Saturday, July 17, 2010

ചരിത്രം നിങ്ങള്‍ക്ക് ശിക്ഷ വിധിക്കും

അമേരിക്കന്‍ ജനതയ്ക്ക് സദ്ദാം ഹുസൈന്‍ തടവറയില്‍ നിന്ന് എഴുതിയ കത്ത്പരമകാരുണ്യവാനും ദയാലുവുമായ ദൈവത്തിന്റെ നാമത്തില്‍,

''സത്യ വിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ ചിലര്‍ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവര്‍ ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ (ഉടമ്പടിക്ക്) യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല. സത്യവാന്‍മാര്‍ തങ്ങളുടെ സത്യസന്ധതയ്ക്കുളള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി, അവന്‍ ഉദ്ദേശിക്കുന്നപക്ഷം കപട വിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
സത്യ നിഷേധികളേ അവരുടെ ഈര്‍ഷ്യയോടെ തന്നെ അല്ലാഹു തിരിച്ചയക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്റെ ആവശ്യം ഇല്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു''.
(വിശുദ്ധ ഖുറാന്‍ 33:23-25)

അമേരിക്കന്‍ ജനതയ്ക്ക്,

സമാധാനത്തില്‍ വിശ്വസിക്കുകയും അതാഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക്
ദൈവത്തിന്റെ ദയയാലും അനുഗ്രഹത്താലും അത് ഉണ്ടായിരിക്കട്ടെ.

തടങ്കല്‍ പാളയത്തില്‍ നിന്നാണ് ഞാന്‍ നിങ്ങളോട് ഈ കത്തിലൂടെ സംസാരിക്കുന്നത്. ധാര്‍മികവും മാനുഷികവും ഭരണഘടനാപരമായ ഉത്തരവാദിത്തിന്റെയും അടിസ്ഥാനത്തിലാണ് എന്റെ ഈ ശ്രമം. സമാധാനത്തിന്റെ സന്ദേശവുമായി യുദ്ധം തുടങ്ങിയതിനു ശേഷം ആരും എത്തിയില്ലെന്ന് നിങ്ങളിലൊരാള്‍ പോലും പറയാതിരിക്കാനും അങ്ങനെയുളള വാദത്തിനു മറുപടി പറയാനുമാണിത്. നിങ്ങള്‍ക്കൊപ്പം, ഞങ്ങളുടെ സത്യസന്ധരും വിശ്വസ്തരും ധീരരുമായ ജനതയ്ക്കും സമാധാനമുണ്ടാവാനും വേണ്ടിയാണിത്. ഞാനിങ്ങനെ പറയുമ്പോള്‍, തടവറയ്ക്കു പുറത്ത് ചെറുത്തുനില്‍പ്പു നടത്തുന്ന എന്റെ സഹോദരരോ സഖാക്കളോ ഇതിനുമുമ്പ് ഒരു കത്തുമായി വന്നുവോ ഇല്ലയോ എന്ന് എനിക്കറിഞ്ഞു കൂടാ. അതെന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ നേതാക്കളുടെ 'ജനാധിപത്യം' അറസ്റ്റിനു ശേഷം ഇന്നോളം പത്രങ്ങളോ ആനുകാലികങ്ങളോ കിട്ടുന്നതില്‍ നിന്നും അല്ലെങ്കില്‍ റേഡിയോയും ടെലിവിഷനും കേള്‍ക്കുന്നതില്‍ നിന്നും എന്നെ തടഞ്ഞിരിക്കുന്നു എന്നതാണ്. എന്നെ ലോകത്തു നിന്നു വേര്‍പെടുത്തുകയും ലോകത്തെ എന്നില്‍ നിന്ന് വേര്‍തിരിക്കുകയും, അങ്ങനെ തടവിലടച്ചിരിക്കുന്ന ഇടത്തിനു പുറത്തുളള ഒന്നും ഞാന്‍ കേള്‍ക്കുകയോ കാണുകയോ ചെയ്യരുതെന്നും അവര്‍ നിശ്ചയിച്ചിരിക്കുന്നു.
അമേരിക്കയ്ക്കു പുറത്ത് അവര്‍ വാദിക്കുന്ന ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും യഥാര്‍ത്ഥ മുഖമാണോ ഇത്!? അല്ലെങ്കില്‍ നിങ്ങളുടെ ഭരണകര്‍ത്താക്കള്‍ അതെപ്പറ്റി കളളം പറയുന്നതാണോ? തടങ്കല്‍ പാളയത്തിലും ജയിലിലും വച്ച് കൊല്ലുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ ചോദ്യംചെയ്യലുകാരുടെ കൈത്തോക്കുകള്‍കൊണ്ടാണ് ചിലര്‍ കൊല്ലപ്പെട്ടത്. നിങ്ങളുടെ അധികാരികള്‍ ഈ കൃത്യങ്ങളെല്ലാം മറ്റു പലതിനുമൊപ്പം മറച്ചുവയ്ക്കുകയും അങ്ങനെ നിങ്ങള്‍ സത്യമറിയരുതെന്ന് നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.
ഈ കത്തിലൂടെ ഞാന്‍ നിങ്ങളെ സംബോധനചെയ്യുന്നത് ഏതെങ്കിലും വിധത്തില്‍ ഇത് നിങ്ങളിലേക്ക് എത്തുമെന്നും നിങ്ങളിത് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമെന്നുമുളള പ്രതീക്ഷയോടെയാണ്. ജനങ്ങള്‍ക്കു മുമ്പില്‍ നിറമോ ദേശീയതയോ ഒന്നും നോക്കാതെ സത്യങ്ങള്‍ കൊണ്ടുവരികയെന്ന എന്റെ ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്ത്. വിവിധ ജനങ്ങളോടുളള ഞങ്ങളുടെ കടമയുടെ ഭാഗമാണിത്. തിന്‍മകള്‍ അംഗീകരിക്കാതിരിക്കുക എന്ന കടമ അവര്‍ക്ക് ഞങ്ങളോടുമുളളതു പോലെതന്നെ.
എന്റെ അഭിഭാഷകനും പ്രശസ്ത പ്രൊഫസറുമായ റാംസെ ക്ലര്‍ക്ക് നിങ്ങള്‍ക്കായി ഒരു കത്തെഴുതാന്‍ എന്നോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. പ്രൊഫസര്‍ റാംസെ മാനുഷികതയുടെ വിശിഷ്ടമായ ഉദാഹരണമാണെന്നു സ്വയം തെളിയിച്ചിട്ടുണ്ട്. റാംസെയും അദ്ദേഹത്തിന്റെ സഹ പ്രൊഫസറായ കുര്‍ടിസ് ഡോബ്‌ളറും വ്യക്തിപരമായി നല്ലവരാണെന്ന് എനിക്കു നന്നായി അറിയാം. ചുറ്റും അപകടങ്ങളാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ തങ്ങളുടെ ജോലി നിര്‍വഹിക്കാന്‍ സന്നദ്ധരായ ഇരുവരുടെയും ധീരതയെ അഭിവാദ്യം ചെയ്യാന്‍ ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ നാല് അഭിഭാഷകരെ കുറ്റവാളികള്‍ കൊലപ്പെടുത്തിയതിനു ശേഷമാണ് അവരതിന് തയ്യാറായത് എന്നും അറിയണം.
അമേരിക്കയിലെ ജനങ്ങളേ, നിങ്ങളുടെ അധികാരികള്‍ ഇപ്പോഴും നിങ്ങളോട് നുണപറഞ്ഞുകൊണ്ടിരിക്കുകയും ഇറാഖിനെതിരെയുളള അക്രമങ്ങളിലേക്ക് നിങ്ങളെ നയിച്ചതിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ വിശദീകരിക്കാതിരിക്കുകയും ചെയ്യുന്നതായിട്ടാണ് എനിക്കു തോന്നുന്നത്.
അന്താരാഷ്ട്ര സമുദായത്തെയും പ്രത്യേകിച്ച് യൂറോപ്യന്‍ സമൂഹത്തെയും അമേരിക്കന്‍ ജനതയെ ഒന്നടങ്കവും വഞ്ചിച്ചുകൊണ്ടാണ് തുടക്കം മുതല്‍ക്കേ അക്രമണത്തിനുളള കാരണങ്ങള്‍ അവര്‍ പറഞ്ഞത്. അവര്‍ പ്രഖ്യാപിച്ചതിനു വിരുദ്ധമാണ് വസ്തുതകള്‍ എന്ന് മുമ്പേ വ്യക്തമായിരുന്നതാണ്. തങ്ങളുടെ നുണകളെല്ലാം പൊളിഞ്ഞപ്പോള്‍ തങ്ങളെ ഇന്റലിജന്‍സ് സംഘങ്ങളും, 19, 20 നൂറ്റാണ്ടുകളില്‍ രാജഭരണക്കാര്‍ ചെയ്തതുപോലെ തങ്ങള്‍ പാവകളാക്കാന്‍ ഒപ്പംകൊണ്ടുവന്ന കുഴലൂത്തുകാരും വഞ്ചിച്ചെന്ന് പറയുന്നതും വാസ്തവ വിരുദ്ധമാണ്. ഞങ്ങള്‍ സംസാരിക്കുന്നത് നിരവധി വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. അതില്‍ പ്രധാനപ്പെട്ടത് ചുവടെ പറയാം:

