Thursday, September 9, 2010

യവനിക വീഴാത്ത അരങ്ങ്

ഇന്ത്യന്‍ ജനകീയ നാടകവേദിയുടെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളാണ് ജൂണ്‍ എട്ടിന് അന്തരിച്ച ഹബീബ് തന്‍വീര്‍. നാടകത്തിന്റെ രൂപവും ഭാഷയും വിപ്ലവകരമായി അദ്ദേഹം മാറ്റിത്തീര്‍ത്തു. കവിയും അഭിനേതാവും സംഗീതകാരനുമായ തന്‍വീര്‍ അനുരഞ്ജനം ഇഷ്ടപ്പെടാത്ത സാമൂഹ്യ പ്രവര്‍ത്തന്‍ കൂടിയായിരുന്നു.






ബിജുരാജ്


അക്ഷര്‍ധാമില്‍ ഭീകരര്‍ വെടിയുതിര്‍ത്തതിന്റെ തൊട്ടടുത്ത ദിനം. പത്രവാര്‍ത്തയില്‍ തലതാഴ്ത്തിയിരിക്കുകയായിരുന്നു ഹബീബ് തന്‍വീര്‍. മുഖത്ത് നീരസവും ഈര്‍ഷ്യയും പ്രകടം. ചുണ്ടിലെ പൈപ്പില്‍ നിന്ന് അസ്വസ്ഥതയുടെ പുകച്ചുരുളുകള്‍ തുടര്‍ച്ചയായി ഉയര്‍ന്നുപൊങ്ങി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍, മുന്നിലെത്തിയ അപരിചിതനോട് തന്റെ ആശങ്ക അദ്ദേഹം മറച്ചുവച്ചില്ല. പിന്നെ പറഞ്ഞു: ''അയാളെ ചവിട്ടി പുറത്താക്കണം. അല്ലെങ്കില്‍ നമ്മളിനിയും ഇത്തരം വാര്‍ത്തകള്‍ കേട്ടുകൊണ്ടേയിരിക്കും''. നരേന്ദ്ര മോഡിയെയാണ് ഉദ്ദേശിച്ചത്. ഗുജറാത്തിലെ മുസ്ലീം കൂട്ടക്കൊല നേരിട്ട് കണ്ടിരുന്ന തന്‍വീര്‍ അവിടെ വീണ്ടും ഒരു നരഹത്യകൂടി അരങ്ങേറുമോയെന്ന ഭയത്തിലായിരുന്നു. അക്ഷര്‍ധാമിലെ ക്ഷേത്രത്തില്‍ മുപ്പതുപേരെ കൊലപ്പെടുത്തിയത് മറ്റൊരു മുസ്ലീം കൂട്ടക്കൊലയ്്ക്ക് വഴിയൊരുക്കാനുള്ള ആസൂത്രിത നീക്കമാണന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നതുപോലെ തോന്നി. ഗുജറാത്ത് കൂട്ടക്കൊലയ്ക്കുമുമ്പ് 'ഗോധ്ര' സംഭവിച്ചതുപോലെ. നാടകാവതരണത്തിന് എത്തിയ തന്‍വീര്‍ അന്ന് ഇവിടെ താന്‍ പങ്കെടുത്ത വേദികളിലെല്ലാം നാടകം രണ്ടാംസ്ഥാനത്തേക്ക് മാറ്റിവച്ചു. സംസാരിച്ചതു മുഴുവന്‍ മത തീവ്രവാദത്തെപ്പറ്റിയായിരുന്നു. മുഖ്യമായും ഹിന്ദുവര്‍ഗീയവാദത്തിനെതിരെ. ഏഴുവര്‍ഷം മുമ്പാണ് അത്. തൊട്ടടുത്ത ദിവസം ഭാരത്ബന്ദായിരുന്നു. അത് മറികടന്ന് തനിക്കടുത്തെത്തിയവരോടും തന്‍വീര്‍ മനസ്സിലെ ആശങ്കകള്‍ രോഷത്തോടെ പങ്കുവച്ചു. ജനകീയ നാടകവേദിയിലെ അതുല്യനായ കലാകാരന് അങ്ങനെയായിരിക്കാനേ കഴിയുമായിരുന്നുള്ളൂ.
കാലത്തിന്റെ അഗ്നിചിന്തകള്‍ മനസ്സില്‍ പേറിയ, അരങ്ങില്‍ ഒതുങ്ങാത്ത, മെരുങ്ങാത്ത വേഷമായിരുന്നു തന്‍വീര്‍. നാടക പ്രവര്‍ത്തകര്‍ക്കും ആസ്വാദകര്‍ക്കും അദ്ദേഹം ആചാര്യനായിരുന്നു. നാടകത്തിന്റെ അവസാന വാക്ക്. അപൂര്‍വമായൊരു ഇതിഹാസം. വിപ്ലവത്തിന്റെ ഗൂഢ-പരസ്യ പ്രണേതാക്കള്‍ക്കാകട്ടെ അദ്ദേഹം സഖാവായിരുന്നു. അവരുടെ സ്വന്തം കവിയും സംഗീതകാരനുമായിരുന്നു തന്‍വീര്‍.
