
അഭിമുഖം
ഡോ.കെ.എസ്.ഡേവിഡ്/ആര്.കെ.ബിജുരാജ്
മന:ശാസ്ത്രജ്ഞന് മറുപടി പറയുന്നു
ഒട്ടും എളുപ്പമായിരുന്നില്ല ദൗത്യം. മലയാളിയുടെ മനസിന് മനശാസ്ത്രത്തിന്‍െറ പടച്ചട്ടയണിയിക്കുക. നാല് പതിറ്റാണ്ടിന് ഇപ്പുറം ശ്രമം എറെക്കുറെ പരിപൂര്‍ണതയിലേക്ക് നീങ്ങുന്നതിന്‍െറ സന്തോഷത്തിലാണ് മനശാസ്ത്ര വിദഗ്ധന്‍ ഡോ.കെ.എസ്. ഡേവിഡ്. കേരളത്തില്‍ മനശാസ്ത്രത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റുകയും ശാസ്ത്രീയ അവബോധം വളര്‍ത്തുകയും ചെയ്തവരില്‍ പ്രമുഖനാണ് അദ്ദേഹം. മനശാസ്ത്രം പാഠ്യവിഷയമായി മാറുന്നതിലും ആശുപത്രികളില്‍ പ്രത്യേക സൈക്കോളജി വിഭാഗങ്ങള്‍ തുടങ്ങുന്നതിലും കെ.എസ്. ഡേവിഡ് വഹിച്ച പങ്കും സ്വാധീനവും നിസ്തുലം.
സൈക്കോ തെറാപിസ്റ്റ്, സാമൂഹ്യപ്രവര്‍ത്തകന്‍, യുക്തി ചിന്തകന്‍ (റാഷണലിസ്റ്റ്) അധ്യാപകന്, ഗ്രന്ഥകര്‍ത്താവ്, കോളമിസ്റ്റ്, സാഹിത്യകാരന് തുടങ്ങിയ വിവിധ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം.
1947 നവംബര്‍ 20 ന് കുന്നംകുളത്ത് പുരാതന ക്രിസ്ത്യന്‍ കുടുബത്തിലാണ് കെ.എസ്. ഡേവിഡിന്‍െറ ജനനം. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദം. തുടര്‍ന്ന് ബോംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് മാനസിക ആരോഗ്യ ശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം. വിവാഹ-ലൈംഗിക ജീവിതത്തെപറ്റിയ പഠനത്തിന് ഡോക്ടറേറ്റ്. കാനഡിയില്‍ ഹിപ്നോട്ടിസത്തിലും തെറാപിസ്റ്റിക് ഹിപ്നോട്ടീസത്തിലും സ്പെഷിലൈസേഷന്‍.
1975 ല്‍ ചെന്നെയിലെ ലയോള കോളജില്‍ ബിഹേവിയറല്‍ സയന്‍സസില്‍ പ്രൊഫസറായി. 1983 ല്‍ ജോലി വിട്ട് കൊച്ചിയിലെ സിറ്റി ഹോസ്പിറ്റലില്‍ കണ്ള്ട്ടന്റ് സൈക്കോതെറാപിസ്റ്റായി ചുമതലയേറ്റു. പിന്നീട് കൊച്ചിയില്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസിന്‍െറ സ്ഥാപകനും ഡയറക്ടറും. വിദ്യാര്‍ഥി കാലം മുതല്‍ക്ക് എഴുത്തില്‍ സജീവം. ആനുകാലികങ്ങളില്‍ മനശാസ്ത്ര വിഷയങ്ങളെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ "മനശാസ്ത്ര' മാസികയുടെ പത്രാധിപര്‍. വിവിധ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റ്.
കൊച്ചിയില്‍ ചികിത്സയും സാമൂഹ്യപ്രവര്‍ത്തനവും എഴുത്തുമായി സജീവമാണ് ഡോ. കെ.എസ്. ഡേവിഡ്. ഭാര്യ: പരേതയായ ഉഷ. റാവണ്‍ ഉള്‍പ്പടെയുള്ള ബോളിവുഡ് സിനിമകളുടെ എക്സിക്യുട്ടീവ് പ്രൊഡ്യസുര് സ്വപ്ന, മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച ഗോള്‍ഡന്‍ കോമ്പസിന്െറ ലീഡ് അനിമേറ്റര്‍ നിര്‍മല്‍ എന്നിവര്‍ മക്കള്‍.
"നിങ്ങളുടെ മാനസിക പ്രശ്നങ്ങള്‍', "നിത്യജീവിതത്തിലെ മാനസിക പ്രശ്നങ്ങള്‍", "മനശാസ്ത്ര വിദഗ്ധന്‍െറ ഡയറിക്കുറിപ്പുകള്‍", "പ്രേമം, കാമം, ദാമ്പത്യം', "കുഞ്ഞുങ്ങളെ വളര്‍ത്തുമ്പോള്‍', "വ്യക്തിത്വം, കാഴ്ചപ്പാടും പ്രായോഗികതയും' അടക്കം നിരവധി പുസ്തകങ്ങളുടെയും പ്രബന്ധങ്ങളുടെയും രചയിതാവാണ്.
കൊച്ചി കടവന്ത്ര കെ.പി. വള്ളുവോന്‍ റോഡിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ അഭിമുഖത്തിന് എത്തുമ്പോള്‍ രോഗികളുമായി തിരിക്കിലായിരുന്നു അദ്ദേഹം. ജീവിതവും പിന്നിട്ട വഴികളും അടയാളപ്പെടുത്തിയ സംഭാഷണം കേരളത്തിന്‍െറ സമകാലിക വിഷയങ്ങളിലേക്കും നീണ്ടു. നീണ്ട അഭിമുഖത്തിന്‍െറ പ്രസക്ത ഭാഗങ്ങളാണ് ചുവടെ:

കുടുംബം, വിശ്വാസം, മനശാസ്ത്രം
ഏതൊരു വ്യക്തിയുടെയും രൂപീകരണത്തില്‍ നാടിനും കുടുംബത്തിനും വലിയ പങ്കുണ്ട്. എന്തായിരുന്നു താങ്കളുടെ ദേശ- കുടുംബ പശ്ചാത്തലം?
കുന്നംകുളത്ത് പുരാതന യാഥാസ്ഥിതിക നസ്രാണി കുടുംബത്തിലാണ് ജനനം. അവിടുത്തെ പണക്കാരായ മിക്ക ക്രിസ്ത്യാനികളെയും പോലെ കുറേ സ്വത്തുണ്ട്. കര്‍ഷക കുടുംബമാണ്. പക്ഷേ, ഞങ്ങളുടെ കാലമാകുമ്പോഴേക്ക് ഭൂമിയുണ്ടെന്ന് മത്രമുള്ള അവസ്ഥയായിരുന്നു. ഭൂമി പാട്ടത്തിന് കൊടുത്ത് അതില്‍ നിന്ന് ജീവിത വരുമാനം കണ്ടത്തെുകയായിരുന്നു ക്രിസ്താനികള്‍. പിന്നെ ഭൂപരിഷ്കരണം വന്നു. ഇക്കാലത്ത് കുന്നംകുളത്തെ ധനികരായ ക്രിസ്ത്യന്‍ കര്‍ഷക കുടുംബങ്ങള്‍ എല്ലാം പ്രതിന്ധി നേരിട്ടു. അച്ഛന്‍െറ പേര് കോളാടി സൈമണ്‍. ഞാന്‍ ഏക മകനാണ്. അക്കാലത്ത് ധനികരായ എല്ലാവരും മക്കളെ പള്ളി സ്കൂളുകളിലാണ് പഠിപ്പിക്കുക. പക്ഷേ, അച്ഛന് എന്നെ ചേര്ത്തതത് ഗവ. സ്കൂളിലാണ്. എന്തുകൊണ്ടാണെന്നറിയല്ല. അതുകൊണ്ട് ഗുണമുണ്ടായി. സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതലുണ്ടായിരുന്നത് ഇടത്തരക്കാരും പാവപ്പെട്ടവരുമായിരുന്നു. അവരുടെയൊക്കെ സാമൂഹ്യ ചുറ്റുപാടും വീടുകളിലെ അന്തരീക്ഷം പരിചിതമായി. അത് കാഴ്ചപ്പാടുകളെ മാറ്റി. അച്ഛന് ഇ.എം.എസ്. ഉള്‍പ്പടെ ഏത് രാഷ്ട്രീയക്കാരുടെ പ്രസംഗമുണ്ടെങ്കിലും കുട്ടിയായ എന്നെയും കൊണ്ടുപോകും. എന്തും വായിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വീട്ടിലടക്കപ്പെട്ട കുട്ടിയായിട്ടാണ് ഞാന്‍ വളരുന്നത്. എന്‍െറ പ്രായത്തിലുള്ളവര്‍ മറ്റ് കുട്ടികളുമായി കളിച്ചുല്ലസിക്കുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ എനിക്ക് അനുവാദമില്ല. ഇതില്‍ നിന്ന് മാറ്റം വരുന്നത് കോളജില്‍ ചേരുന്നതോടെയാണ്.
രാഷ്ട്രീയ വീക്ഷണങ്ങളിലും മറ്റും പ്രകടമാറ്റം വരുന്നത് കോളജ് പഠന കാലത്താണോ?
