അഭിമുഖം
തെന്‍സിന്‍ സുന്‍ന്ത്യു/
ബിജുരാജ്
ജനകീയ പ്രക്ഷോഭകാരികള്‍ക്കു നേരെ ഇരമ്പിയെത്തുന്ന സൈനിക ടാങ്കുകള്‍ ഏകനായി നിന്ന് തടയാന്‍ ശ്രമിക്കുന്ന ഒരാളുടെ ചിത്രമുണ്ട്; മറക്കാനാവാതെ. തിയാന്‍മെന്‍ സ്‌ക്വയര്‍ വിദ്യാര്‍ത്ഥി കലാപകാലത്തേതാണ് ഈ അപൂര്‍വ സുന്ദരകാഴ്ച.
ആ ഒറ്റയാന്‍ പ്രതിരോധത്തെ വലിയ ചരിത്രസാഹചര്യങ്ങളിലെ ഒരു സൂചകമാക്കുകയാണെങ്കില്‍ അയാള്‍ പ്രതിനിധീകരിക്കുക തിബത്തന്‍ വിമോചന പോരാട്ടങ്ങളെയാകും.
ആരുടെയും പിന്തുണയില്ലാതെ, ചൈനീസ് ഭരണകൂട ക്രൂരതകളെ അരനൂറ്റാണ്ടുകാലമായി ചെറുത്തുനില്‍ക്കുകയാണ് തിബത്തന്‍ ജനത.
ചൈന അതിന്റെ എല്ലാ ഭീകരതയോടും കൂടി തിബത്തിനെ തകര്‍ത്തെറിഞ്ഞിട്ടുണ്ട്. അവരുടെ ജീവിതരീതിയെ, ഭാഷയെ, സംസ്‌കാരത്തെ,വിശ്വാസങ്ങളെ എല്ലാം കടന്നാക്രമിച്ച് തിരിച്ചുവരവ് സാധ്യമാവാത്ത വിധത്തില്‍ നശിപ്പിച്ചട്ടുണ്ട്. അതിജീവനത്തിനുവേണ്ടിയുളള ഓരോ പോരാട്ടവും മഞ്ഞില്‍ ചോര പുതച്ചു.
കമ്യൂണിസ്റ്റുകള്‍ 1949 ല്‍ ചൈനയില്‍ അധികാരത്തിലെത്തുന്നോടെയാണ് തിബത്തിന്റെ ദുരന്തം തുടങ്ങുന്നത്. അതുവരെ സ്വന്തമായി അസ്തിത്വമുള്ള വേറിട്ട ജനവിഭാഗമായിരുന്നു തിബത്തന്‍കാര്‍. 2.5 ദശലക്ഷം ചതുരശ്ര കീമീറ്റര്‍ ചുറ്റളവില്‍ 11,000 മുതല്‍ 16,000 അടിവരെ ഉയരത്തില്‍ വസിച്ച സ്വന്തം ഭാഷയും ജീവിതരീതികളുമുളള സ്വതന്ത്ര രാഷ്ട്രം.
പ്രാകൃത ആചാരങ്ങളും പ്രതിലോമമതാധിപത്യവും നാടുവാഴിത്തവുമാണ് ചൈനീസ് ചെമ്പട തിബത്തിനുനേരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍. തിബത്ത് എന്നും ചൈനയുടെ അവിഭാജ്യ ഭാഗമാണെന്നായിരുന്നു സോഷ്യല്‍ ഫാസിസത്തിന്റെ വികസനവാദകാഴ്ചപ്പാട്്. 'തിബത്തിനെ മോചിപ്പിക്കാനും മാതൃരാജ്യത്തിലേക്കു കൂട്ടിചേര്‍ക്കാനുമാണ്' തിബത്തിലേക്ക് കടന്നുവന്നതെന്ന് ലോകത്തോട് പറഞ്ഞു കമ്യൂണിസ്്്റ്റുകാര്‍ തങ്ങളുടെ നടപടികളെ ന്യായീകരിച്ചു.
ചൈനീസ് അധിനിവേശവും അതിന്റെ വ്യാപനവും തിബത്തില്‍ അഴിച്ചു വിട്ട ക്രൂരതകള്‍ ഒട്ടനവധിയാണ്. പ്രതിഷേധിച്ചവരെയെല്ലാം അവര്‍ വെടിയുണ്ടകള്‍ക്കിരയാക്കി. പോട്ടാല കൊട്ടാരത്തിനു മുന്നില്‍ സ്വയോത്്ഭവ പ്രതിഷേധവുമായി പ്രകടനം നടത്തിയ നൂറുകണക്കിനു പേരെ കൂട്ടക്കൊല ചെയ്തു.നിരവധി ബുദ്ധവിഹാരങ്ങള്‍ തകര്‍ത്തു. ജനങ്ങള്‍ക്കുമേല്‍ ബോംബ് വര്‍ഷിച്ചു നരഹത്യകള്‍ നടപ്പാക്കി. ഖാം, ആംദോ മേഖലകളില്‍ ഉയര്‍ന്നുവന്ന തിബത്തന്‍ സായുധ വിമോചന പോരാട്ടത്തെ ചോരയില്‍ മുക്കിക്കൊന്നു.
സ്വാതന്ത്ര്യം എന്ന മിതമായ ആവശ്യം ഉന്നയിച്ചവരെയെല്ലാം തടവറയിലടച്ചു. ചിലര്‍ ഇരുട്ടറകളില്‍ മരണംവരെ കഴിഞ്ഞപ്പോള്‍ മറ്റുചിലര്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷരായി. വധശിക്ഷകള്‍ പതിവായി. പുതിയ നികുതികള്‍ ചുമത്തി. വന്‍ തോതിലുളള ചൈനീസ് അധിനിവേശം തിബത്തിനെ ദേശീയമായി ഇല്ലായ്മ ചെയ്തു.നിയന്ത്രണമില്ലാത്ത ചൂഷണം തിബത്തിനെ പാരസ്ഥിതികമായി ഇന്നു തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്.തിബത്തന്‍ ജനതയോട് അടുപ്പംകാണിക്കുകയും തിബറ്റന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി രൂപംകൊടുക്കാന്‍ ശ്രമിക്കുകയും ചെയ്ത ഫുന്‍തോങ് സോഗ് വാങ്ഗ്യാല്‍ പോലുള്ള ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ നല്ല നേതാക്കള്‍ക്ക് ജയിലും പിന്നീട് അജ്ഞാതവാസവും വിധിച്ചു.തിബത്തന്‍ ജനതയുടെ ദുരന്തത്തിന്റെ തീവ്രതയ്ക്ക് അവരുടെ ഇന്ത്യയിലെ അഭയാര്‍ത്ഥികളുടെ എണ്ണം തന്നെ തെളിവ്. ഒരു ലക്ഷത്തി മുപ്പതിനായിരം പേരാണ് കൊച്ചിയിലുള്‍പ്പടെ വിവിധ അഭയാര്‍ത്ഥി മേഖലകളില്‍ ദുരിത ജീവിതം നയിക്കുന്നത്. ലോകമെമ്പാടുമായി മറ്റൊരു അമ്പതിനായിരം പേര്‍ വേറെയും.
ചൈനയുടെ അവകാശവാദങ്ങളോ ആരോപണങ്ങളോ ഒന്നും ഒരു ദേശീയതയെ കൊളോണിയല്‍ ഭരണത്തിനു കീഴിലാക്കുന്നതിനും അവരുടെ ഭാഷയെ, സംസ്‌കാരത്തെ ഒക്കെ നശിപ്പിക്കുന്നതിനുമുളള മുന്‍ ഉപാധികളല്ല.
ദലൈലാമയുടെ അമേരിക്കന്‍ പക്ഷപാതിത്വവും ഏഷ്യയില്‍ അമേരിക്കയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് തിബത്ത് താവളമാക്കാന്‍ അദ്ദേഹം അവസരമൊരുക്കിയതും സ്ഥിതി കൂടുതല്‍ വഷളാക്കിയെന്നതില്‍ സംശയമില്ല.
ദലൈലാമയുടെ നടപടികളും വിമോചന സമരത്തില്‍ അദ്ദേഹത്തിന്റെ അവസരവാദ നിലപാടും തീര്‍ച്ചയായും വിമര്‍ശനവിധേയമാക്കണം. എന്നും മധ്യവര്‍ത്തി-അവസരവാദ ലൈനാണ്് അദ്ദേഹത്തിന്റേത്്. തിബത്തിലാകെ പടര്‍ന്നു വ്യാപിച്ച സായുധ വിമോചന സമരത്തെ കൈയൊഴിയാന്‍ പ്രേരിപ്പിച്ചതും അവിടുത്തെ പോരാളികളെ കൂട്ട രക്തസാക്ഷിത്വത്തിനും വിധേയമാക്കിയും ദലൈലാമയാണ്. അദ്ദേഹത്തിനെതിരെ തിബത്തന്‍ യുവതലമുറയില്‍ നിന്നു തന്നെ വിയോജിപ്പിക്കുകള്‍ തുറന്ന രൂപം കൈക്കൊള്ളുന്നുമുണ്ട്.കമ്യൂണിസ്്റ്റുകള്‍ ദലൈലാമയില്‍ ആരോപിക്കുന്ന സി.ഐ.ഐ.ബന്ധത്തില്‍ വാസ്തവമുണ്ടുതാനും. എന്നാല്‍ ഇതൊന്നും ചൈനയ്ക്കു തിബത്തിനെ അധിനിവേശപ്പെടുത്താനുള്ള അനുമതിപത്രമാവുന്നില്ല.
മാവോയുടെ നേതൃത്വത്തിലുളള ചൈനീസ് ഭരണകൂടം തിബത്തില്‍ നടത്തിയ അധിനിവേശം മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റു നിലപാടുകളില്‍ നിന്നുളള വ്യതിചലനമാണ്. ദേശീയതയുടെ(ഭാഷയാണ് അടിസ്ഥാനം) സ്വയം നിര്‍ണയാവകാശം അംഗീകൃത കമ്യൂണിസ്റ്റു നിലപാടാണ്. ചെക്കോസ്ലാവാക്യയില്‍ റഷ്യ നടത്തിയ സൈനിക കടന്നുകയറ്റത്തെ എതിര്‍ത്ത മാവോയ്ക്കു തിബത്ത് അധിനിവേശത്തിനു മടിയുണ്ടായില്ലെന്നതു ചരിത്രത്തിന്റെ വൈരുദ്ധ്യ കാഴ്ച. ചൈനീസ് ദേശീയതയുമായി(ഹാന്‍ ദേശീയത) ഭാഷാപരമായോ,സാംസ്‌കാരികമായോ തിബത്തന്‍ ജനവിഭാഗത്തിന് പൊതുവായ ഘടകങ്ങള്‍ ഒന്നുമില്ല.
