Saturday, May 3, 2014

മിന്നല്‍ ചാരുതയില്‍ ഒരു ആത്മകഥനം

ആര്‍.കെ. ബിജുരാജ്

കാലുകളില്‍ ചിറകുകള്‍ തുന്നിച്ചേര്‍ത്ത് മിന്നല്‍വേഗത്തില്‍ പായുന്ന കറുത്തകുതിരയാണ് ഉസൈന്‍ ബോള്‍ട്ട്. ഭൂമിയില്‍ ഏറ്റവും വേഗതയുള്ള മനുഷ്യന്‍. എളുപ്പം ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ലോക റെക്കോഡുകള്‍ സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തയാള്‍. ബെയ്ജിങ്,  ലണ്ടന്‍ ഒളിമ്പിക്സുകളില്‍ 100, 200, 4x100 മീറ്റര്‍ റിലേ മത്സരങ്ങളിലായി ആറു സ്വര്‍ണമെഡലുകള്‍ നേടിയ അജയ്യന്‍.‘ലൈറ്റ്നിങ് ബോള്‍ട്ടി’ന്‍െറ  മോഹിപ്പിക്കുന്ന ജീവിത വിജയമാണ് ‘ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്’ എന്ന ആത്മകഥ.
2009 ഏപ്രില്‍ 29ന് ജമൈക്കയിലെ വിനിയാര്‍ഡ് ടോളില്‍ ‘ഹൈവേ 2000’ത്തില്‍ നടക്കുന്ന ഒരു വാഹനാപകടത്തില്‍ നിന്നാണ് ബോള്‍ട്ട് തന്‍െറ കഥ പറഞ്ഞു തുടങ്ങുന്നത്. അതിവേഗം പാഞ്ഞ ബി.എം.ഡബ്ള്യൂ എം3 റോഡില്‍ തലകുത്തനെ മറിഞ്ഞുതകരുന്നു. കാലില്‍ മുറിവുമായി പുറത്തിറങ്ങുന്ന ബോള്‍ട്ട് തിരിച്ചറിയുന്നു- ദൈവം തന്നെ ഈ ഭൂമിയിലേക്ക് നിയോഗിച്ചിരിക്കുന്നത് ഓടാനാണെന്ന്.
27 വയസ്സുകാരനായ ബോള്‍ട്ടിന്‍െറ ജീവിതം തുടങ്ങുന്നത് ജമൈക്കയിലെ ട്രെലവനി എന്ന ചെറുപട്ടണത്തില്‍ കോക്സത്തെ് എന്ന ഗ്രാമത്തിലാണ്. ജമൈക്കന്‍ സവിശേഷതകള്‍ നിറഞ്ഞ ഒരു സാധാരണ കുടുംബം. പലചരക്ക് കടക്കാരനായ അച്ഛന്‍ വാടകക്കെടുത്ത ഒറ്റനില വീട്ടിലാണ് ജീവിതം. തിരക്കൊട്ടുമില്ലാത്ത പ്രദേശം. കര്‍ഷരുടെ നാട്. വല്ലപ്പോഴും വരുന്ന വാഹനങ്ങള്‍. തെരുവുകളില്‍ നിറയെ കളിയും ചിരിയും.  ഗ്രാമത്തില്‍ പട്ടിണിയുണ്ടായിരുന്നില്ല. അവിടെ സമൃദ്ധമായി വളര്‍ന്നിരുന്ന പഴം-പച്ചക്കറികള്‍ കഴിച്ച് സമ്പന്നമല്ളെങ്കിലും അല്ലലില്ലാത്ത ജീവിതം. ബോള്‍ട്ടിന്‍െറ ബാല്യകാല സ്മരണയില്‍ ഗ്രാമം ഇങ്ങനെ പച്ചച്ച് നിറയുന്നു.
മറ്റൊരിടത്ത് ജീവിതത്തെപ്പറ്റി ഇങ്ങനെ പറയുന്നു: ‘എനിക്ക് സാദിഖി എന്ന ഇളയ സഹോദരനും ക്രിസ്റ്റിന എന്ന മൂത്ത ചേച്ചിയുമുണ്ട്. ഞങ്ങളെല്ലാം വ്യത്യസ്ത അമ്മമാര്‍ക്ക് ജനിച്ചവരായിരുന്നു. കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അമ്പരപ്പ് തോന്നാം. പക്ഷേ, ഇതായിരുന്നു ജമൈക്കയിലെ കുടുംബജീവിതം. അച്ഛന് വേറെയും രണ്ടുമക്കളുണ്ടായിരുന്നു. അമ്മയും അച്ഛനും വിവാഹിതരാകുന്നത് എനിക്ക് 12 വയസ്സുള്ളപ്പോഴാണ്’.  ബോള്‍ട്ട് ഈ ആത്മകഥനത്തില്‍ വരച്ചിടുന്നത് മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത, നെറ്റിയില്‍ ചുളിവുവീഴ്ത്തുന്ന ആഫ്രിക്കന്‍ ജീവിത സമസ്യകളാണ്. ക്രിസ്ത്യന്‍ വിശ്വാസവും (അമ്മ സെവന്‍ത് ഡേ അഡ്വവെന്‍റിസ്റ്റ് വിശ്വാസി) അച്ഛന്‍െറ സന്‍മാര്‍ഗ ബോധനവും ബോള്‍ട്ടിനെ രൂപപ്പെടുത്തുന്നു.
