അഭിമുഖം
ഫാ.സിഡ്രിക് പ്രകാശ്\കെ.പി. മന്‍സൂര്‍ അലി,ആര്.കെ.ബിജുരാജ്

ഞാന്‍ ഭയപ്പെടുന്നു
രാജ്യത്ത് മനുഷ്യാവകാശ സമരമുഖങ്ങളിലെ ഉജ്ജ്വലനായ മുന്നണിപ്പോരാളിയാണ് ഫാദര്‍ സിഡ്രിക് പ്രകാശ്. ഗുജറാത്ത് കൂട്ടക്കൊല നാളുകളില്‍ ഇരകള്‍ക്കൊപ്പം നിന്ന് ഹിന്ദുത്വവര്ഗീതക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയ വ്യക്തിത്വം. വാക്കിലും പ്രവര്‍ത്തിയിലും നിര്‍ഭയത്വം മുദ്രയാക്കിയയാള്. ദൈവസ്നേഹവും മനുഷ്യസേവനവും ഒന്നാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച പാതിരി. മനുഷ്യാവകാശത്തിന് പുറമെ, ജീവകാരുണ്യം, സമൂഹ്യസേവനം, അധ്യാപനം, എഴുത്ത്, പ്രഭാഷണം തുടങ്ങിയ രംഗങ്ങളിലും വിശ്രമമില്ലാതെ കര്‍മനിരതനാണ് സിഡ്രിക് പ്രകാശ്.
ഗുജറാത്ത·് വികസന മോഡല്‍ എന്ന മിഥ്യയെപ്പറ്റിയും അരങ്ങുണരുന്ന കാവിവത്കരണത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതില്‍ അദ്ദേഹം നിരന്തരമായി പ്രവര്‍ത്തിക്കുന്നു. ബോംബെ സംസ്ഥാനത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുജറാത്ത·് പിറവിയെടുക്കുമ്പോഴേ വികസനം എത്തിയ സംസ്ഥാനം കഴിഞ്ഞ പതിറ്റാണ്ടിനിടെ ഏറെ പിറകില്‍ പോയതിന്‍െറ കാര്യകാരണങ്ങള്‍ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും അദ്ദേഹം നിരത്തുന്നു. ഗുജറാത്ത·് കലാപത്തില്‍ മോദിക്കു പങ്കില്ളെന്ന പുത്തന്‍ മാധ്യമ വായനയെയും നഖശിഖാന്തം വിമര്‍ശിക്കുന്നു. സാമൂഹികമായി പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമായി സിഡ്രിക് പ്രകാശ് സ്ഥാപിച്ച ‘പ്രശാന്ത്’ എന്ന സംഘടന പതിമൂന്ന് വര്‍ഷമായി രാജ്യത്ത് നിര്‍ണായക സാന്നിധ്യമാണ്. നിലവില്‍ സംഘടനയുടെ ഡയറക്ടറാണ്് ഫാദര്‍ . 2002ല്‍ ഗുജറാത്ത് കലാപത്തെ· കുറിച്ചും മുസ്ലീം യാഥാര്‍ഥ്യത്തെക്കുറിച്ചും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമീഷന് (യു.എസ്. സി.ഐ.ആര്.എഫ്) നുമുന്നില്‍ മൊഴി നല്കാന് സിഡ്രിക് പ്രകാശ് സന്നദ്ധനായി. ഇതോടെയാണ് ഗുജറാത്തിലെ വംശഹത്യ രാജ്യാന്തരതലത്തില്‍ കൂടുതല്‍ ശ്രദ്ധനേടുന്നത്.
1951 നവംബര്‍ 3 ന് മുംബൈയിലാണ് സിഡ്രിക് പ്രകാശിന്‍െറ ജനനം. മുബൈയിലെ സെന്റ് സേവ്യേഴ്സ് കോളജില്‍ വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തിലും തത്വചിന്തയിലും ദൈവശാസ്ത്രത്തിലും ബിരുദം. 1974 ല്‍ ജസ്യൂട്ടുകള്‍ക്കൊപ്പം ചേര്‍ന്നു. 1985 ല്‍ പുരോഹിതനായി. ഇപ്പോള്‍ സൊസൈറ്റി ഓഫ് ജീസസിന്‍െറ കീഴില്‍ ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. മനുഷ്യാവകാശത്തിന് വേണ്ടിയുള്ള ഗുജറാത്ത് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം കണ്‍വീനര്‍ കൂടിയാണ്. അമേരിക്കയിലെ മാര്ക്വിറ്റി സര്‍വകലാശാലയുള്‍പ്പടെ വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് അധ്യാപകനായും പ്രവര്‍ത്തിക്കുന്നു. ഫ്രഞ്ച് സര്‍ക്കാരിന്‍െറ ഷെവിലിയര്‍ പുരസ്കാരത്തിന് പുറമെ, 1995 ല്‍ മതസൗഹാര്‍ദ പ്രോത്സാഹനത്തിന് ഇന്ത്യന്‍ രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് കബീര്‍ പുരസ്കാരം, 2003 ല്‍, ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ മുസ്ലീം കൗണ്‍സില്‍ നല്കിയ റഫി അഹ്മദ് കിദ്വായി അവാര്‍ഡ്, 2006 ല്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍െറ ന്യൂനപക്ഷാവകാശ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.
സോളിഡാരിറ്റി സംഘടിപ്പിച്ച 'കരിനിയമക്കേസുകളുടെ ജനകീയ തെളിവെടുപ്പില്‍’ പങ്കെടുക്കാന്‍ കഴിഞ്ഞയാഴ്ച ഫാ.സിഡ്രിക് പ്രകാശ് കോഴിക്കോട് എത്തിയിരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ:

മോദി, ഗുജറാത്ത്, വംശഹത്യ
ഗുജറാത്ത് കലാപത്തിന് ശേഷം നരേന്ദ്ര മോദിയെയും ഹിന്ദുത്വതീവ്രവാദത്തെയും ശക്തമായി എതിര്‍ത്തവരില്‍ ഒരാളാണ് താങ്കള്‍. പക്ഷേ, മോദി ഇപ്പോള്‍ പ്രധാനമന്ത്രിയായിരിക്കുന്നു. ഈ അധികാരാരോഹണത്തെ· എങ്ങനെ കാണുന്നു?
