ഫൂല്‍ കുമാരി റാവത്തിനെ ആരും ഓര്‍ക്കാനിടയില്ല. വിധവയും മൂന്നുകുട്ടികളുടെ അമ്മയുമായ ദരിദ്രസ്ത്രീയാണവര്‍. ഒരു കൂലിപ്പണിക്കാരി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനം ഉത്തര്‍പ്രദേശ് വിധാന്‍സഭയ്ക്ക് മുമ്പില്‍ അവര്‍ ഒറ്റയ്ക്ക് ധര്‍ണ നടത്തി. തനിക്ക് നഷ്ടപ്പെട്ട ജോലി തിരിച്ചുതരണമെന്നു മാത്രമാണ് കരഞ്ഞുകൊണ്ടവര്‍ അപേക്ഷിച്ചത്. ലക്‌നൗവില്‍ ബിപിവുര്‍ പ്രൈമറി ആന്‍ഡ് ജൂനിയര്‍ ഹൈസ്‌കൂളിലെ മെസിലായിരുന്നു ഫുല്‍കുമാരിക്ക് ജോലി. പണിക്കെത്തി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പ്, ദലിതയായ സ്ത്രീ ഭക്ഷണം പാചകം ചെയ്യുന്നത്, വി.ഡി. ദീക്ഷിത് എന്ന പ്രിന്‍സിപ്പാലിനുള്‍പ്പടെ പലര്‍ക്കും രുചിച്ചില്ല. കറുത്ത സ്ത്രീ പാചകം ചെയ്യുന്നത് അശുദ്ധമാണെന്ന് അവര്‍ ഉറപ്പിച്ചു. കുട്ടികളെ ഇളക്കിവിട്ടു. വൈകാതെ ഫൂല്‍കുമാരിയെ പിരിച്ചുവിട്ടു. ഇടയ്ക്ക് ഇവരുടെ പാചകംവൃത്തിഹീനമല്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമം ചിലകോണില്‍ നടന്നെങ്കിലും ഫലിച്ചില്ല. ജനുവരി ആദ്യവാരം ഫുല്‍കുമാരി റാവത്തിനുവേണ്ടി അംബേദ്കര്‍ മഹാസഭ നല്‍കിയ പരാതി ഉത്തര്‍പ്രദേശ് എസ്.സി/എസ്.ടി കമ്മിഷന്‍ തളളി. ജാതിയുമായി ബന്ധപ്പെട്ടല്ല, അവര്‍ക്ക് വൃത്തിയില്ലാത്തതുകൊണ്ടാണ് 'കുട്ടികള്‍' പ്രശ്‌നം ഉണ്ടാക്കിയതെന്ന് കാണിച്ച് ജില്ലാ അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് റാവത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കിയത് കമ്മിഷന്‍ ശരിവച്ചത്. അവര്‍ക്ക് നേരെ പ്രിന്‍സിപ്പാളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഉന്നയിച്ച ജാതിയാക്ഷേപങ്ങള്‍ കമ്മിഷനും കണ്ടില്ലെന്ന് നടിച്ചു. തന്റെ വിധിയെ പഴിച്ച് ആ പാവപ്പെട്ടസ്ത്രീ കൂലിപ്പണിയിലേക്ക് തിരിച്ചുപോയി. നമ്മുടെ കാഴ്ചവട്ടത്തിനുപുറത്തേക്ക് അവര്‍ നടന്നു മറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ നാടുവാഴിത്ത-ജാതിഘടനയില്‍ സ്വാഭാവികം എന്നും മറ്റും പറഞ്ഞ് വേണമെങ്കില്‍ സംഭവം അവഗണിക്കാം. ലക്‌നൗവില്‍ നിന്ന് കേരളത്തിലേക്ക് ഒത്തിരി ദൂരമുളളപ്പോള്‍ പ്രത്യേകിച്ചും. പക്ഷേ, ഇവിടെയും ഫുല്‍കുമാരി റാവത്തുമാര്‍ ഒട്ടും കുറവല്ല. ആറുമാസത്തിനിപ്പുറം കൊച്ചിയിലും ബ്രാഹ്മണ്യത്തിന്റെ അടുപ്പില്‍ ജാതി വെന്തുപൊങ്ങി. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുകള്‍പെറ്റ മകുടിയില്‍. കൊച്ചി സര്‍വകലാശാല വനിതാ ഹോസ്റ്റലിലെ ഭക്ഷണശാലയില്‍ ദലിതര്‍ ജോലി ചെയ്യുന്നതിനാണ് അയിത്തം പ്രഖ്യാപിക്കപ്പെട്ടത്. 