ഇന്ത്യയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം തിബത്ത് പ്രശ്‌നത്തില്‍ മൗനം പാലിക്കുന്നുത് ശ്രദ്ധേയമാണ്. ജനകീയ പ്രക്ഷോഭങ്ങളുടെ മുന്‍നിരക്കാരെന്ന് അവകാശപ്പെടാറുള്ള മാവോയിസ്റ്റുകളുടെ (നക്‌സലൈറ്റുകള്‍) മൗനം അവരുടെ ഇരട്ടത്താപ്പാണ്. മാവോയുടെ തെറ്റുകളെ അഭിമുഖീകരിക്കാനുളള വൈമുഖ്യത. ഈ കാപട്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. മറ്റ് ഇടതുപക്ഷക്കാര്‍ സംഭവം അറിഞ്ഞമട്ടേയില്ല.
തിബത്തിന്റെ സ്വാതന്ത്ര്യത്തെ ഇന്ന് ഒരൊറ്റരാജ്യവും പിന്തുണയ്ക്കുന്നില്ല. മുമ്പ് അമേരിക്കയും ഇന്ത്യയും അനുകൂലമായി കുറച്ചിടവേളയില്‍ സംസാരിച്ചെങ്കിലും പിന്നീട് അതു കൈയൊഴിഞ്ഞു. പുതിയ ലോകക്രമത്തില്‍ അമേരിക്കയ്ക്ക് ചൈനയില്‍ വ്യവസായിക താല്‍പ്പര്യങ്ങളുണ്ട്. ഇന്ത്യയ്ക്ക് ചൈനയുമായി പരിഹരിക്കാന്‍ സിക്കീമുള്‍പ്പടെയുളള അതിര്‍ത്തി പ്രശ്‌നങ്ങളുണ്ട്. പാകിസ്താനുമായുളള തങ്ങളുടെ ശത്രുതയില്‍ കക്ഷിചേരാതെ ചൈനയെ നിര്‍ത്തുകയും വേണം.
ചൈനയില്‍ ജനാധിപത്യം പുനസ്ഥാപിക്കപ്പെടുകയും സോഷ്യല്‍ ഫാസിസത്തില്‍ നിന്നു ജനങ്ങള്‍ക്കു എന്നന്നേക്കുമായി മോചനം ലഭിക്കുകയും ചെയ്യുമ്പോഴാണ് തിബത്തിന്റെ മോചനം യഥാര്‍ത്ഥത്തില്‍ സാധ്യമാകുക. അതിനാല്‍ തന്നെ സ്വതന്ത്ര തിബത്ത് എന്ന മുദ്രാവാക്യം പ്രതിനിധാനം ചെയ്യുന്നത് സ്വതന്ത്ര ചൈന എന്ന ആവശ്യത്തെയും കൂടിയാണ്.
തിബത്തിന്റെ സ്വാതന്ത്ര്യ മോഹങ്ങളുടെ, അവരുടെ രോഷത്തിന്റെ വിട്ടുവീഴചയില്ലാത്ത ആള്‍ രൂപമാണ് തെന്‍സിന്‍ സുന്‍ന്ത്യു. ഇന്ത്യയിലെ തിബത്തന്‍ അഭയാര്‍ത്ഥിയാണ് അദ്ദേഹം. കവി.എഴുത്തുകാരന്‍.ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ-ജനാധിപത്യ പ്രക്ഷോഭകാരി. കവിയെന്നതിനേക്കാള്‍ ആക്റ്റിവിസ്റ്റ്. അ്വസ്ഥനും രോഷാകുലനുമായ സമരസംഘാടകന്‍.
മൂന്നുവര്‍ഷം മുമ്പ് അന്നത്തെ ചൈനീസ് പ്രധാനമന്ത്രി ഷു റോങ്ങ്ജി മുംബൈയിലെ പഞ്ചനക്ഷത്രഹോട്ടലായ ഒബ്‌റോയില്‍ ഇന്ത്യന്‍ വ്യവസായികളെ അഭിസംബോധന ചെയ്യുമ്പോള്‍ സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് 14 നില കെട്ടിടത്തിനുമുകളില്‍ 'തിബത്തിനെ സ്വതന്ത്രമാക്കുക' എന്ന ബാനറും പതാകയും ഉയര്‍ത്താന്‍ കടന്നു കയറിയതോടെ അന്താരാഷ്ട്ര പ്രശസ്തനായി. രണ്ടുമാസം മുമ്പ് ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂ്ട്ട് ഓഫ് സയന്‍സില്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാ ബോ സന്ദര്‍ശിക്കുമ്പോള്‍ ഒരിക്കല്‍ കൂടി ഭരണകൂടത്തെ ഞെട്ടിച്ചു അവിടെ നുഴഞ്ഞുകയറി തിബത്തന്‍ പതാക ഉയര്‍ത്തുകയും ചൈനീസ് വിരുദ്ധമുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഇന്ന് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളി. 'ഫ്രണ്ട്‌സ് ഓഫ് തിബറ്റ്'എന്ന സംഘടനയുടെ സെക്രട്ടറി ജനറലാണ്.
സഹപാഠികളില്‍ നിന്നു പണം പിരിച്ചു പുറത്തിറക്കിയ 'ക്രോസിംഗ് ദ ബോര്‍ഡര്‍' ആണ് ആദ്യ കവിതാസമാഹാരം. 'കോറ' രണ്ടാമത്തെ കൃതി. 2001 ല്‍ ഔട്ട് ലുക്ക്-പിക്കാഡോര്‍ അവാര്‍ഡ് നേടി.തിബത്തന്‍ റിവ്യൂ മാഗസിനില്‍ പതിവായി തിബറ്റ് അനുബന്ധവിഷയങ്ങളില്‍ കോളം എഴുതുന്ന തെന്‍സിന്‍ ആനുകാലികങ്ങളില്‍ തുടര്‍ച്ചയായി എഴുതിവരുന്നു.
തിബത്തന്‍ വിമോചനത്തിന്റെ രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ സര്‍വതലങ്ങളെയും കുറിച്ചു സംസാരിക്കുകയാണ് ഈ അഭിമുഖത്തില്‍ തെന്‍സിന്‍ സുന്‍ന്ത്യു. തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍, വിപ്ലവത്തെപ്പറ്റിയുളള കാഴ്ചപ്പാടുകള്‍ , സ്വപ്നങ്ങള്‍ എല്ലാം അദ്ദേഹം തുറന്ന് പറയുന്നു. ദലൈലാമയേയും ഇന്ത്യയിലെ ഇടതുപക്ഷത്തേയും വിമര്‍ശന വിധേയമാക്കുകയും വിലയിരുത്തുകയും ചെയ്യുന്നു. ഒപ്പം തന്നെയും തന്റെ രചനകളെയുംകുറിച്ച് സത്യസന്ധമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു.
സ്വാതന്ത്ര്യം, സമരം, സ്വപ്നം
ചൈനീസ് പ്രധാനമന്ത്രിമാരുടെ സന്ദര്‍ശന വേളകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് നിങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയതെന്തിനാണ്? പ്രശസ്തി ലക്ഷ്യമാക്കിയിരുന്നില്ലേ ആ നടപടി?
അല്ല. ചൈനീസ് പ്രധാനമന്ത്രി എന്നെ കാണണമെന്നും പ്രതിഷേധം അയാള്‍ അറിയണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്റെ ജനങ്ങളുടെ ദുരന്തകാരണങ്ങളുടെ പ്രതീകമാണ് അയാള്‍. 60 ലക്ഷം ജനങ്ങളെ എന്നും അടിമകളാക്കി വയ്ക്കാനാവില്ലെന്നു അദ്ദേഹത്തെ ഓര്‍മിപ്പിക്കാനാന്‍ ഞാന്‍ ശ്രമിച്ചു. ഞങ്ങള്‍ക്കു സ്വാതന്ത്ര്യം വേണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഞങ്ങളുടെ സ്വാതന്ത്ര്യമാണ്.
നിങ്ങളുടെ ഒറ്റതിരിഞ്ഞുളള ഇത്തരം പ്രതിഷേധ പ്രകടനം എന്തു പ്രയോജനമാണ് ചെയ്യുക?
എന്റെ പ്രതിഷേധ പ്രകടനത്തിന്റെ ലക്ഷ്യം തിബത്ത് പ്രശ്‌നത്തിലേക്ക് ശ്രദ്ധയാകര്‍ഷിപ്പിക്കുക എന്നതാണ്. മുംബൈയില്‍ മൂന്നുവര്‍ഷം മുമ്പ് ഞാന്‍ ചൈനീസ് പ്രധാനമന്ത്രിക്കു മുമ്പില്‍ പ്രതിഷേധിക്കുമ്പോള്‍ 600 ലേറെ വരുന്ന ജനങ്ങള്‍ നിരാഹാര സമരം നടത്തുന്നുണ്ടായിരുന്നു. ഓരോരുത്തര്‍ക്കും അവരുടേതായ പങ്ക് വഹിക്കാനുണ്ട്. ഉദ്ദേശിച്ചകാര്യത്തില്‍ വിജയിച്ചോ എന്നെനിക്കു വ്യക്തതയില്ല.
1989 ല്‍ തിയാന്‍മെന്‍ സ്‌ക്വയറില്‍ ടാങ്കുകള്‍ തടഞ്ഞു നിര്‍ത്തിയ ഏകനായ മനുഷ്യന്‍ ചൈനീസ് ഭരണകൂടത്തിന്റെ അഴിമതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുളള പോരാട്ടത്തിന്റെ ധീരപ്രതീകമാണ്്. അയാള്‍ ഒറ്റയ്ക്കായിരുന്നില്ല. ചൈനയില്‍ മൊത്തത്തിലുള്ള ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമാണ് അയാള്‍.
ചൈനീസ് ഭരണകൂടത്തിന്റെ സ്വഭാവം മൊത്തത്തില്‍ പരിഗണിക്കുമ്പോള്‍ ഇവിടെയുളള ഇത്തരം പ്രതിഷേധങ്ങള്‍ അവര്‍ ഗൗരവമായി കാണുമെന്നു കരുതാനാവുമോ ?
ഞങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം തിബത്തന്‍ പ്രശ്‌നത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്നതാണ്. അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ ചൈനയെ ഞങ്ങള്‍ക്കു തുറന്നുകാട്ടണം. ഞങ്ങളെ മറ്റൊരു ദേശീയതയായി കാണാന്‍ പലരും മടിക്കുന്നുണ്ട്. ജനങ്ങള്‍ ചിന്തിക്കുന്നത് ഞങ്ങള്‍ ചൈനക്കാര്‍ തന്നെയാണെന്നാണ്. അത് സത്യമല്ല. ഞങ്ങള്‍ വേറിട്ട ദേശീയ ജനവിഭാഗമാണ്. ഞങ്ങളുടെ ശബ്ദത്തെ ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തിയിരിക്കുന്നു. ഇത് ലോകത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കണം. ചൈനയ്ക്ക് ഞങ്ങളുടെ ശബ്ദത്തെ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത കാലം തീര്‍ച്ചയായും വരും.
