Saturday, July 17, 2010

സംഘപരിവാറിന്റെ ചരിത്രനുണകള്‍

ചരിത്രം/വായന


എല്‍.കെ. അഡ്വാനിക്കു പിന്നാലെ ബി.ജെ.പി. നേതാവ് ഒ.രാജഗോപാലിന്റെയും ജീവിതകഥ പുറത്തുവന്നു. ഗാന്ധിവധം മുതല്‍ ബാബറി മസ്ജിദ് തകര്‍ത്തതുവരെയുള്ള സംഭവങ്ങളെപ്പറ്റി അവര്‍ അതില്‍ എഴുതുന്നു. സ്വന്തം കഥ പറയുമ്പോള്‍ അവരെത്രമാത്രം സത്യസന്ധരാണ്? അവരെന്തു ചരിത്രമാണ് പറഞ്ഞുവയ്ക്കുന്നത്? ഈ ആത്മകഥകളില്‍ ചരിത്രമെത്ര, നുണയെത്ര?
------------------------------------------------------------------------



ചരിത്രത്തെ വളച്ചൊടിക്കല്‍ ഒരു ഫാസിസ്റ്റ് കലയാണ്. സംഘ്പരിവാറാണ് ഇന്ത്യയില്‍ ആ 'കലയുടെ' യഥാര്‍ത്ഥ പ്രായോജകര്‍. ചരിത്ര സത്യങ്ങളെയും വിശ്വാസങ്ങളെയും അവരെപ്പോലെ മറ്റാരും ഇത്രമേല്‍ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. അവര്‍ ഈ 'കലയ്ക്ക്' പലപ്പോഴും ഉപകരണമാക്കുന്നത് ആത്മകഥയാണ്. എല്‍.കെ. അഡ്വാനിയുടെ 'മൈ കണ്‍ട്രി, മൈ ലൈഫും' ഒ.രാജഗോപാലിന്റെ 'ജീവിതാമൃതവും' നുണപറച്ചിലിന്റെ നല്ല തെളിവുകളും മാതൃകകളുമായി ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്.
ആത്മകഥകള്‍ പലപ്പോഴും ചരിത്രത്തിന് പകരമാവാറുണ്ട്. ചിലപ്പോഴൊക്കെ ചരിത്രത്തിന് തീര്‍ത്തും വിരുദ്ധമായിരിക്കും രേഖപ്പെടുത്തിയ ജീവിതം. കഴിഞ്ഞ ആറുപതിറ്റാണ്ടുകളില്‍ ഇന്ത്യയിലുണ്ടായ എല്ലാ ചരിത്ര മുഹൂര്‍ത്തങ്ങളിലും സാക്ഷിയായോ പങ്കാളിയായോ ഇടപെട്ട ഒരാള്‍ എന്ന സ്വയം വിശേഷണത്തോടെ കുറിക്കുന്ന ആത്മകഥ (അഡ്വാനിയുടെ) വളരെ ശ്രദ്ധയോടെ, അതിലേറെ ജാഗ്രതയോടെ വേണം വായിക്കാന്‍.
ഇന്ത്യയുടെ കഴിഞ്ഞ എഴുപതുവര്‍ഷത്തെ രാഷ്ട്രീയ ചരിത്രത്തില്‍ എല്ലാ പ്രധാന സംഭവവികാസങ്ങളും ഏതെങ്കിലും വിധത്തില്‍ എല്‍.കെ. അദ്വാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അഡ്വാനി അവകാശപ്പെടുന്നതുപോലെ ''ഒന്നുകില്‍ പങ്കാളിയായി, അല്ലെങ്കില്‍ ചക്രികവൃത്തിലെ കാഴ്ചക്കാരനായി''. (പ്രതിനായകന്‍ എന്ന് അഡ്വാനിക്ക് സ്വയം വിശേഷിപ്പിക്കാനാവില്ലല്ലോ?). അഡ്വാനിയും രാജഗോപാലും കഥ പറയുമ്പോള്‍ സ്വീകരിക്കുന്നത് പൊതുവില്‍ നാല് രീതികളാണ്. ഒന്ന്: നുണപറയുക. രണ്ട്: പാതി മാത്രം അഥവാ അര്‍ദ്ധസത്യങ്ങള്‍ പറയുക. മൂന്ന്: വായനക്കാര്‍ തങ്ങള്‍ക്ക് എതിരാവും എന്ന് തോന്നുന്ന ഇടങ്ങളില്‍ മൗനം പാലിക്കുക. നാല്: ഒരു നുണയോ സാമാന്യയുക്തിയോ എടുത്ത് പൊതുവല്‍ക്കരണം (ജനറലൈസേഷന്‍) നടത്തുക. അതിനേക്കാളെല്ലാം എടുത്തുപ്രയോഗിക്കുന്നത് പഴയ ജര്‍മന്‍ബുദ്ധിതന്നെ. ഒരു നുണ ആവര്‍ത്തിച്ച് പറഞ്ഞ് സത്യമാക്കുക.
അഡ്വാനിയുടെയും രാജഗോപാലിന്റെയും പുസ്തകത്തിലെ ഓരോ നുണകളും ഒന്നൊന്നായി എടുത്ത് പരിശോധിക്കുക അസാധ്യമാണ്. അതിന് അതിനേക്കാള്‍ വലിപ്പമുള്ള പുസ്തകങ്ങള്‍ തയ്യാറാക്കേണ്ടിവരും. അതിനാല്‍, കഴിഞ്ഞ ഏഴ് പതിറ്റാണ്ടില്‍ ഹിന്ദുമൗലികവാദത്തിന്റെ വളര്‍ച്ച/തകര്‍ച്ചയുമായി ബന്ധപ്പെട്ട നാല് പ്രധാന ചരിത്ര സംഭവങ്ങളെ മാത്രം എടുത്ത് പരിശോധിക്കാം. അതായത് ഒന്ന്: 1947 ലെ വിഭജനം/അഭയാര്‍ത്ഥിത്വം, രണ്ട്: ഗാന്ധി വധം, മൂന്ന്: ജനതാപാര്‍ട്ടി/സമ്പൂര്‍ണ വിപ്ലവം, നാല്: ബാബറി മസ്ജിദ് തകര്‍ക്കല്‍.


വിഭജനകാലത്തെ അഭയാര്‍ത്ഥി?


അഭയാര്‍ത്ഥി എന്ന വിശേഷമാണ് അഡ്വാനി തന്റെ ആത്മകഥയില്‍ എടുത്തണിയാന്‍ ഇഷ്ടപ്പെടുന്ന വേഷം. പുസ്തകത്തില്‍ ആവര്‍ത്തിച്ചു പറയുന്ന ഒന്ന് താന്‍ ഇന്ത്യയിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതനായ ഒരു അഭയാര്‍ത്ഥിയും ഇന്ത്യ-പാക് വിഭജനത്തിന്റെ ഇരയുമാണെന്നാണ്. പുസ്തകം വായിക്കുന്ന ഒരാള്‍ക്കും വ്രണിത ഹൃദയനായ അഭയാര്‍ത്ഥിയാണ് അഡ്വാനി എന്നു തോന്നും.
അഡ്വാനി പറയുന്നതിങ്ങനെയാണ്: ''നമ്മുടെ മാതൃഭൂമി വിഭജിക്കപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യവും പാകിസ്താന്റെ രൂപീകരണവും മുമ്പില്ലാത്തവണ്ണമുള്ള കൂട്ടക്കൊലയും ചരിത്രത്തിലെ ഏറ്റവും വലിയ അതിര്‍ത്തി കടന്നുള്ള കുടിയിറക്കവും നടന്നു. പത്ത്‌ലക്ഷം പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ ലഹള നടന്നു. 15 ദശലക്ഷം ജനങ്ങള്‍ അഭയാര്‍ത്ഥികളായി. ഞാനും അവരില്‍ ഒരാളായിരുന്നു. 1947 സെപ്റ്റംബര്‍ 12 ന് രക്ഷയ്ക്കായി ഞാന്‍ കറാച്ചി വിട്ടു. വീട്ടില്‍നിന്ന് പറിച്ചെറിയപ്പെട്ടു, വിഭജനത്തിന്റെ ജ്വാലകളെ അതിജീവിച്ച് ഞാനും എന്റെ കുടുംബവും ഭാരതാംബയുടെ മടിയില്‍ സുരക്ഷയും സമാശ്വാസവും നേടി'' (മുന്‍വാക്ക്, പേജ് 27).
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: 'പാകിസ്താനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയായി ഞാന്‍ യാത്ര ചെയ്യുകയായിരുന്നു, ലക്ഷക്കണക്കിന് ആള്‍ക്കാരെപ്പോലെ, അഭയം തേടി'. (പേജ് 51)
വാദത്തിനുവേണ്ടി അഡ്വാനി ഒരു അഭയാര്‍ത്ഥിയാണ് എന്ന് നമുക്ക് അത് അംഗീകരിക്കാം. അതായത് ഇന്ന് പാകിസ്ഥാന്റെ ഭാഗമായ സിന്ധില്‍ നിന്ന് വന്നൊരാള്‍ എന്നനിലയില്‍. അതല്ലാതെ അഭയാര്‍ത്ഥി എന്നു വാദിക്കാന്‍ ചരിത്രത്തിന്റെ ഒരു പിന്‍ബലവും ആനുകൂല്യവും അഡ്വാനിക്ക് കിട്ടില്ല. ശരിക്കും അഭയാര്‍ത്ഥിയല്ല, പോലീസ് പിടിക്കുമെന്നായപ്പോള്‍ ഒളിച്ചോടിയ ഒരു ക്രിമിനല്‍ കേസ് പ്രതിയാണ് അദ്ദേഹം (അഡ്വാനിയെ രാഷ്ട്രീയകുറ്റവാളി എന്ന് വിശേഷിപ്പിച്ചുകൂടാ. ഗാന്ധിയെ വധിച്ചയാള്‍ക്ക് ആ വിശേഷണം ഇന്ത്യന്‍ബോധം നല്‍കിയിട്ടില്ല. അങ്ങനെയെങ്കില്‍, പാകിസ്ഥാന്‍ രാഷ്ട്ര പിതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയയാള്‍ക്ക് ആ വിശേഷണം എങ്ങനെ ചേരും?). ഈ അഭയാര്‍ത്ഥി വേഷത്തിനിടയിലും അഡ്വാനി വിഭജനനാളില്‍ സംഭവിച്ച ചില കാര്യങ്ങളെപ്പറ്റി മുഴുവനായല്ലെങ്കിലും അല്‍പം മാത്രം ചിലത് പറയുന്നുണ്ട്: ''ഏതാണ്ട് ഇതേ സമയത്ത്, സിന്ധിലുള്ള എന്റെ ജീവിതത്തിന് അവസാനംകുറിച്ച് അപ്രതീക്ഷിതമായ സംഭവം ഉണ്ടായി. സെപ്റ്റംബറില്‍ കറാച്ചിയിലെ സമ്പന്നരുടെ സില്‍ക്കര്‍പുരി കോളനിയില്‍ ഒരു ബോംബ് സ്‌ഫോടനം നടന്നു. ഈ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്. സംഘചാലക് ഖാന്‍ചന്ദ് ഗോപാല്‍ദാസിനും ആര്‍.എസ്.എസിന്റെ പ്രമുഖരായ പത്തൊമ്പതുപേരും അറസ്റ്റുചെയ്യപ്പെട്ടു. രജ്പല്‍ജി ഡല്‍ഹിയില്‍ ആര്‍.എസ്.എസ്. പ്രാന്ത് പ്രചാരകരുടെ ഒരു ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. എനിക്ക് സ്‌ഫോടനങ്ങളെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. എന്നിരുന്നാലും, ആര്‍.എസ്.എസിനെതിരെ പ്രാദേശിക പത്രങ്ങള്‍ വലിയ തോതില്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ എന്നോട് കറാച്ചി വിടാന്‍ ഉപദേശിച്ചു.''
കഥ പറച്ചലിന്റെ ഇത്രയും വായിക്കുമ്പോള്‍ അഡ്വാനി കേവലമായൊരു അഭയാര്‍ത്ഥിയല്ലെന്ന് വരുന്നു. പക്ഷേ, അദ്വാനിയുടെ കഥയില്‍ ചില സംഗതികള്‍ക്ക് ഉത്തരമില്ലല്ലോ? കഥ പറയുമ്പോള്‍ പൂര്‍ണമായി പറയേണ്ടേ. കോളനിയില്‍ എന്ത് സ്‌ഫോടനമാണുണ്ടായത്? ആരാണ് അല്ലെങ്കില്‍ ആരൊക്കെയാണ് മരിച്ചത്. കേസില്‍ അദ്വാനിക്ക് വല്ല പങ്കുമുണ്ടോ?
1947 സെപ്റ്റംബര്‍ 10 നാണ് സില്‍ക്കര്‍പുരി കോളനിയില്‍ സ്‌ഫോടനം നടക്കുന്നത്. ആര്‍.എസ്. എസ്. പ്രവത്തകനായ ടോട്ടറാമിന്റെ വസതിയിലായിരുന്നു ബോംബ് പൊട്ടിയത്. ഒരാള്‍ തല്‍സമയവും മറ്റൊരാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചു. അന്വേഷണത്തെ തുടര്‍ന്ന് പോലീസ് ടോട്ട്‌റാമിന്റെ വീട്ടില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമായി വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ പിടിച്ചെടുത്തു. മറ്റാരും അവിടെ കൊണ്ടവച്ചതോ എറിഞ്ഞതോ ആയിരുന്നില്ല ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൃത്യമായ ലക്ഷ്യത്തോടെ സമാഹരിച്ചതാണ് അവ. പാകിസ്താന്‍ ഗവര്‍ണര്‍ ജനറല്‍ ജിന്ന, പ്രധാനമന്ത്രി ലിക്കായത്ത് ഖാന്‍, ഖവ്ജ നാസിമുദ്ദീന്‍ തുടങ്ങിയവരെ വധിക്കാനുള്ള ഗുഢാലോചനയാണ് സില്‍ക്കര്‍പുരി കോളനിയില്‍ ഒരുങ്ങിയിരുന്നത്. ആ ദിനങ്ങളില്‍ ജിന്നയുള്‍പ്പടെയുള്ള നേതാക്കള്‍ക്ക് സിന്ധിലും കറാച്ചിയിലും എത്തിയിരുന്നു. വൈകാതെ അവര്‍ വീണ്ടും വരുമെന്നും ഉറപ്പായിരുന്നു. സിന്ധില്‍ വിഭജനത്തിന് പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് 5 ന് ഗുരുജി ഗോള്‍വാക്കര്‍ എത്തിയിരുന്നു. അന്ന് അഡ്വാനി അവകാശപ്പെടുന്നതുപോലെ കറാച്ചിയിലെ ഏറ്റവും വലിയ ഹിന്ദു റാലിയാണ് ഒരുങ്ങിയത്. ഓഗസ്റ്റ് 7 ന് ജിന്ന വന്നു. ഡല്‍ഹിയില്‍ നിന്നു വന്ന ജിന്നയ്ക്ക് 'പാകിസ്ഥാന്‍ സിന്ദാബാദ്' മുദ്രവാക്യവുമായി വന്‍ സ്വീകരണമാണ് ലഭിച്ചത്. ഗോള്‍വാക്കറിനും ജിന്നയ്ക്കും മുമ്പ് ആചാര്യ കൃപാലിനിയും അവിടെ എത്തിയിരുന്നു.
സില്‍ക്കര്‍പുരി കോളനിയില്‍ സ്‌ഫോടനം നടന്ന ഉടനെ, 1947 സെപ്റ്റംബര്‍ 10, ന് അന്നത്തെ കറാച്ചിയിലെ എസ്.എച്ച്. ഒ ജാംഷെഡ് ക്വാര്‍ട്ടേഴ്‌സ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെകര്‍ 18 പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ടോട്ട് റാമും കേസില്‍ പ്രതിയാണ്. കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്യാനായി. എല്‍.കെ. അദ്വാനി ഉള്‍പ്പടെ 12 പേര്‍ ഒളിവില്‍ പോയി. 14 വയസുമുതല്‍ ഈ മേഖലയില്‍ ആര്‍.എസ്.എസ്. സ്വയം സേവകനാണ് അഡ്വാനി. അവിടെയുള്ള പ്രാന്ത് പ്രചാരക് അതായത് ഫുള്‍ടൈം പ്രാദേശിക സംഘാടകന്‍ രജ്പാല്‍ പുരിയായിരുന്നു. അഡ്വാനിയുള്‍പ്പടെയുള്ളവര്‍ ഇന്ത്യയിലേക്ക് രക്ഷപെട്ടതോടെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടൂ. മുഹമ്മദ് ആലി ജിന്നയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എഫ്.ഐ.ആര്‍. കറാച്ചി പൊലീസ് സ്‌റ്റേഷനില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 2003 അവസാനം പാകിസ്താന്‍ വാര്‍ത്താവിതരണ മന്ത്രി ഷേക്ക് റഷീദ് അഹമ്മദ് ഇത് ഇന്ത്യന്‍ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു.
കേസില്‍ പെട്ട ഖേംചാന്ദ്. നന്ദ്‌റാം, ഗോബിന്ദ്, ഹര്‍ഗോവിന്ദ്, സാന്‍തോ, തായ്‌കെന്‍ ദാസ് എന്നിവരെ വിചാരണ ചെയ്തു. 1948 സെപറ്റ്ംബര്‍ 17 ന് പടിഞ്ഞാറന്‍ പാകിസതാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ട്രിബ്യൂണല്‍ ജസ്റ്റിസ് റഹിം ബുക്‌സ് മുന്‍ഷി കേസില്‍ വാദം കേട്ടു. ഖാന്‍ചന്ദ് ഗോപാല്‍ദാസ്, നന്ദ ബദ്‌ലാനി, എന്നിവരെ ജീവിതകാലം മുഴുവന്‍ നാട് കടത്തുകയും 50,000, 20000 രൂപ എന്നിങ്ങനെ പിഴയിടീക്കാനും ഉത്തരവു വന്നു. നാല്‌പേരെ വിട്ടയച്ചു. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഉണ്ടാക്കിയ ധാരണപ്രകാരംആറു ഗൂഢാലോചനക്കാരെ 1948 സെപ്റ്റംബര്‍ 19 ന് പാകിസ്താന്‍ ഇന്ത്യയിലേക്ക് കൈമാറി.
അപ്പോള്‍ അഭയാര്‍ത്ഥിയല്ല ക്രിമിനല്‍ കേസില്‍ പ്രതിയാക്കപ്പെട്ടതോടെ നാടുവിട്ട ഒരാളാണ് അഡ്വാനി എന്ന് വ്യക്തമാക്കുന്നു. ഇനി ഇന്ത്യയിലേക്കുള്ള പ്രയാണമോ? ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെപ്പോലെ ട്രെയിനിലോ കാല്‍നടയായിട്ടോ അല്ല അഡ്വാനി അതിര്‍ത്തി കടക്കുന്നത്. അഡ്വാനി യാത്ര ചെയ്യുന്ന വിമാനത്തില്‍ കുടുംബമില്ല. അഡ്വാനിയുടെ കുടുംബം എപ്പോള്‍ ഇന്ത്യയിലേക്ക് വന്നുവെന്നും വ്യക്തമായ സൂചന പുസ്തകത്തിലില്ല. മറ്റുള്ള അഭയാര്‍ത്ഥികളെല്ലാം തങ്ങളുടെ എല്ലാം നഷ്ടപ്പെട്ട്, കൈയിലെടുക്കാവുന്നതുമാത്രമെടുത്ത് പലയാനം ചെയ്തപ്പോള്‍ അഡ്വാനിയുടെ വരവ് അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിന് ഒന്നും നഷ്ടപ്പെട്ടുമില്ല.
1947 സെപറ്റ്ംബര്‍ 12 ന് കറാച്ചിയില്‍ നിന്ന് ഒരു ബി.ഒ.എ.സി. വിമാനത്തില്‍ അഡ്വാനി ഇന്ത്യയിലേക്ക് പറന്നു. ഒപ്പം ആര്‍.എസ്.എസുകാരനായ മുരളീധറുമുണ്ടായിരുന്നു. 90 മിനിറ്റ് യാത്രാ ദൈര്‍ഘ്യം. പക്ഷേ, ആറുമണിക്കൂര്‍ നീണ്ടു. ഉച്ചയ്ക്ക് ഡല്‍ഹിയില്‍ പാം വിമാനത്താവളത്തില്‍ വന്നിറങ്ങി.
'കറാച്ചിയില്‍ അറസ്റ്റിലായ സ്വയംസേവകുമാരെ മോചിപ്പിക്കുന്നതിന് എന്താണ് ചെയ്യാനാവുക?...ഞങ്ങളുടെ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ ദൗത്യം സിന്ധിലെ ഞങ്ങളുടെ പ്രാന്ത് പ്രചാരക് രജ്പാല്‍ജിയെ കാണുകയായിരുന്നു''-അഡ്വാനി എഴുതുന്നു. (എല്ലാ അഭയാര്‍ത്ഥികളെയും പോലെ തങ്ങാന്‍ ഒരിടമല്ല മനസ്സില്‍!). വിമാനമിറങ്ങിയ ഉടന്‍ ഇരുവരും ആര്‍.എസ്.എസ്. ആസ്ഥാനമന്വേഷിച്ചു. അവിടെ നിന്ന് രജ്പാല്‍ജി ജോധ്പൂരില്‍ നിന്ന് കറാച്ചിയിലേക്കുള്ള യാത്രയിലാണെന്ന് അറിഞ്ഞു. രജ്പാല്‍ജിയെ എങ്ങനെയെങ്കിലും ബന്ധപ്പെട്ട് സിന്ധിലേക്ക് പോകുന്നത് തടയണം. ആ രാത്രി മുരളീധറും അഡ്വാനിയും ജോധ്പൂരിലേക്ക് അദ്ദേത്തെ കാണാന്‍ തിരിച്ചു. ട്രെയിനിലായിരുന്നു യാത്ര. അവിടെയെത്തിയപ്പോളാണ് സിന്ധിലേക്ക് തിരിച്ചുപോകരുതെന്ന് എനിക്കും സന്ദേശം ലഭിച്ചത് (തിരിച്ചുപോകുക എന്ന ഉദ്ദ്യേശത്തോടെയാണോ അഡ്വാനി ഇന്ത്യയിലേക്ക് പറന്നത്?!). എല്ലാ പ്രചാരക് മാരോടും മുതിര്‍ന്ന നേതാക്കളോടും ജോധ്പൂരില്‍ ഒന്നിക്കാന്‍ പറഞ്ഞിരുന്നു. ഈ സമയം രജ്പാല്‍പജി കാര്യങ്ങള്‍ അറിയാതെ ജോധ്പൂരില്‍ നിന്ന് കറാച്ചിയിലേക്ക് പോയിരുന്നു. പക്ഷേ, കറാച്ചിയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെ മിര്‍പുര്‍ ഖാസില്‍ വന്ന് വിവരങ്ങള്‍ അറിഞ്ഞ് അദ്ദേഹം യാത്ര നിര്‍ത്തി.
'അഭയാര്‍ത്ഥി' കഥ കഴിഞ്ഞില്ല. അഡ്വാനിയും കൂട്ടരും പിന്നെയും വിശ്രമിച്ചില്ല. ''ഞങ്ങള്‍ ശ്രീ ഗുരുജിയെ (ഗോള്‍വാക്കര്‍) ഡല്‍ഹിയില്‍ വച്ച് കണ്ട് കറാച്ചിയിലെ 19 ആര്‍.എസ്. എസ്. തടവുകാരെപ്പറ്റി പറഞ്ഞു. അദ്ദേഹം വേഗം ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേലിനെ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. അഭയാര്‍ത്ഥി കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്നു മന്ത്രി എന്‍.വി. ഗാഡ്ഗിലിനെ വിളിച്ചു. ഗാഡ്ഗില്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി 'ആകുലപ്പെടേണ്ട. പാകിസ്താനില്‍ അറസ്സ്സിലായ ആര്‍.എസ്. പ്രവര്‍ത്തകരുടെ മോചനം ഉറപ്പാക്കുക എന്റെ ഉത്തരവാദിത്വമാണ്.'' കറാച്ചിയില്‍ നിന്ന് പത്തൊമ്പത് സ്വയംസേവകുമാരും വൈകാതെ എത്തിച്ചേര്‍ന്നു''.
അഡ്വാനിയും കൂട്ടരും പിന്നെന്തുചെയ്തു?
'' ആര്‍.എസ്.എസിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ദൗത്യം കലാപബാധിത പ്രദേശങ്ങളിലെ ഹിന്ദുക്കള്‍ക്കും സിഖുകള്‍ക്കും സംരക്ഷണം നല്‍കുക എന്നതായിരുന്നു. പിന്നെ പബാബില്‍നിന്നും പുതിയതായി സൃഷ്ടിക്കപ്പെട്ട പാകിസ്താനില്‍നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കും സംരക്ഷണം ഒരുക്കുകയും.''
അഡ്വാനി പറഞ്ഞ ആ 'സംരക്ഷണം' തന്നെയാണ് പ്രശ്‌നം. ആരില്‍ നിന്ന്, ആര്‍ക്ക്? ഈ ഘട്ടത്തില്‍ മുസ്ലീം പലായനം നടക്കുകയും ഇവിടെ തങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് ശബ്ദിക്കാന്‍ പോലുവാത്ത സാഹചര്യം ഉള്ളപ്പോഴാണ് 'സംരക്ഷണം'. പാകിസ്താനിലേക്കുള്ള മുസ്ലിം പലയാനത്തെ തീവ്രമാക്കുകയും, അതേ വിഭാഗത്തിന് നേരെ കൊലപാതകങ്ങള്‍ അഴിച്ചുവിടുകയുമാണ് ആര്‍.എസ്.എസ്. ഉള്‍പ്പടെയുള്ള മതമൗലികവാദികള്‍ ഈ ഘട്ടത്തില്‍ ചെയ്തത്. സംരക്ഷണമല്ല.