അരങ്ങില്‍, സാമൂഹികവേദിയില്‍ ആറുപതിറ്റാണ്ടുകാലം തന്‍വീര്‍ നിറഞ്ഞുനിന്നു. മുന്‍ഗാമികളില്ലാത്ത കലാവഴി സ്വയം അദ്ദേഹം തെളിച്ചെടുത്തു. നാടകത്തിന്റെ പതിവ് രീതികളെയാണ് തന്‍വീര്‍ സ്വയംനിശ്ചയിച്ചു മാറ്റിയെഴുതിയത്. ദേവ വേഷങ്ങള്‍ക്കും പുരാണകഥകള്‍ക്കും പിന്നില്‍ അന്നുവരെ ഇഴഞ്ഞുവലിഞ്ഞ ആസ്വാദക ബോധത്തെ അദ്ദേഹം മാറ്റി മറിച്ചു. നാടകത്തെ തനത്തിന്റെ, സംസ്‌കാരത്തിന്റെ ആദ്യ രൂപത്തില്‍ പകര്‍ത്തുകയായിരുന്നു തന്‍വീര്‍.
കലയെ അന്വേഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിയെന്നതാണ്, ആ അന്വേഷണം മരണംവരെ തുടര്‍ന്നു എന്നതാണ് അദ്ദേഹത്തിന്റെ മേന്‍മയും വിജയവും. 'നയാ തീയേറ്റര്‍' (ഭോപ്പാല്‍) എന്ന അനുകരണ സാധ്യമല്ലാത്ത നാടകപ്രപഞ്ചവും സാധ്യമാക്കി അദ്ദേഹം.
''നാടകം രക്തത്തിലൂടെ എന്നിലേക്ക് ഊറിയെത്തുകയായിരുന്നു. ഞാന്‍ നാടകത്തെ തേടി പോവുകയല്ല, നാടകം എന്നിലേക്ക് വരികയാണ് ചെയ്തത്''-തന്‍വീര്‍ പറഞ്ഞു. റായ്പൂരിലെ പ്രാഥമിക പാഠശാലയിലായിരുന്നു ആദ്യ വേഷത്തിന്റെ അവതരണം. പിന്നെ തുടര്‍ച്ചയായി ജേതാവ്. അലിഗഡ് സര്‍വകലാശാലയിലെ ബിരുദ പഠനം നാടകസ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിച്ചു. ഈഘട്ടത്തില്‍ പത്രപ്രവര്‍ത്തകന്റെ വേഷവുമണിഞ്ഞു. 'തന്‍വീര്‍' എന്ന തൂലികാ നാമത്തില്‍ കവിതകളെഴുതി. ഹബീബ് അഹമ്മദ് ഖാന്‍ അതോടെ ഹബീബ് തന്‍വീറായി.
നാല്‍പതുകളുടെ ഒടുവില്‍ ബോംബേയിലേക്ക് കുടിയേറിയ യുവത്വത്തെ, ഒളിവില്‍ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കലാകാരന്‍മാര്‍ കൂടുതല്‍ സര്‍ഗാത്മകമാക്കി. 1945 ല്‍ ബോംബെയിലെത്തുമ്പോള്‍ ഓള്‍ ഇന്ത്യാ റേഡിയോയില്‍ പ്രൊഡ്യൂസര്‍ എന്ന തൊഴില്‍ മേല്‍വിലാസമുണ്ടായിരുന്നു തന്‍വീറിന്. ഇടയ്ക്ക് ഹിന്ദി സിനിമയ്ക്ക് പാട്ട് എഴുതി. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ)യിലും. ബ്രിട്ടീഷ് ഭരണത്തെ എതിര്‍ത്ത് ഭൂരിപക്ഷം നേതാക്കളും അറസ്റ്റിലായപ്പോള്‍ ഇപ്റ്റയുടെ നേതൃത്വമേറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു. കല്‍ക്കത്താതീസിസന്റെ രക്തസമ്മര്‍ദ്ദത്തെ അതിജീവിച്ച തന്‍വീറിനോട് അക്കാലത്തെക്കുറിച്ചാരാഞ്ഞാല്‍ ''അതൊരു കാല്‍പനിക കവിതയൊന്നുമായിരുന്നില്ല'' എന്നു പറഞ്ഞവസാനിപ്പിക്കുമായിരുന്നു.
