Tuesday, August 30, 2011

'വിവയുടെ പ്രസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുന്നു'

സംഭാഷണം
സെഫി അറ്റ/ആര്‍.കെ.ബിജുരാജ്

നൈജീരിയന്‍ നോവലിസ്റ്റും കഥാകൃത്തുമായ സെഫി അറ്റ തന്റെ രാജ്യത്തെയും എഴുത്തിനെയുംപറ്റി സംസാരിക്കുന്നു.'വിവയുടെ പ്രസ്ഥാനം മുന്നേറിക്കൊണ്ടിരിക്കുന്നു'

ഇന്നോളം സൃഷ്ടിക്കപ്പെട്ട ഭാവുകത്വത്തെ മുഴുവന്‍ ഭേദിച്ചാണ് ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പുതു എഴുത്തുകാര്‍ മുന്നേറുന്നത്. അവരില്‍ മൗലികതകൊണ്ട് ശ്രദ്ധേയയാണ് നൈജീരിയന്‍ നോവലിസ്റ്റ് സെഫി അറ്റ. നോവലിസ്റ്റ് എന്നതിനു പുറമെ കഥാകൃത്തും നാടകരചയിതാവുമാണ് അവര്‍.
നൈജീരിയയിലെ ഇകോയിയില്‍ 1964 ലാണ് സെഫി അറ്റയുടെ ജനനം. നൈജീരിയയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയെങ്കിലും പഠനം പൂര്‍ത്തിയാക്കിയത് ഇംഗ്ലണ്ടിലും അമേരിക്കയിലുമായിട്ടാണ്. ലോസ് ആഞ്ചലിസിലെ അനിടോക്ക് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. 2005 ലാണ് 'എവരിതിംഗ് ഗുഡ്‌വില്‍ കം' എന്ന ആദ്യ നോവല്‍ പുറത്തിറങ്ങിയത്. പുസ്തകമിറങ്ങി അധികം വൈകാതെ ലോകമെമ്പാടുനിന്നും പുകഴ്ത്തലുകളുണ്ടായി. നോവലിന് വോള്‍സോയിങ്ക പുരസ്‌കാരവും ലഭിച്ചു. ഈ ഒറ്റ നോവല്‍ തന്നെ ചിമമാന്‍ഡ എന്‍ഗോസി അദീച്ചി, ഹെലോന്‍ ഹാബില,സെഗുന്‍ അഫോലബി തുടങ്ങിയ പുതു എഴുത്തുകാരുടെ നിരയില്‍ സെഫി അറ്റയെ മുന്‍നിരക്കാരിയായി .'എവരിതിംഗ് ഗുഡ്‌വില്‍കം' നൈജീരിയയുടെ കഥയാണ്. 1970 കളിലെ, സൈനിക ഭരണത്തിന്‍ കീഴിലായിരുന്ന രാജ്യത്തിന്റെ ചിത്രമാണ് നോവലില്‍ നിറയുന്നത്. എനിത്തന്‍ തായ്‌വോ എന്ന പതിനൊന്നുകാരി സ്‌കൂള്‍ പഠനം തുടങ്ങുന്നതിനായി കാത്തിരിക്കുകയാണ്. അവളുടെ അമ്മ മകന്റെ മരണത്തോടെ കൂടുതല്‍ മതപരമായ ജീവിതം നയിക്കുന്നു. അടുത്ത വീട്ടില്‍ താമസിക്കുന്ന ഷെറി ബാക്കര്‍ എന്ന മറ്റൊരു പെണ്‍കുട്ടിയുമായി എനിത്തിന്‍ അടുക്കുന്നതും അവര്‍ ഒരുമിച്ചു കാണുന്ന ജീവിതവുമാണ് നോവലിന്റെ പ്രമേയം. തുടര്‍ന്ന് 'സ്‌വാലോ' എന്ന നോവലും പുറത്തിറങ്ങി. എണ്‍പതുകളുടെ മധ്യത്തില്‍ നൈജീരിയന്‍ സര്‍ക്കാരും ജനങ്ങളുമായുള്ള ഏറ്റുമുട്ടലാണ് ഈ നോവലിന്റെ പശ്ചാത്തലം. അവിടുത്തെ ലഹരികടത്തലും അക്രമവും ധാര്‍മികതയുമെല്ലാം വിഷയമായി മാറുന്നു. 'ന്യൂസ് ഫ്രം ഹോം', 'ലോലെസ്' എന്നീ ചെറുകഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി നാടകങ്ങളും എഴുതി.
അമേരിക്കയിലെ മിസിസിപ്പിയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് താമസം.
ഈ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ തന്റെ രാജ്യത്തെയും,ജീവിതത്തെയും എഴുത്തിനെയും പറ്റി സംസാരിക്കുകയാണ് സെഫി. സംഭാഷണത്തിന്റെ പ്രസ്‌കതഭാഗങ്ങള്‍:


എന്താണ് താങ്കളുടെ ജീവിത പശ്ചാത്തലം? നൈജീരിയയിലെ കുട്ടിക്കാലത്തെപ്പറ്റിയുള്ള ഓര്‍മകള്‍ എത്തരത്തിലുള്ളതാണ്?

