Saturday, July 17, 2010

അരമനയും അധികാരവും

ഒരു തീയേറ്റര്‍ ആക്റ്റിവിസ്റ്റിന്റെ
ജീവിതംഅഭിമുഖം

പി.എം.ആന്റണി/ബിജുരാജ്ഇരുപത്തിയൊന്നു വര്‍ഷം അല്‍പം നീണ്ട കാലയളവാണ്. ഏറെക്കുറെ ഒരു തലമുറയുടെ പ്രായം. പുലര്‍കോഴി കൂവുന്നതിനു മുമ്പ് മൂന്ന് വട്ടം എന്നതാണു കണക്കെങ്കില്‍ ഒരു മുന്‍ നക്‌സലൈറ്റിന് കുറഞ്ഞത് നൂറായിരം തവണ കുമ്പസാരിക്കാനുളള സമയമുണ്ടതില്‍.
അത്രയും മുമ്പാണ് പി.എം.ആന്റണി അരങ്ങിന്റെ തീവ്രതയിലേക്ക് ക്രിസ്തുവിനെ കൊണ്ടുവന്നത്. താന്‍ വിതച്ച കാറ്റില്‍ നിന്ന് കൊടുങ്കാറ്റ്‌കൊയ്‌തെടുത്തുകൊളളാനായിരുന്നു പരുക്കമായ, മുഴങ്ങുന്ന ശബ്ദത്തില്‍ ആന്റണി നമ്മളോട് മൊഴിഞ്ഞത്. ഒട്ടും വൈകിയില്ല; അരമനയും അധികാരവും അഴകൊത്ത പ്രാസമായി മാറി. നാടകത്തിന് നിരോധനം. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എഴുതിയാള്‍ക്ക് കുരിശ്.
നമ്മളയാള്‍ക്ക് തടവറയും ഒരുക്കി. ശബദം കേള്‍ക്കാത്തത്രയും ദൂരത്തിലേക്ക് അകറ്റി; അകന്നുമാറി. എന്നിട്ടും പി.എം.ആന്റണി തോല്‍പ്പിക്കപ്പെട്ടിട്ടില്ല. പരാജയപ്പെടുത്താനാവാത്ത തീയേറ്റര്‍ ആക്റ്റിവിസ്റ്റായി ആന്റണി ജീവിതം തുടരുന്നു. ബൗദ്ധിക ജാടകളുടെ ബഹളങ്ങളില്‍ നിന്ന് അകന്ന്; തന്റെ നാടക പരീക്ഷണങ്ങളുമായി. നാടകവുമായി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ആന്റണി സഞ്ചരിക്കുന്നു. നിലപാടുകളില്‍ മാറ്റമില്ലാതെ; വിട്ടുവീഴ്ചയില്ലാതെ.
അരങ്ങിലും അണിയറയിലും ഒറ്റയാള്‍ കലാപമായി, ചോദ്യം ചെയ്തും നിഷേധിച്ചും തന്നെയാണ് ആന്റണി ജീവിച്ചുവന്നത്. ഒരര്‍ത്ഥത്തില്‍ ആ ജീവിതം അടയാളപ്പെടുത്തുന്നത് നമ്മുടെ ജനാധിപത്യ നാട്യങ്ങളെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തെയുമാണ്.
വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടക പ്രവര്‍ത്തനവുമായി സജീവമായിരുന്നു ആന്റണി. സ്‌കൂള്‍ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി. 1980 ല്‍ ആലപ്പി തീയറ്റേഴ്‌സിനുവേണ്ടി രചിച്ച 'കടലിന്റെ മക്കള്‍' എന്ന നാടകം, ആദ്യ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. പീന്നീട് പ്രൊഫഷണല്‍ നാടകം വിട്ട് അമേച്വര്‍ രംഗത്ത് സജീവമായി. അടിയന്തരാവസ്ഥ കാലത്തിനുശേഷം ജനകീയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകന്‍. തുടര്‍ന്ന് സംഘടനയുടെ സംസ്ഥാന സമിതി അംഗം. 1980 ല്‍ കാഞ്ഞിരംചിറയില്‍ നടന്ന നക്‌സലൈറ്റ് ഉന്‍മൂലനകേസില്‍ പങ്കാളിയല്ലെങ്കിലും പ്രതിയാക്കപ്പെട്ടു. മൂന്നുവര്‍ഷം ഒളിവില്‍. വിചാരണക്കാലത്ത് 'സ്പാര്‍ട്ടക്കസ്' എന്ന നാടകം സംവിധാനം ചെയ്തു. 86 ല്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' ക്രിസ്ത്യന്‍ മതമേലധ്യക്ഷരുടെ എതിര്‍പ്പിനു പാത്രമായി. പുരോഹിത സമ്മര്‍ദത്തെ തുടര്‍ന്ന് ഭരണകൂടം നാടകം നിരോധിച്ചു. പിന്നീട് 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം', ക്രിസ്ത്യന്‍ പുരോഹിതരുടെ എതിര്‍പ്പിനു പാത്രമായ 'വിശുദ്ധപാപങ്ങള്‍' എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം' മികച്ച നാടക സംവിധായകനുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിക്കൊടുത്തു.
'ക്രിസ്തുവിന്റെ ആറാംതിരുമുറിവ്' വിവാദമാവുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ കേരളത്തില്‍ ആദ്യമായി സജീവമാവുകയും ചെയ്ത കാലത്ത് നക്‌സലൈറ്റ് ഉന്‍മൂലനകേസില്‍ സെഷന്‍സ് കോടതി വിധിച്ച ആറുമാസം തടവ് ഹൈക്കോടതി ജീവപര്യന്തമായി ഉയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കുമ്പോള്‍ രചിച്ച 'മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993 ല്‍ ജയില്‍ മോചിതനായി.
പിന്നീട്, നാടകം അരങ്ങില്‍ അവതരിപ്പിക്കുന്ന പരമ്പരാഗത ചിട്ടവട്ടങ്ങള്‍ വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് പോകുന്ന 'അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക്' എന്ന സങ്കേതം അവലംബിച്ചു. 2005 നവംബറില്‍ ആലപ്പുഴയില്‍ നിന്ന് കേരളത്തിലെമ്പാടും നാടകയാത്ര സംഘടിപ്പിച്ചു. 'ടെററിസ്റ്റ്' നാടകം അടുത്തയിടെ അവതരിപ്പിച്ചു. ' മൂന്നാം തീയേറ്റര്‍', 'തീയേറ്റര്‍ ഗറില്ലാസ്' എന്ന തന്റെ സങ്കല്‍പ്പത്തിനനുസരിച്ച് പുതിയ നാടകം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ആറുമാസം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയിലെ വീട്ടില്‍ എത്തുമ്പോള്‍ പി.എം.ആന്റണി നാടകത്തിന്റെ പണിപ്പുരയിലാണ്. ഓലമറച്ച പറമ്പില്‍ നാടക പരിശീലനം സജീവം. പരുക്കമായ ശബ്ദത്തിലായിരുന്നു അഭിവാദനം. ഒട്ടും പതറാത്ത 'നക്‌സലൈറ്റ്' ആന്റണിയില്‍ മറനീക്കാതെയുണ്ടെന്ന് തോന്നി. കുറ്റബോധമോ കുംബസാരമോ ഇല്ല. ചെയ്തതെല്ലാം ശരി, അത് കുറഞ്ഞുപോയതില്‍ മാത്രം ദു:ഖം. സാംസ്‌കാരികമായ ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്നില്‍ ഞാനെന്നമുണ്ടാവുമെന്ന് ആവര്‍ത്തനം. മനസിന്റെ കൂസലില്ലായ്മ വെളിവാവുന്ന ശരീരഭാഷ.
സംസാരം മുഴുവന്‍ നാടകത്തില്‍ കേന്ദ്രീകരിച്ചു മാത്രം നിര്‍ത്താനാണ് ആന്റണി ഇഷ്ടപ്പെട്ടത്. പഴയകാലങ്ങള്‍ പറയാന്‍ താല്‍പര്യം ഒട്ടും പ്രകടിപ്പിച്ചേയില്ല. മറ്റ് പലരെയും പോലെ പഴംപുരാണത്തില്‍ അഭിരമിക്കാനുളള മനസില്ലെന്നത് വ്യക്തം. ആന്റണി രചിച്ച നാടകങ്ങള്‍ ഒറ്റ പുസ്തകമായി സമാഹാരിക്കാനുളള ശ്രമത്തില്‍ പങ്കാളിയാകുക എന്നതുകൂടിയായിരുന്നു അന്നത്തെ മുഖ്യ സന്ദര്‍ശനോദ്ദേശം. പുറംതോടിനുളളില്‍ സൗമ്യവും സരസവുമായ പെരുമാറ്റം.
കാഞ്ഞിരംചിറയിലെ വീട്ടില്‍ വച്ചും, നാടക പരിശീലന സ്ഥലത്തും, അടുത്തിടെ കൊച്ചിയില്‍ ആന്റണിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലുമൊക്കെയായി മൂന്നുലേറെ തവണ അദ്ദേഹവുമായ സംസാരിച്ചിരുന്നു. ആ സംഭാഷണങ്ങളില്‍ നിന്ന്:ക്രിസ്തു, കുരിശ്, കുണ്ടുകുളംപി.എം.ആന്റണിയെന്ന പേര് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് 'ക്രിസ്തുവിന്റെ ആറാം തിരുമുറിവു'മായി ബന്ധപ്പെട്ടാണ്. അതിനാല്‍ അതില്‍ നിന്നു തുടങ്ങാം. എന്തായിരുന്നു 'കിസ്തുവിന്റെ ആറാം തിരുമുറിവ്' സംവിധാനം ചെയ്യാനുളള സാഹചര്യം?

ഞങ്ങള്‍ മുമ്പ് 'സ്പാര്‍ട്ടക്കസ്' എന്ന നാടകം ചെയ്തിരുന്നു. അതിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് അഭിനേതാക്കളില്‍ ഒരാള്‍ 'ആശാനേ ക്രിസ്തുവിന് മുമ്പ് കുരിശുണ്ടായിരുന്നോ' എന്ന് എന്നോടായി ചോദിച്ചു. ശരിക്കും പറഞ്ഞാല്‍ ഈ ചോദ്യത്തില്‍ നിന്നാണ് 'ക്രിസ്തുവിന്റെ ആറാം തിരുമുറിവി'ന്റെ തുടക്കം. ക്രിസ്തുവിന് മുമ്പ് കുരിശ് പീഡന വസ്തുവാണ്. പിന്നെങ്ങനെയത് വിശുദ്ധമായി? ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാര്‍ട്ടക്കസ് എന്തുകൊണ്ട് വിസ്മരിക്കപ്പെട്ടു. പകരം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന യേശുവെങ്ങനെ രക്ഷകനായി. ഈ ചോദ്യങ്ങളുടെ ഉത്തരമാണ് 'ക്രിസ്തുവിന്റെ ആറാം തിരുമുറിവി'ലേക്ക് നയിക്കുന്നത്. ഒപ്പം കസാന്‍ദ്‌സാക്കിസിന്റെ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന കൃതിയെയും ഞങ്ങള്‍ ആധാരമായി എടുത്തു.


സ്പാര്‍ട്ടക്കസും കുരിശുമായി ചരിത്രത്തില്‍ ബന്ധമില്ല. സ്പാര്‍ട്ടക്കസ് ക്രൂശിക്കപ്പെട്ട വ്യക്തിയുമല്ലല്ലോ?


'സ്പാര്‍ട്ടക്കാസ്' എന്ന ഫൗസ്റ്റിന്റെ ഒരു നോവലില്‍ അദ്ദേഹം കുരിശേറിയാണ് മരിക്കുന്നത്. പക്ഷെ ചരിത്രത്തില്‍ ഇല്ല. ഭരണകൂടം പീഡിപ്പിക്കപ്പെടുന്ന സ്പാര്‍ട്ടക്കസിന് ഒടുവില്‍ എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമല്ല. പക്ഷെ അയാളുടെ സഖാക്കളെല്ലാം കുരിശിലാണ് മരിക്കുന്നത്. അതെന്തായാലും സ്പാര്‍ട്ടക്കസ് എന്ന ഞങ്ങളുടെ നാടകത്തില്‍ കുരിശ് പ്രധാന വിഷയമാണ്.


ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന യേശുവെന്നു പറഞ്ഞു. അതെത്രമാത്രം ശരിയാണ്? എന്താണ് നിങ്ങളുടെ നാടകത്തിന്റെ യുക്തി?

സ്പാര്‍ട്ടക്കസ് യഥാര്‍ത്ഥത്തില്‍ വിപ്ലവകാരിയാണ്. ജനങ്ങള്‍ക്കു വേണ്ടി പോരാടി രക്തസാക്ഷിയാകുന്നയാള്‍. എന്നാല്‍ യേശു അങ്ങനെയല്ല. യേശു ഒരുഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം ചേരുന്നില്ല. റോമന്‍ അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ ജനങ്ങള്‍ പോരാടുമ്പോള്‍ യേശു അവര്‍ക്കൊപ്പം ചേരുന്നില്ല. മനസുമുഴുവന്‍ മറുപക്ഷത്താണ്.റോമന്‍ അധിനിവേശത്തിനെതിരെ ചെറുവിരല്‍ അയാള്‍ അനക്കിയതിന് തെളിവില്ല. മാത്രമല്ല ഭരണകൂടത്തിനെതിരെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. പിലാത്തോസിന്റെ കൈകഴുകല്‍ തന്നെ അത്ഥഗര്‍ഭമാണ്. തങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് പിലോത്തോസ് യേശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. യേശു ഭരണകൂട ദൃഷ്ടിയില്‍ കുറ്റക്കാരനല്ല. അവസാന ഘട്ടത്തില്‍ യേശുവിനെ രക്ഷപെടുത്താനായി തടവറയിലുളള ബറാബാസിനെ വിട്ടുകൊടുക്കാമെന്നു പറഞ്ഞിട്ടും ജനങ്ങള്‍ സമ്മതിക്കുന്നില്ല. യേശുവിനും മുമ്പും പിമ്പുമായി ചരിത്രത്തെ വേര്‍തിരിക്കാം. മുമ്പ് കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നൊരു നീതിയുണ്ടായിരുന്നു. ജനങ്ങളെ മര്‍ദിക്കുന്നവര്‍ക്ക് അതേ നാണ്യത്തില്‍ തിരിച്ചടികൊടുക്കണം എന്നതാണ് അതിന്റെ ശരിയായ പ്രയോഗം. പക്ഷെ ഒരു കരണത്ത് അടിക്കുന്നവന് മറു കരണവും കാണിച്ചുകൊടുക്കാന്‍ മൊഴിയുന്നത് മര്‍ദകര്‍ക്കൊപ്പം നില്‍ക്കലാണ്. യേശു ചെയ്തതും അതാണ്.

