മുഖാമുഖം
മരിയ അമ്പാരോ എസ്‌കാന്‍ഡന്‍/ബിജുരാജ്
ഇടവേള അല്‍പം നീണ്ടുപോയിട്ടുണ്ടാവാം. എങ്കിലും മലയാളത്തിലേക്ക് ഒരിക്കല്‍ കൂടി മരിയാ അമ്പാരോ എസ്‌കാന്‍ഡന്‍ മടങ്ങിയെത്തി. എട്ടുവര്‍ഷത്തിനുശേഷമുള്ള ഈ വരവിലും മരിയയുടെ കയ്യില്‍ പുസ്തകമുണ്ട്. മൊഴിമാറ്റിയ, രണ്ടാമത്തെ നോവല്‍- 'ഗോണ്‍സാലസ് ആന്‍ഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി'- മലയാളിക്കു സമ്മാനിക്കുകയായിരുന്നു വരവിന്റെ മുഖ്യ ഉദ്ദേശ്യങ്ങളില്‍ ഒന്ന്.
മെക്‌സിക്കോക്കാരിയായ മരിയ അമ്പാരോ എസ്‌കാന്‍ഡന്‍ ലാറ്റിന്‍-അമേരിക്കയിലെ എഴുത്തുകാരില്‍ ശ്രദ്ധേയയാണ്. ചുരുങ്ങിയ കാലത്തിനിടയില്‍ നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാ രചയിതാവ് എന്ന നിലകളില്‍അന്താരാഷ്ട്ര പ്രശസ്തി അവര്‍ നേടിയെടുത്തിട്ടുണ്ട്. ആദ്യ കൃതി ' എസ്‌പെരാന്‍സാസ് ബോക്‌സ് ഓഫ് സെയിന്റ്‌സ്' എണ്‍പത്തഞ്ചു രാജ്യങ്ങളിലെ ഇരുപതില്‍പ്പരം ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. 'എസ്‌പെരാന്‍സയുടെ പുണ്യാളന്‍മാര്‍' എന്ന പേരില്‍ ആ നോവല്‍ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (വിവ: ബി.മുരളി). പുതിയ നോവല്‍ 'ഗോണ്‍സാലസ് ആന്‍ഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി'യാകട്ടെ ഇതുവരെ 12 ഭാഷകളിലേക്ക് മൊഴിമാറ്റിക്കഴിഞ്ഞു. എണ്‍പതിനായിരത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു. സ്പാനിഷിലും ഇംഗ്ലീഷിലും നോവല്‍ സിനിമയായി വൈകാതെ പുറത്തിറങ്ങും. ആദ്യ നോവലിന്റെ ചലച്ചിത്ര ഭാഷ്യം, 'സാന്റ്റിറ്റോസ്' അന്താരാഷ്ട്ര ചലച്ചിത്രോസ്‌വങ്ങളില്‍ തിരകഥയ്ക്കുള്‍പ്പടെ 15 ലധികം അവാര്‍ഡുകളാണ് നേടിയത്.അലജാന്‍ഡറോ സപ്രിംഗല്‍ സംവിധാനം ചെയ്ത സിനിമയ്ക്ക്, നോവലിസ്റ്റിന്റേതു തന്നെയായിരുന്നു തിരക്കഥ. അമേരിക്കയിലെ വിഖ്യാതമായ സണ്‍സാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയായി ഇത് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
മരിയയുടെ ആഖ്യാന രീതിയുടെ സവി ശേഷത അവ 'മാജിക്കല്‍ റിയാലിറ്റി'യാണെന്നതാണ്. അത് മാജിക്കല്‍ റിയലിസമല്ല, അതിന്റെ പരിധികള്‍ ഭേദിക്കുന്ന വാസ്തവികതയാണ്. ലോകമെങ്ങും മരിയയുടെ എഴുത്ത് സ്വീകരിക്കപ്പെടുന്നതിന് ഒരു കാരണം ഈ രചനാ രീതി തന്നെയാവണം. സ്പാനിഷിലും ഇംഗ്ലീഷിലും ഒരേ സമയം എഴുതുന്ന മരിയ, 1983-ല്‍ ഭര്‍ത്താവും ശില്‍പിയുമായ ബെനിറ്റേ ക്രില്ലിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കുമൊപ്പം ഇപ്പോള്‍ ലോസ് ആഞ്ചലസില്‍ താമസിക്കുന്നു.യു.സി.എല്‍.എ. എക്‌സ്റ്റന്‍ഷണനില്‍ (കാലിഫോര്‍ണിയ) സര്‍ഗ്ഗാത്മക രചനയില്‍ പരിശീലനം നല്‍കുന്ന അധ്യാപികയാണ്. ബ്രസീല്‍, മെക്‌സിക്കോ, ബാഴ്‌സലോണ എന്നിവിടങ്ങളില്‍ നടക്കുന്ന രാജ്യാന്തര സിനിമാ-എഴുത്ത് പരിശീലന ശില്‍പശാലകളുടെ ഉപദേശകയുമാണ്.
മകളെ അന്വേഷിച്ചിറങ്ങുന്ന വിധവയും സുന്ദരിയുമായ യുവതിയുടെ യാത്രയാണ് മരിയയുടെ ആദ്യ നോവല്‍. എസ്‌പെരാന്‍സയ്ക്ക് മകള്‍ ബ്ലാങ്ക് മരിച്ചുവെന്നോ (യഥാര്‍ത്ഥത്തില്‍ ബ്ലാങ്ക മരിച്ചുവെന്ന് വായനക്കാര്‍ക്ക് നിശ്ചയമുണ്ട്)ജീവിക്കുന്നുവെന്നോ നിശ്ചയമില്ല. വിശുദ്ധ യൂദാദാ തദേവൂസിന്റെ വെളിപാടുകളെ അവള്‍ പിന്തുടരുന്നു. തിജുവാനയിലെ വേശ്യാലയത്തിലെ വെറുപ്പിക്കുന്ന രതിയിലൂടെ അവരിലൊരാളായി എസ്‌പെരാന്‍സ നീങ്ങുന്നു. നോവലിന്റെ അന്ത്യത്തില്‍ സ്വതന്ത്രവും വികാരപൂര്‍ണ്ണവുമായ ജീവിതത്തിലേക്ക് എസ്‌പെരാന്‍സ എത്തുന്നുമുണ്ട്.
വിശുദ്ധന്‍മാരുമായി വേര്‍പിരിയാനാവാത്ത വിധം എസ്‌പെരാന്‍സ ബന്ധിക്കപ്പെട്ടിരുന്നു. കുളിമുറിയിലെ പൂപ്പലിലും ഓവന്റെ മെഴുക്കുപാടിലും വിശുദ്ധന്‍മാരുടെ അടയാളവാക്കുകളുണ്ടെന്നാണ് എസ്‌പെരാന്‍സയുടെ വിശ്വാസം. അത് അവള്‍ പിന്തുടരുന്നു. മെക്‌സിക്കന്‍ സാധാരണക്കാര്‍ക്കിടയില്‍ രൂഢമൂലമായ അന്ധവിശ്വാസങ്ങളെ മരിയ നോവലില്‍ നന്നായി പരിഹസിച്ചുവിടുന്നുണ്ട്.
പുതിയ നോവല്‍, ഗോണ്‍സാലസിന്റെയും മകള്‍ ലിബെര്‍ട്ടോയുടെയും ഒരു വലിയ ട്രക്കിലുള്ള യാത്രാജീവിതമാണ്. മെക്‌സിക്കോയില്‍ 1968 ല്‍ നടന്ന വിദ്യാര്‍ത്ഥി കലാപം ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തന്നതോടെ നാടുവിടുന്ന ഗോണ്‍സാലസ് വലിയ ട്രക്കില്‍ അമേരിക്കയിലൂടെ സഞ്ചരിക്കുന്നു. നോവലിന്റെ തുടക്കത്തില്‍ ലിബെര്‍ട്ടോ ജയിലില്‍ ഇരുന്ന് സഹതടവുകാര്‍ക്കായി ഒരു നോവല്‍ വായിച്ചുകൊടുക്കുന്നതായിട്ടാണ് നമ്മള്‍ കാണുന്നത്. അതവളുടെ തന്നെ കഥയാണ്. അച്ഛനും മകളും തമ്മിലുള്ള തീവ്രവും ഊഷ്മളവുമായ ബന്ധത്തിനിടയിലും അമേരിക്ക കടന്നുവരുന്നു; ചിലപ്പോഴൊക്കെ അസംബന്ധമായി.
