Saturday, July 17, 2010

'അത് തീകൊണ്ടുള്ള ജ്ഞാനസ്‌നാനം'

ആത്മകഥയില്‍ നിന്ന്


ജ്യോതി ബസുകുട്ടിക്കാലം

കല്‍ക്കത്തയില്‍ ഹാരിസണ്‍ റോഡിലെ ഒരു വീട്ടില്‍ 1914 ജൂലൈ എട്ടിനാണ് എന്റെ ജനനം. ആ തെരുവിന്റെ പേര് പിന്നീട് മഹാത്മാഗാന്ധി റോഡ് എന്നാക്കി മാറ്റി. അച്ഛന്‍ അസമിലെ ധുബ്‌ലിയിലാണ് തങ്ങിയിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് മുത്തശ്ശന്‍ ജോലി ചെയ്തിരുന്നത് അവിടെയാണ്. അതാണ് അസമുമായുള്ള ഞങ്ങളുടെ ബന്ധത്തിന് അടിസ്ഥാനം. രണ്ട് അമ്മാവന്‍മാര്‍ അഭിഭാഷകരായിരുന്നു. വീട്ടില്‍ വലിയ രാഷ്ട്രീയമൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഇന്ന് ബംഗ്‌ളാദേശിലുള്‍പ്പെട്ട പ്രദേശത്ത് നിന്നുള്ളവരാണ് അച്ഛനും അമ്മയും. ധാക്ക ജില്ലയിലെ ബറാഡി എന്ന ഗ്രാമത്തിലാണ് ഇരുവരും ജനിച്ചത്. ഉയര്‍ന്ന മധ്യവര്‍ഗ കുടുംബത്തില്‍ അംഗമാണ് അമ്മ. അവര്‍ ഭൂവുടമകളായിരുന്നു. വീട്ടിലെ ഏകമകളായിരുന്നു അമ്മ. മറിച്ച്, താരതമ്യേന താഴ്ന്ന മധ്യവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ളയാളായിരുന്നു അച്ഛന്‍ നിഷികാന്ത ബാസു. മെഡിക്കല്‍ ബിരുദം നേടിയശേഷം അച്ഛന്‍ കുറച്ചുകാലം ധാക്കയില്‍ പ്രാക്ടീസ് ചെയ്തു. പിന്നെ ഉപരിപഠനത്തിനായി അമേരിക്കയിലേക്കുപോയി. ആറുവര്‍ഷം അവിടെ തങ്ങി. കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ചശേഷമാണ് അച്ഛന്‍ നാട്ടിലേക്ക് മടങ്ങുന്നത്.
വലിയ രാഷ്ട്രീയമില്ലായിരുന്നെങ്കലും അന്നത്തെ വിപ്ലവകാരികളോട് അനുഭാവമുള്ളവരായിരുന്നു അച്ഛനും അമ്മയും. ബറാഡിയിലെ വീട്ടില്‍ ഒളിവില്‍ താമസിച്ച മദ്‌മോഹന്‍ ഭൗമികിനെക്കുറിച്ച് അമ്മ എപ്പോഴും പറയുമായിരുന്നു. 1905ല്‍ അനുശീലന്‍ സമിതിയില്‍ ചേരുകയും 1913-ല്‍ ധാക്ക മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ അറസ്റ്റു ചെയ്യപ്പെടുകയും ചെയ്ത വിപ്ലവകാരിയാണ് ഭൗമിക്. 1914-ല്‍, അസുഖ ബാധിതനായിരുന്നപ്പോള്‍, രണ്ടാം ബാരിഷാല്‍ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പത്ത്‌വര്‍ഷം തടവിന് അദ്ദേഹം വിധിക്കപ്പെട്ടു. ആന്‍ഡമാന്‍ ദ്വീപിലെ തടവറയില്‍ ഭരണകൂടം ഭൗമിക്കിനെ പീഡിപ്പിക്കുകയൂം ചെയ്തു.
ഒളിവിലായിരുന്നപ്പോള്‍ ഭൗമിക് ഞങ്ങളുടെ വീട്ടില്‍ എപ്പോഴും വരുമായിരുന്നു. കയ്യില്‍ എപ്പോഴും ആയുധം കരുതിയിരുന്ന ആക്റ്റിവിസ്റ്റായായിരുന്നു അദ്ദേഹം. പലപ്പോഴും അദ്ദേഹം തന്റെ ആയുധം ഞങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചു. ഒരിക്കല്‍ വീട്ടില്‍ പോലീസ് റെയ്ഡുണ്ടായപ്പോള്‍ അമ്മ സാരിക്കുള്ളില്‍ ആയുധം ഒളിപ്പിച്ചു. സ്വന്തം അമ്മയെപ്പോലെയാണ് ഭൗമിക് എന്റെ അമ്മയെ കണ്ടിരുന്നത്. അമ്മയെ 'മാ' എന്നാണ് വിളിച്ചിരുന്നതും.
ഒരു അമ്മാവനായ നീലികാന്ത ബാസു ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. മുന്‍സിഫ് എന്ന നിലയില്‍ നിന്നാണ് ആ പദവിയിലേക്ക് അമ്മാവന്‍ ഉയര്‍ന്നത്. അത് ആദ്യ സംഭവവുമായിരുന്നു.
അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെ അച്ഛന്‍ കല്‍ക്കത്തയില്‍ പ്രാക്ടീസ് തുടങ്ങി. പതിയെ പരക്കെ അറിയപ്പെടാനും തുടങ്ങി. ഹിന്ദുസ്ഥാന്‍ ബില്‍ഡിംഗിന് എതിര്‍വശത്തുള്ള ഒരു വീട്ടിലാണ് ഞങ്ങള്‍ തങ്ങിയിരുന്നത്. അന്ന് ആ വീട് നിന്നിരുന്നിടത്താണ് ഇന്ന് കല്‍ക്കത്തയിലെ എലൈറ്റ് സിനിമ സ്ഥിതി ചെയ്യുന്നത്. വാടകയ്ക്കായിരുന്നു അവിടെ താമസം.
ആറു വയസായപ്പോള്‍ സഹോദരി പഠിച്ചിരുന്ന ലൊറേറ്റോ സ്‌കൂളില്‍ എന്നെയും ചേര്‍ത്തു. ചേച്ചി എന്നേക്കാള്‍ എട്ടുവര്‍ഷം മൂത്തതായിരുന്നു. നാലുവര്‍ഷാണ് ലെറേറ്റോയില്‍ പഠിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇരട്ട ക്ലാസ് കയറ്റം കിട്ടിയതിനാല്‍ അത് മൂന്നുവര്‍ഷമായി ചുരുങ്ങി. നാലാം ക്ലാസുമുതല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമേ ആ സ്‌കൂളില്‍ പ്രവേശനമുള്ളൂ. അച്ഛന്‍ എന്നെ സെന്റ് സേവ്യേഴ്‌സ് സ്‌കൂളില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചു. പക്ഷേ പ്രവേശന സമയം കഴിഞ്ഞുപോയിരുന്നു. ഒരു വര്‍ഷം എനിക്ക് നഷ്ടപ്പെടും എന്നുറപ്പായി. അതിനാല്‍ പഴയ സ്‌കൂളിലേക്ക് തന്നെ അച്ഛന്‍ എന്നെ കൊണ്ടുപോയി. ഒരു വര്‍ഷം നഷ്ടപ്പെടുമെന്നതിനാല്‍ എന്നെ പഠിപ്പിക്കാന്‍ മദര്‍ സുപ്പീരിയര്‍ തയ്യാറായി. ഒന്നാം ക്ലാസില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഞാന്‍ പഠിച്ചു. ഞാന്‍ മാത്രമേ ആണ്‍കുട്ടിയായി ആ ക്ലാസില്‍ ഉണ്ടായിരുന്നുള്ളൂ.
അടുത്തവര്‍ഷം സെന്റ്‌സേവ്യേഴ്‌സില്‍ ചേര്‍ന്നു. ആ സമയത്താണ് ഹിന്ദുസ്ഥാന്‍ ഇന്‍ഷുറന്‍സിന്റെ ഉടമയായ നളിനിരജ്ഞന്‍ ഹിന്ദുസ്ഥാന്‍ പാര്‍ക്കില്‍ കുറച്ചു ഭൂമി ഉള്ളതായി പറഞ്ഞത്. അച്ഛന്‍ കൂടെയുണ്ടെങ്കില്‍ ആ ഭൂമി മേടിച്ച് ഒരു വീട് വയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ഭിഗ ഭൂമി അവര്‍ മേടിച്ചു. പകുതി സ്ഥലം മേടിക്കാന്‍ മൂത്ത അമ്മാവനും അച്ഛനൊപ്പം ചേര്‍ന്നു. അന്ന് ആ സ്ഥലത്തിനു ചുറ്റും ഇടതൂര്‍ന്ന കാടുപോലുള്ള മേഖലയായിരുന്നു. റോഡുണ്ടായിരുന്നില്ല. കാറില്‍ നിന്നിറങ്ങി ആ സ്ഥലത്ത് എത്താന്‍ കുറേ ദൂരം നടക്കണം. വയലുകളും ഉയര്‍ന്ന പനമരങ്ങളും പൊട്ടക്കുളങ്ങളുമുണ്ടായിരുന്നു അവിടെ. ഓര്‍മ ശരിയാണെങ്കില്‍ 1924 ലാണ് ആ വീട് പണിതത്. പുതിയ റോഡുകള്‍ വന്നതിനെതുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ഞങ്ങളങ്ങോട്ട് മാറി. എനിക്ക് പത്തുവയസ്സുണ്ടായിരുന്നു അന്ന്. വിപ്ലവകാരികളെപ്പറ്റിയുള്ള സംസാരവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവും എവിടെയും നിറഞ്ഞു നിന്നു. അന്ന് വെടിയേറ്റ ഒരു വിപ്ലവകാരിയെ അച്ഛന്‍ ചികില്‍സിക്കുന്നുണ്ടായിരുന്നു. കുട്ടിക്കാലത്തെ എന്റെ ത്രില്ലുകളുടെ ഭാഗമായിരുന്നു ഇതെല്ലാം.
ഒമ്പതാം ക്ലാസ് വിജയിച്ചശേഷം ഇന്റര്‍മീഡിയേറ്റും അവിടെ തന്നെ പഠിച്ചു. കാലം പെട്ടന്ന് കടന്നുപോവുകയായിരുന്നു. പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ഓണേഴ്‌സ് പഠിക്കാന്‍ ചേര്‍ന്നു. ഈ സമയത്താണ് ബംഗാളി ഭാഷയില്‍ ഞാന്‍ പ്രാവീണ്യം നേടുന്നത്.
