കേരളത്തില്‍ വന്നടിയിടുന്ന തൊഴില്‍ അഭയാര്‍ഥികളുടെ/ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്റെ സൂചകങ്ങളായി മൂന്നു പേരിലൂടെ മെയ് ദിനത്തിന്റെ ചൂടന്‍മാസത്തില്‍ ഒരന്വേഷണം. അവര്‍ നമ്മളിലേക്ക് വരുന്നതെന്തുകൊണ്ട്?
ആര്‍.കെ.ബിജുരാജ്
പ്രത്യാശകള്‍ കുത്തിനിറച്ച ഇരുണ്ടനരകങ്ങളാണ് ഗുവഹാട്ടിയില്‍ നിന്നു ഇഴഞ്ഞിഴഞ്ഞ് എത്തുന്ന ഓരോ ട്രെയിനും. കൊച്ചിയിലേക്ക് നൂറുകണക്കിന് കൂലിയടിമകളേയും വഹിച്ചാണ് ഓരോ വരവും. മൂന്നും നാലും ദിവസം ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിഞെരുങ്ങി നിന്ന്, മൂവായിരത്തിയഞ്ഞൂറ് കിലോമീറ്ററുകള്‍ പിന്നിട്ട് എത്തുന്ന ഈ തൊഴില്‍ അഭയാര്‍ത്ഥികളുടെ കണക്ക് ആരുടെയെങ്കിലും വശമുണ്ടോ?
'ഒരു വര്‍ഷം എത്തുന്നവര്‍ കുറഞ്ഞത് അമ്പതിനായിരം പേരെങ്കിലുമുണ്ടാവും'. ദക്ഷിണറെയില്‍വേയുടെ, എറണാകുളം കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ അലക്ഷ്യമായി പറഞ്ഞതാണ് ഈ 'അനൗദ്യോഗിക' കണക്ക് (ആഴ്ചയില്‍ രണ്ടുട്രെയിനില്‍ ആയിരംപേര്‍ വരുന്നുവെന്ന മിതമായ കണക്ക് വച്ച്). പക്ഷേ, അത് ഒന്നിനും തൃപ്തികരമായ മറുപടിയാവില്ല.
കൊച്ചി കെട്ടിപ്പൊക്കുന്ന സൗഭാഗ്യങ്ങള്‍ അസമുള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ നാടുകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൊഴില്‍ തേടിയെത്തുന്നവരുടെ ഔദാര്യമാണ്. കേരളത്തിലേക്ക് തൊഴിലിനായി എത്തിയിരുന്നത് മുമ്പ് പ്രധാനമായും തമിഴ്‌നാട്ടുകാരായിരുന്നുവെങ്കില്‍ (60 ശതമാനം), ഇന്നതല്ല സ്ഥിതി. അവരുടെ എണ്ണത്തെ വടക്കുകിഴക്കില്‍ നിന്നും വടക്കേന്ത്യയില്‍ നിന്നുമുള്ള തൊഴിലാളികള്‍ വൈകാതെ മറികടക്കും. അവരും തമിഴ് തൊഴിലാളികളുമാണ് കേരളത്തിന്റെ നിര്‍മാണ, തോട്ടം മേഖലകളെ ഇപ്പോള്‍ ചലിപ്പിക്കുന്നത്. ഏറ്റവുമധികം ബഹുനിലകെട്ടിടങ്ങള്‍ ഉയരുന്ന കൊച്ചിയിലാണ് കേരളത്തില്‍ തൊഴില്‍ കുടിയേറ്റം കൂടുതലായി നടക്കുന്നത്. 2000ത്തിനുശേഷമാണ് ഈ ഒഴുക്ക് തുടങ്ങിയത്. 2005നുശേഷം അത് കൂടുതല്‍ ശക്തിയാര്‍ജിച്ചു. ഇപ്പോള്‍ കുത്തൊഴുക്കിന്റെ മൂര്‍ധന്യകാലമാണ്. ആഗോളീകരണം തുറന്നിട്ട 'വികസന'ത്വരയുടെയും പണമൊഴുക്കിന്റെയും ഭാഗമാണ് ഈ തൊഴില്‍ അഭയാര്‍ത്ഥിത്വം. സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ പിന്തുടരുന്ന ഒരു ദല്ലാള്‍ ഭരണകൂടത്തിന്റെ വൈകല്യങ്ങള്‍ സൃഷിക്കുന്നതാണ് ഇപ്പോഴത്തെ ഗുരുതരാവസ്ഥ.
അസമിലെ പണിക്കാര്‍
കാലങ്ങളായി, കുറഞ്ഞത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതലേ അന്യനാടുകളില്‍ തൊഴില്‍ തേടി യാത്ര തുടങ്ങിയവരാണ് മലയാളികള്‍. ദൂരെ, അസമിലെയും സിലോണിലേയും ബര്‍മയിലെയും തൊഴില്‍ ഇടങ്ങളില്‍ അവര്‍ സുഖകരമായ ജീവിതം കെട്ടിപ്പടുത്തു. തോട്ടങ്ങളിലെ മാനേജര്‍മാരായോ, ബ്രിട്ടീഷുകാരുടെ തൊഴില്‍ശാലകളുടെ നടത്തിപ്പു ചുമതലയിലോ അവര്‍ തിളങ്ങി. അക്കാലത്തിന്റെ വര്‍ണനായിരുന്നു വൈലോപ്പിള്ളിയുടെ 'അസം പണിക്കാര്‍' പോലുള്ള കവിതകള്‍. മാറിയ സാമൂഹ്യ സാഹചര്യത്തില്‍ ഗള്‍ഫും യൂറോപ്പുമായി മലയാളിയുടെ തൊഴില്‍ മേഖലകള്‍.
കേരളത്തിലേക്കുള്ള ഈ പുത്തന്‍ ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തെ അവഗണിക്കുന്നതോ സാമാന്യ വല്‍ക്കരിക്കുന്നതോ (ജനറലൈസേഷന്‍) ഗുണകരമായിരിക്കില്ല. തൊഴില്‍ തേടി മലയാളികള്‍ വിദേശ നാടുകളിലും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്നില്ലേ, പിന്നെ എന്തുകൊണ്ട് മറ്റ്് സംസ്ഥാനക്കാര്‍ക്ക് വന്നുകൂടാ എന്ന ചോദ്യം ഈ അഭയാര്‍ത്ഥി പ്രവാഹത്തിന് മുന്നില്‍ നിന്ന് ഒരു എതിര്‍ചോദ്യമായി ഉയര്‍ത്താം. തുലനങ്ങള്‍ ഒരിക്കലും ശരിയാവില്ല. കാരണം ഇവിടുത്തെ വേതനം മതിയാകുന്നില്ലെന്ന കാരണത്താലാണ് മലയാളികള്‍ കേരളത്തേക്കാള്‍ സമ്പന്നമായ വിദേശ നാടുകളിലേക്ക് കുടിയേറുന്നത്. അല്ലെങ്കില്‍ മറുനാടുകളിലെ മെച്ചപ്പെട്ട ജോലി സ്വീകരിക്കുന്നത്. ഇതേ ന്യായത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മറ്റ് സംസ്ഥാന തൊഴിലാളികള്‍ ഇങ്ങോട്ട് പ്രവഹിക്കുന്നത് കേരളം ബംഗാളിനേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ധനികമായതുകൊണ്ടാണെന്ന് വരുന്നു. അതിനര്‍ത്ഥം മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യം കേരളത്തേക്കാള്‍ മോശമാണെന്നാണ്. അത് രാജ്യത്തിനകത്തു നിലകൊള്ളുന്ന ഒരു പ്രധാന വൈരുദ്ധ്യത്തെ എടുത്തു കാട്ടുന്നുണ്ട്. കെട്ടിടനിര്‍മാണ മേഖലയില്‍, കമ്പനികളില്‍, ചെരിപ്പ് ബാഗ് തുടങ്ങിയവയുടെ നിര്‍മാണത്തില്‍, ക്വാറികളില്‍ ഒക്കെയായിട്ടാണ് അന്യസംസ്ഥാനക്കാര്‍ തൊഴില്‍ കണ്ടെത്തുന്നത്. മറ്റൊരു പങ്ക് ആള്‍ക്കാര്‍ വീട്ടുവേലകളിലാണ് ജീവിതവരുമാനം കെണ്ടത്തുന്നത്.
ഒരു പക്ഷേ, വിലകുറഞ്ഞ അധ്വാനം വിലയ്ക്കു വക്കുന്ന പതിവ് കാഴ്ച കേരളത്തില്‍ എറണാകുളം ജില്ലയിലാവും കൂടുതല്‍ കാണാനാവുക. ജോലി തേടുന്ന തമിഴര്‍ അടക്കുമുള്ളവര്‍ (ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്)പുലര്‍ച്ചെ ആറുമുതല്‍ ഒമ്പതുമണിവരെ റോഡ് വക്കുകളില്‍ നിലകൊള്ളും. ആവശ്യക്കാര്‍ ഇടനിലക്കാര്‍ മുഖേന വിലപേശി (വിലപേശല്‍ ഇടനിലക്കാരോടാണ്) വിളിച്ചുകൊണ്ടുപോകും. കലൂര്‍, കടവന്ത്ര, പാലാരിവട്ടം, കളമശേരി, ആലുവ, പെരുമ്പാവൂര്‍, കാക്കനാട് എന്നിവിടങ്ങളിലെ പതിവ് കാഴ്ചയാണ് ഇത്.
