Saturday, July 17, 2010

ഞങ്ങള്‍ ചോരക്കടല്‍ നീന്തുന്നു

അഭിമുഖം
ഹൈഫ സന്‍ഗാന/ബിജുരാജ്


സദ്ദാം ഹുസൈന്‍ ഭരണകാലത്തെ രാഷ്ട്രീയ തടവുകാരിയും മനുഷ്യാവകാശ പോരാളിയും മുപ്പതുവര്‍ഷക്കാലമായി പ്രവാസിയുമായ ഇറാഖി നോവലിസ്റ്റ് ഹൈഫ സന്‍ഗാനയുമായി നടത്തിയ സംഭാഷണം.

അമേരിക്കന്‍ ബോംബു വര്‍ഷത്തില്‍ വെന്തു കരിഞ്ഞ ഒരു പാവം ഇറാഖി കുരുന്നിന്റെ ചിത്രം വേദനയായി വേട്ടയാടുന്നതിനിടയിലാണ് ഹൈഫ സന്‍ഗാനയുടെ മറുപടി ആദ്യം വരുന്നത്. സദ്ദാം ഹുസൈന്‍ പിടിയിലാകുന്നതിനും മാസങ്ങള്‍ക്ക് മുമ്പാണ് അത്. ഇമെയിലില്‍ ചുരുങ്ങിയ വാചകങ്ങള്‍. '' ഞങ്ങള്‍ അതിഥികളെ സ്വീകരിക്കും. എന്നാല്‍ തങ്ങളുടെ ഭാരമേറിയ ബൂട്ടുകള്‍കൊണ്ട് ഞങ്ങളുടെ വര്‍ത്തമാനത്തെ ചവിട്ടിമെതിക്കുന്നവര്‍ക്ക് മാപ്പ് നല്‍കില്ല. എന്റെ ജനങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യും.''
അല്‍പ്പം മുമ്പ് വായിച്ചു നിര്‍ത്തിയത് വേറൊരു ഇറാഖി സ്ത്രീയുടെ വാക്കുകളാണ്. ഞങ്ങള്‍ നാടുവിടുകയാണ്. ഇവിടെ നിറയെ മരണം മാത്രമാണ്. ഇനിയൊരിക്കലും നല്ല ദിനങ്ങള്‍ ഉണ്ടാവില്ല- എന്നിങ്ങനെയായിരുന്നു ആ കുറിപ്പ്. പക്ഷെ ഹൈഫ സന്‍ഗാനയ്ക്ക് എങ്ങനെ ഇത്രയേറെ പ്രതീക്ഷയും ജനകീയ മുന്നേറ്റത്തില്‍ വിശ്വാസവും വച്ചുപുലര്‍ത്താനാകുന്നു? ചോരക്കടല്‍ മുമ്പില്‍ പരന്നു കിടക്കുമ്പോഴും കബന്ധങ്ങള്‍ പിന്നിലായി മലകള്‍ പോലെ കുന്നുകൂടുമ്പോഴും അവര്‍ ശുഭാപ്തി വിശ്വാസിയാണ്. മുപ്പതുവര്‍ഷക്കാലമായി പ്രവാസിയാണെങ്കിലും അവരിപ്പോഴും അതേ ആര്‍ജവം പുലര്‍ത്തുന്നു. ചെറുത്തുനില്‍പ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ ഇറാഖില്‍ നിന്നു വരുമ്പോള്‍ നമ്മളും ഹൈഫയുടെ വിശ്വാസത്തിനു പിന്നിലാകുന്നു.
ഹൈഫ സന്‍ഗാന ഒരിക്കലും ചാഞ്ചാടാത്ത, നിഷേധിയായ, കരുത്തയായ രാഷ്ട്രീയക്കാരിയാണ്. അതിലേറെ തുലനം സാധ്യമല്ലാത്ത അസാമാന്യയായ എഴുത്തുകാരിയുമാണ്. ഒരു പക്ഷേ വേട്ടയാടപ്പെടുന്ന കുര്‍ദിസ്ഥാനില്‍ ജനിച്ചതാവാം ഈ അചഞ്ചലതയ്ക്കു പിന്നില്‍. കുര്‍ദുകള്‍ എന്നും ക്രൂരമായ ആക്രമണത്തിനും രാസായുധ പ്രയോഗത്തിനും വിധേയരാക്കപ്പെട്ടവരാണ്. വിദ്യാര്‍ത്ഥികാലത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ സജീവമായിരുന്ന ഹൈഫയെ സദ്ദാം ഹുസൈന്റെ ഭരണം തടവിലടച്ചിരുന്നു. തുടര്‍ച്ചയായി പീഡിപ്പിച്ചു. വധശിക്ഷയില്‍ നിന്ന് കഷ്ടിച്ചാണ് അവര്‍ രക്ഷപെട്ടത്. ജയില്‍ മോചിതയായെങ്കിലും വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുമുലം നിരന്തരമായി അവര്‍ വീണ്ടും പീഡിപ്പിക്കപ്പെട്ടു. തന്റെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാകുമെന്നു കണ്ടപ്പോഴാണ് ഹൈഫ സിറിയയിലേക്ക് കടക്കുന്നത്. അവിടെ ഫലസ്തീന്‍ വിമോചനപ്പോരാളികള്‍ക്കൊപ്പം പോരാട്ടത്തില്‍ പങ്കെടുത്തു. ജീവിതം ആ നാട്ടിലും ദുസഹമായപ്പോള്‍ പിന്നീട്, 1976 ല്‍ ബ്രിട്ടനിലേക്ക് കടന്നു.
ലണ്ടനില്‍ പ്രവാസിയായി കഴിയുന്ന അവര്‍ ഇറാഖ് പ്രശ്‌നത്തെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിവരികയാണ്. ജനാധിപത്യത്തിന്റെയും വിമോചനത്തിന്റെയും ഭാഗത്താണ് എന്നത് ഹൈഫയെ നമുക്ക് സ്വീകാര്യയാക്കുന്നു. ഭാവി ഇറാഖിന്റെ നല്ല മാതൃകയെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. വലത്തേക്ക് ചായാത്ത മനസ്, പൂര്‍ണ സ്വാതന്ത്ര്യമെന്നാവശ്യം, സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് ക്രമം ഇറാഖില്‍ വരണമെന്നുളള രാഷ്ട്രീയ നിലപാട്, മനുഷ്യാവകാശത്തെപ്പറ്റിയുളള സാര്‍വദേശീയ നിലപാടുകള്‍, മര്‍ദ്ദിതര്‍ക്കൊപ്പമുളള മനസ്, വിട്ടുവീഴ്ചയില്ലാത്ത ജനാധിപത്യബോധം, മതമൗലികവാദത്തോടുളള കടുത്ത എതിര്‍പ്പ്, സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റിയുളള വ്യക്തമായ കാഴ്ചപ്പാട്, ബ്രിട്ടനില്‍ നിന്ന് സാമ്രാജ്യത്വ ചൂഷണങ്ങള്‍ക്കും അതിക്രമത്തിനുമെതിരെയുളള പോരാട്ടം. ഇവയെല്ലാം ഹൈഫയെ നമുക്ക് പ്രിയപ്പെട്ടവളാക്കുന്നു. അമേരിക്കന്‍ നേതൃത്വത്തിലുളള അധിനിവേശ സേന തന്റെ രാജ്യത്തില്‍ നിന്ന് എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് അവര്‍ ഉറക്കെ പറയുന്നു. പകരം സദ്ദാമിന്റെ സേച്ഛാധിപത്യമോ മതഭരണമോ വേണമെന്ന് അവര്‍ ഒട്ടും ആഗ്രഹിക്കുന്നുമില്ല.
കഥാകൃത്ത്, പത്രപ്രവര്‍ത്തക, ചിത്രകാരി, ആക്റ്റിവിസ്റ്റ്, മനുഷ്യാവകാശ പ്രവര്‍ത്തക, സ്ത്രീപക്ഷ എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് 56 കാരിയായ ഹൈഫ. കുര്‍ദ്-അറബ് വംശജയാണ്. നീണ്ടവര്‍ഷങ്ങള്‍ക്കു ശേഷം 2004 ല്‍ ഇറാഖ് സന്ദര്‍ശിച്ചു.
അറബിയിലാണ് രചനകള്‍ നടത്തിയിരുന്നത്. ഇപ്പോള്‍ ഇംഗ്ലീഷിലും എഴുതുന്നു. ദ ആന്റ്‌സ് നെസ്റ്റ് (1997), ദ പ്രസന്‍സ് ഓഫ് അതേഴ്‌സ് (1999), ബിയോണ്ട് വാട്ട് ഐയിസ് സീസ് (1997) എന്നീ കഥാസമാഹാരങ്ങളും ത്രൂ ദ വാസ്റ്റ് ഹാള്‍സ് ഓഫ് മെമ്മറി (1991), ബാഗ്ദാദ് മൈ ബാഗ്ദാദ്, കിയീസ് ടു അ സിറ്റി (2000), വിമണ്‍ ഇന്‍ എ ജേര്‍ണി(2001) എന്നീ നോവലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്റ്റ് ടുഗദര്‍ എന്ന സംഘടനയുടെ സ്ഥാപകരിലൊരാളാണ്.ഹൈഫ സന്‍ഗാനയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:

പോരാട്ടം, തടവറ, കുടിയേറ്റം

ആക്റ്റിവിസ്റ്റായ എഴുത്തുകാരിയാണ് നിങ്ങള്‍. ഇത്തരമൊരു വ്യക്തിത്വ രൂപീകരണത്തില്‍ ജന്മ പശ്ചാത്തലം എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ട്?

കുര്‍ദിസ്ഥാനില്‍ തണുത്ത മലകളുളള നാട്ടിലാണ് ഞാന്‍ ജനിച്ചത്. അമ്മ ബാഗ്ദാദ്കാരിയും അച്ഛന്‍ കുര്‍ദു വംശജനുമാണ്. അതുകൊണ്ട് ഇറാഖ്-കുര്‍ദു വംശജ എന്നു പറയാം. കുര്‍ദുകളോടാണ് എന്നും എനിക്ക് മാനസിക ഐക്യം. എന്റെ എല്ലാ പിന്തുണയും തുടക്കം മുതല്‍ക്കേ അവര്‍ക്കാണ്. കാരണം അവരെന്നും പരാജയമടയുന്ന ഒരു വശത്തായിരുന്നു. അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗത്തിനൊപ്പമാണ് ഞാനെന്നും എന്റെ സ്ഥാനം കണ്ടെത്തുന്നത്. അതിന് കുര്‍ദ് അസ്ഥിത്വവും കാരണമായിട്ടുണ്ടാവാം. സ്വയം ഇറാഖുകാരിയണെന്ന തിരിച്ചറിവും അതേ പോലെ തന്നെ പ്രധാനപ്പെട്ടതാണ്.

എന്താണ് കുര്‍ദുകളുടെ അവസ്ഥ? അവരുടെ പോരാട്ടങ്ങള്‍ എത്തരത്തിലുളളതാണ്?

