോക്യുമെന്ററി. ഇതിന്റെ ചിത്രീകരണത്തിലേക്ക് എത്തുന്നതെങ്ങനെയാണ്?

സാമൂഹ്യ അനീതികളും വര്‍ഗീയ അക്രമങ്ങളും തുറന്നു കാട്ടുന്ന ഡോക്യുമെന്ററികളാണ് തുടക്കം മുതലേ ഞാന്‍ നിര്‍മിച്ചിട്ടുളളത്. 1984 ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തോടെ നടന്ന, 3000 നിരപരാധികള്‍ക്ക് ജീവഹാനി സംഭവിച്ച സിഖ് കൂട്ടക്കൊലയോടെ ഇത്തരം അനീതി തുറന്നു കാട്ടണമെന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. അതിനാല്‍ എല്‍.കെ. അദ്വാനിയുടെ ആദ്യ രഥയാത്രയെ കാമറയുമായി പിന്തുടര്‍ന്നു. അതായിരുന്നു 'രാം കെ നാമി'ന്റെ തുടക്കം.

എന്തായിരുന്നു അന്നത്തെ രഥയാത്ര? ജനങ്ങള്‍ എങ്ങനെയാണ് അതിനോട് പ്രതികരിച്ചത്?

ഡോക്യുമെന്ററിയില്‍ ജനങ്ങളുടെ ചിന്തകളെ വ്യക്തമായും ഞാന്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഹിന്ദുരാഷ്ട്ര മുദ്രാവാക്യങ്ങള്‍ ശക്തിയാര്‍ജിക്കുന്ന സമയത്താണ് രഥയാത്ര നടക്കുന്നത്. അതായിരുന്നു 1992 ല്‍ ബാബറി മസ്ജിദ് തകര്‍ക്കുന്നതിലേക്ക് എത്തുന്നത്. യുക്തിയുടെ അടിസ്ഥാനത്തില്‍ ചില കാര്യങ്ങള്‍ ചോദ്യം ചെയ്യാനായിരുന്നു എന്റെ ശ്രമം. അതില്‍ ഒരു ദൃശ്യമുണ്ട്. ഒരാള്‍ പറയുന്നു: ''രാമന്‍ ജനിച്ചത് ബാബറി മസ്ജിദിലാണ്''. ഞാന്‍ ചോദിച്ചു: '' എപ്പോഴാണ് രാമന്‍ ജനിച്ചത്?''. അതയാള്‍ക്കറിയില്ല. മസ്ജിദിനുളളില്‍ രാമ വിഗ്രഹം പ്രതിഷ്ഠിച്ചയാളോട് എന്തിനത് ചെയ്തുവെന്നു ചോദിച്ചപ്പോള്‍ ദൈവം സ്വപ്നത്തില്‍ വന്ന് അങ്ങനെ ചെയ്യാന്‍ പറഞ്ഞു എന്നായിരുന്നു മറുപടി. ഇത്തരത്തില്‍ ചോദ്യം ചെയ്യാനായിരുന്നു ഞാന്‍ ശ്രമിച്ചത്. ആള്‍ക്കാര്‍ യുക്തി തെല്ലും പ്രയോഗിക്കാതെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. രഥയാത്രയോടും മസ്ജിദ് തകര്‍ക്കുന്നതിനോടുമുളള എന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായും ഡോക്യുമെന്ററിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.


'രാം കെ നാമി'ന് ആരില്‍ നിന്നാണ് എതിര്‍പ്പുകളും പ്രശ്‌നങ്ങളും നേരിട്ടത്?

ശക്തമായ പ്രതിബന്ധം കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് ഉണ്ടായത്. ബി.ജെ.പി. സര്‍ക്കാരില്‍ നിന്ന് മാത്രമല്ല കോണ്‍ഗ്രസും ഐക്യമുന്നണി സര്‍ക്കാരുമെല്ലാം ഒരുപോലെ ഡോക്യുമെന്ററിക്കെതിരായിരുന്നു. പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കാരണമായി സര്‍ക്കാരുകള്‍ പറഞ്ഞത് വര്‍ഗീയ സംഘര്‍ഷം മൂര്‍ഛിപ്പിക്കും എന്നതാണ് . വാസ്തവത്തില്‍ എന്റെ ഫിലിം സംഘര്‍ഷം അയക്കാനും വര്‍ഗീയ അക്രമം അവസാനിപ്പിക്കാനും വേണ്ടിയുളളതാണ്. ജനങ്ങളെ വഞ്ചിക്കണമെന്നും അവരെ ചൂഷണം ചെയ്യണമെന്നും ലക്ഷ്യമിട്ട രാഷ്ട്രീയക്കാര്‍ക്ക് ഇതൊന്നും അനുഗുണമായിരുന്നില്ല. ബാബറി പളളി പൊളിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ് (1991ല്‍) ഡോക്യുമെന്ററി നിര്‍മിച്ചതെങ്കിലും ബോംബെ ഹൈക്കോടതിയില്‍ നടന്ന പോരാട്ടത്തിനുശേഷം 1997 ല്‍ ആണ് പ്രദര്‍ശനാനുമതി ലഭിച്ചത്. ദൂരദര്‍ശന്‍ കാണിക്കാന്‍ വിസമ്മതിച്ച ഈ ഡോക്യുമെന്ററിക്ക് ദേശീയ അവാര്‍ഡ് കിട്ടി. ദേശീയ അവാര്‍ഡ് കിട്ടിയതുകൊണ്ട് ഡോക്യുമെന്ററി നിരോധനത്തില്‍ നിന്ന് രക്ഷപെടുകയും പ്രക്ഷേപണം ചെയ്യാന്‍ ദൂരദര്‍ശന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. എന്റെ മറ്റ് ഡോക്യുമെന്ററികളും ഇതേ പ്രശ്‌നം നേരിട്ടിട്ടുണ്ട്.


ഹിന്ദുവര്‍ഗീയവാദികളെ എതിര്‍ത്ത പൂജാരി ലല്‍ദാസിനെ 'രാം കെ നാമി'ല്‍ താങ്കള്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് അദ്ദേഹം വെടിയേറ്റു മരിച്ചു. ഇന്ന് പൂജാരി ലല്‍ദാസിന്റേതായി ശേഷിക്കുന്ന ഏക ദൃശ്യങ്ങള്‍ താങ്കളുടേതാവാം. ആ അനുഭവം വ്യക്തമാക്കാമോ?

'മുന്‍ പുരോഹിതന്‍ വെടിയേറ്റു മരിച്ചു' എന്ന ചെറിയ വാര്‍ത്ത 1993 നവംബര്‍ 17 ന് സായാഹ്‌ന പത്രത്തില്‍ കണ്ടപ്പോള്‍ അത് പൂജാരി ലല്‍ദാസ് ആയിരക്കരുതേയെന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍. എന്നും ഭയപ്പെട്ടിരുന്നതാണ് അത്. 1990 ഒക്‌ടോബര്‍ 30 നാണ് ഞാനദ്ദേഹത്തെ അഭിമുഖം ചെയ്യുന്നത്. അതൊരു ദു:ഖകരമായ ദിനമാണ്. 'ബാബറി മസ്ജിദിനുമേല്‍ ഒരു പക്ഷിപോലും പറക്കില്ല' എന്ന മുഖ്യമന്ത്രി മുലായംസിംഗിന്റെ അവകാശവാദത്തിനു വിരുദ്ധമായി അന്ന് ബാബറി പള്ളിക്കുമേല്‍ ഹിന്ദു വര്‍ഗീയവാദികള്‍ ആദ്യ ആക്രമണം നടത്തിയിരുന്നു. ഞാനദ്ദേഹവുമായി അഭിമുഖം നടത്തുമ്പോള്‍ പുറത്ത് 'രണ്ടാം ദീപാവലി' ആഘോഷിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. ശക്തമായ ഭാഷയില്‍ അദ്ദേഹം സംഘപരിവാര്‍ ശ്രമങ്ങളെ തുറന്നുകാട്ടി. 'ഇത് ഭ്രാന്താണ്' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നിരവധി വധഭീഷണികള്‍ അദ്ദേഹത്തിനെതിരെ അന്നേ ഉണ്ട്. അഭിമുഖം ചിത്രീകരിക്കുമ്പോള്‍ ഇത് പരസ്യമായി കാണിക്കുന്നത് താങ്കളുടെ ജീവന് ദോഷമാവില്ലേയെന്ന് ഞാന്‍ ചോദിച്ചിരുന്നു. ജനങ്ങളിലേക്ക് സന്ദേശം എത്തണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി നേരിടേണ്ടി വരുന്ന ഒരു പ്രത്യാഘാതവും പ്രശ്‌നമല്ലെന്നും. 1992 ജനുവരിയില്‍ ലക്‌നൗവില്‍ ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം കാണാനും അദ്ദേഹം വന്നിരുന്നു. മനുഷ്യനന്മ മാത്രമാണ് ലല്‍ദാസ് പൂജാരി കാംക്ഷിച്ചിരുന്നത്. ഹിന്ദുവര്‍ഗീയവാദികള്‍ക്ക് ഒപ്പം നില്‍ക്കാത്തതിനാലാണ് അദ്ദേഹം വെടിയേറ്റു മരിച്ചത്.


'രാമം കെ നാം' എന്ന ഡോക്യുമെന്ററിക്ക് മുമ്പും പിമ്പുമുളള ഇന്ത്യന്‍ സാഹചര്യത്തെ താങ്കളെങ്ങനെ വിലയിരുത്തും? ഹിന്ദു മൗലികവാദത്തിന് ചില തിരിച്ചടികള്‍ നേരിട്ടിരിക്കുന്നു. അത്തരത്തില്‍ സാഹചര്യത്തില്‍ മാറ്റം വന്നിട്ടുണ്ടോ?


'രാം കെ നാം' നിര്‍മിക്കുന്നത് 1991 ല്‍ ബാബറി പളളി പൊളിക്കുന്നതിന് ഒരു വര്‍ഷം മുമ്പാണ്. ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വത്തിന്റെ അപകടങ്ങളെപ്പറ്റി രാജ്യത്തിനും ലോകത്തിനും മുന്നറിയിപ്പു നല്‍കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് അത് നിര്‍മിച്ചത്. നിര്‍ഭാഗ്യകരം എന്നു പറയാം ഈ ഡോക്യുമെന്ററി വ്യാപകമായി കാണിച്ചില്ല. വര്‍ഗീയ കൂട്ടക്കൊലയെപ്പറ്റിയുളള എല്ലാ കടുത്ത പ്രവചനങ്ങളും പിന്നീട് സത്യമായി മാറി. നമ്മുടെ ഭരണാധികാരികളും മാധ്യമ കവാടം സൂക്ഷിപ്പുകാരും ശരിയായ മതേതരക്കാരായിരുന്നെങ്കില്‍ ഇതും മറ്റ് ഫിലിമുകളും വ്യാപകമായി പ്രദര്‍ശിപ്പിക്കുകയും അങ്ങനെ, വ്യക്തിപരമായ നേട്ടത്തിന് മതവൈര്യത്തെ ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ അഴിമതിയെ തുറന്നുകാട്ടുകയും ചെയ്യുമായിരുന്നു.
പകരം ഡോക്യുമെന്ററി അടിച്ചമര്‍ത്തപ്പെടുകയും ഇന്ത്യ ഹിന്ദു ആധിപത്യ ഭരണത്തില്‍ ഒരു ദശാബ്ദത്തിലേറെ കാലം കടന്നുപോവുകയും ചെയ്തു. ഇപ്പോള്‍ കേന്ദ്രത്തില്‍ ആര്‍.എസ്.എസ്/ബി.ജെ.പി. സഖ്യത്തിന് അധികാരം നഷ്ടപ്പെടുകയും ഇന്ന് അവരുടെ നിരവധി നേതാക്കള്‍ കൊളളമുതലിന്റെ പങ്ക് കൈക്കലാക്കി വേര്‍പെടാനും തുടങ്ങിയിരിക്കുന്നു. പക്ഷെ അതിന്റെ വളരെയധികം വെറുക്കപ്പെട്ട രാഷ്ട്രീയം വ്യവസ്ഥിക്കുളളിലേക്കു നുഴച്ചിറങ്ങിയിട്ടുണ്ട്. നിര്‍ണായക വ്യക്തികളെ ജുഡീഷ്യറി, മാധ്യമങ്ങള്‍, ദൂരദര്‍ശന്‍ തുടങ്ങിയ എല്ലായിടത്തും സംഘപരിവാര്‍ വിന്യസിച്ചിട്ടുണ്ട്. ഈ ആള്‍ക്കാര്‍ അവിടെയിരുന്ന് കാര്യ നിര്‍വഹണം തുടരുന്നുണ്ട്. മറ്റ് ചിലര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ യു.പി. തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ എല്ലാ സ്ഥാനാര്‍ത്ഥികളും- ബി.ജെ.പി, ബി.എസ്.പി, സമാജ്‌വാദി, കോണ്‍ഗ്രസ്- ആര്‍.എസ്.എസില്‍ നിന്ന് ഉല്‍ഭവിച്ചവരാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു!.


