Saturday, July 17, 2010

ഇന്ത്യന്‍ മാര്‍ക്‌സിസത്തില്‍ ഇഷ്ടപ്പെടാവുന്ന കാര്യങ്ങളുണ്ട്

മുഖാമുഖം
രാമചന്ദ്ര ഗുഹ/ബിജുരാജ്
ഫോട്ടോ: ആര്‍.ബി, ചേറ്റുപുഴ
ചരിത്രമെഴുത്തില്‍ ഇടത്-വലത് ഓരങ്ങള്‍ ചേരാത്ത, നിഷ്പക്ഷമെന്ന് പൊതുവേ തോന്നാവുന്ന, ഒരു ധാരയുടെ വക്താവാണ് രാമചന്ദ്ര ഗുഹ. അതൊരു തരത്തില്‍ ചരിത്രകാരന് ഗുണവും മറ്റൊരു വിധത്തില്‍ ദോഷകരവുമാണ്. ഏതു ദിക്കില്‍ നിന്നും വിമര്‍ശനം സ്വാഭാവികമായി ഉയരും. മറുവശത്ത് സ്‌നേഹസ്വീകരണങ്ങളും ലഭിക്കും. 'ശല്യക്കാരനല്ലാത്ത വലുതപക്ഷക്കാരന്‍' എന്ന് ഇടതുപക്ഷവും 'ഇടതുകാരനെന്ന്' കോണ്‍ഗ്രസും വിമര്‍ശിക്കും. 'മുസ്ലിം വര്‍ഗീയവാദികളുടെ ചട്ടുകമെന്ന്' സംഘപരിവാറും 'മൃദുഹിന്ദു' വെന്ന് മുസ്ലിംപക്ഷവും 'മധ്യവര്‍ത്തി' എന്ന് നക്‌സലൈറ്റുകളും വിശേഷിപ്പിക്കും. ഒപ്പം ഇവര്‍ക്കെല്ലാം ചില തലങ്ങളില്‍ സ്വീകാര്യനുമാവും. എന്നാല്‍, രാമചന്ദ്ര ഗുഹയുടെ വിഷയമല്ല ഇത്തരം വിമര്‍ശനവും വിശേഷണങ്ങളും.
ചരിത്രകാരന്‍, ജീവചരിത്രകാരന്‍, സോഷ്യോളജിസ്റ്റ്, കോളമിസ്റ്റ്, അധ്യാപകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയനാണ് ഗുഹ. 1958ല്‍ ഡെറാഡൂണില്‍ ജനിച്ച ഗുഹ, ഡൂണ്‍ സ്‌കൂള്‍, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ്, ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യസം നേടി. തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് സോഷ്യോളജിയില്‍ ഡോക്ടര്‍ ബിരുദം. ഇന്ത്യ, യൂറോപ്പ്, അമേരിക്ക, ജര്‍മനി എന്നിവിടങ്ങളിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു. 2008 ല്‍, അമേരിക്കയിലെ 'ഫോറിന്‍' മാഗസിന്‍ ലോകത്തിലെ 100 മികച്ച ബുദ്ധിജീവികളെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 44-ാം സ്ഥാനക്കാരനായിരുന്നു ഗുഹ. രാജ്യത്തിനകത്തുനിന്നും പുറത്തു നിന്നും വിവിധ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹത്തെ രാജ്യം ഈ വര്‍ഷം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിരുന്നു. പൂര്‍ണസമയ എഴുത്തുകാരനാണ്. ബാംഗ്ലൂരില്‍ സ്ഥിരതാമസം. ദ ഹിന്ദു, ഹിന്ദുസ്ഥാന്‍ ടൈംസ്, ടെലിഗ്രാഫ് പത്രങ്ങളിലും ഔട്ട് ലുക്ക് വാരികയിലും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പതിവായി കോളങ്ങള്‍ എഴുതി വരുന്നു. ഇന്ത്യയിലെ മികച്ച നോണ്‍-ഫിക്ഷന്‍ രചയിതാവായി ന്യൂയോര്‍ക്ക് ടൈംസ് ഗുഹയെ പുകഴ്ത്തിയിരുന്നു.'ഇന്ത്യ: ആഫ്റ്റര്‍ ഗാന്ധി', 'ദ ആന്‍ക്വയിറ്റ് വുഡ്‌സ്, ' എ കോര്‍ണര്‍ ഓഫ് എ ക്രിക്കറ്റ്' , 'വിക്കറ്റ്‌സ് ഇന്‍ ദ ഈസ്റ്റ്', 'സോഷ്യല്‍ ഇക്കോളജി', 'ഇക്കോളജി ആന്‍ഡ് ഇക്വിറ്റി' എന്നിവയാണ് പ്രധാനകൃതികള്‍.
കൊച്ചിയില്‍, ഡി.സി.ബുക്‌സ് പുസ്തകോത്സവത്തോടനുബന്ധിച്ച് 'ഇന്ത്യന്‍ മാര്‍ക്‌സിസത്തിന്റെ ഭൂതവും ഭാവിയും' എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ഈയടുത്ത് രാമചന്ദ്ര ഗുഹ എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:കമ്യൂണിസവും ചരിത്രവിഡ്ഢിത്തങ്ങളും


താങ്കളുടെ പ്രഭാഷണ വിഷയത്തില്‍നിന്ന് തുടങ്ങാം. ഇന്ത്യന്‍ മാര്‍ക്‌സിസത്തിന് ഭാവിയുണ്ടോ?

ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനത്തിന് സാംഗത്യം നിലനിര്‍ത്തണമെങ്കില്‍ അവരുടെ പ്രവര്‍ത്തന-ചിന്താ രീതികളില്‍ അടിസ്ഥാനപരമായ ചില തിരുത്തലുകള്‍ വരുത്തേണ്ടത് ആവശ്യമാണ്. അത് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തെ പിന്തുടരണം. ഗാന്ധി, ബി.ആര്‍. അംബേദ്കര്‍, ഗോപാലകൃഷ്ണ ഗോഖലെ, രബീന്ദ്രനാഥ ടാഗോര്‍ എന്നിവരുടെ പാരമ്പര്യം. മാത്രമല്ല ബഹുപാര്‍ട്ടി ജനാധിപത്യത്തെ അംഗീകരിക്കുകയും അത് സമ്പൂര്‍ണമായി നടപ്പാക്കുകയും വേണം. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കനുസരിച്ച് നയരൂപീകരണം നടത്തണം. അതല്ലെങ്കില്‍ കേരളത്തിനും പശ്ചിമബംഗാളിനും അപ്പുറം മാര്‍ക്‌സിസത്തിന് ഒരിക്കലും വളരാന്‍ കഴിയില്ല. ഞാന്‍ മാര്‍ക്‌സിറ്റല്ല. മാര്‍ക്‌സിസ്റ്റ് വിരുദ്ധനുമല്ല. മാര്‍ക്‌സിസ്റ്റുകളെ ഞാനിഷ്ടപ്പെടുന്നതിന് നാല് ഘടകങ്ങളുണ്ട്. ഇഷ്ടമല്ലാത്തതിന് മറ്റ് ചില കാരണങ്ങളും.


ഇന്ത്യന്‍ മാര്‍ക്‌സിസത്തില്‍ എന്താണ് താങ്കള്‍ ഇഷ്ടപ്പെടുന്ന നാല് ഘടകങ്ങള്‍?

