"കഥ പറയാനായി ജീവിതം' എന്ന മാര്‍ക്കേസിന്‍െറ ആത്മകഥയിലെ ചില ഭാഗങ്ങളാണിത്. അരക്കാറ്റക്കയിലെ വീട് വില്‍ക്കാനായി അമ്മയ്ക്കൊപ്പമുള്ള മാര്‍ക്കേസിന്‍െറ ഈ യാത്രയില്‍ നമ്മള്‍ "എകാന്തതയുടെ നൂറുവര്‍ഷ'ങ്ങളിലും "കോളറക്കാലത്തെ പ്രണയ'ത്തിലുള്‍പ്പടെയുള്ള ചില കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളും കണ്ടുമുട്ടുന്നു. ഒപ്പം എഴുത്തുകാരനാകാന്‍ തീവ്രമായി മോഹിക്കുന്ന, അതിനായി മനസും ശരീരവുമര്‍പ്പിച്ച് ജീവിക്കുന്ന യുവാവായ മാര്‍ക്കേസിനെയും അറിയുന്നു
ആത്മകഥയില്‍നിന്ന്

അരക്കാറ്റക്കയിലേക്ക്അമ്മയ്ക്കൊപ്പം
ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ്
വീടു വില്‍ക്കാനായി ഒപ്പം ചെല്ലാന്‍ അമ്മ എന്നോട് ആവശ്യപ്പെട്ടു. കുടുംബം താമസിച്ച വിദൂര പട്ടണത്തില്‍ നിന്ന് അന്ന് രാവിലെ എത്തിയതാണ് അമ്മ. എന്നെ എങ്ങനെ കണ്ടുപിടിക്കുമെന്ന് ഒരു ധാരണയും അമ്മയ്ക്കുണ്ടായിരുന്നില്ല. അവിടെഎന്നെ പരിചയമുള്ള ആരൊടൊക്കേയോ ചോദിച്ചു. അവര്‍, എഴുത്തുകാരായ സുഹൃത്തുക്കളോട് സംസാരിക്കാന്‍ ഞാന്‍ ദിവസത്തില്‍ രണ്ടുതവണ സന്ദര്‍ശിക്കാറുള്ള ലിബെറിയ മുണ്ടോയിലോ സമീപത്തെ കഫേകളിലോ നോക്കാന്‍ പറഞ്ഞു. ഇത് പറഞ്ഞ ആള്‍ അമ്മക്ക് മുന്നറിയിപ്പ് നല്‍കി: "ശ്രദ്ധിക്കണം, കാരണം അവരെല്ലാം പിടുത്തംവിട്ടവരാണ്'. അമ്മ കൃത്യം പന്ത്രണ്ട് മണിക്ക് എത്തി. പുസ്തകം പ്രദര്‍ശിപ്പിച്ചിരിക്കുന്ന മേശകള്‍ക്കിടയിലൂടെ വഴികണ്ടത്തെി പതിഞ്ഞ ചുവടുകളില്‍, മുന്നില്‍ വന്നുനിന്ന്, കണ്ണുകളിലേക്ക് നോക്കി, എനിക്ക് എന്തെങ്കിലും പ്രതികരിക്കാനാവും മുമ്പ് തന്‍െറ നല്ല ദിനങ്ങളിലെ കുസൃതിചിരിയോടെ പറഞ്ഞു:
"ഞാന്‍ നിന്‍െറ അമ്മയാണ്'.
അമ്മയില്‍ വന്ന മാറ്റങ്ങളാണ് ആദ്യ നോട്ടത്തില്‍ തിരിച്ചറിയാതെ പോയതിന് കാരണം. അവര്‍ക്ക് നാല്‍പത്തഞ്ച് വയസുണ്ട്. പതിനൊന്ന് പ്രസവങ്ങള്‍ക്കായി ഗര്‍ഭിണിയായി ഏതാണ്ട് പത്ത് വര്‍ഷവും പിന്നെ മക്കളെ പരിചരിക്കാനായി കുറഞ്ഞത് മറ്റൊരു പത്ത്വര്‍ഷവും അമ്മ ചെലവിട്ടിരുന്നു. അതിനാല്‍ പ്രായമാകുന്നതിനുമുമ്പേ നര വീണു. കട്ടിക്കണ്ണടകള്‍ക്ക് പിന്നിലെ കണ്ണുകള്‍ വിടര്‍ന്നിരുന്നെങ്കിലും, കൂടുതലായി പരിഭ്രമം നിറഞ്ഞിരുന്നു. തന്‍െറ അമ്മയുടെ മരണം മൂലം ദു:ഖാചരണത്തിന്‍േറതായ കര്‍ശന, ഇരുണ്ട വേഷങ്ങളാണ് അണിഞ്ഞിരുന്നതെങ്കിലും ഇപ്പോഴും അമ്മ തന്‍െറ വിവാഹചിത്രത്തിലേതുപോലെ തന്നെ റോമന്‍ സൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്നു. അതിനാകട്ടെ ശരത്കാല കാറ്റ് കൂടുതല്‍ മികവ് നല്‍കി. മറ്റെന്തിനും മുമ്പ്, എന്നെ സ്നേഹാലിംഗനം ചെയ്യുന്നതിനുപോലും മുമ്പ് അമ്മ തന്‍െറ പതിവ് ഉപചാരരീതില്‍ പറഞ്ഞു.:
" ഞാന്‍ വന്നത് വീടുവില്‍ക്കാന്‍ ദയവായി നീ ഒപ്പം വരണമെന്ന് ആവശ്യപ്പെടാനാണ്'
അതേത് വീടെന്ന്, എവിടെയന്ന് അമ്മ എന്നോട് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല.കാരണം ഞങ്ങളെ സംബന്ധിച്ച് ലോകത്ത് അത്തരം ഒന്നേ ശേഷിച്ചിരുന്നുള്ളു: എനിക്ക് ജനിക്കാന്‍ നല്ല ഭാഗ്യമുണ്ടായ, എട്ടുവയസിന്് ശേഷം ഒരിക്കല്‍ പോലും താമസിച്ചിട്ടില്ലാത്ത, അരക്കാറ്റക്കയിലെ കാരണവന്‍മാരുടെ പഴയ വീട്. ഞാന്‍ ആറു സെമസ്റ്ററുകള്‍ക്ക് ശേഷം നിയമപഠനം ആയിടെ ഉപേക്ഷിച്ച്, കൈയില്‍ കിട്ടുന്ന എന്തും വായിക്കാനി പൂര്‍ണമായി സമര്‍പ്പിച്ചും സ്പാനിഷ് സുവര്‍ണയുഗത്തിലെ ഇനി ഒരിക്കലും സാധ്യമാകാത്ത കവിതകള്‍ മന:പാഠമുരുവിട്ടും കഴിയുകയായിരുന്നു. ഒരു നോവലിസ്റ്റിന്‍െറ ക്രാഫ്റ്റ് പഠിക്കാന്‍ ആവശ്യമാണ് എന്നു തോന്നിയ വിവര്‍ത്തങ്ങളും കടംവാങ്ങിയ പുസ്തകങ്ങളുമുള്‍പ്പടെ എല്ലാം വായിച്ചു തീര്‍ത്തിരുന്നു. വര്‍ത്തമാന പത്രങ്ങളുടെ സപ്ളിമെന്‍റുകളില്‍ ആറു കഥകള്‍ പ്രസിദ്ധീകരിക്കുകയും സൃഹുത്തുക്കളുടെ അഭിനന്ദനവും ചില വിമര്‍ശകരുടെ ശ്രദ്ധയും നേടിയിരുന്നു. അടുത്തമാസം എനിക്ക് 23 തികയും. സൈനിക സേവന പ്രായം കടക്കുകയും ഗൊണോറിയക്കെതിരെയുള്ള രണ്ടു പോരാട്ടങ്ങളില്‍ വിജയിയാവുകയും ചെയ്തിരുന്നു. ഏറ്റവും അപരിഷ്കൃതമായ പുകയിലകൊണ്ടുണ്ടാക്കിയ അറുപത് സിഗരറ്റുകള്‍ ഒരു മുന്‍ധാരണയുമില്ലാതെ ഒരോ ദിവസവും വലിച്ചു കൂട്ടിയിരുന്നു. ഒഴിവു വേളകള്‍ ബാറന്‍ക്വില്ലയ്ക്കും കൊളംബിയയുടെ കരീബിയന്‍ തീരമായ കാര്‍ടാജെന ഡി ഇന്ത്യക്ക് മിടയില്‍ ഞാന്‍ വിഭജിച്ചിരുന്നു. എല്‍ ഹെറാള്‍ഡോ വര്‍ത്തമാന പത്രത്തില്‍ ദിവസം എഴുതുന്ന അഭിപ്രായ കുറിപ്പുകള്‍ക്ക് ലഭിക്കുന്ന, ഒന്നിനും തികയാത്ത തുകകൊണ്ട് രാജാവായി ജീവിക്കുകയായിരുന്നു അക്കാലത്ത് ഞാന്‍. എവിടെയായിരുന്നെങ്കിലും സാധ്യമാകുന്ന ഏറ്റവും നല്ല കൂട്ടിനൊപ്പമായിരുന്നു ഉറക്കം. അഭിലാഷങ്ങളുടെ അനിശ്ചിതത്വവും ജീവിത ദുരിതങ്ങളും, അത്രയേറെ ഇല്ലാതിരുന്നതിനാല്‍, ഞാനും ഉറ്റ സൃഹൃത്തുക്കളും, കഴിഞ്ഞ മൂന്നുവര്‍ഷമായി അല്‍ഫോണ്‍സോ ഫുയെന്‍മേയര്‍ ആസൂത്രണം ചെയ്യുന്ന ഒരു ധീര മാഗസിന്‍ കൈയില്‍ പണമൊന്നുമില്ലാതെ പ്രസിദ്ധീകരിക്കാന്‍ തയാറെടുക്കുകയായിരുന്നു.
