സംഭാഷണം
ജി.ബാബുരാജ് (കല്ലറ ബാബു)/ബിജുരാജ്
ഭരണകൂടം കഴിഞ്ഞ പതിനാല് വര്‍ഷമായി തിരഞ്ഞുകൊണ്ടിരിക്കുന്ന നക്‌സലൈറ്റ് നേതാവ് ജി. ബാബുരാജ് (കല്ലറ ബാബു) സംസാരിക്കുന്നു. മാവോയിസത്തെയും നക്‌സലൈറ്റ് പ്രസ്ഥാനത്തെയും പുനര്‍ചിന്തയ്ക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍ അദ്ദേഹം. പുതിയ അന്വേഷണങ്ങളുടെ രാഷ്ട്രീയ വഴികളിലുടെ നടക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന് കല്ലറ ബാബു വെളിപ്പെടുത്തുന്നു.
'ദളിത്‌രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നതില്‍
നക്‌സലൈറ്റുകള്‍ പരാജയം'
ആരും നിനച്ചിരിക്കാത്ത നിമിഷത്തിലാണ് പാലക്കാട് കളക്ടര്‍ ഡബ്ല്യു.ആര്‍. റെഡ്ഢിയെ നാലു ചെറുപ്പക്കാര്‍ ബന്ദിയാക്കുന്നത്. പതിനാല് വര്‍ഷം മുമ്പ്-അതായത്
1996 ഒക്‌ടോബര്‍ നാലിന്. പരാതി സമര്‍പ്പിക്കാന്‍ എന്ന വ്യാജേനെ നാലുപേരും കലക്ടറേറ്റിലേക്ക് കടന്നുകയറി. കൈയിലുണ്ടായിരുന്നത് നൂലുണ്ടയും കളിത്തോക്കും കുറച്ച് ലഘുലേഖയും മാത്രം. ആദിവാസി ഭൂമി ആദിവാസികള്‍ക്ക് നല്‍കണം എന്നതായിരുന്നു അവരുടെ ആവശ്യം. ഒമ്പതുമണിക്കൂറിന്റെ ഉദ്വേഗങ്ങള്‍ക്കൊടുവില്‍ കളക്ടറെ മോചിപ്പശേഷം ഒത്തുതീര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ഒളിവില്‍ മറഞ്ഞു. ആദിവാസികള്‍ക്ക് അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന 1975 ലെ ഭൂനിയമം നിയമസഭ ഭേദഗതി ചെയ്തപ്പോഴാണ് അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഈ ചെറുപ്പക്കാര്‍ കടന്നുവന്നത്. നിയമസഭയില്‍ ഒരാളൊഴിച്ച് (ഗൗരിയമ്മ) എല്ലാവരും അന്യായമായ നിയമ ഭേദഗതിക്ക് അനുകൂലമായി കൈയുയര്‍ത്തിയിരുന്നു.
ആദിവാസി ഭൂപ്രശ്‌നത്തെ കേരളത്തില്‍ സജീവ ചര്‍ച്ചാവിഷയമാക്കുന്നത് 'അയ്യങ്കാളിപ്പട'യുടെ ഈ ഇടപെടലിനെതുടര്‍ന്നാണ്. ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ കലക്ടറെ ബന്ദിയാക്കിയവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന് ഭരണകൂടം സമ്മതിച്ചിരുന്നു. പക്ഷേ, മോചനം നടന്ന ഉടന്‍ പോലീസ് നാലുപേരെയും വേട്ടയാടാന്‍ തുടങ്ങി. വയനാട്ടിലെയും ഇടുക്കിയിലെയും ആദിവാസി ഊരുകളില്‍ ഭീകരത സൃഷ്ടിച്ച് പോലീസ് കയറിയിറങ്ങി. ഏഴുമാസത്തിനുശേഷം ബന്ദിനാടകത്തിലെ ആദ്യപ്രതി (മണ്ണൂര്‍ അജയന്‍) പിടിയിലായി. രണ്ടാമത്തെയാള്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ (വിളയോടി ശിവന്‍കുട്ടി)അഗളിയില്‍ വച്ച് ഒരു ആദിവാസി സമ്മേളനത്തിന്റെ അരികില്‍ നിന്നും. മൂന്നാമത്തെയാള്‍ (രമേശന്‍ കാഞ്ഞങ്ങാട്) അല്‍പം കൂടിക്കഴിഞ്ഞ് കല്‍പറ്റ ടൗണില്‍ വച്ചും അറസ്റ്റിലായി. 2003 നവംബറില്‍ പാലക്കാട് സെഷന്‍സ് കോടതി ആദ്യത്തെ മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. 5000 രൂപ പിഴയും.
ബന്ദിനാടകത്തിന് നേതൃത്വം നല്‍കിയ ആക്ഷന്‍ ലീഡര്‍ കല്ലറ ബാബു എന്ന ജി.ബാബുരാജ് ഇക്കാലമത്രയും ഒളിവില്‍ കഴിയുകയായിരുന്നു. ഭരണകൂടം ഇക്കാലമത്രയും കിണഞ്ഞുശ്രമിച്ചിട്ടും പിടികൂടാനായില്ല. ഒരു വേള, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഒളിവില്‍ കഴിഞ്ഞ നക്‌സലൈറ്റ് ബാബുവാകും. പക്ഷേ, ഫെബ്രുവരി ആദ്യം ബാബു പാലക്കാട് പരസ്യമായി ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചു. പോലീസ് നോക്കിനില്‍ക്കെ ഒന്നരമണിക്കൂര്‍. എന്നിട്ടും പോലീസിന് പിടികൂടാനായില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തും. ഇപ്പോള്‍ ബാബു പുതിയ രാഷ്ട്രീയവഴികളിലാണ്. കേരളത്തിലെ ദളിത് അവസ്ഥകളെപ്പറ്റിയും മോചനത്തെപ്പറ്റിയും പുതിയ അന്വേഷണങ്ങളും പഠനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ശ്രമങ്ങളുടെ ഭാഗമായി ജനങ്ങളെ ജനകീയ മാര്‍ഗത്തില്‍ സംഘടിപ്പിച്ച് മുന്നേറുക എന്നലക്ഷ്യത്തോടെ പരസ്യപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുകയാണ് അദ്ദേഹം. പാലക്കാട്ടെ കോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള നീക്കം ബാബു നടത്തിക്കൊണ്ടിരിക്കുന്നു. ഒരുവട്ടം കോടതിയില്‍ ഹാജരാകുകയും ചെയ്തു. മേല്‍ക്കോടതിക്ക് മുമ്പാകെ ഹാജരാകാനാണ് മജിസ്‌ട്രേറ്റ് അന്ന് ആവശ്യപ്പെട്ടത്. ഒരുവേള, ഈ അഭിമുഖം അച്ചടിച്ചുവരുമ്പോഴേക്ക് ബാബുവുമായി ബന്്ധപ്പെട്ട് മറ്റ് ചില വാര്‍ത്തകള്‍ കൂടി നമുക്ക് കേള്‍ക്കാനായേക്കും. 'കീഴടങ്ങലല്ല' പുതിയ സമരമുഖം തുറക്കലാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു.