ഒന്ന് ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകള്‍ താരതമ്യേന വര്‍ഗീയവാദികളല്ല. സിക്കുവിരുദ്ധ കലാപകാലത്തും ബാബറി മസ്ജിദ് തകര്‍ത്തതിനുശേഷം ഉണ്ടായ കലാപങ്ങളിലുമൊക്കെ താരതമ്യേന മെച്ചപ്പെട്ട, വര്‍ഗീയ വിരുദ്ധമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്ക് മേധാവിത്വമുള്ള ബംഗാള്‍, കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ അളവിലുള്ള ഒറ്റ വര്‍ഗീയ കലാപങ്ങള്‍ പോലും ഉണ്ടായിട്ടില്ല എന്നത് തന്നെ അതിനുതെളിവാണ്. രണ്ടാമത് അവര്‍ താരതമ്യേന സത്യസന്ധരാണ്. പൊതുസമൂഹത്തിന്റെ പണം തങ്ങളുടെ വ്യക്തിപരമായോ കുടുംബപരമായോ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല.
മൂന്നാമത് അവര്‍ താരതമ്യേന നന്നായി വായിക്കുന്നവരാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസവും ചിന്താശീലവുമൊക്കെയുള്ളവരാണ്. നാലാമത് സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ആദിവാസികള്‍,ദളിതര്‍ എന്നിവര്‍ക്കൊപ്പമാണ് താരതമ്യേന തങ്ങളുടെ അസ്തിത്വം അവര്‍ കണ്ടെത്തുന്നത്. മാര്‍ക്‌സിസ്റ്റുകള്‍ മാത്രമല്ല നക്‌സലൈറ്റുകളും. ഇതാണ് ഞാന്‍ ഇഷ്ടപ്പെടുന്ന ഘടകങ്ങള്‍.


മാര്‍ക്‌സിസ്റ്റുകളെ ഇഷ്ടമല്ലാത്തതിന് ചില കാരണങ്ങള്‍ ഉണ്ടെന്നുകൂടി പറഞ്ഞു...


ഒന്നാമത് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ കൂടുതലായി ഇന്ത്യനല്ല. അങ്ങനെയായിരക്കേണ്ടതുണ്ട്. അവര്‍ ആരാധിക്കുന്ന ആചാര്യരുടെ ചിത്രങ്ങള്‍ തന്നെ നോക്കൂ. മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍. അതില്‍ ഒരൊറ്റ ഇന്ത്യക്കാരുമില്ല. നക്‌സലൈറ്റുകള്‍/മാവോയിസ്റ്റുകളാണെങ്കില്‍ അതില്‍ മാവോയുടെ പടം കൂടി ചേര്‍ക്കും. ഇന്ത്യക്കാരായ നേതാക്കളുടെ പടം വയ്ക്കണമെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്. മറിച്ച് യൂറോപ്പിലോ ചൈനയിലെയോ സാഹചര്യങ്ങളില്‍ വിജയിച്ചുവെന്നതിനാല്‍ ഇന്ത്യയില്‍ അത് അതേപടി പകര്‍ത്തി വിജയിക്കാനാവില്ല. ഇന്ത്യന്‍ സാഹചര്യങ്ങളെ മനസ്സിലാക്കി, അതനുസരിച്ച് മുന്നേറുന്നതില്‍ കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെടുന്നു എന്നാണ് ഞാന്‍ പറയുന്നത്. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കൂടുതല്‍ ഇന്ത്യാവല്‍ക്കരിക്കപ്പെടണം. രണ്ടാമത് അവര്‍ ബഹുപാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. അവര്‍ ജനാധിപത്യത്തെപ്പറ്റി പറയുമെങ്കിലും ഏക പാര്‍ട്ടി ആധിപത്യത്തിന്റെ വക്താക്കളാണ്. തങ്ങളുടെ പാര്‍ട്ടിക്ക് സമ്പൂര്‍ണ ആധിപത്യമുള്ള ഒരു രാഷ്ട്രീയ സംവിധാനത്തില്‍ മാത്രമാണ് അവര്‍ക്ക് വിശ്വാസം. മൂന്നാമതായി അവര്‍ ഒരിക്കലും തങ്ങള്‍ക്ക് പറ്റിയ/പറ്റുന്ന തെറ്റുകളെ അംഗീകരിക്കില്ല. ഗാന്ധിയൊക്കെ തങ്ങള്‍ക്കു പറ്റിയ തെറ്റുകള്‍ തുറന്നു സമ്മതിച്ചിട്ടുണ്ട്. പക്ഷേ, കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ തങ്ങളുടെ തെറ്റ് ഒരിക്കലും സമ്മതിച്ചുതരില്ല.

എന്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വരുത്തിയ തെറ്റുകള്‍?
പാര്‍ട്ടി വിവിധ കാലങ്ങളില്‍ നിരവധി തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി വരുത്തിയ തെറ്റുകളില്‍ നാലെണ്ണമാണ് ഞാന്‍ പ്രധാനമായി കാണുന്നത്. എല്ലാവരും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലിയ തെറ്റായി പറയുക ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്നതിനെയാണ്. പക്ഷേ, ഞാനതൊരു വലിയ തെറ്റായി കാണുന്നില്ല. ചരിത്രകാരനെന്ന നിലയില്‍ നോക്കുമ്പോള്‍ അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനത്തിന് ചില ന്യായീകരണങ്ങള്‍ ലഭിച്ചേക്കും. ചരിത്രത്തിന്റെ ചില ആനുകൂല്യങ്ങള്‍ അന്നത്തെ തീരുമാനത്തിനുണ്ട്. ഞാന്‍ കാണുന്ന ആദ്യത്തെ വലിയതെറ്റ് 1948 ല്‍, സ്വാതന്ത്ര്യം കിട്ടിയതിനുശേഷം അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിനെ സായുധമായി അട്ടമറിക്കാന്‍ അവര്‍ നടത്തിയ നീക്കമാണ്. അത് ജനങ്ങള്‍ തള്ളിക്കളഞ്ഞു. അത് പാര്‍ട്ടിയെപറ്റി ജനങ്ങളില്‍ സംശയമുണര്‍ത്തി. അതിന്റെ അന്നുവരെയുണ്ടായ ബഹുജന അടിത്തറ ഇളകി. രണ്ടാമത്തേത് ഇന്ത്യ-ചൈന യുദ്ധകാലത്ത് ചൈനീസ് അനുകൂല നിലപാട് എടുത്തു എന്നതാണ്. മൂന്നാമത് 1996 ല്‍ ജ്യോതി ബസുവിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷത്തിന് അധികാരത്തിലേറാന്‍ അവസരം കിട്ടിയപ്പോള്‍ അത് സ്വീകരിച്ചില്ല എന്നത്. ആ അവസരം ഉപയോഗിച്ചിരുന്നെങ്കില്‍ അതുവഴി തങ്ങളുടെ ആശയങ്ങള്‍ക്കും നയങ്ങള്‍ക്കും കേരളത്തിനും ബംഗാളിനും പുറത്ത് കുറേയേറെ സ്വീകാര്യത നേടിയെടുക്കാന്‍ അവര്‍ക്കാകുമായിരുന്നു. ജ്യോതി ബസു അന്നത്തെ സമീപനത്തെ ഹിമാലയന്‍ വിഡ്ഢിത്തം എന്ന് പിന്നീട് പറഞ്ഞു. പക്ഷേ, അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയോ പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ടോ ഇതുവരെ ഔദ്യോഗികമായി ശരിവെച്ചിട്ടില്ല. നാലാമത്തെ വലിയ വിഡ്ഢിത്തം എന്നത് 2004 ല്‍ യു.പി.എ. സര്‍ക്കാരില്‍ ചേരാനുള്ള അവസരം നിഷേധിച്ചുവെന്നതാണ്. ബഹുപാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടായിരുന്നെങ്കില്‍ ഇടതുപക്ഷങ്ങള്‍ അതില്‍ പങ്കെടുക്കുമായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുള്ള അഴിമതിക്കാരായ പാര്‍ട്ടികളേക്കാള്‍ അവര്‍ക്ക് മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കാനാകുമായിരുന്നു. തങ്ങളുടെ നല്ല നയങ്ങള്‍ നടപ്പാക്കാനും അതു വഴി വിശാലമായ ജനസ്വീകാര്യത നേടിയെടുക്കാനും കഴിയുമായിരുന്നു. ഈ തെറ്റുകള്‍ വിലയിരുത്താനോ തിരുത്തി മുന്നോട്ടുപോകാനോ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായിട്ടില്ല. തെറ്റുകള്‍ അംഗീകരിക്കാനുള്ള മാനസികാവാസ്ഥ ഇല്ലാത്തതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വലിയ വിജയം ഒന്നും ഭാവിയിലും നേടാനാവില്ല.

കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേര്‍ന്ന് താങ്കള്‍ പ്രവൃത്തിച്ചിട്ടുണ്ടോ?

ഞാനൊരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നിട്ടില്ല. പഠനത്തിന്റെയും ഗംവേഷണത്തിന്റെയുമൊക്കെ ഭാഗമായി 30 വര്‍ഷക്കാലം പശ്ചിമ ബംഗാളുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ തങ്ങിയിട്ടുണ്ട്. ഞാന്‍ ആദ്യം പശ്ചിമബംഗാളില്‍ എത്തുമ്പോള്‍, 1978 ല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയിട്ട് ഒരുവര്‍ഷമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതുവഴി അവരുടെ മിക്കവാറും എല്ലാ നിര്‍ണായക നിമിഷങ്ങളും സംഭവങ്ങള്‍ക്കും ദൃക്‌സാക്ഷിയായിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗുണകരമായവശങ്ങളെപ്പറ്റി പറഞ്ഞപ്പോള്‍ അഴിമതിരഹിതമാണ് എന്നു പറഞ്ഞു. പക്ഷേ, കേരളത്തിലെ സമകാലിക സംഭവവികാസങ്ങളുമായി അതെങ്ങനെ കൂട്ടിവായിക്കും?

ഞാന്‍ പറഞ്ഞത് കമ്യൂണിസ്റ്റ്പാര്‍ട്ടി പൂര്‍ണമായും അഴിമതിരഹിതമാണെന്നല്ല. താരതമ്യേന എന്ന പദം ഞാന്‍ ഉപയോഗിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അഴിമതിയുണ്ട്. നന്ദിഗ്രാമിലൊക്കെ കണ്ടതുപോലെ തങ്ങളുടെ വര്‍ഗ താല്‍പര്യത്തിനുവിരുദ്ധമായ നടപടികള്‍ അവര്‍ സ്വീകരിക്കുന്നുണ്ട്. ഞാന്‍ പറഞ്ഞത് മറ്റ് പാര്‍ട്ടികളുമായി, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ പാര്‍ട്ടികളുമായി നോക്കുമ്പോള്‍ അവര്‍ താരതമ്യേന അഴിമതി മുക്തരാണെന്നാണ്.ചരിത്രരചനയും ചതിക്കുഴികളുംഎന്താണ് താങ്കള്‍ക്ക് ചരിത്രം?

അതൊരു ജിജ്ഞാസയാണ്. ഇന്നലെകള്‍ എന്തായിരുന്നു എന്ന് അറിയാനുള്ള താല്‍പര്യം.സമൂഹത്തെപ്പറ്റി, ലോകത്തെപ്പറ്റി കൃത്യമായ ധാരണകള്‍ രൂപീകരിക്കാനുളള ശ്രമമാണത്. ഇന്നത്തെ ഇന്ത്യയെങ്ങനെ രൂപപ്പെട്ടു, ആരൊക്കെ, എങ്ങനെയൊക്കെ അതിനുവേണ്ടി പ്രവര്‍ത്തിച്ചു തുടങ്ങിയ കാര്യങ്ങള്‍ അറിയാനും യഥാര്‍ത്ഥ വസ്തുതകള്‍ തേടാനുമുള്ള അതിയായ ആഗ്രഹം. ഈ താല്‍പര്യത്തിന്റെ വികാസമാണ് എനിക്കു ചരിത്രമെഴുത്ത്.

ചരിത്ര ഗവേഷണത്തിലും രചനയിലും ഏര്‍പ്പെടുമ്പോള്‍ എന്തിനാണ് താങ്കള്‍ പ്രാധാന്യം നല്‍കുക? സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയെക്കുറിച്ചുളള പഠനത്തിനാണോ?

അല്ല. പല വശങ്ങള്‍ക്കും പ്രാധാന്യം നല്‍കും. സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിയില്‍ മാത്രം ഊന്നല്‍ നല്‍കുന്നത് ശരിയായ രീതിയായിരിക്കില്ല. ചിലപ്പോള്‍ സാമ്പത്തികമായിരിക്കും മുഖ്യം, ചിലപ്പോള്‍ സംസ്‌കാരം. ചിലപ്പോള്‍ രാഷ്ട്രീയത്തിനാവും. മറ്റു ചിലപ്പോള്‍ സാമൂഹ്യവശത്തിനാവും പ്രധാന്യം. എല്ലാത്തിനും തുല്യപ്രാധാന്യമുണ്ടാവുന്ന അവസ്ഥയുമുണ്ടാകും. ചരിത്രാന്വേഷണങ്ങള്‍ക്ക് ബഹുമുഖ ദിശാസ്വഭാവമാണുള്ളത്. ഒറ്റ ദിശമാത്രമല്ല ഉള്ളത്.

ചരിത്രത്തെ കമ്യൂണിസ്റ്റുകളും ഇടതുചരിത്രകാരും കാണുന്നത് വര്‍ഗസമരങ്ങളുടെ ചരിത്രമായിട്ടാണ്. ഈ വാദത്തോട് യോജിപ്പുണ്ടോ?

ഞാന്‍ മാര്‍ക്‌സിസ്റ്റ്-ചരിത്രകാരനല്ല. എനിക്ക് മാര്‍ക്‌സിസ്റ്റ് ചരിത്രകാരോടുള്ള വിയോജിപ്പ് അവരുടെ ഈ സമീപനമൂലമാണ്. അവര്‍ ഉല്‍പാദനവും അതിന്റെ രീതികളുമായി ബന്ധപ്പെട്ട് മാത്രം ചരിത്രത്തെ കാണുന്നു. സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥിതിയില്‍ ഊന്നുന്നത് ഒരു നിശ്ചിത തലം വരെ ഗുണകരമാണ്. എന്നാല്‍ അതിന് മാത്രം പ്രാമുഖ്യം കൊടുക്കുമ്പോള്‍ സാംസ്‌കാരികം, രാഷ്ട്രീയം പോലുള്ള മറ്റ് പല തലങ്ങള്‍ക്കും പ്രാധാന്യം നഷ്ടപ്പെടും. ആ ചരിത്രം യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതായിരിക്കില്ല.