ലോകത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതകളിലൊന്നാണ് കുര്‍ദുകള്‍. ദയനീയമാണ് അവരുടെ അവസ്ഥ. തുര്‍ക്കി, ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളോട് സ്വതന്ത്ര കുര്‍ദിസ്ഥാനായി പോരാടുന്ന അവരെ ഭീകരമായിട്ടാണ് അടിച്ചമര്‍ത്തുന്നത്. ഭീകരരായിട്ടാണ് ഈ രാജ്യങ്ങളും മറ്റ് സാമ്രാജ്യത്വ ശക്തികളും അവരെ കാണുന്നതും. ആയിരക്കണക്കിന് കുര്‍ദ് ജനങ്ങള്‍ വിവിധ രാജ്യങ്ങളിലായി അഭയാര്‍ത്ഥികളാണ്. പലായനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അവര്‍ക്കു നേരെ നടക്കുന്ന അക്രമങ്ങളെപ്പറ്റി ലോകം ശ്രദ്ധിക്കുന്നുപോലുമില്ല. സദ്ദാം ഹുസൈന്‍ അവര്‍ക്കു നേരെ രാസായുധം വരെ പ്രയോഗിച്ചിരുന്നു. നിരവധി കൂട്ടക്കൊലകള്‍ അവര്‍ക്കെതിരെ നടന്നു. ആദ്യ കാലത്ത് ഇറാഖിലെ പൊതുജീവിതത്തില്‍ കുര്‍ദുകള്‍ പ്രധാന പങ്കുവഹിച്ചിരുന്നു. 1958 ല്‍ രാജഭരണം തകര്‍ത്തെറിയുന്നതില്‍ കുര്‍ദുകളാണ് മുഖ്യ പങ്ക് വഹിച്ചത്. ബാഗ്ദാദില്‍ വിദ്യാര്‍ത്ഥികള്‍ ആക്കാലങ്ങളില്‍ തങ്ങളുടെ രണ്ടാം ഭാഷയായി പഠിച്ചിരുന്നത് കുര്‍ദു ഭാഷയായിരുന്നു. എഴുത്തുകാരുടെ ഐക്യവും തഴച്ചുവളര്‍ന്നിരുന്നു. കുര്‍ദുകളില്‍ നല്ല പങ്ക് എന്നും കമ്യൂണിസ്റ്റുകളാണ്. സൈനികഭരണാധികാരിയായ കസ്സീമാണ് പീന്നീട് കുര്‍ദുകള്‍ക്കെതിരെ അക്രമങ്ങള്‍ തുടങ്ങുന്നത്. ഇസ്രായേല്‍ പക്ഷക്കാരെന്ന് ആരോപിച്ചുകൊണ്ടായിരുന്നു അത്. ഇറാഖി ഭരണാധികാരികള്‍ ആക്രമണം തുടങ്ങിയപ്പോള്‍ അവര്‍ക്ക് മലകളിലേക്ക് പിന്തിരിയേണ്ടി വന്നു. അവടെ നിന്ന് അവര്‍ തങ്ങളുടെ വിപ്ലവം ഇപ്പോഴും വിട്ടുവീഴ്ചയില്ലാതെ നടത്തിക്കൊണ്ടിരിക്കുകയാണ്. സായുധമായും അല്ലാതെയും. സദ്ദാം ഹുസൈനാണ് കുര്‍ദുകളുടെ ശബ്ദം സാവധാനം ഇല്ലാതാക്കിയത്. രാസായുധ പ്രയോഗമുള്‍പ്പടെയുളള ക്രൂരതകളെല്ലാം കുര്‍ദുകള്‍ക്കെതിരെ അയാള്‍ ചെയ്തത് അമേരിക്കന്‍ പിന്തുണയോടെയായിരുന്നു. പിന്നീടാണ് സദ്ദാം അമേരിക്കയ്ക്ക് ശത്രുവാകുന്നത്.
തന്റെ മാത്രം ശബ്ദം മുഴങ്ങുന്നതിനുവേണ്ടി കുര്‍ദു പ്രശ്‌നമുള്‍പ്പടെയുളള എല്ലാ സംവാദങ്ങളും സദ്ദാം പതിയെ അവസാനിപ്പിച്ചു. ബാത്ത് ഭരണം എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ശബ്ദം എടുത്തുമാറ്റി.

കുര്‍ദുകളുടെ അതിജീവന സമരത്തില്‍ നിങ്ങളുടെ പങ്ക് എന്താണ്? എപ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്്?

ഞാന്‍ ആദ്യം മുതല്‍ക്കേ കുര്‍ദുകള്‍ക്കൊപ്പമായിരുന്നു. വിദ്യാര്‍ത്ഥികാലത്താണ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. അക്കാലത്ത് ഞാന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയിലാണ്. എന്നാല്‍ അത് സോവിയറ്റ് പക്ഷ ഗ്രൂപ്പായിരുന്നില്ല. അവര്‍ ബാത്ത് ഭരണകൂടവുമായി കുട്ടുചേര്‍ന്ന് ഞങ്ങളെ വഞ്ചിച്ചു. കേവല അധികാരം മാത്രമായിരുന്നു അന്ന് കമ്യൂണിസ്റ്റുകളുടെ ലക്ഷ്യം. സദ്ദാം ഹുസൈന്‍ അധികാരം പിടിച്ചെടുക്കുന്നതോടെയാണ് ഇറാഖിന്റെ പൊതു അവസ്ഥ മാറുന്നത്. സദ്ദാമിനെ താഴെയിറക്കാന്‍ 35 വര്‍ഷത്തെ പോരാട്ടം കുര്‍ദുകളുള്‍പ്പടെയുളള ഇറാഖികള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അധിനിവേശ സേനയെ തുരത്താനും അവര്‍ പോരാടുന്നു. ഞാനൊരിക്കലും പോരാട്ടത്തില്‍ നിന്ന് ഒഴിഞ്ഞു നിന്നിട്ടില്ല. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പോരാട്ടക്കാര്‍ക്കൊപ്പം ഞാനുമുണ്ട്. സ്വതന്ത്ര കുര്‍ദിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്ന ആളാണ് ഞാനും.

സദ്ദാം ഹുസൈന്റെ കാലത്ത് എന്തുകൊണ്ടാണ് നിങ്ങള്‍ തടവിലടക്കപ്പെട്ടത്? മോചനം പിന്നീട് എങ്ങനെ സാധ്യമായി?

സദ്ദാം ഭരണത്തോട് കടുത്ത എതിര്‍പ്പുളള ജനാധിപത്യ പക്ഷത്താണ് ഞാനുണ്ടായിരുന്നത്. സേച്ഛാധിപത്യത്തെ അധികാരത്തില്‍ നിന്ന് നീക്കി ജനാധിപത്യ, സോഷ്യലിസ്റ്റ് ക്രമം നടപ്പിലാക്കണമെന്നാണ് എന്നും എന്റെ നിലപാട്. കമ്യൂണിസ്റ്റ് നിലപാട് എന്നു പറയാം. എഴുപതുകളുടെ ആദ്യം ഈ രാഷ്ട്രീയ നിലപാടുകള്‍ സദ്ദാം ഹുസൈന് വച്ചു പുലര്‍ത്താനാകുമായിരുന്നില്ല. അതുകാരണം ബാത്ത് ഭരണകൂടം എന്നെ തടവറയിലടച്ചു. എന്നെ മാത്രമല്ല, ഈ നിലപാടുയര്‍ത്തിയ ഒരുമാതിരിപ്പെട്ട എല്ലാവരെയും. അബുഗരീബ് ജയിലിലാണ് അടയ്ക്കപ്പെട്ടത്. എന്നാല്‍ വധശിക്ഷയില്‍ നിന്ന് ഭാഗ്യംകൊണ്ട് രക്ഷപെട്ടു. ബാത്തിസ്റ്റുകള്‍ക്ക് അധികാരമുറപ്പിക്കണമെങ്കിലും മേല്‍ക്കൈ നേടണമെങ്കിലും ഇടതുകളുടെ പിന്തുണ ആവശ്യമായിരുന്നു. അക്കാരണത്താലാണ് അവരെന്നെ വധശിക്ഷയില്‍ നിന്നും പിന്നീട് തടവില്‍ നിന്നും ഒഴിവാക്കുന്നത്.

തടവറയിലെ ജീവിതം എങ്ങനെയായിരുന്നു? പുറത്തുവന്നശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തുടരുകയായിരുന്നോ?

തടവറ തീര്‍ത്തും ഭീകരമായിരുന്നു. അവിടെ നേരിട്ട അവമാനത്തെപ്പറ്റി, പീഡനങ്ങളെപ്പറ്റി പറയാനാവില്ല. മൂത്രത്തിനും മലത്തിനും ഇടയില്‍ മൃഗതുല്യ ഉറക്കത്തെപ്പറ്റി എങ്ങനെയാണ് പറയാനാകുക? നാഡികളിലും പേശികളിലും ഉള്ള മനസിന്റെ സ്വാധീനം നഷ്ടമായി, ഭയം കാട്ടുപുല്ലിനെപ്പോല്‍ വളര്‍ന്നതിനെപ്പറ്റി വിവരിക്കാനാകുമോ? മുപ്പതുവര്‍ഷത്തിലേറെയായി ഞാനെന്നും പുലര്‍ച്ചെ രണ്ടുമണിക്കാണ് എഴുന്നേല്‍ക്കുന്നത്. സെല്ലില്‍ നിന്ന് പുറത്തിറക്കി ചോദ്യം ചെയ്യാന്‍ കൊണ്ടുപോയിരുന്നത് ആ സമയത്താണ്. എനിക്കെന്നും അടിച്ചമര്‍ത്തപ്പെട്ടതായി തന്നെയാണ് തോന്നുന്നത്. അതൊരിക്കലും മാറുന്നില്ല. 30 വര്‍ഷമായി ബ്രിട്ടനിലാണ് കഴിയുന്നതെങ്കിലും തടവറയില്‍ നിന്നു പുറത്തുവന്നിട്ടില്ലെന്ന തോന്നലാണ് എന്നിലുളളത്.
തടവറയില്‍ നിന്നു പുറത്തു വന്നപ്പോള്‍ ഞാന്‍ ഇറാഖില്‍ തന്നെ തുടര്‍ന്നു. പഠിത്തം പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം. എന്നാല്‍ രാഷ്ട്രീയ നിലപാടില്‍ അയവൊന്നുമുണ്ടായിരുന്നില്ല. രഹസ്യമായിട്ടായിരുന്നു പ്രവര്‍ത്തനം. സുരക്ഷാസേനയുടെ മുഖ്യ ആസ്ഥാനത്ത് അവരെന്നെ പതിവായി വിളിപ്പിച്ചു. ഞാനവിടെ ചോദ്യംചെയ്യപ്പെടുന്നവരെ കസേരയിലിരിക്കണം. ആളുകള്‍ അറസ്റ്റുചെയ്യപ്പെടുന്നതും അപമാനിക്കപ്പെടുന്നതും ഞാന്‍ കണ്ടു. എപ്പോഴാണ് തടവിലടക്കപ്പെടുന്നതെന്നോ മോചിപ്പിക്കപ്പെടുകയെന്നോ ആര്‍ക്കും അറിയില്ല. അവര്‍ ഭയപ്പെടുത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചിരുന്നത്. അധികകാലം അവിടെ തുടരാനാവില്ലെന്നു കണ്ട ഞാന്‍ സിറയിയിലേക്ക് കടന്നു. ഫലസ്തീന്‍ വിമോചന സംഘടനയ്ക്കു (പി.എല്‍.ഒ) വേണ്ടി പ്രവര്‍ത്തിച്ചു. പിന്നീട് 1976ല്‍ ഞാന്‍ ബ്രിട്ടനിലേക്ക് കുടിയേറി.