അഭിരുചിയേക്കാള്‍, ദാരിദ്ര്യം മൂലം ഇരുപതുവയസുകളിലെ രീതിയെന്താവണമെന്ന് നിശ്ചയമുണ്ടായിരുന്നു: വെട്ടിയൊതുക്കാത്ത താടി, മുറിക്കാത്ത മുടി, ജീന്‍സ്, പൂക്കളുള്ള ഷര്‍ട്ടുകള്‍, തീര്‍ഥാടക ചെരുപ്പുകള്‍. ഒരു ഇരുണ്ട സിനിമാ തീയറ്ററില്‍ വച്ച് ഞാന്‍ അടുത്തുള്ളതറിയാതെ ഒരു പെണ്‍കുട്ടി ആരോടോ പറയുന്നുകേട്ടു: "പാവം ഗാബിറ്റോ ഒരു പോക്ക് കേസാണ്'. അതിനര്‍ഥം, അമ്മ വന്ന് വീടുവില്‍ക്കാനായി ഒപ്പം ചെല്ലാന്‍ ആവശ്യപ്പെടുമ്പോള്‍, ഞാന്‍ വരാം എന്നല്ലാതെ മറുത്തു പറയാവുന്ന ഒന്നും എനിക്കുണ്ടായിരുന്നില്ല. തന്‍െറ കൈയില്‍ മതിയായ പണമില്ളെന്ന് അമ്മ പറഞ്ഞപ്പോള്‍, അഭിമാനം വിട്ടുകൊടുക്കാനാവതെ എന്‍െറ ചിലവുകള്‍ ഞാന്‍ തന്നെ വഹിച്ചോളാമെന്ന് പറഞ്ഞു.
ജോലിയെടുത്തിരുന്ന വര്‍ത്തമാനമത്രത്തില്‍ നിന്ന് ഈ പണം കണ്ടത്തെുക അസാധ്യമായിരുന്നു. അവര്‍ ദിവസവുമെഴുതുന്ന കുറിപ്പിന് മൂന്ന് പെസോയാണ് നല്‍കിയിരുന്നത്. സ്റ്റാഫ് ലേഖകന്‍ ഇല്ലാത്തപ്പോള്‍ മാത്രം എഴുതുന്ന മുഖപ്രസംഗത്തിന് നാല് പെസോയും. അതുകൊണ്ട് ജീവിച്ചുപോകാമെന്നേയുള്ളൂ. ഞാന്‍ പണം കടം മേടിക്കാന്‍ ശ്രമിച്ചെങ്കിലും മാനേജര്‍ ഞാന്‍ അപ്പോള്‍ തന്നെ അമ്പത് പെസോ കൂടുതലായി പറ്റിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു. സുഹൃത്തുകളില്‍ ആര്‍ക്കുംതന്നെ പണം കടംതരാനാവാത്തതില്‍ ഞാനാകെ സ്വയം പഴിച്ചു. പുസ്തകകടയുടെ തൊട്ടു ചേര്‍ന്ന കഫേ കൊളംബിയില്‍നിന്ന്, ഞാന്‍ പ്രായം ചെന്ന ഒരു കറ്റാലന്‍ അധ്യാപകനും പുസ്ത വില്‍പനക്കാരനുമായ ഡോന്‍ റാമോന്‍ വിന്‍യെസിനെ സമീപിച്ച് പത്ത് പെസോ വായ്പ ചോദിച്ചു. അദ്ദേഹത്തിന്‍െറ കൈയില്‍ ആറു പെസോയോ ഉണ്ടായിരുന്നുള്ളൂ. ആ രണ്ട് ദിവസത്തെ ലളിതമായ യാത്രയുണ്ടാക്കിയ സ്വാധീനം വിവരിച്ചു തീര്‍ക്കാന്‍ ഈ ദൈര്‍ഘ്യമേറിയതും കര്‍മനിരമായ ജീവിതം പോരാ എന്ന് അന്ന് എനിക്കോ, അമ്മയ്ക്കോ തീര്‍ച്ചയായും സങ്കല്‍പ്പിക്കാനാവുമായിരുന്നില്ല. ചിലപ്പോള്‍, ജീവിതത്തില്‍ എഴുപത്തഞ്ഞ് വര്‍ഷം പിന്നിടുമ്പോള്‍, ഒരു എഴുത്തുകാരന്‍ നിലയില്‍ ജീവിതത്തില്‍ ഞാനെടുത്ത എല്ലാ തീരുമാനത്തേക്കള്‍ പ്രധാനമായിരുന്നു അത്. ശരിക്കും ഇങ്ങനെയാണ് പറയേണ്ടത്: എന്‍െറ മൊത്തം ജീവിതത്തിലെയും ഏറ്റവും നിര്‍ണായക തീരുമാനമായിരുന്നു ആ യാത്ര എന്ന്.
പ്രായപൂര്‍ത്തിയാകും മുമ്പ്, കഴിഞ്ഞപോയ കാലത്തിനേക്കാള്‍ ഭാവിയിലായിരിക്കും നമുക്ക് താല്‍പര്യം. അതിനാല്‍ തന്നെ പട്ടണത്തെപ്പറ്റിയുള്ള എന്‍െറ ഓര്‍മകള്‍ ഗൃഹാതുരതായാല്‍ അന്ന് മഹത്വവല്‍ക്കരിക്കപ്പെട്ടിരുന്നില്ല. അവ എന്തായിരുന്നെന്നോ അതേ പോലെയാണ് ഞാന്‍ ഉള്‍ക്കൊണ്ടതും ഓര്‍മിച്ചതും. ജീവിക്കാന്‍ പറ്റിയ, എല്ലാവരും എല്ലാവരെയും പരസ്പരം അറിയുന്ന ഇടം, ചരിത്രാതീതകാലത്തെ മുട്ടപോലുള്ള മൃദുലവും വലുതുമായ വെള്ള കല്ലുകള്‍ നിരന്ന പരപ്പിന് മേല്‍ സുതാര്യമായി ഒഴുകുന്ന നദിയുടെ തീരത്തായിരുന്നു പട്ടണം. മഴ അവസാനിച്ച ഡിസംബംര്‍ സന്ധ്യകളില്‍ വായു വജ്രം പോലെയായിരിക്കും. ആ വേളയില്‍, നെവാദ ഡി സാന്‍റാ മാര്‍ത പര്‍വതശ്രേണിയും അതിന്‍െറ വെള്ള ശിഖരങ്ങളും നദിയുടെ മറുകരയില്‍ വാഴതോട്ടങ്ങള്‍ക്ക് തൊട്ടടുത്തത്തെിയതായി തോന്നും. അവിടെ നിന്നാല്‍, അര്‍വാക് ഇന്ത്യക്കാര്‍ ഉറുമ്പുകളെപ്പോലെ പര്‍വത ചരിവുകളിലൂടെ നിരനിരയായി പോകുന്നു കാണാം; ഇഞ്ചി ചാക്കുകള്‍ പുറത്തേറ്റിയും, ജീവിതത്തോട് പൊരുത്തപ്പെടാന്‍ കൊക്കോയുടെ ചെറിയ കണങ്ങള്‍ ചവച്ചും. വരണ്ടുണങ്ങിയ, ചുട്ടുപൊള്ളുന്ന തെരുവില്‍ നിന്ന് ഞങ്ങള്‍ മഞ്ഞ്കൊണ്ടുണ്ടാക്കിയ പന്തുകളെന്നമട്ടില്‍ യുദ്ധങ്ങള്‍ കളിച്ചു. ഞാന്‍ ജനിച്ച ദിവസം പകല്‍ പണിയായുധങ്ങള്‍ തൊടാന്‍ പോലും പറ്റാത്ത വിധത്തില്‍ സൂര്യന്‍ ചുട്ടുപൊള്ളിച്ചിരുന്നതിനാല്‍ യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയുടെ തീവണ്ടിപാളങ്ങളും ക്യാമ്പുകളും രാത്രിയിലാണ് പണിതെന്ന് പലവട്ടം ഞാന്‍ കേട്ടിരുന്നു.
ബാറന്‍ക്വില്ലയില്‍ നിന്ന് അരാകാറ്റക്കയിലേക്ക് എത്താനുള്ള ഏക മാര്‍ഗം കൊളോണിയല്‍ കാലത്ത് അടിമത്തൊഴിലാളികളെ കൊണ്ട് കുഴിപ്പിച്ചെടുത്ത ഇടുങ്ങിയ കനാനലില്‍ കൂടിയുള്ള പഴകിപ്പൊളിഞ്ഞ മോട്ടോര്‍ബോട്ടാണ്്. സിയെനാഗ എന്ന വിശാലമായ ചതുപ്പും, മലിന വെള്ളവും കടന്ന്, നിഗൂഢ പട്ടണമായ സിയെനാഗയില്‍ എത്തണം. അവിടെനിന്ന്, രാജ്യത്ത് ഏറ്റവും മികച്ചതായി തുടങ്ങിയ നിത്യേനയുള്ള ട്രെയിനില്‍, വാഴതോട്ടങ്ങള്‍ക്കിടയിലുടെ, നിര്‍ത്താത്ത സ്റ്റോപ്പുകളും ചൂടില്‍ മുങ്ങിയ പൊടിപിടിച്ച ഗ്രാമങ്ങളും ഒഴിഞ്ഞ സ്റ്റേഷനുകളും കടന്നുള്ള ട്രെയിനിന്‍െറ യാത്രയുടെ അവസാന പാദത്തിലാണ് അരാക്കാറ്റക്കയിലത്തെുക. ഇതാണ് കാര്‍ണിവലിന്‍െറ തലേന്ന്, 1950 ഫെബ്രുവരി 19 ശനിയാഴ്ച വൈകിട്ട് ഏഴിന് ഞാനും അമ്മയും തുടങ്ങിയ യാത്ര. ഒരു യുക്തിബോധമില്ലാത്ത പേമാരിയില്‍, വീട്ടിലത്തൊന്‍ മാത്രം തികയുന്ന, പ്രതീക്ഷിച്ച വിലക്ക് വീടുവില്‍ക്കാനായില്ളെങ്കില്‍ പ്രായസത്തിലാക്കുന്ന 32 പെസോയുമായുള്ള യാത്രയുടെ തുടക്കം.
