ആത്മാനുഭവം
മലയാളിനഴ്സിന്റെ മറുനാടന്‍ ജീവിതം
ടി.എ. ഏലിയാമ്മ
'ഭോപ്പാലിലോ?'
അതെ. ഭോപ്പാലില്‍ തന്നെ. നഴ്സായിരുന്നു. നാല്പതുവര്ഷം ജോലി ചെയ്തു. ഇപ്പോഴും ഞാന്‍ ഭോപ്പാലിലാണ് താമസിക്കുന്നത്.
'അപ്പോള്‍ ഭോപ്പാല്‍ ദുരന്തം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്നോ?'.
ഞാന്‍ ഊഹിച്ചതുതന്നെ. അതാവും അടുത്ത ചോദ്യമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ഈ രണ്ടു ചോദ്യവും കേള്‍ക്കാന്‍ തുടങ്ങിയിട്ട്് വര്‍ഷങ്ങളാകുന്നു. കൃത്യമായി പറഞ്ഞാല്‍ 28 വര്‍ഷം. എപ്പോഴെങ്കിലും ഞാന്‍ വരുന്നത് ഭോപ്പാലില്‍ നിന്നാണെന്നും, അവിടെ നഴ്സായിരുന്നു എന്നും പറയുമ്പോഴും പതിവുള്ളതാണ് ഈ ചോദ്യം. കേരളത്തില്‍ വരുമ്പോഴാകട്ടെ ആദ്യം പരിചയപ്പെടുന്നവരുടെയെല്ലാം ആകാംക്ഷകളില്‍ ഒന്നാണ് ഭോപ്പാല്‍. ഒരു നഴ്സ് ഭോപ്പാല്‍ ദുരന്തകാലത്ത് എന്തുകണ്ടു എന്നറിയാന്‍ എല്ലാവര്ക്കും താല്പര്യം കാണും. ഈ താല്പര്യമാവും നിങ്ങളെ നയിക്കുക എന്നും അറിയാം. പക്ഷേ, ഞാനാദ്യം സ്വന്തം കഥയാണ് പറയാന്‍ പോകുന്നത്.
ഠഠഠ ഠഠഠ
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് കുന്നക്കുരുടിയാണ് എന്റെ നാട്. അവിടെയാണ് ജനിച്ചതും വളര്‍ന്നതും. 1944 ല്‍ ഞാന്‍ ജനിക്കുമ്പോള്‍ ഇന്നത്തെ കേരളമില്ല. അന്ന് തിരുവിതാംകൂറും കൊച്ചിയും മലബാറുമാണുള്ളത്. ഞങ്ങള്‍ തിരുവിതാംകൂറുകാരാണ്. പക്ഷേ, ഓര്മവക്കുമ്പോഴേക്ക് രാജ്യം സ്വതന്ത്രമായിരുന്നു. പിന്നീടുണ്ടായ തിരു-കൊച്ചി സംസ്ഥാനത്തായിരുന്നു എന്റെ കുട്ടിക്കാലം.
അന്ന് ചെറിയ ഗ്രാമാണ് അന്ന് കുന്നക്കുരുടി. ഒട്ടും വികസിക്കാത്ത നാട്. ഇപ്പോഴും ഗ്രാമത്തിന്റെ സവിശേഷതകള്‍ കുന്നക്കുരുടിയെ വിട്ടുപോയിട്ടില്ല. എന്നാല്‍, കുറച്ചുമാറിയുള്ള പെരുമ്പാവൂര്‍ അങ്ങനെയല്ല. എനിക്ക് ഓര്മവയ്ക്കുമ്പോഴേ അത് കച്ചവടവും കച്ചേരിയുമൊക്കെയുള്ള പട്ടണമാണ്. തൊട്ടടുത്ത പട്ടണം എന്നു പറഞ്ഞാല്‍ പെരുമ്പാവൂരാണ്. പെരുമ്പാവൂരിലേക്കുള്ള യാത്രകളാണ് കുട്ടിക്കാലത്ത് മനസിലുള്ള 'വലിയ'യാത്രകള്‍.