തെരുവില്‍ ക്രിക്കറ്റും ഫുട്ബാളും കളിച്ചുല്ലസിക്കുന്നതാണ് ബോള്‍ട്ടിന്‍െറ കുട്ടിക്കാലം. ക്രിക്കറ്റില്‍ റണ്ണെടുക്കാനുള്ള  വേഗം തിരിച്ചറിഞ്ഞ വാല്‍ഡെന്‍ഷ്യ പ്രാഥമിക സ്കൂളിലെ അധ്യാപകനാണ് ബോള്‍ട്ടിനെ ഓട്ടത്തിലേക്ക് തിരിച്ചുവിടുന്നത്. വില്യം ക്നിബ് സ്മാരക ഹൈസ്കൂളിലത്തെുമ്പോള്‍ ബോള്‍ട്ട് മികച്ച അത്ലറ്റായി മാറുന്നു. ഉത്സവം പോലെ, ഗ്രാമം മൊത്തം സാക്ഷിയാകുന്ന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിക്കുന്നതോടെ ബോള്‍ട്ട് താരമാകുന്നു. സ്പോര്‍ട്സിനെ നെഞ്ചിലേറ്റുന്ന ജമൈക്കക്കാര്‍ക്ക് അര്‍ഹിച്ച പ്രതിഭ. ലോകവേദിയില്‍ 2001ലാണ് ബോള്‍ട്ട് ആദ്യമായി മത്സരിക്കുന്നത്. ഐ.എ.എ.എഫ് ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍. 200 മീറ്ററില്‍ ഫൈനലില്‍ ഇടംകിട്ടാതെ പുറത്ത്. പക്ഷേ, മനസ്സില്‍ തീ കത്തുന്നു. ജയിക്കുക എന്ന ചിന്തമാത്രം മനസ്സില്‍ നിറക്കുന്നു. ഏകാന്തതകളില്‍ സ്വപ്നത്തിനും വാശിക്കും അയാള്‍ ബൂട്ട് കെട്ടുന്നു. വിജയിക്കുന്നു. ഓരോ പരാജയത്തില്‍നിന്നും ബോള്‍ട്ട്  പഠിച്ചുകൊണ്ടേയിരിക്കുന്നു. 2011ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മോശം തുടക്കത്തിന് പുറത്താകുമ്പോള്‍ ആയാള്‍ വേദനിച്ച് ക്ഷോഭിക്കുന്നു. പിന്നീടൊരിക്കലും തെറ്റാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.
 15 വയസ്സുള്ളപ്പോള്‍ കിങ്സ്റ്റണില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നതോടെ ലോകത്തിന്‍െറ ശ്രദ്ധ ബോള്‍ട്ട് എന്നെന്നേക്കുമായി  ഉറപ്പാക്കി. 2002 ല്‍ ഐ.എ.എ.എഫിന്‍െറ മികച്ച ഭാവി താരം എന്ന ബഹുമതി. ബോള്‍ട്ടിന്‍െറ നേട്ടങ്ങളെല്ലാം തുടങ്ങുന്നത്, സുഹൃത്തിനെപ്പോലെ ഒപ്പം നില്‍ക്കുകയും അച്ഛനെപ്പോലെ ശാസിക്കുകയും ചെയ്യുന്ന ഗ്ളെന്‍ മില്‍സിനെ കോച്ചായി കിട്ടുന്നതോടെയാണ്. തന്‍െറ രണ്ടാനച്ഛന്‍ എന്ന് വിശേഷിപ്പിക്കുന്ന ഗുരുവുമായുള്ള ബന്ധം ബോള്‍ട്ട് വിശേഷിപ്പിക്കുന്ന നൂറുനാവുകൊണ്ട്. ഏതൊരു കായികതാരവും കൊതിക്കും  ഗ്ളെന്‍ മില്‍സിനെ കോച്ചായി കിട്ടാന്‍. ആത്മസമര്‍പ്പണത്തോടെയുള്ള കഠിനപ്രയ്തനം തന്നെയാണ് ബോള്‍ട്ടിന്‍െറ വിജയരഹസ്യം. പത്തോ ഇരുപതോ സെക്കന്‍ഡ് നീളുന്ന മത്സരത്തിനായി വര്‍ഷങ്ങളോളം അയാള്‍ പരിശ്രമിക്കുന്നു. ഇഷ്ടഭക്ഷണം ഒഴിവാക്കുന്നു. പ്രിയമുള്ള ആഘോഷ പാര്‍ട്ടികളും നൃത്തവും വേദനയോടെ വര്‍ജിക്കുന്നു.
