Thursday, August 26, 2010

കറുത്തപൗര്‍ണമിയും പാട്ടിന്റെ പാലരുവിയും

ജീവിതകഥയില്‍ നിന്ന് ചില ഏടുകള്‍/പാട്ടോര്‍മ
എം.കെ. അര്‍ജുനനന്‍/ബിജുരാജ്




എം.കെ. അര്‍ജുനനന്‍ ഫോട്ടോ: സൂരജ് കൊമ്മാടി






മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ മുമ്പാണ്. ഞാന്‍ കൊച്ചിയില്‍ നിന്ന് മദ്രാസില്‍ ചെല്ലുന്നു. ജെ. ശശികുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പാഞ്ജലി' എന്ന സിനിമയുടെ വര്‍ക്കിനുവേണ്ടിയാണ് ഞാന്‍ അവിടെയെത്തുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഈണം കൊടുക്കണം. ദീപക് കമ്പയിന്‍സിന്റെ ബാനറില്‍ സത്യവും അസംഭായും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. പ്രൊഡക്ഷന്‍ മാനേജര്‍ അന്തിക്കാട് മണി കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നു. കാറില്‍ കയറി. പതിവ് ഹോട്ടലിലേക്കല്ല ഇത്തവണ യാത്ര. 'ഏത് ഹോട്ടലിലേക്കാണ്' ഞാന്‍ മണിയോട് ചോദിച്ചു. 'ഹോട്ടലിലേക്കല്ല, ഓഫീസിലേക്കാണ് പോകുന്നത ്' എന്നു മണി മറുപടി പറഞ്ഞു. ഓഫീസില്‍ ഇരുന്ന് എങ്ങനെ സംഗീതസംവിധാനം ചെയ്യാനാണ്, അവിടെ അതിന് സൗകര്യമുണ്ടാകുമോ എന്നൊക്കെയായിരുന്നു എന്റെ ചിന്ത.
'ഹോട്ടല്‍ മുറിയേക്കാള്‍ സൗകര്യമുണ്ട് ഓഫീസില്‍. എ.സിയും മറ്റുമുണ്ട്. പ്രൊഡ്യൂസര്‍ക്ക് പാട്ട് കേള്‍ക്കാനും അതാണ് നല്ലത്', മണി പറഞ്ഞു.
അവിടെ ചെന്നപ്പോള്‍ എല്ലാവരുമുണ്ട്. സംവിധായകനും നിര്‍മാതാവുമെല്ലാം. ഓഫീസില്‍ അത്യാവശ്യം സൗകര്യങ്ങളുണ്ട്. തങ്ങാനും പാട്ട് ചിട്ടപ്പെടുത്താനും സ്ഥലം ധാരാളം. കുളി കഴിഞ്ഞ് ഉഷാറായി ചെല്ലുമ്പോള്‍ സംവിധായകന്‍ സിനിമയുടെ കഥ പറഞ്ഞു. പാട്ടിന്റെ സിറ്റുവേഷന്‍ പറഞ്ഞു. പിന്നെ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ കൈയില്‍ തന്നു. ട്യൂണ്‍ എപ്പോള്‍ തരുമെന്ന ചോദ്യത്തിന് 'രണ്ടുദിവസം കഴിഞ്ഞു പറയാം' എന്നായിരുന്നു മറുപടി.
ഒരുവിധം പാട്ട് ചിട്ടപ്പെടുത്തി സംവിധായകനെയും മറ്റും കേള്‍പ്പിക്കാനെത്തി. പാട്ട് കേട്ടശേഷം നിര്‍മാതാക്കളിലൊരാളായ സത്യം പറഞ്ഞു:'പല്ലവി ഒ.കെ. അത് സിറ്റുവേഷന് ഇണങ്ങുന്നുണ്ട്. പക്ഷേ അനുപല്ലവിയും ചരണവും മാറ്റണം. അത് വെവ്വേറെ ട്യൂണില്‍ ചെയ്യണം'. ഇപ്പോള്‍ തന്നെ ശ്രമിക്കൂ എന്നും പറഞ്ഞു. എന്നിട്ട് അവര്‍ മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു. ഞാനവിടെ തന്നെയിരുന്ന് 45 മിനിറ്റ്‌കൊണ്ട് അനുപല്ലവിയും ചരണവും മാറ്റി. അവര്‍ പറഞ്ഞതുപോലെ രണ്ട് വ്യത്യസ്ത രാഗങ്ങളിലാണ് രണ്ടും ചിട്ടപ്പെടുത്തിയത്. അതായത് വ്യത്യസ്ത രാഗങ്ങള്‍ കോര്‍ത്തിണക്കുന്ന രാഗമാലിക എന്ന രാഗത്തില്‍. പാട്ട് കേട്ടപ്പോള്‍ സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമൊക്കെ തൃപ്തി. സന്തോഷം. ശശികുമാര്‍ അക്കാലത്തെ ഹിറ്റ് സംവിധായകനാണ്. ഞാന്‍ 'റസ്റ്റ്ഹൗസ്' ഉള്‍പ്പടെ അദ്ദേഹത്തിന്റെ ഒന്ന് രണ്ടു സിനിമകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. 'പ്രിയതമേ, പ്രഭാതമേ..' എന്ന പാട്ടാണ് രാഗമാലികയില്‍ ഞാന്‍ ചിട്ടപ്പെടുത്തിയത്. അത് പിന്നീട് ഹിറ്റായി.
ഞാനീ കഥ പറയാന്‍ കാരണം അതൊന്നുമല്ല. എന്നെ അവര്‍ പരീക്ഷിക്കുകയായിരുന്നു. കാരണം ഞാന്‍ ചെല്ലുന്നതിന് തലേന്ന് ഒരു സൗഹൃദ സദസ്സില്‍ പ്രൊഡ്യൂസര്‍ തന്റെ അടുത്ത സിനിമയ്ക്ക് സംഗീതം എം.കെ. ആര്‍ജുനനാണ് നല്‍കുന്നത് പ്രഖ്യാപിച്ചു. അപ്പോള്‍ ആരോ പറഞ്ഞത്രേ, 'അത് ദേവരാജന്‍ മാഷിന്റെ ശിഷ്യനല്ലേ...എം.കെ. അര്‍ജുനനന്‍ എന്നു പറയുന്നത് ശരിക്കും ദേവരാജന്‍ മാസ്റ്റര്‍ തന്നെയാണ്. അദ്ദേഹത്തിന്റെ കള്ളപ്പേരാണ് അത്. പാട്ടിന് ഈണം കൊടുത്തശേഷം ശിഷ്യന്റെ പേര് വെറുതെ വയ്ക്കുന്നതാണ്'. പ്രൊഡ്യൂസര്‍ ആകെ വിഷമത്തിലായി. അദ്ദേഹം ഉടന്‍ ശ്രീകുമാരന്‍ തമ്പിയെ വിളിച്ചു. അര്‍ജുനന്‍ തന്നെയാണ് പാട്ട് ചിട്ടപ്പെടുത്തുന്നത് ശ്രീകുമാരന്‍ തമ്പി പറഞ്ഞെങ്കിലും അദ്ദേഹത്തിന് വിശ്വാസമായില്ല. ശ്രീകുമാരന്‍ തമ്പിക്ക് എന്നെ അറിയാം. കാരണം ഞങ്ങള്‍ ഒരുമിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നു. എന്നാലും പരീക്ഷിക്കണമെന്ന് നിര്‍മാതാവിനും മറ്റും നിര്‍ബന്ധം. ശ്രീകുമാരന്‍ തമ്പി വഴങ്ങിക്കൊടുത്തു. കണ്‍മുന്നില്‍ പാട്ടിന് ഈണം കൊടുത്തതോടെ എല്ലാവര്‍ക്കും വിശ്വാസമായി. ഈണം കൊടുത്തു തിരിച്ച് കൊച്ചിക്ക് മടങ്ങാന്‍ റെയില്‍വേ സ്്‌റ്റേഷനിലേക്ക് വരുന്നതിനിടെ മണിയാണ് നടന്ന കാര്യം മുഴുവന്‍ എന്നോട് പറയുന്നത്. എനിക്ക് വലിയ സന്തോഷം തോന്നി. അഭിമാനവും. കാരണം എന്നെപ്പറ്റി രഹസ്യമായി പ്രചരിച്ചിരുന്ന ഒരു കാര്യം അതോടെ പൊളിഞ്ഞു. പിന്നീടാരും സിനിമാ ജീവിതത്തില്‍ ഇത്തരം ഒരു പരീക്ഷണത്തിന് തുനിഞ്ഞിട്ടില്ല. ആ സിനിമയില്‍ വേറെയും ഹിറ്റുഗാനങ്ങള്‍ ഉണ്ടായിരുന്നു. 'ദു:ഖമേ നിനക്ക്...', 'നീല രാവിനു ലഹരി...', 'പവിഴംകൊണ്ടൊരു കൊട്ടാരം...' എന്നീ പാട്ടുകള്‍. ദര്‍ബാരി കാനഡയില്‍ ചിട്ടപ്പെടുത്തിയതാണ് അതിലെ 'ദു:ഖമേ' എന്ന പാട്ട്. സിനിമയും പാട്ടുമെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. 1972 ല്‍ പുറത്തിറങ്ങിയ ആ സിനിമയൂടെ മറ്റൊരു പ്രത്യേകത അതില്‍ പ്രേംനസീര്‍ മൂന്നുവേഷത്തില്‍ അഭിനയിക്കുന്നു എന്നതായിരുന്നു. അച്ഛന്റെയും രണ്ടുമക്കളുടെയും വേഷം. പാട്ടുകള്‍ ഹിറ്റായത് എനിക്കും കുറേ പ്രശസ്തി നേടിത്തന്നു. സന്തോഷത്തോടെ ചിരിക്കുന്ന, അന്നത്തെ ശശികുമാറിന്റെ മുഖം മനസ്സില്‍ ഇപ്പോഴുമുണ്ട്.
വര്‍ഷങ്ങള്‍ കുറേ കഴിഞ്ഞിരിക്കുന്നു. എന്നാലും സംഗീതസംവിധാനവുമായി ബന്ധപ്പെട്ട ഇന്നലെകളെപ്പറ്റി ചിന്തിക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു രംഗമാണിത്.
ഞാന്‍ സംഗീത സംവിധായകന്‍ ആയി അറിയപ്പെടാന്‍ തുടങ്ങുന്ന ഒരു നാളിലെ സംഭവമാണിത്. പക്ഷേ, അവിടേക്ക് എത്തും മുമ്പ് ദുരിതം നിറഞ്ഞ ഒരു ബാല്യമുണ്ടായിരുന്നു എനിക്ക്. ആ ദുരിതങ്ങള്‍ മറികടക്കാന്‍ ഒറ്റയ്ക്ക് നടത്തിയ യാത്രയാണ് എന്നെ സംഗീത സംവിധാനത്തിലേക്ക് എത്തിക്കുന്നത്.


ദരിദ്രബാല്യത്തിന്റെ ഈരടികള്‍


ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്താണ് ഞാന്‍ ജനിച്ചത്. 1936 ല്‍. അച്ഛന്‍ കൊച്ചുകുഞ്ഞ്. അമ്മയുടെ പേര് പാറു. പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു ഞാന്‍. ഞാന്‍ ജനിച്ച് ആറുമാസത്തിനകം അച്ഛന്‍ മരിച്ചുപോയി. അതുകൊണ്ട് തന്നെ അച്ഛനെ കണ്ട ഓര്‍മിയില്ല. ആസ്പിന്‍വാള്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അച്ഛന്‍. മരിക്കുമ്പോള്‍ കുറെ പ്രാരാബ്ധങ്ങള്‍ മാത്രമായിരുന്നു കുടുംബത്തിന്റെ സമ്പാദ്യമായി ശേഷിച്ചിരുന്നത്.
പതിനാല് സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും എനിക്കോര്‍മ വെക്കുമ്പോള്‍ ആകെ നാലു പേരേ ശേഷിച്ചിരുന്നുള്ളൂ. ഓരോരുത്തരായി ഓരോ സമയത്ത് മരിച്ചുപോയി. മക്കളെ പോറ്റാന്‍ അമ്മ പെടാപാടുപെട്ടു. പകലന്തിയോളം പണിയെടുത്തു. എന്നിട്ടും വിശപ്പ് മാത്രം ബാക്കി. പട്ടിണിയായിരുന്നു കൂട്ട്. അതുകൊണ്ട് തന്നെ ഒന്നും ആഗ്രഹിക്കാതെയാണ് ഞാന്‍ വളര്‍ന്നത്. ഒന്നിനുമുള്ള ശേഷി കുടുംബത്തിന് ഇല്ലായിരുന്നു എന്നതാണ് സത്യം. ദാരിദ്ര്യം വല്ലാതെ ഞങ്ങളെ ഞെരുക്കി. ഉടുക്കാന്‍ വസ്ത്രമില്ല. ഇടക്കൊച്ചി താമരപ്പറമ്പ് സ്‌കൂളിലായിരുന്നു എന്നെ ചേര്‍ത്തത്. സ്‌കൂളില്‍ ചേര്‍ന്നെങ്കിലും പണിയെടുക്കുന്ന അമ്മയ്ക്കു താങ്ങാകാന്‍ രണ്ടാം ക്ലാസ്സില്‍ ഞാന്‍ പഠനം നിര്‍ത്തി. പിന്നെ പലഹാരമുണ്ടാക്കി കൊണ്ടുനടന്നു വിറ്റു. എന്റെയും സഹോദരങ്ങളുടെയും വിശപ്പടക്കുകയായിരുന്നു ലക്ഷ്യം. വീടുകളില്‍ ജോലിക്കു നിന്നു. ചുമട് എടുത്തു. കൂലിപ്പണി ചെയ്തു. പക്ഷേ ജീവിതം പട്ടിണിയില്‍ ഇഴഞ്ഞു നീങ്ങി.
പാട്ട് കേള്‍ക്കുന്നത് അന്നും ഇഷ്ടമാണ്. ഗ്രാമഫോണ്‍ വളരെ കുറച്ചു വീട്ടിലേയുള്ളൂ. ഫോര്‍ട്ട്‌കൊച്ചി പക്ഷേ സംഗീതത്തിന്റെ കേന്ദ്രമാണ്. ഇന്നും ഏറെക്കുറെ അങ്ങനെതന്നെയാണ്. പലവീടുകളില്‍ നിന്നും പാട്ടുയരും. പാട്ടുപെട്ടിയില്‍നിന്ന് മാത്രമല്ല. അന്ന് ഫോര്‍ട്ട്‌കൊച്ചിയില്‍ നല്ല ഗായകരുണ്ട്. സംഗീതകൂട്ടായ്മകളുണ്ട്. ഗസല്‍ സായാഹ്നങ്ങളുണ്ട്. എവിടെയെങ്കിലും പാട്ട് കേട്ടാല്‍ ഞാനും ചേട്ടനും അവിടെ നിന്ന് അത് കേള്‍ക്കും. അതിന്റെ വരികള്‍ മൂളിനോക്കും.
പട്ടിണി ഒഴിഞ്ഞത് സിനിമയില്‍ എത്തുന്നതിനുശേഷമാണ്. പക്ഷേ ഫോര്‍ട്ട്‌കൊച്ചിയിലെ ബാല്യത്തില്‍നിന്ന് മദ്രാസിലെ സിനിമാ ജീവിതത്തിലേക്കുള്ള ദൂരം ഏറെയായിരുന്നു. യുഗങ്ങളായിരുന്നു അതിന് നീളം. ഇന്ന് ഞാന്‍ സംതൃപ്തനാണ്. ജീവിതം പാഴായില്ല. എന്തൊക്കെയോ ചെയ്യാനായിരിക്കുന്നു. എന്നാലും, ദാരിദ്ര്യം തീര്‍ത്ത അന്നത്തെക്കാലം ഇന്നും മനസ്സിലുണ്ട്. ഒരു വിങ്ങലായി, നീറുന്ന ഓര്‍മകളായി.