1930-31 ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബംഗാളിലെമ്പാടും സ്വാതന്ത്ര്യപോരാട്ടത്തിനായി വിപ്ലവ പ്രചാരണങ്ങള്‍ നടക്കുകയായിരുന്നു. ചിറ്റഗോംഗ് ആയുധപ്പുര ആക്രമിച്ച വാര്‍ത്ത ആ സമയത്ത് പരന്നു. ബ്രിട്ടന്റെ സൈനിക ശക്തി കരുത്തുള്ളതായിരുന്നു. അവര്‍ വിപ്ലവകാരികള്‍ക്ക് നേരെ കടുത്ത തോതില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. കുറേയേറെ വിപ്ലവകാരികള്‍ അടിച്ചമര്‍ത്തപ്പെട്ടു. ആ വര്‍ഷം ഗാന്ധിജി നിരാഹാരം ആരംഭിച്ചു. അദ്ദേഹം നിരാഹാരം സമരം നടത്തുന്നതില്‍ എനിക്ക് വല്ലാത്ത ദു:ഖം തോന്നി. ഹൃദയത്തിന് വല്ലാത്ത ഭാരം. എനിക്കു സ്‌കൂളില്‍ പോകാന്‍ തോന്നിയില്ല. അച്ഛന്‍ എതിര്‍ത്തില്ല. ആ വര്‍ഷം തന്നെയാണ് നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത്. ഇന്നത്തെ ഷഹീദ് മിനാര്‍ ഗൗണ്ടില്‍ അന്ന് അദ്ദേഹം ഒരു സമ്മേളനത്തില്‍ പ്രസംഗിച്ചു. ഒരു ബന്ധുവും ഞാനും പോകാന്‍ തീരുമാനിച്ചു. അന്ന് ഖദര്‍ ധരിച്ചിരുന്നില്ലെങ്കിലും വളരെ ലളിതമായ വേഷം ധരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. ബോസ് പ്രസംഗിക്കുന്നയിടം യുദ്ധക്കളംപോലെയായി. വളരെയധികം പോലീസുകാര്‍, സാധാരണ കോണ്‍സ്റ്റബിള്‍മാര്‍ എന്നിവര്‍ യൂണിഫോമില്‍ നിരന്നിരുന്നു. പോലീസുകാര്‍ പിന്നാലെ വന്നപ്പോള്‍ ഓടണ്ട എന്നു ഞങ്ങള്‍ തീരുമാനിച്ചു. സുരക്ഷിതത്വത്തെകരുതിയായിരുന്നു അങ്ങനെ നിശ്ചയിച്ചത്. സ്വാഭാവികമെന്ന മട്ടില്‍ നടക്കുമ്പോള്‍ പിന്നില്‍ ലാത്തികള്‍ വന്നു വണു. ഞങ്ങള്‍ ഓടിയില്ല. പക്ഷേ വല്ലാതെ ഭയന്നിരുന്നു. ഞങ്ങള്‍ അച്ഛന്റെ ചേംബറിലേക്ക് കടന്നു. ഞങ്ങളെ സംബന്ധിച്ച് ആദ്യമായി കാണുന്ന സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭമായിരുന്നു അത്. പരസ്യപ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെട്ടില്ലെങ്കിലും അച്ഛന് വിപ്ലവ പ്രസ്ഥാനങ്ങളോടും സ്വാതന്ത്ര്യ സമരപേരാട്ടങ്ങളോടും വലിയ അനുഭാവം ഉണ്ടായിരുന്നു.
ഒരു ബന്ധുവായ ഇന്ദുസുധ ഘോഷ് അന്ന് നിലവിലിരുന്ന പല വ്യവസ്ഥകളെയും മറികടന്നിരുന്ന സ്ത്രീയാണ്. അവര്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. വിപ്ലവ പ്രവര്‍ത്തകയായിരുന്ന അവര്‍ പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നു. ഒരു അമ്മായിയ്ക്ക് സ്വദേശികളോട് വലിയ പ്രതിപത്തിയായിരുന്നു. കിരണ്‍റോയി, ബിജോയി മോദക്ക് എന്നിവര്‍ അമ്മായിയെ കാണാന്‍ വരുമായിരുന്നു. ഇങ്ങനെ പല ഘടകങ്ങളും എന്റെയുള്ളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു.എന്റെ അമ്മാവന്‍ നിലികാന്തബസു ഹൈക്കോടതിയില്‍ നിന്ന് ജഡ്ജിയായാണ് വിരമിച്ചത്. ആ സമത്ത് മീച്ചുബസാര്‍ ബോംബ് കേസിന്റെ വിചാരണയ്ക്കായി ഒരു പ്രത്യേക കോടതി രൂപീകരിച്ചു. നിരഞ്ഞന്‍ ദാ (നിരഞ്ജന്‍ സെന്‍) ആയിരുന്നു മുഖ്യ പ്രതി. അമ്മാവനെയാണ് ആ കേസ് വാദംകേള്‍ക്കാനായി നിശ്ചയിച്ചത്. അച്ഛന് അതിനോട് വലിയ എതിര്‍പ്പായിരുന്നു. കാരണം ലളിതമായിരുന്നു. ദേശസ്‌നേഹം തന്നെ. ചീഫ് സെക്രട്ടറി നേരിട്ട് വീട്ടില്‍ വന്നാണ് അമ്മാവന്റെ സമ്മതം മേടിച്ചത്.
അന്ന് രാഷട്രീയമായി വലിയ ധാരണയെന്നും എനിക്കില്ല. ഞങ്ങള്‍ ചെറുതാണ്. പക്ഷേ വിപ്ലവകാരികള്‍ നാടിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ ഒരുങ്ങിയവരാണ് എന്ന് അറിയാം. അമ്മാവന്‍ ഒടുവില്‍ കേസ് വാദം കേട്ടു. പോലീസ് അന്ന് 'നിരോധിക്കപ്പെട്ട' പുസ്തകങ്ങള്‍ കണ്ടുകെട്ടുന്നുണ്ട്. ഈ പുസ്തകങ്ങള്‍ അമ്മാവന്റെ മേശയ്ക്ക് മുന്നില്‍ നിരത്തി വച്ചിട്ടുണ്ടാവും. അദ്ദേഹം കോടതിയിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ ആ ഒളിച്ച് വന്ന് പുസ്തകങ്ങള്‍ മറിച്ചുനോക്കുകയും അമ്മാവന്‍ വരുന്നതിന് മുമ്പ് യഥാസ്ഥാനത്ത് വയ്ക്കുകയും ചെയ്യും. അരാജകവാദ സാഹിത്യത്തോടുള്ള അടുപ്പം അങ്ങനെ തുടങ്ങി.
ശരത് ചന്ദ്ര ചാറ്റര്‍ജി രചിച്ച് 'പഥോര്‍ ധാബി' 1926 ലാണ് പ്രസിദ്ധീകരിക്കുന്നത്. പെട്ടന്ന് തന്നെ ആ പുസ്തകം നിരോധിക്കപ്പെട്ടു. അടച്ചിട്ട മുറിയില്‍ ഇരുന്ന രഹസ്യമായി ആ പുസ്തകം ഞാന്‍ വായിച്ചു. ഇത്തരം കാര്യങ്ങളില്‍ എന്റെ ചില ബന്ധുക്കളും താല്‍പ്പര്യമുണ്ടായിരുന്നു. അതിലൊരാള്‍ പ്രബിത്ര കുമാര്‍ ബസുവാണ്. പക്ഷേ സ്വാതന്ത്ര്യസമരത്തില്‍ പ്രബിത്ര അത്ര സജീവമല്ലായിരുന്നു. ബിജോയി മോദക് വീട്ടില്‍ വരികയും പ്രബിത്രയുടെ കൈയില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനായി ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ജഡ്ജിയുടെ വീട് സുരക്ഷിതമെന്ന് കണ്ടായിരുന്നു അത്. ഒരു തുണിയില്‍ പൊതിഞ്ഞ് പ്രബിത്ര റിവോള്‍വര്‍ പെട്ടിയില്‍ സൂക്ഷിച്ച് വയ്ക്കും. പ്രബിത്ര റിവോള്‍വര്‍ പതിവായി എടുത്തുനോക്കുന്നത് കുളിമുറിയില്‍ പോകുമ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ പ്രബിത പുറത്തെവിടെയോ പോയപ്പോള്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ റിവോള്‍വര്‍ കണ്ടുപിടിച്ചു.അങ്ങനെ വീട്ടുകാര്‍ മൊത്തമറിഞ്ഞു. അമ്മാവന്‍ അസ്വസ്ഥനായി. അമ്മാവന്‍ അതെടുത്ത് ഒരു കുളത്തില്‍ ഇട്ടു. പതിവ് പ്രഭാത നടത്തത്തിനിടയില്‍ സംശയം തോന്നാത്ത രീതിയിലാണ് ഇത് ചെയ്തത്. പ്രബിത്ര വന്നപ്പോള്‍ ചോദ്യങ്ങളുടെ പ്രവാഹമായി. പക്ഷേ പ്രബിത്രയ്ക്ക് ദേഷ്യം വരികയും 'നിങ്ങളെന്തിന് പെട്ടി തുറന്നു' എന്ന അലറുകയും ചെയ്തു. അതോടെ പിന്നെയാരും ആ സംഭവം പ്രശ്‌നമാക്കിയില്ല. ആ ആയുധം ബിജോയ് മോദക്കിനും കൂട്ടാളികള്‍ക്കും തിരിച്ചു നല്‍കിയതായി പിന്നീട് ഞങ്ങളറിഞ്ഞു. അമ്മാവന്‍ ജഡ്ജിയായതിനാലും പ്രശസ്തമായ കേസ് കേള്‍ക്കുന്നതിനാലും വീട്ടില്‍ ഒരു പോലീസ് ക്യാമ്പ് തുറന്നിരുന്നു. പക്ഷേ എനിക്കും അകന്ന സഹോദരന്‍ ദേബപ്രിയ ബസുവിനും ഇത് ഇഷ്ടമായില്ല. ഞങ്ങള്‍ ഇംഗ്ലീഷില്‍ രഹസ്യമായി ഒരു കത്ത് ടൈപ്പ് ചെയ്ത് അമ്മാവന് അയച്ചു. '' നിങ്ങള്‍ വലിയ അനീതി ചെയ്തിരിക്കുന്നു. ഒരു ബംഗാളിയായിട്ടും നിങ്ങള്‍ ദേശസ്‌നേഹികള്‍ക്കെതിരെ നിലകൊളുന്നു. ഇത് തീര്‍ത്തും തെറ്റാണ്. നിങ്ങളുടെ ജീവന്‍ അപകടത്തിലാണ്' എന്നായിരുന്നു കത്ത്. കത്ത് അമ്മാവന് ലഭിച്ചതോടെ എല്ലായിടത്തും വാര്‍ത്തപരന്നു. അച്ഛന്‍ അമ്മാവനെ കുറ്റപ്പെടുത്തി അമ്മയോട് സംസാരിക്കുന്നതും കേട്ടു. വീട്ടിലെ സുരക്ഷ വര്‍ധിപ്പിച്ചു. പതിവ് പ്രഭാത നടത്തം അദ്ദേഹം അവസനിപ്പിച്ചു.
1930- ല്‍ ചിത്തഗോംഗ് ആക്രമണം നടന്ന വാര്‍ത്ത സ്‌കൂളില്‍ എത്തുമ്പോള്‍ എല്ലാവരിലും ഒരുതരം അവിശ്വാസമാണുണ്ടായത്. ബംഗാളികള്‍ക്ക് ഇത്തരം ഒരു ദൗത്യം ഏറ്റെടുക്കാനാവുന്നെ് ആരും കരുതിയില്ല. പക്ഷേ അത് സത്യമാണ് എന്നു തെളിഞ്ഞപ്പോള്‍ സെന്റ് സേവ്യേഴ്‌സിലെ പാതിരിമാര്‍ അതിനെ അപലപിച്ചു ലഘുലേഖ ഇറക്കി. ഞാന്‍ അതില്‍ പ്രതിഷേധിച്ച് ശബ്ദമുയര്‍ത്തി. പ്രത്യേകിച്ച് ആംഗ്ലോ ഇന്ത്യക്കാരുള്‍പ്പടെയുള്ള ബംഗാളിതരര്‍ക്ക് ഇത് ഇഷ്ടമായില്ല. അവര്‍ പാതിരിമാര്‍ക്കൊപ്പമായിരുന്നു. സത്യത്തില്‍ ഞങ്ങള്‍ വാക്കുകൊണ്ട് യുദ്ധം ചെയ്തു. എന്റെ വാദം ലളിതമായിരുന്നു: ഈ ആക്രമണം നടന്നത് രാഷ്ട്രത്തിന്റെ നന്മയ്ക്കുവേണ്ടിയാണ്. സ്‌കൂള്‍ അധികാരികള്‍ എന്തിന് വാറോലകള്‍ പുറപ്പെടുവിക്കണം?