കൊച്ചിയില്‍ വച്ചായിരുന്നു മരിയയുടെ നോവലിന്റെ മലയാള പരിഭാഷ 'ഗോണ്‍സാലസിന്റെ മകള്‍' പ്രകാശനം ചെയ്തത്. അതിനുവേണ്ടിയുംഡി.സി.ബുക്‌സിന്റെ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യാനുമായി എത്തിയപ്പോഴാണ് മരിയയുമായി വീണ്ടും സംസാരിച്ചത്. കേരളത്തിലേക്ക് മടങ്ങി വന്നതിന്റെ ചെറുതല്ലാത്ത ആഹ്‌ളാദത്തില്‍, ഈ നോവല്‍ എഴുതിയത് തന്നെ ഇങ്ങോട്ട് വരാനായിരുന്നെന്ന മട്ടില്‍ 'പാറിപ്പറക്കുക'യായിരുന്നു മരിയ.
മെക്‌സിക്കോയെപ്പറ്റി, അമേരിക്കയെപ്പറ്റി, മാജിക്കല്‍ റിയാലിറ്റിയെപ്പറ്റി, തന്റെ നോവലുകളെപ്പറ്റി മരിയ എസ്‌കാന്‍ഡന്‍ സംസാരിക്കുന്നു.
മാജിക്കും കേരളവും
കേരളത്തിലേക്കുള്ള ഈ മടങ്ങി വരലിനെപ്പറ്റി തന്നെ പറയൂ ആദ്യം. എന്താണിപ്പോള്‍ മനസ്സില്‍?
എന്റെ ഇപ്പോഴത്തെ പ്രത്യേകതരം ഉന്മാദാവസ്ഥ ഒരു പക്ഷേ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവണമെന്നില്ല. ഇങ്ങോട്ട് വരാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ എട്ടുവര്‍ഷം വൈകി. എനിക്ക് നിങ്ങളുടെ നാട്ടിലൂടെ ഭാരം കുറഞ്ഞ ഒരു തൂവല്‍ പോലെ പാറിപറക്കാനാണ് തോന്നുന്നത്. 'എസ്‌പെരാന്‍സയുടെ പുണ്യാളന്‍'മാരുമായി ആദ്യം വരുമ്പോള്‍ എന്നെപ്പറ്റിയോ എന്റെ കൃതിയെപ്പറ്റി ആര്‍ക്കുമറിയില്ല. മലയാളത്തെപ്പറ്റി എനിക്കുമറിയില്ല. അതിനാല്‍ പ്രതീക്ഷകളോ ആശങ്കകളോ ഇല്ലായിരുന്നു. ഇപ്പോഴങ്ങനെയല്ല. എന്റെ പുസ്തകം കുറച്ചുപേരെങ്കിലും വായിച്ചിരിക്കുന്നു. ചിലര്‍ വായിക്കാന്‍ പോകുന്നു. ഇവിടെ പലരുമായും മെയിലിലൂടെയും മറ്റും ഞാന്‍ വ്യക്തിബന്ധം പുലര്‍ത്തുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷകളും ആശങ്കകളുമുണ്ട്. ബുക്ക് ടൂറുമായി മിക്ക രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുണ്ടെങ്കിലും കേരളം ഹൃദയത്തില്‍ തുടിക്കുന്ന പ്രതിധ്വനിയാണ്. ഇവിടെ മുഴുവന്‍ മാജിക്കാണ്. ഇപ്പോള്‍, ഈ നിമിഷം ഞാന്‍ വിചാരിക്കുന്നത് കേരളത്തെ എന്റെ ഈ കൊച്ചു ചെപ്പില്‍ എങ്ങനെ അടച്ച് ഒപ്പം കൊണ്ടുപോകാമെന്നാണ്!!
എന്താണ് നിങ്ങള്‍ കേരളത്തില്‍ കണ്ട മാജിക്?
ഒരു നാട്ടുകാരും തങ്ങളുടെ നാട്ടിലെ മാജിക്കുകള്‍ മനസിലാക്കിക്കൊള്ളണമെന്നില്ല. പക്ഷേ ഇവിടെ കാണുന്നതിലെല്ലാം എനിക്ക് മാജിക് തോന്നുന്നുണ്ട്. ഞാനൊരു ഉദാഹരണം പറയാം. ഇന്ന് കാറില്‍ യാത്രചെയ്യുമ്പോള്‍ കണ്ട കാഴ്ചയാണ്. തിരക്കുകൂടിയ റോഡിലൂടെ, ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഒരു ആന നടന്നുപോകുന്നു. ആനെയക്കാള്‍ എത്രയോ മടങ്ങ് ചെറിയ ഒരാള്‍ ഒരു ചെറിയ വടിയുമായി ആനയെ നേര്‍ക്ക് നടത്തുന്നു. ഒരു കൂസലുമില്ലാതെ അയാളും ആനയും നടക്കുന്നു. ആനയ്ക്കടുത്തുകൂടെ ആള്‍ക്കാര്‍ പോകുന്നു, വാഹനങ്ങള്‍ പോകുന്നു. അവര്‍ക്കുമില്ല കൂസല്‍. ഈ കാഴ്ച തന്നെയാണ് മാജിക്. ഇവിടെയല്ലാതെ എവിടെയാണ് ഇത്തരം മാജിക്കുകള്‍ നടക്കുക?
കേരളത്തിലെ മാറ്റങ്ങള്‍ എങ്ങനെയാണ് അനുഭവപ്പെടുന്നത്?
ഒത്തിരിയേറെ മാറിയിട്ടുണ്ട്. പക്ഷേ അടിസ്ഥാനപരമായി നിഷ്‌കളങ്കതയും നന്മയും കേരളം ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. മുന്നിലേക്ക്, ഭാവിയിലേക്ക് കേരളം കുതിച്ചു ചാടുന്നതായി തോന്നുന്നു. അതിവേഗം ചലിക്കുന്നതായി, എവിടെയോ എത്താന്‍ മത്സരിക്കുന്നതായി അനുഭവപ്പെടുന്നു. നിങ്ങള്‍ മുന്നേറുമ്പോള്‍ പ്രകൃതിയുടെ മനോഹാരിതയില്‍ കൈവയ്ക്കരുത്. അതിനെ നശിപ്പിക്കരുത്. പിന്നെ കേരളത്തിന് കേരളമായിരിക്കാന്‍ ആവില്ല. ഇതെന്റെ മനസിന്റെ ഒരു തരം ആശങ്കയായി, അഭ്യര്‍ത്ഥനയായി കണ്ടാല്‍ മതി.
എഴുത്ത്, നോവല്‍, മെക്‌സിക്കോ
എന്താണ് താങ്കള്‍ക്ക് എഴുത്ത്? നിങ്ങളുടെ രചനകളെ സ്വയമെങ്ങനെ വിലയിരുത്തും?
എഴുത്ത് എനിക്ക് ഒരു ജീവിത രീതിയാണ്. ആദ്യകഥ അച്ചടിക്കുന്നത് പതിനെട്ടാം വയസ്സിലാണെങ്കിലും ഏഴു വയസു മുതലേ എഴുതിവരുന്നു. എഴുത്ത് എനിക്ക് അഭയസ്ഥാനമാണ്. സ്വയം സമാധാനിക്കാനും കലഹിക്കാനുമുള്ള ഒരിടം. എന്റെ കഥകള്‍ എന്റെ ചിന്തകളുടെ, വികാരങ്ങളുടെ, ഭയങ്ങളുടെ, ആഗ്രഹങ്ങളുടെ പ്രതിഫലനമാണ്. പക്ഷേ അതുകൊണ്ട് അവ ആത്മകഥാപരമായിക്കൊള്ളണമെന്നില്ല. എന്നിലെ എന്നെ ഭാവനയുടെ ലോകത്ത് അവതരിപ്പിക്കുന്നു. എല്ലാ എഴുത്തുകാരനും അവന്റെ/അവളുടേതായ സാഹിത്യ ശബ്ദമുണ്ടാകും. നമ്മളെല്ലാം ഒരാളില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് എഴുതുന്നത്. നമ്മുടെയെല്ലാം ശബ്ദം വേറിട്ടതാണ്; വിരലൊപ്പുകള്‍ പോലെ. പ്രത്യേക രീതിയില്‍, അല്ലെങ്കില്‍ ശബ്ദത്തില്‍ ഞാന്‍ ആഴത്തില്‍ എഴുതുന്നു. ഒരു വായനക്കാരന്‍ ഉപരിതലത്തില്‍ നിന്ന് അതിന്റെ വിനോദകരം എന്ന വശം മാത്രമാവും എടുക്കുക. വേറൊരാള്‍ക്ക് കഥയില്‍ പറയുന്ന ആഴമുള്ള കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിന്റെ അര്‍ത്ഥങ്ങളും സങ്കല്‍പ്പങ്ങളും മനസ്സിലാക്കാനുമാകും. അതുകൊണ്ട് എന്റെ എഴുത്ത് എനിക്കും വായനക്കാര്‍ക്കുമിടയില്‍ വ്യത്യാസപ്പെടുന്നുണ്ട്. എങ്കിലും പൊതുവില്‍ വായനക്കാര്‍ സ്വീകരിക്കുന്നു.