ആ വാദം ശരിയാവുമോ? താങ്കളുടെ നാടകത്തില്‍ തന്നെ ജറുസലേമിലെ ദേവാലയത്തില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കയര്‍ ആയുധമാക്കുന്ന യേശുവിനെക്കുറിച്ച് പറയുന്നുണ്ടല്ലോ?

ശരിയാണ്. യേശു ദേവാലയത്തിനുളളിലെ കച്ചവടക്കാര്‍ക്കെതിരെ ചാട്ടയെടുക്കുന്നൊക്കെയുണ്ട്. മതത്തിനുളളിലെ ദുഷ് പ്രവണതകള്‍ക്കെതിരെ യേശു പ്രതികരിച്ചിട്ടുണ്ട്. അതിനെ പരിഷ്‌കരണവാദം എന്നൊക്കെ പറയാം. പരിഷ്‌കരണവാദവും വിപ്ലവ പ്രവര്‍ത്തനവും രണ്ടാണ്. അന്നത്തെ മതത്തിനുളളിലെ ചില കൊളളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതുകൊണ്ട് യേശു വിപ്ലവകാരിയാകുന്നില്ല. യേശുവിനും ഇസ്രായേലിലെ ജനങ്ങള്‍ക്കും തൊട്ടുമുമ്പിലുണ്ടായിരുന്ന യാഥാര്‍ത്ഥ്യമെന്നത് റോമന്‍ അധിനിവേശമാണ്. തങ്ങളുടെ നാടിനെ അടിച്ചമര്‍ത്തിയവരില്‍ നിന്ന് മോചനം നേടുക. പക്ഷെ യേശു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല. ബൈബിളില്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒരുഘട്ടത്തില്‍ ജനങ്ങള്‍ റോമക്കാര്‍ക്ക് നികുതി കൊടുക്കുന്നില്ലെന്ന് തീരുമാനിക്കുന്നു. യേശു നിശബ്ദനാണ് ഈ സമയത്ത്. അപ്പോള്‍ അവര്‍ ചോദിക്കുന്നു: ''ഞങ്ങള്‍ നികുതി കൊടുക്കുന്നില്ല, എന്തു പറയുന്നു നീ? ''.കുറേ നേരം നിശബ്ദനായിരുന്നു യേശു. എന്നിട്ട് നാണയമെടുത്ത് കാണിച്ച് പറയുന്നു. 'ദൈവത്തിനുളളത് ദൈവത്തിനും സീസറിനുളളത് സീസറിനും കൊടുക്കുക'. ഈ അഴകുഴമ്പന്‍ മറുപടിയിലൂടെ യേശു യഥാര്‍ത്ഥത്തില്‍ സേവിക്കുന്നത് റോമന്‍ പക്ഷത്തെയാണ്. നികുതി കൊടുക്കുന്നില്ലെന്ന ഉറച്ച മറുപടിയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ജനവും അവരുടെ സംഘടിത മുന്നേറ്റവും അങ്ങനെ ഒരു ഉത്തരം ആവശ്യപ്പെടുന്നുണ്ട്. ഓരോ വസ്തുതകളും ചികഞ്ഞു പരിശോധിച്ചാല്‍ നമ്മുടെ ഈ വിധത്തിലുളള ധാരണ ശക്തമാകും. വിമോചനപോരാട്ടവുമായി ചേര്‍ന്നു നില്‍ക്കാത്ത യേശുവിനെ നമ്മളെങ്ങനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിക്കും?

ഒരു വിവാദമുണ്ടാക്കി ജനശ്രദ്ധനേടാനുളള ശ്രമത്തിന്റെ ഭാഗമായല്ലേ നിങ്ങള്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' ചെയ്തത്?

അന്നത്തെ ഞങ്ങളുടെ പ്രവര്‍ത്തനം വച്ചു നോക്കുമ്പോള്‍ ഇത്തരം വാദങ്ങളൊക്കെ അസംബന്ധമാണ്. കാരണം ഞങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകരായിരുന്നു. രാഷ്ട്രീയമാണ് നയിച്ചതും. ഞങ്ങളെ സംബന്ധിച്ച് അധികാരം, അതിന്റെ കാപട്യം, ജനാധിപത്യ നാട്യങ്ങള്‍, വിശ്വാസത്തിന്റെ അന്ധത ഇതെല്ലാം ചോദ്യം ചെയ്യുക എന്നതു മാത്രമാണ് പ്രധാനം. സാംസ്‌കാരിക രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ വരുത്തി, നിലവിലുളള അധികാരത്തെ ചോദ്യം ചെയ്യാനുളള ശ്രമമായിരുന്നു അത്. ക്രിസ്തുവിനെപ്പറ്റി ഞങ്ങളുയര്‍ത്താനിരുന്ന ചര്‍ച്ച സാമൂഹ്യതലത്തില്‍ നിര്‍ണായകമായിരുന്നു. ഇപ്പോഴുമതെ.
ക്രിസ്തു ആര്‍ക്കൊപ്പം നിന്നു, നമ്മളാര്‍ക്കൊപ്പം നില്‍ക്കണം?. എന്താണ് നമ്മുടെ മുന്നിലുളള അടിയന്തര പ്രശ്‌നം? തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയര്‍ത്തുക. തീര്‍ച്ചയായും സഭയെ ചോദ്യം ചെയ്യണം എന്ന വികാരവും നയിച്ചിരുന്നു. ഇത്തരം ചര്‍ച്ചകളിലൂടെയും ചോദ്യംചെയ്യലുകളിലൂടെയുമാണ് സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുക. അധികാരം, വഞ്ചന, ശത്രുപക്ഷം ചേരല്‍, വിമോചനം എന്നിങ്ങനെ കുറേ തലമുണ്ട് ഞങ്ങളുടെ നാടകത്തില്‍. അല്ലാതെ വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കുക, ജനശ്രദ്ധനേടുക, വിവാദമുണ്ടാക്കുക എന്നതൊന്നും ഞങ്ങളുടെ പരിപാടിയായിരുന്നില്ല. അതെല്ലാം ഇന്നത്തെ കക്ഷിരാഷ്ട്രീയ സാംസ്‌കാരിക നായകര്‍ക്ക് വിട്ടുകൊടുക്കാം. എന്നെയും അന്നത്തെ എന്റെ സഖാക്കളെയും ദയവായി അതില്‍ നിന്ന് ഒഴിവാക്കുക. പിന്നെ ഞങ്ങളല്ല നാടകം വിവാദമാക്കിയത്. റിഹേഴ്‌സല്‍ 12 ദിവസം പിന്നിടുമ്പോഴേക്ക് ക്രിസ്തീയ സഭക്കാരാണ് ആകെ കോലഹാലമുണ്ടാക്കിയത്. ഞങ്ങള്‍ ബോധപൂര്‍വം ഒന്നും ചെയ്തില്ല. ഞങ്ങളാണ് അത് ചെയ്തിരുന്നെങ്കില്‍ നാടകം അവതരിപ്പിക്കപ്പെട്ട ശേഷമാകണമായിരുന്നല്ലോ.

എന്തുകൊണ്ടാവും നാടകം അരങ്ങിലെത്തുന്നതിനു മുമ്പ്, റിഹേഴ്‌സല്‍ നടക്കുമ്പോഴേ പ്രതിഷേധവുമായി വരാന്‍ സഭയെയും പളളിക്കാരെയും പ്രേരിപ്പിച്ചത്?

ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യം പറയാം. അക്കാലത്ത് വി.പി.സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം ഒരു ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. ചാരിറ്റബിള്‍ സൈസൈറ്റി എന്ന പേരില്‍ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന വിദേശ ഫണ്ടിന്റെ കണക്കുകള്‍ ഹാജരാക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് വന്നിരുന്നത് ബിഷപ്പ് മാര്‍ കുണ്ടുകുളത്തിനാണ്. അദ്ദേഹത്തിനെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. സി.അച്യുതമേനോന്‍ ഇത് തന്റെ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ബിഷപ്പിന് സി.ബി.ഐ. അന്വേഷണം നടക്കുന്നത് ജനങ്ങളില്‍ നിന്ന് മറയ്ക്കണം. ശ്രദ്ധ തിരിക്കണം. അതിന് 'തിരുമുറിവ്' വീണു കിട്ടിയ അവസരമാണ്. അത് ശരിക്കും കുണ്ടുകുളം പ്രയോജനപ്പെടുത്തി. റിഹേഴ്‌സല്‍ നടക്കുമ്പോള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉപവാസമൊക്കെ ബിഷപ്പ് നടത്തുന്നുണ്ട്. ഇടവകകള്‍ തോറും ഘോഷയാത്രകളും പ്രകടനങ്ങളും നടത്താന്‍ സഭ ആവശ്യപ്പെട്ടു. ആ സമയത്ത് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഉടന്‍ രാഷ്ട്രീയ കക്ഷികളും ഇതില്‍ ഇടപെട്ടു പരമാവധി മുതലെടുത്തു. ബഹളമുണ്ടാക്കിയവര്‍ക്ക് നാടകത്തെപ്പറ്റി ധാരണയൊന്നുമുണ്ടായിരുന്നില്ല. പേരുകേട്ടപ്പോള്‍ തന്നെ ചിലപ്പോള്‍ ക്രിസ്തുവിനും മതത്തിനുമെതിരാണെന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. അഭിനേതാക്കള്‍ക്ക് പോലും ശരിയായ ധാരണയായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. നാടക പരിശീലനം രഹസ്യമായിട്ടൊന്നുമല്ല നടത്തിയത്. അങ്ങനെ കേട്ടറിഞ്ഞതാവാം. ഞങ്ങള്‍ കേരളത്തിലങ്ങോളം ഇങ്ങോളം ചുവര്‍ പരസ്യങ്ങളൊക്കെ ഒട്ടിച്ചിരുന്നു.

എന്തായിരുന്നു നിങ്ങളുടെ ചുവര്‍ പരസ്യം?

''ദൈവ പുത്രനല്ലാത്ത യേശു
ഒറ്റുകാരനല്ലാത്ത ജൂദാസ്
വേശ്യയല്ലാത്ത മറിയം
കൊളളക്കാരനല്ലാത്ത ബറാബാസ്'' എന്നായിരുന്നു നാടകത്തെക്കുറിച്ചുളള പരസ്യവാചകം. ഇതുഞങ്ങള്‍ കേരളമങ്ങോളം ഒട്ടിച്ചിരുന്നു.

കസാന്‍ദ്‌സാക്കിസിന്റെ നോവലിനെ മാത്രം ആധാരമാക്കി ഇങ്ങനെയൊരു ചുവര്‍ പരസ്യം ഒട്ടിച്ചതിനു പിന്നിലെ യുക്തി ന്യായീകരിക്കാനാവുമോ? എന്തായിരുന്നു പരസ്യവാചകങ്ങള്‍ അര്‍ത്ഥമാക്കിയത്?

കസാന്‍ദ്‌സാക്കിസിന്റെ നോവലിനെ മാത്രം ആശ്രയിച്ചല്ല ഞങ്ങള്‍ നാടകം ചിട്ടപ്പെടുത്തിയത്. ഞങ്ങളുടെ തന്നെ ബൈബിള്‍ പഠനം, വായന, കൂട്ടായ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ഈ വായനയിലും ചര്‍ച്ചയിലുമെല്ലാം പങ്കെടുത്തുകൊണ്ട്അതില്‍ നമ്മുടെ സാമാന്യ യുക്തി ഉപയോഗിച്ചുളള ചില നിഗമനങ്ങള്‍ എന്നിവയെയൊക്കെ അടിസ്ഥാനമാക്കിയാണ്. മാത്രമല്ല നമ്മളുടെ മുന്നില്‍ സഭ പ്രതിലോമപരമായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ചുമര്‍ പരസ്യം ഞാന്‍ വ്യക്തമാക്കാം. ബറാബസിന്റെ കാര്യമെടുക്കാം. മതഗ്രന്ഥത്തില്‍ തന്നെ ഇങ്ങനെ ഒരു വാചകമുണ്ട്: '' പട്ടണത്തില്‍ നടന്ന വിപ്ലവത്തിലും കലാപത്തിലും പിടിക്കപ്പെട്ട ബറാബാസ് എന്നൊരുവന്‍ തടവറയില്‍ കിടപ്പുണ്ടായിരുന്നു''. ഞങ്ങളതിനെ പുനര്‍വായിച്ചു. എന്നും ഭരണകൂടത്തിനെതിരെ വിപ്ലവപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നയാള്‍ ഭരണകൂട ദൃഷ്ടിയില്‍ ഭീകരനും കൊളളക്കാരനുമാണ്. അധികാരത്തിന്റെ പ്രശ്‌നമാണിത്. ഇന്നുമതെ. ബറാബാസ് റോമന്‍ അധിനിവേശത്തിനെതിരെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നിട്ടുണ്ടാവാനുളള സാധ്യതകളില്‍ ഒന്നാണിത്. തങ്ങള്‍ക്കൊപ്പം നിന്ന യേശുവിനെ കുരിശിലേറ്റാന്‍ ഭരണകൂടത്തിന് വൈമനസ്യമുണ്ട്. യേശുവിന് പകരം ബറാബാസിനെ കുരിശിലേറ്റാമെന്ന് അധികാരികള്‍ പറയുമ്പോള്‍ ജനം ഒന്നടങ്കം തളളിക്കളയുന്നു. അവര്‍ക്ക് ബറാബാസിനെ ശിക്ഷിക്കണമെന്നില്ല. കാരണം അയാള്‍ അവര്‍ക്കുവേണ്ടി നിലകൊണ്ടയാളാണ്. ഇനിയുമതൊന്നു കൂടി നോക്കാം. വെറുമൊരു കൊളളക്കാരനെയും പിടിച്ചുപറിക്കാരനെയും കുരിശിലേറ്റാന്‍ എന്തിനു അധികാരികള്‍ മെനക്കെടണം. ഒരു വിപ്ലവകാരിയെ ജനങ്ങളുടെ തന്നെ ചെലവില്‍ കുരിശിലേറ്റാന്‍ അവര്‍ ഒരവസരം എടുക്കുന്നു എന്നുവേണം ഇതിനര്‍ത്ഥം. ഇത്തരം യുക്തികളില്‍ നിന്നാണ് ഞങ്ങള്‍ നാടകത്തെ രൂപപ്പെടുത്തിയത്.