ലണ്ടനിലെ ജീവിതം


1935-ല്‍ കല്‍ക്കത്തിലെ പ്രസിഡന്‍സി കോളജില്‍ നിന്ന് ഞാന്‍ ഓണേഴ്‌സ് ബിരുദം നേടി. ബ്രിട്ടനിലേക്ക് പോയി ബാരിസ്റ്ററായി മടങ്ങുകയെന്നത് അതിനുമുമ്പേ നിശ്ചയിക്കപ്പെട്ടിരുന്നു. വീട്ടുകാര്‍ മുന്നോട്ടുവച്ച ആശയത്തെ ഞാന്‍ എതിര്‍ക്കുകയും ചെയ്തില്ല. ബ്രിട്ടനിലേക്ക് പോകുകയാണെങ്കില്‍ ഐ.സി.എസിന് എഴുതണമെന്ന് അച്ഛന്‍ നിര്‍ദേശിച്ചു. ആ വര്‍ഷത്തിന്റെ അവസാനം ഞാന്‍ ബ്രിട്ടന്റെ തീരമണഞ്ഞു. വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്ന് അന്ന് എനിക്കൊരു ധാരണയുമുണ്ടായിരുന്നില്ല. അച്ഛന്റെ നിര്‍ദേശം പാലിച്ച് ഐ.സി.എസിന് എഴുതിയെങ്കിലും വിജയിച്ചില്ല. പഠനം തുടര്‍ന്നു. ലണ്ടനിലെ രാജ്യാന്തര രാഷ്ട്രീയത്തില്‍ താല്‍പര്യം തോന്നി. മുഴുവന്‍ യൂറോപ്പും അസ്വസ്ഥമായിരുന്ന നാളുകളാണ് അത്. ഇറ്റലിയില്‍ ഫാസിസ്റ്റ് മുസോളനി അധികാരം കൈയടക്കി. ഞാന്‍ ലണ്ടനിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ മുസോളനി അബിസിനിയയുടെയും നിയന്ത്രണം ഏറ്റെടുത്തു. ഹിറ്റ്‌ലറാകട്ടെ മുഴുവന്‍ ലോകത്തിനുനേരെയും തന്റെ കാമകണ്ണുകള്‍കൊണ്ട് നോക്കുന്ന സമയം. സോഷ്യലിസ്റ്റ് സോവിയറ്റ് റഷ്യ ചില ധാരണകള്‍ ഉണ്ടാക്കുന്നുണ്ടായിരുന്നു. ജപ്പാന്‍ ചൈനയെ ആക്രമിക്കുകയും ചെയ്തു.
ഇംഗ്ലണ്ടിലെ സര്‍വകാലശാലകളില്‍ രാഷ്ട്രീയം ചൂടന്‍ വിഷയമായി മാറി. പ്രെഫസര്‍ ഹരോള്‍ ലാസ്‌കി ഫാസിസ്റ്റ് വിരുദ്ധ പ്രഭാഷണങ്ങളില്‍ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു. ഞാനന്ന് പുരോഗമന ശക്തികള്‍ക്കൊപ്പം ചേര്‍ന്നു. ഫാസിസത്തെപ്പറ്റി കുറേ വായിച്ചു. ഞങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവിടെ നാട്ടിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് പൊതുജനാഭിപ്രായം രൂപപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ലീഗിന്റെ നേതാവ് കൃഷ്ണമേനോനാണ്. പിന്നീട് നെഹ്‌റുവിന്റെ ക്യാബനറ്റില്‍ കുറേക്കാലം അദ്ദേഹം മന്ത്രിയായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ലണ്ടനില്‍ മുന്നേറ്റങ്ങള്‍ ഞങ്ങള്‍ സംഘടിപ്പിച്ചത്. പിന്നീട് അദ്ദേവുമായി വ്യക്തിപരമായ ബന്ധങ്ങള്‍ ആഴത്തില്‍ വളര്‍ന്നു. എല്ലാ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഒരു കലവറയും കൂടാതെ അദ്ദേഹവുമായി സഹകരിച്ചു.
1936-ല്‍ ഭൂപേഷ് ഗുപ്ത ലണ്ടനില്‍ പഠിക്കാനെത്തി. ബെഹ്‌റാംപൂരില്‍ ജയിലില്‍ അടക്കപ്പെട്ടുവെങ്കിലും ആര്‍ട്‌സില്‍ ബിരുദം നേടിയശേഷമാണ് വരവ്. അസാമാന്യ ബുദ്ധിശക്തിയുള്ളയാളാണ് ഭൂപേഷ്. നിയമം പഠിക്കാനാണ് അദ്ദേഹവുമെത്തിയത്.
ലണ്ടനിലെ ഒരു വീട്ടില്‍ വച്ചാണ് ഞാന്‍ ഭൂപേഷിന് കാണുന്നത്. അദ്ദേഹം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം എഴുതിയ ഒരു കത്ത് കൂടി കൊണ്ടുവന്നിരുന്നു. സ്‌നേഹാംഗുഷ് ആചാര്യയും അക്കാലത്ത് ലണ്ടനില്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ ബ്രിട്ടനിലെ ഉന്നത കമ്യൂണിസ്റ്റ് നേതാക്കളായ ഹാരി പൊളിറ്റ്, രജനി പാമി ദത്ത്, ബെന്‍ ബ്രാഡ്‌ലി തുടങ്ങിയവരെ കണ്ടു. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി അന്ന് ഇന്ത്യാ ലീഗിനെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സജീവമായി സഹായിച്ചിരുന്നു.
ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രണ്ട് നേതാക്കളെപ്പറ്റി പറയേണ്ടതുണ്ട്. ബ്രാഡ്‌ലിയെയും മിഖായേല്‍ കാരിറ്റിനെയും പറ്റി. ബ്രാഡ്‌ലി ഇന്ത്യയില്‍ വന്ന് ഇവിടുത്തെ കമ്യുണിസ്റ്റ് പ്രസ്ഥാനത്തെ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിന് ഇവിടുത്തെ തൊഴിലാളി മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്കുണ്ട്. ഇംഗ്ലീഷുകാരനായിരുന്നെങ്കിലും, മീററ്റ് ഗൂഢാലോചന കേസിലെ പങ്കാളിത്തത്തിന് കുറച്ചുകാലം ഇന്ത്യന്‍ ജയിലില്‍ അദ്ദേഹത്തിന് കഴിയേണ്ടിവരികയും ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും സോഷ്യലിസം പടര്‍ത്തുന്നതിലും ഇംഗ്ലീഷുകരുടെ പങ്ക് നമ്മള്‍ വിസ്മരിച്ചുകൂടാ. കാരിറ്റ് ഉയര്‍ന്ന സിവില്‍ സര്‍വീസ് ഓഫീസറായിരുന്നു. കുറച്ചുകാലം അവിഭക്ത ബംഗാളിലെ ഗവര്‍ണറുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ ചായ്‌വ് പരസ്യമായപ്പോള്‍ അദ്ദഹം രാജിച്ചു.
ഹിരണ്‍ മുഖര്‍ജി, സജ്ജാബ്് സാഹിര്‍, ഡോ. എസെഡ്.എ. അഹമ്മദ്, നിഹാരേന്ദു ദത്ത മജുംദാര്‍ എന്നിവര്‍ ബ്രിട്ടനില്‍ നിന്ന് ഇതിനിടയില്‍ ഇന്ത്യയിലേക്ക് പോന്നിരുന്നു. അവരുടെ അസാന്നിധ്യം വലിയ ദു:ഖമുളവാക്കി. പക്ഷേ ഞങ്ങളുടെ ഉത്സാഹം വര്‍ധിച്ചുകൊണ്ടേയിരുന്നു. ലണ്ടന്‍, കേംബ്രിഡ്, ഓക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. ബ്രിട്ടീഷ് നേതൃത്വം പരസ്യ സമ്മേളനങ്ങള്‍ നടത്തരുതെന്ന് ഞങ്ങളോട് ഉപദേശിച്ചിരുന്നു. കാരണം ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചിരുന്നു. ഞങ്ങള്‍ മാര്‍ക്‌സിസ്റ്റ് പഠന കേന്ദ്രങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങി. ഹാരി പൊളിറ്റ്, രാജനി പാമി ദത്ത്, ക്ലെമന്‍സ ദത്ത്, ബ്രാഡ്‌ലി എന്നിവരായിരുന്നു അധ്യാപകര്‍. ആ സമത്ത് സ്‌പെയിനില്‍ ആഭ്യന്തരയുദ്ധം നടക്കുന്നുണ്ട്. ഫ്രാങ്കോയുടെ സേച്ഛാധിപത്യത്തിനെതിരെ പുരോഗമന ശക്തികള്‍ ന്നിച്ചു. അന്തരാഷ്ട്ര ബ്രിഗേഡ് രൂപീകരിച്ചു. സാര്‍വദേശീയ സംഭവങ്ങള്‍ക്കനുസരിച്ച് ഞാന്‍ കൂടുതല്‍ കൂടുതല്‍ രാഷ്ട്രീയത്തിലേക്ക് അടുത്തുകൊണ്ടിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലണ്ടന്‍ മജ്‌ലിഷ് രൂപീകരിച്ചു. ഞാനായിരുന്നു അതിന്റെ ആദ്യ പത്രാധിപര്‍. എന്റെ ജോലി ഇന്ത്യന്‍ താല്‍പര്യത്തിന് പൊതുജനാഭിപ്രായം രൂപപ്പെടുത്തുകയായിരുന്നു. വിവിധ സര്‍വകലാശാലകളില്‍ ഞങ്ങള്‍ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. അന്നത്തെ എല്ലാ അംഗങ്ങളുടെയും പേരുകള്‍ എനിക്കിപ്പോള്‍ കൃത്യമായി ഓര്‍മിക്കാനാവുന്നില്ല. രജനി പട്ടേല്‍, പി.എന്‍. ഹസ്‌കര്‍, മോഹന്‍ കുമാരമംഗലം, ഇന്ദ്രജിത്ത് ഗുപത്, രേണു ചക്രവര്‍ത്തി, എം.കെ.കൃഷ്ണന്‍, പ്രബതി കൃഷ്ണന്‍, നിഖില്‍ ചക്രവര്‍ത്തി, അരുണ്‍ ബോസ് എന്നിവരുടെ പേരുകളാണ് പെട്ടന്ന് ഓര്‍മ വരുന്നത്.ഫിറോസ് ഗാന്ധി അന്ന് ഇന്ത്യന്‍ ലീഗിന്റെ നേതാവാണ്. ലണ്ടന്‍ മജിലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹവും പങ്കാളിയായി. പല ദേശീയ നേതാക്കളും ലണ്ടനില്‍ വന്നിരുന്നു. നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, വിജയലക്ഷ്മി പണ്ഡിറ്റ്, യുസഫഫ് മെഹര്‍ അലി എന്നിവര്‍ ഞങ്ങളുടെ അതിഥികളായി. ൃഷ്ണമേനോനാണ് എന്നെ നെഹ്‌റുവിന് പരിചയപ്പെടുത്തുന്നുത്. അദ്ദേഹം നെഹ്‌റു താമസിക്കുന്നിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി. ലണ്ടനില്‍ താമസിക്കുന്ന നാളില്‍ ആദരവ് തോന്നിയ നേതാവാണ് നെഹ്‌റു.
ആ സമയത്താണ് ഇന്ത്യയിലേക്ക് തിരിച്ചുപോയി പ്രവര്‍ത്തിക്കണം എന്നു തീരുമാനിക്കുന്നത്. അന്തര്‍ദേശീയ സംഭവങ്ങള്‍ എന്നില്‍ ആഴത്തില്‍ സ്വാധീനിച്ചിരുന്നു. എല്ലാം മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാര്‍ക്‌സിസ്റ്റ് സാഹിത്യവും സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും മുഖ്യധാര രാഷട്രീയത്തിലേക്ക് വലിച്ചുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി മുഴുവന്‍ സമയംസമര്‍പ്പിക്കാനാിരുന്നു തീരുമാനം.
ഭൂഭേഷ് ഗുപ്ത, എം.കെ. മംഗലം, അരുണ്‍ ബോസ്, ഞാന്‍ എന്നിവര്‍ ബോംബെയിലെ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. തൊഴിലാളി നേതാവായ സ്വാമി സഹജാനന്ദ സംസാരിക്കുന്ന ഒരു പൊതു സമ്മേളനത്തില്‍ സംബന്ധിക്കന്‍ ബോംബെയില്‍ നിന്ന് നിര്‍ദേശം കിട്ടി. ഞാന്‍ അവിടെ പോയി. അതൊരു വലിയ സമ്മേളനമായിരുന്നു.