1. ഐക്യരാഷ്ട്ര സംഘടനയുടെ പേരില്‍ കടന്നു വന്ന് പരിശോധക സംഘം ഇറാഖില്‍ തെരച്ചില്‍ നടത്തിയിരുന്നു. സ്വകാര്യ വസതികളും സര്‍ക്കാര്‍ വകുപ്പുകളും പ്രസിഡന്റിന്റെ കൊട്ടാരവും സര്‍ക്കാര്‍ രേഖകളും എല്ലാം ആ സംഘം പരിശോധിച്ചു. ഇറാഖില്‍ കൂട്ടനശീകരണായുധങ്ങള്‍ ഇല്ലായെന്ന് അവര്‍ക്കു നന്നായി അറിയാമായിരുന്നു. കാരണം ആ സംഘത്തെ നയിച്ച അംഗങ്ങള്‍ അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്‍മാരാണ് എന്നതു തന്നെ. കൂടാതെ ചാരന്‍മാരും മറ്റ് ദേശീയതകളുടെ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടായിരുന്നു അവര്‍ക്ക് സഹായത്തിന്. ഇറാഖിനെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ അരിച്ചു പെറുക്കിയ അവര്‍ക്ക് ഇറാഖി ഔദ്യോഗിക പ്രതിനിധികള്‍ പറഞ്ഞതിനു വിരുദ്ധമായി ഒന്നും കണ്ടെത്താനായില്ല. ആ പരിശോധന ഏഴുവര്‍ഷം നീണ്ടു നിന്നു. വാഹനങ്ങളിലും നടന്നും യാത്രചെയ്ത ആ പരിശോധക സംഘത്തെ കൂടാതെ ചാര വിമാനങ്ങളും ഹെലിക്കോപ്പറുകളും ബഹിരാകാശത്തെ കൃത്രിമോപഗ്രഹങ്ങളും എല്ലാം അവര്‍ ഉപയോഗിച്ചിരുന്നു. ഇറാഖിനെ ആക്രമിക്കാനും അതിന്റെ ന്യായമായ അഭിലാഷങ്ങളെയും മുപ്പത്തഞ്ചുവര്‍ഷം കൊണ്ടു നേടിയ സാംസ്‌കാരികവും ശാസ്ത്രീയവുമായ ഉന്നതമായ നേട്ടങ്ങളെ തകര്‍ക്കാനും അവര്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. അമേരിക്കയില്‍ നടന്ന സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പേരില്‍ അഴിച്ചുവിടുന്ന ഭീകരതയ്‌ക്കെതിരെയുളള യുദ്ധം ചരിത്രപരമായ ഒരവസരമാണെന്ന് അമേരിക്കന്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ചിന്തിച്ചു. തങ്ങള്‍ മുമ്പേ നിശ്ചയിച്ചുറപ്പിച്ചിരുന്ന ലക്ഷ്യങ്ങള്‍ നടപ്പാക്കാനായി അവര്‍ തങ്ങളുടെ ചീട്ടുകള്‍ മാറ്റി കശക്കിയിട്ടു. പക്ഷെ തുടക്കത്തില്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്ന ലക്ഷ്യങ്ങളായിരുന്നില്ല അത്.
സാമ്പത്തികവും സാംസ്‌കാരികവും ശാസ്ത്രീയവും നാഗരികവുമായി മുന്നേറാനുമുളള ഇറാഖിന്റെ ന്യായയുക്തമായ അഭിലാഷങ്ങളെ തകര്‍ക്കാനോ വൈകിക്കാനോ തങ്ങളുടെ അന്യായമായ ഉപരോധം മൂലം കഴിയില്ലെന്ന വിലയിരുത്തിലില്‍ നേരത്തെതന്നെ അമേരിക്ക എത്തിയിരുന്നു. ഇറാഖ് തങ്ങള്‍ക്കുമേലുളള സാമ്പത്തിക ഉപരോധത്തെ ഭേദിക്കുന്നതിന് തൊട്ടടുത്ത് എത്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. അത്തരമൊരവസ്ഥയിലേക്ക് ഇറാഖ് മുന്നേറിയത് അന്യോന്യമായ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖുമായി സഹകരിച്ചവരുടെയും അറബ് എന്ന സഹോദര നിര്‍ഭരമായ ദേശീയ വികാരത്തിന്റെയും ഫലമായാണ്. നിങ്ങളുടെ രാജ്യത്തിന്റെ അധികാരികള്‍ ലോകത്ത് തങ്ങളുടെ ഇച്ഛ അടിച്ചേല്‍പ്പിക്കാനുളള അവസരമാണിതെന്നും അങ്ങനെ മദ്ധ്യപൂര്‍വദേശത്തെ എണ്ണയുടെ നിയന്ത്രണവും അതിന്റെ ഉല്‍പ്പാദനവും വിതരണവുമെല്ലാം പുതിയ വഴികളിലൂടെ പുതിയ ലക്ഷ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താമെന്നും കരുതി. ഇതിനെപ്പറ്റി 2003 നു മുമ്പേ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സിയോണിസ്റ്റ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും തെരഞ്ഞെടുപ്പില്‍ പിന്തുണയാര്‍ജിക്കാനും വേണ്ടിക്കൂടിയാണ് നിങ്ങളുടെ അധികാരികള്‍ ഇങ്ങനെ ചെയ്തത്. അക്രമം ആകര്‍ഷകമാക്കുന്നതിനും അതു നടപ്പാക്കുന്നതിനുമായി ഇറാനും അതിന്റെ പിണിയാളുകളും വൃത്തികെട്ടരീതിയില്‍ പങ്കു വഹിച്ചു.