കൊച്ചിയിലെ നിര്‍മാണ മേഖലയ്ക്ക് പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിച്ചിരിക്കുന്നത് പെരുമ്പാവൂരാണ്. തടിമില്‍ വ്യവസായമാണ് ഇവിടെ തൊഴില്‍ സ്രോതസ്.
ദുരിതമായ ജീവിതമാണ് അടിസ്ഥാന ജോലികളില്‍ ഏര്‍പ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികളുടേത്. മിക്കവര്‍ക്കും ദിവസം 10-12 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും. എട്ട് മണിക്കൂര്‍ ജോലി എന്ന തത്വം പ്രായോഗികമാവാറേയില്ല. അതിനൊപ്പം തൊഴില്‍ ദാതാക്കളുടെ അങ്ങേയറ്റം മോശമായ പെരുമാറ്റവും.
ജോലി സ്ഥലത്ത് തന്നെ കുടുക്കിയിടാനുള്ള തന്ത്രങ്ങളാണ് അന്യസംസ്ഥാന തൊഴിലാളികളോട് മിക്ക പല തൊഴില്‍ ഉടമകളും പയറ്റുക. ഒന്നുകില്‍ വിലപ്പെട്ട രേഖകള്‍ പിടിച്ചുവക്കും. അല്ലെങ്കില്‍ വേതന തുക നിത്യേന നല്‍കാതെ, ആഴ്ചയിലോ മാസത്തിലോ ആക്കും. പണിയെടുക്കുന്ന തുകയുടെ നല്ല ശതമാനം തൊഴില്‍ ഉടമയുടെ കൈവശം തന്നെയായിരിക്കും. നാട്ടില്‍ പോകുമ്പോള്‍ നല്‍കുമെന്നായിരിക്കും വ്യവസ്ഥ. അതുകൊണ്ട് എളുപ്പം വിട്ടുപോവാനാനില്ല. 16 ബംഗാളികളെ വച്ച് ബാഗ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൃക്കാക്കരയിലെ ഒരു ചെറുകിട തൊഴില്‍ ഉടമ പറഞ്ഞതിങ്ങനെ: ''ഇവറ്റകള്‍ ഇട്ടേച്ചുപോയാല്‍ പിന്നെ ഞാനെവിടെനിന്ന് ആളെകണ്ടെത്തും. ഇവരെ വിശ്വസിച്ചാണ് ഞാന്‍ ഓര്‍ഡര്‍ പിടിക്കുന്നത്. പൈസ മൊത്തം കൊടുത്താല്‍ ഇവര്‍ സ്ഥലം വിടും. ഇവരുടെ പൈസ കുറേ എന്റെ കൈയിലുണ്ട്. അതുകൊണ്ട് പെട്ടന്ന് ഇവര്‍ പോകില്ല''
തൊഴിലിടങ്ങളിലാകട്ടെ കടുത്ത ലിംഗ-ദേശീയ വിവേചനം നിലനിലനില്‍ക്കുകയും ചെയ്യുന്നു. അന്യസംസ്ഥാന തൊഴിലാളിക്കും മലയാളി തൊഴിലാളികള്‍ക്ക് കിട്ടുന്ന കൂലിയിലും അന്തരമുണ്ട്. ആലുവ-അങ്കമാലി മേഖലകളിലെ ഇഷ്ടികക്കളങ്ങില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് 150-200 കിട്ടുമ്പോള്‍ അതേ പണി ചെയ്യുന്ന നാട്ടുകാരായ തൊഴിലാളിക്ക് 400-500 രൂപ കിട്ടും. ഒരേ പണി ചെയ്യുന്ന ആണിനും പെണ്ണിനും വ്യത്യസ്ത കൂലികളാണ്. പലര്‍ക്കും തൊഴില്‍ സുരക്ഷ, ലേബര്‍ കാര്‍ഡ്, കുറഞ്ഞ വേതനം എന്നിവ ലഭ്യമല്ല.
തൊഴില്‍ ഉടമയായിരിക്കും മിക്കപ്പോഴും താമസസൗകര്യം ഒരുക്കുക. അതാകട്ടെ ഇടുങ്ങിയ മുറികളിലാവും. മൂന്നുപേര്‍ക്ക് താമസിക്കാവുന്ന മുറിയില്‍ ഏഴും എട്ടും പേരെ വരെ താമസിപ്പിക്കും. ഇത്തരം 'ലയങ്ങള്‍' പലതും കാലപ്പഴക്കം ചെന്നവയാണ്. അതിന് വ്യക്തമായ തെളിവാണ് അഞ്ചുവര്‍ഷം മുമ്പ് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം കെട്ടിടമിടിഞ്ഞ് വീണ് രണ്ട് ഒറീസ് തൊഴിലാളികള്‍ മരിച്ച സംഭവം. തകര്‍ന്നു വീണ കെട്ടിടത്തിനു താഴെ 30 ഒറീസക്കാരാണ് താമസിച്ചിരുന്നത്്. അവരെല്ലാം ഒരു ഗ്രാമത്തില്‍ നിന്ന് കൊച്ചിയിലെത്തിയവരുമായിരുന്നു.
ബംഗാളില്‍ നിന്നുള്ള ഒഴുക്കുകള്‍
മൂന്നു പതിറ്റാണ്ടിലേറെയായി ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ നിന്നാണ് കേരളത്തിലേക്ക് കൂലിയടിമകളുടെ വലിയ ഒഴുക്ക് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ബംഗാളില്‍ നിന്നുള്ള പ്രവാഹം ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നം ഉയര്‍ത്തുന്നുണ്ട്. ബംഗാള്‍, സി.പി.എം. അവകാശപ്പെടുന്നതുപോലെ സുന്ദരമാണെങ്കില്‍ എന്തുകൊണ്ട് അവിടെ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ തൊഴില്‍തേടി നമ്മുടെ കൊച്ചിയിലും മറ്റു കെട്ടിടനിര്‍മാണ മേഖലകളിലും ദിനംതോറും വന്നടിയുന്നു? കുറഞ്ഞവേതനവും ദുരിത ജീവിതവും മാത്രം വാഗ്ദാനം ചെയ്യുന്ന നമ്മുടെ തൊഴിലിടങ്ങളില്‍ അടിമത്തൊഴിലാളികളാകാന്‍ (കരാര്‍,ബോണ്ടഡ് എന്നൊക്കെ മറ്റുപേരുകള്‍) അവര്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന സാഹചര്യം എന്താവും?
കൊല്‍ക്കത്ത സര്‍വകലാശാലയ്ക്ക് കീഴിലുള്ള ശിവോനാഥ് ശാസ്ത്രി കോളജില്‍ കാല്‍നൂറ്റാണ്ടിലേറെയായി ധനതത്വശാസ്ത്ര അധ്യാപകനും ആക്റ്റിവിസ്റ്റും 'സ്ട്രഗിള്‍ ഓഫ് ഇന്ത്യ' അഖിലേന്ത്യാ നേതാവുമായ പ്രൊഫ. സുഖേന്തു സര്‍ക്കാര്‍ നിരത്തുന്നത് കാരണങ്ങള്‍ ഇതാണ്: '' ബംഗാളിന്റെ സര്‍വമേഖലകളിലും മുരടിപ്പ് പ്രകടമാണ്. കാര്‍ഷികമേഖല തകര്‍ന്നു. പട്ടിണിയും തൊഴിലില്ലായ്മയും കടക്കെണിയും പെരുകുന്നു; അതിനാല്‍ ആത്മഹത്യയും. 45 ലക്ഷം തൊഴില്‍രഹിതരാണ് എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചുകളില്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിക്കുന്നത്. അവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. മണ്ണില്‍പണിയെടുക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഇപ്പോഴും ഭൂമിയില്ല. മറിച്ച് ചെറുന്യൂനപക്ഷം വരുന്ന വന്‍കിട-ദല്ലാള്‍ മുതലാളിത്ത വര്‍ഗ്ഗങ്ങളിലും ഭൂപ്രഭുക്കളിലും ഭൂമിയുടെ കേന്ദ്രീകരണം തുടരുന്നു. സംസ്ഥാനത്തെ വിഭവങ്ങള്‍ കൊള്ളയടിക്കാന്‍ ഭരണകൂടം സാമ്രാജ്യത്വ-വിദേശ വന്‍കിട മുതലാളിവര്‍ഗ്ഗത്തിന് തുറന്ന രീതിയില്‍ ഒത്താശ ചെയ്യുന്നു. നഗരങ്ങളില്‍ മാത്രം വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗ്രാമങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ നരകിക്കുന്നു. ഇതുവരെ സര്‍ക്കാര്‍ നടപ്പാക്കിയതു മുഴുവന്‍ നഗരകേന്ദ്രീകൃതമായി വന്‍കിട-ഇടത്തരം വര്‍ഗ്ഗ താല്‍പര്യങ്ങളെ സേവിക്കുന്ന വ്യവസായ പദ്ധതികള്‍ മാത്രാണ്. ഇതുമൂലം ഗ്രാമങ്ങള്‍ ദരിദ്രമായി. ഗ്രാമങ്ങളില്‍ പട്ടിണി തുടരുന്നതിനാല്‍ ജനങ്ങള്‍ എവിടേക്കും തൊഴില്‍ തേടി പോകും. ബംഗാളില്‍ ജോലിയോ മെച്ചപ്പെട്ട വേതനമോ ഇല്ലാത്തതുകൊണ്ടാണ് അവര്‍ കേരളത്തില്‍ കുറഞ്ഞകൂലിക്ക് പണിയെടുക്കാന്‍ വരുന്നത്.''