നാട്ടില്‍ തിരിച്ചെത്തിയശേഷം


കല്‍ക്കത്തയിലെ പാര്‍ട്ടി നേതാക്കളുമായി 1940 ല്‍ ഞാന്‍ ബന്ധപ്പെട്ടു. പാര്‍ട്ടി നിര്‍ദേശപ്രകാരം അണ്ടര്‍ഗ്രൗണ്ടിലേക്ക് പോകാതെ പരസ്യമായി തുടര്‍ന്നു. സംഘടനയുമായി പലതരത്തില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
കല്‍ക്കത്ത ഹൈക്കോടതിയില്‍ ഞാന്‍ ബാരിസ്റ്ററായി എന്റോള്‍ ചെയ്തു. പക്ഷേ ഒരിക്കലും പ്രകാടീസ് ചെയ്തില്ല. കാരണം ഭൂപേഷുള്‍പ്പടെ പാര്‍ട്ടിക്കുവേണ്ടി സ്വയം സമര്‍പ്പിക്കാന്‍ നിശ്ചയിച്ചാണ് ലണ്ടനില്‍ നിന്ന് മടങ്ങുന്നത്. എന്റെ തീരുമാനത്തില്‍ അച്ഛന്‍ സന്തോഷവാനായിരുന്നില്ല. പ്രാക്ടീസ് തുടങ്ങി സ്വന്തം നിലയ്ക്ക് ജീവിതവരുമാനം കണ്ടെത്തണമെന്നായിരുന്നു അച്ഛന്. പക്ഷേ അദ്ദേഹം വളരെ ലിബറല്‍ ആയിരുന്നു. ദേശബന്ധു ചിത്തരഞ്ജന്‍ ദാസും കോടതി ഉപേക്ഷിച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. പിന്നെ ഞാന്‍ മാത്രമെന്തിന് വ്യത്യസ്തനാവണം?
ഒരിക്കല്‍ ഒളിവിലായിരുന്ന കാക്കബാബു (മുസാഫിര്‍ അഹമ്മദ്), സരോജ് ബാബു (സരോജ് മുഖര്‍ജി) പാച്ചു ഗോപാല്‍ ഭണ്ഡാരി എന്നിവര്‍ക്ക് ഞാന്‍ അഭയം ഒരുക്കിയത് ഓര്‍ക്കുന്നു. ഡോവര്‍ ലെയനിലെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു അത്.
1941 ജൂണില്‍ ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ യുദ്ധത്തിന്റെ മുഴുവന്‍ സ്വഭാവവും മാറി. സാമ്രാജ്യത്വ സ്വഭാവത്തില്‍ നിന്ന് അത് ഫാസിസത്തിനെതിരെയുള്ള ജനകീയ യുദ്ധത്തിന്റെ സ്വഭാവമാര്‍ജിച്ചു. ജയിലിലുണ്ടായിരുന്ന ഞങ്ങളുടെ നേതാക്കളും അങ്ങനെ വാദിച്ചു. യുദ്ധത്തിന്റെ സ്വഭാവം മാറിയതനുസരിച്ച് ഞങ്ങള്‍ക്ക് അടവുകളും മാറ്റേണ്ടിവന്നു. യുദ്ധം ജനീകയുദ്ധമായി എന്നു വിശ്വസിച്ചിരുന്നവരില്‍ ഓളായിരുന്നു ഞാനും.
ഫ്രണ്ട്‌സ് ഓഫ് സോവിയറ്റ് യൂണിയനും ഫാസിസ്റ്റ് വിരുദ്ധ എഴുത്തുകാരുടെയും കലാകാരുടെയും കൂട്ടായ്മയും ഇതിനിടയില്‍ രൂപംകൊടുത്തു. ഞാനായിരുന്നു സെക്രട്ടറി. ധരംതാല തെരുവിലായിരുന്നു രണ്ട് സംഘടനകളുടെയും ഓഫീസ്.
ലണ്ടനില്‍ നിന്ന് വന്ന് അധികം വൈകാതെ എന്റെ ജീവിതം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്റേതായി തീര്‍ന്നു. എന്നാല്‍ ഔദ്യോഗികമായി അങ്ങനെയായിരുന്നില്ല. പാര്‍ട്ടി നിരോധിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ ഹിന്ദുസ്ഥാന്‍ റോഡിലെ വസതിയില്‍ രഹസ്യ സമ്മേളനങ്ങള്‍ നടന്നിരുന്നു. ഒളിവിലുള്ള നേതാക്കള്‍ താവളമായിരുന്നു വീട്. അച്ഛനും അമ്മയ്ക്കും ഇത് അറിയാമായരുന്നന്നെങ്കിലും എതിര്‍ത്തില്ല. എന്റെ മുഖ്യ കടമ ഒളിവിലുള്ള നേതാക്കളുമായി ബന്ധം വയ്ക്കുകയും അവര്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കയും രഹസ്യ സമ്മേളനം നടത്താന്‍ സൗകര്യമൊരുക്കുകയായിരുന്നു.
ദക്ഷിണ കല്‍ക്കത്തയില്‍ ഞാന്‍ ഒരു വീട് വാടകയ്‌ക്കെടുത്തു. ലണ്ടനിലെ അവസാന കാലത്ത് കമ്യൂണ്‌സ്റ്റ് ചായ്‌വുള്ള ഒരു ബാരിസ്‌ററ്റുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരിലാണ് വീടെടുത്തത്. പക്ഷേ രഹസ്യത്താവളമായി ആ വീട് ഉപയോഗിച്ച് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാരിസ്റ്റര്‍ ഇടഞ്ഞു. പ്രശ്‌നങ്ങളില്‍ പെടാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ആ സുഹൃത്ത് വീട് ഉപേക്ഷിച്ചു. പിന്നെ വൈകാതെ രാഷ്ട്രീയം വിടുകയും ചെയ്തു.
പാര്‍ട്ടിക്കുവേണ്ടിയുളള വരി സംഖ്യ പിരിക്കാനും ഞാന്‍ ചുമതലപ്പെട്ടു. പല അനുഭാവികളും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വളരെ സഹയാ മനസ്‌കതയോടെ പണം നല്‍കി. ഞാന്‍ പാര്‍ട്ടി ക്ലാസ് സംഘടിപ്പിക്കുകയും പല സമ്മേളനങ്ങളിലും തുടര്‍ച്ചയായ പ്രസാംഗികനാവുകയും ശചയ്തു.