ആ രാത്രി വാണിജ്യവാതം അത്രയേറെ ശക്തമായിരുന്നതിനാല്‍, നദീതുറമുഖത്ത് വച്ച് ബോട്ടില്‍ കയറാനായി അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാന്‍ എനിക്ക് പാടുപെടേണ്ടിവന്നു. അമ്മ വിവേകമതിയായിരുന്നു. യന്ത്രബോട്ട് എന്നത് ന്യൂ ഓറിലോണിലെ ആവിക്കപ്പലിന്‍െറ ചെറുരൂപമായിരുന്നു. പക്ഷേ, അതിന്‍െറ പെട്രോള്‍ മോട്ടോറുകള്‍ തട്ടിലുള്ള എല്ലാവരിലേക്കും ഉയര്‍ന്ന സന്നിജ്വരത്തിന്‍െറ തുള്ളിവിറയലുകള്‍ പകര്‍ന്നിരുന്നു. തൂക്ക്കിടക്ക പല തലങ്ങളില്‍ തൂക്കാനായി കൊളുത്തുകളുള്ള ചെറിയ സ്ഥലത്ത്, ആളുകള്‍ കൈമുട്ടുകള്‍കൊണ്ട് ഉന്തിതള്ളി തങ്ങളുടെ മുഴുവന്‍ ബാഗുകളുമായി ഇരിപ്പിടം കണ്ടത്തൊന്‍ ശ്രമിച്ച മര ബഞ്ചുകള്‍, വ്യാപാരചരക്കുകളുടെ ഭാണ്ഡങ്ങള്‍, കോഴിക്കുഞ്ഞുങ്ങള്‍ നിറഞ്ഞ കൊട്ടകള്‍, ജീവനുള്ള പന്നികള്‍ തുടങ്ങിയവയെല്ലാം അടങ്ങിയിരുന്നു. സൈനിക മഞ്ചങ്ങള്‍ ഉള്ള ശ്വാസം മുട്ടിക്കുന്ന കുറച്ച് കാബിനുകളുമുണ്ടായിരുന്നു. അവ ഏല്ലായ്പ്പോഴും, യാത്രക്കിടെ അടിയന്തര സേവനം വാഗ്ദാനം ചെയ്ത പഴകിയ ഉടുപ്പുകളണിഞ്ഞ ചെറു വേശ്യകള്‍ കൈയടക്കിയിരുന്നു. ഒരു കാബിനും ഒഴിവില്ലാത്തിനാലും, കൈയില്‍ തൂക്ക്കിടക്കയില്ലാത്തിനാലും അമ്മയും ഞാനും ഉന്തിതളളി ഇടനാഴിയുടെ മധ്യത്തില്‍, രണ്ട് ഇരുമ്പ് കസേരകള്‍ സംഘടിപ്പിച്ച്, രാത്രി അതില്‍ ചെലവഴിക്കാന്‍ തയാറെടുത്തു.
അമ്മ ഭയപ്പെട്ടതുപോലെതന്നെ ചണ്ഡവാതം മഗ്ദലേന നദി കടക്കുമ്പോള്‍ ഞങ്ങളുടെ സാഹസിക നൗകയെ വല്ലാതെ ഉലച്ചു. അഴിമുഖത്തിന്‍െറ സാമിപ്യത്താല്‍ നദി കടലിന്‍െറ പ്രക്ഷുബ്ധത ഉള്‍ക്കൊണ്ടിരുന്നു. കറുത്ത പുകയിലകൊണ്ടും പാക്കേജുകള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന മോശം കടലാസുകൊണ്ടുമുണ്ടാക്കിയ വിലകൂറഞ്ഞ സിഗരറ്റുകള്‍ തുറമുഖത്ത് നിന്ന് ഞാന്‍ കുറേ വാങ്ങിയിരിന്നു. ആ ദിവസങ്ങളില്‍ ചെയ്തിരുന്നതുപോലെ, എന്‍െറ ഏറ്റവും വിശ്വസ്ത രക്ഷക പിശാചായ വില്യം ഫൂക്നര്‍ ആ സമയത്ത് "ലൈറ്റ് ഇന്‍ ആഗസ്റ്റില്‍' എഴുതിയതുപോലെ അവസാന അറ്റം വരെ വലിച്ച് തീരുമ്പോള്‍ അടുത്തതിന് തിരികൊളുത്തുന്ന രീതിയില്‍ പുകവലിക്കാന്‍ തുടങ്ങി, അമ്മ ട്രാകറ്റിനെ ഉറപ്പിക്കുന്ന ഭ്രമണഅക്ഷം പോലെയോ വായുവില്‍ വിമാനത്തെ പിടിക്കുന്നതുപോലെയോ തന്‍െറ ജപമാലിയില്‍ പിടിത്തമിട്ടു. ഒരിക്കലും തനിക്കുവേണ്ടിയിയായിരുന്നില്ല, തന്‍െറ പതിനൊന്ന് അനാഥര്‍ക്ക് സമൃദ്ധിയും ദീര്‍ഘായുസും നല്‍കണമെന്നുമായിരുന്നു അമ്മയുടെ എന്നത്തെയും പ്രാര്‍ഥന.
പ്രാര്‍ഥന എത്തേണ്ടടിത്ത് എത്തിയെന്നു തോന്നുന്നു. കാരണം ഞങ്ങള്‍ ചാനലിലേക്ക് പ്രവേശിച്ചപ്പോള്‍ മഴ നേര്‍ത്തു. എന്നാലും കൊതുകുകളെ അകറ്റാന്‍ മാത്രം ശക്തമായിരുന്നില്ല ആ സമയത്ത് കാറ്റ്. അപ്പോള്‍ അമ്മ ജപമാല മാറ്റിവച്ച്, ഞങ്ങള്‍ക്ക് ചുറ്റും ചലിക്കുന്ന പ്രക്ഷുബ്ധ ജീവിതങ്ങള്‍ നോക്കി കുറേനേരം നിശബ്ദമായിരുന്നു.
ഒരു ഒതുങ്ങിയ കുടുംബത്തിലാണ് അമ്മ ജനിച്ചത്. എന്നാലും അല്‍പകാലം നീണ്ട, വാഴപ്പഴകമ്പനിയുടെ ശോഭയിലാണ് അമ്മ വളര്‍ന്നത്. അവിടെനിന്നുള്ളതായതിനാല്‍ കുറഞ്ഞ പക്ഷം സാന്‍റാ മാര്‍ത്തയിലെ കോളിഗിയോ ഡാ ലാ പ്രസന്‍റാസിയോന്‍ ഡി ലാ സാന്‍റിസിമാ വിര്‍ജേനല്‍ നിന്ന് ധനിക പെണ്‍കുട്ടിയുടെ സ്കൂള്‍ വിദ്യാഭ്യാസം നേടാന്‍ അമ്മക്കായി. ക്രിസ്മസ് അവധിക്കാലത്ത് കൂട്ടുകാരികള്‍ക്കൊപ്പം ചിത്രത്തുന്നലുകളിലും, സേവനതല്‍പരതയോടെ ബസാറുകളില്‍ ക്ളാവികോഡ് വായിക്കുന്നതിലേര്‍പ്പെട്ടു. തോഴിയെപ്പോല്‍ ഒപ്പമുണ്ടായിരുന്ന ഒരമ്മായിക്കൊപ്പം അക്കാലത്തെ ശങ്കിത മനസ്കാരയ ആഭിജാത്യര്‍ നല്‍കിയ ശുദ്ധമായ നൃത്ത ക്്ളാസുകളില്‍ പങ്കെടുക്കുകയും ചെയ്തു. അറിയുന്ന എല്ലാവരും, തന്‍െറ മാതാപിതാക്കളുടെ ആഗ്രഹത്തിനു വിരുദ്ധമായി ടൗണ്‍ ടെലിഗ്രാഫ് ഓപ്പറേറ്ററെ വിവാഹം കഴിക്കുന്നവരെ ഒരു പ്രണയത്തിലും അമ്മ അകപ്പെട്ടിരുന്നില്ളെന്ന് ഉറപ്പു പറയും. അക്കാലം മുതലേയുള്ള അമ്മയുടെ ഏറ്റവും സ്പഷ്ടമായ ഗുണം നര്‍മബോധവും, നീണ്ട ജീവിതത്തിനിടയില്‍ പതുങ്ങിയത്തെിയ വിപത്തുകള്‍ക്ക് പരാജയപ്പെടുത്താന്‍ അനുവദിക്കാത്ത ഉറച്ച നല്ല ആരോഗ്യവുമായിരുന്നു. അക്കാലം മുതല്‍ ഒട്ടും സംശയിക്കേണ്ടാത്ത അവരുടെ ഏറ്റവും അത്ഭ്തപ്പെടുത്തുന്ന മികവ് ഉജ്വലമായ സ്വഭാവ വൈശിഷ്ട്യമാണ്: ശരിക്കും സിഹംരാശിക്കാരി. ഇത് സ്വഭാവ വൈശിഷ്ട്യം അമ്മക്ക് തന്‍െറ തറവാട്ട് ഭരണ അധികാരപരിധി ഏറ്റവും അകലെയുള്ള, ഏറ്റവും അപ്രതീക്ഷിത സ്ഥലങ്ങളിലെ ബന്ധുക്കളിലേക്കു പോലും നീളുന്നതിന് അനുവദിച്ചു. അടുക്കളയില്‍ അമരപ്പയറര്‍ കുടം തിളക്കുമ്പോള്‍, തന്നെ, ഒട്ടും പതിറിച്ചയില്ലാത്ത, പതിഞ്ഞ ശബ്ദത്തില്‍ അടുക്കളയില്‍ നിന്ന് നിയന്ത്രിക്കുന്ന ഒരുതരം ഗ്രഹസമാനസംവിധാനം പോലെയായിരുന്നു അത്.