ഇന്ന് വലിയ പള്ളി നിലകൊള്ളുന്നതിനടുത്തായിരുന്നു ഞങ്ങളുടെ വീട്. തനി ക്രിസ്ത്യാനികളും വിശ്വാസികളുമായിരുന്നു വീട്ടുകാര്‍. ഓര്‍ത്തഡോക്സ് വിഭാഗക്കാരാണ്. വിശ്വാസം ചെറുപ്പം തൊട്ടേ ഒപ്പമുണ്ട്. ഞാനുള്‍പ്പടെ കുടുംബത്തിലെല്ലാവരും കടുത്ത വിശ്വാസികളാണ്. അപ്പച്ചന് കൃഷിയും നാട്ടില്‍ തന്നെ കച്ചവടവുമായിരുന്നു. പള്ളിക്കാര്യങ്ങളില്‍ തല്പരനുമായിരുന്നു. കുറേ നിലമുണ്ട്. സാമ്പത്തികമായി ഇടത്തരക്കാര്‍. ഒരു സഹോദരനും സഹോദരിയുമാണ് എനിക്കുള്ളത്. അപ്പച്ചന് വളരെ വിപുലമായ സുഹൃത്ത്ബന്ധവും ഉണ്ടായിരുന്നു. കുന്നക്കുരുടി സ്കൂളിലാണ് അഞ്ചുവരെ പഠിച്ചത്. പിന്നെ കീഴില്ലം മാര്‍ത്തോമാ സ്കൂളില്‍. കീഴില്ലം സ്കൂളിലെ പഠവും വിശ്വാസത്തെ വളര്‍ത്തുകയാണ് ചെയ്തത്. അന്ന് അവിടെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് അരമണിക്കൂര്‍ പ്രാര്‍ത്ഥനയുണ്ട്. കൂടാതെ ബൈബിള്‍ ക്ലാസും. ഈസമയത്ത് മറ്റ് മതസ്ഥര്‍ക്ക് അവരുടെ മതങ്ങളനുസരിച്ചുള്ള പഠനവുമുണ്ട്. പത്താംക്ലാസ് വരെ അവിടെ പഠിച്ചു.
പത്ത് വിജയിച്ചപ്പോള്‍ പിന്നെ എന്തുചെയ്യണമെന്നു ചിന്തിച്ചു. അന്നൊക്കെ പെണ്‍കുട്ടികള്‍ ജോലിക്ക് പോകുക എന്ന ശീലം വ്യാപകമായിട്ടില്ല. ശരിക്കും പറഞ്ഞാല്‍ സ്ത്രീകള്‍ പോകാറില്ലെന്ന് തന്നെ പറയാം. ക്രിസ്ത്യന്‍ കുടുംബത്തിലൊന്നും അത്തരം പതിവില്ല. പ്രായംതികയുമ്പോള് എങ്ങനെയെങ്കിലും കെട്ടിച്ചുവിടണം എന്നുള്ള ചിന്തയാണ് വിട്ടുകാര്ക്ക്്. പെണ്‍കുട്ടികള്‍ക്കാകട്ടെ ജോലിക്കു പോകണമെന്നുമില്ല. 1950 കളുടെ അവസാനത്തെ കാര്യമാണ് പറയുന്നത്. കുറച്ചുവര്‍ഷം അങ്ങനെ കഴിഞ്ഞു. 18-19 വയസുള്ളപ്പോഴാണ് നഴ്സിംഗിന് പോകണമെന്ന ആഗ്രഹം തലക്ക് കയറിയത്്. അതിനുകാരണം കൊച്ചപ്പനാണ്. കൊച്ചപ്പന് എന്നു പറഞ്ഞാല്‍ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ്. അദ്ദേഹം മൂവാറ്റുപുഴയില്‍ ഗവ. സ്കൂള്‍ ഹെഡ്മാസ്റ്റായിരുന്നു. കൊച്ചച്ചന്റെ സ്കൂളില്‍ പ്രവര്‍ത്തിച്ച ഒരധ്യാപകന്റെ പെങ്ങള് നഴ്സിംഗ് വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ട്യൂട്ടറാണ്. അവരുടെ പേരും ഏലിയാമ്മ എന്നാണ്. അവരാണ് എന്നില്‍ നഴ്സാകുക എന്ന മോഹം വളര്‍ത്തിയത്്. നഴ്സിംഗ് പഠിക്കുന്നത് നല്ലതാണെന്ന് ട്യൂട്ടര്‍ ഏലിയാമ്മ പറഞ്ഞു. അവര്‍ക്ക് മധ്യപ്രദേശിലാണ് ജോലി. അപ്പോള്‍ എനിക്കും പോകണം. ഞാനപ്പച്ചനോട് പറഞ്ഞു. എതിര്‍പ്പായിരുന്നു അപ്പച്ചന്. പോകണ്ടെന്ന് തീര്‍ത്തുപറഞ്ഞു. ഞാന്‍ കരച്ചിലും പിഴിച്ചിലുമായി. ദൂരെയുള്ള സ്ഥലമാണ്. നമ്മുടെ നാടുപോലെയല്ല, അപകടമാണ്. നീ അധ്വാനിച്ചിട്ട് ഇവിടെ ആര്‍ക്കും ഒന്നും തിന്നേണ്ട കാര്യമില്ലെ എന്നൊക്കെ അപ്പച്ചന് പറഞ്ഞു. ഞാന്‍ പലതരത്തില്‍ കെഞ്ചി. എന്തായാലും പോകുമെന്ന ഘട്ടം വന്നപ്പോള്‍ അപ്പച്ചന് അയഞ്ഞു. നഴ്സിംഗിന് പോകുന്നവര്‍ മോശക്കാരാണ് എന്ന അഭിപ്രായം സമൂഹത്തില്‍ പ്രചരിച്ചിരുന്നത് അപ്പച്ചനെ സ്വാധീനിച്ചിരുന്നു എന്നാണ് തോന്നുന്നത്. അന്ന് നഴ്സിംഗ് മോശം ജോലിയായി ചിലരെങ്കിലും കണ്ടിരിരുന്നു. അത്തരം ചിന്താഗതി സമൂഹത്തില്‍ വളരെ പെട്ടന്ന് മാറി.