നിങ്ങള്‍ മാജിക്കല്‍ റിയാലിറ്റി എന്ന സങ്കേതത്തില്‍ എഴുതുന്നു, പറയുന്നു...
'മാജിക്കല്‍ റിയാലിറ്റി'യെന്നത് യഥാര്‍ത്ഥത്തില്‍ മാജിക്കല്‍ റിയലിസമല്ല. അതിന്റെ വികസിത രൂപവുമല്ല; അങ്ങനെ പലരും കരുതുന്നുണ്ടെങ്കില്‍ പോലും. ഒന്ന് സാധാരണലോകത്ത് നടക്കുന്ന അസാധാരണ കാര്യങ്ങളെപ്പറ്റി പറയുന്നു. മറ്റേത് സാധാരണ ലോകത്ത് നടക്കുന്ന അസാധാരണ കാര്യങ്ങളെ പറ്റി പറയുന്നു. മാജിക്കല്‍ റിയാലിറ്റിയില്‍ അവാസ്തവികതയില്ല. സംഭവിക്കുന്നതോ സംഭവിച്ചതോ ആയ കാര്യങ്ങള്‍ മാത്രമേയുള്ളൂ. അത് വിശദമാക്കാം. മാസ്റ്റര്‍ എന്ന നിലയില്‍ ഞാനെന്നും ആദരിക്കുന്ന മാര്‍ക്ക്വേസിന്റെ നോവലില്‍ ചോര തെരുവിലൂടെ, ദൂരങ്ങള്‍ താണ്ടി ഉര്‍സുല എന്ന കഥാപാത്രത്തെ തേടിയെത്തുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഈ കഥാപാത്രം ചെറുതായി ചെറുതായി കൊച്ച് കുഞ്ഞിന് എടുത്തുയര്‍ത്താന്‍ മാത്രം പോന്ന വലുപ്പത്തിലാകുന്നുണ്ട്. ഇതൊന്നും വാസ്തവത്തില്‍ നടക്കുന്നതല്ല. എന്നാല്‍ അങ്ങനെ സംഭവിച്ചതായി തോന്നാന്‍ ന്യായങ്ങളുണ്ട്. മാജിക്കല്‍ റിയാലിറ്റി സംഭവിക്കുന്നവയെക്കുറിച്ചാണ് എഴുതുന്നത്. പക്ഷേ അത് മാജിക്കായി വായനക്കാരന് തോന്നും. എന്റെ നോവലില്‍ ഒരു കഥാപാത്രം ക്ലാസ് മുറിയില്‍ പോക്കറ്റില്‍ നിന്ന് ചുണ്ടെലിയെയെടുത്ത് ഓമനിക്കുന്നുണ്ട്. ഇത് എന്റെ അമ്മയുടെ അനുഭവമാണ്.'ഇസ്തപലാപയിലെ ക്രിസ്തു' എന്ന കഥയില്‍ (ഈ കഥ മുമ്പ് 'മാധ്യമം' പ്രസിദ്ധീകരിച്ചിട്ടുണ്ട്) ഇതിലെ ക്രിസ്തുവിന്റെ ക്രൂശിക്കല്‍ സംഭവിച്ചതാണോയെന്ന് ഒരു പക്ഷേ അത്ഭുതപ്പെട്ടേക്കാം. അമേരിക്കയില്‍ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ അത്തരം ചോദ്യങ്ങളുണ്ടായി. ഈ കഥ വാസ്തവത്തില്‍ മെക്‌സിക്കോയിലെ ഗ്രാമത്തില്‍ നടക്കുന്ന പരമ്പരാഗത ചടങ്ങിന്റെ നേര്‍ വര്‍ണന മാത്രമാണ്. ഞാന്‍ വേറൊന്നു കൂടി പറയാം. കുറച്ച് ചൈനീസ് മുക്കുവര്‍ ഒരിക്കല്‍ കാലിഫോര്‍ണിയാണെന്ന് കരുതി മെക്‌സിക്കന്‍ തീരത്ത് എത്തി. അവര്‍ അവിടെ ഒരു ചൈനീസ് റസ്‌റ്റോറന്റ് കാണുന്നു. അവിടെ അവര്‍ക്ക് ചൈനീസ് ഭക്ഷണം കിട്ടുന്നു. അവര്‍ തങ്ങള്‍ ചൈനയിലാണോ സ്വപ്നത്തിലാണോ എന്ന് അമ്പരക്കുന്നു. ഇത് സംഭവിച്ചതാണ്. ഇതാണ് ഞാന്‍ പറയുന്ന മാജിക് റിയാലിറ്റി. മാജിക്കല്‍ റിയാലിറ്റിയെ വായനക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വാസ്തവത്തില്‍ എന്റെ രചന മാജിക്കല്‍ റിയാലിറ്റിയാണെന്ന് കണ്ടെത്തുന്നത് വിമര്‍ശകരും ആസ്വാദകരുമാണ്.
മാജിക്കല്‍ റിയലിസത്തില്‍ നിന്ന് മാര്‍ക്കേസും അകന്നിരിക്കുന്നു. പിന്നെയും 'മാജിക്കല്‍' ചുറ്റുപാടുകളില്‍ തുടരുന്നത് നല്ലതാണോ? വായനക്കാര്‍ക്ക് ഒരു തരം മടുപ്പ് ഉണ്ടാക്കില്ലേ?
പുതിയ ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാര്‍ മാജിക്കല്‍ റിയലിസത്തില്‍ നിന്ന് അകന്നുമാറുകയാണ്. മാജിക്കല്‍ റിയലിസമെന്നത് പഴഞ്ചനായിക്കഴിഞ്ഞു. ഇന്നത്തെ സാഹിത്യപ്രവണതയെന്ന് കൂടുതല്‍ പട്ടണവല്‍ക്കരിക്കപ്പെട്ടതും കൂടുതല്‍ റിയലിസ്റ്റിക് സ്വഭാവമുള്ള കൃതികള്‍, കഥകള്‍ എഴുതുക എന്നാണ്. മാജിക്കല്‍ പ്രവണതയുടെ ചുറ്റുവട്ടത്ത് കഴിയുന്നത് നല്ലതോ ചീത്തയോ എന്ന് പറയാന്‍ ഞാന്‍ യോഗ്യയല്ല. ഓരോ എഴുത്തുകാരനും അവന്‍/അവളുടേതായ തീരുമാനങ്ങളുണ്ട്. തുടര്‍ച്ചയായി ഒരേ രീതിയില്‍ എഴുതുന്നത് വായനക്കാര്‍ക്ക് മടുപ്പുണ്ടാക്കും എന്നതില്‍ തര്‍ക്കമില്ല. എഴുതുന്ന ഓരോ പുസ്തകവും എന്നെ സംബന്ധിച്ച് ഓരോ വിടവാങ്ങലാണ്, പുതിയ സാഹിത്യ രൂപങ്ങളിലേക്ക് നയിക്കുന്ന പുതിയ പര്യവേക്ഷണങ്ങളാണ്. ഞാന്‍ എന്റെ രചനകളില്‍ ഇത്രമാത്രം മാജിക്കല്‍ റിയാലിറ്റി വേണം, അല്ലെങ്കില്‍ ഇന്ന രീതിയില്‍, ഈ അളവില്‍ മാജിക് വേണം എന്നൊന്നും കരുതിയല്ല എഴുതുന്നത്. എഴുതുന്നത് റിയാലിറ്റിയാണ്. അത് മാജിക്കായി തോന്നുന്നുവെങ്കില്‍ എനിക്കെന്തുചെയ്യാനാവും?
എന്താണ് ലാറ്റിന്‍-അമേരിക്കന്‍ സാഹിത്യത്തിന്റെ സമകാലിക പ്രവണതകള്‍?