നിയമവും ക്ഷേമനിധിയും മറ്റൊരു വഴിക്ക്
1979 ല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷിതതത്വത്തിനായുള്ള നിലവിലുള്ള നിയമങ്ങളെപ്പറ്റി മിക്ക തൊഴില്‍ ഉടമകളും സ്ഥാപനങ്ങളും അജ്ഞരാണ്. ദ ഇന്റര്‍സ്‌റ്റേറ്റ് മൈഗ്രറ്റ് വര്‍ക്മാന്‍ (റഗുലേഷന്‍ ഓഫ് എംപ്ലോയ്‌മെന്റ ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആക്റ്റ് അന്യ സംസ്ഥാന തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ട്. അഞ്ചലധികം അന്യസംസ്ഥാന തൊഴിലാളികള്‍ 12 മാസത്തിലേറെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ കമ്പനികള്‍ നിയമത്തിന് കീഴില്‍ വരും. തൊഴില്‍, വേതന സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് നിയമം. റീജണല്‍ കമ്മീഷണര്‍ (സെന്ററല്‍) -കൊച്ചി മേഖലയ്ക്കാണ് മേല്‍നോട്ട ചുമതല. ഈ നിയമമോ മിനിമം വേജസ് ആക്‌റ്റോ 1970 ലെ കോണ്‍ട്രാക്റ്റ് ലേബര്‍ (റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ആക്‌റ്റോ പലരും പ്രാവര്‍ത്തികമാകാറേയില്ല.
സര്‍ക്കാര്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പേരിന് ഒരു ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേമനിധി പദ്ധതിപ്രകാരം രജിസ്റ്റര്‍ ചെയ്ത ഓരോ അന്യസംസ്ഥാന തൊഴിലാളിക്കും 25000 രൂപവരെ ആരോഗ്യ സംരക്ഷണത്തിനായി ലഭിക്കും. ഒരു നിശ്ചിത കാലത്തിനുശേഷം വിരമിക്കുകയാണെങ്കില്‍ 25,000 രൂപ ലഭിക്കും. കുട്ടികളുടെ പഠനത്തിയനായി ഓരോ വര്‍ഷവും 3000 രൂപവരെ കിട്ടും. അപകട മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ. സ്വഭാവിക മരണമാണെങ്കില്‍ 15,000 രൂപയും. മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ 15,000 രൂപ വേറെയും. കഴിഞ്ഞ വര്‍ഷം മെയ് ഒന്നിനായിരുന്നു ക്ഷേമനിധിക്ക് തുടക്കം കുറിച്ചത്. എന്നാല്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ ചേരാന്‍ അധികം താല്‍പര്യമില്ല. തങ്ങള്‍ ഒരു മേഖലയില്‍ കുടുങ്ങിക്കിടക്കേണ്ടിവരുമോ എന്ന ഭയം ഒരു വശത്ത്. മറുവശത്ത് സ്ഥിരമായി ഒരു മേഖലയില്‍ തുടരാന്‍ തൊഴിലാളികള്‍ക്കുള്ള താല്‍പര്യമില്ലയ്മ. പലരും വിഹിതം അടക്കാന്‍ പോലും കൂട്ടാക്കുന്നില്ല. ഇപ്പോള്‍ ക്ഷേനിധിയില്‍ തൊഴില്‍ ഉടമയെ കൂടുതലായി ക്ഷേമനിധിയില്‍ ചേര്‍ക്കാനാണ് ശ്രമം. എന്നാല്‍, പതിവ് തൊഴില്‍ ഉടമ- തൊഴിലാളി സങ്കല്‍പ്പങ്ങള്‍/നിര്‍വചനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിത്യേന ഇടപെടുന്ന മേഖലയ്ക്ക് ചേരില്ല. സ്ഥിതിഗതികള്‍ പലപ്പോഴും സങ്കീര്‍ണമാണ്്.
അപകടങ്ങള്‍ നടന്നാല്‍ അന്യസംസ്ഥാനതൊഴിലാളികളെ ഉടമയും, കരാറുകാരും, സര്‍ക്കാരുമെല്ലാം കൈയൊഴിയുകയാണ് പതിവ്. അങ്കമാലിയിലും എറണാകുളത്തും അപകടത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിക്ക് മാന്യമായ നഷ്ടപരിഹാരം പോലും കിട്ടിയില്ല. കളമശേരിയിലെ പേപ്പര്‍ മില്ലില്‍ പണിയെടുക്കുന്നതിനെ കൈയറ്റുപോയ ബീഹാറി സ്വദേശി ഇപ്പോഴും ഇവിടെയുണ്ട്; നമ്മുടെ തൊഴില്‍ അവസ്ഥകളുടെ പേടിപ്പെടുത്തുന്ന പ്രതീകമായി.
വളരെ വൈകിയാണെങ്കിലും അന്യസംസ്ഥാന തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇടതുപാര്‍ട്ടികള്‍ അത്തരം രീതിയില്‍ ചുവടു വച്ചു തുടങ്ങി. പക്ഷേ, ഇത്തരം യൂണിയനുകള്‍ക്ക് മലയാളി സങ്കുചിത ദേശീയ ബോധത്തെ മറികടക്കാനാവുമോ എന്നതാണ് വെല്ലുവിളി. യൂണിയനുകള്‍ക്ക് ഒരേ സമയം മലയാളി സങ്കുചിതബോധത്തിനും അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുമിടയില്‍ ചുവട് തെറ്റാനാണ് കൂടുതല്‍ സാധ്യത.
'തൊഴില്‍ അഭയാര്‍ത്ഥി'കളുടെ ജീവിതം
എന്താണ് അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം? ഇങ്ങോട്ട് വരാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്താവും? അവരെങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്?- ഇത് നന്നായി അറിയണമെങ്കില്‍ നമ്മള്‍ കുറഞ്ഞത് വ്യക്തികളുടെ ജീവിതകഥ മനസിലാക്കേണ്ടിവരും.
അന്യ സംസ്ഥാന തൊഴിലാളികളായ മൂന്നു പേരാണ് പ്രദീപ് ബസല്‍, ഉദയാള്‍, അര്‍ജുന്‍ സാവ് എന്നിവര്‍. അസംകാരനാണ് പ്രദീപ് ബസാല്‍. ഇരുപത്തിമൂന്നുകാരന്‍. അഞ്ചുവര്‍ഷത്തിലേറെയായി അയാളിവിടെയുണ്ട്. ഒരു പക്ഷേ, തൊഴില്‍തേടി കേരളത്തില്‍ എത്തുന്ന വടക്കുകിഴക്കന്‍ നാട്ടുകാരുടെ ശരിയായ പ്രതിനിധി. ''ഒരിക്കലും ഞാന്‍ തിരിച്ചുപോയില്ലെന്നും വരാം' എന്ന് പ്രദീപ് ബസാല്‍ പറയുന്ന സാഹചര്യം വ്യക്തിപരമല്ല. അത് അസമിന്റെ സാമൂഹ്യ-സാമ്പത്തിക അവസ്ഥയോടുള്ള പ്രതികരണമാണ്.
അമ്പത് വയസിനോടടുക്കുന്ന ഉദയയാള്‍ നമ്മുടെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് 'കരാര്‍/അടിമത്തൊഴിലാളി'കളെയാണ് പ്രതിനിധീകരിക്കുന്നത്. അവര്‍ മലയാളിയുടെ സങ്കുചിത ദേശീയ ബോധത്തെ (നാഷണല്‍ ഷോവനിസ്റ്റിക്) ആക്രമിക്കുകയും ചില ജാതി യാഥാര്‍ത്ഥ്യങ്ങള്‍ പറയുകയും ചെയ്യുന്നു.