മറുവശത്ത് മുസ്ലിം മൗലികവാദവും ശക്തമാകുന്നുണ്ട്. പ്രത്യേകിച്ച് പര്‍ദയുടെ പ്രശ്‌നങ്ങളിലൊക്കെ. 'അളളായുടെ നാമത്തില്‍' എന്നോ മറ്റോ പേരിടേണ്ട ഒരു ഡോക്യുമെന്ററി നിര്‍മിക്കേണ്ട സാഹചര്യം ഒരുങ്ങുന്നു എന്നു തോന്നിയിട്ടുണ്ടോ?

ഹിന്ദു മതഭ്രാന്തരെ ഞാന്‍ ആക്രമിച്ചിട്ടുണ്ട് എന്നതിനാല്‍ എനിക്ക് മുസ്ലിം, ക്രിസ്ത്യന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മത ഭ്രാന്തുകളോട് മൃദു സമീപനം ഉണ്ടെന്നര്‍ത്ഥമില്ല. ഏതൊരാളും അവര്‍ എവിടെ നില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഇന്ത്യന്‍ ജനയുടെ 80 ശതമാനം ഹിന്ദുക്കളാണ്. 13 ശതമാനം മുസ്ലിംകളും. നാലുശതമാനത്തില്‍ താഴെയാണ് ക്രിസ്ത്യാനികളും സിഖുകാരും. വ്യക്തമായും നരഹത്യയുടെയും അല്ലെങ്കില്‍ വംശീയ ശുദ്ധിയാക്കലിന്റെയുമെല്ലാം വലിയ ഭീഷണികള്‍ വരുന്നത് വലിയ ഗ്രൂപ്പില്‍ നിന്നാണ്. പാകിസ്താനിലോ ബംഗ്ലാദേശിലോ ആണ് ഞാന്‍ ജീവിക്കുന്നതെങ്കില്‍ മുസ്ലിം ഭീകരതയിലായിരിക്കും ശ്രദ്ധയൂന്നുക. യു.എസ്.എയിലോ ഗ്രേറ്റ് ബ്രിട്ടനിലോ ആയിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ ഭരണത്തിലാവും ശ്രദ്ധ. ഇന്ത്യയില്‍ ഹിന്ദു ആധിപത്യത്തെപ്പറ്റിയാണ് പ്രാഥമികമായി ഞാന്‍ മുന്നറിയിപ്പു നല്‍കുന്നത്. പ്രാഥമികം എന്നു പറയാന്‍ കാരണം മറ്റ് വര്‍ഗീയതകളെ ഞാന്‍ മറക്കുന്നു എന്ന് അര്‍ത്ഥമില്ലാത്തതുകൊണ്ടാണ്. 'സുഹൃത്തുക്കളുടെ ഓര്‍മയില്‍' എന്ന ഡോക്യുമെന്ററിയില്‍ ഭാഗികമായി ഞാന്‍ സിഖ് തീവ്രവാദത്തെപ്പറ്റിയും 'അച്ഛന്‍, മകന്‍, വിശുദ്ധയുദ്ധം' എന്ന ഡോക്യുമെന്ററിയില്‍ ഹിന്ദു, മുസ്ലിം മൗലികവാദത്തെയും തുറന്നു കാണിക്കുന്നുണ്ട്.
ഹിന്ദുത്വത്തിനെതിരെ തുറന്ന വിമര്‍ശനം നടത്താന്‍ ജന്മം കൊണ്ട് ഞാന്‍ ഹിന്ദുവാണ് എന്ന മറ്റൊരു കാരണം കൂടിയുണ്ട്. അതിനാല്‍ എന്റെ വിമര്‍ശനമെന്നത് 'മറ്റുളളവ'രുടേതിനേക്കാള്‍ കൂടുതല്‍ ഫലഫത്താണ്. സമാനമായി, മുസ്ലിം മര്‍ദക നിയമങ്ങള്‍ക്കെതിരെയുളള മുസ്ലിം വിമര്‍ശനങ്ങളാവും കൂടുതല്‍ ഗൗരവമായി പരിഗണിക്കപ്പെടുക. അതിനാലാണ് ഫലഫത്തായ രീതിയില്‍, പാകിസ്താനിലെ ലിംഗ വിവേചനപരമായ ഹുദൂദ് ഓര്‍ഡിനന്‍സിനെതിരെ മുന്നേറ്റം ഉണ്ടാകുന്നതും ഇന്ത്യയില്‍ കൂടുതല്‍ ഷാ ബാനുമാരും ഷഹനാസ് ഷേക്കുമാരും സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതും.

ഹിന്ദു വര്‍ഗീയതവാദികള്‍ക്ക് താങ്കളോടുളള സമീപനത്തില്‍ ഇപ്പോള്‍ മാറ്റം വന്നോ?

സംഘപരിവാറിന് എന്നും എന്നോട് ഒരേ മനോഭാവമാണുളളത്. അവര്‍ക്ക് ഞാന്‍ എന്നും ശത്രുവാണ്. മുംബൈ സ്‌ഫോടന കേസില്‍ വിചാരണ നടക്കുമ്പോള്‍ ഞങ്ങളെന്തിന് ഇത് ചെയ്തുവെന്നത് മനസിലാക്കാന്‍ ആനന്ദ് പട്‌വര്‍ധന്റെ ഡോക്യുമെന്ററി കണ്ടാല്‍ മതി എന്ന് എന്ന് ഒരു പ്രതി ജഡ്ജിയോടു പറഞ്ഞിരുന്നു. ആര്‍.എസ്.എസിന് ഇത് വലിയ പ്രശ്‌നമായി. അവര്‍ എനിക്കെതിരെ അത് പ്രചരണ വിഷയമാക്കുകവരെ ചെയ്തു.കുടുംബം, വിദ്യാഭ്യാസം, അമേരിക്ക


എന്താണ് താങ്കളുടെ കുടുംബ പശ്ചാത്തലം?

മുംബൈയില്‍ ജാതി, മത പരിഗണനയ്ക്കതീതമായ ബ്രാഹ്മണ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ജാതിയുമായി ബന്ധപ്പെട്ട ഒരു ചടങ്ങും ആചാരവും എനിക്കു മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടില്ല. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുണ്ടായിരുന്ന അച്ഛനും അമ്മയും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു. ഉറച്ച സോഷ്യലിസ്റ്റായ അമ്മാവന്‍ അച്യുത് പട്‌വര്‍ധനും സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ പങ്കെടുത്തിരുന്നു. ബ്രാഹ്മണ്യത്തിന്റെ അടയാളമായ പൂണൂല്‍ ഉപേക്ഷിക്കാന്‍ എന്നെ അവര്‍ അനുവദിക്കുകയും ചെയ്തു. ജന്മം കൊണ്ട് ഞാനൊരു ബ്രാഹ്മണനായിരിക്കാമെങ്കിലും ബ്രാഹ്മണ്യത്തെ ഒരളവിലും ഞാന്‍ സ്വീകരിച്ചിട്ടില്ല. ഡോ. അംബേദ്കര്‍ ഒളിവില്‍ കഴിഞ്ഞ കാലത്ത് അദ്ദേഹത്തിന് വീട്ടില്‍ അഭയം നല്‍കുകവരെ ചെയ്തിട്ടുണ്ട്.


താങ്കളുടെ അമ്മയും ഗാന്ധിജിയും ഒരുമിച്ചു നില്‍ക്കുന്ന പടം ഉളളതായി കേട്ടിട്ടുണ്ട്? എന്താണ് അമ്മയുടെ രാഷ്ട്രീയ-സാമൂഹ്യ പശ്ചാത്തലം?

ടാഗൂര്‍ ആരംഭിച്ച ശാന്തിനികേതനില്‍ അമ്മ ചേര്‍ന്നിരുന്നു. പരമ്പരാഗതമായി ബിസിനസ് സമൂഹത്തിലാണ് ജനിച്ചതെങ്കിലും കലാകാരിയെന്ന നിലയില്‍ ഒരു തരം വിപ്ലവകാരിയായിരുന്നു അവര്‍. എന്റെ അപ്പൂപ്പന്‍ ബിസിനസുകാരനായിരുന്നെങ്കിലും സ്വാതന്ത്ര്യപോരാട്ടത്തെ രഹസ്യമായി പിന്തുണച്ചിരുന്നു. നെഹ്‌റുവിനെയും അരുണാ അസഫ് അലിയെയും പരിചയമുണ്ടായിരുന്നു. വരുമാനത്തിന്റെ കുറച്ചുഭാഗം അദ്ദേഹം സ്വാതന്ത്ര്യ പോരാട്ടത്തിനു നല്‍കിയിരുന്നു. ഇക്കാരണത്താലാണ്, സാമ്പത്തിക ഭദ്രതയില്ലാത്തതും ബ്രിട്ടീഷ് ഭരണത്തിനെതിരെയുളള പോരാട്ടത്തില്‍ പൂര്‍ണമായും മുഴുകിയ സോഷ്യലിസ്റ്റ് കുടുംബാംഗത്തെ അമ്മ വിവാഹം കഴിക്കാന്‍ തയാറയപ്പോള്‍ അപ്പൂപ്പന്‍ എതിര്‍ക്കാതിരുന്നതും.

അമ്മാവന്‍മാരുടെ സ്വാധീനം?

ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്തതിനാല്‍ 20 വര്‍ഷം ജയിലിനകത്തും പുറത്തുമായാണ് അമ്മാവന്‍മാര്‍ കഴിഞ്ഞത്. ഒരാള്‍ ഗാന്ധിയനായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ടിയുടെ സ്ഥാപകരിലൊരാളാണ് മറ്റൊരു അമ്മാവന്‍. എനിക്ക് രണ്ടുപേരെയും ഇഷ്ടമായിരുന്നെങ്കിലും ചെറുപ്പത്തില്‍ ഞാന്‍ സജീവമായി ഒരു രാഷ്ട്രീയത്തിലും പങ്കെടുത്തിരുന്നില്ല. സ്വാതന്ത്ര്യത്തിനുശേഷം എല്ലാ പാര്‍ട്ടികളിലും അഴിമതി വളരുന്നതുകണ്ട് സജീവ രാഷ്ട്രീയ പങ്കാളിത്തം ഇരുവരും പക്ഷേിച്ചിരുന്നു. സോഷ്യലിസ്റ്റായിരുന്ന അമ്മാവന്‍ സ്റ്റാലിനിസത്താല്‍ നിരാശനായി രാഷ്ട്രീയം അവസാനിപ്പിച്ചു. പക്ഷെ അവര്‍ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ സജീവമായി. ഒരാള്‍ കാര്‍ഷിക സംബന്ധമായ ഗ്രാമീണ സര്‍വകലാശാല തുടങ്ങി. വിദ്യാഭ്യാസത്തിന്റെ മേഖലയിലാണ് അവര്‍ കൂടുതലായി പ്രവര്‍ത്തിച്ചത്.


ചെറുപ്പകാലത്തെ സിനിമാ അനുഭവം എന്തായിരുന്നു? സിനിമ കാണാറുണ്ടായിരുന്നില്ലെന്നു കേട്ടിട്ടുണ്ട്?


കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ സിനിമ വെറുത്തിരുന്നു.
അതിന് പിന്നില്‍ രസകരമായ കാര്യമുണ്ട്. ഞാന്‍ പേടിത്തൊണ്ടനായിരുന്നു. അച്ഛനുമമമ്മയും എന്നെ ഒരിക്കല്‍ റോബിന്‍സണ്‍ ക്രൂസോ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്നു. പക്ഷെ ആളുകളൊക്കെ യഥാര്‍ത്ഥത്തില്‍ തിരശീലയില്‍ മരിക്കുകയാണെന്ന് ഞാന്‍ ഭയപ്പെട്ടു. കുറേ കരഞ്ഞു. കുറേക്കാലം പിന്നീട് പേടിച്ച് ഞാന്‍ ഒരു സിനിമയും കാണാതിരുന്നു. പിന്നെ പത്തോ പതിനൊന്നോ വയസുളളപ്പോള്‍ അവരെന്നെ വാള്‍ട്ട് ഡിസ്‌നിയുടെ മനുഷ്യരാരും ഇല്ലാത്ത 'ദ ലിവിംഗ് ഡിസര്‍ട്ട്' കാണിക്കാന്‍ കൊണ്ടുപോയി. പക്ഷെ, അപ്പോള്‍ എലിയെ തിന്നുന്ന പാമ്പുകളോടായി എന്റെ ഭയം.

പിന്നീട് എപ്പോഴാണ് സിനിമ ഇഷ്ടമായത്?

എന്റെ ഡോക്യുമെന്ററി നിര്‍മാണത്തിന്റെ തുടക്കം സിനിമയോടുളള ഇഷ്ടത്തില്‍ നിന്നല്ല ജനിച്ചത്. കാലം ചെന്നപ്പോള്‍ ചലച്ചിത്രത്തില്‍ താല്‍പര്യം കൈവന്നു. എന്നാല്‍ ഇപ്പോഴും എന്റെ ചലച്ചിത്രങ്ങള്‍ കലാപരമായ സങ്കേതിക തലത്തില്‍ മാത്രം നോക്കുന്നത് നീതികരിക്കാനാവില്ല. ഞാനെപ്പോഴും ഡോക്യുമെന്ററി നിര്‍മിക്കുന്നത് ആരെയാണോ ചിത്രീകരിക്കുന്നത് അവര്‍ക്കെന്തെങ്കിലും തിരിച്ചുകൊടുക്കണം എന്ന ഉദ്ദേശത്തോടെയാണ്.