കോളജ് പഠന കാലത്താണ് വിശാലമായ ലോകത്തിന്‍െറ സാധ്യതകള്‍ എനിക്ക് മനസിലാവുന്നത്. സെന്റ് തോമസ് കോളജില്‍ ബി.എസ്.സിക്ക് പഠിക്കുന്ന സമയത്താണ് പി. നരേന്ദ്ര നാഥിനെ പരിചയപ്പെടുന്നത്. "കുഞ്ഞിക്കുനന്‍' എഴുതിയ പ്രശസ്ത ബാല സാഹിത്യകാരനാണ് അദ്ദേഹം. അന്ന് അദ്ദേഹത്തിന് കാനറാ ബാങ്കിലാണ് ജോലി. ഞാനുമായി വലിയ അടുപ്പമായിരുന്നു. അദ്ദേഹത്തിന്‍െറ അച്ഛന് കമ്യൂണിസ്റ്റാണ്. വിട്ടില്‍ ചെല്ലുമ്പോള്‍ പലപ്പോഴും നരേന്ദ്രനാഥ് എത്തിയുട്ടുണ്ടാവില്ല. ഈ സമത്ത് അച്ഛനുമായി സംസാരിച്ചിരിക്കും. അദ്ദേഹമാണ് ശരിക്കും എന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനമാവുമായി അടുപ്പിക്കുന്നത്. കോളജില്‍ പഠിക്കുമ്പോള്‍ ഞാന്‍ ഐസ്.എസ്. ഒ. (ഇന്‍ഡിപെന്‍ഡന്റ് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന്) എന്ന സംഘടനയുടെ പ്രസിഡന്റായിരുന്നു. ആ ചെറിയ സംഘടന പിന്നീട് ഇല്ലാതായി. ഞാനായിരിക്കും അതിന്‍െറ അവസാന ഭാരവാഹി. അപ്പോഴേക്കും കെ.എസ്.യു ശക്തമായി കഴിഞ്ഞിരുന്നു.. ഐ.എസ്.ഒയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സോഷ്യലിസ്റ്റ് ചിന്തകളുമായി അടുപ്പമുണ്ട്. സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പ്രൊഫ.എന്‍.കെ.ശേഷന്, ബി.സി. വര്‍ഗീസ്, മനക്കലാത്ത് തുടങ്ങിയവരുമായി പരിചയമായിരുന്നു. ഇത്തരം പരിചയങ്ങളും ആശയങ്ങള്‍ മാറ്റിമറിച്ചു.

മനശാസ്ത്ര പഠനം തിരഞ്ഞെടുക്കുന്നത് ബോധപൂര്‍വമായിരുന്നോ?
അല്ല. ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള അവസരത്തെപ്പറ്റി അറിയിപ്പുകണ്ടു. അപേക്ഷ അയച്ചു. കിട്ടി. ആ സമയത്ത് മനശാസ്ത്രം എന്നതിനെപ്പറ്റി വലിയ ധാരണയില്ല. പഠനം തുടങ്ങിയശേഷമാണ് മനശാസ്ത്രത്തെ ഗൗരവമായി കാണുന്നത്. അക്കാലത്ത് ഞാന്‍ രാഷ്ട്രീയമായി നടക്കുകയാണ്. അതുകൊണ്ട് തന്നെ ഞാന്‍ എന്തെങ്കിലും പഠിക്കുന്നതില്‍ വീട്ടുകാര്‍ക്ക് യോജിപ്പാണ്്. പഠിച്ചെങ്കിലും രക്ഷപെടട്ടെ എന്നാണ് അവരുടെ മനോഭാവം. അതുകൊണ്ട് തന്നെ അവര്‍ സമ്മതം മൂളി.
ക്രിസ്തുമത്തില്‍ ജനിച്ച താങ്കള്‍ എപ്പോഴാണ് മതത്തില്‍ നിന്ന് അകന്ന്, മതവിമര്‍ശകനായി മാറുന്നത്?
കോളജ് പഠന കാലത്തിന് മുമ്പ് തന്നെ ചിന്തകളില്‍ മാറ്റം വന്നിരുന്നു. മനശാസ്ത്രപഠനവും അതിനെ തുടര്‍ന്ന ചിന്തകളും ശക്തമായപ്പോഴാണ് ക്രിസ്തുമതവുമായി അകലം വരുന്നത്. ഇപ്പോള്‍ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. ഞാന്‍ ക്രിസ്തുവിനെ കാണുന്നത് വിപ്ളവകാരിയായിട്ടാണ്. സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ക്രിസ്തു ജനിക്കുന്നത്. അദ്ദേഹത്തിന്‍െറ ജന്മത്തെപ്പറ്റി തന്നെ ധാരാളം അപവാദങ്ങളണ്ടായിരുന്നു. അതിനാല്‍ തന്നെ അദ്ദേഹം ഒരു വിപ്ളവകാരിയാകുക സ്വാഭാവികം. സാമുഹ്യ അനീതികള്‍ ചോദ്യം ചെയ്ത യേശുവിനെ ഇന്നത്തെ നക്സലുകളെ വെടിവച്ച് കൊന്നതുപോലെ, അന്ന് പിടികൂടി കുരുിശില് തറച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍, ക്രിസ്തു പഠിപ്പിച്ചത് അല്ല ഇന്ന് ക്രിസ്തുമതത്തിലും സഭയിലും നടക്കുന്നത്. കോണ്‍സ്റ്റനാപ്പിള്‍ ചക്രവര്‍ത്തി ക്രിസ്തുമതത്തില്‍ ചേര്‍ന്നതോടെ മതത്തിന് രാജകീയ പദവി ലഭിച്ചു. അണ്ടര്‍ഗ്രൗണ്ടില്‍ വര്‍ക്ക് ചെയ്തിരുന്ന ക്രിസ്ത്യാനികളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് യുദ്ധം ചെയ്യിക്കാനാണ് കോണ്‍സ്റ്റനാപ്പിള്‍ ചക്രവര്‍ത്തി മതം മാറുന്നത്. അതിന് മുമ്പ് തന്നെ, പോള്‍ എന്ന പൗലോസ് ക്രിസ്തുമത അനുയായിശേഷം റോമന്‍ രീതികള്‍ മതത്തിനുള്ളില്‍ കൊണ്ടുവന്നിരുന്നു. പൗലോസ് ക്രിസ്തുവിന്‍െറ ശിഷ്യനല്ല. ക്രിസ്തുമരിച്ചശേഷമാണ് അദ്ദേഹം അനുയായിയാകുന്നത്. മറ്റ് ശിഷ്യന്മാര്ക്ക് അക്ഷരാഭ്യാസം കുറവായിരുന്നു. ഗമാലിയേലിന്‍െറ കീഴില്‍ തത്വശാസ്ത്രം അഭ്യാസിച്ച വ്യക്തിയാണ് പൗലോസ്. ആര്‍ച്ച്ബിഷപ്പ്, ബിഷപ്പ് തുടങ്ങിയ അധികാര ഘടനകള്‍ പൗലോസ് സഭയില്‍ കൊണ്ടുവന്നു. പിന്നീട് അധികാരവും സ്വത്തും സഭയില്‍ കുന്നു കൂടി. പോപ്പിന് തന്നെ എംപററര്‍ പദവി ലഭിച്ചു. ഈ തിരിച്ചറിവാണ് എന്നെ മത വിമര്‍ശകനാക്കുന്നത്. ഒരു നല്ല ക്രിസ്ത്യാനിക്ക് കമ്യൂണിസ്റ്റാവാനേ കഴിയൂവെന്നാണ് എന്‍െറ ഉറച്ച വിശ്വാസം.

കമ്യൂണിസ്റ്റായ മനശാസ്ത്രജ്ഞന് എന്ന് താങ്കളെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. എങ്ങനെയാണ് കമ്യൂണിസത്തെയും മനശാസ്ത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്നത്? അല്ളെങ്കില്‍ എന്താണ് താങ്കള്‍ക്ക് മനശാസ്ത്രം?
കമ്യൂണിസ്റ്റ്ുകള് എന്നും മര്ദിതന്െറയും പീഡിപ്പിക്കപ്പെട്ടവന്െറയും പക്ഷത്തായിരുന്നു. ബൈബിളില്‍ യശയ്യ പ്രവാചകന്‍െറ വെളിപാടുണ്ട്. അതില്‍ എന്താണ് യഹോവയ്ക്ക് ഇഷ്ടപ്പെട്ട യാഗം എന്ന് വിശദീകരിക്കുന്നുണ്ട്. പീഡിപ്പിക്കപ്പെട്ടവന്െറ പക്ഷം ചേരുക അടിമചങ്ങലകള്‍ പെട്ടിച്ചെറിയുക, നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുക. കമ്യൂണിസ്റ്റുകാരന് ചെയ്യുന്നതും ചെയ്യേണ്ടതും അതുതന്നെയാണ്. സമൂഹത്തിന്‍െറ അടിസ്ഥാന പ്രശ്നങ്ങള്‍ കൈാര്യം ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് ആത്മീയ നിര്വൃതികളെപ്പറ്റിയോ, മന്ത്രവാദത്തെപ്പറ്റിയോ, രോഗശാന്തിശുശ്രൂഷകളെപ്പററിയോ അല്ല പറയാനാവുക. അല്ളെങ്കില്‍ പറയേണ്ടത്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നതാണ്. ഒരു നല്ല മനശാസ്ത്രജ്ഞന് സാമുഹ്യ കാഴ്ചപ്പാടുകളുണ്ടാവണം, അതില്‍ ഇടപെടണം, നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കുചേരണം. ഇതാണെ് എന്നെ ഒരു കമ്യൂണിസ്റ്റാക്കുന്നത്. മനശാസ്ത്രം പോലും ഞാന്‍ ഉപയോഗിക്കുന്നത് ഈ ആംഗിളിലാണ്.