തൊഴിലാളികളെ സംഘടിപ്പിക്കല്‍


തൊഴിലാളികളെ സംഘടിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം എന്നോട് ആവശ്യപ്പെട്ടത്. 1944 ലാണ് അതെന്ന് തോന്നുന്നു. ഞാന്‍ തുറമുഖ തൊഴിലാളികളോട് സംസാരിക്കാന്‍ തുടങ്ങി. അന്ന് ഈ മേഖലയില്‍ സംഘടനയില്ല. അതിനുശേഷം റെയില്‍വേ തൊഴിലാളികള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു.
ബി.എന്‍. റെയില്‍വേയില്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ 1944 ല്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ടായിരുന്നു.. ഞാന്‍ മുഹമ്മദ് ഇസ്മായില്‍, നിഖില്‍ മൈത്ര പോലുള്ള നേതാക്കളെ കണ്ടു. മൈത്രയെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിത്യാനന്ദ ചൗധരി, അമൂല്യ ഉകില്‍, പൂര്‍ണേന്ദു ദത്ത് റോയി, സത്യന്‍ ഗാംഗുലി, സത്യ ഗുപ്ത എന്നിവരാണ് അന്ന് ഒപ്പം നിന്നവരില്‍ എനിക്ക് ഓര്‍മിക്കാന്‍ കഴിയുന്ന പേരുകള്‍. പതിയെ ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനം സജീവമായി. ബങ്കിം മുഖര്‍ജി, സരോജ് മുഖര്‍ജി എന്നിക്കെപ്പം പാര്‍വതിപൂരിലും സോധാപൂരിലും ഞാന്‍ പോയി. റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. അവിടെ അന്ന് ബി.എന്‍. റെയില്‍വേ എംപ്ലോയിസ് അസോസിയേഷന്‍ നിലവിലുണ്ട്. ഹുമയൂണ്‍ കബീര്‍ പിന്നീട് അതിന്റെ പ്രസിഡന്റായി. അസമുമായി ബന്ധപ്പെട്ടതായിരുന്നു യുണിയന്റെ പ്രവര്‍ത്തനത്തിനു കീഴില്‍ വരുന്ന പല മേഖലകളും. ഒടുവില്‍ അതേ വര്‍ഷം തന്നെ ബി.എന്‍. റെയില്‍വേസ് വര്‍ക്കേഴ്‌സ് യൂണിയന്‍ രൂപീകരിച്ചു. ഞാനായിരുന്നു ജനറല്‍ സെക്രട്ടറി. ബങ്കിം മുഖര്‍ജിയായിരുന്നു പ്രസിഡന്റ്. ട്രെയിനില്‍ കഷ്ടപ്പെട്ട് യാത്ര ചെയ്തായിരുന്നു അന്നത്തെ പ്രവര്‍ത്തനം. ഞങ്ങള്‍ കിഴക്കന്‍ ബംഗാളലലും വടക്കന്‍ ബംഗാളിലും അസമിലും ശാഖകള്‍ രൂപീകരിച്ചു. എതിര്‍ യൂണിയന് ഒന്നും ചെയ്യാനായില്ല. അന്നവിടെ ചെറുതെങ്കിലും ബി.ഡി. റെയില്‍ റോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ ഉണ്ടായിരുന്നു. പിന്നീട് പാര്‍ടി അംഗമായ ബിരണ്‍ ദാസ് ഗുപ്തയായിരുന്നു അതിന്റെ ജനറല്‍ സെക്രട്ടറി. പിന്നീട് ബംഗാള്‍ മന്ത്രിയായ പരിമാള്‍ മിത്രയായിരുന്നു വൈസ് പ്രസിഡന്റ്. പിന്നീട് രണ്ട് സംഘടനകളും ലയിച്ചു. ഞാന്‍ വീണ്ടും അതിന്റെ ജനറല്‍ സെക്രട്ടറിയായി. 'റെയില്‍ മസ്ദൂര്‍' എന്നൊരു പ്രസിദ്ധീകരണം ഞങ്ങള്‍ തുടങ്ങി. യൂണിയന്റെ സെക്രട്ടറിയായയിനാല്‍ എനിക്ക് ട്രെയിനില്‍ ഫസ്റ്റ് ക്ലാസില്‍ യാത്ര അനുവദിക്കപ്പെട്ടു. സംഘടനയുടെ ശക്തി വര്‍ധിച്ചുകൊണ്ടോയിരുന്നു.
അന്ന് ഓള്‍ ഇന്ത്യാ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ പരിഷ്‌കരണവാദികളുടെ കൈയിലാണ്. ഞങ്ങള്‍ ഫെഡറേഷനില്‍ യൂണിയനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടു. ആദ്യം അവരത് അവഗണിച്ചെങ്കിലും പിന്നീട് ഞങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറായി. പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എസ്.ഐ.ആര്‍. വര്‍ക്കേഴ്‌സ് യുണിയനെ നേരത്തെഎ.ഐ.ആര്‍.എഫില്‍ ഉള്‍പ്പെടുത്തിയിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങള്‍ മാത്രമല്ല റെയില്‍വേ തൊഴിലാളികള്‍ ഉന്നയിച്ചിരുന്നത്. അവര്‍ രാഷ്ട്രീയ സമരങ്ങളിലും പങ്കാളിയായി. രാഷ്ട്രീയ തത്വശാസ്ത്ര ബോധം വര്‍ധിപ്പിക്കാനുളള ശ്രമങ്ങളും ബോധപൂര്‍വം നടന്നു. രാഷ്ട്രീയ കാര്യങ്ങള്‍ക്കുവേണ്ടി റെയില്‍വേ തൊഴിലാളികള്‍ സമരത്തില്‍ ഏര്‍പ്പെട്ടു. ബോംബെയില്‍ നാവികര്‍ കലാപത്തിലേര്‍പ്പെട്ടു. മുഴുവന്‍ രാജ്യവും അവര്‍ക്കൊപ്പം ശബ്ദമുയര്‍ത്തി. 24 മണിക്കൂറിനുള്ളില്‍ കീഴടങ്ങിയില്ലെങ്കില്‍ കലാപകാരികളുടെ കപ്പല്‍ മുക്കുമെന്ന് ബ്രിട്ടീഷ് നാവിക അഡ്മിറല്‍ അന്ത്യശാസനം നല്‍കി.
ഞങ്ങള്‍ ബി.പി.ടി.യു.സി.ഓഫീസില്‍ യോഗം ചേര്‍ന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളെ പാഠം പഠിപ്പിക്കണമെന്ന് നിശ്‌യിച്ചു. 24 മണിക്കൂര്‍ റെയില്‍വേ പണിമുടക്ക് പ്രഖ്യാപിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഒരൊറ്റ ബോഗിയും അനങ്ങിയില്ല. എല്ലാം നിശ്ചലമായി. ഒരു പൂര്‍ണ ബന്ദ്. ഞങ്ങള്‍ക്ക് ആദ്യം സംശയമുണ്ടായിരുന്നു. പണിമുടക്ക് വിജയിക്കുമോ? അതെ. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരത്തില്‍ റെയില്‍വേ തൊഴിലാളികള്‍ പുതിയ ചരിതമെഴുതി.