പഴനിയിലെ ആശ്രമം, ഭജനകള്‍

ഞങ്ങളുടെ ദുരിതം കണ്ടു വിഷമം തോന്നിയ, കുടുംബ സുഹൃത്തായ രാമന്‍വൈദ്യര്‍ ഒരു വഴി നിര്‍ദേശിച്ചു. പഴനിയിലെ ജീവകാരുണ്യാനന്ദ ആശ്രമത്തിന്റെ അനാഥാലയത്തില്‍ എന്നെയും ജ്യേഷ്ഠന്‍ പ്രഭാകരനെയും ആക്കാം. ഫോര്‍ട്ട് കൊച്ചിയിലിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു രാമന്‍ വൈദ്യര്‍. അവിടെയാകുമ്പോള്‍ സമയത്തിന് ഭക്ഷണം കിട്ടും. അന്നത്തിന് മുടക്കമുണ്ടാവില്ല.
അമ്മയ്ക്ക് ആദ്യം സമ്മതമായിരുന്നില്ല. പക്ഷേ ആ പാവം എന്തുചെയ്യാന്‍. രണ്ടുപേരെങ്കിലും പട്ടിണിയില്‍ നിന്നു രക്ഷപ്പെടുമെല്ലോ എന്നു കരുതി അമ്മ കണ്ണീരോടെ ഞങ്ങളെ യാത്രയാക്കി. രാമന്‍ വൈദ്യര്‍ തന്നെയാണ് ഞങ്ങളെ അങ്ങോട്ടേക്ക് കൊണ്ടുപോകുന്നത്. വളരെ ചെറുപ്പമാണ് അന്ന്. കഷടിച്ച് ഏഴ് വയസ് കാണും.
നാരായണസ്വാമി എന്നൊരാളായിരുന്നു ആശ്രമത്തിന്റെ ചുമതലക്കാരന്‍. കാരുണ്യമുള്ളയാളാണ്. ആശ്രമത്തില്‍ എല്ലാ ദിവസവും സന്ധ്യയ്ക്ക് നാമം ചൊല്ലും. ഭജന ഗീതങ്ങള്‍ ആലപിക്കും. ഞാനും ചേട്ടനും അതില്‍ പങ്ക്‌ചേരും. ഞങ്ങള്‍ രണ്ടുപേരും നനന്നായി പാടും. ഞങ്ങളുടെ സംഗീതവാസന നാരായണസ്വാമിക്ക് പെട്ടെന്ന് മനസ്സിലായി. നിങ്ങള്‍ സംഗീതം പഠിക്കണം എന്ന് അദ്ദേഹം പറയും. ആ വലിയ മനസ്സ്് ഞങ്ങള്‍ക്ക് വേണ്ടി കുമരയ്യാപിള്ള എന്ന ഒരു സംഗീതാധ്യാപകനെ ഏര്‍പ്പാടാക്കി. വലിയ സംഗീതജ്ഞനാണ് കുമരയ്യാ പിള്ള. ഞങ്ങള്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു തന്നത് അദ്ദേഹമാണ്. വായ്പ്പാട്ട് കുറേയൊക്കെ അഭ്യസിപ്പിച്ചു. കുറച്ചൊക്കെ ഹാര്‍മോണിയം വായിക്കാനും പഠിച്ചു. ഏഴു വര്‍ഷം അവിടെ തങ്ങി. പക്ഷേ, ഞങ്ങള്‍ക്ക് തിരിച്ചുപോരേണ്ടി വന്നു. ആശ്രമത്തില്‍ അന്തേവാസികള്‍ കൂടുതലായതാണ് കാരണം. മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ ഞാനും ചേട്ടനും ഫോര്‍ട്ടുകൊച്ചിയിലേക്കു മടങ്ങി.


ഫോര്‍ട്ട്‌കൊച്ചിയിലെ ദിനങ്ങള്‍

നാട്ടില്‍ തിരിച്ചെത്തിയപ്പോഴും സംഗീതം പഠിക്കണമെന്നു തന്നെയാണ് എന്റെയും ചേട്ടന്റെയും ആഗ്രഹം. പക്ഷേ നിവര്‍ത്തിയില്ല. പലരുടേയും സഹായത്തോടെ സംഗീതപഠനം മുഴുവനാക്കാന്‍ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. തൃപ്പൂണിത്തുറ രാഘവമേനോന്റെ കീഴില്‍ കുറച്ചു കാലം സംഗീതം പഠിച്ചു. പിന്നെ വിജയരാഘവന്‍ എന്ന സംഗീതജ്ഞന്റെ കീഴിലും. തബലയും വായ്പ്പാട്ടും ഹാര്‍മോണിയവും ഇവരുടെ കീഴിലാണ് അഭ്യസിച്ചത്. കുറേയൊക്കെ സ്വയം അഭ്യസിച്ചു.
ഞങ്ങള്‍ രണ്ടുപേരും സാമാന്യം നന്നായി പാടും. അറിയപ്പെടുന്ന ഗായകരാകണം. അതാണ് ഞങ്ങളുടെ ആഗ്രഹം. സിനിമയില്‍ പാടണമെന്നൊന്നും ചിന്തിച്ചിട്ടില്ല. അന്ന് സിനിമ എന്നത് ശരിക്കും ഇല്ല. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതൊന്നും ഞങ്ങള്‍ക്ക് കൈയെത്തി തൊടാവുന്ന ദൂരത്തിലുമല്ല. നാടകവും ലക്ഷ്യമല്ല. പാട്ട് പാടി ജീവിക്കാനാവില്ല എന്നും അറിയാം. അതിനാല്‍ മറ്റ് പണികള്‍ തേടുകയായിരുന്നു ഞങ്ങള്‍. സംഗീതം എന്ന പേരില്‍ അന്ന് മനസ്സില്‍ ഉണ്ടായിരുന്നത് കച്ചേരികളാണ്. കുറേ കച്ചേരി നടത്തണം എന്നല്ലാതെ മറ്റ് മോഹങ്ങളില്ല. അതൊരു വലിയ സ്വപ്നവും ആവേശവുമായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയുടെ അടുത്തുള്ള അമ്പലങ്ങളിലും മറ്റും ഞാനും ചേട്ടനും കച്ചേരി അവതരിപ്പിക്കാന്‍ പോകും. എല്ലാം ചെറിയ ചെറിയ പരിപാടികള്‍. സംഗീത കച്ചേരി വെറുതെ ചെയ്യാവുന്ന ഒന്നല്ല. അതിന് നല്ല ശ്രമം നടത്തണം. അതിനാകട്ടെ ഞങ്ങള്‍ക്ക് അവസരമില്ല.
നാട്ടില്‍ ഗാനമേളയും മറ്റുമുണ്ടെങ്കില്‍ ഞാന്‍ ഹാര്‍മോണിയം വായിക്കും. ഇതിനിടയില്‍ ജീവിക്കാനുള്ള വക തേടി ഞാനും ചേട്ടനും പല ജോലികള്‍ ചെയ്തു. ഒരു പക്ഷേ, ഇനി ജീവിതത്തില്‍ ചെയ്യാന്‍ ജോലികളൊന്നും ബാക്കിയില്ല. ഒരു സായിപ്പിന്റെ ഒപ്പമായിരുന്നു കുറെക്കാലം. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ കാവല്‍ക്കാരനായിട്ട് പണിയെടുത്തു. ഒടുവില്‍ ഞാന്‍ ഹാര്‍മോണിയം വായന ഒരു തൊഴിലായി തന്നെ സ്വീകരിച്ചു. ചേട്ടന്‍ നിരാശയോടു കൂടി സംഗീതം വിട്ടു. കോയമ്പത്തൂരില്‍ മരയ്ക്കാര്‍ മോട്ടേഴ്‌സില്‍ ചേര്‍ന്നു. അദ്ദേഹം നല്ല മെക്കാനിക്കായി. മനസ്സില്‍ സംഗീതം താലോലിച്ചുകൊണ്ട് ഇപ്പോഴും ജ്യേഷ്ഠനുണ്ട്. മറ്റ് സഹോദരങ്ങളെല്ലാം ലോകം വിട്ടുപോയി.


നാടക രംഗങ്ങള്‍, ഗാനങ്ങള്‍

ഹാര്‍മോണിയം വായന മുഖ്യപണിയായി സ്വീകരിച്ചതോടെ കലാ രംഗത്തുള്ളവരെയൊക്കെ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. നാട്ടിലും അല്‍പം പേരായി. അങ്ങനെയിരിക്കുമ്പോഴാണ് ഒരു നാടകത്തിന് സംഗീതം കൊടുക്കാന്‍ എന്നെ വിളിക്കുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു അത്.. 1958 ലാണിത്. കോഴിക്കോട്ടുള്ള 'കൗമുദി' എന്ന നാടകസംഘത്തിനുവേണ്ടിയാണ് ക്ഷണം. കൊച്ചിയില്‍ വച്ചായിരുന്നു റിഹേഴ്‌സല്‍. 'പള്ളിക്കുറ്റം' എന്നാണ് നാടകത്തിന്റെ പേര്. പറവൂര്‍സ്വദേശിയായ പൗലോസായിരുന്നു നാടകകൃത്ത്. ടി.എം. കാസിമാണ് അതിനുവേണ്ടി പാട്ടുകള്‍ എഴുതിയത്. അശോകന്‍ (ഓട്ടന്‍തുള്ളല്‍ കലാകാരന്‍), കരിപ്പാലം ജോര്‍ജ്, മരട് ജോസഫ് തുടങ്ങിയ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ നാടത്തിന് ഗാനസംവിധാനം ഏറ്റെടുത്തത്. പാടാന്‍ അറിയാമെങ്കിലും സംഗീതം നല്‍കാനൊന്നും പിടിപാടുണ്ടായിരുന്നില്ല. അറിയാത്ത പണിയാണെങ്കിലും സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനതു ചെയ്തു. 'തമ്മിലടിച്ച തമ്പുരാക്കള്‍...'' എന്ന ഗാനത്തിനാണ് ആദ്യമായി ഈണം പകര്‍ന്നത്. എന്തായാലും ആ നാടകത്തിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു. വൈകാതെ ഈ നാടകത്തിനെതിരായി മറ്റൊരു സംഘം നാടകം ഒരുക്കി. 'എന്നിട്ടും പള്ളിക്ക് കുറ്റം' എന്നായിരുന്നു ബദല്‍നാടകത്തിന്റെ പേര്. ആ നാടകത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം കൊടുക്കാനും ഞാന്‍ ക്ഷണിക്കപ്പെട്ടു. അതോടെ നാട്ടില്‍ അത്യാവശ്യം പേരായി. തുടര്‍ന്ന് കുറേ നാടകങ്ങള്‍ കിട്ടി. ചിലതില്‍ ഹാര്‍മോണിയം വായിക്കുക മാത്രമാണ് പണി. വളരെ കുറഞ്ഞ തുക പ്രതിഫലമായി കിട്ടും. തുക കുറഞ്ഞാലും ഇഷ്്ട മേഖലയായിരുന്നതുകൊണ്ട് മറ്റൊരു രംഗത്തേക്ക് കടക്കാന്‍ തോന്നിയില്ല. ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് ഭാരതിയെ ഞാന്‍ വിവാഹം കഴിക്കുന്നത്; 1961ല്‍.
1968-69 ല്‍, കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ എത്തിയയോടെ സംഗീതകാരന്‍ എന്ന പേരില്‍ നന്നായി അറിയപ്പെടാന്‍ തുടങ്ങി. പിന്നെ കേരളത്തിലെ ഒട്ടുമിക്ക തീയേറ്റര്‍ സംഘങ്ങള്‍ക്കുവേണ്ടിയും ഞാന്‍ പാട്ടുകള്‍ ചെയ്തു. ചങ്ങനാശ്ശേരി ഗീഥ, ആലപ്പി തീയറ്റേഴ്‌സ്, മാളവിക, മാനിഷാദ, കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ്, കെ.പി.എ.സി. തുടങ്ങിയ സമിതികളിലെല്ലാം പ്രവര്‍ത്തിച്ചു. പല പാട്ടുകളും ആളുകള്‍ ഏറ്റുപാടി. നാടകരംഗത്ത് സജീവമായപ്പോള്‍ കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ യാത്രയായിരുന്നു ഒ.എന്‍.വി, തോപ്പില്‍ഭാസി, വയലാര്‍ രാമവര്‍മ, ദേവരാജന്‍ തുടങ്ങി ചെറുതും വലുതുമായ നൂറുകണക്കിനാളുകളെ പരിചയപ്പെട്ടു. പ്രതിഫലം കുറവാണെങ്കിലും നാടകവും സംഗീതവും വലിയ ആകര്‍ഷകങ്ങളായി തന്നെയാണ് തോന്നിയത്. പിന്നീട് നിനച്ചിരിക്കാതെ ഞാന്‍ സിനിമയില്‍ സജീവമായി. പക്ഷേ ഒരിക്കലും ഞാന്‍ നാടകരംഗം വിട്ടില്ല. മദ്രാസിലായിരിക്കുമ്പോഴും എങ്ങനെയെങ്കിലും സമയമുണ്ടാക്കി ഞാന്‍ നാടകത്തിന് എത്തും. കുമരകം രാജപ്പന്‍, ഫ്രാന്‍സിസ് വലപ്പാട്, വൈപ്പിന്‍ സുരേന്ദ്രന്‍ എന്നിവരാണ് എന്റെ അടുത്ത സുഹൃത്തുക്കള്‍. ഇവരിലാരെങ്കിലും റീ റെക്കാര്‍ഡിംഗ് ചെയ്യും. ഞാന്‍ വന്ന് പാട്ട് മാത്രം ചെയ്യും.
ഞാന്‍ എത്ര നാടക ഗാനങ്ങള്‍ക്ക് സംഗീതം കൊടുത്തിട്ടുണ്ട്? ഓര്‍മയില്ല. ഞാനൊരു കണക്കും എഴുതി വച്ചിട്ടില്ല. ചെയ്ത പാട്ടുകളുടെ റെക്കോഡുകള്‍ പോലുമില്ല. എന്നാലും മൂന്നുറു നാടകങ്ങളിലായി ആയിരം പാട്ടുകളെങ്കിലും ചിട്ടപ്പെടുത്തിട്ടുണ്ടാകം.
സിനിമയുടെ തിരക്ക് ഇപ്പോഴില്ല. ഇപ്പോഴും നാടകം എനിക്കൊപ്പമുണ്ട്. കെ.പി.എ.സിക്കും സൗപര്‍ണിക തിയേറ്റേഴ്‌സിനും വേണ്ടി ഇപ്പോഴും ഞാന്‍ സംഗീതം ചെയ്യുന്നു. നാടകമാണ് എന്നെ വളര്‍ത്തിയതും എന്നെ ഞാനാക്കിയതും. നാടകഗാനമാണ് എന്നും എന്റെ അടിത്തറ. എനിക്ക് അംഗീകാരങ്ങള്‍ ലഭിച്ചതും നാടകരംഗത്തു നിന്നാണ്. സംസ്ഥാനസര്‍ക്കാരിന്റെയടക്കം പല പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിച്ചു.