ലാറ്റിന്‍- അമേരിക്കയുടെ സാഹിത്യത്തിന്റെ സ്വഭാവം, നേരെത്ത പറഞ്ഞതുപോലെ വിശ്വസിക്കാനാവാത്ത വേഗത്തില്‍, മാറിയിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്നു. സാഹിത്യ രചനകള്‍ ചെറു പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ളതായി. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ അര്‍ദ്ധ നഗരവല്‍ക്കരണം സംഭവിച്ചിരിക്കുന്നു. പുതിയ സാഹചര്യങ്ങളിലേക്ക് പുതിയ എഴുത്തുകാരുടെ നീണ്ട നിര കടന്നുവന്നു കഴിഞ്ഞു. മുന്‍ഗാമികളെ എങ്ങനെയാണോ ഞങ്ങളുടെ മുന്‍തലമുറ തള്ളിമാറ്റിയത്,അതിനേക്കാള്‍ ശക്തിയില്‍, വേഗത്തില്‍. മാജിക്കല്‍ റിയലിസം പഴയ കാലത്തിനെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ന് ലാറ്റിന്‍-അമേരിക്കയിലെ പുതിയ എഴുത്തുകാര്‍ സ്വന്തം സ്വത്വം തന്റെ രചനകളിലൂടെയും രചനാസമ്പ്രദായങ്ങളിലൂടെയും സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുതിയ എഴുത്ത് നല്ലതാണെന്നാണ് എന്റെ പക്ഷം. രചനാ രീതികള്‍ കാലത്തിന്റെ ഏതെങ്കിലും കോണില്‍ സാന്ദ്രീകരിക്കുന്നത് ഗുണകരമല്ല. മാറ്റം കൂടിയേ തീരു.
ലാറ്റിനമേരിക്കയില്‍ ഉത്തരാധുനിക സാഹിത്യം നിലവിലുണ്ടോ ?
അങ്ങനെയൊന്ന് നില നിന്നിരുന്നു. പണ്ട്. അതും വേറൊരു അസംബന്ധമാണ്. ഞങ്ങളുടെ സാഹിത്യത്തെ ഉത്തരാധുനികമെന്നോ ആധുനികമെന്നോ എന്നൊന്നും പറയാനാവില്ല. അതിന് മറ്റൊരു പേര് കണ്ടെത്തേണ്ടി വരും. സമകാലികം എന്നതാവും കൂടുതല്‍ യോജിച്ചത്. വാസ്തവത്തില്‍ ഉത്തരാധുനികതയെ വായനക്കാര്‍ തള്ളിക്കളയുകയാണുണ്ടായത്.
'ഗോണ്‍സാലസ് ആന്‍ഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി' എന്ന നോവലിലേക്ക് താങ്കള്‍ എത്തിയതെങ്ങനെയാണ്? എന്തുകൊണ്ട് ഈ പേര്?
ഒരച്ഛനും മകളും തമ്മിലുള്ള സ്‌നേഹമാണ് നോവലിന്റെ പ്രമേയം. പതിനെട്ട് ചക്രങ്ങളുള്ള വലിയ ട്രക്കില്‍ അമേരക്കയില്‍ ചുറ്റിക്കറങ്ങുന്ന ഗോണ്‍സാലസിനൊപ്പം മകളുമുണ്ട്. അറുപതുകളുടെ അന്ത്യത്തില്‍ മെക്‌സിക്കോയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി കലാപത്തെ ഭരണകൂടം ചോരയില്‍ മുക്കിക്കൊന്നതിനെ തുടര്‍ന്ന് ഒളിവില്‍ രക്ഷപ്പെട്ട ഒരു പ്രൊഫസറാണ് ഗോണ്‍സാലസ്. മാപ്പുനല്‍കല്‍, സ്‌നേഹം എന്നൊക്കെയുള്ള സാര്‍വ്വജനീനമായ പ്രമേയങ്ങളാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. സ്വയം കണ്ടെത്തലും നോവലില്‍ വിഷയമാകുന്നു. ഞാനീ പുസ്തകം എഴുതാന്‍ വേറെയും കാരണമുണ്ട്. എന്റെ അച്ഛനും ഒരു ട്രക്ക് ഡ്രൈവറായിരുന്നു. വളരെ അപൂര്‍വമായി അദ്ദേഹം എന്നെയും ഒപ്പം കൂട്ടിയിരുന്നു. സഹോദരന്‍മാരെ എന്നാല്‍ എപ്പോഴും ഒപ്പം കൂട്ടി. ഞാന്‍ പെണ്ണാണെന്ന കാരണത്താലാണ് മാറ്റി നിര്‍ത്തിയിരുന്നത്. ഇതെന്നെ വിഷമിപ്പിച്ചിട്ടുണ്ട്. അച്ഛനോടൊപ്പം യാത്ര ചെയ്ത ചില നല്ല നിമിഷങ്ങളെപ്പറ്റിയുള്ള ഓര്‍മകളില്‍ നിന്നാണ് നോവല്‍ മനസിലേക്കു വരുന്നത്. മെക്‌സിക്കോയിലെ വിദ്യാര്‍ത്ഥി കലാപത്തെപ്പറ്റി അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. കുറേ ഓര്‍മകളുണ്ടായിരുന്നു അദ്ദേഹത്തിന്. നോവലിന്റെ പേരിലേക്ക് ഞാനെത്തുന്നത് ഒരുതരം പ്രതിഷേധം കൊണ്ടാണ്. അച്ഛനോടൊപ്പം യാത്രചെയ്യുമ്പോഴൊക്കെ ഞാന്‍ കണ്ടിരുന്ന ഒരുകാര്യം ട്രക്കുകള്‍ക്കൊക്കെ ആണ്‍മക്കളുമായി ചേര്‍ത്തിട്ടാണ് പേരിട്ടിരുന്നത്. പീറ്റര്‍ ആന്‍ഡ് സണ്‍സ്, മാത്യു ആന്‍ഡ് സണ്‍സ് എന്നൊക്കെ. എന്തുകൊണ്ട് ഡോട്ടേഴ്‌സ് എന്ന് ചേര്‍ത്തുകൂടാ? ആ ചോദ്യം മനസില്‍ കിടന്ന് വികസിച്ചതാണ് നോവലിന്റെ പേര്.
എന്താണ് 'ഗോണ്‍സാലസിന്റെ മകളി'ലൂടെ പറയാന്‍ ശ്രമിച്ച സാമൂഹ്യ-രാഷ്ട്രീയ കാര്യങ്ങള്‍?
ഞാന്‍ ചിന്തിക്കുന്നത് എന്താണോ അത് വ്യക്തിപരമാണ്. പക്ഷേ അത് നൂറുശതമാനം പൊളിറ്റിക്കലുമാണ്. ഞാന്‍ അച്ഛന്‍-മകള്‍ ബന്ധം (എപ്പോഴും സങ്കീര്‍ണമാണത്), മാപ്പുനല്‍കല്‍, അഴിമതി, ലിംഗപരമായ ഇരട്ട നിലപാടുകള്‍, മാറുന്ന കാലം എന്നിവയൊക്കെ അഭിമുഖീകരിക്കാനാണ് ശ്രമിച്ചത്. നോവലിന്റെ പേരിലുള്‍പ്പടെ ബോധപൂര്‍വ്വം പുരുഷ നിലപാടുകളെയും താല്‍പര്യങ്ങളെയും നിഷേധിക്കാനായിരുന്നു നീക്കം.
നോവലില്‍ പറയുന്ന 1968 ലെ മെക്‌സിക്കന്‍ വിദ്യാര്‍ത്ഥി കലാപത്തെപറ്റി എന്താണ് ഓര്‍മകള്‍?