ഗാന്ധിവധക്കേസിലെ ആര്‍.എസ്.എസ്.
-------------------------------
ഇന്ത്യയില്‍ ഹിന്ദുതീവ്രവാദികളുടെയും ആര്‍.എസ്.എസിന്റെയും യഥാര്‍ത്ഥ മുഖം തുറന്നുകാട്ടപ്പെടുന്നത് ഗാന്ധിവധത്തോടെയാണ്. ഗാന്ധിയുടെ കൊലപാതകി നാഥുറാം ഗോഡ്‌സേ ആര്‍.എസ്.എസുകാരനാണെന്നാണ് ഭരണകൂടവും വാദിച്ചത്. ആര്‍.എസ്.എസിനോട് എപ്പോഴും അനുകൂല സമീപനമെടുത്ത അന്നത്തെ കടുത്ത ഹിന്ദുവര്‍ഗീയവാദിയായ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലും ഗോഡ്‌സേ ആര്‍.എസ്.എസ്‌കാരനാണെന്ന് പ്രഖ്യാപിച്ചു. പക്ഷേ, ഗോഡ്‌സേ ആര്‍.എസ്.എസുകാരനല്ല എന്ന് സ്ഥാപിക്കാനാണ് അതിനുശേഷം ഇന്നോളം ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ആര്‍.എസ്.എസ്. ശ്രമിച്ചിട്ടുള്ളത്. ഈ വധം ഇനിയൊരിക്കലും ശുദ്ധമാവാത്ത വിധത്തില്‍ അവരുടെ കൈയില്‍ ചോര പുരളിച്ചതിനാലാണ് അത്. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് നാഥുറാം ഗോഡ്‌സേ ആര്‍.എസ്.എസുകാരനല്ല എന്ന് സ്ഥാപിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിച്ചിട്ടുള്ളത്. അതായത് ഗാന്ധിയെ വധിച്ച വ്യക്തിക്ക് ആര്‍.എസ്.എസ് അംഗത്വമില്ല എന്നു പറഞ്ഞ് സംഭവത്തില്‍ നിന്ന് കൈ കഴുക. പക്ഷേ ഗാന്ധിയുടെ കൊലപാതകിയെ നയിച്ച രാഷ്ട്രീയ-മത വികാരവും നിലപാടും എന്തെന്ന് പറയാതിരിക്കുകയും ചെയ്യുക. അവിടെയാണ് ചരിത്രം പരിഹസിക്കപ്പെടുന്നത്. ഗോഡ്‌സേയുടെ രാഷ്ട്രീയവും തങ്ങളുടെ രാഷ്ട്രീയവും ഒന്നായിരുന്നുവെന്ന് മനപൂര്‍വം ആര്‍.എസ്.എസ് ഒളിപ്പിച്ചുവയ്ക്കുന്നു.
ഗാന്ധി വധക്കേസില്‍ ആര്‍.എസ്.എസിനു പങ്ക് ഇല്ല എന്നു പറയലാണ് അദ്വാനിയുടെ ലക്ഷ്യം. രാജഗോപാലിന്റെ പുസ്തകം തുടങ്ങുന്നത് താന്‍ ആദ്യം പങ്കെടുത്ത പ്രകടനത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ്. ഗാന്ധിവധത്തില്‍ പ്രതിഷേധിച്ച് പാലക്കാട് വിക്‌ടോറിയ കോളജില്‍ നടന്ന പ്രകടനത്തില്‍ രാജഗോപാല്‍ പങ്കെടുത്തിരുന്നു. അന്ന് ആര്‍.എസ്.എസിന് ഗാന്ധി വധത്തില്‍ പങ്കുണ്ടെന്ന് താന്‍ കരുതിയത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞതായി അദ്ദേഹം പറയുന്നു. ''ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലായിരുന്നുവെന്നും അത് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ അയാള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രൂപ്പിന്റെ മനസിക വൈകൃതം മാത്രമായിരുന്നുവെന്നും എനിക്ക് പിന്നീട് ബോധ്യമായി'' (പേജ് 24).ആര്‍.എസ്.എസിനെ ഗാന്ധി വധത്തില്‍ നിന്ന് രക്ഷിച്ചെടുക്കാനാണ് രാജഗോപാലും ശ്രമിക്കുന്നത്. പക്ഷേ, ഗാന്ധി വധം വ്യക്തിയുടെ മാനസിക വൈകൃതമല്ല. അത് ഫാസിസത്തിന്റെ ക്രൂരമായ നടപടിയാണ്. കേവലം വ്യക്തിയുടെ മാനസിക വൈകൃതമാക്കുന്നതിലൂടെ ഗുരുതരമായ മതഫാസിസ്റ്റ് വെറിയെ ലഘൂകരിക്കുകയാണ് രാജഗോപാല്‍ ചെയ്യുന്നത്.
അഡ്വാനി പറയുന്നു: ''ഹിന്ദുമഹാഭസയിലെ അംഗമായ നാഥുറാം ഗോഡ്. പതിനഞ്ച് വര്‍ഷം മുമ്പ് സംഘവുമാുള്ള സൈദ്ധാന്തികമായ അഭിപ്രായ വ്യത്യാസം മൂലം വിട്ടുപോയിരുന്നു. ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനായിരുന്നു. ഹിന്ദുക്കളെ ഷണ്ഡന്‍മാരാക്കി എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഒരു അക്രമോത്സുകമായ നടപടിക്ക് 'സൈനിക സ്പിരിറ്റ്' ഹിന്ദുക്കള്‍ക്കിടയല്ലാക്കി. 1933 മുതല്‍ അഗ്രാണി എന്ന മറാത്തി മാഗസിനില്‍ എഴുരിയ ലേഖനങ്ങള്‍ ഗോഡ്‌സെ എത്രമാത്രം ആര്‍.എസ്.എസുമായി എതിര്‍പ്പുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്''.
അഡ്വാനി പറയുന്ന കഥ ഗാന്ധിവധത്തില്‍ നിന്ന് ആര്‍.എസ്.എസിനെ കൈകഴുകാന്‍ അനുവദിക്കുന്നില്ല. 1915 ലാണ് ഹിന്ദു മഹാസഭ രൂപീകരിക്കപ്പെടുന്നത്. രാജാക്കന്‍മാരും ഭൂപ്രക്കന്‍മാരുമായിരുന്നു ഈ സംഘടനയില്‍ അധികവും.1925 ലാണ് ആര്‍.എസ്.എസ്. രൂപീകരിക്കുന്നത്. ബ്രാഹ്മണരാണ് മുഖ്യമായും അംഗങ്ങള്‍. ഇരു സംഘടനകളും തമ്മില്‍ ഗൗരവമായ വേര്‍തിരിവൊന്നും നിലവിലുണ്ടായിരുന്നില്ല. രണ്ടു സംഘടനകളുടെയും അടിസ്ഥാന സങ്കല്‍പ്പം ഹിന്ദുത്വവും ഹിന്ദു രാഷട്രവുമായിരുന്നു. ആര്‍.എസ്..എസ്. അത് സമൂഹത്തിലെ സാംസ്‌കാരിക ഇടപെടലിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചു.ഹിന്ദു മഹാസഭ രാഷ്ട്രീയമായും. രണ്ടും അത്യന്തികമായി ഒരു ലക്ഷ്യത്തേയാണ് സേവിച്ചത്. ഹിന്ദുമഹാസഭാ നേതാവായ സവര്‍ക്കറും ആര്‍.എസ്.എസ്. നേതാക്കളും തമ്മില്‍ എന്നും ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ആര്‍.എസ്.എസ്. വീരസവര്‍ക്കറില്‍ നിന്ന് ഉപദേശങ്ങള്‍ തേടിയിരുന്നു. ഇന്ത്യയിലെത്തിയ ശേഷം സവര്‍ക്കരെ കാണാന്‍ ചെന്നിരുന്നുവെന്ന് അഡ്വാനിയും പറയുന്നുണ്ട്.
ആഡ്വാനിയുടെ പുസ്തകത്തില്‍ പറയുന്നതുപോലെ കടുത്ത എതിര്‍പ്പ് ആര്‍.എസ്.എസിനോട് ഗോഡ്‌സേ പുലര്‍ത്തിയിരുന്നില്ല. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഉന്നയിച്ചിരുന്നത് ഹിന്ദുത്വരാഷ്ട്രം എന്ന സങ്കല്‍പ്പമാണ്. ഹിന്ദുമഹാസഭയും ആര്‍.എസ്.എസും എന്നും സഹോദര സംഘടനകള്‍ പോലെയാണ് പ്രവര്‍ത്തിച്ചത്. ഹിന്ദുരാഷ്ട്രീയ പാര്‍ട്ടിയെന്ന ആവശ്യത്തെ ഹിന്ദുമഹാസഭ പ്രതിനിധീകരിച്ചതുകൊണ്ടുതന്നെ മിക്ക ആര്‍.എസ്.എസുകാരും ഹിന്ദുമഹാസഭയിലും തിരിച്ചും പ്രവര്‍ത്തിച്ചിരുന്നു. കാരണം അന്ന് ഹിന്ദുമഹാസഭയല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടായിരുന്നില്ല. നാഥുറാം ഗോഡ്‌സെ ഹിന്ദുമഹാസയുടെപൂനെ ഘടകത്തിന്റെ ജനറല്‍ സെസ്രകട്ടറിയായി. അഗ്രാണി അഥവാ ഹിന്ദു രാഷ്ട്ര എന്ന പത്രം തുടങ്ങി.
തന്റെ ഹിന്ദുമഹാസഭയിലെ പ്രവര്‍ത്തനത്തെപ്പറ്റി ഗോഡ്‌സേ തന്നെ പറയുന്നതിപ്രകാരമാണ്: '' ഹിന്ദുക്കളെ ഉയര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിച്ച ഞാന്‍ രാജ്യത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമായി തോന്നി. അതിനാല്‍ ഞാന്‍ സംഘം വിട്ട് ഹിന്ദു മഹാസഭയില്‍ ചേര്‍ന്നു'' ( ഞാന്‍ എന്തുകൊണ്ട് മഹാത്മാഗാന്ധിയെ കൊന്നു?') അല്ലാതെ ആര്‍.എസ്.എസിനോടുള്ള രാഷ്ട്രീയ വിയോജിപ്പായിരുന്നില്ല.
ഗാന്ധിവധത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ആര്‍.എസ്.എസിന് ഒഴിഞ്ഞു മാറാന്‍ കഴിയാത്ത പലവിധ കാരണങ്ങളുണ്ട്.