1954 ല്‍ ഡല്‍ഹിയിലേക്ക് തന്‍വീര്‍ തട്ടകം മാറ്റി. നാടകം തന്നെയായിരുന്നു ഈ മാറ്റത്തിന്റെ പ്രേരണ. അവിടെ പ്രശസ്തമായ ഹിന്ദുസ്ഥാനി തീയറ്റേറില്‍ ചേര്‍ന്നു. കുട്ടികളുടെ നാടകങ്ങള്‍ എഴുതി. ആ സമയത്താണ് നടിയും സംവിധായകയുമായ മോണിക്ക മിശ്രയുമായി ജീവിതത്തിലും നാടകത്തിലും ഒന്നു ചേരുന്നത്. ആ വര്‍ഷം തന്നെയാണ് തന്റെ ആദ്യ വലിയ നാടകമായ 'ആഗ്ര ബസാര്‍' എഴുതുന്നത്. ഒരു സൂഫി കവിയായ നസീര്‍ അക്ബറാബാദി എന്ന ഉറുദു കവിയുടെ രചനയെ ആസ്പദമാക്കിയായിരുന്നു നാടകം. അത് പെട്ടെന്ന് ചര്‍ച്ചാവിഷയമായി. നാടോടി കലാകാരന്‍മാരെയും സര്‍വകലാശാല വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നാടകം ഒരുക്കിയത്.
നാടകത്തെപ്പറ്റി കൂടുതല്‍ അറിയുക എന്നത് തന്‍വീറിന്റെ ഒരിക്കലും അടങ്ങാത്ത ത്വരയായിരുന്നു. 1955 ല്‍ അതിനായി ഇംഗ്ലണ്ടിലേക്ക് തിരിച്ചു.


നാടകത്തെക്കുറിച്ചറിയാന്‍ ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രാമറ്റാക് ആര്‍ട്‌സിലും ബ്രിസ്‌റ്റോളിലെ സ്‌കൂളിലും അലഞ്ഞു തിരിഞ്ഞ നാളുകളെയും അദ്ദേഹം പിന്നീട് പുശ്ചിച്ചു' '' നാടകത്തിന്റെ ഉപരിതല സ്പര്‍ശിയായ അനുഭവം ഒന്നും നല്‍കിയില്ല. കുറേ പരിചയങ്ങള്‍ മാത്രമല്ലാതെ''.
രണ്ടുവര്‍ഷം യൂറോപ്പ് ചുറ്റിക്കറങ്ങി. 1956 ല്‍ എട്ടുമാസം ജര്‍മനിയില്‍ തങ്ങി. ബര്‍ലിനിലെ യാത്രയില്‍ തന്‍വീര്‍ ഒന്നു നേടി. ബ്രഹ്ത്തിന്റെ നാടകവുമായി അടുത്ത പരിചയം. തന്‍വീര്‍ അവിടെ എത്തുന്ന നാളിലായിരുന്നു ബ്രഹ്ത്തിന്റെ മരണം. സുഹൃത്തായ ബെര്‍ലിനര്‍ എന്‍സെബിള്‍ ആവിഷ്‌കരിച്ച ബ്രഹ്ത്തിന്റെ നാടകങ്ങള്‍ കണ്ടപ്പോള്‍ അതില്‍ ആകൃഷ്ടനായി. ''നാടകത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറി മറിഞ്ഞു. അവിടെ വച്ചാണ് നാടകം പരീക്ഷണങ്ങളുടെ അനന്ത സാധ്യതകള്‍ ശേഷിപ്പിക്കുന്നുണ്ടെന്ന് മനസ്സിലായത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട, അവര്‍ക്കുവേണ്ടിയുള്ള നാടകങ്ങള്‍ ഒരുക്കാന്‍ ഞാന്‍ തീരുമാനിച്ചു.''. തിരിച്ചുവന്ന തന്‍വീര്‍ ഛത്തീസ്ഗഢില്‍ കേന്ദ്രീകരിച്ചു. വൈകാതെ 'മിട്ടി കി ഗാഡി' എന്ന നാടകം അരങ്ങത്തെത്തി.
പിന്നീട് തന്‍വീര്‍ നമുക്ക് നല്‍കിയതെന്താണ്? 'ചരണ്‍ദാസ് ചോര്‍' എന്ന വിശ്രുത നാടകം. 'മൃശ്ചകടികം' എന്ന രൂക്ഷ പ്രഹസനം. 'മധ്യവേനല്‍ക്കാല രാത്രിയിലെ സ്വ്പന'മെന്ന അസംബന്ധം. പിന്നെ കുറേ ഗൗരവമേറിയ നാടകങ്ങള്‍. 'മൃശ്ചകടിക'മായിരുന്നു ഛത്തീസ്ഗഢ് ഭാഷയിലെ ആദ്യത്തെ പ്രധാന നാടകം. 1973 ല്‍ ഹിന്ദിയില്‍ നിന്ന് ഛത്തീസ്ഗഢ് ഭാഷയിലേക്ക് തന്‍വീര്‍ ചുവടുമാറ്റി. പ്രദേശിക കഥയെ ആസ്പദമാക്കി 'പണ്ടവാണി' യും 1972 -ല്‍ ചത്തീസ്ഗഢിലെ 'നാച്' ശൈലില്‍ 'ഗോണ്‍ കാ നാം സസുരാല്‍ മോര്‍ നാം ഡമാദ്' എന്ന ഹാസ്യ നാടകവും സംവിധാനം ചെയ്തിരുന്നു. ഛത്തീസ്ഗഢിന്റെ കലാരൂപമായ 'നാച്ചി'ന്റെ സവിശേഷതകള്‍ ചേര്‍ത്തായിരുന്നു ഈ നാടകങ്ങളെല്ലാം. അതിന്റെ പര്യവസാനിയായിരുന്നു 1975 ല്‍ അരങ്ങിലെത്തിയ 'ചരണ്‍ദാസ് ചോര്‍'.