2. തങ്ങളുടെ വാദങ്ങള്‍ മുഴുവന്‍ പൊളിയുകയും വിഷമവൃത്തത്തിലാവുകയും ചെയ്തിട്ടും അമേരിക്കന്‍ അധികാരികള്‍ ഇറാഖില്‍ നിന്നു പിന്‍മാറിയില്ല. പകരം, 2003 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടന്ന അധിനിവേശത്തിനുമുമ്പ് ഉന്നയിച്ചതിനു വിരുദ്ധമായ കാര്യങ്ങള്‍ പ്രഖ്യാപിച്ചു. അധിനിവേശത്തിന്റെ ന്യായീകരണത്തിനു മറയായി അവര്‍ ഉപയോഗിച്ച, അന്ന് മതിയായ ന്യായീകരണമായി അവര്‍ കണ്ട വിവരങ്ങള്‍-(അമേരിക്കന്‍ സുരക്ഷിതത്വത്തെ ബാധിക്കുമെന്നവിധത്തിലുളള കാര്യങ്ങള്‍ എന്നാണ് അതിനെപ്പറ്റി പറഞ്ഞിരുന്നത് )- തെറ്റാണെന്നും വഞ്ചിക്കപ്പെടുകയായിരുന്നുവെന്നും സ്വയം പറയുന്നതിനോട് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഇറാഖില്‍ നിന്ന് പിന്‍മാറുകയാണ് അവര്‍ വേണ്ടിയിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ അവര്‍ ധീരരായ ഇറാഖി ജനതയോടും, അമേരിക്കന്‍ ജനങ്ങളോടും ലോകമെമ്പാടുമുളള മറ്റുളളവരോടും തങ്ങള്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമായാചനം നടത്തണമായിരുന്നു.
യുദ്ധം തുടങ്ങുന്നതിനു മുമ്പ് അമേരിക്കക്കാര്‍ ആരും തങ്ങളുടെ സര്‍ക്കാരിനോട്, ഇനിയും പിന്നോക്കാവസ്ഥയില്‍ നിന്നു കരകയറാത്ത ഒരു രാജ്യമായ ഇറാഖ് അറ്റ്‌ലാന്റികിന് കുറുകെ എങ്ങനെ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് ചോദിച്ചില്ല. അല്ലെങ്കില്‍ അമേരിക്കയ്ക്ക് ഇറാഖ് എന്തിന് ഭീഷണിയാവണം? അന്ന് ഞങ്ങളുടെ അതിര്‍ത്തികള്‍ ലംഘിച്ച് അമേരിക്ക കടന്നുകയറിയിരുന്നില്ല. ഫലസ്തീന്റെയും അറബ് ദേശീയതയുടെയും മണ്ണ് കയ്യടക്കിയ സിയോണിസ്റ്റ് അധിനിവേശത്തോട് ഇറാഖും അമേരിക്കയും കൈക്കൊണ്ട വിപരീതങ്ങളായ നിലപാടുകളിലായിരുന്നു ഭീഷണി എന്നു പ്രചരിപ്പിക്കാന്‍ അമേരിക്കന്‍ അധികാരികള്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷെ അങ്ങനെയാണെങ്കില്‍ ഈ പ്രശ്‌നത്തില്‍ അമേരിക്കയെ ഏതിര്‍ത്തുകൊണ്ട് നിലപാടെടുത്ത ലോകത്തിലെ ഏക രാജ്യമോ അറബ് രാജ്യമോ അല്ല ഇറാഖ്. അതിനെല്ലാ മുപരി തങ്ങളുടെ അളവുകോല്‍ വച്ച് അളന്ന് ലോകത്തിന്റെ നിലപാടുകള്‍ തുന്നുന്ന തയ്യല്‍ക്കാരനാകാനും, അനുസരിക്കുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ യുദ്ധം നടത്താനും ആരാണ് അമേരിക്കയെ ചുമതലപ്പെടുത്തിയത്? അന്താരാഷ്ട്ര തലത്തിലുളള പ്രശ്‌നങ്ങളിലല്ല, പ്രദേശീക അസ്ഥിത്വത്തിന്റെ പേരില്‍ പോലുമുളള വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിക്കില്ലെങ്കില്‍ ജനാധിപത്യത്തിനു വേണ്ടിയുളള അമേരിക്കയുടെ ആഹ്വാനത്തെ നമ്മളെങ്ങനെയാണ് കാണേണ്ടത്?
അവരുടെ മറ്റൊരു നുണ അവര്‍ ഭീകരതയെന്നു പറയുന്ന സംഭവവുമായി ഇറാഖിനു ബന്ധമുണ്ടെന്നായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബ്ലെയര്‍ ഇറാഖിന് ഭീകരതയെന്നു വിളിക്കുന്നവയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമോ അന്താരാഷ്ട്ര തലത്തില്‍ നിരോധിക്കപ്പെട്ട ആയുധങ്ങളോ ഇല്ലയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങനെ പ്രഖ്യാപിക്കാന്‍ ബുഷിനെയും ബ്ലെയറിന്റെ വാദം നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, അമേരിക്കയിലെ പ്രമുഖരായ ആരും പ്രസിഡന്റ് ബുഷിനോട് ഏതു തരത്തിലുളള യുക്തി വിശകലനത്തിന്റെയും യഥാര്‍ത്ഥമായ ഏന്തു വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇറാഖിനെതിരെ ഭീകരബന്ധമെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് ചോദിച്ചില്ല. വിശിഷ്ടരായ മാന്യരേ മഹതികളേ, നിങ്ങള്‍ക്കറിയാമോ അവരെന്തുകൊണ്ട് അങ്ങനെ ചോദിച്ചില്ല? ഇറാഖിന്റെ നിലപാടുകളെപ്പറ്റി മോശമായ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാന്‍, മറഞ്ഞിരുന്ന ശക്തികള്‍ നയിച്ചതനുസരിച്ചാണ് നിങ്ങളുടെ പ്രമുഖരായ വ്യക്തിത്വങ്ങളില്‍ പലരും പ്രവര്‍ത്തിച്ചത്. യുദ്ധം തുടങ്ങുന്നതിന് സഹായകമായ അവസ്ഥയൊരുക്കാനായിരുന്നു വര്‍ഷങ്ങളായി അവര്‍ പ്രവര്‍ത്തിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തില്‍ എന്തുകൊണ്ട് ഒരൊറ്റ ഇറാഖികളും പങ്കെടുത്തില്ലയെന്നതു പോലുളള ചോദ്യങ്ങള്‍ അതുകൊണ്ടുതന്നെ അവരാരും അമേരിക്കന്‍ അധികാരികളോട് ഉന്നയിച്ചില്ല. അമേരിക്കന്‍ കേന്ദ്രങ്ങില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് ഒരു രാജ്യത്തിന്റെയും പിന്തുണയുണ്ടായിരുന്നുവെന്ന് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ വ്യക്തമായ രാഷ്ട്രീയ സംവിധാനമുളള ഇറാഖിനെപോലുളള രാജ്യത്തിന് ആ ആക്രമണത്തില്‍ പങ്കുണ്ടെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് ആരോപിക്കാനാവുക? ഇറാഖിനെതിരെ ഉന്നയിക്കപ്പെട്ട രണ്ടേ രണ്ടു ആരോപണങ്ങളില്‍ ഒന്നായിരുന്നു ഭീകരാക്രമണ ബന്ധം. ആ ആരോപണത്തെ ഇറാഖ് ജനതയ്‌ക്കെതിരെ അക്രമണമായി അഴിച്ചുവിടാനും അവരുടെ സ്വത്തുക്കളും നേട്ടങ്ങളും നശിപ്പിക്കാനും അവരുടെ ജീവിതത്തെ നേരിട്ടും നിത്യവുമായ ഭീഷണിക്കു കീഴില്‍ അമര്‍ത്താനും കഴിയുന്ന വിധത്തില്‍ പരിഗണിക്കാമെന്ന് കരുതാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു?
വിശിഷ്ട മഹതികളേ മാന്യരേ, നിങ്ങള്‍ക്കറിയാമോ എന്റെ അറസ്റ്റിനു ഏകദേശം രണ്ടാഴ്ചയ്ക്കു ശേഷം എന്നോടു സംസാരിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥരിലൊരാളോട് ഏന്തിനാണ് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അതിന് എന്ത് അടിസ്ഥാനമാണുളളതെന്നും ഞാന്‍ ചോദിച്ചിരുന്നു. കൂട്ടനശീകരണ ആയുധങ്ങളെപ്പറ്റിയുളള കാര്യത്തിലാണെങ്കില്‍ ''നിങ്ങള്‍ പറയുന്നതൊന്നും ഉറപ്പിക്കാന്‍ ഞങ്ങള്‍ക്ക് തെളിവൊന്നുമില്ലെന്ന്'' അയാള്‍ എന്നോടു പറഞ്ഞു. ഇനി ഭീകരരുമായുളള ബന്ധത്തിന്റെ കാര്യത്തിലാണെങ്കില്‍, അദ്ദേഹം പറഞ്ഞു: ''സദ്ദാം ഹുസൈന്‍, ആ സംഭവത്തിനു ശേഷം (സെപ്റ്റംബര്‍ 11) പ്രസിഡന്റ് ബുഷിന് നിങ്ങള്‍ ദുഖസൂചകമായ ഒരു കത്തെഴുതിയില്ല''
ഞാന്‍ പരുഷമായി ചിരിച്ചുകൊണ്ട് അയാളോടു പറഞ്ഞു: ഞങ്ങള്‍ നടത്തിയ പ്രസ്താവനകളെപ്പറ്റി നിങ്ങള്‍ക്കു യാതൊരു ധാരണയില്ല. നിങ്ങളുടെ അധികാരികള്‍ നുണ പറയുന്നതിനാല്‍ ലോകമെമ്പാടുമുളള മറ്റുളളവര്‍ അങ്ങനെ തന്നെ ചെയ്യുമെന്നു നിങ്ങള്‍ ധരിക്കുന്നു. അല്ലെങ്കില്‍ നിങ്ങളുമായി യഥാര്‍ത്ഥത്തില്‍ ബന്ധമുളള പലരും അവര്‍ നിങ്ങളെ എതിര്‍ക്കുമ്പോഴോ നിങ്ങളോട് യോജിക്കുമ്പോഴോ സത്യം പറയുന്നില്ല. അതൊരു അപകടകരമായ സംഗതിയാണ്. ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കു മാത്രമല്ല അമേരിക്കയ്ക്കു പോലും അപകടം വരുത്തുന്നതാണ് അത്. 'ഇത് തെറ്റാണെന്ന്' അല്ലെങ്കില്‍ ''ഇത് സ്വീകാര്യമല്ലെന്ന്'ലോകത്ത് ആരും അമേരിക്കയോട് പറയില്ല. അമേരിക്കന്‍ വിമാനങ്ങള്‍ ഇറാഖിലെ ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുമ്പോള്‍, സര്‍ക്കാരിന്റെയും ജനങ്ങളുടെയും സ്വത്തുക്കള്‍ നശിപ്പിക്കുമ്പോള്‍, കാരണങ്ങളൊന്നുമില്ലാതെ അന്യായമായ ഉപരോധത്തിലൂടെ കുട്ടികളും സ്ത്രീകളുമുള്‍പ്പടെയുളള ജനങ്ങളെ കൊന്നൊടുക്കുമ്പോള്‍, പ്രാഥമിക വിദ്യാലയങ്ങളില്‍ കുട്ടികള്‍ ഉപയോഗിക്കുന്ന പെന്‍സിലുകള്‍ പോലും ഇറക്കുമതി ചെയ്യാന്‍ അനുവാദമില്ലാതെ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുമ്പോള്‍ ഈ കുറ്റകൃത്യങ്ങളെല്ലാം ചെയ്ത ഭരണകൂടത്തിന്റെ പ്രസിഡന്റിന് ദു:ഖസൂചകമായി കമ്പിത്തപാല്‍ അയക്കാന്‍ സദ്ദാം ഹുസൈന് എന്തു ബാധ്യത? കാപട്യവും ദുര്‍ബലതയുമല്ലെങ്കില്‍ പിന്നെയതെന്താണ്? ഞാനൊരു കപടനാട്യക്കാരനോ ബലഹീനനോ അല്ലാത്തതിനാല്‍ ബുഷിന് ഞാന്‍ ദു:ഖസൂചകമായി കമ്പിത്തപാല്‍ അയച്ചില്ല. എന്നാല്‍ ഇറാഖ് സര്‍ക്കാരിന്റെ പേരില്‍ ഉപപ്രധാനമന്ത്രി സഖാവ് താരിഖ് അസീസ് വിപത്തുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ സുഹൃത്ത് റാംസെ ക്ലര്‍ക്ക് വഴി കമ്പിത്തപാല്‍ അയക്കുന്നതിനോട് ഞാന്‍ യോജിച്ചിരുന്നു.
തങ്ങള്‍ക്ക് ദു:ഖസൂചകമായി കത്തെഴുതാത്തവന്, അവന്റെ രാജ്യത്തിന്, അവന്റെ ജനങ്ങള്‍ക്ക് നേരെ യുദ്ധം അഴിച്ചുവിടണമെന്ന് ചിന്തിക്കാന്‍ മാത്രം മതിവിഭ്രമങ്ങളിലാണോ വലിയ ഭരണകൂടങ്ങള്‍? ഇവിടെ നിങ്ങള്‍ക്ക് അമേരിക്കന്‍ ഭരണാധികാരികള്‍ നിങ്ങളുടെ രക്തത്തെ തന്നെ തങ്ങളുടെ വീണ്ടുവിചാരമില്ലാത്ത, അക്രമണോത്സുക നയങ്ങള്‍ക്കായി ഉപയോഗിക്കുന്നതു കാണാം. ഇത്തരത്തിലുളളതായിരുന്നോ ആ ജനങ്ങളുടെ സ്വഭാവശുദ്ധി? ജനങ്ങള്‍ക്കും അല്ലങ്കില്‍ ഭരണാധികാരികള്‍ക്കും ഇത്തരത്തിലുളള മനോഭാവമാണോ വേണ്ടത്? ജനങ്ങളെ തച്ചുതകര്‍ക്കാനായി, മറ്റുളളവരുടെ ഭാഗധേയങ്ങളെ തെറ്റായി, മിഥാഭ്രമങ്ങളോടെ ആക്രമിക്കുന്നതിനായി ദുരന്തങ്ങളെ ഉപയോഗിക്കുന്നതിനേക്കള്‍ മോശമായിട്ടൊന്നുമില്ല. അമേരിക്കയെ ഇറാഖിനെതിരെയുളള യുദ്ധത്തിലേക്ക് നയിച്ച ഭരണാധികാരികള്‍ക്കുണ്ടായിരുന്ന ഏറ്റവും മോശമായ രോഗമാണിത്.
3. ഞാന്‍ അറസ്റ്റു ചെയ്യപ്പെട്ട ശേഷം അവര്‍ നിഷ്ഫലങ്ങളായ ഭീഷണികളും ഭയപ്പെടുത്തലുകളും എനിക്കെതിരെ നടത്തി. വിരട്ടലുകള്‍ക്കും ഭീഷണികള്‍ക്കു മിടയില്‍ അവരുടെ ജനറല്‍മാരിലൊരാള്‍ വിലപേശാനും ശ്രമിച്ചു. അവര്‍ തയാറാക്കി കാണിച്ച പ്രഖ്യാപനം ഞാനെന്റെ ശബ്ദത്തില്‍ വായിക്കുകയും ഒപ്പിടുകയും ചെയ്താല്‍ ജീവിക്കാനനുവദിക്കാമെന്ന് അവര്‍ എനിക്ക് വാഗ്ദാനം നല്‍കി. ഇറാഖി ജനതയോടും അവരുടെ ധീരരായ ചെറുത്തുനില്‍പ്പുകാരോടും ആയുധം താഴെ വയ്ക്കാന്‍ ആഹ്വാനം നല്‍കുന്നതായിരുന്നു അവര്‍ തയാറാക്കിയ ആ മണ്ടന്‍ പ്രഖ്യാപനം. ഞാന്‍ അത് നിരസിച്ചാല്‍ മുസോളനിയുടേതുപോലെ വെടിയേറ്റു മരിക്കലായിരിക്കും എന്റെ വിധിയെന്നാണ് എന്നോട് സംസാരിച്ചയാള്‍ പറഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്ക് എന്നെ അറിയാവുന്നതുപോലെ, അല്ലെങ്കില്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതുപോലെ ഞാനത് അവജ്ഞയോടെ തളളി; ആ വൃത്തികെട്ട രേഖ കൈകൊണ്ട് തൊടുക പോലും ചെയ്യാതെ; അതിന്റെ കറ പറ്റാന്‍ അനുവദിക്കുപോലും ചെയ്യാതെ. എന്റെ ജനതയെ അഭിസംബോധന ചെയ്യാന്‍ ഒരവസരം കിട്ടിയാല്‍ കൂടുതല്‍ ചെറുത്തുനില്‍പ്പുകള്‍ നടത്താന്‍ ഞാനാഹ്വാനം ചെയ്യുമെന്നും ഞാനവരോട് വ്യക്തമാക്കി.
ഏഴുദിവസത്തിനുശേഷം, അവരാഗ്രഹിക്കുന്നതു ലഭിക്കാനായി എന്നോടു സംസാരിക്കാന്‍ അവര്‍ ഒരു സംഘത്തെ അയച്ചു. തങ്ങള്‍ അമേരിക്കന്‍ സര്‍വകലാശാലയില്‍ നിന്നു വരികയാണെന്നും തുറന്ന വിശദ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അവരെന്നോടു പറഞ്ഞത്. ഞാനതിനു സമ്മതിച്ചു. അമേരിക്കന്‍ അധികാരികള്‍ അവകാശപ്പെടുന്നതുപോലെ ഇറാഖിന്റെ കയ്യില്‍ ഒന്നുമില്ലെന്നും ഞാനവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു. അവരോട് (അമേരിക്കയോട്) ഇറാഖ് ഉടന്‍ വിടാനും എന്റെ ജനതയോട് ക്ഷമായാചനം നടത്താനും ഞാനവരോട് നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ മോശമായ സംഗതികള്‍ അവര്‍ക്ക് ഇവിടെ നിന്ന് നേരിടേണ്ടി വരുമെന്ന് -( ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ മോശമായിരിക്കും അവരുടെ വിധിയെന്നാണ് ഞാന്‍ കരുതുന്നത്)-ഞാനവര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. ഇറാഖിന്റെ ഇരു പകുതികളും തങ്ങളെ വിഴുങ്ങുമ്പോള്‍ ആയുധങ്ങളും സംവിധാനങ്ങളുമായി പിന്‍മാറാന്‍ അവര്‍ക്ക് തെല്ലിടപോലും കിട്ടില്ല. ദൈവ നിശ്ചയത്താല്‍ ഞങ്ങളുടെ ജനത ആഴത്തില്‍ തിരിച്ചറിവും ബോധവും ഉളളവരാണ്. അവര്‍ക്കറിയാം വിമോചനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ തങ്ങളുടെ ഐക്യത്തിലൂടെയേ കഴിയൂവെന്നും. ഞങ്ങളുടെ ജനങ്ങള്‍ സഹനത്തെ ദിശാബോധത്തിനു തീര്‍ച്ചയായും അടിസ്ഥാനമാക്കും. മുറിവുകള്‍ അവരില്‍ ഏല്‍പ്പിക്കപ്പെട്ടതാണ്, സ്വയം ഉണ്ടായവയല്ല.