'തിരുമുറിവ്' കാലഘട്ടത്തിലെ സംഭവങ്ങള്‍ ഓടിച്ചൊന്ന് പറയാമോ? പൂര്‍ണ നിരോധനം വരുന്നതുവരെയുളള സംഭവങ്ങള്‍.

നാടകത്തിന്റെ പരിശീലനം തുടങ്ങുമ്പോഴേ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്ന് പറഞ്ഞല്ലോ. അന്ന്, 86 ല്‍ കരുണാകരന്റെ മന്ത്രിസഭയാണുളളത്. വൈകാതെ തെരഞ്ഞെടുപ്പു നടന്നു. തെരഞ്ഞെടുപ്പൊക്കെ മുന്നില്‍ കണ്ടാണ് ബിഷപ്പുമാരും രാഷ്ട്രീയക്കാരുമെല്ലാം പലരീതിയില്‍ കളി തുടങ്ങിയത്. ബിഷപ്പ് കൗണ്‍സില്‍ അത്രമേല്‍ സമ്മര്‍ദം അധികാരി വൃന്ദത്തിനും ഉദ്യോഗസ്ഥര്‍ക്കും മേല്‍ ഏല്‍പ്പിച്ചിരുന്നു.
ബിഷപ്പ് കൗണ്‍സിലിന്റെ നിര്‍ബന്ധം സഹിക്കാന്‍ വയ്യാതെയാണ് നടപടിയെടുക്കുന്നതെന്ന് ക്രൈംബ്രാഞ്ചുകാര്‍ വരെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഡിവൈ, എസ്. പി. ഓഫീസില്‍ ഹാജരാകണമെന്ന് ഉത്തരവുമായി പോലീസുകാര്‍ വന്നു. ഞാന്‍ അത് ഗൗനിക്കാനേ പോയില്ല. പല ദിവസം പിടികൊടുക്കാതെ കഴിഞ്ഞു. ഒരു ദിവസം നാടകക്യാമ്പ് പോലീസ് വളഞ്ഞു. ഞാന്‍ വീണ്ടും പിടികൊടുക്കാതെ രക്ഷപ്പെട്ടു.സ്‌ക്രിപ്റ്റ്മായായിരുന്നു മുങ്ങിയത്. പിന്നീട് ഞാന്‍ വക്കീലായ പി.ജി. തമ്പിയെ കണ്ടു. അദ്ദേഹം പറഞ്ഞത് ഡിവൈ.എസ്. പി. രാജഹംസന്റെ മുന്നില്‍ ഹാജരായി സ്‌ക്രിപ്റ്റ് കാണിക്കാനാണ്. റിസീവ്ഡ് എന്ന് എഴുതിമേടിക്കണമെന്നു പറഞ്ഞിരുന്നു. നാടകത്തിന്റെ കോപ്പിയുമായി ഞാന്‍ സ്‌റ്റേഷനിലെത്തി. അവരത് വായിച്ചു നോക്കിയതുപോലുമില്ല. പകരം സ്‌റ്റേഷനില്‍ വച്ച് അവര്‍ എന്നെ നാടകീയമായി അറസ്റ്റ് ചെയ്തു.

ഡിവൈ.എസ്. പിയെ കാണാന്‍ പോകുമ്പോള്‍ അറസ്റ്റ്‌ചെയ്യുമെന്ന് കരുതിയില്ലേ?

ഞാന്‍ അങ്ങനെ തന്നെ കരുതിയിരുന്നു. അറസ്റ്റുണ്ടാവും എന്നെനിക്കറിയാം. ആ മാനസികാവസ്ഥയില്‍ തന്നെയാണ് ഞാന്‍ അവിടെ ചെന്നത്.പിറ്റേന്ന് ജാമ്യത്തില്‍ ഇറങ്ങി. ഒരു രാത്രി സ്‌റ്റേഷനില്‍ കഴിയേണ്ടി വന്നു. അന്നു തന്നെ അഡ്വ. എ.എക്‌സ്.വര്‍ഗീസ് മുഖേന ഹൈക്കോടതയില്‍ ഞങ്ങള്‍ കേസ് ഫയല്‍ ചെയ്തു.

കോടതിയെങ്ങനെ പ്രതികരിച്ചു?

നാടകം അന്ന് പത്തിലേറെ അരങ്ങുകളില്‍ ബുക്ക് ചെയ്തിരുന്നു. കോടതി ആദ്യംഞങ്ങള്‍ക്കനുകൂലമായ നല്ല വിധിയാണ് പുറപ്പെടുവിച്ചത്. മൂന്നിടത്ത് നാടകം കളിക്കാന്‍ അനുമതി കിട്ടി. ആലപ്പുഴയില്‍ സുഗതന്‍ സ്മാരക ഹാളിലും, വലപ്പാട്ടും, തൃശൂരിലും നാടകം കളിക്കാനായി. പക്ഷെ സഭയും പളളിക്കാരും അടങ്ങിയിരുന്നില്ല. അവര്‍ പ്രതിഷേധവും പ്രകടനവുമൊക്കെ സംഘടിപ്പിച്ചു. ക്രമസമാധാനം തകരുമെന്നു പറഞ്ഞു നാടകം കളിക്കുന്ന ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാര്‍ നാടകം നിരോധനം ഏര്‍പ്പെടുത്തും. നമ്മള്‍ അടുത്ത ജില്ലയില്‍ പോകുമ്പോള്‍ അവിടെയും നിരോധനം. ഇങ്ങനെ ആലപ്പുഴയൊഴിച്ച് കേരളം മൊത്തത്തില്‍ നാടകം നിരോധിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ മലയാളികള്‍ ഞങ്ങളെ അവിടെ നാടകം അവതരിപ്പിക്കാന്‍ ക്ഷണിച്ചു. കന്യസ്ത്രീകളും അച്ചന്‍മാരും നാടകത്തിനെതിരെ രംഗത്തെത്തി. അവിടെ നിരോധനം പ്രഖ്യാപിക്കപ്പെട്ടു. ഞങ്ങള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. നിരോധനം. പിന്നീട് ഞങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ത്യമുഴുവന്‍ നിരോധനമായിരുന്നു സുപ്രീം കോടതി വിധി.


ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ സജീവമാക്കിയത് 'തിരുമുറിവ്' സംഭവങ്ങളാണ്. ആരാണ് നിങ്ങള്‍ക്കൊപ്പം നിന്നത്? എന്തായിരുന്നു അന്നത്തെ എതിര്‍ ശബ്ദങ്ങള്‍?

നാടകം ഉയര്‍ത്തിവിട്ട സംഭവങ്ങള്‍ കേരളത്തില്‍ ചിന്തിക്കുന്ന, പുരോഗമന മനസു ധാരാളം ഉണ്ടെന്നതിനു തെളിവായിരുന്നു. ബിഷപ്പ് കുണ്ടുകുളം ഉപവാസം കിടക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനത്ത് നൂറുകണക്കിന് പേര്‍ അണിനിരന്ന ആവിഷ്‌കാര സ്വാതന്ത്ര്യ കണ്‍വന്‍ഷനൊക്കെ നടക്കുന്നുണ്ട്. ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, സുകുമാര്‍ അഴിക്കോട്, ടി.പി. കപിരാജന്‍, കെ.ജി.ശങ്കരപ്പിളള, ഇടതുപക്ഷ പ്രവര്‍ത്തകര്‍, പുരോഗമനക്കാര്‍ എന്നിവരെല്ലാം അണിനിരന്നു. കേരളത്തിലെമ്പാടും ഞങ്ങളെ അനുകൂലിച്ച് പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. മിക്ക ഗ്രാമങ്ങളിലും ഞങ്ങള്‍ക്കുവേണ്ടി ചുവര്‍ പരസ്യങ്ങള്‍ നിരന്നു. ആലപ്പുഴയില്‍ 501 പേരടങ്ങുന്ന കമ്മിറ്റി നിലവില്‍ വന്നു. ഞങ്ങളുടെ അഭിനേതാക്കള്‍ മുഴുവന്‍ വേഷമണിഞ്ഞ് തെരുവില്‍ പ്രകടനം നടത്തി അറസ്റ്റു വരിച്ചു. നക്‌സലൈറ്റുകാര്‍ ഉള്‍പ്പടെയുളള ഇടതുപക്ഷക്കാരും യുക്തിവാദികളുമൊക്കെയായിരുന്നു ആവിഷ്‌കാര സമരങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചത്. മറുവശത്ത് ഇടവകകള്‍ തോറും റാലിയും പ്രതിഷേധവും. കേരളമാകെ ഇളകി മറിഞ്ഞു. ജനാധിപത്യത്തെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും പുതിയ ചര്‍ച്ചകളുണ്ടായി. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് നാടകം പൂര്‍ണമായും നിരോധിക്കപ്പെടുന്ന്. ഇടതുപക്ഷം എന്നവകാശപ്പെടുന്നവരുടെ നാട്യങ്ങളും ഈ സമയത്ത് തുറന്നുകാട്ടപ്പെട്ടു.

ക്രിസ്തുമത്തിനുളളില്‍ നിന്ന് നിങ്ങള്‍ക്കനുകൂലമായ പ്രതികരണം ഉണ്ടായില്ലേ?

ഉണ്ടായിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുളള സമരത്തില്‍ മുന്നില്‍ നിന്നത് ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് ആയിരുന്നു. ക്രിസ്തുമതത്തിലെ പുരോഗമന വിഭാഗങ്ങള്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്റെ സാന്നിധ്യം അതു തെളിയിക്കുന്നുണ്ട്. തൃശൂരില്‍ അന്നുണ്ടായിരുന്ന ലിബറേഷന്‍ തിയോളജിക്കാര്‍ പരസ്യമായി ആഭിമുഖ്യം പ്രകടിപ്പിച്ചു. അവരുടെ യോഗത്തില്‍ സംസാരിക്കാന്‍ ഞാന്‍ പോയിട്ടുണ്ട്. പരസ്യമായി രംഗത്തുവരാതിരുന്ന ക്രിസ്ത്യാനികളില്‍ പലരും രഹസ്യമായി വന്ന് പിന്തുണ നല്‍കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.

ഈ ഘട്ടത്തില്‍ സാമ്പത്തിക സഹായങ്ങള്‍?

സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ നല്‍കി. അവര്‍ ഞങ്ങള്‍ക്കൊപ്പമായിരുന്നു. ആ സമയത്ത് എന്റെ നാടകം അച്ചടിച്ചു വിതരണം ചെയ്യാന്‍ യുക്തിവാദി നേതാവ് സനല്‍ ഇടമറുക് തയ്യാറായി. എത്തിസ്റ്റ് പബ്ലിഷേഴ്‌സ് നാടകം നൂറുകണക്കിന് കോപ്പി അച്ചടിച്ച ു വിറ്റു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സാമ്പത്തിക മായി സഹായിച്ചു. ഒരര്‍ത്ഥത്തില്‍ അത് മറ്റൊരു സമരമായിരുന്നു. അവതരണത്തിനേ നിരോധനമുണ്ടായിരുന്നുളളു. അച്ചടിച്ചു വിറ്റതുവഴി ജനങ്ങളുടെ കൈയില്‍ എത്തി. അദ്ദേഹം അതിനു സാമ്പത്തിക സഹായം നല്‍കുകയും ചെയ്തു. സുപ്രീം കോടതിയിലൊക്കെ കേസ് നടത്തുന്നതിന് മേല്‍നോട്ടം വഹിച്ചത് സനലാണ്. ജയിലിലായിരുന്നപ്പോള്‍ കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കാനുമായി സിവിക് ചന്ദ്രന്‍ മുന്‍കൈയെടുത്ത് ജനങ്ങളില്‍ നിന്ന് കുറച്ചു ഫണ്ടൊക്കെ സ്വരൂപിച്ചു തന്നിരുന്നു. ഭാര്യയുടെ ട്യൂഷന്‍ എടുക്കലില്‍ നിന്നുളള വരുമാനമായിരുന്നു കുടുംബത്തെ മുഖ്യമായി പുലര്‍ത്തിയത്.

ഇടയ്ക്ക് കേരള സര്‍ക്കാര്‍ നാടകത്തെപ്പറ്റി വിലയിരുത്താന്‍ 15 അംഗ പാനലിനെ നിയമിച്ചിരുന്നല്ലോ?

1987 ലാണത്. സര്‍ക്കാര്‍ 15 അംഗ പാനലിനെ നിയോഗിച്ചു. നാടകം കണ്ട് വിലയിരുത്തല്‍ നടത്താനായിരുന്നു നിയോഗം. നാടകം കാണാന്‍ സാംസ്‌കാരിക പ്രവര്‍ത്തകരെയൊക്കെ ക്ഷണിച്ചിരുന്നു. എന്‍.വി.കൃഷ്ണവാരിയര്‍, ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, പവനന്‍, കെ.ടി.മുഹമ്മദ് തുടങ്ങിയവരുടെ കമ്മിറ്റിയായിരുന്നു. ഗ്രിഗോറിയോസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഡി.ബാബുപോള്‍ പാനല്‍ അംഗമായിരുന്നെങ്കിലും അവര്‍ നാടകം കാണാന്‍ വരാതെ ഒഴിഞ്ഞുമാറി. പക്ഷെ പാനല്‍ റിപ്പോര്‍ട്ട് പുറത്തുവന്നില്ല. ബോധപൂര്‍വം സര്‍ക്കാരത് മുക്കി.

മൊത്തത്തില്‍ എത്ര വേദിയില്‍ അവതരിപ്പിച്ചു? മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിച്ചു നിരോധനം മറികടന്ന് നാടകം വേണമെങ്കില്‍ തുടരാമായിരുന്നല്ലോ?