1. ഹിന്ദുമൗലികവാദത്തിന്റെ തുടര്‍ച്ചയിലും തീവ്രതയിലുമാണ് ഗാന്ധിവധം നടക്കുന്നത്. ഈ ഹിന്ദുവര്‍ഗീയതയുടെ യഥാര്‍ത്ഥ പ്രായോക്താക്കള്‍ അന്നും ഇന്നും ആര്‍.എസ്.എസാണ്. ആര്‍.എസ്.എസ്. വിതച്ച വെറുപ്പിന്റെ വിത്തുകളാണ് ഗാന്ധിയുടെ വധത്തിലേക്ക് വളരുന്നത്.
2. ആര്‍.എസ്.എസും ഗോഡ്‌സെയും ഹിന്ദുത്വവും ഹിന്ദുരാഷ്ട്രവാദവുമാണ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളായി ഉന്നയിച്ചത്. ഗോഡ്‌സേയുടെ രാഷ്ട്രീയത്തിന്റെ അടിത്തറ ആര്‍.എസ്.എസ്. സിദ്ധാന്തങ്ങളായിരുന്നു.
3. ഗാന്ധിയെ വധിക്കണമെന്ന് ആര്‍.എസ്.എസ്. പരസ്യമായി പലപ്പോഴും അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
4. ഗാന്ധിക്കെതിരെ ഗോഡ്‌സേ നടത്തിയതുള്‍പ്പടെയുള്ള വധശ്രമങ്ങളെപ്പറ്റി ആര്‍.എസ്.എസിന് കൃത്യമായ ധാരണയുണ്ടായിരുന്നു.
5. ഗാന്ധി വധിക്കപ്പെട്ട ഉടനെ ആര്‍.എസ്.എസ്. അത് ആഘോഷിക്കുകയാണ് ചെയ്തത്. പലയിടത്തും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യപ്പെട്ടു. കാര്യങ്ങള്‍ എതിര്‍ദിശയിലേക്കാണ് നീങ്ങുന്നത് എന്നു കണ്ടപ്പോള്‍ മാത്രമാണ് ആര്‍.എസ്.എസ്. ചുവടുമാറ്റിയത്. പിന്നെ ദു:ഖാചരണമായി.

ഗാന്ധിക്കെതിരെ നാഥുറാം ഗോഡ്‌സെയുടെ ഒറ്റ വധശ്രമം മാത്രമല്ല നടന്നത്. 1934 മുതല്‍ ഗാന്ധിയെ വിധക്കാന്‍ നിരവധി ശ്രമങ്ങള്‍ ഹിന്ദുമതഭ്രാന്തര്‍ നടത്തിയിരുന്നു.
1934 ജൂണ്‍ ഒമ്പതിന് പൂനയില്‍ വച്ചായിരുന്നു ആദ്യത്തേ്. അയിത്തത്തിനെതിര ദേശവ്യാപകമായി പര്യടനം നടത്തുമ്പോഴാണ് വധശ്രമം നടന്നത്. 1934 ജൂണ്‍ 25 ന് ഹിന്ദുത്വ തീവ്രവാദികള്‍ വീണ്ടും ഗാന്ധിയെ ലക്ഷ്യമിട്ടു. പൂനെ മുന്‍സിപ്പാലിറ്റി കോണ്‍ഫ്രന്‍സ് ഹാളില്‍ പ്രസംഗിക്കാന്‍ പോകുമ്പോഴായിരുന്നു അത്. മുന്‍സിപ്പാലിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഉദ്യോഗസ്ഥനും രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കും ഗുരുതരമായി പരുക്കേറ്റു.
1944 ല്‍, പൂനയ്ക്കടിത്തു പന്‍ചഗനിയില്‍ മാത്തേരാന്‍ (എം എ ടി എച്ച് ഇ ആ എ എന്‍) വച്ച് മൂര്‍ച്ചയേറിയ ആയുധവുമായി ഹിന്ദുത്വ തീവ്രവാദികള്‍ ഗാന്ധിയെ വധിക്കാന്‍ ശ്രമിച്ചിരുന്നു. പൂനയിലെ ശ്രുതി ലോഡ്ജ് ഉടമ മനീക്ഷാന്‍കര്‍ പുരോഹിത് കപൂര്‍ കമ്മീഷന് ഇക്കാര്യത്തെപ്പറ്റി മൊഴി നല്‍കിയിരുന്നു.
1946 ജൂണ്‍ 29 ന് ബോംബെയില്‍ നിന്ന് പൂനെയിലേക്ക് ട്രെയിനില്‍ പോകുന്ന ഗാന്ധിക്കുനേരെ വീണ്ടും ആക്രമണം നടന്നു. നിറാലിനും കര്‍ജതിനുമിടയില്‍ റെയില്‍ ട്രാക്കില്‍ വലിയ പാറക്കക്ഷണങ്ങള്‍ കയറ്റി വച്ചു. പക്ഷേ ട്രെയില്‍ ഡൈവ്രറുടെ ജാഗ്രതമൂലം അപകടം ഒഴിവായി. എഞ്ചിന്‍ തകര്‍ന്നു. 1946 ജൂലൈ 7 ന് പാരിലാല്‍ 'ഹരിജനില്‍' ഗാന്ധിവധശ്രമങ്ങളെപ്പറ്റി എഴുതി.പൂനയില്‍ 30 ന് നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ഗാന്ധിയും തനിക്കെതിരെ നടന്ന ഗൂഢാലോചനകളെപ്പറ്റി പറയുകയും ചെയ്തു
പിന്നീട് 1948 ജനുവരി 20 ന് ബിര്‍ളാ ഹൗസില്‍ ഗാന്ഡിയെ വധിക്കാനായി ബോംബ് സ്‌ഫോടനം നടന്നിരുന്നു. മദന്‍ലാലാണ് അത് ചെയ്ത്. ജനുവരി 20 ന് മദന്‍ലാല്‍ അറസ്റ്റിലായ ഉടനെ ഇക്കാര്യത്തില്‍ വിശദമായതെളിവെടുപ്പ് നടന്നിരുന്നു. പക്ഷേ, അധികാര സ്ഥാനങ്ങളില്‍ നുഴഞ്ഞുകയറിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ വെളിപ്പടുത്തലുകളെ മുക്കി.
ഈ സംഭവങ്ങളിലൊന്നിലും ആര്‍.എസ്.എസിന് പങ്കില്ലെന്ന് വേണമെങ്കില്‍ വാദിക്കാം. കരുതുക. പക്ഷേ, വധശ്രമങ്ങളെപ്പറ്റി ആര്‍.എസ്.എസിന് കൃത്യമായ ധാരണയുണ്ടായിരുന്നു. ഇല്ലെന്ന് വാദിക്കാന്‍ യുക്തി നമ്മെ അനുവദിക്കില്ല. ഗാന്ധിക്കെതിരെയുള്ള വധശ്രമങ്ങള്‍ മുഴുവന്‍ നടന്നത് ഒന്നുകില്‍ ആര്‍.എസ്.എസിന്റെ ശക്തി കേന്ദമായ പൂനയിലോ അനുബന്ധ സ്ഥലങ്ങളിലോ ആണ്. തങ്ങളുടെ മേഖലയില്‍ നടന്ന കൊലപാതകശ്രമങ്ങള്‍, തങ്ങള്‍ക്കെതിരെ തന്നെ വരുമെന്ന് അറിയാമായിരുന്നിട്ടും എന്തുകൊണ്ട് ആര്‍.എസ്.എസ്. തടഞ്ഞില്ല? അന്വേഷിച്ചില്ല? അവിടെയാണ് പ്രശ്‌നം. യഥാര്‍ത്ഥത്തില്‍ ഈ വധശ്രമങ്ങള്‍ നടന്നത് ആര്‍.എസ്.എസും കൂടി അറിഞ്ഞുകൊണ്ടാണ്.
1965 ല്‍ ജീവപര്യന്തം തടവ് കഴിഞ്ഞ് പുറത്തിറങ്ങിയ ഗോപാല്‍ ഗോഡ്‌സെയ്ക്ക് (നാഥുറാം ഗോഡ്‌സേയുടെ സഹോദരന്‍) വലിയ സ്വീകരണമാണ് ഒരുക്കിയത്. പൂനയില്‍ നടന്ന ചടങ്ങില്‍ 'തരുണ്‍ ഭാരതി'ന്റെ പത്രാധിപര്‍ ജി.വി. കേട്ഖര്‍ ഗോഡ്‌സേ പലവട്ടം തന്നോട് ഗാന്ധിവധത്തെപ്പറ്റി പറഞ്ഞിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ വിവാദമായി തുടര്‍ന്ന് ഗാന്ധി മെമ്മോറിയല്‍ ഫണ്ടിന്റെ ചെയര്‍മാന്‍ എം.ആര്‍. ഡിവാകറിന്റെ അപേക്ഷയെ തുടര്‍ന്ന് കപൂര്‍ കമ്മീഷനെ നിയോഗിച്ചു. 1970 ല്‍ റിപ്പോര്‍ട്ട് ഓഫ് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ടു മര്‍ഡര്‍ മഹാത്മാഗാന്ധി സമര്‍പ്പിക്കപ്പെട്ടു. കമ്മീഷന്റെ കണ്ടെത്തല്‍ എന്തെന്നല്ല വിഷയം, ജി.വി. കേട്ഖറുടെ വെളിപ്പെടുത്തലാണ്. അതായത് ഗോഡ്‌സേ ഒരിക്കലും രഹസ്യമായല്ല ഗാന്ധിവധം ആസൂത്രണം ചെയ്തിരുന്നത്. അതെപ്പറ്റി വ്യക്തമായ ധാരണ ആര്‍.എസ്.എസിനുണ്ടായിരുന്നു. നേരിട്ട് പങ്കില്ല എന്ന് അഡ്വാനിക്കൊപ്പം നമ്മളും സമ്മതിച്ചാല്‍ തന്നെ ഗാന്ധി വധിക്കപ്പെടുന്നതിന് വേണ്ടി ആര്‍.എസ്.എസ്. നിശബ്ദമായി കൂട്ടുനിന്നുവെന്ന് പറയേണ്ടി വരും.
വല്ലഭായി പട്ടേലിന് 1948 ഫെബ്രുവരി 26 ന് അയച്ച കത്തില്‍ പ്രധാനമന്ത്രി നെഹ്‌റു എഴുതി: ''ആര്‍.എസ്.എസ്. നമ്മുടെ ഓഫീസുകളിലും പോലീസ് സേനയിലും നുഴഞ്ഞുകയറിയുണ്ട്, അതനിാല്‍ ഔദ്യോഗിക രഹസ്യങ്ങള്‍' പാലിക്കാനാവുന്നില്ല.
1948 ഫെബ്രുവരി 27 ന് അയച്ച കത്തില്‍ വീണ്ടും അദ്ദേഹം പറഞ്ഞു ''സവര്‍ക്കറിനെ നേതൃത്വത്തിന്‍ കീഴിലുള്ള ഹിന്ദുമഹാസഥയിലെ ഒരു സംഘം മഹാത്മാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും അത് വിജയിക്കുകയും ചെയ്തു''.
ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ അക്കാലത്ത് ആര്‍.എസ്.എസ്. നേതാവ് ഗോള്‍വാക്കറിനെഴുതിയ കത്തില്‍ ആര്‍.എസ്.എസ് പങ്കാളിത്തം പറയുന്നുണ്ട്. ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊള്ള, കവര്‍ച്ച, കൊലപാതകം എന്നിവ നടത്തുന്നുണ്ട് എന്ന് പട്ടേല്‍ ആരോപിക്കുന്നു രഹസ്യമായി. ആയുധങ്ങളും വെടികോപ്പുകളും സമാഹരിക്കുന്നതിനെപ്പറ്റിയും ഭീകരവാദ രീതികള്‍ പിന്തുടരുന്നതിനെപ്പറ്റിയും കത്തില്‍ അദ്ദേഹം ആരോപണം ആഭ്യന്തരമന്ത്രി എന്ന ആധികാരികതയില്‍ പറയുന്നു. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ലഘുലേഖാ വിതരണം രഹസ്യമായി നടത്തുന്നതിനെപ്പറ്റിയും വിമര്‍ശിക്കുന്നു. ഈ വിമര്‍ശനങ്ങള്‍ ഇന്നയിച്ചയാള്‍ ആഭ്യന്തര മന്ത്രിയാണെന്നല്ല പ്രസക്തം, നിര്‍ണായക നിമിഷങ്ങളിലെല്ലാം ആര്‍.എസ്.എസിനെ സഹായിക്കുകയും രക്ഷിക്കുകയും ചെയ്തയാളാണ് പട്ടേല്‍ എന്നതാണ് പ്രധാനം.
ഗോഡ്‌സെ 1930 ലാണ് ആര്‍.എസ്.എസില്‍ ചേര്‍ന്നത്. പെട്ടന്ന് തന്നെ ബൗദ്ധിക പ്രചാരകുമായി (ശ്രദ്ധിക്കുക. ഗോഡ്‌സേ വെറുമൊരു പ്രവര്‍ത്തകനായിരുന്നില്ല!). അഖണ്ഡഭാരത് ചിന്തയായിരുന്നു ഗോഡ്‌സേയെ നയിച്ചത്.
ഗോഡ്‌സേ ആര്‍.എസ്.എസ്. വിട്ടുവെന്ന വാദം ഒരിക്കലും നിലനില്‍ക്കില്ല. 'സംഘ് പരിവാറിന്റെ ഫാസിസം' എന്ന പുസ്തകത്തില്‍ രാം പുനിയാനി നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരനല്ലെന്ന വാദത്തെ ഖണ്ഡിക്കുന്നുണ്ട്. ആര്‍.എസ്.എസ്. അംഗമല്ല ഗോഡ്‌സേ എന്നവര്‍ പറയുന്നത് സാങ്കേതിക പ്രശ്‌നം ഉന്നയിച്ചാണ്. കാരണം ആര്‍ക്കും ഗോഡ്‌സേയുടെ ആര്‍.എസ്.എസ്. അംഗത്വം തെളിയിക്കുന്ന രേഖയോ അംഗത്വകാര്‍ഡോ ഹാജരാക്കാനാവില്ല. കാരണം അക്കാലത്ത് ആര്‍.എസ്.എസിന് ഔദ്യോഗികമായി അംഗങ്ങളുടെ പട്ടികയോ റോള്‍ലിസ്‌റ്റോ ഉണ്ടായിരുന്നില്ല. അവര്‍ ഒരിക്കലും അത്തരമൊന്ന് സൂക്ഷിച്ചിരുന്നില്ല. അംഗത്വ പട്ടിക പോയിട്ട് അവര്‍ക്ക് ഒരു ഭരണഘടനപോലും ഉണ്ടായിരുന്നില്ല. ലിഖിത രൂപത്തില്‍ ഒരു ഭരണഘടനയുണ്ടാകുന്നത് ഗാന്ധി വധത്തിനും ശേഷമാണ്. അത് പട്ടേലിന്റെ ബുദ്ധിയായിരുന്നു. ആര്‍.എസ്.എസിനുമേലുള്ള നിരോധനം നിലനില്‍ക്കുമ്പോഴായിരുന്നു അത്. അത് അഡ്വാനിയും സമ്മതിക്കുന്നുണ്ട്. ''നിലവിലുള്ള അവസ്ഥ മാറാനായി പട്ടേല്‍ ശ്രീ ുരുജിയോട് ഒരു അകേപ്ഷ നല്‍കി. ആര്‍.എസ്.എസിന്റെ ഭരണഘടന എഴുതിയുണ്ടാക്കി ഇന്ത്യന്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍. ഗുരുജി ആ നിര്‍ദേശം അംഗീകരിച്ച് ഭരണഘടന എഴുതി 1949 ജൂണില്‍ അയച്ചു. അത് ആര്‍.എസ്.എസ്. നിരോധനം നീക്കാന്‍ കാരണമായി''.
1949 ജൂലൈ 12 ന് നിരോധനം നീങ്ങി.
തങ്ങള്‍ക്ക് അംഗത്വ പട്ടിക ഇല്ല എന്ന ഒറ്റക്കാരണത്താലാണ്ആര്‍.എസ്.എസ് ഗോഡ്‌സേ തങ്ങളില്‍ നിന്ന് വിട്ടുപോയിരുന്നു എന്ന് വാദിക്കുന്നത്.
ഗോഡ്‌സേ ആര്‍.എസ്. എസ്. വിട്ടുവെന്ന വാദത്തിന് അദ്ദേഹത്തിന്റെ സഹോദരന്‍ 1998 ജനുവരി 25 ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമായി മറുപടി പറയുന്നുണ്ട്. ''സാങ്കേതികമായും സൈദ്ധാന്തികമായും അദ്ദേഹം ഒരു അംഗമായിരുന്നു (നാഥുറാം ആര്‍.എസ്.എസില്‍). പക്ഷേ അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് നിര്‍ത്തിയിരുന്നു. ആര്‍.എസ്.എസ്. വിട്ടിരുന്നു എന്ന കോടതിയില്‍ അദ്ദേഹം പറഞ്ഞത് ഗാന്ധി വധത്തെതുടര്‍ന്ന് ആര്‍.എസ്.എസ്് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെടാതിരിക്കാനാണ്. ആര്‍.എസ്.എസില്‍ നിന്ന് വിടുതല്‍ തേടിക്കൊണ്ടുള്ള പറച്ചില്‍ അവര്‍ക്ക് (ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക്) നേട്ടമുണ്ടാവും എന്ന് മനസ്സിലാക്കിയാണ്. അദ്ദേഹം സന്തോഷത്തോടെ അത് ചെയ്തു''-ഗോപാല്‍ ഗോഡ്‌സെ പറഞ്ഞു.