ബ്രിട്ടനില്‍ എത്തിയശേഷം നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്തരത്തിലായിരുന്നു? അധിനിവേശ ആക്രമണങ്ങള്‍ തടയാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നോ?

ബ്രിട്ടനില്‍ സുരക്ഷിതയാണെന്നും ഇവിടെയുളള ജനാധിപത്യം മഹത്താണെന്നും ഒരിക്കല്‍ ഞാന്‍ വിശ്വസിച്ചിരുന്നു. ആദ്യമായി വോട്ടുചെയ്ത ദിവസം ഒരിക്കലും മറക്കാനാവില്ല. അന്ന് ഞാന്‍ അതിരാവിലെ എഴുന്നേറ്റു. കൊച്ചുമകളെ ഉന്തുകസേരയിലിരുത്തിക്കൊണ്ടാണ് വോട്ടെടുപ്പ് സ്ഥലത്തേക്കു പോയത്. ആദ്യം വോട്ടുചെയ്തത് ഞാനായിരുന്നു. വോട്ട് ചെയ്തത് ലേബര്‍ പാര്‍ട്ടിക്കാണ്. വിജയിച്ചത് പക്ഷേ യാഥാസ്ഥിതികരും.
എനിക്കെന്റേതായ ജീവിതത്തിലേക്കും എഴുത്തിലേക്കും മാത്രം ഒതുങ്ങണമെന്നായിരുന്നു എന്നും ആഗ്രഹം. ഒരു മൂലയിലിരുന്ന് ലോകത്തെ കാണുന്നതാണ് എനിക്കിഷ്ടം. പക്ഷേ എനിക്ക് നിശബ്ദയായി ഇരിക്കാനാവുമായിരുന്നില്ല.
സി.ഐ.എ. പരിശീലിപ്പിച്ച ചെറുപ്പക്കാരായ ഇറാഖികള്‍ സമ്മേളനങ്ങളില്‍ യാന്ത്രികമായി സംസാരിക്കുന്നതു കണ്ടപ്പോഴാണ് ആദ്യകാലങ്ങളില്‍ എനിക്ക് സംസാരിക്കേണ്ടതായി വന്നത്. ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്‌നം പരിഹരിക്കുന്നതിനേക്കാള്‍ പ്രധാനം സദ്ദാം ഹുസൈനെ നീക്കം ചെയ്യേണ്ടതാണെന്നാണ് അവരെക്കൊണ്ട് സി.ഐ.എ പറയിപ്പിച്ചിരുന്നത്. ഒരു വികാരവുമില്ലാതെയാണ് അവരുടെ സംസാരം. അതിനോടുളള രോഷമാണ് എന്നെക്കൊണ്ട് സംസാരിപ്പിച്ചത്.
സദ്ദാം ഹുസൈന്‍ ചെയ്്തതു തന്നെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണിബ്ലെയറും ചെയ്യുന്നത്. തന്റെ വിധി കര്‍ത്താവ് ചരിത്രമാണെന്ന് അദ്ദേഹവും പറയുന്നു. കാഴ്ചപ്പാടുകളുളള മനുഷ്യരെ അവര്‍ ഭയപ്പെടുന്നു. ആര്‍ക്കും കാണുന്നതിനേക്കാള്‍ നന്നായി തനിക്ക് കാണാനാകുമെന്നും തന്റെ കാഴ്ചപ്പാടുകള്‍ ഈ ലോകത്തിനപ്പുറം ചരിത്രത്തിലേക്ക് നീങ്ങുന്നതാണെന്നുമാണ് സദ്ദാമിനെപ്പോലെ ബ്ലെയറും അവകാശപ്പെടുന്നത്.
അദ്ദേഹവും ഞങ്ങളുടെ വിമത ശബ്ദങ്ങളെ അവഗണിച്ചു. കലാകാരന്‍മാരും അക്കാദമിസ്റ്റുകളും ബുദ്ധിജീവികളുമായ 160 പേര്‍ ഒപ്പിട്ട ഒരു കത്ത് അധിനിവേശ ആക്രമണം തുടങ്ങുന്നതിനു മുമ്പ് ഞങ്ങള്‍ അദ്ദേഹത്തിന് അയച്ചു. എന്നാല്‍ ടോണി ബ്ലെയര്‍ അത് അവഗണിച്ചു. ബ്രിട്ടനിലെ ഇറാഖികളെ മുഴുവന്‍ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു ചെറുസംഘം യുദ്ധം നടത്തണമെന്ന്് അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ആ വാചകങ്ങള്‍ എടുത്തുകാട്ടിയാണ് ബ്ലെയര്‍ അധിനിവേശത്തെ ന്യായീകരിച്ചത്. ഇറാഖില്‍ ജനാധിപത്യത്തിനു സംഭവിച്ചതാണ് ഇവിടെ ബ്രിട്ടനിലും സംഭവിക്കുന്നത്. സദ്ദാം ചെയ്തിനെയെല്ലാം ഞാന്‍ വെറുക്കുന്നു. അതിനൊപ്പം ഞാന്‍ ബുഷും ബ്ലെയറും ചെയ്യുന്നതെല്ലാം വെറുക്കുന്നു. പൊതുസമ്മേളനത്തിലും മാധ്യമങ്ങളിലൂടെയും എനിക്ക് തുടര്‍ച്ചയായി സംസാരിക്കേണ്ടതുണ്ട്. നിശബ്ദയായിരുന്നാല്‍ ലോകം സത്യമറിയാതെ പോകും. കുറഞ്ഞപക്ഷം ഇവിടെയുളളവരെങ്കിലും. ഇറാഖിനെതിരെയുളള യുദ്ധത്തിനും ഉപരോധത്തെയും എതിര്‍ക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ആക്റ്റ് ടുഗതര്‍ എന്ന സംഘടയുടെ സ്ഥാപകരിലൊരാളാണ് ഞാനും. യുദ്ധവിരുദ്ധ പ്രകടനങ്ങളും അധിനിവേശ വിരുദ്ധ പ്രതിഷേധങ്ങളും ഞാനുള്‍പ്പടെയുളളവര്‍ ആദ്യം മുതല്‍ക്കേ സംഘടിപ്പിച്ചുവരികയാണ്.

സദ്ദാം, ബുഷ്, അധിനിവേശം

സദ്ദാം ഹുസൈന്‍ ഇന്ന് വിചാരണ നേരിടുകയാണ്. എങ്ങനെ കാണുന്നു ഇപ്പോള്‍?

അമേരിക്കന്‍ നേതൃത്വത്തിലുളള അധിനിവേശ സേന എത്രയും പെട്ടന്ന് ഇറാഖ് വിട്ടൊഴിയണം. അവര്‍ക്കെന്തവകാശമാണ് സദ്ദാമിനെ വിചാരണ ചെയ്യാന്‍. സദ്ദാമിനെ അധികാര ഭ്രഷ്ടനാക്കേണ്ടതും വിചാരണചെയ്യേണ്ടതും ഇറാഖി ജനതയാണ്. ഞങ്ങള്‍ക്കുവേണ്ടി അതാരും ചെയ്യേണ്ടതില്ല. ഞങ്ങളാരുടെയും സഹായം ആവിശ്യപ്പെട്ടിട്ടില്ല.
ഞാനൊരു സദ്ദാം ഹുസൈന്‍ പക്ഷക്കാരിയല്ല. എന്നും കടുത്ത സദ്ദാം വിരോധിയായിരുന്നു. അതിനര്‍ത്ഥം സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കുകയും ഇറാഖിനെ അധിനിവേശപ്പെടുത്തുകയും ചെയ്ത അമേരിക്കന്‍ നേതൃത്വത്തിലുളള കടന്നുകയറ്റക്കാരോട് എനിക്കെന്തെങ്കിലും അനുകൂല മനോഭാവമാണുളളതെന്നല്ല.
എന്റെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് ഒരവകാശവുമില്ല. സദ്ദാമിന്റെ പതനം ഞങ്ങള്‍ തന്നെ നിര്‍വഹിക്കേണ്ടിയിരുന്ന കാര്യമാണ്. ഞങ്ങളവിടേക്കു തന്നെ എത്തുമായിരുന്നു. മുപ്പത്തഞ്ച് വര്‍ഷമായി ജനങ്ങള്‍ ആ പോരാട്ടം നടത്തിവരികയായിരുന്നു. ദശാബ്ദങ്ങളോളം പാശ്ചാത്യരുടെ പിന്തുണകിട്ടി എന്നതിനാലും പിന്നീട് 13 വര്‍ഷത്തെ ഉപരോധത്താല്‍ ദുര്‍ബലരാക്കപ്പെട്ടതിനാലുമാണ് സദ്ദാമിന്റെ ഭരണത്തിന് ഞങ്ങളെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞത്.
ഒരു നന്മയും സദ്ദാമിലുണ്ടായിരുന്നില്ല. ജനങ്ങള്‍ക്കു നേരെ രാസായുധങ്ങള്‍ സദ്ദാം പ്രയോഗിച്ചു. ചരിത്രത്തില്‍ അധികം ആരും ചെയ്യാത്ത ക്രൂരതയാണിത്. നൂറുകണക്കിനു പേര്‍ മരിച്ചു. നിരവധി പേര്‍ പലായനം ചെയ്തു. കലകാരന്‍മാരും എഴുത്തുകാരും അക്കാദമിസ്റ്റുകളും ബുദ്ധിജീവികളുമെല്ലാം സദ്ദാം ഹുസൈന്റെ പീഡനങ്ങള്‍ സഹിക്കാനാവാതെ നാടുവിട്ടു. എതിര്‍ത്ത എല്ലാവരെയും അയാള്‍ ഇല്ലാതാക്കി. ചെറിയ പ്രതിഷേധം പ്രകടിപ്പിച്ചവരെപ്പോലും ദീര്‍ഘകാലം തടവറയിലടച്ചു. അന്ന് സദ്ദാം ഹുസൈന്‍ അതെല്ലാം ചെയ്തത് പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെയായിരുന്നു. അല്ലെങ്കില്‍ അവര്‍ക്കുവേണ്ടി.
സദ്ദാം ഹുസൈനെ ഇപ്പോള്‍ അവര്‍ വിചാരണ ചെയ്യുന്നത് അസംബന്ധമാണ്. അമേരിക്ക ഉടന്‍ ഇറാഖില്‍ നിന്ന് പിന്‍മാറണം. സദ്ദാം ഹുസൈനെ വിചാരണചെയ്യണമോ വധിക്കണമോ എന്നൊക്കെ ഇറാഖി ജനത തീരുമാനിച്ചോളും.

അധികാര ഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈന് ഇന്ന് മറ്റൊരു പരിവേഷമാണുളളത് ?

സദ്ദാമിന് നായക പരിവേഷം ഈ പശ്ചാത്തലത്തില്‍ കിട്ടുക സ്വാഭാവികമാണ്. അത് അദ്ദേഹത്തിന്റെ നന്മകൊണ്ടൊന്നുമല്ല. നായക പരിവേഷം കിട്ടുന്നുണ്ടെങ്കില്‍ അതിനു കാരണം ലോകം അമേരിക്കയെ വെറുക്കുന്നു എന്നതു മാത്രമാണ്. അമേരിക്കയ്ക്ക് നേരെ ഉയരുന്ന ഓരോ ശബ്ദവും ലോകത്തെ ആവേശഭരിതമാക്കുന്നുണ്ട്. അതാണ് സദ്ദാമിന് ദേശീയ നായകന്റെ പരിവേഷം നല്‍കുന്നത്. പക്ഷെ അയാള്‍ ഇറാഖി ജനതയുടെ നേതാവല്ല. ക്രൂരനായ സേച്ഛാധിപതിമാത്രമാണയാള്‍. അദ്ദേഹം തിരിച്ചുവരണമെന്ന് ആരും ആഗ്രഹിക്കുന്നില്ല.