'യേശു'വിന്റെ ആദ്യ ഗാനസംവിധായകന്‍!

ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി ഒപ്പം ചേരുന്നതോടെയാണ് എന്റെ തലവര മാറുന്നത്. പക്ഷേ അതിനുമുമ്പ് ഫോര്‍ട്ട്‌കൊച്ചിയിലെ സുഹൃത്തിനെപ്പറ്റി പറയണം. യേശുദാസിനെപ്പറ്റി. യേശുവെന്നാണ് ഞാന്‍ വിളിക്കുക. കുട്ടിക്കാലം മുതലേ അങ്ങനെ തന്നെയായിരുന്നു വിളി. യേശുദാസും ഞാനും ഏതാണ്ട്് സമപ്രായക്കാരാണെന്നു പറയാം. എന്നാലും നാലുവയസിന്റെ മൂപ്പുണ്ടെനിക്ക്. രണ്ടുപേര്‍ക്കും പാടണം, ഗായകരാകണം എന്നൊക്കെയാണ് ആഗ്രഹം. എന്നാല്‍ ആദ്യം പരിചയപ്പെടുന്ന കാലത്ത് ഞങ്ങള്‍ക്ക് ഗായകരാകണമെന്നൊന്നുമില്ല.അന്ന് തീരെ ചെറിയ കുട്ടികളാണ് ഞങ്ങളിരുവരും.
യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ജോസഫ് ഭാഗവതരെ എല്ലാവരും അറിയും. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും പരിചയമുണ്ട്. അഗസ്റ്റിന്‍ജോസഫ് നാടകരംഗത്തെ അതികായനാണ്. നല്ല ശബ്ദം. കനിവുള്ള നോട്ടം. വൈകിട്ട് അദ്ദേഹം നടക്കാന്‍ പോകുമ്പോള്‍ ഞങ്ങളെ കാണും. കുശലം പറയും. ചെറിയ ഉപദേശങ്ങള്‍ നല്‍കും. അമ്മയെയും പരിചയമുണ്ട്. ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈപിടിച്ചു നടത്തിയത് അച്ഛന്‍ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവച്ച അഗസ്റ്റിന്‍ ജോസഫ് വളരെ കഷ്ടപ്പെട്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. കഷ്ടപ്പാടുകള്‍ക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാന്‍ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിന്‍.
വര്‍ഷം തോറും യേശുദാസിന്റെ വീട്ടില്‍ ധ്യന ചടങ്ങുകള്‍ ഉണ്ട്. ഭജനയുണ്ടാവും അതിന് ഞാനും ജ്യേഷ്ഠനും പോവും. പള്ളുരുത്തി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് യേശു കച്ചേരി നടത്തിയിരുന്നു. അന്നും കിട്ടുന്ന സമയമൊക്കെ യേശു സാധകം ചെയ്യും. പിന്നീട്, വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും മനസില്‍ അദ്ദേഹം സാധകം ചെയ്യും. പാട്ടിനുവേണ്ടി എത്രസമയം ചെലവഴിക്കാനും മടിയില്ല. കഠിനമായ അധ്വാനമാണ് അദ്ദേഹത്തിന്റെ വിജയത്തിന് ഒരു കാരണം.
അന്നും ഇന്നും യേശുദാസ് എനിക്ക് സഹോദര തുല്യനാണ്. യേശുദാസിന്റെ ആദ്യ ഗാനസംവിധായകന്‍ ഞാനാണ്! സിനിമയില്‍ യേശു പാടാന്‍ തുടങ്ങുന്നതിനും വളരെ മുമ്പാണത്. അക്കാലത്ത് പത്രത്തില്‍ അച്ചടിച്ചുവന്ന പൊന്‍കുന്നം ദാമോദരന്റെ കവിത പാര്‍ട്ടിക്കാര്‍ എന്റെ കൈയില്‍ തന്നു. ഈണം നല്‍കി കുട്ടികളെ പഠിപ്പിക്കാനായിരുന്നു അഭ്യര്‍ത്ഥന. തെരുവുനാടകത്തിന് ഉപയോഗിക്കാനാണ്. അക്കൂട്ടത്തില്‍ യേശുവുമുണ്ടായിരുന്നു. എന്റെ ഫോര്‍ട്ട് കൊച്ചിയിലെ വീടായിരുന്നു റിക്കോഡിങ് സ്ഥലം. വിദേശങ്ങളിലൊക്കെ പോകാറുള്ള, ഡോ.
വല്‍സലന്‍ എന്ന സുഹൃത്തു കൊണ്ടുവന്ന ടേപ്പ് റെക്കോര്‍ഡറിലായിരുന്നു റെക്കോര്‍ഡിങ്. യേശുദാസ് തന്റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്്ത് കേട്ടത് അന്നാണ്. പക്ഷേ അന്ന് രണ്ടുപേര്‍ക്കും കാലം ഞങ്ങള്‍ക്കായി ഒരുക്കിവച്ചിരുക്കുന്നതെന്തെന്ന് അറിയുമായിരുന്നില്ല. പിന്നീട് യേശുദാസ് ഇക്കാര്യം പലപ്പോഴും പറയും. സ്വരലയ കൈരളി അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് യേശു ഇക്കാര്യം പരസ്യമായി പറഞ്ഞു.
പിന്നെ ഞങ്ങള്‍ രണ്ടുവഴിക്കായി. യേശു മദ്രാസിലെത്തി. സിനിമയില്‍ സജീവമായി. ഞാന്‍ അക്കാലത്ത് നാടകവുമായി നടക്കുകയാണ്. പിന്നീട് ഞങ്ങള്‍ ഒരുമിച്ചത് ഞാന്‍ സിനിമയില്‍ എത്തുമ്പോഴാണ്. 1968 ല്‍ 'കറുത്ത പൗര്‍ണമി' എന്ന സിനിമയ്ക്കുവേണ്ടി ഞാനാദ്യം സംഗീതം ഒരുക്കിയപ്പോള്‍ ഗായകനായി എത്തിയത് യേശുവാണ്. അത് എന്റെ മഹാ ഭാഗ്യം. ആ സിനിമയിലെ നാലുഗാനങ്ങളും യേശുവാണ് പാടിയത്. ' മാനത്തിന്‍ മുറ്റത്ത് മഴവില്ലാല്‍ അഴകെട്ടും... 'എന്ന ഗാനം ഹിറ്റായി. അതോടെ എനിക്ക് അവസരങ്ങള്‍ കൂടി.
ഗാനത്തിന്റെയും രാഗത്തിന്റെയും അനുഭൂതി ഒട്ടും ചോര്‍ന്നുപോകാതെയാണ് യേശു പാട്ട് പാടുക. അനായാസം പാടാനുള്ള അദ്ദേഹത്തിന്റെ ജന്മവാസന നമ്മെ വിസ്മയിപ്പിക്കും. ഗാനത്തിന്റെ ഭാവം ഒപ്പിയെടുക്കാന്‍ അദ്ദേഹത്തിന് കുറച്ചു മിനിറ്റുകള്‍ മാത്രം മതി. യേശുദാസിന്റെ പാട്ടുകളില്‍ ഞാന്‍ സംഗീതം നല്‍കിയ മൂന്നുറു ഗാനങ്ങളെങ്കിലുമുണ്ടാവും.
യേശുവുമായി ചെവലിട്ട നിമിഷളെപ്പറ്റിയാണെങ്കില്‍ ഓര്‍മിക്കാന്‍ ഒത്തിരിയുണ്ട്. ഒരിക്കല്‍, യേശു ഒരു കോളജ് കലോല്‍സവത്തിന് പാട്ട് പാടുന്ന രീതിയിയില്‍ ഞങ്ങള്‍ ഒരു ഗാനത്തിന്റെ റെക്കോഡിഗ് നടത്തി. യേശു പാടി തുടങ്ങുമ്പോള്‍ കുട്ടികള്‍ കൂക്കിവിളിക്കണം. അവരെ യേശു പാട്ടിലൂടെ കീഴ്‌പ്പെടുത്തുന്നു. ഞങ്ങളുടെ ഉദ്ദേശ്യം യേശു അറഞ്ഞിരുന്നില്ല. പാട്ടുതുടങ്ങിയപ്പോള്‍ കൂകുന്ന ശബ്ദം. 'എന്നെ ഈ പരിപാടിക്ക് കിട്ടില്ലെന്നു' പറഞ്ഞ് യേശു ഇറങ്ങിപ്പോയി. പിന്നെ സംവിധായകരും ഞാനും ഏറെ നിര്‍ബന്ധിച്ചിട്ടാണു പാടാന്‍ തയാറായത്.
സപ്തതിയുടെ ആഘോഷത്തിന് യേശുദാസ് അടുത്തിടെ ഫോര്‍ട്ട്‌കൊച്ചിയില്‍ വന്നു. വണക്കമാസത്തില്‍ ഫോര്‍ട്ടുകൊച്ചിയിലെ അധികാരിവളപ്പ് ഔസേപ്പ് പിതാവിന്റെ കപ്പേളയില്‍ നേര്‍ച്ചസദ്യയും ഗാനാലാപനവും നടത്തി. ഞങ്ങളൊരുമിച്ചാണ് നേര്‍ച്ചസദ്യ വിളമ്പിയത്. വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ യേശുവിനൊപ്പം അധികാരിവളപ്പില്‍ നേര്‍ച്ചസദ്യയില്‍ പങ്കെടുക്കുന്നത്.




സംഗീത സംവിധായകന്‍ ദേവരാജന്‍മാസ്റ്റര്‍ക്കും ഭാര്യയ്ക്കും എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എം.കെ. അര്‍ജുനനന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയപ്പോള്‍- ഫയല്‍ ചിത്രം. ഫോട്ടോ. പി.ആര്‍. രാജേഷ്