ഇവിടെയുളള പ്രവര്‍ത്തനങ്ങള്‍ തിബത്തന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് ഏതു രീതിയില്‍ പ്രയോജനകരമാകും?
ഇന്ത്യയിലെ 1,30,000 അഭയാര്‍ത്ഥികള്‍ക്കോ ലോകത്തിന്റെ വിവിധഭാഗങ്ങളിലെ കുറച്ചായിരം പേര്‍ക്കോ തിബത്തിന്റെ വിമോചനമാവശ്യപ്പെട്ടു സ്വന്തം നാട്ടിലേക്കു മടങ്ങുക സാധ്യമല്ല. ഞങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ കാലുകുത്താന്‍ പോലും അവകാശമില്ല. നിര്‍ഭാഗ്യകരമാണിത്. ലോകമെമ്പാടുമുളള ജനങ്ങളെ തിബത്തന്‍ പ്രശ്‌നത്തെപ്പറ്റി ബോധവല്‍ക്കരിക്കുകയും അവിടെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ കൃത്യമായ വിവരങ്ങള്‍ അവര്‍ക്കു നല്‍കുകയുമാണ് ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ പിന്തുണ നേടുകയാണു പ്രധാനം.
എങ്ങനെയുളള തിബത്താണ് നിങ്ങള്‍ സ്വപ്നം കാണുന്നത്? വിമോചനത്തിനു ശേഷം സോഷ്യലിസ്റ്റ് രാജ്യമായിരിക്കുമോ അത്? അല്ലെങ്കില്‍ ഏതു തരത്തിലുളള സര്‍ക്കാരായിരിക്കും അവിടെയുണ്ടായിരിക്കുക?
എന്റെ സങ്കല്‍പ്പത്തിലുളള തിബത്ത് സ്വതന്ത്രവും ജനാധിപത്യപരവും പരമാധികാരവുമുളള രാജ്യമാണ്. തിബത്തന്‍ ജനത തങ്ങളുടെ ജീവിതരീതികള്‍കൊണ്ടും ജീവിതത്തില്‍ ആത്മീയ അന്വേഷണങ്ങളോടു പുലര്‍ത്തുന്ന അതീവ താല്‍പ്പര്യവുംമൂലവും സ്വഭാവികമായി മുതലാളിത്തത്തിന്റെ പ്രവണതകളെ ചെറുക്കും. ഇക്കാരണങ്ങളാല്‍ തന്നെ ആധുനീക സാമ്പത്തികതാല്‍പ്പര്യങ്ങളില്‍ അടിസ്ഥാനമായ ഉപഭോക്തൃ താല്‍പ്പര്യങ്ങളെയും പ്രതിരോധിക്കും. പുതിയ കാര്യങ്ങള്‍ മനസിലാക്കുന്നതിനോടൊപ്പം പഴയ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇതില്‍ സന്തുലനം പാലിക്കുകയെന്നതു തീര്‍ച്ചയായും വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ ഭൂട്ടാനിലെ ജനങ്ങള്‍ ശ്രമിക്കുന്ന വികസനപ്രവണതകളെയാണു ഞാന്‍ ഇഷ്ടപ്പെടുന്നത്.
നിങ്ങള്‍ തിബത്ത് കാണുകയോ അവിടെ പോവുകയോ ചെയ്തിട്ടുണ്ടോ?
ഉണ്ട്. അതിര്‍ത്തി കടന്ന് ഒരിക്കല്‍ ഒളിച്ചു പോയി ഞാന്‍ തിബത്ത് കണ്ടിട്ടുണ്ട്. ചെന്നെയിലെ കോളജില്‍ ബിരുദപഠനം കഴിഞ്ഞ ശേഷമാണ് അത്. ആദ്യം ലഡാക്കിലേക്ക് പോയി. അവിടെ നിന്ന് അതിര്‍ത്തി നുഴഞ്ഞുകടന്ന് തിബത്തിലേക്കു പോയി.
അവിടെ നിരവധി പേരുമായി ഞാന്‍ സംസാരിച്ചു. തിബത്തിന്റെ മോചനം നേടുകയെന്ന ആവശ്യത്തോട് ജനങ്ങളുടെ ആഴത്തിലുളള പ്രതിബദ്ധത എനിക്ക് വ്യക്തമായി. അവരാണ് പ്രതീക്ഷ. അവരാണ് ഭാവി.ഞങ്ങളല്ല. ഇവിടെ നിന്ന് ഞങ്ങള്‍ക്ക് എന്തു ചെയ്യാനാകും? വളരെ കുറച്ചു മാത്രം.അവരാണ് പോരാട്ടം നയിക്കുന്നത്. ഞാനവരെ വളരെയേറെ ആദരിക്കുന്നു. അവിടെവച്ചു ഞാന്‍ പിടിയിലാകുകയും മൂന്നുമാസം തടവിലടക്കപ്പെടുകയും ചെയ്തു. അതുകൊണ്ടു തന്നെ അവിടുത്തെ ജീവിതബുദ്ധിമുട്ടുകള്‍ എനിക്കറിയാം.പോലീസ് ആഴ്ചകളോളം എന്നെ ചോദ്യം ചെയ്തു. പിന്നെ അവിടെ നിന്നു പുറംന്തള്ളി. ഒരു ചെറുപ്പക്കാരനു തന്റെ മാതൃരാജ്യം കാണണമെന്നുളള ആഗ്രഹം പോലും ചൈനീസ് ഭരണകൂടത്തിനു സഹിക്കാനാവുന്നതല്ല.
നിങ്ങള്‍ ദലൈലാമയെ കാണുകയോ നിലപാടുകളെപ്പറ്റി സംസാരിക്കുകയോ ചെയ്തിട്ടുണ്ടോ?
ഉണ്ട്. ഞാന്‍ അദ്ദേഹത്തെ വളരെയേറെ ബഹുമാനിക്കുന്നു. സ്വയംഭരണം എന്ന അദ്ദേഹത്തിന്റെ നിലപാടിനോട് യോജിപ്പില്ല. എനിക്കുവേണ്ടത് തിബത്തിന്റെ പരിപൂര്‍ണ സ്വാതന്ത്ര്യമാണ്. ശത്രുവിനോടൊപ്പം സമാധാനത്തില്‍ കഴിയുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. എനിക്ക് രോഷമുണ്ട്. അസ്വസ്ഥനാണ്. യുവാവാണ്. ഞാന്‍ ജീവിക്കുന്നതും സ്വപ്നം കാണുന്നതും സ്വതന്ത്ര തിബത്തിനുവേണ്ടിയാണ്. ദലൈലാമയുടെ മധ്യവര്‍ത്തിപാതയോടുളള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുയും നേരിട്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
'സ്വയംഭരണ'ത്തിനു വേണ്ടിയുളള ദലൈലാമയുടെ വാദം ന്യായികരിക്കപ്പെടേണ്ടതാണെന്ന വാദം ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. സാഹചര്യങ്ങള്‍ കൂടുതലായി വഷളാകാതിരിക്കാനും സ്വയംഭരണം നേടിയശേഷം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം തുടരാമെന്നും ചിലര്‍ പറയുന്നു. നിങ്ങള്‍ ഇതിനെ എങ്ങനെ കാണുന്നു?
ഇരുവാദവും - സ്വയംഭരണവും സ്വാതന്ത്ര്യവും- തിബത്തിന്റെ ഇന്നത്തെ അപകടാവസ്ഥയെ എടുത്തുകാട്ടുന്നുണ്ട്. തിബത്തിന്റെ സംസ്‌കാരവും പരിസ്ഥിതിയുമെല്ലാം ഗുരുതരമായ അപകടത്തിലാണ്. ഓരോ ദിവസം ചെല്ലുംതോറും സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയുമാണ്. പക്ഷേ ദലൈലാമയുടെ മധ്യവര്‍ത്തി പാതയോട്, അതായത് സ്വയംഭരണമെന്നാവശ്യത്തോട് എനിക്ക് യോജിപ്പില്ല. 'ശരിയായ സ്വയംഭരണം' എന്നത് പ്രായോഗികമാകുക ചൈന ഈ ആവശ്യത്തോട് ക്രിയാമത്കമായി പ്രതികരിക്കുമ്പോഴാണ്. ചൈന ഒരിടത്തും സ്വയംഭരണവാദത്തിനനുകൂലമായി സംസാരിച്ചിട്ടില്ല. കുറഞ്ഞപക്ഷം ഇരുപത്തഞ്ച് വര്‍ഷകാലയളവിലെങ്കിലും. അതുകൊണ്ടു തന്നെ സ്വയംഭരണമെന്ന വാദം സാങ്കല്‍പ്പികവും അസാധ്യവുമായ ആഗ്രഹമാണ്.
നമ്മള്‍ ചൈനയുടെ ബുദ്ധിശക്തിയെ വിലയിടിച്ചു കാണുകയും അരുത്. അവര്‍ വിഡ്ഢികളല്ല. സ്വയംഭരണം തന്നാല്‍ പിന്നീട്് നമ്മള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുകയില്ലെന്ന് അവര്‍ ചിന്തിക്കുകയൊന്നുമില്ല. സ്വയംഭരണമെന്നാല്‍ അത് യാചിക്കുന്ന ഒന്നാണ്. പക്ഷേ സ്വാതന്ത്ര്യമെന്നാല്‍ നമുക്ക് അവകാശപ്പെട്ടത് നമ്മളുടെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന് സ്വ പ്രയത്‌നത്തിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ലോകമെമ്പാടുമുളള കോടിക്കണക്കിനു ജനങ്ങള്‍ക്കും ചൈനീസ് ജനതയ്ക്കുമൊപ്പം നിന്നാണ് അത്തരം പോരാട്ടം നടത്തേണ്ടത്. സ്വാതന്ത്ര്യമെന്ന അവകാശത്തിനു ബദലില്ല.
തിബത്തിന്റെ മോചനത്തിന് ഇന്ത്യന്‍ സഹായം എത്രമാത്രം ലഭിക്കുമെന്നാണ് കരുതുന്നത്്?