നിങ്ങളോട് പറയട്ടെ, ഞാനവരെ എല്ലാം വ്യക്തമായി ധരിപ്പിച്ചിരുന്നു. എന്നാല്‍ അവര്‍ അവരുടെ രീതികള്‍ മാറ്റിയില്ല, അവര്‍ അവരുടെ കളളതാക്കോലുകളും മാറ്റിയില്ല. അവരിപ്പോഴും തെറ്റായ വാതിലുകളില്‍ മുട്ടുകയും ന്യായയുക്തയുടെ വാതിലുകള്‍ തുറക്കാന്‍ പരാജയപ്പെടുകയും ചെയ്യുന്നു; സ്വയം അത് നന്നായി അറിയാമെങ്കില്‍ തന്നെയും അവര്‍ അതാവര്‍ത്തിക്കുന്നു. അതുമായി ബന്ധപ്പെട്ട് ഞാന്‍ ഈ കത്തില്‍ ഖുര്‍ആനില്‍ നിന്ന് കുറച്ചധികം ഭാഗം, 56 വരികള്‍ ചേര്‍ക്കട്ടെ.
(അറബിയില്‍ നിന്നുളള പരിഭാഷകളില്‍ ഖുര്‍ ആനിലെ ഉദ്ധരണികളോ അത് വ്യക്തമാക്കുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. അതിനാല്‍ ഇവിടെ അത് ചേര്‍ക്കാനായിട്ടില്ല. അതിനു ക്ഷമാപണം-വിവര്‍ത്തകന്‍)