അമേരിക്കയില്‍ താങ്കള്‍ പഠിച്ചിരുന്നു. അക്കാലത്തെ അനുഭവങ്ങള്‍ എങ്ങനെയുളളതാണ്?

1970 ല്‍ ബ്രാന്‍ഡിസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ യുദ്ധവിരുദ്ധ പ്രസ്ഥാനം സജീവമായിരുന്നു. വിയറ്റ്‌നാം യുദ്ധത്തിനെതിരെയുളള വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ സ്ഥലമായിരുന്നു ബ്രാന്‍ഡിസ്. മൂവായിരം വിദ്യാര്‍ത്ഥികളുളള ചെറിയ സര്‍വകലാശാലയാണത്. ഇംഗ്ലീഷ് സാഹിത്യം പഠിക്കാനാണ് ഞാനവിടെ ചേരുന്നത് . ഇന്ത്യയിലേക്ക് മടങ്ങിവന്നിട്ട് പ്രസാധകനാകാം എന്നൊക്കെയായിരുന്നു ചിന്ത. പക്ഷെ പ്രസാധകനാകാമെന്ന് ഉറപ്പിച്ചിട്ടൊന്നുമില്ല. ഇരുപതു വയസില്‍ മുഴുവന്‍ സങ്കല്‍പ ജോലികളിലാളല്ലോ ചെയ്യുന്നത്. സാഹിത്യം ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അത് അക്കാദമിക് തലത്തില്‍ പഠിക്കാന്‍ തുടങ്ങിയതോടെ മടുത്തു. അതിനാല്‍ സോഷ്യോളജിയിലേക്ക് പഠനം മാറ്റി. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കയില്‍ ഇഷ്ടാനുസരണം വിഷയങ്ങള്‍ പഠിക്കാം. ഞാന്‍ നാടകവേദിയെയും കലയെയും പറ്റിയുളള കോഴ്‌സ് പഠിച്ചു. അക്കാലത്ത് ഫിലിം ഉപകരണം മേടിച്ച് ഞാന്‍ ചെറിയ ഒരു ഫിലിം ചിത്രീകരിച്ചു-വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രകടനം. പിന്നീട് ബംഗ്ലാദേശ് അഭയാര്‍ത്ഥികള്‍ക്കായി ബ്രാന്‍ഡിസിലെ വിദ്യാര്‍ത്ഥികള്‍ പണം സമാഹരിക്കുന്നതിനെപ്പറ്റി മറ്റൊരു ചിത്രം ഞാന്‍ നിര്‍മിച്ചു. 1971 ല്‍ ബംഗ്ലാദേശ് നിലവില്‍ വന്നിട്ടില്ലെങ്കിലും അവിടെ പട്ടിണികൊണ്ട് ജനം മരിക്കുന്നുണ്ട്. ഞങ്ങള്‍ പണം സ്വരൂപിച്ചത് ഉപവാസം ഇരുന്നിട്ടാണ്. ആള്‍ക്കാരോട് ഒരു ദിവസം ഉപവസിക്കാനും ആ പണം അഭയാര്‍ത്ഥികള്‍ക്ക് കൊടുക്കാനും ആവശ്യപ്പെട്ടു. ആള്‍ക്കാര്‍ ഉപവസിക്കുന്നുണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കുന്ന തരത്തില്‍ ഞാന്‍ പലരേയും അഭിമുഖം നടത്തി. ആള്‍ക്കാര്‍ പറയും ഞാന്‍ സംഭാവന തരാം പക്ഷെ ഭക്ഷണം കഴിക്കും; ഇന്ന് രസതന്ത്ര പരീക്ഷയുണ്ട്, അല്ലെങ്കില്‍ ബാസ്‌ക്കറ്റ് ബോള്‍ മത്സരം ഉണ്ട് എന്നൊക്കെ. ഞാന്‍ ഈ സംഭാഷണങ്ങള്‍ക്കിടയ്ക്ക് അഭയാര്‍ത്ഥികളുടെ ദൃശ്യങ്ങള്‍ കൂട്ടിചേര്‍ത്തു. അത് പ്രാകൃത രൂപത്തിലായിരുന്നെങ്കിലും രസകരമായിരുന്നു.
സര്‍വകലാശാലയില്‍ പഠിക്കുമ്പോള്‍ കറുത്തവര്‍ഗക്കാരുടെ പ്രശ്‌നമാണോ യുദ്ധവിരുദ്ധ പ്രവര്‍ത്തനമാണോ മുഖ്യം എന്നൊക്കെ ചര്‍ച്ചയുണ്ടായിരുന്നു. സമ്പന്ന വിഭാഗങ്ങള്‍ യുദ്ധവിരുദ്ധ പ്രസ്ഥാനം മതി എന്ന പക്ഷക്കാരായിരുന്നു. യുദ്ധവിരുദ്ധ പ്രസ്ഥാനം സജീവമായി വേണം, എന്നാല്‍ അതിനേക്കാള്‍ കറുത്തവര്‍ഗക്കാരുടെ പോരാട്ടങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. രണ്ടിലും ഞാന്‍ സജീവമായിരുന്നു.
ബ്രാന്‍ഡിസിലെ ബംഗ്ലാദേശ് സഹായത്തെപ്പറ്റി ഫിലിം ചിത്രീകരിച്ച ഉടനെ വിയറ്റ്‌നാം യുദ്ധത്തെ എതിര്‍ത്തതിന് ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വിസ പോയി. വൈകാതെ ഞാന്‍ കാലിഫോര്‍ണിയയില്‍ സീസര്‍ ഷാവേസിന്റെ നേതൃത്വത്തിലുളള, കൂടുതലും മെക്‌സിക്കന്‍ വംശജരായ ഫാം തൊഴിലാളി യൂണിയനില്‍ ചേര്‍ന്നു. പിന്നീട് ഇന്ത്യയിലേക്കു വന്നു.


ഇന്ത്യയില്‍ വന്നശേഷം എന്തു ചെയ്തു?

കുറച്ചുവര്‍ഷം ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചു. ഗ്രാമീണ വികസ-വിദ്യാഭ്യാസ പരിപാടിയായ കിഷോര്‍ ഭാരതിയുടെ ഭാഗമായിട്ടായിരുന്നു പ്രവര്‍ത്തനം. പക്ഷെ കൈയില്‍ ഉണ്ടായിരുന്ന സ്റ്റില്‍ കാമറകൊണ്ട്, അക്കാലത്ത് ഗുരുതരമായിരുന്ന ക്ഷയരോഗത്തെപ്പറ്റി ഫോട്ടോകള്‍ എടുത്ത് ഞങ്ങള്‍ സ്ലെഡ് പ്രദര്‍ശനം സംഘടിപ്പിച്ചു. ജനങ്ങളെ ബോധവല്‍ക്കരിക്കാനും ആശുപത്രികളില്‍ വന്ന് പ്രാഥമിക ചികില്‍സ നേടാന്‍ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം.

പക്ഷെ ഡോക്യുമെന്ററി ഗൗരവമായി കാണാന്‍ തുടങ്ങിയത് എപ്പോഴാണ്?

1974 വരെ ഞാന്‍ കാമറകൊണ്ട് വലുതായൊന്നും ചെയ്തിരുന്നില്ല. ഞാന്‍ അക്കാലത്ത് ബീഹാറില്‍ പോകുകയും അഴിമതിക്കെതിരെ നടന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തില്‍ പങ്കാളിയാവുകയും ചെയ്തു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിന്‍ കീഴിലാണ് സമരങ്ങള്‍ നടക്കുന്നത്. വലിയൊരു പ്രകടനം സംഘടിപ്പിച്ച സമയത്ത് അവരെന്നോട് അതിന്റെ ചിത്രങ്ങളെടുക്കാന്‍ ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ഉണ്ടാകും. തെളിവിനുവേണ്ടിയാണ് ചിത്രമെടുക്കാന്‍ പറഞ്ഞത്. കാമറകൊണ്ട് പടമെടുക്കുന്നതിനേക്കാള്‍ നല്ലത് ദൃശ്യ ചിത്രീകരണമാണെന്ന് തോന്നി.
ഞാന്‍ ഡല്‍ഹിയില്‍ പോയി സുഹൃത്തായ രാജീവ് ജെയിന്റെ കൈയില്‍ നിന്ന് സൂപ്പര്‍ 8 കാമറ മേടിച്ച് അദ്ദേഹത്തെയും കൂട്ടി മടങ്ങി വന്ന് പ്രകടനം ചിത്രീകരിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ സൂപ്പര്‍ എട്ട് കാമറയില്‍ പോരാ കുറച്ചു കൂടി നല്ല രീതിയില്‍ ആവണമെന്ന് ചിന്ത വന്നു. ആ സമയത്ത് പ്രദീപ് കൃഷന്‍ എന്ന സുഹൃത്ത് പഴയ 16 എം.എം. കാമറയുമായി ബീഹാറില്‍ എത്തിയിരുന്നു. സൂപ്പര്‍ എട്ട് കാമറയില്‍ ചിത്രീകരിച്ചത് ഞങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ച് 16 എം.എം. കാമറ വച്ച് വീണ്ടും ചിത്രീകരിച്ചു. അതാണ് 'വിപ്ലവത്തിന്റെ അലകളുടെ' (വേവസ് ഓഫ് റെവല്യൂഷന്‍) തുടക്കം. അപ്പോഴേക്കും അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുകയും ഞങ്ങള്‍ ചിത്രീകരിച്ച ആള്‍ക്കാര്‍ പലരും ജയിലിലാവുകയും ചെയ്തു. പ്രസ്ഥാനം അടിച്ചമര്‍ത്തപ്പെട്ടു. കാനഡയില്‍ ആ സമയത്ത് മാസ്റ്റര്‍ ബിരുദത്തിനു ചേരാന്‍ തീരുമാനിച്ചിരുന്നില്ലെങ്കില്‍ ഞാനും ജയിലിലായേനെ. ചിത്രീകരിച്ച സംഭവങ്ങള്‍ പല ഭാഗങ്ങളാക്കി ഞാന്‍ കാനഡിയിലേക്ക് കടത്തി. പിന്നീട് അവിടെ വച്ച് കൂട്ടിയോജിപ്പിച്ച് ഇന്ത്യയില്‍ നടക്കുന്ന അടിയന്തരാവസ്ഥയെപ്പറ്റി കാണിക്കാന്‍ തുടങ്ങി. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നിര്‍മിക്കുന്ന 'മനസാക്ഷിയുടെ തടവുകാരി'ലൂടെയാണ് ഞാന്‍ വീണ്ടും സജീവമാകുന്നത് .സമൂഹം, ഭരണകൂടം, കോടതി


സത്യജിത് റേ താങ്കള്‍ക്ക് വേണ്ടി സംസാരിച്ചതായി കേട്ടിട്ടുണ്ട്? നേരത്തെ അദ്ദേഹവുമായി പരിചയമുണ്ടായിരുന്നോ?

സത്യജിത് റേയുടെ 'പഥേര്‍ പാഞ്ചാലി' കാണുന്നത് ഇരുപതു വയസായതിനൊക്കെ ശേഷമാണ്. 'മനസാക്ഷിയുടെ തടവുകാര്‍' എന്ന എന്റെ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് റേയുമായുളള ബന്ധം തുടങ്ങുന്നത്. അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാന്‍ കൂട്ടാക്കാത്ത വളരെ ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് റേ. മറ്റ് പ്രശസ്തരായ പല സംവിധായകരും എതിര്‍ക്കാന്‍ ഭയപ്പെട്ട് അടിയന്തരവാസ്ഥക്കൊപ്പം സഞ്ചരിച്ചു. അവരുടെ പേരൊന്നും പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ചിലര്‍ സര്‍ക്കാരിന് വേണ്ടി പ്രചരണ സ്വഭാവമുളള സിനിമകള്‍ നിര്‍മിക്കുക വരെ ചെയ്തു. റേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. 'മനസാക്ഷിയുടെ തടവുകാര്‍' അടിയന്തരവാസ്ഥാകാലത്തെ രാഷ്ട്രീയത്തടവുകാരെക്കുറിച്ചുളളതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷവും, ഡോക്യുമെന്ററിയില്‍ തടവറയിലെ മാവോയിസ്റ്റുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു എന്ന കാരണം പറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂട്ടാക്കിയില്ല. സെന്‍സര്‍ ബോര്‍ഡിനെക്കൊണ്ട് അനുമതി നല്‍കിക്കാനായി ഞങ്ങള്‍ പ്രചരണം നടത്തിയിരുന്നു. റേ എനിക്കുവേണ്ടി സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതുകയും തുടര്‍ന്ന് അനുമതി ലഭിക്കുകയും ചെയ്തു. അദ്ദേഹം ഈ ഡോക്യുമെന്ററി കാണുകയും എനിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഞാന്‍ റേയെ കാണുന്നത് . അദ്ദേഹം യഥാര്‍ത്ഥ ലിബറലായിരുന്നു; അതിന്റെ എല്ലാ നല്ല അര്‍ത്ഥത്തിലും.