ഈ കലാപം നടക്കുന്ന കാലത്ത് ഞാന്‍ ചെറിയ കുട്ടിയാണ്. 1968 ഒക്‌ടോബര്‍ 2 ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രകടനം ഭരണകൂടം നിര്‍ദയം അടിച്ചമര്‍ത്തി. കൂട്ടക്കൊല നടത്തി. നിരപരാധികളായ മുന്നൂറിലേറെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. മെക്‌സിക്കോയില്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അത്. സൈനിക ക്യാമ്പിലേക്ക് വലിച്ചിഴക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ പലരും അപ്രത്യക്ഷരായി. പക്ഷേ മെക്‌സിക്കോയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായം ഇപ്പോഴും ഉണങ്ങാത്ത, തുറന്ന മുറിവാണ്. കൂട്ടക്കൊല നടത്തിയതിന് ഉത്തരവാദികളായ ആരും ശിക്ഷിക്കപ്പെട്ടില്ല. കുറ്റവാളി പ്രായം ചെന്നു മരിച്ചു. റെക്കോഡുകള്‍ അപ്രത്യക്ഷമായി. പക്ഷേ തെളിവുകള്‍ എല്ലായിടത്തുമുണ്ട്. അതിജീവിച്ചവര്‍ സാക്ഷിമൊഴികള്‍ നല്‍കുന്നുണ്ട്. എന്നാലും കേസുകള്‍ അടഞ്ഞ അധ്യായമാണ്. എന്റെ അച്ഛന്‍ ആ സമയത്ത് പഠിത്തം കഴിഞ്ഞ് തന്റെ കുടംബത്തെ പോറ്റാന്‍ ആരംഭിച്ചിരുന്നു. വിദ്യാര്‍ത്ഥി കലാപം നടന്നപ്പോള്‍ അദ്ദേഹം ആ സര്‍വകലാശാലയില്‍ പോകുകയും കലാപകാരികളുമായി സംസാരിക്കുകയും ചെയ്തു.കലാപകാരികള്‍ക്കൊപ്പമായിരുന്നു അച്ഛന്‍. അദ്ദേഹത്തിന് കുറേയേറെ അനുഭവങ്ങളും കഥകളും അതിനെപ്പറ്റി പറയാനുണ്ട്. പറഞ്ഞുകേട്ട ആ അനുഭവങ്ങള്‍ ഞാന്‍ നോവലില്‍ ഭാവനാ സംഭവങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഗോണ്‍സാലസിന് എന്റെ അച്ഛന്റെ ചില ഛായകളുണ്ട്. 2003 ഡിസംബര്‍ 21 ന് ഞാന്‍ നോവല്‍ എഴുതി പൂര്‍ത്തിയാക്കി. അത് അച്ഛനെ കാണിക്കാനായി മെക്‌സിക്കോ സിറ്റിയില്‍ ചെന്നു. പക്ഷേ മൂന്നുദിവസത്തിനുശേഷം അച്ഛന്‍ ഹൃദയാഘാതം മൂലം 71-ാം വയസില്‍ മരിച്ചു. നോവല്‍ അദ്ദേഹത്തിനു വായിക്കാനായില്ല.
നോവലിലെ ഗോണ്‍സാലസിന് അച്ഛനുമായി ചില സാമ്യങ്ങള്‍ ഉണ്ടെന്നു പറന്നു. പക്ഷേ, നിങ്ങളുടെ കഥാപാത്രം ഒരു ഒളിച്ചോട്ടക്കാരനാണ്. വിദ്യാര്‍ത്ഥി കലാപത്തില്‍ വലിയ പങ്കൊന്നും വഹിക്കുന്നില്ല. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ച മരണത്തില്‍ ദു:ഖിക്കുകയും ചെയ്യുന്നു..
മെക്‌സിക്കോ സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കലാപം ചെയ്തത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കലാപം ചെയ്യുന്നത് കണ്ടാണ്- യു.എസ്., ജര്‍മ്മനി, ഫ്രാന്‍സ് എല്ലായിടത്തും ആ സമയത്ത് കലാപം നടക്കുന്നുണ്ട്. മെക്‌സിക്കക്കാര്‍ക്കു വേണ്ടിയിരുന്നത് ഒറ്റകാര്യമാണ്: ജനാധിപത്യം. നിര്‍ഭാഗ്യവശാല്‍, ആ കലാപം ആത്മഹത്യാപരമായ ഒരു ഉയര്‍ത്തെഴുന്നേല്‍പ്പായിരുന്നു. കാരണം രാജ്യം ആ ആവശ്യത്തിന് പക്വമായിരുന്നില്ല. എന്റെ മുഖ്യകഥാപാത്രം ഗോണ്‍സാലസ് നായകനല്ല, അയാള്‍ ധൈര്യവാനുമല്ല. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ ധീരമായി ശബ്ദം ഉയര്‍ത്തുമ്പോള്‍ അതില്‍ ഭയപ്പെടുകയാണ് അയാള്‍. മര്‍ദ്ദക ഭരണകൂടത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ തന്റെ വിദ്യാര്‍ത്ഥികളോട് അദ്ദേഹം പറയുന്നത് 'നമ്മള്‍ എട്ടുകാലികളാണ്, അവര്‍ ചെരുപ്പുകള്‍ (ബൂട്ട്) ആണെന്നുമാണ്'. ഈ ഒരു അവസ്ഥയാണ് ഞാന്‍ വികസിപ്പിക്കാന്‍ ശ്രമിച്ചത്. എനിക്കത് വളരെ രസകരമായി തോന്നി, കാരണം നമ്മളൊക്കെ സാധാരണ മനുഷ്യരാണ്, ചിപ്പോള്‍ കടുത്ത തീരുമാനമെടുക്കാനാവാതെ വിഷമിക്കും. അതുതന്നെയാണ് ഗോണ്‍സാലസിന്റെ പ്രതിസന്ധി.
'ഗോണ്‍സാലസ് ആന്‍ഡ് ഡോട്ടേഴ്‌സ് ട്രക്കിംഗ് കമ്പനി' സിനിമയാക്കാനുള്ള ശ്രമങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു?
സാമ്പത്തിക പ്രതിസന്ധിമൂലം സിനിമയുടെ നിര്‍മാണം മാറ്റി വച്ചിരിക്കുകയാണ്. തിരക്കഥ ഞാന്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനുവേണ്ടിയുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയാണ്. എന്നാല്‍ പ്രതിസന്ധിവന്നതോടെ അമേരിക്കയില്‍ ഒന്നും നടക്കാതായി. ഒബാമയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ കാര്യങ്ങള്‍ മാറുമെന്നാണ് എല്ലാരും പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി മാത്രമല്ല യുദ്ധങ്ങളും ഇല്ലാതാകുമെന്ന് ജനങ്ങള്‍ കരുതുന്നു. അങ്ങനെയൊക്കെ സംഭവിച്ചാല്‍ സിനിമ പുറത്തിറങ്ങും (ചിരി).
നോവലിന്റെ പശ്ചാത്തല വിവരങ്ങള്‍ക്കായി നിങ്ങള്‍ ജയിലുകള്‍ സന്ദര്‍ശിച്ചതായി കേട്ടിട്ടുണ്ട്. എന്താണ് അമേരിക്കയിലെ ജയിലുകളുടെ അവസ്ഥ?
അമേരിക്കന്‍ ജയിലുകള്‍ ആളുകളെക്കൊണ്ട് കുത്തിനിറക്കപ്പെട്ടതാണ്. പ്രത്യേകിച്ച് കാലിഫോര്‍ണിയയില്‍. അമേരിക്കയിലെ തടവുകാരില്‍ ഭൂരിപക്ഷം പേരും കറുത്തവര്‍ഗക്കാരോ ഹിസ്പാനിക്കുകളോ ആണ്. മിക്കവാറും പേരും ദരിദ്രരാണ്. അതില്‍ വര്‍ണ്ണവിവേചനത്തിന്റെയും ഭരണകൂടത്തിന്റെ വര്‍ഗതാല്‍പര്യങ്ങളുടെയും പ്രതിഫലനമുണ്ട്. പരിമിതമായ സൗകര്യങ്ങളേ ജയിലുള്ളൂ. പലപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നു. ഞാന്‍ സന്ദര്‍ശിച്ചത് മുഖ്യമായും സ്ത്രീകളുടെ ജയിലുകളാണ്. ഭൂരിപക്ഷം സ്ത്രീകളും അക്രമരഹിതമായ കുറ്റങ്ങള്‍ ചെയ്തവരാണ്. മയക്കുമരുന്ന് വില്‍പന തുടങ്ങിയ കുറ്റങ്ങള്‍. അടുത്തകാലം വരെ തടവുകാരെ എങ്ങനെ പുനരധിവാസിപ്പിക്കാമെന്ന് ആരും പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ അത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ട്. കാലിഫോര്‍ണിയയില്‍ 'ആത്മാവിനുവേണ്ടിയുള്ള ചിറകുകള്‍' എന്ന ഒരു പുസ്തക ക്ലബ് ഞങ്ങള്‍ രൂപീകരിച്ചിരുന്നു. എല്ലാ മൂന്നു മാസം കൂടുമ്പോഴും ജയിലിലില്‍ കഴിയുന്നവര്‍ക്കായി 200 പുസ്തകങ്ങള്‍ സംഭാവന ചെയ്യും. പിന്നീട് ഗ്രന്ഥരചയിതാക്കളുമായി സംസാരിക്കാന്‍ തടവുകാര്‍ക്ക് അവസരം ഒരുക്കും. ഇത്തരം ശ്രമ തുടങ്ങാന്‍ പ്രേരണയായത് ഈ ജയില്‍ സന്ദര്‍ശനമാണ്. കറക്ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയും ഇതിനുണ്ട്.
