പുസ്തക റിവ്യൂ\വായന

മഹാത്മയിലേക്ക് ഒരു ചുവട് കൂടി
ഒന്നര നൂറ്റാണ്ട് അതിവിദൂര ഭൂതകാലമല്ല. രേഖകള്‍ മുതല്‍ ജീവിച്ചിരിക്കുന്നവര്‍ വരെയുള്ള ഒരുപാട് സാധ്യതകളില്‍ ചരിത്രം പുനര്‍നിര്‍മിക്കാവുന്നതേയുള്ളൂ. എന്നിട്ടും എന്തുകൊണ്ടാവും അയ്യന്‍കാളിയെക്കുറിച്ച് മഹദ് ഗ്രന്ഥങ്ങളൊന്നും നമുക്കില്ലാതെ പോയത്? മൂന്ന് സാധ്യതകളാണുള്ളത്. ഒന്നുകില്‍ നമ്മള് ചരിത്രമമത തെല്ലുമില്ലാത്തവരായതാവാം. രണ്ടാമത്തേത് അയ്യന്‍കാളി കേവലം പുലയരുടെ (ദലിതരുടെ പോലുമല്ല!) നേതാവായിരുന്നു എന്ന് ‘നമ്മള്’ തീരുമാനിച്ചതുമാവാം. അല്ളെങ്കില്‍ രണ്ടു കാരണവും ഒന്നുചേര്‍ന്നിരിക്കാം. ഇക്കാര്യത്തില്‍ ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടുള്‍പ്പടെയുള്ള ഇടതുപക്ഷക്കാര്‍ പുലര്‍ത്തിയ കുറ്റകരമായ അനാസ്ഥ മുമ്പിലുണ്ട്. അതെന്തായാലും അയ്യന്‍കാളിയുടെ ജീവചരിത്ര രചന തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് നല്ല സൂചനയാണ്.
150 വര്‍ഷം മുമ്പ് ജനിക്കുകയും 73 വര്‍ഷം മുമ്പ് മരിക്കുകയും ചെയ്ത അയ്യന്‍കാളിയെപ്പറ്റി ആദ്യമായി ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്ന പുസ്തകം ഇറങ്ങുന്നത് 35 വര്‍ഷം മുമ്പാണ് . ടി.എച്ച്.പി. ചെന്താരശ്ശേരി രചിച്ച ‘അയ്യന്‍കാളി’ ചിന്തയുടെ തലത്തില്‍ വിസ്ഫോടനമാണ് സാധ്യമാക്കിയത്. സാമൂഹ്യപരിഷ്കരണത്തിലും സാംസ്കാരിക നവോഥാനങ്ങളിലേക്കുമുള്ള മലയാളിയുടെ യാത്രകളെ അയ്യന്‍കാളി എത്രമേല്‍ ചലിപ്പിച്ചിരുന്നുവെന്ന് ചെന്താരശ്ശേരിയുടെ കൃതി ആദ്യമായി വ്യക്തമാക്കി. ദളിത് പക്ഷ ചര്‍ച്ചകളെയും ചെന്താരശ്ശേരി ത്വരിതമാക്കി.
ചെന്താരശ്ശേരിയുടെ ‘അയ്യന്‍കാളി’യുടെ അടിത്തറയില്‍ നിന്ന് അതിനെ ഗുണകരമായി വികസിപ്പിച്ചും കൂട്ടിചേര്‍ക്കലുകളും സാധ്യമാക്കി അയ്യന്‍കാളിയെക്കുറിച്ച് പുതിയ ജീവചരിത്രം പുറത്തിറങ്ങിയിരിക്കുന്നു. പത്രപ്രവര്‍ത്തകനും ഗവേഷകനും ദളിത് പക്ഷ ചിന്തകനുമായ കുന്നുകുഴി എസ്.മണിയും പി.എസ്. അനിരുദ്ധനും ചേര്‍ന്ന് രചിച്ച ‘മഹാത്മാ അയ്യന്‍കാളി’ ദളിത്\ജാതിവിരുധ പോരാട്ടങ്ങളിലെ അറിയാത്ത സമരമുഖങ്ങള്‍ അനാവരണം ചെയ്യുന്നു.