നൈജീരിയയിലെ ഇകോയി എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്. ലാഗോസിന് അടുത്താണ് ഈ സ്ഥലം. സര്‍ക്കാരുദ്യോഗസ്ഥരും പ്രൊഫഷണലുകളും ജീവിച്ചിരുന്ന ഒരു മേഖലയായിരുന്നു അത്. അച്ഛന്‍ സിവില്‍ സര്‍വീസ് മേധാവിയായിരുന്നു. ഒഴിവു സമയങ്ങളില്‍ മീന്‍ പിടിക്കാനും മറ്റുമായി അച്ഛന്‍ കുട്ടികളായ ഞങ്ങളെ കൊണ്ടുപോകുമായിരുന്നു. എട്ട്‌വയസുള്ളപ്പേള്‍ അച്ഛന്‍ മരിച്ചു. പിന്നീട് അമ്മയാണ് വളര്‍ത്തിയത്. അമ്മ ദക്ഷിണദേശക്കാരിയായിരുന്നു. യോറുബ വംശജക്കാരിയും ക്രിസ്തുമത വിശാസിയുമായിരുന്നു. അച്ഛന്‍ വടക്കന്‍ദേശക്കാരന്‍. ഇഗ്ബിറ വംശജനും മുസ്ലീമുമായിരുന്നു. നാല് സഹോദരരുണ്ട് എനിക്ക്. മൂത്തത് അര്‍ദ്ധ സഹോദരിയും ഒരു സഹോദരനും. ഇളയവര്‍ രണ്ടും പെണ്ണുങ്ങളാണ്. അവരെല്ലാം നൈജീരിയയിലാണ്.
1972 ല്‍ അച്ഛന്‍ മരിച്ചശേഷം ഞങ്ങള്‍ അടുത്തുള്ള ലഗോസിലേക്ക് മാറി. ലഗോസ് തടാകത്തിന് അഭിമുഖമായുള്ളതാണ് വീട്. ജനല്‍ തുറന്നിട്ടാല്‍ തടാകത്തില്‍ ആളുകള്‍ വരുന്നതും പോകുന്നതുമെല്ലാം കാണാം. അതിനാല്‍ കുട്ടിക്കാല ഓര്‍മകളിലെല്ലാം വെള്ളം നിറഞ്ഞുനില്‍ക്കുന്നുണ്ട്. എഴുതുന്നതും വായിക്കുന്നതും കുട്ടിക്കാലത്ത് ഇഷ്ടമില്ലായിരുന്നു. ഞങ്ങളുടെ ലൈബ്രറിയില്‍ എല്ലാത്തരം ക്ലാസിക്കുകളുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വായിച്ചില്ല. അതെല്ലാം കളിപ്പാട്ടമായിട്ടാണ് ഞാന്‍ ഉപയോഗിച്ചത്. വീട്ടില്‍ സഹോദരനാണ് എഴുത്ത് ഇഷ്ടപ്പെട്ടിരുന്നത്. വളരെ ചെറിയ പ്രായത്തിലേ സഹോദരന്‍ എഴുതാന്‍ താല്‍പര്യം കാണിച്ചു. അയാള്‍ കാര്‍ട്ടുണിസ്റ്റമായിരുന്നു. നന്നായി പ്രോത്സാഹിക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നിട് എന്തുകൊണ്ടോ ആ താല്‍പര്യം നിലനിര്‍ത്തിയില്ല. അടുത്തിടെ സഹോദരന്‍ എന്നോട് പറഞ്ഞത് താനിപ്പോഴും കള്ളപ്പേരില്‍ മാഗസിനുകളില്‍ എഴുതുന്നുണ്ടെന്നാണ്. 1974 ല്‍ ഞാന്‍ പെണ്‍കുട്ടികള്‍ താമസിച്ച് പഠിക്കുന്ന ക്യൂന്‍സ് കോളജില്‍ ചേര്‍ന്നു. പത്ത് വയസായിരുന്നു അപ്പോള്‍. വളരെയധികം മെലിഞ് ദുര്‍ബലയായ കുട്ടിയായിരുന്നു ഞാനന്ന്. സ്വന്തമായി വസ്ത്രങ്ങള്‍ അലക്കുകയും പാത്രങ്ങള്‍ കഴുകയിയൊക്കുമായിരുന്നു അക്കാലത്തെ ജീവിതം. അവിടുത്തെ താമസം എനിക്ക് ഇഷ്ടമായിരുന്നു. സ്‌കൂള്‍ ജീവിതം സര്‍ഗാത്മക വികസിപ്പിക്കാന്‍ പറ്റിയ ഇടമായിരുന്നു.


എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്? എന്താണ് താങ്കള്‍ക്ക് എഴുത്ത്?