ഒരു രാജ്യത്തിനു മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടാകണമെങ്കില്‍ അവര്‍ക്ക് എന്തെങ്കിലും നേട്ടമോ ഗുണമോ അതില്‍ നിന്നു കിട്ടണം.ഇതാണെന്റെ വ്യക്തിപരമായ വിശ്വാസം. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യ തിബത്തിനോട് സാംസ്‌കാരികവും രാഷ്ട്രീയവുമായി ആഴത്തില്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. ഇന്ന് ഇന്ത്യ; തിബത്തിനെ ചൈനയുടെ ഭാഗമായിട്ടാണു പരിഗണിക്കുന്നത്. ഇതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്്. എന്നാല്‍ ഇന്ത്യന്‍ ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണ്. സ്വാതന്ത്ര്യപ്രചാരണത്തിനുവേണ്ടി ഞാന്‍ ഇവിടെ എല്ലായിടത്തും തുടര്‍ച്ചയായി യാത്ര ചെയ്തിട്ടുണ്ട്. ജനങ്ങളുടെ പിന്തുണ എനിക്കു വ്യക്തമായി അറിയാം. ഇന്ത്യയുടെ സുരക്ഷയും പ്രതിരോധവും തിബത്തന്‍ മേഖലയില്‍ അപടത്തിലാണ്. തിബത്ത് ഇന്ത്യയ്ക്കും പ്രശ്‌നമാണ്. അതനുസരിച്ചായിരിക്കും ഇന്ത്യയുടെ ഇടപെടല്‍.
ഇന്ത്യയില്‍ നിന്ന് ഇനി എന്താണു പ്രതീക്ഷിക്കുന്നത്?
തിബത്തന്‍കാരെ തിബത്തില്‍ നിന്നുള്ളവരായി പരിഗണിക്കുകയും തിബത്ത് ചൈനയുടെ ഭാഗമല്ലെന്നു പ്രഖ്യാപിക്കുകയും വേണം.തിബത്തന്‍കാരെ ചൈനക്കാരായാണു പരിഗണിക്കുന്നത് എന്നകാര്യത്തിലാണു ഞങ്ങള്‍ ഇന്ത്യയെ വെറുക്കുന്നത്. ഞങ്ങള്‍ ചൈനക്കാരല്ല. സ്വന്തം വ്യക്തിത്വമുണ്ട്. 1914 ല്‍ സിംല സമ്മേളനത്തില്‍ ബ്രിട്ടിഷ് ഇന്ത്യന്‍ അധികാരികളും സ്വതന്ത്ര തിബത്തന്‍ ഭരണാധികാരികളും മക്‌മോഹന്‍ രേഖയെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് ചൈനയുമായി അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തുകയാണ്. ഇന്ത്യ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുകയും നയം മാറ്റുകയും വേണം.
തിബത്തിന്റെ വിമോചനമെന്ന ആശയത്തിനു മറ്റിടങ്ങളില്‍ നിന്നുളള പിന്തുണ എത്രമാത്രമുണ്ട്?
തിബത്തിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം നാളുകള്‍ കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഞങ്ങള്‍ പ്രവാസികളാകുമ്പോഴുളള അവസ്ഥയല്ല ഇന്ന്. ലോകത്ത് ഒരു രാജ്യവും ഞങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ലെങ്കിലും എല്ലായിടത്തും, ഇന്ത്യയിലുള്‍പ്പടെ ഞങ്ങള്‍ക്കുളള പിന്തുണ ഏറിവരികയാണ്. ആക്റ്റിവിസ്റ്റുകള്‍, വിദ്യാഭ്യാസമുളളവര്‍, ബുദ്ധിജീവികള്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍, പത്രപ്രവര്‍ത്തകര്‍ ഇങ്ങനെ എല്ലാ തലത്തിലുമുളളവരും ഞങ്ങള്‍ക്കു പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ചൈനയില്‍ നിന്ന് എത്രമാത്രം പിന്തുണയുണ്ട്? തിബത്തിനുവേണ്ടി അവിടുത്തെ ജനങ്ങള്‍ ശക്തമായ നിലപാട് എടുക്കുമെന്നു കരുതാനാവുമോ?
ഇന്നത്തെ ചൈന ഒരര്‍ത്ഥത്തിലും മാവോസേതുംഗിന്റെ കാലത്തെ ചൈനയല്ല. ജനങ്ങള്‍ക്ക് തങ്ങളുടെ അവകാശത്തെപ്പറ്റി നല്ല ബോധമുണ്ട്. നേതാക്കള്‍ക്കും ഇതറിയാം. ലക്ഷക്കണക്കിനു സാധാരണക്കാരായ ചൈനക്കാര്‍ തൊഴിലവകാശം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നീകാര്യങ്ങളില്‍ തീര്‍ത്തും അസംതൃപ്തരാണ്.
ഹാന്‍ ആശയവിശ്വാസത്തിന്റെ കീഴിലാണിന്നും ചൈന.ആധിപത്യശക്തിയുള്ള ഹാന്‍ കേന്ദ്ര ഭരണകൂടത്തെ മംഗോളിയര്‍, തിബത്തന്‍ തുടങ്ങിയ അപരിഷ്‌കൃത ജനങ്ങള്‍ വലയം ചെയ്തിരിക്കണം എന്നതാണ് ഹാന്‍ വിശ്വാസം. അതു തന്നെയാണ് തിബത്തും മറ്റുരാജ്യങ്ങളും കൈവശപ്പെടുത്താന്‍ ചൈനയെ പ്രേരിപ്പിച്ച യഥാര്‍ത്ഥ കാരണവും. ഈ വിശ്വാസം ഇതുവരെ മാറിയിട്ടില്ല. ചൈയില്‍ മതപരമായ അവകാശങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്ന സാമ്പത്തികവും സാമൂഹ്യവുമായി ഉയര്‍ന്ന ആള്‍ക്കാരുടെ പോലും അവസ്ഥയിതാണ്.
അഖണ്ഡ ചൈന എന്നും നിലനിര്‍ത്തുന്നതിനാണു ചൈന മുഖ്യമായും ശ്രദ്ധിക്കുന്നത്. അതിനെതിരെയുള്ള ഏതു ചെറിയ നീക്കവും ചൈനീസ് ഭരണകൂടം അടിച്ചമര്‍ത്തും. എന്നാല്‍ തന്നെയും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലും മംഗോളിയയിലും തിബത്തിലുമെല്ലാം അസ്വസ്ഥതകള്‍ ശക്തമാണ്. ഫൂലന്‍ഗോംഗ് മതവിശ്വാസികളാണു ചൈനയ്ക്കു മുഖ്യ വെല്ലുവിളി. ചൈനയില്‍ ജനാധിപത്യം വേണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം ലോകമെങ്ങും ശക്തിപ്പെടുകയാണ്. അഴിമതി നിറഞ്ഞ ചൈനീസ് സാമ്രാജ്യത്വത്തിന്റെ കീഴില്‍ കഴിയേണ്ടിവരുന്ന എല്ലാവര്‍ക്കും ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷകള്‍ പകരുന്നുണ്ട്.
ആഗോളവത്ക്കരണത്തിന്റെ ഈ കാലത്ത് വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക താല്‍പര്യങ്ങള്‍ മൂലം മൂന്നാമതൊരു രാജ്യം നയതന്ത്രപരമായ സമ്മര്‍ദം ചൈനയ്ക്കു മേല്‍ ചെലുത്തില്ല. ചൈനയില്‍ സാമ്പത്തികമായ താല്‍പ്പര്യമുള്ള അമേരിക്കയ്ക്കയും തിബത്തിന്റെ മോചനം ആവശ്യപ്പെടില്ല. പിന്നെ എങ്ങനെയാണ് തിബത്ത് സ്വതന്ത്രമാവുക?
അരനൂറ്റാണ്ടിനടുത്തുള്ള ഞങ്ങളുടെ വിമോചന പോരാട്ടം വ്യക്തമാക്കുന്നത് ആരെങ്കിലും സഹായിക്കാനുണ്ടാകുമെന്ന പ്രതീക്ഷ വേണ്ടെന്നാണ്. ഞങ്ങള്‍ക്കു വേണ്ടി ആരും പ്രചരണവും നടത്തില്ല. അതിലും ദു:ഖകരം ചരിത്രത്തില്‍ നിന്ന് തിബത്തന്‍കാര്‍ ഒന്നും പഠിച്ചിട്ടില്ലെന്നതാണ്. ബുദ്ധിസവും വര്‍ണ്ണമനോഹരമായ തിബത്തന്‍ സംസ്‌കാരവും പശ്ചിമദേശങ്ങളില്‍ നല്ല വില്‍പ്പനചരക്കാണ്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നമായ തിബത്തിന്റെ മോചനം ആരും കണക്കിലെടുക്കുന്നില്ല.
ഞങ്ങള്‍ സ്വയം പര്യാപതരായില്ലെങ്കില്‍, ആന്തരികമായി കരുത്താര്‍ജിക്കുകയും സ്വതന്ത്ര ചിന്ത പുലര്‍ത്തുകയും ചെയ്യുന്നില്ലെങ്കില്‍ സ്വതന്ത്ര തിബത്ത് എന്നും സ്വപ്നമായി ശേഷിക്കും.അമേരിക്കയെപോലുള്ള രാജ്യങ്ങള്‍ക്ക് തിബത്ത് പ്രശ്‌നം, ചൈന തങ്ങള്‍ക്കു വഴങ്ങുന്നില്ലെന്നു കാണുമ്പോള്‍ പ്രയോഗിക്കാനുള്ള തുരുപ്പ് ചീട്ടാണ്. ഞങ്ങള്‍ക്കു തീര്‍ച്ചയായും കുറേയേറെ മുന്നോട്ടു പോകാനുണ്ട്. ചൈനയിലുള്ള മാറ്റങ്ങളിലാണു യഥാര്‍ത്ഥ പ്രതീക്ഷ. പ്രവാസികളായ ചൈനീസ് ജനാധിപത്യവാദികളും കാത്തിരിക്കുന്നതു സ്വതന്ത്ര ചൈനയേയാണ്. ദക്ഷിണ മംഗോളിയയിലേയും കിഴക്കന്‍ തുര്‍ക്കിസ്താനിലെയും ജനങ്ങളും. ഞങ്ങള്‍ അവരെ പിന്തുണയ്ക്കുന്നു. ഞങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ചൈനയുടെ കോളോണിയല്‍ മനോഭാവമാണ് തിബത്തിനെ കൈവശപ്പെടുത്തിയിരിക്കുന്നത്. സ്വതന്ത്ര ചൈന യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വതന്ത്ര തിബത്തും നിലവില്‍ വരും.
നിങ്ങള്‍ ജീവിക്കാനും വരുമാനമുണ്ടാക്കാനും എന്തുചെയ്യുന്നു?
ഒന്നും ചെയ്യുന്നില്ല. എനിക്ക് ജോലിയില്ല. അതിന്റെ ആവശ്യമില്ല. എന്റെ മാതൃരാജ്യത്തോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന ഒരു ജോഡി പഴയ ടീ ഷര്‍ട്ടുകളും ജീന്‍സുമുണ്ടെനിക്ക്. ദിവസത്തില്‍ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ. എന്റെ ലക്ഷ്യം തന്നെയാണ്, അതിനുവേണ്ടിയുളള പ്രവര്‍ത്തനമാണ് എനിക്കു ജീവിതം.