അമേരിക്കയില്‍ ജയിലുകളിലും നല്ലരീതിയില്‍ വര്‍ണ്ണ വിവേചനം നടക്കുന്നുവെന്ന് പറഞ്ഞു. പുറംലോകത്തോ?
അമേരിക്കയില്‍ വര്‍ണ്ണ വിവേചനമുണ്ട്. കടുത്ത രീതിയില്‍ത്തന്നെ. മെക്‌സിക്കോയിലുമുണ്ട് വര്‍ണ്ണവിവേചനം. ഇപ്പോള്‍ ആരും പരസ്യമായി പുറത്തു പ്രകടിപ്പിക്കാറില്ല. ശിക്ഷകിട്ടുമെന്ന ഭയംകൊണ്ട്. പക്ഷേ രഹസ്യമായി എല്ലാതലത്തിലും ഇത് നടക്കുന്നുണ്ട്. ഭരണകൂടം കുറ്റവാളികളായി ആരെയാണ് കൂടുതല്‍ അറസ്റ്റ് ചെയ്യുന്നത് എന്നുനോക്കിയാല്‍ മതി എത്രത്തോളം വര്‍ണവിവേചനം നടക്കുന്നുണ്ട് എന്നു മനസ്സിലാക്കാന്‍.
്
നിങ്ങള്‍ അമേരിക്കയില്‍ ജീവിച്ചുകൊണ്ട്, നോവലിലുള്‍പ്പടെ അമേരിക്കയെ വിമര്‍ശിക്കുകയാണല്ലോ?
അമേരിക്കയില്‍ ജീവിക്കുന്ന ഒരു ജനാധിപത്യ-മാനവികതാവാദിക്ക് ഭരണകൂടത്തിന്റെ നടപടികളെയും ചെയ്തികളെയും വിമര്‍ശിക്കേണ്ടി വരും. അത് സ്വാഭാവികം മാത്രമാണ്. അധിനിവേശങ്ങള്‍, യുദ്ധങ്ങള്‍, അടിച്ചമര്‍ത്തലുകള്‍ എല്ലാം എനിക്ക്അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയെ വിമര്‍ശിക്കുക എന്ന ബോധപൂര്‍വമായ ഉദ്ദേശ്യമൊന്നും എനിക്കില്ല. വസ്തുതകള്‍ വസ്തുതകളായി പറയുമ്പോഴും എഴുതുമ്പോഴും അങ്ങനെയാവുന്നു എന്നു മാത്രം.
അമേരിക്കന്‍ കുടിയറ്റം നിങ്ങള്‍ ആസ്വദിക്കുകയാണോ? അമേരിക്കയിലെ ജീവിതം ഒരു എഴുത്തുകാരിയെന്ന നിലയില്‍ താങ്കള്‍ക്ക് സഹായകരമായിട്ടുണ്ടോ?
അമേരിക്കയിലേക്കുള്ള കുടിയേറ്റം എന്റെ എഴുത്തിന് ഗുണകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടണ്ട്. അമേരിക്കയില്‍ വന്നശേഷമാണ് ഒരു സ്ത്രീയ്ക്കും എഴുതാനാവുമെന്ന് ബോധ്യമായത്. ലാറ്റിനമേരിക്കയില്‍, അറുപതുകളില്‍ ഭൂരിപക്ഷം എഴുത്തുകാരും ആണുങ്ങളായിരുന്നു. ഒക്‌ടോവിയോ പാസ്, കാര്‍ലോസ് ഫുവന്തിസ്, മാര്‍ക്കേസ്, ബോര്‍ഹസ്, ജൂലിയോ കോര്‍ട്ടാസര്‍ എന്നിവരുടെ എഴുത്തിന്റെ ആരാധിച്ചാണ് ഞാന്‍ വളര്‍ന്നത്.
അതിനാല്‍ ഞാന്‍ കരുതിയത് എഴുത്തുകാരനെന്ന നിലയില്‍ വിജയിക്കണമെങ്കില്‍ ഒരാണായിരിക്കണമെന്നും അല്ലെങ്കില്‍ ആണുങ്ങള്‍ എഴുതുന്നതുപോലെ എഴുതണമെന്നുമാണ്. പക്ഷേ അമേരിക്കയില്‍ വന്നപ്പോള്‍ വളരെയേറെ വിജയിച്ച സ്ത്രീ എഴുത്തുകാരെ കണ്ടു.അവരുമായി കൃതികളിലൂടെയും അല്ലാതെയും പരിചയപ്പെട്ടതോടെയാണ് എഴുത്തുകാരിയാകാം എന്ന ആത്മവിശ്വാസമുണ്ടാകുന്നത്. പക്ഷേ,
യു.എസില്‍ താമസിക്കുന്ന ഒരു മെക്‌സിക്കന്‍ എഴുത്തുകാരിയെന്ന നിലയില്‍ ചിലപ്പോള്‍ ഒരു തവളയെപ്പോലെയാണെന്ന് സ്വയം തോന്നും; ചിലപ്പോള്‍ കരയില്‍, ചിലപ്പോള്‍ വെള്ളത്തില്‍. അതിന് അതിന്റേതായ മേന്‍മയുണ്ട്. എഴുത്തില്‍ പുതിയതും വ്യത്യസ്തവുമായ കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനായി. മെക്‌സിക്കോയേയും മറ്റു ലോകങ്ങളെയും വ്യക്തമായി കാണാന്‍ സാഹചര്യമൊരുങ്ങി. എന്നാല്‍ ഇതിന്റെയര്‍ത്ഥം അമേരിക്കന്‍ കുടിയേറ്റം ഞാന്‍ ആസ്വദിക്കുന്നുവെന്നല്ല.കുടിയിറക്കം, തിരിച്ചുപോക്ക് എനിക്കനിവാര്യതയാണ്. ഞാനത് ആഗ്രഹിക്കുന്നുണ്ട്.
പുണ്യാളന്‍മാരും യാഥാര്‍ത്ഥ്യവും
'എസ്‌പെരാന്‍സയുടെ പുണ്യാളന്‍'മാരിലെ നായിക മരിയയെപ്പോലെ ലോസ് ആഞ്ചലസിലേക്ക് പ്രണയപലായനം നടത്തുന്നുണ്ട്?
അതെ. എസ്‌പെരാന്‍സയില്‍ എന്റെ തന്നെ ചില ഭാവങ്ങളും വശങ്ങളുമുണ്ട്. ആത്മകഥാപരമായ ചില അനുഭവങ്ങള്‍ക്ക് ഭാവനയുടെ നിറം ചേര്‍ത്തുവെന്നതാണ് ശരി. ആ നോവലിന്റെ അന്ത്യം ഞാനാദ്യമേ ചിന്തിച്ചുറപ്പിച്ചിരുന്നു.'കണ്‍സ്ട്രഷന്‍' എന്ന സാഹിത്യമാസികയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ബെനിറ്റേ ക്രില്ലുമായി പരിചയപ്പെടുന്നത്. ചിത്രകാരനും ശില്പിയുമാണദ്ദേഹം. അന്ന്, അമേരിക്കയിലേക്ക് കുടിയേറാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇരുപത്തുമൂന്നാം വയസിലാണ് കുടിയേറ്റം; 1983 ല്‍.
'എസ്‌പെരാന്‍സയുടെ പുണ്യാളന്‍മാരുടെ ' രചനയ്ക്ക് താങ്കളുടേതായ കാരണങ്ങളോ ഘടകങ്ങളോ ഉണ്ടോ?