1995-ല്‍ ഞാന്‍ സര്‍ഗാത്മക രചനാ കോഴ്‌സില്‍ പങ്കെടുത്തു. ആ സമയത്ത് ന്യൂയോര്‍ക്കില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു ഞാന്‍. ആ കോഴ്‌സ് വളരെ ഇഷ്ടമായി. പിന്നീടൊരിക്കലും എഴുത്ത് നിര്‍ത്തിയിട്ടില്ല. 1997 ല്‍ മിസിസിപ്പിയിലെ മെറിഡിയനിലേക്ക് താമസം മാറ്റിയതോടെ എഴുതാന്‍ തുടങ്ങി. ആദ്യമായിട്ടായിരുന്നു മറ്റൊരു ജോലിയിലും കേന്ദ്രീകരിക്കാതെ എഴുതാന്‍ അവസരം കിട്ടിയത്. അവിടെ ഒരു തരം ഏകാന്തതയും ഒറ്റപ്പെടലുമുണ്ടായിരുന്നു. അത് എഴുത്തിനെ സഹായിച്ചു. എഴുത്ത് ഒരു പ്രവര്‍ത്തിയാണ്. എന്നാല്‍, എനിക്ക് അതൊരിക്കലും ജോലിയായി അനുഭവപ്പെട്ടിട്ടില്ല. ഏറ്റവും നിരാശയുള്ള ദിനങ്ങളില്‍പോലും.


എഴുത്ത് എത്രമാത്രം താങ്കളുടെ ആക്റ്റിവിസത്തെ പ്രതിനിധീകരിക്കുന്നുണ്ട്?

എഴുതുമ്പോള്‍ ഞാന്‍ ഭയരഹിതയാണ്. സ്വയം സെന്‍സര്‍ ചെയ്യാറില്ല. മാത്രമല്ല ആഫ്രിക്കയുടെയും ലോകത്തിന്റെയും ഇരുണ്ടവശങ്ങളെ എഴുത്തിലേക്ക് പടര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. അതു തന്നെ ആക്റ്റിവസമാണ്.

പക്ഷേ, നിങ്ങള്‍ നൈജീരിയയുടെ തനത് ഭാഷയിലല്ല എഴുതുന്നത്? അതെപ്പറ്റി എന്തുപറയും?

കുട്ടിക്കാലത്ത് പിന്നീടും കണ്ട നൈജീരിയന്‍ എഴൂത്തുകാരെല്ലാം തന്നെ യോറുബ, ഇഗ്‌ബോപോലുള്ള വംശങ്ങളില്‍ പെടുന്നവരായിരുന്നു. അവരുടെ എഴുത്തും അത്തരം പരിമിതികളില്‍ ഒതുങ്ങിയിരുന്നു. പക്ഷേ, ഏതെങ്കിലും വംശത്തില്‍ പെടുന്നയാളായിട്ടല്ല, മറിച്ച് ഞാനൊരു നൈജീരിയക്കാരിയാണെന്ന തോന്നലാണ് തുടക്കംമുതലേ ഉണ്ടായിരുന്നത്. അമ്മ യോറുബ വംശജയായിരുന്നു. അച്ഛന്‍ ഇഗ്ബിറ വംശജനും. അങ്ങനെ ഞാന്‍ ഒരു വംശത്തിലും പെടാത്തയാളായി. യോറുബ കാഴ്ചപ്പാടില്‍ എഴുതാന്‍ എനിക്കാവില്ല. എനിക്ക് ആ ഭാഷയറിയില്ല. ഒരു യോറുബ വംശജന് മറ്റ് വംശജനതകളോട് എന്തു തോന്നുന്നുവെന്നും അറിയില്ല. നൈജീരിയ എന്ന ബോധമാണ് എന്നെ നയിക്കുന്നത്. കുട്ടിക്കാലത്ത് വിവിധ വംശങ്ങളിലും മതങ്ങളിലും പെട്ടവരുടെ ഇടയിലാണ് കഴിഞ്ഞത്. പ്രാദേശികഭാഷയിലല്ല അവിടെ ഇംഗ്ലീഷിലായിരുന്നു സംസാരം. അതേ അറിയുമായിരുന്നുള്ളൂ. ഇംഗ്ലീഷ് മാത്രമേ അറിയൂ എന്നതിനെക്കുറിച്ച് അഭിമാനമോ ലജ്ജയോ ഇല്ല. അതായിരുന്നു അന്നത്തെ അവസ്ഥ. അങ്ങനെ പലതരക്കാരോടൊപ്പം ജീവിച്ചത് പല തരം ധാരണകളും അറിവുകളും പകര്‍ന്നു. മാത്രമല്ല അത് എന്റെ എഴുത്തിലും വന്നു. ഉറച്ച വംശ അടിത്തരയില്ലാത്ത ആളുകളെപ്പറ്റിയാണ് ഞാന്‍ എപ്പോഴും എഴുതുന്നത്.

നിങ്ങളുടെ എഴുത്തില്‍ നൈജീരിയയുടെ ചരിത്രവും ജനങ്ങളുടെ വിമോചനസ്വപ്നങ്ങളും ധാരാളമായി കടന്നുവരുന്നു. എന്തുകൊണ്ടാണ് അത്?