നാടകം ആകെ 17 അരങ്ങിലാണ് അവതരിപ്പിച്ചത്. നിരോധനം മറികടന്ന് വേണമെങ്കില്‍ നാടകം മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കാമായിരുന്നു. പേരൊക്കെ മാറ്റി, മറ്റൊരു വിധത്തില്‍. അങ്ങനെ ചെയ്യാമെന്ന് പലരും ആവശ്യപ്പെടുകയും സഹായം ചെയ്യാന്‍ ഒരുക്കവുമായിരുന്നു. പക്ഷെ അങ്ങനെ ചെയ്യേണ്ടെന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കാരണം ഞങ്ങള്‍ എന്ത് ഉദ്ദേശിച്ചോ അത് നേടി. ക്രിസ്തുമതത്തിനുളളിലും പുറത്തും ചര്‍ച്ച ചെയ്യിക്കാനായി. ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥതയുടെയും നാട്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. അധികാരികളുമായുളള അരമനയുടെ ബന്ധം വ്യക്തമായി. ഞങ്ങളാഗ്രഹിച്ചതില്‍ കൂടുതല്‍ നന്നായി നാടകം കാര്യങ്ങള്‍ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യത്തുവേണ്ടിയുളള സമരം ആദ്യമായി മുന്നിലെത്തി. ഒരുവിധത്തില്‍, കാപട്യം നിറഞ്ഞ വ്യവസ്ഥിതിയോടുളള പ്രതിഷേധമായി തന്നെയാണ് ഞങ്ങള്‍ നാടകം വീണ്ടും അവതരിപ്പിക്കാതിരുന്നത്. അപ്പോഴേക്കും ഞാനുള്‍പ്പെട്ട നക്‌സലൈറ്റ് ഉന്മൂലന കേസിന്റെ വിധി വരികയും ജയിലിലാവുകയുമൊക്കെ ചെയ്തു.
നക്‌ലൈറ്റ് ഉന്മൂലനം; ഒളിവ്,തടവറകാഞ്ഞിരംചിറയില്‍ നടന്ന നക്‌സലൈറ്റ് ഉന്മൂലനകേസില്‍ നിങ്ങള്‍ പ്രതിയാണ്. ആക്ഷനില്‍ പങ്കെടുത്തിരുന്നോ?

ഞാന്‍ ഉന്മൂലന ആക്ഷനില്‍ പങ്കാളിയൊന്നുമല്ല. ആക്ഷന്‍ നടക്കാന്‍ പോകുന്നുവെന്നൊന്നും എനിക്കറിയുമായിരുന്നില്ല. ആക്ഷന്‍ നടക്കുന്നത് എന്റെ വീടിനടുത്താണ്. പക്ഷെ ഞാനപ്പോള്‍ കിഴക്ക് രണ്ടു കിലോമീറ്റര്‍ മാറി തീര്‍ത്ഥശേരി ക്ഷേത്രമൈതാനത്ത് നാടകം കളിച്ചുകൊണ്ടിരിക്കുകയാണ്. നാടകം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. വീടിനടുത്തുളള മാവിന്‍ചോട്ടില്‍ എത്തുമ്പോള്‍ ചില നാട്ടുകാര്‍ രഹസ്യമായി വിളിച്ചിട്ടു പറഞ്ഞു: അങ്ങോട്ട് പോകണ്ട, അവിടെ ബോംബേറും കൊലപാതകവും നടന്നിട്ടുണ്ട്. പോലീസൊക്കെയുണ്ട്. മാറി നില്‍ക്കാന്‍ ജനങ്ങളാവശ്യപ്പെടുന്നു. അങ്ങനെ ഞാന്‍ ആ വീട്ടില്‍ പോകാതെ നഅവിടെയുളള ഒരു വീട്ടില്‍ തങ്ങുന്നു. എനിക്ക് പങ്കില്ല, ഞാനറിഞ്ഞതുമില്ല.

ഇടയ്ക്ക് ചോദിക്കട്ടെ. നിങ്ങള്‍ നക്‌സലൈറ്റ് ആയിരുന്നോ? ഇപ്പോള്‍ സ്വയം എങ്ങനെ വിശേഷിപ്പിക്കും?

ഞാനൊരിക്കലും സി.പി.എം.എല്‍. പാര്‍ട്ടി അംഗമായിരുന്നില്ല. ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തകനായിരുന്നു. അതിന്റെ മുന്‍നിരയിലുണ്ടായിരുന്നു. ജനകീയ സാംസ്‌കാരിക വേദിക്ക് സി.പി.എം.എല്ലുമായി ബന്ധമുണ്ടെങ്കിലും സാംസ്‌കാരിക വേദിക്കാരെല്ലാവരും പാര്‍ട്ടി അംഗങ്ങളായിരുന്നില്ല. പക്ഷെ ജനകീയ സാംസ്‌കാരിക വേദിക്കാരെല്ലാം ഭരണകൂടത്തിനും ജനങ്ങള്‍ക്കും നക്‌സലൈറ്റുകളാണ്. ആ അര്‍ത്ഥത്തിലാണ് ഞാന്‍ നക്‌സലൈറ്റ് ആയിരുന്നത്. പാര്‍ട്ടി അംഗത്തെയാണ് നക്‌സലൈറ്റ് എന്നുവിളിക്കുന്നതെങ്കില്‍ ഞാനൊരിക്കലും അതായിരുന്നില്ല. ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനെന്ന് വിളിക്കാം. പക്ഷെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് ഞാന്‍ ഒരിക്കലും എതിരില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഞാനുണ്ട്. ഇനിയും അത്തരം മുന്നേറ്റമുണ്ടായാല്‍ അവര്‍ക്ക് ഒപ്പം, ഒരു പടി മുന്നിലായി ഞാനുണ്ടാകും. മുദ്രാവാക്യം വിളിക്കാനും, നാടകം ചെയ്യാനുമൊക്കെയായി. അത്തരം മുന്നേറ്റങ്ങളില്‍ നിന്നോ, ആ ശ്രമങ്ങളില്‍ നിന്നോ മാറി നില്‍ക്കാന്‍ എനിക്കാവില്ല.


കാഞ്ഞിരം ചിറയില്‍ സോമരാജനെതിരെ നടന്ന ആക് ഷന്റെ പശ്ചാത്തലം എന്തായിരുന്നു? ആക് ഷന്‍ നടക്കാന്‍ പോകുന്ന കാര്യം താങ്കള്‍ ശ്രദ്ധിക്കേണ്ടിയിരുന്നില്ലേ?

സോമരാജന്‍ ജനമര്‍ദകനായിരുന്നു. കയര്‍ മുതലാളിയായിരുന്ന ഇയാള്‍ തന്റെ തടുക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് തൊഴിലാളിയായ ചാപ്രയില്‍ തോമസ് എന്ന എന്റെ അയല്‍വാസിയെ തല്ലുചതക്കുകയൊക്കെ ചെയ്തിരുന്നു. കോണ്‍ഗ്രസ്‌കാരുള്‍പ്പടെയുളളവര്‍ അയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അക്കാലത്ത് സി.പി.എം.എല്ലില്‍ രണ്ടുലൈന്‍ സമരം നടക്കുകയാണ്. ചാരുമജുംദാറിന്റെ ഉന്മൂലന ലൈന്‍ തുടരണമെന്ന് ഒരുപക്ഷം. അതല്ല ജനകീയ സമരങ്ങളുടെ ലൈനാണ് വേണ്ടതെന്ന് മറുപക്ഷം. അതില്‍ ആദ്യ ലൈനുകാര്‍ക്ക് വീണുകിട്ടിയ അവസരമായിരുന്നു കാഞ്ഞിരംചിറ. തങ്ങളുടെ ലൈന്‍ ശരിയാണെന്ന് സ്ഥാപിക്കണം. അതിനവര്‍ കാഞ്ഞിരംചിറയില്‍ ആക്ഷന്‍ നടപ്പാക്കുന്നത്. നക്‌സലൈറ്റുകളാല്‍ വധിക്കപ്പെടാന്‍ സോമരാജന്‍ 'അര്‍ഹനാ'യിരുന്നോ എന്നത് വേറെ കാര്യം. അയാള്‍ ശിക്ഷ അര്‍ഹിച്ചിരുന്നു. സോമരാജനെ വധിച്ചതില്‍ എനിക്ക് ദു:ഖമൊന്നുമില്ല. ശിക്ഷ നടപ്പാക്കിയ ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ സിവിക് ചന്ദ്രനെപ്പോലുളള ജനകീയ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ക്കൊപ്പം സോമരാജന്റെ വീടിനു മുന്നില്‍ നിന്ന് 'ഇത് ജനകീയ വിധി' എന്നൊക്കെ ഞങ്ങള്‍ മുദ്രാവാക്യമൊക്കെ വിളിക്കുന്നുണ്ട്. ജനങ്ങളുടെ മുന്നേറ്റത്തില്‍ ഇത്തരം നടപടികള്‍ വേണ്ടി വരും.

ആക്ഷന്‍ നടക്കുമ്പോള്‍ നിങ്ങളെ പാര്‍ട്ടി അറിയിക്കേണ്ടിയിരുന്നില്ലേ? പ്രത്യേകിച്ച് ആ നാട്ടില്‍ ജനകീയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങള്‍ സജീവമായിരിക്കുമ്പോള്‍?

അതെ. അവരെന്തുകൊണ്ട് അത് ചെയ്തില്ല എന്ന് എനിക്ക് അറിയില്ല. ചിലപ്പോള്‍ അടുത്തുളള അമ്പലപറമ്പില്‍ നാടകം അവതരിപ്പിക്കാന്‍ എന്നെ വിടുന്നത് എന്നെ രക്ഷിക്കാനാവണം. മറിച്ചുമാവാം. അന്ന് 'നാടുഗദ്ദിക' ടീം തെക്കന്‍ ജില്ലകളിലൂടെ പര്യടനം നടത്തുകയാണ്. എനിക്കാണ് തെക്കന്‍ ജില്ലകളിലെ ഉത്തരവാദിത്തം. വൈകുന്നേരം ഞാന്‍ അവര്‍ക്കൊപ്പം കളര്‍കോടത്ത് തെരുവ് നാടകം അവതരിപ്പിക്കുകയാണ്. എന്നാല്‍ തീര്‍ത്ഥശേരി ക്ഷേത്രമൈതാനത്ത് 'ഇരുട്ടു ചുവക്കുന്നു' എന്ന നാടകം അവതരിപ്പിക്കാനായി എന്നെ അവിടെ നിന്ന് വിളിച്ചുവരുത്തി. ഭാസുരേന്ദ്രബാബു എന്ന നക്‌സലൈറ്റ് നേതാവാണ് എന്നോട് ഫോണില്‍ സംസാരിക്കുന്നത്. പാര്‍ട്ടി നേതാക്കള്‍ പറഞ്ഞാണ് ഞാന്‍ തീര്‍ത്ഥശേരിയില്‍ നാടകം കളിക്കാന്‍ എത്തുന്നത്. ഒരുപക്ഷേ എന്നെ രക്ഷിക്കാനാവണം അത് ചെയ്തത്. തിരിച്ചുമാവാം. എനിക്കുറപ്പില്ല. നാടുഗദ്ദികയ്‌ക്കൊപ്പമാണെങ്കില്‍ പോലീസ് റിക്കോഡില്‍ അങ്ങനെ വരുമായിരുന്നു. അതെനിക്കു ഗുണമായേനെ. പാര്‍ട്ടിക്കാരുടെ മനോഭാവം എന്തായിരുന്നു എന്ന് കൃത്യമായി എനിക്കറിയില്ല. പക്ഷെ എനിക്കതില്‍ ദു:ഖമോ പരാതിയോ ഇല്ല. ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ ജനകീയവിധി നടപ്പാക്കുക തന്നെയാണ് വേണ്ടത്.

ഉന്മൂലനത്തെ നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ?

ആരും കൊല്ലപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഉന്മൂലന സിദ്ധാന്തത്തോടും എനിക്ക് പ്രതിപത്തിയില്ല. പക്ഷെ വിപ്ലവ ശ്രമങ്ങള്‍ക്കിടയില്‍ ഇത്തരം ചില നടപടികള്‍ ഒഴിച്ചുകൂടാവാതെ വരും. ജനശത്രുക്കള്‍ക്ക് ഇതില്‍ കുറഞ്ഞ ശിക്ഷയില്ലാതെ വരും. പ്രത്യേകിച്ച് അധികാരം മറുപക്ഷത്താകുമ്പോള്‍. ഒഴിവാക്കാനാവാത്ത നപടിയായി ഉന്മൂലനം വന്നാല്‍ എന്തുചെയ്യും?


കേസില്‍ കോണ്‍ഗ്രസുകാരൊക്കെയുണ്ടല്ലോ? നിങ്ങളെപ്പോഴാണ് പിടിക്കപ്പെടുന്നത്?

കേസില്‍ എന്നെയൊക്കെ വെറുതെ പ്രതിചേര്‍ത്തതാണ്. എനിക്കൊപ്പം ആ ദിവസം നാടകം കളിച്ച ക്ലീറ്റസ് പ്രതിയാക്കപ്പെട്ടു. കോണ്‍ഗ്രസ് കൗണ്‍സിലറായ ഗോപീദാസ് എന്നയാളെയൊക്കെ കേസില്‍ പ്രതിയാക്കുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്. കേസില്‍ ഇപ്പോഴും മൂന്നുപേര്‍ ജീവപര്യന്ത തടവുകാരായി ജയിലില്‍ കഴിയുന്നുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മോചിതരായിട്ടില്ല. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പൊടിയന്‍ എന്ന സഖാവ് നക്‌സലൈറ്റ് ആവുന്നത് ജയിലില്‍ വന്ന ശേഷമാണ്. ആക്ഷന്‍ നടത്തിയത് പാര്‍ട്ടി നിയോഗിച്ച സംഘമാണ്. അവരാരെന്നോ എങ്ങോട്ട് പോയി എന്നൊന്നും വ്യക്തമല്ല. ഇപ്പോള്‍ തടവില്‍ കഴിയുന്നവരുള്‍പ്പടെയുളള പലരും കേസില്‍ നിരപരാധികളാണെന്ന് നാട്ടിലെ ഒരുമാതിരിപ്പെട്ട എല്ലാവര്‍ക്കും അറിയാം.

പക്ഷെ താങ്ങളെങ്ങനെ ജനകീയ സാംസ്‌കാരിക വേദി പ്രവര്‍ത്തകനായി?