നിയമസഭയില്‍ഒരിക്കലും ഒരു എം.എല്‍.എ.യാകണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ പാര്‍ട്ടി നിര്‍ദേശം അംഗീകരിച്ചേ പറ്റുമായിരുന്നുള്ളൂ. അന്ന് പ്രമുഖരായ പല സ്ഥാനര്‍ത്ഥികളുണ്ടായിരുന്നു. കല്‍ക്കത്തിയില്‍ സോമനാഥ് ലാഹിരി, ഹൗറയില്‍ ബങ്കിം മുഖര്‍ജി, അസനോളില്‍ ഇന്ദ്രജിത്ത് ഗുപ്ത തുടങ്ങിയവര്‍. അസം ഒഴിച്ചുള്ള ബി.എന്‍. റെയില്‍വേ മേഖലയില്‍, റെയില്‍വേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഞാന്‍ നിയോഗിക്കപ്പെട്ടു. എതിരാളി റെയില്‍വേസ് അസോസിയേന്റെ പ്രസിഡന്റായിരുന്ന ഹുമയൂന്‍ കബീറായിരുന്നു. മത്സരം കടുത്തതാണ് എന്നറിയാം. കോണ്‍ഗ്രസ് മുഴൂവന്‍ ശക്തിയുപയോഗിച്ച് കബീറിനെ പിന്തുണയ്ക്കുന്നുണ്ട്. മൗലാനാ അബുള്‍ കലാം ആസാദിനെപ്പോലുള്ളര്‍ പ്രചരണത്തിന് എത്തിയിരുന്നു. മറുവശത്ത് ഞങ്ങളുടെ യൂണിയന്‍ പുതിയതാണ്. തൊഴിലാളികള്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ചിട്ട് അധികകാലവുമായിട്ടില്ല.
പക്ഷേ സഖാക്കള്‍ അകമഴിഞ്ഞ് പ്രവര്‍ത്തിച്ചു. ഞങ്ങള്‍ ബംഗളാിലെമ്പാടും സഞ്ചിരിച്ചു. റെയില്‍വേ തൊഴിലാളികളോട് വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. കബീറിന്റെ അനുയായികള്‍ പല അടവുകളും പ്രയോഗിച്ചു. ഉന്നത ബ്യൂറോക്രാറ്റുകള്‍ ബാലറ്റ് പേപ്പറുകളില്‍ കൃത്രിമം കാണിച്ചു. തപാലില്‍ ബാലറ്റ് പേപ്പറുകള്‍ തെറ്റായ ആളുകള്‍ക്കയച്ചുകൊടുത്തു. പോസ്റ്റാഫീസില്‍ നിന്ന് ചിത്ത്പൂര് വാര്‍ഡിലേക്ക് ആയിരം വോട്ടര്‍ചിറ്റുകള്‍ വന്നുവെന്ന വാര്‍ത്ത പരന്നു. ഞങ്ങള്‍ക്ക് വിഷയം തെരുവിലെത്തിക്കാതെ കഴിയുമായിരുന്നില്ല. സമരം ആരംഭിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ഒരോ ബാലറ്റും കൃത്യമായ വോട്ടര്‍മാര്‍ക്കടുത്ത് തിരിച്ചുമേടിക്കും എന്നറുപ്പ് അധികാരികള്‍ നല്‍കി. തൊഴിലാളികളുടെ സമരമായിരുന്നു ഭരണകൂടത്തിന്റെ തീരുമാനത്തിനു പിന്നില്‍.
ജയിക്കുമോ എന്ന് എനിക്ക് വളരെ സംശയമുണ്ടായിരുന്നു. കള്ളവോട്ട് അനുവിക്കില്ലെന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. സ്ഥാനാര്‍ത്ഥിയെന്നുള്ള ആദ്യ അനുഭവം ബൂര്‍ഷ്വ തെരഞ്ഞെടുപ്പുകളുടെ രുചി ആദ്യമായി എന്നെ അറിയിച്ചു. അത് തീകൊണ്ടുള്ള ജ്ഞാസ്‌നാനമായിരുന്നു. എല്ലാം നന്നായി അവസാനിച്ചു. കബീര്‍ പരാജയപ്പെട്ടു. കബീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിനു പിന്നില്‍ കോണ്‍ഗ്രസ് സംഘടനയും ഉന്നത നേതാക്കളുമുണ്ടായിരുന്നു. ഞങ്ങളുടെ സഖാക്കളുടെ അര്‍പ്പണേബോധവും ഊര്‍ജസ്വലമായ പ്രവര്‍ത്തനവുമായിരുന്നു വിജയമൊരുക്കിയത്. അത് അവരുടെ വിജയമായിരുന്നു. പാര്‍ട്ടിയുടെ വിജയമായിരുന്നു. എല്ലാത്തിനുമുപരി റെയില്‍വേ തൊഴിലാളികളുടെ വിജയമായിരുന്നു. ഡാര്‍ജിലിംഗില്‍ നിന്ന് രതന്‍ലാല്‍ ബ്രാഹണണും ഡെന്‍ജാപൂരില്‍ ിന്ന് രൂപനാരായന്‍ റോയിയും മാത്രമാണ് വിജയിച്ചത്. മറ്റ് സ്ഥാനാര്‍ത്ഥികളെല്ലാം പരാജയപ്പെട്ടു.
ആ വിജയത്തിന് വലിയ പ്രധാന്യമുണ്ട്. പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും സഖാക്കളെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു അന്നുവരെ നടന്നിരുന്നത്.അതില്‍ മാറ്റം വന്നു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനം ഞങ്ങളെ സംബന്ധിച്ച് ഒരു വിദ്യാഭ്യാസം നല്‍കല്‍ കൂടിയായിരുന്നു. എതിരാളികള്‍ ഒളിഞ്ഞും തെളിഞ്ഞും എല്ലാ അടവും സ്വീകരിക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ബാരക്പൂര്‍ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാഞ്ചപുരയിലേക്ക് ഒരു പാര്‍ട്ടി നിരീക്ഷകനായി ഞാന്‍ അയക്കപ്പെട്ടു. കോണ്‍ഗ്രസ് ഹീനപ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ ദൃക്‌സാക്ഷിയായി.
തെരഞ്ഞെടുപ്പിന് ശേഷം ഞാന്‍ 121 ലോവര്‍ സര്‍ക്കുലര്‍ റോഡിലെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് മടങ്ങി. പരുക്കേറ്റ സഖാക്കള്‍ തറയില്‍ കിടക്കുന്നതാണ് കണ്ടത്. കല്‍ക്കത്തിലെമ്പാടും കോണ്‍ഗ്രസ് ഗുണ്ടകള്‍ നടത്തിയ അതിക്രമത്തിന്റെ ഫലമായിരുന്നുഅത്. 1946 ലെ തെരഞ്ഞെടുപ്പ് ബൂര്‍ഷ്വ ക്രമത്തില്‍ ആദര്‍ശത്തിനും സത്യസന്ധതയ്ക്കും ഒരു വിലയുമില്ലെന്ന് എന്നെ പഠിപ്പിച്ചു. വിജയിക്കുകയാണ് ഏക ലക്ഷ്യം. എന്തുവിലകൊടുത്തും.