യന്ത്രബോട്ടിലെ നിഷ്ഠൂരയായ്രയെ അക്ഷോഭ്യതയോടെ സഹിക്കുന്നത് കണ്ടപ്പോള്‍ ദാരിദ്ര്യത്തിന്‍െറ അനീതികളെ ഇത്രമാത്രം വേഗത്തിലും വൈദഗ്ധ്യത്തിലും അമ്മക്ക് എങ്ങനെ കീഴ്പ്പെടുത്താനാവുന്നെന്ന് ഞാന്‍ സ്വയം ചോദിച്ചു. ആ ഭയായനക രാത്രി ക്ഷമയുടെ നെല്ലിപ്പടി പരിശോധിച്ചിട്ടുണ്ടാവണം. ചോരയൂറ്റുന്ന കൊതുകുകള്‍, അസഹ്യമായ ചൂട്,യന്ത്രബോട്ട് കടന്നുപോകുമ്പോള്‍ ചെളിക്കുനകളില്‍ നിന്ന് ഉയരുന്ന മനംപിരട്ടുന്ന നാറ്റം, ആള്‍ക്കൂട്ടത്തിരിക്കിനിടയില്‍ ഇരിപ്പിടം കണ്ടത്തൊനാവതെ മുന്നോട്ടും പിന്നോട്ടും ആയുന്ന ഉറക്കമില്ലാത്ത യാത്രക്കാരുടെ ഭ്രാന്തുകള്‍-ഇതെല്ലാം ഏതൊരു അചഞ്ചലചിത്തനെയും ഇളക്കുന്നതായിരുന്നു. തന്‍െറ കസേരയില്‍ നിശ്ചലയായി ഇരുന്ന് അമ്മ ഇതെല്ലാം സഹിച്ചു. ഈ സമയത്ത് ആണുങ്ങളെപ്പോലെയോ, മനോലാസിനെയും പോലെ വേഷമിട്ട വിലക്കെടുക്കാവുന്ന പെണ്ണുങ്ങള്‍ അടുത്തുളള കാബിനുകളില്‍ കാര്‍ണിവലിന്‍െറ വിളവെടുപ്പിലായിരുന്നു. അതിലൊരാള്‍ അമ്മയുടെ കസേരക്ക് തൊട്ടുത്തുള്ള ക്യാബിനില്‍ നിന്നാണ് വ്യത്യസ്ത ഇടപാടുകാര്‍ക്കായി പലവട്ടം പ്രവേശിക്കുകയും പോകുകയും ചെയ്തുകൊണ്ടിരുന്നത്. ഞാന്‍ ചിന്തിച്ചത് അമ്മ അവളെ കണ്ടിട്ടില്ളെന്നതാണ്. എന്നാല്‍, ഒരു മണിക്കൂറിനുള്ളില്‍ നാലോ അഞ്ചോ തവണ അവള്‍ പുറത്തുവന്നപ്പോള്‍ അമ്മ അനുകമ്പയുടെ കണ്ണുകളാല്‍ അവള്‍ ഇടനാഴിയുടെ അറ്റത്ത് മറയുന്നവരെ പിന്തുടരുന്നത് ഞാന്‍ കണ്ടു.

ഇങ്ങനെയൊക്കെയാണ് അര്‍ദ്ധരാത്രിവരെയുളള കാര്യങ്ങളുടെ കിടപ്പ്. അസഹനീയമായ കുലുക്കവും, ഇടനാഴിയിലെ മങ്ങിയ വെളിച്ചവും വായന അസാധ്യമാക്കിയപ്പോള്‍ ഞാന്‍ അമ്മക്ക് സമീപമിരുന്ന് യോക്നാപടവ്ഫ കൗണ്ടിയിലെ അപകടചുഴികളില്‍ നിന്ന് മനസ് മോചിപ്പിക്കാന്‍ ശ്രമിച്ച് പുകവലിക്കാന്‍ തുടങ്ങി. ആ വര്‍ഷം, കാര്യമായി ഒന്നും പഠിക്കാതെ തന്നെ പത്രപ്രവര്‍ത്തനത്തിലൂം സാഹിത്യത്തിലും കൂടി ജീവിക്കാനുള്ള വരുമാനം കണ്ടത്തൊമെന്ന പ്രതീക്ഷയോടെ ഞാന്‍ സര്‍വകലാശാല വിട്ടിരുന്നു. ജോര്‍ജ് ബെര്‍ണാഡ്ഷാ എഴുതിയെന്ന് ഞാന്‍ വിശ്വസിക്കുന്ന ഒരു വാചകത്തില്‍ പ്രചോദിതനായിട്ടായിരുന്നു അത്്" വളരെ ചെറിയപ്രായത്തില്‍ തന്നെ സ്കൂളില്‍ പോകുന്ന വിദ്യാഭ്യാസം എനിക്ക് അവസാനിപ്പിക്കേണ്ടിവന്നു'. ഇതാരുമായിട്ടെങ്കിലും ചര്‍ച്ചചെയ്യാന്‍ കഴിയില്ളെന്ന് തോന്നിയയതിനാലും, എന്തുകൊണ്ട് എന്ന് വിശദീകരിക്കാനാവാത്ത കാരണത്താലുമായിരുന്നു പഠിത്തം വിട്ടത്. ചിലപ്പോള്‍ എനിക്ക് മാത്രം ബാധകമായ കാരണങ്ങളായിരുന്നിരിക്കണം അത്.
ഇത്തരം ഒരു ഭ്രാന്ത് എന്നില്‍ അതീവ പ്രതീക്ഷ അര്‍പ്പിക്കുകയും, കയ്യിലില്ലായിരുന്നെങ്കിലും വളരെയേറ പണം എനിക്ക് വേണ്ടി ചെലവഴിക്കുകയും ചെയ്യുന്ന മാതാപിതാക്കളെ ബോധ്യപ്പെടുത്തുന്നത് വെറും സമയം പാഴാക്കലായരുന്നു. തനിക്കില്ലാതിരുന്ന അക്കാമദിക് ബിരുദം ഭിത്തിയില്‍ തൂക്കുന്നത് ഒഴിച്ച് ബാക്കി ഏത് കാര്യത്തിലും അച്ഛന്‍ മാപ്പ് നല്‍കുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ ആശയവിനിമയം തടസപ്പെട്ടിരുന്നു. വീട് വില്‍ക്കാന്‍ ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രത്യക്ഷപ്പെടുന്നതിന് ഒരു വര്‍ഷം മുമ്പേ അദ്ദേഹത്തെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അമ്മ അര്‍ധരാത്രികഴിയും വരെ പഠനം ഉപേക്ഷിച്ച വിഷയം സൂചിപ്പിച്ചതേയില്ല. പറയാനുള്ള ഉചിതമായ നിമിഷം വിശുദ്ധവെളിപാടെന്നപോല്‍ മനസിലാക്കി, യാത്രയുടെ യാഥാര്‍ഥ ഉദ്ദേശ്യം എന്ത് എന്ന് സംശരഹിതമായി എനിക്കുറപ്പുണ്ടായിരുന്ന അക്കാര്യം പറയാന്‍ തുടങ്ങി. യാത്ര തുടങ്ങുന്നതിന് മുമ്പ് ഉറക്കമില്ലാത്ത രാത്രികളിലെ ഏകാന്തകളില്‍ പക്വമാക്കിയിട്ടുണ്ടാവനിടയുള്ള രീതിയിലും ശബ്ദത്തിലും ചുരുങ്ങിയ വാക്കുകളിലാണ് അമ്മ തുടങ്ങിയത്.
"നിന്‍െറ പപ്പ വളരെ ദു:ഖിതനാണ്', അമ്മ പറഞ്ഞു.
അതാ, ഞാന്‍ വളരെയേറെ ഭയപ്പെട്ട ഒന്ന് സംഭവിക്കുകയായി. എന്നത്തെയും പോലെ, നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്തപ്പോള്‍, നമുക്ക് എതിര്‍ക്കാന്‍ പോലും എറ്റാത്ത വിധത്തില്‍ സാന്ത്വന ശബ്ദത്തിലാണ് അമ്മ തുടങ്ങുക. ഉത്തരമറിയാമെങ്കിലും ഒരു മര്യാദക്കെന്ന മട്ടില്‍ ഞാന്‍ ചോദിച്ചു:
"അതെന്തിന്'?'
"കാരണം നീ നിന്‍െറ പഠിത്തം ഉപേക്ഷിച്ചത്'
. "ഞാനത് ഉപേക്ഷിച്ചിട്ടില്ല', ഞാന്‍ പറഞ്ഞു. "ഞാന്‍ കരിയര്‍ മാറ്റുക മാത്രമാണ് ചെയ്തത്'.
നല്ല ഒരു ചര്‍ച്ചയുടെ സാധ്യത അവരുടെ ഉത്സാഹം വര്‍ധിപ്പിച്ചു.
"അതേ കര്യം തന്നെയാണ് പറയുന്നത്, 'അവര്‍ പഞ്ഞു.