ക്രിസ്തുവിന്‍െറ പ്രബോധനങ്ങളില്‍ നിന്ന് ക്രിസ്തുമതം അകന്നുപോയതായി പറഞ്ഞു. അത്തരം അപചയം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ബാധകമാണല്ളോ?
ഒരു പ്രസ്ഥാനത്തെ അപഗ്രഥിക്കുക അതിന്‍െറ ഐഡീയോളജി വച്ചാണ്. കമ്യൂണിസ്റ്റുകള്‍ക്ക് പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം നില്ക്കുക എന്ന ഒരൊറ്റ കാഴ്ചപ്പാടേയുള്ളൂ. സമൂഹത്തെ മൊത്തത്തില്‍ അവര്‍ പ്രതിനിധീകരിക്കുന്നു. ഇവിടെ കേരളകോണ്ഗ്രസുണ്ട്. അതിന്‍െറ താല്പര്യം റബര്‍ കര്ഷകരുടേയതാണ്. ബി.ജെ.പിയുണ്ട്. മുസ്ളീംലീഗിനുണ്ട് അവരെയല്ലാം അവരുടെ ആളുകളെ മാത്രം പ്രതിനിധീകരിക്കുന്നു. കോണ്‍ഗ്രസുകാര്‍ക്കാകട്ടെ സ്വന്തം കാര്യം മാത്രം. ഏതൊരു ഫിലോസഫിയും ശരിയായി പ്രയോഗിക്കുന്നില്ളെങ്കില് അപചയം സംഭവിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവിക്കുന്നതും ഇതാണ്. ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞത് തുടര്‍ച്ചയായ പത്ത്കൊല്ലം ഭരിച്ചാല്‍ കമ്യൂണിസ്റ്റുകാര്‍ തീരുമെന്നാണ്. ശരിയാണ്. അഞ്ച് കൊല്ലം കൂടുമ്പോള്‍ അധികാരം ഒഴിയുന്നതുകൊണ്ടാണ് ഇപ്പോഴുള്ളതുപോലെയെങ്കിലും നിലനിന്നുപോകുന്നത്. അധികാരം ലഹരിയാണ്. അത് മത്ത് പിടിപ്പിക്കും. മത്തില്‍ കണ്ണടയും. അധികാരത്തിലിരിക്കുന്നവരെ താഴെയുള്ളവര്‍ക്കും മുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിമര്ശിക്കിക്കാം. ഇന്നതില്ല. നേതൃത്വം ചെയ്യുന്നത് മുഴുവന്‍ ശരിയാണ് എന്ന് മാത്രമേ താഴെ തട്ടിലുള്ളവര്‍ പറയൂ. പണ്ട് അങ്ങനെയായിരുന്നില്ല. വിമര്‍ശിക്കാനുള്ള അവകാശം കൂടിയാണ് സഖാവ് എന്ന പദം നല്‍കുന്നത്. പക്ഷേ, തെറ്റുകള്‍ ഇന്ന് കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ തിരിച്ചറിയുന്നുണ്ട്.
മനശാസ്ത്രത്തിലേക്ക് തന്നെ തിരിച്ചുവരാം. പഠനശേഷം അധ്യാപകനായിട്ടാണല്ളോ പ്രവര്‍ത്തിക്കുന്നത്?
പഠനശേഷം ഞാന്‍ മദ്രാസിലെ ലയോള കോളജില്‍ അധ്യാപകനായി ചേര്‍ന്നു. അന്ന് യു.ജി.സി സ്കെയിലാണ്. 1200 രൂപ ശമ്പളം. കേരളത്തില്‍ അന്ന് 700 രൂപയൊക്കെയേയുള്ളൂ. അധ്യാപക ജോലി എനിക്ക് ഇഷ്ടമല്ല. അതില്‍ പ്രൊഡക്ടിറ്റിവിറ്റി കുറവാണ്. ഒരേ കാര്യം തന്നെ പഠിപ്പിക്കുക. അധ്യാപനം തുടര്‍ന്നാല്‍ ക്ളീനിക്കല്‍ ടച്ച് വിട്ടുപോകും. മാത്രമല്ല എന്നെ സംബന്ധിച്ച് പൊതുപ്രവര്‍ത്തനം നടത്തണം എന്ന തോന്നല്‍ ശക്തമാണ്. രാഷ്ട്രീയ ബോധം ശക്തം. കേരളത്തിലേക്ക് മടങ്ങാനായിരുന്നു മനസ് പറഞ്ഞിരുന്നത്. പക്ഷേ, അന്ന് കേരളത്തിലത്തെില് മനശാസ്ത്രത്തിന് വലിയ സാധ്യതകള്‍ ഉള്ളതായി ആര്‍ക്കും തോന്നിയില്ല. മടങ്ങുമ്പോള്‍ ടാറ്റാ ഇന്‍സ്ററിറ്റ്യൂട്ടിലെ അധ്യാപകന് ചോദിച്ചിരുന്നു നിങ്ങള്‍ കേരളത്തില്‍ പോയി എന്തുചെയ്യാന്‍ പോകുന്നുവെന്ന്?
കേരളത്തില്‍ വന്നശേഷം?
ഞാന്‍ മടങ്ങി കേരളത്തില്‍ വരുമ്പോള്‍ ഇവിടെ മനശാസ്ത്രത്തെ ആരും ശാസ്ത്രീയ വിഷയമായി കണ്ടിട്ടില്ല. മനശാസ്ത്രം പഠിപ്പിക്കുന്നത് ആകെ ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രമാണ്. മനശാസ്ത്രത്തെപ്പറ്റി വലിയ തെറ്റിധാരണയുണ്ട്. ഇവിടെ എങ്ങനെ തുടങ്ങണം എന്ന് മടങ്ങുമ്പോള്‍ എനിക്കറിയില്ല. എന്നാല്‍, ധൈര്യമുണ്ട്. കാരണം ജീവിക്കാന്‍ കാശുവേണ്ട. എനിക്ക് വീടുണ്ട്. കൊച്ചിയില്‍ വന്ന് എറണാകുളത്തെ സിറ്റി ഹോസ്പിറ്റലില്‍ ചേര്‍ന്നു. കേരളത്തിലെആദ്യത്തെ ദൗത്യം മലയാളിയെ മനശാസ്ത്രം എന്താണ് പഠിപ്പിക്കുക എന്നതാണ്. സൈക്കോളജിയും സൈക്യാട്രിയും (മനശാസ്ത്രവും മനോരോഗ ചികിത്സയും) തമ്മിലുള്ള വ്യത്യാസമെന്തെന്നും മറ്റും സമൂഹത്തിന് പറഞ്ഞുകൊടുക്കണം. പി.എം. മാത്യൂവും, ഡോ. ശാന്തകുമാറും ഏതാണ്ട് ഇതേ സമയത്ത് തന്നെയാണ് സജീവമാകുന്നത്. ഞങ്ങള്‍ മൂന്നുപേരുമാണ് സത്യത്തില്‍ മനശാസ്ത്രം, എന്താണെന്ന് മലയാളികളെ പഠിപ്പിച്ചത്.

\
നാല് പതിറ്റാണ്ടായി മനശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഇക്കാലത്ത് വന്ന മാറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്? മാറ്റം എങ്ങനെ സാധ്യമായി?
നാല് പതിറ്റാണ്ട് മുമ്പുള്ള അവസ്ഥയല്ല മനശാസ്ത്രത്തിന് ഇന്നുള്ളത്. ഞങ്ങള്‍ തുടങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് എന്താണ് മനശാസ്ത്രമെന്നറിയില്ല. ഞങ്ങളെന്തോ അരാജകവാദികളും തെറ്റായ എന്തോ എന്ന് പ്രചരിപ്പിക്കുന്നുവെന്നുമായിരുന്നു പൊതുധാരണ.അല്ളെങ്കില്‍ മനശാസ്ത്രമെന്നാല് ലൈംഗിക ശാസ്ത്രമെന്നാണ് ധാരണ. ഞങ്ങളുടെ വീടുകളില്‍ വരാന്‍ ബന്ധുക്കള്‍ക്ക് പോലും മടിയാണ്. പലരും കല്യാണത്തിന് വിളിക്കാറില്ല. ഞങ്ങള്‍ ചെന്നാല്‍ അവര്‍ക്കെന്തോ കുഴപ്പമുണ്ടെന്ന് നാട്ടുകാര്‍ കരുതിയാലോ. അത് മാറി. മുമ്പ് കല്യാണം വിളിക്കാത്തവര്‍ കല്യാണത്തിന് മുമ്പ് അവരുടെ മക്കളെ-പെണ്ണിനെയും ചെക്കനെയും ഒരുമിച്ച് -ഞങ്ങളുടെ അടുത്തുകൊണ്ടുവരുന്നു. ഞങ്ങള്‍ മനശാസ്ത്രത്തെപ്പറ്റിയും മാനസിക പ്രശനങ്ങളെയും പറ്റി ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. അതുപോലെ ഡോക്ടര്‍മാരെയും ബോധവല്‍ക്കരിച്ചു. 85 ശതമാനം രോഗങ്ങളും മനസുമായി ബന്ധപ്പെട്ടാണ്. ശരിക്കും അഞ്ച് ശതമാനം രോഗങ്ങള്‍ക്ക് മാത്രമേ ചികിത്സ വേണ്ടു. ഇത് മനസിലായപ്പോള്‍ ഡോക്ടര്‍മാര്‍ ഞങ്ങള്‍ക്ക് കേസുകള്‍ റെഫര്‍ ചെയ്യാന്‍ തുടങ്ങി. വായിച്ചും മറ്റും അറിഞ്ഞ് രോഗികള്‍ നേരിട്ടുവരാന്‍ തുടങ്ങി. ഇപ്പോള്‍ മനശാസ്ത്രജ്ഞന്െറ അടുത്ത് ആളുകള്‍ ധൈര്യസമേതം വരുന്നു. ഭാര്യഭര്ത്താക്കന്മാര്ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ആത്മീയതയിലേക്ക് പോയിരുന്നവര്‍ ഇന്ന് മനശാസ്ത്രജ്ഞനെ കാണാനത്തെുന്നു. ആളുകള്‍ ജീവിതത്തിന്‍െറ ഉയര്‍ച്ച താഴ്ചകളില്‍ ഞങ്ങളെ പങ്കാളിയാക്കുന്നു. ചികിത്സയുടെ കാര്യത്തിലാണെങ്കില്‍ ഇന്ന് എല്ലാ ആശുപത്രികളും പ്രത്യേക മനശാസ്ത്ര വിഭാഗങ്ങളുണ്ട്. അവിടെയൊക്കെ നിരവധി പേര് ദിവസവും മനശാസ്ത്രജ്ഞനെ അഭിപ്രായം തേടുന്നു. പുതുതായി നൂറുകണക്കിന് പേര് മനശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നു. വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. ഈ മാറ്റത്തില്‍ ഞാനും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചിന്തിക്കുമ്പോള്‍ അഭിമാനമുണ്ട്.