ദേവരാഗത്തിന്റെ ശീതളിമ

ദേവരാജന്‍ മാഷിനൊപ്പം ചേരുന്നതോടെയാണ് എന്റെ കാലം തെളിയുന്നതെന്ന് ഞാന്‍ പറഞ്ഞു. പല ചെറിയ നാടകസമിതികള്‍ക്കും വേണ്ടിയും ഞാന്‍ ഗാനസംവിധാനം നിര്‍വഹിച്ചിരുന്നു. എന്നാല്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ എത്തുന്നതോടെ എന്റെ വിധി മാറി മറിഞ്ഞു. 1968-69 ലാണ് അത്. അന്ന് ദേവരാജന്‍ മാഷ് കെ.പി.എ.സി വിട്ടിരുന്നു. അക്കാലത്തും അതി പ്രശസ്തനാണ് അദ്ദേഹം. കെ.പി.എ.സിയുടെ പാട്ടുകള്‍ ജനങ്ങള്‍ ഏറ്റുപാടുന്ന ഒരു കാലം കൂടിയാണ് അത്. അദ്ദേഹത്തിന് ഒരു ഹാര്‍മോണിയിസ്റ്റിനെ വേണമെന്ന് അറിഞ്ഞു. നടന്‍ മണവാളന്‍ ജോസഫിന്റെ അനുജന്‍ രാജപ്പന്‍ എന്നെ റെക്കമന്‍ഡ് ചെയ്തു. രാജപ്പന്‍ അന്ന് അവിടെ തബലിസ്റ്റാണ്. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് ക്ലാര്‍നറ്റ് വായനക്കാരന്‍ ടി.ടി.ജോസഫിനൊപ്പമാണ് ഞാന്‍ ദേവരാജന്‍ മാഷെ കാണാന്‍ പോകുന്നത്. ജോസഫ് എന്നെ പരിചയപ്പെടുത്തി:
''കൊച്ചിയില്‍ നിന്ന് ഒരു അര്‍ജുനന്‍ വന്നിട്ടുണ്ട്. മണവാളന്‍ജോസഫ് പറഞ്ഞയച്ച ഹാര്‍മോണിസ്റ്റാണ്''.
പുറത്തുനില്‍ക്കുന്ന എന്നെ ഒന്ന് നോക്കി, ദേവരാജന്‍മാസ്റ്റര്‍ പറഞ്ഞു:
''അര്‍ജനനായാലും ഭീമനായാലും ശരി. എനിക്ക് പറ്റാത്ത ആളാണെങ്കില്‍ പറഞ്ഞുവിടും. അത് ആദ്യമേ പറഞ്ഞേക്കണം. സൗകര്യമുണ്ടെങ്കില്‍ മാത്രം കൂടെ നിന്നാല്‍ മതി''.
ഞാന്‍ കൂടി കേള്‍ക്കുന്ന മട്ടിലാണ് ദേവരാജന്‍ മാഷ് പറഞ്ഞത്. പക്ഷേ ഞാന്‍ ഏത് ഭീഷണിയും സ്വീകരിക്കാന്‍ ഒരുക്കമായിരുന്നു. സമ്മതം എന്നറിയിച്ചു. ഒപ്പം ചേര്‍ന്നു. എന്തായാലും പറഞ്ഞുവിടലുണ്ടായില്ല. നാല്‍പത്തഞ്ചുവര്‍ഷമെങ്കിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആവോളം സ്‌നേഹം അദ്ദേഹം എന്നെ വാരിച്ചൊരിഞ്ഞു.
'ഡോക്ടര്‍ എന്ന നാടകത്തിലാണ് ഞാന്‍ അദ്ദേഹത്തിനൊപ്പം ആദ്യം വര്‍ക്ക് ചെയ്യുന്നത്. 'വെണ്ണിലാച്ചോലയിലെ.. വെണ്ണക്കല്‍ച്ചോലയിലെ മണ്‍കുടമേന്തിയൊരു പെണ്ണുവന്നു...' എന്ന പാട്ട് അദ്ദേഹം ഒരുക്കുമ്പോള്‍ ഹാര്‍മോണിയസ്റ്റായി ഞാനുണ്ടായിരുന്നു. പിന്നീട് ഒരു പാട് ഗാനങ്ങള്‍. എന്റെ ജീവിതം വഴിതിരിച്ചുവിട്ടത് ദേവരാജന്‍ മാഷാണ്. കാളിദാസ കലാകേന്ദ്രത്തില്‍ ഞാന്‍ ചെന്ന ഉടനെ പഴയ നാടകഗാനങ്ങള്‍ പഠിപ്പിക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. അദ്ദേഹവുമായി ഒത്തുപോകുക പലര്‍ക്കും പ്രയാസമാണ്. പട്ടാളച്ചിട്ടയിലായിരുന്നു അദ്ദേഹത്തിന്റെ രീതികള്‍. മുന്‍കോപിയാണ്. എപ്പോഴാണ് ദേഷ്യം വരിക എന്നറിയില്ല. വസ്ത്രം മുഷിഞ്ഞിരുന്നാല്‍പോലും ചീത്ത കേള്‍ക്കും. എന്നാല്‍ ഒരിക്കല്‍ പോലൂം പാട്ടുമായി ബന്ധപ്പെട്ട് അദ്ദേഹം എന്നെ വഴക്കുപറഞ്ഞിട്ടില്ല. ദേഷ്യം കാട്ടിയിട്ടുമില്ല. ശുണ്ഠിക്കാരനാണെങ്കിലും മനസ്സില്‍ മറ്റാരെക്കാളും നന്മയുണ്ടായിരുന്നയാളാണ് ദേവരാജന്‍ മാഷ്. കഴിവുകളെ അംഗീകരിക്കും. സംഗീതത്തില്‍ കഴിവില്ലെന്ന് തോന്നിയാല്‍ എത്ര പ്രശസ്തനായാലും പറഞ്ഞുവിടും. ശരിക്കും എല്ലാ അര്‍ത്ഥത്തിലും എന്റെ ഗുരുവാണ് അദ്ദേഹം. കൃത്യനിഷ്ഠയാണ് ജീവിതത്തില്‍ പഠിപ്പിച്ചതും ദേവരാജന്‍മാഷാണ്. കുടുംബത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധവേണമെന്ന് പറഞ്ഞു. പണം ആരും ധൂര്‍ത്തടിച്ച് കളയുന്നത് അദ്ദേഹത്തിനിഷ്ടമല്ല. വളരെപെട്ടെന്ന് ഞങ്ങള്‍ തമ്മില്‍ അടുത്തു. ഒരു കുടുംബാംഗത്തെപ്പോലെയായിരുന്നു എന്നെ പരിഗണിച്ചത്. അദ്ദേഹത്തിന്റെ വലിയ മനസ്സ് അധികമാരും കണ്ടിരുന്നില്ലെന്ന് വേണം കരുതാന്‍. മരിക്കുന്നതിനു തൊട്ടുമുമ്പുവരെയും ഞങ്ങള്‍ ഊഷ്മള ബന്ധം നിലനിര്‍ത്തി. അവസാനസമയത്ത് കൊച്ചിയില്‍ വന്നപ്പോഴും കണ്ടിരുന്നു.
കുട്ടിക്കാലത്തുതന്നെ സംഗീതത്തില്‍ വാസനയും കഴിവും പ്രകടിപ്പിച്ച ദേവരാജന്‍ ജീവിതദുരിതങ്ങളോടു പോരാടിയാണ് വലിയ സംഗീത സംവിധായകനായത്. പഠനത്തിനുശേഷം സംഗീതത്തില്‍ത്തന്നെ ഉറച്ചു നിന്നു. ചെറുപ്പത്തില്‍ത്തന്നെ സംഗീതക്കച്ചേരികള്‍ നടത്തി പ്രശംസ നേടിയ ദേവരാജന്‍ മനോഹരങ്ങളായ ലളിതഗാനങ്ങളും ചിട്ടപ്പെടുത്തി. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ക്കു നല്കിയ സംഗീതം അദ്ദേഹത്തെ ചെറുപ്പത്തില്‍ത്തന്നെ ഏറെ പ്രസിദ്ധിയിലേക്കുയര്‍ത്തി. കെ.പി.എ.സി.യില്‍നിന്നു മാറിയതിനുശേഷമാണ് ദേവരാജന്‍ പ്രസിഡന്റായി കാളിദാസ കലാകേന്ദ്രം എന്നൊരു നാടകസമിതിക്ക് രൂപംനല്കിയത്. കൊല്ലത്തായിരുന്നു ആസ്ഥാനം.
ദേവരാജന്‍ മാഷിന്റെ സ്വാധീനം എന്റെ സംഗീതത്തിലും കണ്ടേക്കാം. അക്ഷരങ്ങളുടെ വികാരമറിഞ്ഞായിരുന്നു ദേവരാജന്‍ മാസ്റ്റര്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തിയിരുന്നത്. ഓരോ വാക്കിനും അതിനനുയോജ്യമായ ഭാവമാണ് പകരുക. ദേവരാജന്‍ മാഷിന് തന്റേതായ ചില ശൈലികളുണ്ട്. റിക്കോഡിങിന്റെ തലേന്നു മാത്രമേ ദേവരാജന്‍ നിര്‍മ്മാതാക്കളോട് പാട്ട് തയ്യാറായിട്ടുണ്ടെന്നു പറയൂ. തന്റെ സംഗീതത്തില്‍ ഉത്തര വിശ്വാസമുള്ളയാളുകള്‍ക്കേ അങ്ങനെ കഴിയൂ. എതിര്‍ത്തു പറയാന്‍ നിര്‍മാതാക്കള്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. സിനിമയില്‍ ഞാനും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് ദേവരാജന്റെ ഈ ശൈലി തന്നെയായിരുന്നു.
ഒരിക്കല്‍ മാത്രമേ ദേവരാജന്‍ മാഷിന് അല്‍പം നീരസം എന്നോട് തോന്നിയിട്ടുള്ളൂ. ഒരു നാടകത്തിന് വേണ്ടി ദേവരാജന്‍ ചിട്ടപ്പെടുത്തിയ ഗാനം പിന്നീട് ഞാന്‍ മാറ്റി ചെയ്തായിരുന്നു കാരണം. ഞാന്‍ പലവട്ടം നാടകക്കാരോട് പറഞ്ഞതാണ്. ഒന്നുകില്‍ പഴയപാട്ടുതന്നെ ഉപയോഗിക്കൂ. അല്ലെങ്കില്‍ വേറെ പാട്ടുണ്ടാക്കാം. പക്ഷേ നാടകസംഘത്തിന് അതുപോരെ. അവര്‍ നിര്‍ബന്ധിച്ചും മറ്റും അതെന്നെകൊണ്ട് ചെയ്യിച്ചു. മാഷ് ഇതറിഞ്ഞു. ചെറിയ രീതിയില്‍ നീരസമുണ്ടായതായി എനിക്കുതോന്നി. പക്ഷേ, നടന്ന കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ അദ്ദേഹത്തിന് തൃപ്്തിയായി. വീണ്ടും ബന്ധം പഴയതുപോലെ തുടര്‍ന്നു. മരണം വരെ ബന്ധത്തില്‍ ഒരു കുലുക്കവും സംഭവിച്ചില്ല.
ദേവരാജന്‍ മാഷ് മരിച്ചശേഷം അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ആദ്യം ലഭിച്ചതും എനിക്കാണ്. സംഗീതസംഘടനയായ മ്യൂസിക്കല്‍ മീറ്റ് ഏര്‍പ്പെടുത്തിയതാണ് ദേവരാജ സംഗീതപുരസ്‌ക്കാരം. മലയാള നാടകസിനിമാ സംഗീത മേഖലയ്ക്ക് നല്കിയിട്ടുള്ള സമഗ്ര സംഭാവനയ്ക്കായിരുന്നു അവാര്‍ഡ്. മാഷിന്റെ ചരമദിനമായ മാര്‍ച്ച് 14 ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വച്ച് ഞാന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.


സിനിമയിലെ പൗര്‍ണമി

ഞാന്‍ ചിട്ടപ്പെടുത്തിയ നാടകഗാനങ്ങള്‍ പലതും ജനശ്രദ്ധയാകര്‍ഷിച്ചു. അന്ന് നാടകം ഒരു വിനോദോപാധി കൂടിയാണ്. ഇന്നത്തെ പോലെയല്ല. നാടകം എല്ലായിടത്തുമുണ്ടാവും. അമ്പലങ്ങളിലും പള്ളികളിലുമെല്ലാം. പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഗാനസംവിധായകന്‍ എന്ന നിലയില്‍ ഞാനും പരക്കെ അറിയപ്പെടാന്‍ തുടങ്ങി. ആയിടക്കാണ് 'കറുത്ത പൗര്‍ണമി' എന്ന സിനിമ ഒരുങ്ങുന്നത്. 1968-ല്‍. ബര്‍നാഡ്ഷാ തീയേറ്റേഴ്‌സിന്റെ ഉടമ ഗോപിയാണ് നിര്‍മാതാവ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ നാരായണന്‍ കുട്ടിയായിരുന്നു സംവിധായകന്‍. ഈ സിനിമയുടെ തിരക്കഥ എഴുതിയത് എന്റെ അടുത്ത സുഹൃത്തായ സി.പി. ആന്റണിയാണ്. അദ്ദേഹമാണ് എന്റെ പേര് നിര്‍മാതാവിനോടും മറ്റും പറയുന്നത്. അവരെന്നോട് പാട്ട് ചിട്ടപ്പെടുത്തുന്നതിനെപ്പറ്റി പറഞ്ഞു. പി.ഭാസ്‌ക്കരന്‍ മാഷാണ് പാട്ടെഴുതുന്നത്. പ്രൊഡ്യുസര്‍ക്ക് പുതിയ ആളെക്കൊണ്ട് സംഗീതം ചെയ്യിപ്പിക്കാന്‍ താല്‍പര്യമില്ല. ബാബുരാജ് ഈണമിടണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഭാസ്‌ക്കരന്‍ മാഷിനും താല്‍പര്യം അതായിരുന്നെന്നു തോന്നുന്നു. എന്തായാലും പാട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടയാള്‍ ഭാസ്‌ക്കരന്‍മാഷാണ്. ' രണ്ട് മൂന്ന് പാട്ട് അയാള്‍ക്ക് കൊടുക്കാം. ചെയ്ത് നോക്കട്ടെ. പറ്റിയില്ലെങ്കില്‍ വേറെ ചെയ്യിക്കാം' എന്നായിരുന്നു ഭാസ്‌ക്കരന്‍ മാഷിന്റെ നിലപാട്. പടത്തെക്കുറിച്ച് എന്നോട് നേരത്തെ സംഘാംഗങ്ങള്‍ പറഞ്ഞുപോയതുകൊണ്ടാണ് ആ ആനുകൂല്യം കിട്ടിയത്. കൊച്ചിയില്‍ വച്ചു തന്നെയായിരുന്നു കമ്പോസിംഗ്. വരികള്‍ക്ക് ഈണമിട്ട് ഞാന്‍ എല്ലാവരെയും കേള്‍പ്പിച്ചു. ആരും പെട്ടെന്ന് അഭിപ്രായമൊന്നും പറഞ്ഞില്ല. ഞാന്‍ കാത്തിരുന്നു. എന്റെ ഈണം തള്ളിയോ? അതോ സ്വീകരിച്ചോ? ഉത്കണ്ഠയായിരുന്നു മനസ്സില്‍. രണ്ടുദിവസം കഴിഞ്ഞ് എന്നെ വിളിപ്പിച്ചു. ബാക്കി പാട്ടുകള്‍ക്കും സംഗീതം നല്‍കാന്‍ എന്നോട് പറഞ്ഞു. 'എല്ലാ പാട്ടുകളും ധൈര്യമായി ആ പയ്യനെ ഏല്‍പ്പിക്കാമെന്ന്' ഭാസ്‌കരന്‍ മാഷ് നിര്‍മാതാവിനോട് പറഞ്ഞിരുന്നു.
'കറുത്ത പൗര്‍ണമി'യിലെ പാട്ടുകളെല്ലാം റെക്കോര്‍ഡ് ചെയ്തത് മദ്രാസില്‍ വച്ചാണ്. ഞാനാദ്യമായി മദ്രാസില്‍ ചെല്ലുന്നതും ഈ സിനിമയിലെ പാട്ടുകളുടെ റെക്കോഡിംഗിനുവേണ്ടിയാണ്. അഞ്ച് പാട്ടുകളുണ്ടായിരുന്നു ആ സിനിമയില്‍. 'പൊന്‍ കിനാവിന്‍ പുഷ്പരഥത്തില്‍..', 'മാനത്തിന്‍ മുറ്റത്ത്്...', 'ഹൃദയമുരുകി നീ..', 'പൊന്നിലഞ്ഞി പൂത്തു...', 'ശിശുവിനെപ്പോല്‍ പുഞ്ചിരതൂകി...' എന്നിവയാണ് ആ പാട്ടുകള്‍. സിനിമ വന്‍ വിജയമായിരുന്നില്ല. എന്നാലും പാട്ടുകള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടൂ.
'കറുത്ത പൗര്‍ണമി'ക്കുശേഷം വൈകാതെ മറ്റൊരു പടം എനിക്ക് കിട്ടി. ജിപ്‌സണ്‍ എന്ന പ്രൊഡ്യൂസറുടേതായിരുന്നു സിനിമ. 'ലക്ഷ്യം' എന്നാണ് സിനിമയുടെ പേര്. പക്ഷേ റിലീസാകാന്‍ കുറേ സമയമെടുത്തു. 'റസ്റ്റ്ഹൗസാ'യിരുന്നു പിന്നീടുള്ളത്്. ശ്രീകുമാരന്‍ തമ്പിയും ഞാനും ആദ്യമായി ഒന്നിച്ചത് ഈ സിനിമയ്ക്കുവേണ്ടിയായിരുന്നു. പക്ഷേ, അതിനുമുമ്പ് ആര്‍.കെ. ശേഖര്‍ എന്ന വലിയ കലാകാരനെക്കുറിച്ചു പറയണം.