ആദ്യകാലത്ത് സദ്ദാം ഹുസൈന്‍ അമേരിക്കയുള്‍പ്പടെയുളള പാശ്ചാത്യരുടെ പ്രിയപ്പെട്ട ഭരണാധികാരിയായിരുന്നെന്ന് നിങ്ങള്‍ പറഞ്ഞു. പിന്നീടെന്തുകൊണ്ടാണ് അത് അങ്ങനെയല്ലാതായത്?

അതെ. ഇറാഖ് ആദ്യം പാശ്ചാത്യരുടെ പ്രിയപ്പെട്ടവളായിരുന്നു. പാശ്ചാത്യരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അവര്‍ക്ക് എണ്ണയുടെ സ്വതന്ത്ര വിപണി ഉറപ്പിക്കാനുമായി ഇറാഖ് പാശ്ചാത്യയുദ്ധം ഇറാനെതിരെ നടത്തിയിരുന്നു. മാര്‍ഗരറ്റ് താച്ചറിന്റെ കാലത്ത്. തങ്ങളുമായി സൗഹൃദത്തിലുളള സര്‍വാധിപതികളെ പിന്തുണയ്ക്കുകയും സൈനിക സാമ്രാജ്യത്വങ്ങളുമായുമായി ഊഷ്മള ബന്ധങ്ങള്‍ പുലര്‍ത്തുകയുമാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി താച്ചര്‍ ചെയ്തത്.
ഹലാബ്ജയില്‍ 1988 ല്‍ നടന്ന കൂട്ടക്കൊലയൊന്നും ഇവിടെ ആര്‍ക്കും പ്രശ്‌നമായിരുന്നില്ല. കുവൈറ്റ് അധിനിവേശത്തിനു മുമ്പ് ഇറാഖിലെ ജനങ്ങള്‍ മര്‍ദ്ദക ഭരണകൂടത്തെ പ്രതിരോധിക്കുക മാത്രമല്ല; മാറ്റത്തിനു വേണ്ടി തങ്ങളുടെ ജീവന്‍ ത്യാഗം ചെയ്യുകയായിരുന്നു. അവര്‍ പാശ്ചാത്യരോട് സഹായത്തിന് അഭ്യര്‍ത്ഥിച്ചിരുന്നു. അവരുടെ അഭ്യര്‍ത്ഥന ഇതായിരുന്നു: ബാത്ത് ഭരണകൂടത്തിന് ആയുധം നല്‍കുന്നത് നിര്‍ത്തണം. ആരും കേട്ടില്ല.
1990 ല്‍ ഇറാഖ് ഭരണകൂടം കുവൈറ്റ് അധിനിവേശപ്പെടുത്തിയപ്പോള്‍ മാത്രമാണ് അമേരിക്കയ്ക്കും ബ്രിട്ടനും സദ്ദാം ഹുസൈന്‍ ചെയ്തത് തെറ്റാണ് എന്നു തോന്നിയത്. അപ്പോഴവര്‍ അയാള്‍ തൊഴില്‍ കരാര്‍ ലംഘിച്ചതായി ഉറപ്പിച്ചു. 1991 ല്‍, ഇറാഖി ജനതയ്‌ക്കെതിരെ സാമ്രാജ്യത്വം നരകം കെട്ടഴിച്ചുവിട്ടു. ഇറാഖിന്റെ കുവൈറ്റ് ആക്രമണം അമേരിക്കയ്ക്ക് നല്ല അവസരം തുറന്നുകൊടുത്തു. അതുവഴി പൂര്‍ണമായി ഇറാഖിനെ നിയന്ത്രിക്കാമെന്നും എണ്ണയുടെ വിപണി കയ്യടക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. കുവൈറ്റിനോടുളള സ്‌നേഹമല്ല, മദ്ധ്യപൂര്‍വദേശത്തെ എണ്ണയില്‍ കണ്ണുവച്ചാണ് ഇറാഖിനെതിരെ ആക്രമണം നടത്തിയതും അധിനിവേശത്തിനൊരുങ്ങിയതും.

ഇറാഖ് അധിനിവേശം തുടങ്ങുന്ന കാലത്ത് പരസ്യമായി 'ഞാന്‍ എന്റെ മര്‍ദകനായ സദ്ദാം ഹുസൈനൊപ്പമാണെന്ന്' നിങ്ങള്‍ എഴുതുകയും പറയുകയും ചെയ്തിരുന്നു. അതെന്തുകൊണ്ടാണ്?

ശരിയാണ്. അമേരിക്ക ഇറാഖിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ എന്റെ പീഡകനായ സദ്ദാം ഹുസൈന്റെ പക്ഷത്താണ് നിലയുറപ്പിച്ചത്. ടോണി ബ്ലെയര്‍ ജനാധിപത്യത്തിന്റെയും ഇറാഖി ജനതയുടെയും സംരക്ഷകനായി സ്വയം പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ എന്തുകൊണ്ട് ഇറാഖിലെ സേച്ഛാധിപത്യ ഭരണകൂടത്തിനൊപ്പം നിന്നു? ഉത്തരം ലളിതമാണ്. ഇറാഖിന്റെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഇറാഖികള്‍ തന്നെയാണ്. ഒരു ജനതയ്ക്കാണ് തങ്ങളുടെ ഭരണാധികാരികളെ നിയമിക്കാനും അട്ടിമറിക്കാനും അവകാശം. അല്ലാതെ പുറത്തുനിന്നു വരുന്നവര്‍ക്കല്ല.
ലോകമെങ്ങും അക്രമം കാണിക്കുന്ന അമേരിക്ക അത് ഇറാഖിലും തുടരുകയാണ്. അവിടെ ക്രൂരമായ മനുഷ്യാവകാശ ലംഘനമാണ് അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന്്. വാണിജ്യ താല്‍പ്പര്യം മാത്രമാണവര്‍ക്കുളളത്. അധികാരത്തില്‍ സേച്ഛാധിപത്യമോ മറ്റെന്തുമായിക്കോട്ടെ അതിനെ മാറ്റിമറിക്കേണ്ടത് ആ രാജ്യത്തിലെ ജനങ്ങളാണ്. അവരാണ് അവരുടെ ഭാഗധേയം നിശ്ചയിക്കേണ്ടത്. ഞാനാവര്‍ത്തിക്കുന്നു: പുറത്തു നിന്നെത്തുന്നവരല്ല അതു ചെയ്യേണ്ടത്. ഒരര്‍ത്ഥത്തിലും അമേരിക്കന്‍ അധിനിവേശത്തെ എന്റെ നാട്ടിലെ ജനങ്ങള്‍ വകവച്ചുകൊടുക്കുമെന്നും കരുതേണ്ടതില്ല. അമേരിക്ക എത്രകാലം അവിടെ തുടരുമോ അത്രയും കാലം പഴയ അവസ്ഥയിലേക്കു തിരിച്ചുപോകുന്നത് വൈകും. സദ്ദാമിന്റൊപ്പം അക്കാലത്ത് നില്‍ക്കാന്‍ കാരണം സദ്ദാമിനോടുളള പ്രിയമൊന്നും കൊണ്ടല്ല. യഥാര്‍ത്ഥത്തില്‍ സദ്ദാമിന്റെപ്പമല്ല. ഇറാഖി ജനതയോടൊപ്പമാണ് ഞാന്‍ നിലകൊണ്ടത്.

സദ്ദാം ഹുസൈന്‍ തിരിച്ചുവരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. പകരം എത്തരത്തിലുളള ഭരണമാണ് നിങ്ങളും ഇറാഖി ജനതയും ആഗ്രഹിക്കുന്നത്?

സേച്ഛാധിപത്യത്തിനു പകരം ജനാധിപത്യമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് അതിലേക്ക് എത്തണമെങ്കില്‍ ആദ്യം അമേരിക്കന്‍ അധിനിവേശ സേന ഇറാഖ് വിട്ടൊഴിയണം. അതിനവര്‍ തയ്യാറല്ല. അതുകൊണ്ട് ഇപ്പോള്‍ മുമ്പിലുളള അടിയന്തര കടമ അധിനിവേശക്കാരെ പുറത്താക്കലാണ്.
വാസ്തവത്തില്‍ സദ്ദാം ഹുസൈന്റെ കാലത്ത് ഞങ്ങള്‍ തടവിലാക്കപ്പെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, ഞങ്ങളുടെ പ്രിയപ്പെട്ട പലരും വധിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ഞങ്ങളിത് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഭാവി ഇറാഖിന് ഞങ്ങള്‍ക്കൊരിക്കലും സദ്ദാമിന്റെ ഭരണക്രമം മാതൃകയല്ല. നീതിക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി, ജനാധിപത്യത്തിനുവേണ്ടിയുളള ഞങ്ങളുടെ അഭിലാഷങ്ങളുടെ അളവുകോലുമല്ല അത്. ഇറാഖികള്‍ ദശാബ്ദങ്ങളായി പോരാടിക്കൊണ്ടിരുന്നത് ഒരു പീഡകരെ മാറ്റി മറ്റൊരു പീഡകരെ സ്ഥാപിക്കാനല്ല.ഇറാഖ് കാഴ്ചകള്‍

അധിനിവേശം ചില കെട്ടിച്ചമച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടക്കുന്ന്. അമേരിക്കന്‍നേതൃത്വത്തിലുളള അധിനിവേശ സേന ഇറാഖിനെതിരെ നടത്തിയ അതിക്രമങ്ങള്‍ എന്തൊക്കെയാണ്?