ഞങ്ങള്‍ ആദ്യകാലത്ത് ചെയ്തത് മുഴുവന്‍ സാമൂഹ്യ നാടകങ്ങളാണ്. നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. 'ആഗ്‌നേയാസ്ത്രം' എന്ന എകാങ്ക നാടകം ഞങ്ങള്‍ ചെയ്തിരുന്നു. അതില്‍ ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണുകളൊക്കെ വിഷയമാണ്. നാടകം കണ്ട, അടുത്തുളള ഒരു നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ സ്ഥിരമായി വന്നുകാണും. അവര്‍ക്കുവേണ്ടി നാടകം ചെയ്യണമെന്നൊക്കെ പറയും. പിന്നീട് അവരുടെ സാംസ്‌കാരിക യോഗത്തില്‍ പങ്കെടുക്കാന്‍ വിളിക്കുന്നു. അങ്ങനെയാണ് സാംസ്‌കാരിക വേദി ആലപ്പുഴയില്‍ ഉണ്ടാകുന്നത്. ഞങ്ങള്‍ തെരുവുനാടകങ്ങളൊക്കെ അവതരിപ്പിച്ചു. ആലപ്പുഴയില്‍ പെട്ടന്ന് സാംസ്‌കാരിക വേദി സജീവമായി. വൈകാതെ ഞാന്‍ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയില്‍ എത്തി. ബി. രാജീവന്‍, കവിയൂര്‍ബാലന്‍, സേതു, കെ. രാജീവന്‍, കെ.സി.കെ. രാജയൊക്കെയുണ്ട്. അക്കാലത്തെ സാംസ്‌കാരിക വേദിയുടെ മുദ്രാവാക്യങ്ങളൊക്കെ യുവാക്കളെ ആകര്‍ഷിക്കുന്നവയാണ്. അനീതിക്കെതിരെ കലാപം ചെയ്യുക, നിങ്ങളുടെ തെരുവില്‍ അനീതി നടന്നാല്‍ സൂര്യനസ്തമിക്കതിനു മുമ്പേ ചോദ്യം ചെയ്യപ്പെടണം ഇല്ലെങ്കില്‍ ആ തെരുവ് കത്തിച്ചാമ്പലാകട്ടെ പോലുളള തീക്ഷ്ണങ്ങളായ മുദ്രാവാക്യങ്ങള്‍.

ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിടപ്പെടുന്നത് പാര്‍ട്ടി ആധിപത്യത്തിനെതിരെയുളള ശ്രമങ്ങളുടെ ഭാഗമായാണ്?

സാംസ്‌കാരിക വേദി പിരിച്ചുവിടപ്പെട്ടത് പാര്‍ട്ടിയുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ്. പാര്‍ട്ടി നിയന്ത്രണത്തില്‍ സാംസ്‌കാരിക സംഘടന പ്രവര്‍ത്തിക്കാനാവില്ല. സാംസ്‌കാരിക വേദി പിരിച്ചുവിടപ്പെട്ടതിനോട് എനിക്ക് യോജിപ്പില്ല. സാംസ്‌കാരിക വേദിയില്‍ പാര്‍ട്ടി അംഗങ്ങളൊക്കെയുണ്ട്. പാര്‍ട്ടി മുദ്രാവാക്യം വിളിക്കാനൊക്കെ വേദി പ്രവര്‍ത്തകര്‍ നിയോഗിക്കപ്പെട്ടിരുന്നു. ഇതിനോടൊന്നും എനിക്ക് യോജിപ്പുണ്ടായിരുന്നില്ല.

നക്‌സലൈറ്റ് വേദികളിലൊന്നിലും ഇപ്പോള്‍ താങ്കളെ കാണാറില്ലല്ലോ?

നക്‌സലൈറ്റ് പ്രസ്ഥാനം ഇപ്പോള്‍ ദുര്‍ബലമാണ്. ഒരര്‍ത്ഥത്തില്‍ ഇല്ല എന്നു തന്നെ പറയാം. അതിനാല്‍ പുനസംഘടനയൊക്കെ ആവശ്യമായി വരുന്നുണ്ട്.
ജനങ്ങളുടെ മുന്നേറ്റം നാളെയുണ്ടാകും. അതുറപ്പാണ്. പാര്‍ട്ടി സംഘടിപ്പിക്കലിലൊന്നും ഞാന്‍ മുമ്പും ഉണ്ടായിരുന്നിട്ടില്ല. സാംസ്‌കാരിക രംഗത്ത് ഉറച്ച വേദിയുണ്ടാവുക എന്നതാണ് ഞാന്‍ ഇപ്പോള്‍ കാണുന്ന പ്രധാനപ്പെട്ട സംഗതി. പുതിയ നാടകവും കലയും സാഹിത്യവുമൊക്കെ ജനങ്ങള്‍ക്കുവേണ്ടി ഒരുക്കുന്നവരുടെ കൂട്ടം ഉണ്ടാവണം. അതിനുവേണ്ടിയുളള ശ്രമങ്ങളില്‍ ചെറുതായാണെങ്കിലും ഞാനുണ്ട്. സംസ്‌കാരിക വേദിയൊക്കെ യാന്ത്രികമായി ഉണ്ടാക്കാനുമാവില്ല. ജനങ്ങളുടെ മുന്നേറ്റത്തിന്റെ ഭാഗമായേ അത് വികസിക്കുകയുളളൂ.

കേസില്‍ ഉള്‍പ്പെട്ടുവെന്നറിഞ്ഞ നിങ്ങളെന്തുചെയ്തു? ഉടനെ ഒളിവില്‍ പോയോ?

കേസില്‍ എന്റെ പേരുണ്ടെന്ന് അറിഞ്ഞു. പോലീസ് തെരയുന്നുണ്ട്. ഞാനെന്റെ നാട്ടില്‍ തന്നെ കൂടി. 70 ദിവസത്തോളം നാട്ടില്‍ തന്നെ വിവിധ ഷെല്‍ട്ടറുകളില്‍ കഴിഞ്ഞു. പിന്നീട് വയനാട്ടിലോട്ടും മറ്റുമായി ഞാന്‍ ഒളിവില്‍ പോയി. മൂന്നുവര്‍ഷം വിവിധ നാടുകളില്‍ ഒളിവില്‍ കഴിഞ്ഞു.


ഒളിവ് ജീവിതം എങ്ങനെയായിരുന്നു? പിന്നെയെപ്പോള്‍ പിടിയിലായി?

വയനാട് ഉള്‍പ്പടെയുളള വിവിധ സ്ഥലങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞത്. മോഹന്‍ദാസ് എന്നാണ് അക്കാലത്ത് പേര്. സ്ഥിരം വേഷത്തില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. സാംസ്‌കാരികവേദി പ്രവര്‍ത്തകരൊക്കെയാണ് ഷെല്‍ട്ടര്‍ ഒരുക്കിയത്. പക്ഷെ ഇക്കാലത്തും ഞങ്ങള്‍ സജീവമായിരുന്നു. നാടകവും അവതരണവുമൊക്കെയായി ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞു. മുറിക്കകത്ത് കയറി ഒളിച്ചിരുന്നിട്ടേയില്ല. കേരളത്തിലെ വിവിധ സ്ഥലങ്ങളിലെല്ലാം ഞങ്ങളീ സമയത്ത് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ജോണ്‍ എബ്രഹാമിന്റെ 'ചെന്നായ്ക്കള്‍, ചെന്നായ്ക്കള്‍', കെ.ജെ.ബേബിയുടെ 'നാടുഗദ്ദിക' എന്നിവയുമായി കേരളത്തിലങ്ങോളം സഞ്ചരിച്ച് ഞങ്ങള്‍ നാടകം അവതരിപ്പിച്ചു.
പിന്നീട്, ഒളിവില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് ജാമ്യമെടുത്ത് പുറത്തുവന്നത് പ്രവര്‍ത്തിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക എന്ന ധാരണയില്‍ എത്തുകയായിരുന്നു. സഖാക്കളുമൊക്കെ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു അത്.

നിങ്ങള്‍ ഒളിവില്‍ കഴിയുമ്പോള്‍ എന്തായിരുന്നു താങ്കളുടെ കുടുംബ സ്ഥിതി?

ഭരണകൂടത്തിന്റെ ശല്യം നിരന്തരമായിരുന്നു. വീട്ടില്‍ പതിവായി പോലീസ് വരിക. ഭീഷണിപ്പെടുത്തുക. കുട്ടികളൊക്കെ വല്ലാത്ത ഭയന്ന അവസ്ഥയിലായിരുന്നു. വീട്ടിലുളളവര്‍ പട്ടിണിയും നന്നായി തന്നെ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ ജീവിച്ചു വളര്‍ന്നതും ദരിദ്രമായ ചുറ്റുപാടിലായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസവും മുടങ്ങിയത് ഇക്കാരണത്താലാണ്. ഞാന്‍ കല്യാണം കഴിച്ചത് ദരിദ്രകുടുംബത്തില്‍ നിന്നാണ്. ഭാര്യ കുടംബത്തിന്റെ ഉത്തരവാദിത്വം ഈ കാലഘട്ടത്തില്‍ ഏറ്റെടുത്തു. ചെറിയഓലപ്പുരയില്‍ പോലീസ് എത്തുമ്പോള്‍ കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അവര്‍ നന്നേ കഷ്ടപ്പെട്ടു. അയല്‍പക്കത്തെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തിട്ടാണ് അവര്‍ ചെറിയ വരുമാനം സംഘടിപ്പത്. കുട്ടികള്‍ക്കൊന്നും വേണ്ട ചികില്‍സയോ സൗകര്യമോ ചെയ്തുകൊടുക്കാനായില്ല.

കാഞ്ഞിരംചിറയിലാണ് നക്‌സലൈറ്റ് ഉന്മൂലനം നടക്കുന്നത്. പക്ഷെ വിധി വന്നത് തൊടുപുഴ കോടതിയിലാണല്ലോ?

അതില്‍ രസകരമായ സംഗതിയുണ്ട്. ആലപ്പുഴയില്‍ കേസ് പരിഗണിച്ച ജഡ്ജി കുറേയൊക്കെ ഞങ്ങളോട് സൗമനസ്യം കാട്ടിയിരുന്നു. കേസ് നടക്കുന്നതിനിടയ്ക്ക് അദ്ദേഹം തൊടുപുഴയിലേക്ക് സ്ഥലം മാറി. പിന്നീട് വന്ന ജഡ്ജി കനത്ത ശിക്ഷ തരുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ സഖാക്കളെല്ലാം പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ആദ്യം പരിഗണിച്ച ജഡ്ജി തന്നെ കേസ് വാദം കേള്‍ക്കണമെന്ന് പറഞ്ഞ് തൊടുപുഴയിലേക്കെത്തി. പക്ഷെ അപ്പോഴേക്കും ജഡ്ജിയുടെ മനോഭാവം മാറിയിരുന്നു. അതിനു പല കാരണങ്ങളുണ്ടാവാം. അന്നദ്ദേഹത്തിന്റെ പേരില്‍ എന്തൊക്കെയേ അന്വേഷണമൊക്കെ നടക്കുന്നുണ്ടെന്നാണ് എന്റെ ഓര്‍മ. ഞങ്ങള്‍ കരുതിയതൊക്കെ തെറ്റി. 16 പേര്‍ക്ക് ജീവപര്യന്തം. രണ്ടുമൂന്നുപേര്‍ക്ക് ഒരു വര്‍ഷം വീതം. എനിക്ക് കിട്ടിയത് ആറുമാസം. ഞാന്‍ ജാമ്യമെടുത്തു പുറത്തിറങ്ങി.

പിന്നീട്?

ഞങ്ങള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തു. അപ്പോഴേക്കും 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' പ്രശ്‌നമായിരുന്നു. വിചാരണക്കിടയില്‍ ജഡ്ജിയെ പിലാത്തോസ് എന്നു വിളിച്ചതിന് പേരില്‍ എനിക്കെതിരെ കോടതിയലക്ഷ്യക്കേസും നിലവിലുണ്ട്. കോടതിക്ക് എതിര്‍പ്പൊക്കെ തോന്നുന്നമട്ടിലായിരുന്നു ഞങ്ങളുടെ പെരുമാറ്റവും. പക്ഷെ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായത് ബിഷപ്പ് ഹൗസില്‍ നിന്നാണ്. വിധി വന്നപ്പോള്‍ എന്റെ ശിക്ഷയും ജീവപര്യന്തമാക്കി.


ശിക്ഷ ജീവപര്യന്തമാകുന്നത് നാടകം വിവാദമാകുന്ന കാലത്താണ്. അവിശുദ്ധമായത് എന്തെങ്കിലും നടന്നുവെന്ന് കരുതുന്നുണ്ടോ?

സംഭവിക്കുന്നതെല്ലാം യാദൃശ്ചിമല്ല. അങ്ങനെ കരുതുന്നത് ശുദ്ധാത്മാക്കളാണ്. വധക്കേസില്‍ ഞാന്‍ പങ്കാളിയല്ല. എല്ലാ തെളിവുകളും എനിക്കനുകൂലമാണ്. സംഭവം നടക്കുന്ന വൈകിട്ട് ഞാന്‍ നാടക സ്ഥലത്ത് ഉണ്ടായത് നൂറുകണക്കിന് പേര്‍ കണ്ടതാണ്. ഞാന്‍ നിരപരാധിയാണെന്ന് കേരളത്തിലെ ചിന്തിക്കുന്ന എല്ലാവര്‍ക്കുമറിയാം. ശിക്ഷ ജീവപര്യന്തമായി ഉയര്‍ന്നതിനെപ്പറ്റി ജനം വിലയിരുത്തട്ടെ.

എന്തായിരുന്നു ജയില്‍ ജീവിതം?

പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് അടക്കപ്പെട്ടത്. ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷയെന്നത് വല്ലാതെ വേദനിപ്പിച്ചിരുന്നു. എനിക്കെതിരെ അനീതി നടന്നു എന്ന തോന്നല്‍ ശക്തമായിരുന്നു. അതു തന്നെ വലിയ പീഡനമാണ്. ഒപ്പം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനല്ല, രാഷ്ട്രീയ തടവുകാരനായാണ് ഞാന്‍ ഇവിടെ കഴിയുന്നത് എന്ന ബോധമാണ് ഊര്‍ജം പകര്‍ന്നത്. ജയിലില്‍ കടുത്ത പീഡനമൊന്നും ഞാന്‍ നേരിട്ടില്ല. അക്കാലത്ത് ഞാന്‍ ഏറെക്കുറെ പ്രശസ്തനായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊക്കെ എന്നെ അറിയാം. കാഞ്ഞിരംചിറ കേസിലെ സഖാക്കളൊക്കെ ജയിലിലുളളതിനാല്‍ ഞാന്‍ പുറത്തുണ്ടായിരുന്ന കാലത്ത് തിരുവനന്തപുരതെത്തുമ്പോള്‍ തടവുകാര്‍ക്കുവേണ്ടി സൗജന്യമായി നാടകം കളിക്കാറുണ്ടായിരുന്നു. അങ്ങനെ ജയില്‍ അധികാരികള്‍ക്കൊക്കെ എന്നെ അറിയാം. ജയിലില്‍ വച്ച് എനിക്ക് അള്‍സര്‍ രോഗം ബാധിച്ചതിനാല്‍ ആശുപത്രിയിലായിരുന്നു കൂടുതല്‍ കാലവും. ജയിലില്‍ ജോലിചെയ്യണം. ജയില്‍ ലൈബ്രേറിയന്റെ ചുമതല എനിക്കായിരുന്നു. അതുകൊണ്ട് നന്നായി വായിക്കാനും എഴുതാനും കഴിഞ്ഞു. അവിടെ വച്ചാണ് ഞാന്‍ 'മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി' എന്ന നാടകം എഴുതിയത്. ആ നാടകത്തിന് സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

ജയിലില്‍ നിന്ന് 'മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി' എഴുതിയതിനെപ്പറ്റി പറയാമോ?