കേരളത്തിനും ചരിത്രമെഴുത്തിന്റെ വലിയ പാരമ്പര്യമുണ്ട്. ഇ.എം.എസ്. ഉള്‍പ്പടെയുളളവരുടെ പങ്കിനെ എങ്ങനെ കാണുന്നു?

എനിക്ക് കേരളചരിത്രകാരെക്കുറിച്ച് കൂടുതലറിഞ്ഞുകൂടാ. ഞാന്‍ ഇ.എം.സിനെപ്പോലുള്ളവര്‍ എഴുതിയ ചരിത്രം വായിച്ചിട്ടില്ല. മാര്‍ക്‌സിസ്റ്റ് ചരിത്രകാരോട് എനിക്ക് യോജിപ്പില്ല എന്ന് ഞാന്‍ തൊട്ടുമുമ്പ് പറഞ്ഞു. ഒരു തലംവരയേ അവരുടെ ചരിത്രം ഗുണകരമാകൂ. അവര്‍ സാമ്പത്തിക വശങ്ങളില്‍ മാത്രമാണ് ഊന്നല്‍ നല്‍കുക. അവരുടെ താല്‍പര്യം പാര്‍ട്ടി താല്‍പര്യം മാത്രമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു പുറത്തു നടന്ന നല്ല കാര്യങ്ങള്‍ ഒന്നും അവര്‍ പരാമര്‍ശിക്കില്ല. മറിച്ച്, തങ്ങളുടെ നിസാരമായ പങ്കിനെ വല്ലാതെ പെരുപ്പിച്ച് കാട്ടുകയും ചരിത്രത്തെ വളച്ചൊടിക്കുകയും ചെയ്യും.ചരിത്രവും ചരിത്രമെഴുത്തും ഒരിക്കലും നിഷ്പക്ഷമായിരുന്നിട്ടില്ല എന്ന വാദത്തോട് താങ്കളെങ്ങനെയാണ് പ്രതികരിക്കുക?

ചരിത്രമെഴുത്ത് നിഷ്പക്ഷമൊന്നുമല്ല. ഒന്നും നിഷ്പക്ഷമല്ല. എല്ലാവരിലും ചായ്‌വുകള്‍, താല്‍പര്യങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. ചിലര്‍ തങ്ങളുടെ ചില താല്‍പര്യങ്ങള്‍ മറച്ചുവയ്ക്കും. ചിലര്‍ക്ക് സാമ്പത്തിക താല്‍പര്യങ്ങളാവും. മാര്‍ക്‌സിസ്റ്റു ചരിത്രകാരെപ്പോലുള്ളവര്‍ ചരിത്രത്തിലെ മതതാല്‍പര്യങ്ങള്‍ മറച്ചുവയ്ക്കും. മുന്‍കാലത്ത് ഒരു മതഭരണാധികാരി, മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളില്‍ നടത്തിയ അതിക്രമങ്ങളെ അത് സമ്പത്തിനുവേണ്ടി മാത്രമായിരുന്നു എന്നു പറയും. ആ ആക്രണത്തിനു പിന്നില്‍ പ്രവൃത്തിച്ചിരിക്കാനിടയുള്ള മതതാല്‍പര്യത്തെപ്പറ്റി പറയില്ല. ഇത് പലപ്പോഴും സംഭവിക്കുന്നുണ്ട്. പക്ഷേ, ചരിത്രകാരന്‍ തന്റെ പക്ഷപാതിത്വങ്ങളെപ്പറ്റി ബോധവാനായിരിക്കണം. അത് തന്നില്‍ ആധിപത്യം ചെലുത്താന്‍ അനുവദിച്ചുകൂടാ. അതിന് കൃത്യമായ കാഴ്ചപ്പാടുള്ളവര്‍ക്കേ കഴിയൂ. ചരിത്രം വായിക്കുന്നവരുടെ നിഷ്പക്ഷതയും വിഷയമാണ്. വായനക്കാര്‍ ചരിത്രം വിമര്‍ശനബുദ്ധിയോടു കൂടിയാണ് വായിക്കേണ്ടത്. ചരിത്രകാരന്‍ വിവിധ താല്‍പര്യങ്ങള്‍കൊണ്ട് വിട്ടുകളയുകയോ പെരുപ്പിച്ചുകാട്ടുകയോ ചെയ്ത കാര്യങ്ങള്‍ എന്താണ് എന്ന് കണ്ടെത്താനും മനസ്സിലാക്കാനുമുളള വിവേചന ബുദ്ധി വായനക്കാരന് ആവശ്യമാണ്. നമ്മുടെ ചരിത്രമെന്നത് ഇങ്ങനെ, കമ്യൂണിസവും വര്‍ഗീയതയും മറ്റ് ചില താല്‍പര്യങ്ങളും കുത്തി നിറച്ചതാണെന്ന് വായനക്കാരന്‍ തിരിച്ചറിയുന്നുണ്ട്.


നമ്മുടെ ചരിത്രകാരില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടി ചരിത്രമെഴുതുന്നു എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്...


അതില്‍ സത്യമുണ്ട്. ചരിത്രകാരില്‍ ഭൂരിപക്ഷം പേരും കൃത്യമായ രാഷ്ട്രീയ താല്‍പര്യം മുന്നോട്ടുവയ്ക്കുന്നുണ്ട്. നേരത്തെ പറഞ്ഞപോലെ ഒന്നും നിഷ്പക്ഷമല്ല എന്നതുവേറെ കാര്യം. ചരിത്രകാരില്‍ പലരും ബി.ജെ.പി., കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് എന്നീ പാര്‍ട്ടി പാളയങ്ങളിലാണ്. എന്നിട്ട് അവരുടെ പ്രചരണ നടത്തിപ്പുകാരായി മാറുന്നു. അവര്‍ ചരിത്രം സ്വയം സൃഷ്ടിക്കുന്നു. അത് നല്ല ഒരു പ്രവണതയല്ല. ചരിത്രകാരും എഴുത്തുകാരും പാര്‍ട്ടികള്‍ക്ക് അതീതരായിരിക്കണം.


ചരിത്രകാരന്‍ എന്നതിനപ്പുറം വ്യക്തി എന്ന നിലയില്‍ താങ്കള്‍ക്കും ചില രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ടാകുമല്ലോ?

ഞാനൊരു ലിബറല്‍ ഡെമോക്രാറ്റാണ്. ഒരു പാര്‍ട്ടിയിലും അംഗമല്ല, ഒരു പാര്‍ട്ടിയുടെ ഭാഗവുമല്ല. ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്നു, ഒത്തുതീര്‍പ്പുകളില്‍കൂടി, കൂടിയാലോചനകളില്‍കൂടി പ്രശ്‌ന പരിഹാരം കാണണമെന്ന പക്ഷക്കാരനാണ്. ഇതല്ലാത്ത മറ്റൊരു രാഷ്ട്രീയം എനിക്കില്ല.


താങ്കള്‍ ചരിത്രമെഴുത്തില്‍ 'മധ്യപാത' എന്നും സ്വീകരിക്കുന്നതായി വിമര്‍ശനമുണ്ട്. അതായത് വലതുപക്ഷമെന്ന് വിളിക്കപ്പെടാന്‍ താങ്കള്‍ ഇഷ്ടപ്പെടുന്നില്ല, മറിച്ച് ഇടതുകാരനന്നെ് വിളിക്കപ്പെടാനും. അത്തരം വിമര്‍ശനത്തെ എങ്ങനെ കാണുന്നു?

ഞാനൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞു. എഴുത്തുകാര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും താല്‍പര്യത്തിന്റെയും ഭാഗമായിരിക്കരുതെന്നാണ് കാഴ്ചപ്പാട്. അതിനാല്‍ വിമര്‍ശനങ്ങളെ ഞാന്‍ ഗൗനിക്കുന്നില്ല. മധ്യവര്‍ത്തിപോലുള്ള വിമര്‍ശനമാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. അത് അഭിനന്ദനകരമായിട്ടാണ് ഞാന്‍ എടുക്കുന്നത്. വര്‍ഗീയവാദത്തെ എതിര്‍ക്കുമ്പോള്‍ സംഘപരിവാറുകാര്‍ എതിര്‍ക്കും. കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകളുമെല്ലാം അവര്‍ക്ക് ഞാന്‍ അനുകൂലമല്ലെങ്കില്‍ എതിര്‍ക്കും. അവരത് കുറേക്കാലമായി ചെയ്തുവരുന്നു. അതില്‍ വലിയ കാര്യമൊന്നുമില്ല.


ഇന്ത്യയില്‍ ചരിത്രപഠനം ഗൗരവമായി കണക്കാക്കപ്പെടുന്നുണ്ടോ?

ഇല്ല. പൊതുവില്‍ ചരിത്രം ഒരു അവഗണിക്കപ്പെട്ട വിഷയമാണ്. അടിസ്ഥാന ശാസ്ത്രം പോലും അവഗണിക്കപ്പെടുകയാണ്. നമ്മളുടെ വിദ്യാഭ്യാസം തൊഴിലിനെ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ഇനി പഠിപ്പിക്കുന്ന ചരിത്രമാകട്ടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതും, വളച്ചൊടിച്ചതുമാണ്. ഹിന്ദുവര്‍ഗീയവാദത്തെ സേവിക്കുന്നതലത്തിലാണ് ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നത്. വിദ്യഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം വരുത്തിയേ തീരൂ. ഈ വിഷയത്തെ ഗൗരവമായി സ്വീകരിക്കുന്നവര്‍ സ്വതന്ത്രവും ധീരവുമായ നിലപാട് കൈക്കൊള്ളണം.


പക്ഷേ, നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ പലതും ദുര്‍ഗ്രാഹ്യവും വായനാക്ഷമതയില്ലാത്തതുമാണെന്ന് അഭിപ്രായമുണ്ട്?

ശരിയാണ്. കൂടുതല്‍ ചരിത്രപുസ്തകങ്ങളും അങ്ങനെയാണ്. ചരിത്രപുസ്തകങ്ങള്‍ എഴുത്തുകാരുടെ തങ്ങളുടെ വാദങ്ങളും തെളിവുകളും കുത്തിനിറച്ച ഒന്നായി മാറുന്നുണ്ട്. എന്നെ സംബന്ധിച്ച് ചരിത്രം സാഹിത്യത്തിന്റെ ഭാഗമാണ്. അത് സുന്ദരമായി, വായനാക്ഷമതയുണര്‍ത്തുന്ന വിധത്തില്‍ എഴുതപ്പെടണം. രസകരമായി, ബുദ്ധിപരമായ രീതിയില്‍ എഴുതുന്ന പുസ്തങ്ങളേ വായിക്കപ്പെടൂ.

അത്തരം രീതിയില്‍ മികച്ച ചരിത്രരചയിതാക്കളായി താങ്കള്‍ കണക്കാക്കുന്നതാരെയാണ്?

പുതിയ കുറേ സ്വതന്ത്രരായ എഴുത്തുകാര്‍ കടന്നുവരുന്നുണ്ട്. സജ്ജയ് സുബ്രഹ്മണ്യത്തെപ്പോലുള്ളവര്‍. ഒരു രാഷ്ട്രീയപാര്‍ട്ടികളുടെയും ഭാഗമല്ലാതെ അവര്‍ ചരിത്രപുസ്തകങ്ങള്‍ മനോഹരമായി എഴുതുന്നുണ്ട്.


താങ്കളുടെ എറെ ചര്‍ച്ചചെയ്യപ്പെട്ട 'ഇന്ത്യ: ഗാന്ധിക്കുശേഷം' എന്ന പുസ്തകത്തില്‍ സോഷ്യലിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും കൃത്യമായ പ്രാതിനിധ്യം നല്‍കിയിട്ടില്ല എന്ന ആക്ഷേപം ഉണ്ട്...

എന്റെ പുസ്തകത്തില്‍ സോഷ്യലിസ്റ്റുകള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കുമെല്ലാം കൃത്യമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. അവരുടെ പല പ്രവൃത്തികളും ജനാധിപത്യവിരുദ്ധമായിരുന്നു എന്നത് വിട്ടുകളഞ്ഞ് കൊണ്ട് തന്നെ. എന്റെ വിഷയത്തിന്റെ ഊന്നല്‍ ഈ വിഭാഗങ്ങളിലായിരുന്നില്ല. അതായിരുന്നില്ല എന്റെ പുസ്തകത്തിന്റെ വിഷയവും. വിമര്‍ശനങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നുണ്ട്. എന്റെ പുസ്തകങ്ങള്‍ ആള്‍ക്കാര്‍ വായിക്കുകയും അഭിപ്രായം ചെയ്യുകയും ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ. നാളെ ഒരു ദിവസം എന്റെ കണ്ടെത്തലുകള്‍ മുഴുവന്‍ തെറ്റാണെന്ന് പറഞ്ഞ് കൂടുതല്‍ തെളിവുകളുമായി മറ്റൊരു ചരിത്രകാരന്‍ വന്നുകൂടെന്നില്ല. ചരിത്രകാരനെന്ന നിലയില്‍ ഞാനതിനെ സ്വാഗതം ചെയ്യും. പുതിയ പുതിയ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.


'ചരിത്രത്തിന്റെ അബ്രാഹ്മണ്യവല്‍ക്കരണം' എന്ന രീതിയെപ്പറ്റി എന്തു പറയും? ബ്രജ് രജ്ഞന്‍ മണിയെപ്പോലുള്ളവര്‍ അതേ പേരില്‍ ചരിത്രത്തെ ദളിത് പക്ഷത്തുനിന്ന് എഴുതിയിട്ടുണ്ട്?

ഞാന്‍ ബ്രജ് രജ്ഞന്‍ മണിയുടെ പുസ്തകത്തെപ്പറ്റി കേട്ടിട്ടേയുള്ളൂ. വായിച്ചിട്ടില്ല. അതിനാല്‍ അഭിപ്രായം പറയുന്നത് ശരിയായിരിക്കില്ല. പക്ഷേ, ഞാന്‍ ഇത്തരം സ്‌ളോഗനുകള്‍ക്ക് എതിരാണ്. ചരിത്രം നിഷ്പക്ഷമായി എഴുതുകയാണ് വേണ്ടത്. അല്ലാതെ അതിനെ എന്തിന് ദളിത്പക്ഷം, സ്ത്രീപക്ഷം എന്നൊക്കെ ജാര്‍ഗണുകള്‍ നല്‍കണം. തീര്‍ച്ചയായും ചരിത്രമെഴുതുമ്പോള്‍ ഏത് സമൂഹത്തെപ്പറ്റിയാണോ എഴുതുന്നത് അതിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും മര്‍ദിതര്‍ക്കും ഊന്നല്‍ നല്‍കണം. എന്നാല്‍ വിഭാഗീയമായി, ഒരു വശത്ത് നിന്ന് മാത്രം ചരിത്രമെഴുതുന്നൂവെന്ന് പറയുമ്പോള്‍ അതിനോട് യോജിക്കാനാവില്ല.