ബംഗാളിലെ നയിഹതി ഗ്രാമത്തില്‍ നിന്നുവരുന്ന അര്‍ജുന്‍ സാവാകട്ടെ അവിടുത്തെ മധ്യവര്‍ഗ സാമൂഹ്യ-സാമ്പത്തിക-സാംസ്‌കാരിക അവസ്ഥകളെയാണ് പ്രതിനിധീകരിക്കുന്നത്. ഇവിടെ അദ്ദേഹം കുറച്ചൊക്കെ 'വെള്ളക്കോളര്‍' ജോലിക്കാരനാണ്. ഇവര്‍ മൂന്നുപേരും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നാണ് വരുന്നതെങ്കിലും ഏറെക്കുറെ സമാനരാണ്. അധ്വാനിക്കുന്നവരുടെ കഥ എല്ലായിടത്തും ഒന്നുതന്നെയാണ് എന്ന ഒരു ചലച്ചിത്ര വാചകം വീണ്ടും നമ്മളോര്‍ക്കേണ്ടിവരുന്നു. മൂന്നുപേരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കേരളത്തില്‍ വന്നടിയുന്ന തൊഴില്‍അഭയാര്‍ത്ഥികളുടെ/ആഭ്യന്തര അഭയാര്‍ത്ഥി പ്രവാഹത്തിന്റെ സുചകങ്ങളാണ്. മെയ്ദിനത്തിന്റെ ചൂടന്‍ മാസത്തില്‍ അവര്‍ അവരുടെ കഥ, പറയട്ടെ:
'ഒരു പക്ഷേ, ഞാന്‍ തിരിച്ചുപോയില്ലെന്നും വരാം'
പ്രദീപ് ബസാല്‍, 23 വയസ്, സില്‍ചാര്‍, അസം
നാടിന്റെ പേര് പറഞ്ഞാല്‍ അറിയില്ല. ബക്ത്പുര്‍ എന്നു പറയും. അസമിന്റെ തെക്ക് കിഴക്കാണ് നാട്. ബംഗ്‌ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന സ്ഥലമാണത്. അതിര്‍ത്തി എന്നു പറഞ്ഞാല്‍ തൊട്ടടുത്തല്ല. കുറേ പോകണം. അതിര്‍ത്തി പ്രദേശമെന്നാണ് നാടിനെപ്പറ്റി എല്ലാവരും പറയുക. അടുത്ത നഗരം എന്നു പറയാവുന്നത് സില്‍ചാറാണ്. ചച്ചാര്‍ ജില്ലയുടെ ആസ്ഥാനം. സില്‍ചാറില്‍ നിന്ന് കുറേ ദൂരമുണ്ട് നാട്ടിലേക്ക്്. എപ്പോഴും ബസുണ്ട്.
സില്‍ചാറിനെപ്പറ്റി കേട്ടിട്ടുണ്ടാവും. സുന്ദരമായ സ്ഥലമാണ്. അസമിലെ പ്രധാന പട്ടണമെന്നാണ് പറയുന്നത്. എന്നാല്‍ നഗരമൊന്നുമല്ല. സാധാരണ ഒരു പട്ടണം. ഒരിക്കലും കൊച്ചിയുമായി തുലനം ചെയ്യാനേ പറ്റില്ല. കുറേ കച്ചവട സ്ഥാപനങ്ങളുണ്ടെന്നേയുള്ളു. ഗുവഹാട്ടിയില്‍ നിന്ന് 420 കിലോമീറ്റര്‍ ഉണ്ട് സില്‍ചാറിലേക്ക്. ബരാക് എന്ന നദിയുടെ അടുത്താണ് സില്‍ചാര്‍ പട്ടണം.
സില്‍ചാറില്‍ നെല്ലാണ് പ്രധാന കൃഷി. കാലാവസ്ഥ ഇവിടുത്തേതില്‍ നിന്ന് വ്യത്യസ്തമാണ്. മഴ സമയത്ത് മഴ തന്നെയാണ്. വേനലില്‍ അവിടെ നിക്കാനേ പറ്റില്ല. ആകെ കരിഞ്ഞുണങ്ങും. ഗുവഹാട്ടിയില്‍ നിന്ന് സില്‍ചാറിലേക്ക് 10-12 മണിക്കൂര്‍ ട്രെയിനിലിരിക്കണം. ബസിന് 430 രൂപയാവും. ട്രെയിന്‍ എപ്പോഴുമുണ്ടാവില്ല. വല്ലപ്പോഴുമേയുള്ളൂ. മാത്രമല്ല, അവിടെ ബ്രോഡ്‌ഗേജ് ട്രെയിനുകളില്ല. മീറ്റര്‍ ഗേജുകളാണുള്ളത്. യാത്ര അതുകൊണ്ട് തന്നെ ദുരിതമാണ്. പ്രത്യേകിച്ച് എന്റെ നാട്ടിലേക്ക്.
സില്‍ഹെറ്റികളാണ് ഞങ്ങള്‍. അസമീസാണ് ഭാഷ. മതം ഹിന്ദു. ഞങ്ങള്‍ക്ക് ജാതി സംവരണമൊന്നുമില്ല. സില്‍ചാര്‍ ശാന്തമായ സ്ഥലമാണ്. ഒരു അക്രമവുമില്ല. ഒരു കുഴപ്പവും ഇതുവരെ അവിടെയുണ്ടായിട്ടില്ല. മറ്റ് ഭാഗങ്ങളിലാണ് ഉള്‍ഫയൊക്കെയുള്ളത്. അത്തരം ആള്‍ക്കാരോട് യോജിപ്പില്ല. അങ്ങനെ വേറിട്ട് ഒരു രാജ്യമാകേണ്ട കാര്യമില്ല. അതു നടക്കാനും പോകുന്നില്ല. എനിക്ക് രാഷ്ട്രീയമൊന്നുമില്ല. വോട്ടുചെയ്യാന്‍ ഇതുവരെ പറ്റിയിട്ടില്ല. തെരഞ്ഞെടുപ്പ് സമയത്തൊക്കെ ഇവിടെയായിരുന്നു. ഇനി വോട്ട് ചെയ്താല്‍ തന്നെ അത് രാഷ്ട്രീയം നോക്കിയായിരിക്കില്ല. വ്യക്തികളെ നോക്കിയാവും ചെയ്യുക.
അച്ഛനും അമ്മയും ഒരു ചേട്ടനും ചേച്ചിയുമാണ്് അടുത്ത ബന്ധുക്കളായുണ്ടായിരുന്നത്. ചേച്ചി കല്യാണം കഴിച്ച് ഭര്‍ത്താവിനൊപ്പം താമസിക്കുന്നു. അച്ഛന്റെ പേര് പോരിതോസ് ബസാല്‍. സര്‍വേ ഓഫ് ഇന്ത്യയില്‍ ജോലിക്കാരനായിരുന്നു. ആദ്യമൊക്കെ വളരെ സുഖകരമായിരുന്നു ജീവിതം. ചന്ദ്രാസിംഗ് ഹൈസ്‌ക്കൂളിലായിരുന്നു പഠിച്ചത്. പത്തുവരയേ പഠിച്ചുള്ളു.
അച്ഛന്റെ ശരീരം ഒരു വശം തളര്‍ന്നുപോയി. മരുന്നും ചികിത്സയുമായി. അതോടെ പ്രശ്‌നങ്ങളായി. കടമായി. അച്ഛന് കിട്ടിയിരുന്ന പണം മുഴുവന്‍ ചികിത്സക്ക് തികയാതായി. മരുന്നുമേടിക്കാന്‍ പണം കടംമേടിച്ചു. കടയില്‍ കുറേ പൈസകൊടുക്കേണ്ട അവസ്ഥയായി. അങ്ങനെ പഠിത്തം തുടരനായില്ല. പത്താംക്ലാസ് ഒരു വിധം പൂര്‍ത്തിയാക്കി. പഠിക്കണമെന്നുണ്ടായിരുന്നു. പഠിക്കാന്‍ മോശവുമായിരുന്നില്ല. കടം വന്നുകയറിയപ്പോള്‍ പിന്നെ പണിക്കുപോകാതെ പറ്റാതായി. പഠിത്തം നിര്‍ത്തി. ജ്യേഷ്ഠന് സര്‍വേ ഓഫ് ഇന്ത്യയില്‍ കാവല്‍ക്കാരന്റെ പണികിട്ടി. ഞാന്‍ അവിടെ പല പണിയും ചെയ്തു. പക്ഷേ, കൂലി അധികമില്ല.
അമ്മയുടെ അനുജത്തി കേരളത്തിലായിരുന്നു താമസം. മലയാളിയെയാണ് കുഞ്ഞമ്മ കല്യാണം കഴിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഡോക്ടറാണ് കുഞ്ഞമ്മയുടെ ഭര്‍ത്താവ്-ഡോ. കുഞ്ഞുമോന്‍. മാവേലിക്കരയിലാണ് താമസം. കുഞ്ഞമ്മയാണ് പറഞ്ഞത് അവിടെ നിന്ന് അധ്വാനിക്കുന്നതിനേക്കാള്‍ ഇങ്ങോട്ട് പോരാന്‍. അങ്ങനെയാണ് ഇങ്ങോട്ടുപോന്നത്. കുഞ്ഞമ്മയുണ്ട് എന്നതായിരുന്നു ധൈര്യം. അച്ഛന്‍ മൂന്നുവര്‍ഷം മുമ്പ് മരിച്ചു. അമ്മയ്ക്ക് ചെറിയ പെന്‍ഷനുണ്ട്. അമ്മ സില്‍ചാറില്‍ തന്നെയാണ്്. ചേട്ടന്‍ അമ്മയുടെ അടുത്തുണ്ട്.
ഞാനിപ്പോള്‍ കേരളത്തില്‍ വന്നിട്ട് അഞ്ചുവര്‍ഷമായി. ഇരുപത്തിമൂന്നുവയസുണ്ട്. വന്നശേഷം ഞാന്‍ കളമശേരി എടയാറില്‍ സേവന കറി പൗഡര്‍ എന്ന കമ്പനിയില്‍ പണിയെടുത്തു. സ്ഥിരം ജോലിയല്ല. ദിവസക്കൂലി. പക്ഷേ, ഓരോ മാസവും ആദ്യം കാശുതരും. അവിടെ പണി കടുപ്പമായിരുന്നു. കൂടുതല്‍ സമയം പണിയെടുക്കണം. അല്‍പംപോലും വിശ്രമിക്കാന്‍ പറ്റില്ല. എനിക്ക് അധികം ഭാരമുള്ള പണിയെടുക്കാനാവില്ല. ശരീരം കൊണ്ട് ചെറിയ ആളായതുകൊണ്ടാവാം. അവിടെ പണിയെടുക്കുമ്പോഴേ ഞാന്‍ വേറെ പണി അന്വേഷിച്ചു. കുഞ്ഞമ്മ തന്നെയാണ് കാക്കനാട് വ്യവസായമേഖലയുടെ ഭാഗത്ത് ജോലിനോക്കാന്‍ പറഞ്ഞത്. കുഞ്ഞമ്മയുടെ ഭര്‍ത്താവിന്റെ ബന്ധത്തില്‍ പെട്ട ഒരു പെണ്‍കുട്ടി ടാറ്റാ സിറാമിക്‌സില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്റെ കസിനാണ്. അങ്ങനെയാണ് ഞാനീ കമ്പനിയില്‍ പണിക്കെത്തുന്നത്. ഇവിടെ മൂന്നുവര്‍ഷമായി.