ശേഖര്‍ എന്ന 'അസിസ്റ്റന്റ്'

ദേവരാജന്‍ മാഷാണ് ആര്‍.കെ. ശേഖറിനെ എനിക്ക് പരിചയപെടുത്തുന്നത്. മദ്രാസില്‍ മ്യൂസിക്ക് അറേഞ്ചറും അസിസ്റ്റന്റുമായി പ്രവര്‍ത്തിക്കുകയാണ് ശേഖര്‍ അന്ന്. രാജഗോപാല കുലശേഖരന്‍ എന്നാണ് മുഴുവന്‍ പേര്. സൗരാഷ്ട്രക്കാരാണ് ശേഖറിന്റെ പൂര്‍വികര്‍. അറുപതുകളിലാണ് ശേഖര്‍ മദ്രാസ് തന്റെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുന്നത്. സംഗീത സംവിധായകര്‍ക്ക് സംഗീത സജ്്ജീകരണം ഒരുക്കലാണ് മുഖ്യ പണി. ദക്ഷിണാമൂര്‍ത്തി, എം.എസ്. വിശ്വനാഥ്, ദേവരാജന്‍, കെ. രാഘവന്‍ തുടങ്ങിയ ഒട്ടനവധി സംഗീത സംവിധായകര്‍ക്കുവേണ്ടിയും ശേഖര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശേഖറിനെ ഇന്നെല്ലാവരും അറിയും. എ.ആര്‍. റഹ്മാന്റെ പിതാവ് എന്ന നിലയില്‍. അന്നും ശേഖര്‍ അറിയപ്പെട്ടിരുന്നു. സിനിമാരംഗത്തുള്ളവരായിരുന്നു കൂടുതല്‍ അറിഞ്ഞിരുന്നത് എന്നു മാത്രം.
'കറുത്ത പൗര്‍ണ്ണമി'യില്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ദേവരാജനെ കണ്ടു വിവരം പറഞ്ഞു. മദ്രാസിലെ വുഡ്‌ലാന്‍ഡ് ഹോട്ടലില്‍ വച്ചാണ് ഞാന്‍ മാഷിനെ കാണുന്നത്. അതേ ഹോട്ടലില്‍ വച്ചാണ് ഞാനാദ്യം ശേഖറിനെ കാണുന്നത്.ആ ഹോട്ടലില്‍ ഒരു മുറിയില്‍ പാട്ടിന്റെ കമ്പോസിംഗ് നടത്തുകയാണ് ദേവരാജന്‍മാഷ്. 1968 ലാണ് അത്. അന്ന് മദ്രാസില്‍ എനിക്ക് ആരെയും പരിചയമില്ല.
''നാടകമല്ല സിനിമ. മദ്രാസില്‍ പരിചയക്കാര്‍ വേണം. ഞാന്‍ ശേഖറിനെ പരിചയപ്പെടുത്തിത്തരാം. ഉപകാരമായിരിക്കും അത്'', ദേവരാജന്‍ മാഷ് പറഞ്ഞു. അദ്ദേഹം ഫോണ്‍ ചെയ്തതറിയിച്ച് ശേഖര്‍ വന്നു. കറുത്ത മോറിസ് മൈനര്‍ കാറിലാണ് വരവ്. 'മിടുക്കനാണ്' എന്ന് പറഞ്ഞ് മാഷ് അദ്ദേഹത്തെ എന്നെ പരിചയപ്പെടുത്തി. അന്നുമുതല്‍ ഞങ്ങള്‍ ഒരുമിച്ചായി.
'കറുത്ത പൗര്‍ണമയി'ലെ പാട്ടുകള്‍ നാല് സ്റ്റുഡിയോകളില്‍ വച്ചാണ് റെക്കോര്‍ഡ് ചെയ്തത്. അതിനുവേണ്ടി ഭരണി, ജെമിനി, വിജയ, രേവതി എന്നീ സ്റ്റുഡിയോകളില്‍ എന്നെ ശേഖര്‍ കൂട്ടിക്കൊണ്ടുപോയി. തുടക്കമായതുകൊണ്ട് പാട്ടുകള്‍ എല്ലാം ഒരു സ്റ്റുഡിയോയില്‍ വച്ച് റെക്കോഡ് ചെയ്യേണ്ട എന്ന് നിര്‍ദേശിച്ചത് ദേവരാജന്‍ മാഷാണ്. എല്ലാ സ്റ്റുഡിയോകളുമായി ബന്ധമുണ്ടാകാനും പരിചയപ്പെടാനുമാണ് മാഷ് അങ്ങനെ പറഞ്ഞത്.
സ്വഭാവങ്ങളിലെ സാമ്യം കൊണ്ടാകാം ഞാനും ശേഖറും പെട്ടെന്ന് അടുത്തു. തന്റെ ജോലികള്‍ മാറ്റിവച്ചും പുലരും വരെ എനിക്കുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റുഡിയോയില്‍ നിന്നെത്തുമ്പോള്‍ വൈകും എന്നുള്ളതുകൊണ്ട് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാത്തിരിക്കും.
മദ്രാസിലെ കോടാമ്പക്കം ബാലമുത്തു കൃഷ്ണയ്യര്‍ റോഡിലായിരുന്നു ശേഖറിന്റെ താമസം. ഭാര്യ കസ്തൂരി, കാഞ്ചന, ദിലിപ്, ബാല, രേഖ തുടങ്ങിയ മക്കള്‍ക്കൊപ്പമുണ്ട്. മൂന്ന് പെണ്‍മക്കളും ഒരാണും. ഞാന്‍ കാണുന്ന സമയത്ത് അവരെല്ലാം നന്നേ ചെറിയ കുട്ടികളാണ്. ശേഖറിന് രണ്ടു വീടുണ്ട്. ഒന്ന് വാടകയ്ക്ക് കൊടുത്തിരുന്നു. സ്വന്തമായി നാല് പിയാനോ സെറ്റുണ്ട്. അതും വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു.
പതിവായി പോകുന്നതുകൊണ്ടു തന്നെ ശേഖറിന്റെ വീടുമായും എനിക്ക് അടുത്ത ബന്ധമായിരുന്നു. നൂറിലേറെ പടങ്ങളില്‍ ശേഖറുണ്ടായിരുന്നു എനിക്കൊപ്പം. കേവലമൊരു അസിസ്റ്റന്റുമാത്രമായിരുന്നില്ല ശേഖര്‍ എനിക്കും. ദു:ഖവും ആഹ്‌ളാദവുമെല്ലാംപങ്ക്ുവയ്ക്കുന്ന സൃഹൃത്തുകൂടിയായിരുന്നു. സ്വന്തം ശരീരം പോലും നോക്കാതെയാണ് ശേഖര്‍ പലര്‍ക്കും അസിസ്റ്റന്റായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് പലരും പ്രശസ്തരായത്. പക്ഷേ പ്രതിസന്ധി ഘട്ടത്തില്‍ ആരും തിരിഞ്ഞുനോക്കിയില്ല.
സ്വതന്ത്ര സംഗീത സംവിധായകനായും ശേഖര്‍ പ്രവര്‍ത്തിച്ചു. 'ആറടി മണ്ണിന്റെ ജന്മി', 'കണ്ടവരുണ്ടോ', 'ടാക്‌സികാര്‍', മിസ് മേരി', 'തോറ്റിട്ടില്ല' തുടങ്ങി നിരവധി സിനിമകളില്‍ ശേഖര്‍ സ്വതന്ത്ര സംഗീത സംവിധാനം നിര്‍വഹിച്ചു.'ചൊട്ടമുതല്‍ ചുടലവരെ' തുടങ്ങിയ അതിലെ പല പാട്ടുകളും ഇന്നും മലയാളിയുടെ മനസ്സിലുണ്ട്. 'പാതിവിടര്‍ന്നൊരു..' (അനാഥ ശില്‍പങ്ങള്‍)പോലുള്ള അദ്ദേഹത്തിന്റെ പല പാട്ടും ഞാന്‍ ഇപ്പോഴും മൂളാറുണ്ട്. പക്ഷേ രാശിയുള്ള സംവിധായകനായിരുന്നില്ല അദ്ദേഹം. ട്യൂണിട്ട് പാട്ടിന്റെ നൊട്ടോഷന്‍ എഴുതിക്കൊടുത്താല്‍ പിന്നെ നമ്മള്‍ ഒന്നും അറിയേണ്ട. ബാക്കിയെല്ലാം ശേഖര്‍ ഒരുക്കും. തിരക്കുമൂലം പല സിനിമകളിലും സ്വതന്ത്ര സംഗീത സംവിധാനത്തിനുള്ള അവസരം ശേഖര്‍ നിരസിച്ചിരുന്നു. ചീനവല' പോലുള്ള സിനിമകള്‍ക്ക് ശേഖര്‍ പകരം എന്റെ പേരാണ് നിര്‍ദേശിച്ചത്.
പെട്ടന്നാണ് ശേഖറിന് അസുഖം തുടങ്ങിയത്. വയറിന് കലശലായ വേദന. മദ്രാസിലും വെല്ലൂരിലും കൊണ്ട് ചികിത്സിപ്പിച്ചു. എന്നാല്‍ രോഗം വഷളായി കൊണ്ടിരുന്നു. പിന്നെ തീര്‍ത്തൂം കിടപ്പിലായി.കുറേ നാള്‍ കിടന്നു. 1976 ല്‍ ശേഖര്‍ അന്തരിച്ചു. ശേഖറിന്റെ രോഗവും മറ്റും കുടുംബത്തെ ആകെ മാറ്റിമറിച്ചു. വീട്ടുവാടകയും പിയാനോയില്‍ നിന്ന് കിട്ടുന്ന വരുമാനവുമായിരുന്നു ആശ്രയം.
ശേഖറിന്റെ മരണം എനിക്ക് വലിയ ആഘാതമായിരുന്നു. ശേഖര്‍ സംഗീത സംവിധാനം ഏറ്റെടുക്കുകയും എന്നാല്‍ മുഴുവനാക്കാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു വര്‍ക്ക് പിന്നീട് പുര്‍ത്തിയാക്കുക എന്ന കടമ എന്നില്‍ വന്നു ചേര്‍ന്നു. 'ചോറ്റാനിക്കര അമ്മ' എന്ന സിനിമയുടെ വര്‍ക്കായിരുന്നു അത്.
'റസ്റ്റ് ഹൗസ'ില്‍ 'യമുനേ.. യദുകുല രതിദേവനെവിടെ...' എന്നൊരു പാട്ടുണ്ട്. ആ സിനിമയ്ക്കുവേണ്ടി അതായിരുന്നു അവസാനം ചിട്ടപ്പെടുത്തിയ ഗാനം. മറ്റ് ഗാനങ്ങള്‍ക്ക് ഈണം ഇട്ട് കഴിഞ്ഞപ്പോള്‍ കൊട്ടാരക്കരയും സംവിധായകന്‍ ശശികുമാറും വന്നു പറഞ്ഞു: ് ' ഷൂട്ടിംഗ് തുടങ്ങാന്‍ വൈകി, അതിനാല്‍ ഞങ്ങള്‍ യേര്‍ക്കാട്ടേക്ക് പോകുകയാണ്. പാട്ട് ചിട്ടപ്പെടുത്തി ടി.ഇ. വാസുദേവനെ കേള്‍പ്പിച്ചാല്‍ മതി.''.കൊട്ടാരക്കരയ്ക്ക്് ടി.ഇ. വാസുദേവനുമായി അടുത്ത സൗഹൃദമുണ്ട്. 'യമുനേ...' ചിട്ടപ്പെടുത്തിയശേഷം വാസുദേവനെ കേള്‍പ്പിച്ചു. ആദ്യം കേട്ടപ്പോള്‍ തന്നെ വാസുദേവന്‍ പറഞ്ഞു: 'പോര, ഉദ്ദേശിച്ചത്ര നന്നായില്ല. അല്‍പംകൂടി നന്നാക്കണം. മാറ്റി ചെയ്യൂ'' ഞാനാകെ വല്ലാണ്ടായി. ഞാനത് സമയമെടുത്ത് പാടുപെട്ട് ചെയ്താണ്. ഞാന്‍ അദ്ദേഹത്തെ എങ്ങനെയെങ്കിലും ബോധ്യപ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ചു. രാത്രിയിലാണ് ഞങ്ങളുടെ കൂടിക്കാഴ്ച. ഒടുവില്‍ വാസുദേവന്‍ ശേഖറിന് ഫോണ്‍ ചെയ്തു. ശേഖര്‍ പറഞ്ഞാല്‍ വാസുദേവന് വിശ്വാസമാണ്. അടുത്ത ദിവസം രാവിലെ ശേഖര്‍ വന്നു. ഈണം കേട്ടു. ''ഇതുകൊള്ളാം, ഒരു കുഴപ്പവുമില്ല. ഗാനത്തിന് ചേര്‍ന്ന് ഈണമാണ്. പാട്ട് ഹിറ്റാകും'.
ശേഖര്‍ പറഞ്ഞതുകൊണ്ട് വാസുദേവനും സമ്മതിച്ചു. പാട്ട് ഹിറ്റായി. ഒരു പക്ഷേ ശേഖര്‍ ഇല്ലായിരുന്നെങ്കില്‍ ആ പാട്ടിനെന്തു സംഭവിക്കുമായിരുന്നു എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചിട്ടുണ്ട. പാട്ടു ചിട്ടപ്പെടുത്തുമ്പോള്‍ ശേഖര്‍ കൂടെയുള്ളത് ഒരു ബലമാണ്. നല്ല നിര്‍ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം മടിക്കില്ല. 'വേണമെങ്കില്‍ സ്വീകരിച്ചാല്‍ മതി' എന്നാണ് മട്ട്. പക്ഷേ, ആത്മാര്‍ത്ഥതയോടെയാണ് തന്റെ തോന്നലുകള്‍ പറയുക. സ്വന്തം പാട്ടുപോലെയാണ് അദ്ദേഹം നമ്മുടെയും പാട്ടുകള്‍ കാണുക. എന്റെ പല ഹിറ്റു പാട്ടുകള്‍ക്ക് പിന്നിലും ശേഖറിന്റെ ഇത്തരം പിന്തുണയുണ്ടായിരുന്നു.