മുപ്പതു വര്‍ഷത്തിലേറെയായി നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ബാബു സജീവമാണ്. കോട്ടയത്തിനടുത്തുള്ള കല്ലറയില്‍ ദളിത് കുടുംബത്തില്‍ ജനനം. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ അവിഭക്ത സി.പി.ഐ. (എം.എല്‍)ലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി.
കെ. വേണു നേതൃത്വം കൊടുത്ത സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ അംഗമായിരുന്നു ബാബു. പാര്‍ട്ടിയുടെ കീഴില്‍ രൂപീകരിച്ച അധ:സ്ഥിത നവോഥാന മുന്നണിയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. വൈക്കത്ത് 'മനുസ്മൃതി'കത്തിച്ചതുപോലുള്ള സമരങ്ങള്‍ക്ക് ഇക്കാലത്ത് നേതൃത്വം നല്‍കി. വേണു പാര്‍ട്ടി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മുന്നിട്ടിറങ്ങി. കെ.സി.പിയുടെ മുന്‍കൈയില്‍ രൂപീകരിച്ച ദളിത് സംഘാടകസമിതിയുടെ സംസ്ഥാന കണ്‍വീനറായിരുന്നു. പിന്നീടാണ് 'അയ്യങ്കാളിപ്പട' രൂപികരിച്ചത്. മാവോയിസ്റ്റ് യുവജനസംഘടന എന്ന പേരില്‍ രൂപീകരിക്കപ്പെട്ട അയ്യങ്കാളിപ്പട സിറ്റിബാങ്ക് ആക്രമണം, സൂര്യനെല്ലിക്കേസിലെ പ്രതി ജേക്കബ് സ്റ്റീഫനെ ആക്രമിക്കല്‍ തുടങ്ങിയ പല ഇടപെടലുകളും നടത്തിയിരുന്നു. കെ.സി.പി. പിന്നീട് സി.പി.ഐ. (എം.എല്‍)- നക്‌സല്‍ബാരിയായി മാറിയപ്പോള്‍ അതിനുമൊപ്പവും പ്രവര്‍ത്തിച്ചു. ഭാര്യ ഷീബയും സമരങ്ങളില്‍ സജീവമാണ്. നക്‌സലൈറ്റ്/മാവോയിസ്റ്റുകളുടെ ചില നയങ്ങളോടും സമീപനങ്ങളോടും വിയോജിക്കുകയാണ് ഇപ്പോള്‍ ബാബു.
കേസിന്റെയും ജാമ്യത്തിന്റെയും നിയമവഴികള്‍ തേടുന്നതിനായി ഒരു പ്രമുഖ അഭിഭാഷകനെ കാണാന്‍ കഴിഞ്ഞ ചൊവ്വാഴ്ച ബാബു കൊച്ചിയിലെത്തി. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുന്നതിനുള്ള വിഭവങ്ങള്‍ തേടി ഒന്നിലേറെത്തവണ ഈ ലേഖകന്‍ ചെന്നതുകൊണ്ടു കൂടിയാവണം അഭിഭാഷകനാണ് ഈ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. എറണാകുളം ബാനര്‍ജി റോഡിലെ ഹൈക്കോടതി ബസ് സ്‌റ്റോപ്പില്‍ പെട്ടെന്ന് എത്താന്‍ അഭിഭാഷകന്‍ ഫോണില്‍ വിളിക്കുമ്പോള്‍ ബാബു അവിടെയുണ്ടാവുമെന്ന് കരുതിയില്ല. ''നിങ്ങള്‍ സംസാരിക്കൂ'' എന്നു പറഞ്ഞ് അഭിഭാഷകന്‍ മടങ്ങി. കിട്ടിയ അവസരം അഭിമുഖത്തിനായി പ്രയോജനപ്പെടുത്താനായി തീരുമാനിച്ചു. കൊച്ചിയിലെ തിരക്കേറിയ ബാനര്‍ജി റോഡിലെ ബസ്സ്‌സ്‌റ്റോപ്പില്‍ പരസ്യമായി തന്നെയായിരുന്നു അഭിമുഖം. ഒരുമണിക്കൂര്‍ സംഭാഷണത്തിനുശേഷം ബാബു മടങ്ങി. ജാമ്യമെടുത്തു പുറത്തുവന്നശേഷം കൂടുതല്‍ കാണാം എന്നു പറഞ്ഞായിരുന്നു മടക്കം.
തന്റെ പുതിയ രാഷ്ട്രീയ നിലപാടുകളെപ്പറ്റി, കാഴ്ചപ്പാടുകളെപ്പറ്റി ബാബു സംസാരിക്കുന്നു:
അടുത്തിടെ പാലക്കാട് ഒരു പൊതുയോഗത്തില്‍ പരസ്യമായി നിങ്ങള്‍ പ്രസംഗിച്ചുവെന്ന് കേട്ടു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായെന്നും. എന്താണ് നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?
1996-ല്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയതു മുതല്‍ ഞാന്‍ ഒളിവിലാണ് പ്രവര്‍ത്തിക്കുന്നത്. കലക്ടറെ മോചിപ്പിക്കുമ്പോഴുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ഞങ്ങള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഭരണകൂടം സമ്മതിച്ചതാണ്. എന്നാല്‍ തങ്ങളുടെ വാഗ്ദാനത്തോട് ഒരു നീതിയും ഭരണകൂടം പുലര്‍ത്തിയില്ല. വ്യവസ്ഥകള്‍ ലംഘിച്ച് ഞങ്ങള്‍ക്കെതിരെ കേസ് എടുത്തു. അത് അധാര്‍മികമാണ്. ഒത്തുതീര്‍പ്പുകളുടെ ലംഘനമാണ്. ഒളിവില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യം അങ്ങനെ ഭരണകൂടം സൃഷ്ടിച്ചതാണ്. ഇന്നത്തെ മാറിയ രാഷ്ട്രീയ സാഹചര്യം ഉപയോഗപ്പെടുത്തുന്നതിന് പരസ്യരാഷ്ട്രീയ പ്രവര്‍ത്തനമാണ് കൂടുതല്‍ ഗുണകരം. ഞാന്‍ പുറത്തുവരാന്‍ ആഗ്രഹിക്കുന്നു. പരസ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായിട്ടാണ് പാലക്കാട് പരസ്യമായി യോഗത്തില്‍ പ്രസംഗിച്ചത്. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ എത്തിയപ്പോള്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാനാണ് പറഞ്ഞത്. വൈകാതെ അതുണ്ടാകും. ഇപ്പോള്‍ കേസിന്റെ ചില നിയമവശങ്ങള്‍ അറിയാനായി വക്കീലിനെ കാണാനാണ് ഞാന്‍ കൊച്ചിയില്‍ വന്നത്.