അത് നുണയാണെന്ന് അറിയാമായിരുന്നെങ്കിലും ഞാന്‍ പറഞ്ഞു: "പപ്പയും പഠിത്തം നിര്‍ത്തിയിരുന്നു, വയലിന്‍ വായിക്കാനായി'
"അത് വേറെ കാര്യമാണ്'. വലിയ ചുറുചുറുക്കോടെ അമ്മ പറഞ്ഞു. "അദ്ദേഹം വയലിന്‍ വായിച്ചത് പാര്‍ട്ടികളിലും, പ്രേമസംഗീതത്തിനും മാത്രമാണ്. അദ്ദേഹം പഠിത്തം ഉപേക്ഷിച്ചിരുന്നുവെങ്കില്‍ അത് വയര്‍ നിറക്കാന്‍ മതിയായ പണമില്ലാത്തതിനാലാണ്. പക്ഷേ, ഒരു മാസത്തില്‍ താഴെ സമയംകൊണ്ട് അദ്ദേഹം ടെലിഗ്രാഫി പഠിച്ചു. അത് അന്നത്തെ നല്ല തൊഴിലാണ്, മറ്റെവിടേക്കാളും അര്‍ക്കാറ്റക്കയില്‍'.
"വര്‍ത്തമാന പത്രങ്ങളില്‍ എഴുതി ഞാനും ജീവിക്കാന്‍ പണം കണ്ടത്തെുന്നുണ്ട്', ഞാന്‍ പറഞ്ഞു.
"എന്നെ വിഷമിപ്പിക്കേണ്ട എന്നു കരുത പറയുന്നതാണ് അത്', അമ്മ പ്രതിവചിച്ചു. "പക്ഷേ, വളരെ ദൂരത്ത് നിന്ന് തന്നെ ആര്‍ക്കും നിന്‍െറ അവസഥയെന്താണെന്ന് മനസിലാക്കാനാവും. പുസ്തകക്കടയില്‍ വച്ച് എനിക്ക് പോലും നിന്നെ കണ്ടപ്പോള്‍ തിരിച്ചറിയാനായില്ളെന്ന് വളരെ മോശം കാര്യമാണ്'.
"എനിക്കും നിങ്ങളെയും തിരിച്ചറിയാനായില്ല', ഞാന്‍ അമ്മയോട് പറഞ്ഞു.
"പക്ഷേ, അത് ഒരേ കാരണം കൊണ്ടല്ല', അമ്മയുടെ ഉത്തരം. "ഞാന്‍ കരുതിയത് നീ ഭിക്ഷക്കാരനാണെന്നാണ്'. അമ്മ എന്‍െറ പിഞ്ചിയ ചെരിപ്പിലേക്ക് നോക്കി പറഞ്ഞു:" നല്ല സോക്സ് പോലുമില്ല'.
"ഇതാണ് കൂടുതല്‍ സുഖകരം', ഞാന്‍ പറഞ്ഞു. രണ്ട് ഷര്‍ട്ടുകളും രണ്ട്് ജോടി ഷോര്‍ട്ടുകളുമുണ്ട്. ഒന്ന് ഉണക്കാനിടുമ്പോള്‍ മറ്റൊന്നിടുന്നു'ഒരാള്‍ക്ക് അതില്‍ കൂടുതല്‍ എന്തുവേണം?'
"അല്‍പം അന്തസ്'. അമ്മ പറഞ്ഞു. പക്ഷേ, അടുത്ത വാചകം ഉച്ചരിക്കുമ്പോള്‍ ശബ്ദംമൃദുവാക്കി മറ്റൊരു ഈണത്തിലാണ് പറഞ്ഞത് "ഞാനിത് നിന്നോട് പറയുന്നതിന് കാരണം ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നതുകൊണ്ടാണ്'.
"എനിക്കറിയാം' പക്ഷേ, എന്‍െറ സ്ഥാനത്താണെങ്കില്‍ ഇതേ കാര്യം തന്നെയല്ളേ അമ്മയും ചെയ്യുമായിരുന്നത്'.
"അല്ല' അമ്മ പറഞ്ഞു. "എന്‍െറ രക്ഷകര്‍ത്താക്കളെ ദു:ഖിപ്പിക്കുന്ന ഒന്നും ഞാന്‍ ചെയ്യില്ല'
തന്‍െറ വിവാഹത്തിന് കുടുംബത്തിലെ എതിര്‍പ്പുകളെ പിടിവാശിമൂലം അമ്മ മറികടന്നത് ഓര്‍ത്ത് പൊട്ടിച്ചിരിച്ച് ഞാന്‍ പറഞ്ഞു:
"എന്‍െറ കണ്ണില്‍ നോക്കി പറയാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു.’
ഞാനെന്താണ് ചിന്തിക്കുന്നത് എന്ന് നല്ല വണ്ണം അറിയാവുന്നതിനാല്‍, നിഷ്പ്രഭയായ അമ്മ എന്നെ നോക്കുന്നത് ഒഴിവാക്കി.
"എന്‍െറ മാതാപിതാക്കളുടെ അനുഗ്രഹം ലഭിക്കുന്നവരെ ഞാന്‍ വിവാഹിതായിയല്ല', അമ്മ പറഞ്ഞു. "സമ്മതമില്ലായിരുന്നു എന്നതില്‍ നീ പറയുന്നത് ശരിയായിരിക്കാം, പക്ഷേ അവരുടെ അനുഗ്രഹം എനിക്കുണ്ടായിരുന്നു'.
അമ്മ സംഭാഷണം നിര്‍ത്തി. അതിനു കാരണം എന്‍െറ വാദങ്ങള്‍ അമ്മയെ പരാജയപ്പെടുത്തിയതായിരുന്നില്ല. അമ്മക്ക് കക്കൂസില്‍ പോകണമായിരുന്നു, അതിന്‍െറ വൃത്തിയില്‍ അത്ര വിശ്വാസമില്ലാത്തതിനാല്‍, കൂടുതല്‍ വൃത്തിയായ വേറെ സ്ഥലമുണ്ടോയെന്ന് ബോട്ട് ജീവനക്കാരനോട് ചോദിച്ചു. അദ്ദേഹവും ആ പൊതു കക്കൂസാണ് ഉപയോഗിക്കുന്നതെന്നായിരുന്നു വിശദീകരണം. കൊണാര്‍ഡിനെ അടുത്തിടെ വായിച്ചപോലെ അദ്ദേഹം ഉപസംഹരിച്ചു: ‘കടലില്‍ നമ്മളെല്ലാം തുല്യരാണ്'. എന്‍െറ അമ്മ തുല്യതയുടെ നിയമത്തിന്് വഴങ്ങി. ഞാന്‍ ഭയപ്പെട്ടതില്‍ നിന്ന് ഭിന്നമായി, അമ്മ പുറത്തുവന്നത് ചിരി അടക്കാനാവാതെയാണ്.
"നിനക്ക് സങ്കല്‍പിക്കാനാവുമോ',അമ്മ എന്നോട് ചോദിച്ചു" ഞാനൊരു പകര്‍ച്ചവ്യാധിയുമായി തിരിച്ചുചെന്നാല്‍ നിന്‍െറ പപ്പയെന്ത് കരുതുമെന്ന്?'
അര്‍ധരാത്രി പിന്നിട്ട് അല്‍പം കഴിഞ്ഞപ്പോള്‍ ചതുപ്പിലെ പായലുകള്‍ ബോട്ടിന്‍െറ പ്രൊപ്പല്ലറുകളുടെ വേഗം കുറച്ചു. ബോട്ട് ഇടതൂര്‍ന്ന കണ്ടല്‍കാടുകളിലേക്ക് പാഞ്ഞുകയറിയതിനാല്‍ യാത്ര മൂന്നു മണിക്കൂര്‍ വൈകി. മിക്ക യാത്രക്കാരും കനാലിന്‍െറ വശങ്ങളില്‍ നിന്ന് തങ്ങളുടെ തൂക്ക്കട്ടിലിന്‍െറ ചരട്കൊണ്ട് കെട്ടി ബോട്ടിന്‍െറ സ്വതന്ത്രമാക്കാന്‍ ശ്രമിക്കേണ്ടിവന്നു. ചൂടും കൊതുകും അസഹനീയമായി. പക്ഷേ, അമ്മ ഞങ്ങളുടെ കുടുംബത്തില്‍ പ്രശസ്തമായ, നിമിഷങ്ങള്‍കൊണ്ട് സാധ്യമാകുന്ന ഇടവിട്ട പൂച്ചയുറക്കങ്ങളിലേക്ക് വീണു. അത് സംഭാഷണത്തിന്‍െറ ചരട് മുറിയാതെ വിശ്രമിക്കാന്‍ അവസരം നല്‍കി. ഞങ്ങള്‍ യാത്ര തുടര്‍ന്നപ്പോള്‍ ശുദ്ധവായു വീശാന്‍ തുടങ്ങി. അമ്മ ശരിക്കും ഉറക്കം വിട്ട് എഴുന്നേറ്റു.
"എന്തുവിധേനയും', ഒരു നിശ്വാസത്തോടെ അമ്മ പറഞ്ഞു: " പപ്പക്ക് എന്തെങ്കിലും ഉത്തരം എനിക്ക് നല്‍കണം'.
" അതെപ്പറ്റി ആകുലപ്പെടേണ്ട' ഞാന്‍ അതേ നിഷ്കളങ്കതയോടെ തുടര്‍ന്നു: "അടുത്ത ഡിസംബറില്‍ ഞാന്‍ തന്നെ ചെന്ന് കണ്ട് പപ്പയോട് കാര്യങ്ങള്‍ പറഞ്ഞോളാം'.
"അതിന് ഇനിയും പത്ത് മാസമുണ്ട്', അമ്മ പറഞ്ഞു.
"ശരി, പക്ഷേ എല്ലാത്തിനേക്കാളും സര്‍വകലാശാലയില്‍ എന്തെങ്കിലും ചെയ്യാന്‍ ഈ വര്‍ഷം ഇനി സാധിക്കില്ല', ഞാന്‍ പറഞ്ഞു.