2002ലെ കലാപ വേളയില്‍ ഗുജറാത്തിലെ തെരുവുകളും ഗ്രാമങ്ങളും പട്ടണങ്ങളും ഒരുപോലെ പ്രശ്ന കലുഷിതമായത് നമുക്കോര്‍മയുണ്ട്. 2000 മുസ് ലിങ്ങള്‍ കൊല്ലപ്പെട്ടു. അന്ന് മോദിയായിരുന്നു സംസ്ഥാന മുഖ്യമന്ത്രി. അക്രമം തടയാന്‍ എന്തെങ്കിലും നടപടി അദ്ദേഹം അസ്വീകരിച്ചതായി അറിവില്ല. എന്നു മാത്രമല്ല, മുഖ്യമന്തിയെന്ന നിലക്ക്, മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യനോ ആരുമാകട്ടെ സംസ്ഥാനത്തെ· പൗരന്മാര്ക്ക് ഇതുപോലൊന്ന് സംഭവിക്കുമ്പോള്‍ ഖേദമറിയിക്കല് സ്വാഭാവികമാണ്. മോദിയില്‍ നിന്ന് അതുമുണ്ടായിട്ടില്ല. അത് എന്നെ ഭയപ്പെടുത്തുന്നു. ഇന്നിപ്പോള്‍ അദ്ദേഹം പ്രധാനമന്ത്രിയായത്തെുമ്പോള് വിഷയം ഗുരുതരമാണെന്ന് ഞാന്‍ കരുതുന്നു. ഈ രാജ്യത്തിന്‍െറ സ്ഥിതിയെന്താകുമെന്ന് ഓര്‍ക്കുമ്പോള്‍ ഭയമുണ്ട് മനസില്‍. ജനം നല്കിയ വിധി ഞാന്‍ സ്വീകരിക്കുന്നു. കൂടുതല്‍ പേര് വോട്ടു നല്‍കിയത് ബി.ജെ.പിക്കാണ്. എന്‍േറത് ഒരു വോട്ടു മാത്രമേ ആകുന്നുള്ളൂ. എന്നിരുന്നാലും മൊത്തം വോട്ടുവിഹിതം പരിഗണിച്ചാല്‍ 31 ശതമാനം പേര് മാത്രമേ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുനല്കിയിട്ടുള്ളൂ. ബാക്കി 69 ശതമാനവും എതിരെയാണ് ചെയ്തത്. ഇനി ഭരണം എങ്ങനെ പോകുന്നുവെന്നതാണ് പ്രധാനം. ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന നിലക്ക് പുതിയ ഭരണകൂടവും ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കാനുള്ള പോരാട്ടം തുടരുകയാണ് പ്രധാനം. അതാണ് ഞാന്‍ ഉദ്ദേശിക്കുന്നതും.
ഗുജറാത്ത് കലാപത്തെ കഴിഞ്ഞ കാല സംഭവവമായി കണ്ടുകൂടെ? ബി.ജെ.പി തന്നെ വിശേഷിപ്പിക്കുന്നതുപോലെ പുതിയ തുടക്കമായി?
അതുപറ്റില്ല. ഗുജറാത്ത് കൂട്ടക്കൊല നമ്മള് മറന്നുകൂടാ. ഒരിക്കലും. ഇരകള്‍ ഇപ്പോഴും ദുരിതജീവിതം നയിക്കുന്നുണ്ട്. അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഇനിയും കലാപങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെ പല കാരണങ്ങള്‍കൊണ്ടു തന്നെ നമുക്ക് കലാപത്തെ കഴിഞ്ഞ കാല സംഭവവമായി ഒഴിവാക്കാനാവില്ല. ചിലര്‍ പറയുന്നത് കോടതി മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയെന്നാണ്. ഒരു കോടതിയും അത്തരമൊന്ന് പറഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) മോദിക്കെതിരെ മതിയായ തെളിവില്ളെന്നാണ് പറഞ്ഞത്. പക്ഷേ, ഗുജറാത്ത് കലാപ കേസുകള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി രാജുജനാര്ദനന് മോദിയെ വിചാരണചെയ്യാന്‍ മതിയായ തെളിവുകളുണ്ടെന്നാണ് പറഞ്ഞത്. ഗുജറാത്തില്‍ നടന്ന സംഭവത്തില്‍ ഒരിക്കലും മോദി പശ്ചാത്തപിക്കുകയോ, സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. ക്രമസമാധാന പാലനം നടത്തേണ്ട മുഖ്യമന്ത്രി അത് നടത്തിയില്ളെന്നത് വലിയ വീഴ്ചയാണ്. അതേ വ്യക്തി തന്നെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി. അതുകൊണ്ട് തന്നെ ഗുജറാത്ത് വിദൂരതയില്‍ നടന്ന സംഭവമല്ല.
എന്താണ് ഗുജറാത്ത് കലാപ ദിനങ്ങളിലെ വ്യക്തിപരമായ അനുഭവം?