പലപ്പോഴും താങ്കളുടെ ഡോക്യുമെന്ററികള്‍ സെന്‍സര്‍ ചെയ്യാനുളള ശ്രമം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അമേരിക്കന്‍ മ്യൂസിയം ഫോര്‍ നാച്ചറല്‍ ഹിസ്റ്ററിയില്‍ പ്രദര്‍ശിപ്പിക്കുന്നതുള്‍പ്പടെ പലപ്പോഴും പ്രദര്‍ശനം തടയാന്‍ ഹിന്ദു വര്‍ഗീയ കക്ഷികള്‍ ശ്രമിച്ചിട്ടുണ്ട്. ആരാണ് നിങ്ങള്‍ക്കൊപ്പം ഈ സമയങ്ങളില്‍ നിന്നത്?

ഭരണകൂടം സെന്‍സര്‍ഷിപ്പ് നടത്താന്‍ ശ്രമിച്ചപ്പോഴൊക്കെ 'അഭിപ്രായ സ്വാതന്ത്ര്യം' ഉറപ്പുനല്‍കുന്ന ഭരണഘടനയും പി.എ. സെബാസ്റ്റിയന്‍, നിത്യാ രാമകൃഷ്ണനെപ്പോലുളള സമര്‍പ്പിതരായ പൗരാവകാശ അഭിഭാഷകരുമാണ് വിജയകരമായി അതിനെ തോല്‍പ്പിക്കാന്‍ എനിക്കൊപ്പമുണ്ടായത്. ഇന്നേവരെ പലതരത്തിലുളള നിരോധനമൊക്കെ വന്നെങ്കിലും ചിത്രീകരിക്കപ്പെട്ട ഒറ്റഷോട്ടു പോലും എനിക്ക് മുറിച്ചു നീക്കേണ്ടി വന്നിട്ടില്ല. ഔദ്യോഗികമായ റിലീസിംഗ് വൈകിയിട്ടുണ്ടാവാം. മാധ്യമ പിന്തുണയും പൊതുജന സമ്മര്‍ദവും സെന്‍സറിംഗിനെ അതിജീവിക്കാന്‍ കാരണമായിട്ടുണ്ട്. എതിരാളികള്‍ മത വര്‍ഗീയവാദികളായപ്പോഴൊക്കെ എല്ലാ തരത്തിലുളള മതേതരവിശ്വാസികളും ജാതി, മത സമൂഹങ്ങളിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുമായിരുന്നു സഖ്യശക്തികള്‍. ഞങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിക്കാനുളള മതമൗലിക വാദികളുടെ ശ്രമങ്ങളില്‍ വളരെക്കുറച്ചു മാത്രമേ വിജയിച്ചിട്ടുളളൂ. കേരളത്തിലെ ഒരു ജില്ലയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ ഭീഷണിയെ തുടര്‍ന്ന് 'രാം കെ നാം' നിരോധിച്ചിരുന്നു. പക്ഷെ കേരളത്തിലെ മതേതര വിശ്വാസികളായ ജനങ്ങള്‍ തെരുവില്‍ പ്രതിഷേധമൊക്കെ നടത്തി ഒരു മാസത്തിനുളളില്‍ നിരോധനം പിന്‍വലിപ്പിച്ചു. അമേരിക്കയിലുള്‍പ്പടെ മതേതരരും ജനാധിപത്യവിശ്വാസികളുംവിശാലമായ ഇടതുപക്ഷവും ഒപ്പം നിന്നിട്ടുണ്ട്.


അധികാരികളില്‍ നിന്ന് നിങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. എങ്ങനെയാണ് കാഴ്ചക്കാരില്‍ ഡോക്യുമെന്ററി എത്തിക്കാന്‍ നിങ്ങള്‍ക്കാവുന്നത്?

ആക്റ്റിവിസവുമായുളള ബന്ധമാണ് അതിനു സഹായിക്കുന്നത്. ചിത്രീകരണത്തിനിടയില്‍ ഞാന്‍ ബന്ധപ്പെടുന്ന മുന്നേറ്റങ്ങളിലെ ആള്‍ക്കാരാണ് സ്വാഭാവികമായും അതിന്റെ ആവശ്യക്കാര്‍. ഈ വൃത്തത്തിനു പുറത്ത് ഫിലിം സൊസൈറ്റികളിലൂടെയും ഇന്ത്യയിലും വിദേശത്തും നടക്കുന്ന ചലച്ചിത്രോത്സവങ്ങളിലൂടെയും ഫിലിം ജനങ്ങളിലേക്ക് എത്തിക്കാനാവുന്നു. എന്നാലും എന്റെ ഭൂരിപക്ഷം ഡോക്യുമെന്ററികളും കുറഞ്ഞ അളവിലേ ഉപയോഗിക്കപ്പെട്ടിട്ടുളളൂ എന്നാണ് കരുതുന്നത്. ജനങ്ങളിലേക്ക് എത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇന്ത്യന്‍ രാഷ്ട്രീയ സമൂര്‍ത്തതയില്‍ അവയ്ക്ക് വലിയ സംഭാവന ചെയ്യാന്‍ കഴിയാതിരുന്നത്. അതിനാല്‍ ഞാന്‍ എപ്പോഴും ദൂരദര്‍ശന്റെ ദേശീയ ശൃംഖലയില്‍ പ്രക്ഷേപണം ചെയ്യാനാണ് പോരാടിയിട്ടുളളത്. ഡോക്യുമെന്ററികള്‍ക്ക് ദേശീയ അവാര്‍ഡ് കിട്ടുമ്പോള്‍ ഞാനവ സംപ്രേഷണം ചെയ്യാനായി സമര്‍പ്പിക്കും. ദൂരദര്‍ശന്‍ അത് വിസമ്മതിക്കുമ്പോള്‍ കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിക്കും. മൂന്നിലധികം ഡോക്യുമെന്ററികള്‍ അങ്ങനെ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. ദേശീയ അവാര്‍ഡ് മേടിച്ച ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുന്നത് വിസമ്മതിക്കാന്‍ ദൂരദര്‍ശന് കഴിയില്ല.


നിങ്ങള്‍ പല നിയമ പോരാട്ടങ്ങളിലും വിജയിച്ചിട്ടുണ്ട്. ജനങ്ങളുടെ താല്‍പര്യത്തിനെതിരെ നിരവധി വിധി പ്രസ്താവങ്ങള്‍ നടത്തി ജുഡീഷ്യല്‍ സംവിധാനം അനീതി നിറഞ്ഞതാണെന്ന് തെളിയിച്ചിട്ടുണ്ട്. കോടതിയേക്കാള്‍ ജനകീയ മാര്‍ഗങ്ങളെയാണ് ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് ഉപയോഗിക്കേണ്ടത് എന്ന വാദത്തോട് എങ്ങനെ പ്രതികരിക്കും?

കോടതിയില്‍ പോകണമോ വേണ്ടയോ എന്നൊക്കെയുളള സൈദ്ധാന്തിക വാദങ്ങള്‍ ഭോഷത്തമാണ്. സാധ്യമായ എല്ലാ മാര്‍ഗവും ഉപയോഗിച്ചു പോരാടണം. ചില സാഹചര്യങ്ങളില്‍ ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആളെണ്ണത്തിന്റെ ശക്തിയില്‍ മാറ്റം കൊണ്ടുവരാം. അല്ലാത്ത സാഹചര്യത്തില്‍ നിയമ മാറ്റമാണ് ഗുണകരമാവുന്നത്. കോടതി ജനാധിപത്യ സംവിധാനത്തിന് ഒരര്‍ത്ഥത്തില്‍ സംരക്ഷണം നല്‍കുന്നുണ്ട്. ജുഡീഷ്യല്‍ സംവിധാനം അപ്രമാദിത്വത്തില്‍ നിന്ന് വളരെ അകലെയാണന്നത് വാസ്തവമാണ്. ഭരണഘടന അനുവദിക്കുന്ന ചില വകുപ്പുകളുടെ സഹായത്തോടെ ചില കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ ജുഡീഷ്യല്‍ സംവിധാനം ഉപയോഗിക്കുന്നതിലൂടെ കഴിയും. സെന്‍സര്‍ഷിപ്പില്‍ നിന്ന് രക്ഷപെടാനും ജനങ്ങളിലേക്ക് ഡോക്യുമെന്ററി എത്തിക്കാനും പലപ്പോഴും എനിക്ക് കഴിഞ്ഞത് കോടതിയുടെ ഇടപെടലിലൂടെയാണ്. മറിച്ച് കോടതി നമ്മുടെ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുന്നില്ലെങ്കില്‍ ആവശ്യമായ മറ്റ് മാര്‍ഗങ്ങളിലൂടെ ഞാന്‍ തീര്‍ച്ചയായും അവ പ്രദര്‍ശിപ്പിക്കും.


അടിയന്തരാവസ്ഥ കാലത്തിലൂടെയാണ് താങ്കള്‍ കടന്നുവന്നത്. അതിനാല്‍ തന്നെ ജനാധിപത്യവുമായി ജനതയുടെ ഏറ്റുമുട്ടലുകളെപ്പറ്റി ധാരണയുണ്ടാകും. ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യം കപടമാണെന്ന് മാവോയിസ്റ്റുകള്‍ ഉള്‍പ്പടെയുളള പലരും ആക്ഷേപിക്കുന്നുണ്ട്. എന്തുപറയുന്നു?


നമ്മളെപ്പോലുളളവര്‍ വ്യക്തിപരമായി ആസ്വദിക്കുന്ന ജനാധിപത്യാവകാശങ്ങള്‍ ഒരിക്കലും പാവപ്പെട്ട തൊഴിലാളിവര്‍ഗത്തിനു ലഭിക്കുന്നില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എന്നിരുന്നാലും എന്നെപ്പോലുളള മധ്യവര്‍ഗം ആസ്വദിക്കുന്ന പരിമിതമായ അവകാശങ്ങള്‍ വിലപെട്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണ്. മാവോയിസ്റ്റ് വിപ്ലവങ്ങള്‍ വിജയിച്ചിടത്ത് ഏതെങ്കിലും വര്‍ഗത്തിലെ വിമതരുടെ അവകാശങ്ങളെ ആദരിച്ചതായി അറിവില്ല. കംബോഡിയയിലേതാണ് ഏറ്റവും മോശമായ ഉദാഹരണം. ചൈനയും സമാനം. നേപ്പാളില്‍ ഇപ്പോഴും അത് അധികാരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നതേയുളളൂ. അതിനാല്‍ ചിത്രം കൂടുതല്‍ തെളിയുന്നതുവരെ വിധി പ്രസ്താവം മാറ്റിവയ്ക്കാം. എന്തായാലും അവിടെ പുരോഗമനപരമായ ജനാധിപത്യ പരിഹാരത്തിന് യഥാര്‍ത്ഥമായ പ്രതീക്ഷകള്‍ നിലനില്‍ക്കുന്നുണ്ട്.


രാഷ്ട്രീയം, മനുഷ്യാവകാശം, വിമോചനംഎന്താണ് നിങ്ങളുടെ രാഷ്ട്രീയം? ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ പാത തൃപ്തികരമാണോ?


1974 ല്‍ ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനത്തില്‍ ഞാന്‍ ചേരുന്നത് അക്കാലത്തെ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണത്തിനെതിരെയുളള ജനാധിപത്യപരമായ മുന്നേറ്റം എന്ന നിലയ്ക്കാണ്. തുടക്കത്തില്‍ നിരവധി സോഷ്യലിസ്റ്റുകളും ഇടതുപക്ഷക്കാരും പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ജെ.പി. ആശയക്കുഴപ്പത്തില്‍ അകപ്പെടുകയും വലതുപക്ഷക്കാരായ ആര്‍.എസ്.എസ്. തുടങ്ങിയവരെ കടന്നുവരാന്‍ അനുവദിക്കുകയും ചെയ്തു. ജെ.പി.ഒരു മാര്‍ക്‌സിസ്റ്റും വര്‍ഗീതയുടെ കടുത്ത വിമര്‍ശകനും ആയിരുന്നു. 60 കളിലെ ബീഹാര്‍ ക്ഷാമകാലത്ത് സമര്‍പ്പിതരായ ആര്‍.എസ്.എസുകാര്‍ നടത്തിയ ദുരിതാശ്വാസ നടപടികള്‍ കാണാന്‍ ഇടവന്ന ജെ.പിക്ക്.അവരില്‍ മതിപ്പ് തോന്നി. 1974 ല്‍ ആര്‍.എസ്.സ്. വിഷയത്തെചൊല്ലി ഞാന്‍ അദ്ദേഹത്തോട് വാദിച്ചിരുന്നു. ജെ.പി. പറഞ്ഞത് ആര്‍.എസ്.എസിന്റെ വര്‍ഗീയസ്വഭാവം പരിവര്‍ത്തനപ്പെടുത്താന്‍ കഴിയുന്നമെന്നാണ്. തീര്‍ച്ചയായും, ചരിത്രം ജെ.പി. തെറ്റാണെന്ന് തെളിയിച്ചു. ആര്‍.എസ്.എസ്. ജെ.പിയെ ഉപയോഗിക്കുകയും അദ്ദേഹത്തോടുളള ബന്ധത്തിലൂടെ മാന്യത നേടിയെടുക്കുകയും ചെയ്തു. അവര്‍ കരുത്താര്‍ജിക്കുകയും അങ്ങനെ 90 കളില്‍, മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ആശയശാസ്ത്രം ഇന്ത്യ ഭരിക്കാന്‍ അവസരം നല്‍കുകയും ചെയ്തു.