ആ ലക്ഷ്യം നേടാന്‍ നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു
ഞാന്‍ തിബത്തന്‍ ചെറുപ്പക്കാരോടൊപ്പം പ്രവര്‍ത്തിക്കുന്നു. അവരെ സംഘടിപ്പിക്കുന്നു. അവരെ കാല്‍പ്പനികതയുടെ കാലം കഴിഞ്ഞെന്നു ഞാന്‍ ബോധ്യപ്പെടുത്തുന്നു. യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് അതിനെ അംഗീകരിച്ചു ജീവിക്കേണ്ടതുണ്ട്. മുന്നില്‍ നീണ്ടതും സങ്കീര്‍ണതകള്‍ നിറഞ്ഞു കടുപ്പമേറിയ പോരാട്ടം നയിക്കേണ്ടതുണ്ടെന്നതാണ് ആ യാഥാര്‍ത്ഥ്യം.
തിബത്ത് സന്ദര്‍ശനം എന്റെ കണ്ണുതുറപ്പിച്ചു. തിബത്തിലുള്ള തിബത്തകാരിലാണ് പ്രതീക്ഷകള്‍. അവരില്‍ പലരും ജയിലില്‍ കടുത്ത പീഡനങ്ങളെ നേരിടുകയാണ്. ഭാവിയിലുള്ള പ്രതീക്ഷ അവരില്‍ ശക്തമാണ്. ശിക്ഷകള്‍കൊണ്ടെന്നും അവരെ മാറ്റാനാവില്ല. പലരും ദലൈലാമയെ കണ്ടിട്ടുപോലുമില്ല. എന്നാല്‍ അവര്‍ അദ്ദേഹത്തോടു പ്രതിപത്തി പുലര്‍ത്തുന്നു. അതിനേക്കാള്‍ സ്വതന്ത്ര തിബത്തിനോടും. അവരത്് ഒരിക്കലും ഉപേക്ഷിക്കില്ല.'റംഗ്‌സെന്‍' അവരുടെ ജന്മാവകാശമാണ്. റംഗ്‌സെന്‍ എന്നാല്‍ സ്വാതന്ത്ര്യം.
തിബത്തിനുള്ളില്‍ വിമോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും അവരുടെ സംഘടനകളെക്കുറിച്ചും വ്യക്തമാക്കാമോ?
തിബത്തില്‍ വിമോചനത്തിനായി പ്രവര്‍ത്തിക്കുന്ന ടിഗര്‍-കബ്‌സ് എന്ന രഹസ്യ സംഘടനയുണ്ട്. ഇന്നത് നിരോധിക്കപ്പെട്ടിരിക്കുകയാണ്. അത്യന്തം അപകടകരമാണു വിമോചനത്തിനു വേണ്ടിയുളള ഏതു പ്രവര്‍ത്തിയും. ആക്റ്റിവിസ്റ്റുകളെന്നു സംശയിക്കപ്പെട്ടാല്‍ അവരെ രാത്രിയില്‍ ഭരണകൂടം വലിച്ചിഴച്ചുകൊണ്ടുപോകും. തെരുവില്‍ ഏതെങ്കിലും തരത്തിലുള്ള പരസ്യ പ്രകടനവും ആത്മഹത്യാപരമാണ്. പ്രകടനത്തില്‍ പങ്കെടുത്തവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അറസ്റ്റു ചെയ്യപ്പെടും. ക്രൂരമായി പീഡിപ്പിക്കപ്പെടും. പിന്നീട് അവര്‍ മോചിക്കപ്പെടുന്നത് തടവറയുടെ ചുമരുകള്‍ക്കുളളില്‍ മരിക്കരുതെന്ന് ഭരണകൂടം നിശ്ചയിക്കുന്നതിനാല്‍ മാത്രമായിരിക്കും. പലരും തടവറയില്‍ മരിച്ചിട്ടുണ്ട്. നിരവധിപേര്‍ വെടിയേറ്റു കൊല്ലപ്പെട്ടിട്ടുമുണ്ട്.
അതിനാല്‍ തന്നെ വ്യക്തികള്‍ ഒറ്റതിരിഞ്ഞാണു പ്രവര്‍ത്തിക്കുന്നത്. പലരും ഭരണകൂടത്തിനെതിരെ സ്വയം നിശ്ചയിക്കുന്ന വെടിയുണ്ടകള്‍ പോലെ കടന്നാക്രമണം നടത്തുന്നു. ഇത്തരം ഇടപെടലുകള്‍ക്കു സംഘടന വേണമെന്നില്ല. അത്യാധുനീകമായ ഭരണകൂടത്തിനെതിരെ, അതിന്റെ അടിച്ചമര്‍ത്തലിനെയും നിയന്ത്രണങ്ങളെയും പരാജയപ്പെടുത്താന്‍ ഈ തന്ത്രം നല്ലതാണ്. നിങ്ങള്‍ക്ക് ആരെയും ചൂണ്ടിക്കാട്ടാനാവില്ല.ജനങ്ങളുടെ പ്രതിരോധം എല്ലായിടത്തുമുണ്ട്. പക്ഷേ അതിനെ നിങ്ങള്‍ക്കു പേരിട്ടുവിളിക്കാനാവില്ല. പ്രതിരോധത്തിനു മുഖങ്ങളില്ല. എന്നാല്‍ അതു നില്‍ക്കുന്നുണ്ട്.
ധരംശാലയിലാണ് നിങ്ങള്‍ വളര്‍ന്നത്. നിങ്ങളെ രൂപപ്പെടുത്തുന്നതില്‍ എന്തുപങ്കാണ് അവിടുത്തെ ജീവിതം വഹിച്ചത്?
ഹിമാലയത്തിലെ ധൗലധര്‍ നിരകളിലെ മലയോര പട്ടണമാണ് ധരംശാല. തിബറ്റന്‍ പ്രവാസി സര്‍ക്കാരിന്റെ ആസ്ഥാനവും ദലൈലാമയുടെ വസതിയും ഇവിടെയാണ്. എന്നാല്‍ ഒരെഴുത്തുകാരനും ആക്റ്റിവിസ്റ്റും എന്ന നിലയിലുള്ള രൂപപ്പെടലിനു മുഖ്യ കാരണം തിബത്തന്‍ അഭയാര്‍ത്ഥിയെന്ന നിലയിലുളള എന്റെ ജനനം തന്നെയാണ്.
ആക്റ്റിവിസമാണ് എഴുത്തിലേക്ക് നയിച്ചതെന്ന് നിങ്ങള്‍ പറഞ്ഞു. സാധാരണയായി എഴുത്തില്‍ നിന്നു ആക്റ്റിവിസത്തിലേക്കു വരുന്ന കാഴ്ചയാണു കാണാറ്. മറിച്ചു സംഭവിക്കാന്‍ കാരണം?
കുട്ടിയായിരിക്കുമ്പോള്‍ തന്നെ ആദ്യം മനസിലാക്കിയ കാര്യം ഞാന്‍ ഇവിടുത്തുകാരനല്ലെന്നും ഇവിടെ സ്വന്തമായി ഒന്നുമില്ലെന്നുമാണ്. ഇതൊരു ദുരന്തമാണ്. ചൈനീസ് അധിനിവേശത്തെ തുടര്‍ന്ന് എന്റെ അച്ഛനും അമ്മയും 1959 ല്‍ ഇന്ത്യയിലേക്കു രക്ഷപ്പെടുകയായിരുന്നു. ഞങ്ങള്‍ക്കു തിബത്തിലേക്ക് ഒരു നാള്‍ മടങ്ങിപ്പോകാനാകുമെന്നും ഇവിടുത്തെ പ്രവാസി ജീവിതം താല്‍ക്കാലികവുമാണ് എന്നാണു തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നത്. കുട്ടിയായിരുന്ന കാലത്ത് ചൈനീസ്-തിബത്തന്‍ യുദ്ധക്കളിയില്‍ നിരവധി ചൈനീസ് സൈനികരെ ഞാന്‍ കൊന്നിട്ടുണ്ട്.സ്‌കൂള്‍ വിദ്യാര്‍ത്ഥി(1980-90 കളില്‍)യായിരുന്നപ്പോഴെല്ലാം വേഗം വളരണമെന്നും തിബത്തിന്റെ വിമോചന സമരത്തില്‍ പങ്കെടുക്കണമെന്നും ആയിരുന്നു ഞാന്‍ ഉദ്വേഗത്തോടെ ചിന്തിച്ചിരുന്നത്. ഇന്നു ഞാന്‍ ആക്റ്റിവിസ്റ്റാണ്. അഭയാര്‍ത്ഥി ക്യാമ്പില്‍ നേരിട്ടു ചെന്നു ജനങ്ങളോട് സംഘടിക്കാന്‍ ആവശ്യപ്പെടുന്നു. എഴുത്ത് എന്നത് എനിക്ക് മനസിലെ ആശയങ്ങളുടെ ആവിഷ്‌കാരം മാത്രമാണ്. ഞാന്‍ ജനിച്ചത് അഭയാര്‍ത്ഥിയായാണ്. തിബത്തിന്റെ വിമോചനമെന്ന മഹത്തായ ലക്ഷ്യത്തിനു വേണ്ടി പോരാടാനാണു ജനിച്ചതു തന്നെ. അതാണ് എന്റെ എഴുത്തിന്റെ അടിത്തറ.അതിനുവേണ്ടി എഴുതുന്നു.
എന്താണ് കമ്മ്യൂണിസ്റ്റുകളോടും മാവോയിസ്റ്റുകളോടും നിങ്ങള്‍ പുലര്‍ത്തുന്ന സമീപനം?
കമ്യൂണിസ്റ്റുകാര്‍, മാവോയിസ്റ്റുകാര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ക്ക് വിവിധ തലങ്ങളില്‍ വിവിധ അര്‍ത്ഥങ്ങളാണുളളത്. മാധ്യമങ്ങളുടെ വലിയതോതിലുളള അഭ്യാസം ലോകത്തിന്റെ അശയകാഴ്ചപ്പാടുകളെയെല്ലാം പൂര്‍ണമായും നശിപ്പിച്ചിട്ടുണ്ട്. കമ്യുണിസത്തിനും മാവോയിസത്തിനും നേരെ ഒരേ ശ്വാസത്തില്‍ നിലപാടുകള്‍ എടുക്കാനാവില്ല. പുതിയ നല്ലലോകമുണ്ടാക്കാനാണു സാമൂഹ്യ മുന്നേറ്റമെന്നനിലയില്‍ കമ്യൂണിസം ഉടലെടുത്തതെങ്കിലും അത് ഇന്നത്തെ രാഷ്ട്രീയകളികളിലും നേതാക്കളുടെ നിക്ഷിപ്ത താല്‍പര്യങ്ങളിലും നല്ലവണ്ണംകൂടി ചേര്‍ന്ന് തകര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് സാധാരണക്കാര്‍ ഇന്നും പുതിയ ലോകത്തെപ്പറ്റി മനോഹര സ്വപ്നങ്ങള്‍ കാണുന്നുണ്ട് എന്നത് വാസ്തവമാണ്. അവര്‍ കമ്യൂണിസത്തിന്റെ ആശയമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നുണ്ട്. അവരെ ദു:ഖിപ്പിക്കുന്ന വിധത്തില്‍ കമ്യൂണിസ്റ്റുകള്‍ ഈ ജനങ്ങളെ നയിക്കുന്നത് അഴിമതി നടമാടുന്ന ചീഞ്ഞസമൂഹത്തിലേക്കു തന്നെയാണ്. ചൈന തന്നെയാണ് ഇതിനു നല്ല ഉദാഹരണം.