എഴുത്ത് ഗൗരവമായി സമീപിക്കുന്നത് എപ്പോഴാണ്?
സെന്‍്റ തോമസ് കോളജില്‍ പഠിക്കുന്ന സമയത്ത് തന്നെ ഞാന്‍ "ജഗല് സായി', "എക്സ്പ്രസ്' (തൃശൂര്‍) തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. സിനിമാ നിരുപണങ്ങള്‍, പുസ്തക്കുറിപ്പുകള്, ലേഖനങ്ങള്‍ എന്നിവയായിരുന്നു എഴുതിയിരുന്നത്.. പിന്നീട് മനശാസ്ത്ര പഠനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മനശാസ്ത്ര അവബോധം കേരളത്തില്‍ വളര്‍ത്തണമെന്ന് ചിന്ത ശക്തമായി. ഇതിന്‍െറ ഭാഗമായി മനോജന്യ രോഗങ്ങളെപ്പറ്റി ലേഖനം മാതൃഭൂമി ലേഖകന്‍ സുകുമാര്‍ പൊറ്റക്കാടിന്‍െറ നിര്‍ബന്ധത്തിന് വഴങ്ങി എഴുതി. പിന്നീട് പൊലീസ്,ശിക്ഷ, കുറ്റം മാര്‍ദം എന്ന മറ്റൊരുലേഖനവും മാതൃഭൂമിയില്‍ വന്നു. പിന്നെ "വീക്ഷണം' പത്രത്തില്‍ നിത്യജീവിതത്തിലെ മാനസിക പ്രശ്നങ്ങള്‍ എന്ന പേരില്‍ കോളം തുടങ്ങി. എ.കെ. ആന്റണിയുമായുള്ള അടുപ്പമാണ് അതിന് മുഖ്യ കാരണം. പത്രം തുടങ്ങിയപ്പോള്‍ അതില്‍ മനശാസ്ത്ര കോളം എഴുതിക്കൂടേ എന്ന് ചോദിക്കുന്നത് ആന്റണിയാണ്. ഈ ഘട്ടത്തില്‍ വൈക്കം ചന്ദ്രശേഖരന് നായര്‍ എന്നെ "ചിത്രകാര്‍ത്തിക'യില്‍ കോളം എഴുതാന്‍ പ്രേരിപ്പിച്ചു. ഇങ്ങനെ തുടരുന്ന സമയത്ത് കൃഷ്ണസ്വാമി റെഡ്ഡ്യാര്‍ എന്നെ അടിയന്തരമായി കാണണമെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് തന്‍െറ ഉടമസ്ഥതയിലുള്ള "കുങ്കുമ'ത്തിലും "കേരള ശബ്ദ'ത്തിലും ഒരോ കോളം വീതം എഴുതാന്‍ ആവശ്യപ്പെട്ടു. അന്ന് ഈ വാരികകള്‍ കത്തി നില്ക്കുന്ന കാലമാണ്. എന്താണ് നിബന്ധന എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ മറുപടി രസകരമായിരുന്നു, "നിങ്ങള്‍ക്ക് എന്തും എഴുതാം. രാധാസ് സോപ്പ് മോശമാണ് എന്ന് മാത്രം എഴുതാതിരുന്നാല്‍ മതി. ഈ കോളങ്ങള്‍ക്ക് വലിയ വായനക്കാരുണ്ടായി. പതിയെ ആളുകളുടെ മനശാസ്ത്ര ബോധത്തില്‍ മാറ്റങ്ങള്‍ തുടങ്ങി. പിന്നീട് പല പ്രസിദ്ധീകരണങ്ങള്‍ക്കും മനശാസ്ത്ര കോളം നിര്‍ബന്ധമായി.
"മന:ശാസ്ത്രം' എന്ന മാസികയിലേക്ക് എത്തുന്നതെങ്ങനെയാണ്. പ്രസിദ്ധീകരണം നിര്‍ത്തുന്നതുവരെയുള്ള അനുഭവം എന്തായിരുന്നു?
മനശാസ്ത്ര ധാരണകള്‍ പടര്‍ത്തുന്ന എന്ന ഉദ്ദേശത്തോടെയാണ് മാസിക തുടങ്ങൂന്നത്. ശരിക്കും മലയാളിയുടെ മനശാസ്ത്ര രംഗത്തെ വികാസത്തിന്‍െറ ചരിത്രമാണ് മാസികക്ക് പറയാനുള്ളത്. ഇ.എ. ഫെര്‍ണാണ്ടസ് ആണ് അതു തുടങ്ങുന്നത്. 70 കള്‍ക്കൊടുവില്‍. പിന്നീട് ഞാനതിന്‍െറ പത്രാധിപരായി. പി.എം. മാത്യൂ, ഡോ. ശാന്തകുമാര്‍ എന്നിവരും ഒപ്പമുണ്ട്. മനശാസ്ത്രത്തെ ഗൗരവമായി കൈകാര്യം ചെയ്യുന്ന മാസികയാണ് മനസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തു നിന്നാണ് പ്രസിദ്ധീകരണം. തിരുവനന്തപുരത്ത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പോയിട്ടായായിരുന്നു പ്രവര്‍ത്തനം. മാസികക്ക് രണ്ടുതരം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. ഒന്നു പിരമിഡ് രുപത്തിലുള്ള വായനാ സമൂഹത്തിന്‍െറ മുകളറ്റത്തായിരുന്നു മനശാസ്ത്രം മാസിക. താഴെ തട്ടിലാണ് മംഗളം, മനോരമ പോലുള്ള ആഴ്ചപ്പതിപ്പുകള്‍. മനശാസ്ത്രത്തിന്‍െറ വായനക്കാര്‍ ന്യൂനപക്ഷമായിരുന്നു. രണ്ടാമത് പരസ്യമില്ലായിരുന്നു. പരസ്യവും വരിക്കാരുടെ എണ്ണവും പരസ്പരം ബന്ധപ്പെട്ടിരുന്നു. പലരും പരസ്യം നല്കാന് മടിച്ചു. കാരണം അന്നത്തെ ധാരണ ഇതെന്തോ കുഴപ്പം പിടിച്ച പണിയാണെന്നാണ്. മാത്രമല്ല
ഞങ്ങള്‍ അന്ന് ധീര തീരുമാനം എടുത്തു. അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കരുത്. ചാത്തന് സേവ കാളീമഠം പോലുള്ള പരസ്യങ്ങള്‍ മാതൃഭൂമിയൊക്കെ കൊടുക്കുന്ന സമയത്ത് അത് വേണ്ടെന്ന് ഞങ്ങള്‍ തിരുമാനിച്ചു. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങളില്ല. പതിയെ മാസിക കടത്തിലായി. ഫെര്‍ണാണ്ടസിന് വീട് വരെ വില്‍ക്കേണ്ട അവസ്ഥയിലായി. അതോടെയാണ് മാസിക നില്‍ക്കുന്നത്. പക്ഷേ, ഇത്തരം ഒരു മാസികക്ക് ഇന്നും പ്രധാന്യമുണ്ട്. മനശാസ്ത്രം തന്നെ സ്പോര്‍ട്സ് സൈക്കോളജി, ടൂറിസം സൈക്കോളജി, ഇന്‍ഡസ്ട്രയില്‍ സൈക്കോളി എന്നിങ്ങനെ പടര്‍ന്നിരിക്കുന്നു. അത് കൈകാര്യം ചെയ്യുന്നതിന് മാസിക വേണം.
മലയാളിയുടെ മനശാസ്ത്ര പ്രശ്നങ്ങള്‍
മലയാളിയുടെ സമകാലിക പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് വളരെ ലളിതമായ ഒരു ചോദ്യം. മനശാസ്ത്രജ്ഞന് എന്ന നിലയില്‍ പരാജയപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ?