അതായിരുന്നു തന്‍വീറിന്റെ എക്കാലത്തെയും മികച്ച സൃഷ്ടി. ' താനൊരിക്കലും നുണപറയില്ലെന്ന് ഗുരുവിനോട് വാഗ്ദാനം ചെയത മോഷ്ടാവിന്റെ കഥയായിരുന്നു അത്. സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിക്കില്ല, ഘോഷയാത്രയുടെ മുന്നില്‍ ആനപ്പുറത്ത് സവാരി ചെയ്യില്ല, രാജകുമാരിയെ വേള്‍ക്കില്ല, സിംഹാസനം സ്വീകരിക്കില്ല എന്നീ വാഗ്ദാനങ്ങളും അയാള്‍ നല്‍കുന്നു. ഈ വാഗ്ദാനങ്ങള്‍ അയാളെ കൊണ്ടെത്തിക്കുന്ന സങ്കീര്‍ണതകളും ആശയക്കുഴപ്പങ്ങളുമായിരുന്നു നാടകം.
ലോക നാടകവേദിയില്‍ നടന്ന ചില ധീരമായ പരീക്ഷണങ്ങളുമായി ചേര്‍ത്തുവേണം തന്‍വിറിന്റെ 'ചരണ്‍ദാസ് ചോറി'നെ നോക്കിക്കാണാന്‍. ഏറ്റവും അടിസ്ഥാന വര്‍ഗ/ജാതി വിഭാഗങ്ങള്‍ക്കിടയില്‍ കേന്ദ്രീകരിച്ച്, അവരുടെ ഭാഷയില്‍, അവരെക്കൊണ്ട്, അവരുടെ കഥ പറയിക്കുകയായിരുന്നു തന്‍വീര്‍ ചെയ്തത്. കെനിയയിലെ കിയുകു ഭാഷയില്‍ ഗൂഗി വാ തിഓംഗോ വരുത്തിയ നാടക പരീക്ഷണത്തിന് സമാനമായിരുന്നു അത്. നാടകത്തില്‍ അഭിനയിച്ചത് ആദിവാസികളായ കലാകാരന്‍മാരായിരുന്നു. ഛത്തീസ്ഗഢി ഭാഷയിലായിരുന്നു സംഭാഷണവും. നാടോടി കഥയെ ആസ്പദമാക്കിയ നാടകത്തിന് രണ്ട് നാടോടി കവികള്‍ തന്‍വീറിനൊപ്പം ഗാനം ഒരുക്കി. നാടന്‍ശീലിന്റെ ഈണവും താളവും നാടകത്തിലേക്ക് പകര്‍ന്നു. മിത്തുകള്‍ക്ക് ജീവന്‍ നല്‍കി. ഈ പുതു നാടക സങ്കല്‍പ്പം ചരിത്രമാണ്.
ഒരര്‍ത്ഥത്തില്‍ ഇന്നത്തെ ഛത്തീസഗഢിന്റെ സൃഷ്ടാവാണ് തന്‍വീര്‍. ആദിവാസികള്‍ക്കിടയില്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനത്തിലൂടെ അവരില്‍ പുതിയ ദേശീയ-രാഷ്ട്രീയ-സാമൂഹ്യബോധം പടര്‍ത്തുകയായിരുന്നു അദ്ദേഹം. ശങ്കര്‍ ഗുഹാ നിയോഗിയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുമൊക്കെ രംഗത്തുവരുന്നത് ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. അവരും തന്‍വീറും പലപ്പോഴും ഒന്നുചേര്‍ന്നു.


'ചരണ്‍ദാസ് ചോര്‍' അരങ്ങത്തെത്തിയ എല്ലായിടത്തും കാഴ്ചക്കാര്‍ കള്ളന്റെ വേഷത്തിനൊപ്പിച്ച് ആടിയും പാടിയും ഉന്മത്തരായി. ഭാഷ ആശയവിനിമയത്തിന് കേവല ഉപാധി പോലുമല്ലെന്ന വിധത്തില്‍ മറുനാട്ടുകാര്‍ക്കു മുന്നില്‍ ചുരുക്കിക്കളഞ്ഞു. നാടന്‍ കലയുടെ എല്ലാ വന്യ തീവ്രതയും നാടകത്തിനുണ്ടായിരുന്നു. കൊച്ചിയില്‍ പത്ത് വര്‍ഷം മുമ്പ് അവതരിപ്പിച്ച 'ചരണ്‍ദാസ് ചോര്‍' കാണികള്‍ ഏറ്റുവാങ്ങിയത് അവസാന നിമിഷങ്ങളില്‍ പാട്ടിനൊപ്പിച്ച് മിനിറ്റുകള്‍ നീണ്ടകൈയടിയോടെയാണ്. ഒരു പക്ഷേ, കേരളത്തില്‍ ഒരു നാടകത്തിനുവേണ്ടിയും ഇത്രയേറെ മലയാളി കൈയടിച്ചിട്ടുണ്ടാവില്ല. അന്ന് നാടകം ഒരിക്കല്‍കൂടി കണ്ടിറങ്ങിയ നരേന്ദ്ര പ്രസാദ് വിളിച്ചു പറഞ്ഞു: 'ഇന്ത്യയിലൊരു നാടകമേയുള്ളൂ. അത് ഇതാണ്''.