ചരിത്രമെഴുത്തുകാരില്‍ നല്ലൊരു പങ്ക് ഇടത്തരക്കാരോ അതില്‍ ഉയര്‍ന്നതോ ആയ വര്‍ഗത്തില്‍ നിന്നും ജാതിയില്‍ നിന്നും വന്നവരാണ്.

തര്‍ക്കമില്ല. സ്വഭാവികമാണ്. ചരിത്രം ആര് എഴുതി എന്നതല്ല വിഷയം. എങ്ങനെ സത്യസന്ധമായി ചരിത്രം അവതരിപ്പിക്കുന്നു എന്നതാണ്. ഇനി താഴെത്തട്ടില്‍ നിന്ന് വരുന്നവര്‍ സത്യസന്ധമായി ചരിത്രത്തെ എഴുന്നവരല്ലെങ്കിലോ? ഇന്ന് പക്ഷേ വളരെ സാധാരണക്കാരായ ആള്‍ക്കാര്‍ ചരിത്രരചനയിലേക്ക് കടന്നുവരുന്നുണ്ട്. അതൊരു മാറ്റമാണ്. ജാതിയെപ്പറ്റി മാത്രം പറയുന്നവരോട് എനിക്ക് താല്‍പര്യമില്ല.
ക്രിക്കറ്റിന്റെ വര്‍ഗവും ജാതിയുംക്രിക്കറ്റ്മായി ബന്ധപ്പെട്ട് താങ്കള്‍ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ക്രിക്കറ്റിനെയും അതിലെ സമകാലിക വാണിജ്യതാല്‍പര്യങ്ങളെയും എങ്ങനെ കാണുന്നു?

ക്രിക്കറ്റ് എന്റെ വിഷയമാണ്. ഇന്ന് അറിയപ്പെടുന്നതില്‍ ഏറ്റവും മികച്ചതും നവീനമായതുമായ ആ കളിയുടെ ഒരു ആരാധകനായിരുന്നു ഞാന്‍. പക്ഷേ, ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റ് കാണാറില്ല. അതിനാല്‍ ഇനി ക്രിക്കറ്റ്മായി ബന്ധപ്പെട്ട് ഒരു പുസ്‌കതം എഴുതാന്‍ തല്‍ക്കാലം ഉദ്ദേശവുമില്ല. അത്യധികമായ കൊമേഴ്‌സ്യല്‍വല്‍ക്കരണവും സങ്കുചിത ദേശീയവാദവും (ജിംഗോയിസം) കളി നശിപ്പിച്ചിട്ടുണ്ട്. ഐ.പി.എല്‍. അതിന്റെ വികസിത രൂപമാണ്. മുമ്പ് ഓസ്‌ട്രേലിയയാണോ വെസ്റ്റിന്‍ഡീസാണോ എന്ന് നോക്കാതെ മികച്ച കളിയെ പുകഴ്ത്തിയിരുന്ന മനോഭാവം നഷ്ടമായി. മാത്രമല്ല കളിയുടെ മനോഹാരിത, ബാറ്റ്‌സ്മാന്‍മാര്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുന്ന ട്വന്റി-ട്വന്റി ക്രിക്കറ്റ് നഷ്ടമാക്കി. ഞാന്‍ പഴയ മനുഷ്യനാണ്. ടെസ്റ്റ് മത്സരങ്ങളാണ് താല്‍പര്യം. പറഞ്ഞത് ശരിയാണ് കൊമേഴ്‌സ്യല്‍ വശം ക്രിക്കറ്റിനെ നശിപ്പിച്ചു കഴിഞ്ഞു.

പക്ഷേ, ക്രിക്കറ്റിന്റെ വര്‍ഗ-ജാതി സ്വഭാവം പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. ഇപ്പോഴും ഫുട്‌ബോളാണ് സാധാരണക്കാരന്റെ കളിയായി കരുതപ്പെടുന്നത്?

ക്രിക്കറ്റ് ഇന്ന് എല്ലാ വിഭാഗക്കാരും കാണുന്നുണ്ട്. സത്യമായിരിക്കാം, ഇന്നും ക്രിക്കറ്റ് കളിക്കുന്നത് ഇടത്തരത്തിനുംമേലുള്ള ഇടത്തരം വര്‍ഗ്ഗമായിരിക്കാം. എന്നാല്‍ തന്നെ ക്രിക്കറ്റ് സാധാരണക്കാരന്റെ കളിയായി മാറിക്കഴിഞ്ഞു. അത് എല്ലാ വിഭാഗങ്ങളും, ആണും പെണ്ണും വ്യത്യാസമില്ലാതെ, പണക്കാരനെന്നും പാവപ്പെട്ടവനെന്നും വ്യത്യാസമില്ലാതെ എല്ലാവരും കാണുന്നുണ്ട്. അതിന്റെ കൊമേഴ്‌സ്യല്‍ വശത്തെപ്പറ്റിയല്ല ഞാന്‍ ഉദ്ദ്യേശിക്കുന്നത്. ഇന്ത്യന്‍ ടീമിലെ പല കളിക്കാരും, ധോണിയെയും സേവാഗിനെയും പോലുള്ളവര്‍ അടിസ്ഥാന വര്‍ഗ വിഭാഗത്തില്‍ നിന്നാണ് വരുന്നത്. ഇപ്പോഴും കൂടുതല്‍ പേര്‍ ഇടത്തരം വര്‍ഗവിഭാഗത്തില്‍ നിന്നാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഇന്ന് നാട്ടിന്‍പുറങ്ങളില്‍ വരെ വളരെ സാധാരണക്കാര്‍ വരെ കളിക്കുന്നു.

വിമര്‍ശനങ്ങള്‍, സമീപനങ്ങള്‍ഇന്ത്യന്‍ സാഹചര്യത്തില്‍ ചരിത്രം എന്നും രാഷ്ട്രീയമുദ്രാവാക്യവുമായി ചേര്‍ന്നിരിക്കുന്നു. ഞാനുദ്ദ്യേശിച്ചത് അയോധ്യപോലുള്ള സംഘ്പരിവാര്‍ വാദങ്ങളെയാണ്. ഇന്നലെകള്‍ ഇന്നിനെ വേട്ടയാടുന്ന ഒരവസ്ഥയുണ്ട്..

ഉണ്ട്. വര്‍ഗീയവാദികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് അടിത്തറ കണ്ടെത്തുന്നത് ചരിത്രത്തിലാണ്. ശരിയായ ചരിത്രത്തിലല്ല, വളച്ചൊടിക്കപ്പെട്ട ഏതൊക്കെയോ പ്രചരണങ്ങളിലും കിംവദന്തികളിലുമാണ് അവര്‍ മുദ്രാവാക്യങ്ങള്‍ തേടുന്നത്. ബാബറി മസ്ജിദ് വിഷയം സംഘപരിവാര്‍ ഉയര്‍ത്തിയത് ഇങ്ങനെയാണ്. ഇന്നത്തെ കണക്കുകള്‍ തീര്‍ക്കാന്‍ ചരിത്രത്തെ ഉപയോഗിച്ചുകൂടാ. 'അയോധ്യാ'സമയത്ത് സംഘപരിവാറിന്റെ മുദ്രവാക്യം 'ബാബര്‍ കി ഔലാത്ത്' എന്നായിരുന്നു. ഇതൊക്കെ വെറുപ്പുളവാക്കുന്നതാണ്. കഴിഞ്ഞ കാലയുദ്ധങ്ങള്‍ പുതിയ കാലത്തിന് യുദ്ധത്തിനുവേണ്ടി ഉപയോഗിച്ചുകൂടാ. ചരിത്രം നന്മയ്ക്കുവേണ്ടി മാത്രമേ പ്രയോജനപ്പെടുത്താവൂ.