മത്സരം കടുപ്പമുള്ളതാകുമ്പോള്‍ വിജയംതന്നെ വേണമയാള്‍ക്ക്. പിന്നിലാവാന്‍ ഇഷ്ടപ്പെടുന്നേയില്ല.  ഓരോ വിജയത്തിനുശേഷവും ചടുലവേഗത്തില്‍ ബോള്‍ട്ട് നമുക്ക് മുന്നില്‍ ആകാശത്തേക്ക് അസ്ത്രം തൊടുത്തുവിടും പോലെ കൈകള്‍ ചലിപ്പിച്ച് ആഹ്ളാദഭേരി മുഴക്കുന്നു. കളിക്കളത്തില്‍ ബോള്‍ട്ട് മാന്യത പുലര്‍ത്തുന്നു. എതിരാളിയാണെങ്കിലും,സമയമറിയാതെ മയങ്ങിപ്പോവുന്ന അസഫ പവലിനെ വിളിച്ചുണര്‍ത്തി മത്സരിപ്പിക്കുന്ന രീതിയില്‍ ഉയര്‍ന്ന മാന്യത പുലര്‍ത്തുന്നു. തിരിച്ചടികള്‍ ധാരാളമുണ്ടായി. എങ്കിലും പോരാടുന്നു. ശരീരം തുളച്ചുകയറുന്ന വേദന സമ്മാനിച്ച സ്കോളിയോസിസിനെ  വിദഗ്ധ ഡോക്ടറുടെ പരിചരണത്തില്‍ കഠിന പരിശ്രമത്തിലൂടെയാണ് ബോള്‍ട്ട് മറികടക്കുന്നത്.
ചെറിയ പരിഹാസംപോലും  ബോള്‍ട്ടിന്‍െറ മനസ്സില്‍ കനല്‍കോരിയിടുന്നു.  മനസ്സില്‍ ഉടലെടുക്കുന്ന തീ അയാള്‍ ആഞ്ഞ് കത്തിക്കുന്നു. അടുത്ത മത്സരത്തില്‍ പരിഹസിച്ചയാളെ തോല്‍പിക്കും വരെ ആ തീ ബോള്‍ട്ട് കൊണ്ടുനടക്കുന്നു. ഒരു മത്സരത്തില്‍ തന്നെ തോല്‍പിക്കുന്ന യോഹാന്‍ ബ്ളേക് വിജയാഹ്ളാദത്തില്‍ ചുണ്ടില്‍ കൈവെച്ച് മിണ്ടരുത് എന്ന് ആംഗ്യം കാട്ടുന്നത് ബോള്‍ട്ടിനെ മുറിപ്പെടുത്തുന്നു. അടുത്ത മത്സരത്തില്‍ ബ്ളേക്കിനെ പിന്നിലാക്കും വരെ വാശി മനസ്സില്‍. അതിനേക്കാള്‍ ബ്ളേക്കിനോടുള്ള ഇഷ്ടവും  ബോള്‍ട്ട് സൂക്ഷിക്കുന്നു.
ജസ്റ്റിന്‍ ഗാറ്റ്ലിന്‍ ഉള്‍പ്പെടെയുള്ള പല ലോകതാരങ്ങളുടെയും മികവും അല്‍പത്തവും ആത്മകഥയില്‍ ബോള്‍ട്ട് വിവരിക്കുന്നുണ്ട്. സ്പോര്‍ട്സ് താരത്തിന്‍െറ ജീവിതം സുഖകരമായ ആഘോഷമല്ളെന്നും ബോള്‍ട്ട്. ഏത് നിമിഷവും കടന്നുവരാവുന്ന മൂത്ര പരിശോധകരെ പേടിച്ച് ഭക്ഷണത്തിലും മരുന്നിലും വരെ നിയന്ത്രണം പാലിച്ച് ജീവിക്കേണ്ട അവസ്ഥ. സ്വകാര്യതകള്‍ നഷ്ടപ്പെടുന്ന ജീവിത നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ ബോള്‍ട്ടിന്‍െറ അസ്വാതന്ത്ര്യം നമ്മള്‍ അറിയുന്നു.
