മെക്സിക്കൻ കഥ
മിൽ കുമ്പ്റെസ്
മരിയ അമ്പാരോ എസ്കാൻഡൻ
മൊഴിമാറ്റം: ആർ.കെ.ബിജുരാജ്
മറ്റൊരു സ്ത്രീ സ്വയം വിളിക്കുന്നത് അയാളുടെ ഭാര്യയെന്നാണ്. വസ്ത്രങ്ങൾ അയയിൽ തൂക്കുമ്പോൾ, ലോറൻസോയുടെ കോട്ടിൽ എെൻറ മുടിയിഴകൾ വീണുകിടക്കുന്നുണ്ടോയെന്ന് അവൾ തിരയും. അയാളുടെ ഷർട്ടിെൻറ കോളറിൽ എെൻറ കണ്ണീർ വീണുവോയെന്ന് അവൾ ചികഞ്ഞുനോക്കും. വിദേശ പെർഫ്യൂമുകളുടെ ഗന്ധമുണ്ടോയെന്ന് മണത്തു നോക്കും. എെൻറ ശ്വാസോച്ഛ്വാസത്തിെൻറ മുഴക്കം അയാളുടെ കഴുത്തിെൻറ ചർമത്തിൽ കേൾക്കുന്നുണ്ടോയെന്നറിയാൻ അവൾ കാതോർക്കും. എല്ലാം ഒന്നുകൂടി ഉറപ്പിക്കാൻ വേണ്ടി മാത്രം. അവൾക്ക് എല്ലാം അറിയാം. അരങ്ങിൽ വച്ച് ലോറെൻസോയുടെ കണ്ണ് എെൻറ കണ്ണുകളുമായി ഇടയുന്നത് അവൾ കണ്ടിരുന്നു. ഞങ്ങൾ അന്നേരം ജാഗ്രത കാട്ടാൻ വിട്ടുപോയി. അത് സംഭവിച്ചത് വെറാക്രസിലെ ജറാന ആഘോഷത്തിനിടക്കാണ്. അന്ന് മുതലേ ഞങ്ങൾക്ക് മൂന്നുപേർക്കും പരസ്പരം അറിയാം.
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത കുട്ടികൾ വീട്ടിലെത്തുമ്പോൾ ലോറെൻസോയെ അച്ഛനെന്ന് വിളിക്കും. അവർ തെറ്റായ ഒരു ഗർഭപാത്രത്തിലാണ് ജനിച്ചത്. കുട്ടികളുടെ പടം ലോറെൻസോയുടെ തുകൽപഴ്സിൽ ഉണ്ടായിരുന്നില്ല. പക്ഷേ, കുട്ടികൾ അയാളെപ്പോലെ തന്നെയാണിരിക്കുന്നതെന്ന് എനിക്കറിയാം. അവർ അയാളുടെ തനിപ്പകർപ്പായിരുന്നു. അനശ്വരമായ ചോദ്യചിഹ്നംപോലെയുള്ള, ലോറെൻസോയുടെ കൺപുരികങ്ങളാണ് കുട്ടികൾക്ക്. അയാളുടെ മെലിഞ്ഞ് നീണ്ട മൂക്ക് ആ കുട്ടികൾക്കുമുണ്ടായിരുന്നു. ഞായറാഴ്ചകളിൽ ലോറെൻസോയെത്തുമ്പോൾ കുട്ടികൾ കണ്ണുപൊത്തി അയാൾക്കടുത്ത് എത്തും. കണ്ണടച്ച് അച്ഛനെ തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ അവർ കാഴ്ചബംഗ്ലാവിലെ വ്യത്യസ്തമായ മൃഗങ്ങളുടെ വ്യത്യസ്തമായ മണം അറിയും. എെൻറ അടുക്കളയിലെ നിലത്ത് ഇഴഞ്ഞ് നീങ്ങണമെന്ന വാശിയുള്ള ഉറുമ്പുകൂട്ടങ്ങളിലേക്ക്് ഞാൻ തുറിച്ചുനോക്കും. ഞാൻ മരിച്ച ശേഷം എല്ലാ ദിവസവും ഞായറാഴ്ചയായിരിക്കും.