2002 ല്‍ വര്‍ഗീയ കലാപവും കൂട്ടക്കൊലയും നടക്കുമ്പോള്‍ ഞാന്‍ അഹമ്മദാബാദിലുണ്ട്. കലാപം നടക്കുന്ന നാളില്‍ അത് വ്യാപിക്കാതെ തടയാനും ഇരകള്‍ക്ക് സഹായമത്തെിക്കാനും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനുമൊക്കെയുള്ള ശ്രമങ്ങളില്‍ പങ്കാളിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഭീതിദവും ഹൃദയഭേദകവുമായ രംഗങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതെന്‍െറ ദുര്യോഗമാണ്. എന്നാലും മനസില്‍ തങ്ങി നില്ക്കുന്ന ഏറ്റവും ഭീകരമായ ഒരു അനുഭവം പറയാം. ഇഷാന് ജഫ്രി എന്‍െറ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലാണ് താമസം. അദ്ദേഹം മുന്‍ എം.പിയാണ്. ആ പ്രദേശത്തെ മാത്രമല്ല ഗുജറാത്തിലെ എല്ലാവര്ക്കും അദ്ദേഹത്തെ അറിയാം. പ്രധാനമന്ത്രിക്കുവരെ അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുടുംബങ്ങള്‍ തമ്മില്‍ അറിയും . ഫ്രെബ്രുവരി 28 ന് അക്രമികള്‍ താന്‍ വസിക്കുന്ന മേഖലയിലേക്ക് വന്നപ്പോള്‍ അദ്ദേഹം സഹായത്തിനായി അധികാരതലത്തിലുള്ളവരെ വിളിച്ചു. കുഴപ്പമൊന്നുമുണ്ടാവില്ളെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു. പൊലീസ് എത്തിയില്ല. അക്രമികള്‍ വന്നപ്പോള്‍ അദ്ദേഹം അവരെ തടയാന്‍ ശ്രമിച്ചു. ഒരു മുതിര്‍ന്ന കാരണവര്പോലെയാണ് അദ്ദേഹം എല്ലാവര്ക്കും. അതിനാല്‍ അക്രമികളെ തടയാന്‍ ആവുമെന്ന് കരുതിയിട്ടുണ്ടാവണം. ജനങ്ങളെ ഉപദ്രവിക്കരുത്, വേണമെങ്കില്‍ എന്‍െറ ജീവന് എടുത്തുകൊള്ളു എന്ന് അദ്ദേഹം അവരോട് ദയനീയമായി അപേക്ഷിച്ചു. അവര്‍ അത് ചെയ്തു. അക്രമികള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കികൊണ്ടുപോയി വെട്ടിനുറുക്കി, അഗ്നിക്കരിയാക്കി. എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അറിഞ്ഞ് മാര്‍ച്ച് ഒന്നിന് ഞാന്‍ ജഫ്രി താമസിക്കുന്നിടത്തേക്ക് ചെന്നു. അക്രമം നടന്നുവെന്ന് കേട്ടെങ്കിലും വിശദാംശങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. ആ ഹൗസിങ് കോംപ്ളകസില് ചെന്നപ്പോള്‍ കണ്ട രംഗം ഒരിക്കലും എനിക്ക് മറക്കാനാവില്ല. അതില്‍ നിറയെ മൃതദേഹങ്ങളായിരുന്നു. ചോരയില്‍ കുതിര്‍ന്നും, അംഗഭംഗം സംഭവിച്ചുമൊക്കെയുള്ള മൃതദേഹങ്ങള്‍. എനിക്ക് ജാഫ്രിയെ കണ്ടത്തൊനായില്ല. അടുത്തായാഴ്ചയാണ് അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നു മനസിലായത്. അതോടെ എനിക്ക് പൂര്‍ണമായി രംഗത്തിറങ്ങേണ്ടിവന്നു. ഇനിയൊരു വര്‍ഗീയ കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ പ്രവര്‍ത്തിച്ചേ മതിയാകൂ എന്ന് ബോധ്യമായി. എന്‍െറ വിശ്വാസം പ്രതികാരമല്ല പഠിപ്പിക്കുന്നത്. യേശു പഠിപ്പിച്ചത് ക്ഷമിക്കാനും പൊറുക്കാനുമാണ്. പക്ഷേ വിശ്വാസം പഠിപ്പിക്കുന്നത് വര്‍ഗീയ കലാപം പോലുള്ള ഒന്ന് ആവര്‍ത്തിക്കാന്‍ പാടില്ളെന്നും, നീതിക്ക് അനുകൂലമായ പശ്ചാത്തലം ഒരുക്കണമെന്നുമാണ്. അതിനായി പിന്നീടുള്ള പ്രവര്‍ത്തനം.
എന്താണ് ഗുജറാത്ത·് കലാപത്തിനിരയായവരുടെ ഇപ്പോഴത്തെ· സാഹചര്യം? അവര്‍ ദുരിതജീവിതം നയിക്കുന്നതായി താങ്കള്‍ പറഞ്ഞു..
കലാപ നാളില്‍ പലയാനംചെയ്തവരിപ്പോഴും താമസിക്കുന്നത് അഹ്മദാബാദിലെ ബോംബെ ഹോട്ടല്‍ പരിസരങ്ങളിലും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എത്താത്ത· താല്‍ക്കാലിക താമസ കേന്ദ്രങ്ങളിലാണ്. ഒന്നു തല ചായ്ക്കാന്‍ പോലും ഇടമില്ളെന്നതാണ് ഇവിടുത്തെ· സാഹചര്യം. നിത്യജീവിതത്തിനു വേണ്ടി പെടാപാടു പെടുന്നവര്‍. ആയിരക്കണക്കിനു പേരാണ് ഇങ്ങനെയുള്ളത്. അവരിപ്പോഴും ഭയത്തിലും വേദനയിലുമാണുള്ളത്. ഗുജറാത്തിലെ ന്യനപക്ഷങ്ങളില്‍ മോദി വിലക്കെടുത്ത· കുറഞ്ഞ ആളുകളൊഴിച്ചാല്‍ പൊതുവെ ഇതേ സാഹചര്യങ്ങള്‍ തന്നെയാണ് തുടരുന്നത്. ഇരകളുടെ പുനരധിവാസത്തിന് ഒരു പദ്ധതിയുമൊരുക്കിയിട്ടില്ല.
ഗുജറാത്തിലെ അവസ്ഥയെപ്പറ്റി താങ്കള്‍ അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള യു.എസ്. കമീഷന് (യു.എസ്. സി.ഐ.ആര്.എഫ്) നുമുന്നില്‍ മൊഴി നല്‍കിയിരുന്നു. അത് എന്തുകൊണ്ട്?
സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സാധ്യമാകുന്ന എല്ലാ വേദികളിലും അഭിപ്രായം പറയുക, നിലപാട് അറിയിക്കുക എന്നതാണ് എന്‍െറ രീതി. അതൊരു ഇടപെടലും സമരവുമാണ് എനിക്ക്. ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യകളെപ്പറ്റി എനിക്ക് ലോകത്തോട് പറയണമെന്ന് തോന്നി. സാധ്യമായ അവസരം ഞാന്‍ വിനിയോഗിച്ചുവെന്ന് പറയാം. 1992 ല്‍ റിയോയില്‍ പരിസ്ഥിതി, വികസനം എന്നിവയെ കേന്ദ്രീകരിച്ചുനടന്ന യു.എന്‍ സമ്മേളനത്തിലും 1994 ല്‍ കെയ്റോയില്‍ ജനസംഖ്യയും വികസനം എന്നീ വിഷയങ്ങളില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനതിലും പ്രതിനിധിയായി പങ്കെടുത്തിരുന്നു. അത്തരം വേദികള്‍ ഉപയോഗിക്കുക എന്ന നയം ഞാന്‍ ഇനിയും തുടരും.
ഗുജറാത്തിന്‍െറ വികസനാവസ്ഥയാണ് മോദിയുടെ നേട്ടമായി ഉയര്‍ത്തികാട്ടുന്ന കാര്യം?
ഗുജറാത്തിറെ വികസന നായകനായി മോദിയെ പല മാധ്യമങ്ങളും ഉയര്‍ത്തികാട്ടുന്നുണ്ട്. പക്ഷേ, ഇതിന് സത്യവുമായി ഒരു ബന്ധവുമില്ല. ഗുജറാത്ത് എന്നും വികസിത സംസ്ഥാനമായിരുന്നു. 1960 ല്‍ ബോംബെ സംസ്ഥാനത്തില്‍ നിന്ന് ഗുജറാത്ത് രൂപീകരിക്കും മുമ്പേ. എന്നാല്‍, സാമ്പത്തിക സൂചികകള്‍ വ്യക്തമായി എടുത്തുകാട്ടുന്നത് ഗുജറാത്ത് മോദിയുടെ കീഴില്‍ വളരെ മോശം അവസ്ഥയില്‍ എത്തി എന്നതാണ്. ഗുജറാത്ത് ഭരിച്ച മുന്‍ ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ മോശം. ഗുജറാത്തില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുറഞ്ഞു. ആഭ്യന്തരമായ മറ്റ് നിക്ഷേപങ്ങളും. ഗ്രാമങ്ങളിലും ദാരിദ്ര്യം ശക്തമാണ്. 2013 ല്‍ യുണിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അഞ്ചുവയസില്‍ താഴെയുളള കുട്ടികളില്‍ രണ്ടില്‍ ഒന്നിന് പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംസ്ഥാനത്തിന്‍െറ വികസനാവസ്ഥയെക്കുറിച്ച് പറയേണ്ടത്. ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നുകൂടിയുണ്ട്. വികസനമെന്നത് സമഗ്രമായിരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നത്. പക്ഷേ, ഗുജറാത്തിലെ ആദിവാസികളുടെയും ദലിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സ്ഥിതി തീരെയും മെച്ചപ്പെട്ടില്ളെന്നതാണ് വസ്തുത.
പക്ഷേ, അപ്പോള്‍ മോദി എന്തുകൊണ്ടാണ് വീണ്ടും വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത് എന്ന പ്രശ്നം ഇല്ളേ?
അതിന് കാരണം വ്യക്തമായി എനിക്കറിയില്ല. ഞാന്‍ മനസിലാക്കുന്ന കാരണങ്ങള്‍ ഒന്ന് വികസനം തുടങ്ങിയ പ്രചാരണങ്ങില്‍ നല്ല പങ്ക് ആള്‍ക്കാരും വീഴുന്നുവെന്നാണ്. കോര്‍പ്പറേറ്റുകള്‍, മാധ്യമങ്ങള്‍ എന്നിവയുടെ പ്രചാരണവും അജണ്ടകളും നിര്‍ണായകമാണ്. മോദിയടക്കം ആവര്‍ത്തിച്ചു പറയുന്ന നുണകള്‍ മറ്റും സൃഷ്ടിക്കുന്ന പല സ്വാധീനങ്ങളിലും ജനം വീഴുന്നതും കാരണമാണ്.
കോര്‍പറേറ്റ് ജനാധിപത്യത്തിന്‍െറ കാലമാണിതെന്ന് പറയാം. ബിജെ.പിയെ അധികാരത്തിലത്തെിച്ചത് കോര്‍പറേറ്റുകളാണെന്ന് തോന്നുന്നുണ്ടോ?
ജനാധിപത്യത്തിന്‍െറ സമ്പൂര്‍ണ കോര്‍പറേറ്റ്വത്കരണം നടന്നുകഴിഞ്ഞുവെന്നത് സത്യമാണ്. ബി.ജെ.പിയെ ഇത്തവണ അധികാര·ിലത്തെിച്ചത് കോര്‍പറേറ്റുകളും പണമുള്ളവരും ചേര്‍ന്നാണ്. അതേ സമയം, അവര്‍ ഉയര്‍ത്തിക്കാട്ടുന്ന ഗുജറാത്തിന്‍െറ വികസനമാതൃകയെന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഗുജറാത്ത് മുമ്പും വികസിതമാണ്. അതു മോദിയുടെ വികസനമല്ല, മറിച്ച് കാലങ്ങളായി സംസ്ഥാനത്തെ· മുന്നിലത്തെിക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ഗുജറാത്തി സംരംഭകരുടെ മികവാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേറ്റുകള്‍ സംഘടിതമായി മോദിയെ പിന്തുണച്ചുവെന്നത് വസ്തുതയാണ്.
മോദി ഭരണകൂടം രാജ്യത്തെ· വികസന·ിന്െറ പുതുവഴികളിലേക്ക് നയിക്കുമെന്നാണല്ളോ പ്രചാരണം?