കുട്ടിയെ നഷ്ടപ്പെടുമെന്നുള്ള ഭയം ലോകത്തെമ്പാടുമുള്ള കോടിക്കണക്കിന് അമ്മമാര്‍ പങ്കുവയ്ക്കുന്ന ഭയമാണ്. നോവലിലേക്ക് ഞാന്‍ എത്തുന്നത് എന്റെ തന്നെ അകാരണമായ പേടികളില്‍ നിന്നാണ്. എനിക്ക് ഒരു മകളുണ്ട്. ഇപ്പോഴവള്‍ക്ക് 20 വയസായി. നോവല്‍ എഴുതുന്ന സമയത്ത് 12 വയസാണ്. അവള്‍ കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അവളെ നഷ്ടപ്പെടുമോയെന്ന് ഞാന്‍ ഭയപ്പെട്ടു. മരിച്ചുപോകുകയോ ആരെങ്കിലും അവളെ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുമെന്ന്. ഞാനവളെ
അമിതമായി സ്‌നേഹിക്കുന്നതുകൊണ്ടാകാം.ഈ ഭയത്തെ അഭിമുഖീകരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അങ്ങനെ ഭയത്തെ അകറ്റാമെന്നും കരുതി. പക്ഷേ, കഴിഞ്ഞില്ല. ഇപ്പോഴും എനിക്ക് ഭയമുണ്ട്.
പക്ഷേ ഈ ഭയത്തിന് അമേരിക്കയില്‍ എന്താണടിസ്ഥാനം?
അമേരിക്കയില്‍ ഭയപ്പെടേണ്ടതുണ്ട്. ഒരു പക്ഷേ മെക്‌സിക്കോയിലേതിനേക്കാള്‍. അമേരിക്കയില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ തോക്കേന്തുന്നുണ്ട്. ക്രിമിനലിസം അവിടെ എല്ലായിടത്തുമുണ്ട്. വിദ്യാര്‍ത്ഥികള്‍ തട്ടിയെടുക്കപ്പെടുന്നു. ബാലവേശ്യകള്‍ ധാരാളമുണ്ട്. വെറുപ്പിക്കുന്ന,അരാജക രതിയുണ്ട്. അതെല്ലാം നോവലില്‍ വര്‍ണ്ണിച്ചതിന് സമാനമാണ്. മക്കള്‍ മടങ്ങിവരുന്നത് വരെ ഒരമ്മയ്ക്കും ആശങ്കകളില്ലാതെ ഇരിക്കാനാവില്ല.
'എസ്‌പെരാന്‍സയുടെ പുണ്യാളന്‍മാര്‍' വിശ്വാസത്തെ പരിഹസിക്കുന്നുണ്ട്. പക്ഷേ എസ്‌പെരാന്‍സയെപ്പോലെ നിങ്ങളും പുണ്യാളന്‍മാരുടെ രൂപങ്ങളടങ്ങിയ പേടകം കൊണ്ടുനടക്കുന്നുവെന്ന് കേട്ടിട്ടുണ്ട്..
നോവലില്‍ ഞാന്‍ യഥാസ്ഥിതിക വിശ്വാസത്തെയും വിശ്വാസാധിക്യത്തേയും പരിഹസിക്കന്‍ ശ്രമിച്ചിട്ടുണ്ട് എന്നത് നേരാണ്. ജനസംഖ്യയില്‍ രണ്ടുശതമാനമൊഴിച്ച് ബാക്കിയെല്ലാവരും റോമന്‍ കാത്തലിക്കരായ സമൂഹത്തിലാണ് എന്റെ കഥ നടക്കുന്നത്.അവിടെ യഥാസ്ഥിതികര്‍ എറെയുണ്ട്. പ്രര്‍ത്ഥനകളിലും അന്ധവിശ്വാസങ്ങളിലും മുഴുകി ശാസ്ത്രത്തെ നിഷേധിക്കുന്നവര്‍. കേവലം തോന്നലുകളെ വിശുദ്ധന്‍മാരുടെ അടയാള വാക്യങ്ങളായി കരുതുന്നവര്‍. േനാവലില്‍ ഞാനത് നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നാണ് തോന്നല്‍.കുളിമുറിയുടെ പൂപ്പലിലും ഓവനിലെ മെഴുക്കിലും പുണ്യാളന്‍മാരുടെ സൂചനകളുണ്ട് എന്നു കരുതുന്ന കഥാപാത്രത്തെ ഞാന്‍ ഒടുവില്‍ നേര്‍വഴി നടത്തിയിട്ടുണ്ട് !!
എന്നാല്‍ ഞാനൊരു ദൈവ നിഷേധിയല്ല. കടുത്ത ദൈവ വിശ്വാസിയുമല്ല. പുണ്യാളന്‍മാരുടെ കൊച്ചുചെപ്പ് എന്റെ കൈയ്യിലുണ്ട്.
നിങ്ങളുടെ കൃതികള്‍ മെക്‌സിക്കോയേയും അമേരിക്കയേയും പലപ്പോഴും തുലനം ചെയ്യുന്നുണ്ട്...
അത് ശരിയാണ്. അതും ബോധപൂര്‍വ്വമല്ല. മെക്‌സിക്കോയ്ക്ക് നാലായിരത്തിനടുത്ത് വര്‍ഷത്തെ പാരമ്പര്യമുണ്ട്. മെക്‌സിക്കോയില്‍ ഒന്ന് മറ്റൊന്നില്‍ നിന്ന് മറഞ്ഞിരിക്കുന്നില്ല. ഗോപ്യങ്ങളില്ല ഒന്നുംഅവിടെ. അമേരിക്കയില്‍ രഹസ്യങ്ങളേയുള്ളൂ എന്നാണ് തോന്നാറ്. കാപട്യങ്ങള്‍ ധാരാളമുണ്ട്. കേവലം ഇരുനൂറു വര്‍ഷത്തെ ചരിത്രമേയുള്ളൂ അമേരിക്കയ്ക്ക്. ബാക്കി ലോകത്തോടൊപ്പം എത്താന്‍ അധിനിവേശങ്ങളിലൂടെ അമേരിക്ക ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തു വരുന്നത്. മഹത്തായ സാംസ്‌കാരിക ചരിത്രവും പാരമ്പര്യവുമുള്ള ഒരു നാട്ടില്‍ നിന്ന് ലോസ് ആഞ്ചലസില്‍ നില്‍ക്കുമ്പോള്‍ വല്ലാത്ത ഭാരക്കുറവ് അനുഭവപ്പെടുന്നുണ്ട്. മെക്‌സിക്കോ കേരളത്തെപ്പോലെയാണ്. അവിടെ കുടുംബത്തിനാണ് പ്രാധാന്യം. എന്നാല്‍ യു.എസില്‍ വ്യക്തികള്‍ക്കാണ് പ്രാധാന്യം. ഞാന്‍ മെക്‌സിക്കോയെ ഇഷ്ടപ്പെടുന്നു. അതെന്റെ മാതൃരാജ്യമാണ്. ഞാന്‍ ലോകത്തെ മെക്‌സിക്കോയുടെ കണ്ണിലൂടെകാണുന്നു.
എന്നാല്‍ എന്താണ് മെക്‌സിക്കോയുടെ ഇന്നത്തെ അവസ്ഥ?
മെക്‌സിക്കോയുടെ അവസ്ഥ ഓരോ ദിവസവും സങ്കീര്‍ണ്ണമാവുകയാണ്. മെക്‌സിക്കോ സിറ്റി ഇന്ന് ഭീകരമായ അക്രമങ്ങളുടെ ഇരയാണ്. അവടെ ഇപ്പോള്‍ ആര്‍ക്കും എന്ത് അക്രമവുംചെയ്യാം. ആരും വിചാരണചെയ്യപെടില്ല. മുമ്പ് അങ്ങനെയായിരുന്നില്ല. അക്രമം, തട്ടിക്കൊണ്ടുപോകല്‍, അഴിമതി എല്ലാമുണ്ട്. മയക്കുമരുന്ന യുദ്ധങ്ങള്‍ക്കാണ് ഇതിനു മുഖ്യ ഉത്തരവാദിത്വം. അമേരിക്കയോടുള്ള ഞങ്ങളുടെ അടുപ്പമാണ് പ്രശ്‌നം. ലോകത്തിലെ ഏറ്റവും അധികം മയക്കുമരുന്നുപയോഗിക്കുന്ന രാജ്യമാണ് ഞങ്ങളുടെ അയല്‍ക്കാര്‍ എന്നത് മെക്‌സിക്കോക്കാരുടെ നിര്‍ഭാഗ്യകരമാണ്.
മെക്‌സിക്കോയില്‍ വിപ്ലവങ്ങളും ഉയര്‍ത്തെഴുന്നേല്‍പ്പുകളും നടക്കുന്നതായി കേള്‍ക്കുന്നു...