യുദ്ധത്തെ ന്യായീകരിക്കാനായി കൂട്ടനശീകരണായുദ്ധങ്ങളെപ്പറ്റി നുണകള്‍ ശരിക്കും പ്രയോഗിച്ചു. ഇതാണ് ആദ്യത്തെ അപരാധം. ഒരു രാജ്യത്തെ വെറുതെ കുറ്റവാളികളായി വിധിക്കുക. എന്നിട്ട് മുഴുവന്‍ ലോകത്തിനും മുമ്പില്‍ ഒറ്റപ്പെടുത്തുക. അധിനിവേശത്തിനു ശേഷമാകട്ടെ ഒരു ലക്ഷം സാധാരണക്കാരെ അവര്‍ കൊന്നിട്ടുണ്ട്. അബുഗരീബിലും മറ്റുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുളള തടവുകാരെ പീഡിപ്പിച്ചു. ആംഗ്ലോ-അമേരിക്കന്‍ 'വിമോചന'ധാര്‍മികതയെപ്പറ്റിയുളള അശ്ലീലതകള്‍ പ്രചരിപ്പിച്ചു. ദിനം തോറും നടക്കുന്ന രക്തച്ചൊരിച്ചിലും ചിത്രവധങ്ങളും, കയ്യേറ്റക്കാരുടെ വര്‍ണ്ണവെറി, അധിനിവേശിതരോടുളള അവഹേളനം, അടിസ്ഥാന സൗകര്യങ്ങളുടെ നശീകരണം, നഗരങ്ങള്‍ ഉപരോധിക്കുകയും ബോംബുവര്‍ഷിക്കുകയും ചെയ്തത്, സമ്പുഷ്ട യുറേനിയത്തിന്റെയും വെളളഫോസ്ഫറസിന്റെയും പ്രയോഗം, കൂട്ടശിക്ഷകള്‍ നടപ്പാക്കല്‍, പളളികളും സ്‌കൂളുകളും വീടുകളും തകര്‍ക്കല്‍, നിയമവിരുദ്ധ അറസ്റ്റുകള്‍, സ്ത്രീകളെ ബന്ദികളാക്കിയുളള അറസ്റ്റ്. തുടങ്ങിയ രൂപത്തിലാണ് അതിക്രമങ്ങള്‍ മുഴുവന്‍. ഈ പട്ടിക നീളും. ഉപരോധകാലത്ത് അതിന്റെ കാഠിന്യം മൂലം അഞ്ചുലക്ഷം കുട്ടികള്‍ മരിച്ചിട്ടുണ്ട്. അധിനിവേശത്തിനുശേഷം ആ സംഖ്യ എത്രയോ അധികമായി. തീക്ഷ്ണമായ പോഷകാഹാരക്കുറവ് കുട്ടികള്‍ക്കിടയില്‍ ഇരട്ടിയായി. തൊഴിലില്ലായ്മ എഴുപതുശതമാനം വര്‍ദ്ധിച്ചു. വിചാരണയോ കുറ്റമോ കൂടാതെ ഏകദേശം 30,000 ലേറെ പേരെ അനിശ്ചിതകാലത്തേക്ക് തടവിലാക്കിയിട്ടുണ്ട്. 2005 വര്‍ഷത്തില്‍ മാത്രം 296 വിദ്യാഭ്യാസ ജീവനക്കാര്‍ കൊല്ലപ്പെട്ടു. 2003 മാര്‍ച്ചിലെ അധിനിവേശത്തിനു ശേഷം 100 ലേറെ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വനിത മാധ്യമപ്രവര്‍ത്തകര്‍, അക്കാദമിസ്റ്റുകള്‍, ഡോക്ടര്‍മാര്‍ എന്നിവരെയും വെറുതെ വിട്ടിട്ടില്ല. ആരും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം.ഇറാഖിലെ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ ഇന്ന് നിങ്ങള്‍ക്ക് എങ്ങനെയുണ്ടായിരുന്നു എന്നു ഞാന്‍ ചോദിക്കാറുണ്ട്. അതിനു മറുപടി ഇങ്ങനെയാകും: '' ദൈവത്തിനു നന്ദി. ഞങ്ങളിപ്പോഴും ഒറ്റകക്ഷണമായി ഇരിക്കുന്നു'
അധിനിവേശക്കാര്‍ തങ്ങളെ വെറുതെ കൊല്ലുകയാണെന്നു മാത്രമല്ല ഇറാഖികള്‍ക്ക് തോന്നുന്നത്. അമേരിക്കക്കാര്‍ തങ്ങളുടെ ചരിത്രത്തെ മായിച്ചുകളയുന്നതായും അവര്‍ ചിന്തിക്കുന്നു. മണലാര്യണത്തില്‍ 3,500 പുരാവസ്തു കേന്ദ്രങ്ങളുണ്ട്. അതില്‍ ചിലത് നാഗരികതയുടെ തുടക്കത്തിനും പിന്നിലുളള കാലത്തുളളതാണ്. അതില്‍ നല്ല പങ്കും അവര്‍ നശിപ്പിച്ചുകഴിഞ്ഞു.

നീണ്ടകാലത്തെ പ്രവാസിത്തത്തിനുശേഷം രണ്ടുവര്‍ഷം മുമ്പ് ഇറാഖ് സന്ദര്‍ശിച്ചിരുന്നല്ലോ. എന്തായിരുന്നു അനുഭവം?

ഇരുപത്തിയഞ്ചുവര്‍ഷത്തിനു ശേഷം നാലുവര്‍ഷം മുമ്പാണ് ഞാന്‍ ഇറാഖ് വീണ്ടും കാണുന്നത്. കണ്ടെതെല്ലാം ഭീകരദൃശ്യങ്ങളാണ്. ജനങ്ങളുടെ പ്രതീക്ഷകളും ജനാധിപത്യഭാവിയും തകര്‍ക്കാന്‍ 35 വര്‍ഷം കൊണ്ടുപോലും സദ്ദാം ഹുസൈന് കഴിഞ്ഞിരുന്നില്ല. വെറും രണ്ടുവര്‍ഷത്തിനുളളില്‍ അത് അമേരിക്കയ്ക്കു കഴിഞ്ഞിട്ടുണ്ട്. നാലുവര്‍ഷത്തെ അഗ്ലോ-അമേരിക്കന്‍ അധിനിവേശത്തിനുശേഷം ഇന്ന് മുഴുവന്‍ ഇറാഖും അബുഗരീബായി മാറിയിട്ടുണ്ട്. ഞങ്ങളുടെ തെരുവുകള്‍ തടവറകളുടെ ഇടനാഴികളായും വീടുകള്‍ സെല്ലുകളായും മാറിയിട്ടുണ്ട്. തടങ്കലില്‍, തെരുവുകളില്‍, സ്വന്തം വീടുകളില്‍ ഇറാഖികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
തങ്ങളുടെ തെരുവുകളിലൂടെ സുരക്ഷിതമായി നടക്കാനുളള അടിസ്ഥാന അവകാശം പോലും ഇറാഖികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. യു.എസ്.ടാങ്കുകള്‍ക്കുളളതാണ് റോഡിന്റെ വലതുവശം. അവിടെ ഇങ്ങനെ പതിച്ചിട്ടുണ്ട്: '' വാഹന വ്യൂഹത്തെ സമീപിച്ചാല്‍ നിങ്ങള്‍ കൊല്ലപ്പെടും''അമേരിക്കന്‍ നേതൃത്വത്തിലുളള അധിനിവേശസേനയും അവരുടെ ഉദ്യോഗസ്ഥരും ഇറാഖിലെ പാവസര്‍ക്കാരും ഉപകരാറുകാരുമെല്ലാം കോട്ടകെട്ടി അതീവ സുരക്ഷയോടെ സംരക്ഷിക്കപ്പെടുന്ന 'പച്ചമേഖല'(ഗ്രീന്‍ സോണ്‍)യിലാണ് കഴിയുന്നത്. ഇറാഖ് എല്ലാ അര്‍ത്ഥത്തിലും തകര്‍ന്നിട്ടുണ്ട്. മരണം നിത്യസംഭവമാണ്. കൂട്ടക്കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും ബലാല്‍സംഗവും കവര്‍ച്ചയും പീഡനവും എല്ലാം എണ്ണമറ്റ രീതിയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഇറാഖിലെ ജനങ്ങള്‍ അധിനിവേശശക്തികളോട് കടുത്ത ശത്രുതയാണുളളത്.അതെനിക്ക് നേരിട്ട് ബോധ്യമായതാണ്. തങ്ങള്‍ അപമാനിക്കപ്പെട്ടതായാണ് അവര്‍ക്ക് തോന്നുന്നത്. ഇന്ന് മിക്ക ഇറാഖികളും പ്രതിരോധ മുന്നേറ്റത്തില്‍ പങ്കാളിയാകുക എന്ന ആശയത്തെ സ്വാഗതം ചെയ്യുകയും അതില്‍ അണിനിരക്കുകയുമാണ്. എത്ര അടിച്ചമര്‍ത്തലുണ്ടെങ്കിലും ജനങ്ങള്‍ ചെറുത്തുനില്‍ക്കുന്നു എന്നതാണ് ഞാന്‍ കണ്ട ഏറ്റവും നല്ല ദൃശ്യം.

സ്ത്രീകള്‍, വിമോചനം, ജനാധിപത്യം

എന്താണ് ഇറാഖി സ്ത്രീകളുടെ അവസ്ഥ?

സുരക്ഷയുടെ അഭാവവും തട്ടിക്കൊണ്ടുപോകുമെന്ന ഭയവും മൂലം തങ്ങളുടെ വീടുകളില്‍ തടവുകാരാണ് ഇറാഖി സ്ത്രീകള്‍. പെട്രോളിനും ഒരു ഗ്യാസ് സിലണ്ടറിനും ശുദ്ധവായുവിനും, ഭക്ഷണവും മരുന്നും പോലുളള അടിസ്ഥാന ആവശ്യങ്ങള്‍ക്കും വേണ്ടിയുളള പോരാട്ടത്തോടെയാണ് ഒരു സാധാരണ ഇറാഖി സ്ത്രീയുടെ ദിനം തുടങ്ങുന്നത്. അത് അവസാനിക്കുന്നത് മരണ ഭീഷണിയില്‍ നിന്ന്്, തീവ്രമായ അക്രമങ്ങളില്‍ നിന്ന് രക്ഷപെട്ടതിലുളള ദീര്‍ഘനിശ്വാസവുമായാണ്.
തങ്ങള്‍ക്ക് ശുദ്ധജലവും വൈദ്യുതിയും നിഷേധിക്കുമ്പോള്‍ അമേരിക്കന്‍ നേതൃത്വത്തിലുളള അധിനിവേശക്കാരും യു.എസ്. എന്‍.ജി.ഒകളും സുവിശേഷകരും കൂലിപട്ടാളക്കാരും പ്രദേശിക ഉപകരാറുകാരും രാജ്യം കൊളളയടിക്കുന്നതിനാണ് അവര്‍ സാക്ഷ്യം വഹിക്കുന്നത്. എണ്ണയുടെ നാട്ടില്‍ ദിനം തോറും അഞ്ചുമണിക്കൂര്‍ മണ്ണെണ്ണയക്കും പെട്രോളിനുമായി അവര്‍ക്ക് ക്യൂവില്‍ നില്‍ക്കേണ്ടിവരുന്നു. തെരുവിലേക്ക് വെറുതെ ഇറങ്ങുന്നതുപോലും അപകടമാണ്. ഏതു നിമിഷവും കൊല്ലപ്പെടാം. തട്ടിക്കൊണ്ടുപോകാം. ബന്ദിയാക്കി പീഡിപ്പിക്കാം. ചെറിയ പെണ്‍കുട്ടികളെ അയല്‍ രാജ്യങ്ങളില്‍ വ്യഭിചാരത്തിനായി വില്‍ക്കപ്പെടുകയാണ്. അമേരിക്കന്‍ സേന തീവ്രവാദികളെ തെരയുന്നത് സ്ത്രീകളെ ബലാല്‍സംഗം ചെയ്തും ബന്ദികളാക്കിയും പീഡിപ്പിച്ചുമൊക്കെയാണ്. പൊതുജീവിതത്തില്‍ സജീവമായ പല സ്ത്രീകളും വധിക്കപ്പെട്ടിരിക്കുന്നു.
പിരിച്ചുവിടപ്പെട്ട ഇറാഖി സൈന്യത്തിന്റെ സ്ഥാനം പൗരസേനകള്‍ ഏറ്റെടുക്കുകയും തങ്ങളുടേതായ നിയമം നടപ്പാക്കാന്‍ തുടങ്ങുകയും ചെയ്തതാണ് സ്ഥിതി വഷളാക്കാന്‍ കാരണം. ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പളളികളില്‍ മിന്നാലാക്രമണം നടത്തുന്നതിലൂടെയും സാധാരണപൗരരെ പീഡിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച, ആഭ്യന്തര മന്ത്രാലയവുമായി ബന്ധമുളള 'ചെന്നായ ദള'ങ്ങള്‍ പോലെ 'നിയമസാധുത'യുളള മട്ടിലാണ്.