റഹ്മാന്‍: എന്റെ പ്രിയ ശിഷ്യന്‍


ശേഖറിന്റെ വീട് ഏപ്പോഴും സംഗീതമയമാണ്. ഞാന്‍ പതിവായി അവിടെ ചെല്ലും. രാത്രി വൈകുവോളം ഞാനും ശേഖറും കൂടി ഇരുന്ന് പാട്ട് ചിട്ടപ്പെടുത്തും. ശേഖറിന്റെ മകന്‍ ദിലീപ് നന്നേ ചെറിയ കുട്ടിയാണ്. ഞാന്‍ മദ്രാസിലെത്തുമ്പാള്‍ ദിലീപിന് ഒരുവയസ്സാണ്. നാലുവയസ്സുള്ളപ്പോഴേ ആ കുട്ടി സംഗീതത്തില്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ശേഖര്‍ സിംഗപ്പൂരില്‍ നിന്നു വരുത്തിയ ഒരു കോംബോ ഓര്‍ഗന്‍ അന്ന വീട്ടില്‍ ഉണ്ടായിരുന്നു. വളരെ ചുരുക്കം പേരുടെ കൈയിലേ അന്ന് അത്തരം സൗകര്യങ്ങളുള്ളൂ. കുട്ടിയായ ദിലീപിന്റെ ഇഷ്ട ഉപകരണവും കളിപ്പാട്ടവുമെല്ലാം അതായിരുന്നു. നാലാമത്തെ വയസ്സില്‍ ദിലീപ് ഹാര്‍മോണിയം വായിച്ച് തന്റെ പ്രതിഭ തെളിയിച്ചു.
സ്‌കൂള്‍ വിട്ടു വന്നാല്‍ കുട്ടി ഹാര്‍മോണിയത്തിന്റെയോ പിയാനോയുടെയോ മുന്നിലായിരിക്കും. അധികം കൂട്ടില്ല. സംഗീതമല്ലാതെ മറ്റൊരു ചിന്തയില്ല. സൗമ്യന്‍. ശാന്തന്‍. ഇലക്ട്രാണിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാവണമെന്നായിരുന്നു ദിലീപിന്റെ ആഗ്രഹം. ശേഖറിനും മകനെ സംഗീതം പഠിപ്പിക്കണമെന്നായിരുന്നു. അതിനു മാസ്റ്ററെ ഏര്‍പ്പാടാക്കുകയും ചെയ്തു. ശേഖര്‍ മരിക്കുമ്പോള്‍ വീട് പണി തീര്‍ന്നിരുന്നില്ല. ഞാന്‍ അന്ന് ശേഖറിന്റെ ഒപ്പമാണ് താമസിച്ചിരുന്നത്. മരണശേഷമാണ് വീടിന്റെ പണികള്‍ തീര്‍ത്തത്.
ദിലീപിനെ ആദ്യം സ്റ്റുഡിയോയില്‍ കൊണ്ടുപോകുന്നത് ഞാനാണ്. അതെന്റെ മഹാഭാഗ്യമായി ഇപ്പോള്‍ തോന്നുന്നു. 'അടിമച്ചങ്ങല' എന്ന സിനിമയുടെ റെക്കോഡിംഗാനായിരുന്നു അത്. കീ ബോര്‍ഡ് വായിക്കാന്‍. ആദ്യദിവസം സ്റ്റുഡിയോയിലെ ടേപ്പ്‌റെക്കോര്‍ഡര്‍ പ്രവര്‍ത്തിപ്പിക്കലായിരുന്നു പണി. തുടര്‍ന്ന് ഞാന്‍ സ്ഥിരമായി ദിലീപിനെ ഒപ്പം കൂട്ടി. ആദ്യം അമ്മ കസ്തൂരി അനുകൂലമായിരുന്നെങ്കിലും പിന്നീട് അങ്ങനെയല്ലാതായി. മകന്റെ പഠിത്തം നഷ്ടപ്പെടുമോ എന്നായിരുന്നു പേടി.
ശേഖറിന്റെ ചികിത്സാ സമയത്താണ് ആ കുടുംബം ഇസ്ലാമുമായി അടുക്കുന്നത്. അന്ന് കരിമുള്ള ഷാ ബാദരി എന്ന സൂഫി അദ്ദേഹത്തെ ചികിത്സിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനകളും മറ്റുമാവണം ആ കുടുംബത്തെ ഇസ്ലാമിനോട് അടുപ്പിച്ചത്. ആ സൂഫി ഗുരുവായിരുന്നു ആ കുടുംബത്തിന് ഉപദേശങ്ങളും മറ്റും നല്‍കിയിരുന്നത്. 1989 ല്‍ എല്ലാവരും മതം മാറി. കസ്തൂരിശേഖര്‍ കരിമാബീഗമായി മാറി. ദിലീപ് റഹ്മാനും.
പതിനൊന്നാം വയസ്സില്‍ ദിലീപ് ഇളയരാജയുടെ ട്രൂപ്പില്‍ കീബോര്‍ഡ് വായിക്കാന്‍ തുടങ്ങി. ഇളയരാജയുടെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ ടെലിവിഷന്‍ പ്രോഗ്രാമിന് കീബോര്‍ഡ് വായിക്കുമായിരുന്നു. പിന്നീട് പരസ്യങ്ങള്‍ക്കുവേണ്ടി സംഗീതം ചെയ്തു. വളരെ പെട്ടെന്ന് തന്നെ സംഗീതരംഗത്തെ അതുല്യ പ്രതിഭയായി റഹ്മാന്‍ മാറി.
കണ്‍മുന്നില്‍ വളര്‍ന്ന് വലുതായ കുട്ടിയാണ് റഹ്മാന്‍. ഓസ്‌കാര്‍ അവാര്‍ഡ് നേടി കൈയെത്തി തൊടാവുന്നതിനും അപ്പുറമായി. പക്ഷേ ഇപ്പോഴും പഴയ ബന്ധം സൂക്ഷിക്കുന്നു. പണ്ട് കേരളത്തില്‍ വരുമ്പോള്‍ വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ തിരക്കായി. സുരക്ഷാക്രമീകരണങ്ങളായി. എങ്കിലൂം ഇടയ്ക്ക് ഫോണില്‍ വിളിക്കും. ഇനിയും ഉയരങ്ങള്‍ റഹ്മാനെ കാത്തിരിപ്പുണ്ട്.
റഹ്മാന്‍ സ്റ്റുഡിയോ തുടങ്ങുന്ന കാലത്ത് ഞാന്‍ കൊച്ചിയിലേക്ക് തന്നെ മടങ്ങി. ആ സമയത്ത് എനിക്ക് സിനിമ കുറഞ്ഞു. മാത്രമല്ല മകന്‍ അനില്‍ തിരുവനന്തപുരം ജഗതിയില്‍ 'ആരഭി' എന്ന സ്റ്റുഡിയോ തുറന്നിരുന്നു.


'ശ്രീ'രാഗം

ഞാനേറ്റവും കൂടുതല്‍ ഹിറ്റു പാട്ടുകള്‍ സൃഷ്ടിച്ചത് ശ്രീകുമാരന്‍ തമ്പിക്കൊപ്പമാണ്. ഞങളൊരുമിച്ച് എത്ര പാട്ടുകള്‍ ചെയ്തുവെന്ന് ഒരു തിട്ടവുമില്ല. 1969 ലാണ് ഞാന്‍ ശ്രീകുമാരന്‍ തമ്പിയുമായി ആദ്യം ഒന്നിക്കുന്നത്; 'റസ്റ്റ് ഹൗസി'നുവേണ്ടി. ആയിടയ്ക്ക് ദേവരാജന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയുമായി തെറ്റിയിരുന്നു. എന്താണ് കാരണമെന്നറിയില്ല. രണ്ടുപേരും അല്‍പം മുന്‍കോപികളായതാവാം കാരണം. ഇരുവരും ചേര്‍ന്ന് കുറേ ഹിറ്റ് പാട്ടുകള്‍ സൃഷ്ടിച്ചിരുന്നു. ദേവരാജന്‍ വഴക്കിട്ട് ഇറങ്ങിപ്പോകുമ്പോള്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞുവത്രേ: ''ദേവരാജന്‍ മാസ്റ്റര്‍ക്ക് ഹാര്‍മോണിയം വായിക്കുന്ന പയ്യന്‍ സംഗീതം ചെയ്താലൂം എന്റെ പാട്ട് ഹിറ്റാകുമെന്ന്'. പക്ഷേ അന്ന് ശ്രീകുമാരന്‍ തമ്പിക്ക് എന്നെ അറിയില്ല.ദേഷ്യം വന്നപ്പോള്‍ അങ്ങനെ വിളിച്ചു പറഞ്ഞുവെന്നു മാത്രം. ഇക്കാര്യം പിന്നീട് ശ്രീകുമാരന്‍ തമ്പി ചില അഭിമുഖങ്ങളില്‍ പറഞ്ഞു. കെ.പി. കൊട്ടാരക്കരയുടെ സിനിമയാണ്. യേശുദാസില്‍ നിന്നോ മറ്റോ എന്റെ അഡ്രസ് തപ്പിയെടുത്ത് ശ്രീകുമാരന്‍ തമ്പി എന്നെ വിളിച്ചു. 'കറുത്ത പൗര്‍ണ്ണമി' യിലെ പാട്ടുകള്‍ കേട്ടതിന്റെ അടിസ്ഥാനത്തിലാണ് തമ്പി വിളിക്കുന്നത്. ഞാന്‍ മദ്രാസില്‍ എത്തി. എന്നെ കൂട്ടാന്‍ തമ്പി തന്നെ വന്നിരുന്നു. കാറില്‍ കയറിയ ഞാന്‍ ഞാന്‍ ദേവരാജന്‍ മാസ്റ്ററെ കാണണമെന്ന് പറഞ്ഞു. കാരണം മദ്രാസിലെത്തിയത് അറിയിക്കണം. ചെയ്യാന്‍ പോകുന്ന പുതിയ വര്‍ക്കിനെപ്പറ്റി പറയണം. അനുവാദം വാങ്ങണം. ഞാനും ശ്രീകുമാരന്‍ തമ്പിയും ഒരുമിച്ച് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. ആ സമയത്ത് ശ്രീകുമാരന്‍ തമ്പിയും ദേവരാജന്‍മാസ്റ്ററും തമ്മില്‍ പിണക്കമാണെന്ന് എനിക്കറിയില്ല. തമ്പി കാറില്‍ ഇരുന്നു. ഞാന്‍ ചെന്ന് കണ്ടു. പക്ഷേ കാറില്‍ ശ്രീകുമാരന്‍ തമ്പിയുണ്ടെന്നറിഞ്ഞപ്പോള്‍ ദേവരാജന്‍ മാസ്റ്റര്‍ പുറത്തേക്കിറങ്ങി വന്നു. തമ്പിയെ വിളിച്ച് അകത്തേക്ക് കൊണ്ടുപോയി. 'ഇവന്‍ മിടുക്കനാ' എന്ന് എന്നെ ചൂണ്ടിക്കാട്ടി തമ്പിയോട് പറഞ്ഞു.
'പൗര്‍ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, പത്മരാഗം പുഞ്ചിരിച്ചു...' എന്ന പാട്ടാണ് ശ്രീകുമാരന്‍ തമ്പിക്ക് വേണ്ടി എനിക്കാദ്യം ഈണം കൊടുക്കാനുണ്ടായിരുന്നത്. ഈ പാട്ടിന്റെ ആദ്യ നാലുവരികളുടെ ട്യൂണ്‍ കേട്ടപ്പോഴേ കൊട്ടാരക്കരയ്ക്ക് സന്തോഷമായി. അദ്ദേഹം പറഞ്ഞു: 'ഇനി എന്റെ അടുത്ത പത്ത് സിനിമയില്‍ പാട്ട് ചിട്ടപ്പെടുത്തുന്നത് അര്‍ജുനനാണ്'. 'മുത്തിനും മുത്തായ..', 'പാടാത്ത വീണയും..',തുടങ്ങിയ പാട്ടുകള്‍ക്കും ആ സിനിമയില്‍ തന്നെ ഞാന്‍ ഈണം പകര്‍ന്നു. എല്ലാം ഹിറ്റായി. അതോടെ ശ്രീകുമാരന്‍തമ്പി-അര്‍ജുനന്‍ ജോടികളുടെ തുടക്കമായി എന്നു പറയാം.
ഞാന്‍ ഈണമിട്ട പാട്ടുകളില്‍ നല്ല പങ്കും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു
നന്നായി കവിതകള്‍ എഴുതുന്ന തമ്പിയെ മെരിലാന്‍ഡ് ഉടമ പി സുബ്രഹ്മണ്യമായിരുന്നു വെള്ളിത്തിരയിലേക്ക് ക്ഷണിച്ചത്. അദ്ദേഹം സംവിധാനം ചെയ്യുന്ന 'കാട്ടുമല്ലിക' എന്ന ചിത്രത്തില്‍ പാട്ടെഴുതാനായി. 'അവളുടെ കണ്ണുകള്‍ കരിങ്കദളിപ്പൂക്കള്‍' എന്ന ഗാനത്തെ മലയാളി സഹര്‍ഷം സ്വീകരിച്ചു. അതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് തമ്പി സിനിമയില്‍ സജീവമായി.
തോപ്പില്‍ ഭാസിക്കും എസ്എല്‍ പുരത്തിനും ശേഷം മലയാള സിനിമക്കുവേണ്ടി എറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളതും ശ്രീകുമാരന്‍ തമ്പിയാണ്. 78 ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതി. 30 ചിത്രങ്ങള്‍ സംവിധാനം ചെയ്തു, 22 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതിനിടയിലും എഴുത്തിന്റെ വഴിയില്‍ സഞ്ചരിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയെ സമ്പുഷ്ടമാക്കിയതില്‍ തമ്പിയുടെ പങ്ക് ചെറുതല്ല.
വയലാര്‍-ദേവരാജന്‍ എന്ന പോലെയായിരുന്നു ഒരുഘട്ടത്തില്‍ ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ എന്ന പേര് സ്വീകരിക്കപ്പെട്ടത്. സംഗീത സംവിധാന രംഗത്ത് എനിക്ക് അനായാസമായി വര്‍ക്ക് ചെയ്യാനായതും തമ്പിക്കൊപ്പമാണ്. സഹോദരതുല്യം എന്നു പറയത്തക്ക സവിശേഷമായ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഞാന്‍ ഈണം ചിട്ടപ്പെടുത്തുമ്പോള്‍ തമ്പി അടുത്തുണ്ടാവും. ഒരുമിച്ച് കമ്പോസിംഗിനിരിക്കുമ്പോള്‍, ഇഷ്ടമായില്ലെങ്കില്‍ തമ്പി അതു തുറന്നു പറയും. അല്ലെങ്കില്‍ മാറ്റം വരുത്തേണ്ടത് എവിടെയെന്ന് നിര്‍ദേശിക്കും. നന്നായി എങ്കില്‍ നന്നായി എന്നും.
ഈണം ചിട്ടപ്പെടുത്തുന്നതിന് മുമ്പ് ഗാനരചയിതാക്കളോട് ഞാന്‍ അവര്‍ എഴുതിയ വരികള്‍ ഒന്ന് ചൊല്ലാന്‍ പറയാറുണ്ട്. കാരണം ഗാനരചയിതാവിന്റെ മനസിലും ഒരു രാഗവും ഈണവുമുണ്ടാവുമല്ലോ. ശ്രീകുമാരന്‍ തമ്പി തന്റെ വരികള്‍ മനോഹരമായി തന്നെ ചൊല്ലി കേള്‍പ്പിക്കും. അത് കേള്‍ക്കുമ്പോഴേ അദ്ദേഹത്തിന്റെ മനസും ഭാവവും എവിടെയാണെന്ന് അറിയാനാകും. മാത്രമല്ല ഒരു പാട്ടിനുവേണ്ടി എത്ര നേരം മുഷിഞ്ഞ് ഒപ്പമിരിക്കാനും തമ്പിക്ക് മടിയില്ല. എനിക്കുവേണ്ടി നിര്‍മാതാക്കളോട് ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് ഒരുപക്ഷേ തമ്പിയാകും.
'പാടാത്ത വീണയും..' (റസ്റ്റ്ഹൗസ് 1969), ദുഖമേ നിനക്ക്..' (പുഷ്പാഞ്ജലി), 'സുഖമൊരു ബിന്ദു..' (ഇത് മനുഷ്യനോ-1973), 'കുയിലിന്റെ മണിനാദം കേട്ടു.. ' ( പത്മവ്യുഹം 1973), 'പാലരുവിക്കരയില്‍.. (പത്മവ്യൂഹം, 1973), 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ..' (പിക്‌നിക്, 1975), 'സ്‌നേഹഗായീകേ..' (പ്രവാഹം, 1975), 'ചെട്ടിക്കുളങ്ങര ഭരണിനാളില്‍...' (സിന്ധു, 1975), 'രണ്ടുനക്ഷത്രങ്ങള്‍ കണ്ടുമുട്ടി..' (കന്യാദാനം, 1976), 'ശ്രാവണപ്പുലരി വന്നു...' (അന്തര്‍ദാഹം, 1977) തുടങ്ങി 150 ലേറെ ഹിറ്റുകള്‍ 'ശ്രീകുമാരന്‍തമ്പി-അര്‍ജുനനന്‍ ടീമി'ല്‍ നിന്നുണ്ടായി.
സിനിമയുടെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞെങ്കിലും ഇപ്പോഴും ഞങ്ങള്‍ ഉറ്റ ബന്ധം സൂക്ഷിക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരംഗം പോലെയായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ മരിച്ചുപോയ മകന്‍ രാജകുമാരന്‍ തമ്പിയുമായും നല്ല ബന്ധമായിരുന്നു. ആ മകന്റെ മരണം വല്ലാത്ത വേദനയാണെനിക്ക്. കുട്ടിക്കാലത്തെ കുസൃതികള്‍ മുതല്‍ ആ മകനുമായി ബന്ധപ്പെട്ട് എന്റെ മനസ്സില്‍ കുറേയേറെ ഓര്‍മകളുണ്ട്. അപ്രതീക്ഷിതമായി സംഭവിച്ച മകന്റെ മരണം തമ്പിയെ വല്ലാതെ ഉലച്ചു. ഇപ്പോള്‍ ഞാന്‍ കഴിയുന്നതും തമ്പിയുടെ വീട്ടില്‍ പോകുന്നത് ഒഴിവാക്കുന്നു. കാരണം അവിടെ ചെല്ലുമ്പോള്‍ ആ മകന്റെ ഓര്‍മകള്‍ വീണ്ടും ഉണരും. അതു ഞങ്ങള്‍ക്ക് രണ്ടുകൂട്ടര്‍ക്കും വീണ്ടും വിഷമമാവും. എന്നാലും ഇപ്പോഴും ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിക്കുന്നു.
പ്രസാദ് വല്ലചിറയുടെ 'ഹൈവേ പോലീസ്' എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീകുമാരന്‍ തമ്പിയും ഞാനും അവസാനം ഒന്നിച്ചത്. മധു ബാലകൃഷ്ണന്‍, എം ജി ശ്രീകുമാര്‍, മഞ്ജരി, ജ്യോത്സ്‌ന തുടങ്ങിയവരാണ് ആലപിച്ചത്.