മുന്‍ ജീവചരിത്രങ്ങളില്‍ നിന്ന് പലതരത്തിലുളള രാഷ്ട്രീയ വിച്ഛേദനം കൂടി പുതിയ പുസ്തകം സാധ്യമാക്കുന്നുണ്ട്. മഹാത്മാ എന്ന പ്രയോഗം തന്നെയാണ് ഇതില്‍ സവിശേഷ ശ്രദ്ധ നല്‍കേണ്ടത്. പെരിനാട്ട് ലഹള എന്നവിശേഷണം ‘മഹാത്മ അയ്യന്‍കാളി’യില്‍ പെരിനാട് വിപ്ളവമാണ്. ഈ മാറ്റം ഗുണകരമായ കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടേണ്ടതും. പ്രത്യേകിച്ച് വാക്കുകള്‍ വരെ ജാതിയും വര്‍ഗവും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ അന്തരീക്ഷത്തില്‍.
അയ്യന്‍കാളിയുടെ മുമ്പ് പുറത്തിറങ്ങിയ ജീവചരിത്രഗ്രനഥങ്ങളിലെ ചരിത്രപരമായ വൈകല്യങ്ങളാണ് ഗ്രന്ഥം രചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പല രീതിയിലും ചരിത്രത്തെ ഗ്രന്ഥകര്‍ത്താക്കള്‍ പുതുക്കി എഴുതുന്നു.
‘നൂറ്റാണ്ടുകളില്‍ ഇവിടെ സംഭവിച്ചത്’ എന്നതുമുതല്‍ ‘യുഗപുരുഷന്‍െറ അന്ത്യം’ വരെ പതിനാറ് അധ്യായങ്ങളിലായാണ് അയ്യന്‍കാളിയുടെ ജീവിതകഥ പുസ്തകത്തില്‍ വിവരിക്കുന്നത്.ആദ്യത്തെ രണ്ട് അധ്യായങ്ങള്‍ അയ്യന്‍കാളിയെന്ന സാമൂഹ്യ പരിഷ്കര്‍ത്താവിനെ രൂപപ്പെടുത്തുന്ന സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ സാഹചര്യങ്ങള്‍ വിവരിക്കാനാണ് വിനിയോഗിക്കുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ ദളിതുകളുടെ ദുരന്തപൂര്‍ണമായ ജീവിതം വിദേശ മിഷനറിമാരും മറ്റ് ചരിത്ര രേഖകളും നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് ഈ ആധ്യായങ്ങളില്‍.
അയ്യന്‍കാളിയുടേതും അതിനൊപ്പിച്ച് വിവിധ തലങ്ങളില്‍ നടന്ന സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളും വിവരിക്കുന്നത് അക്കാലത്തെപ്പറ്റി സമഗ്ര ചിത്രം നല്കാന് പര്യാപ്തമാണ്. അയ്യന്‍കാളിയെപ്പറ്റി എഴുതുമ്പോള്‍ അത് കേവലം വ്യക്തിയുടെ ജീവചരിത്രമല്ല, മറിച്ച് സമൂഹചരിത്രമാകണം എന്ന വലിയ ഉത്തരവാദിത്വവും ചരിത്ര ദൗത്യവും പുസ്തകം നന്നായി നിറവേറ്റുന്നു.ആറാട്ടുപുഴ വേലായുധപണിക്കര്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ പോരാട്ടങ്ങള്‍ക്ക് മതിയായ പരിഗണനയും നല്‍കിയിട്ടുണ്ട്.