നിങ്ങള്‍ ഗാന്ധിയെപ്പറ്റി കൂടുതല്‍ പറയുന്നുണ്ട്. പക്ഷെ ഗാന്ധിക്കും സോഷ്യലിസ്റ്റുകള്‍ക്കും വ്യത്യസ്തമായ വര്‍ഗ സ്വഭാവമാണുളളത്.


ഞാന്‍ ഗാന്ധിസത്തില്‍ വിശ്വസിക്കുന്നുണ്ട്. ഗാന്ധിയന്‍ സമര രീതികളോട് എനിക്ക് താല്‍പര്യം. ഗാന്ധിയും സോഷ്യലിസ്റ്റുകള്‍/ കമ്യൂണിസ്റ്റുകള്‍ക്കും വ്യത്യസ്ത വര്‍ഗ, ജാതി സ്വഭാവമാണല്ലോ എന്നതാണ് ചോദ്യമെങ്കില്‍ ഈ പ്രസ്ഥാനങ്ങളുടെയെല്ലാം നേതൃത്വം ഉന്നത ജാതിയില്‍പ്പെട്ടവര്‍ക്കാണെന്നു കാണാം. പൊതുവില്‍ ഇടതുപക്ഷത്തുളള എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഇടത്തരം മുതല്‍ ഉന്നത വര്‍ഗ പശ്ചാത്തലുമുളളവരാണ്. ഗാന്ധിജിയും വ്യത്യസ്തനല്ല. നിങ്ങള്‍ ഉദ്ദേശിച്ചത് ഗാന്ധിയുടെയുടെ രാഷ്ട്രീയം ഇടതു ചിന്തയോട് ഒത്തുപോവുന്ന ഒന്നാണോ എന്നതാണെങ്കില്‍ ഉത്തരം അതെ എന്നാണ്. ഗാന്ധിയുടെ ഏതുഭാഗമാണ് നിങ്ങള്‍ സ്വീകരിക്കുന്നത് ഏത് ഭാഗമാണ് തളളുന്നത് എന്നനുസരിച്ചിരിക്കും അത്. ഗാന്ധിയുടെയും ഇടതുപക്ഷത്തിന്റെയും നയങ്ങള്‍ ഒരുമിച്ച് കൊണ്ടുപോവുകയാണെങ്കില്‍ വിമോചനത്തിന്റെ പുതിയ രാഷ്ട്രീയം ഉണ്ടാവാനിടയുണ്ട്.


ബൗദ്ധിക ബ്രാഹ്മണ്യത്തെപ്പറി താങ്കള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയെ മൊത്തത്തില്‍ ബൗദ്ധിക ബ്രാഹ്മണ്യം ആധിപത്യം ചെലുത്തുന്നുണ്ടോ?

അതെല്ലായിടത്തുമുണ്ട്. സവര്‍ണ്ണ ജാതിക്കാരാണ് അത് നടപ്പാക്കുന്നതെന്ന് കരുതേണ്ടതില്ല. പലരൂപത്തില്‍, ഭാവത്തില്‍ ബൗദ്ധിക ബ്രാഹ്മണ്യം ഒപ്പമുണ്ട്. മനുഷ്യനെ ജാതിയുടെ അടിസ്ഥാനത്തില്‍ വലുതും ചെറുതുമായി പരിഗണിക്കുന്നതാണ് അതിന്റെ ഒരു രൂപം. ഒരാള്‍ കൊട്ടിഘോഷിക്കുന്ന വികസന മാതൃക അംഗീകരിക്കുമ്പോള്‍ ഇതിന്റെ ഭാഗമായിത്തീരുന്നുണ്ട്. ശാസ്ത്ര നേട്ടമായി അണുവായുധത്തെയും, കാര്‍ഷിക വികസനമായി കീടനാശിനി/വളം/ കൃത്രിമവിത്തുകള്‍ എന്നിവയെയും ഓഹരി വിപണിയെ സാമ്പത്തിക വളര്‍ച്ചയുടെ അളവുകോലായും കാണുന്നതൊക്കെ ഇതിന്റെ മറ്റ് രൂപങ്ങളാണ്. കലയുടെയും സിനിമയുടെയും കാര്യത്തില്‍ ഇത് വ്യക്തമാകുന്നത് കൂടുതലായി 'കലാമേന്‍മ'യില്‍ ഊന്നുകയും എന്നാല്‍ ജനങ്ങളുടെ പ്രശ്‌നം പറയുന്നത് മോശമായി കാണുമ്പോഴാണ്. കലയും രാഷ്ട്രീയവും ഒരിക്കലും വേര്‍തിരിക്കാനാവില്ല എന്നിരിക്കെയാണ് ഈ വാദം.


നര്‍മദപോലുളള പരിസ്ഥിതി സമരങ്ങള്‍, ദളിതുകളുടെയും ആദിവാസികളുടെയും പോരാട്ടങ്ങള്‍, മദ്ധ്യഇന്ത്യയില്‍ നക്‌സലൈറ്റുകളുടെ ജനകീയ യുദ്ധം, മണിപ്പൂരി, നാഗകളുടെ ദേശീയ വിമോചനം എന്നിങ്ങനെയുളള വിവിധ തലത്തില്‍ ഇന്ത്യ മൊത്തം മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. പുതിയൊരിന്ത്യ ഭ്രൂണാവസ്ഥയിലാണ് അല്ലെങ്കില്‍ ഇവയെയെല്ലാം ഒന്നിപ്പിക്കുന്ന പുതിയ മുന്നേറ്റം ആവശ്യമാണ് എന്നു കരുതുന്നുണ്ടോ?


ഞാന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എത്രമാത്രം ലോകത്തില്‍ പ്രാധാന്യമുണ്ടെന്ന് അറിഞ്ഞുകൂടാ. ഞാന്‍ ഉറക്കെ ചിന്തിക്കുന്നത് എന്റേതായ വ്യക്തതയോടെയാണ്. വ്യക്തിപരമായി പറഞ്ഞാല്‍ വൈകാരികമായും ബൗദ്ധികമായും അക്രമരഹിത മുന്നേറ്റങ്ങളോടാണ് ഞാന്‍ ഐക്യപ്പെട്ടിരിക്കുന്നത്. പക്ഷെ സായുധ പോരാട്ടത്തിലേക്ക് ആള്‍ക്കാര്‍ തിരിയുന്നുതിന്റെ കാരണം എനിക്കറിയില്ല എന്ന് അര്‍ത്ഥമില്ല. നമ്മുടെ ഭൂമിശാസ്ത്രത്തിനുളളിലെ മോശം സാഹചര്യങ്ങളും ജനങ്ങളുടെ ന്യായമായ അവകാശങ്ങളോട് ഭരണകൂടത്തിനുളള പ്രതികരണമില്ലായ്മയുമാണ് അക്രമത്തിനു മുഖ്യ കാരണങ്ങള്‍. പക്ഷെ അക്രമം അതെത്രമാത്രം മാനസികമായി സ്വീകരിക്കപ്പെട്ടാലും നമ്മളെയെല്ലാം മനുഷ്യത്വരഹിതരാക്കുന്നുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് ബുദ്ധിയുളള ആള്‍ക്കാരുടെ ചിന്തകളെപ്പോലും തെറ്റിധരിക്കാന്‍ ഇടയാകുന്നുണ്ട്. ഉദാഹരണത്തിന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍, അരുന്ധതി റോയി നിലവിലുളള എല്ലാ അക്രമരഹിത മുന്നേറ്റങ്ങളെയും നിസാരവല്‍ക്കരിച്ചു സംസാരിക്കുകയും മോഹന്‍ദാസ് ഗാന്ധിയെ ' ചിലപ്പോള്‍ നമ്മളുടെ ആദ്യ എന്‍.ജി.ഒ' എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. ശാരീരികമായി പങ്കെടുക്കുന്നില്ലെങ്കിലും, സാധുധ പോരാട്ടത്തിനൊപ്പം സ്വയം കാണുമ്പോള്‍ നിങ്ങള്‍ സ്വന്തം ചിന്തയില്‍ ആധികാരികനാവുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളോട് വിയോജിക്കുന്നവരെ 'പ്രതി വിപ്ലവകാരി'യെന്ന് എഴുതിതളളാനും അങ്ങനെ അയാള്‍ ആശയശാസ്ത്ര ശിരശ്‌ഛേദത്തിന് അര്‍ഹനാണെന്നും വിധിക്കാനാവും.
ചെഗുവേര, ഭഗത് സിംഗ് തുടങ്ങിയവരുടെ ധീരതയേയും സമര്‍പ്പണത്തേയും കാല്‍പനികതയേയും ഞാന്‍ ആദരിക്കുന്നില്ല എന്നല്ല അര്‍ത്ഥം. ഗാന്ധി, അംബേദ്കര്‍, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്, സല്‍വോദാര്‍ അലന്‍ഡേ, ശങ്കര്‍ ഗുഹാ നിയോഗി തുടങ്ങിയവര്‍ തെരഞ്ഞെടുത്ത പാതയ്ക്കാണ് സ്പഷ്ടമായും ഞാന്‍ മുന്‍ഗണന നല്‍കുന്നത്. പറയുന്നത് ചെയ്യാന്‍ എനിക്കാവണം. പിന്തുണയ്ക്കുന്ന ആളെന്ന നിലയില്‍ കഴിയാനോ സായുധ സമരത്തില്‍ പങ്കെടുത്ത് രഹസ്യ ജീവിതം നയിക്കാനോ തയ്യാറല്ലാതെ, മറ്റ് ഗുണങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എനിക്ക് തൊഴിലാളിവര്‍ഗ സഖാക്കളോട് നമ്മുടെ നന്മക്കായി സംഭാവന ചെയ്യുന്നതിന് ആവശ്യപ്പെടാന്‍ ആവില്ല. അതിനാല്‍ ഞാന്‍ അക്രമത്തിന് കാരണക്കാരെന്ന് ആരോപിക്കപ്പെടുന്ന ജനങ്ങളുടെ പൗരാവകാശത്തിനുവേണ്ടിയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, പീഡനം, അന്യായമായ തടങ്കല്‍ എന്നീ രീതികള്‍ നടപ്പാക്കുന്ന ഭരണകൂടത്തിനെതിരെയുളള പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നു. സത്യത്തില്‍ സായുധ സമരമെന്ന ആശയശാസ്ത്രത്തെ അതിന്റെ കാര്യങ്ങള്‍ എത്ര ന്യായമായാലും എനിക്ക് പിന്തുണയ്ക്കാനാവില്ല.
ദേശീയ പ്രസ്ഥാനങ്ങളെപ്പറ്റിയാണെങ്കില്‍ മൊത്തത്തില്‍ ഒരു കൂടയിലിട്ടു പരിശോധിക്കുന്നതിനേക്കാള്‍ ഓരോന്നോരോന്നായി വിശകലനം ചെയ്യണം. സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയും സാംസ്‌കാരികമായി അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്ന ഗ്രൂപ്പിനെപ്പറ്റിയാണോ ചോദിച്ചത്? എവിടെയൊക്കെ ഇത്തരം അടിച്ചമര്‍ത്തലുണ്ടോ അവിടെയൊക്കെ ജനം പൊതുതലം അന്വേഷിക്കും. വര്‍ണം, സംസ്‌കാരം, ഭാഷ അല്ലെങ്കില്‍ മതം ഏതെങ്കിലും തലമായി സ്വീകരിക്കുന്നതോടെ അത് ശക്തമാവുകയും ചെയ്യും. പക്ഷെ തൊട്ടുമുമ്പിലുളള മര്‍ദകരെ/മര്‍ദകനെ പരാജയപ്പെടുത്തുമ്പോള്‍ വിശാലമായ മുന്നേറ്റത്തിലുളള ആധിപത്യ സംഘം അതിന്റെ ന്യൂനപക്ഷത്തിനെതിരെയുളള മര്‍ദകരായി മാറും. എല്ലാ ദേശീയതകളിലും ഉപദേശീയതകളുണ്ട്. അപ്പോള്‍ നമുക്കെത്രമാത്രം പോകാനാകും? ആശയപരമായി നമ്മള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് എല്ലാവര്‍ക്കും തങ്ങളുടെ രാജ്യം തെരഞ്ഞെടുക്കാനും ന്യൂനപക്ഷത്തെ പൂര്‍ണമായി സംരക്ഷിക്കുന്നുണ്ടെങ്കില്‍ സ്വന്തമായി രാജ്യം സൃഷ്ടിക്കാനുളള അവകാശവും അതിനായി വിമോചന മുന്നേറ്റം നടത്താനും വേറിട്ടുപോകാനുളള അവകാശവും ഒക്കെ അനുവദിച്ചു നല്‍കേണ്ടതുണ്ട്.
പുതിയ അതിര്‍ത്തികള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ അതിര്‍ത്തികള്‍ ഇല്ലാതാക്കുന്ന ആശയത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. പാവപ്പെട്ട ബംഗ്ലാദേശികള്‍ അസമിലേക്ക് വന്നാല്‍ അസമീസ് സംസ്‌കാരത്തിന്റെ പേരില്‍ അവരെ ഭീഷണിപ്പെടുത്തുകയും ദേശീയ പ്രശ്‌നം ഉടലെടുക്കുയും ചെയ്യുന്നു. അവരും ഭൂമിയുടെ അവകാശികളായ മനുഷ്യരാണെന്നും ദുരന്തങ്ങളും മറ്റ് കാരണങ്ങളാലും നിര്‍ബന്ധിക്കപ്പെടുമ്പോള്‍ കൂട്ടമായി പലായനം ചെയ്യേണ്ടി വരുന്നതാണെന്നും നമ്മള്‍ മറക്കുന്നു.
മര്‍ദിതര്‍ ശക്തമായ ചെറുത്തുനില്‍പ്പ് സംഘം ചിട്ടപ്പെടുത്തുന്നതിന് താല്‍ക്കാലികമായി ദേശീയ പ്രശ്‌നത്തെ ഉപയോഗിക്കുന്നിടത്തോളം ദേശീയത എന്നാശയത്തോട് ഞാന്‍ ഐക്യപ്പെടുന്നുണ്ട്. അതിനാല്‍ ഞാന്‍ കറുത്തവര്‍ഗ ദേശീയത, ദളിത് ദേശീയത, ആദിവാസി ദേശീയത എന്ന ആശയങ്ങളോടൊക്കെ അനുകൂലവുമാണ്. പക്ഷെ ഈ ദേശീയത എന്ന ആശയം മറ്റൊരു മര്‍ദന സംവിധാനത്തെ സൃഷ്ടിച്ചുകൂടാ. യൂറോപ്പിലെ ജൂതര്‍ രണ്ടാം ലോകയുദ്ധകാലത്ത് സെമിറ്റിസത്തിനെതിരെയും നരഹത്യയ്ക്കുമെതിരെ പോരാടിയതില്‍ അര്‍ത്ഥമുണ്ട്. പക്ഷെ ഇന്ന് തങ്ങളുടെ ദേശീയതയ്ക്കുവേണ്ടി ഫലസ്തീനികളെ കൊളളയടിക്കുന്ന ജൂതരാഷ്ട്രത്തെ നമുക്ക് പിന്തുണയ്ക്കാനാവുമോ? അമേരിക്കയ്‌ക്കെതിരെ ഇസ്ലാം എന്നതിനു കീഴില്‍ പോരാടാന്‍ പറയുന്നതില്‍ ഇറാഖിലെ മുസ്ലിംങ്ങള്‍ക്ക് ന്യായമുണ്ട്. പക്ഷെ അടിസ്ഥാന ജനാധിപത്യഅവകാശത്തെയും നടപടികളെയും ഇല്ലാതാക്കുന്ന മത നിയമത്തിനു കീഴില്‍ പാന്‍ ഇസ്ലാമിക് ഭരണകൂടം സ്ഥാപിക്കുന്ന ആശയത്തെ നമുക്കെങ്ങനെ പിന്തുണയ്ക്കാനാവും?