'അനശ്വര'യിലെ മെസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവന്ന 3 ദളിത് സ്ത്രീകളെ പുതുതായി ചാര്‍ജെടുത്ത മേട്രന്‍ പുറത്താക്കി. ദലിതരുടെ ഭക്ഷണം അവര്‍ക്ക് പിടിച്ചില്ല. ഭക്ഷണം കഴിക്കാന്‍ ഹോസ്റ്റലിലെ അന്തേവാസികള്‍ വിമുഖത പ്രകടിപ്പിച്ചെന്നാരോപിച്ചാണ് പുറത്താക്കല്‍ നടന്നത്. ജീവനക്കാരുടെ അഭാവം മൂലം ഭക്ഷണശാല രണ്ടാഴ്ച അടച്ചിട്ടു. 300 അന്തേവാസികളുടെ ഭക്ഷണകാര്യം പ്രതിസന്ധിയിലായി. തങ്ങളുടെ പേരില്‍ മേട്രന്‍ ജാതിവിവേചനം നടപ്പാക്കിയതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. സര്‍വകലാശാല വിദ്യാര്‍ത്ഥിയൂണിയന്‍ ഉപാധ്യക്ഷന്‍ രേഷ്മാ രവീന്ദ്രന്‍ മേട്രനെതിരെ വൈസ്ചാന്‍സലര്‍ക്ക് പരാതി നല്‍കി. സംഭവം കൈവിട്ടുപോകുമെന്ന ഘട്ടത്തില്‍ മേട്രന്‍ മൂന്ന് പേരെയും തിരിച്ചുവിളിക്കാന്‍ ശ്രമിച്ചു. രണ്ടുപേര്‍ വൈക്കം സ്വദേശികളും ഒരാള്‍ കളമശേരി സ്വദേശിയുമാണ്. പക്ഷെ ആഴത്തില്‍ മുറിവേറ്റ മൂവരും തിരിച്ചുവരാതെ അകന്നുമാറി. ''ഇനി ഈ പണിക്കില്ല'' എന്നവര്‍ പറഞ്ഞു. ഭക്ഷണത്തിനും ജാതിയുണ്ടെന്ന് അപ്പോഴേക്കും അവര്‍ പഠിച്ചുകഴിഞ്ഞിരുന്നു. 'നിങ്ങള്‍ കൈകൊണ്ട് ഭക്ഷണമുണ്ടാക്കുന്നത് അറപ്പുളവാക്കുന്നു എന്ന്' മേട്രന്‍ പറഞ്ഞത് മനസില്‍ നിന്ന് അതിവേഗംപോവില്ലല്ലോ. മേട്രനെതിരെ സര്‍വകലാശാല തലത്തില്‍ പേരിന് ഒരു അന്വേഷണം നടക്കുന്നുണ്ട്. മേട്രനുള്‍പ്പടെ എല്ലാവരും ഇടതുപക്ഷം. സംഭവം പുറത്തറിയിക്കാതെ ഒതുക്കാനായത് എന്ത്‌കൊണ്ട് എന്നതിന് ഇതില്‍ കൂടുതല്‍ വേറെ കാര്യം തിരക്കേണ്ട. അനേഷ്വണം പ്രഹസനമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതങ്ങ് തീരും; ഉറപ്പ്. ഒരു പുകപോലും ശേഷിപ്പിക്കാതെ. പരാതിക്കാരിയും നിശബ്ദം.
കുസാറ്റ് സ്ഥിതി ചെയ്യുന്ന കളമശേരിയില്‍ നിന്ന് ചെറായിയിലേക്ക് പക്ഷേ അധികം ദൂരമില്ല. കേരളത്തിലാദ്യമായി മിശ്രഭോജനം നടന്ന നാടാണിത്, 1917 ല്‍. പുലയര്‍ തുടങ്ങിയവര്‍ക്കൊപ്പം ഈഴവര്‍ പന്തിഭോജനം നടത്തുന്നതിന് സഹോദരന്‍ സഹോദരന്‍ അയ്യപ്പന്‍, ശ്രമിച്ചപ്പോഴേ എതിര്‍പ്പുയര്‍ന്നു. ഈഴവപ്രമാണികള്‍ ചാണകം കലക്കിയവെളളവുമായി 'പുലയനയപ്പന്റെ' പിന്നാലെ പാഞ്ഞു. പുളിയുറമ്പിന്‍കൂടി മേത്ത് വിതറി. പക്ഷെ സഹോദരന്‍ വിജയിച്ചു. കൊച്ചുമലയാളം ചെറായിയെ പിന്തുടര്‍ന്നു. ചെറായി വിപ്ലവത്തിന് ഒമ്പത് വര്‍ഷം കഴിഞ്ഞാല്‍ ഒരു നൂറ്റാണ്ട് തികയും. പക്ഷെ കാലം പഴയ ഈഴവ പ്രമാണിമാരില്‍ നിന്ന് അധികം മുന്നേറിയില്ലെന്നു 'കുസാറ്റ്' തെളിയിക്കുന്നു.