"നീ സര്‍വകലാശാലയില്‍ പോകുമെന്ന് ശരിക്കും സത്യം ചെയ്യുന്നോ?'
"ഞാന്‍ ഉറപ്പു പറയുന്നു'. ആദ്യമായി അമ്മയുടെ ശബ്ദത്തില്‍ ഒരുതരം ആകുല ഞാന്‍ കണ്ടുപിടിച്ചു..
"എനിക്ക് നിന്‍െറ പപ്പയോട് നീ അനുകൂലമായി ഉത്തരം പറഞ്ഞതായി പറയാമോ?'
"വേണ്ട',അതായിരുന്നു എന്‍െറ വ്യക്തമായ ഉത്തരം. " പറയേണ്ട'.
അക്കാര്യത്തില്‍ നിര്‍ബന്ധിക്കാന്‍ അമ്മ ഏതെങ്കിലും മാര്‍ഗം തേടുമെന്ന് വ്യക്തമായിരുന്നു. പക്ഷേ അതിന് ഞാന്‍ അവസരം നല്‍കയില്ല.
"എന്നാല്‍ പിന്നെ എല്ലാ സത്യവും നേരിട്ട് തന്നെ പപ്പയോട് പറയുന്നതാവും നല്ലത്', അമ്മ പറഞ്ഞു. "അപ്പോള്‍ വഞ്ചനയുടെ പ്രശ്നമുണ്ടാവില്ല'.
"ശരി', ഞാന്‍ ആശാസത്തോടെ പറഞ്ഞു, "അദ്ദേഹത്തോട് പറഞ്ഞോളൂ'.
ഞങ്ങള്‍ വിഷയം അവിടെ അവസാനിപ്പിച്ചു. അമ്മയെ ശരിക്കറിയാത്ത ആരെങ്കിലുമാണെങ്കില്‍ അത് അവിടെ അവസാനിച്ചുവെന്ന് കരുതും. പക്ഷേ, ഇത് ഒന്ന് ശ്വാസം വിടാനുള്ള ഇടവേള മാത്രമാണ് അമ്മക്കെന്ന് എനിക്കറിയാം. അല്‍പ നേരത്തിനുശേഷം അമ്മ ഗാഢനിദ്രയിലമര്‍ന്നു.
ഒരു പതിഞ്ഞ കാറ്റ് കൊതുകുകളെ ഓടിച്ചകറ്റി. പൂക്കളുടെ സൗരഭ്യംപേറിയ പുതുകാറ്റ് നിറഞ്ഞു. അപ്പോള്‍ യന്ത്രംബോട്ട് കടത്ത് നൗകയുടേതായ മഹത്വം ആര്‍ജിച്ചു.
അപ്പോള്‍, എന്‍െറ കുട്ടിക്കാല മിത്തുകളിലൊന്നായ സിയെന്‍ഗ ഗ്രാന്‍ഡെ എന്ന വലിയ ചതുപ്പിലായിരുന്നു ഞങ്ങള്‍. പേരക്കുട്ടികള്‍ പാപ്പാലിലോ എന്ന് വിളിച്ചിരുന്ന, എന്‍െറ മുത്തശ്ശന്‍ കേണല്‍ നികോളാസ് റികാര്‍ഡോ മാര്‍ക്വേസ് മെജിയക്കൊപ്പം ഈ ചതുപ്പ് പലവട്ടം ഞാന്‍ കടന്നിട്ടുണ്ട്. അരക്കാറ്റക്കയില്‍ നിന്ന് ബറാന്‍ക്വില്ലയില്‍ താമസിക്കുന്ന, എന്‍െറ അച്ഛനെയും അമ്മയെയും സന്ദര്‍ശിക്കാന്‍ അദ്ദേഹം പോകുമ്പോള്‍ ഒപ്പം ഞാനുമുണ്ടാവും. "നീ ചതുപ്പിനെ ഭയപ്പെടേണ്ടതില്ല, പക്ഷേ, അതിനെ ബഹുമാനിക്കണം', അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. ചിലപ്പോള്‍ കുളം പോലെയും മറ്റ് ചിലപ്പോള്‍ പ്രക്ഷുബ്ധമായ കടല്‍പോലെയുമുള്ള ചതുപ്പിന്‍െറ അപ്രവചനീയമായ ഭാവങ്ങളെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. മഴക്കാലത്ത് അത് പര്‍വതശ്രേണികളില്‍ നിന്ന് വരുന്ന പേമാരികളുടെ ദയാവായ്പിലായിരിക്കും. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ കാലാവസ്ഥ ശാന്തമായിരിക്കുമ്പോള്‍ വടക്കന്‍ കാറ്റ് രാത്രി സാഹിസത അനുഭവമാക്കുന്നവിധത്തില്‍ അത്രമേല്‍ ശക്തമായി ആഞ്ഞടിക്കും. എന്‍െറ താവഴിയിലെ മുത്തശ്ശി ടാരന്‍ക്വിലിന ഇഗ്റുറാന്‍ (മിന) പ്രഭാതം വരെ റിയോഫ്രിയോയുടെ തുരുത്തില്‍ അഭയം തേടേണ്ടിവന്ന ഒരു ഭീദിത യാത്രക്ക് ശേഷം ഒരിക്കലും അത്യന്തം അടിയന്തരാവശ്യമായ ഘട്ടത്തിലല്ലാതെ ചതുപ്പ് താണ്ടിയിരുന്നില്ല.
ഞങ്ങളുടെ ഭാഗ്യത്തിന് ആ രാത്രിയില്‍ ചതുപ്പില്‍ വെള്ളമുണ്ടായിരുന്നു. പ്രഭാതത്തിന് അല്‍പം മുമ്പ് ശുദ്ധവായു ശ്വാസിക്കാന്‍ ഞാന്‍ ചെന്നു നിന്ന, ബോട്ടിന്‍െറ അണിയത്തെ ജനലില്‍ കൂടി മീന്‍പിടുത്ത ബോട്ടുകളിലെ വെളിച്ചം വെള്ളത്തിലെ നക്ഷത്രങ്ങളെപോലെ തോന്നിപ്പിച്ചു. മീന്‍പിടുത്തക്കാര്‍ എണ്ണാന്‍ പറ്റാത്ത അത്രയുമുണ്ടായിരുന്നു. അദൃശ്യരായ മീന്‍പിടുത്തക്കാര്‍, തങ്ങള്‍ വിലകൊടുത്തുപയോഗിക്കുന്ന ഫോണ്‍ വിളിക്കുന്നതുപോലെയായിരുന്നു സംസാരിച്ചത്. അവരുടെ ശബ്ദങ്ങള്‍ ചതുപ്പിന്‍െറ അതിര്‍ത്തികളില്‍ ഭയാനകമായ പ്രതിധ്വനികളുണ്ടാക്കി. പര്‍വതശ്രേണിയുടെ ബാഹ്യരൂപം കാണാനായി ബോട്ടിന്‍െറ വശങ്ങളിലെ ഇരുമ്പുവേലിയില്‍ ചാഞ്ഞപ്പോള്‍ ഗൃഹാതുരതയുടെ ആദ്യ പ്രഹരം അത്ഭുതപ്പെടുത്തും വിധത്തില്‍ എന്നെ പിടികൂടി.
******
ഇതുപോലൊരു രാത്രിയില്‍ സിയെന്‍ഗ ഗ്രാന്‍ഡെ കടക്കുമ്പോള്‍ പാപ്പാലിലോ കാബിനില്‍ എന്നെ ഉറക്കി കിടത്തി ബാറിലേക്ക്പോയി. സമയമെത്രയാണെന്ന അറിയില്ല, തുരുമ്പിച്ച ഫാനിന്‍െറ കിരുകിരിപ്പിനും ലോഹപലകകളുടെ പടാപടാ ശബ്ദത്തിനുമപ്പുറമുള്ള ഒച്ചകള്‍ എന്നെ ഉണര്‍ത്തി. അഞ്ച് വയസിലേറെയില്ലാത്ത ഞാന്‍ ഭയവിഹ്വലനായി. എന്നാല്‍, പെട്ടന്ന് തന്നെ നിശബ്ദത പരന്നതിനാല്‍, ഞാന്‍ അത് സ്വപ്നമായിരിക്കുമെന്ന് കരുതി. രാവിലെ, ഞങ്ങള്‍ സിയെന്‍ഗയിലെ കപ്പല്‍തുറമുഖത്ത് എത്തിയപ്പോള്‍, മുത്തശ്ശന്‍ നിന്നുകൊണ്ട് തന്‍െറ നിവര്‍ന്ന കത്തിയാല്‍ മുഖംവടിക്കുകയായിരുന്നു. തുറന്ന് കിടന്ന വാതിലിന്‍െറ ചട്ടയില്‍ കണ്ണാടി തൂങ്ങിക്കടിന്നു. ഓര്‍മ കൃത്യമാണ്: മുത്തശ്ശന്‍ ഷര്‍ട്ടിട്ടില്ല. പക്ഷേ വിശാലവും വലിയ പച്ച വരകളുമുള്ള അനശ്വരമായ ഇലാസ്റ്റിക് തോള്‍ക്കച്ചയിട്ടിട്ടണ്ട്. മുഖം വടിക്കുമ്പോള്‍ മുത്തശ്ശന്‍, ഇപ്പോള്‍ പോലും ആദ്യ നോട്ടത്തില്‍ തന്നെ എനിക്ക് തിരിച്ചറിയാനാവുന്ന, വലതു കൈയില്‍ കാക്കയുടെയും നാവികന്‍െറ പച്ചകുത്തിയ, നിരവധി കട്ടി സ്വര്‍ണ മാലകളും, രണ്ടുകൈയിലും സ്വര്‍ണ ബ്രേസ്ലെറ്റുകളുകളും വളകളും അണിഞ്ഞ ഒരാളുമായി സംസാരിക്കുകയായിരുന്നു. വസ്ത്രമണിഞ്ഞ ഞാന്‍ കിടക്കയില്‍ ഇരുന്ന്, ബൂട്ടുകള്‍ കാലിലണിയുമ്പോള്‍ അയാള്‍ മുത്തശ്ശേനാട് പറഞ്ഞു:
" ഒട്ടും സംശയമില്ല കേണല്‍,. അവര്‍ ചെയ്യാനാഗ്രഹിച്ചത് നിങ്ങളെ വെള്ളത്തില്‍ എറിയാനാണ്'.