ജെ.പി, ജനസംഘം, ജനതാപാര്‍ട്ടി

അഖിലേന്ത്യാ തലത്തില്‍ ഹിന്ദുമൗലിക വാദികള്‍ നിര്‍ണായക ശക്തിയാകുന്നത് തൊണ്ണൂറുകളിലാണ്. പക്ഷേ, അതിന് തുടക്കമിടുന്നത് അടിയന്തരാവസ്ഥാ കാലത്ത് അവര്‍ ജയപ്രകാശ് നാരായണനു (ജെ.പി)മായി ഉണ്ടാക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടാണ്. സോഷ്യലിസ്റ്റും ജനകീയ നേതാവുമായ ജെ.പി.യുടെ പ്രതിഛായയെ ഉപയോഗിച്ച് വളരുകയെന്നതായിരുന്നു ആര്‍.എസ്.എസ്. ലക്ഷ്യം.ജെ.പിയെ ആര്‍.എസ്.എസ്. ഉപയോഗിക്കുകയും അദ്ദേഹത്തോടുളള ബന്ധത്തിലൂടെ മാന്യതയും കരുത്തും നേടിയെടുക്കുകയും ചെയ്തു.
ഹിന്ദുമൗലികവാദികളുടെ രാഷ്ട്രീയ തന്ത്രങ്ങളെ മനസ്സിലാക്കുന്നതില്‍ ജെ.പി.യും ഗൗരവമായ തരത്തില്‍ പരാജയപ്പെട്ടു. ജെ.പി.എന്നും സോഷ്യലിസ്റ്റും വര്‍ഗീതയുടെ കടുത്ത വിമര്‍ശകനും ആയിരുന്നു. ഒരിക്കലും ഹിന്ദുവര്‍ഗീയവാദത്തെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ആര്‍.എസ്.എസിനെ ഇന്ത്യന്‍ ജനതയുടെ ശത്രുവായിട്ടാണ് ജെ.പി. കണ്ടതും. പക്ഷേ, 1960 കളിലെ ബീഹാര്‍ ക്ഷാമകാലത്ത് സമര്‍പ്പിതരായ ആര്‍.എസ്.എസുകാര്‍ നടത്തിയ ദുരിതാശ്വാസ നടപടികള്‍ കാണാന്‍ ഇടവന്ന ജെ.പിക്ക് അവരില്‍ മതിപ്പ് തോന്നിയിരുന്നു എന്നത് സത്യമാണ്. മാത്രമല്ല അവര്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ മുന്നേറ്റത്തിന് ജനസംഘത്തെയും കൂടി ഉപയോഗിക്കാമെന്ന് ജെ.പി. കരുതി. അങ്ങനെ ചിന്തിക്കാന്‍ കാരണം അന്നുവരെ കടുത്ത വര്‍ഗീയ വാദ നിലപാട് എടുക്കാതെ, മൃദൃഹിന്ദുസമീപനവുമായി തുടരുകയായിരുന്നു ജനസംഘ്.
പക്ഷേ ഭാരതീയ ജനസംഘ് ആര്‍.എസ്.എസിന്റെ രഹസ്യ ദൗത്യമെന്ന് കാണാന്‍ ജെ.പി. മറന്നു.
ഭാരതീയ ജനസംഘം ഉണ്ടാകുന്നത് 1951 ലാണ്. ഹിന്ദുമഹാസഭാ നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയുമായാണ് ആര്‍.എസ്.എസ്. നിര്‍ദേശപ്രകാരം അതിന് മുന്‍കൈയെടുക്കുന്നത്. ആര്‍.എസ്.എസ്. ജനസംഘം രൂപീകരിക്കാനുള്ള കാരണം ഗാന്ധി വധത്തിനുശേഷം നേരിട്ട തിരിച്ചടികളെ മറികടക്കുക എന്നതായിരുന്നു. ആര്‍.എസ്.എസിനെതിരെ ജനം രാജ്യവ്യാപകമായി മുഖം തിരിച്ചു. ഹിന്ദുമഹാസഭയുമായി മുന്നോട്ടുപോകുക അസാധ്യമായി തീര്‍ന്നിരുന്നു. ജനസംഘം രൂപീകരിക്കുമ്പോള്‍ ആര്‍.എസ്.എസ് അതിന്റെ മൂന്ന് പ്രചാരകരെ വിട്ടുനല്‍കി. അടല്‍ബിഹാരി വാജ്‌പേയി, ദീനദയല്‍ ഉപാധ്യ, അഡ്വാനി എന്നിവരെ. മുഖര്‍ജിയുടെ മരണശേഷം ആര്‍.എസ്.എസ്. ജനസംഘത്തില്‍ പിടിമുറുക്കി.
1954 ല്‍ മാര്‍ച്ച് 9 മുതല്‍ 16 വരെ നടന്ന സിന്‍ഡി (വാര്‍ധ, മഹാരാഷ്ട്ര)യില്‍ നടന്ന രാഷ്ട്രീയ പരിശീലന ക്യാമ്പില്‍ 300 പ്രചാരകള്‍ പങ്കെടുത്തു. ലക്ഷ്യം ജനസംഘിനെ ശക്തിപ്പെടുത്തുകയും അതുവഴി രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകുകയുമായിരുന്നു.
അടിയന്തരാവസ്ഥയുടെ അന്തരീക്ഷത്തില്‍ ജനസംഘം ഭാരതീയ ലോക് ദല്‍, കോണ്‍ഗ്രസ് (ഒ), സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയ്‌ക്കൊപ്പം ജനതാപാര്‍ട്ടിയില്‍ ലയിച്ചു.
ജനസംഘിനെ ജനതാപാര്‍ട്ടിയില്‍ ലയിപ്പിക്കുമ്പോള്‍ ജെ.പി. മുന്നോട്ടുവച്ച നിബന്ധനയും നിര്‍ദേശവും പുതിയ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്ക് മറ്റ് രാഷ്ട്രീയ സംഘടനകളില്‍ അംഗത്വം ഉണ്ടാവാന്‍ പാടില്ല. ഉണ്ടെങ്കില്‍ അംഗത്വം ഉപേക്ഷിക്കണം. ആര്‍.എസ്.എസിനെ തന്നെയാണ് ഈ നിബന്ധനയിലൂടെ ജെ.പി. ലക്ഷ്യമിട്ടത്. തന്റെ പാര്‍ട്ടിയെ രാഷ്ട്രീയ ലക്ഷ്യത്തിന് ആര്‍.എസ്.എസ്. ഉപയോഗിക്കരുതെന്ന് ജെ.പിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ നിബന്ധന ലയനത്തിനുമുമ്പ് ജനസംഘം അംഗീകരിച്ചിരുന്നു. അതിനനുസരിച്ച് വാക്കും നല്‍കി. പക്ഷേ ഒരിക്കലും ജനസംഘം ഇത് പാലിക്കാന്‍ കൂട്ടാക്കിയില്ല.
ആര്‍.എസ്.എസ്.1980 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ഉണ്ടാക്കാന്‍ കാരണം ജനതാപാര്‍ട്ടിയിലെ ചില കുത്തിത്തിരിപ്പുകള്‍ കാരണമാണ് എന്നാണ് അഡ്വാനിയും രാജഗോപാലും തങ്ങളുടെ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ അതായിരുന്നില്ല വാസ്തവം. മറ്റ് സംഘടനകളില്‍ അംഗത്വം ഉണ്ടാവരുതെന്ന നിബന്ധന ലംഘിച്ച്അഡ്വാനിയും വാജ്‌പേയിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ രഹസ്യവും പരസ്യവുമായി ആര്‍.എസ്.എസിനുവേണ്ടി നിലകൊണ്ടു. പലരും ജനസംഘിനേക്കാള്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരുന്നത്. ജനതാപാര്‍ട്ടിയില്‍ ജനസംഘ് അംഗങ്ങള്‍ മറ്റൊരു വിഭാഗമായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ പിടിച്ചെടുക്കാനും ശ്രമിക്കുന്നതോടെയാണ് എതിര്‍പ്പ് ശക്തമായി. തങ്ങളുടെ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് ഇവര്‍ പലഘട്ടത്തിലും പുലര്‍ത്തിയത്. ജനസംഘ് വിഭാഗത്തിന്റെ ആത്മാര്‍ത്ഥക്കുറവ് വ്യക്തമായതോടെ എതിര്‍പ്പുകള്‍ രൂക്ഷമായി. മധു ലിംമ, ജോര്‍ജ് ഫെര്‍ണാണ്ടസ്, രാജ്‌നാരായണന്‍ തുടങ്ങിയവര്‍ ജനസംഘം വിഭാഗം ആര്‍.എസ്.എസ്. ബന്ധം വിചേഛദിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു. അതു കൂട്ടാക്കാന്‍ ആര്‍.എസ്.എസും അഡ്വാനിയും വാജ്‌പേയിയും തുടങ്ങിയവരും തയ്യാറായില്ല. ഒടുവില്‍ അവരെ പാര്‍ട്ടിയില്‍ പുറത്താക്കി.
എന്നാല്‍, അഡ്വാനിയുടെ കഥയില്‍ ജനസംഘം ജനതാപാര്‍ട്ടിയില്‍ ലയിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകളെപ്പറ്റി ഒരക്ഷരം സംസാരിക്കുന്നില്ല. പകരം രണ്ടംഗത്വം എന്ന പുതിയ വിഷയം എടുത്തുയര്‍ത്തി ചിലര്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കി എന്ന മട്ടിലാണ് കഥ അവതരിപ്പിക്കുന്നത്. 1980 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി പരാജയപ്പെട്ടു. അവരുടെ അംഗബലം 31 ആയി ചുരുങ്ങി. അതില്‍ ജനസംഘംത്തിന് കിട്ടിയത് 16 സീറ്റുകള്‍. 1977 ല്‍ 298 സീറ്റുകളാണ് കിട്ടിയത്. 1977 ല്‍ ജനംഘം ഫ്രാക്ഷന് 32 സീറ്റുകളുണ്ടായിരുന്നു. അതായത് പരാജയം ദയനീയമെന്ന് സാരം. തെരഞ്ഞെടുപ്പിലെ പരാജയം കൂടിയായപ്പോള്‍ ജനസംഘം വിഭാഗത്തിന് ജനതാ പാര്‍ട്ടിയില്‍ നില്‍ക്കുക അസാധ്യമായി.
ജെ.പി.യുമായുള്ള ബന്ധങ്ങളിലാണ് അഡ്വാനി തന്റെ നുണപറച്ചില്‍ എന്ന ഫാസിസ്റ്റ് കല വീണ്ടും പുറത്തിറക്കുന്നത്.
അഡ്വാനി പറയുന്ന കഥയനുസരിച്ച് ജയപ്രകാശ് നാരായണന്‍ ആര്‍.എസ്.എസിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു എന്നുവേണം കരുതാന്‍!. അത്തരത്തില്‍ വിശ്വസിപ്പിക്കാനാണ് അഡ്വാനി ശ്രമിക്കുന്നത്. അഡ്വാനി പറയുന്നതിങ്ങനെയാണ്: ''ആര്‍. എസ്.എസുമായി ബന്ധം സ്ഥാപിക്കുന്നതിന് സംശയങ്ങള്‍ ദുരീകരിക്കണം. അത് ആത്മാര്‍ത്ഥമായ ചര്‍ച്ചകളിലൂടെയേ സാധ്യമാകൂ...1973 ന് ജെ.പി. എന്നെ അദ്ദേഹത്തിന്റെ വസതിയിലേക്ക് വിളിച്ചു. ''ഗാന്ധി വധത്തില്‍ ആര്‍.എസ്എസിന്റെ പങ്കിനെപ്പറ്റി കുറേ ചോദ്യങ്ങള്‍ ഉന്നയിച്ചു. എനിക്ക് കാര്യം വിശദമായി പഠിക്കണം. എല്ലാ വിവരങ്ങളും നല്‍കണം''- എന്ന് ജെ.പി. പറഞ്ഞു. ഞാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രേഖകള്‍ തെളിവായും നല്‍കി. നാഥുറാം ഗോഡ്‌സെ 1933 ല്‍ ആര്‍.എസ്.എസ്. ബന്ധം ഉപേക്ഷിച്ചിരുന്നു എന്ന് ഞാന്‍ വ്യക്തമാക്കി.
''കുറച്ചു ദിവസത്തിനുശേഷം ജയ്പ്രകാശ് ജി എന്നെ വിളിച്ചു പറഞ്ഞു '' ഞാന്‍ വിഷയം നന്നായി പഠിച്ചു. മഹാത്മാഗാന്ധിയുടെ വധത്തില്‍ ആര്‍.എസ്.എസിന് ഒരു പങ്കുമില്ലെന്ന് എനിക്ക് അവസാനം പൂര്‍ണബോധ്യം വന്നിരിക്കുന്നു' (പേജ് 187).
അഡ്വാനി പറയുന്നത് ഗൗരവമേറിയ നുണയാണ്. ഇത്രയും വായിക്കുന്ന ഒരാള്‍ ജെ.പി. പരസ്യമായി ആര്‍.എസ്.എസിനെ കുറ്റ വിമുക്തമാക്കി എന്നു കരുതും. ജയപ്രകാശ് നാരായണന്‍ പക്ഷേ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. ഇവിടെ അഡ്വാനിയോട് പറഞ്ഞുവെന്നാണ് പറഞ്ഞത്. അല്ലാതെ ജനങ്ങളോട് പ്രഖ്യാപിച്ചുവെന്നല്ല. പറഞ്ഞുവെന്നതിന് എന്താണ് തെളിവ്? ആരാണ് സാക്ഷി?. പിന്നെ എന്തുകൊണ്ട് ജെ.പി. അത് പരസ്യമായി പറഞ്ഞില്ല? അങ്ങനെ പരസ്യമായി പറയാന്‍ എന്തുകൊണ്ട് അഡ്വാനി നിര്‍ബന്ധിച്ചില്ല?
യഥാര്‍ത്ഥത്തില്‍, ജെ.പി. ഒരിക്കലും ആര്‍.എസ്.എസിനെ ഗാന്ധി വധത്തില്‍ നിന്ന് കുറ്റവിമുക്തമാക്കിയിട്ടില്ല. എന്നും ആര്‍.എസ്.എസിനെ കടുത്ത വിമര്‍ശകനായിരുന്നു ജെ.പി. ''ആര്‍.എസ്.എസിന്റെ കരങ്ങളാണ് ഗാന്ധിവധത്തിന് പിന്നില്‍' എന്ന് ജെ.പി. മുന്നേ പറഞ്ഞിട്ടുണ്ട്. 1948 ല്‍ ഡല്‍ഹിയില്‍ ആര്‍.എസ്.എസ്. മുഖപത്രമായ 'ഓര്‍ഗനൈസറി'ന്റെ ഓഫീസിനു മുന്നില്‍ പ്രകടനം ജെ.പി. സംഘടിപ്പിച്ചിരുന്നു.''
''ജനസംഘം ഫാസിസ്റ്റാണെങ്കില്‍ ഞാനും ഫാസിസ്റ്റാണ്'' എന്ന് 1975 ല്‍ ഡല്‍ഹിയിലെ യോഗത്തില്‍ വച്ച് ജെ.പി. പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആര്‍.എസ്. എസ്. ഫാസിസ്റ്റല്ല എന്ന് ജെ.പി. ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. അങ്ങനെ പറയാന്‍ കാരണം ജനസംഘിനെയും ആര്‍.എസ്.എസിനെയും വേര്‍തിരിച്ചു കാണുന്നതില്‍ ജെ.പി. പരാജയപ്പെട്ടു എന്നതുകൊണ്ടാണ്. പക്ഷേ, അഡ്വാനി ചെയ്യുന്നത് ജനസംഘം ഫാസിസ്റ്റല്ല എന്ന ജെ.പി.യുടെ പ്രസ്താവന ആര്‍.എസ്.എസിനുമേലും ബാധകമാക്കാന്‍ ശ്രമിക്കുന്നു. ജയപ്രകാശ് നാരായണനുമായുള്ള ബന്ധത്തെപ്പറ്റി അഡ്വാനി വാദിക്കുന്നത് നിഷേധിക്കാന്‍ ജെ.പി. ഇന്നില്ല. അതിനാല്‍ അഡ്വാനി പറയുന്നതാവും നാളെ ചരിത്രം. നുണകളുടെ ഉറുമ്പിന്‍ കൂടാണിത്.