നമ്മള്‍ സംസാരിക്കുന്ന ഈ സമയത്ത് മേധാ പട്ക്കര്‍ ജയിലിലാണ്. ഡോക്യുമെന്റിയിലൂടെ നര്‍മദാ സമരത്തെ താങ്കള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്തു പറയുന്നു? മേധയുമായി അടുത്ത ബന്ധം താങ്കള്‍ പുലര്‍ത്തുന്നുണ്ട്?


മേധാ പട്ക്കര്‍ ഏതാണ്ടെല്ലാ സമയത്തും ജയിലിനകത്തും പുറത്തുമായാണ് കഴിഞ്ഞിട്ടുളളത്. ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതിനും ഇത് അച്ചടിച്ചു വരുന്നതിനുമിടയില്‍ എത്രതവണ മേധയും സഹപ്രവര്‍ത്തകരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവും എന്നെനിക്കറിയില്ല. 1995 ലാണ് 'എ നര്‍മദാ ഡയറി' പൂര്‍ത്തിയാക്കുന്നത്. അതിനുശേഷം നര്‍മദാ ബച്ചാവോ ആന്ദോളന്‍ പോലുളള സമരങ്ങളോട് ഇന്ത്യന്‍ ഉന്നത വിഭാഗത്തിന്റെയും ഭരണകൂടത്തിന്റെയും മനോഭാവം കൂടുതല്‍ കടുക്കുകയാണ് ഉണ്ടായത്. മാധ്യമങ്ങളുടെയും. അവരോടുളള മറ്റുളളവരുടെ സമീപനത്തിലുമുണ്ട് പ്രശ്‌നം. ആക്റ്റിവിസ്റ്റുകളില്‍ പലരും, നക്‌സലൈറ്റുകള്‍ ഉള്‍പ്പടെ ഇവരുടെ സംഭാവനകളെ ഇകഴ്ത്തുകയും സ്വന്തം അഹന്ത പുകഴ്ത്തുകയുമാണ് ചെയ്യുന്നത്. മേധയെപ്പോലുളളവരെപ്പറ്റി ചിലര്‍ മോശമായും സംസാരിക്കാറുണ്ട്. എനിക്ക് മേധാ പട്ക്കറെ വര്‍ഷങ്ങളായി അടുത്തറിയാം. അവര്‍ക്കു അവരുടേതായ കുഴപ്പങ്ങളുണ്ടാകാം. പക്ഷെ അവരുടെ പ്രവര്‍ത്തനം സത്യസന്ധമാണ്.

സിംഗൂര്‍, കേരളത്തിലെ വിവിധ പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം ഇടതുപക്ഷം മര്‍ദ്ദക ശക്തിയായി മാറുന്നുണ്ട്. വിശാലമായ ഇടതുപക്ഷം എന്നൊരു ആവശ്യം പുരോഗമന വാദികള്‍ ഉന്നയിക്കുകയും ചെയ്യുന്നു. ആക്റ്റിവിസ്‌റ്റെന്ന നിലയില്‍ വിശാല ഇടതുപക്ഷം എന്ന സങ്കല്‍പ്പം ഒരു പക്ഷേ താങ്കള്‍ക്കും സ്വീകാര്യമായിരിക്കും. ഈ അവസ്ഥയോട് പ്രതികരിക്കുന്നു?


ഇടത്, വലത് എന്ന പഴയ മനസിലാക്കലിന് ഇന്ന് അര്‍ത്ഥം നഷ്ടപ്പെട്ടിട്ടുണ്ട്. ലോകത്ത് മറ്റാരേക്കാളും ആവേശത്തോടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മുതലാളിത്തം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സി.പി.എം. ചൈനയുമായി മത്സരിക്കുന്നതിന്റെ ദൃശ്യമാണ് സിംഗൂരും നന്ദിഗ്രാമും കാണിച്ചു തരുന്നത്. പക്ഷെ ഒരു കാര്യം സമ്മതിക്കേണ്ടതുണ്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ ശക്തമായ കവചമായി ഇടതുപക്ഷം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഈ മേഖലയിലും ആവശ്യമായതിനേക്കാള്‍ വളരെ കുറവേ അവര്‍ ചെയ്യുന്നുളളൂ.
നേര്‍ക്കാഴ്ചകള്‍, ബോളിവുഡ്, ജോണ്‍ എബ്രഹാം


'ഇന്ത്യയുടെ മൈക്കിള്‍ മൂറെ'ന്നും 'ഇന്ത്യയുടെ ഫെര്‍നാന്‍ഡോ സൊലാന്‍സ്' എന്നുമൊക്കെ ചിലര്‍ താങ്കളെ വിശേഷിപ്പിക്കുന്നുണ്ട്. എന്തു പറയുന്നു?

മൈക്കിള്‍ മൂറിനൊപ്പമൊക്കെ എന്നെ തുലനപ്പെടുത്തുന്നത് ആദരവാണ്. പ്രാന്തവല്‍ക്കരിക്കാന്‍ വിസമ്മതിക്കുന്ന ഒരാളാണ് മൈക്കിള്‍ മൂര്‍. ഞാനദ്ദേഹത്തിന്റെ ഈ സവിശേഷതയുടെ വലിയ ആരാധകനാണ്. മുഖ്യധാരയിലേക്ക് തന്റെ ഫിലിമുകളും പുസ്തകങ്ങളും അതിലൂടെ തന്റെ ആശയങ്ങളും കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഓസ്‌കാര്‍ രാത്രിയില്‍ നിവര്‍ന്നു നിന്ന് അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ തളളിപ്പറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായി. തന്റെ സര്‍ക്കാരിന്റെ നയങ്ങളോടുളള തുടരുന്ന എതിര്‍പ്പ് അദ്ദേഹത്തിന് സിനിമാ വിമര്‍ശകരെന്ന വേഷംകെട്ടിയവരുള്‍പ്പടെയുളള കുറേയേറെ ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികളോട് എനിക്ക് കുറച്ച് ഇഷ്ടക്കുറവുണ്ടെന്ന് പറയാതിരിക്കാനാവില്ല. കറുത്ത പരിഹാസം എന്ന അദ്ദേഹത്തിന്റെ ബോധം എനിക്കിഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ ചില ഡോക്യുമെന്ററികളില്‍ രൂക്ഷ പരിഹാസത്തിനായി വൈകാരിക ഘനം നഷ്ടപ്പെടുത്തിയതായി തോന്നിയിട്ടുണ്ട്.
മൈക്കിള്‍ എനിക്കുശേഷമുളള തലമുറയാണ്. പക്ഷെ സൊളാന്‍സ് സമകാലികനാണ്. ഞാന്‍ ഡോക്യുമെന്ററി നിര്‍മിക്കാന്‍ തുടങ്ങുന്ന കാലത്ത് അദ്ദേഹത്തിന്റെ 'ഹൗര്‍ ഓഫ് ഫര്‍ണസ്' എന്ന ഫിലിം കണ്ടിട്ടുണ്ട്. അതിന്റെ സംവിധാനവും നിലപാടുകളുമെല്ലാം നല്ലതായിരുന്നു. പക്ഷെ കാഴ്ചക്കാര്‍ക്കു നേരെയുളള മുദ്രാവാക്യവര്‍ഷവും, വേഗത്തിലുളള ഫയര്‍ കട്ടിംഗുകളും ആധികാരികമായ വാച്യ ഇടപെടലുകളും അത്ര ഇഷ്ടമായിരുന്നില്ലെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അതേ സമയം പാട്രികോ ഗുസ്മാന്റെ 'ബാറ്റില്‍ ഓഫ് ചിലി'യില്‍, ചെറുത്തുനില്‍പ്പിന്റെ ഒപ്പം കൃത്യമായി നിലയുറപ്പിച്ചുകൊണ്ടുളള നിരീക്ഷണത്തിന്റെയും വിശകലനത്തിന്റെയും കല കാണാനാവും.


ഡോക്യുമെന്ററിയുടെ നിര്‍മാണത്തിന് താങ്കള്‍ എങ്ങനെയാണ് പണം കണ്ടെത്തുന്നത്?

ഡോക്യുമെന്ററികള്‍ ഇന്ത്യയ്ക്കകത്തും വിദേശത്തുമുളളളള ചാനലുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കുന്നതു വഴിയാണ് ഞാന്‍ പണം സംഘടിപ്പിക്കുന്നത്. പിന്നീടുളളത് ഡോക്യുമെന്ററികളുടെ സി.ഡി വില്‍പ്പനയിലൂടെ കണ്ടെത്തുന്നു. ഇന്ത്യയിലെയോ വിദേശത്തെയോ ഗ്രാന്‍ഡോ പണമോ സ്വീകരിക്കരുതെന്ന് വളരെ മുമ്പേ ഞാന്‍ നിശ്ചയിച്ചതാണ്. സാമ്പത്തികമായ സ്വാതന്ത്ര്യത്തോടൊപ്പം രാഷ്ട്രീയവും കലാപരവുമായ സ്വാതന്ത്ര്യം വേണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ചെറിയ പണം സ്വരൂപിച്ചാണ് ആദ്യഘട്ടത്തില്‍ ഡോക്യുമെന്ററി നിര്‍മിച്ചത്. പിന്നീട് ആ ഡോക്യുമെന്ററികള്‍ വിറ്റ് തുടര്‍ന്നുളളവയ്ക്കുളള പണം കണ്ടെത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സ്വന്തമായി ഉപകരണങ്ങള്‍ മേടിക്കാനായി. അത് ചിലവ് കുറച്ചു. ഇപ്പോള്‍ പഴയ ഡോക്യുമെന്ററികളുടെ ലാഭത്തില്‍ നിന്ന് പുതിയവയ്ക്കുളള പണം കിട്ടുന്നുണ്ട്.


'ബോംബെ നമ്മുടെ നഗരം' എന്ന ഡോക്യുമെന്ററിയില്‍ ശക്തമായ മറ്റൊരു കഥാപാത്രമുണ്ട്. വിമല്‍ ദിന്‍കര്‍ ഹെഗ്ഡൗ. അവരാണ് ഡോക്യുമെന്ററിക്ക് ലഭിച്ച ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയത്.