എം.കെ. അര്‍ജുനന്‍ ഭാര്യ ഭാരതിക്കൊപ്പം

ചിതറിയ ചില പാട്ടോര്‍മകള്‍

വര്‍ഷം 1975. ഞാന്‍ 'പിക്‌നിക്' എന്ന സിനിമയുടെ വര്‍ക്കിലാണ്. മദ്രാസില്‍ തങ്ങുകയാണ് അക്കാലത്ത്. തിരക്കൊഴിയാത്ത കാലമാണത്. മഹാലിംഗപുരത്തെ എം.എസ്. പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ വച്ചാണ് കമ്പോസിംഗ്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. ശശികുമാര്‍ സംവിധാനം ചെയ്യുന്ന 'പികിനിക്കി'ല്‍ ഏഴ് പാട്ടുകളുണ്ട്. ഞാന്‍ ആറെണ്ണത്തിന് സംഗീതം കൊടുത്തു. എല്ലാവര്‍ക്കും ഇഷ്ടമായി. പക്ഷേ അതില്‍ ഒരു യുഗ്മഗാനമുണ്ട്. ഒരാഴ്ചയായി ശ്രമിച്ചിട്ടും ട്യൂണ്‍ ശരിയാവുന്നില്ല. ഞാന്‍ ചെയ്ത ഒന്നു രണ്ടു ട്യൂണുകള്‍ ശശികുമാറിനും നിര്‍മാതാവിനും എന്തുകൊണ്ടോ അത്ര പിടിച്ചില്ല. ഞാന്‍ ആ പാട്ടില്‍ തന്നെ മനസ്സ് അര്‍പ്പിച്ച് നടക്കുകയാണ്. മദ്രാസില്‍ ചെന്നാല്‍ തങ്ങുക മിക്കപ്പോഴും അയ്യപ്പാസ് ലോഡ്ജിലാണ്. ഞാന്‍ മഹാലിംഗപുരത്ത് നിന്ന് അങ്ങോട്ടേക്ക് കാറില്‍ മടങ്ങുന്നു. ചെറ്റ്‌പെട്ട് പാലത്തിനു മുകളില്‍ കാര്‍ എത്തി. പെട്ടെന്ന് ഒരു ഈണം മനസ്സില്‍ വന്നു. വരികള്‍ വെറുതെ മൂളിയപ്പോള്‍ ഈണം അറിയാതെ മനസ്സില്‍ വന്നതാണ്. ലോഡ്ജില്‍ ചെന്നപാടെ ഞാന്‍ അത് ട്യൂണ്‍ ചെയ്ത് ടേപ്പിലാക്കി. അടുത്ത ദിവസം രാവിലെ ഞാന്‍ പാട്ട് ശശികുമാറിനെ കേള്‍പ്പിച്ചു. പക്ഷേ എന്തോ അദ്ദേഹത്തിന് അത്ര രസമായി തോന്നിയില്ല. ആ പാട്ടിന് ആ ട്യൂണ്‍ മതി എന്നു ഞാന്‍ ഉറപ്പിച്ചിരുന്നു. എനിക്ക് അത്രമേല്‍ ആ ട്യൂന്‍ ഇഷ്ടമായിരുന്നു. മാറ്റാന്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നുറപ്പിച്ചാണ് എത്തിയത്. 'ഈ ട്യൂണ്‍ പോരെങ്കില്‍ ഇവിടെ വച്ച് നിര്‍ത്താം. എന്നെ കൊണ്ടു പറ്റില്ല' എന്ന് ഞാന്‍ പറഞ്ഞു. അവസാനം ശശികുമാര്‍ വഴങ്ങി. ജമിനി സ്റ്റുഡിയോയില്‍ വച്ച് റെക്കോഡിംഗ് നടന്നു. യേശുദാസും വാണി ജയറാമുമായിരുന്നു ഗായകര്‍. പാട്ട് സൂപ്പര്‍ ഹിറ്റായി. 'വാല്‍ക്കണ്ണെഴുതി വന പുഷ്പം ചൂടി..''. ഇന്നും പലരുടെയും ചുണ്ടില്‍ ഈ പാട്ടുണ്ട്. ഒരു പക്ഷേ, ഞാന്‍ ശശികുമാറിന് വഴങ്ങി ഈണം മാറ്റിയിരുന്നെങ്കില്‍ അത്രയും മനോഹരമാകുമായിരുന്നോ എന്ന് സംശയമാണ്.
'പിക്‌നിക്കിന്റെ' റെക്കോഡിംഗ് സമയത്ത് യേശുദാസാണ് വാണിജയറാമിനെക്കുറിച്ച് എന്നോട് പറയുന്നത്. പിറ്റേന്ന് തന്നെ റിഹേഴ്‌സലിന് വരാന്‍ പറഞ്ഞു. വാണി പാട്ട് എളുപ്പം പഠിക്കും.. ക്ലാസിക്കല്‍ സംഗീതത്തിലാകട്ടെ അപാര പരിജ്ഞാനവും. 'പിക്‌നി'ക്കിലെ പാട്ട് വാണിക്കും ഒരു ബ്രേക്കായിരുന്നു. അതിനുശേഷം വാണിജയറാം പിന്നെയും ചില പടങ്ങളില്‍ എനിക്കൊപ്പം സഹകരിച്ചു. 'പ്രവാഹം' എന്ന ചിത്രത്തില്‍ 'മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു' എന്ന പാട്ട് യേശുദാസിനൊപ്പം വാണി പാടി. 'സീമന്ത രേഖയില്‍..' (ആശീര്‍വാദം), 'തിരുവോണപ്പുലരിതന്‍..' (തിരുവോണം), 'തേടിത്തേടി ഞാനലഞ്ഞു...' (സിന്ധു), 'സപ്ത്വസരങ്ങളാകും..' (ശംഖുപുഷ്പം) എന്നിവ അങ്ങനെ വാണിയുടെ ശബ്ദത്തില്‍ ഹിറ്റായ പാട്ടുകളാണ്.
1975- ല്‍ തന്നെയാണ് സുജാത ആദ്യമായി പിന്നണി ഗാന രംഗത്ത് എത്തുന്നത്. 'ടൂറിസ്റ്റ് ബംഗ്ലാവ്' എന്ന സിനിമയില്‍ ഞാന്‍ ചിട്ടപ്പെടുത്തിയ പാട്ടിലൂടെയാണ് അത് . അന്ന് സുജാതയ്ക്ക് പന്ത്രണ്ട് വയസ്സ്. സുജാതയല്ല ബേബി സുജാതയെന്നാണ് അറിയപ്പെടുന്നത്. കൊച്ച് വാനമ്പാടി. ആറാംക്ലാസില്‍ പഠിക്കുന്നു. യേശുദാസാണ് സുജാതയെ പരിചയപ്പെടുത്തുന്നത.് കൊച്ചിയില്‍ കലാഭവന്‍ സംഘടിപ്പിച്ച മത്സരത്തില്‍ വേദിയിലേക്ക് കയറിയ പാവാടക്കാരിയായ പത്ത് വയസ്സുകാരിക്ക് നേരെ പ്രതിഷേധമുയര്‍ന്നു. കലാഭവനില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനാവില്ല എന്നത് സുജാതയ്ക്ക് അറിയുമായിരുന്നില്ല. കരഞ്ഞുമാറിനിന്ന സുജാതയെ വിധി കര്‍ത്താവായ യേശുദാസ് ആശ്വസിപ്പിച്ചു. പിന്നീട് സ്‌റ്റേജ് ഷോകളില്‍ പാടാന്‍ യേശുദാസ് സുജാതയെ കൂട്ടി. അങ്ങനെ യേശുദാസിനൊപ്പം സുജാത പല വേദികളും പാടി. ഏകദേശം 2000 വേദികളില്‍. 'ടൂറിസ്റ്റ് ബംഗ്ലാവി'ല്‍ സുജാത പാടുന്നത് ശരിയാകുമോയെന്ന് പലരും സംശയം പ്രകടിപ്പിച്ചു. കാരണം നായികയായ ജയഭാരതിക്കുവേണ്ടിയാണ് സുജാത പാടുന്നത്. ഇരുത്തംവന്ന നായികയ്്ക്ക് ശബ്ദം കൊടുക്കുന്നത് പന്ത്രണ്ട് വയസ്സുള്ള കുട്ടി. എന്തായാലും സുജാത നന്നായി പാടി. ഒ.എന്‍.വി.കുറുപ്പ് രചിച്ച 'കണ്ണെഴുതി പൊട്ടുംതൊട്ട്..' എന്നതാണ് ആ പാട്ട്. ഇന്നും ആ പാട്ടിന്റെ ദൃശ്യം കാണുന്നവര്‍ക്ക് നായികയും ഗായികയും തമ്മിലുള്ള പ്രായവ്യത്യാസം മനസ്സിലാവില്ല. സുജാത പിന്നെ വളരെ വേഗം വലിയ ഗായികയായി വളര്‍ന്നു. സുജാതയുടെ വളര്‍ച്ചയുടെ തുടക്കത്തില്‍ ഒരു പങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് വല്ലാത്ത സന്തോഷമുണ്ട്.
മദ്രാസ് ജീവിത കാലത്ത് പരിചയപ്പെട്ടവരില്‍ മരിക്കും വരെ ഉറ്റ ചങ്ങാത്തം പുലര്‍ത്തിയായാളാണ് രവീന്ദ്രന്‍. കൊല്ലം കുളത്തുപ്പുഴയില്‍ ജനിച്ച രവീന്ദ്രന്‍ സിനിമയില്‍ ഭാഗ്യം തേടിയാണ് മദ്രാസിലെത്തുന്നത്. എന്നെപ്പോലെ ഗായകനാവണമെന്നായിരുന്നു അദ്ദേഹത്തിന്റെയും ആഗ്രഹം. പക്ഷേ കാലം അദ്ദേഹത്തെയും കൊണ്ടെത്തിച്ചത് സംഗീത സംവിധായകന്റെ റോളില്‍. 1979 ല്‍ ചൂളയില്‍ 'താരകമോ മിഴിയിതളില്‍ കണ്ണീരുമായി' എന്ന ഗാനത്തോടെയാണ് രവീന്ദ്രന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. പക്ഷേ അതിനു മുമ്പ് ദുരിതം നിറഞ്ഞ ഒരു കാലം അദ്ദേഹത്തിനുണ്ടായിരുന്നു. അവസരങ്ങളില്ലാതെ, കയ്യില്‍ പൈസയില്ലാതെ രവീന്ദ്രന്‍ ജീവിച്ചു. വിശപ്പടക്കാന്‍ പൊതുടാപ്പുകളില്‍ നിന്ന് വെള്ളം കുടിച്ചു. അതുല്യ പ്രതിഭയായിരുന്നു എല്ലാ അര്‍ത്ഥത്തിലും രവീന്ദ്രന്‍. പരിചയപ്പെട്ട അന്നുമുതല്‍ എന്നും സ്വന്തം സഹോദരനോടുള്ളപോലെ അടുപ്പം ഞങ്ങള്‍ കാത്തുസൂക്ഷിച്ചു. രവീന്ദ്രന്റെ പേരിലുള്ള ആദ്യ അവാര്‍ഡും എനിക്ക് തന്നെയാണ് കിട്ടിയത്.
മലയാളികള്‍ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പാട്ട് പിറന്നത് ഒ.എന്‍.വി കുറിപ്പിനൊപ്പമാണ്. അക്കാലത്ത് ഞാന്‍ സിനിമയുടെ തിരിക്കുകളില്‍ നിന്്‌ന ഒഴിഞ്ഞിരുന്നു. 'ഊഴം'എന്ന സിനിമയിലെ (1988) 'കാണാനഴുകള്ള മാണിക്യ കുയിലേ കാടുറുമാസം കഴിഞ്ഞില്ലേ' എന്ന പാട്ട് യാദൃശ്ചിമായാണ് എന്നെ തേടിവരുന്നത്. ഹരികുമാറായിരുന്നു സംവിധായകന്‍. ചക്രവാക രാഗത്തില്‍ ചിട്ടപ്പെടുത്തിയ പാട്ട് ഇന്നും പലരുടെയും ഇഷ്ടഗാനമാണ്. ജി. വേണുഗോപാലിന്റെ മധുരസ്വരമാണ് പാട്ടിനെ മനോഹരമാക്കിയ മറ്റൊരു ഘടകം. ആ പാട്ട് പെട്ടന്ന് തന്നെ ഹിറ്റായി. ദേവരാജന്‍ മാഷിനെ കാണുന്ന ഏതാണ്ട് അതേ നാളുകളില്‍ തന്നെയാണ് ഞാന്‍ ഒ.എന്‍.വിയെയും പരിചയപ്പെടുന്നത്. 1974ല്‍ 'ചഞ്ചല' എന്ന സിനിമയിലാണ് ഞാനാദ്യം ഒ.എന്‍.വിയുടെ വരികള്‍ക്ക് ഈണം നല്‍കുന്നത്. ആ സിനിമയില്‍ 'ഋതു കന്യകകളേ...', '.സ്ത്രീയേ നീയൊരു..' എന്നീ പാട്ടുകള്‍ക്കും ഞാന്‍ ഈണം കൊടുത്തു. 'അഗ്നിപുഷ്പം', 'മുഹൂര്‍ത്തങ്ങള്‍', 'വോഴാമ്പല്‍', 'മോഹം എന്ന പക്ഷി', 'മേള' തുടങ്ങിയ പല സിനിമകളിലൂം ഞാന്‍ ഒ.എന്‍.വിയുമായി ഒന്നിച്ചു. 1975 ല്‍ ടൂറിസ്റ്റ് ബംഗ്ലാവില്‍ 'ചെല്ല് ചെല്ല് മേനകേ നീ ചെല്ല'.. 'കണ്ണെഴുതി പൊട്ട് തൊട്ട്..''കളിവിളക്കിന്‍...' പലതും ഹിറ്റായി. ശ്രീകുമാരന്‍ തമ്പിയെയും വയലാറിന്റെയും പോലെ വരികളില്‍ കാവ്യബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നു എന്നതാണ് ഒ.എന്‍.വിയുടെയും പ്രത്യേകത. ആദ്യം കണ്ടപ്പോള്‍ മുതലുള്ള അടുപ്പവും സ്‌നേഹവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന നല്ല മനസ്സുള്ള സുഹൃത്തുക്കളില്‍ ഒരാളാണ് ഒ.എന്‍.വി.