ബാബറി മസ്ജിദിനു മുന്നിലെ ഖേദം

1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതോടെ സംഘപരിവാറും ആര്‍.എസ്.എസും ഇന്ത്യന്‍ ജനതയ്ക്കും ലോകത്തിനുമുന്നിലും ഏറ്റവും അപഹാസ്യരായി. രാമക്ഷേത്രം പണിയാന്‍ ബാബറി മസ്ജിദ് തകര്‍ക്കണമെന്ന് ആഹ്വാനം നല്‍കി, മതഭ്രാന്തരെ ഉണര്‍ത്തിയ ബി.ജെ.പി.യും മറ്റ് ഹിന്ദുമൗലികവാദികളും പള്ളി തകര്‍ത്തതോടെ നിലപാട് മാറ്റി. അവര്‍ ദു:ഖമഭിനയിച്ചു. ഡിസംബര്‍ ആറ് 'ജീവിതത്തിലെ ഏറ്റവും വേദനിക്കുന്ന ദിനമാണെന്ന' പ്രഖ്യാപനം അഡ്വാനി നടത്തി. യഥാര്‍ത്ഥത്തില്‍ അഡ്വാനിയുള്‍പ്പടെയുള്ള നേതാക്കള്‍ ഭയപ്പെട്ടത് കോടതിയെയും ജനങ്ങളുടെ രോഷത്തെയുമാണ്.
ബാബറി മസ്ജിദ് തകര്‍ത്ത് ഒരു സംഭവമേ അല്ല എന്നാക്കി തീര്‍ക്കാനാണ് ബി.ജെ.പി. നേതാക്കള്‍ എന്നും ശ്രമിച്ചത്. ഒ. രാജഗോപാല്‍ തന്റെ പുസ്തകത്തില്‍ അത് ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ''അയോധ്യയിലെ തര്‍ക്ക മന്ദിരം പൊളിച്ച ദിവസം ഞാനൊരു പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗമായി കൊല്‍ക്കത്തയില്‍ പോയി മടങ്ങുകയായിരുന്നു. എന്റെ കൂടെ അതേ കമ്പാര്‍ട്ട് മെന്റിലുണ്ടായിരുന്നത് ഒരു മുസ്ലീം എം.പിയാണ്. വൈകുന്നേരത്തോടെയാണ് വിവരം ഞങ്ങള്‍ക്ക് ലഭിക്കുന്നത്. എന്റെ കൂടെയുണ്ടായിരുന്ന മുസ്ലിം സുഹൃത്ത് പക്ഷേ അതൊരു വലിയ വാര്‍ത്തയായല്ല സ്വീകരിച്ചത്. എന്നുവച്ചാല്‍ തര്‍ക്കമന്ദിരം പൊളിഞ്ഞത് മാധ്യമങ്ങള്‍ പറയുന്ന മട്ടില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നില്ല എന്നു സാരം'' (ജീവിതാമൃതം, ഒ. രാജഗോപാല്‍, പേജ് 156, ഡി.സി.ബുക്‌സ്).
രാജഗോപാല്‍ മറ്റൊന്നു കൂടി പറയുന്നു: ''ആരും തിരിഞ്ഞുനോക്കാത്ത ഒരു പഴയപള്ളി പൊളിച്ചതിന് നമ്മള്‍ എന്തിന് ബഹളമുണ്ടാക്കുന്നു എന്നായിരുന്നു ലീഗിന്റെ ഒരു പ്രമുഖ നേതാവ് സ്വകാര്യ സംഭാഷണ മദ്ധ്യേ എന്നോട് പറഞ്ഞത്. എന്നാല്‍ ഇതിനെ അന്താരാഷ്ട്ര വിഷയമായി വളര്‍ത്തിയെടുത്തത് ചിലരുടെ രാഷ്ട്രീയ ലക്ഷ്യമായിരുന്നു'' (ജീവിതാമൃതം, ഒ. രാജഗോപാല്‍, പേജ് 156, ഡി.സി.ബുക്‌സ്)
ഇതൊരു ഫാസിസ്റ്റ് സാമാന്യ വല്‍ക്കരണമാണ്. ചില സൂചനകള്‍ ശ്രദ്ധിക്കുക: 'അതൊരു വലിയ വാര്‍ത്തയായിരുന്നില്ല', 'മാധ്യമങ്ങള്‍ പറയുന്ന വിധത്തില്‍ ഞെട്ടിക്കുന്ന വര്‍ത്തയായിരുന്നില്ല', 'എന്തിന് ബഹളം ഉണ്ടാക്കുന്നു', 'ചിലരുടെ രാഷ്ട്രീയ ലക്ഷ്യം'. ഇത്തരം സൂചനകളിലൂടെ ആരും തിരിഞ്ഞുനോക്കാനാവാത്ത പള്ളി ആരോ പൊളിച്ചപ്പോള്‍, മാധ്യമങ്ങള്‍ വേറെന്തോ താല്‍പര്യത്തോടെ പ്രശ്‌നമുണ്ടാക്കി, അതുകേട്ട് ചിലര്‍ വികാരഭരിതരായി ആവേശം കൊണ്ടു എന്ന് ഗ്രന്ഥകര്‍ത്താവ് വാദിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍.
1. അധികാരം പിടിച്ചെടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി നടന്ന ക്രിമിനല്‍ പ്രവര്‍ത്തനമാണ് ബാബറി മസ്ജിദ് തകര്‍ക്കല്‍. കൃത്യമായ അജണ്ടയോടെ, ലക്ഷ്യത്തോടെ നടന്നതാണ് പള്ളിതകര്‍ക്കല്‍. അതിന്റെ ബുദ്ധി ആര്‍.എസ്.എസിന്റേതാണ്. 2. ബാബറി പള്ളി നിന്നിടത്ത് ക്ഷേത്രം പണിയുമെന്നാവശ്യപ്പെട്ട് പള്ളി പൊളിക്കുന്നതിന് കുറഞ്ഞത് അഞ്ചുവര്‍ഷം മുമ്പേ സംഘ്പരിവാര്‍ അഴിച്ചുവിട്ടത് വര്‍ഗീയ വിദ്വേഷം ചീറ്റുന്ന പ്രചരണങ്ങളും അതിക്രമങ്ങളുമാണ്.അതിനെതിരെ പ്രതിഷേധം രാജ്യവ്യാപകമായി ഉയര്‍ന്നിരുന്നു. ആരും തിരിഞ്ഞുനോക്കാത്തതായിരുന്നെങ്കില്‍ എന്തിനായിരുന്നു പള്ളിപൊളിക്കുന്നതിനു മുമ്പ് നടത്തിയ കോലാഹലം മുഴുവന്‍? 3. പള്ളി പൊളിക്കാന്‍ നടത്തിയ ആദ്യ രണ്ടു വട്ട ശ്രമങ്ങളും രാജ്യത്ത് വര്‍ഗീയ ലഹളകള്‍ അഴിച്ചുവിട്ടിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതോടെ മാധ്യമങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കിയ പുതിയ സംഭവവികാസമല്ല പ്രതിഷേധം. സ്വാഭാവികമായി ഉണ്ടായതാണ് അത് 4. രാമക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് സോമനാഥില്‍ നിന്ന് എല്‍.കെ. അദ്വാനി പള്ളിപൊളിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് നടത്തിയ രഥയാത്ര മൂലം 100-500 നുമിടയില്‍ മരണങ്ങള്‍ക്ക് ഉണ്ടായി. 5. അക്രമങ്ങളുടെയും മറ്റും കഥ വിട്ടുകളയുക. ബാബറി മസ്ജിദ് മുസ്ലീംങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്നത് ആവശ്യപ്പെട്ടത് മുസ്ലീങ്ങള്‍ മാത്രമല്ല. കഴിഞ്ഞ ആറുപതിറ്റാണ്ടായി ഏതൊരു മതേതര, ജനാധിപത്യവാദിയും ആവശ്യപ്പെട്ടിരുന്നത് ഇക്കാര്യം തന്നെയാണ് 6. പള്ളി പൊളിച്ചശേഷം ഏറ്റവും വലിയ ജനകീയ പ്രതിരോധം ഉയര്‍ത്തിയത് മുസ്ലിങ്ങളല്ല. ഇന്ത്യയിലെ എല്ലാ മതങ്ങളിലും ഉള്‍പ്പെടുന്ന മതേതര, ജനാധിപത്യ ബോധമുള്ളവരാണ്. മുസ്ലീംചെറുത്തുനില്‍പ്പ് ഉണ്ടാവുന്നത് ആ ഘട്ടത്തിലല്ല, അതിനും വളരെ, വളരെ ശേഷമാണ്. 7.ഡിസംബര്‍ ആറിന് ശേഷം ബാബറി മസ്ജിദ് പുനര്‍നിര്‍മിച്ച് മുസ്ലീങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത് മുസ്ലീങ്ങള്‍ക്കൊപ്പം ഇവിടുത്തെ ജനാധിപത്യ വിശ്വാസികളും രാഷ്ട്രീയ ബോധമുളളളവരുമാണ്. 9. രാജഗോപാല്‍ പറയുന്നതുപോലെ ഒരു പ്രതികരണവും ഉണര്‍ത്താത്ത സംഭവമായിരുന്നു ബാബറി മസ്ജിദ് എങ്കില്‍ മസ്ജിദ് പൊളിച്ച വാര്‍ത്തയറിഞ്ഞയുടന്‍ രാജ്യം എന്തുകൊണ്ട് സ്വയം ഹര്‍ത്താലിലേക്കും ദു:ഖാചരണത്തിലേക്കും നീങ്ങി?. 10. ബാബറി മസ്ജിദ് പൊളിച്ചശേഷം നടന്ന ബോംബെ സ്‌ഫോടനം ഉള്‍പ്പടെ രാജ്യത്തുണ്ടായ വര്‍ഗീയ കലാപങ്ങളെല്ലാം ആസൂത്രിതമായിരുന്നു. മുസ്ലീം മേഖലകളില്‍ ഈ കുഴപ്പങ്ങള്‍ സൃഷ്ടിച്ചത് ബോധപൂര്‍വം സംഘപരിവാറും ആര്‍.എസ്.എസും കൂടി ചേര്‍ന്നായിരുന്നു.
രാജഗോപാല്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത പള്ളിയെന്ന വാദത്തിലൂടെ ശ്രമിക്കുന്നത് മറ്റൊരു ഫാസിസ്റ്റ് നുണപ്രയോഗമാണ്. അതിക്രമങ്ങളെ ലഘൂകരിക്കാനുള്ള കുതന്ത്രം. ഇനി ഏതോ ഒരു മുസ്ലീം ലീഗ് നേതാവ് രാജഗോപാലിനോട് എപ്പോഴോ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞാല്‍ തന്നെ ചെറുതാകുന്നതാണോ ബാബറി മസ്ജിദ് തകര്‍ക്കലും അതിന്റെ മതേതര നിഷേധവും?
രാജഗോപാലിന്റെ നുണകളെ വിട്ട് നമുക്ക് അഡ്വാനിയിലേക്ക് പോകാം.
''രാമ ക്ഷേത്രം പുനര്‍നിര്‍മിക്കാനുള്ള മുന്നേറ്റത്തില്‍ എന്റെ പാര്‍ട്ടിയുടെ സജീവമായ പങ്കാളിത്തം പെട്ടന്ന് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ മുന്നേങ്ങളിലൊന്നായി''
1990 സെപ്റ്റംബര്‍-ഒക്‌ടോബറില്‍ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് നടത്തിയ രാമരഥയാത്രയ്ക്ക് കിട്ടിയ പൊതുജന പ്രതികരണം അത്യുജ്്വലമായിരുന്നു (ആമുഖം പേജ് 21). അഡ്വാനി പറയുന്ന ഏറ്റവും വലിയ ജനകീയ മൂന്നേറ്റം ബാബറി മസ്ജിദ് പൊളിച്ചതാണ്. പക്ഷേ ആരുടെ മുന്നേറ്റം? മൊത്തം ജനങ്ങളുടേയോ? അല്ലെങ്കില്‍ ഏത് വിഭാഗം ജനങ്ങളുടെ?
ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് സംഘ്പരിവാറും ഹിന്ദുവര്‍ഗീയവാദികളും ചെയ്തത് ഭൂരിപക്ഷ മത വിഭാഗത്തില്‍ പെടുന്നവരെ ന്യൂനപക്ഷമതത്തില്‍പെട്ടവര്‍ക്കെതിരായി തിരിച്ചുവിട്ടു എന്നതാണ്. മൊത്തം സമൂഹത്തിന്റെ/മര്‍ദിതരുടെ ദാരിദ്ര്യനിര്‍മാജനം പോലുള്ള ഏതെങ്കിലും അടിസ്ഥാന വിഷയങ്ങളിലല്ല 'ഈ മുന്നേറ്റം' നടന്നത്. തീര്‍ത്തും സങ്കുചിതമായി മതത്തെ രാഷ്ട്രീയധികാരത്തിനായി ഉപയോഗിക്കുകയും ജനങ്ങളില്‍ വിഭാഗീയതയും സൃഷ്ടിക്കുകയും ചെയ്തു. ഒരു ന്യൂനപക്ഷവിഭാഗത്തെ ശത്രുചേരിയില്‍ നിര്‍ത്തി. ഫലത്തില്‍ ഇന്ത്യന്‍ ജനതയെ ഹിന്ദുവെന്നും അഹിന്ദുവെന്നും വേര്‍തിരിച്ചു. അതില്‍ ഹിന്ദുക്കളല്ലാത്തവരെ ദേശവിരുദ്ധരായും അന്യനാട്ടില്‍ കടന്നുവന്ന അതിക്രമികളായി ചിത്രീകരിച്ചു. ഇത്തരത്തില്‍ നടന്ന ക്രിമിനല്‍ അശ്ലീലതയെ ജനകീയ മുന്നേറ്റം എന്നു വിളിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരിഹസിക്കപ്പെടുന്നത് ചരിത്രവും നമ്മുടെ മൂല്യബോധവുമാണ്.
'' രാമജന്മഭൂമി ഉള്‍പ്പെടുന്ന ആ ചെറിയ പട്ടണത്തില്‍ പതിനാറോളം മുസ്ലിം പള്ളികളുണ്ട്. അവയ്‌ക്കൊന്നും കേടുവരുത്താന്‍ ഒരു ഹിന്ദുവും തുനിഞ്ഞിട്ടല്ല. ഈ തര്‍ക്ക മന്ദിരം സ്ഥിതിചെയ്യുന്ന സ്ഥലത്താണെങ്കില്‍ കഴിഞ്ഞ 80 വര്‍ഷങ്ങളായി ഒരു മുസല്‍മാനും നിസ്‌കാരത്തിനു വന്നിരുന്നില്ല. മറിച്ച് ഹിന്ദുക്കളാണെങ്കില്‍ അവിടെ നിരന്തരം പോയി ആരാധന നടത്തുന്നുണ്ടായിരുന്നു. ഫൈസാബാദില്‍ ഒരു മുസ്ലീമും രാമജന്മഭൂമി മുസ്ലിങ്ങളുടേതാണെന്ന് അഭിപ്രായപ്പെടുന്നില്ല...'' (ജീവിതാമൃതം, ഒ. രാജഗോപാല്‍, പേജ് 156, ഡി.സി.ബുക്‌സ്)
രാജഗോപാല്‍ നമ്മളോട് മറ്റൊരു വലിയ അസത്യപ്രസ്താവന നടത്തുന്നു. നമുക്കാദ്യം ആദ്യം ബാബറി മസ്ജിദിനുമേലുള്ള സംഘ്പരിവാര്‍ ഗൂഢാലേചാന പരിശോധിക്കാം:
1949 ഡിസംബര്‍ 22 ന് അര്‍ദ്ധരാത്രി, കാവല്‍ക്കാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ബാബറി മസ്ജിദിനുള്ളില്‍ ചില ഹിന്ദുമത ഭ്രാന്തന്‍മാര്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നത്. ആരോ സ്വപ്നത്തില്‍ പള്ളിക്കകത്ത് രാമന്‍ നില്‍ക്കുന്ന് കണ്ടു എന്നവാദവുമായാണ് വിഗ്രഹം പള്ളിക്കുള്ളില്‍ പ്രതിഷ്ഠിക്കുന്നത്. വളര്‍ന്നു വന്ന ഹിന്ദു-മുസ്ലീം ഐക്യം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ ബ്രിട്ടീഷുകാരാണ് അയോധ്യയിലെ രാമക്ഷേത്രം പൊളിച്ച് മുഗള്‍ ഭരണാധികാരിയായ ബാബര്‍ മുസ്ലീം പള്ളി പണിതത് എന്ന പ്രചരണം നടത്തുന്നത്. അത് ആര്‍.എസ്.എസ്. ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തതിന്റെ ഫലമാണ് പള്ളിയില്‍ അതിക്രമിച്ചുകടന്ന് വിഗ്രഹം കൊണ്ടുവച്ചതിന് പിന്നില്‍. 1949 ന് മുമ്പ്, ഹിന്ദുമൗലിക വാദികള്‍ വര്‍ഗീയ സംഘര്‍ഷം ബോധപൂര്‍വം സൃഷ്ടിച്ചതിനാല്‍ ഒരു ഒത്തുതീര്‍പ്പ് ആവശ്യമായി വന്നു. പള്ളിയങ്കണത്തിലെ വിഗ്രഹത്തിനു മുന്നില്‍ ഹിന്ദുക്കളും പള്ളിക്കകത്ത് മുസ്ലിങ്ങളും പ്രാര്‍ത്ഥന നടത്താനായിരുന്നു തീരുമാനം. ആ ഒത്തുതീര്‍പ്പ് അവസാനിച്ചത് 1949 ല്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നതോടെയാണ്.
അഡ്വാനിയും മറ്റൊരു രീതിയില്‍ അതുതന്നെ പറയുന്നുണ്ട്. ''1949 ഡിസംബര്‍ 22-23 രാത്രി ചിലര്‍ രാമന്‍, ലകഷമണന്‍, സിത എന്നിവയുടെ വിഗ്രഹങ്ങള്‍ തര്‍ക്ക മന്ദിരത്തില്‍ വച്ചു. 1934 മുതല്‍ അടച്ചിട്ടിരുന്നതാണ്. ഫൈസബാദ് ജില്ലാ മജിസ്‌ട്രേറ്റ് ശ്രീകോവിലില്‍ വിഗ്രഹങ്ങളില്‍ പൂജ അനുവദിച്ചു.'' (പേജ് 359) (അഡ്വാനി അവിടെയും നുണപറയുന്നു. അതിലേക്ക് പിന്നീട് വരാം)
മതാ പ്രസാദ് എന്ന കോണ്‍സ്റ്റബിള്‍ പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച വിവരം 1949 ഡിസംബര്‍ 23 രാവിലെ അയോധ്യപോലിസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തു. രാവിലെ പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ച വാര്‍ത്ത പരന്നതിനാല്‍ (അഥവാ പരത്തിയതിനാല്‍) നിരവധി ഹിന്ദുക്കള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിക്കുമുമ്പില്‍ തടിച്ചുകൂടി. അവര്‍ താഴ് തല്ലിതകര്‍ത്തു. പോലീസുകാര്‍ സ്ഥലം വിട്ടു. പിന്നീട് സായുധ ഓഫീസര്‍മാരും എല്ലാവരും ചേര്‍ന്ന് ഹിന്ദുവിശ്വാസികളെ ഒരുവിധം പുറത്താക്കി. 'തങ്ങള്‍ ശക്തമായി താഴുകൊണ്ട് പൂട്ടിയെന്നും പോലീസ് സംവിധാനം ശക്തിപ്പെടുത്തിയെന്നും' വൈകിട്ട് അഞ്ചിന് ഫൈസബാദ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കെ. നായര്‍ പറഞ്ഞു.
വാര്‍ത്ത അറിഞ്ഞ ഉടനെ പ്രധാനമന്ത്രി ജവഹര്‍ലാല്‍നെഹ്‌റുവും യു.പി. മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ പന്തും വിഗ്രഹം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഭജ്‌വന്‍ സാഹിക്കും ഐജി വി.എന്‍. ലാഹ്‌രിക്കും മുഖ്യമന്ത്രി അത്തരത്തില്‍ ഉത്തരവ് നല്‍കി. പക്ഷേ കെ. കെ. നായര്‍ അത് തടഞ്ഞു.
1950 ജനുവരി 16 ന് ഗോപാല്‍ സിംഗ് വിശാരദ് എന്നയാള്‍ ഫൈസബാദില്‍ സിവില്‍ കോടതിയില്‍ ബാബറി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് നിയന്ത്രണമില്ലാതെ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിനല്‍കി. രാമജന്മഭൂമി ട്രസ്റ്റ് ചെയര്‍മാനും മുതിര്‍ന്ന സന്യാസിയുമായ മഹന്ത് രാമചന്ദ്ര പരമഹംസും ഇതേ പോലൊരു ഹര്‍ജി നല്‍കി.
1984 ല്‍ വി.എച്ച്.പി. താഴ്‌നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭംനടത്തി. 1985 ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പൂട്ട് നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. 1986 ഫെബ്രുവരി ഒന്നിന് ഫൈസാദ് സെഷന്‍സ് ജഡ്ജി ഹിന്ദുക്കള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു. അതുവരെ, 1949 മുതല്‍ ഹിന്ദുക്കളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. അതോടെ പള്ളിയില്‍ ഹിന്ദുക്കള്‍ക്കായി പൂര്‍ണ നിയന്ത്രണം. 1980 കളുടെ അവസാനം ബി.ജെ.പി. ബാബറി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിയുക എന്ന മുദ്രാവാക്യമുയര്‍ത്തി വലിയ പ്രചരണം അഴിച്ചുവിട്ടു.
ഒരു മുസ്ലീമും അവിടെ പ്രാര്‍ത്ഥിച്ചിരുന്നില്ല എന്ന രാജഗോപാലിന്റെ പ്രസ്താവനയിലേക്ക് മടങ്ങാം. ആനന്ദ് പട്‌വര്‍ധന്‍ സംവിധാനം ചെയ്ത് 'രാംകെ നാം' എന്ന ഡോക്യൂമെന്ററിയിലെ ചില ദൃശ്യങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അതില്‍ പഴയപള്ളിയിലെ വൃദ്ധനായ ഇമാമും അദ്ദേഹത്തിന്റെ മകനും പഴയ സംഭവത്തെപ്പറ്റി ഓര്‍ക്കുന്നതിങ്ങനെയാണ്: ''1949 ലെ ആ രാത്രിയില്‍ എന്റെ ബാപ്പ ഹാജി അബ്ദുള്‍ ഗഫാര്‍ വൈകുന്നേരത്തെ നിസ്‌കാരവും കഴിഞ്ഞാണ് മടങ്ങിയെത്തിയത്. പിറ്റേന്ന് വെള്ളിയാഴ്ച കാലത്ത് അദ്ദേഹം വീണ്ടും പ്രാര്‍ത്ഥനയ്ക്ക് പോവേണ്ടതായിരുന്നു. രാത്രി പള്ളിയില്‍ തന്നെ താമസിക്കുന്ന മുസല്യാര്‍ വന്നു പറഞ്ഞു: ചില ഹിന്ദുക്കള്‍ പള്ളിയില്‍ വിഗ്രഹങ്ങള്‍ കൊണ്ട് സ്ഥാപിച്ചുവെന്ന്. ബാപ്പ അതു നോക്കാന്‍ അവിടെ ചെന്നപ്പോള്‍ ജില്ലാ മജിസ്ട്രറ്റ് പറഞ്ഞു '' ഈ വെള്ളിയാഴ്ച മറ്റെവിടെയെങ്കിലും പ്രാര്‍ത്ഥന സംഘടിപ്പിക്കൂ. ഏതാനും വെള്ളിയാഴ്ചകള്‍ക്കകം നിങ്ങള്‍ക്ക് പള്ളിയില്‍ തന്നെ നിസ്‌കാരം നടത്താം എന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു ആ വരുന്ന വെള്ളിയാഴ്ചയ്ക്കു വേണ്ടി അദ്ദേഹം ഇപ്പോഴും കാത്തിരിക്കുന്നു...തീര്‍ച്ചയായും പള്ളിയില്‍ പ്രാര്‍ത്ഥന നടക്കാറുണ്ടായിരുന്നു. മുസ്‌ല്യാരെ കൂടാതെ ഒരു മുക്രിയും പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നു''-ഇതാണ് സത്യം. ബാബറി മസ്ജിദ് സംഭവത്തില്‍ മുസ്ലീം വിഭാഗത്തെ വഞ്ചിച്ചുകൊണ്ടാണ് പള്ളിയില്‍ നിന്ന് പുറത്താക്കിയത്. മുസ്ലീങ്ങളാകട്ടെ തങ്ങളുടെ ആരാധനാലയത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വേദനാജനകമായ വാര്‍ത്ത അറിഞ്ഞപ്പോഴും ഒരക്രമണത്തിനും തുനിഞ്ഞില്ല. അവര്‍ കോടതിവിധിയില്‍ വിശ്വാസമര്‍പ്പിച്ചു. തികച്ചും സമാധാനപരമായമാര്‍ഗത്തിലൂടെയായിരുന്നു പ്രതിഷേധം. പള്ളിക്കു പുറത്ത് അവര്‍ നിസ്‌കാരം നടത്തി. മുസ്ലീങ്ങള്‍ നിശബ്ദരായിരുന്നു എന്നല്ല അര്‍ത്ഥം. അവര്‍ രാജ്യവ്യാപകമായി തങ്ങള്‍ നേരിട്ട അനീതിയെപ്പറ്റി വ്യക്തമാക്കുകയും പ്രചാരണം നടത്തി.
1986 -ല്‍ സര്‍ക്കാര്‍ ഹിന്ദു മതമൗലിക വാദികളെ പ്രീണിപ്പിക്കുന്നതിനായാണ് ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തുത്. അതേ സമയം മുസ്ലിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി മുസ്ലിങ്ങള്‍ ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.