മാവോ സേതുംഗ് സുഖസൗകര്യങ്ങളില്‍ ജീവിച്ച് സാധാരണക്കാരനു വേണ്ടി പ്രവര്‍ത്തിച്ച ഒരാളാണ്. മാവോയിസ്റ്റുകള്‍ക്ക് ഇതില്‍ കൂടുതല്‍ മറ്റെന്തെങ്കിലും പിന്തുടരാനുണ്ടോയെന്ന് എനിക്ക് അറിയില്ല.
ദലൈലാമയ്‌ക്കെതിരെയുളള മുഖ്യ വിമര്‍ശനങ്ങളിലൊന്ന് അദ്ദേഹത്തിന് സി.ഐ.എ.യുമായി ബന്ധമുണ്ടെന്നുളളതാണ്. തന്റെ ആത്മകഥ'ഫ്രീഡം ഇന്‍ എക്‌സൈയിലില്‍' ദലൈലാമ സഹോദരനു സി.ഐ.എ. ബന്ധമുണ്ടായിരുന്നതായി സമ്മതിക്കുന്നുമുണ്ട്. നിങ്ങള്‍ ഇതെങ്ങനെ കാണുന്നു? ഇത്തരം ആരോപണം ഇന്ത്യയിലെ ഇടതുപക്ഷവും ഉന്നയിക്കുന്നുണ്ട്?
ഇന്ത്യക്കാര്‍ക്ക് തിബത്തിനെക്കുറിച്ചു പൊതുവിലുളള അറിവ് വളരെ കമ്മിയാണ്. ഇടതുപക്ഷങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേകിച്ചും. തിബത്തന്‍കാര്‍ക്ക് സി.ഐ.എ. പിന്തുണയുണ്ട് എന്ന ധാരണ ശക്തമായി വച്ചു പുലര്‍ത്തുകയാണ് ഇടതുപക്ഷക്കാര്‍. തിബത്തിന്റെ സമരോത്സുകമായ പ്രതിരോധ സമരത്തെ സി.ഐ.എ. 1960 കളില്‍ കുറച്ചുകാലം പിന്തുണച്ചിരുന്നു. ഈ സമരം ചൈനയ്‌ക്കെതിരെയായതുകൊണ്ട് മാത്രം.അവരുടെ താല്‍പര്യം പൂര്‍ത്തിയായതോടെ അവര്‍ തിബത്തന്‍ ജനതയെ കൈയൊഴിഞ്ഞ് മാവോയ്ക്ക് കൈകൊടുത്തു. സി.ഐ.എ. അധ്യായം കഴിഞ്ഞു. തിബറ്റന്‍ ജനങ്ങള്‍ക്ക് വേദനിക്കുന്ന ഓര്‍മകളാണ് അക്കാലത്തെക്കുറിച്ചുളളത്. പക്ഷേ ഇന്ത്യയിലെ ഇടതുപക്ഷം പഴയ ചരിത്രത്തില്‍ തന്നെ നിന്ന് ഒരുതരം നിര്‍വൃതി അടയുകയാണ്. യഥാര്‍ത്ഥ തിബത്തന്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ അവര്‍ക്കിപ്പോഴും മടിയാണ്.
ദലൈലാമയുടെ സഹോദരന്‍ ഗ്യലോ തോന്തൂപ്പിന് സി.ഐ.എ. ബന്ധമുണ്ടായിരുന്നുവെന്നതു സത്യമാണ്. പക്ഷേ അതും ഇന്നു ചരിത്രമാണ്. ഇന്ന് പ്രവാസിജനതകള്‍ പിന്തുടരുന്നത് ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന തിബത്തന്‍ പ്രവാസി സര്‍ക്കാരിന്റെ തീരുമാനങ്ങളെയാണ്.
ഇടതുപക്ഷക്കാര്‍ ഇക്കാര്യത്തിലും പൊതുവില്‍ ഞങ്ങളെപ്പറ്റിയും കുറേക്കൂടി കാര്യങ്ങള്‍ മറ്റാരും പറഞ്ഞുകൊടുക്കാതെ സ്വയം മനസിലാക്കേണ്ടതുണ്ട്. ഇന്ന് തിബത്തന്‍ പോരാട്ടത്തില്‍ കുറേയേറെ പാശ്ചാത്യ വ്യക്തികള്‍ പങ്കെടുക്കുന്നുണ്ട്. അത് അവര്‍ക്ക് തിബത്തന്‍ സംസ്‌കാരത്തോടും ദലൈലാമയോടുമുളള ആദരവും വിശ്വാസവും കൊണ്ടാണ്. ഇതിനൊന്നും സി.ഐ.എ. ബന്ധമുണ്ടെന്ന് അര്‍ത്ഥമില്ല.
വ്യക്തിപരമായി, ഞാന്‍ അമേരിക്കയെ കാണുന്നത് ചൈനയെപ്പോലെ തന്നെ അധിനിവേശ സാമ്രാജ്യത്വ രാജ്യമായാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം അവരിടപെടുന്നതുപോലെ മംഗോളിയയിലും കിഴക്കന്‍ ഇസ്‌ളാമിക തര്‍ക്കിസ്ഥാനിലും മാഞ്ചൂറിയയിലും തിബത്തിലുമെല്ലാം ചൈന അധിനിവേശം നടത്തുകയും അത് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
തിബത്തന്‍കാര്‍ക്ക് ദേശീയതയെക്കുറിച്ച് അവബോധമില്ലെന്ന് നിങ്ങള്‍ പറഞ്ഞു. അതെന്തുകൊണ്ടാണ് ?
ചൈനീസ് അധിനിവേശത്തിനു മുമ്പ് തിബത്ത് സമാധാനത്തില്‍ കഴിഞ്ഞ രാജ്യമാണ്.ജനങ്ങളുടെ ജീവിതത്തില്‍ ആധിപത്യം ചെലുത്തിയിരുന്നത് സാമ്പ്രദായിക നിഷ്ഠകളാണ്്. അവര്‍ ദേശാന്തരഗമനം നടത്തി, കാര്‍ഷികവൃത്തിയിലേര്‍പ്പെട്ടു. തലസ്ഥാനമായ ലാസയുടെ രാഷ്ട്രീയത്തില്‍ നിന്നകന്നാണ് അവര്‍ കഴിഞ്ഞിരുന്നത്. സര്‍ക്കാര്‍ ബാബു വന്ന് നിശ്ചിത ഇടവേളകളില്‍ കരം പിരിച്ചിരുന്നുവെന്നു മാത്രം. അല്ലാതെ തലസ്ഥാനവുമായി ഉള്‍നാടുകള്‍ക്ക് വലിയ ബന്ധമില്ലായിരുന്നു.
ചൈനീസ് അധിനിവേശത്തില്‍ ആദ്യം ജനങ്ങള്‍ പെട്ടന്നു പകച്ചുപോയി. അത് അയല്‍വാസികളും സുഹൃത്തുക്കളുമായ ചൈനയില്‍ നിന്നു ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. 45 വര്‍ഷത്തിനുശേഷവും തിബത്തന്‍കാരുടെ വ്യക്തിഗത ജീവിത രീതിമൂലം ദേശീയ ബോധം വളര്‍ന്നിട്ടില്ല. 'ദേശീയത'യെക്കുറിച്ചുള്ള ധാരണ തന്നെ ലോകത്തിന് പുതിയ സങ്കല്‍പ്പമാണ്. ബംഗ്ലാദേശും ബര്‍മ്മയും ഇന്നു പുതിയ രാഷ്ട്രങ്ങളാണ്. അവരും ഒരിക്കല്‍ തിബത്ത് പോലുളള മേഖലകളായിരുന്നു.
തിബത്തില്‍ നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങള്‍ നിലനില്‍ക്കുന്നുവെന്നതും പ്രാകൃതമായ ആചാരങ്ങള്‍ പിന്തുടരുന്നുവെന്നതുമാണ് ചൈനീസ് ഭരണകൂടം തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാനായി എടുത്തു പറയുന്നത്. അത്തരം വിമര്‍ശനത്തെ എങ്ങനെ നോക്കിക്കാണും?
സാമ്രാജ്യതവാദികളും അധിനിവേശക്കാരും പാവപ്പെട്ടവരെ 'സഹായിക്കാന്‍' എന്തെങ്കിലും ന്യായീകരണം എന്നും കണ്ടെത്തും. അത് മറ്റ് രാജ്യങ്ങള്‍ കൈവശപ്പെടുത്താനും അധിനിവേശം നടത്താനുമുളള മറയായിട്ടാണ് ഉപയോഗിക്കുന്നത്. അമേരിക്കയും ബ്രിട്ടനും തങ്ങളുടെ അധിനിവേശം അഫ്ഗാനിസ്ഥാനിലും ഇറാഖിലും നടത്തിയതും ഇത്തരം കാരണങ്ങള്‍ പറഞ്ഞുകൊണ്ടാണ്. തിബറ്റിലും മംഗോളിയയിലും കിഴക്കന്‍ തുര്‍ക്കിസ്ഥാനിലും തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കാന്‍ ചൈനയും ഇത്തരം ന്യായങ്ങള്‍ നിരത്തുന്നുണ്ട്.