മാറ്റ് അലനൊപ്പം ചേര്‍ന്നാണ് ആത്മകഥ എഴുതിയിരിക്കുന്നത്. സെലിബ്രിറ്റി പദവിയെ പുസ്തകവിപണനത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുക എന്ന പതിവ് പ്രസാധക ലക്ഷ്യം തന്നെയാണ് ‘ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്ങി’നുമുള്ളത്. മോഹിപ്പിക്കുന്ന അനുഭവങ്ങളോ ജീവിതത്തിന്‍െറ പ്രതിസന്ധികളിലൂടെ പോരാടി വിജയിച്ചതിന്‍െറ അനുഭവക്കടലോ ഒന്നും പുസ്തകത്തിലില്ല. എന്നാല്‍, ഇത് മികച്ചതാകുന്നത് ഒരു ഓട്ടമത്സരത്തിന്‍െറ ചടുലതയും രസവും ആത്മകഥ നല്‍കുന്നു എന്നിടത്താണ്. ബെയ്ജിങ്ങിലും ലണ്ടന്‍ ഒളിമ്പിക്സിലും 100 മീറ്ററില്‍ ബോള്‍ട്ട് ഓടാനൊരുങ്ങുമ്പോള്‍ നമ്മളും അദ്ദേഹത്തിനൊപ്പം മത്സരത്തിന്‍െറ ചൂടും ആകാംക്ഷയും പ്രതീക്ഷയുമെല്ലാം ഏറ്റി ഒപ്പം നില്‍ക്കുന്നു. മത്സരത്തിന്‍െറ പുകച്ചിലും പിടച്ചിലും നമ്മളും അറിയുന്നു. പിന്നെ നമ്മളും ബോള്‍ട്ടിനൊപ്പം  ഓടുന്നു, ജയിക്കുന്നു. ഇങ്ങനെ ആത്കഥ തുടക്കം മുതല്‍ ഒടുക്കം വരെ നമ്മളെയും വഹിച്ച് അതിവേഗം സുന്ദരമായി പായുന്നു.
ആത്മകഥ ബോള്‍ട്ടിന്‍െറ എല്ലാ വശങ്ങളും വെളിപ്പെടുത്തുന്നില്ല. സ്ത്രീ കഥാപാത്രങ്ങളെപ്പറ്റി ഒന്നുംതന്നെ പറയുന്നില്ല. ഒരു പെണ്‍കുട്ടിക്കൊപ്പം പ്രണയച്ചുറ്റിക്കറങ്ങലുകള്‍ നടത്തിയെന്ന് പറയുന്നെങ്കിലും കൂടുതലൊന്നും പുസ്തകത്തില്‍ ലഭ്യമല്ല. കാര്‍ അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികളെപ്പറ്റി പോലും വിവരണമില്ല. ഒരുപക്ഷേ, ബോധപൂര്‍വമായിരിക്കും ഈ ശ്രമം. താന്‍ മര്യാദരാമനല്ളെന്ന് വായനക്കാരനെ ബോധ്യപ്പെടുത്താനുള്ള ശ്രമമാവാം. അല്ളെങ്കില്‍ വരികള്‍ക്കിടയില്‍നിന്ന് ചില വായനകള്‍ നിങ്ങള്‍ നടത്തുമെന്നു പറയുന്നതുമാവും. റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. അത്  നാളെ തകര്‍ക്കപ്പെടുകതന്നെ ചെയ്യും. ബോള്‍ട്ടിന്‍െറ റെക്കോഡുകളെ പഴങ്കഥയാക്കുന്ന മറ്റൊരാള്‍ വരേണ്ടിയിരിക്കുന്നു. ആ തകര്‍ക്കുന്നയാളും ബോള്‍ട്ടില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു എന്നതാണ് വാസ്തവം. വേണ്ട, ഓരോ അത്ലറ്റും ഓരോ കായികതാരവും ബോള്‍ട്ടില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. കായികരംഗത്തിന് പുറത്തുനില്‍ക്കുന്ന ഓരോ വ്യക്തിക്കും ചില നല്ലപാഠങ്ങള്‍ ആത്മകഥയില്‍ ബോള്‍ട്ട് നല്‍കുന്നുണ്ട്. ഈ ആത്മകഥാ വായന ഊര്‍ജവും ഉന്മേഷവും പകരും. ഒരുവിധത്തിലും പാഴാക്കില്ല  നമ്മുടെ സമയം; ജീവിതവും.


2014 march 9 sunday, Varadya Madhyamam

ഫാസ്റ്റര്‍ ദാന്‍ ലൈറ്റ്നിങ്
ഉസൈന്‍ ബോള്‍ട്ട്
വില:399, പേജ്: 291,
ഹാര്‍പര്‍സ്പോര്‍ട്
No comments:

Post a Comment