അപ്പോള്‍ മുമ്പെന്തായിരുന്നു സ്ത്രീകളുടെ അവസ്ഥ?

മധ്യപൂര്‍വദേശത്ത് എറ്റവും പുരോഗമനപരമായിരുന്നു ഇറാഖിലെ കുടുംബ നിയമം. വിവാഹ മോചന കേസുകള്‍ സാധാരണ കോടതിയില്‍ മാത്രമേ വാദം കേള്‍ക്കൂ( മതപരമായ വിവാഹമോചനത്തിന്റെ 'കൈയൊഴിയല്‍' ഗുണപരമായി നിയമവിരുദ്ധമാക്കിയിട്ടുണ്ട്). ബഹുഭാര്യത്വം നിയമ വിരുദ്ധമാക്കിയിരുന്നു; അല്ലെങ്കില്‍ ആദ്യ ഭാര്യയുടെ അനുവാദം വേണം; വിവാഹമോചനം നേടിയ സ്ത്രീക്ക് കുട്ടികളുടെ സംരക്ഷണാവകാശത്തില്‍ തുല്യ അവകാശവും ഉറപ്പാക്കിയിരുന്നു.മതേതര കുടുംബ ചട്ടങ്ങള്‍ 1959 ലാണ് നടപ്പാക്കിയത്. പൊതുജീവിതത്തില്‍ അക്കാലങ്ങളിലൊക്കെ സജീവമായിരുന്നു സ്ത്രീകള്‍. ഓട്ടോമാന്‍ സാമ്രാജ്യത്വത്തില്‍ പോലും സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പോരാട്ടങ്ങളിലുള്‍പ്പടെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുളള 1920 ലെ വിപ്ലവത്തില്‍ സ്ത്രീകള്‍ പങ്കെടുത്തിരുന്നു. പുരുഷന്‍മാര്‍ക്കൊപ്പം പോരാടി സ്വയം മോചിതരാവുകയെന്ന ഒറ്റ ആശയമാണ് നടപ്പിലാക്കി വന്നത്. രാജഭരണത്തെ അവസാനിപ്പിച്ച 1958 ലെ വിപ്ലവത്തെ തുടര്‍ന്ന് രണ്ടുവര്‍ഷങ്ങള്‍ക്കുളളില്‍ നിയമപരമായ തുല്യത സ്ത്രീകള്‍ നേടിയെടുത്തു. സ്ത്രീകളും പുരുഷന്‍മാരും തുല്യ ജോലിക്ക് തുല്യവേതനം കൈപ്പറ്റി. ഒരു സ്ത്രീയുടെ വരുമാനം അവളുടെ ഭര്‍ത്താവിന്റേതില്‍ നിന്ന് സ്വതന്ത്രമായി പരിഗണിക്കപ്പെട്ടു. 1979 ല്‍ പന്ത്രണ്ടുവയസുവരെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യഭ്യാസം നിര്‍ബന്ധിതമാക്കി. അധികാരസ്ഥാനങ്ങളില്‍ മറ്റേതു രാജ്യത്തേക്കാള്‍ കുടുതല്‍ പ്രൊഫഷണലുകളായ സ്ത്രീകള്‍ ഇറാഖിലുണ്ടായിരുന്നു.

ഇറാഖില്‍ നിലവില്‍ വന്ന പുതിയ ഭരണഘടന സ്ത്രീകളുള്‍പ്പടെയുളളവരുടെ സ്വാതന്ത്ര്യങ്ങളെ നിഷേധിക്കുന്നതാണോ?

പുതിയ നിയമം സ്ത്രീകളുടെ പല അവകാശങ്ങളും നിഷേധിക്കുന്നുണ്ട്. സ്ത്രീയെ അടിച്ചമര്‍ത്താനും തുല്യത നിഷേധിക്കാനുമാണ് ശ്രമങ്ങള്‍. അതിലവര്‍ കുറേയൊക്കെ വിജയിച്ചിട്ടുണ്ട്. സ്ത്രീകളെ വീടുകളില്‍ തടങ്കലിലാക്കാനാണ് പുതിയ നിയമ നിര്‍മാണം നടന്നത്. അധികാരത്തിലേക്ക് എത്തിയ കുറേ സങ്കുചിത വാദക്കാരൊക്കെ കൂടി ചേര്‍ന്നാണ് സ്ത്രീകളെ അടിച്ചമര്‍ത്താന്‍ നിയമം പടച്ചു വിട്ടത്. സ്ത്രീകള്‍ക്കെതിരെയുളള അടിച്ചമര്‍ത്തലും സ്വാതന്ത്ര്യ നിഷേധവും സത്യമാണ്. പക്ഷേ ഇതിനെയും അമേരിക്കന്‍ ആരോപണങ്ങളെയും വേറിട്ടുകാണണം. മുസ്ലീം വിരുദ്ധ പ്രചാരണം അവര്‍ ശക്തമാക്കിയിട്ടുണ്ട്. അവര്‍ പറയുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യം മതശക്തികള്‍ നിഷേധിക്കുന്നതായാണ്. നാലുവര്‍ഷം മുമ്പ് ജനുവരിയില്‍ ഞാന്‍ പല മതകേന്ദ്രങ്ങളിലും പോയിരുന്നു. ഇപ്പോള്‍ ഞാനെന്തുവസ്ത്രമാണോ ധരിച്ചിരിക്കുന്നത് അതുതന്നെയാണ് അന്നുമുടുത്ത്. പക്ഷേ ആരും തടഞ്ഞില്ല. ഇസ്ലാമിക കക്ഷികളോ മത പുരോഹിതരോ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതുമില്ല. യു.എസ്.ഭരണത്തില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കക്കാരായ പലരേയുംകാള്‍ ജനാധിപത്യവാദികളാണ് ഞാന്‍ കണ്ടുമുട്ടിയ പല പുരോഹിതരും. പക്ഷേ അതു പോരാ. പുരുഷാധിപത്യ സമൂഹമോ മത മേധാവികളുടെ ഭരണമോ അല്ല സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും സുരക്ഷയും വേണം. അത് അവര്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. അത് നിഷേധിക്കാന്‍ അധിനിവേശക്കാരോ അവരുടെ പാവസര്‍ക്കാരോ ശ്രമിച്ചാല്‍ വിജയിക്കില്ല. ഇറാഖിലെ ധീരരായ സ്ത്രീകള്‍ അതിനെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

ജനാധിപത്യ സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുമെന്നതിനനുസരിച്ചുളള നടപടികള്‍ അധിനിവേശ സേന നടപ്പിലാക്കുന്നുണ്ടെന്ന അവകാശവാദത്തെ എങ്ങനെ കാണുന്നു?

അധിനിവേശക്കാരുടെ ജനാധിപത്യത്തെപ്പറ്റിയുളള ഏതൊരു സംസാരവും പരിഹാസ്യമാണ്. ജനങ്ങളുടെ മുഴുവന്‍ സ്വാതന്ത്ര്യവും നിഷേധിച്ചിട്ട് തങ്ങള്‍ ജനാധിപത്യവാദികളാണെന്ന് പറയുന്നത് വെറും വാചകക്കസര്‍ത്താണ്. ഇന്ന്
ഇറാഖിസ്ത്രീകള്‍ കുട്ടികളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാക്കാണ് ജനാധിപത്യം. ഈ ദിനങ്ങളില്‍ തങ്ങളുടെ വികൃതി കുട്ടികളെ അവര്‍ ഇങ്ങനെ ഭയപ്പെടുത്തും: 'മിണ്ടരുത്, ഞാനിപ്പോള്‍ ജനാധിപത്യത്തെ വിളിക്കും' ' ഇറാഖികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ വിരളമായി പരിഗണിക്കുന്ന വിധത്തില്‍ ബഹുരാഷ്ട്ര സേനകള്‍' നിയമപരിധിക്കു പുറത്തായി ഒഴിച്ചുനിര്‍ത്തപ്പെട്ടിരിക്കുകയാണ്. അവരെ വിചാരണ ചെയ്യാന്‍ ഇറാഖില്‍ നിയമമില്ല. ഇറാഖികള്‍ക്കെതിരെ ചെയ്ത കുറ്റ കൃത്യങ്ങള്‍ ആരും അന്വേഷിക്കുന്നില്ല. അധാര്‍മികതയും പീഡനവും ബലാല്‍സംഗവും അനുഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് -വര്‍ഷങ്ങളല്ലെങ്കില്‍ മാസങ്ങളോളം- യു.എസ്.സൈനികര്‍ മുന്നോട്ടു വന്ന് ഉത്തരവാദിത്തം ഏറ്റെടുക്കുകയും യു.എസ്.സൈന്യം അന്വേഷണം നടത്തുകയും ചെയ്യുന്നതു വരെ കാത്തിരിക്കേണ്ടി വരും (യു.എസ്. സൈനികന്റെ കുറ്റങ്ങളെക്കുറിച്ച് യു.എസ് സൈന്യത്തിന്റെ അന്വേഷണത്തെ ഇറാഖികള്‍ കാണുന്നത് തങ്ങളുടെ തന്നെ സാങ്കേതിക വൈദഗ്ദ്ധ്യത്തെപ്പറ്റി കൊലയാളികള്‍ നടത്തുന്ന അന്വേഷണമായാണ്). ഇത്തരം നിയമ നിഷേധവും മറ്റും നടക്കുമ്പോള്‍ ജനാധിപത്യമെന്നതിന് എന്താണ് വില?

ഇറാഖില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. പുതിയ സര്‍ക്കാരും വന്നു. ജനാധിപത്യത്തിലേക്കുളള ചുവടുവയ്പ്പായി ഇതിനെ കണ്ടുകൂടെ?

അധികാരകൈമാറ്റമെല്ലാം വാസ്തവത്തില്‍ തട്ടിപ്പുവിദ്യകളാണ്. അമേരിക്കയെയും സഖ്യകക്ഷികളെയും സഹായിക്കുന്നതും അവരുടെ അധികാരമുറപ്പിക്കാനും മാത്രം ലക്ഷ്യമിട്ടുളളതാണ് എല്ലാം. അധികാരകൈമാറ്റം, ഇടക്കാല സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരു മാറ്റം സംഭവിച്ചിട്ടില്ല. അതിപ്പോഴും അമേരിക്കന്‍ അധിനിവേശത്തിനു കീഴിലാണ്. ഇറാഖിലെ മുന്‍ യു.എസ്. അംബാസഡര്‍ പോള്‍ ബ്രെമര്‍ സ്ഥാപിച്ച ഭരണവര്‍ഗം തന്നെയാണിപ്പോഴുമുളളത്. പുതിയ സര്‍ക്കാരെന്നു പറയുന്നത് പഴയ അതേ ആള്‍ക്കാര്‍ തന്നെയാണ്. അതേ വിഭാഗീയ പരിഗണനകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിഭാഗീയരായ ഭരണാധികാരികളാണ് അവര്‍. ബുഷിന്റെയും ബ്ലെയറിന്റെയും ആജ്ഞകളാണ് ഇപ്പോഴും നടപ്പാക്കപ്പെടുന്നത്. ഇറാഖിലെ പാവ സര്‍ക്കാര്‍ എന്നും യു.എസ്. വിദേശകാര്യ സെക്രട്ടറി കോണ്‍ടോലിസ റൈസിന്റെ അപ്രതീക്ഷിത സന്ദര്‍ശനങ്ങളില്‍ നിന്നും മറ്റും ഉത്തരവുകള്‍ സ്വീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാവസര്‍ക്കാരിന് മുഴുവന്‍ ഇറാഖിജനങ്ങളെയും പ്രതിനിധീകരിക്കാനോ അവരെ നയിക്കാനോ കഴിയില്ല.