കെ.കെ.നായര്‍ എന്ന വര്‍ഗീയവാദി


ബാബറി മസ്ജിദ് സംഭവത്തിലെ ഏറ്റവും നിഷേധാത്മക വേഷം കൈകാര്യം ചെയ്തത് കെ. കെ. നായരാണ്. ഫൈസബാദ് ജില്ലാ മേധാവിയായിരുന്നു കെ.കെ.നായര്‍. അഡ്വാനിയുടെ പുസ്തകത്തില്‍ കെ.കെ.നായരെപ്പറ്റി അല്‍പമേ പരാമര്‍ശമുള്ളൂ. രക്തപ്പുഴ ഒഴുകുമെന്ന് കണ്ട് നിഷ്പക്ഷനായ കെ. കെ. നായര്‍ സ്വീകരിച്ച നല്ല നടപടിയാണ് 1949 ല്‍ വിഗ്രഹം എടുത്തു മാറ്റാഞ്ഞത് എന്നു തോന്നും. അഡ്വാനിയില്‍ നിന്ന് വ്യത്യസ്തമായി രാജഗോപാല്‍ കുറച്ചകൂടി വ്യക്തമായി കെ.കെ. നായരെപ്പറ്റി പറഞ്ഞുവയ്ക്കുന്നുണ്ട്.: ''അവിടെ പ്രധാനഹാളില്‍ (രാജഗോപാലിന്റെ ഭാഷയില്‍ തര്‍ക്കമന്ദിരത്തില്‍) ഒരു ഫോട്ടോ കണ്ടു. അന്വേഷിച്ചപ്പോള്‍ അത് കെ.കെ. നായര്‍ ഐ.സി.എസിന്റേതാണ് എന്നറിഞ്ഞു. അദ്ദേഹം ഫൈസാബാദില്‍ ജില്ലാ കളക്ടറായിരുന്നു. കുട്ടനാട്ടുകാരനായ ഒരു മലയാളിയാണദ്ദേഹം. 1949 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു അവിടുത്തെ ബിംബങ്ങള്‍ നീക്കം ചെയ്യാന്‍ ശ്രീ നായരോട് ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി നായര്‍ നല്‍കിയ റിപ്പോര്‍ട്ട് ആ ബിംബങ്ങള്‍ നീക്കാനാവില്ല എന്നായിരുന്നു. അഥവാ അങ്ങനെ ചെയ്താല്‍ അയോധ്യയിലാകമാനം രക്തപ്പുഴ ഒഴുകും എന്നായരുന്നു അദ്ദേഹം രേഖപ്പെടുത്തിയത്. പക്ഷേ, ആ റിപ്പോര്‍ട്ട് നിരാകരിച്ച് നെഹ്‌റു ബിംബങ്ങള്‍ നീക്കാന്‍ ഉത്തരവ് കൊടുത്തു. ആ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് കാണിച്ച് കെ.കെ. നായര്‍ ഉദ്യോഗം രാജിവച്ചു. പക്ഷേ, എന്നിട്ടും രാമബിംബം നീക്കം ചെയ്യാന്‍ സര്‍വ്വശക്തനായ പ്രധാമന്ത്രിക്കായില്ല. പീന്നീട് കെ.കെ. നായര്‍ ഫൈസാബാദില്‍ നിന്ന് ജനസംഘം ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ച് ജയിച്ച് എം.പിയായി. ഫൈസാബാദിലെ ജനങ്ങള്‍ക്ക് പ്രിയപ്പെട്ട നായര്‍ സാബായി'' (പേജ് 155)
ഇതാണ് ഗീബില്‍സ് ചരിത്രയുക്തി!. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ നിര്‍ദേശം നല്‍കിയ ആര്‍.എസ്.എസുകാരനാണ് കെ.കെ. നായര്‍. അഡ്വാനിയും രാജഗോപാലും പറയുമ്പോള്‍ അദ്ദേഹം രക്തപ്പുഴ ഒഴുക്കുന്നത് ഇല്ലാതാക്കിയ ജനകീയനും! കടുത്ത ഹിന്ദുമൗലിക വാദിയായിരുന്നു കെ.കെ. നായര്‍. 1949 ല്‍ പള്ളിയില്‍ ഹിന്ദുദൈവ വിഗ്രഹങ്ങള്‍ കൊണ്ടുവയ്ക്കുന്നത് കെ.കെ. നായരുടെ അറിവോടെയും നിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ്.
അയോധ്യയില്‍ പള്ളിക്കകത്ത് രാമവിഗ്രഹങ്ങള്‍ കൊണ്ടു വച്ച പുരോഹിതരില്‍ ഒരാളായ മഹന്ദ് രാം സേവക് ദാസ് മഹാരാജ് ശാസ്ത്രിയുടെ വ്യക്തമായ ദൃശ്യം, 'രാം കെ നാം' എന്ന ഡോക്യുമെന്ററിയിലുണ്ട്. അഖില ഭാരതീയ രാം സമ്പ്രദായത്തിന്റെ തലവനും ഒരു സ്വകാര്യ പുരോഹിതനും, മുഖ്യട്രസ്റ്റിയുമായിരുന്നു മഹന്ദ് രാം സേവക് ദാസ് മഹാരാജ് ശാസ്ത്രി.
1949 ഡിസംബര്‍ 23 ന് താനാണ് പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ കൊണ്ടുവച്ചത് എന്ന് മഹാരാജ് ശാസ്ത്രി സമ്മതിക്കുന്നു.
ഡോക്യുമെന്ററിയിലെ സംഭാഷണം ഇങ്ങനെയാണ്:
ശബ്ദം: 1949 ഡിസംബര്‍ 23 ന് ബാബറി പള്ളിക്കകത്ത് രാമന്‍ പ്രത്യക്ഷപ്പെട്ട ദിവസം, അന്നാണോ ഉത്സവം ആരംഭിച്ചത്? നിങ്ങളിലൂടെ?
മഹാരാജ് ശാസ്ത്രി: അതെ
ശബ്ദം: നിങ്ങളെ പിന്താങ്ങാന്‍ ഒരു സംഘാടകന്‍ ഉണ്ടായിരുന്നോ?
മഹാരാജ് ശാസ്ത്രി: മുഖ്യ ആള്‍ നായരായിരുന്നു.
ശബ്ദം: ഇവിടെ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ.കെ.നായര്‍?
മഹാരാജ് ശാസ്ത്രി: അതെ ഡി.എം.

ഡെപ്യൂട്ടി കമ്മിഷണര്‍ നായര്‍ തന്നെയാണ് വിഗ്രഹപ്രതിഷ്ഠയ്ക്കു പിന്നിലെന്ന് അയോധ്യയിലെ മുതിര്‍ന്ന ഏതൊരാള്‍ക്കും അറിയാം. കെ.കെ.നായര്‍ ഒരേ സമയം മുസ്ലീങ്ങള്‍ക്കും ഹിന്ദുമൗലികവാദികള്‍ക്കുമിടയില്‍ നിഷ്പക്ഷമതിയുടെ വേഷം അഭിനയിച്ചു. മുസ്ലീങ്ങള്‍ ആരാധനയ്ക്കായി വന്നപ്പോള്‍ ഈ വെള്ളിയാഴ്ച മറ്റെവിടെയെങ്കിലും പ്രാര്‍ത്ഥന സംഘടിപ്പിക്കൂ അടുത്താഴ്ച അനുവദിച്ചുതരാം എന്നു പറഞ്ഞ് അവരുടെ രോഷമടക്കി. വിഗ്രഹം നീക്കം ചെയ്യാനുള്ള സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകളെ തന്ത്രപൂര്‍വം നടപ്പാക്കാതെ നോക്കി. ആര്‍.എസ്.എസുകാരനായ നായര്‍ പിന്നീട് എം.പി.യായി. ജനസംഘത്തിലൂടെ. ബാബറി മസ്ജിദിനുമേല്‍ നടത്തിയ ഗൂഢാലോചന മനസ്സിലാക്കാന്‍ നായരുടെ പിന്‍കാല ജീവിതം തന്നെ സാക്ഷ്യം. അയാള്‍ പ്രിയപ്പെട്ട 'നായര്‍ സാബ്' ആവുന്നത് ആര്‍.എസ്.എസിനും രാജഗോപാലിനപ്പോലുള്ളവര്‍ക്കും മാത്രമാണ്.


അഡ്വാനിയുടെ രഥയാത്ര

ബാബറി മസ്ജിദ് തകര്‍ക്കല്‍ സംഭവപരമ്പരയിലെ ഏറ്റവും നിഷേധാത്മകമായ സംഭവം അഡ്വാനി നയിച്ച രഥയാത്രയാണ്. 1990 സെപ്റ്റംബര്‍ 12 ന് അശോകറോഡ്-11 ലെ പാര്‍ട്ടി ഓഫീസില്‍ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് രഥയാത്ര നടത്താന്‍ തീരുമാനിച്ച കാര്യം അഡ്വാനി അറിയിക്കുന്നത്.സെപ്റ്റംബര്‍ 25 ന് സോമനാഥില്‍ നിന്ന് തുടങ്ങി 10,000 കിലോമീറ്റര്‍ സഞ്ചരിച്ച് ഒക്‌ടോബറില്‍ 30 ന് അയോധ്യയില്‍ എത്തി കര്‍സേവയില്‍ പങ്കെടുക്കാനായിരുന്നു തീരുമാനം. പിന്നീട് തീരുമാനത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായി. ഡിസംബര്‍ 3 ന് അഡ്വാനി തന്റെ രഥയാത്ര തുടങ്ങി. അതേദിവസം മധുരിയില്‍ നിന്ന് മുരളി മനോഹര്‍ ജോഷിയും യാത്ര തുടങ്ങി.
ഒരു എയര്‍ കണ്ടീഷന്‍ ടൊയാട്ട രഥമാതൃകയില്‍ അലങ്കരിച്ചായിരുന്നു പ്രയാണം.
'എന്റെ യാത്രയ്ക്കിടയില്‍ ഒരു വര്‍ഗീയ ലഹളയും ഉണ്ടായില്ല എന്ന്' എന്ന അഡ്വാനി പറയുന്നു (പേജ് 379). 'പക്ഷേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായി. പക്ഷേ എന്റെ വഴിയില്‍ ഉണ്ടായില്ല'' (അതേ പേജ്)
താന്‍ കടന്നുപോയ വഴിയില്‍ കുഴപ്പങ്ങളില്ല എന്നു പറയുന്നിടത്തുതന്നെ വലിയ നുണ ഒളിഞ്ഞിരിപ്പുണ്ട്. രഥയാത്ര കടന്നുപോകുന്നിടത്തെല്ലാം പോലീസ് കടുത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. പട്ടാളത്തെ പലയിടത്തും നിയോഗിച്ചു. രഥയാത്ര കടന്നുപോയ ശേഷം പലയിടത്തും സംഘര്‍ഷവും അക്രമവുമുണ്ടായി. രഥയാത്ര നടക്കുമ്പോള്‍ തന്നെ രാജ്യത്തിന്റെ പല ഭാഗത്തും വലിയ കുഴപ്പങ്ങളും അക്രമങ്ങളുമുണ്ടായി. രാജസ്ഥാനില്‍ കൊള്ളയും കൊള്ളിവയ്പ്പും നടന്നു. ജയ്പൂര്‍ നഗരത്തില്‍ സൈന്യം രംഗത്തിറങ്ങി. അവിടെ ഒരു പൊലീസുകാരനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഗുജറാത്തില്‍ വി.എച്ച്.പി. -ബി.ജെ.പി ബന്ദില്‍ 8 പേര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനില്‍ ജയ്പൂര്‍, ജോധ്പൂര്‍, അല്‍വാര്‍,നഗൂര്‍ എന്നിവിടങ്ങളില്‍ വ്യാപകമായ അക്രമങ്ങളുണ്ടായി. രാജസ്ഥാനില്‍ 49 പേര്‍ ആദ്യ രണ്ടു ദിവസങ്ങളില്‍ മാത്രം മരിച്ചു. രാജ്യത്ത് മൊത്തംമൊത്തം മരിച്ചവരുടെ എണ്ണം 150-500 നുമിടയിലാണ്.
രഥയാത്ര മുഴവന്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന മുദ്രാവാക്യങ്ങളുമായാണ് കടന്നുപോയത്. ''അയോധ്യ ക്ഷേത്രം വെറും ആദ്യ ചുവടു മാത്രം.
അടുത്തത് കാശിയും മഥുരയുമാണ്.'' ഇതാണ് രഥത്തില്‍ നിന്നുപോലും ഉയര്‍ന്ന് മുദ്രാവാക്യം. യാത്ര നിര്‍ത്തണമെന്ന് ജനാധിപത്യവിശ്വാസികളും മതേതരവാദികളും ആവര്‍ത്തിച്ചു അഭ്യര്‍ത്ഥിച്ചു. അഡ്വാനി രഥയാത്രക്കിടയില്‍ പറയുഞ്ഞതിങ്ങനെയാണ്: ''ഞാനിത് എല്ലാവരെയും അറിയിക്കുന്നു. അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം പണിയുന്നതില്‍ നിന്ന് ഒരു ശക്തിക്കും ഞങ്ങളെ തടയാനാവില്ല. (കയ്യടി). അത് പണിയുക തന്നെ ചെയ്യും. അതേ സ്ഥലത്തു തന്നെ. ഞാനിന്ന് രാവിലെ ബോംബെയില്‍ എത്തിയപ്പോള്‍ പത്രങ്ങളില്‍ എന്നോടൊരു അഭ്യര്‍ത്ഥന. തലക്കെട്ടിങ്ങനെ: ''വര്‍ഗീയ ലഹളയെക്കറിച്ച് അദ്വാനിക്ക് മുന്നറിയിപ്പ്''. ഇത്തരത്തിലുള്ള പ്രസ്താവനകള്‍, അതായത് വര്‍ഗീയ സംഘട്ടനം ഉണ്ടാവും എന്ന തരത്തില്‍ വരുന്നത് വളരെ നിര്‍ഭാഗ്യകരമാണ്. കുഴപ്പം ഇളക്കിവിടാന്‍ വളരെ കുറച്ചുപേര്‍ മാത്രം മതി എന്ന് എനിക്കറിയാം. പക്ഷെ ഞങ്ങളുടെ യാത്ര ഒരു കുഴപ്പവുമുണ്ടാക്കില്ല. അതാണെന്റെ ഉറച്ച വിശ്വാസം. ഈ യാത്ര നടത്താന്‍ നിശ്ചയിച്ചത് പൂര്‍ണ ഉത്തരവാദിത്വത്തോടും നിശ്ചയ ദാര്‍ഢ്യത്തോടെയുമാണ്. കപട മതേതരത്വം ഞങ്ങള്‍ അംഗീകരിക്കുന്നില്ല''.
പക്ഷേ വര്‍ഗീയ ലഹളയും അതിക്രമവും പടര്‍ന്നു. ഈ രക്തത്തില്‍ ചവിട്ടി നിന്ന് സംഘ്പരിവാര്‍ അധികാരത്തിലേക്കുള്ള വഴികണ്ടെത്തി.