അയാൾ കുട്ടികൾക്കൊപ്പമായിരിക്കുമ്പോൾ അലമാരയിൽ പുസ്തകക്കൂട്ടങ്ങൾക്ക് പിറകിൽ ഒളിപ്പിച്ചുെവച്ച പേടകം ഞാൻ പുറത്തെടുക്കും. അതൊരു ചെറിയ പെട്ടിയാണ്. ലോറെൻസോയുടെ വെട്ടിയ കൈവിരൽ നഖങ്ങൾ, മുടിയിഴകൾ, കാൽമുട്ടിലെ ശസ്ത്രക്രിയയുടെ നൂലുകൾ എന്നിവയാണതിൽ. ഞാനീ പുരാവസ്തുക്കൾ കിടക്കയിൽ കുടഞ്ഞിടും. പിന്നെ പ്രാർഥിക്കും. കഴിഞ്ഞ മാസം എെൻറ വീടു മുഴുവൻ അയാളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞു. മെറ്റ്ലാകിലെ മലയിടുക്കിെൻറ അറ്റത്ത് െവച്ച് എന്നെ ചുംബിക്കുന്നതിെൻറ, ഫോർട്ട് ഡി ലാസ് ഫ്ലോറസിൽ െവച്ച് എന്നെ കെട്ടിപ്പിടിക്കുന്നതിെൻറ ഒക്കെ ചിത്രങ്ങൾ. ഞാൻ ജറാന നൃത്തം വെക്കുന്നതിെൻറയും അയാൾ മറിംബവായിക്കുന്നതിെൻറയും ചിത്രങ്ങളുമുണ്ടായിരുന്നു അതിൽ. ഫോക് വ്രികോ ഡി മെക്സികോയിലെ ബാലെനൃത്തത്തിലെ ഞങ്ങളുടെ വിജയം. അവസാനിക്കാത്ത കായികചുവടുകളുടെ വിലോഭനത്തിൽ മുഴുകിയ മികച്ച നൃത്തദമ്പതികൾ. േബ്രാഷറിൽ ഞങ്ങളുടെ മൊത്തം സംഘവും നൃത്തവേഷങ്ങൾ അണിഞ്ഞ പടവുമുണ്ടായിരുന്നു. അയാളുടെ മുഖത്തിന് ചുറ്റും അതിൽ ചുവന്ന മാർക്കർകൊണ്ട് വൃത്തം വരച്ചിട്ടിരുന്നു. ചിലപ്പോഴൊക്കെ ലോറെൻസോ ജീവിച്ചിരിക്കുന്നതിനേക്കാൾ മരിച്ചയാളായിരുന്നു.
ഞങ്ങൾ അമേരിക്കൻ ഐക്യനാടുകളിലെ ആദ്യ പര്യടനത്തിന് ശേഷം പരസ്പരം സ്നേഹിച്ചു. ഞാനും ലോറെൻസോയും വേദിയിൽ ഒരുമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും മികച്ച പ്രകടനം നടത്താനാവില്ലെന്ന് നൃത്തം ചിട്ടപ്പെടുത്തിയയാൾ കരുതി. ഞങ്ങളെ പരസ്പരം നൃത്തം ആവേശിച്ചു. ഞങ്ങളുടെ പാതയിൽ പകർച്ചവ്യാധി പടർത്തുന്നപോൽ. ഓരോ അരങ്ങിനും ശേഷം വഴിവക്കിലെ ചെറുഹോട്ടലുകളിൽ ഞങ്ങൾ സ്നേഹം പങ്കിട്ടു. എെൻറ കൈയിൽ അതിെൻറ പട്ടികയുണ്ട്. അത് എെൻറ വസ്ത്രം അലങ്കരിക്കുന്നയാളുടെ കണ്ണാടിക്കു പിന്നിൽ ഞാനത് പതിച്ചിരുന്നു. സ്പെയിനിലേക്കുള്ള ഞങ്ങളുടെ മൂന്നാമത്തെ പര്യടനത്തിന് ശേഷം കണ്ണാടിക്ക് പിന്നിൽ എനിക്ക് ഒരു പുതിയ കടലാസ് കൂടി ഉൾപ്പെടുത്തേണ്ടിവന്നു.