ബോംബെയിലെ ചേരി നിര്‍മാര്‍ജനവും അവിടങ്ങളിലെ ജീവിതവുമാണ് ആ ഡോക്യുമെന്ററി. വിമല്‍ ദിന്‍കര്‍ ഹെഗ്ഡൗവിനെ ഞാന്‍ അഭിമുഖം ചെയ്യുമ്പോള്‍, 1983 ല്‍ അവരുടെ കുടില്‍ അല്‍പംമുമ്പ് പൊളിച്ചുകളഞ്ഞതേ ഉണ്ടായിരുന്നുളളൂ. മറ്റൊരിടത്തും പോകാനില്ലാത്തതുകൊണ്ട് മകന്‍ ദീപകിനൊപ്പം കുടിലിന്റെ പൊളിച്ചിട്ട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇരിക്കുകയായിരുന്നു അവര്‍. അഭിമുഖത്തില്‍ അവര്‍ പറഞ്ഞു: ''എന്തുകൊണ്ട് വലിയ അനധികൃത ബഹുനില കെട്ടിടങ്ങള്‍ പൊളിക്കുന്നില്ല. അവര്‍ക്ക് കൊടുക്കാന്‍ കാശുണ്ട്. പാവങ്ങളായ ഞങ്ങള്‍ക്കില്ല. ഞങ്ങളിവിടെ അടികൊളളാനായി കഴിയുന്നു'. 1985 ല്‍ ഡോക്യുമെന്ററി കാണുമ്പോള്‍ അവര്‍ കരയുകയായിരുന്നു. ദേശീയ അവാര്‍ഡ് ഈ ഡോക്യുമെന്ററിക്ക് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ സ്വയം സംവാദത്തിലേര്‍പ്പെട്ടു. രാജ്യത്തെവിടെയും പട്ടണങ്ങളിലെ പാവപ്പെട്ടവര്‍ക്ക് നേരെ ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന അക്രമം നടന്നുകൊണ്ടിരിക്കുകയാണ്. പട്ടണത്തിലെ പാവങ്ങള്‍ എന്നത് ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ തുടര്‍ച്ചയാണ്. എല്ലായിടത്തും അവര്‍ ഇരയാക്കപ്പെടുകയാണ്. നിവാര ഹക് സുരക്ഷാ സമിതി എന്ന സംഘടനയുടെ അംഗമായിരുന്ന ഞാന്‍ ദേശീയ അവാര്‍ഡ് നിരസിക്കേണ്ടെന്നും രാജ്യത്ത് മൊത്തം കാതുളളവര്‍ക്ക് ഡോക്യുമെന്ററിയില്‍ ഞങ്ങളുയര്‍ത്തിയ പ്രശ്‌നം കേള്‍ക്കാന്‍ അവസരം ലഭിക്കാന്‍ അവാര്‍ഡ് സ്വീകരണ ചടങ്ങ് പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. പ്രസിഡന്റിന്റെ കൈയില്‍ നിന്ന് ദേശീയ അവാര്‍ഡ് മേടിക്കാന്‍ വിമല്‍ ദിന്‍കര്‍ ഹെഗ്ഡൗനെ ഞങ്ങള്‍ നാമനിര്‍ദേശം ചെയ്തു. അവാര്‍ഡ് തുകയുടെ ഒരു ഭാഗം ബോംബെയിലെ ചേരി നിവാസികളുടെ സംഘടനയായ നിവാര ഹക്ക് സുരക്ഷാ സമിതിക്കുവേണ്ടി പ്രയോജനപ്പെടുത്താനും തീരുമാനിച്ചു.


'യുദ്ധവും സമാധാനവും' പാകിസ്താനിലും ഇന്ത്യയിലുമായാണ് ചിത്രീകരിച്ചത്? എന്തായിരുന്നു ഡോക്യുമെന്ററിക്കു പിന്നിലുളള ചേതോ വികാരം? എന്താണ് കണ്ടത്?

ആറ്റംബോംബ് പരീക്ഷണം രാജ്യത്ത് ആഘോഷമാക്കുന്നത് കണ്ടപ്പോഴാണ് ഈ ഡോക്യുമെന്ററിയുടെ തുടക്കം . ഇന്ത്യയിലും പാകിസ്താനിലും ജനങ്ങളുടെ മുന്‍കൈയില്‍ നടക്കുന്ന സമാധാന പ്രസ്ഥാനം നിരാശയ്ക്കു പകരം പ്രത്യാശ നല്‍കി. ഡോക്യുമെന്ററി ചിത്രീകരിക്കാന്‍ നാലുവര്‍ഷവും പ്രദര്‍ശനാനുമതി കിട്ടാന്‍ ഒരു വര്‍ഷത്തെ നിയമപോരാട്ടവും നടത്തേണ്ടി വന്നു. അതിന് തിരക്കഥയുണ്ടായിരുന്നില്ല. മുമ്പില്‍ കാണുന്ന സംഭവങ്ങളും വസ്തുതകളും ചിത്രീകരിക്കുകയായിരുന്നു. ഇന്ത്യ, പാകിസ്താന്‍, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളില്‍ അണുവായുധ വിരുധ സംഭവങ്ങള്‍ ചിത്രീകരിക്കാനായി പോയി. പാകിസ്താനിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും പോയപ്പോള്‍ മനസിലായത് പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ്. തങ്ങള്‍ക്കുളള മോശം അറിവുകള്‍ വച്ചാണ് ബോംബുകളെ ജനം 'സ്‌നേഹി'ച്ചത്. അവര്‍ക്കാര്‍ക്കും വലിയ ജനക്കൂട്ടത്തെ ഇല്ലാതാക്കണമെന്ന് ആഗ്രഹം ഒട്ടുമില്ല. അഭിമാനം തേടുന്ന ഉന്നതരാണ് യഥാര്‍ത്ഥ അപകടം. ജനങ്ങള്‍ക്കിടയില്‍ മനുഷ്യത്വ രാഹിത്യം തെല്ലുമില്ല.


അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുളള 'ഞങ്ങള്‍ നിങ്ങളുടെ കുരങ്ങന്‍മാരല്ല' എന്ന താങ്കളുടെ സംഗീത വിഡിയോയെപ്പറ്റി?

രാമായണം കഥയില്‍ ചിത്രീകരിച്ചിട്ടുളള ജാതി, ലിംഗ മര്‍ദനത്തെ വ്യക്തമാക്കാന്‍ വേണ്ടിയുളളതാണ്. മതത്തിന്റെയും മിത്തുകളുടെയും പേരില്‍ നടക്കുന്ന അടിച്ചമര്‍ത്തലിനെയും മനുഷ്യാവകാശ ധ്വംസനത്തെയും വ്യക്തമാക്കാനാണ് ഞങ്ങള്‍ അത് ചെയ്തത്. ദളിത് പ്രശ്‌നം ബോധപൂര്‍വം ഉയര്‍ത്താനുളള ശ്രമമായിരുന്നു. രണ്ട് ദളിത് കവികളും ഞാനും സംയുക്തമായി എഴുതിയ പാട്ടാണ് അതിലുളളത്. കുറച്ചുവര്‍ഷം മുമ്പ് മരിച്ച ദയാ പവാര്‍ എന്ന വലിയ ദളിത് കവിയാണ് അത് ആലപിച്ചതും.

ഡോക്യുമെന്ററി മേഖലയില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് താങ്കള്‍ക്ക് തോന്നിയിട്ടുണ്ടോ? കാരണം കുറേയേറെ ഡോക്യുമെന്ററികള്‍ ഒരേ സ്വഭാവത്തോടെ പുറത്തുവരുന്നുണ്ട്. എന്താണ് ഈ മേഖലയ്ക്കായി താങ്കള്‍ക്ക് നിര്‍ദേശിക്കാനാവുക?ഈ ഡോക്യുമെന്ററികളൊക്കെ ഉണ്ടായത്് സ്‌പോണ്‍സര്‍മാരെ കിട്ടിയതുകൊണ്ടാണ് ചിലര്‍ക്ക് തങ്ങളുടെ കരിയര്‍ വികസിപ്പിക്കാനാണ്, അല്ലെങ്കില്‍ രസത്തിന് നിര്‍മിച്ചതാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. ചിലര്‍ക്ക് സാങ്കേതിക കഴിവു കുറവായിരിക്കും, കുറഞ്ഞ ബജറ്റേ ഉണ്ടാവൂ എന്നതൊക്കെ ശരിയാണ്. പക്ഷെ അവയിലെല്ലാം പിന്നില്‍ ചില ആത്മാര്‍ത്ഥതകള്‍ കാണാനാവും. വിപണിയുടെ താല്‍പര്യം അനുസരിച്ച് നിര്‍മിച്ച ഡോക്യുമെന്ററികളോട് മാത്രമാണ് എനിക്ക് ഇഷ്ടമല്ലാത്തത്. അന്താരാഷ്ട്ര വേദികളില്‍ പുകഴ്ത്തലുകള്‍ കേള്‍ക്കാനായി മാത്രം സൃഷ്ടിക്കപ്പെടുകയും പ്രത്യേകിച്ച് ഒന്നും പറയാനില്ലാതിരിക്കുകയും ചെയ്യുന്ന ഡോക്യുമെന്ററികളോട് എനിക്ക് താല്‍പര്യമില്ല. അവരതിനെ 'കല' എന്നൊക്കെ ഉരുവിടും. ബോധപൂര്‍വം സൃഷ്ടിക്കുന്ന 'കല'യില്‍ എനിക്ക് വിശ്വാസമില്ല. ജനങ്ങളിലേക്ക് ചില കാര്യങ്ങള്‍ ആശയവിനിമയം നടത്താനും എത്തിക്കാനുമുളള ശ്രമത്തിന്റെ ഉപോല്‍പ്പന്നമായി വരുന്ന അബോധപൂര്‍വമായ കലയെയാണ് ഞാന്‍ വിലമതിക്കുന്നത്.


ശേഖര്‍ കപൂറിന് മുമ്പ് 'ബാന്‍ഡിഡ് ക്യൂന്‍' നിര്‍മിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് ഒരിക്കല്‍ സംഭാഷണത്തിനിടയില്‍ പറഞ്ഞു. പലതവണ സിനിമാഅവസരം നിരസിച്ചുവെന്നും അറിയാം. ജനങ്ങളോട് ചിലതു പറയാനുളളപ്പോള്‍ എന്തിന് ആ മാധ്യമം നിരസിക്കണം?


ഡോക്യുമെന്ററിയേക്കാള്‍ വാണിജ്യ സിനിമകള്‍ക്ക് പണം ലഭിക്കാന്‍ എളുപ്പമാണ്. ബോളിവുഡില്‍ നോക്കിയാല്‍ അനുഭവ പരിചയമൊന്നുമില്ലാത്ത തുടക്കക്കാരായ സിനിമാ സംവിധായകര്‍പോലും വന്‍ ബജറ്റ് സിനിമ ചെയ്യുന്നതു കാണാം. ഇത് സാധ്യമാണ്. കാരണം ഒരര്‍ത്ഥത്തില്‍ വിശാലമായ സിനിമാ വ്യവസായം ഇവിടെയുണ്ട്. സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ അഭിനേതാക്കള്‍ വരെ എല്ലാവര്‍ക്കും തങ്ങളുടെ പങ്ക് എന്താണെന്നറിയാം. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത് നല്ല മാനേജരാവുക എന്നതാണ്. നിര്‍ഭാഗ്യകരമെന്നു പറയാം അതാണ് എനിക്കില്ലാത്ത കഴിവ് . എന്നെ സംബന്ധിച്ച് ഡോക്യുമെന്ററി നിര്‍മാണമെന്നത് തികച്ചും വ്യക്തിപരമായ സൃഷ്ടിയാണ്. ഞാന്‍ എന്റെ ഫിലിമുകള്‍ ഗൃഹനിര്‍മതിപോലെ, ചിത്രീകരിക്കുന്നു, എഡിറ്റ് ചെയ്യുന്നു. മറ്റുളളവരുടെ പണം കൊണ്ടും സമയ സമ്മര്‍ദത്തിനും വഴങ്ങി പ്രവര്‍ത്തിക്കുന്ന ലോകത്ത് പ്രവേശിക്കാന്‍ എനിക്കാവില്ല. സിനിമയല്ല എന്റെ മാധ്യമം.


എന്തുകൊണ്ടാണ് സ്വയം എഡിറ്റിംഗും, സ്വന്തമായി കാമറയും നിര്‍വഹിക്കുന്നത്?

സാമ്പത്തികമായ ആവശ്യം എന്ന നിലയ്ക്കാണ് ഞാന്‍ ആദ്യം ഡോക്യുമെന്ററിക്ക് വേണ്ടി സ്വയം കാമറയും എഡിറ്റിംഗും നിര്‍വഹിക്കാന്‍ തുടങ്ങിയത്. പക്ഷെ ഇപ്പോഴത് സ്വഭാവമായി മാറി. മുന്‍കൂട്ടി വളരെയധികമൊന്നും ആസൂത്രണം ചെയ്യാത്തപ്പോള്‍ ഇതാണ് നല്ലത്. ആവശ്യമാണെന്നു തോന്നുമ്പോള്‍ കാമറയുമായി ഉടന്‍ പോവുക. പക്ഷെ ആസൂത്രണമൊക്കെയുളളപ്പോള്‍ ഗുണകരമാണ് എന്നു കണ്ടതിനാല്‍ മറ്റൊരു കാമറമാനെ കൂടെ ഒപ്പംകൂട്ടാറുണ്ട്.