മുത്തശ്ശന്‍ പുഞ്ചിരിച്ചു. മുഖംവടിക്കുന്നത് നിര്‍ത്താതെ, തന്‍െറ പതിവ് ഗര്‍വോടെ മറുപടി പറഞ്ഞു:
"അവരതിന് തുനിയാതിരുന്നത് അവര്‍ക്ക് നന്നായി'.
അപ്പോള്‍ മാത്രമാണ് തലേ രാത്രിയിലെ ഒച്ചപ്പാടുകള്‍ എന്തെന്ന് മനസിലായത്. മുത്തശ്ശനെ ആരെക്കെയോ ചതുപ്പിലെറിയാന്‍ ശ്രമിച്ചുവെന്ന ധാരണ എന്നെ പിടിച്ചുലച്ചു.
ഈ വിശദീകരിക്കാനാവത്ത അനുഭവഅധ്യായത്തിന്‍െറ ഓര്‍മകള്‍ അമ്മക്കൊപ്പം വീട് വില്‍ക്കാന്‍ പോയ ദിനത്തില്‍ അപ്രതീക്ഷിതമായി പുലര്‍കാലത്ത് കടന്നുവന്നു. സൂര്യന്‍െറ ആദ്യ കിരണങ്ങളില്‍ പര്‍വതത്തിലെമഞ്ഞ് നീലനിറത്തില്‍ തിളങ്ങി. ചാനലില്‍ ബോട്ട് എടുത്ത താമസം പൂര്‍ണ പകല്‍വെളിച്ചത്തില്‍ കടലിനെ ചതുപ്പുമായി വേര്‍തിരിക്കുന്ന തിളങ്ങുന്ന മണലുകളുടെ നേര്‍ത്ത വരമ്പിനെ വ്യക്തമായി കാണിച്ചുതന്നു. അവിടെ മീന്‍പിടുത്തക്കാരായ ഗ്രാമീണര്‍ തങ്ങളുടെ വല ഉണക്കാന്‍ ഇട്ടിരുന്നു. മെലിഞ്ഞ, അഴക്കുപുരുണ്ട കുട്ടികള്‍ തുണികള്‍കൊണ്ട് നിര്‍മിച്ച പന്തുകൊണ്ട് കാല്‍പന്തുകളിക്കുകയായിരുന്നു. സെമയത്തിന് ഡൈനാമിറ്റ് എറിയാന്‍ കഴിയാതെ പോയതിനാല്‍ കൈ തകര്‍ന്ന നിരവധി മീന്‍പിടുത്തക്കാരെ തെരുവില്‍ കണ്ടത് ഞെട്ടിച്ചു. യന്ത്രബോട്ട് നീങ്ങുമ്പോള്‍ അവര്‍ക്ക് നേരെ യാത്രക്കാര്‍ ഞൊട്ടിത്തെറിപ്പിച്ച നാണയങ്ങള്‍ക്കായി കുട്ടികള്‍ മുങ്ങാന്‍ കുഴിയിട്ടു.
സിയെന്‍ഗ പട്ടണത്തിനില്‍ അല്‍പം മാറി സാംക്രമിക രോഗങ്ങളുള്ള ചെളിപ്രദേശത്ത് യന്ത്രബോട്ട് നങ്കൂരമിടുമ്പോള്‍ ഏഴ് മണിയായിരുന്നു. കാല്‍മുട്ട് വരെ ചെളിപുരണ്ട ചുമട്ടുകാരുടെ സംഘം കൈയില്‍ പിടിച്ച് ഞങ്ങളെ കപ്പല്‍തുറമുഖത്തേക്ക് പിടിച്ചുകയറ്റി. ചെളിക്കുണ്ടിലെ പറഞ്ഞറിയിക്കാനാവാത്തവിധം പേരാടിക്കുന്ന തുര്‍ക്കി പ്രാപ്പിടിയന്‍മാരുടെ ഇരുണ്ടുമറിച്ചലുകള്‍ക്കിടയിലൂടെ ഞങ്ങള്‍ നീങ്ങി. ഞങ്ങള്‍ തുറമുഖത്തിലെ മേശക്കരികില്‍ ഇരുന്ന് സ്വാദിഷ്ടമായ മോജാര മീനുകളും, വറുത്ത പച്ചവാഴക്ക കക്ഷണങ്ങളുമായി തിരക്കില്ലാതെ പ്രാതല്‍ കഴിക്കുമ്പോള്‍, അമ്മ തന്‍െറ വ്യക്തിപരമായ യുദ്ധത്തിലെ ആക്രമണം തുടങ്ങി.
"ശരി, എല്ലാത്തിനുമായി ഒറ്റത്തവണ പറയൂ', നേരെ നോക്കാതെ അമ്മ ആവശ്യപ്പെട്ടു. " ഞാനെന്താണ് നിന്‍െറ പപ്പയോട് പറയേണ്ടത്'
ഞാന്‍ ചിന്തിക്കാന്‍ അല്‍പ സമയം നേടാന്‍ ശ്രമിച്ചു.
"എന്തിനെപ്പറ്റി?'
"അദ്ദേഹം ശ്രദ്ധിക്കുന്ന ഏക കാര്യത്തെപ്പറ്റി'. അസ്വസ്ഥതയോടെ അമ്മ പറഞ്ഞു. "നിന്‍െറ പഠനം'.
എന്‍െറ ഭാഗ്യത്തിന് ഞങ്ങളുടെ സംഭാഷണത്തിലെ തീവ്രത കണ്ട് എന്താണ് കാര്യമെന്നറിയാന്‍ സമീപത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാള്‍ ഇടപെട്ടു. അമ്മയുടെ ഉടനെയുള്ള പ്രതികരണം എന്നെ ഭയപ്പെടുത്തുകമാത്രമല്ല ഒട്ടാകെ ആശ്ചര്യപ്പടുത്തുകയും ചെയ്തു. സ്വന്തം സ്വകാര്യ ജീവിതത്തില്‍ ആര്‍ക്കും തുറന്നുകൊടുക്കാത്ത ഒരാളായിരുന്നു അമ്മ.
"അവന് എഴുത്തുകാരനാകണം', അമ്മ പറഞ്ഞു.
"നല്ല എഴുത്തുകാരന് നന്നായി പണമുണ്ടാക്കാനാകും', ആ മനുഷ്യന്‍ എല്ലാ ഗൗരവത്തോടെയും പറഞ്ഞു", "മറ്റെന്തിനുമപ്പറും സര്‍ക്കാരിന് വേണ്ടിയാണ് പണിയെടുക്കുന്നതെങ്കില്‍'.
അമ്മയുടെ ഗുണദോഷവിവേകമാണോ അതോ അപ്രതീക്ഷിതമായി ഇടപെട്ടയാള്‍ മുന്നോട്ടുവച്ച വാദമുഖങ്ങളോടുള്ള ഭയം മൂലമാണോ എന്നറിയില്ല, രണ്ടു പേരും എന്‍െറ തലമുറയുടെ അപ്രചവനീതയയെപ്പററി സഹതപിക്കുന്നതിലും തങ്ങളുടെ ഗൃഹാതുര ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിലും ആ സംഭാഷണം എത്തി. അവസാനം പരസ്പരം പരിചിതരായ ചിലരുടെ പേരുകള്‍ ചികഞ്ഞതിന്‍െറ ഫലമായി അവര്‍ കോട്സ്, ഇക്വാറിയന്‍ വംശവഴികളില്‍ രണ്ടിലൂടെയും പരസ്പരം ബന്ധുക്കളാണെന്ന് അമ്മയും അയാളും കണ്ടത്തെി. അക്കാലത്ത് കരിബിയന്‍ തീരത്ത് കണ്ടമുട്ടന്ന മൂന്നില്‍ രണ്ടുപേരും അങ്ങനെതന്നെയായിരുന്നു താനും. പക്ഷേ, അമ്മയിത് എപ്പോഴും അസാധാരണ സംഭവമായി ആഘോഷിച്ചു.
ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വിക്റ്റോറിയന്‍ ഒറ്റക്കുതിര വണ്ടിയില്‍ നീങ്ങി. ലോകത്ത് മറ്റെല്ലായിടത്തും കുറ്റിയറ്റ ഐതിഹാസിക റെയില്‍ പാതയില്‍ ശേഷിക്കുന്ന അവസാന കണ്ണിയാണ് ഇവിടുത്തേത്.അമ്മ തുറമുഖത്തെ ചെളിക്കുണ്ട് മുതല്‍ ചക്രവാളത്തിലേക്ക് നീങ്ങുന്ന, നൈട്രേറ്റ് മൂലം തരിശായ സമതലങ്ങളിലേക്ക് നോക്കി ചിന്തയിലാണ്ടു. എന്നെ സംബന്ധിച്ച് ഇത് ചരിത്രസ്ഥലമണ്: ഒരിക്കല്‍, എനിക്ക് മൂന്നോ, നാലോ വയസുള്ളപ്പോള്‍ കൈയില്‍ പിടിച്ച് മുത്തശ്ശന്‍ എന്നെ ചുട്ടുപൊള്ളുന്ന തരിശ്ഭൂമിയിലൂടെ എവിടേക്കാണ് പോകുന്നത് എന്നു പറയാതെ വേഗം നടന്നു. ഒടുവില്‍ പച്ചനിറവെള്ളം പതഞ്ഞുപൊന്തിക്കിടന്ന വിശാലപരപ്പിന് അഭിമുഖമായി ഞങ്ങള്‍ നിന്നു. അവിടെ മുങ്ങിചത്ത മുഴുവന്‍ കോഴികളുടെയും ലോകം ഒഴുകി നടന്നു.