ഉണ്ട്. അത് രോഗിയെ ചികിത്സിക്കുന്നതുമായി ബന്ധപ്പെട്ടു സംഭവിച്ച പരാജയമല്ല. മറിച്ച് മനശാസ്ത്രജ്ഞന് നിസഹായരാകുന്ന അവസ്ഥയാണ്. പലപ്പോഴും നമ്മള് രോഗിക്ക് ചികിത്സ നിര്‍ദേശിക്കും. എന്നാല്‍, ബന്ധുക്കളും അയല്‍വാസികളുമെല്ലാം കൂടി അത് ഒഴിവാക്കും. ജിന്നാണ്, ദേഹത്ത് ആത്മാവ് കൂടിയതാണ്, കുട്ടിച്ചാത്തന് കേറിയാണ് എന്നൊക്കെ പറഞ്ഞ് മടക്കിക്കൊണ്ടുപോകും. അല്ളെങ്കില്‍ ചികിത്സക്ക് വിധേയമായാല്‍ നാട്ടില്‍ മോശപ്പേരുണ്ടാകുമെന്നെക്കെയാവും അവരുടെ മനോഭാവം. ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ ഭാര്യയും ഭര്‍ത്താവു കൂടി എന്നെ കാണാന്‍ വന്നു. ഭാര്യ കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. ഏത് സമയത്തും ആത്മഹത്യ ചെയ്യുന്നതാണ് അവരുടെ മാനസികാവസ്ഥ. ഞാനത് തിരിച്ചറിഞ്ഞു. ഭര്‍ത്താവിനെ മാറ്റി നിര്‍ത്തി വൈകിക്കരുത് ഉടന്‍ ചികിത്സക്ക് വിധേയമാക്കണം എന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞിട്ട് പോരെ എന്നായി അയാളുടെ ചോദ്യം. പറ്റില്ല എന്നു ഞാന്‍ പറഞ്ഞു. അത് വരെ രോഗി ജീവിച്ചിരിക്കില്ല. ഭാര്യ വീട്ടുകാരോട് പറഞ്ഞിട്ടുവരാം, അല്ളെങ്കില്‍ വിഷയമാകുമെന്നൊക്കെ പറഞ്ഞ് അയാള്‍ മടങ്ങിപ്പോയി. അന്ന് രാത്രി വൈകി എനിക്ക് അയാളുടെ ഫോണ്‍. അലമുറയിട്ട് കരയുകയാണ്. ഭാര്യ വീടിനടുത്ത് ട്രെയിനു മുന്നില്‍ ചാടി മരിച്ചു. എന്തുപറയും എന്ന് അറിയാതെ തരിച്ചിരുന്ന നിമിഷമാണ് അത്. ഇത്തരം നിരവധി ദു:ഖകഥകള്‍ പറയാനുണ്ട്.
മറിച്ച് സന്തോഷം തോന്നിയ നിമിഷങ്ങള്‍?
ആദ്യത്തെ സന്തോഷം മനശാസ്ത്രം വിജയിച്ചു എന്ന ധാരണയില്‍ തന്നെയാണ്. കാരണം കേരളത്തില്‍ ഞാനാണ് അതിന്‍െറ തുടക്കമെന്ന ചിന്ത തന്നെ. മറ്റൊന്ന് നമ്മള് ചികിസ്തിച്ച 10-16 വയസുള്ള പെണ്‍കുട്ടികള്‍ വളര്‍ന്ന് വലുതായി അവരുടെ മക്കളുമായി നമ്മളുടെ അടുത്തുവരുമ്പോഴാണ്. കാരണം നമ്മള്‍ക്ക് ചികിത്സിച്ചവര്‍ സുഖമായിരിക്കുന്നു എന്ന അറിയുമ്പോള്‍ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. വേണമെന്ന് വച്ചാല്‍ പോലും എനിക്ക് മനശാസ്ത്ര ചികിസ്ത 25 കൊല്ലത്തേക്ക് നിര്‍ത്താനാവില്ല. ഒരു പരസ്യവും ചെയ്യാഞ്ഞിട്ടും ആളുകള്‍ അന്വഷിച്ചുവരുന്നുണ്ട്.
ഈ നാല്പതു വര്‍ഷങ്ങളില്‍ കേരളത്തില്‍ എന്തുമാറ്റമാണ് വന്നത്?
സമൂഹം ഒത്തിരിയേറെ മാറി. ധാര്‍മിക, മാനസിക, സാമ്പത്തിക മുല്യങ്ങളില്‍ കാര്യമായ മാറ്റം വന്നു. ഒരു ഉദാഹരണത്തിന് നാല്പത് വര്‍ഷം മുമ്പ് പ്രേമിക്കുക എന്നത് ഞെട്ടിക്കുന്ന സംഗതിയായിരുന്നു. ഇന്ന് പ്രേമിച്ചില്ളെങ്കിലാണ് ഞെട്ടല്‍. മാതാപിതാക്കള്‍ നമ്മളെ വളര്‍ത്തിയത് 20ാം നൂറ്റാണ്ടില്‍ ജീവിക്കാനായിട്ടാണ്. അതിനപ്പുറമുള്ള ലോകത്തെപ്പറ്റി മാതാപിതാക്കള്‍ക്ക് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് കുട്ടികള്‍ വളരുന്നത് 21-ാം നൂറ്റാണ്ടിലാണ്. ദിവസതോറും മാറുന്ന സാങ്കേതിക വളര്‍ച്ചയുടെ ലോകമാണിത്. അത് നല്കുന്ന അറിവും സാധ്യതകളും ഒന്നും ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഈ അവസ്ഥ പുതു തലമുറയുടെ മുല്യങ്ങളെ മാറ്റിയിട്ടുണ്ട്. മൂല്യങ്ങള്‍ പലതും നശിച്ചു.
കേരളം ഒരു സൈക്കോളജിക്കല്‍ ഹബാണ് എന്ന് വിമര്‍ശമുണ്ട്. ഇതിനെ അംഗീകരിക്കുന്നുണ്ടോ?
ഇല്ല. കേരളം സൈക്കോളജിക്കല്‍ ഹബാണ് എന്നു പറയുന്നത് തെറ്റാണ്. ഞാനത് ശക്തമായി എതിര്‍ക്കും. കേരളത്തേക്കാള്‍ അക്കാര്യത്തില്‍ പിന്നില്‍ നില്ക്കുന്നവയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. അവിടെ ദുര്‍മന്ത്രവാദവും, ബാധ ഒഴിപ്പിക്കലുമൊക്കെയായി അപരിഷ്കൃതാവസ്ഥിയിലാണ് സമൂഹം തുടുന്നത്. അവിടെ രോഗം ചികിത്സിക്കപ്പെടുന്നില്ല. മന്ത്രാവാദികളും മതപുരോഹിതരുമാണ് അവിടെ ചികിതസകര്. ഇവിടെ കാര്യങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. വിവിധ ആശുപത്രികളിലടക്കം മനശാസ്ത്രജ്ഞരുടെ അടുത്തു എത്തുന്നവരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നു. അതുകൊണ്ടുള്ള പൊതു വിലയിരുത്തലാണ് കേരളം സൈക്കോളജിക്കല്‍ ഹബാണെന്ന്്. അതിന് ഒരു കാരണവും കണ്ടുപിടിച്ചിട്ടുണ്ട്. ഇവിടെയുള്ള പുരുഷന്മാര് ഗള്‍ഫിലും മറ്റ് നാടുകളിലും കഴിയുന്നതിനാല്‍ സ്ത്രീകള്‍ മാനസിക പ്രശ്നം കൂടുതലാണെന്നാണ് വാദം. അത് തെറ്റാണ്. കാരണം മുമ്പും ഇവിടെയുള്ള ആളുകള്‍ സിലോണിലും, മലയയിലും ലഡാക്കിലുമൊക്കെ പോയി ജീവിച്ചിട്ടുണ്ട്. അന്നും സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാവണ്ടെ.
പക്ഷേ കേരളത്തില്‍ അടുത്ത കാലത്തായി സ്ത്രീ പീഡനങ്ങള്‍ കൂടിവരുന്നു. അച്ഛന് മകളെ പീഡിപ്പിക്കുന്നു എന്ന മട്ടില്‍ വാര്‍ത്തകള്‍ കൂടുതലായി കേള്‍ക്കുന്നു. ഇത് മലയാളി ഗുരുതര മാനസിക പ്രശ്നം നേരിടുന്നതിന് തെളിവായി പറഞ്ഞുകൂടെ?
നാല്പതു വര്‍ഷത്തിലേറെയായി സമൂഹത്തെ അടുത്ത് അറിയുന്ന ഒരാള്‍ ഒന്ന നിലയില്‍ എനിക്ക് തറപ്പിച്ചു പറയാനാവും ഇത് പുതിയ പ്രവണയല്ളെന്ന്. മുമ്പും ഇത്തരം പീഡനങ്ങള്‍ അരങ്ങേറിയിരുന്നു. അന്നത് പുറത്ത് അറിഞ്ഞിരുന്നില്ളെന്ന് മാത്രം. അന്ന് കുടുംബങ്ങള്‍ പുരുഷന്മാരുടെ പൂര്‍ണ ആധിപത്യത്തിലായിരുന്നു. തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കെതിരെ ഒന്നും തുറന്നു പറയാന്‍ കഴിയില്ല. അവര്‍ക്ക് സഹിക്കുകയോ നിവൃത്തിയുള്ളൂ. പക്ഷേ, ഇന്ന് സ്ത്രീകള്‍ക്ക് അതിന്‍െറ ആവശ്യമില്ല. സ്ത്രീകള്‍ വിദ്യാസമ്പന്നരാണ്, അവര്‍ക്ക് തൊഴില്‍ ഉണ്ട്. മുമ്പത്തെപോലെ സഹിച്ച് നില്‍ക്കേണ്ട ആവശ്യം അവര്‍ക്കില്ല. മാത്രമല്ല, തുറന്നു പറച്ചിലുകള്‍ കുറ്റമായി സമൂഹം കാണുന്നില്ല. അത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അത് കണ്ടുള്ള തെറ്റിധാരണയാണ് ഇത് പുതിയ പ്രവണതയാണെന്നത്.