ഞാന്‍ എം.എല്‍,എ.യായി. അച്ഛന് അത് അല്‍പം സന്തോഷമുണ്ടായി. പ്രവര്‍ത്തനം തുടരാന്‍ അത് സഹായകരമായി. അപ്പോഴാണ് ഞാന്‍ ഔദ്യോഗികമായി പൂര്‍ണസമയപ്രവര്‍ത്തകനാകുന്നത്. എം.എല്‍.എ. എന്ന നിലയില്‍ കിട്ടിയ വേതനം ഞാന്‍ പാര്‍ട്ടിക്കു നല്‍കി. പാര്‍ട്ടിയാണ് എനിക്ക് വേതനം നല്‍കിയത്.
1946 ല്‍ സുഹ്‌വര്‍ധിയുടെ നേതൃത്വത്തില്‍ മുസ്‌ളിംലീഗ് സര്‍ക്കാര്‍ രൂപീകരിച്ചു. കിരണ്‍ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിരുന്നു. ഞങ്ങള്‍ മൂന്ന് കമ്യൂണിസ്റ്റ് എം.എല്‍.എ.മാര്‍ പ്രത്യേക ഗ്രൂപ്പായിട്ടാണ് സഭയില്‍ ഇരുന്നത്. മെയ് 14 ന് രണ്ടു സമ്മേളനങ്ങള്‍ കൂടി.
ഒരു വര്‍ഷം മുമ്പ്, 1945 മെയ് 2 ന് സോവിയറ്റിന് മുന്നില്‍ ബര്‍ലിന്‍ നിലംപൊത്തിയിരുന്നു. ഞങ്ങള്‍ കല്‍ക്കത്തയില്‍ വിജയറാലികള്‍ സംഘടിപ്പിച്ചു. ആ വര്‍ഷമവസാനം മുഴുവന്‍ രാജ്യവും ഐ.എന്‍.എ. തടവുകാരെ വിട്ടയക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തി. എല്ലായിടത്തും റാലികളും സമ്മേളനങ്ങളും നടന്നു. നവംബര്‍ 21 ന് കല്‍ക്കത്തയില്‍ വലിയ സമ്മേളനം നടന്നു. പോലീസ് വെടിയുതിര്‍ത്തു. നിരവധി വിദ്യാര്‍ത്ഥികള്‍ കൊല്ലട്ടു. പലര്‍ക്കും പരുക്കേറ്റു. 2946 ജനുവരി ഫെബ്രുവരി മാസങ്ങളില്‍ കല്‍ക്കത്തിയുടെ അന്തരീക്ഷത്തില്‍ പ്രതിഷേധശബ്ദങ്ങള്‍ പ്രതിധ്വനിച്ചു. വിദ്യാര്‍ത്ഥി-യുവജനങ്ങള്‍-തൊഴിലാളികള്‍-ജീവനക്കാര്‍ എന്നിവരുടെ സമരം പതിയെ ബ്രിട്ടീഷ് സാമ്രജ്യത്വത്തിനെതിരെ വലിയ സമരമായി മാറിക്കൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി സമരത്തിന്റെ മുന്നണിയില്‍ നിലയുറപ്പിച്ചു. കോണ്‍ഗ്രസ്‌ന് ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ശക്തികളായി ഞങ്ങള്‍ പരിഗണിക്കപ്പെട്ടൂ. ലീഗ് വര്‍ഗീയ മുതലടെുപ്പ് നടത്തുകയായിരുന്നു.
അതിനിടയില്‍ തേഭാഗ മുന്നേറ്റം ആരംഭിച്ചു. ലക്ഷക്കണക്കിന് കര്‍ഷകര്‍ ബംഗാളിന്റെ 11 സംസ്ഥാനങ്ങളിലായി സമരത്തിലേര്‍പ്പെട്ടു. ആന്ധ്ര, കേരളം, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് സമരം പടര്‍ന്നു. മുഴുവന്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരിയായിരുന്നു. ഈ സമയത്ത് സുഹ്രവര്‍ധി സര്‍ക്കാര്‍ ആന്‍ഡമാനില്‍ തടവിലാക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളെ മോചിപ്പിക്കാന്‍ നിര്‍ബന്ധിതനായി. നിയമസഭ ആരംഭിച്ചിരുന്നില്ല. ഭക്ഷ്യക്ഷാമം മൂര്‍ഛിച്ചുകൊണ്ടിരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഞങ്ങളുടെ ശ്രമഫലമായി ന്യായവിലകടകള്‍ മിക്ക ജില്ലകളിലും തുറന്നു. ഇതിനിടയില്‍ ഭക്ഷ്യക്ഷാമം പട്ടിണി മരണത്തിലേക്കു വളര്‍ന്നു. എവിടെയും ദുരന്തവാര്‍ത്തകള്‍ മാത്രം. 'ഞങ്ങള്‍ക്ക് അപ്പം തരൂ' എന്നതായി ജനങ്ങളുടെ മറുവിളി. ഈ സമയത്താണ് ബിജോണ്‍ ഭട്ടാചാര്യ 'നബാന' നാടകം എഴുതുന്നത്. പല കലാകാരന്‍മാരും പാര്‍ട്ടിക്കൊപ്പം ചേര്‍ന്നു.
ഞങ്ങള്‍ റെയില്‍വേ സമരത്തിനൊരുങ്ങി. ഈ സമയത്തു കോണ്‍ഗ്രസും സമരത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ കൂടിയാലോചനകള്‍ നടത്തി. കോണ്‍ഗ്രസ് ഇടക്കാല സര്‍ക്കാരില്‍ ചേരുകയാണെങ്കില്‍ അവരുടെ നേതാക്കള്‍ റെയില്‍വേ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തണം എന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ തൊഴിലാളികളുടെസമരം പ്രയോജനരഹിതമാകും. സമരം ആരംഭിക്കാതെ പരിഹാരം കാണാനാവും എന്നായിരുന്നു ഞങ്ങളുടെ നിലപാട്. ആ സമയത്ത് ബ്രിട്ടീഷ് ഭരണം വര്‍ഗീയ രാഷട്രീത്തിന്റെ വിത്തുകള്‍ വിതച്ചുകൊണ്ടിരിക്കുകയായിരുന്നു.
നിയമസഭയിലെ നടപടിക്രമങ്ങളെപ്പറ്റി ഞങ്ങള്‍ക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല. പുതിയ അനുഭവങ്ങളില്‍ ഇടപെടുന്നതിന് പാര്‍ട്ടി ഞങ്ങളെ പരിശീലിപ്പിച്ചിരുന്നുമില്ല. ഞങ്ങള്‍ സ്വയം ചോദ്യങ്ങളും പ്രസംഗങ്ങളും തയ്യാറാക്കി. പക്ഷേ എല്ലാ കാര്യങ്ങള്‍ക്കും ഞാന്‍ പാര്‍ട്ടി നേതൃത്വത്തോട് സംസാരിക്കുകയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. രടവുകാരുടെ മോചനം, പോലീസ് അതിക്രമം, കര്‍ഷകരുടെും തൊഴിലാളികളുടെയും പ്രക്ഷേഭാങ്ങള്‍, ഭക്ഷ്യപ്രതിസന്ധി, മത സാഹോദര്യം എന്നിവയാണ് ഞങ്ങള്‍ സഭയില്‍ ഉയത്തിയ വിവിധ വിഷയങ്ങള്‍. തടവുകാരുടെ മോചനകാര്യത്തില്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും ലീഗും ഞങ്ങളെ പിന്തുണച്ചു. പക്ഷേ മറ്റ് കാര്യങ്ങളില്‍ യോജിപ്പുണ്ടായില്ല. ഇതായിരുന്നു നിയസഭാ രാഷ്ട്രീയത്തിലെ വിദ്യാഭ്യാസത്തിന്റെ തുടക്കം.1946 ലെ കലാപങ്ങള്‍