നാടകാവതരണം മറ്റൊന്നു കൂടി കാട്ടിത്തന്നു. കലാകാരന്റെ ദയനീയ ജീവിതം. നാടകോത്സവവേദിക്കു പിന്നിലെ ഭക്ഷണ ശാലയില്‍ ബാക്കി വന്ന ഭക്ഷണം ഭാണ്ഡങ്ങളിലാക്കുവാന്‍, വിശപ്പടക്കാന്‍ നായക നടനും നടിയും സാധാരണക്കാരില്‍ സാധാരണക്കാരായത്. ഏറ്റവും കൂടുതല്‍ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ട ആധുനിക നാടകവും ' ചരണ്‍ദാസ് ചോറാ'യിരിക്കും. ശ്യാം ബെനഗല്‍ നാടകം സിനിമയുമാക്കി.
എണ്‍പതഞ്ചാം വയസ്സിലും തളരാതെ, ഒട്ടും മടികൂടാതെ തന്‍വീര്‍ പ്രവര്‍ത്തിച്ചു. കലാ പ്രവര്‍ത്തനം സമൂഹമുന്നേറ്റവുമായി ചേര്‍ന്നിണങ്ങണമെന്ന തന്റെ ശാഠ്യം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു: '' നാടകമെന്നത് കലാപത്തിന്റെ ഒരു മാര്‍ഗ്ഗം മാത്രമാണ്''. ഇതിന്റെ ഭാഗമായി രാഷ്ട്രീയ തെരുവുനാടകങ്ങള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം പടര്‍ത്തിയതും തന്‍വീറാണ്. സഫ്ദര്‍ ഹഷ്മിയും ജനനാട്യമഞ്ചും ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ സൃഷ്ടിതന്നെ. 1980 ല്‍ ജനനാട്യമഞ്ചിന് വേണ്ടി 'മോടി റാം കാ സത്യഗ്രഹ' തന്‍വീര്‍ സംവിധാനം ചെയ്തു. സഫ്ദറിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു. അത്. അതായിരുന്നു 'ജനനാട്യമഞ്ചി'ന്റെ യഥാര്‍ത്ഥ തുടക്കം. ഡല്‍ഹിയില്‍ സവര്‍ണ ഫാസിസത്തിന് എന്നും വെല്ലുവിളിയുയര്‍ത്തുന്ന 'സഫ്മതിന്റെ' സംഘാടകരിലൊരാളും കൂടിയായിരുന്നു മരിക്കുന്നതുവരെ തന്‍വീര്‍. സാമ്രാജ്യത്വ- വര്‍ഗീയ വിരുദ്ധതയായിരുന്നു തന്‍വീറിന്റെ മുഖ്യ അജണ്ട. അതുകൊണ്ടാണ് ഗുജറാത്തിലെ ന്യൂനപക്ഷങ്ങള്‍ കൂട്ട നരഹത്യയ്ക്കിരയായപ്പോള്‍ തന്‍വീര്‍ അവിടെ ഓടിയെത്തിയത്. കാലകാരന്‍മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും അണിനിരത്തി മോഡിയുടെ രാജി അദ്ദേഹം ആവശ്യപ്പെട്ടു.
''ഗുജറാത്ത് കലാപം ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്. അവിടെ മുസ്ലിംങ്ങളെ ആസൂത്രിതമായി കൂട്ടക്കൊലക്കിരയാക്കുകയായിരുന്നു. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മുസ്‌ളിങ്ങളും അവരുടെ സ്ഥാപനങ്ങളും ഏതു നിമിഷവും ആക്രമിക്കപ്പെടുന്ന അവസ്ഥയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ഞങ്ങള്‍ കണ്ടു. അവിടെ വച്ച് ഞങ്ങളെയും ആക്രമിക്കാന്‍ വര്‍ഗീയവാദികള്‍ ശ്രമിച്ചിരുന്നു.''.
തന്‍വീറും അദ്ദേഹത്തിന്റെ നാടകങ്ങളും വര്‍ഗീയവാദികള്‍ക്ക് എന്നും അസഹനീയമായിരുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷ അടിച്ചമര്‍ത്തലുകളെ വിശാല കാഴ്ചപ്പാടില്‍ അവതരിപ്പിച്ച 'ജിസ്‌നേ ലാഹോര്‍ നഹീ ദേഖാ വോ ജനമയീ നഹീന്‍' തടസ്സപ്പെടുത്താന്‍ അവര്‍ വന്നെത്തിയത്. ഭീഷണിക്ക് വഴങ്ങിലെന്ന തന്‍വീറിന്റെ നിശ്ചയത്തിനായിരുന്നു വിജയം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി നടന്ന പോരാട്ടം കൂടിയായിരുന്നു അത്.