എനിക്ക് തോന്നുന്നില്ല, അങ്ങനെ സംഭവിക്കുമെന്ന്. ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത് ഗുജറാത്ത് മാതൃകയാണല്ളോ. പക്ഷേ, ഈ മാതൃക ഒരിക്കലും രാജ്യത്തിന് ഗുണം ചെയ്യില്ല. ഒരു ഉദാഹരണത്തിന് അഹ്മദാബാദിലെ ജുഹാപുരയില്‍ മാത്രം നാലു ലക്ഷത്തോളം മുസ്ലിംകള് തിങ്ങിത്താമസിക്കുന്നുണ്ട്. അവര്‍ക്ക് സ്വന്തമായി ഭൂമി വാങ്ങാനോ കട തുടങ്ങാനോ അവകാശമില്ല. അവര്‍ ഒരു മേഖലയില്‍ തന്നെ തങ്ങേണ്ട അവസ്ഥ. സംസ്ഥാനത്തിന്‍െറ ഒട്ടുമിക്ക ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഘെറ്റോകളിലാണ് അവരിലേറെയും താമസിക്കുന്നത്.
പുതിയ സര്‍ക്കാര്‍ തങ്ങള്‍ക്കെതിരാകുമോ എന്ന ഭീതി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുണ്ട്?
എനിക്ക് അറിയില്ല. നമുക്ക് ഒന്നും വ്യക്തമല്ല. മോദി മന്ത്രിസഭയിലെ വകുപ്പു മന്ത്രി നജ്മ ഹിബ·ുല്ല ന്യൂനപക്ഷങ്ങളെ കുറിച്ചു പറഞ്ഞത് നാം കേട്ടതാണ്. പ്രധാനമന്ത്രി ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജമ്മുകശ്മീരിന് പ്രത്യേക അവകാശം അനുവദിക്കുന്ന 370 ാം വകുപ്പിനെ കുറിച്ചു പറഞ്ഞതും നാം കേട്ടു. 370ാം വകുപ്പിനെ കുറിച്ചു സംസാരിക്കാന്‍ ഒരിക്കലും അദ്ദേഹത്തിന് അവകാശമില്ല. കാരണം അത് ഭരണഘടനയിലെ സങ്കീര്‍ണമായ പ്രശ്നങ്ങളിലൊന്നാണ്. ഭരണമേറ്റ് നാളുകളാകുമ്പോഴേക്ക് ഇത്രയും വിവാദങ്ങളുണ്ടാക്കിയവര്‍ എന്തുചെയ്യുന്നുവെന്ന് കാത്തിരുന്ന് കാണണം. എന്തായാലും അവരുടെ നീക്കങ്ങള്‍ ന്യൂനപക്ഷങ്ങളെയും എന്നെപ്പോലുള്ള സാമൂഹ്യ പ്രവര്ത്തകരെും ഭയപ്പെടുത്തുന്നുണ്ട്.
സമൂഹത്തിലെ വര്‍ഗീയ ധ്രുവീകരണം ശക്തമായ അവസ്ഥയാണ് ഇപ്പോഴുള്ളത്. അത് ഇനിയും കൂടാനുള്ള സാധ്യതയാണ് കാണുന്നത്. താങ്കള്‍ എന്തുപറയും?
സമൂഹത്തിലെ മതസൗഹാര്‍ദം വലിയ അളവില്‍ ഇല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണം ആഴത്തിലാണ്. ഒരു മതക്കാര്‍ മറ്റൊരു മതക്കാരെ അവിശ്വാസത്തോടെ കാണുന്ന അവസ്ഥയാണ്. സെപ്റ്റ്ംബര്‍ 11 നു ശേഷം മുസ് ലീങ്ങളെ ഭീകരവാദികളും തീവ്രവാദികളുമായി കാണുന്ന അവസ്ഥ ലോകത്തെങ്ങളും ശക്തമായി. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല. വലതുപക്ഷ ശക്തികളും ഹിന്ദുത്വവര്‍ഗീയവാദികളും ചേര്‍ന്ന് മുസ്ളീങ്ങള്‍ തീവ്രവാദികളാണ് എന്ന പ്രചരണം ശക്തമാക്കിയിട്ടുണ്ട്്. അതിന്‍െറ കെണിയില്‍ മൊത്തം സമൂഹവും വീഴുന്നു. അതുപോലെ ക്രിസ്ത്യന്‍ സമൂഹത്തെയും മുന്‍വിധിയോടെയാണ് സമീപിക്കുന്നത്. ഞാനുള്‍പ്പടെയുള്ള ക്രിസ്ത്യാനികളെല്ലാം മതപരിവര്‍ത്തനത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നാണ് ഒരു വലതുപക്ഷ ധാരണ. പുരോഹിതന് എന്ന നിലയില്‍ എനിക്ക് ഇത്തരം മനോഭാവത്തെ പലപ്പോഴും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. സാമൂഹ്യ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ സജീവമായി നില്ക്കുന്ന എന്നെപ്പോലുള്ളവരെ അവിശ്വസിക്കുന്ന അവസ്ഥയുണ്ട്. ഇതുപോലെ തിരിച്ച് ഹിന്ദുക്കളെയും മറ്റ് വിഭാഗക്കാര്‍ അവിശ്വാസത്തോടെ കാണുന്നുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഈ ധ്രുവീകരണം ശക്തമാക്കും. ഈ പോക്ക് വലിയ അളവിലാണ് ഭീതി നല്കുന്നു.
മോദിക്ക് അനുകൂലമായി ചില ന്യുനപക്ഷ സംഘടനകള്‍ തന്നെ നിലകൊള്ളുന്നുണ്ടല്ളോ?
അതുണ്ട്. പക്ഷേ, അങ്ങനെ നിലകൊള്ളുന്ന സംഘടനകളുടെ സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ അവര്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള് ഉണ്ടെന്ന് വ്യക്തമാണ്. ചിലതിന് ബിസിനസ് താല്പര്യങ്ങളാണുള്ളത്. ന്യൂനപക്ഷങ്ങള്ക്കൊപ്പമായിരുന്നു ഗുജറാത്തില്‍ മോദിയെന്നത് കേവലം പ്രചാരണമാണ്. 2003 ല്‍ മോദി മതപരിവര്‍ത്തന വിരുദ്ധ നിയമം അവതരിപ്പിച്ചു. 2008 ല്‍ അത് നടപ്പാക്കി. ഇതാവും ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ നിയമങ്ങളിലൊന്നാണിത്. സിവില്‍ ഭരണാധികാരികളുടെ അനുമതിയില്ലാതെ ഒരാള്‍ക്ക് മറ്റൊരു മതം സ്വീകരിക്കാനാവില്ളെന്ന് ഈ നിയമം അനുശാസിക്കുന്നു. ഇത് ജനാധിപത്യത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരാണ്. രണ്ടാമത് ഇപ്പോഴും പൊലീസ്, ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ പതിവായി പള്ളികളിലും ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലും എത്തുന്നു. അവര്‍ എല്ലാത്തരം അന്വേഷണവും നടത്തുന്നു. ജ്ഞാനസ്നാന രേഖകള്‍ ഉള്‍പ്പടെ എല്ലാത്തരം രേഖകളും ആവശ്യപ്പെടുന്നു. ഇത്തരം നൂറുകണക്കിന് രൂപങ്ങളില്‍ മോദി ന്യുനപക്ഷ വിരുദ്ധതന്നെയാണ് നടപ്പാക്കിയത്.