"ഇതാണ് കടല്‍', മുത്തശ്ശന്‍ പറഞ്ഞു.
മാന്ത്രികസ്വാധീനത്തില്‍നിന്ന് മോചിതനായി, ഞാന്‍ മറുതീരത്ത് എന്താണെന്ന് ചോദിച്ചു. അതിന് ഒരു നിമിഷം പോലുമെടക്കാതെ മുത്തശ്ശന്‍ പറഞ്ഞു:
"മറുവശത്ത് ഒരു തീരവുമില്ല''.
ഇന്ന്, പല കടലുകളുടെ തീരവും മറുതീരവും കണ്ടശേഷവും ഇപ്പോഴും ഞാന്‍ ചിന്തിക്കുന്നത് അതാണ് മുത്തശ്ശന്‍െറ എന്നത്തെയും ഏറ്റവും വലിയ അഭിപ്രായ പ്രകടനം എന്നാണ്. ഒരു വിധത്തിലും, കടലിനെപ്പറ്റിയുള്ള ആദ്യകാല സങ്കല്‍പങ്ങള്‍ ഒന്നുതന്നെ, അത്യധികം മലിനമായ വെളളം നിറഞ്ഞ കടലുമായോ നൈട്രേറ്റ് ഘനപാളികള്‍ നിറഞ്ഞ, ചീയുന്ന കണ്ടല്‍ ചെടികളുടെ ശിഖരങ്ങള്‍ വീണ, കക്കകളുടെ കടുത്ത നാറ്റം വീശുന്ന, നടത്തം അസാധ്യമായ കടല്‍ത്തീരവുമായോ ഒത്തുപോകുന്നതായിരുന്നില്ല. അത് ഭയനാകമായിരുന്നു.
സിയെന്‍ഗയിലെ കടലിനെപ്പറ്റി അമ്മയക്കും അതേ അഭിപ്രായമാണ് ഉണ്ടായിരുന്നിരിക്കുക. കുതിര വണ്ടിയുടെ ഇടതുവശത്തായി കടല്‍ കണ്ട നിമിഷം അമ്മ നിശ്വാസത്തോടെ പറഞ്ഞു
"റിയോഹാച്ചയിലേതുപോലൊരു കടല്‍ വേറൊന്നില്ല'.
ആ സമയത്ത് ഞാന്‍ അമ്മയോട് മുങ്ങിച്ചത്തകോഴിക്കുഞ്ഞുങ്ങളുടെ ഓര്‍മ പറഞ്ഞു. എല്ലാ മുതിര്‍ന്നവരെയും പോലെ അതെന്‍െറ കുട്ടിക്കാല ഭ്രമകല്‍പനയാണെന്നായിരുന്നു അമ്മയുടെ മറുപടി. പിന്നീട് വഴിയിലെ ഓരോ സ്ഥലത്തെയും പറ്റിയുള്ള ചിന്തയില്‍ അമ്മ മുഴുകി. നിശബ്ദതകളിലെ മാറ്റത്തിലൂടെ അവയെപ്പറ്റി എന്താണ് അമ്മ ചിന്തിക്കുന്നത് എന്ന് എനിക്കറിയാമയിരുനനു. ഞങ്ങള്‍ റെയില്‍ പാളത്തിന് അപ്പുറമുള്ള ചുവന്നതെരുവിലൂടെ നീങ്ങി. ചായംപൂശാത്ത വീടുകളുടെ അഴുക്കുപിടിച്ച മേല്‍ക്കൂരകളില്‍നിന്ന് ഞാത്തിയിട്ട് വളയങ്ങളില്‍ ഇരുന്ന പാരാംമാരിബോയില്‍ നിന്നുള്ള പഴയ തത്തകള്‍ തങ്ങളുടെ ഇടപാടുകാരെ പോര്‍ച്ചുഗീസ് ഭാഷയില്‍ വിളിച്ചു. തീവണ്ടി എഞ്ചിനുകള്‍ വെള്ളം എടുക്കുന്ന സ്ഥലവും ദേശാടനപക്ഷികളും കൂട്ടംതെറ്റിയ കടല്‍ക്കാക്കളും ഉറങ്ങുന്ന താഴികക്കുടങ്ങളും കടന്നു ഞങ്ങള്‍ നീങ്ങി. നഗരത്തില്‍ കടക്കാതെ അതിന്‍െറ അഗ്രത്തിലൂടെയായിരുന്നു യാത്ര. പക്ഷേ ഞങ്ങള്‍ വിശാലമെങ്കിലും ഒഴിഞ്ഞ തെരുവുകളും പഴയ മനോഹരങ്ങളായ, നിലംമുതല്‍ മേല്‍ക്കൂരവരെ പൊക്കമുള്ള ജനലുകളമുള്ള ഒറ്റനില കെട്ടികങ്ങളും കണ്ടു. അവിടെ പിയാനോകളില്‍ ഒരിക്കലും അവസാനിക്കാത്ത പരിശീലനം രാവിലെ തുടങ്ങിയിരുന്നു. നിനച്ചിരിക്കാതെ അമ്മ കൈചൂണ്ടി.
"നോക്കൂ', അമ്മ പറഞ്ഞു, ‘അവിടെയാണ് ലോകം അവസാനിക്കുന്നത്'.
ചൂണ്ടവിരല്‍ നീട്ടിയിടത്തേക്ക് ഞാന്‍ നോക്കിയപ്പോള്‍ സ്റ്റേഷന്‍ കണ്ടു. തൊലികള്‍ നീക്കിയ മരം കൊണ്ടുണ്ടാക്കിയ കെട്ടിടം, ചരിഞ്ഞ തകര മേല്‍ക്കൂര, നീണ്ട മട്ടുപ്പാവുകള്‍. മുന്നില്‍ വരണ്ട, ഇരുനൂറിലേറെ പേരെ പോലും ഉള്‍ക്കൊള്ളാനാവാത്ത ചെറിയ ചത്വരം. അവിടെയാണ് 1928 ല്‍ സൈന്യം എണ്ണമില്ലാത്തത്രയും വാഴപ്പഴകമ്പനി തൊഴിലാളികളെ കൊലപ്പെടുത്തിയത്. അന്നതില്‍ പങ്കാളിയായതുപോലെ എനിക്കാ സംഭവം അറിയാം. എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ മുത്തശ്ശന്‍ ഒരായിരം വട്ടം ആവര്‍ത്തിക്കുകയും ഉരുവിടുകയും ചെയ്തതുവഴി ഞാനത് കേട്ടിട്ടുണ്ട്: സമരം ചെയ്യുന്ന തൊഴിലാളികള്‍ നിയമലംഘക സംഘമാണെന്ന് ഒരു സൈനികകന്‍ ഉത്തരവ് വായിക്കുന്നു: ചത്വരത്തില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ അഞ്ചുമിനിറ്റ് സമയം ഓഫീസര്‍ നല്‍കിയ ശേഷവും ചുട്ടുപൊട്ടുള്ള സൂര്യന് കീഴില്‍ മൂവായിരം പുരുഷന്‍മാര്‍, സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ നിശ്ചലരായി ഇരിക്കുന്നു. വെിടവയ്ക്കാന്‍ ഇത്തരവ്.ഘടഘടാരവം മുഴക്കി യന്ത്രതോക്കുകള്‍ വെള്ള-തീ തുപ്പുന്നു. പരിഭ്രാന്തരായ ആള്‍ക്കൂട്ടം കെണിയില്‍പെട്ടപോലെ. അല്‍പാല്‍പമായി വെടിയുണ്ടകളുടെ അലംഭാവമില്ലാത്ത, അലംഘനീയമായ കത്രികള്‍ അവരുടെ എണ്ണത്തെ അരിഞ്ഞുവീഴ്ത്തുന്നു.
സിയെന്‍ഗയില്‍ ഒമ്പതുമണിക്ക് എത്തുന്ന ട്രെയിന്‍ യന്ത്രബോട്ടിലെയും, പര്‍വതശ്രേണികളില്‍ നിന്ന് വന്ന യാത്രക്കാരെയും കയറ്റി, യാത്രതുടങ്ങി കാല്‍മണിക്കൂറിനുള്ളില്‍ വാഴപ്പഴ മേഖലയിലുടെ ഉള്ളിലേക്ക് നീങ്ങും. ഞാനും അമ്മയും എട്ട് കഴിഞ്ഞപ്പോള്‍ സ്റ്റേഷനിലത്തെിയിരുന്നെങ്കിലും ട്രെയിന്‍ താമസിച്ചിരുന്നു. ട്രെയിന്‍ എത്തിയപ്പോഴും ഞങ്ങള്‍ മാത്രമായിരുന്നു ഏക യാത്രക്കാര്‍. ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്‍റില്‍ കയറിയുടന്‍ അമ്മ അത് തിരിച്ചറിഞ്ഞു. ഇതില്‍ ആനന്ദം നിറഞ്ഞ നര്‍മത്തോടെ അമ്മ ആശ്ചര്യത്തോടെ പറഞ്ഞു:
"എന്തൊരു ആഡംബരം! മുഴുവന്‍ ട്രെയിനും നമുക്ക് രണ്ടുപേര്‍ക്കും വേണ്ടി മാത്രം'.
വിവ: ആര്‍.കെ. ബിജുരാജ്
Marques pathippu
Madhyamam weekly 2014 April 30
No comments:
Post a Comment