കൊച്ചി സര്‍വകലാശാലയില്‍ മാത്രമല്ല, രാജ്യത്തെമ്പാടുമുളള സര്‍വകലാശാലകളിലും കലാലയങ്ങളിലുമെല്ലാം പലപ്പോഴായി ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബീഹാര്‍ റോഹ്താ ജില്ലയിലെ സര്‍ക്കാര്‍ ഉറുദു സ്‌കൂളില്‍ പാകം ചെയ്യുന്നത് ദലിത് സ്ത്രീയാണെന്ന കാരണത്താല്‍ മുഴുവന്‍ മുസ്ലിം വിദ്യാര്‍ത്ഥികളും ഭക്ഷണം ബഹിഷ്‌കരിച്ചു. '' ഞങ്ങള്‍ ഭക്ഷണം തൊടില്ല. പട്ടികജാതിക്കാരായായ സ്ത്രീ ഉണ്ടാക്കിയത് തൊടുന്നപ്രശ്‌നമേയില്ല'' എന്നാണ് ഒരു എട്ട് വയസുകാരന്‍ പത്രക്കാരോട് പറഞ്ഞത്. ജാതി എന്തെന്ന് ഈ ഇളം പ്രായത്തില്‍ അവന്‍ സ്വയം അറിഞ്ഞതാണെന്ന് കരുതുക വയ്യ.
ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ ഇറച്ചിയും മീനും കഴിക്കുന്നുവെന്നാരോപിച്ച് 10 ദലിത് വിദ്യാര്‍ത്ഥികളെ മെസ്സില്‍ നിന്ന് പുറത്താക്കിയത് മറ്റൊരു സംഭവം. ഇവിടെ ഇറച്ചിയും മീനും ഹിന്ദുക്കളിലെ സവര്‍ണ്ണജാതിക്കാരോ മറ്റ് മതക്കാരോ കഴിക്കുന്നതു പ്രശ്‌നമല്ലതാനും. ദലിതരുടെ ഭക്ഷണരീതിയെ വരെ പുശ്ചിക്കുന്ന, വെജിറ്റേറിയനിസം മഹത്വവല്‍ക്കരിക്കുന്ന ബ്രാഹ്മണ്യമൂല്യബോധത്തെ കാഞ്ച ഐലയ്യ മുമ്പ് പൊളളിച്ചുവിട്ടിട്ടുണ്ട്.
ഹൈദരാബാദ് സര്‍വകലാശാലയിലെ മെസ്സില്‍ സെക്രട്ടറി സ്ഥാനത്തേക്ക് ദലിത് വിദ്യാര്‍ത്ഥി മത്സരിച്ചപ്പോള്‍ സഹപാഠികള്‍ കൂവിയിരുത്തിയത് '' ഹി ഈസ് എ ദലിത്, ഹി വില്‍ ഈറ്റ് മണി'' എന്ന് അട്ടഹസിച്ചാണ്. 'ഷെഡ്ഢൂസ്' പിന്നണിയില്‍ തന്നെ നില്‍ക്കട്ടെ. ഡല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ 'കഴിവില്ലാത്തതിന്' 9 ദലിത് വിദ്യാര്‍ത്ഥികള്‍ പുറത്തായതുപോലത്തെ സംഭവങ്ങള്‍ വേറെ. കുസാറ്റും പിന്നിലല്ല. മുന്‍വര്‍ഷത്തെ ബി.ടെക് എഞ്ചിനീയറിംഗ് സമയത്ത് ദലിത് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിയമവിരുദ്ധമായി ഫീസിടാക്കാന്‍ ശ്രമിച്ചതും വിദ്യാര്‍ത്ഥികള്‍ അതിനെ പരാജയപ്പെടുത്തിയതുമൊക്കെ അറിയുന്നതും അറിയാത്തതുമായ ചരിത്രങ്ങള്‍.
കേരളത്തിന്റെ സമകാലിക അവസ്ഥയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ജാതി അതിന്റെ രാഷ്ട്രീയം എന്നും നന്നായി കളിച്ചിട്ടുണ്ട്. കല്യാണമുള്‍പ്പടെയുളള ആഘോഷചടങ്ങുകളിലെല്ലാം ദലിതരുമായി 'മിശ്രഭോജനം' സവര്‍ണര്‍ ഒഴിവാക്കുക തന്നെ ചെയ്യും.
'താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ല' എന്നെഴുതിയ ബോര്‍ഡുകള്‍ തൂങ്ങിയ സവര്‍ണ്ണ ഭക്ഷണശാലകകള്‍ മുമ്പ് കേരളമെമ്പടുമുണ്ടായിരുന്നു. ജാതിയാക്ഷേപം ശിക്ഷക്ക് കാരണമാവുമെന്ന് മറ്റും വന്നപ്പോള്‍ ബോര്‍ഡുകള്‍ നീങ്ങി. പക്ഷെ അകത്തെ ജാതി അവിടെ തന്നെ നിന്നു. മലയാളിയുടെ ജാതിബോധം വ്യക്തമാകാന്‍ അവന്‍ തെരഞ്ഞെടുക്കുന്ന ഹോട്ടലുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. സവര്‍ണ്ണജാതി സ്വഭാവം വ്യക്തമാക്കുന്ന ഹോട്ടലുകളില്‍ എപ്പോഴും വന്‍ തിരക്കാവുന്നത് എന്തുകൊണ്ടാണ്?. അല്‍പം സാമ്പത്തികശേഷിയുളള സുഹൃത്ത് കൊച്ചിയിലെ ഒരു 'ജാതിഹോട്ടലില്‍' കൂടുതല്‍ തുകയ്ക്കുളള ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ആദ്യം പറഞ്ഞത് ഭക്ഷണത്തിനുവരുന്ന വിലയെപ്പറ്റിയാണ്. നിറം എല്ലാത്തിന്റെയും അടിസ്ഥാനമായി വിളമ്പുകാരനും തിരിച്ചറിഞ്ഞിരിക്കുന്നു. 'ആയിക്കോട്ടെ, പണം എന്റെ കയ്യില്‍ ഉണ്ട് ' എന്ന് പറഞ്ഞിട്ടും അല്‍പം മടിച്ചാണ് വിളമ്പുകാരന്‍ അകത്തേക്ക് പോയത്. രോഷത്തോടെ, അതിലേറെ മുറിവേറ്റ മനസോടെയാണ് കലാകാരനും പത്രജീവനക്കാരനുമായ ഈ സുഹൃത്ത് അടുപ്പമുളളവരോട് തന്റെ അനുഭവം പറഞ്ഞത്.
കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ക്യാന്റിനില്‍ സംവരണം ആവശ്യപ്പെട്ടു ചെന്ന ദലിതരെ അവിടെയുളളവര്‍ ആക്ഷേിച്ചുവിട്ടത് ജാതി പറഞ്ഞാണ്. നിങ്ങളുണ്ടാക്കിയ ഭക്ഷണം ഞങ്ങളെങ്ങനെ കഴിക്കും എന്നതായിരുന്നു ചോദ്യം. സമരം നടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഇതിനുമപ്പുറം, കേരളത്തിലെ പളളിക്കൂടങ്ങളില്‍ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നതുപോലും ജാതിയുടെ ചുറ്റുവട്ടങ്ങളിലാണെന്ന് ദലിത് പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ മൊത്തത്തില്‍ ഉച്ചക്കഞ്ഞി പാകം ചെയ്യുന്നവരുടെ എണ്ണം കൈവിരലെണ്ണാവുന്നത്രയേ വരൂ എന്ന നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടിയാണ് അവരത് ചെയ്യുന്നത്.
പുരോഗമനാശയങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതോടെ, ജാതി അതിന്റെ മുഴുവന്‍ കരുത്തുമായി ശക്തമാകുന്നതാണ് നമ്മുടെ സമകാലിക അനുഭവം. തങ്ങളുടെ ഇടപെടല്‍ മൂലം ജാതി മര്‍ദനം ഇല്ലാതായ, ഇല്ലാത്ത സുന്ദരമായ നാടാണ് നമ്മുടേതെന്ന് കരുതുന്ന 'ഇടതു'കാരും ധാരാളം. അങ്ങനെ കരുതുന്നവര്‍ ഉത്തരം പറയട്ടെ. കേരളത്തില്‍ എത്ര ദലിത് ചായക്കടകളുണ്ട്? (എന്തുകൊണ്ട് ദലിതര്‍ക്ക് ഹോട്ടലുകള്‍ തുറക്കാനാവുന്നില്ല, തുറന്നാല്‍ എന്തുസംഭവിക്കും എന്നതിനും ഉത്തര തേടുന്നതും നന്ന്)
ഉത്തരം പൂജ്യമാണെന്നുവരികില്‍ അര്‍ത്ഥം നമ്മുടെ സമൂഹത്തിന് ചികില്‍സയാവശ്യമായ തരത്തില്‍ രോഗം ബാധിച്ചിരിക്കുന്നു എന്നുതന്നെയാണ്.
'True copy'
Mathrubhumi weekly
2008 August 16
കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ക്യാന്റിനില്‍ സംവരണം ആവശ്യപ്പെട്ടു ചെന്ന ദലിതരെ അവിടെയുളളവര്‍ ആക്ഷേിച്ചുവിട്ടത് ജാതി പറഞ്ഞാണ്.
ReplyDelete:-) :-) :-) :-)