നിങ്ങള്‍ കീഴടങ്ങാന്‍ പോവുകയാണോ? ഭരണകൂടത്തിനു മുന്നില്‍ കീഴടങ്ങില്ല എന്നാണല്ലോ നിങ്ങള്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയശേഷം ഒളിവില്‍ പോകുമ്പോള്‍ വിളിച്ചു പറഞ്ഞത്?
കീഴടങ്ങലല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നത് ആദിവാസി-ദളിത് വിഭാഗങ്ങളുടെ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനകീയ മുന്നേറ്റങള്‍ വിജയിപ്പിക്കുകയാണ്. സമരത്തില്‍ ചിലപ്പോള്‍ പലതരം ചുവടുകള്‍ വയ്‌ക്കേണ്ടി വരും. എന്നും ഒരാള്‍ക്ക് ഒളിവില്‍ കഴിയാനോ പരസ്യമായി തുടരാനോ കഴിഞ്ഞുകൊള്ളണമെന്നില്ല. സാഹചര്യങ്ങളാണ് അത് തീരുമാനിക്കുക. ഇന്നത്തെ സാഹചര്യം പരസ്യമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ പരസ്യ പ്രവര്‍ത്തനത്തിന് ആവശ്യമായ നിയമ രീതികള്‍ സ്വീകരിക്കുന്നത് ഒരുതരം അടവാണ്. എന്റെ പുതിയ നീക്കത്തെ അങ്ങനെ കാണുന്നതാവും ശരി. തുടര്‍ന്നുള്ള പ്രവര്‍ത്തങ്ങള്‍ കണ്ട് എന്റേത് കീഴടങ്ങല്‍ ആണോ അല്ലെയോ എന്ന് ജനം വിലയിരുത്തട്ടെ.
ഒളിവില്‍ നിന്നുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പക്കാനാവില്ലേ?
പറ്റും. പക്ഷേ പരിമിതിയുണ്ട്. ഒളിവില്‍ കഴിയുമ്പോള്‍ സമരങ്ങള്‍ നേരിട്ട് ഏറ്റെടുക്കാനോ നയിക്കാനോ ആവില്ല. നമ്മള്‍ നേരിട്ട് ചെയ്യേണ്ട ജോലികള്‍ പോലും മറ്റുള്ളവരെ ആശ്രയിച്ചു നടത്തേണ്ടിവരും. ദളിത്- ആദിവാസി മേഖലകളില്‍ ഓരോ ദിനവും പുതിയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരസ്യമായി നിന്ന്് ഉയര്‍ന്നുവരുന്ന സമരങ്ങളില്‍ പങ്കെടുക്കുകയും പുതിയ സമരമുഖങ്ങള്‍ തുറക്കുകയുമാണ് നല്ലത്്. കുറച്ചുകൂടി നന്നായി കാര്യങ്ങള്‍ ചെയ്യാനാകും. മാത്രമല്ല ഞാന്‍ നടത്താന്‍ ഉദ്ദേശിക്കുന്ന രാഷ്ട്രീയ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഒളിവ് ജീവിതം ഒരു തടസ്സമാണ്.
പുതിയ രാഷ്ട്രീയ അന്വേഷവും പഠനവും എന്നതുകൊണ്ട് ഉദ്ദേശിച്ചത്? നിങ്ങള്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ നിന്ന് വഴിമാറി നടക്കാന്‍ തുടങ്ങുകയാണോ?
നിലവിലുള്ള നക്‌സലൈറ്റ്/മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ രീതികളോട് എനിക്ക് ചില വിയോജിപ്പുകളുണ്ട്. ആശയശാസ്ത്രപരമായും രാഷ്ട്രീയപരവും സംഘടനാപരവുമായൊക്കെ. പക്ഷേ, ഒരിക്കലും അതൊരു ശത്രുതാപരമായ സമീപനമല്ല. സൗഹാര്‍ദപരമാണ്. നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയില്‍ ജനങ്ങളുടെ മുന്നേറ്റം സംഘടിപ്പിക്കുന്നതില്‍ പലപ്പോഴും നക്‌സലൈറ്റുകള്‍ പിന്നിലാവുന്നുണ്ട്. എന്തുകൊണ്ട് തങ്ങള്‍ പിന്നിലാവുന്നു എന്നതിന് വ്യക്തമായ കാരണം ചൂണ്ടിക്കാട്ടാന്‍ അവര്‍ക്കാവുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ മര്‍ദിത വിഭാഗത്തിന്റെ പ്രതിനിധിയാണ്. എനിക്കും എന്റെ ജനങ്ങള്‍ക്കും മുന്നേറിയേ മതിയാകൂ. അതുകൊണ്ട് തന്നെ ജനങ്ങളുടെ മുന്നേറ്റം സംഘടിപ്പിക്കുന്നതിന് ചില അന്വേഷണങ്ങളും പഠനങ്ങളും നടത്തേണ്ടതുണ്ട്.
നമുക്ക് രാഷ്ട്രീയത്തിലേക്ക് വരാം. അതിനുമുമ്പ് ചോദിക്കട്ടെ. എവിടെയായിരുന്നു നിങ്ങള്‍ ഇത്രയും കാലം?
ഞാനിവിടെത്തന്നെയുണ്ടായിരുന്നു (ചിരി). ജനങ്ങള്‍ക്കിടയില്‍ പരസ്യവും രഹസ്യവുമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സജീവമായി ഞാന്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇക്കാലത്തൊക്കെ. ഞാനൊരു തട്ടിന്‍പുറത്തും കയറിയിരുന്നില്ല. അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങള്‍ക്കിടയിലാണ് ഞാന്‍ നിലയുറപ്പിച്ചിരുന്നത്. വിവിധ ജില്ലകളിലെ ബഹുജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു ഇക്കാലത്ത്.
എന്തുകൊണ്ടാവും ഇത്രയും കാലത്തിനിടയ്ക്ക് ഭരണകൂടത്തിന് നിങ്ങളെ പിടികൂടാന്‍ കഴിയാതിരുന്നത്?
'എല്ലാ പിന്തിരിപ്പന്‍മാരും കടലാസ് പുലികളാണ്' എന്ന് ആദ്യ ഇടപെടല്‍ നടത്തുമ്പോള്‍ 'അയ്യങ്കാളിപ്പട' പറഞ്ഞിരുന്നു. മാവോയിസ്റ്റ് വിലയിരുത്തലാണ് അത്. ജനങ്ങള്‍ സംരക്ഷിക്കുന്ന, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിപ്ലവ പ്രവര്‍ത്തകരെ പിടികൂടുക ഭരണകൂടത്തിന് എളുപ്പമല്ല. അതുകൊണ്ടാവണം അവര്‍ക്കെന്നെ പിടികൂടാന്‍ കഴിയാതിരുന്നത്.