ഒഴിവാക്കാമായിരുന്ന ഡിസംബര്‍ ആറ്!!
-------------------------------
ബാബറി മസ്ജിദ് തകര്‍ത്തവര്‍ പിന്നീട് അതിന് കുറ്റപ്പെടുത്തുന്നത് കോടതിയെയാണ്. 'എങ്ങനെ ഡിസംബര്‍ ആറ് ഒഴിവാക്കമായിരുന്നു '(പേജ് 395)? എന്ന തലക്കെട്ടില്‍ അഡ്വാനിയും കോടതിയെയാണ് കുറ്റപ്പെടുത്തുന്നു. അലഹബാദ് കോടതിയുടെ ഒരു ഉത്തരവ് നേരത്തെ വന്നിരുന്നുവെങ്കില്‍ പള്ളി തകര്‍ക്കപ്പെടുകയില്ല എന്നാണ് അഡ്വാനിയുടെ വാദം.
1991 ഒക്‌ടോബറില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി. സര്‍ക്കാര്‍ ബാബറി മസ്ജിദ് ചുറ്റുവട്ടത്തായി 2.77 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. പല പഴയ കെട്ടിടങ്ങളും തകര്‍ത്തുകൊണ്ടാണിത്. അതില്‍ പല പുരാതന മന്ദിരങ്ങളുമുണ്ടായിരുന്നു. ഇത് അലഹബാദ് ഹൈക്കോടതിയില്‍ ചില മുസ്‌ലീവ്യക്തികള്‍ ചോദ്യം ചെയ്തു. പക്ഷേ ഈ കേസില്‍ വിധിപ്രസ്താവം വളരെ വൈകി. ''വിധി എന്തായിരുന്നങ്കെിലും അമ്പല നിര്‍മാണം തുടങ്ങാമായിരുന്നു. 2.7 ഏക്കറിലോ അല്ലെങ്കില്‍ ക്ഷേത്ര ട്രസ്റ്റിന്റെ കൈവശമുള്ള 2.04 ഏക്കറിലോ ഇത് ചെയ്യാമായിരുന്നു''-അഡ്വാനി പറയുന്നു. ഡിസംബര്‍ 1991 ന് വിധി വരേണ്ടതായിരുന്നു.
1992 മെയ് വരെ അലഹബാദ് ഹൈക്കോടതി കേസ് വാദത്തിന് എടുത്തല്ല. ഓഗസ്റ്റില്‍ സുപ്രീം കോടതി പറഞ്ഞശേഷമാണ് സ്‌പെഷ്യല്‍ ബഞ്ച് രൂപീകരിച്ചത്
ധര്‍മ സന്‍സദ് 1992 ഒക്‌ടോബര്‍ ര്‍ 30 ന് തങ്ങള്‍ ഡിസംബര്‍ ആറിന് കര്‍സേവക് തുടങ്ങുമെന്നറിയിച്ചു. നവംബര്‍ നാലിന് വിധി രേണ്ടതായിരുന്നു. എന്നാല്‍ അതു സംഭവിക്കാഞ്ഞതിനാല്‍ സുപ്രീകോടതി നവംബര്‍ 25 ന് എത്രയും പെട്ടന്ന് തീരുമാനമെടുക്കാന്‍ അലഹബാദ് കോടതിയോട് ആവശ്യശപ്പട്ടു- അഡ്വാനി അന്നത്തെ സംഭവങ്ങളെപറ്റി പറയുന്നു.
നവംബര്‍ 28 ന് സുപ്രീംകോടതി കര്‍സേവകയ്ക്ക് അനുമതി നല്‍കി. കര്‍സേവ പ്രതീകാത്മകമായിരിക്കും എന്ന് യു.പി.സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് അനുമതി. ധര്‍മ സന്‍സദ് കര്‍സേവ ദിനത്തില്‍ ക്ഷേത്രംപണി ഉടന്‍ തുടങ്ങാനുമിരുന്നു. അലഹബാദ് ഹൈക്കോടതി ഉത്തരവ് വന്നത് ബാബറി മസ്ജിദ് തകര്‍ത്തതിനും അഞ്ചുദിനങ്ങള്‍ക്കും ശേഷമായയിരുന്നുവന്നത്. കോടതി ഉത്തരവ് വന്നിരുന്നെങ്കില്‍ പള്ളി തകരില്ലായിരുന്നു എന്ന മട്ടിലാണ് അഡ്വാനി കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. വീണ്ടും ഒരു വാദത്തിന് അഡ്വാനി പറയുന്നതാണ് എന്ന് സമ്മതിക്കാം.പക്ഷേ എന്തായിരുന്നു കോടതി ഉത്തരവ് എന്നു മാത്രം അഡ്വാനിയുടെ പുസ്തകത്തിലില്ല. രാജഗോപാലും പറയുന്നില്ല. അവര്‍ക്കനുകൂലമായ വിധിയെന്ന് വായനക്കാര്‍ കരുതിക്കോളണം എന്നാണ് നാട്യം. കോടതി വിധിയെപ്പറ്റി ആവേശത്തോടെ പറയുന്നവര്‍ എന്തായിരുന്നു വിധി എന്നു കൂടി പറയേണ്ടതല്ലേ? കാരണം അലഹബാദ് കോടതിയുടെ വിധി അവര്‍ക്ക് തീര്‍ത്തും എതിരായിരുന്നു. ഡിസംബര്‍ 11 ന് വന്ന വിധി ഭൂമി ഏറ്റെടുത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി റദ്ദാക്കുന്നതായിരുന്നു. അതായത് ബി.ജെ.പി താല്‍പര്യത്തിന് തീര്‍ത്തും എതിരായിരുന്നു ഉത്തരവ്. ഭൂമി ഏറ്റെടുത്ത നടപടി നിയമവിരുദ്ധമാണെന്ന് മറ്റാരേക്കാളും അഡ്വാനിക്കും സംഘ്പരിവാറിനും അറിയാമായിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുകൂടിയാണവര്‍ പള്ളി തകര്‍ത്തത്.
അഡ്വാനിയുടെ ആത്മകഥ വായിക്കുന്ന ഒരാള്‍ ഇന്ത്യന്‍ ഭരണഘടനയെയും ജുഡീഷ്യറിയെയും അംഗീകരിച്ചിരുന്നവരാണ് അവര്‍ എന്നു തോന്നും. പക്ഷേ അതും തെറ്റായ ധാരണ സൃഷ്ടിക്കലാണ്. കാരണം. ഒരിക്കലും കോടതിയെ അഡ്വാനിയോ ആര്‍.എസ്.എസോ മാനിച്ചിട്ടില്ല
എല്‍.കെ. അദ്വാനിയുടെ ഒരു പ്രസംഗം 'രാംകെ നാമില്‍' ചിത്രീകരിച്ചിട്ടുണ്ട്. അതിങ്ങനെയാണ്: ''ആളുകള്‍ പറയുന്നു. എന്തുകൊണ്ട് നിങ്ങള്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ല? രാമന്‍ ജനിച്ചോ ഇല്ലയോ എന്ന് കോടതികള്‍ക്ക് നിശ്ചയിക്കാന്‍ കഴിയുമോ? എനിക്കാകെ പറയാനുള്ളത് മാര്‍ഗ തടസമുണ്ടാക്കരുത് എന്നാണ്. കാരണം, ഈ രഥം ജനങ്ങളുടെ രഥമാണ്. സോമനാഥ തീര്‍ത്ഥത്തില്‍ നിന്ന്് നിശ്ചയദാര്‍ഢ്യത്തോടെ ഒക്‌ടോബര്‍ 30 ന് ലക്ഷ്യത്തിലെത്താന്‍ പുറപ്പെട്ടതാണിത്. അവിടെ പള്ളിയുടെ സ്ഥാനത്ത് തന്നെ രാമക്ഷേത്രം പണിയാനുള്ള കര്‍സേവ തുടങ്ങാന്‍. മന്ദിരം അവിടെ തന്നെ പണിയും. ഇത് ആര്‍ക്കു തടയാന്‍ കഴിയും? ഏതു സര്‍ക്കാരിനു കഴിയും?''. കോടതി വിധി എന്തുതന്നെയായാലും ക്ഷേത്രം പണിയുമെന്ന് നൂറായിരം വട്ടം അഡ്വാനി പരസ്യമായി പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിന്റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വലിയ വില കല്‍പിച്ചിട്ടേയില്ല. അതെല്ലാം മറച്ചുവച്ചാണ് കോടതിയെപ്പറ്റി അഡ്വാനി ഇപ്പോള്‍ സംസാരിക്കുന്നത്.