ഇറാഖിലെ ജലാല്‍ തലബാനിയുടെ നേതൃത്വത്തിലുളള സര്‍ക്കാരില്‍ കുറച്ചെങ്കിലും നന്മകളില്ലേ?

യഥാര്‍ത്ഥ ഇറാഖി സര്‍ക്കാര്‍ നിലവില്‍ വരുത്താനുളള ഒരു ശ്രമവും നടക്കുന്നില്ല. ഇപ്പോള്‍ വാസ്തവത്തില്‍ ഒരു സര്‍ക്കാരില്ല താനും. 'പച്ചമേഖല'യുടെ മാത്രം സര്‍ക്കാരാണിപ്പോഴുളളത്. അവരവിടം വിട്ട് ഒരിടത്തേക്കും പോകുന്നില്ല. ജനങ്ങള്‍ക്ക് അവരെ സമീപിക്കാനോ തിരിച്ചോ അവസരമില്ല. അധിനിവേശസര്‍ക്കാരണത്. ജനങ്ങളെയോ അവരുടെ ആഗ്രഹങ്ങളെയോ അത് പ്രതിനിധീകരിക്കുന്നില്ല. ജനങ്ങള്‍ക്കാണ് ഭരിക്കാനുളള യഥാര്‍ത്ഥ അവകാശം.
ഇടക്കാല സര്‍ക്കാരിലെ മേധാവികള്‍ ഇറാഖി ജനതയാല്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നില്ല.
അയദ് അല്ലാവിയുടെ ഇടക്കാല ഭരണത്തിനു കീഴില്‍ ' ഇറാഖികള്‍ക്കെതിരെയുളള കുറ്റകൃത്യങ്ങള്‍ വിരളമായി പരിഗണിക്കുന്ന വിധത്തില്‍ ബഹുരാഷ്ട്ര സേനകള്‍' നിയമപരിധിക്കു പുറത്തായി ഒഴിച്ചുനിര്‍ത്തപ്പെട്ടിരുന്നു. ഇപ്പോഴും അതു തുടരുന്നു. ഇടക്കാല സര്‍ക്കാരിന് ശേഷം പൊതു തെരഞ്ഞെടുപ്പ് നടന്നു. അത്ര സുഖകരമല്ലാത്ത തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കണ്ട് ബുഷ് ഭരണകൂടം ഇറാഖി പ്രധാനമന്ത്രി ഇബ്രാഹിം അല്‍ ജാഫറിയോട് അദ്ദേഹത്തെ അടുത്ത സര്‍ക്കാരിന്റെ തലവനായി സ്വീകാര്യമല്ലെന്ന് അറിയിച്ചു.
പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തെപ്പറ്റി നാലുമാസം വിഭാഗീയമായ തമ്മിലടി നടന്നു. തകര്‍ന്നടിഞ്ഞ നിത്യജീവിതം, അഴിമതി, അധിനിവേശം നടത്തിയ തച്ചുതകര്‍ക്കല്‍, അധിനിവേശം ആയുധവല്‍ക്കരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത മരണ സ്‌ക്വാഡുകള്‍, തട്ടിക്കൊണ്ടുപോകല്‍, പീഡനം, ആയിരക്കണക്കിന് ജനങ്ങളുടെ കൊലപാതകം തുടങ്ങിയ മുഖ്യ വിഷയങ്ങളെയെല്ലാം അത് കേവലമായൊരു ചോദ്യത്തിലേക്ക് ചുരുക്കി. അടുത്ത ഭരണാധികാരി ആര് എന്നതായിരുന്നു ചോദ്യം. തമ്മിലടി മൂര്‍ഛിച്ചപ്പോള്‍ അമേരിക്ക 'ദേശീയ ഐക്യ സര്‍ക്കാര്‍' എന്ന പുതിയ തന്ത്രം കൊണ്ടുവന്നു. ഒരു വാരാന്ത്യത്തിനുളളില്‍ 'ദേശീയ ഐക്യ സര്‍ക്കാരിനെ' നയിക്കാന്‍ യോഗ്യതയുളളയാളെ തെരയുന്ന നടപടി അവസാനിച്ചു. ആദ്യ പ്രധാനമന്ത്രി ജാഫാറിയുടെ പാര്‍ട്ടിയായ അല്‍ ദാവായിലെ രണ്ടാമന്‍ ജാവാദ് അല്‍ മാലിക്കിയെ പ്രധാനമന്ത്രിയായി നിയമിച്ചു. ജാലാല്‍ തലാബാനി പ്രസിഡന്റ് പദവി കാത്തുസൂക്ഷിച്ചു. ഇറാനില്‍ വച്ച് കുപ്രസിദ്ധമായ ബാദര്‍ സൈനിക ദളത്തിനൊപ്പം രൂപീകൃതമായ ഇറാഖിലെ ഇസ്ലാമിക് വിപ്ലവത്തിനുളള പരമാധികാര സമിതിയിലെ (എസ്.സി.ഐ.ആര്‍.ഐ) അദേല്‍ അബ്ദുള്‍ മഹ്ദിയെയും ഇസ്ലാമിക് പാര്‍ട്ടിയിലെ താരീഖ് അല്‍ ഹാഷ്മിയെ ഉപാധ്യക്ഷരായും നിയമിച്ചു. ഈ നിര്‍ദേശം വന്നത് അധിനിവേശ സേനയില്‍ നിന്നാണ്. അല്ലെങ്കില്‍ ബുഷില്‍ നിന്ന്. പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതും സ്വാഭാവികമായും അവര്‍ക്കു വേണ്ടിയാണ്.

സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇപ്പോള്‍ യു.എസും ബ്രിട്ടനും പറഞ്ഞു തുടങ്ങിയിട്ടുണ്ടല്ലോ?

സൈന്യത്തെ പിന്‍വലിച്ചാല്‍ ഇറാഖ് ആഭ്യന്തരയുദ്ധത്തിലേക്ക് വഴുതി വീഴുമെന്നും രക്തച്ചൊരിച്ചിലുണ്ടാകുമെന്നും വര്‍ഗീയ സംഘടനങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ ഇതൊക്കെ വെറും കപടവാദങ്ങളാണ്. 1920 ലും 1930 ലും തങ്ങളുടെ കൊളോണിയല്‍ ഭരണത്തിനെതിരെ നടന്ന വിമോചന പോരാട്ടകാലത്തും സാമ്രാജ്യത്വ ശക്തികള്‍ ഇതേ തന്ത്രമാണ് പയറ്റിയത്. അന്നവര്‍ പറഞ്ഞത് ഞങ്ങള്‍ രാജ്യം വിടുന്ന ആ നിമിഷം ഇറാഖികള്‍ പരസ്പരം കൊല്ലാന്‍ തുടങ്ങുമെന്നാണ്. അത്തരം വാദക്കാര്‍ ചരിത്രം ഒന്നെടുത്ത് വായിച്ചു നോക്കണം. വര്‍ഗീയമായും, പ്രാദേശികമായും ഭിന്നിപ്പിച്ച് ഭരിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ ശ്രമിച്ചെങ്കിലും രാജ്യം ഒറ്റെക്കെട്ടായി നിന്നാണ് അവരെ തുരത്തിയത്.
ഇറാഖില്‍ 'നമ്മള്‍ തെറ്റുകള്‍ മാത്രമാണ് വരുത്തുന്നതെന്ന്' യു.എസ്.വിദേശകാര്യസെക്രട്ടറി കോണ്‍ടോലിസ റൈസ് അടുത്തിടെ പറഞ്ഞു. അത് തെറ്റുകളല്ല. നിങ്ങളൊരാളെ കൊന്നാല്‍ അത് കുറ്റമാണ്, തെറ്റല്ല. ഇറാഖില്‍ ദിനം തോറും ഈ കുറ്റമാണ് അമേരിക്ക ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നിമിഷം ഇറാഖില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അധിനിവേശത്തിന്റെ നേരിട്ടുളള ഇടപെടല്‍ മൂലമോ അതിന്റെ പ്രത്യാഘാതമായോ അഞ്ചുമിനിറ്റില്‍ ഒരു ഇറാഖി വീതം മരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഞങ്ങള്‍ സൈന്യത്തെ ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നത്. അഞ്ചോ പത്തോ വര്‍ഷത്തിനു ശേഷം പോയാല്‍ പോരാ. അവരെത്രയും പെട്ടന്ന് സ്ഥലം വിടണം.
ടോണി ബ്ലെയര്‍ പിന്‍വാങ്ങലിനെ പറ്റി പറയുന്നുണ്ടാകാം. എന്നാല്‍ ബുഷ് അതിനു തയാറല്ല. ഇരുവരും പറയുന്നതല്ല ഞങ്ങള്‍ പറയുന്നത്. ഉടനടിയുളള പിന്‍വാങ്ങലാണ് വേണ്ടത്. പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കണം. ഇറാഖില്‍ അവര്‍ നടത്തിയ എല്ലാ കുറ്റങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഇറാഖികളോട് ചെയ്ത ക്രൂരതകള്‍ക്ക് അവരെ കുറ്റവിചാരണ ചെയ്യണം.

ഐക്യരാഷ്ട്ര സംഘനയ്ക്ക് ഇറാഖില്‍ എന്തെങ്കിലും പങ്കുവഹിക്കാനുണ്ടോ? അതോ യു.എന്‍. വെറും നോക്കുകുത്തിയാണോ?

യു.എന്നിന് ഇപ്പോഴും ഇറാഖില്‍ പങ്കുവഹിക്കാനുണ്ട്. ഇറാഖികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച് ആ രാജ്യം പുനര്‍ നിര്‍മിക്കല്‍, ജനാധിപത്യം പുനസ്ഥാപിക്കല്‍, അന്തസ് വീണ്ടെടുക്കല്‍, യു.എസ്. നേതൃത്വത്തിലുളള അധിനിവേശത്തെ നിയമസാധുത നല്‍കാതിരിക്കല്‍ എന്നിങ്ങനെ അത് കൃത്യമായി നിര്‍വചിക്കപ്പെടണം. ഇറാഖിനെ പണയപ്പെടുത്താനുളള നീക്കത്തിനോ, തങ്ങളുടെ പേരില്‍ ഉറപ്പിക്കുന്ന കരാറുകള്‍ക്കോ ദീര്‍ഘകാല നടപടികള്‍ക്കോ, സദ്ദാം ഭരണകാലത്ത് വാങ്ങിക്കൂട്ടിയ വെറുപ്പുളവാക്കുന്ന കടത്തിനോ ഒന്നും ഇറാഖി ജനതയ്ക്ക് ബാധ്യതയില്ല. തങ്ങളുടെ പീഡകന് ആയുധങ്ങള്‍ മേടിക്കാനും പിന്തുണയ്ക്കാനുമാണ് അവരെല്ലം പൂര്‍ണ ബോധ്യത്തോടെ പണം കടം കൊടുത്തത്.വിദേശ രാജ്യങ്ങളുടെ നീണ്ട നിരയ്ക്കു സദ്ദാം കടം മേടിച്ച തുക എന്തിനു തിരിച്ചു നല്‍കണം? അത്തരം കാര്യങ്ങളില്‍ ഇറാഖിനനുകൂലമായ നടപടികളെടുപ്പിക്കാന്‍ യു.എന്നിനു കഴിയണം. പക്ഷേ ഇതുവരെ യു.എന്‍. എന്തെങ്കിലും നല്ല തീരുമാനങ്ങളെടുത്തിട്ടില്ല. അമേരിക്കയുടെ കീഴില്‍, അവരുടെ ചൊല്‍പ്പെടിക്കു നില്‍ക്കുന്ന സ്ഥാപനം മാത്രമാണത്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകള്‍ വേണ്ട.