ജയിലില്‍ കഴിയുമ്പോള്‍ നെല്‍സണ്‍ മണ്ടേലയുടെ മോചനത്തിനു വേണ്ടി മുറവിളി ലോകമെങ്ങും നടക്കുന്നുണ്ട്. അന്ന് ജയിലില്‍ ഇരുന്ന് ഞങ്ങള്‍ ഈ സംഭവത്തെപ്പറ്റി അറിയാന്‍ ശ്രമിച്ചു. കുറേ വായിച്ചു. വിന്നി മണ്ടേല എഴുതിയതുള്‍പ്പടെ. വര്‍ണവെറി വിഷമാക്കി അതുകൊണ്ട് ഞങ്ങള്‍ നാടകം ചെയ്യുന്നത് കേരളത്തിന്റെ സമകാലിക അവസ്ഥയിലും പ്രധാനമാണെന്ന് തിരിച്ചറിഞ്ഞു. പക്ഷെ അതിനൊരു പ്രവചനാത്മക സ്വഭാവമുണ്ടായിരുന്നു. ഇനിയെന്ത് സംഭവിക്കും, മണ്ടേല മോചിപ്പിക്കപ്പെട്ടാല്‍ എന്നൊക്കെ അത് പറയുന്നുണ്ട്. അതുപോലെ തന്നെ സംഭവിച്ചു.

ജയില്‍ മോചനം എങ്ങനെയാണ് സാധ്യമായത്?

സാംസ്‌കാരിക-സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലവും അവരുടെ പ്രതിഷേധവും മൂലമായിരുന്നു മോചനം സാധ്യമായത്. 93 ല്‍ പുറത്തു വന്നു. ആന്റണി സര്‍ക്കാരിന്റെ കാലത്താണ് അത്. ഒ.വി.വിജയന്‍, വി.കെ. മാധവന്‍കുട്ടി, സുകുമാര്‍ അഴിക്കോട്, കെ.ടി.മുഹമ്മദ്, ആനന്ദ് തുടങ്ങിയ ഒട്ടുമിക്ക സാംസ്‌കാരിക പ്രവര്‍ത്തകരും കലാകാരനെ ജയിലില്‍ അടയ്ക്കുന്നതു തെറ്റാണെന്ന് വാദിച്ചു. അവര്‍ പല വിധത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. കേരളത്തില്‍ ആദ്യമായാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ ഒരാളെ മോചിപ്പിക്കുന്നത്.
ജീവിതം, നാടകംഎന്താണ് താങ്കള്‍ക്ക് നാടകം?

നാടകം ജനങ്ങളോട് സംസാരിക്കാനുളള മാധ്യമമാണ് എനിക്ക്. ആശയവിനിമയത്തിന് എന്റെ മാധ്യമം. നാടകമില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നാടകങ്ങള്‍ ഞാനുപയോഗിച്ചിട്ടുളളത് ജനങ്ങളുടെ അവസ്ഥ മാറ്റുന്നതിനുളള പോരാട്ടങ്ങളുടെ ഭാഗമായാണ്. അനീതിയെ തുറന്നുകാട്ടാന്‍, ആശയ സംവാദം നടത്താന്‍ നാടകത്തേക്കാള്‍ നല്ലൊരു മാധ്യമമില്ലെന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. നാടകം സാമൂഹ്യ മാറ്റത്തിനുവേണ്ടിയാവണം. അത് ജനങ്ങള്‍ക്കുവേണ്ടിയുളളതാണ്.

നാടകത്തിലേക്ക് താങ്കള്‍ എത്തിയതെങ്ങനെയാണ്? എന്തായിരുന്നു ജീവിത പശ്ചാത്തലം?

ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ അരങ്ങ് കാണുന്നുണ്ട്. എന്റെ അച്ഛന്‍ മിഖായേല്‍ ചവിട്ടുനാടക ആശാനായിരുന്നു. ദരിദ്ര കുടുംബമാണ്. അമ്മ മറിയം കയര്‍ഫാക്ടറി തൊഴിലാളിയായിരുന്നു. അച്ഛനില്‍ നിന്നാവും നാടക വാസന കിട്ടിയത്. കാരണം ഞാന്‍ കാണുന്നത് അച്ഛന്റെ കലാപ്രവര്‍ത്തനമാണ്. സ്‌കൂള്‍ കാലത്ത് ഞാന്‍ അടുത്തുളള സാമൂഹ്യ സേവാ സംഘം വായനശാലയില്‍ അംഗമാണ്. ലോക ക്ലാസിക്കൊക്കെ ആ സമയത്ത് വായിച്ചു തീര്‍ത്തു. 'കുറ്റവും ശിക്ഷ'യുമൊക്കെ മനസിനെ പിടിച്ചുലച്ചു. നമുക്ക് പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമൊക്കെ അക്കാലത്ത് വരുന്നു. വായനശാലയുടെ വാര്‍ഷികത്തിന് 'രാസക്രിയ' യെന്ന നാടകം അവതരിപ്പിച്ചു. നാടിന്റെ പ്രശ്‌നങ്ങളാണ് വിഷയം. അത് നന്നായി ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ചെറിയ ചെറിയ നാടകങ്ങള്‍ തുടര്‍ച്ചയായി ചെയ്തു.

താങ്കള്‍ പക്ഷെ ഇക്കാലത്ത് പ്രൊഫഷണല്‍ നാടകവേദിയില്‍ സജീവമായിരുന്നല്ലോ. പിന്നീട് എപ്പോഴാണ് ആ രംഗം വിടുന്നത്?

ശരിക്കും ഞാന്‍ നേരിട്ട് പ്രൊഫഷണല്‍ നാടകവേദിയില്‍ ചെന്നതല്ല. എന്റെ നാട് കടലിന്റെ തീരത്താണ്. സ്വാഭാവികമായും കടലും മത്സ്യത്തൊഴിലാളികളും അവരുടെ ദുരിതങ്ങളും പ്രമേയമായ നാടകങ്ങളാണ് ഞങ്ങള്‍ ചെയ്തിരുന്നത്. 'ഇരുട്ടിന്റെ സന്തതികള്‍' എന്ന ലഘുനാടകമാണ് അത്. ജനങ്ങളെ നന്നായി ആകര്‍ഷിച്ചിരുന്നു. എവിടെ അവതരിപ്പിച്ചാലും സമ്മാനങ്ങള്‍ കിട്ടും. ഈ നാടകം കണ്ട ആലപ്പി തീയറ്റേഴ്‌സ് ഉടമ സെയ്ത്താന്‍ ജോസഫ് അവര്‍ക്കു വേണ്ടി ഈ നാടകം ദൈര്‍ഘ്യം വര്‍ധിപ്പിച്ച് ചെയ്യാന്‍ ആവശ്യപ്പെട്ടു. 'കടലിന്റെ മക്കള്‍' എന്ന പേരില്‍ ആലപ്പി തീയറ്റേഴ്‌സ് ഞാന്‍ സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചു. 1980 ല്‍ നടന്ന ആദ്യ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുളള അവാര്‍ഡ് ലഭിച്ചു. പക്ഷെ ഞാന്‍ പ്രൊഫഷണല്‍ നാടകം മടുത്തു. മുഖ്യകാരണം നാടകമുതലാളിയുമായി ഒത്തുപോകാനാവാത്തതാണ്.

നാടകമുതലാളിയുമായി എന്തായിരുന്നു പ്രശ്‌നം?

'കടലിന്റെ മക്കള്‍' ക്യാമ്പില്‍ മുഴുക്കെ പ്രശ്‌നങ്ങളായിരുന്നു. നാടക മുതലാളി അനാവശ്യമായി ഇടപെടും. അയാളെ സംബന്ധിച്ച് നമ്മള്‍ കൂലി സംവിധായകനാണ്. കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വരെ തന്റെ താല്‍പ്പര്യത്തിനനുസരിച്ച് മാറ്റി എഴുതാന്‍ ആവശ്യപ്പെടും. നമ്മളുടെ ആശയങ്ങളൊക്കെ ഇങ്ങനെ വെട്ടിമാറ്റാനായിരുന്നു അയാളുടെ നിര്‍ബന്ധം. ഈ നാടകത്തിന്റെ ക്യാമ്പില്‍ നിന്ന് സ്‌ക്രിപ്റ്റുമായി പലവട്ടം ഞാന്‍ പിണങ്ങിപ്പോയിരുന്നു. അപ്പോഴെടുത്ത തീരുമാനമാണത്. ഇനി നാടകം എഴുതുന്നത് സ്വന്തം സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച്, സ്വയം അവതരിപ്പിക്കാന്‍ മാത്രമാവും എന്ന്. പിന്നീട് പ്രൊഫഷണല്‍ നാടക രംഗത്തേക്ക് ഞാന്‍ പോയിട്ടേ ഇല്ല.

കടലോര മേഖലയിലാണ് ജനിച്ചത്. ആദ്യ കാല നാടകങ്ങളിലുള്‍പ്പടെ അതെത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?

ശരിയാണ്. ഞാന്‍ ജനിച്ചു വളര്‍ന്നത് തീരദേശത്താണ്. മത്സ്യത്തൊഴിലാളികളുടെയും കയര്‍തൊഴിലാളികളുടെ ദുരിതമൊക്കെ കണ്ടുകൊണ്ടാണ്. അതാവണം 'കടലിന്റെ മക്കള്‍' എന്ന നാടകം ചെയ്യാന്‍ പ്രേരിപ്പിച്ചത്. പക്ഷെ അതില്‍ വളളങ്ങളിലെ മത്സ്യതൊഴിലാളികളും തൊണ്ടു തല്ലുന്ന കയര്‍ തൊഴിലാളികളുമായിരുന്നു അതില്‍. പിന്നീട് ഞങ്ങള്‍ അടുത്തിടെ ആ നാടകത്തിന്റെ രണ്ടാം ഭാഗം ചെയ്തു. 'കയറും കണ്ണീരും'. തീരദേശത്തെ സ്ഥിതിമാറി. യന്ത്രബോട്ടുകള്‍ വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ ജീവിതത്തില്‍ വന്ന മാറ്റമാണ് അതില്‍ വിഷയം. തൊഴിലാളികളുടെ ജീവിതം ഞാന്‍ എന്നും നേരില്‍ കാണുന്നതാണ്. എനിക്ക് അവരുടെ കഥ നന്നായി പറയാനാവും. അതുകൊണ്ടു തന്നെയാവണം രണ്ടാംഭാഗവും ആവേശത്തോടെയാണ് തീരദേശ ജനങ്ങള്‍ സ്വീകരിച്ചത്.


'ആറാം തിരുമുറിവ്' അല്ലാതെ താങ്കള്‍ ചെയ്ത മറ്റു നാടകങ്ങള്‍?

ചെറിയ ഏകാങ്ക നാടകങ്ങള്‍ ഒക്കെ ചെയ്തിട്ടുണ്ട്. ചെയ്ത മുഖ്യ നാടകങ്ങള്‍ 'മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി, ഹിറ്റ്‌ലര്‍ കഥാപാത്രമാവുന്ന 'വിശുദ്ധ പാപങ്ങള്‍', അയ്യങ്കാളി, ഭഗത് സിംഗിനെ കേന്ദ്രമാക്കി 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം' എന്നിവയാണ്. അടുത്തിടെ സദ്ദാം ഹുസൈനും അമേരിക്കയുടെ ഇറാഖ് അധിനിവേശവുമൊക്കെ വിഷയമാകുന്ന 'ടെററിസ്റ്റ്' എന്ന നാടകം അവതരിപ്പിച്ചിരുന്നു.

ജയിലില്‍ നിന്ന് എഴുതിയ 'മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി' ഉള്‍പ്പടെ മിക്ക നാടകങ്ങളും ചരിത്ര നായകന്‍മാരെയോ ചരിത്ര സംഭവങ്ങളെയുമാണല്ലോ വിഷയമാക്കുന്നത്?

ചരിത്രം എന്റെ വിഷയമാണ്. ഇന്നലെകള്‍ ഇന്നിനെയും നാളെയും അടയാളപ്പെടുത്തുന്നു. സമൂഹം ചിലപ്പോള്‍ ചരിത്രത്തെ മറക്കും. നമ്മുടെ മുന്നോട്ടുളള ഗതിക്ക് ഇന്നലെ എന്തു സംഭവിച്ചു എന്നറിയേണ്ടതുണ്ട്. ചരിത്രം എങ്ങനെ ഗുണകരമായി, നിഷേധകരമായി പ്രവര്‍ത്തിച്ചു എന്നറിയാണം. നാടകത്തിലൂടെ ചരിത്രത്തെ പുനപരിശോധിക്കുകയാണ് എന്റെ ലക്ഷ്യം. 'അയ്യങ്കാളി'പോലുളള നാടകത്തിലൂടെ ദളിത് പ്രശ്‌നങ്ങള്‍ പറയുക, മോചനത്തിനുവേണ്ട സമര മാര്‍ഗത്തെ പറയുക എന്നൊക്കെയാണ് ഞാന്‍ ലക്ഷ്യമിടാറ്. അതില്‍ വിജയിക്കുന്നു എന്നാണെന്റെ തോന്നല്‍.

നിങ്ങളുടെ 'സൂര്യകാന്തി' തീയേറ്റേഴ്‌സിന് എന്ത് സംഭവിച്ചു? മുമ്പ് ഒരു 'നക്‌സലൈറ്റ്' മാസികയില്‍ 'സൂര്യകാന്തിയെ മലീമസപ്പെടുത്തുന്നവര്‍ക്കെതിരെ അണിനിരക്കുക' എന്ന പ്രസ്താവന കണ്ടിരുന്നു?