ഞങ്ങളുടെ ജീവിതത്തിെൻറ സൗരഭ്യങ്ങൾ ഞങ്ങൾ ഒരുമിച്ച് കെട്ടിപ്പൊക്കി. പക്ഷേ, അതെെൻറ അനുവാദമില്ലാതെ തകർക്കപ്പെട്ടു. ഞാനെന്നും വെള്ള വസ്ത്രം ഇഷ്ടപ്പെട്ടു. ലോറെൻസോ ഒരെണ്ണം എനിക്ക് വേണ്ടി മേടിച്ചുകൊണ്ടുവന്നിരുന്നു. അതെെൻറ സ്വകാര്യമുറിയിൽ തൂങ്ങിക്കിടപ്പണ്ട്; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ്. ഇടാൻ പറ്റാത്ത ഒന്നായിരുന്നു അത്. പരസ്പരമുള്ള പ്രതിബദ്ധതയാണ് മറ്റെന്തിനും മുകളിലെന്ന് ഞങ്ങൾ പ്രഖ്യാപിച്ച നിമിഷം ഇന്നും എെൻറ ഉൾക്കണ്ണിലുണ്ട്. അകാപുൽകോയിലെ ലാക്യബ്രാദയിലെ മലയിടുക്കിൽ നൃത്തം ചവിട്ടിയായിരുന്നു അത് തുറന്നു പറഞ്ഞത്. താഴേക്ക് ചാടി വായുവിൽ ശൃംഗാരനൃത്തം ചെയ്യാൻ ആ നിമിഷം ഞങ്ങൾക്ക് തോന്നി. എന്നാലും, അയാളുടെ വിവാഹ മോതിരം ഞാൻ ഒരിക്കലും അണിഞ്ഞില്ല. അയാൾ എപ്പോഴും എന്നെ വിട്ടുപോയി. ഞാനെന്നും അർഥങ്ങളില്ലാത്ത, സ്വന്തം അനാഗതകഥനങ്ങളിൽ കുടുങ്ങിപ്പോയി.

മറ്റ് പുരുഷന്മാർ എെൻറ പ്രണയവാഗ്ദാനങ്ങൾക്കായി കാത്തുനിന്നിരുന്നു. സൂര്യബിംബത്തെ നോക്കിനിൽക്കുന്ന ഉറുമ്പുതീനികളെപ്പോലെ. എന്നെ ആദ്യം സ്നേഹിച്ചയാൾ ആത്മഹത്യചെയ്യുമെന്ന് ഭീഷണിമുഴക്കി. ഞാൻ വിവാഹം കഴിക്കാൻ തയാറല്ല എന്നയാളോട് പറഞ്ഞു. അതെെൻറ പതിനാറം ജന്മവാർഷിക ദിനത്തിെൻറ തൊട്ടുതലേന്നായിരുന്നു. എനിക്ക് വേണ്ടിയിരുന്നത് ലോറെൻസോയെ മാത്രമായിരുന്നു. ഞങ്ങളുടെ ആദ്യ പര്യടനത്തിെൻറ ആദ്യ റിഹേഴ്സലിന് ഒരാഴ്ച മുമ്പ് ഞാൻ ലോറെൻസോയെ ആദ്യമായി കണ്ടുമുട്ടിയതേ ഉണ്ടായിരുന്നുള്ളൂ. ലോറെൻസോക്ക് അന്ന് 25 വയസ്സ്. ആ ദിവസം വൈകുന്നേരം എെൻറ അച്ഛെൻറ കണ്ണുകളിൽ നോക്കി ലോറെൻസോ സംസാരിക്കുന്നത് ഞാൻ കണ്ടു. എന്നെ ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ ചുമലിൽ പിടിച്ച് ചേർക്കുമ്പോൾ ലോറെൻസോയുടെ കൈകൾ എെൻറ അച്ഛെൻറ കൈകൾ പോലെ തോന്നിച്ചു. എനിക്ക് ലോറെൻസോയുടെ ചേർത്തുപിടിക്കലുകൾ വേണമായിരുന്നു. ‘‘എെൻറ പെണ്ണേ’’ എന്നതായിരുന്നു ഞങ്ങൾ സംസാരിക്കുമ്പോൾ ലോറെൻസോയുടെ ആദ്യ വാക്കുകൾ. വേദികളിലെ അഴക്കുപിടിച്ച വെൽവെറ്റ് കർട്ടനുകളിൽ ദേഹം ചുറ്റിപ്പൊതിഞ്ഞ്, ഞങ്ങൾ മണിക്കൂറുകൾ മുത്തമിട്ടു. അടുത്ത വർഷം ലോറെൻസോ ഒരു നഴ്സിനെ വിവാഹം കഴിച്ചു.