പള്ളിപൊളിച്ച ദിനത്തില്‍ സംഭവിച്ചത്

ബാബറി മസ്ജിദ് തകര്‍ത്ത ദിനത്തില്‍ അഡ്വാനിയും സംഘ്പരിവാറും ഇരട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു. സംവിധായകന്റെയും അഭിനേതാക്കളുടെയൂം റോളുകള്‍. പള്ളി പൊളിക്കുന്നതിന് കൂട്ടു നിന്നവര്‍ പള്ളി തകര്‍ത്തതിനു ശേഷം നിലപാട് മാറ്റി. 'ദു:ഖിതരായി' മാറി.
1992 ഡിസംബര്‍ 5ന്, അതായത് പള്ളിപൊളിക്കുന്നതിന് തലേന്ന് ലക്‌നൗവിലെ അമീനബാദ് ജന്‍ദിവാലന്‍ പാര്‍ക്കില്‍ വാജ്‌പേയി പറഞ്ഞതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂടൂബില്‍ ലഭ്യമാണ്. വാജ്‌പേയി സംസാരിക്കുന്നത് ഇത്തരത്തിലാണ്: '' സുപ്രീംകോടതിയുടെ വിധി കര്‍സേവ നിര്‍ത്താന്‍ പറയുന്നില്ല. യഥാര്‍ത്ഥത്തില്‍ കര്‍സേവ തുടാരനുള്ള അവകാശമാണ് കോടതി തന്നിരിക്കുന്നത്. (രോക്‌നെകി സവാല്‍ ഹി നഹീ ഹെ). അയോധ്യയില്‍ കര്‍സേവകരുടെ ആവേശാഹ്‌ളാദം കൊണ്ടും എണ്ണം കൊണ്ടും ആര്‍ക്കും നടക്കാന്‍ പോലുമാവുന്നില്ല. അയോധ്യ സന്ദര്‍ശിക്കരുതെന്നാണ് എനിക്കുള്ള നിര്‍ദേശം. ഞാനത് പാലിക്കും. പോകാനോ കേസില്‍ പെടാനോ എനിക്ക് താല്‍പര്യമില്ല. ഡിസംബര്‍ 11 ന് വിധി പ്രസ്താവിക്കാനിരിക്കുയാണ്. ഞാന്‍ കോടതിയെ വിമര്‍ശിക്കാന്‍ പാടില്ല. നാളെ കര്‍സേവ നടത്തുമ്പോള്‍ നമ്മള്‍ കോടതി ഉത്തരവ് ലംഘിക്കില്ല. ലക്‌നൗ ബഞ്ച് തീരുമാനം പ്രഖ്യാപിക്കുന്നതുവരെ മന്ദിര്‍ നിര്‍മാണ്‍ നടത്താന്‍ പാടില്ലെന്ന് സുപീംകോടതി വിധിച്ചിട്ടുണ്ട്.'' ഇവിടെ വച്ച് പ്രസംഗത്തിന്റ രീതി മാറുന്നു. ബാബറി മസ്ജിദ് എന്ന് പറയാതെ വാജ്‌പേയി നാളെ എന്തുചെയ്യണമെന്ന് അണികള്‍ക്ക് നിര്‍ദേശം നല്‍കുന്നു.''സുപ്രീേേകാടതി ഭജന്‍ കീര്‍ത്തന്‍ നടത്താന്‍ അനുവദിച്ചിട്ടുണ്ട്. ഒരാള്‍ക്ക് തനിച്ച് ഭജന്‍ നടത്താനാവില്ല. കീര്‍ത്തന് പലര്‍ ഒന്നിച്ചുചേരണം. നിന്നുകൊണ്ട് കീര്‍ത്തന്‍ നടത്താവില്ല. എത്ര നേരം നമ്മള്‍ക്ക് നിക്കാനാവും? നിലത്തുനിന്ന്കൂര്‍ത്ത കല്ലുകള്‍ എഴുന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ആര്‍ക്കും ഇരിക്കാനാവില്ല. തറ നിരപ്പാക്കണം( സമീന്‍ കൊ സമത കര്‍നാ പടേഗ).'' പള്ളിപൊളിക്കാനുള്ള നിര്‍ദേശമാണ് കര്‍സേവകരെ സംബോധന ചെയ്യുമ്പോള്‍ ഊന്നല്‍ നല്‍കി വാജ്‌പേയി നല്‍കിയത്.
പള്ളിപൊളിക്കുന്നതിന് തലേന്ന് അഡ്വാനി അയോധ്യയില്‍ എത്തി. ''ഞാന്‍ അയോധ്യയില്‍ ഡിസംബര്‍ അഞ്ചിന് വന്നു. ലക്‌നൗവിലെ പ്രസംഗം കഴിഞ്ഞ്. അര്‍ാദ്ധരാത്രിയോട് അടുപ്പിച്ചാണ് എത്തിയത്. അയോധ്യയില്‍ എത്തുമ്പോള്‍ പതിവായി തങ്ങാറുള്ള ജാനകി മഹലില്‍ തങ്ങി. അടുത്ത ദിവസം രാവിലെ ഞാന്‍ ആദ്യം പ്രതീകാത്മക കര്‍സേവ നടക്കുന്നിടത്തേക്ക് ചെന്നു.''
അങ്ങനെയല്ല ഉണ്ടായത്. 1992 ഡിസംബര്‍ 6 ന് പള്ളി തകര്‍ത്തദിവസം രാവിലെ എല്‍.കെ. അദ്വദി വിനയ് കത്യാറിന്റെ വസ്തിയില്‍ മറ്റുള്ളവര്‍ക്കൊപ്പം ഉണ്ടായിരുന്നു. അദ്വാനി, മുരളി മനോഹര്‍ ജേഷി, കത്യാര്‍ എന്നിവര്‍ തമ്മില്‍ സംഭാഷണം (ഗൂഢാലോചന എന്നു വിളിക്കാം) നടത്തി. പിന്നീടാണ് പൂജ നടക്കുന്ന സ്ഥലത്ത് അവര്‍ എത്തുന്നത്. എത്തിയശേഷം ഇരുപത് മിനിറ്റ് അവര്‍ മൊത്തം സ്ഥിതിഗതികളും തയ്യാറെടുപ്പകളും നീരീക്ഷിച്ചു. പള്ളിയില്‍ നിന്ന് 200 മീറ്റര്‍ മാറി രാംകഥാ കുജ്ഞിലാണ് അദ്വാനിയും ജോഷിയും നിന്നിരുന്നത്. പള്ളിക്കഭിമുഖമായിട്ടാണ് അത്. രംകഥാ കുഞ്ജില്‍ അഡ്വാനിയുടെയും ഉമാഭാരതിയുമെല്ലാം തീര്‍ത്തും നിലമറന്നു. അവരും കര്‍സേവകരുടെ ആവേശത്തിനൊപ്പം ചലിച്ചു. സംഘ്പരിവാര്‍ നേതാക്കളെല്ലാം തന്നെ കടുത്ത രീതിയില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുകയും പള്ളി തകര്‍ക്കാന്‍ ആഹ്വനം ചെയ്യുകയും ചെയ്തു.
ഉമാഭാരതി പള്ളി പൊളിക്കുന്ന ദിവസം സാധ്വി ഋതംഭരയ്ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ പറഞ്ഞു: '' എക് ധാക്ക ഔര്‍ ദോ. ബാബറി മസ്ജിദ് തോഡോ'' (എനിക്ക് കൂടുതല്‍ ശക്തി തകരു, ബാബറി പള്ളി തകര്‍ക്കൂ ''. ഉമാഭാരതി പിന്നീടും പറഞ്ഞു: ''രാമക്ഷേത്രം അവിട(അയോധ്യ) ഉയരണമെന്ന് ഞാന്‍ നിശ്ചയമായും ആഗ്രഹിച്ചു, ഞാന്‍ ആ കെട്ടിടം (ബാബറി പളളി) താഴെ വീഴണമെന്നും ആഗ്രഹിച്ചു. പക്ഷേ സംഭവിച്ചതുപോലല്ല. ഞാന്‍ ക്ഷമചോദിക്കാന്‍ പോകുന്നില്ല. അതിന് തൂക്കിലേറാന്‍ ഞാന്‍ തയ്യാര്‍''.
മുരളി മനോഹര്‍ ജോഷി വേദിയില്‍ നിന്ന് പറഞ്ഞു: '' മസ്ജിദ് തകര്‍ക്കു, കര്‍സേവയുടെ സ്വഭാവം സന്തുക്കളാണ് നിശ്ചയിക്കുക. അല്ലാതെ കോടതിയല്ല. അമ്പലം പണിയുന്നതിന് കര്‍ക്കശ നടപടികള്‍ ആവശ്യമാണ്''. ബജ്‌റംഗദള്‍ അധ്യക്ഷനായ വിനായ കത്യാര്‍ '' മസ്ജിദ് തകര്‍ക്കുകയും അവശിഷ്ടങ്ങള്‍ സരയൂവിലെറിയാനും'' ആഹ്വാനം നല്‍കി.
ഉച്ചയ്ക്ക് കര്‍സേവകര്‍ താഴികക്കുടം തകര്‍ത്തു. അദ്വാനിയും വിജയ്‌രാജ് സിന്ധ്യയും ജോഷിയും പള്ളിതകര്‍ക്കരുതെന്ന് 'നേര്‍ത്ത അഭ്യര്‍ത്ഥന' മാത്രമേ നടത്തിയുളളൂ. കര്‍സേവകരോട് പള്ളിയില്‍ അടക്കരുതെന്നോ, പള്ളി തകര്‍ക്കരുതെന്നോ പറഞ്ഞില്ല. ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇത് എടുത്തു പറയുന്നുണ്ട്.
രാം കഥാകുഞ്ഞില്‍ നിന്നിരുന്ന അഡ്വാനി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കുവേണമെങ്കില്‍ തകര്‍ക്കുന്നത് തടയാം. അതവര്‍ ചെയ്തില്ല.
അഡ്വാനി പറയുന്നു: ''ഡയസിലുണ്ടായിരുന്ന നേതാക്കള്‍ -ഉച്ചഭാഷണികളിലൂടെ പെട്ടന്ന് തന്നെ താഴികക്കുടങ്ങള്‍ക്കു മുകളിലുള്ളവരോട് താഴേക്ക് ഇറങ്ങാന്‍ അഭ്യര്‍ത്ഥിച്ചു.. പക്ഷേ പ്രയോജനമുണ്ടായില്ല. കൂുടതല്‍ കുൂടതല്‍ പേര്‍ കയറാന്‍ തുടങ്ങി... ഞാന്‍ ദുഖിതനായി. അങ്ങനെയായിരുന്നു എനിക്കൊപ്പമുണ്ടായിരുന്ന മറ്റുള്ളവരും. ഞാന്‍ സന്യാസിയായ ഉമാഭാരതിയോട് സ്ഥലത്ത് നേരിട്ട് ചെന്ന് ആളുകളോട് താഴെ ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. നാല്‍പത്തഞ്ചു മിനിറ്റിനുശേഷം കുറച്ചുപേര്‍ തന്റെ വാക്കുകള്‍ കേട്ടെന്നും പലരും കേള്‍ക്കുന്നില്ലെന്നും പറഞ്ഞു ഉമാഭാരതി മടങ്ങിയെത്തി. മറാഠിയിലാണ് പള്ളിക്കുമുകളിലുള്ളവരില്‍ കുറേ പേര്‍ സംസാരിക്കച്ചത് എന്നതിനാല്‍ പ്രമോദ് മഹാജനെ അങ്ങോട്ടേക്ക് വിട്ടു...വേദിയിലിരുന്നതില്‍ വിന്ന് വ്യത്യസ്തമായി ജനക്കൂട്ടത്തിന്റേത് വ്യത്യസ്തമായിരുന്നു. മൂന്നാമത്തെ താഴികക്കുട വീഴുമ്പോള്‍അഹളാദത്തിന്റെ മാനികാവസ്ഥ ഡയസിലുള്ളവരിലേക്കും പടര്‍ന്നുതുടങ്ങി. ആരോ വന്ന് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യാന്‍. ഞാന്‍ പറഞ്ഞു, വേണ്ട, ഇന്നെനിക്ക് മധുരം വേണ്ട''. അഡ്വാനി തുടര്‍ന്ന് ''എന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിവസം'' എന്ന പ്രസ്താവന നടത്തി.
പക്ഷേ, അഡ്വാനി പറയുന്നതു അസത്യമാണ്. വേദിയിലുള്ളവര്‍ മുഴുവന്‍ ആഹ്‌ളാദത്തിലായിരുന്നു. പള്ളി തകര്‍ക്കുമ്പോള്‍ ഉമാഭാരതി മുരളിമനോഹര്‍ ജോഷിയെ കെട്ടിപ്പിടിച്ചു. അഡ്വാനി,അശോക് സിംഗാള്‍, മുന്‍ ആര്‍.എസ്. എസ് മേധാവി കെ. സുദര്‍ശന്‍ എന്നിവരെല്ലാം ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രത്തില്‍ നിറഞ്ഞാടുകയായിരുന്നു.
അഡ്വാനിയുടെ കഥ പറച്ചിലിലെ ചില വീഴ്ചകള്‍ ശ്രദ്ധിക്കുക. കര്‍സേവകര്‍ പള്ളിക്കുമേല്‍ കയറിയപ്പോള്‍ ഞാന്‍ ഉമാഭാരതിയെ വിട്ടു. നാല്‍പത്തഞ്ച് മിനിറ്റിനുശേഷം നിസഹയായി അവര്‍ തിരിച്ചുവന്നു. അതായത് ഈ നാല്‍പത്തഞ്ച് മിനിറ്റ് അഡ്വാനി എന്തുചെയ്തു? സുരക്ഷാ ഉദ്യോഗസ്ഥ തടഞ്ഞിരുന്നെങ്കിലും അഡ്വാനിക്കുവേണമെങ്കില്‍ നേരിട്ട് ചെന്ന് താഴിക്കുടം തകര്‍ക്കരുതെന്ന് നിര്‍ദേശം നല്‍കാമായിരുന്നു. ഒരു നിര്‍ണായക സമയത്ത് ജീവന്‍ ബലികഴിച്ചും അതാണ് ഒരു നേതാവ് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ചെയ്യേണ്ടിയിരുന്നത്. അതെന്തുകൊണ്ട് ചെയ്തില്ല? അഡ്വാനി പറഞ്ഞാല്‍ കേള്‍ക്കാത്തവരായിരുന്നു അണികള്‍/കര്‍സേവകര്‍ എന്നു സമ്മതിച്ചാല്‍ അതിനര്‍ത്ഥം താന്‍ ഒരു മോശം നേതാവാണ് എന്ന് അഡ്വാനി തന്നെ തുറന്നു സമ്മതിക്കലാണ്. ഡിസംബര്‍ ആറിന്റെ സംഭവങ്ങളെ ഇങ്ങനെ സമാഹരിക്കാം:
1. അഡ്വാനിക്കും മറ്റ് ബി.ജെ.പി. നേതാക്കള്‍ക്കുമാണ് പള്ളിപൊളിച്ചതിനുള്ള ഉത്തരവാദിത്വം. അത് തന്നെയാണ് ലിബര്‍ഹാന്‍ കമ്മീഷനും പറഞ്ഞത്. 2009 ജൂണ്‍ 30 ന് ലിബര്‍ഹാന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാജ്‌പേയി, അദ്വനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ കുറ്റക്കാരാണന്നെ് തന്നെയാണ് പറയുന്നത്. 2. പള്ളി പൊളിക്കുന്നത് തടയാന്‍ അവര്‍ ഒന്നും ചെയ്തില്ല. 3. ഉമാഭാരതിയും മറ്റും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുമ്പോള്‍ അഡ്വാനിയും അതില്‍ ചേരുകയാണ് ഉണ്ടായത്. അത് തെറ്റാണെന്ന് ഒരു ഘട്ടത്തിലും പറഞ്ഞതുമില്ല.
ഇനി നേതാക്കളെ നിര്‍ദേശങ്ങളെ ലംഘിച്ച് അണികള്‍ ചെയ്തതാണ് എന്നു കരുതുക. അപ്പോഴും അഡ്വാനിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് നിക്കാനാവില്ല.
കാരണം: ഒന്ന്. അഡ്വാനിയും സംഘ്പരിവാറുമാണ് പള്ളി പൊളിച്ച് രാമക്ഷേത്രം പണിയുക എന്ന ആവശ്യം ഉന്നയിച്ച് പ്രക്ഷോഭങ്ങള്‍ നടത്തിയത്. ഒരു നിശ്ചിത ഘട്ടത്തില്‍ അണികളെ ആവേശം കൊള്ളിച്ച് എത്തിച്ചശേഷം പിന്‍വലിയാന്‍ പറഞ്ഞാല്‍ അണികള്‍ അത് കൂട്ടാക്കില്ല എന്ന് ഏതൊരു നേതൃത്വത്തിനുമറിയാം. ആള്‍ക്കൂട്ടത്തിന്റെ മനശാസ്ത്രം യുക്തിയല്ല. വികാരമാണ്. അതറിഞ്ഞുവേണം നേതൃത്വം പെരുമാറാന്‍. മൂന്ന്. ആദ്യവട്ട കര്‍സേവ നടന്നപ്പോള്‍ പള്ളിപൊളിക്കാന്‍ ശ്രമം നടന്നിരുന്നു. വളരെയേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ വീണ്ടുമൊരു കര്‍സേവ പ്രഖ്യാപിക്കുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടത്തെപ്പറ്റി അഡ്വാനിയെപ്പോലുള്ളവര്‍ക്ക് ധാരണയുണ്ടാവണമായിരുന്നു. മാത്രമല്ല ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങള്‍ കൃത്യമായി തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല്. കര്‍സേവയ്ക്ക് വന്നവര്‍ ആയുധങ്ങള്‍ സംഭരിച്ചിവെന്നത് വ്യക്തമാണ്. കൈയില്‍ ആയുധങ്ങളുമായാണ് അവര്‍ പലരും അയോധ്യയില്‍ തമ്പടിച്ചത്. ഡിസംബര്‍ ആറിന് പകല്‍ കര്‍സേവകര്‍ പിക്കാസും മറ്റ് ആയുധങ്ങളും പരസ്യമായി ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഈ ആയുധങ്ങള്‍ കേവലം അലങ്കാരത്തിനല്ല കൊണ്ടുവന്നത് എന്ന് അഡ്വാനിക്കുമറിയാം. ഏതുവിധത്തില്‍ നോക്കിയാലും അഡ്വാനിയും സംഘ്പരിവാര്‍ നേതാക്കളും കേസില്‍ കുറ്റക്കാരാണ്.
പിന്നീട് അഡ്വാനി തന്നെ മറ്റൊരു ന്യായം ഉന്നയിച്ചു: ''ജനമുന്നേറ്റങ്ങള്‍ ചിലപ്പോള്‍ ആന്തരികമായ ചലനശേക്തി നേടും. അവരുടെ നേതാക്കള്‍ക്ക് അത് കൈകാര്യം ചെയ്യാനോ പൂര്‍ണമായി നിയന്ത്രിക്കാനോ കഴിയാതെ വരും'' (പേജ് 408). വളരെ ശരിയാണ്. ഈ സത്യം എല്ലാവര്‍ക്കുമറിയാം. സമൂഹത്തിലെ ഏതൊരു ചെറുകിട നേതാവിന് അറിയാം. ഈ വലിയ സത്യം തിരിച്ചറിയാന്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടണമെന്നില്ല! താന്‍ കുറ്റക്കാരനാണ് എന്ന് അറിയാതെ സമ്മതിക്കുകയാണ് അഡ്വാനി.
രാമക്ഷേത്ര നിര്‍മാണം എന്ന 'ജനകീയ മുന്നേറ്റത്തെ' പ്പറ്റി കുറേയേറെ പേജ് നീക്കി വയ്ക്കുമ്പോള്‍ അതിനിടയില്‍ സംഭവിച്ച ചില കാര്യങ്ങളെപ്പറ്റി കൂടി അഡ്വാനി പറയേണ്ടിയിരുന്നു. കുറഞ്ഞപക്ഷം പൂജാരി ലല്‍ദാസിനെപ്പറ്റിയെങ്കിലും. പക്ഷേ അഡ്വാനിയോ രാജഗോപാലിന്റെയോ പുസ്തകത്തില്‍ പൂജാരി ലല്‍ദാസ് എന്നൊരാളെപ്പറ്റി നമ്മള്‍ കേള്‍ക്കില്ല. ബാബറി മസ്ജിദില്‍ കോടതി നിയോഗിച്ച ഹിന്ദുപുരോഹിതനായിരുന്നു ലല്‍ദാസ്. ബാബറി മസ്ജിദിനുമേല്‍ ഹിന്ദുവര്‍ഗീയവാദികള്‍ ഉന്നയിച്ച അവകാശത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. 'ഇത് ഭ്രാന്താണ്' എന്നാണ് അദ്ദേഹം ഉപയോഗിച്ച ഏറ്റവും മിതമായ വാക്ക്. 1993 നവംബര്‍ 17 ന് പൂജാരി ലല്‍ദാസ് വെടിയേറ്റു മരിച്ചു. ആരാണ് ലല്‍ദാസിനെ കൊന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്തുകൊണ്ട് പൂജാരി ലല്‍ദാസ് ചരിത്രത്തില്‍ നിന്ന് മാഞ്ഞുപോയി? എന്തുകൊണ്ട് പൂജാരി ലല്‍ദാസിനെ വധിക്കാന്‍ ആജ്ഞ കൊടുത്തവര്‍ ഇപ്പോഴും നമുക്ക് മുന്നില്‍ നിന്ന് ദു:ഖവേഷങ്ങള്‍ അഭിനയിക്കുന്നു? ഇതാണ്, ഇങ്ങനെയൊക്കെയാണ് ചരിത്രം എന്ന് പറഞ്ഞൊഴിയരുത്. ചരിത്രം നമ്മള്‍ മറക്കരുത്. ചില മുറിവുകള്‍ മറക്കാന്‍ അനുവദിക്കാതെ മനസ്സില്‍ സൂക്ഷിക്കണം. അത് നല്‍കുന്ന ജാഗ്രതയോടെ വേണം കാലം മുന്നോട്ട് പോവാന്‍.




സൂചികകള്‍

1. കുഡ് ഗാന്ധി ബി സേവ്ഡ്: ആര്‍.എസ്.എസ്. റോള്‍ ഇന്‍ ഗാന്ധി അസസിനേഷന്‍: ബാല്‍ പാട്ടീല്‍, നോണ്‍ വൈയലന്‍സ് നെറ്റ് വര്‍ക്ക്
2. ആര്‍.എസ്.എസ്. ആന്‍ഡ് ഗാന്ധീസ് അസാസിനേഷന്‍: ഐ.കെ.ശുക്ല
3. ആര്‍.എസ്.എസ്: ബി.ജെ.പി- ഫാദര്‍, സണ്‍ ആന്‍ഡ് അന്‍ഹോളി മിഷന്‍: രാംപുനിയാനി, കൗണ്ടര്‍കറന്റ്‌സ്.ഓര്‍ഗ്
4. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍-ഡൊമിനിക് ലാപിയര്‍, ലാറി കൊളിന്‍സ്
5. രാം കെ നാം, ആനന്ദ് പട്‌വര്‍ധന്‍, ഫേബിയന്‍ ബുക്‌സ്
6. 'മൈ കണ്‍ട്രി, മൈ ലൈഫ്', എല്‍.കെ. അഡ്വാനി, രൂപ കമ്പനി
7. ജീവിതാമൃതം, ഒ.രാജഗോപാല്‍, ഡി.സി.ബുക്‌സ്

4 comments:

  1. RSS നിലപാടുകളളെ പൊളിച്ചു കാണിക്കുന്ന വളരെ നല്ല ലേഖനം. ബിജു രാജിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  2. വർഗീയതയുടെ മൂർത്തീഭാവമായ ഭരണാധികാരികളുടെ ഉളുപ്പില്ലായ്മക്കെതിരെ ശബ്ദിക്കാൻ കാണിച്ചചങ്കൂറ്റത്തിന് അഭിനന്ദനങ്ങൾ .

    ReplyDelete
  3. വക്രതയില്ലാത്ത ചരിത്ര സത്യങ്ങൾ ഉയർത്തെണീൽക്കട്ടെ

    ReplyDelete