സ്വാതന്ത്ര്യം കിട്ടി അഞ്ചുവര്‍ഷത്തിനുശേഷമാണ് ഞാന്‍ ജനിച്ചത്. അപ്പോഴേക്കും ആഭ്യന്തരയുദ്ധം തുടങ്ങി. തുടര്‍ന്ന് സൈനിക അട്ടിമറി നടന്നു. ആഭ്യന്തരയദ്ധ സമയത്ത് രാജ്യം നയിച്ചിരുന്ന ജനറല്‍ ഗോവോണിന്റെ നേരെ കീഴിലായിരുന്നു അച്ഛന്‍ പ്രവര്‍ത്തിച്ചത്. കുറേക്കാലം കഴിഞ്ഞാണ് എന്റെ അമ്മായിയുടെ ഭര്‍ത്താവ് ക്രിസ്റ്റഫര്‍ ഒകിഗ്ംബോ എന്ന കവി ബിയാഫ്രക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ചത് എന്ന് അറിയുന്നത്. ഭരണാധികാരിയായ ജനറല്‍ മുര്‍താല മുഹമ്മദ്ദ് കൊല്ലപ്പെടുത്തിയുള്ള അട്ടിമറി നടക്കുന്ന 1975 ല്‍ പന്ത്രണ്ട് വയസാണ് എനിക്ക്. അദ്ദേഹത്തിന്റെ മകളും ഞാനും ക്യൂന്‍സ് കോളജില്‍ സഹപാഠികളായിരുന്നു. കുട്ടിക്കാലം എന്നത് നൈജീരിയയുടെ ഏറ്റവും തിളച്ചുമറിഞ്ഞ കാലത്താണ്. അങ്ങനെ വ്യക്തിപരമായി തന്നെ രാഷ്ട്രീയ ചരിത്രവുമായി ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്വാഭാവികമായും ചരിത്രം, അധികാരം, വിമോചനം എന്നിവ എന്റെ വിഷയങ്ങളാണ്.

എഴുത്ത് ആത്മകഥപരമാകുന്നുണ്ടോ? എഴുത്തിനോടുള്ള മറ്റുള്ളവരുടെ പ്രതികരണം എന്താണ്?

രചനകള്‍ ആത്മകഥാ പരമാണോ എന്ന് ആളുകള്‍ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ട്. എനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങളാണ് എഴുതുന്നത്. അതില്‍ എന്റെ മുന്‍കാല അനുഭവങ്ങളും മറ്റും കടന്നിരിക്കാം. എന്നാല്‍, എപ്പോഴും ആത്മകഥാംശങ്ങളല്ല കഥയില്‍ പറയുന്നത്. നൈജീരിയ എനിക്ക് ഗൃഹാതുരതയല്ല. എന്നാല്‍, ചില കഥാപാത്രങ്ങള്‍ ഗൃഹാതുരതയോടെ നൈജീരിയെപ്പറ്റി പറയുന്നുണ്ട്. അതുകൊണ്ട് ചിലര്‍ കരുതുന്നത് എന്റെ കഥയാണ് ഞാന്‍ എഴുതുന്നത് എന്നതാണ്. ഒരിക്കല്‍ ഒരു സ്ത്രീ എനിക്ക് എഴുതി- 'ഒരിക്കലും നിങ്ങള്‍ക്ക് മാപ്പുതരില്ല''. നോവലിലെ മുഖ്യ കഥാപാത്രം ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോയതാണ് വിഷയം. എഴുത്തുകാരന്‍ എഴുതുന്നത് ആത്മകഥയാണെന്ന് ചിലര്‍ ധരിക്കുന്നു. അത് ശരിയല്ല.
അങ്ങനെ കരുതുന്നത് ചിലപ്പോഴൊക്കെ അസ്വസ്ഥമാക്കാറുണ്ട്. അവരുടെ ജിജ്ഞാസ മനസിലാകുമെങ്കിലും ചോദ്യം കഥ പറയുന്ന രീതിയില്‍ നിന്ന് ്ശ്രദ്ധയകന്നുള്ളതാണ്. എന്റെ പല ചെറുകഥകളും പത്ര ലേഖനങ്ങളെ ആധാരമാക്കിയുള്ളതാണ്. അതുപോലെ ഞാനൊരിക്കലും കണ്ടിട്ടില്ല യഥാര്‍ത്ഥ ജനങ്ങളുടെ ജീവിതം അടിസ്ഥാനമാക്കിയും. ഇത്തരത്തിലുള്ള കഥ എഴുത്ത് രസകരമാണ്. നമുക്കിടയിലെ വിചിത്രരായ മനുഷ്യരെപ്പറ്റയുള്ളതാണ് എഴുത്ത്. അതിനാല്‍ തന്നെ എന്റെ എഴുത്ത് നിലനില്‍ക്കുമെന്ന് കരുതുന്നു. വിമര്‍ശര്‍ക്കുപോലും ആദ്യ നോവിലിന്റെ കാര്യത്തില്‍ ഒരു പൊതുധാരണയിലെത്താനായിട്ടില്ല.


നൈജീരിയ പിന്‍വിളിയാകുന്നുണ്ടോ? നാട് വളരെയേറയായി എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നു?

നൈജീരിയയിലേക്ക് ഞാന്‍ മിക്കപ്പോഴും പോകാറുണ്ട്. ഒരു വര്‍ഷത്തില്‍ മൂന്നു തവണ വരെ പോയ സന്ദര്‍ഭങ്ങളുണ്ട്. അതുകൊണ്ട് നൈജീരിയ എനിക്ക് നഷ്ടമാവുന്നില്ല. മാത്രമല്ല ലാഗോസ് ഗൃഹാതുരതയല്ല. അവിടെ കുഴപ്പങ്ങളും പ്രശ്‌നങ്ങളും നന്മയും തിന്മയുമെല്ലാം ഉണ്ട്. അതെനിക്കറിയാം. അതുകൊണ്ട്തന്നെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നൈജീരിയന്‍ ജീവിതം നോക്കിക്കാണുന്നത്. അതേ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നൈജീരിയന്‍ ജീവിതം എഴുത്തിലേക്ക് പകര്‍ത്താനും ശ്രമിച്ചിട്ടുള്ളത്. എനിക്ക് കൂടുതല്‍ അറിയാവുന്ന ലോകമായതുകൊണ്ടാവും എഴുത്തില്‍ നാട് നിറയുന്നത്.