സൂര്യകാന്തിക്ക് എന്നും തിളങ്ങുന്ന പാരമ്പര്യമാണുണ്ടായിരുന്നത്. അടിച്ചമര്‍ത്തലിനെയൊക്കെ നേരിട്ട ചരിത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുളള ഉജ്ജ്വല പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു സൂര്യകാന്തി. പക്ഷെ പിന്നീട് സൂര്യകാന്തിയിലുണ്ടായിരുന്ന ചിലര്‍ക്ക് രാഷ്ട്രീയ-സാമൂഹ്യ സ്വഭാവമുളള നാടകങ്ങള്‍ വിട്ട് പ്രൊഫഷണല്‍ നാടകങ്ങള്‍ ചെയ്യണമെന്ന് മോഹമുണ്ടായി. ഉത്സവപറമ്പ് നാടകങ്ങള്‍ ചെയ്യണമെന്ന്. അതിനെന്തായാലും 'സൂര്യകാന്തി' ഇല്ലെന്ന് ഞങ്ങളെപ്പോലുളള ചിലര്‍ തീരുമാനിച്ചു. പ്രൊഫഷണല്‍ നാടകം കളിക്കേണ്ടവര്‍ക്ക് കളിക്കാം. പക്ഷെ 'സൂര്യകാന്തി'യുടെ പേരില്‍ വേണ്ട. ഞങ്ങളെന്തായാലും മസാല നാടകങ്ങള്‍ക്ക് ഇല്ല. 'നാടകം സമൂഹത്തിനുവേണ്ടി തന്നെയാവണം. അങ്ങനെ തര്‍ക്കമായി. ഞങ്ങളുടെ നിലപാട് തുറന്നവതരിപ്പിച്ചു. ഒടുവില്‍ 93 ല്‍ നാടകവേദി പിരിച്ചുവിട്ടു. പക്ഷെ ഞാനിപ്പോഴും 'സൂര്യകാന്തി'എന്ന പേരില്‍ തന്നെയാണ് നാടകം ചെയ്യുന്നത്. നാടകവേദി സജീവമാക്കാനുളള ശ്രമത്തിലാണ്.

എന്താണ് പൊതുവില്‍ നാടകവേദിക്ക് സംഭവിച്ചത്?

അമേച്വര്‍ നാടക പ്രവര്‍ത്തനം ചില വടക്കന്‍ ജില്ലകളില്‍ സ്‌കൂള്‍ നാടക മത്സരത്തില്‍ സമ്മാനം വാങ്ങാനുളള, വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഇടപെടലുകളായി ചുരുങ്ങി എന്നതാണ് മുഖ്യ പ്രശ്‌നം. അമേച്വര്‍ നാടക പ്രവര്‍ത്തകര്‍ അരങ്ങു തകര്‍ത്താടിയിരുന്നത് നാട്ടിന്‍പുറങ്ങളിലുണ്ടായിരുന്ന വായനശാലകളുടെയും ആര്‍ട്‌സ് ക്ലബുകളുടെയും മുറ്റത്തായിരുന്നു. വാര്‍ഷികാഘോഷങ്ങളിലെ പ്രധാന ഐറ്റമായിരുന്നു നാടകമത്സരം. നാടിന്റെ നട്ടെല്ലായിരുന്ന ആ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഒക്കെത്തന്നെ പ്രവര്‍ത്തനരഹിതമായി കഴിഞ്ഞു. പ്രവര്‍ത്തിച്ചുവരുന്ന പ്രസ്ഥാനങ്ങളാകട്ടെ നാടകമത്സരങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും പരിപാടി സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു നാടകം ഒരുക്കി എടുക്കാന്‍ ശ്രമിക്കുന്ന നാടന്‍ സംഘങ്ങള്‍ ഒരു വേദി കിട്ടാനില്ലാതെ ഇതിനിടയില്‍ തകര്‍ന്നു പോകും. നാട്ടിന്‍പുറങ്ങളിലെ സാംസ്‌കാരിക രൂപീകരണത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന അമേച്വര്‍ നാടക പ്രസ്ഥാനം സമൂഹത്തില്‍ മുമ്പ്അനിഷേധ്യമായ സാംസ്‌കാരിക ഇടപെടലായിരുന്നു. വായനശാലകളേയും ആര്‍ട്‌സ് ക്ലബുകളെയും ചുറ്റിപ്പറ്റി നടന്നിരുന്ന നാടക പഠനങ്ങളും അവതരണങ്ങളും ഒക്കെകൂടി, ഉയര്‍ന്ന സാമൂഹ്യ ബോധമുളള യുവാക്കളെ സമൂഹത്തിന് സംഭാവന ചെയ്തിരുന്നു. ഇന്ന് യുവാക്കളില്‍ കാണുന്ന സാംസ്‌കാരിക മൂല്യച്യുതിക്ക് കാരണം സാംസ്‌കാരിക സംഘങ്ങളുടെ അഭാവവും അതിന്റെ തിരുമുറ്റങ്ങളില്‍ വളര്‍ന്നു വന്ന കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ തിരോധാനവുമാണ്. നാടകത്തിന്റെ ഇന്നത്തെ പ്രതിസന്ധി മേല്‍പ്പറഞ്ഞ സാമൂഹ്യ കാരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
മറുഭാഗത്ത് വളര്‍ന്നു വന്ന വാണിജ്യ നാടകങ്ങളാകട്ടെ വിഷയ ദാരിദ്ര്യത്താലും ആവര്‍ത്തന വിരസതയാലും, സിനിമാ അനുകരണങ്ങള്‍കൊണ്ടും ഒക്കെ കാണികളില്‍ നിന്ന് അകന്നുപോകുകയും ചെയ്തു. പുതിയ മാധ്യമങ്ങളുടെ കടന്നുകയറ്റവും നാടകത്തിന്റെ തകര്‍ച്ചയ്ക്ക് ഒരളവുവരെ പങ്ക് വഹിക്കുന്നുണ്ട്. മാത്രമല്ല, സമൂഹത്തില്‍ ഉയര്‍ന്ന ദര്‍ശനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അഭാവത്തില്‍ ആധിപത്യം നേടുന്ന പ്രതിലോമ ആശയങ്ങള്‍, അതിന്റെ ഉല്‍പ്പന്നങ്ങളായ തരംതാണ ഫലിതങ്ങളും അശ്‌ളീല പ്രയോഗങ്ങളും ഏല്ലാം കലയെയും കലാകാരനെയും കാണികളെയും ആകെത്തന്നെ ആവാഹിക്കുന്നുണ്ട്. ഈ കുത്തൊഴുക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ വാണിജ്യ നാടകങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല. അതിന്റെ സ്വാഭാവിക പരിണാമമാണ് ഇന്ന് നാം കാണുന്ന, നാടകം എന്ന ശക്തമായ മാധ്യമത്തിന്റെ തകര്‍ച്ച.

പക്ഷെ അമേച്വര്‍ നാടകവേദിയില്‍ ഇപ്പോഴും ചില പുതിയ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്?

ഉണ്ടാവാം. ഞാനത് നിഷേധിക്കുന്നില്ല. അമേച്വര്‍ നാടകവേദിയുടെ പൊതു പ്രവണത ഒരു നാടകം കുറേയേറെ പണം മുടക്കി, മാസങ്ങള്‍ നീണ്ടു നിന്ന പരിശീലനത്തിനു ശേഷം വേദിയില്‍ അവതരിപ്പിക്കുന്നു എന്നാണ്. പത്തോ അഞ്ഞൂറോ പേര്‍ക്കു മുന്നില്‍. ആ ഒരൊറ്റ വേദിയോടെ ആ നാടകം അവസാനിക്കുന്നു. വേറെ വേദി കിട്ടാനില്ല. ഭാരിച്ച സാമ്പത്തിക ചിലവും വരുന്നു. സ്വാഭാവികമായി അവര്‍ക്ക് മുന്നോട്ടു പോകാനാവാതെ വരുന്നു. ഞാന്‍ അമേച്വര്‍വേദിക്കാരോട് പറയുന്നത് മറിച്ചാണ്. നിങ്ങള്‍ ഇങ്ങനെ നാടകം അവതരിപ്പിക്കേണ്ടതില്ല. ജനങ്ങള്‍ക്ക് നാടകം വേണം. അതിനാല്‍ കാണികളെ തേടി നമ്മള്‍ ജനങ്ങള്‍ക്കിടയിലേക്ക് പോകണം. അങ്ങനെ ജനങ്ങളെത്തേടി അവര്‍ പോകുകയാണെങ്കില്‍ ഞാനവര്‍ക്കൊപ്പം കൂടാം. ഒരു നടനായോ, സംവിധായകനായോ എങ്ങനെയും. അവര്‍ക്ക് അതിനു കഴിയുന്നില്ലെങ്കില്‍ അവര്‍ എനിക്കൊപ്പം നില്‍ക്കുക. ഒരുമിച്ച് മുന്നോട്ട് പോകാന്‍ ഞാന്‍ ഒരുക്കമാണ്. ജനങ്ങള്‍ക്കിടയിലേക്ക് പോകുന്നതിനെപ്പറ്റി അമേച്വര്‍ നാടകവേദിക്കാര്‍ ഇനിയും ചിന്തിച്ചില്ലെങ്കില്‍ അവരുടെ സ്ഥിതി ദയനീയമായി മാറും.


എങ്ങനെയാണ് നാടകരംഗത്തിന്റെ തകര്‍ച്ചയെ അതിജീവിക്കുക?

ഇന്നു വരെ തുടര്‍ന്നു വരുന്ന സങ്കേതം കൊണ്ടൊന്നും ഈ തകര്‍ച്ചയെ അതിജീവിക്കാനാവില്ല. 'അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക്' എന്ന പുത്തന്‍ കാഴ്ചപ്പാടുകൊണ്ടു മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാനാവൂ.
നാടകം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ പുതിയ തീയേറ്റര്‍ സങ്കല്‍പ്പം, ഒരു മൂന്നാം തീയേറ്റര്‍ ഉരിത്തിരിഞ്ഞു വരാന്‍ നാടക പ്രവര്‍ത്തകര്‍ ശ്രമിക്കണം. 2005 നവംബറില്‍ ആലപ്പുഴയില്‍ നിന്ന് സൂര്യകാന്തി സംഘടിപ്പിച്ച നാടകയാത്ര ആ ദിശയില്‍ ചില ചുവടുവയ്പ്പായിരുന്നു.

ആ നാടകയാത്രയെപ്പറ്റി കൂടുതല്‍ വിശദമാക്കാമോ?

പതിനഞ്ചോളം പേര്‍ സൈക്കിളില്‍ സഞ്ചരിച്ച് ആറുമാസം ആയിരത്തിന്‍മേല്‍ വേദികളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചു. പ്രൊഫസര്‍ ചന്ദ്രദാസന്‍, ശശിധരന്‍ നടുവില്‍, ചാക്കോ ടി. അന്തിക്കാട്, പ്രിയനന്ദനന്‍, ടി.വി. സാംബശിവന്‍ തുടങ്ങിയ പലരും രചനയും സംവിധാനവും നിര്‍വഹിച്ച വലുതും ചെറുതുമായ എട്ടു നാടകങ്ങള്‍ ചിട്ടപ്പെടുത്തിയായിരുന്നു യാത്ര. പകല്‍ നേരങ്ങളില്‍ വീട്ടുമുറ്റങ്ങളില്‍, നാട്ടുവഴികളില്‍ ചെറിയ നാടകം അവതരിപ്പിച്ചു മുന്നേറുന്നു. രാത്രി ഗ്രാമാന്തരീക്ഷത്തില്‍ ഒരു മുഴുനീള നാടകം അവതരിപ്പിക്കുന്നു. നാട്ടുകാരില്‍ നിന്നു കിട്ടുന്ന ആഹാരവും ചില്ലറ സംഭാവനകളും സ്വീകരിച്ചു. അവര്‍ ഒരുക്കുന്ന സ്ഥലത്ത് ഉറങ്ങി വീണ്ടും സഞ്ചാരം. അതി ഗംഭീര സ്വീകരണമായിരുന്നു ജനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചത്. ഞങ്ങള്‍ രാത്രി തങ്ങാന്‍ ഒരിടം തേടുമ്പോള്‍ ജനങ്ങള്‍ ഒന്നിലേറെ വീടുകള്‍ ഞങ്ങള്‍ക്കായി ഒരുക്കി. പല വീടുകളില്‍ ഒരേ സമയത്ത് ഭക്ഷണം ഒരുങ്ങി. ആലപ്പുഴയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. നവംബറില്‍ യാത്ര തുടങ്ങി ആറു മാസത്തിനിടയ്ക്ക് ഞങ്ങള്‍ 1037 വേദിയില്‍ നാടകം അവതരിപ്പിച്ചു. ഒരൊറ്റ ദിവസം 11 നാടകം വരെ അവതരിപ്പിച്ചു.
യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ ജനങ്ങള്‍ തന്ന നല്ല തുക ഞങ്ങളുടെ കൈയില്‍ മിച്ചമുണ്ടായിരുന്നു. എല്ലാ വേനല്‍ക്കാലവും ഇങ്ങനെ സഞ്ചരിക്കാന്‍ സ്ഥിരം നാടകസംഘമായി ഞങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു. വളരെയേറെ സാധ്യതകളും, തികഞ്ഞ സ്വാതന്ത്ര്യവുമുളള മൂന്നാം തീയേറ്റര്‍ സങ്കല്‍പ്പം വളര്‍ത്തിയെടുക്കാന്‍ കൂട്ടായി ശ്രമിച്ചാല്‍ കഴിയുന്നതാണ്.

'തീയേറ്റര്‍ ഗറില്ലാസ്' എന്ന നാടക സങ്കല്‍പ്പം നിങ്ങളവതരിപ്പിച്ചു. വിശദമാക്കാമോ?

നാടകം മരിച്ചു എന്നൊക്കെയുളള ജല്‍പ്പനങ്ങളോട് എനിക്ക് താല്‍പര്യമില്ല. നാടകവേദി പ്രതിസന്ധി നേരിടുന്നുണ്ട്. അത് മറികടക്കാന്‍ ഒറ്റവഴിയേ യുളളൂ.നാടക ഗറില്ലകള്‍ ഉണ്ടാകണം. നാടകങ്ങളുമായി കാണികളെത്തേടി പോകണം. കെട്ടി ഉയര്‍ത്തിയ സ്‌റ്റേജ് ഒഴിവാക്കണം. സംഘാടകര്‍ ക്ഷണിക്കാന്‍ കാത്തു നില്‍ക്കരുത്. നാടക അവതരണ സ്ഥലത്ത് രൂപം കൊണ്ടു വരുന്ന സംഘാടകരെ മാത്രം ആശ്രയിക്കണം. നാടക സംഘം തന്നെ അവതരണ സ്ഥലം കണ്ടെത്തുക. ജനങ്ങളെ പരിപൂര്‍ണമായും ആശ്രയിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു തീയേറ്റര്‍ സങ്കല്‍പ്പം; 'തീയേറ്റര്‍ ഗറില്ലാസ്'. അതുമാത്രമാണ് പോംവഴി. ജനങ്ങളെ ആശ്രയിച്ചു മാത്രം നില്‍ക്കുന്ന ആക്റ്റിവിസ്റ്റുകളായ നാടക പ്രവര്‍ത്തകരാണ് ആവശ്യം.