മെക്‌സിക്കോയില്‍ നേരത്തെ പറഞ്ഞ ദോഷങ്ങളുണ്ടാകാം. പക്ഷേ അത് വിപ്ലവത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും നാടാണ്. അനീതിക്കെതിരെ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. '90 കളുടെ തുടക്കത്തില്‍ വരെ അവിടെ കാര്‍ഷിക വിപ്ലവങ്ങള്‍ നടന്നിരുന്നു; ചിയാപാസില്‍. കുറച്ചുവര്‍ഷം മുമ്പ് മെക്‌സിക്കോ സിറ്റിയില്‍ 2,50,000 പേര്‍ സര്‍ക്കാര്‍ കൊട്ടാരത്തിലേക്ക് പ്രകടനം നടത്തി. പട്ടിണിയും ദാരിദ്യവും മുലം നടമാടുന്ന അരക്ഷിതാവസ്ഥയ്ക്കും വ്യാപകമായ തട്ടിക്കൊണ്ടുപോകലുകള്‍ക്കു മോഷണങ്ങള്‍ക്കുമെതിരെ. ചെറിയ നഗരമായ മെക്‌സിക്കോ സിറ്റിയില്‍ 2 കോടി 22 ലക്ഷം ജനങ്ങള്‍ ജീവിക്കുന്നതുകൊണ്ടാകാം പ്രശ്‌നങ്ങള്‍. പക്ഷേ അനീതിക്കെതിരെ അവിടെ കലാപവും പോരാട്ടവും നടക്കുന്നുണ്ട്. അമേരിക്കയിലോ മറ്റ് പലയിടങ്ങളിലോ ഇങ്ങനെയൊരു അവസ്ഥയില്ല. ഞാനെന്റെ നാടിനെ ഇഷ്ടപ്പെടുന്നതില്‍ ഒരു ഘടകം ഇതാണ്.
മെക്‌സിക്കോയിലെ ചിയാപാസില്‍ നടന്ന സായുധ കലാപത്തെപ്പറ്റിയുംസബ്കമാന്‍ഡന്റ മാര്‍ക്കോസിന്റെ വിപ്ലവ ശ്രമങ്ങളെയും എങ്ങനെ കാണുന്നു?
ചിയാപാസില്‍ കലാപത്തെപ്പറ്റി വായിച്ചും കേട്ടുമുള്ള അറിവുകളേയുള്ളൂ. ഭൂമിക്കും മറ്റ് അവകാശങ്ങള്‍ക്കുവേണ്ടിയാണ് മാര്‍ക്കോസും അദ്ദേഹത്തിന്റെ സംഘടനയും സായുധ പോരാട്ടം നടത്തിവരുന്നത്. അത് കാര്‍ഷിക പേരാട്ടമാണ്. മുമ്പ് അവര്‍ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ-സാമ്പത്തിക സ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞതിനാല്‍, ഭരണകൂടം ചില നയങ്ങള്‍ ഇവര്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ ആവിഷ്‌കരിച്ചതിനാല്‍ ജനങ്ങള്‍ മുമ്പത്തെപ്പോലെ ആകൃഷ്ടരാകുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ആരും മുഖം മറയക്കാതെ മാര്‍ക്കോസിനെ കണ്ടിട്ടില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഇന്നും വലിയ സ്വാധീനമാണുള്ളത്. സ്ത്രീകള്‍ അയാളെ ഏകപക്ഷീയമായി പ്രണയിക്കുകയൊക്കെ ചെയ്യുന്നുണ്ട്.
സ്വയം പ്രവാസിയായിട്ടാണോ കാണുന്നത്?
അല്ല. ഞാന്‍ സ്വയം പ്രവാസിയായി കാണുന്നില്ല. ഞാന്‍ സ്വന്തം ഇഷ്ടത്തിനാണ് രാജ്യം വിട്ടത്. നിര്‍ബന്ധിതമായോ രാഷ്ട്രീയ കാരണങ്ങളാലോ അല്ല രാജ്യം വിട്ടത്. ഞാനൊരു കുടിയേറ്റക്കാരിയാണ്. പക്ഷേ ചിലപ്പോഴൊക്കെ സ്വന്തമായി വീടില്ല എന്ന് എനിക്ക് തോന്നും. ഞാന്‍ ഒരിടത്തും അല്ലെന്നും. അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കുമിടയില്‍ എവിടെയോ കഴിയുന്ന അഭയാര്‍ത്ഥിയായി അനുഭവപ്പെടും.
നിങ്ങള്‍ സര്‍വകലാശാലയില്‍ സര്‍ഗാത്മക എഴുത്ത് പഠിപ്പിക്കുന്നു. നല്ല സാഹിത്യ രചയിതാവാകാന്‍ എന്തുവേണം?
മെക്‌സിക്കോയില്‍ തൈരു കടയാനും മുളക് പൊടിക്കാനുമൊക്കെയായി ഒരു കുടമുണ്ട്. മൂന്ന് കാലുകളിലുറപ്പിച്ചത്. ഒരു കാലുപോയാല്‍ കുടംതാഴെ വീണുടയും. അതുതന്നെയാണ് എഴുത്തിനെ സംബന്ധിച്ചും പറയാനുള്ളത്. അച്ചടക്കം, പ്രചോദനം, കഴിവ് എന്നിവയാണ് ആ മൂന്നുകാലുകള്‍. എഴുതാന്‍ കഴിവുള്ള കുറേയേറെ പേരെ എനിക്ക് അറിയാം. പക്ഷേ അവര്‍ക്ക് പലര്‍ക്കും അച്ചടക്കവും പ്രചോദനവും ഇല്ല.
സാഹിത്യത്തിലെ പക്ഷം വരിക്കലുകളെ എങ്ങനെ കാണുന്നു?
സാഹിത്യത്തെ സ്ത്രീപക്ഷം, കറുത്തപക്ഷം എന്നൊക്കെ വേര്‍ തിരിക്കുന്നത് അസംബന്ധമാണ്. ഇത്തരം വേര്‍തിരിവുകളില്‍ തൂങ്ങിക്കിടക്കല്‍ നിങ്ങളുടെ നാട്ടിലെ സാഹിത്യത്തിന്റെ മാത്രം പ്രത്യേകതയാണെന്ന് എനിക്ക് തോന്നുന്നു. സാഹിത്യത്തിന് പക്ഷം പിടിക്കാം. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം. എന്നാല്‍ സാഹിത്യത്തെ സൗകര്യം പോലെ വേര്‍തിരിക്കുന്നത് നല്ലതല്ല.
മലയാള സാഹിത്യത്തെപ്പറ്റി എത്രത്തോളം പരിചയമുണ്ട്്?
ആദ്യം കേരളത്തില്‍ വരുമ്പോള്‍ എനിക്ക് മലയാളത്തെപ്പറ്റിയോ ഇവിടുത്തെ സാഹിത്യത്തെപ്പറ്റിയോ ഒന്നുമറിയുമായിരുന്നില്ല. അരുന്ധതിറോയിയുടെ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ്' മാത്രമാണ് വായിച്ചിരുന്നത്. അതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നാണ്. ഇപ്പോള്‍ ഞാന്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ട രചനകളൊക്കെ തേടിപ്പിടിച്ച് വായിക്കാറുണ്ട്. കമലാ ദാസിന്റെ രചനകള്‍ എനിക്ക് ഇഷ്ടമാണ്.
പുതിയ രചനകള്‍?
'ഫോറന്‍സിക്‌സ് ഓഫ് ദ ഹേര്‍ട്ട്' എന്ന പുതിയ നോവലിന്റെ രചനയിലാണ് ഇപ്പോള്‍ ഞാന്‍. കുടുംബ തകര്‍ച്ചയാണ് ഇതിന്റെ പ്രമേയം. മൂന്നു സഹോദരിമാരെയും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന പാകപ്പിഴകളെയും പറ്റിയാണ് കഥ. ഒപ്പം എന്റെ ചെറുകഥകളുടെ സമാഹാരം പുറത്തിറക്കാനും പദ്ധതിയുണ്ട്.
ഇനി കേരളത്തിലേക്ക് വരുന്നത് 'ഫോറന്‍സിക് ഓഫ് ഹേര്‍ട്ടി'ന്റെ പരിഭാഷയുമായാണോ?
അങ്ങനെ സംഭവിപ്പിക്കട്ടെ!. ഇനിയും ഇവിടെ വരാന്‍ പുതിയ നോവല്‍ അവസരമൊരുക്കുമെങ്കില്‍ ഞാന്‍ എത്രയും വേഗം അത് എഴുതി മുഴുവിക്കും!.
Madhyamam weekly
2009 April 6
No comments:
Post a Comment