അയ്യങ്കാളിപ്പടയ്ക്ക് പിന്നെ എന്തുസംഭവിച്ചു? ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ലല്ലോ?
അയ്യങ്കാളിപ്പട രൂപീകരിക്കപ്പെട്ടത്് അനീതിക്കെതിരെ കലാപം ചെയ്യുന്ന മാവോയിസ്റ്റ് യുവജന സംഘടനയായിട്ടാണ്. പരസ്യപ്രവര്‍ത്തനമാണ് രൂപീകരണഘട്ടത്തില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടത്. പക്ഷേ ഭരണകൂടം അതിനെ പല രീതിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. സ്വാഭാവികമായും അയ്യങ്കാളിപ്പട ഒരു യു.ജി. സംഘടനയായി മാറി. ഒരു ആക്ഷന്‍ സംഘമായി അതുമാറി. ഓരോ സമരത്തിനുശേഷവും ബഹുജനങ്ങള്‍ ഞങ്ങളുടെ അണിയിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരുന്നു. പക്ഷേ, ഞങ്ങളുടെ സംഘടനാക്രമത്തില്‍ ബഹുജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലായിരുന്നു. തുടര്‍ന്ന് ബഹുജന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തുന്നതിന് അയ്യങ്കാളിപ്പട തല്‍ക്കാലം നിര്‍ജീവമാക്കുന്നതാണ് നല്ലത് എന്ന തീരുമാനത്തില്‍ ഞങ്ങളെത്തി. മറ്റ് ബഹുജനസംഘടനാ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുക എന്ന ദൗത്യം അയ്യങ്കാളിപ്പടയിലുണ്ടായിരുന്നവര്‍ ഏറ്റെടുത്തു.
പക്ഷേ, ചിലപ്പോഴെങ്കിലും അയ്യങ്കാളിപ്പടയുടെ പ്രവര്‍ത്തനം അക്രമിസംഘത്തി നിലയിലേക്ക് താഴ്ന്നിരുന്നല്ലോ? ഉദാഹരണത്തിന് പണം തരാത്തതിന്റെ പേരില്‍ എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തെ ആക്രമിച്ചതുപോലുള്ള സംഭവത്തില്‍...
ഇല്ല. അയ്യങ്കാളിപ്പട നടത്തിയ സമരങ്ങളെല്ലാം അടിസ്ഥാന ജനങ്ങളുടെ താല്‍പര്യാര്‍ത്ഥം, അവര്‍ക്കുവേണ്ടി അവരുടെ പിന്തുണയോടെ നടത്തിയ സമരങ്ങളാണ്. നിങ്ങള്‍ ഉന്നയിച്ച ആക്രമണം നടന്നത് പണം തരാത്തതിന്റെ പേരിലല്ല. മറിച്ച് രണ്ട് സഖാക്കളെ പോലീസിന് ഒറ്റുകൊടുത്തതിനാണ്. ഒറ്റുകാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കാനാവില്ല. അതുകൊണ്ടാണ് എറണാകുളം ജില്ലയിലെ അയ്യങ്കാളിപ്പട പ്രവര്‍ത്തകര്‍ അവരുടെ സ്വന്തം മുന്‍കൈയില്‍ ഒറ്റുകാരനെതിരെ സമരം നടത്തുന്നത്. അത് തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ, ഒരിക്കലും ഞങ്ങളുടെ സമരങ്ങള്‍ രാഷ്ട്രീയത്തെ മുറുകിപ്പിടിക്കാതെ നടന്നിട്ടില്ല. സ്ത്രീമര്‍ദകരെയും സാമ്രാജ്യത്വ സ്ഥാപനങ്ങളെയും ജനവിരുദ്ധരെയുമാണ് ഞങ്ങള്‍ ആക്രമിച്ചത്. മറിച്ച് ഒരു സംഭവം ചൂണ്ടിക്കാട്ടാന്‍ ഞാന്‍ ആരോപണം ഉന്നയിക്കുന്ന ആരെയും വെല്ലുവിളിക്കുന്നു.
പാലക്കട് കളക്ടറെ ബന്ദിയാക്കിയ നാലുപേര്‍ പിന്നീട് പലവഴിക്ക് പിരിഞ്ഞുപോയത് എന്തുകൊണ്ടാണ്?
അയ്യങ്കാളിപ്പടയുടെ രാഷ്ട്രീയസംവിധാനത്തിന് ചില പോരായ്മകളുണ്ടായിരുന്നു എന്ന് ഞാന്‍ നേരത്തെ പറഞ്ഞു. അണിയിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധത്തില്‍ സംഘടന രാഷ്ട്രീയമായും സംഘടനാപരമായും ദുര്‍ബലമായി നിന്നത് ഞങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ വന്നതുകൊണ്ട് രണ്ടുപേര്‍ മറ്റ് ബഹുജന സംഘടനകളിലേക്ക് പോയി. മറ്റൊരാള്‍ ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയില്‍ തുടര്‍ന്നു. പക്ഷേ എല്ലാവരും തന്നെ വിവിധ ബഹുജന രാഷ്ട്രീയ മേഖലകളില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സമരങ്ങള്‍ ചെയ്യുന്നുണ്ട്. അതൊരു വലിയ കാര്യമാണ്.
പാലക്കാട് കളക്ടറെ ബന്ദിയാക്കിയശേഷമുള്ള പതിനാല് വര്‍ഷങ്ങളെ നിങ്ങള്‍ എങ്ങനെ കാണും? രാഷ്ട്രീയമായി നിരാശനാണോ?
പാലക്കാട് നടത്തിയ ഇടപെടല്‍ ഞങ്ങളുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന രോഷത്തിന്റെ തീവ്രമായ ബഹിര്‍ഗമനമായിരുന്നു. ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തെ വംശീയമായി ഇല്ലാതാക്കാനും അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കാതിരിക്കാനും ഭരണകൂടവും ഇടതു-വലതു കക്ഷികള്‍ ശ്രമിക്കുമ്പോഴുള്ള മര്‍ദിതന്റെ രോഷമായിരുന്നു അത്. മര്‍ദിതന്റെ ബലപ്രയോഗമായിരുന്നു കലക്ടറെ ബന്ദിയാക്കല്‍. അതിനുശേഷമാണ് കേരളത്തില്‍ ആദിവാസി ഭൂ പ്രശ്‌നം സജീവവിഷയമാകുന്നത്. അത് കേവലം ആദിവാസികളുടെ വിഷയമല്ലെന്നും നമ്മുടെ തന്നെ പ്രശ്‌നമാണെന്നും മലയാളി തിരിച്ചറിയുന്നത് അതിനുശേഷമാണ്. കേരളത്തില്‍ ഭൂമസമരങ്ങള്‍ ശക്തമാകുന്നതും ഞങ്ങളുടെ ഇടപെടലിനെതുടര്‍ന്നാണ്. പക്ഷേ, ഞങ്ങള്‍ക്ക് ഉയര്‍ന്നുവന്ന അന്തരീക്ഷത്തെ ഗുണകരമാക്കാനോ നയിക്കാനോ ആയില്ല. അതില്‍ മാത്രാണ് നിരാശ. രാഷ്ട്രീയമായി നിരാശയോ കുറ്റബോധമോ ഒന്നുമില്ല.