എം.കെ. അര്‍ജുനനന്‍ മകനും പേരക്കുട്ടിക്കുമൊപ്പം- ഫയല്‍ ചിത്രം

ഒരു ചെറിയ കലഹം

സിനിമാ ജീവിതത്തില്‍ ഞാന്‍ ആകെ ഒരിക്കല്‍ മാത്രമേ വഴക്കിട്ടിട്ടുള്ളൂ. അത് കെ.പി.കൊട്ടാരക്കരയോടായിരുന്നു. ഞാനവര്‍ക്ക് വേണ്ടി പല സിനിമകള്‍ക്കും വേണ്ടി വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ 'ലങ്കാദഹനം' സിനിമയുടെ സമയത്ത് തമ്മില്‍ ചെറുതായി തെറ്റി. ഞാനിടുന്ന ട്യൂണുകള്‍ ഒന്നും കൊട്ടാരക്കരയ്ക്ക് പിടിക്കുന്നില്ല. കുറേ ആയപ്പോള്‍ എനിക്ക് മടുത്തു. വല്ലാത്ത ദേഷ്യം വന്നു. ഇനി മറ്റാരെയെങ്കിലും വച്ച് ചെയ്തുകൊള്ളാന്‍ പറഞ്ഞ് ഞാനവിടം വിട്ടു. ആ സിനിമയ്ക്ക് പിന്നെ സംഗീതം പകര്‍ന്നത് എം.എസ്.വിശ്വനാഥനാണ്. അദ്ദേഹം ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരില്‍ ഒരാളണ്. പക്ഷേ കൊട്ടാരക്കാരയുമായുള്ള പിണക്കം പെട്ടെന്ന് അവസാനിച്ചു. കൊട്ടാരക്കര തന്നെ അടുത്ത പടങ്ങള്‍ക്ക എന്നെ വിളിച്ചു. ഞങ്ങള്‍ വീണ്ടും കുറേ പടങ്ങള്‍ ചെയ്തു. ആ ഒറ്റ പടത്തില്‍ മാത്രമേ എം.എസ്. വിശ്വനാഥനും കൊട്ടാരക്കരയുമായി സഹകരിച്ചുള്ളൂ. സിനിമയില്‍ അങ്ങനെ വഴക്കിട്ട മറ്റൊരു നിമിഷമില്ല. ചിലരുടെ നിര്‍മാതാക്കളുടെ പെരുമാറ്റം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് സത്യമാണ്.
പക്ഷേ പണത്തിനുവേണ്ടിയൊന്നും ഒരിക്കലും ഞാന്‍ ആരോടും വഴക്കിട്ടിട്ടില്ല. ഞാന്‍ മദ്രാസില്‍ ചെല്ലുമ്പോള്‍ പ്രതിഫലം വളരെ കുറവായിരുന്നു. ഒരു പാട്ടിന് 500 രൂപയൊക്കെ കിട്ടിയാല്‍ ഭാഗ്യം. പിന്നീടാണ് പ്രതിഫലം ഉയരുന്നത്. പിന്നീട് റോയല്‍റ്റിയായി. പണം ഒരിക്കലും എന്നെ പ്രചോദിപ്പിച്ചിട്ടില്ല. നന്നായി പാട്ട്‌ചെയ്യാന്‍ അവസരം തരാതെ, അല്ലെങ്കില്‍ നല്ല പാട്ട് നല്ലതാണെന്ന അംഗീകരിക്കാനുള്ള മനസ്സില്ലായ്മയൊക്കെ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്.





സംതൃപ്തിയുടെ ഈണങ്ങള്‍


ഞാന്‍ ജീവിതം തുടങ്ങുന്നത് വെറുംകൈയ്യോടെയാണ്്. അന്ന് വിശപ്പായിരുന്നു കൂട്ട്. പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് സംഗീതരംഗത്തേക്ക് കടന്നുവന്നത്.. ജീവിതമാണ് എന്നിലെ പാട്ടുകാരനെ രൂപപ്പെടുത്തുന്നത്. എന്നാല്‍ സംഗീതം എനിക്ക് എല്ലാം തന്നു.
മക്കള്‍ അഞ്ചുപേരെയും സാമാന്യം ഭേദപ്പെട്ട നിലയിലാക്കാനായി. എനിക്ക് രണ്ടാണും മൂന്നു പെണ്‍മക്കളുമാണുള്ളത്. മൂത്തമകന്‍ അശോകനും കുടുംബവുംൗ പള്ളുരുത്തിയില്‍ ഞാനിപ്പോള്‍ താമസിക്കുന്ന വീടിനടുത്തുതന്നെ കഴിയുന്നു. രേഖ, നിമ്മി, ശ്രീകല എന്നിവരെല്ലാം കല്യാണം കഴിഞ്ഞ് മക്കളുമായി കഴിയുന്നു. എട്ട് പേരക്കുട്ടികളുമുണ്ട്. മക്കളുടെ ജീവിതമുള്‍പ്പടെ സിനിമയാണ് എനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത്.
സംഗീതം തന്ന അംഗീകാരങ്ങളും കുറവല്ല. 1969 മുതല്‍ നാലു തവണ സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1987 ല്‍ പൊഫഷണല്‍ നാടക അവാര്‍ഡ്, 1992 ലെ സംഗീത നാടക അക്കാമി ഫെല്ലോഷിപ്പ്, 1993, 1994, 1997 1998 വര്‍ഷങ്ങള്‍ മികച്ച നാടക സംഗീത സംവിധാകയനുള്ള അവാര്‍ഡ് എന്നിവ നേടി. ഒരുവര്‍ഷം ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ക്ക് ഈണം നല്‍കി എന്ന റെക്കോഡും ഒരിക്കല്‍ എനിക്ക് സ്വന്തമായി.
ആയിരത്തിനടുത്ത് പാട്ടുകള്‍ക്ക് ഞാന്‍ ഇതുവരെ ഈണം പകര്‍ന്നു. 200 മലയാള സിനിമകള്‍ക്കുവേണ്ടിയെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പാട്ടും ഹിറ്റും സൂപ്പര്‍ഹിറ്റുമായി. എന്നാല്‍ സിനിമയിലെ ഗാനസംവിധാനത്തിന് ഒരിക്കലും അവാര്‍ഡ് ലഭിച്ചിട്ടില്ല. അതിന് ഒരു കാരണം ഞാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച സിനിമയുടെ പ്രൊഡ്യൂസേഴ്‌സ് മത്സരത്തിന് പോയില്ല എന്നതാണ്. ഞാനുമൊട്ട് അതിനു ശ്രമിച്ചുമില്ല. അന്ന് നല്ല പാട്ടുണ്ടാക്കണം എന്നു മാത്രമായിരുന്നു ചിന്ത. സിനിമയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്തതില്‍ ഒരു വിഷമവുമില്ല താനും.
1982 ല്‍ ഒരു കാറപകടം സംഭവിച്ചു. രണ്ടുവര്‍ഷം അനങ്ങാതെ കട്ടില്‍ കഴിയേണ്ടി വന്നു. അതു കുറച്ചുനാള്‍ സിനിമാ രാംഗത്തുനിന്ന് വിട്ടുനില്‍ക്കുന്നതിനിടയാക്കി. രണ്ടുവര്‍ഷം മുമ്പ് 'അനാമിക' എന്ന സിനിമയക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. അതാണ് അവസാനം സംഗീതസംവിധാനം നിര്‍വഹിച്ചത്. ഇപ്പോള്‍ സിനിമയില്ല. എന്നാലും ഞാന്‍ സജീവമാണ്. സീരിയലുകള്‍ക്കും നാടകത്തിനും സംഗീതം നല്‍കുന്നു. ചില ഭക്തിഗാന കാസറ്റുകള്‍ക്കുവേണ്ടിയും സംഗീതം ചെയ്യുന്നുണ്ട്.
പണ്ടെത്തെ രീതിയല്ല ഇപ്പോള്‍ സിനിമയിലുള്ളത്. എല്ലാം മാറി. സാങ്കേതിക വിദ്യമാറി. ജനങ്ങളുടെ താല്‍പര്യം മാറി. എന്തിന് ഗാനരംഗ ചിത്രീകരണം വരെ മാറി. പണ്ട് ഒരു പാട്ട് കുറച്ചു മണിക്കൂറുകള്‍കൊണ്ട് ചിത്രീകരിച്ചിരുന്നത് ഇപ്പോള്‍ ദിവസങ്ങളും മാസങ്ങളുമെടുക്കുന്നു. ഗാന ചിത്രീകരണത്തിനായി കോടികള്‍ മുടക്കാനും ചില നിര്‍മാതാക്കള്‍ തയ്യാര്‍. മുമ്പ് വരികള്‍ എഴുതിക്കഴിഞ്ഞായിരുന്നു ട്യൂണ്‍ ചെയ്തിരുന്നത്. ഇന്നത് തിരിച്ചായി. പക്ഷേ, വരികളെഴുതിയശേഷം ട്യൂണ്‍ ചെയ്യണം എന്നതാണ് എന്റെ പക്ഷം. അതേ പാട്ടിന് പൂര്‍ണത നല്‍കൂ. ട്യുണിട്ടശേഷം വരികള്‍ എഴുതുന്നതിന്റെ കുറവ് ഇന്നത്തെ പാട്ടുകള്‍ക്കുണ്ട്. പണ്ടത്തെ പാട്ട് കേള്‍ക്കുമ്പോള്‍ അത് ദൃശ്യമായിട്ടാണ് ഇപ്പോഴും മനസ്സില്‍ പതിഞ്ഞിരുന്നത്. ഇന്നതല്ല. കുറേ ഒച്ചയും ബഹളവുമായി. വരികള്‍ക്ക് അര്‍ത്ഥം വേണമെന്നില്ല.
സംഗീത രംഗമാകട്ടെ മോഷണവും അനുകരണവും നിറഞ്ഞു. കഴിവില്ലാത്ത സംഗീത സംവിധായകരാണ് അനുകരണത്തിനും മോഷണത്തിനും പിന്നാലെ പോകുക. പക്ഷേ അവര്‍ക്ക് അധികം കാലം പിടിച്ചു നില്‍ക്കാനാവില്ല. ജനം അത് തിരിച്ചറിയും.
ഞാന്‍ മുമ്പ് ഈണം പകര്‍ന്ന 'ചെട്ടിക്കുളങ്ങര ഭരണി നാളില്‍' എന്ന പാട്ട് അടുത്തിടെ ഒരു സിനിമയ്ക്കുവേണ്ടി വികൃതമായി അനുകരിച്ചു. എന്നിട്ട് മറ്റൊരു സംഗീത സംവിധായകന്റെ പേരും നല്‍കി. അതെന്നെ വേദനിപ്പിച്ചിരുന്നു. അതുകൊണ്ടാണ് അന്ന് അതിനെതിരെ പ്രതികരിച്ചത്. പക്ഷേ ഇതൊന്നും എന്റെ രീതികളല്ല. അവസാനമായി ചെയ്ത സിനിമയിലും ഞാന്‍ എന്റെ രീതിയാണ് തുടര്‍ന്നത്. വരികള്‍ക്കാണ് ഞാന്‍ ട്യൂണ്‍ ഇട്ടത്.
ഞാനെത്രയോ പാട്ടുകള്‍ ചെയ്തു. അവ ഏതൊക്കായണ് , എത്രയെണ്ണമുണ്ട്് എന്നു ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാന്‍ പറ്റില്ല. ഞാനൊന്നും സൂക്ഷിവച്ചിട്ടില്ല. ഡയറിക്കുറിപ്പുമെഴുതിയില്ല. മക്കള്‍ കുറച്ചു പാട്ടുകള്‍ പകര്‍പ്പ് എടുത്തുവച്ചിട്ടുണ്ട്. പാട്ടുകള്‍ കുറിച്ചുവയ്ക്കുകയും അതിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുണ്ട്. അന്ന് സിനിമയിലേക്ക് വരുമ്പോള്‍ വലിയ പ്രതീക്ഷകളൊന്നുമില്ല. അതുകൊണ്ടാവണം ഒന്നും സൂക്ഷിക്കാതിരുന്നത്. പ്രായമാകുന്നതോടെ ഓര്‍മകള്‍ മങ്ങുന്നുണ്ട്.
പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്. ഞാന്‍ ചെയ്തതില്‍ ഏത് പാട്ടാണ് ഏറ്റവും ഇഷ്ടം? എന്റെ ഉത്തരം: എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. എല്ലാ പാട്ടുകളും നന്നാകുക എന്ന ഉദ്ദേശത്തോടെ, അതിന്റേതായ വേദനകള്‍ സഹിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. പല പാട്ടുകളും ട്യൂണിട്ടത് ആഴ്ചകളും ദിവസങ്ങളുമെടുത്താണ്. അതുകൊണ്ട് തന്നെ ഏനിക്ക് എന്റെ എല്ലാ പാട്ടും ഇഷ്ടമാണ്. ആളുകള്‍ കൂടുതല്‍ കേട്ടത് 'കസ്തൂരി മണക്കുന്നല്ലോ കാറ്റേ..', 'തളിര്‍ വലയോ താമര വലയോ...', 'കാണാനാഴകുള്ള മാണിക്യകുയിലേ..' തുടങ്ങിയ പാട്ടുകളാണ്. അതിനോടൊപ്പം തന്നെ, ഒരു പക്ഷേ അതിനേക്കാള്‍ നന്നായ ചില പാട്ടുകളുണ്ടാകും. പലതും ജനങ്ങളില്‍ വേണ്ടപോലെ എത്തിയോ എന്നു സംശയമാണ്. എന്റെ തന്നെ പാട്ടുകളില്‍ ചിലത,് ആ പാട്ടുകള്‍ അര്‍ഹിച്ച രീതില്‍ ജനങ്ങള്‍ കേട്ടിട്ടുമില്ല. 'രവി വര്‍മ്മ ചിത്രത്തില്‍ രതി ഭാവമേ' പോലുള്ള പാട്ടുകള്‍. ആ പാട്ടുകള്‍ കേള്‍ക്കുന്നത് എനിക്കിഷ്ടമാണ്.
ഒന്നും മോഹിച്ചിട്ടുവന്നവനല്ല ഞാന്‍. വയറിന്റെ കാളല്‍ അടങ്ങണം. അതിന് അറിയാവുന്ന ഒരു ജോലി. അത് നന്നായി ചെയ്തു. അതിനെക്കുറപ്പുണ്ട്. ഇതില്‍ കൂടുതല്‍ ചെയ്യാമായിരുന്നില്ലേ എന്നു ചോദിച്ചാല്‍ ഉത്തരമില്ല. എന്തായാലും ഇന്ന് ഞാന്‍ സംതൃപ്തനാണ്.
മലയാളികളുടെ ചുണ്ടുകളില്‍ എന്റെ ചില പാട്ടുകളെങ്കിലുമുണ്ട്. അവര്‍ ചിലപ്പോഴൊക്കെ അത് മൂളുന്നുണ്ടെന്നും എന്നറിയാം. ഒന്നുമില്ലാതെ വന്നവന് അത്തരം ചില നല്ല അറിവുകള്‍ തന്നെയാണ് ഏറ്റവും വലിയ നിധി.




Mangalam Onappathippu
2010

No comments:

Post a Comment