സംഘ്പരിവാര്‍ ഉന്നയിച്ച മുഖ്യ ആരോപണങ്ങളില്‍ ഒന്ന് കാശ്മീര്‍ രാജ്യാന്തര തര്‍ക്കവിഷയമാണെന്ന് സമ്മതിക്കുക വഴി രാജ്യവിരുദ്ധ സമീപനം താങ്കള്‍ കൈക്കൊണ്ടു എന്നതാണ്. എങ്ങനെ കാണുന്നു?

കാശ്മീര്‍ ഒരു തര്‍ക്ക വിഷയമാണ്. അതില്‍ എന്താണ് സംശയം? ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധങ്ങള്‍ തന്നെ അതിന് തെളിവാണ്. ചരിത്രകാരനെന്ന നിലയില്‍ തന്റെ രാജ്യത്തെ ന്യായികരിക്കുകയോ അതിന് ഹിതമായ കാര്യം പറയുകയോ അല്ല എന്റെ കടമ. സത്യം സത്യമായി പറയണം. മുമ്പ് ഞാന്‍ അരുണാചാലിലെ ചില മേഖലള്‍ക്കു മേലുള്ള ചൈനീസ് അവകാശവാദങ്ങളില്‍ ചില അടിസ്ഥാനവശങ്ങള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ചരിത്രകാരന്‍ യാഥാര്‍ത്ഥ്യങ്ങളോടും വസ്തുതകളോടുമാണ് നീതി പുലര്‍ത്തേണ്ടത്. കാശ്മീര്‍ രാജ്യന്തര തര്‍ക്ക വിഷയമാണ് എന്നത് ഞാനാവര്‍ത്തിക്കും. പക്ഷേ, അതിനര്‍ത്ഥം പാകിസ്താന്‍ കാശ്മീരില്‍ ചെയ്തുകൊണ്ടിരിക്കുന്ന അക്രമത്തിന്റെ മാര്‍ഗങ്ങള്‍ ശരിയാണെന്നല്ല. ലഷ്‌കര്‍-ഇ-തൊയിബയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ അവരുടെ ധാര്‍മികത ഇല്ലാതാവുന്നുണ്ട്. നിരപരാധികളെ കൊന്നുകൊണ്ട്, അക്രമം അഴിച്ചുവിട്ടുകൊണ്ട്, വര്‍ഗീയവാദം പടര്‍ത്തിക്കൊണ്ട് അവര്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിക്കും ഞാന്‍ എതിരാണ്. കാശ്മീര്‍ പ്രശ്‌നത്തിന് വര്‍ഷങ്ങളുടെ, വിഭജനകാലത്തോളം പഴക്കമുണ്ട്. അതില്‍ ചര്‍ച്ചയും കൂടിയാലോചനയുമൊക്കെ വേണം. ആര്‍ക്കെങ്കിലും ഹിതകരമല്ല എന്നതുകൊണ്ട് ചരിത്രകാരന് ചരിത്രസത്യങ്ങള്‍ നിഷേധിക്കാനാവില്ല.


ഒരു ചരിത്രകാരനെന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തില്‍ എന്താണ് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നങ്ങള്‍?

മതമൗലികവാദം, ഇടതുതീവ്രവാദം അതായത് നക്‌സലിസം, രാഷ്ട്രീയ അഴിമതി, പരിസ്ഥിതിക്കുമേലുള്ള കടന്നാക്രമണം-എന്നിവയാണ് ഞാന്‍ കാണുന്ന നാല് പ്രധാന പ്രശ്‌നങ്ങള്‍. ഇവയെല്ലാം ഇന്ത്യക്കാരുടെ തന്നെ സൃഷ്ടിയാണ്. പുറത്തുള്ള ആരെയും നമുക്ക് കുറ്റം പറയാന്‍ പറ്റില്ല. മാര്‍ക്‌സിസ്റ്റുകളൊക്കെ സാമ്രാജ്യത്വമാണ് മുഖ്യപ്രശ്‌നം എന്നുന്നയിച്ച് അതിനെതിരെ മാത്രം ശബ്ദമുയര്‍ത്തും. മറ്റൊന്നും കാണുകയുമില്ല.


ഇടതുതീവ്രവാദത്തെയും താങ്കള്‍ മുഖ്യപ്രശ്‌നത്തിന്റെ ഗണത്തില്‍ പെടുത്തി. പക്ഷേ, നേരത്തെ സംസാരത്തില്‍ ഇടതുതീവ്രവാദത്തിന്റെ ചില നല്ല വശങ്ങളെപ്പറ്റി പറഞ്ഞിരുന്നല്ലോ?

ഞാന്‍ തീവ്രാദത്തിന് എതിരാണ്. അവര്‍ അക്രമത്തിന്റെ പാത സ്വീകരിക്കുന്നു. അതാകട്ടെ ഭീകരമായും. അവര്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്നതില്‍ ചില നല്ല വശമുണ്ട്. അതുകൊണ്ട് അവരുടെ മാര്‍ഗ്ഗം ശരിയാകുന്നില്ല. അവരുടെ അക്രമമാര്‍ഗം പ്രതി-അക്രമത്തെ ക്ഷണിച്ചുവരുത്തുന്നു. രക്തച്ചൊരിച്ചിലുണ്ടാക്കുന്നു. ഇവിടെ അവര്‍ ചെയ്യേണ്ടത് ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയാണ്. അക്രമത്തിലൂടെ ഇന്ത്യപോലൊരു രാജ്യത്ത് ഒന്നും നേടാന്‍ പോകുന്നില്ല. ഒരു ദേശീയവിമോചനവും ലഭിക്കുകയില്ല. ശക്തമായ ഒരു സൈനിക സംവിധാനത്തെ കുറച്ചുപേരുടെ തോക്കുകള്‍കൊണ്ട് മറിച്ചിടാം എന്നത് ഫാലെസിയും ഫാന്റസിയുമാണ്.
അക്രമം അടിച്ചമര്‍ത്തപ്പെടും. ഇത് ചരിത്രയാഥാര്‍ത്ഥ്യമാണ്. ഇത് അംഗീകരിക്കണം. നമ്മള്‍ നേരിടുന്ന മുഖ്യ വെല്ലുവിളികളില്‍ ഒന്നായി തന്നെയാണ് ഇടതുതീവ്രവാദത്തെ കാണേണ്ടത്.

ഭരണകൂടം തന്നെ ഭീകരമായിരിക്കുന്നുവെന്ന വിമര്‍ശനത്തെ എങ്ങനെ കാണും? പ്രത്യേകിച്ച് ഛത്തീസ്ഗഢ് പോലുള്ള സ്ഥലത്ത് സല്‍വാജൂഢം പോലുളള മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജനങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍?