ആഭ്യന്തരമായ സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വവും ബാധ്യതയും ആ സമൂഹത്തിന്റേതു മാത്രമാണ്. അതില്‍ പുറത്തു നിന്നുളളവര്‍ ഇടപെടേണ്ടതില്ല. ചൈന ഞങ്ങളുടെ രാജ്യത്തെ സൈനികമായി കീഴ്‌പ്പെടുത്തിയത് അവിടുത്തെ നാടുവാഴിത്ത-ജന്മിത്വ-ഉല്‍പ്പാദനബന്ധങ്ങള്‍ നശിപ്പിക്കാനായിരുന്നോ? തിബത്തില്‍ 1940 കളില്‍ തന്നെ ഭൂപരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിരുന്നു. തിബത്തിന് പരമാധികാരം ഉണ്ടായിരുന്നെങ്കില്‍ അത് സ്വയം ജനാധിപത്യ സമുഹമാകുമായിരുന്നെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങളുടെ കൊച്ചു ഹിമാലയന്‍ സമൂഹത്തിനെ തങ്ങളുടെ ഇടുങ്ങിയ മൂക്കുകൊണ്ട് മണത്തുനോക്കാന്‍ ചൈനയ്‌ക്കെന്താണ് അവകാശം? അവര്‍ക്ക് ഞങ്ങളെപ്പറ്റി എന്തറിയാം? അവരെന്നും ഞങ്ങളെ വൃത്തിഹീനരെന്നും അപരിഷ്‌കൃതരെന്നും പഴംമനസുകാരെന്നുമൊക്കെയാണ് വിളിച്ചിട്ടുളളത്. സാംസ്‌കാരിക വിപ്ലവ കാലത്ത് അവര്‍ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സ്ഥാപനങ്ങളെ മാത്രമല്ല കൃത്യമായ പദ്ധതികളോടെ ഞങ്ങളുടെ രാജ്യത്തെ തകര്‍ക്കുകയായിരുന്നു. ഇന്ന് ചെറുപ്പക്കാരായ ഏതെങ്കിലും ചൈനീസുകാരന് ബുദ്ധമതത്തെപ്പറ്റി അറിയണമെങ്കില്‍ ഒരിടവും ചൈനയിലില്ല. അതിനവര്‍ക്ക് തിബത്തന്‍ ലാമമാരുടെ അടുത്തുവരേണ്ട അവസ്ഥയാണ്.
എന്താണ് 'തിബത്തന്‍ ദേശീയ ഉയര്‍ത്തെഴുന്നേല്‍പ്പു ദിന'മെന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്്? എന്തിനാണ് ആ അനുസ്മരണം?
തിബത്തില്‍ കടന്നുകയറിയ ചൈന 1959 ല്‍ അധിനിവേശം ശക്തമാക്കാന്‍ തുടങ്ങി. തിബത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ തലസ്ഥാനമായ ലാസയിലെ തെരുവില്‍ സ്വാഭാവിക പ്രതികരണമെന്നോണം പ്രതിഷേധം പ്രകടിപ്പിച്ചു തടിച്ചുകൂടി. ചൈനീസ് സൈനികര്‍ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും തലസ്ഥാന ഭരണസിരാകേന്ദ്രമായ പോട്ടല കൊട്ടാരത്തിനു മുന്നില്‍ 10,000 പേരെ കൂട്ടക്കുരുതി നടത്തുകയും ചെയ്തു. ഈ ദിനമാണ് തിബത്തന്‍കാരും അവരെ പിന്തുണയ്ക്കുന്നവരും ദേശീയ ഉയര്‍ത്തെഴുന്നേല്‍പ്പു ദിനമായി ആചരിക്കുന്നത്. തിബത്ത് വിമോചനത്തിന് ഈ അനുസ്മരണം കരുത്ത് പകരും.
തിബത്തന്‍ ജീവിതരീതിയും സവിശേഷതകളും നിങ്ങള്‍ക്ക് എത്രമാത്രം പാലിക്കാനാവുന്നുണ്ട്. സ്വന്തം ജീവിതത്തെ എങ്ങനെ വിലയിരുത്തും?
മലമുകളില്‍ നിന്നു വലിച്ചെറിയപ്പെട്ടതായാണ് ഞാന്‍ എന്റെ ജനനത്തെ കാണുന്നത്.പിടിച്ചുകയറാന്‍ പുല്‍ക്കൊടിയില്‍ പിടിത്തംകിട്ടി. എനിക്കു മുകളിലേക്കു കയറാനായിട്ടില്ല. പിടിവിട്ട് താഴേക്ക് പോകാനും ഞാന്‍ ഒരുക്കമല്ല. ഈ പോരാട്ടമാണ് ഞാന്‍ ഓരോ ദിനവും നടത്തിക്കൊണ്ടിരിക്കുന്നത്. തിബത്തന്‍ പ്രവാസികള്‍ക്കു സ്വന്തമെന്നു പറയാന്‍ രാജ്യമില്ല. തിബത്തില്‍ ഞങ്ങള്‍ 'വിഘടനവാദി'കളായി മുദ്രയടിക്കപ്പെട്ടിരിക്കുന്നു. ദലൈലാമയ്ക്കും കര്‍മാപയ്ക്കുമൊഴിച്ച് ആര്‍ക്കും രാഷ്ട്രീയ അഭയം നല്‍കിയിട്ടില്ല. നിയമപരമായി ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ പോലുമല്ല. പ്രവാസികളായി ജനിച്ച തിബത്തന്‍കാരെല്ലാം ഒരിക്കല്‍പോലും തങ്ങളുടെ നാട് കണ്ടിട്ടില്ലെങ്കിലും അതിനോട് പ്രതിപത്തി പുലര്‍ത്തുന്നു. സന്ദിഗ്ദ്ധാവസ്ഥയിലാണു ഞങ്ങള്‍.ജന്മവേരുകളെക്കുറിച്ച് എനിക്ക് യാഥാര്‍ത്ഥ്യ ബോധമുണ്ട്.ഉത്കണഠയുമുണ്ട്. മുതിര്‍ന്നവര്‍ പകര്‍ന്നു നല്‍കുന്ന അല്‍പ്പം സാംസ്‌കാരിക വേരുകള്‍ മാത്രമാണ് ഇന്നു പുതിയ തലമുറയ്ക്കുളളത്്
തിബത്തന്‍ എന്ന നിലയില്‍ ജീവിതത്തില്‍ മതം എന്തു പങ്കാണ് വഹിക്കുന്നത്?
ശരിക്കുമില്ല. ഞാന്‍ മതവിശ്വാസിയല്ല. എന്റെ ബുദ്ധമത അസ്തിത്വത്തെപ്പറ്റി ബോധവാനുമല്ല. നല്ല മനുഷ്യനാണ് നല്ല ബുദ്ധമതക്കാരന്‍ എന്നു ഞാന്‍ കരുതുന്നു.
നിങ്ങള്‍ 'ഫ്രണ്ട്‌സ് ഓഫ് തിബത്ത്' എന്ന സംഘടനയുടെ സെക്രട്ടറി ജനറലാണ്. എന്താണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍?
തിബത്തന്‍ സാഹചര്യങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും അവരുടെ പിന്തുണ നേടിയെടുക്കുകയുമാണു മുഖ്യ പ്രവര്‍ത്തനം. അതിനു ഞങ്ങള്‍ ഇന്ത്യയുടെ വിവിധ നഗരങ്ങളില്‍, പ്രത്യേകിച്ച് മുംബൈയില്‍ ജനങ്ങള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നു. തിബത്തിന്റെ വിമോചനം അംഗീകരിക്കുന്ന ആര്‍ക്കും അംഗമാകാം. ഞാനൊഴിച്ച് എല്ലാവരും ഈ സംഘടനയില്‍ ഇന്ത്യക്കാരാണ്. നാലായിരത്തിനടുത്താണ് അംഗസംഖ്യ. കുറച്ചുവര്‍ഷങ്ങളേയായുളളൂ സംഘടന നിലവില്‍ വന്നിട്ട്. വിവിധ നഗരങ്ങളില്‍ ഞങ്ങള്‍ക്കു പ്രദേശിക സംഘടനകളുമുണ്ട്.
സമരങ്ങള്‍ക്കായുള്ള മുഴുവന്‍ സമയസംഘടനയല്ല 'ഫ്രണ്ട്‌സ് ഓഫ് തിബത്ത്'. വിമോചന സമരത്തിനു വേണ്ടി നിങ്ങള്‍ പരിഗണിക്കുന്നത് ഏതു സംഘടനയെയാണ്. മറ്റേതെങ്കിലും സംഘടനയില്‍ അംഗത്വമുണ്ടോ?
ശരിയാണ്. 'ഫ്രണ്ട്‌സ് ഓഫ് തിബത്ത്' ഞങ്ങളുടെ വിമോചനസമരത്തെയും തിബത്തിനെ അംഗീകരിക്കുകയും ചെയ്യുന്ന ഇന്ത്യക്കാരായ സുഹൃത്തുക്കളുടെ സംഘടനയാണ്. ഇന്ത്യയില്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന ആര്‍ക്കും സംഘടനയില്‍ അംഗത്വം നേടാം. ഞാന്‍ ഈ സംഘടനയില്‍ ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്നു. അതു സംതൃപ്തി നല്‍കുന്നുണ്ട്.
'ഫ്രണ്ട്‌സ് ഓഫ് തിബത്തി'നു പുറമേ ഞാന്‍ ഏറ്റവും വലിയ തിബത്തന്‍ സംഘടനയായ തിബത്തന്‍ യൂത്ത് കോണ്‍ഗ്രസിലും( ടി.വൈ.സി) അംഗമാണ്. ടി.വൈ.സിക്ക് 25.000 അംഗങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 78 ഘടകങ്ങളുള്ള ഈ സംഘടനയുടെ ആസ്ഥാനം ധരംശാലയാണ്. ദലൈലാമയുടെ മധ്യവര്‍ത്തിപാതയേയും സ്വയംഭരണവാദത്തെയും എതിര്‍ക്കുന്ന ടി.വൈ.സി. ആവശ്യപ്പെടുന്നത് പൂര്‍ണ സ്വാതന്ത്ര്യമാണ്. തിബത്തന്‍ ജനങ്ങളുടെ ആദരവും വിശ്വാസ്യതയും ടി.വൈ.സി. തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തിട്ടുണ്ട്
ഇന്ത്യയിലുള്ള തിബത്തന്‍ വിപ്ലവകാരികള്‍ തങ്ങളുടെ പ്രവര്‍ത്തനത്തിനുളള ഫണ്ട് എങ്ങനെ കണ്ടെത്തുന്നു? എന്താണ് വരുമാന മാര്‍ഗം?
ചൈനക്കാര്‍ തകര്‍ത്ത സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് പ്രവാസികളായി കഴിയുന്ന ഞങ്ങളുടെ മുഖ്യ കടമ. അത് ഇന്ത്യന്‍ സര്‍ക്കാരിന്റെയും വിദേശങ്ങളിലുളള വ്യക്തികളില്‍ നിന്നും സംഘടനകളുടെയും സഹായത്തോടെയാണു നിര്‍വഹിക്കുന്നത്. സ്വാതന്ത്ര്യത്തിനു വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു ശക്തമായ അടിത്തറയുണ്ട്. പ്രവാസികളായ തിബത്തന്‍കാര്‍ സ്വയം പര്യാപ്തരാണ് കുറേയൊക്കെ. പലരും ചെറുകിട വ്യാപാരങ്ങളിലും കച്ചവടങ്ങളിലും കൃഷി ജോലികളിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നു. വിമോചന പ്രസ്ഥാനത്തിനു വിപുലമായ പിന്തുണയുണ്ട്.