ലൈംഗികതയലേക്ക് യുവതലമുറ വഴിതെറ്റുന്നു എന്നാണ് ഒരു മുഖ്യ വിമര്‍ശം?
ലൈംഗികതക്കെുറിച്ച കാര്യത്തില്‍ സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലൈംഗികത അവശകാശമാണെന്നും കീഴ്പ്പെടുത്തലും കീഴ്പ്പെടലുമല്ല മറിച്ച് ആസ്വദാനവും നേടലുമാണ് മുഖമുദ്ര എന്നാണ് ആധുനികയുവത്വം കരുതുന്നത്. കേരളത്തിലെ ഒരു ജില്ലയിലെ കോളജുകളില്‍ ഡിഗ്രി തലത്തില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ലൈംഗിക ബോധത്തെയും വിവാഹ സല്പങ്ങളെയും കുറിച്ച് മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ പഠനം നടത്തിയിരുന്നു. ലോകാരോഗ്യ സംഘടന പ്രൊജക്ടിന്‍െറ ഭാഗമായിരുന്നു പഠനം. 200 പേരാണ് പഠനത്തിന് വിധേയമായത്. അതില്‍ പങ്കെടുത്ത പെണ്‍കുട്ടികളില്‍ 90 ശതമാനം പേരും ലൈംഗിക അനുഭവം ഉള്ളവരായിരുന്നു. 18ശതമാനം പേര് ശരിയായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. പുരുഷലാളനകളില് കൂടി ലൈംഗികത അനുഭവച്ചവരാണ് 60 ശതമാനം പേര് . സ്വവര്‍ഗ ലൈംഗികതയിലായിരുന്നു 12 ശതമാനം പേരുടെ താല്പര്യം. ഏഴ് ശതമാനം മപര് ഒരു തരത്തിലുള്ളള ലൈംഗിക ബന്ധത്തിലും പെടാത്തവരായിരുന്നു. പഠനത്തില്‍ മൂന്ന് ശതാനം പേര് ഉത്തരം നല്കാന് മടിച്ചു. ഇത് സമൂഹത്തിന്‍െറ മാറ്റം കാണിക്കുന്നുണ്ട്. സ്ത്രീകള്‍ പൊതുവില്‍ ലൈംഗിക കാര്യങ്ങളില്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്നു. കോളജില്‍ പെണ്‍കുട്ടിള്‍ തമ്മില്‍ പറയന്ന ഒരു വാചകം ഞാന്‍ കേട്ടു "ഡോണ്ട് ടെല്‍ മി യു ആര് എ ബ്ളഡി വിര്‍ജിന്‍'. പഴയതലമുറ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ലൈംഗിതയുടെ മൂല്യങ്ങള്‍ പുതു തലമുറ അംഗീകരിക്കുന്നില്ല. പെണ്‍കുട്ടികളെ കന്യക എന്നുവിളിക്കുമ്പോള്‍ ആ പദത്തിന്‍െറ പുല്ലിംഗം എന്താണ്? ചാരിത്ര്യാ ശുദ്ധി ആണ്‍കുട്ടികള്‍ക്ക് ബാധകമല്ളേ? എന്നൊക്കെ അവര്‍ തിരിച്ചുചോദിക്കും. അവര്‍ മുന്നേറിക്കഴിഞ്ഞു. ആണ്‍കുട്ടികള്‍ തങ്ങളുടെ ഭാര്യമാര്‍ ചരിത്രശുദ്ധിയുള്ളവരായിരിക്കണമെന്ന് സങ്കല്പത്തില് തന്നെയാണിപ്പോഴും. അവര്‍ക്ക് എന്തുമാകാം. അതേ സമയം കേരളത്തിന് ലൈംഗിക നിലപാടില്ല എന്നത് സത്യമാണ്. പ്രായ പൂര്‍ത്തിയായ സ്ത്രീയും പുരുഷനും തമ്മില്‍ ഇടപെടുന്നതോ പരസ്പര സമ്മതത്തോടെ രമിക്കുന്നതോ ഭരണഘടന അനുസരിച്ചു കുറ്റമല്ല. എന്നാല്‍ സദാചാരത്തിന്്റെ മൊത്ത കച്ചവടക്കാര്‍ക്ക് അത് സഹിക്കില്ല. ആരോഗ്യ കരമായ സ്ത്രീ പുരുഷ സമാഗമങ്ങള്‍ പോലും അവര്‍ക്ക് സഹിക്കാന്‍ കഴിയാറില്ല . ലൈംഗിക വിദ്യഭാ്യസ ക്ളാസുകള്‍ നടത്താന്‍ പാടില്ളെന്ന മനോഭവക്കാരാണ് രക്ഷിതാക്കള്‍. കുട്ടികളെ വഴി തെറ്റിക്കും പോലും. തങ്ങളുടെ ചെറു പ്രായത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ലൈംഗിക കാര്യങ്ങളെപ്പറ്റി പുതിയ കുട്ടികള്‍ക്ക് അറിവുണ്ട് എന്നു പോലും രക്ഷിതാക്കള്‍ മറക്കുന്നു. ലൈംഗിക കാര്യങ്ങളെക്കുറിച്ച് ഒരു തുറന്ന സംവാദത്തിന് സമൂഹം തയാറാകേണ്ടതുണ്ട്.
വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്ന സമൂഹമാണ് ഇത്?
ശരിയാണ്. ഇന്ന് സ്ത്രീകള്‍ക്ക് ഞാന്‍ നേരത്തെപറഞ്ഞതുപോലെ സഹിച്ചുകൊടുക്കലിന്െറ ആവശ്യമില്ല. പുരുഷന് നിയന്ത്രിക്കാവുന്ന അവസ്ഥയില്ല. സ്ത്രീകള്‍ ജോലിയെടുക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം അവര്‍ അനുഭവിക്കുന്നു. സ്വഭാവികമായും പുരുഷന്‍െറ അടിച്ചമര്‍ത്തലിന് കീഴില്‍ കഴിയേണ്ട ഗതികേട് അവര്‍ക്കില്ല. അതുകൊണ്ട് തന്നെ വിവാഹമോചനം സ്വാഭാവികമായും വര്‍ധിക്കും.
മനശാസ്ത്രത്തിനേക്കാള് മതവും വിശ്വാസവും അതുമായി ബന്ധപ്പെട്ട വചനപ്രഘോഷണങ്ങളും ആധിപത്യം നേടുന്നുണ്ട്?
ആത്മീയ കേന്ദ്രങ്ങള്‍ക്ക് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ല. അത് പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുകയേയുള്ളൂ. ആത്മീയ വിപണ കേന്ദ്രങ്ങള്‍ക്ക് ജനങ്ങളെ പറ്റിക്കാമെന്ന് മാത്രം. ഒരിക്കല്‍ ഭാര്യയും ഭര്‍ത്താവും കാണാന്‍ വന്നു. അമിത ഭക്തിയില്‍ അവര്‍ പോട്ടയില്‍ ധ്യാനം കൂടാന്‍ പോയി. ശബ്ദവും വെളിച്ചവുമൊക്കെ തീര്‍ക്കുന്ന ഒരു തരം ഹിസ്റ്റീരിയല്‍ അന്തരീക്ഷത്തില്‍ എല്ലാവരും കയറി സാക്ഷ്യം പറയും. ഭാര്യയും കയറി സാക്ഷ്യം പറഞ്ഞു. തനിക്ക് വേറെ ആളുകളുമായി ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍.അതോടെ പ്രശ്നമായി. ഭര്‍ത്താവ് അത് ക്ഷമിക്കാന്‍ തയാറാണ്. പക്ഷേ, ബന്ധുക്കളും നാട്ടുകാരും മുമ്പിലായിരുന്നു ഭാര്യ സാക്ഷ്യം പറഞ്ഞത്. ഫലത്തില്‍ അവര്‍ വലിയ പ്രശ്നവുമായിട്ടാണ് ആത്മിയ കേന്ദ്രത്തില്‍ നിന്ന് മടങ്ങിവന്നത്. ഓരോ ധ്യാനങ്ങളും കഴിയുമ്പോള്‍ മനശാസ്ത്രജ്ഞനെ കാണാനായി എത്തുന്ന ആളുകള്‍ കൂടുകയാണ്. ആളുകള്‍ക്ക് പ്രശ്നത്തെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞ് പരിഹരിക്കാനാവുന്നില്ല. അതില്ലാത്തിടത്തോളം സന്തോഷ് മാധവന് തിരുച്ചു വന്നാലും വിശ്വസിക്കാനും പിന്നാലെ പോകാനും ആളുണ്ടാവും.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന കവര്‍ച്ചകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും പിന്നിലെ മനശാസ്ത്രത്തെ എങ്ങനെയാണ് വ്യാഖ്യാനിക്കുക?