ദിവസം 150 രൂപയാണ് കൂലി. സ്ഥിരം ജോലിയല്ല. കരാര്‍. ഞാന്‍ തുടര്‍ച്ചയായി രണ്ടു ഷിഫ്റ്റ് കയറും. അപ്പോള്‍ പൈസ കൂടുതല്‍ കിട്ടും. രാവിലെ എട്ട് മണിക്ക് കയറണം. നാലുമണിക്ക് ഇറങ്ങാം. മിക്കപ്പോഴും അടുത്ത ഷിഫ്റ്റ് കൂടി കയറും. രാത്രി 12 മണിയാകുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകും. കമ്പനി തന്നെയാണ് താമസൗകര്യം ചെയ്തിരിക്കുന്നത്. ഇരുപത്് പേരുണ്ട് അവിടെ. കമ്പനി സൗകര്യമൊരിക്കിയതുകൊണ്ട് താമസിക്കാന്‍ പൈസവേണ്ട. മാസം പകുതി കാശ് അമ്മയുടെ അക്കൗണ്ടിലോട്ട് ചെല്ലും. അമ്മയ്ക്ക് സില്‍ചാറില്‍ നിന്ന് അതെടുക്കാം. അച്ഛന്റെ പെന്‍ഷന്‍ അമ്മയ്്ക്ക് കിട്ടുന്നുണ്ട്. പക്ഷേ, കുറച്ചേയുള്ളൂ. മലയാളം പഠിച്ചത് അഞ്ചുവര്‍ഷംകൊണ്ട് ആള്‍ക്കാരോട് സംസാരിച്ചാണ്. മലയാളം എഴുതാനോ വായിക്കാനോ അറിയില്ല. ഒന്നു രണ്ടു അക്ഷരങ്ങള്‍ അറിയാം.
വന്നശേഷം ഒറ്റത്തവണയേ നാട്ടില്‍പോയിട്ടുള്ളൂ. കുറേ കാശുവേണം പോകാന്‍. 2000 രൂപ യാത്രക്കുതന്നെ വേണം. ട്രെയിനില്‍ തന്നെ കുറഞ്ഞത് ഏഴ്ദിവസം ഇരിക്കണം. അതുകൊണ്ട് പോയില്ല. ഈ പൂജാ അവധിക്ക് നാട്ടില്‍ പോകണമെന്ന് കരുതുന്നു.
ഗുവഹാട്ടിയില്‍ ഒരു കൂട്ടുകാരനുണ്ട്. സുരോജിത് ചക്രവര്‍ത്തി. സ്‌കൂളില്‍ ഒപ്പം പഠിച്ചയാളാണ്. അവനെ വല്ലപ്പോഴും ഫോണില്‍ വിളിക്കും. അമ്മയെ ആഴ്ചയില്‍ ഒരു തവണ വിളിക്കും.
തിരിച്ചുപോകുമോയെന്ന് ചോദിച്ചാല്‍ തിരിച്ചുപോകുമെന്നാണ് ഉത്തരം. പക്ഷേ, എന്നാണ് എന്നറിയില്ല. അവിടെ പോയിട്ട് കാര്യമില്ല. അവിടെ ഇത്രയും കൂലികിട്ടുന്ന ജോലി കിട്ടാന്‍ സാധ്യതയില്ല. അവിടെയുള്ളവര്‍ ഒന്നുകില്‍ തോട്ടങ്ങളില്‍ പണിക്കോ, കച്ചവടസ്ഥാപനങ്ങളില്‍ ജോലിയെടുക്കാനോ മറ്റോ ആണ് പോകുക. സില്‍ചാറില്‍ വലിയ കമ്പനികളൊന്നുമില്ല. പിന്നെ അവിടെ നിന്നിട്ടോ, പോയിട്ടോ കാര്യമില്ല. പട്ടിണി കിടക്കാനായിട്ട് തിരികെ പോകേണ്ട കാര്യമില്ലല്ലോ. ഇവിടെ വന്നത് തന്നെ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ്. കടം ഇനിയും തീരാനുണ്ട്. അത് തീര്‍ക്കണമാദ്യം. കൂടെ പണിയെടുക്കുന്നവരോ പുറത്തുള്ളവരോ ഒന്നും മോശമായി പെരുമാറിയിട്ടില്ല. കളിയാക്കുന്നുണ്ടാവാം. അതെനിക്കറിയില്ല. കാലാവസ്ഥ നല്ലതാണ്. ഇവിടം ഇഷ്ടമാണ്. ഒരുപക്ഷേ, ഞാന്‍ ഇവിടെ നിന്ന് തിരിച്ചുപോയില്ലെന്നും വരും.
'നിങ്ങള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികള്‍!'
ഉദയാള്‍, 49 വയസ്, തമിഴ്‌നാട്
ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ ആരുടെ മുന്നിലും കൈനീട്ടിയിട്ടില്ല. ഒരു ഔദാര്യവും പറ്റിയിട്ടില്ല. പണിയെടുത്താണ് ജീവിച്ചത്. തെണ്ടാന്‍ മടിയുള്ളതുകൊണ്ടാണ് ഇപ്പോഴൂം പണിയെടുത്ത് ജീവിക്കുന്നത്. വെറുതെ പറയുന്നതല്ല, ജീവിതത്തില്‍ ഒരു നിമിഷം പോലും ഇതുവരെ വിശ്രമിക്കാനായിട്ടില്ല. അമ്പത് വയസാകാന്‍ മൂന്നുമാസം കൂടിയുണ്ട്.
ഉദയാള്‍ എന്നാണ് പേര്. ജനിച്ചത് കാളിയാപുരത്താണ്. നിങ്ങള്‍ കേട്ടിട്ടുണ്ടോ എന്നറിയില്ല. കോയമ്പത്തൂര്‍ ജില്ലയിലാണ് കാളിയാപുരം. പൊള്ളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററുണ്ട് നാട്ടിലേക്ക്. ആനമലൈക്കടുത്താണ് സ്ഥലം.
പൊള്ളാച്ചിയില്‍ നിന്ന് എപ്പോഴും ബസുണ്ട്. കാളിയാപുരം എന്നത് സാധാരണ ഗ്രാമാണ്. ഒന്നും എടുത്തു പറയാനില്ല. തമിഴ്‌നാട്ടിലെ മറ്റേത് ഗ്രാമവും പോലെയിരിക്കും. കാളിയാപുരത്ത് നെല്ലും കരിമ്പുമാണ് കൃഷി. പിന്നെ ധാരാളം തെങ്ങുണ്ട്. മിക്കവീട്ടിലും പേരമരവും നെല്ലിയുമുണ്ട്.
വീടിന്റെ അടുത്ത് നിന്ന് അഞ്ചാറുകിലോമീറ്ററേയുള്ളൂ അരുള്‍മിഗു മസാനി അമ്മന്‍ കോവിലിലേക്ക്. പ്രശസ്തമാണ് കോവില്‍. ശക്തിയുള്ള ദൈവമാണ്. ആളിയാര്‍ പുഴയുടെ തീരത്താണ് ഈ കോവില്‍. അവിടെ കിടക്കുന്ന രീതിയിലാണ് ദേവിയുള്ളത്. എല്ലായിടത്തും ദൈവം നില്‍ക്കുകയോ ഇരിക്കുകയോ ആവും ചെയ്യുക. ഇവിടെ മാത്രം വ്യത്യസ്തമാണ്. ചൊവ്വയും വെളളിയുമാണ് അമ്പലത്തില്‍ പ്രധാനപ്പെട്ട ദിവസങ്ങള്‍. ജനുവരി അവസാനമാണ് ഉത്സവം. അത് നാട്ടിലും വലിയ ഉത്സവമാണ്. എല്ലാവരും അമ്പലത്തില്‍ പോകും. മൊത്തം അലങ്കരിക്കും. അവസാന ദിവസം തീയാട്ടമുണ്ട്. വലിയ തീ കൂട്ടി അതിലൂടെ നടക്കും.