ദളിതുകളുടെയും ആദിവാസികളുടെയും അവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നില്ലേ?
മാറ്റങ്ങളുണ്ട്. പക്ഷേ ഗുണകരമാണോ എന്നു പറയാനാവില്ല. ദളിതര്‍ക്കും ആദിവാസികളുമിപ്പോഴും ഭൂരഹിതരാണ്. ജാതിമര്‍ദനങ്ങള്‍ ഓരോ നിമിഷവും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ദളിതരും ആദിവാസികളും സമരത്തിലേക്ക് വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നത്. സവര്‍ണ്ണരും ദളിതരും തമ്മിലും പണക്കാരനും പാവപ്പെട്ടവനും തമ്മില്‍ അന്തരം ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
വിയോജിപ്പുകളുടെ രാഷ്ട്രീയം
നമുക്ക് രാഷ്ട്രീയത്തിലേക്ക് പോകാം. എന്താണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പൊതുവിലുള്ള അവസ്ഥ ?
നക്‌സലൈറ്റ് സംഘടന കേരളത്തില്‍ ഇപ്പോഴും ദുര്‍ബലമാണ്. വളരെ സാവധാനമാണ് നക്‌സലൈറ്റുകള്‍് ചലിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വിപ്ലവം ആവശ്യമുണ്ട്. എന്നാല്‍ നക്‌സലൈറ്റുകള്‍ക്ക് അത് നടത്താന്‍ കഴിയാതെ വരുന്നു. അതിനു കാരണം രാഷ്ട്രീയപരമായ പോരായ്മകളാണ്. സാഹചര്യങ്ങ്െള വസ്തുനിഷ്ഠമായി വിലയിരത്തി സമൂര്‍ത്ത പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് മുന്നോട്ട് പേകാന്‍ ആവും. ജനങ്ങളെ നയിക്കാനുമാവും. പക്ഷേ അതിനുള്ള യാതൊരു നടപടിയും സ്വീകരിക്കാതെ, പഴയ ലൈനുകള്‍ യാന്തികമായി തുടരുന്നതിനാല്‍ അവരിപ്പോഴും ദുര്‍ബലാവസ്ഥയില്‍ തന്നെ തുടരുന്നു.
നിങ്ങള്‍ നക്‌സലൈറ്റാണോ? നക്‌സലൈറ്റ് ആയിത്തുടരുമോ?
ഞാന്‍ ഇപ്പോള്‍ നക്‌സലൈറ്റ് ആണെന്നു പറയാം. നാളെ അങ്ങനെയായിരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. ഞാന്‍ കൂടി അംഗമായിരുന്ന സി.പി.ഐ എം.എല്‍ (നക്‌സല്‍ബാരി) ഇവിടുത്തെ സാമൂഹ്യവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ആശയശാസ്ത്രത്തിലും രാഷ്ട്രീയ നയസമീപനങ്ങളിലും എത്രത്തോളം മാറ്റം വരുത്തും എന്നതിനെ ആശ്രയിച്ചുകൂടിയാണ് ഞാന്‍ നക്‌സലൈറ്റ് ആയിരിക്കുമോ അല്ലയോ എന്നു തീരുമാനിക്കപ്പെടുക.
മാവോയിസവുമായി വിയോജിക്കുന്നുവെന്നാണോ?
മാവോയിസവുമായി വിയോജിക്കുകയാണോ അതോ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുമായി വിയോജിക്കുകയാണോ എന്ന് എനിക്കുറപ്പില്ല. എന്നാല്‍ അടിസ്ഥാനപരമായി ചില മാറ്റങ്ങള്‍ നയങ്ങളിലും സമീപനങ്ങളിലും മാവോയിസ്റ്റുകള്‍ വരുത്തേണ്ടതുണ്ട്.
എന്തൊക്കെ പ്രശ്‌നങ്ങളിലാണ് നിങ്ങള്‍ക്ക് നിലവിലുള്ള നക്‌സലൈറ്റ്/മാവോയിസ്റ്റുകളോട് വിയോജിപ്പ്?
രാഷ്ട്രീയമായും സംഘടനാപരമായും ആശയ ശാസ്ത്രപരമായും പലകാര്യത്തില്‍ വിയോജിപ്പുണ്ട്. നക്‌സലൈറ്റുകള്‍ ഇപ്പോഴും വിപ്ലവത്തെ കാണുന്നത് കേവലം വര്‍ഗസമരമായിട്ടുമാത്രമാണ്. എല്ലാ പ്രശ്‌നങ്ങളും വര്‍ഗസമരത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് അവരുടെ വിശ്വാസം. പക്ഷേ ജാതി/ലിംഗം/വംശീയത/ദേശീയ തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ഗസമരത്തിലൂടെ മാത്രം പരിഹരിക്കാനാവില്ല. വര്‍ഗസമരം പൂര്‍ത്തീകരിച്ചാലും ജാതി ഇവിടെ നിലനില്‍ക്കും. ജാതിയെ യാന്ത്രികമായിട്ടാണ് നക്‌സലൈറ്റുകള്‍ മനസ്സിലാക്കിയിട്ടുള്ളത്. ദളിത് രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നതില്‍ നക്‌സലൈറ്റുകള്‍ പരാജയമാണ്. ഇന്ത്യയിലെ നക്‌സലൈറ്റുകളുടെ രാഷ്ട്രീയ പദ്ധതിയില്‍ തൊഴിലാളികളാണ് നേതൃത്വശക്തി. കര്‍ഷകര്‍ മുഖ്യസംഖ്യശക്തിയും. ദേശീയ ബൂര്‍ഷ്വാസിയും സഖ്യത്തിലുണ്ട്. പക്ഷേ ഈ സഖ്യശക്തികളെ വിലയിരുത്തുന്നതില്‍ തന്നെ ഗുരുതരമായ പോരായ്മയുണ്ട്. ഇന്ത്യയിലെ തൊഴിലാളിവര്‍ഗം എന്നത് ഏകശിലാ രൂപത്തിലുള്ള ഒന്നല്ല. അവര്‍ ജാതീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു, വംശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു, ദേശീയമായി വിഭജിക്കപ്പെട്ടിരിക്കുന്നു. അംബേദ്കര്‍ മുമ്പ് പറഞ്ഞിട്ടുണ്ട് നിങ്ങള്‍ക്ക് ജാതിയെ നശിപ്പിക്കാതെ വിപ്ലവം നടത്താന്‍ സാധ്യമല്ല എന്ന്. അല്ലെങ്കില്‍ വിപ്ലവത്തിനുശേഷം നിങ്ങള്‍ക്ക് ജാതിയോട് കണക്ക് തീര്‍ക്കേണ്ടി വരും. ഇവിടെനൂറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്നത് ബ്രാഹ്മണ്യ ആശയശാസ്ത്രമാണ്. അതിനെ പരാജയപ്പെടുത്തുകയും കണക്കുതീര്‍ക്കുകയും ചെയ്യണം. ബ്രാഹ്മണ്യ ആശയശാസ്ത്രത്തിനെതിരെ സമരം നയിച്ചില്ലെങ്കില്‍ അത് തൊഴിലാളിവര്‍ഗ ആശയശാസ്ത്രത്തെ അപകടപ്പെടുത്തും. പക്ഷേ ജാതിയുടേതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മാവോയിസ്റ്റുകള്‍ ഇപ്പോഴും പിന്തുടരുന്നത് പഴയ ലൈനാണ്.