പക്ഷേ, ഒന്നിടവിട്ട മാസങ്ങളിൽ അയാൾ എന്നെ സ്നേഹിക്കും. ഈ പതിവ് തുടങ്ങിയിട്ട് 12 വർഷം കഴിഞ്ഞു. ലോറെൻസോ ഭാര്യയോട് ബാലേ പര്യടനമുണ്ടെന്ന് പറഞ്ഞ് എെൻറ വീട്ടിലേക്ക് വരും. ഒരാഴ്ച ചേർന്നിരിക്കും. അപ്പോൾ ഞങ്ങൾ കാണുന്നത് ഞങ്ങളുടെ മുഖം മാത്രമായിരിക്കും. ഒന്നുചേരുന്നത് തടയാൻ ദേഹങ്ങൾക്കായില്ല. കൺപുരികങ്ങൾ, കഴുത്ത്, മൃദുല ചർമങ്ങൾ. ഇനിയുമുദിക്കാത്ത പ്രഭാതങ്ങൾ. എല്ലാ രാവുകളിലും മേക്കപ്പണിയാത്ത വേഷങ്ങൾ ഞാൻ പകർന്നാടി. വീണ്ടും വീണ്ടും ആവർത്തനങ്ങൾ. ഭാഷകൾക്കുപരിയായ സംസാരങ്ങൾ. ഞങ്ങളുടെ ശരീരത്തിെൻറ ഭൗമരേഖകൾ പുനർനിർവചിക്കപ്പെട്ടു. ഓരോ പ്രഭാതങ്ങളിലും രോമാഞ്ചമെന്തെന്ന് ഞാനറിഞ്ഞു. അയൽക്കാർ ശ്രദ്ധിക്കുമോയെന്ന് ഞാൻ നോക്കാനേ പോകാറില്ല. എെൻറ കൈരേഖകൾ ഒരിടത്തും എത്താതെ തുടർന്നു. മരിക്കാൻ ഞാനാഗ്രഹിച്ചു. പക്ഷേ, അയാളില്ലാതെ മരിക്കുന്നതിൽ ഞാനർഥം കണ്ടില്ല. അയാളുടെ മുടിയിഴകൾ കൊഴിയുകയാണ്. എെൻറ മാറിടങ്ങളും പഴയതുപോലല്ല. ഞങ്ങൾ ഇരുട്ടിൽ പരസ്പരം സ്നേഹിക്കാൻ ഇഷ്ടപ്പെട്ടു.