പ്രശാന്ത് എന്ന സംഘടന രൂപീകരിക്കാനുള്ള സാഹചര്യം എന്താണ്? എന്താണ് പ്രവര്‍ത്തനം?
1999 ല്‍ ഗുജറാത്തില്‍ ക്രിസ്തന്‍ സമൂദായത്തിന് നേരെ സംഘടിതമായ രീതിയില്‍ ഹിന്ദുത്വതീവ്രവാദികളുടെ ആക്രമണം നടന്നു. ക്രിസ്ത്യന്‍ സ്ഥാപനങ്ങളും മഠങ്ങളും സെമിനാരികളും ആക്രമിക്കപ്പെട്ടു. അതിനുമുമ്പും വര്‍ഗീയ ധ്രുവീകരണവും വര്‍ഗീയ കലാപത്തിനുള്ള ശ്രമവും ശക്തമായി ഉണ്ടായിരുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകര്ത്തതിനെതുടര്ന്നും അക്രമങ്ങള്‍ നടന്നു. ബാബറി മസ്ജിദ് പൊളിച്ചതിനെിരെയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഞാന്‍ ഭാഗ്യത്തിനാണ് കൊല്ലപ്പെടാതിരുന്നത്. എന്തായാലും 1999 അവസാനം വര്‍ഗീയകലാപത്തിനുള്ള സാധ്യതകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അതിനെതിരെ പ്രവര്‍ത്തിക്കണമെന്ന് നിശ്ചയിച്ചു. ഗാന്ധിജിയുടെ നാടാണ് ഗുജറാത്ത്. ഈ വര്‍ഗീയ ശ്രമങ്ങള്‍ അദ്ദേഹത്തിനും രാജ്യത്തിനും അപമാനകരമാണ് എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടായിരുന്നു. 2001 ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് പ്രശാന്ത് രൂപീകരിക്കപ്പെടുന്നത്. ഞാനായിരുന്നു സ്ഥാപക ഡയറക്ടര്‍. സൊസൈററി ഓഫ് ജീസസിന്‍െറ ഭാഗമായും ഗുജറാത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുമാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. പലതട്ടിലാണ് പ്രവര്‍ത്തനം. മനുഷ്യാവകാശ ലംഘനങ്ങളാണ് മുഖ്യമായും ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതും എതിര്‍ക്കുന്നതും. പാവങ്ങള്‍ക്കും പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ ഞങ്ങള്‍ എതിര്‍ക്കുകയും ഇരകള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവക്കുവേണ്ടി വാദിക്കുന്നു. മതസൗഹാര്‍ദത്തിനായി പ്രവര്‍ത്തിക്കുന്നു.അക്രമത്തെ എതിര്‍ക്കുന്നു. ഒരുമിച്ചുള്ള പ്രാര്‍ഥനകളും ഒരുമിച്ചുള്ള ഭക്ഷണവും പ്രോത്സാഹിപ്പിക്കുന്നു. മതങ്ങള്‍ക്കിടയില്‍ ആശയസംവാദ അവസരമൊരുക്കുന്നു. അതുപോലെ ജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുകയാണ് മറ്റൊരു ശ്രമം. ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍ ഉള്‍പെടെയുള്ള ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവകാശങ്ങളെ കുറിച്ചും നീതിയെ കുറിച്ചും ബോധവത്കരിക്കുന്നു. ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയ പതിവു ദൗത്യങ്ങള്‍ക്കു പുറമെ കലാപത്തില്‍ കുടുങ്ങിയവര്‍ക്ക് നിയമ സഹായം എത്തിച്ചുകൊടുക്കുന്നു. 2002ലെ കലാപ·ത്തിനിരയായവര്ക്കു വേണ്ടി ഹൈകോടതിയിലും കീഴ്കോടതികളിലും നടക്കുന്ന നിയമയുദ്ധത്തില്‍ ടീസ്റ്റ സെറ്റില്വാദിനൊപ്പം പങ്കാളിയാണ്.
സംഘടന നിലവില്‍ വന്നിട്ട് പതിമൂനന്ന് വര്‍ഷമാകുന്നു. വളര്‍ച്ചയെ എങ്ങനെ വിലയിരുത്തുന്നു?
2001ല്‍ അഹ്മദാബാദ് ആസ്ഥാനമായി നിലവില്‍ വന്ന സംഘടന ഇതിനകം രാജ്യത്തുടനീളം ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഇതെന്നത് സന്നദ്ധ പ്രവര്‍ത്തനമാണ്. അതിനാല്‍ രാഷ്ട്രീയ കക്ഷികളെ വിലയിരുത്തുന്നതുപോലെ പ്രശാന്ത് എന്ന ചെറിയ സംഘടനയെ നോക്കിക്കണ്ടുകൂടാ. രാജ്യത്തുടനീളം ശ്രദ്ധിക്കപ്പെടുന്നതിന്െറ തെളിവാണ് ഗോവമുഖ്യമന്ത്രി പരികര് പൊതുപരിപാടിയില്‍ പോലും സംഘടനയെ വിമര്‍ശിച്ചത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി പരിപാടികള്‍ സംഘടന നിര്‍വഹിച്ചിട്ടുണ്ട്. അംഗസംഖ്യയല്ല, പ്രവര്ത്ത·ന രംഗത്തെ· മികവാണ് സംഘടനയുടെ കരുത്ത·്.