വിമോചനത്തിന്റെ ഭാഷ, എഴുത്തിന്റെ കലാപം
പുതിയ രചനകള്‍? പുതിയ കവിതകള്‍ എഴുതുന്നുണ്ടോ?
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കും ധരംശാലയിലേക്കും പ്രവര്‍ത്തനങ്ങളുമായി തുടര്‍ച്ചയായി യാത്രയിലാണു ഞാന്‍. ഞങ്ങളുടെ ആള്‍ക്കാരെ വിദ്യാഭ്യാസം ചെയ്യിക്കാനും പ്രചോദിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ക്കിടയില്‍ എഴുത്ത് കുറവാണ്. യാത്രക്കിടയിലോ മറ്റോ കിട്ടുന്ന നിമിഷങ്ങളില്‍ കുറച്ചു വരികളുളള കവിതകളെഴുതുന്നുണ്ട്. അത് പിന്നീട് പുസ്തകമാക്കും.
മുംബൈയിലെ കവികളാണു നിങ്ങളെ എഴുത്തുകാരന്‍ എന്ന നിലയില്‍ രൂപപ്പെടുത്തിയതെന്ന് താങ്കള്‍ മുമ്പ് പറഞ്ഞു.
ഖലീല്‍ ജിബ്രാന്റെ 'ആത്മീയ വിപ്ലവ'മാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എന്നില്‍ കവിതയുടെ കൊടുങ്കാറ്റുയര്‍ത്തിവിട്ടത്.എന്നാല്‍ സ്‌കൂള്‍ കാലത്തോ കോളജ് കാലഘട്ടത്തിലോ കവിതയെഴുതാന്‍ എനിക്കു കഴിയുമായിരുന്നില്ല.മുംബൈയിലെ സര്‍വകലാശാല ദിനങ്ങളാണ് അതിനു കരുത്തു പകര്‍ന്നത്. എന്റെ സഹപാഠികളും കൂട്ടുകാരും കവിതയെഴുതാന്‍ നിര്‍ബന്ധിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു.നിസ്സെം ഏസീക്കല്‍ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളും കവിതയില്‍ തുടരാന്‍ സഹായകമായി.അദില്‍ ജുസാവാലയും ഡോം മോറെസും എന്നെ വളരെയേറെ പ്രോത്സാഹിപ്പിച്ചു. മുംബൈയിലെ കവിതസമിതികളും വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്.റോബര്‍ട്ട് ഫോസ്റ്റ്,കാമു, നെരൂദ,റസ്‌കിന്‍ ബോണ്ട്, അരുണ്‍ കോലത്കര്‍ എന്നിവരുടെ കൃതികളൊക്കെ വായിക്കുന്നത് ഈ സമയത്താണ്.
കവിതയില്‍ ആരുടെയെങ്കിലും സ്വാധീനം?
അങ്ങനെ പറയാന്‍ പറ്റില്ല. മറ്റുള്ളവരുടെ എന്തെങ്കിലും വശങ്ങള്‍ കവിതയില്‍ വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.റോബര്‍ട്ട് ഫോസ്റ്റ്,റസകിന്‍ ബോണ്ട്,ഹാര്‍ഡി,ലോറന്‍സ്, കാമു എന്നിവരുടെ കൃതികള്‍ വായിക്കാനിഷ്ടപ്പെടുന്നു. തീര്‍ച്ചയായും ഖലീല്‍ ജിബ്രാനെയാണു കൂടുതല്‍ ഇഷ്ടം. എന്നാല്‍ ഈ സ്വാധീനമൊന്നും കവിതയില്‍ വരുത്താന്‍ ആഗ്രഹിക്കുന്നില്ല.
നിങ്ങളുടെ കവിതകളില്‍ അക്രമണോത്സുകത കൂടുതലാണ്. നിശ്ചിത താളവും.ബോധപൂര്‍വ ശ്രമമാണോ ഇത്?
അതെ. ഞാനിപ്പോഴും ഛന്ദസുകളെക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ്. മനസിലുളള വികാരം കവിതയില്‍ വരുത്തുന്നതില്‍ ഞാന്‍ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. കവിതകള്‍ തുടര്‍ച്ചയായി മാറ്റിയെഴുതിയും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയുമാണ് മനസിലുള്ളതിന് ഏറെക്കുറെ സമാനമായ രീതിയിലാക്കുന്നത്.
കവിതകളില്‍ പ്രതീക്ഷ,വേദന, സ്വന്തമെന്ന വികാരം ഇതൊക്കെ കൂടുതലായി കാണുന്നു. എങ്ങനെ ഇത് വിശദീകരിക്കും?
കവിത എനിക്ക് സ്വത്വാന്വേഷണത്തിനുളള മാധ്യമമാണ്. ഞാനെന്താണ് അന്വേഷിക്കുന്നത് എന്ന് എനിക്ക് വ്യക്തമല്ല. ചിലപ്പോള്‍ കാവ്യ ദേവതയെയാകാം, പ്രണയിനിയെയാകാം സ്വാതന്ത്ര്യമാകാം. ഈ അന്വേഷണം നടത്തുമ്പോള്‍ ഒരാള്‍ മുന്നോട്ടുള്ള ഒഴുക്കിലാണ്. സമരം ചെയ്യുകയാണ്. അതുകൊണ്ടു തന്നെ അതില്‍ വേദനയുണ്ട്. ഞാനിതുവരെ സ്വര്‍ഗം കണ്ടെത്തിയിട്ടില്ല.
വരികള്‍ ലളിതവും ചെറുതുമാണ്. ഇത് സ്വാഭാവികമായുള്ളതാണോ?
എനിക്ക് ഈ ഭാഷയല്ലാതെ,രീതിയല്ലാതെ മറ്റൊന്നറിയില്ല. കത്തെഴുതുമ്പോഴെല്ലാം ഞാന്‍ ഈ രീതിതന്നെയാണ് ഉപയോഗിക്കുന്നത്.
നിങ്ങളിലെ ആക്റ്റിവിസ്റ്റ് നിങ്ങളിലെ കവിയെ അപ്രധാനമാക്കുന്നുണ്ടോ?
എഴുതുമ്പോള്‍ ഞാന്‍ കവിയാണ്. അത് പ്രസിദ്ധീകരിക്കുമ്പോള്‍ ഞാന്‍ ആക്്റ്റിവിസ്റ്റായി മാറുന്നു. എന്റെ വിശ്വാസം വിമോചന പോരാട്ടങ്ങള്‍ക്കു ആക്റ്റിവിസ്റ്റിനാണു കവിയേക്കാള്‍ ഗുണം ചെയ്യാനാകുക. കവിത ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായും വരുന്നുണ്ട്. എഴുത്ത് എനിക്ക് ആഡംബരമല്ല. ആവശ്യമാണ്. എന്നില്‍ കവിയും ആക്റ്റിവിസ്റ്റും ഒരുമിച്ചു ജീവിക്കുന്നുണ്ട്, സാഹോദര്യത്തോടെ.
'അതിര്‍ത്തികള്‍ മറികടക്കുമ്പോള്‍' എന്ന കവിത സമാഹാരത്തിന്റെ തലക്കെട്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
കലുഷകാലത്തിലെ നടപടിയാണത്.യഥാര്‍ത്ഥത്തില്‍ അതിര്‍ത്തികള്‍ ഇതുവരെ ഞാന്‍ മറികടന്നിട്ടില്ല.പാസ്‌പോര്‍ട്ടില്‍ ഞാന്‍ തിബത്തന്‍-ഇന്ത്യനാണ്. അവിടെയുമില്ല.ഇവിടെയുമില്ല. സാംസ്‌കാരികമായി തിബത്തനാണ്, ഇന്ത്യക്കാരനാണ്,മുംബൈക്കാരനുമാണ്. വ്യക്തമാക്കാന്‍ പറ്റാത്ത അവസ്ഥയാണിത്. ഇരുവശങ്ങളിലേക്ക് അണമുറയാതെ വാഹനങ്ങള്‍ പ്രവഹിക്കുന്ന റോഡ് മുറിച്ചുകടക്കാനാവാതെ റോഡിന്റെ മീഡിയനില്‍ തന്നെ നില്‍ക്കേണ്ടിവരുന്നപോലുള്ള മാനസികാവസ്ഥയാണിത്. എനിക്കു സ്വന്തമായി ഒന്നുമില്ല എന്നു ഞാന്‍ തിരിച്ചറിയുന്നു. ഇതിന്റെ സ്വാഭാവിക പ്രതികരണമാണ് ആ തലവാചകം.
ഇംഗ്ലീഷില്‍ കവിതയെഴുതിയ ആദ്യ തിബത്തന്‍കാരനായാണ് താങ്കള്‍ അറിയപ്പെടുന്നത്. തിബത്തന്‍ സമൂഹത്തിന് താങ്കളുടെ കവിതയോടുളള പ്രതികരണമെന്താണ്?
ഇംഗ്ലീഷില്‍ കവിതയെഴുതുന്ന ആദ്യ തിബത്തന്‍കാരനാണ് ഞാന്‍ എന്നു പറയപ്പെടുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ല. എന്റെ പുസ്തകം പുറത്തുവന്നശേഷം ഇംഗ്ലീഷില്‍ കവിതയെഴുതുന്ന പ്രവണത തിബത്തന്‍ ചെറുപ്പക്കാരില്‍ കടന്നുകൂടിയിട്ടുണ്ട്. ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. നിരവധി തിബത്തന്‍ സ്‌കൂളിലും മറ്റും ഞാന്‍ കവിത ചൊല്ലുകയും വായിക്കുകയും ചെയ്തിട്ടുണ്ട്്.നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.
'കോറ' ആദ്യം സിനിമയുടെ തിരക്കഥയായാണ് എഴുതിയതെന്ന് നിങ്ങള്‍ പറഞ്ഞു. പിന്നീട് ആ സിനിമയ്ക്കും തിരക്കഥയ്ക്കുമെന്തുപറ്റി?
ശരിയാണ് 'കോറ' ഞാനാദ്യമെഴുതിയത് ഒരു സിനിമയുടെ തിരക്കഥയായാണ്. നല്ല ദൃശ്യ സാധ്യതകളുള്ള ഒരു കഥ മുറുക്കത്തോടെയും ഒറ്റഒഴുക്കിലും പറയാനാണു ശ്രമിച്ചത്. പിന്നീടാണ് ഞാനത് കഥയാക്കി മാറ്റിയത്. തിരക്കഥ ഇപ്പോഴും എന്റെ കൈയിലുണ്ട്.
Madhyamam weekly
2005 August 5
No comments:
Post a Comment