പഴയ ലൈനോ? ഒന്നുകൂടി വ്യക്തമാക്കാമോ?
നക്‌സലൈറ്റുകള്‍ ഇപ്പോഴും പിന്തുടരുന്നത് 1970 കളില്‍ ചാരുമജുംദാര്‍ ആവിഷ്‌കരിച്ച ലൈനാണ്. ജന്മിത്വത്തെ മുഖ്യ ശത്രുവായിട്ടാണ് അവര്‍ കാണുന്നത്. പക്ഷേ ഇന്ത്യയുടെ പുതിയ അവസ്ഥയില്‍ വന്ന മാറ്റങ്ങളെ അവര്‍ക്കൊരിക്കലും ഉള്‍ക്കൊള്ളാനായിട്ടില്ല. പുതിയ നൂറ്റാണ്ടിലെ പുതിയ അവസ്ഥകളെ സേവിക്കുന്നില്ല അവരുടെ രാഷ്്ട്രീയ നയ സമീപനം. ഉദാഹരണത്തിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ചൈനയെ മാവോ സേതുംഗ് അര്‍ദ്ധ നാടുവാഴിത്തം എന്നു വിശേഷിപ്പിച്ചതാണ് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ ഇന്ത്യയെ പിന്തുടരുന്നത്. അവരിപ്പോഴും ഇന്ത്യയെ അര്‍ദ്ധ നാടുവാഴിത്ത രാജ്യമായാണ് വിശേഷിപ്പിക്കുന്നത്. നാടുവാഴിത്തം മുഖ്യ ചൂഷണവ്യവസ്ഥയാവുന്ന ഒരു സമൂഹത്തെയാണ് മാവോ അര്‍ദ്ധ നാടുവാഴിത്തം എന്നുവിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ സാമ്രാജ്യത്വ ചൂഷണത്തിന്റെയും ജനകീയ കലാപങ്ങളുടെയും ഫലമായി സാമുഹ്യയാഥാര്‍ത്ഥ്യങ്ങളില്‍ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പുതിയ സമീപനം സ്വീകരിക്കുന്നതില്‍ വരുത്തിയ വീഴ്ചമൂലം ഇപ്പോഴും പ്രസ്ഥാനം പ്രതിസന്ധിയില്‍ ഉഴലുന്നു.
ഒരിക്കലും മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ആദിവാസി-ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ സ്ഥാപിക്കപ്പെട്ടില്ല. വ്യക്തികള്‍ നേതൃസ്ഥാനങ്ങളില്‍ വന്നിട്ടില്ല എന്നല്ല. ഒരു ആശയശാസ്ത്രമെന്ന നിലയില്‍ അവരെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ഒരു നയമോ സമീപനമോ മുന്നോട്ട് വയ്ക്കാനായില്ല എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഗദ്ദറുള്‍പ്പടെയുള്ളവര്‍ എന്തുകൊണ്ട് പാര്‍ട്ടിയുടെ ഭാഗമാകാതെ അകന്നു നില്‍ക്കുന്നു എന്ന് മാവോയിസ്റ്റുകള്‍ സ്വയം വിലയിരുത്തണം. പലഘട്ടത്തിലായി ദളിതരും ആദിവാസികളും നക്‌സലൈറ്റുകള്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പക്ഷേ പിന്നീട് നക്‌സലൈറ്റ് രാഷ്ട്രീയ നയങ്ങളിലെ പേരായ്മകള്‍ തിരിച്ചറിഞ്ഞ് ബദല്‍ സംഘടനകള്‍ സംഘടിപ്പിച്ച് മുന്നേറിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകും. യുറോ കേന്ദ്രീകൃതമായ കമ്യൂണിസ്റ്റ് വിപ്ലവങ്ങളുടെ വാര്‍പ്പ് മാതൃകയിലാണ് അവര്‍ ഇന്ത്യന്‍ വിപ്ലവത്തെ കാണുന്നത്. അതല്ല ഇന്ത്യന്‍ സാഹചര്യം. യൂറോപ്പ്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക് ജാതിയെ നേരിടേണ്ടതില്ല. ദേശീയത വിഷയമല്ല. പക്ഷേ, ഇന്ത്യയില്‍ അതല്ല സ്ഥിതി. ഞാന്‍ വിശദമാക്കാം.
ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി ദളിതരെ വിലയിരുത്തിയത് കര്‍ഷകത്തൊഴിലാളികളായിട്ടാണ്. 70 കളിലെ നക്‌സലൈറ്റുകള്‍ അവരെ ഭൂരഹിത-ദരിദ്ര കര്‍ഷകരെന്നു വിളിച്ചു. പിന്നീട് സവിശേഷ വിഭാഗങ്ങള്‍ എന്ന നിലയിലായി പരിഗണന. പക്ഷേ ഒരിക്കലും വിപ്ലവത്തിന്റെ മുഖ്യ സാമൂഹ്യ ശക്തിയെന്ന നിലയില്‍ ദളിതര്‍ വിലയിരുത്തിയിട്ടില്ല. അവിടെയാണ് എനിക്ക് വിയോജിപ്പ്. ദളിതരും ആദിവാസികളും വിപ്ലവത്തിന്റെ മുഖ്യ സാമൂഹ്യശക്തിയാണ് എന്ന് നയം സ്വീകരിച്ച് ജാതിവിരുദ്ധ സമരങ്ങള്‍ ഏറ്റെടുക്കണം.
നിങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളും ഇരുപതുവര്‍ഷം മുമ്പ് 20 വര്‍ഷം മുമ്പ് കെ. വേണുവിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി ഉന്നയിച്ചതാണ്. ആ തിരിച്ചറിവില്‍ എത്താന്‍ നിങ്ങള്‍ക്ക് ഇത്രയും കാലം വേണ്ടിവന്നോ്?