മുക്കോണത്താണ് ചന്തസ്ഥലം. സാധാനങ്ങള്‍ മേടിക്കാന്‍ എല്ലാവരും പോകുന്നത് അവിടെയാണ്. നാട്ടില്‍ ഒരു പ്രഥാമിക സ്‌കൂളും ഹൈസ്‌ക്കൂളുമുണ്ട്. കാളിയാപുരത്തെ ഹൈസ്‌ക്കൂളിലാണ് അടുത്തുള്ള നാട്ടില്‍ നിന്നൊക്കെ ആളുകള്‍ വരിക. കന്നുകാലികള്‍ കുറേയുള്ളതിനാല്‍ ഒരു മൃഗാശുപത്രിയുണ്ട്. ഹിന്ദുക്കളാണ് നാട്ടില്‍ കൂടുതല്‍ പേരും. മറ്റുള്ളവര്‍ കുറച്ചേയുള്ളൂ. ഞങ്ങള്‍ പട്ടികജാതിക്കാരാണ്. ആദി ദ്രാവിഡന്‍ വിഭാഗത്തില്‍ പെടുന്നു. അമ്മ വഴിക്ക് പള്ളന്‍ വിഭാഗക്കാരാണ് ഞങ്ങള്‍. എല്ലാവരും ജാതി നോക്കും. അവര്‍ മറ്റ് ജാതിയില്‍ നിന്ന് കല്യാണം കഴിക്കില്ല. വീട്ടില്‍ കയറ്റില്ല. ഒരുമിച്ച് ഒരിടത്തുപോകില്ല. കൗണ്ടര്‍മാരും ചെട്ടിയാര്‍മാരും മുതലിയാര്‍മാരുമൊക്കെ ഉയര്‍ന്ന ജാതിക്കാരാണ്. അവരുടെ വീടുകളില്‍ ഞങ്ങളെ കയറ്റില്ല. അവര്‍ ഇങ്ങോട്ടും കയറില്ല. ഇപ്പോഴും അവര്‍ കല്യാണം പോലുള്ള പരിപാടിക്കൊന്നും വരില്ല. വന്നാല്‍ ഒരുമിച്ച് ഭക്ഷണം കഴിക്കില്ല. കിണറ്റില്‍ നിന്ന് വെള്ളം കോരാനൊന്നും സമ്മതിക്കില്ല. എന്നാല്‍ പുറത്തെ പണികള്‍ ചെയ്യാന്‍ വിളിക്കും. നാട്ടില്‍ പട്ടിക ജാതിക്കാരില്‍ കൂടുതലുള്ളത് പറയന്‍, ചക്കിലയന്‍ വിഭാഗക്കാരാണ്.
രാഷ്ട്രീയത്തെപ്പറ്റി വലുതായി ഒന്നുമറിയില്ല. ജയലളിതയെ ഇഷ്ടമാണ്. എം.ജി. ആറിനെയും പെരുത്ത് ഇഷ്ടം. വോട്ട് ചെയ്തത് എ.ഐ.ഡി.എം.കെക്കാണ്. അതുകൊണ്ട് ഞാനാ പാര്‍ട്ടിക്കാരിയൊന്നുമല്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം കാണുമല്ലോ.
അച്ഛനും അമ്മയും കൃഷിപ്പണിക്കാരായിരുന്നു. എനിക്ക് പതിനഞ്ച് വയസായപ്പോള്‍ അച്ഛന്‍ മരിച്ചു. ഒരു ചേച്ചിയും രണ്ട് അനുജന്‍മാരുമുണ്ട്. അതില്‍ ഒരനുജനും ചേച്ചിയും മരിച്ചുപോയി. ഞാന്‍ വളര്‍ന്നത് അമ്മയുടെ നാടായ ശെല്‍വപുരത്താണ്. തൊട്ടടുത്ത ഗ്രാമമാണ്് അത്. ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. ചെറുപ്പത്തിലേ വെറ്റില മുറക്കും. അതവിടെ എല്ലാവരും ചെയ്യുന്നതാണ്. ഇപ്പോള്‍ മുറുക്ക് കുറച്ചു. ദിവസത്തില്‍ മൂന്നുപ്രാവശ്യമേയുള്ളൂ.
പഠിച്ചിട്ടില്ലെങ്കിലും തമിഴ് അക്ഷരമെല്ലാമറിയാം. ചെറുപ്പത്തിലേ പാടത്ത് പണിക്ക് പോയിരുന്നു. ഞങ്ങള്‍ക്ക് സ്ഥലമെന്നു അധികമില്ല. ആറു സെന്റാണുള്ളത്. അടുത്തിടെയാണ് അതിന്റെ അവകാശം കിട്ടിയത്.
അയല്‍വാസിയായ മുത്തുവേലാണ് എന്നെ കല്യാണം കഴിച്ചത്. സ്‌നേഹിച്ചായരിരുന്നു കല്യാണം. പതിനേഴ് വയസില്‍. മുത്തുവേല്‍ പറയ ജാതിക്കാരനാണ്. കൃഷിപ്പണിയും കൂലിപ്പണിയും ചെയ്യും. സ്‌നേഹമൊക്കെയായിരുന്നു ആദ്യം. കുറേക്കാലം കുട്ടിയുണ്ടായില്ല. പിന്നെയാണ് മകനുണ്ടായത് -സെന്തില്‍. അവിനിപ്പോള്‍ 23 വയസുണ്ട്. കല്യാണം കഴിച്ചു വേറെ താമസിക്കുന്നു. ഞാനിങ്ങോട്ട് പോന്നപ്പോള്‍ അവന്‍ വീട്ടില്‍ താമസം തുടങ്ങി. വീടെന്നു പറഞ്ഞാല്‍ ചെറിയ കുടിലാണ്്.
ഭര്‍ത്താവ് പന്ത്രണ്ട് വര്‍ഷം മുമ്പ് എന്നെ ഉപേക്ഷിച്ചുപോയി. വേറെ പെണ്ണിന്റെയൊപ്പം പൊള്ളാച്ചിയില്‍ തന്നെയുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കാന്‍ പോയില്ല. കുറച്ചുവര്‍ഷം മുമ്പ് എന്റെയടുത്തുവന്നു. വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞു. ഞാന്‍ ആട്ടിയോടിച്ചു. എനിക്ക് അയാളുടെ മര്‍ദനമൊന്നും സഹിക്കാന്‍ വയ്യ. എനിക്ക് മുത്തുവേലിനെ ഇഷ്ടമൊക്കെതന്നെയാണ്. അയാള്‍ വേറെ പെണ്ണിന്റെ പിറകേ പോയത് എനിക്കിഷ്ടമില്ല. അയാളവരെ ഉപേക്ഷിക്കാനും തയാറല്ല.
അമ്മ ഞങ്ങള്‍ക്കൊപ്പമാണ് താമസിച്ചത്. അസുഖമായിരുന്നു. പലതരം അസുഖങ്ങളുണ്ടായി. കാലിനും വാതരോഗവും ചൊറിഞ്ഞ പൊട്ടലുമുണ്ടായി. ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിപ്പുതന്നെയായി. അടുത്താണ് മരിച്ചത്. അതിനുശേഷമാണ് ഞാനിങ്ങോട്ട് പോന്നത്. അമ്മയുടേത് പ്രത്യേക സ്വഭാവമായിരുന്നു. എല്ലാവരെയും വെറുപ്പിക്കും. ഭര്‍ത്താവുമായി എപ്പോഴും വഴക്കായിരുന്നു. മുത്തുവേല്‍ കുടിച്ചിട്ട് വരുന്നദിവസം മുഴുവന്‍ വഴക്കാവും. എന്നോടല്ല, അമ്മയോടാവും കുടുതല്‍ വഴക്ക്.
മകന്‍ കല്യാണം കഴിച്ചതോടെ അവനും എന്നെ വേണ്ടാതായി. അവന് വേണ്ടെങ്കില്‍ വേണ്ടെന്ന് ഞാനും വച്ചു. പെണ്ണിന്റെ വാക്കുംകേട്ട് നടക്കുകയാണ് അവന്‍. കല്‍പ്പണിയാണ് അവന്. ഒരു സൈക്കിള്‍ കടയില്‍ പണിയുണ്ട്. സൈക്കിള്‍ നന്നാക്കാനറിയാം. കുറേക്കാലം അമ്മയും ഞാനും മാത്രമായിരുന്നു കഴിഞ്ഞത്. അമ്മ മരിച്ചപ്പോള്‍ ഞാന്‍ ഒറ്റപ്പെട്ടു. അയല്‍വാസിയായ രാജമ്മയും സുനിജയുമാണ് ഇവിടെ വന്നാല്‍ പണികിട്ടുമെന്ന് പറഞ്ഞത്. അവരിവിടെയാണ് പണിയെടുത്തിരുന്നത്. അവര്‍ ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചുപോയി. അവിടെ നിന്നിട്ട് കാര്യമില്ല. കൂലി കുറച്ചേയുള്ളൂ. എപ്പോഴും പണിയില്ല. അതുകൊണ്ടാണ് പോന്നത്.
കളമശേരിയിലാണ് ഞാന്‍ താമസിക്കുന്നത്. ഏലൂരില്‍. ഇവിടെ തമിഴ് കോളനിയുണ്ട്. ഞാന്‍ താമസിക്കുന്നത് വാടകയ്ക്കാണ്. മാസം അറുനൂറു രൂപ കൊടുക്കണം. വേറെയും സ്ത്രീകളുണ്ട് ഒപ്പം. മെക്കാഡ് പണിയാണ് ഞാന്‍ ചെയ്യുന്നത്. ആ പണി മാത്രമേ ചെയ്യൂ എന്നില്ല. എന്തു പണിയും ചെയ്യും.