താങ്കള്‍ കോഴിക്കോട് എത്തിയത് കരിനിയമങ്ങള്‍ക്കെതിരെ സംസാരിക്കാന്‍ കൂടിയാണ്. എങ്ങനെ കാണുന്നു രാജ്യത്തെ കരിനിയമങ്ങളെ?
വിമത ശബ്ദം പുറപ്പെടുവിക്കുന്ന ആരെയും കരിനിയമങ്ങള്‍ ചുമത്തി ജയിലിലടക്കാമെന്ന അവസ്ഥയുണ്ട്. വിമത ശബ്ദം ഉയര്ത്തണമെന്നുമില്ല. ഭരണകൂടത്തിന് ആരെവേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും കുറ്റക്കാരാക്കമെന്നതാണ് സ്ഥിതി. ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദുരുപയോഗം ചെയ്യുകയാണ് യു.എ.പി.എ പോലുള്ള നിയമങ്ങള്‍. കരിനിയമക്കേസുകളിലെ ഇരകളെ സഹായിക്കുന്നവരെ പോലും കേസില്‍ പെടുത്തുന്ന പ്രവണതയാണ് രാജ്യത്തുള്ളത്്. നിരപരാധികള്‍ക്ക് നീതി നിഷേധിക്കുന്ന കരിനിയമങ്ങള്‍ക്കെതിരായി ശബ്ദമുയര്ത്താന്നന്മയില് വിശ്വസിക്കുന്ന എല്ലാ മനുഷ്യരും ഒന്നിക്കണം. കരിനിയമങ്ങള്‍ക്കെതിരായ പോരാട്ടം ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ വേണ്ടിയുള്ള സമരമാണ്. സ്വാതന്ത്ര്യം,നീതി, സമത്വം എന്നിവ ചേര്‍ന്നതാണ് ഇന്ത്യയുടെ ആത്മാവ്. കരിനിയമങ്ങള്‍ ചോര്‍ത്തിക്കളയുന്നത് ഇതെല്ലാം ചേര്‍ന്ന ആത്മാവിനെയാണ്.നിരപരാധികളെ വ്യാജ ഏറ്റുമുട്ടലിലൂടെയൂം മറ്റും കൊലപ്പെടുത്തിയവര്‍ രാജ്യം ഭരിക്കുന്ന സാഹചര്യമാണ് വന്നുചേര്‍ന്നത്. എങ്കിലും, ശുഭപ്രതീക്ഷ കൈവിടാതെ രാജ്യത്ത് എല്ലാ മേഖലയിലുള്ളവരും ഭാഷക്കും മതത്തിനും വംശത്തിനുമതീതമായി ഒന്നിക്കണം.
കുടുംബം, വിശ്വാസം, രാഷ്ട്രീയം
എന്താണ് താങ്കളുടെ കുടുംബ പശ്ചാത്തലം? സാമൂഹ്യ നിലപാടുകള്‍ രൂപപ്പെടുത്തിയ പൊതു അവസ്ഥകള്‍ എന്തായിരുന്നു?
ഞാന്‍ ജനിച്ചതും വളര്‍ന്നതും ബോംബെയിലാണ്. എഴുപത്തഞ്ച് വര്‍ഷം മുമ്പ് തൊഴില്‍ ആവശ്യത്തിനായി ബോംബെയിലത്തെിയവരാണ് അച്ഛനും അമ്മയും. അച്ഛന് മംഗലാപുരത്തുകാരനാണ്. ബോംബെയില്‍ ചെറിയ ഒറ്റമുറി അപ്പാര്‍ട്ട്മെന്റിലാണ് വളര്‍ന്നത്. ആ അപ്പാര്‍ട്ട്മെന്റില്‍ 25 കുടുംബങ്ങള്‍ താമസിച്ചിരുന്നു. എല്ലാ മതക്കാരും അവിടെയുണ്ടായിരുന്നു. എല്ലാവരും പരസ്പര സൗഹാര്‍ദത്തിലും സാഹോദര്യത്തിലുുമാണ് കഴിഞ്ഞത്. അറുപതുകളിലെ ബോംബെയെപ്പറ്റിയാണ് പറയുന്നത്. പഠിച്ചത് ഒരു ക്രിസ്ത്യന്‍ സ്കൂളിലാണ്. സൗരാഷ്ട്രക്കാരുള്പ്പടെ എല്ലാ മതവിഭാഗക്കാരും അവിടെയുമുണ്ടായിരുന്നു.സെന്റ് സേവ്യേഴ്സിലാണ് കോളജ് വിദ്യാഭ്യാസം. അവിടെയും എല്ലാ വിഭാഗത്തില്‍ പെടുന്നവരും മുണ്ടായിരുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലീമും. അതുപോലെ ഹിന്ദി സംസാരിക്കുന്നവരും, തമിഴ്സംസാരിക്കുന്നവരും, മറാഠി സംസാരിക്കുന്നവരും എല്ലാം. കൂടാതെ സമ്പന്നും ദരിദ്രനുമെല്ലാം അടങ്ങിയ ബഹുസ്വരമായ അന്തരീക്ഷത്തിലാണ് ഞാന്‍ വളര്‍ന്നതും വലുതായതും. ഇത് എന്‍െറ സ്വഭാവത്തെയും രാഷ്ട്രീയത്തെയുമെല്ലാം നയിക്കുന്ന അടിത്തറയൊരുക്കി എന്നു പറയാം.
പക്ഷേ, പുരോഹിതന് (ഫാദര്‍) എന്ന നിലക്കുള്ള പരിവര്‍ത്തനം എങ്ങനെയായിരുന്നു?