ഹിന്ദുവര്‍ഗീയവാദം ശക്തമായിക്കൊണ്ടിരുന്ന കാലത്ത് തന്നെ അതിനെതിരെയുള്ള പോരാട്ടങ്ങില്‍ തന്‍വീര്‍ മുന്നില്‍ നിന്നു. 90 കളില്‍ 'പോങ്ങ പണ്ഡിറ്റ്' എന്ന നാടകം സംവിധാനം ചെയ്താണ് വര്‍ഗീയവാദികള്‍ ഒരു പ്രഹരം നല്‍കുന്നത്. 1930 ല്‍ സുഖ്‌റാം, സീതാറാമം എന്നീ രണ്ടുപേര്‍ ഛത്തീസ്ഗഢ് ഭാഷയില്‍ എഴുതിയ നാടകത്തെ പുനരവതരിപ്പിച്ചായിരുന്നു അത്. ഹിന്ദുവര്‍ഗീയവാദികള്‍ നാടകം പലയിടത്തും തടഞ്ഞു. പലപ്പോഴും കായികമായി ആക്രമിക്കാന്‍ ശ്രമിച്ചു. കൊച്ചിയില്‍ എഴുവര്‍ഷം മുമ്പ് വന്നത് വിവാദമുയര്‍ത്തിയ 'ജിസ്‌നേ ലാഹോര്‍ നഹീ ദേഖാ വോ ജനമയീ നഹീന്‍' എന്ന നാടകവുമായായിരുന്നു. ഗുജാറാത്തിലെ മുസ്ലിം നരഹത്യയെ വിശാലമായ കാഴ്ചപ്പാടില്‍ അവതിരപ്പിക്കുന്നതായിരുന്നു നാടകം. ഈ നാടകത്തിന് ഗുജറാത്തിലുള്‍പ്പടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും വര്‍ഗീയവാദികള്‍ തടസ്സം സൃഷ്ടിച്ചിരുന്നു.
സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും സാംസ്‌കാരിക അപചയത്തിനുമെതിരെ സാമൂഹിക വിപ്ലവം അടിയന്തരാവാശ്യമാണെന്ന് ഇടതു സഹയാത്രികന്‍ കൂടിയായ തന്‍വീര്‍ എപ്പോഴും ആവര്‍ത്തിച്ചു. ''സാമൂഹിക മുന്നേറ്റത്തില്‍ നിന്ന് മാറി നിന്നുകൊണ്ടുള്ള ഒരു കലാപ്രവര്‍ത്തനവും നല്ലതല്ല''. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ സാമൂഹിക പ്രവര്‍ത്തകരും കലാകാരന്‍മാരും സാഹിത്യകാരന്‍മാരും യോജിച്ച വേദി കണ്ടെത്താനും തന്‍വീര്‍ ശ്രമിച്ചു. ''പഴയ 'ഇപ്റ്റ' പോര. അതിനേക്കാള്‍ ശക്തവും കെട്ടുറപ്പും പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പറ്റുകയും ചെയ്യുന്ന ഒന്ന് സംഘടിപ്പിക്കണം''. പക്ഷേ, കലാകാരന്‍മാര്‍ക്ക് എത്രമാത്രം സാമൂഹ്യ മുന്നേറ്റത്തില്‍ പങ്ക് വഹിക്കാനാവും?
''രാജ്യം നേരിടുന്ന വര്‍ഗീയ വാദ വെല്ലുവിളികള്‍ക്കെതിരെ കാലകാരന്‍മാര്‍ക്ക് ചെറു പങ്കാണ് വഹിക്കാനുള്ളത്. പക്ഷേ അത് പ്രധാനപ്പെട്ടതാണ്. അതവര്‍ വഹിക്കുന്നില്ല. പലപ്പോഴും കലാകാരന്‍മാര്‍ വര്‍ഗീയവാദത്തിന് പിണിയാളാകുന്നതാണ് കണ്ടുവരുന്നത്.''-വേദനയോടെ തന്‍വീര്‍ പറഞ്ഞു.
കലാപ്രവര്‍ത്തനത്തേക്കാള്‍ സമൂഹ രംഗത്ത് തുടരുന്നതിന് ന്യായീകരണവും അദ്ദേഹം നിരത്തി: ''ചരിത്രത്തോട് നീതി പുലര്‍ത്താന്‍ തലമുറയ്ക്ക് കഴിയണമെങ്കില്‍ സമൂഹ തിന്‍മകള്‍ക്കെതിരെ കലാപം നടത്തിയേ മതിയാകൂ. പുതു ചെറുപ്പക്കാര്‍ എന്തേ അതിനു മുതിരുന്നില്ല?. അവര്‍ തങ്ങളുടെ കടമകള്‍ നിറവേറ്റുമ്പോള്‍ ഞങ്ങള്‍ വിശ്രമിക്കും''. ആത്മഗതം പോലെ മറ്റൊന്നും തന്‍വീര്‍ പറഞ്ഞു: '' അത് അടുത്തുണ്ടാകുമെന്ന് കരുതുക വയ്യ''.