ഇന്ന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ക്രിസ്ത്യന്‍ പെണ്‍കുട്ടികളില്‍ നല്ല പങ്കും നഴ്സുമാരാകാന്‍ ആഗ്രഹിക്കുന്നുണ്ട്. കൂടുതല്‍ പേരും ദരിദ്ര-ഇടത്തരം വീടുകളില്‍ നിന്നുവരുന്നവരാണ്. എങ്ങനെയെങ്കിലും നഴ്സായി വീട്ടുകാരെ രക്ഷിക്കുക എന്നതാണ് അവരുടെ ചിന്ത. കുടുംബത്തെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമുള്ള പാവം പെണ്‍കുട്ടികളുടെ മോഹങ്ങളെയാണ് ആശുപത്രി അധികൃതര്‍ ചൂഷണം ചെയ്യുന്നത്.വലിയ തുകകൊടുത്ത് നഴ്സിങ്ങ പഠിച്ച്, കുറഞ്ഞ തുകക്ക് അതേ ആശുപത്രിയില്‍ മൂന്നു നാല് വര്‍ഷം അടിമപ്പണി ചെയ്യും. ഈ അവസ്ഥ എന്നുമാറുമെന്നറിയില്ല.
സാമ്പത്തികമായി ഇടത്തരക്കാരായതിനാല് ഞാന്‍ ജോലി ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. ജര്‍മനിയിലേക്ക് പോകാന്‍ ടിക്കറ്റ് ശരിയാക്കി തരാമെന്ന് ബന്ധുക്കള്‍ പറഞ്ഞ സമയത്താണ് ഞാന്‍ നഴ്സിങ് ട്രെയിനിംഗിന് പോകുന്നത്. അപ്പച്ചന്റെ ബന്ധുക്കള്‍ ജര്‍മനിയിലുണ്ട്. അവര്‍ക്കൊപ്പം പോകാമായിരുന്നു. പക്ഷേ, വേണ്ടെന്ന് ഞാന്‍ നിശ്ചയിച്ചു.
താല്പര്യം അറിയിച്ചപ്പോള്‍ ട്യൂട്ടര്‍ ഏലിയാമ്മ എനിക്ക് നഴ്സിങ്ങിന് ചേരാനുള്ള സൗകര്യം ഒരുക്കിത്തരമെന്ന് പറഞ്ഞു. മധ്യപ്രദേശിലെ രാജ്ഗഢില്‍. ക്രിസ്ത്യന്‍ സ്ഥാപനമാണ്. ടെസ്റ്റും മാര്‍ക്കും ഒന്നും നോക്കിയായിരുന്നില്ല അവിടെ ചേര്‍ക്കാന്‍ തീരുമാനിച്ചത്. എന്റെ പേര് നോക്കിയായിരുന്നു തെരഞ്ഞെടുപ്പ്. ഏലിയമ്മ എന്ന പേര് അവിടെയുള്ളവര്‍ക്ക് ബോധിച്ചു. കാരണം വിശുദ്ധ ഏലിയയുടെ പേരാണല്ലോ എനിക്ക്. ക്രിസ്ത്യന്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് വിശുദ്ധ ഏലിയയുടെ പേരുള്ള ഒരാള്‍ നല്ല വ്യക്തിയായിരിക്കുമെന്ന് കരുതി. ദൈവവിശ്വാസമുള്ള കുടുംബത്തില്‍ നിന്നുള്ളവര്‍ക്കേ ഏലിയാമ്മ എന്ന പേര് വരൂ എന്നവര്‍ കരുതി. മാത്രവുമല്ല ട്യൂട്ടര്‍ ഏലിയാമ്മയെപ്പറ്റി നല്ല മതിപ്പുമായിരുന്നു.