ആരുടെ കൈയില്‍ പണമുണ്ടോ അവര്‍ക്കാണ് സമൂഹത്തില്‍ വിലയും മാന്യതയും. മുമ്പ് നില നിന്നിരുന്ന ആദര്ശകാത്മായ മൂല്യ വ്യസ്ഥിതി തകര്‍ന്നുകഴിഞ്ഞു. പണം എങ്ങനെ ഉണ്ടായി എന്നത് വിഷയമല്ല. മോഷ്ടിച്ച കാശും മാന്യത നല്‍കും. എങ്ങനെയും പണമുണ്ടാക്കണം എന്ന ചിന്ത മൊത്തത്തില്‍ സമൂഹത്തിലും പ്രത്യേകിച്ച് ചെറുപ്പക്കാരിലും വളര്‍ത്തുന്നു. എല്ലാവരിലും ക്രിമിനല്‍ പ്രവണതകള്‍ ഉണ്ട്. അത് വിദ്യാഭ്യാസവും സംസ്കാരവും വിവേകവും കൊണ്ട് മറികടക്കുകയാണ് ഭൂരിപക്ഷവും ചെയ്യുക. ത്രില്ലും സാഹസികതയും ചെറുപ്പക്കാരെ എന്നും ചലിപ്പിക്കും.
സൗഹൃദം, ജീവിതം, അനുഭവം
എതെങ്കിലും സംഘടനയില്‍ താങ്കള്‍ക്ക് അംഗത്വമുണ്ടോ?
ഇല്ല. ഒരു സംഘടനയിലും അംഗത്വമില്ല. മുമ്പ് മനശാസ്ത്ര വിദ്ഗധരുടെ സംഘടനയില്‍ അംഗത്വമുണ്ടായിരുന്നു. എനിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കഴിയുന്ന ഒരു സംഘടനയുമില്ല. അതിനാല്‍ തന്നെ എനിക്ക് സ്വതന്ത്രമായി എന്ത് അഭിപ്രായവും പറയാം.
യുക്തിവാദ സംഘടനകളുടെ വേദിയില്‍ പലപ്പോഴും താങ്കളെ കാണാറുണ്ട്. യുക്തിവാദി പ്രസ്ഥാനത്തെ എങ്ങനെ കാണുന്നു?
ഞാന്‍ ഒരു യുകതിവാദ സംഘടനയിലും അംഗമല്ല. എന്നാല്‍, യുക്തിവാദത്തോട് എനിക്ക് യോജിപ്പുണ്ട്. കേവലം യുക്തി ചിന്തയോടല്ല, റാഷണലിസ്റ്റ് ചിന്ത എന്നതിനോടാണ് ഐക്യം. യുക്തിവാദികള്‍ ചെയ്യുന്നത് ദൈവത്തെയും മതത്തെയും കേവലം എതിര്‍ക്കുകയാണ്. അങ്ങനെയൊരു നിലനില്‍പ്പ് സാധ്യമല്ല. ആളുകള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മാനസികമായും അല്ലാതെയും. അവര്‍ക്ക് ആശ്വാസം കിട്ടുക ദൈവത്തോടുള്ള പ്രാര്‍ഥനയിലും മറ്റും കൂടിയാണ്. സൈക്കോളജിക്കല്‍ റീലിഫ്. അല്ലാതെ അവര്‍ ആരുടെ അടുത്തുപോകും. ഞങ്ങളെപോലുള്ള മനശാസ്ത്രജ്ഞര്‍ എക്സപന്‍സീവാണ്. അമ്പലത്തിലും മറ്റുംപോകുന്നതിന് പൈസ ചെലവുമില്ല. അവര്‍ക്കായി മറ്റൊരു ബദല്‍ യുക്തിവാദികള്‍ക്ക് നിര്‍ദേശിക്കാനുമില്ല. അതുകൊണ്ടാണ് യുക്തിവാദി പ്രസ്ഥാനങ്ങളില്‍ ആളുകുറയുന്നത്. കേരളത്തില്‍ അവര്‍ നേരിടുന്ന തിരിച്ചടി ശരിയായ നേതൃത്വമില്ലായ്മയാണ്. പല ഗ്രൂപുകളായിട്ടാണ് പ്രവര്‍ത്തനം. ഫലത്തില്‍ അവര്‍ക്ക് നിര്‍ണായക സ്വാധീനം ചെലുത്താനാവാതെ വരുന്നു. ഞാന്‍ എത് യുക്തിവാദ ഗ്രൂപുകള്‍ വിളിച്ചാലും അതില്‍ പങ്കെടുക്കാറുണ്ട്. റാഷണലിസ്റ്റ് ചിന്തകള്‍ കേള്‍വിക്കാരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.
വ്യക്തിപരമായ പ്രതിസന്ധി ഘട്ടത്തില്‍ ദൈവം താങ്കള്‍ക്ക് ആവശ്യമായി തോന്നിയിട്ടില്ളേ?
ഇല്ല. ഒരു ഘട്ടത്തിലും ഞാന്‍ ദൈവത്തെ വിളിച്ചിട്ടില്ല. നാട്ടുകാരോട് ഒന്നു പറയുകയും മറ്റൊന്നും സ്വന്തം ജീവിതത്തില്‍ പാലിക്കുകയും ചെയ്യുന്ന ശീലം എനിക്കില്ല. ഞാന്‍ നേരിട്ട രണ്ട് വലിയ പ്രതിസന്ധികളുണ്ട്. ആ രണ്ടു ഘട്ടത്തിലും ഞാന്‍ വിശ്വാസവുമായി പോയിട്ടില്ല. ആദ്യത്തേത് ഭാര്യയുടെ മരണമാണ്. 11 വര്‍ഷം മുമ്പ് ഞാന്‍ വിദേശത്ത് പോകാന്‍ നിശ്ചയിച്ച തലേന്ന് രാത്രി രണ്ട് മണിക്ക് ാണ് ഭാര്യ എന്നെ വിളിക്കുന്നു. ശ്വസിക്കാനാവുന്നില്ല ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് പറഞ്ഞു. ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ വച്ച് ഹൃദയംസ്തംഭനം മുലം ഭാര്യ മരിച്ചു. ജീവിതത്തിലെ വലിയ പ്രതിസന്ധിയാണ് എന്നെ സംബന്ധിച്ച് അത്. പക്ഷേ, ആ മരണം എന്നെ തളര്‍ത്തുന്നത് മൂന്ന് സെക്കന്‍ഡാണ്. കാരണം കരഞ്ഞിട്ട് കാര്യമില്ല. വിദേശത്തുള്ള മക്കളെ വിവരം അറിയിക്കണം. ഭാര്യക്കും എന്‍െറ അതേ നിലപാടായിരുന്നു. പള്ളിയില്‍ സംസ്കരിക്കരുത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ തന്നെ കത്തിക്കണം. ഞാന്‍ തീരുമാനം ബന്ധുക്കളെ അറിയിച്ചു. ആര്‍ക്കും അത് ഉള്‍ക്കൊള്ളാനാവുന്നില്ല. എല്ലാവര്ക്കും എതിര്‍പ്പ്. വിദേശത്ത് നിന്ന് രണ്ട് ദിവസത്തിന് ശേഷം മക്കള്‍ വന്നു. അവരോടും ബന്ധുക്കള്‍ പറഞ്ഞു. ഇരുവരും എന്നോട് പറഞ്ഞു, അമ്മയുടെ ഇഷ്ടപ്രകാരം പോലെ പ്രവര്‍ത്തിക്കാന്‍. അങ്ങനെ പൊതുശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചു. പൊതുശ്മാനശത്തില് ദഹിപ്പിക്കുന്നു എന്നറിയിപ്പ് പത്രത്തില്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവിടെ നിന്ന് ചോദിച്ച് സംസ്കാരം എന്ന് മാത്രം പറഞ്ഞാല്‍ പോരെ എന്നാണ്്. മറ്റൊന്ന് ഞാന്‍ മരിച്ച സംഭവമാണ്. കുറച്ചു നാള് മുമ്പ് ഞാന്‍ ശരിക്കും ഞാന്‍ മരിച്ചു. തൃശൂര്‍ രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് കൊടുങ്ങല്ലൂര്‍ വഴിയാണ് മടങ്ങിയത്. ചേര്‍പ്പില്‍ പരിചയക്കാരനായ സുഹൃത്ത് സ്വാമി ഭൂമാനന്ദയെ കണ്ടു.പിന്നെ കൊടുങ്ങല്ലൂര്‍ യുക്തിവാദി സംഘം യോഗത്തില്‍ സംസാരിച്ചു. കാറോടിച്ച് പറവുര്‍ എത്തിയപ്പോള്‍ കാഴ്ച മങ്ങി. ശരീരം തളരുന്നു. മരിക്കുകയാണെന്ന് എനിക്ക് മനസിലായി. ഒരു ആശുപത്രിയുടെ ബോര്‍ഡ് കണ്ടു. അങ്ങോട്ട് കാറോടിച്ചു കയറ്റി. റിസപ്ഷനിലത്തെുമ്പോഴേക്കും കുഴഞ്ഞു വീണു. ഞാന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. അജ്ഞാത മൃതദേഹമായി അവര്‍ എന്നെ പരിഗണിച്ചു. മൊബൈല്‍ ഫോണില്‍ നിന്ന് നമ്പര്‍ എടുത്ത് ആരെയൊക്കെയോ വിളിച്ചപ്പോള്‍ ആളാരാണ് എന്നു മനസിലായി. ഈ സമയത്ത് ചെറിയ സ്പന്ദനം കണ്ട് ഡോക്ടര്‍മാര്‍ വീണ്ടും പരിചരണം തുടങ്ങി. ഞാന്‍ രക്ഷപ്പെട്ടു. കുറച്ചു ദിവസം ബോധമില്ലായിരുന്നു. ഇതു രണ്ടുമാണ്് ജീവിതത്തില്‍ ഞാന്‍ നേരിടുന്ന പരീക്ഷണ ഘട്ടം. ഈ സമയത്ത് പോലും ഞാന്‍ ദൈവത്തെ വിളിച്ചിട്ടില്ല. ഇനിയും ഇങ്ങനെ തന്നെ തുടരും.