രാവിലെ ആറുമണിക്ക് മുമ്പായി വീട്ടില്‍ നിന്നിറങ്ങും. ആദ്യ ബസില്‍ ഒന്നുകില്‍ കളമശേരിയിലോ അല്ലെങ്കില്‍ കലൂരോ പോവും. പണിയുണ്ടെങ്കില്‍ കൂടെയുള്ളവര്‍ നേരത്തെ പറയും. അല്ലാത്ത ദിവസങ്ങളില്‍ എട്ടര വരെ കാത്തുനില്‍ക്കും. മിക്കപ്പോഴും പണിയുണ്ടാവും. എന്നാല്‍ പണിയില്ലാത്ത ദിവസങ്ങളുമുണ്ട്. കുറഞ്ഞത് ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും പണി കിട്ടും.
350 രൂപയാണ് കൂലി. ആണുങ്ങള്‍ക്ക് 50 രൂപ കൂടുതലുണ്ട്. ചില ആണുങ്ങള്‍ക്ക് 100 രൂപവരെ കൂടുതലായി കിട്ടും. ആണുങ്ങള്‍ ചെയ്യുന്ന അതേ പണി പെണ്ണുങ്ങള്‍ ചെയ്താലും കൂലി വ്യത്യാസമുണ്ട്. ആളുകള്‍ 350 രൂപ കൂലി കുറക്കാന്‍ പറയും. അതിന് ഞങ്ങള്‍ സമ്മതിക്കില്ല. ഈ കൂലി തമിഴ്‌നാട്ടില്‍ കിട്ടില്ല. അവിടെ കൂടിയാല്‍ ഇരുനൂറുരൂപ കിട്ടും. ഇവിടെ വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ നിര്‍മാണ പണി കുറേ ദിവസം ചെയ്തു. കലൂരിലെ ഒരു ഫ്‌ളാറ്റിന്റെ പണിയുണ്ടായിരുന്നു. ചിലപ്പോള്‍ ചില വീടിന്റെ മതില്‍കെട്ടാനോ, കെട്ടിടത്തിനുവേണ്ടി അടിത്തറ കുഴിക്കാനോ റോഡ് പണിക്കോ ഒക്കെയാവും വിളിക്കുക.
മലയാളികളുടെ പെരുമാറ്റം വളരെ മോശമാണ്. അവര്‍ക്ക് ഞങ്ങളോട് പുശ്ചമാണ്. ചിലര്‍ എന്തോ വെറുക്കപ്പെട്ടവരെ കാണുന്നതുപോലെയാണ് പെരുമാറുക. ബസിലൊക്കെ കയറുമ്പോള്‍ ഞങ്ങളെ ചീത്ത വിളിക്കും. തമിഴ്‌നാട്ടില്‍ ഇവിടെ നിന്നുള്ളവര്‍ വന്ന് കടകള്‍ നടത്തുന്നുണ്ട്. പണിയെടുക്കുന്നുമുണ്ട്. അവരെ ആരും മോശം രീതിയില്‍ സമീപിക്കാറില്ല. ഇവിടെ അങ്ങനെയെല്ല. കടകളില്‍ ചെന്നാല്‍ സാധനം ദൂരെനിന്ന് എടുത്ത് എറിഞ്ഞു തരും. നിങ്ങള്‍ക്ക് ഞങ്ങള്‍ വെറും പാണ്ടികളാണ്. അങ്ങനെ വിളിക്കുന്നവരുമുണ്ട്. അതൊന്നും നോക്കിയിട്ട് കാര്യമില്ല. ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു.
നാട്ടില്‍ വര്‍ഷത്തിലൊരിക്കല്‍ പോകും. ചിലപ്പോള്‍ തോന്നും എന്തിനാണ് പോകുന്നതെന്ന്. മകനെയും അവന്റെ മകളെയും കാണാന്‍ പോകണമെന്നുണ്ട്. മരുമകളെ എനിക്കിഷ്ടമില്ല. അവളെ കാണണമെന്നുമില്ല. മകന്് എന്നെ കാണണമെന്നുണ്ടോ എന്നറിയില്ല. അങ്ങനെ തോന്നുന്നില്ല. ഇടക്ക് അവന്‍ വിളിച്ച് വിവരം ചോദിക്കും. പൊങ്കലിന് പോകണമെന്നുണ്ടായിരുന്നു. നടന്നില്ല. ഇനി ക്രിസ്മസിന് പോകണമെന്നാണ് കരുതുന്നു. പോയാല്‍ നാട്ടുകാരെ കാണാം. സ്വന്തം നാട്ടില്‍ നില്‍ക്കുമ്പോഴുള്ള സന്തോഷം എവിടെയും കിട്ടില്ല.
'തിരിച്ചുപോയിട്ടെന്തിന്?'
അര്‍ജുന്‍ സാവ്, 39, നയിഹതി, പശ്ചിമ ബംഗാള്‍
ഇരുപത്തിമൂന്ന് കൊല്ലത്തിലധികമായി ഞാന്‍ അന്യനാടുകളില്‍ തൊഴില്‍ ചെയ്യുന്നു. പ്ലസ് ടു കഴിഞ്ഞ ഉടനെ ജോലി തേടി നാടുവിട്ടുവെന്ന് പറയാം. നാടുമായി ഇപ്പോള്‍ നേര്‍ത്ത ബന്ധമേയുള്ളൂ.
ചോദിക്കുന്നവരോട് കൊല്‍ക്കത്തയെന്നാണ് പറയുക. ആളുകള്‍ക്ക് മറ്റ് നാടുകള്‍ അറിയില്ലല്ലോ. നയിഹതി എന്നാണ് ഗ്രാമത്തിന്റെ പേര്. 24 പര്‍ഗാന വടക്ക് ജില്ലയിലാണ് ഈ സ്ഥലം. അര്‍ദ്ധപട്ടണമാണ് നയിഹതി. ഒരു റെയില്‍വേ സ്‌റ്റേഷനുണ്ട് അവിടെ. കൊല്‍ക്കത്ത സബ് അര്‍ബന്‍ റെയില്‍വേ സിസ്റ്റത്തിന്റെ ഭാഗമാണ് ഈ സ്‌റ്റേഷനും. സീല്‍ദായിലേക്ക് 38 കിലോമീറ്ററാണ് ദൂരം. ഫെറി സര്‍വീസുണ്ട് കൊല്‍ക്കത്തയ്ക്ക്. ബംഗാളിന്റെ തെക്കന്‍ ഭാഗത്തുള്ള ജില്ലയാണ് 24 പര്‍ഗനന. സാമ്പത്തികമായി ബംഗാളിലെ പിന്നോക്ക ജില്ലയാണ്. കേരളത്തിലേതുപോലുള്ള കാലാവസ്ഥയാണ് അവിടെ. ജൂണ്‍ മധ്യം മുതല്‍ സെപ്റ്റംബര്‍ വരെ മഴയാണ്.
നാട്ടിലെ പ്രധാന തൊഴില്‍മേഖല തുകലുമായി ബന്ധപ്പെട്ടതായിരുന്നു. അവിടെ ഒരു തുകല്‍കമ്പനി പ്രവര്‍ത്തിച്ചിരുന്നു. മുമ്പാണത്. എന്നാല്‍, പെട്ടന്ന് തുകല്‍ വ്യവസായം തകര്‍ന്നു. കമ്പനി അടച്ചു. അതോടെ നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നു. ഇടത്തരം കുടുംബമാണ് എന്റേത്. അച്ഛനും അമ്മയും ഒരു സഹോദരനുമടങ്ങിയതാണ് കുടുംബം. മതം ഹിന്ദു. ബനിയ ജാതിക്കാരാണ് ഞങ്ങള്‍. ബനിയ ജാതീയമായി മുന്നിലുള്ളവരാണ്. ജനറല്‍ വിഭാഗത്തിലാണ് പെടുന്നത്. അച്ഛന് കച്ചവടമായിരുന്നു ജീവിതമാര്‍ഗം. വലിയ കച്ചവടമൊന്നുമുണ്ടായിരുന്നില്ല. ചെറിയതോതില്‍. പഠിച്ചത് കാന്‍കിനാണ്‍ ഹിമാതല്‍ ധ്രുവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. പ്ലസ് ടു കഴിഞ്ഞ ഉടനെ ജോലി തേടാനുള്ള ശ്രമമായി. അധികം പഠിച്ചിട്ടും കാര്യമില്ലെന്നായിരുന്നു തോന്നല്‍. ആ സമയത്ത് എന്റെ ഒരു അളിയന് പഞ്ചാബിലായിരുന്നു ജോലി. അദ്ദേഹം അങ്ങോട്ടേക്ക് വിളിച്ചു. നാട്ടില്‍ നിന്നിട്ട് ഒരു കാര്യമില്ല. കമ്പനികളൊന്നും അധികമില്ല. വലിയ ശമ്പളമൊന്നും കിട്ടില്ല. അതുകൊണ്ട് പഞ്ചാബിലേക്കു വരാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ സിറാമിക് മേഖലയിലെ കമ്പനിയില്‍ ജോലി ചെയ്തു. അപ്പോള്‍ 16 വയസേയുള്ളൂ. പിന്നെ ഞാന്‍ രാജസ്ഥാന്‍, ഡല്‍ഹി,ഹരിയാന എന്നിവിടങ്ങളിലെ സിറാമിക്‌സ് കമ്പനികളില്‍ പതിമൂന്നുവര്‍ഷം ജോലി ചെയ്തു. സാധാരണ തൊഴിലാളിയായിരുന്നു അവിടെയൊക്കെ.