എന്താണ് നൈജീരിയിലെ രാഷ്ട്രീയ അവസ്ഥ? കുഴപ്പങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞ രാഷ്ട്രീയ അന്തരീക്ഷം അവിടെ നിലനില്‍ക്കുന്നതായി കേള്‍ക്കുന്നു...

നൈജീരിയ ഇപ്പോള്‍ ജനാധിപത്യത്തിന്റെ പാതയിലാണ്. ഞങ്ങളുടെ അവസാന സര്‍വാധിപതിയായിരുന്നു അബാച്ച മരിച്ചതിനുശേഷമായിരുന്നു ഈ പാതയിലേക്ക് രാജ്യം കടന്നത്്. അങ്ങനെ, 1999 ല്‍ നൈജീരിയ ജനാധിപത്യത്തിലേക്ക് പോയി. 15 വര്‍ഷത്തെ സൈനികസര്‍വാധിപത്യത്തിനുശേഷമായിരുന്നു അത്. പിന്നീട് രണ്ടു തവണ മുന്‍ സൈനിക മേധാവിയായ ഒബാസന്‍ജോയായിരുന്നു പ്രസിഡന്റ്. അഴിമതിയും, അധികാര ദുര്‍വിനിയോഗവുമുല്ലൊം രാജ്യത്തുണ്ട്. എന്നാല്‍ ജനാധിപത്യ പ്രക്രിയ മുന്നേറുമ്പോള്‍, അത്തരം ശക്തികളെല്ലാം പരാജയപ്പെടും. ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നൈജീരിയ അത്യന്തികമായി എങ്ങോട്ടേക്ക് നീങ്ങുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. അത് എനിക്ക് അറിഞ്ഞുകൂട. എന്നാല്‍, ഇപ്പോള്‍ നീതിയും സമാധാനവും ഉറപ്പാക്കുമെന്ന കരുതുന്ന, അതിലേക്ക് വഴിവച്ചേക്കുന്ന സ്വാതന്ത്ര്യം ഞാനും ആഘോഷിക്കുന്നു. ഭൂരിപക്ഷവും ജനാധിപത്യത്തിന്റെ വലിയ ആശയങ്ങളാല്‍ ചലിപ്പിക്കപ്പെട്ടാല്‍ അവര്‍ക്കേത് സര്‍വാധിപതിയെയും അധികാരത്തില്‍നിന്ന് കടപുഴക്കാനാവും.

നൈജീരിയന്‍ എഴുത്തിന്റെ മുഖ്യ വിഷയം പൊതുവില്‍ രാഷ്ട്രീയമാണ്. അതെന്തുകൊണ്ടാവും?

നൈജീരിയന്‍ സാഹിത്യത്തെപ്പറ്റി അത്തരം ഒരു ആക്ഷേപം ഉന്നയിക്കാം. പുതിയ എഴുത്തുകാരെല്ലാം രാഷ്ട്രീയമാണ് അവരുടെ കഥയുടെ മുഖ്യപശ്ചാത്തലമാക്കുന്നത്. പക്ഷേ, അതൊരു തെറ്റായ പ്രവണതയല്ല. കാരണം രാജ്യത്തെ ചില ചീത്തകാര്യങ്ങള്‍ കൂടി പറയേണ്ടതുണ്ടല്ലോ. അതിനേക്കാള്‍ ബിയാഫ്ര പോലുള്ള വിപ്ലവങ്ങള്‍ എന്റെ തലമുറയെ സ്വാധീനിക്കുന്നുണ്ട്. ബയാഫ്ര നടക്കുമ്പോള്‍ ഞാന്‍ ചെറിയ കുട്ടിയാണ്. പക്ഷേ, അതൊരു വലിയ മുന്നേറ്റമായിരുന്നു. അതിന്റെ ചലനവേഗത്തില്‍ നിന്ന് ആര്‍ക്കും മാറിനില്‍ക്കാനാവുമായിരുന്നില്ല. പരാജിത വിപ്ലവങ്ങള്‍ വിജയിച്ചതിനേക്കാളോ, അതിനൊപ്പമോ ആളുകളെ ബാധിച്ചുകൊണ്ടിരിക്കും. നൈജീരിയയാകട്ടെ സര്‍വാധിപത്യം, വിപ്ലവം, ജനാധിപത്യം, അടിച്ചമര്‍ത്തല്‍ എന്നിങ്ങനെ വിവിധ രൂപങ്ങള്‍ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു. അതിനാല്‍ സമൂഹത്തിന്റെ മറുവശത്തെപ്പറ്റി കൂടുതലായി പറയേണ്ടിവരുന്നത്. ഭൂരിപക്ഷം ആഫ്രിക്കക്കാരും നയിക്കുന്നത് ആശയറ്റ ജീവിതമാണ്. അവരുടെ കഥ പറയേണ്ടതുണ്ട്. എഴുത്തിന്റെ രാഷ്ട്രീയം സമൂഹത്തെ മുന്നോട്ട് ചലിപ്പിക്കുന്നതായിരിക്കണം എന്നു തന്നെയാണ് എന്റെ നിലപാട്.