4. ഇന്റലിജന്‍സ് സംവിധാനങ്ങളുടെ വാതിലുകള്‍ കിഴക്കും മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളിലും തുറന്നിരിക്കുമ്പോള്‍ അമേരിക്കയെപോലുളള രാജ്യത്തിന് സത്യങ്ങള്‍ അറിയില്ലെന്നോ, അല്ലെങ്കില്‍ അറിയാന്‍ കഴിയുകയോ ഇല്ലെന്ന് കരുതുന്നത് യുക്തിസഹവും വിശ്വസ്യയോഗ്യവുമല്ല.
അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മറുകരയില്‍ അമേരിക്ക വലിയ ഒരു രാജ്യമാണ്. അത് വ്യത്യസ്തമായ, ബദലില്ലാതെ, അപൂര്‍വമായ അധികാരമായി മാറിയിട്ടുണ്ട്. ലോകത്തിന്റെ കിരീടം തങ്ങള്‍ക്കു ലഭിക്കാനും തങ്ങള്‍ ലോകത്തിന്റെ ചക്രവര്‍ത്തി തുല്യരാകാനുമുളള യാത്രയിലാണെന്ന് അവിടെയുളള ചില ആള്‍ക്കാര്‍ ധരിക്കുന്ന വിധത്തില്‍ അതുമാറിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. തങ്ങളുടെ വിയറ്റ്‌നാം യുദ്ധത്തില്‍ നിന്ന് അവര്‍ പാഠങ്ങള്‍ ഒന്നും പഠിച്ചില്ലേ? ലോക കമ്യൂണിസവും സോവിയറ്റ് ബ്ലോക്കും തങ്ങളുടെ താല്‍പര്യത്തിനും മുഴുവന്‍ പാശ്ചാത്യലോകത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് പാശ്ചാത്യര്‍ ആദ്യം പ്രചരിപ്പിച്ചു. ആ പ്രചാരണവുമായി നോക്കുമ്പോള്‍ ഇതൊന്നുമല്ല. എന്നിരുന്നാലും അമേരിക്ക അത് ഉപയോഗിക്കുകയും അതില്‍ സ്വയം അടയിരിക്കുകയും ചെയ്തു. വിയറ്റ്‌നാം ജനത ബല പ്രയോഗത്തിലൂടെ പുറത്താക്കുന്നതുവരെ.
അന്താരാഷ്ട്ര തലത്തിലെ ശക്തിസന്തുലനത്തിന്റെ ഫലമായി അന്താരാഷ്ട്ര സമൂഹത്തിന്റെ സമീപനം മൂലം ഇറാഖില്‍ നടത്തിയ അധിനിവേശത്തിനു സമാനമായി വിയറ്റ്‌നാമില്‍ അമേരിക്കയ്ക്ക് ആദ്യ ചുവടുകള്‍ വയ്ക്കാനായി. പക്ഷെ വിയറ്റ്‌നാമിനുളളില്‍ നടത്തിയ യുദ്ധത്തിന് ഏറെ വിലകൊടുക്കേണ്ട സാഹചര്യം പിന്നീടു വന്നു.
അമേരിക്കയ്ക്ക് മുമ്പ് ഭയപ്പെടുത്താനുപയോഗിച്ചതുപോലുളള തടിയന്‍ വടികള്‍ ഇന്ന് ഉപയോഗിക്കാനാവില്ല. ഭീഷണിയില്‍ക്കൂടി ഭയപ്പെടുത്തിനേടുന്നതിനേക്കാള്‍, ശക്തി ഉപയോഗിക്കാതെ നേടാനാണ് അമേരിക്കയുടെ ശ്രമം. ഇറാഖ് യുദ്ധത്തിനുശേഷം പഴയ തടിച്ച വടി പലരെയും ഭയപ്പെടുത്തുന്നില്ല. തങ്ങളുടെ കുറ്റങ്ങള്‍ക്കും വീണ്ടുവിചാരമില്ലാത്ത, വഴിവിട്ട ചലനങ്ങള്‍ക്കുമെതിരെ നിശബ്ദരായിരിക്കാന്‍ ചെറിയ രാജ്യങ്ങളെ വരെ സന്തോഷിപ്പിക്കേണ്ട ശ്രമത്തിലും അവസ്ഥയിലുമാണ് അമേരിക്ക. മുമ്പ് പല രാജ്യങ്ങളും അമേരിക്കയെ ഭയപ്പെട്ടിരുന്നു. ഇന്നു വളരെക്കുറുച്ചുപേര്‍ മാത്രമാണ് അവരെ ഭയപ്പെടുന്നതും വകവച്ചുകൊടുക്കുന്നതും. അമേരിക്ക ഒരു കടലാസ് പുലിയാണെന്നുളള തന്റെ പ്രവചനം സത്യമാകുന്നതുകണ്ട് ചിലപ്പോള്‍ മാവോസേതുങ്ങ് തന്റെ കുഴിമാടത്തില്‍ ചിരിക്കുന്നുണ്ടാവും. ഇത് സനാതമായ ദൈവത്തിന്റെയും അവന്റെ വാഹകരായ മഹത്തായ, സമരോത്സുകരായ, ഇറാഖി മുജാഹിദുകളുടെയും ജിഹാദികളുടെയും ഇച്ഛയാണ്.അതിനാല്‍ ഇറാഖിലെ ധീരജനതയ്ക്കും മുജാഹിദുകള്‍ക്കും ജിഹാദികള്‍ക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ട്.
അമേരിക്കയിലെ മഹതികളെ, മാന്യരെ, ഏറ്റവും കരുത്തും അത്യാധുനിക ഉപകരണങ്ങളുമായി സായുധവല്‍ക്കരിക്കപ്പെടുകയും ചെയ്ത സൈന്യത്തെ തച്ചുതകര്‍ക്കാന്‍ ഇറാഖില്‍ പുതിയ സൈന്യം ഉണ്ടാവുകയും യുദ്ധം നേര്‍ക്കുനേര്‍ നടത്താന്‍ തയാറായിക്കൊണ്ടിരിക്കുകയു ചെയ്യുന്നു. സംഘടിതമായ സംവിധാനങ്ങളില്ലാതെ ഞങ്ങളുടെ ധീരരായ ജനതയും മുജാഹിദുകളും പുതിയ തരം യുദ്ധം നടത്തുന്നതാണ് ഇനി നിങ്ങള്‍ കാണുക . കരയിലുളള അമേരിക്കക്കാര്‍ വിപ്ലവകാരികളുടെ തോക്കിനും ദൈവ വിശ്വസത്തില്‍ മുങ്ങിയ മനുഷ്യബോംബുകള്‍ക്കും ഇരകളാകും. അമേരിക്കയുടെ ആധിപത്യം തകര്‍ത്തെറിയപ്പെടും. വാസ്തവത്തില്‍ വരുംനാളില്‍ അവരുടെ സംവിധാനങ്ങള്‍ പിന്‍വലിക്കാനാവാതെ സ്വയം ഭാരമായി മാറും. യുക്തിപരമായി ചിന്തിക്കുന്നവരുടെ അഭ്യര്‍ത്ഥനകളെ വിശ്വസിക്കുമോ? അല്ലെങ്കില്‍ സത്താന്റെയും വഞ്ചകരുടെയും വെറുപ്പുനിറഞ്ഞ സിയോണിസത്തിന്റെ പിന്തുണക്കാരുടെയും വാക്കുകളില്‍ വിശ്വസിച്ച് ഇവിടെ തുടരുമോ? അവസാനം തിരമാലകള്‍ തങ്ങളെ വിഴുങ്ങുകയും ഉഗ്രകോപിതമായ കടലിന്റെ അഴങ്ങളില്‍ മുങ്ങിത്താഴുന്നതുവരെയും കാത്തിരിക്കുമോ?