വിവര ശേഖരണത്തിനായി ഗ്രന്ഥകര്‍ത്താക്കള്‍ വളരെയേറെ അധ്വാനവും പരിശ്രമവും നടത്തിയിട്ടുണ്ടെന്ന് വ്യക്തം.അയ്യന്‍കാളിയുടെ പിന്‍തലമുറക്കാരുമായും അയ്യന്‍കാളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേശവന് റൈറ്ററുള്‍പ്പടെയുള്ള പലരെയും നേരിട്ട് കണ്ട് തിരക്കിയ വിവരങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. ഒരുവര്‍ഷത്തിലേറെ നീണ്ട അധ്വാനത്തിലൂടെയാണ് പുസ്തക രചന പൂര്‍ത്തിയായതെന്ന് രചയിതാക്കള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
അയ്യന്‍കാളി നടത്തിയ വില്ലുവണ്ടി വിപ്ളവം, പള്ളിക്കൂട സ്ഥാപനം, ഊരുട്ടമ്പലം സ്കൂള്‍ പ്രവേശ പ്രക്ഷോഭം, പെരിനാട് വിപ്ളവം, പ്രജാസഭയിലെ ഒറ്റയാള്‍ പോരാട്ടം എന്നിവ ജീവചരിത്രത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നു. വായനയെ പിടിച്ചുനിര്‍ത്തുകയും അല്പം ഉദ്വേഗം ജനിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ലളിതമാണ് രചന.
പുസ്തകം നമ്മുടെ ചരിത്രധാരണകളെ പല രീതിയിലും കശക്കി വിടുന്നുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ദലിത് വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തിയിരുന്നു എന്ന പില്കാല വായനയോട് കൂട്ടിവായിക്കേണ്ട ചില വിവരങ്ങള്‍ ‘അറിവിനു വേണ്ടി ആദ്യ പോരാട്ടം നടത്തിയ ജനത’ എന്ന എട്ടാം അധ്യായത്തിലുണ്ട്. ഈഴവകുട്ടികള്‍ക്ക് പ്രവേശം അനുവദിച്ച സ്കൂളുകളില്‍ പുലയക്കുട്ടികളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ 1910 മാര്‍ച്ച് രണ്ടിനിറങ്ങിയ സ്വദേശാഭിമാനി കുതിരയെയും പോത്തിനെയും ഒരേ നുകത്തില്‍ കെട്ടുന്നു എന്നാണ് ആക്ഷേപിച്ചത്. പിന്നീട് നാടുകടത്തപ്പെട്ട് മദ്രാസില്‍ കഴിയുന്ന വേളയില്‍ അതേ രാമകൃഷ്ണപിള്ളയോട് സഹായമഭ്യര്‍ഥിച്ച് അയ്യന്‍കാളി കത്തെഴുതിയിരുന്നോ? അങ്ങനെ സമര്‍ഥിക്കുന്ന കത്ത് 1911 സെപ്റ്റംബറില്‍ ‘ലക്ഷ്മി വിലാസം’ മാസികയില്‍ രാമകൃഷ്ണപിള്ളയുടെ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്നു. ‘ബോംബെയിലോ മദ്രാസിലോ എവിടെയെങ്കിലും സാധുക്കള്‍ക്ക് വിദ്യാഭ്യാസം ദാനമായി കൊടുക്കാന്‍ ധര്മിഷ്ഠന്മാര് ഏര്‍പ്പെടുത്തിയ സ്ഥാപനങ്ങളില്‍ പുലയവര്‍ഗത്തില്‍പെട്ട രണ്ട് കുട്ടികളെ ചേര്‍ത്ത് പഠിപ്പിക്കാന്‍’ സഹായം അഭ്യര്‍ഥിക്കുന്നതാണ് കത്ത്. അതിനുള്ള മറുപടിയില്‍ രാമകൃഷ്ണപിള്ള ദളിത് അനുകൂല നിലപാടാണ് എടുക്കുന്നത്. എന്നാല്‍, ഈ കത്ത് വ്യാജമായി സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥകര്‍ത്താക്കളുടെ വാദം. ഇനിയും പരിശോധനയും ഗവേഷണത്തിനും സാധ്യതകള്‍ തുറന്നിട്ട് ആ കത്ത് പൂര്‍ണമായി പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘പുലയര്‍ മഹാസഭയുടെ ആവിര്‍ഭാവം’ എന്ന പതിനഞ്ചാം അധ്യായം സവിശേഷത വായനയും ശ്രദ്ധയും ആവശ്യപ്പെടുന്നു. അയ്യന്‍കാളി രൂപംകൊടുത്ത സാധുജനപരിപാലന സംഘത്തിന് സംഭവിച്ച പതനം ഈ അധ്യായത്തില്‍ വിശദമായി വിവരിക്കുന്നു. പാമ്പാടി ജോണ്‍ജോസഫ് എന്തിന്, ചേരമര്‍ സംഘം രൂപീകരിച്ചു, അതെങ്ങനെ സാധുജനപരിപാലന സംഘത്തെ ഉലച്ചു എന്നും പിന്നീട് ചേരമര്‍ സംഘത്തിന് എന്തുസംഭിച്ചുവെന്നും ആധികാരികമായി പുസ്തകം പറഞ്ഞുവയ്ക്കുന്നു. ഒപ്പമുണ്ടായിരുന്ന പലരും ചേര്‍ന്ന് പിന്നീട് പുലയര്‍ മഹാസഭ രൂപീകരിക്കുമ്പോള്‍ അതിനെ അയ്യങ്കാളി അംഗീകരിച്ചിരുന്നില്ല. എല്ലാ വിഭാഗം അയിത്ത ജാതികള്‍ക്കുംവേണ്ടിയാണ് 1907 ല്‍ സാധുജനപരിപാലന സംഘ രൂപീകരിച്ചതെന്നും അതില്‍ നിന്ന് വേറിട്ടൊരു സംഘടന രൂപീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ളെന്നും മരുമകന് ടി.ടി. കേശവന് ശാസ്ത്രികളോട് അയ്യന്‍കാളി പറഞ്ഞിരുന്നതായും പുസ്തകം വ്യക്തമാക്കുന്നു. ദളിത് പക്ഷ നിലപാടുകളില്‍ അയ്യങ്കാളി പുലര്‍ത്തുന്ന ഉയര്‍ന്ന വീക്ഷണം പലരും ഉള്‍ക്കൊള്ളാതെ പോയി എന്ന് നമ്മെ പുസ്തകം ഓര്‍മിപ്പിക്കുന്നു.
‘ഒരു കാലത്ത് അടിമത്തിന്‍െറ നുകം പേറിയ അവര്‍ണ്ണര്‍ക്ക്’ സമര്‍പ്പിച്ചിരിക്കുന്ന പുസ്തകത്തിന്‍െറ അവതാരിക എഴുതിയിരിക്കുന്നത് കേരള സര്‍വകലാശാല ചരിത്രവിഭാഗം പ്രൊഫസറായിരുന്ന ഡോ.ടി.പി. ശങ്കരന്‍കുട്ടി നായരാണ്. അവസാന നാല് പേജുകളില്‍ അപൂര്‍വ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
അയ്യന്‍കാളി എന്ന വലിയ വ്യക്തിത്വത്തെ സമഗ്രമായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ കുതിച്ചുചാട്ടമാണ് ‘മഹാത്മാ അയ്യന്‍കാളി’. മഹാത്മാവിന്‍െറ ജീവിതത്തിലേക്ക് പിന്നാലെ വരുന്നവര്‍ക്ക് ചവിട്ടി മുന്നേറാനുള്ള നല്ല പടവ്.ഒപ്പം ദളിത് -ജാതിവിരുധ മുന്നേറ്റങ്ങള്‍ക്ക് മുതല്‍കൂട്ട്. സമൂഹപുരോഗതി ആഗ്രഹിക്കുന്ന ഓരോ മലയാളിയും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്നാണ് ഇത്.

മഹാത്മാ അയ്യന്‍കാളി
(ജീവചരിത്രം)
കുന്നുകുഴി എസ്.മണി, പി.എസ്. അനിരുദ്ധന്
ഡി.സി.ബുക്സ്, പേജ് 180
വില: 120 രൂപ
മാധ്യമം വാരാദ്യപ്പതിപ്പ്
2014 jan 26
No comments:
Post a Comment