നൈജീരിയ്ക്ക് പുറത്ത് രാജ്യത്തിന്റെ പ്രതീകാത്മക ബിംബമായി ചര്‍ച്ചചെയ്യപ്പെടുന്നത് കെന്‍സാരോ വിവയെയാണ്. എന്താണ് ഓഗോണി സമരത്തിന്റെയും മറ്റ് ചെറുത്തുനില്‍പ്പുകളുടെയും ഇപ്പോഴത്തെ അവസ്ഥ?


കെന്‍ സാരോ വിവയാണ് ഓഗോണി ജനതയുടെ പേരാട്ടത്തിന്റെ ബിംബം. നിഷ്ഠൂരമായി വധിക്കപ്പെടുന്നതിന് മുമ്പും പിമ്പും. ഒഗോണികളുടെ പേരാട്ടം തുടരുന്നു. മാധ്യമങ്ങള്‍ അവയ്ക്ക് വലിയ ശ്രദ്ധ കൊടുക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍, മാധ്യമങ്ങള്‍ എല്ലാം 'പൊതുതാല്‍പര്യ'ത്തിനനുസരമായി ആ സമരത്തെ ഒരു നാടോടിക്കഥയാക്കി മാറ്റിയിരിക്കുന്നു. നൈജീരിയയില്‍ പല രൂപത്തില്‍, ഭാവത്തില്‍ ജനങ്ങളുടെ ചെറുത്തുനില്‍പ്പുകളും സമരങ്ങളും നടക്കുന്നുണ്ട്. കെന്‍സാരോ വിവയുടെ പ്രസ്ഥാനം ഡെല്‍റ്റാ മേഖലയുടെ മറ്റ് ഭാഗങ്ങളില്‍ ജനങ്ങളുടെ മുന്നേറ്റത്തിനു കാരണമായി. ഉദാഹരണത്തിന് ഇസ്‌ക്രാവോസിലെ സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പുപോലുള്ള മുന്നേറ്റങ്ങളെ. വിവയുടെ പ്രസ്ഥാനം അങ്ങനെ പല രീതിയില്‍ നൈജീരിയയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ പേരാട്ടങ്ങളിലെല്ലാം വിവ തന്നെയാണ് നായകന്‍. രാജ്യത്തിനകത്തു മാത്രമല്ല, ലോകമെമ്പാടുമുളള പരിസ്ഥിതി സമരങ്ങളിലും ജനതയുടെ അതിജീവന സമരങ്ങളിലും.


എന്താണ് നൈജീരിയയിലെ സ്ത്രീകളുടെ അവസ്ഥ?

സ്ത്രീകളെ് തുല്യതമായി പരിഗണിക്കുന്ന രാജ്യമല്ല. സംസ്‌കാരം വളരെയധികം പിതൃദായക്രമത്തിലുള്ളതാണ്. വിദ്യാഭ്യാസമുള്ള ഉന്നതകുലര്‍ മുതല്‍ സാധാരണക്കാരായ സ്ത്രീകള്‍ വരെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. സ്ത്രീകളെ ദ്രോഹിക്കാനും അവരുടെ മുന്നേറ്റം തടയാനും പലതരത്തിലുള്ള പുരുഷ മനോഭാവങ്ങള്‍ ശക്തമാണ്. പക്ഷേ, നൈജീരിയയിലെ സ്ത്രീകള്‍ ദൃഢനിശ്ചയമുള്ളവരാണ്. അവര്‍ അതിജീവിച്ചവരാണ്. അവര്‍ പോരടുന്നു. അതല്ലാതെ മറ്റൊരു ജീവിതം സാധ്യമല്ല.


'എവരിതിംഗ് ഗുഡ്‌വില്‍കം' ഉള്‍പ്പടെയുള്ള രചനകളില്‍ ശക്തമായ രീതിയില്‍ സ്ത്രീപക്ഷ നിലപാടുകള്‍ ഉയര്‍ത്തുന്നത് കാണാം ?

ഞാന്‍ ലോകത്തെ കാണുന്നത് സ്ത്രീയുടെ കാഴ്ചപ്പാടിലുടെയാണ്. അതല്ലാതെ മറ്റൊന്ന് സാധ്യമല്ല. 'സ്‌വാളോ' എന്ന നോവില്‍ കഥാപാത്രം ടെയൂസോ ചന്തയില്‍ പോകുന്ന രംഗമുണ്ട്. ഇതേ മാര്‍ക്കറ്റില്‍ ചാന്‍ പലവട്ടം പോയിട്ടുണ്ട്. അവിടുത്തെ പുരുഷ കച്ചവടക്കാര്‍ എന്നോട് മോശമായി പെരുമാറിയിട്ടുണ്ട്. ചിലതിനോടെല്ലാം ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. ഒരാളോട് വാദപ്രതിവാദങ്ങള്‍ നടത്തിയപ്പോള്‍ അയാളെന്നെ ആക്രമിക്കാന്‍ വന്നു. ഇത്തരം അനുഭവങ്ങള്‍ ഞാന്‍ നേരിടുന്നുണ്ട്. ഇതൊക്കെ എനിക്ക് കഥകളില്‍ ഉപയോഗിക്കാതിരിക്കാന്‍ പറ്റില്ല. ഞാന്‍/സ്ത്രീ കാണുന്ന, എന്റേതായ ലോകമാണ് കഥകളില്‍ സ്വാഭാവികമായും ഉണ്ടാവുക.