താങ്ങള്‍ പറയുന്ന തീയേറ്റര്‍ ഗറില്ലാസ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകളും നൈജീരിയയിലെ ക്രിസ് അബാനിയൊക്കെ പറയുന്ന ഗറില്ലാ നാടകവേദിയും തമ്മില്‍ ബന്ധമുണ്ടോ? ഇവ ഒന്നാണോ

അല്ല. രണ്ടും രണ്ടാണ്. ഞങ്ങള്‍ പറയുന്നത് തീയേറ്റര്‍ ഗറില്ലാസ്. അവര്‍ പറയുന്നത് ഗറില്ലാ തീയേറ്റര്‍. ഗറില്ലാ തീയേറ്റര്‍ എന്നുപറയുന്നത് സായുധ വിപ്ലവവുമായി ബന്ധപ്പെട്ട നാടകവേദിയാണ്. ഗറില്ലകളാണ് അതില്‍ നാടകം അവതരിപ്പിക്കുന്നത്. അവര്‍ ഒരു നഗരത്തിലേക്ക് പെട്ടന്ന് കടന്നുവരുന്നു. നാടകം അവതരിപ്പിച്ച് ചിന്നിച്ചിത്തറി ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചുപോകുന്നു. അത് തീര്‍ത്തും ഒളിവില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഞങ്ങള്‍ പറയുന്നത് തീയേറ്റര്‍ ഗറില്ലാസിനെപ്പറ്റിയാണ്. ഇവിടെ നാടക പ്രവര്‍ത്തകന്‍ ആക്റ്റിവിസ്റ്റാണ്. അയാള്‍ നാടകവുമായി ജനങ്ങള്‍ക്കിടയിലേക്ക് ചെല്ലുന്നു. സ്വയം നാടകം സംഘടിപ്പിക്കുന്നു. മറ്റാരെയും കാത്തുനില്‍ക്കാതെ ജനങ്ങളെ ആശ്രയിച്ച് ജനങ്ങള്‍ക്കിടയില്‍ നിന്ന് അവര്‍ക്കുവേണ്ടി നാടകം അവതരിപ്പിക്കുന്നു. അവര്‍ക്കിടിയിലൂടെ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്നു. പക്ഷെ തീയേറ്റര്‍ ഗറില്ലകളും പതിയെ നിങ്ങള്‍ പറഞ്ഞ ഗറില്ലാ തീയേറ്ററായി മാറിയേക്കും.

അതെങ്ങനെ? തീയേറ്റര്‍ ഗറില്ലകളെങ്ങനെയാണ് ഗറില്ലാതീയേറ്ററായി മാറുക?

തീയേറ്റര്‍ ഗറില്ലയായിരിക്കുമ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി നാടകം അവതരിപ്പിക്കുന്നു. അപ്പോള്‍ അവര്‍ പറയേണ്ടി വരിക ജനങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളാണ്. ജനങ്ങളെ ഇളക്കി വിട്ട് മുന്നോട്ട് പോകുമ്പോള്‍ സ്വാഭാവികമായും ഭരണകൂടം രംഗത്തെത്തും. അത് പതിയേ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഗറില്ലാ തീയേറ്ററിന് വഴിതെളിക്കും.

'അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക്' ഒരു നാടക സങ്കല്‍പ്പമായി താങ്കള്‍ അവതരിപ്പിച്ചു. വിശദീകരിക്കാമോ?

നാടകക്കാരന്‍ ജനങ്ങള്‍ക്കിടയിലേക്ക് പോകണമെന്നു തന്നെയാണ് ഇതിന്റെ അര്‍ത്ഥം. നാടകത്തിനടുത്തേക്ക് ആളുകള്‍ വരില്ല. നാടകം ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുടെ അടുത്തേക്ക് പോകണം. നാടക കലാകാരന്‍മാരെയല്ല, നാടക പ്രവര്‍ത്തകരെയാണ് ആവശ്യം. വി.ടി. ഭട്ടത്തിരിപ്പാട് നാടകക്കാരനായിരുന്നില്ല. നാടക പ്രവര്‍ത്തകനായിരുന്നു. പക്ഷെ അദ്ദേഹം ജനങ്ങള്‍ക്കു വേണ്ടി, സാമൂഹ്യ മാറ്റത്തിനായി നാടകം ചെയ്തു. നാടകം എന്ന മാധ്യമത്തിന്റെ ശക്തി തിരിച്ചറിഞ്ഞുകൊണ്ടാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' ചെയ്യുന്നത്. അത് കേരളത്തില്‍ മാറ്റങ്ങളുണ്ടാക്കി.

പക്ഷെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീ വിമോചനവുമായി ബന്ധപ്പെട്ട വിഷയമാണ്. നിങ്ങളത് തിരിച്ചിടുമ്പോള്‍ സ്ത്രീവിരുദ്ധമായ കാഴ്പ്പാടായി മാറില്ലേ?

ഞാന്‍ അവതരിപ്പിച്ച സങ്കല്‍പ്പവും സ്ത്രീ വിമോചനവും രണ്ടും രണ്ടാണ്. ഞാന്‍ അതിന്റെ പ്രയോഗത്തെ മാത്രമേ എടുക്കുന്നുളളൂ. വി.ടി. ഭട്ടത്തിരിപ്പാട് നാടകം എന്ന മാധ്യമം സ്വീകരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ നാടകകലാകാരനല്ല അയാള്‍. പ്രവര്‍ത്തകനാണ്. അതുപോലെ നാടകം അരങ്ങ് കാത്ത് നില്‍ക്കേണ്ടതില്ല. ജനങ്ങളെ തേടി, ജനങ്ങള്‍ക്കു വേണ്ടി നാടകം അവതരിപ്പിക്കാന്‍ ഗ്രാമങ്ങളിലേക്ക് പോകണം. നാടക സങ്കല്‍പ്പവുമായി ബന്ധപ്പെട്ടാണ് ഈ മുദ്രാവാക്യം ഞാന്‍ സ്വീകരിച്ചത്. സ്ത്രീകളുടെ അവസ്ഥയാണണെങ്കില്‍ പഴയതുപോലെ, വലിയ മാറ്റങ്ങളില്ലാതെ തുടരുകയാണ്. അവരുടെ പോരാട്ടം തുടരണം എന്നു തന്നെയാണ് അഭിപ്രായം.


നാടകം വയറു നിറയ്ക്കില്ല എന്നത് ഒരു ചൊല്ലാണ്. താങ്കള്‍ ജീവിക്കാന്‍ വേണ്ടി എന്തു ചെയ്യുന്നു?

കയറു പിരിക്കുന്നു. നാടകം ഒഴിഞ്ഞൊരു സമയം എനിക്ക് വളരെ കുറവാണ്. അങ്ങനെ കിട്ടുന്ന സമയത്തെല്ലാം ഞാന്‍ കയറു പിരിക്കും. ചെറിയ ഒരു ചാടുണ്ട് (റാട്ട)വീട്ടില്‍. ഭാര്യ ട്യൂഷന്‍ എടുക്കുന്നതു വഴി കിട്ടുന്നതാണ് ചെറുതെങ്കിലും ഇതിനു പുറമേയുളള മറ്റൊരു വരുമാനം.

ഇരുപത്തി ഒന്നുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ക്രിസ്തുവിനെ എങ്ങനെ കാണുന്നു? പഴയ ചിന്തകളില്‍ നിന്ന് മാറ്റമുണ്ടോ?

ക്രിസ്തുവിനെ ഞാന്‍ കാണുന്നത് പഴയ പോലെ തന്നെയാണ്. ഒരു മാറ്റവുമില്ല. ക്രിസ്തുവെനിക്ക് സാധാരണ ഒരു മനുഷ്യനാണ്. ദൈവപുത്രനല്ല. വിപ്ലവകാരിയുമല്ല. ഞാന്‍ ക്രിസ്തുവിനെ ആരാധിക്കുന്നുമില്ല.

ക്രിസ്തുമത വിശ്വാസിയല്ലേ? കുടുംബം എങ്ങനെ മതത്തോട് പ്രതികരിക്കുന്നു?

ക്രിസ്തുമതത്തോട് എനിക്ക് ഒരാഭിമുഖ്യവുമില്ല. ഞാന്‍ ക്രിസ്ത്യാനിയല്ല. ക്രിസ്തുമതത്തെ പ്രതിലോമപരമായി തന്നെയാണ് ഇപ്പോഴും കാണുന്നത്. ലോകമെങ്ങും ഇന്നു നടക്കുന്ന അതിക്രമങ്ങളില്‍, യുദ്ധങ്ങളില്‍, കടന്നു കയറ്റങ്ങളില്‍ ആ മതത്തിന് നിര്‍ണായക സ്വാധീനമുണ്ട്. ജന വിരുദ്ധമാണത്. കുടുംബത്തില്‍ ആരുടെ മേലും ഞാന്‍ എന്റെ നിലപാടുകള്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. അവര്‍ക്കു ഏതു വിശ്വാസവും പുലര്‍ത്താനുളള സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ പളളിയില്‍ പോകാം. അതൊക്കെ ഓരോരുത്തരുടെയും സ്വാതന്ത്ര്യം. എന്തായാലും കുടുംബത്തിലാരും ക്രിസ്തുമതത്തോട് വലിയ ആഭിമുഖ്യമൊന്നും കാണിക്കുന്നില്ല.

ചിട്ടവട്ടങ്ങളൊക്കെയുളള മതമാണ് ക്രിസ്തുമതം. കുറേയൊക്കെ കര്‍ശനവും.അതിനെ എത്രമാത്രം നിങ്ങള്‍ക്ക് നിഷേധിക്കാനാവും?

ഇതുവരെ ഞാന്‍ മതത്തെ നിഷേധിച്ചിട്ടുണ്ട്. അതു തുടരാനാണ് ഭാവം. പളളി പക്ഷെ അത്തരം സമീപനമല്ല സ്വീകരിക്കുക. മക്കളുടെ വിവാഹം, മരണം തുടങ്ങിയ ആവശ്യങ്ങള്‍ വരുമ്പോള്‍ പിടിമുറുക്കും. ചിലപ്പോള്‍ അവര്‍ ബുദ്ധിപൂര്‍വമായ നിശബ്ദതയും പാലിച്ചേക്കാം. പക്ഷെ ഞാനിതൊന്നും ഗൗനിക്കുന്നില്ല. വരുന്നിടത്തു വച്ചു കാണാം. അതെന്തായാലും ഞാന്‍ കരുതുന്നത് അവര്‍ എനിക്ക് തെമ്മാടിക്കുഴി നല്‍കുമെന്നാണ്. തന്നാല്‍ വളരെ സന്തോഷം.


യാഥാസ്ഥിതികരും അല്ലാത്തവരുമായ ക്രിസ്തുമത വിശ്വാസികള്‍ ഇപ്പോള്‍ താങ്കളെ എങ്ങനെ പരിഗണിക്കുന്നു?

പുരോഗമനക്കാരായ ക്രിസ്തുമത വിശ്വാസികള്‍ക്ക് ശത്രുതാ മനോഭാവമൊന്നുമില്ല. എന്നാല്‍ യാഥാസ്ഥിതികര്‍ക്ക് ശത്രുതാ മനോഭാവം തന്നെയാണുളളത്. തങ്ങളുടെ മതത്തെ തകര്‍ക്കാന്‍ വന്ന ഒരാള്‍ എന്ന ഭാവമാണ്. പക്ഷെ പഴയതില്‍ നിന്ന് വ്യത്യസ്തമായി ബുദ്ധിപരമായ നിശബ്ദത പാലിക്കുക എന്ന സമീപനമാണ് അവര്‍ക്ക് കൂടുതലായുളളത്. ഞാന്‍ പൊതുവേദികളില്ലൊം മതത്തെയും സഭയെയും ചോദ്യം ചെയ്യാറുണ്ട്. പക്ഷെ അവര്‍ അവസരം കിട്ടിയാല്‍ ആഞ്ഞടിക്കും. അടുത്തിടെ നാടകയാത്രയുമായി പോകുമ്പോള്‍ ഒരനുഭവമുണ്ടായി. പളളിക്കെതിരെ പ്രസംഗിച്ചുവെന്നാരോപിച്ച് കോതാട് എന്ന സ്ഥലത്ത് പ്രമാണിയായ ഒരു ക്രിസ്ത്യാനി സംഘമായി വന്നു തടയാനൊക്കെ ശ്രമിച്ചിരുന്നു. അത്തരം ചില അനുഭവങ്ങളുണ്ട്. പക്ഷെ അവര്‍ക്ക് ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ ജനങ്ങളുടെ ബോധം ശക്തമാണ്.


അവസാനമായി, യുക്തിയെ അല്‍പം മാറ്റി നിര്‍ത്തി ഒരു സാങ്കല്‍പ്പിക ചോദ്യം. ഇനിയൊരു ജന്മം ഉണ്ടാകുമെന്നു കരുതുക. എന്താവണം താങ്കള്‍ക്ക്?

പി.എം. ആന്റണിയായി തന്നെ എനിക്ക് ജീവിക്കണം. (ഉത്തരം പറയാന്‍ ഒരു നിമിഷം പോലും ആന്റണി എടുത്തില്ല). കൂടുതല്‍ ശക്തമായ നാടകങ്ങളുമായി ജനങ്ങള്‍ക്കിടയില്‍ നാടകക്കരനായി ജീവിച്ചു മരിക്കണം. അന്ന് ഞാന്‍ ചെയ്യുന്ന നാടകങ്ങള്‍ക്ക് ജനങ്ങളെ മൊത്തത്തില്‍ നയിക്കാനാവണം. നാടകക്കാരനായ, ആക്റ്റിവിസ്റ്റായ ആന്റണിയല്ലാത്ത ഒരു ജീവിതവും എനിക്കു വേണ്ട.
Mathrubhumi weekly
2007 June 17

No comments:

Post a Comment