രാജ്യത്ത് ജനകീയ നാടകവേദി വെല്ലുവിളികള്‍ നേരിടുന്നുണ്ടെ് സമ്മതിക്കാന്‍ തന്‍വീര്‍ മടിച്ചില്ല. പക്ഷേ അതൊരു താല്‍ക്കാലിക പ്രതിഭാസമായി മാത്രമാണ് അദ്ദേഹം കണ്ടത്. ''വിപ്ലവ വേലിയേറ്റ-ഇറക്കങ്ങള്‍ പോലെ നാടകവും ചലനാത്മകമാണ്. ഇന്ന് നാടകം പിന്നോട്ടുപോകുന്നുവെങ്കില്‍ നാളെ വന്‍ കുതിച്ചു ചാട്ടത്തോടെ തിരിച്ചുവരും. നാടകമാണ് ഏറ്റവും വലിയ ജനീകയ കല. അണിയറ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിനിമയിലേക്കും ടിവിയിലേക്കും ചേക്കേറുന്നതാണ് നാടകത്തിന് ഇന്ന് ഭീഷണി. വമ്പിച്ച മുതല്‍ മുടക്ക് വേണ്ടിവരുന്നതും അമേച്വര്‍ നാടങ്ങളെ തളര്‍ന്നുന്നു.''
'ഭോപ്പാല്‍' എന്ന നാടകത്തിന്റെ പണിപ്പുരയിലായിരുന്നു അന്ന് കാണുമ്പോള്‍ തന്‍വീര്‍. എന്തുകൊണ്ട് ഭോപ്പാല്‍? ''യുണിയന്‍ കാര്‍ബൈഡ് കമ്പനി നടത്തിയ കൂട്ടക്കൊല 17 വര്‍ഷം പിന്നിടുമ്പോഴും ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. തുടക്കം മുതല്‍ ഞങ്ങള്‍ നടത്തിയ സമരം മൂലം പേരിന് എന്തൊക്കെയോ സാമ്പത്തിക സഹായം ഇരകള്‍ക്ക് മേടിച്ചു നല്‍കാനായി എന്നു മാത്രം. സമരം തുടരാന്‍ പോകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് നാടകം''.
നാടകത്തില്‍ നവ പരീക്ഷണങ്ങള്‍ വിരളമായേ നടക്കുന്നുള്ളൂവെന്ന് പക്ഷക്കാരനായിരുന്നു തന്‍വീര്‍. മലയാളത്തില്‍ കാവാലത്തെയും ചന്ദ്രദാസിനെയും പുകഴ്ത്തിയിരുന്ന അദ്ദേഹം മലയാള നാടകം എണ്‍പതുകളിലെ അവസ്ഥയുമായി തുലനം ചെയ്യുമ്പോള്‍ പരിതാപകരമാണെന്നാണ് അഭിപ്രായക്കാരനായിരുന്നു. കൊച്ചിയില്‍ രണ്ട് വര്‍ഷം മുമ്പ് വന്നപ്പോഴും അതേ നിലപാട് ആവര്‍ത്തിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ 'ചരണ്‍ദാസ് ചോറി'ന്റെ മലയാള ഭാഷാന്തരീകരണം കാണായിരുന്നു അത്തവണ വന്നത്.
2006 ല്‍ 'രാജ് രക്ത്' എന്ന നാടകം എഴുതി. രവീന്ദ നാഥ് ടാഗോറിന്റെ നോവിലിനെയും നാടകത്തെയും ആസ്പദമാക്കിയായിരുന്നു ഈ നാടകം.
മരിക്കുമ്പോള്‍ ആത്മകഥയുടെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
നാടകപ്രവര്‍ത്തനങ്ങള്‍ക്കിയ്ക്ക് സിനിമയിലും മുഖം കാട്ടിയിരുന്നു. 1953 ല്‍ ഇറങ്ങിയ 'ഫുട്പാത്ത്' മുതല്‍ 2008 ല്‍ പുറത്തുവന്ന 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' എന്നിങ്ങനെ ഒമ്പത് സിനികളില്‍ മാത്രം. എന്തുകൊണ്ട് കൈവിരലിലെണ്ണാവുന്ന സിനിമകള്‍? '' എനിക്ക് സിനിമയോടല്ല താല്‍പര്യം. നാടകത്തോടാണ്. നാടകമാണ് എന്റെ കല. അടുപ്പമുള്ളവര്‍ വിളിച്ചപ്പോള്‍, ഒഴിവാക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് അതിലൊക്കെ വേഷമിട്ടത്. അഭിനയം മറക്കാതിരിക്കാനുള്ള ചില പരിശീലനമായിരുന്നു അത്''. പകുതി ചിരിയോടും പകുതി കാര്യവുമായും തന്‍വീര്‍ പറഞ്ഞു.