എല്ലാത്തിനുമുപരി ആരാണ് അമേരിക്കന്‍ സര്‍ക്കാരിനെ ലോക പോലീസായും നിയമിച്ചത്. തങ്ങളാഗ്രഹിക്കുന്ന വിധത്തില്‍ ലോകത്തെ രൂപപ്പെടുത്താനും വിവിധ രാജ്യങ്ങള്‍ക്ക് ദേശീയ ഉത്തരവുകള്‍ നല്‍കാനും ആരാധികാരം നല്‍കി?സ്ത്രീകളെ, മാന്യരെ, സദ്ദാം ഹുസൈന്‍ ആദരണീയനായ ദേശസ്‌നേഹിയും സത്യസന്ധനായ വ്യക്തിയുമാണ്. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ബാധ്യസ്ഥനായ രാഷ്ട്രീയക്കാരനാണ്. എന്നാല്‍ ദയാമനസ്‌കനുമാണ്. അയാള്‍ തന്റെ രാജ്യത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നു. അയാള്‍ നേരെ ചൊവ്വേയുളളവനും രണ്ടുവളളത്തില്‍ കാലുകുത്താത്തവനാണ്. അല്ലെങ്കില്‍ വഞ്ചകനുമല്ല. അയാള്‍ തനിക്കെതിരാണെങ്കില്‍ പോലും സത്യം മാത്രം തുറന്നു പറയുന്നു. ബുഷിനെപ്പോലുളള സേച്ഛാധികള്‍ക്ക് ഈ സ്വഭാവ സവിശേഷതകളുണ്ടോ? സദ്ദാം ഡി ഗുല്ലിയെപ്പോലെയായിരിക്കുയോ റീഗനെപ്പോലെയിരിക്കുകയോ ചെയ്തിട്ടുണ്ടോ? ചിലപ്പോള്‍ അയാള്‍ക്ക്(സദ്ദാമിന്) അവരെ മനസിലായേക്കുമെങ്കിലും തീര്‍ത്തും അവജ്ഞയോടെയാണ് അവരെ കണ്ടിരുന്നത്. പക്ഷെ മഹതികളെ; മാന്യരെ, ഞാന്‍ നിങ്ങളോടു പറയട്ടെ നിങ്ങളുടെ രാജ്യം ഇനിയും കൂടുതല്‍ കാണേണ്ടിവരും. അതിന് അതിന്റെ പ്രശസ്തിയും അസ്തിത്വവും നഷ്ടമായിരിക്കുന്നു. അമേരിക്കക്കാര്‍ക്ക് മുമ്പ് ലോകത്തെവിടെയും ചെന്നാല്‍ ആദരവും സുരക്ഷയും ഉണ്ടായിരുന്നു. ഇന്ന് മൈന്‍ കണ്ടെത്തല്‍ ഉപകരണത്തിന്റെ സഹായമില്ലാതെ അമേരിക്കയ്ക്കു പുറത്ത് കാലെടുത്തുകുത്താന്‍ അവര്‍ക്ക് കഴിയാത്ത അവസ്ഥ വന്നിരിക്കുന്നു. അമേരിക്കന്‍ ജീവിതങ്ങള്‍ക്ക് ഭീഷണിയായ മേഖലകളെക്കുറിച്ച് തുടര്‍ച്ചയായി അമേരിക്കന്‍ പ്രതിരോധവകുപ്പിന് മുന്നറിയിപ്പുകള്‍ നല്‍കേണ്ടി വരുന്നു. അമേരിക്കന്‍ വിരുദ്ധ മനോഭാവം ലോകത്ത് ഉണ്ടാക്കിതീര്‍ത്തത് അമേരിക്കന്‍ അധികാരികളും അവരുടെ തന്നെ നയങ്ങളുമാണ്. അവരുടെ അക്രമണ സ്വഭാവവും വെറുപ്പിക്കുന്ന കടന്നാക്രമണ മനോഭാവവും അന്താരാഷ്ട്ര നിയമങ്ങളോടും സുരക്ഷയോടും-( ഫലസ്തീനിലെ സിയോണിസ്റ്റ് അസ്ഥിത്വത്തിന് നല്‍കുന്ന പിന്തുണയോടെ എന്റെ അറബ് രാജ്യത്തിന്റെ സുരക്ഷയുള്‍പ്പടെ)- ആദരവില്ലായ്മയുടെ അഭാവവുമാണ് അത്തരമൊരവസ്ഥ ഉണ്ടാക്കിയത്.
ഇന്ന് നിങ്ങള്‍ ലോകത്തെപ്പറ്റി മുന്‍വിചാരം നടത്തുകയാണ്. നിങ്ങളെ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും രക്ഷിക്കാനാവില്ല. നിങ്ങള്‍ മാറുകയാണെങ്കില്‍, ലോകത്തിനും സ്വയം പുതിയ സാഹചര്യങ്ങള്‍ തുറക്കുകയാവും ചെയ്യുക. നിങ്ങള്‍ മനസിരുത്തുന്നില്ലെങ്കില്‍, അതു നിങ്ങളുടെ തീരുമാനം മാത്രമാവും. സുരക്ഷയാണഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് സമാധാനത്തെ അടിസ്ഥാനമാക്കുന്ന സ്വതന്ത്രവും തുറന്നതുമായ മത്സരമാണ്.
18-ാം നൂറ്റാണ്ടിനെ പിന്തുടര്‍ന്ന സ്ഥിരതയുളള വര്‍ഷങ്ങള്‍ അധിനിവേശക്കാരായി മദ്ധ്യപൂര്‍വദേശത്ത് അതിക്രമിച്ചു കടന്നുവന്നതോടെ ദൂരെ മറഞ്ഞിരിക്കുന്നു. അത് നമ്മളുടെ ഓര്‍മയിലേക്ക് ഉയര്‍ത്തെഴുന്നേല്‍പ്പിനെയും ചെറുത്തുനില്‍പ്പിനെയും കൊണ്ടുവരുന്നു. മദ്ധ്യ പൂര്‍വദേശവും മുഴുവനും പ്രത്യേകിച്ചള അറബ് മാതൃഭൂമിയും പ്രവാചകന്‍മാരുടെയും ദൈവ ദൂതരുടെ പിളളത്തൊട്ടിലായിരുന്നു. പ്രവാചകന്‍മാരെ സംസ്‌കരിച്ച കബറിടങ്ങള്‍ സ്ഥിതി ചെയ്യുന്നിടം പകവിദ്വേഷമുളള കയേറ്റക്കാരായ സാത്താന്‍മാരുടെയും കണ്ണാടി ദൃശ്യങ്ങളുടെയും ഗേഹമായി മാറി?
ഞങ്ങള്‍ ചിന്തിക്കുകയും ഞങ്ങളുടെ വിശ്വാസം ഞങ്ങള്‍ക്കുറപ്പുനല്‍കുകയു ചെയ്യുന്നത് സിയോണിസ്റ്റുകള്‍ സാത്താന്‍മാര്‍ക്ക് വഴികാട്ടികളാണെന്നാണ്. അവര്‍ അന്യായമായി കടന്നാക്രമണകാരികളായി വന്ന് ആഞ്ഞടിച്ചു. അവര്‍ മുന്നേറുന്നത് നിര്‍ത്തുകയോ വെറുതെ ഇരിക്കുകയോ ചെയ്തില്ല. അവരുടെ പൈശാചികനായ രക്ഷാധികാരിയാണ് അവരുടെ വൈഷമ്യങ്ങള്‍ തയാറാക്കിയത്. പക്ഷെ ഞങ്ങളെ സംബന്ധിച്ച കാരുണ്യവാനായ ദൈവമാണ് രക്ഷാധികാരി.
അമേരിക്കയിലെ ജനങ്ങളെ, നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങളുടെ ജനതയോടും ഞങ്ങളുടെ അറബ്‌ദേശീയതയോടും മാനുഷികതയോടും ഇറാഖിലെ ജനങ്ങളോടും- (ഇറാഖികള്‍ എന്നു ഞാന്‍ ഉദ്ദേശിക്കുമ്പോള്‍ ഞങ്ങളില്‍ നിന്ന് ഭിന്നിച്ച് സ്വന്തം ജനങ്ങളെക്കാള്‍ വിദേശിയര്‍ക്ക് പാദസേവ ചെയ്യുന്നവരെയല്ല)- കുറേയേറെ കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഞങ്ങള്‍ ചിന്തിക്കുന്നത് ഞങ്ങളുടെ വിധിയെപ്പറ്റി മാത്രമല്ല. മറ്റുളളവരുടേതു കൂടിയാണ്. വേദനനിറഞ്ഞ പ്രശ്‌നത്തിന് എവിടെയും പരിഹാരം സാധ്യമാക്കാനാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ തടവറയിലായിരിക്കുമ്പോള്‍ ഞാന്‍ ചില അമരിക്കക്കാരോട്, പ്രതിരോധക്കാര്‍ക്ക് തടവിലായ അമേരിക്കന്‍ സൈനികരെ കൈമാറാന്‍ അധികാരവും ആധികാരികതയുമുളള മറ്റൊരു രാജ്യത്തെ നിര്‍ദേശിച്ചു കൂടെ എന്ന് ആരാഞ്ഞിരുന്നു.
ഇപ്പോള്‍ അമേരിക്കന്‍ സൈനികരെ പിടികൂടിയാലുടന്‍ വധിക്കുന്നുവെന്നാണ് ആക്ഷേപം. ഇറാഖിലെ നടപടികളിലൊന്നും അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളോ തടവുകാരുടെയും കരുതല്‍ തടങ്കല്‍കാരുടെയും കാര്യത്തില്‍ ജനീവ കണ്‍വന്‍ഷന്‍ ധാരണകളോ ഒന്നും പാലിച്ചിട്ടില്ല. ഇറാഖില്‍ ചെറുത്തുനില്‍പ്പുകാര്‍ക്ക് തടവുകാരെ സുരക്ഷിതമായി താമസിപ്പിക്കാനുളള ഇടമില്ല. തടവുകാരെ സുരക്ഷിതമായി വയ്ക്കാന്‍ ഇടമില്ലെന്നത് ചെറുത്തുനില്‍പ്പുകാരുടെയോ അല്ലെങ്കില്‍ ചെറുത്തുനില്‍പ്പുമായി ബന്ധമില്ലാത്ത പാര്‍ട്ടികളുടെ ബാധ്യതയാണോ?
മാനുഷികമായ ആവശ്യങ്ങള്‍ പൂര്‍ത്തികരിക്കാനും തടവുകാരെ കൊല്ലുന്നതിന് ന്യായീകരണം കണ്ടെത്തുന്നത് അവസാനിപ്പിക്കാനുമായി ഞാനീ നിര്‍ദേശം നിങ്ങളുടെയും ദേശീയ ചെറുത്തുനില്‍പ്പുകാരുടെയും മറ്റ് താല്‍പര്യമുളളവരുടെയും മുമ്പില്‍ നല്ല ഉദ്ദേശത്തോടെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ ജനീവാ സമ്മേളനത്തെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുകയാണെങ്കില്‍ തടവിലടക്കുന്നതിനേക്കാള്‍ കൂടുതലായി കൊല്ലുന്നതിനു വേണ്ടി വാദിക്കുന്നത് അവസാനിക്കും. എന്നാല്‍ നിങ്ങളുടെ സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ സര്‍ക്കാര്‍അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതിന്റെ ഫലമായുണ്ടായ എല്ലാ കുഴപ്പങ്ങള്‍ക്കും സംഭവങ്ങള്‍ക്കും നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. ധീരോദാത്തരായ പ്രതിരോധക്കാരല്ല. സംഭവിക്കുന്നതിനെല്ലാം നിങ്ങള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍. പ്രത്യേകിച്ച് വരുംനാളില്‍ അമേരിക്കന്‍ തടവുകാരുടെ എണ്ണം കൂടുമെന്നത് സത്യമാണ്. അല്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കാരിന് കൊണ്ടറിയുന്നതുവരെ ഒന്നും മനസിലാക്കാന്‍ കഴിവില്ലേ?