അപ്പോള്‍ എഴുത്തിനെ പെണ്ണെഴുത്ത്, കറുത്തരചനകള്‍ എന്നിങ്ങനെ വേര്‍തിരിക്കുന്നതിനെപ്പറ്റി എന്തുപറയും?

വേര്‍തിരിവികള്‍ എന്നെ ബാധിക്കുന്നില്ല. അതില്‍ ഞാന്‍ അസ്വസ്ഥതയുമല്ല. പക്ഷേ എന്റെ/മറ്റൊരാളുടെ എഴുത്തിനെ പ്രാന്തവല്‍ക്കരിക്കാനാണ് ഇത്തരം വേര്‍തിരിവുകള്‍ എങ്കില്‍ അതിനോട് യോജിക്കാനാവില്ല. വേര്‍തിരിവുകള്‍ ഇത്തരത്തില്‍ ഒതുക്കാനായിട്ടാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

നൈജീരിയയുടെ സാഹിത്യത്തെപ്പറ്റി? പുതിയ എഴുത്തുകാര്‍?

നൈജീരിയയുടെ സാഹിത്യം അന്താരാഷ്ട്ര നിലവാരമുള്ളതാണ്. നോബല്‍ സമ്മാനം ലഭിച്ച വോള്‍ സോയിങ്കയാണ് ഞങ്ങളുടെ സാഹിത്യത്തിന്റെ തലം വ്യക്തമാക്കുന്ന ഒരാള്‍. ചിനുവ അച്ചാബെ, ബെന്‍ ഓക്‌രി എന്നിവരല്ലൊം രാജ്യാന്ത പുരസ്‌കാരം നേടിയിട്ടുള്ള ലോകനിലവാരുമുള്ള എഴുത്തുകരാണ്. പുതിയ എഴുത്തുകാരില്‍ ഹെലന്‍ ഹാബിലയും ചിമമാന്‍ഡ എന്‍ഗോസി അദീച്ചിയും കോമണ്‍വെത്ത് പുരസ്‌കാരം നേടിയവരാണ്. ക്രിസ് അബാനിക്ക് പെന്‍/ഹെമിംഗ്‌വേ അവാര്‍ഡ് ലഭിച്ചു. സത്യത്തില്‍ മുന്‍ഗാമികളായ എഴുത്തുകാരനും പുതിയ എഴുത്തുകാരും തമ്മില്‍ വലിയ വ്യത്യാസം ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, എഴുത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. എന്നെപ്പോാലുള്ള പല പുതിയ എഴുത്തുകാരും വിദേശത്താണ്. അവര്‍ വിദേശങ്ങളില്‍ എഴുത്തില്‍/സാഹിത്യത്തില്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. അത് കഥ പറയുന്ന രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ചില എഴുത്തുകാര്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്. വോള്‍സോയിങ്ങയെപ്പോലുള്ള എഴുത്തുകാരാണത്.സോയിങ്ക നൈജീരിയയുടെ രാഷ്ട്രീയ സംവാദങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ്. അദ്ദേഹം അത് രാജ്യത്ത് നിന്ന് ധീരമായി നിര്‍വഹിക്കുന്നു. അത്തരത്തില്‍ അല്ലെങ്കിലും പുതിയ എഴുത്തുകാരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ട്.


ഇന്ത്യന്‍ സാഹിത്യത്യത്തെപ്പറ്റി എത്രമാത്രം അറിയാം?

അമ്മയ്ക്ക് പല രാജ്യത്തുനിന്നുള്ള കുറേ അടുത്ത സുഹൃത്തുക്കളുണ്ടായിരുന്നു. ഇന്ത്യ, ലെബനോന്‍, ഗ്രീക്ക് എന്നിവിടങ്ങളില്ലൊം. അങ്ങനെ വിവിധ സംസ്‌കാരങ്ങള്‍ എനിക്ക് പരിചിതാമാണ്. ഇവരുടെ വീടുകളില്ലൊം സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഭക്ഷണമാണ് ഇന്ത്യന്‍ സംസ്‌കാരത്തെ പരിചയപ്പെടുത്തിയത്. അമ്മയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കഴിച്ച ഭക്ഷണത്തിലൂടെ. ഇന്ത്യയുടെയും നൈജീരിയയുടെയും സാഹിത്യവും സംസ്‌കാരവും തമ്മില്‍ വലിയ സാമ്യങ്ങളുണ്ട്. അരുന്ധതിറോയിയോട് ആദരവുണ്ട്. അവരുടെ ആക്റ്റിവിസവും എഴുത്തും എനിക്ക് ഇഷ്ടമാണ്. പിന്നെ ഇഷ്ടമുള്ള എഴുത്തുകാര്‍ ചിത്ര ബാനര്‍ജി ദിവകറുനി, ജുംപാ ലഹിരി എന്നിവരാണ്. അതുപോലെ അവാര്‍ഡ് ജേതാക്കളായ വി.എസ്് നയിപോളും റുഷ്ദിയും. അടുത്തിടെ ഇന്റര്‍നെറ്റിലൂടെ ഞാന്‍ കൊല്‍ക്കത്തക്കാരിയായ അന്‍ജന ബസുവിന്റെ കഥകള്‍ വായിച്ചിരുന്നു.