ഞാന്‍ ജനിച്ചത് ക്രിസ്ത്യന്കുടുംബത്തിലാണെങ്കിലും വളര്‍ന്നത് മതപരമായ സൗഹാര്ദതമുള്ള ബഹുസ്വര സമൂഹത്തിലാണ എന്നു പറഞ്ഞു. ഹിന്ദു വീടുകളില്‍ ചെല്ലുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കും. അതുപോലെ പ്രാര്‍ഥനാ സമയത്ത് ഞങ്ങളുടെ വീട്ടില്‍ വരുന്ന കുട്ടികളടക്കമുള്ളവര്‍ ഒപ്പം ചേരുകയം ചെയ്യും. അതുപോലെ മുസ്ളീങ്ങള്‍ക്കൊപ്പം അവരുടെ പ്രാര്‍ഥനകളിലും വിശ്വാസങ്ങളിലും പങ്കെടുത്തു. ഇതൊന്നും ആരും എതിര്‍ത്തില്ല. അത് വിശ്വാസപരമായി അടിത്തറ പാകിയ ഒന്നാണ്. അതുപോലെ വിശ്വാസികളായിരുന്നു മാതാപിതാക്കള്‍.കോളജ് വിദ്യാഭ്യാസ കാലത്ത് ഞാന്‍ കാതോലിക്ക് യൂണിവേഴ്സിറ്റി ഫെഡറേഷനില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് 1970 കളിലാണ്. 1973 ല്‍ ഫ്രാന്‍സിലെ ഒരു ക്രിസ്ത്യന്‍ സമുദായമായ തായിസെ എന്നെ അവിടേക്ക് ക്ഷണിച്ചു. അത് ജീവിതത്തില്‍ ശക്തമായ അനുഭവമാണ് നല്‍കിയത്. ഞാന്‍ വടക്കന്‍ അയര്ലണ്ടിലൊക്കെ സഞ്ചരിച്ചു. ആ സമയത്ത് ആളുകള്‍ എന്നോട് ഞാന്‍ കതോലിക്കാണോ, അതോ പ്രോട്ടസ്റ്റന്റാണോ എന്നൊക്കെ ചോദിക്കുമായിരുന്നു. മതത്തിലെ തന്നെ വിഭജനങ്ങള്‍ ബോധ്യപ്പെടുത്തിയതായിരുന്നു അത്തരം ചോദ്യങ്ങള്‍. അതേ സമയം, ഞാന്‍ വിശ്വാസിയായി തുടരുകയും ദൈവ സ്നേഹം എന്നത് സമൂഹ സേവനമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഞാന്‍ ഇന്ത്യയില്‍ മടങ്ങിയത്തെി ഗുജറാത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അതിനായി ജസ്യൂട്ടുകള്‍ക്കൊപ്പം ചേര്‍ന്നു.
എന്താണ് വ്യക്തിപരമായ താങ്കളുടെ രാഷ്ട്രീയം? ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടോ?
ഒരു ക്രിസ്ത്യാനി എന്ന നിലയിലും ജെസ്യൂട്ട് പാതിരി എന്ന നിലയിലും ഞാന്‍ തുറന്ന സംവാദങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. തങ്ങള്‍ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ഓരോരുത്തര്‍ക്കും വ്യക്തതത വേണ്ട കാലമാണിത്. അതിനാല്‍ തന്നെ ഞാന്‍ വിഭാഗീയത, അഴിമതി, ജാതീയത, സമൂഹത്തിന്‍െറ ക്രിമിനല്‍ വല്‍ക്കരണം എന്നിവയില്‍ പങ്കാളിയും പ്രോത്സാഹനം എന്നിവ നല്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ നിലകൊള്ളുന്നു. ഞാന്‍ പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല. എല്ലാവര്ക്കും അവരുടേതായ ന്യൂനതകളുണ്ട്. ഒരര്ഥത്തിലല്ളെങ്കില് മറ്റൊരര്‍ഥത്തില്‍ ഇന്ത്യന്‍ ജനതയുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയമാണ്. കാരണം അവരുടെ ആശയശാസ്ത്രങ്ങള്‍ ഒരു പ്രത്യേക വര്‍ഗത്തിന് അല്ളെങ്കില്‍ മതത്തിനായി രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇത് മനസില്‍ കൊണ്ടുവരുന്നത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരികളാണ്. അതായത് നമ്മള് എതിര്‍ക്കേണ്ടത് ‘ബഹിഷ്കരണത്തിന്‍െറയും അമത്വത്തിന്െറയും സാമ്പത്തിക വ്യവസ്ഥിതിയെയും, സേവിക്കുന്നതിനേക്കാള്‍ ഭരിക്കുന്ന സാമ്പത്തിക സംവിധാനത്തെയുമാണ്. ദൈവസ്നേഹത്തിന്‍െറ ഭാഗമായി ഒരു ക്രിസ്ത്യന്‍ പുരോഹിതന് എന്ന നിലയില്‍ സമൂഹ പ്രവര്‍ത്തനത്തില്‍ എളിയ രീതിയില്‍ പങ്കാളിയാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
എന്നാല്‍, ഒരു പുരോഹിതന്‍െറ വേഷമല്ലല്ളോ താങ്കള്‍ ഇപ്പോഴണിഞ്ഞിരിക്കുന്നത്?
അതെ (ചോദ്യത്തിലെ തമാശ ആസ്വദിച്ചെന്നവണ്ണം ചിരി). പുരോഹിതന് എന്നത് സമ്പൂര്‍ണമായ അവസ്ഥയും ജീവിതരീതിയുമാണ്. ളോഹ അണിയുമ്പോള്‍ മാത്രമുള്ള അവസ്ഥയല്ല അത്. ശരിക്കും പ്രീസ്റ്റ് എന്നത് മാനസികഭാവം കൂടിയാണ്. മനസിലാണ് അതുണ്ടാവേണ്ടത്. വസ്ത്രത്തിലല്ല. ളോഹ എനിക്കും നിങ്ങള്ക്കുമിടാം. വേണമെങ്കില്‍ ഒരു കവര്‍ച്ചക്കാരനും. അപ്പോള്‍ വസ്ത്രത്തിലല്ല കാര്യം എന്ന് വ്യക്തം. ഞാന്‍ സമൂഹസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ക്രിസ്ത്യന്‍ പുരോഹിതനാണ്. എനിക്കൊപ്പം ഏത് നിമിഷവും വിശ്വാസവും, ദൈവവുമുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പ്
2014 May