മഹതികളെ; മാന്യരെ, അന്താരാഷ്ട്ര നിയമങ്ങള്‍ക്കു മുമ്പില്‍ ഏതു രാജ്യത്തില്‍ പെടുന്നവരാണെന്നോ, ആ രാജ്യത്തിന്റെ വലിപ്പമെന്തെന്നോ പരിഗണിക്കാതെ എല്ലാ ജനങ്ങളെയും തുല്യരായി നിങ്ങളുടെ സര്‍ക്കാര്‍ കാണേണ്ട കാലമായിരിക്കുന്നു. തങ്ങളുടെ നയങ്ങളിലൂടെയും തങ്ങളുടെ സൈന്യത്തിന്റെ പെരുമാറ്റത്തിലൂടെയും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കു മാത്രമാണ് അതിന്റെ പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം. അന്താരാഷ്ട്ര നിയമങ്ങളുടെ നിര്‍ദേശങ്ങള്‍ക്കു അനുരൂപമല്ല തങ്ങളുടെ നയങ്ങള്‍ എങ്കില്‍ മറ്റുളളവര്‍ ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ അവകാശം സംരക്ഷിക്കണമെന്നു വാദിക്കാന്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ല.
വിശിഷ്ട മഹതികളെ, മാന്യരേ, യുദ്ധം തടയാന്‍ ഒന്നും ചെയ്യാന്‍ അവസരം കിട്ടാതിരുന്നവര്‍ക്ക് ഇറാഖില്‍ സമാധാനവും സ്വാതന്ത്ര്യവും തിരികെക്കൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും അവസരമുണ്ട്. ആര്‍ക്കുവേണമെങ്കിലും വിദേശ ഇടപെടലുകളില്ലാതെ തങ്ങളുടെ ജനതയുടെ ഹിതത്തിനനുസരിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കാം.
അമേരിക്കയിലെ ജനങ്ങളെ, ഞാന്‍ നിങ്ങളോടു സംസാരിക്കുന്നത് ദുര്‍ബലതകളില്‍ നിന്നോ അല്ലെങ്കില്‍ ദയായാചകനോ ആയല്ല. ഞാന്‍, എന്റെ ജനത, എന്റെ സഹോദരര്‍, സഖാക്കള്‍, എന്റെ രാഷ്ട്രം -ഞങ്ങള്‍ നിങ്ങളോട് സംസാരിക്കുന്നത് ധാര്‍മികവും മാനുഷികവുമായ ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. ഞാന്‍ നിങ്ങളോട് പറയാം നിങ്ങളുടെ അധികാരികള്‍, അവരില്‍ ആദ്യത്തെയാള്‍ നിങ്ങളുടെ പ്രസിഡന്റ് ബുഷ് തന്നെ, നിങ്ങളോട് അസത്യം പറയുകയും നിങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തിരിക്കുന്നു. മാധ്യമങ്ങളെ ഉപയോഗിച്ച് ഇറാഖിനെ അത്യന്തം വഷളായും സദ്ദാം ഹുസൈനെ വെറുക്കപ്പടുന്ന സര്‍വാധിപതിയായും, ജനങ്ങള്‍ അവനെ കൈകാര്യം ചെയ്യാന്‍ തിടുക്കപ്പെട്ടിരിക്കുന്ന വിധത്തില്‍ നിന്ദിതാനാണെന്നു ചിത്രീകരിക്കുകയും ചെയ്തുകൊണ്ടാണ് അത് ചെയ്തത്. നുണയുടെ അഴക്കുചാലില്‍ നുരച്ചുകൊണ്ട് ചില മാധ്യമങ്ങള്‍ ഇറാഖികള്‍ അധിനിവേശസേനയെ റോസാപൂക്കളും ആഘോഷങ്ങളുമായി സ്വീകരിക്കുമെന്നുവരെ പരസ്യമായി പ്രഖ്യാപിച്ചു.
ആഴത്തിലുളള വിശകലനം നടത്താത്ത ഒട്ടനവധി പേരെ എനിക്കറിയാം. കെട്ടിച്ചമച്ച വാര്‍ത്തകളില്‍ നിന്ന സത്യത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ സമയമോ താലപര്യമോ,കൃത്യമായ ധാരണകളില്‍ എത്താന്‍ ശ്രദ്ധയോ, ആഗ്രഹമോ, സമയമോ അവര്‍ക്കില്ല. അമേരിക്കന്‍ ജനതയ്ക്ക് അന്വേഷിക്കാന്‍ ഒരവസരവും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന് സദ്ദാം ഹുസൈനെ ഇറാഖ് ജനത വെറുക്കുന്നുവെങ്കില്‍ ഖുമൈനിയുടെ ഇറാനെ എട്ടുവര്‍ഷം നീണ്ട അക്രമണോത്സുകമായ യുദ്ധത്തിലൂടെ എങ്ങനെ തോല്‍പ്പിക്കാനായി. ഇറാഖില്‍ വിപ്ലവം കയറ്റുമതി ചെയ്യുന്നതിന് തുടക്കം എന്ന മുദ്രാവാക്യവുമായിട്ടാണ് അവര്‍ പോരാടിയത്. അമേരിക്കന്‍ ജനങ്ങളേ, ഖുമൈനിയുടെഇറാനുമേലുളള വിജയം യുദ്ധത്തിന്റെ ഹ്രസ്വകാലംകൊണ്ട് കിട്ടയതല്ല. എട്ടുവര്‍ഷം നീണ്ട മുഷിഞ്ഞുളള നൂറുകണക്കിന് ജനങ്ങള്‍ രകതസാക്ഷിത്വം വരിച്ചും ആയിരക്കണക്കിന് ജനങ്ങള്‍ ഇറാന്‍ ഭാഗത്ത് മരിച്ചുകൊണ്ടുമാണ് സംഭവിച്ചത്.
അല്ലെങ്കില്‍ കരുതുക, സദ്ദാം ഹുസൈന്‍ സേച്ഛാധിപതിയായിരുന്നുവെങ്കില്‍ എന്തിന് 1980 ല്‍ യുദ്ധകാലത്ത് ഇവിടെ തെരഞ്ഞെടുപ്പോടു കൂടി ഒരു പാര്‍ലമെന്റ് ആദ്യമായി സ്ഥാപിച്ചു. 1958 നു ശേഷം ഇവിടെ പാര്‍ലമെന്റ ഇല്ലാതിരുന്നു എന്നിരിക്കെ? അയാളും അയാളുടെ സര്‍ക്കാരും സേച്ഛാധിപതികളായിരുന്നുവെങ്കില്‍, എങ്ങനെ അയാള്‍ക്ക് സ്‌ക്കൂളുകളും സര്‍വകലാശാലകളും പട്ടണങ്ങളും ഗ്രാമങ്ങളും സന്ദര്‍ശിക്കാനും സൂര്യനസ്തമിച്ചതിനുശേഷം രാത്രി അവിടെ ചെലവഴിക്കാനും കഴിയുന്നു? അയാള്‍ക്കെങ്ങനെ ചുറ്റുവട്ടങ്ങളില്‍ സഞ്ചരിക്കാനും രാത്രിയിലും പകലും യുദ്ധമുന്നണിയിലെത്തി നയിക്കാനും കഴിയുന്നു? മുസ്ലീം സഹോദരര്‍ക്കൊപ്പം യുദ്ധത്തിന്റെ മുന്‍നിരയില്‍ കിടങ്ങുകളിലും കഴിയാനാകുന്നു?
അതെ, മാന്യ മഹതികളെ മാന്യരെ, നിങ്ങളുടെ സര്‍ക്കാര്‍ നിങ്ങളെ വഞ്ചിരിക്കുന്നു. നിങ്ങള്‍ക്കോ നിങ്ങളില്‍ ഭൂരിപക്ഷത്തിനോ സ്വയമോ മറിച്ചോ സത്യം കണ്ടെത്താനാന്‍ അവസരമില്ലാത്ത വിധത്തില്‍. കാരണം മറ്റ് ചില അധികാരകേന്ദ്രങ്ങള്‍ക്കൊപ്പം യുദ്ധത്തിനായി വാദിച്ച ഉപജാപക സംഘത്തിലെ സിയോണിസ്റ്റുകള്‍ നിങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും യഥാര്‍ത്ഥസത്യം നിങ്ങള്‍ക്കു മുമ്പില്‍ നിന്ന് മറക്കുകയും ചെയ്യുന്നു. കെട്ടിച്ചമച്ചതും വളച്ചൊടിച്ചതുമായ വിവരങ്ങള്‍ മാത്രം കൈമാറുകയും ചെയ്യുന്നു. അതില്‍ അവസാനത്തേതായി, എന്നാല്‍ ഒട്ടും കുറവല്ലാതെ അവര്‍ സദ്ദാം ഹുസൈനെ സര്‍വ്വാധിപതിയായും ജനങ്ങള്‍ വെറുക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന ഒരാളായും ചൂണ്ടിക്കാട്ടുന്നു. പക്ഷെ എന്തുകൊണ്ട് ജനങ്ങള്‍ അവനില്‍ വിശ്വാസം പുലര്‍ത്തുകയും ഹിതപരിശോധനയിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു?
അമേരിക്കയിലെ ജനങ്ങളെ, നിങ്ങള്‍ക്കും ഞങ്ങളുടെ അറബ് ദേശത്തിനും ഞങ്ങളുടെ തന്നെ ധീരരായ ഇറാഖി ജനതയ്ക്കും -(അമേരിക്കയുടെ വിശ്വാസ്യതയയും പ്രശസ്തിയും തകര്‍ന്നതുമുള്‍പ്പടെ)- ബാധിച്ച ദുരിതത്തിനും കാരണം നിങ്ങളുടെ സര്‍ക്കാരിന്റെ വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തനമാണ്. അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനു ഒട്ടും ഗുണകരമല്ലാത്ത, പ്രത്യേക ഉദ്ദേശത്തോടെ കുറ്റകൃത്യങ്ങളും നിന്ദ്യമായ പ്രവര്‍ത്തികളും നിങ്ങളുടെ അധികാരികള്‍ ചെയ്തിനു പിന്നില്‍ സിയോണിസ്റ്റുകളുടെ സ്വാധീനമാണ്. കൂട്ടക്കൊലകളും രക്തവും ഇന്ന് ഇറാഖിന്റെ തെരുവിലും ഗ്രാമങ്ങളിലും മലവെളളംപോലെ ഒഴുകുകയാണ്. അതിന്റെ ഉത്തരവാദിത്തം മറ്റാരേക്കാളും മുമ്പ് അമേരിക്കയുടെ മേലാണ് പതിക്കുന്നത്. അത് നിങ്ങള്‍ക്കറിയാം അല്ലെങ്കില്‍ നിങ്ങള്‍ വൈകാതെ അറിയും. അമേരിക്കന്‍ സേന തങ്ങളുടെ വിമാനങ്ങളിലും ടാങ്കുകളിലും കൊണ്ടുവന്ന പിണിയാളുകളോ ഇറാനോ അല്ല അമേരിക്കയോട് മുന്നോട്ടുപോകാനും രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനും ജനങ്ങളുടെയും രാജ്യത്തിന്റെയും അന്തസും സ്വത്തും നശിപ്പിക്കാന്‍ ആവശ്യപ്പെടുന്നത്. അമേരിക്കയാണ് കടന്നാക്രമണവും അധിനിവേശവും നടത്തിക്കൊണ്ടിരിക്കുന്നത്. അതിപ്പോഴും ഉത്തരവിറക്കുന്നത് 'പച്ചമേഖലയില്‍' (ഗ്രീന്‍സോണ്‍) നിന്നാണ്. അതുകൊണ്ട് തന്നെ എല്ലാ കുറ്റങ്ങളുടെയും അതിക്രമങ്ങളുടെയും ഭാരം ചുമക്കേണ്ടത് അമേരിക്കയാണ്. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിന് വക്‌ത്രോക്തികളും വായാടിത്തവുമില്ലാതെ യഥാര്‍ത്ഥ സത്യത്തിന്റെ രീതികള്‍ ഉപയോഗിച്ച് നിങ്ങള്‍ അറുതി വരുത്താനാകുമോ? അല്ലെങ്കില്‍ പ്രശ്‌നം പരിഹാരത്തിന് ഒന്നും ചെയ്യാതെ മരണയന്ത്രത്തോട് ഇറാഖികളുടെയും അമേരിക്കകാരുടെയും കബന്ധങ്ങള്‍ തിന്നുന്നത് തുടരാന്‍ നിങ്ങള്‍ സമ്മതിക്കുമോ?

'' ഞങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങള്‍ ഞങ്ങള്‍ക്ക് വന്നപ്പോള്‍ ഞങ്ങള്‍ അത് വിശ്വസിച്ചു എന്നതു മാത്രമാണല്ലോ നീ ഞങ്ങളുടെ മേല്‍ കുറ്റം ചുമത്തുന്നത്. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേല്‍ നീ ക്ഷമ ചൊരിഞ്ഞു തരികയും, ഞങ്ങളെ നീ മുസ്ലീംങ്ങളായികൊണ്ട് മരിപ്പിക്കുകയും ചെയ്യണമേ''(വിശുദ്ധ ഖുര്‍ആന്‍ 7:126)

അമേരിക്കയിലെ ജനങ്ങളെ, ചില അധികാരകേന്ദ്രത്തിന്റെ പ്രേരണയാല്‍
നിങ്ങളുടെ സര്‍ക്കാര്‍ ലോകത്ത് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍-(അതിലൊന്നു മാത്രമാണ് ഇറാഖിലെയുദ്ധം)- അമേരിക്കന്‍ ജനതയുടെ താല്‍പര്യത്തിനുവേണ്ടിയല്ലെന്ന് നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ നന്നായി അറിയാം. ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ നിങ്ങള്‍ എത്ര രക്തംകൊടുത്തുവെന്നും അതിനുശേഷം അമേരിക്കന്‍ ഐക്യനാടുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്ര രക്തനദികള്‍ ചൊരിഞ്ഞുവെന്നും നിങ്ങള്‍ക്ക് മറ്റുളളവരേക്കാള്‍ നന്നായി അറിയാം. അതുകൊണ്ട് തന്നെ മഹതികളെ മാന്യരേ, ഇറാഖ് അവമതിക്കപ്പെടുന്നതിനെത്രയോ മുമ്പ് സ്വയം അവമതിയിലാഴുന്ന ഇടപെടലിനെ നിങ്ങള്‍ക്കെങ്ങനെ സ്വീകരിക്കാനാവുന്നു. അധിനിവേശത്തെ മാത്രമല്ല ഇറാഖിന്റെ രാജ്യാന്തരകാര്യങ്ങളെയും അമേരിക്ക കലുഷിതമാക്കുന്നത് നിങ്ങള്‍ക്കെങ്ങനെ അംഗീകരിക്കാനാവുന്നു? ഇറാഖ് പ്രവാചകന്‍മാരുടെയും വിശുദ്ധ ദൂതന്‍മാരുടെയും ശരിയായ വ്യക്തിത്വങ്ങളുടെയും നാടാണ്. മുഴുവന്‍ ഇസ്ലാമിക ലോകത്തിന്റെയും അറബ് ദേശീയതയുടെയും കാഴ്ചയില്‍ അറബ് മാതൃരാജ്യത്ത് മെക്കയും മദീനയും ജറുസലേമും കഴിഞ്ഞാല്‍ നാലാമത്തെ വിശുദ്ധ നഗരമാണ് ബാഗ്ദാദെന്നും നിങ്ങള്‍ക്കറിയാം. മറ്റൊരു പേരില്‍ മറ്റൊരു മുദ്രാവാക്യവുമായി ഈ കാലഘട്ടത്തില്‍ വന്നാല്‍ അധിനിവേശ ഭരണത്തോട് ഇറാഖ് അനുരഞ്ജനത്തിലാവുമെന്ന് എങ്ങനെ, ആര്‍ക്കു ചിന്തിക്കാനാവും. നിങ്ങളുടെ രാജ്യത്തെ രക്ഷിക്കുക, വിശിഷ്ട മഹതികളെ മാന്യരെ, ഇറാഖ് വിടുക.

സമാധാനം ഉണ്ടാവട്ടെ.
ദൈവം മഹാനാണ്. ദൈവം മഹാനാണ്.

ഒപ്പ്
സദ്ദാം ഹുസൈന്‍,
പരമാധികാര ഇറാഖിന്‍െ് പ്രസിഡന്റ്,
മുജാഹിദ് സായുധ സേനയുടെ കമാണ്ടര്‍ ഇന്‍ ചീഫ്
ജൂലൈ 7, 2006

------
1.അമേരിക്കന്‍ സൈന്യത്തിന്റെ തടവറയില്‍ നിന്ന് സദ്ദാം ഹുസൈന്‍ 2006 ജൂലൈ 7 ന് അറബിയില്‍ എഴുതിയതാണ് ഈ കത്ത്. സദ്ദാമിന്റെ അഭിഭാഷകര്‍ കത്ത് പിന്നീട് പ്രസിദ്ധപ്പെടുത്തി. വരികളില്‍ നിരവധി വ്യത്യസ്തങ്ങളോടെ, എന്നാല്‍ സമാനതകളോടെ ഇംഗ്ലീഷില്‍ ഒന്നിലേറെ വിവര്‍ത്തനങ്ങള്‍ കാണുന്നുണ്ട്. അതിനാല്‍ അവയെ എല്ലാം അടിസ്ഥാനമാക്കിയുളള സ്വതന്ത്ര വിവര്‍ത്തനമാണിത്.


Madhyamam weekly
2007 Jan.
Later reproduced in the book:
Charithram Ningalkku sikha vidhikkum (ila books, Kochi)

No comments:

Post a Comment