എേൻറതായ ഒന്നും മറ്റാരെങ്കിലുമായി പങ്കുവെക്കാൻ ഞാനൊരിക്കലും പഠിച്ചിട്ടില്ല. പക്ഷേ, ലോറെൻസോ ഒരിക്കലും എെൻറ സ്വന്തമായിരുന്നില്ല. ഞങ്ങൾ നഗരം വിട്ടുപോകുമ്പോൾ, പോകുന്നിടത്തെല്ലാം അയാളുടെ ഭാര്യയുടെയും കുട്ടികളുടെയും ദൃശ്യം ഞങ്ങളെ പിന്തുടർന്നു. കാര്യങ്ങൾ ഞങ്ങൾ ജീവിക്കുന്നതുവരെ ഇങ്ങനെ തന്നെ തുടരുമെന്ന് എനിക്കറിയാം. ഞങ്ങൾ ഒരുമിച്ച് യാത്ര ചെയ്യും, അയാൾ തെൻറ നഴ്സിെൻറ അടുത്തേക്ക് മടങ്ങും. പക്ഷേ, മൊറെലിയയിൽ നിന്നുള്ള അടുത്ത പര്യടനം കഴിഞ്ഞു മടങ്ങുമ്പോൾ ഞാനായിരിക്കും കാറോടിക്കുക. മിൽ കുമ്പറസിലെ ഏറ്റവും വലിയ കുന്നിെൻറ അറ്റം വരെയുള്ള പാതയിൽ ഞാൻ തന്നെ കാറോടിക്കും. പിന്നെ പച്ചച്ച് നിവർന്ന് കിടക്കുന്ന മലകളുടെ താഴ്ചകളിൽ കുടുങ്ങിയ മേഘങ്ങളിലൂടെ ഞങ്ങൾ താഴേക്ക് പതിക്കും. മൺ ഭിത്തികളിലെ പന്നച്ചെടികൾ ഞങ്ങളെ തടയാൻ ശ്രമിക്കും. മൂങ്ങകളും പരുന്തുകളും ഞങ്ങളുടെ ലംബമായ വഴികളെ പിന്തുടരും. ഞങ്ങൾ പോകുന്നത് ആരും കാണില്ല. ഞങ്ങൾ അപ്രത്യക്ഷരാകും. ലോറെൻസോ എേൻറതാവണമെങ്കിൽ അയാൾ മരിക്കണം. എെൻറ ഒപ്പം തന്നെ.
മരിയ അമ്പാരോ എസ്കാൻഡൻ
ലാറ്റിൻ–അമേരിക്കയിലെ എഴുത്തുകാരിൽ ശ്രദ്ധേയയാണ് മെക്സികോക്കാരിയായ മരിയ അമ്പാരോ എസ്കാൻഡൻ. ചുരുങ്ങിയ കാലത്തിനിടയിൽ നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാ രചയിതാവ് എന്നീ നിലകളിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയെടുത്തു. ആദ്യ കൃതി ‘എസ്പെരാൻസാസ് ബോക്സ് ഓഫ് സെയിൻറ്സ്’ എൺപത്തഞ്ചു രാജ്യങ്ങളിലെ ഇരുപതിൽപരം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പട്ടു. ‘എസ്പെരാൻസയുടെ പുണ്യാളന്മാർ’ എന്ന പേരിൽ ആ നോവൽ മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് (വിവ: ബി. മുരളി). രണ്ടാമത്തെ നോവൽ ‘ഗോൺസാലസ് ആൻഡ് ഡോട്ടേഴ്സ് ട്രക്കിങ് കമ്പനി’യാകട്ടെ 15 ഭാഷകളിലേക്ക് മൊഴിമാറ്റിക്കഴിഞ്ഞു. ആദ്യ നോവലിെൻറ ചലച്ചിത്ര ഭാഷ്യം, ‘സാൻറിറ്റോസ്‘ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ തിരക്കഥക്കുൾെപ്പടെ 15 ലധികം അവാർഡുകളാണ് നേടിയത്. മരിയയുടെ ആഖ്യാന രീതിയുടെ സവിശേഷത അവ ‘മാജിക്കൽ റിയാലിറ്റി’യാണെന്നതാണ്. അത് മാജിക്കൽ റിയലിസമല്ല, അതിെൻറ പരിധികൾ ഭേദിക്കുന്ന വാസ്തവികതയാണ്. സ്പാനിഷിലും ഇംഗ്ലീഷിലും ഒരേ സമയം എഴുതുന്ന മരിയ, 1983ൽ ഭർത്താവും ശിൽപിയുമായ ബെനിറ്റേ ക്രില്ലിനൊപ്പം അമേരിക്കയിലേക്ക് കുടിയേറി. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം ഇപ്പോൾ ലോസ് ആഞ്ജലസിൽ താമസം. യു.സി.എൽ.എ എക്സ്റ്റൻഷനിൽ (കാലിഫോർണിയ) സർഗാത്മക രചനയിൽ പരിശീലനം നൽകുന്ന അധ്യാപികയാണ്. ആഴ്ചപ്പതിപ്പിന് മരിയ അമ്പാരോ അയച്ചു തന്നതാണ് ഈ കഥ.
ചിത്രം: കബിത മുഖോപാധ്യായ
മാധ്യമം ആഴ്ചപ്പതിപ്പ്
1000 ലക്കം
2017 മെയ് 1