സി.ആര്‍.സി, സി.പി.ഐ (എം.എല്‍) ആണ് കേരളത്തില്‍ (ഒരു പക്ഷേ ഇന്ത്യയില്‍ തന്നെ) ആദ്യമായി ജാതി, ദേശീയ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കൊണ്ടുവന്നത്. അംബേദ്കറിന്റെ പ്രബോധനങ്ങളെ പുത്തന്‍ജനാധിപത്യ വിപ്ലവത്തില്‍ കണ്ണിചേര്‍ക്കുക എന്ന നയം അവര്‍ സ്വീകരിച്ചിരുന്നു. അതാണ് എന്നെപ്പോലുള്ളവരെ ഈ സംഘടനയുടെ നേതൃത്വ സമിതിയില്‍ തുടരാന്‍ പ്രേരിപ്പിച്ചത്. പക്ഷേ വേണുവിന്റെ പോക്ക് വലതുപക്ഷത്തേക്കാവുകയും പാര്‍ട്ടി പിരിച്ചുവിടപ്പെടുകയും ചെയ്തതോടെ ആ അന്വേഷണങ്ങള്‍ ഇല്ലാതായി. വേണുവിന്റെ വലതുപക്ഷ നയങ്ങള്‍ പ്രശ്്‌നമാണെന്നായിരുന്നു അന്ന് ധാരണ. പിന്നീട് അയ്യങ്കാളിപ്പടയുടെ ഇടപെടല്‍ നടന്നതോടെ ദളിതരുള്‍പ്പടെയുള്ള മര്‍ദിത ജനതകള്‍ അവരുടെ സ്വന്തം സംഘടന എന്ന നിലയില്‍ ഞങ്ങള്‍ക്കൊപ്പം ചേരാന്‍ തുടങ്ങി. അതുകൊണ്ട് തന്നെ എന്നെപ്പോലുള്ളവര്‍ കരുതിയത് ആ രീതിയില്‍ തന്നെ മുന്നേറാമെന്നാണ്. മര്‍ദിത ജനതകള്‍ ഒപ്പംചേര്‍ന്നതുകൊണ്ട് പുതിയ അന്വേഷണം നടത്തുന്നതില്‍ ചില വീഴ്ചകള്‍ ഞങ്ങള്‍വരുത്തി. പക്ഷേ ഒപ്പം വന്നവര്‍ പെട്ടന്ന് തന്നെ പിന്‍വാങ്ങി. കാരണം ഞങ്ങളുടെ രാഷ്ട്രീയത്തിലെ പോരായ്മകളാണ്. ദളിത് രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളാന്‍ നക്‌സലൈറ്റുകള്‍ക്കാവുന്നില്ല എന്ന തിരിച്ചറിവിലാണ് ഞാനിപ്പോള്‍ എത്തിനില്‍ക്കുന്നത്. കുറച്ചുവൈകി എന്നതില്‍ വലിയ ഖേദം എനിക്ക് തോന്നുന്നില്ല. എന്തൊക്കെയാണെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന സി.പി.എം.(എം.എല്‍-നക്‌സല്‍ബാരിയാണ് ഇന്നുള്ള ഇന്നും നക്‌സലൈററ് പാര്‍ട്ടികളില്‍ ദളിത്, ദേശീയ പ്രശ്‌നങ്ങളില്‍ ശാസ്ത്രീയമായ ധാരണ വച്ചുപുര്‍ത്തുന്നതില്‍ കുറേയൊക്കെ ഭേദം. സി.പി.ഐ. മാവോയിസ്റ്റ് ഉള്‍പ്പടെയുള്ളവര്‍ വളരെ പിന്നിലാണ്. അതുകൊണ്ടാണ് ഞാന്‍ പാര്‍ട്ടിയില്‍ തുടര്‍ന്നത്.
ചുരുക്കത്തില്‍ എന്താണ് നിങ്ങളുടെ ഇപ്പോഴത്തെ രാഷ്ട്രീയ നിലപാട്?
വിപ്ലവത്തിന്റെ മുഖ്യ സാമൂഹ്യശക്തി ഇവിടുത്തെ ദളിത്-ആദിവാസി വിഭാഗങ്ങള്‍ ആണെന്നാണ് എന്റെ നിലപാട്. അവരുടെ ബോധപൂര്‍വമായ നേതൃത്വം സാധ്യമാക്കാത്ത ഒരു വിപ്ലവ പ്രവര്‍ത്തനവും മുന്നോട്ട് പോവില്ല എന്നതാണ് എന്റെ നിലപാട്. അതുകൊണ്ട് തന്നെ അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങളെ സംഘടിപ്പിക്കുകയും അവരെ വിപ്ലവത്തിന്റെ മുഖ്യ ശക്തിയായി വളര്‍ത്തിക്കൊണ്ടുവരാനുമാവും ശ്രമം. വര്‍ഗസമരത്തിന് സ്ത്രീകളുടെയും ദളിതരുടെയും മതന്യുനപക്ഷങ്ങളുടെയും ദേശീയ ജനവിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളണം. കേവമായി ഉള്‍ക്കൊണ്ടാല്‍ പോരാ, വൈരുദ്ധ്യങ്ങള്‍ പരിഹരിക്കുന്നവിധത്തില്‍ രാഷ്ട്രീയമായി ഏറ്റെടുക്കണം.
സായുധവിപ്ലവത്തിന്റെ രാഷ്ട്രീയമാണ് പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സമരത്തിലുള്‍പ്പടെ നിങ്ങളുയര്‍ത്തിയത്. ഇപ്പോള്‍ സായുധവിപ്ലവ പാതയില്‍ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?
ഏതൊരു തരം വിപ്ലവും, വ്യവസ്ഥിതിയുടെ മാറ്റവും ബലപ്രയോഗത്തിലൂടെയേ സാധ്യമാകൂ എന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ മാവോയിസ്റ്റുകളുടെ കേവല ധാരണയോട് ഞാന്‍ യോജിക്കുന്നില്ല. സായുധ ബലപ്രയോഗത്തിനനുകൂലമായ അന്തരീക്ഷം ഒരുക്കണം. ജനങ്ങളുടെ മുന്‍കൈയില്‍ സമരങ്ങള്‍ ഉണ്ടാവാണം. അതിന്റെ ഭാഗമായേ സായുധ വിപ്ലവം സാധ്യമാകൂ.
തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമാണ് നക്‌സലൈറ്റുകളുടെ നിലപാട്. കുറഞ്ഞപക്ഷം മൂന്നു പതിറ്റാണ്ടായി നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെല്ലാം അത്തരമൊരു മുദ്രാവാക്യം ഉയര്‍ത്തിയിട്ടുണ്ട്. പാര്‍ലമെന്റി പാതയോടുള്ള സമീപനം എന്തായിരിക്കും?
തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം എന്നതാണ് എന്റെ നിലപാട്. അതാണ് ശരിയായ രാഷ്ട്രീയ സമീപനം. പക്ഷേ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തെപ്പോലും യാന്ത്രികമായി കണ്ടുകൂടാ എന്നതാണ് നിലപാട്. സമരത്തിന്റെ വിവിധ ഘട്ടങ്ങളിലും മറ്റും നമ്മള്‍ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണം. മൂലമ്പിള്ളിയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരാള്‍ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അതൊരു സമരത്തിന്റെ ഭാഗമാണ്. അങ്ങനെ വരുമ്പോള്‍ തെരഞ്ഞെടുപ്പുകളെ നമുക്ക് ഉപയോഗിക്കാനാവും. അത് ചെയ്യേണ്ടതുണ്ട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് തന്നെയുള്ള വിയോജിപ്പിലേക്ക് താങ്കള്‍ എത്തിച്ചേരുമെന്ന് തോന്നുന്നല്ലോ?
ഇല്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഞാനെന്നും. അതാണെന്റെ അസ്ഥിത്വം. കമ്യൂണിസത്തിന് ബദലായി ഒന്നും തന്നെ ചൂണ്ടിക്കാട്ടാനാവില്ല. ഞാന്‍ ഉന്നയിക്കുന്നത് നക്‌സലൈറ്റ്/മാവോയിസത്തോടുള്ള എതിര്‍പ്പല്ല.. അവര്‍ പുതിയ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാത്തിലെ അമര്‍ഷവും രോഷവുമാണ് എനിക്കുള്ളത്. മാവോയിസ്റ്റുകള്‍ തങ്ങളുടെ നയസമീപനങ്ങളില്‍ മാറ്റം വരുത്തുകയാണെങ്കില്‍ എനിക്കതില്‍ തന്നെ തുടരുന്നതില്‍ സന്തോഷമേയുള്ളൂ.
ജാമ്യം എടുത്തു പുറത്തുവന്നശേഷം നിങ്ങളെന്തുചെയ്യാന്‍ പോകുന്നു. നിലവിലുള്ള ഏതെങ്കിലും ദളിത് സംഘടനകളില്‍ ചേരുമോ? അതോ പുതിയ സംഘടന ഉണ്ടാക്കുമോ?
പുറത്തുവന്നശേഷം അക്കാര്യങ്ങളില്‍ വ്യക്തത വരുത്തും. ഇക്കാലമത്രയും വിവിധ ദളിത് സംഘടനകളുമായും അവരുടെ സമരങ്ങളുമായും ഐക്യപ്പെട്ടു തന്നെയാണ് ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. അവരുടെ മൂവ്‌മെന്റുകള്‍ക്ക് തടസ്സമാവാത്ത വിധത്തില്‍ അത്തരം സമരങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. പക്ഷേ പുറത്തുവന്നശേഷം സംഘടനകളെപ്പറ്റി വ്യക്തമായ ധാരണ രൂപീകരിച്ചശേഷമാവും എന്തെങ്കിലും തീരുമാനമെടുക്കുക.
നമുക്ക് അല്‍പം പിന്നിലോട്ട് പോകാം. നിങ്ങളെങ്ങനെയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലെത്തിയത്?
ദരിദ്രരും ദളിതരുമാണ് എന്റെ കുടുംബം. അച്ഛന്‍ ഗോപാലന്‍ കര്‍ഷകത്തൊഴിലാളിയായിരുന്നു.അപ്പര്‍ കുട്ടനാട്ടിലാണ് ജനിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവികളാണ് പണ്ടുമുതലേ. നക്‌സലൈറ്റ് പ്രസ്ഥാനം വന്നപ്പോള്‍ കുടുംബം അപ്പാടെയാണ് അതിനോട് അനുഭാവഗ പുലര്‍ത്തിയത്. വിമോചനത്തിന് കമ്യൂണിസ്റ്റ് പ്രസ്ഥാനമേയുള്ളൂ എന്ന തിരിച്ചറിവാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചത്.
കുടുംബം?
ഭാര്യയും രണ്ടുമക്കളുമുണ്ട്. ഭാര്യ ഷീബ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തിരുവനന്തപുരത്തെ ലോകബാങ്ക് ഓഫീസ് തകര്‍ക്കുന്നതിലൊക്കെ പങ്കെടുത്തിട്ടുണ്ട്. മകനും മകളും കോളജില്‍ പഠിക്കുന്നു.
നിങ്ങള്‍ ഒളിവിലായിരുന്ന ഇക്കാലത്തെല്ലാം കുടുംബം എങ്ങനെ കഴിഞ്ഞു? പതിനാല്‌വര്‍ഷം മുമ്പ് നിങ്ങള്‍ ഒളിവില്‍ പോകുമ്പോള്‍ മക്കള്‍ ചെറിയ കുട്ടികളായിരുന്നല്ലോ?
എങ്ങനെ കുടുംബം കഴിഞ്ഞു എന്നതിന് പെട്ടെന്ന് ഒരു ഉത്തരം പറയാനാവില്ല. ഒളിവില്‍ പോകുമ്പോള്‍ മക്കള്‍ക്ക് ആറുവയസില്‍ താഴെയാണ് പ്രായം. വീട്ടില്‍ ഒരു തയ്യല്‍മെഷ്യന്‍ ഉണ്ട്്. ഭാര്യ ഷീബ തയ്ക്കും. അടുത്തുള്ള വീട്ടുകാര്‍ ചിലപ്പോള്‍ തയ്ക്കാനെന്തെങ്കിലും നല്‍കും. പിന്നെ ചില ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ സഹായം നല്‍കി. പിന്നെ മകന്‍ ചെറുപ്പം മുതലേ ചില പണിക്കുപോയി വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികം കണ്ടെത്തുന്നു. അങ്ങനെ വീട് ഒരു വിധം കഴിഞ്ഞുപോകുന്നു.
നിങ്ങളുടെ വീട് കണ്ടുകെട്ടാന്‍ പോകുന്നതായി വാര്‍ത്തയുണ്ടായിരുന്നു? എന്താണ് ഇപ്പോഴത്തെ അവസ്ഥ?
വീട് ജപ്തിയിലാണ്. മൂന്നര സെന്റിലെ ചെറിയ കൂരയാണ് അത്. ഭാര്യയും മക്കളും പ്രായമായ അമ്മയും തെരുവിലിറങ്ങേണ്ട ഗതികേട് ഇതിനിടയില്‍ വന്നിരുന്നു. എന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഭരണകൂടം നീക്കം നടത്തിയപ്പോഴാണ്. നീതിബോധമുള്ള ജനങ്ങള്‍ ഉള്ളതുകൊണ്ടാണ് കുടുംബം വഴിയാധാരമാകാതിരുന്നത്.
Malayalam Vaarika
2010 March 5
No comments:
Post a Comment