അടിച്ചമര്‍ത്തല്‍, ചെറുത്തുനില്‍പ്പ്

ഇറാഖിന്റെ മോചനം വൈകാതെ സാധ്യമാവുമെന്ന് കരുതുന്നുണ്ടോ?

ഞങ്ങള്‍ അന്തസുളള ജനതയാണ്.അതിഥികളെ ഞങ്ങള്‍ സ്വീകരിക്കും. എന്നാല്‍ തങ്ങളുടെ ഭാരമേറിയ ബൂട്ടുകള്‍കൊണ്ട് ഞങ്ങളുടെ സ്വകാര്യതകളെയും ആര്‍ജവത്തെയും ചരിത്രത്തെയും ചവിട്ടിമെതിച്ചവര്‍ക്ക് ഒരിക്കലും മാപ്പുനല്‍കാത്തവരുമാണ് ഞങ്ങള്‍.ബാഗ്ദാദിനെ ഒരിക്കലും കീഴ്‌പ്പെടുത്താനാവില്ല. അതൊരിക്കലും അടിച്ചേല്‍പ്പിക്കപ്പെട്ട ഭരണാധികാരികളെ ആഘോഷിക്കല്ല, അതുകൊണ്ടാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനം ഒരു വര്‍ഷത്തിനുളളില്‍ നഗരം ഭരിക്കാനായി 23 കരുത്തരായ ഓട്ടോമാന്‍ ഗവര്‍ണര്‍മാരെ നിയോഗിക്കേണ്ടി വന്നത്. വഴിമദ്ധ്യേ കൊല്ലപ്പെട്ടതിനാല്‍ അതില്‍ പലര്‍ക്കും തലസ്ഥാനത്ത് എത്താനുമായില്ല. ബാഗ്ദാദിന് ഒരിക്കലും സേ്ച്ഛാധിപതികളെയോ അടിച്ചമര്‍ത്തലിനെയോ അനീതിയെയോ വച്ചുപുലര്‍ത്താനാവില്ല.

ഇറാഖില്‍ നടക്കുന്ന ചെറുത്തുനില്‍പ്പ് എത്തരത്തിലുളളതാണ്? ആരാണ് ഈ ചെറുത്തു നില്‍പ്പിനെ നയിക്കുന്നത്?

വിവിധപാര്‍ട്ടികളുടെയും പൗരസമൂഹ സംഘടനകളുടെയും സംയോജിത വേദിയായ ഇറാഖി നാഷണല്‍ ഫൗണ്ടേഷന്‍ കോണ്‍ഗ്രസ് (ഐ.എന്‍.എഫ്.സി) ആണ് ഈ രാഷ്ട്രീയ ചെറുത്തുനില്‍പ്പിനെ നയിക്കുന്നത്. അവിടെ പളളികളും സ്ത്രീ സംഘടനകളും മനുഷ്യാവകാശ ഗ്രൂപ്പുകളും സംഘടനകളുമെല്ലാം പങ്കാളികളായുളള സമൂഹ, സമുദായ അടിസ്ഥാനത്തിലുളള ചെറുത്തുനില്‍പ്പും നടക്കുന്നുണ്ട്. ഈ ചെറുത്തുനില്‍പ്പിന് അന്താരാഷ്ട്ര തലത്തിലുളള യുദ്ധവിരുദ്ധ സംഘടനകളും ആഗോളവല്‍ക്കരണ വിരുദ്ധ മുന്നേറ്റങ്ങളുമായും ബന്ധമുണ്ട്. ഇതൊന്നുമല്ലാതെ വ്യക്തികള്‍ തനിച്ച് പോലും ചെറുത്തു നില്‍പ്പു നടത്തുന്നുണ്ട്. പലരൂപമാണ് ചെറുത്തുനില്‍പ്പിനുളളത്. ഒരര്‍ത്ഥത്തില്‍ ചോരക്കടല്‍ നീന്തുകയാണ് അവര്‍. പക്ഷെ അവസാനം നിശ്ചയമുണ്ട്. അധിനിവേശക്കാര്‍ തുരത്തപ്പെടുക തന്നെ ചെയ്യും.

ഇറാഖില്‍ ചെറുത്തുനില്‍പ്പിനൊപ്പം ഭീകരാക്രമണങ്ങളും നടക്കുന്നതായി കേള്‍ക്കുന്നു. വിപ്ലവകാരികളെയും ഭീകരവാദികളെയും എങ്ങനെയാണ് വേര്‍തിരിക്കുക?

വിപ്ലവകാരികളെയും ഭീകരരയെും വേറിട്ടുകാണണം. ദിവസവും ഇറാഖില്‍ ശരാശരി 80 ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇത് സ്ഥിരമായി സംഭവിക്കുന്നുണ്ട്. അത് ലക്ഷ്യമിടുന്നത് അമേരിക്കന്‍- ബ്രിട്ടീഷ് സൈന്യത്തെയാണ്.അല്ലെങ്കില്‍ അവരുടെ പിണിയാളുകളെ. അത് തീര്‍ത്തും പ്രതിരോധമാണ്. അത് ഭീകരാക്രമണമായോ പൗരന്‍മാര്‍ക്കെതിരെയുളള ആക്രമണമോ അല്ല. ഇറാഖി ജതയുടെ ദേശീയ മുന്നേറ്റം ആവശ്യപ്പെടുന്നത് വിമോചനവും സ്വാതന്ത്ര്യവും തങ്ങളുടേതായ രാജ്യം സ്ഥാപിക്കാനുളള അവകാശവുമാണ്.വിദേശസൈന്യത്തിന്റെ സാന്നിധ്യവും അവരുടെ ദുഷ്‌ചെയ്തികളും സായുധ ഇടപെടലുകളും ജനങ്ങളെ പ്രകോപിതരാക്കുന്നു. പോരാടുന്ന ഭൂരിപക്ഷവും 'ഭീകരരോ' 'അല്‍കൈ്വദ'യോ അല്ല. അവര്‍ പോരാടുന്നത് തങ്ങളുടെ വിമോചനത്തിനുവേണ്ടിയാണ്. ശരിയായ നേതൃത്വത്തിന്റെ അഭാവത്തില്‍ പല ഗ്രൂപ്പുകളും വൈകാരികമായും അപരിഷ്‌കൃതമായും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇറാഖിലെ എഴുത്തുകാരെപ്പറ്റി? എത്തരത്തിലുളളതാണ് അവിടുത്തെ സാഹിത്യം?

ഇറാഖിന് അന്താരാഷ്ട്ര നിലവാരമുളള കുറേ നല്ല എഴുത്തുകാരുണ്ട്. പക്ഷെ അവരുടെ ശബ്ദം വളരെ ദുര്‍ബലമാണ്. സദ്ദാം ഹുസൈന്റെ ഭരണകാലത്തെ അതിജീവിക്കാന്‍ പലര്‍ക്കുമായില്ല. പലരും നാടുവിട്ട് വിവിധ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുകയാണ്. ഇറാഖില്‍ തന്നെ തുടര്‍ന്ന നല്ല എഴുത്തുകാര്‍ മുഴുവന്‍ പീഡിപ്പിക്കപ്പെട്ടു. പലരും വധിക്കപ്പെട്ടു. ഇപ്പോഴും പലരും തടവറയിലാണ്. അധികാരത്തോട് ഒട്ടി നിന്ന് നേട്ടങ്ങള്‍ കൈപ്പറ്റുന്ന മോശം എഴുത്തുകാരുമുണ്ട് ഇറാഖില്‍. പ്രവാസികളായി കഴിയുന്ന ഇറാഖികള്‍ നല്ല രചനകള്‍ നടത്തുന്നുണ്ട്. അവരുടെ സാഹിത്യത്തിന്റെ പൊതു സ്വഭാവം ചെറുത്തുനില്‍പ്പാണ്. അതാണ് ഇറാഖി സാഹിത്യത്തിന്റെ ഈ ഘട്ടത്തിലെ പൊതു സ്വഭാവം.

നിങ്ങളുടെ പുതിയ രചനകള്‍? എഴുത്ത് ?

തിരിക്കിട്ട ജീവിതമാണ് എന്റേത്. ഇറാഖ് പ്രശ്‌നവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി സമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും പ്രകടനങ്ങളിലും പങ്കെടുക്കേണ്ടി വരുന്നു. പക്ഷെ ഞാന്‍ ഇറാഖ് പ്രശ്‌നവുമായി ബന്ധപ്പെട്ട് കുറേ കുറിപ്പുകള്‍ എഴുതുന്നുണ്ട്. ദ ഗാര്‍ഡിയന്‍ പോലുളള പത്രങ്ങളില്‍. അടുത്തിടെ ഞാനൊരു നോവലും കഥാസമാഹാരവും പൂര്‍ത്തിയാക്കിയിരുന്നു. ഈ വര്‍ഷം നാലിലേറെ പുസ്തകങ്ങള്‍ എന്റെ മുന്‍കൈയില്‍ പുറത്തുവന്നിട്ടുണ്ട്. യുദ്ധവിരുദ്ധരചനകളുടെ സമാഹാരമാണ് ഒന്ന്. സ്ത്രീകളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന 'കൊളോണിയല്‍ ഫെമിനിസ്റ്റ്: ഫ്രം വാഷിംഗ്ടണ്‍ ടു ബാഗ്ദാദ്' എന്ന പേരിലാണ് അതിറങ്ങിയത്. മറ്റൊരു നോവലെഴുതാനുളള ശ്രമത്തിലാണ്. പക്ഷെ തിരക്കുകള്‍ മൂലം അതിനു സമയം കുറവാണ്.

ഇപ്പോള്‍, ഈ നിമിഷം എവിടെയാണുളളത്? എന്തുചെയ്യുന്നു?

ഞാനിപ്പോള്‍ ലണ്ടനിലാണുളളത്. ഇറാഖില്‍ നിന്ന് അഭയാര്‍ത്ഥികളായി അഞ്ചംഗ കുടുംബം (അമ്മയും നാല് പെണ്‍മക്കളും) കുറച്ച് ദിവസം മുമ്പ് ഇവിടെ എത്തിച്ചേര്‍ന്നു. അധിനിവേശത്തിന്റെ ഫലമായുളള അക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണവര്‍ നാടുവിട്ടത്. അവര്‍ക്ക് അഭയം തേടി അധികാരികള്‍ക്ക് അപേക്ഷ നല്‍കുകയും സംരക്ഷണം നല്‍കേണ്ടതുമായ തിരിക്കിലാണ് ഞാന്‍. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളള പത്ത് ലക്ഷം ജനങ്ങള്‍ ഇറാഖില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. ദുരന്തം എത്ര ഭീകരമാണെന്ന് സങ്കല്‍പ്പിച്ചു നോക്കൂ.
Mathrubhumi weekly
2006

No comments:

Post a Comment