1946 ഓഗസ്റ്റ് 16 ഇന്ത്യയുടെ ചരിത്രത്തില്‍ കറുത്ത ദിനമാണ്. ആ ദിവസമാണ് ബംഗാളില്‍ വര്‍ഗീയ ലഹള തുടങ്ങിയത്. സ്‌റ്റേറ്റമാന്‍ 'ദ ഗ്രേറ്റ് കല്‍കത്ത കില്ലിംഗ്' എന്നാണ് അതിനെ വിളിച്ചത്. ബ്രിട്ടീഷുകാര്‍ കൈകഴുകി. വിഭജിച്ച രാജ്യം കോണ്‍ഗ്രസിനും മുസ്ലിംലീഗിനും നല്‍കി ഒഴിഞ്ഞുപോകാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചിരുന്നു. ലഹള തുടങ്ങിയ ഉടന്‍ കല്‍ക്കത്തയിലെ പോലീസ് സംവിധാനം പൂര്‍ണമായും നിലംപൊത്തി. പോലീസ് സേന വര്‍ഗീയമായിട്ടാണ് പ്രവര്‍ത്തിച്ചത്. ബംഗാള്‍ ഗവര്‍ണറുടെ നിരനന്തരമായ അഭ്യര്‍ത്ഥന ഉണ്ടായിട്ടും സേനയെ ബംഗാളിലേക്ക് നിയോഗിച്ചില്ല. കൂട്ടക്കൊലയാരംഭിക്കുന്നതിന്റെ മൂന്നാം നാള്‍ വരെ വരെയും സേന എത്തിയില്ല. കാര്യങ്ങള്‍ നിയന്ത്രണാധിനമാവുകയൂം കല്‍ക്കത്ത കൂട്ടക്കൊലയുടെയും കൊള്ളയുടെയും നഗരമായി മാറുകയും ചെയ്തു.
ഞങ്ങളുടെ പാര്‍ട്ടി വിഭജനത്തെ എതിര്‍ക്കുകയും ഹിന്ദു-മുസ്‌ളിം ഐക്യം നിലനിര്‍ത്താന്‍ ശ്രമിക്കുകയൂം ചെയ്തു.
കോണ്‍ഗ്രസിലും മുസ്‌ളിം ലിഗിലുമള്ള ഭൂരിപക്ഷം വിഭജനത്തിനെതിരായിരുന്നു. അതു തന്നെയായിരുന്നു ഹിന്ദുക്കളുടെയും മുസ്ലിംങ്ങളുടെയും അവസ്ഥ. പക്ഷേ ബ്രിട്ടീഷ് സമ്രാജ്യത്വത്തിന്റെ പ്രകോപനങ്ങളില്‍ പെട്ട് പരിഷ്‌കരണവാദികള്‍ വിജഭനം ആവശ്യപ്പെട്ടൂ. ഓഗസ്റ്റ് 16 ന് മുസ്‌ളിം ലീഗ് നേരിട്ടുള്ള കര്‍മദിനമായി ആഹ്വാനം ചെയ്തു. ബംഗാള്‍ സര്‍ക്കാര്‍ അന്ന് അവധിയായി പ്രഖ്യാപിച്ചു. നിയമസഭ കൂടുന്നസമയമാണ്. ഞാന്‍ സഭയില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും അനുമതി നല്‍കിയില്ല. അവധി പ്രഖ്യപാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു. പാര്‍ട്ടി നിര്‍ദേശത്തെതുടര്‍ന്ന് ഞാന്‍ തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍പോയി. ഞങ്ങള്‍ ഓഗസ്റ്റ് 14 ന് വൈകുന്നേരം റെയില്‍വേ കോളനിയില്‍ തങ്ങി. ആ സമയത്ത് റെയില്‍വേ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായിരുന്നു.
കോളനിയില്‍ തങ്ങുമ്പോള്‍ പുറത്ത് എന്തു നടക്കുന്നുവെന്ന് മനസിലാക്കാനായില്ല.
ചില പ്രതിഷേധ പ്രകടനങ്ങളുടെ ശബ്ദം മാത്രമാണ് കോളനിയില്‍ ഇരുന്ന് കേട്ടത്. ഞങ്ങള്‍ ആക്രമിക്കപ്പെടുമെന്നതിനാല്‍ തൊഴിലാളികള്‍ ഞങ്ങളോട് എത്രയും വേഗം പോകാനായി ആവശ്യപ്പെട്ടു. അവരാണ് മുഴുവന്‍ നഗരവും കത്തുകയാണ് എന്നു പറഞ്ഞത്്. ഞങ്ങള്‍ നടന്ന് സീലാദ് സ്‌റ്റേഷനില്‍ എത്തി. നടപ്പാതകളില്‍ മൃതശരീരങ്ങള്‍ കണ്ടു. അക്രമികള്‍ എവിടെയും സ്വതന്ത്രമായി നടക്കുകയായിരുന്നു. ഞങ്ങള്‍ നടപ്പാത ഒഴിവാക്കി റോഡിന് മദ്ധ്യത്തിലൂടെ നടന്നു. ഞങ്ങള്‍ ഒരുവിധം കല്‍കക്കത്ത ജില്ലാ ഓഫസീലെത്തി. കല്‍ക്കത്ത കത്തിക്കൊണ്ടിരിക്കുന്നതിനെപ്പറ്റിയായിരുന്നു പാര്‍ട്ടി കമാന്‍ഡറും പറഞ്ഞത്. ഞങ്ങളവിടെ തങ്ങി. ആ മേഖല സുരക്ഷിതമായിരുന്നില്ല. ഏതു സമയത്തും ഞങ്ങള്‍ ഒരു ആക്രമണം പ്രതീക്ഷിച്ചു. സഖാക്കള്‍ നീളന്‍ വടിയുമായി സുരക്ഷയ്ക്ക് കാവല്‍ നിന്നു. ഭക്ഷണം ഒന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ ജനകീയ ദുരിത നിവാരണ കമ്മിറ്റിയുടെ വാനില്‍ ഞങ്ങള്‍ അവിടം വിട്ടു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പല സഖാക്കളും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയായരുന്നു. അവരെ പുറത്തെത്തിക്കുകയും പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഞങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. കാര്യങ്ങള്‍ നേരെയാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കിണഞ്ഞു ശ്രമിച്ചു. ഹിന്ദുക്കള്‍ക്കും മുസ്‌ളീങ്ങള്‍ക്കും പ്രവശ്യാ കമ്മിറ്റി ഓഫീസിലും ജില്ലാ കമ്മിറ്റി ഓഫീസുകളിലും അഭയം നല്‍കി. കഴിയുന്നത്ര മരണം കുറയ്ക്കാനായിരുന്നു ഞങ്ങളുടെ ശ്രമം. അക്രമം ഇല്ലാതാക്കാനും. ശ്രമങ്ങളെല്ലാം പരിമിതമായിരുന്നു. കലാപത്തില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടു.
സ്വതന്ത്ര പരിഭാഷ: ബിജുരാജ്
കടപ്പാട്: ഗണശക്തി.കോം


കുറിപ്പ്:

മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അഭിജിത്ത് ദാസ് ഗുപ്ത ബംഗാളിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ 'മെമ്മറീസ്: ദ വണ്‍സ് ദാറ്റ് ഹാവ് ലാസ്റ്റഡ്' എന്ന അപൂര്‍ണ കൃതിയെയാണ് ഈ സ്വതന്ത്ര മലയാള പരിഭാഷയ്ക്ക് ആധാരമാക്കിയിരിക്കുന്നത്. 1946 ലെ വര്‍ഗീയ കലാപം വരെയുള്ള കാലത്തെ അനുഭവങ്ങളാണ് ലഭ്യമായത്. ഗണശക്തി ഡോട്ട് കോമില്‍ 1996 നവംബര്‍ 16 മുതല്‍ 1999 ഒക്‌ടോബര്‍ വരെ ഈ ആത്മകഥ ഖണ്ഡശയായി പ്രസിദ്ധീകരിച്ചു.

സമകാലിക മലയാളം വാരിക
2010 ജനുവരി

No comments:

Post a Comment