ഭാര്യ മോണിക്ക മിശ്രയും മകള്‍ നഗീനും നയാ തീയേറ്ററിലുണ്ടായിരുന്നു. മോണിക്ക മിശ്ര നാല് വര്‍ഷം മുമ്പ് മരിച്ചു. ഇപ്പോള്‍ നഗീനാണ് നയാതീയറ്ററിന്റെ മേല്‍നോട്ടം. ഛത്തീസ്ഗഢിലുള്‍പ്പടെ വിവിധ ദേശങ്ങളില്‍ നിന്നെത്തിയ കാലകാരന്‍മാരും നാടകവിദ്യാര്‍ത്ഥികളും അണിയറ പ്രവര്‍ത്തകരുമെല്ലാം ചേര്‍ന്ന വലിയ കളരിയാണ്, കുടുംബമാണ് നയാ തീയറ്റര്‍. രാജ്യത്തിനകത്തും പുറത്തുമായി വിശാലമായ ശിഷ്യ സമ്പത്തും തന്‍വീറിനുണ്ടായിരുന്നു. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലും വിദേശ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും സന്ദര്‍ശക അധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം.
നാടടത്തിനും കവിതയ്ക്കും നല്‍കിയ സംഭാവനകള്‍ക്ക് നിരവധി അംഗീകാരങ്ങളും തന്‍വീറിനെ തേടിയെത്തി. ചരണ്‍ദാസ് ചോറിന് എഡ്വിന്‍ബറോ അന്താരാഷ്ട്ര നാടകോത്സവത്തില്‍ മികച്ച നാടക പുരസ്‌കാരം. സംഗീത നാടക അക്കാദമി അവാര്‍ഡ്. നടികര്‍ തിലകം അവാര്‍ഡ്. കവിതയ്ക്ക് ഹിന്ദി സാഹിത്യ ഭാവഭൂതി അവാര്‍ഡ്. പിന്നാലെ സര്‍ക്കാരിന്റെ പത്മശ്രീയും പത്മഭൂഷണൂം. 1972-78 വരെ രാജ്യസഭയില്‍ അംഗവുമായിരുന്നു.
പ്രകൃതത്തിലും സംസാരത്തിലും തീര്‍ത്തും സാധാരണക്കാരനായിരുന്നു തന്‍വീര്‍. നാട്ടിന്‍ പുറത്തെ പ്രായം ചെന്ന വ്യക്തിയെപ്പോലെ പുകയില നിറച്ച കവര്‍ പാന്റിന്റെ കീശയില്‍ എപ്പോഴും കൊണ്ടുനടന്നു. സ്ഥിരമായി കടിച്ചു പിടിച്ച പൈപ്പ് മാത്രമായിരുന്നു വ്യത്യസ്തത. ഇടയ്ക്കിടെ കവര്‍ തുറന്ന് പൈപ്പില്‍ പുകയില നിറച്ച് ആഞ്ഞുവലിച്ചുകൊണ്ടേയിരിക്കും.
സംസാരത്തിനൊടുവില്‍ പോകാനായി എഴുന്നേറ്റപ്പോള്‍ തുടര്‍ച്ചയായ പുകവലിയിലെ അപകട സാധ്യത സൂചിപ്പിച്ചു. മറുപടി ചിരിച്ചുകൊണ്ട്: '' വൃദ്ധനായി. മരണം അടുത്തെത്തി. പിന്നെന്തിന് ശീലം വിടണം''.
നാടക സങ്കല്‍പ്പത്തിന്റെ പൂര്‍ണ്ണതയിലാണോ ഈ മരണ ചിന്തയെന്ന ചോദ്യത്തിന് നിഷേധമായിരുന്നു. ഉത്തരം: ''നാടകം ആരംഭിച്ചിട്ടേയുള്ളൂ. ഇനിയുമേറെ ചെയ്യാനുണ്ട്''.
മരണത്തിനും നാടകത്തിനുമിടയിലെ യുക്തിവിരുദ്ധത ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു നിമിഷത്തെ മൗനം. പിന്നെ സ്‌നേഹപൂര്‍വം തോളത്തു തട്ടി, കാത്തിരിക്കുന്ന സഹപ്രവര്‍ത്തകരിലേക്ക്, നാടകത്തിന്റെ തിരക്കിലേക്ക് മടങ്ങി.
ഇപ്പോള്‍ അരങ്ങ് ഒഴിഞ്ഞിക്കുന്നു. രംഗം ശൂന്യം. പക്ഷേ, കര്‍ട്ടന്‍ വീഴില്ല. കാരണം തന്‍വീറിന്റെ നാടകത്തില്‍ കര്‍ട്ടനേ ഇല്ലായിരുന്നു.

Samakaalika Malayalam vaarika
2009 June

No comments:

Post a Comment