അപ്പോഴാണ് കേരളത്തില്‍ സിറാമികസ് കമ്പനിയില്‍ ഒഴിവുണ്ടെന്ന പരസ്യം കണ്ടത്. അപേക്ഷിച്ചു. അങ്ങനെ ജോലികിട്ടി. 1995 ലാണ് അത്. സാധാരണ തൊഴിലാളിയായിട്ടാണ് വ്യവസായ മേഖലയിലെ കമ്പനിയില്‍ പണികിട്ടിയത്്. ഇപ്പോള്‍ സൂപ്പര്‍വൈസറായി പണിയെടുക്കുന്നു.
1995 ലായിരുന്നു കല്യാണം. നാട്ടുകാരി തന്നെയാണ് ഭാര്യ- മഞ്ജു. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ്് വിവാഹം. ഇവിടുന്ന് അവിടെയെത്തി കല്യാണം കഴിച്ചു, വൈകാതെ മടങ്ങിവന്നു. ഭാര്യയും കുടുംബവും ഇപ്പോള്‍ കാക്കനാട്ട് ഒപ്പമുണ്ട്. പ്രായം പെട്ടന്ന് കടന്നുപോകുകയാണ്. 39 വയസായി. രണ്ടു പെണ്‍മക്കളുണ്ട്. മൂത്തയാള്‍ പത്തിലേക്കാവുന്നു. മറ്റെയാള്‍ ചെറുതാണ്. ഒന്നിലേക്കാവുന്നതേയുള്ളൂ. കാക്കനാട്ട് മാര്‍ത്തോമ സ്‌കൂളിലാണ് പഠിക്കുന്നത്. ഇപ്പോള്‍ അവരിവിടെയില്ല. സ്‌കൂള്‍ അടച്ചതിനാല്‍ ഭാര്യ അവരെയും കൂട്ടി നാട്ടിലേക്ക് പോയിരിക്കുന്നു. മെയ് ഒന്നിന് മടങ്ങിവരും.
ഇത് ഒരു പരിചയക്കാരന്റെ വീടാണ്. കൃത്യമായ വാടകയില്ല. എന്നാലും മൂവായിരത്തിനധികമാവും കൊടുക്കേണ്ട തുക. ഞാന്‍ വര്‍ഷത്തില്‍ രണ്ടുതവണ നാട്ടില്‍ പോകും. ഇനി ദുര്‍ഗാ പൂജയ്ക്കാവും പോവുക. നാട്ടില്‍ അധികം ബന്ധങ്ങളില്ല. അമ്മ മരിച്ചു. അച്ഛനും സഹോദരനുമാണുള്ളത്്. നാടുമായിട്ടുള്ള ബന്ധം രബീന്ദ്ര സംഗീതം കേള്‍ക്കുന്നതിലൂടെയൊക്കേയുള്ളൂ. ഇവിടെ ബംഗാളി സംഗീതമോ സിനിമയോ ഇല്ല. പിന്നെ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം ഹിന്ദി സിനിമയും പാട്ടുകളുമാണ്.
മലയാളം സംസാരിക്കാന്‍ അറിയാം. കുറച്ച് അക്ഷരങ്ങള്‍ കണ്ടാലും മനസിലാവും. ഇവിടെ വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുമെന്ന് രാഷ്ട്രീയക്കാര്‍ പറഞ്ഞിരുന്നു. അതേതായലും ഉണ്ടായില്ല. അടുത്തെങ്ങും പേര് ചേര്‍ക്കുമെന്നും കരുതുന്നില്ല. എനിക്ക് വ്യക്തമായ രാഷ്ട്രീയം ഇല്ല. മുമ്പ് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്നാല്‍, പ്രവര്‍ത്തകനൊന്നുമായിരുന്നില്ല. അത്തരം തിരിച്ചറിവു വരുന്ന സമയത്തേ ഞാന്‍ നാട് വിട്ടു.
ബംഗാള്‍ ശരിക്കും തകര്‍ന്ന അവസ്ഥയാണ്. അവിടെ വികസനമില്ല. പുതിയ ഒന്നും അവിടെ ഉണ്ടാവുന്നില്ല. എന്തെങ്കിലൂം നടക്കുന്നുണ്ടെങ്കില്‍ അത് കൊല്‍ക്കത്തയില്‍ മാത്രമാണ്്. ബംഗാളില്‍ പുതിയ കമ്പനികള്‍ തുറക്കുന്നില്ല. സിംഗൂര് ടാറ്റ വന്നപ്പോള്‍ ഇങ്ക്വിലാബും ബഹളവും. അപ്പോള്‍ പിന്നെ നാട്ടുകാര്‍ക്ക് ജീവിക്കാന്‍ എന്തുചെയ്യാന്‍ പറ്റും. നാടുവിടുകയല്ലാതെ.
കേരളത്തിലുള്ളവര്‍ കൂടുതല്‍ പൈസ കിട്ടുന്ന ജോലിക്ക് ഗള്‍ഫില്‍പോകും. കാരണം അവര്‍ പഠിത്തമുള്ളവരാണ്. ബംഗാളിലെ മനോഭാവം പഠിക്കുന്നതില്‍ കാര്യമില്ലെന്നാണ്. എങ്ങനെയെങ്കിലും പണികിട്ടിയാല്‍ മതി എന്നതാണ് നാട്ടുകാരുടെ അവസ്ഥ. എല്ലാവരും വളരെ ചെറുപ്പത്തിലേ മറ്റ് പണിയിലേക്ക് തിരിയും. അതുകൊണ്ട് തൊഴിലില്ലാത്തവര്‍ ധാരാളമുണ്ട്. ഗ്രാമങ്ങളില്‍ പട്ടിണിയുണ്ട്. ഇവിടെ കിട്ടുന്ന കൂലി ബംഗാളില്‍ കിട്ടുകയുമില്ല.
ബംഗാളില്‍ നിന്ന് കൂടുതല്‍ പേരും വരുന്നത് കൊച്ചിയിലേക്കാണ്. കേരളത്തില്‍ പോലും കൊച്ചിയില്‍ മാത്രമേ വികസനമുള്ളൂ. ഒരു ബംഗാളി ഇവിടെ വരുമ്പോള്‍ കരാറുകാര്‍ പറയും കുടുതല്‍ നാട്ടുകാരെ വിളിച്ചുകൊണ്ടുവരാന്‍. അവര്‍ പോയി നാട്ടിലെ അഞ്ചെട്ടുപേരുമായി വരും. അങ്ങനെയാണ് കൂടുതല്‍ കൂടുതല്‍ പേര്‍ തൊഴില്‍ തേടി ഇവിടെ വരുന്നത്. ഇവിടെ ഇങ്ങനെ ഫ്‌ളാറ്റുകള്‍ അതിവേഗം ഉയരാന്‍ എന്താണ് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? അന്യസംസ്ഥാനത്ത് നിന്ന് ആളുവന്നതുകൊണ്ടാണ്. തൊട്ടുമുമ്പിലുള്ള 'ശില്‍പകല' എന്ന ഫ്‌ളാറ്റ് പണിയാന്‍ ഒരു വര്‍ഷമേ എടുത്തുള്ളു. അതിവിടെയുള്ളവര്‍ പണിയുകയായിരുന്നെങ്കില്‍ മൂന്നോ നാലോ കൊല്ലം വേണ്ടിവരും. ബംഗാളില്‍ നിര്‍മാണ മേഖലയില്‍ പണിയറിയാവുന്ന ചെറുപ്പക്കാര്‍ ധാരാളമുണ്ട്. പക്ഷേ അവിടെ 150 രൂപയേ കൂലിയുള്ളൂ. ഇവിടെ 350-450 രൂപ കിട്ടും. അതുകൊണ്ട് തന്നെ നിര്‍മാണ പണി അറിയാവുന്നവരുടെ ഒഴുക്കാണ് ഇങ്ങോട്ട്. നിര്‍മാണ മേഖലയില്‍ മാത്രമല്ല, മുടിവെട്ട് കടയിലും വീട്ടുജോലിക്കുമെല്ലാം ബംഗാളില്‍ നിന്നുള്ളവരുണ്ട്. മുടിവെട്ട് കടയില്‍ കമീഷന്‍ വ്യവസ്ഥയിലാണ് അവര്‍ പണിയെടുക്കുന്നത്. ഒരാളുടെ മുടിവെട്ടിയാല്‍ ഇരുപത് രൂപ കിട്ടും. ബാക്കിയുള്ളത് കടയുടമ എടുക്കും. ബംഗാളില്‍ തലമുടിവെട്ടിയാല്‍ കൂടിയാല്‍ ആറുരൂപയാണ് കിട്ടുക. അതാണ് വ്യത്യാസം.
ബംഗാളിലേക്ക് തിരിച്ചുപോകണമെന്നുണ്ട്. പക്ഷേ, പോയിട്ടെന്തിനാണ്. പണി കിട്ടില്ലല്ലോ. സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ മാനേജര്‍ പോസ്റ്റില്‍ അവിടെ ഏത് കമ്പനിയിലാണ് ജോലി കിട്ടുക? ആകെ കുറച്ചേ കമ്പനികളുള്ളൂ. അതും അടച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിരിച്ചുപോയിട്ടെന്തിന്?
പച്ചക്കുതിര
2011 മെയ്
Photo: Sunoj N Mathew (Mangalam)
No comments:
Post a Comment