ബോളിവുഡിനെ സൂക്ഷ്മമായി നിരീക്ഷിക്കാറുളള ഒരാളാണ് താങ്കള്‍. വര്‍ഗീയ പശ്ചാത്തലത്തില്‍ ധാരാളം സിനിമകള്‍ വരുന്നതായി ആക്ഷേപമുണ്ട്?

മുമ്പ് മതേതരത്വത്തിന്റെ ശക്തമായ കോട്ടയായിരുന്നു ബോളിവുഡ്. എന്നാല്‍ ആ അവസ്ഥ മാറി വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന തലത്തിലേക്ക് ബോളിവുഡ് മാറി. പല സിനിമകളും കണ്ടാല്‍ അതെത്രമാത്രം വര്‍ഗീയമാണെന്ന് മനസിലാകും. കുറ്റവാളികളും രാജ്യദ്രോഹികളുമെല്ലാം മുസ്ലിംകള്‍ അല്ലെങ്കില്‍ മറ്റ് ന്യൂനപക്ഷക്കാര്‍. നന്മ ചെയ്യുന്ന നായകന്‍ ഹിന്ദു. ഹിന്ദു നായകന് മുസ്ലിം പെണ്‍കുട്ടിയോട് സ്‌നേഹം. എന്നാല്‍ തിരിച്ച് മുസ്ലീം പെണ്‍കുട്ടിയുടെ തലത്തില്‍ നിന്ന് കഥ പറയുകയേ ഇല്ല. സിനിമകളില്‍ കൂടുതലും കാണാനാവുക സവര്‍ണ്ണ ഹിന്ദു ബിംബങ്ങളാണ്. യഥാര്‍ത്ഥത്തില്‍ ഇതെല്ലാം കാഴ്ചക്കാരില്‍ ബോധപൂര്‍വമായോ അബോധപൂര്‍വമായോ സൃഷ്ടിക്കുന്ന മാനസിക തലം ഹിന്ദുവര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണ്.ഡോക്യുമെന്റി പ്രവര്‍ത്തകര്‍ നേരിടുന്നു പൊതു പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? വിദൂര ഗ്രാമങ്ങളിലെ സാധാരണക്കാരില്‍ എത്രത്തോളം ഈ ഡോക്യുമെന്ററികള്‍ എത്തുന്നുണ്ട്?

ഡോക്യുമെന്ററി ഫിലിം ഉണ്ടാക്കുന്നവര്‍ നേരിടുന്ന മുഖ്യ പ്രശ്‌നം നിര്‍മാണമല്ല അതിന്റെ വിതരണ ഘട്ടത്തിലാണ്. ഫിലിംഫെസ്റ്റിവലിന് വളരെ അപ്പുറത്ത് തന്റെ ഫിലിം പ്രദര്‍ശിപ്പിക്കണമെന്ന് കരുതുന്ന ഒരാളെ സംബന്ധിച്ച് ഇതു പ്രത്യേകിച്ചും. അവിടെയാണ് വാസ്തവത്തില്‍ യാത്ര ആരംഭിക്കുന്നത്. ഫിലിമുകളും പ്രൊജക്റ്ററും കെട്ടിച്ചുമന്ന് ഇത് കാണിക്കാന്‍ വര്‍ഷങ്ങളായി ഞാന്‍ ഇന്ത്യമൊത്തത്തില്‍ വിശാലമായി യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങളില്‍ പോലും ഞങ്ങള്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. പക്ഷെ കൂടുതലും കാണിച്ചിരിക്കുന്നത് പട്ടണങ്ങളിലാണ്. ആദ്യ കാലത്ത് വലിയ അളവില്‍ കാഴ്ചക്കാരെ കിട്ടിയിരുന്നു. സാറ്റ്‌ലൈറ്റ് ടി.വി. കൂടുതല്‍ വന്നശേഷം സ്വതന്ത്രമായ പ്രദര്‍ശനത്തിനുവേണ്ടി സ്വാഭാവികമായി മുന്നോട്ടുവരുന്ന പൊതുജനത്തിന്റെ എണ്ണം കുറഞ്ഞു. ഇത് ഇന്ന് പരിഹരിക്കപ്പെടുന്നത് പ്രചരണവും ആസൂത്രണവും സംഘടിതമായ ഗ്രൂപ്പുകള്‍ നിര്‍വഹിക്കുന്നതുകൊണ്ടാണ്.

ഡോക്യുമെന്ററികള്‍ തീയേറ്ററുകളില്‍ റിലീസ് ചെയ്യാവുന്നതല്ലേ?

ഡോക്യുമെന്ററികളുടെ തീയേറ്റര്‍ പ്രദര്‍ശനം തീര്‍ച്ചയായും ഭാവിയിലുളള സാധ്യതയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഞങ്ങള്‍ ബോംബെയില്‍ രണ്ട് തീയേറ്ററുകളില്‍ ഒരാഴ്ച 'വാര്‍ ആന്‍ഡ് പീസ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. കാഴ്ചക്കാരുടെ തലത്തില്‍ അത് വന്‍ വിജയമായിരുന്നു. പക്ഷെ സാമ്പത്തികമായി അല്ല. കാരണം തീയേറ്ററുകളില്‍ വീഡിയോ പ്രൊജക്റ്ററുകളില്ല. അതു വാടകയ്ക്ക് എടുക്കണം. ടിക്കറ്റ് വില്‍പനയില്‍ നിന്നു കിട്ടിയ പണം ഇതിനും കുറഞ്ഞ അളവിലെ പ്രചരണത്തിനും മാത്രമേ തികഞ്ഞുളളൂ.അടുത്ത ഡോക്യുമെന്ററി?

ഒന്നു രണ്ടു ഡോക്യുമെന്ററി മനസിലുണ്ട്. ചിലതിന്റെ പ്രവര്‍ത്തനം പകുതിയോളം കഴിഞ്ഞിട്ടുണ്ട്. ആദ്യം ചെയ്തു തീര്‍ക്കുക, എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന മരിച്ചുപോയ ദളിത് കവിയും ആക്റ്റിവിസ്റ്റുമായ ദയാ പവാറിനെക്കുറിച്ചുളള ഡോക്യുമെന്ററി പൂര്‍ത്തിയാക്കുകയാണ്.


താങ്കള്‍ക്ക് ഏതെങ്കിലും സംഘടനയിലോ ഗ്രൂപ്പിലോ അംഗത്വമുണ്ടോ?

ഉണ്ട്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്, നര്‍മദ ബച്ചാവോ ആന്ദോളന്‍, മുംബൈ പൗരാവകാശ ഫോറം എന്നിവയില്‍ അംഗത്വമുണ്ട്. ഇവയെ പിന്തുണയ്ക്കുന്നതിനായി കുറച്ചു സമയം ഞാന്‍ നീക്കി വയ്ക്കാറുണ്ട്.


പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് താങ്കള്‍ അടുത്തിടെ പ്രതികരിച്ചുവല്ലോ. എന്താണ് ഇക്കാര്യത്തില്‍ താങ്കളുടെ പൊതുനിലപാട്?

ആരാണ് ഇരയാക്കപ്പെടുന്നത് എന്നു പരിഗണിക്കാതെ ഞാനെന്നും വധശിക്ഷയ്‌ക്കെതിരെ നിന്നിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് ആന്ധ്രാ പ്രദേശില്‍ ഭൂരഹിത കര്‍ഷകരായ കിഷ്ത ഗൗഡയെയും ഭൂമയ്യയെയും വധശിക്ഷ നല്‍കിയ സമയത്താണ് ഞാന്‍ ആദ്യം ഈ നിലപാടെടുത്തത്. ഇന്ത്യയില്‍ വധശിക്ഷയ്‌ക്കെതിരെ ഉയരുന്ന ശക്തമായ വാദമുഖത്തിന് അടിസ്ഥാനമുണ്ടെന്ന് ശിക്ഷിക്കപ്പെട്ടവരുടെ വര്‍ഗ, ജാതി പശ്ചാത്തലം നോക്കിയാല്‍ മനസിലാകും. അവരെല്ലാം തുടര്‍ച്ചയായി സമൂഹത്തിന്റെ അടിത്തട്ടിലുളളവരാണ്. മറിച്ച് ഏതെങ്കിലും ഒരു സമ്പന്നനെ ഔദ്യോഗികമായി ഭരണകൂടം വധശിക്ഷയ്ക്ക് വിധിച്ചതായി എനിക്കറിയില്ല. ഈ ഒരൊറ്റ യാഥാര്‍ത്ഥ്യംകൊണ്ട് തന്നെ വധശിക്ഷ നടപ്പാക്കല്‍ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കേണ്ടതുണ്ട്. നിയമത്തിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്ന 14-ാം വകുപ്പിന്റെ ലംഘനമാണ് ഇതിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.


നിങ്ങള്‍ക്ക് മലയാളിയുടെ ജോണ്‍ എബ്രഹാമിനെ അറിയാമായിരുന്നു. അതെപ്പറ്റി?

ജോണ്‍ എബ്രഹാം തന്റെ ജീവിത കാലത്ത് ഇതിഹാസ തുല്യനായിരുന്നു. പുതിയ പാതകള്‍ തുറക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍. ഒത്തുതീര്‍പ്പില്ലാത്ത സ്വന്തം വ്യക്തിത്വമായിരുന്നു അതില്‍ കൂടുതലും നിഴലിച്ചത്. കേരളത്തിന്റെ ഗ്രാമങ്ങളിലെല്ലാം എന്റെ ഡോക്യുമെന്ററികള്‍ ഒഡേസയ്‌ക്കൊപ്പം യാത്രചെയ്ത് ജനങ്ങളെ കാണിക്കാനായി ക്ഷണിക്കുമ്പോഴാണ് ഞാനാദ്യം ജോണിനെ കാണുന്നത്. എനിക്കദ്ദേഹത്തെ പരിചയമുണ്ടായിരുന്നില്ല. സാമൂഹ്യ-രാഷ്ട്രീയ ഡോക്യുമെന്ററികള്‍ നിര്‍മിക്കുന്നവര്‍ അക്കാലത്തു കുറവാണ്. അതുകൊണ്ടാവാം അദ്ദേഹം എന്നെക്കുറിച്ച് കേട്ടിരുന്നത്. ജോണിനൊപ്പമുളള വേളകള്‍ വേറിട്ടതും മറക്കാനാവാത്തതുമായ അനുഭവമായിരുന്നു. നിറയെ സ്‌നേഹവും ചിരിയുമായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന് മദ്യപാനത്തിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ സ്‌നേഹം നല്‍കുന്നതിനോ തിരച്ചുകിട്ടുന്നതോ ഒക്കെ ആയ കാന്തിക പ്രഭാവത്തെ കുറച്ചതായി തോന്നിയില്ല. ആളുകള്‍ അദ്ദേഹത്തെ വിശ്വസ്തതയോടെ പിന്തുടരുകയും അദ്ദേഹം അബോധാവസ്ഥയിലായിരിക്കുമ്പോള്‍ വിലപ്പെട്ട രത്‌നം പോലെ എടുത്തുകൊണ്ടുപോവുകയും ചെയ്തു. വ്യക്തിപരമായി എനിക്കു തോന്നിയത് ജോണിന്റെ കാല്‍പനികതയില്‍ മദ്യം ഒരു ഭാഗമാണെന്നാണ്. പക്ഷെ അതില്‍ ഭാഗമാക്കിക്കുക വഴി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ജോണിനോട് ദോഷം ചെയ്യുകയും അങ്ങനെ ലോകത്തിന് അദ്ദേഹത്തെ നഷ്ടമാക്കുകയും ചെയ്തു.

കവിത എഴുതുമെന്നറിയാം. നിങ്ങളുടെ വെബ്‌സൈറ്റില്‍ രണ്ട് നല്ല കവിതകള്‍ കണ്ടിരുന്നു. എന്തുകൊണ്ടാണ് അവ പ്രസിദ്ധീകരിക്കാത്തത്?

ലോകത്ത് എഴുതാനറിയാവുന്ന എല്ലാവരും ഒരിക്കലല്ലെങ്കില്‍ വേറൊരിക്കല്‍ കവിത കുറിച്ചിട്ടുണ്ടാവും. ഞാന്‍ എനിക്കുവേണ്ടിയും വളരെ അടുത്ത കൂട്ടുകാര്‍ക്കും വേണ്ടിയാണ് കവിത എഴുതിയിട്ടുളളത്. മറ്റുളളവയൊക്കെ കാണിക്കാന്‍ മാത്രം നല്ലതാണോ എന്ന് അറിഞ്ഞുകൂടാ. മാത്രമല്ല എന്റെ മുഖ്യ പ്രവര്‍ത്തനം എഴുത്തല്ല.


അവസാനമായി ചോദിക്കട്ടെ. ഡയറക്ടറായല്ലായിരുന്നുവെങ്കില്‍ താങ്കള്‍ ആരാവുമായിരുന്നു?

എനിക്ക് നിശ്ചയമില്ല. ഈ മാധ്യമത്തില്‍ നിലയുറപ്പിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അതെന്നെ ഇതെല്ലാം ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണെന്ന മിഥ്യയിലെങ്കിലും നിലനിര്‍ത്തി വളരെയധികം ആഹ്‌ളാദം പകരുന്നുണ്ട്.


Mathrubhumi weekly
2007 september

No comments:

Post a Comment