കാര്യങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റായി കാണരുത്. ഈ സല്‍വാജൂഢത്തിനെതിരെ സുപ്രീംകോടതിയില്‍ പരാതി നല്‍കിയവരില്‍ ഒരാളാണ് ഞാന്‍. ഇന്ത്യന്‍ ഭരണകൂടത്തെ ഭീകരമെന്നൊക്കെ വിശേഷിപ്പിക്കുന്നത് ഒരു വശം മാത്രം കാണലാണ്. സൈന്യവും, പൊലീസും, ചില ഭരണാധികാരികളും വ്യക്തികളുമൊക്കെ ഭരണഘടന പറയുന്ന കാര്യങ്ങളോട് അനാദരവ് കാണിച്ച് ജനങ്ങളോട് അക്രമം കാട്ടുന്നുവെന്നത് ശരിയാണ്. അവരുടെ ഗുരുതരമായ ഭരണഘടനാലംഘനത്തെ നമ്മള്‍ എതിര്‍ക്കണം. മറിച്ച് ആയുധമെടുക്കുകയല്ല വേണ്ടത്. അതിക്രമം ഭരണകൂടത്തിന്റെ പൊതുസ്വഭാവമല്ല എന്നാണ് ഞാന്‍ കരുതുന്നത്. ഭരണകൂടം ഭീകരമെന്നു പറയുമ്പോള്‍ നമ്മള്‍ മറുവശത്ത് നടക്കുന്ന അക്രമത്തെയും ഭീകരതയെയും കാണാതെപോകുകയും അതിനോട് നിശബ്ദത പാലിക്കുകയും ചെയ്യുന്നു. അപ്പോള്‍ നിങ്ങള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ മറ്റൊരു തലയ്ക്കല്‍ ചെന്നു നില്‍ക്കുന്നു. മാവോയിസ്റ്റുകള്‍ നിരപരാധികളെ കൊല്ലുന്നുണ്ട്. കാശ്മീരില്‍, വടക്കു-കിഴക്കന്‍ മേഖലകളില്‍ ഒക്കെ ഇത് സംഭവിക്കുന്നു. അതിനേപ്പറ്റി എന്തുകൊണ്ടാണ് ഭരണകൂടം ഭീകരമെന്ന് പറയുന്നവര്‍ മിണ്ടാത്തത്? നമ്മള്‍ ഇന്ത്യന്‍ ഭരണകൂടത്തെ ഭീകരം എന്ന് വിശേഷിപ്പിക്കുമ്പോള്‍ ചൈനീസ്, ക്യൂബന്‍, ദക്ഷിണകൊറിയപോലുള്ള ഭരണകൂടങ്ങളെ എന്തുവിളിക്കും?


ഇന്നത്തെ നമ്മുടെ കാലത്തെ നാളത്തെ ചരിത്രകാര്‍ എങ്ങനെയാവും രേഖപ്പെടുത്തുക?

അതെനിക്ക് പറയാനാവില്ല. പറയുന്നതു ശരിയുമാവില്ല. ഞാന്‍ ഇന്നലെകളെയും ഇന്നിനെയും പറ്റി എഴുതുന്നയാളാണ്. ഭാവിയെപ്പറ്റി പ്രവചിക്കുന്നത് തെറ്റാവും. അതിന് ഞാനൊരുക്കമല്ല.


മുമ്പ്, നര്‍മദാ സമരവുമായി ബന്ധപ്പെട്ട് അരുന്ധതിറോയിയോട് എഴുത്തില്‍ മാത്രം ഉറച്ചുനില്‍ക്കുക എന്ന താങ്കള്‍ നല്‍കിയ നിര്‍ദേശം വിവാദമുയര്‍ത്തിരുന്നു. അവര്‍ താങ്കളെ വിമര്‍ശിക്കുകയും ചെയ്തു.

അത് എട്ട് വര്‍ഷം മുമ്പാണ്. നര്‍മദാ സമരത്തോടുള്ള എതിര്‍പ്പുകൊണ്ടല്ല ഞാന്‍ അരുന്ധതിയെ വിമര്‍ശിച്ചത്. മറിച്ച് അരുന്ധതിറോയി കാര്യങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളായിട്ടാണ് കാണുന്നത്. അവര്‍ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടി, വന്‍കിട അണക്കെട്ടുകള്‍ ആണവബോംബുകളാണ് എന്നൊക്കെ തട്ടിവിട്ടു. അത് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ഒരു അറ്റമാണ്.
ചരിത്രവും കാലവും സംഭവങ്ങളൊന്നും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളല്ല. അവര്‍ ഇടതുപക്ഷത്തിന്റെ അങ്ങേതലയ്ക്കല്‍ പോയി നിന്ന് കാര്യങ്ങള്‍ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. ഞാന്‍ ഇപ്പോഴും പറയുക അരുന്ധതിറോയി 'ഇടതുപക്ഷത്തിലെ അരുണ്‍ഷൂറി'യാണെന്നാണ്. അത്തരക്കാര്‍ക്ക് യുക്തിയില്ല. അവര്‍ എന്നും ഒരു വശം മാത്രമേ കാണാനാവു. ഐഡിലോഗുകളുടെ ഈ സമീപനമാണ് ഞാന്‍ വിമര്‍ശിച്ചത്.

അരുണ്‍ ഷൂറി ചരിത്രകാരെയും കടുത്ത രീതിയില്‍ വിമര്‍ശിച്ചിട്ടുണ്ട്...

ഞാന്‍ അരുണ്‍ഷൂറി പറയുന്നത് ശ്രദ്ധിക്കാറില്ല; കാര്യമാക്കാറുമില്ല. അദ്ദേഹത്തിന് ഒരു യോഗ്യതയുമില്ല. ചരിത്രകാരനുമല്ല. നേരത്തെപ്പറഞ്ഞ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന്റെ വലത്തേയറ്റത്താണ് അദ്ദേഹം.


താങ്കളുടെ ഗുഹയെന്ന പേരിന് ബംഗാളി പേരുകളുമായി സാമ്യം ഉണ്ട്..

എല്ലാവരും കരുതുന്നത് ഞാന്‍ ബംഗാളിയാണെന്നാണ്. എന്റെ പൂര്‍വികര്‍ തമിഴ്‌നാട്ടില്‍ നിന്നുളളവരാണ്. അവര്‍ കുംഭകോണത്തു നിന്ന് ബാംഗ്ലൂരിലേക്ക് കുടിയേറി. എന്റെ പേരിലെ ഗുഹയെന്നത് രാമായണ കഥയില്‍ ശ്രീരാമന് നദി കടത്തുന്നത് ഗുഹനുമായി ബന്ധപ്പെട്ടുണ്ടായതാണ്. അച്ഛന്റെ പേരില്‍ നിന്നാണ് അതെനിക്കുവന്നത്. സുബ്രഹ്മണ്യം രാമ ദാസ് ഗുഹ എന്നാണ് അച്ഛന്റെ പേര്.

പുതിയ പുസ്തകങ്ങള്‍?

ഇതുവരെ എഴുതിയ രാഷ്ട്രീയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം തയ്യാറായിക്കൊണ്ടിരിക്കുന്നു. 'ഇന്ത്യ: ഇന്‍ ദ ടൈം ഓഫ് ഗാന്ധി' എന്ന മറ്റൊരു പുസ്തകത്തിന്റെ രചനയിലാണ്. ഗാന്ധിയുടെ കാലത്തെ സാമൂഹ്യ-സാമ്പത്തിക വശങ്ങളെയും മറ്റും പരിശോധിക്കുന്ന ഒന്നായിരിക്കും അത്.
Madhyamam weekly
2009 March 2

No comments:

Post a Comment