എങ്ങനെയാണ് താങ്കള്‍ അമേരിക്കയില്‍ എത്തിയത്?

വിവാഹത്തിന് ശേഷമാണ്. ഇംഗ്ലണ്ടില്‍ പഠിച്ചശേഷം ഞാന്‍ അവിടെ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് പോരാമെന്ന് ഭര്‍ത്താവും ഞാനും കൂടി തീരുമാനിക്കുകയായിരുന്നു. കുട്ടിയൊക്കെയായ ശേഷമായിരുന്നു അമേരിക്കയിലേക്ക് പോന്നത്.

കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ കുറേയേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍? പെട്ടന്നുള്ള ഈ അംഗീകാരങ്ങളെ എങ്ങനെ കാണുന്നു?

അവാര്‍ഡ് കിട്ടിയാല്‍ അതെപ്പറ്റി നീണ്ട നേരം ചിന്തിരിച്ചിരിക്കാറില്ല. അതെന്നെ നീണ്ട സന്തോഷത്തിലും ആഴ്ത്താറില്ല. ഞാന്‍ അടുത്ത കഥയിലേക്ക് നീങ്ങിയിട്ടുണ്ടാവും. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമാണുള്ളത്. ആദ്യഘട്ടത്തില്‍ വലിയ മൂന്നു പുരസ്‌കാരങ്ങള്‍ ഒരുമിച്ച് കിട്ടിയപ്പോള്‍ ഒരുതരം ആശ്ചര്യം കലര്‍ന്ന ഞെട്ടലായിരുന്നു. അത്തരം ആശ്ചര്യങ്ങളെ അതിജീവിച്ചിരിക്കുന്നു. ഇപ്പോള്‍ അവാര്‍ഡുകളുടെ ഭാരവും ഞാന്‍ ചുമുക്കുന്നുണ്ട്. അതായത് അടുത്ത കഥകളില്‍ നിന്ന് മറ്റുള്ളവര്‍ ചിലതെല്ലാം പ്രതീക്ഷിക്കുന്നുവല്ലോ എന്ന വലിയ ഉത്തരവാദിത്വം.


പുതിയ പുസ്തകങ്ങള്‍?

നോവലുകളുടെ രചനയിലാണ്. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ നോവലുകള്‍ പ്രതീകഷിക്കാം. കഥകളും മനസിലുണ്ട്.പക്ഷേ അവയെപ്പറ്റി ഇപ്പോള്‍ കൂടുതലായി പറയാനാവില്ല. എഴുത്ത് പൂര്‍ണമാവുകയും സംതൃപ്തി തരികയും ചെയ്യുമ്പോള്‍ മാത്രമേ ഞാന്‍ വരാന്‍ പോകുന്ന പുസ്തകങ്ങളെപ്പറ്റി പറയാറുള്ളൂ. അതുവരെ അത് വെറും ഭാവനകളാണ്. ഒരു നോവല്‍ മൂന്നുതവണ മാറ്റി എഴുതി തയാറാക്കിക്കഴിഞ്ഞിരിക്കുന്നു.


എന്താണ് ഇപ്പോഴത്തെ ജീവിതം? കുടുംബം?

ഞാന്‍ താമസിക്കുന്ന മെറിഡിയന്‍ ചെറിയപട്ടണമാണ്. വളരെ ശാന്തമാണ് ഇവിടം. ജീവിതവും അതുപോലെ ശാന്തമാണ്. നിശബ്ദത വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്. എന്നാല്‍ മിയാമിലേക്ക് ചിലപ്പോഴൊക്കെ പോകാന്‍ കൊതിക്കും. മെറിഡിയനില്‍ ആളുകള്‍ മാന്യരും വിദേശികളായവരോട് അധികം അടുക്കാത്തവരുമാണ്. എന്നാല്‍ വളരെ നല്ലവരായ കുറച്ചുപേരുമായി ഞാന്‍ ഇവിടം സൗഹൃദം പങ്കിടുന്നു. ഭര്‍ത്താവ് ജിബോയെഗ റാന്‍സം കുത്തി ഡോക്ടറാണ്. മകളുണ്ട്.

ഒരു എഴുത്തുകാരിയായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു?

എഴുതുന്നില്ലെങ്കില്‍ ഒരു ജാസ് പാട്ടുകാരയാവാനാണ് ഇഷ്ടപ്പെടുന്നത്. സ്വപ്നങ്ങളില്‍ ഞാന്‍ പാടാറുണ്ട്. എന്നാല്‍ ഉണര്‍ന്ന് കഴിഞ്ഞ് പാടുമ്പോള്‍ ശബ്ദം അങ്ങേയറ്റത്താണ്!

മാധ്യമം വാരിക
2011 August

No comments:

Post a Comment