താങ്കള്‍ മരിച്ചാല്‍ സംസ്കാരം എങ്ങനെയായിരിക്കും?
സംശയമില്ല. ദഹിപ്പിക്കും. അല്ളെങ്കില്‍ മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കും.അത് ഞാന്‍ എവിടെവച്ച് മരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. മക്കള്‍ രണ്ടുപേരും എന്‍െറ താല്പര്യത്തിന് അനുസരിച്ചേ പ്രവര്‍ത്തിക്കൂ. രണ്ടുപേരും നിലപാടുകളില്‍ എനിക്കൊപ്പമാണ്.
വിപുലമായ സുഹൃത് ബന്ധങ്ങള്‍ താങ്കള്‍ക്കുണ്ട്. വേണമെങ്കില്‍ സൗഹൃദത്തിന്‍െറ ആര്‍ഭാടമെന്ന് വിളിക്കാവുന്ന അവസ്ഥ. എല്‍.കെ. അദ്വാനി, എ.കെ ആന്റണി, പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായി മുതല്‍ വലിയ നിര. ഇവരില്‍ പലരും വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങള്‍ പാലിക്കുന്നവരാണ്..?
ശരിയാണ്. വിപുലമായ സുഹൃത് ബന്ധങ്ങള്‍ ഉണ്ട്. ദേശീയ രാഷ്ട്രീയത്തിലെ ഉയര്‍ന്ന നേതാക്കളുമായി അടുപ്പമുണ്ട്്. സുഹൃത്തുക്കളാണ് എന്‍െറ ശക്തിയും സമ്പാദ്യവും. ന്യൂഡല്‍ഹിയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍െറ യൂത്ത് സെന്ററില്‍ കുറച്ചുകാലം ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇക്കാലത്താണ് അദ്വാനിയുമായുള്ള ബന്ധം തുടങ്ങുന്നത്. മേധാ പട്കര്‍ ബോംബെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയറായിരുന്നു. എ.കെ. ആന്റണിയുമായി നീണ്ട കാലത്തെ ബന്ധമുണ്ട്. രാഷ്ട്രീയത്തിന് അപ്പറും ബന്ധം സൂക്ഷിക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍. പലപ്പോഴും നമുക്ക് അതിന് കഴിയാറില്ല. വിശാല മാനസികാവസ്ഥയില്ലാത്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. സുഹൃത്തുക്കളില്‍ പലരുടെയും രാഷ്ട്രീയത്തോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ട്. അത് ഞാന്‍ തുറന്നു പറയാറും എഴുതാറുമുണ്ട്. അത് മറ്റൊരു കാര്യം. എന്നാല്‍, വ്യക്തിബന്ധം വേറൊന്നാണ്. അതു തുല്യമായി കൊണ്ടുപോവാനാണ് ശ്രമിക്കേണ്ടത് എന്നാണ് എന്‍െറ നിലപാട്.
എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമ്പോള്‍ പലപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളില്‍ ഒന്നാണ് താങ്കളുടേത്?.
ശരിയാണ്. പലതവണ ഗൗരവമായ രീതിയില്‍ അത്തരം ചര്‍ച്ചകളുണ്ടായിരുന്നു. സാമുദായികവുമായ അല്ലാത്ത പരിഗണനകള്‍ക്ക് പിന്നീട് പ്രാധാന്യം ലഭിച്ചപ്പോള്‍ ഒഴിവായിപോകുകയാണുണ്ടായത്. അത്തരം ചര്‍ച്ചകളുടെ ഭാഗമായിട്ടാണ് ഒരിക്കല്‍ കോര്‍പറേഷനിലേക്ക് മത്സരിച്ചത്. ജയവും തോല്‍വിയുമൊന്നും പരിഗണിക്കുന്നില്ല. പാര്‍ട്ടി ഗൗരവമായി ആവശ്യപ്പെട്ടാല്‍ ഞാന്‍ മത്സരിക്കും.
കുന്നംകുളത്തെപ്പറ്റി പുസ്തകം എഴുതുന്നതായി കേട്ടു...?
കുന്നംകുളത്തെപ്പറ്റി ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ് ഞാന്‍. "കുന്നംകുളം വ്യക്തിയും പുരാണവും' എന്നതാണ് വിഷയം. അറിയപ്പെടാത്ത കുന്നംകുളത്തെിന്െറ ചരിത്രമാവും പുസ്തം. ഇതിനായുള്ള ഗവേഷ പ്രവര്‍ത്തനങ്ങളിലാണ് . 19-ാം നൂറ്റാണ്ടില്‍ തന്നെ വളരെയധികം അച്ചടി ശാലകള്‍ ഉണ്ടായിരുന്ന സ്ഥലമാണ് കുന്നം കുളം. അച്ചന്മാര് പള്ളിമേടയില്‍ ഇരുന്നു കടുക്ക ചേര്‍ത്തുണ്ടാക്കുന്ന ഒരു പ്രത്യകേ കൂട്ടില്‍ നിര്‍മ്മിക്കുന്ന മഷി ഉപയോഗിച്ച് മലയാളത്തിലും, സുറിയാനി ഭാഷയിലും എഴുതിയ വേദപുസ്തകങ്ങള്‍ പള്ളികളില്‍ വായിച്ചിരുന്ന ഭൂതകാലം ആ നാടിനുണ്ട്. കടുക്ക മഷിയില്‍ എഴുതിയ വേദ പുസ്തകത്തിലെ പുതിയ നിയമം യോഹന്നാന്‍െറ സുവിശേഷം പ്രാകൃത മലയാളം ലിപിയില്‍ എഴുതി സൂക്ഷിച്ചിരുന്നത് കുന്നംകുളം പുത്തന്‍ പള്ളിയുടെ കാതോലികേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. കുറച്ചുനാള്‍ മുമ്പ്് അന്വേഷിച്ചപ്പോള്‍ അത് നഷ്ടപ്പെട്ടതായി അറിഞ്ഞു. 1860ല്‍ ആണ് കുന്നംകുളത്തെ ആദ്യത്തെ അച്ചുകൂടം തുടങ്ങുന്നത്. കുന്നംകുളത്തെ ഒരു പ്രമുഖ കുടുംബംഗമായിരുന്ന പാറെമേല് ഇട്ടൂപ്പ് എന്ന വ്യക്തിയായിരുന്നു അതിന്‍്റെ സ്ഥാപകന്‍. കലാമണ്ഡലത്തിന്, ചിറളയം മണക്കുളം രാജാക്കന്മാരുമായി ചേര്‍ന്ന് വള്ളത്തോള്‍ തുടക്കം കുറിച്ചതും കുന്നംകുളത്താണ്. മലയാള മനോരമ പോലും ഒരിക്കല്‍ അടിച്ചു പ്രസിദ്ധീകരിച്ചിരുന്നത് കുന്നംകുളത്തെ പ്രസ്സിലാണ് ഡുപ്ലിക്കേറ്റിന്്റെ രാജക്കാന്എന്ന് പറഞ്ഞു കുന്നംകുളത്തുകാരെ അപഹസിക്കാറുണ്ട്. എന്നാല്‍ അവര്‍ സത്യാസന്ധരാണ് . ഒരിക്കലും ആരെയും വഞ്ചിക്കാറില്ല. ഒറിജിനല്‍ വേണോ ഡ്യൂപ്ലിക്കേറ്റ് വേണോ എന്ന് ചോദിക്കാതെ ഒരു സാധനവും വില്‍ക്കാറില്ല. ഇത്തരം നൂറായിരം വസ്തുതകള്‍ ഉള്‍പ്പെടുത്തി ജന്മനാടിന്െറ ചരിത്രമെഴുതുകയാണ് ലക്ഷ്യം.
മറ്റ് പുസ്തകങ്ങള്‍?
കുന്നംകുളം പുരാണമല്ലാതെ മറ്റ് മൂന്ന് പുസ്തകങ്ങള്‍ കൂടി വൈകാതെ പുറത്തിറങ്ങും. രണ്ട് പുസ്തകത്തിന്‍െറ വര്‍ക്ക് ഏതാണ്ട് പൂര്ത്തയിയായി. ഉള്‍ക്കാഴ്ച, മാനസിക വിദഗ്ധന്‍െറ സമാൂഹ്യ വിമര്‍ശം, മാനസിക വിദഗ്ധന്‍െറ ഫേസ് ബുക്ക് കുറിപ്പുകള്‍ എന്നിവയാണ് ഈ പുസ്തകങ്ങള്‍.
ആത്മകഥയോ?
അത് മനസിലുണ്ട്. എഴുതണം. എന്‍െറ ജീവിത കഥയെന്ന നിലയില്ല. കേരളത്തിന്‍െറ മനശാസ്ത്രത്തിന്‍െറ വളര്‍ച്ചയുടെ ഇന്നലെകള്‍ എന്ന മട്ടില്‍. ആ കഥയില്‍ എനിക്ക് വളരെയേറെ പറയാനുണ്ട്.