അവിടെ ചേരണമെങ്കില്‍ ബോണ്ട് എഴുതണം. അതിനുള്ള പണം അപ്പച്ചന് തന്നു. ഒരേക്കര്‍ സ്ഥലം വില്‍ക്കുകയായിരുന്നു. അന്ന് 500 രൂപയോ 5000 രൂപയോ ആണ് ബോണ്ട്്. അത് കൃത്യമായി ഓര്‍ക്കുന്നില്ല. 1962 ലെ സംഭവമാണ്. പോകാന്‍ ഉറപ്പിച്ചിട്ടും വിടാന്‍ അപ്പച്ചന് ഇഷ്ടമായിരുന്നില്ല. അപ്പച്ചന് എന്നോട് പോകണ്ട എന്ന് കരഞ്ഞുപറഞ്ഞിരുന്നു പെണ്ണുങ്ങള് പോകുന്നത് നല്ലതല്ല. ആണുങ്ങളെപ്പോലെയല്ല പരിചയമില്ലാത്ത നാട്ടില്‍ പോകുന്നത് എന്നൊക്കെ പറഞ്ഞു. ഒടുവില്‍ അപ്പച്ചന് പറഞ്ഞു. വാക്കുതരണം കുടുംബത്തിന് അഭിമാനിക്കാവുന്നത് മാത്രമേ നിന്റെ ഭാഗത്ത് നിന്നുണ്ടാവൂ എന്ന്. അതു ഞാന്‍ അപ്പച്ചന് ഉറപ്പുനല്‍കി. പോന്നത് അപ്പച്ചന് വലിയ വിഷമമായിരുന്നു. പിന്നെ ജോലിയൊക്കെ കിട്ടിയപ്പോള്‍ അപ്പച്ചന്റെ മനസുമാറി. വേദനയൊക്കെ പോയി. അപ്പച്ചന് എനിക്ക് മാപ്പു തന്നിട്ടുണ്ടാവും. എന്നെ അയക്കുന്നതിന് മുമ്പ് മധ്യപ്രദേശില്‍ ഞാന്‍ തങ്ങുന്നയിടത്തെപ്പറ്റി അപ്പച്ചന് അന്വേഷിച്ചിരുന്നു. ആലുവയില്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ഏബ്രഹാമിനെക്കൊണ്ടായിരുന്നു അന്വേഷണം. ഈ പൊലീസ് ഇന്‍സ്പെക്ടര്‍ അപ്പച്ചന്റെ അടുത്ത പരിചയക്കാരനായിരുന്നു. എന്നെ ട്രെയിന്‍ കയറ്റി വിടാനൊക്കെ എത്തിയത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ മകന് പ്രസാദ് പിന്നീട് ഡോക്ടറായി. മകനൊപ്പം പ്രവര്‍ത്തിച്ചൂകൂടെ എന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ചേര്‍ക്കാം എന്നു പറഞ്ഞിരുന്നു. എനിക്ക് അപ്പോഴേക്കും സ്ഥിരം ജോലിയായിരുന്നു. കൂടെ മകനുമുണ്ട്. ഭോപ്പാല്‍ വിട്ടുവരാനും ഇഷ്ടമുണ്ടായില്ല. അമേരിക്കയിലായിരുന്നു ആ മകന് ജോലിയെന്ന് തോന്നുന്നു.
ഞാന്‍ മധ്യപ്രദേശില്‍ ചേരാന്‍ ഉദ്ദേശിച്ചയിടത്ത് അല്ല ചേര്‍ന്നത്. ചെന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നഴ്സിങ്ങിന് ചേരാന്‍ പറ്റി. ബോണ്ട് വേണ്ടിവന്നില്ല. അപ്പച്ചന് തന്ന പണം തിരിച്ചയച്ചുനല്‍കി. ആ പണം എങ്ങനെയൊക്കെയോ ചെലവായിപ്പോയി. വിറ്റ സ്ഥലം വീണ്ടെടുക്കാനോ വേറെമേടിക്കാനോ അപ്പച്ചന് കഴിഞ്ഞതുമല്ല.
രാജ്ഗഡ് എന്നത് മധ്യപ്രദേശിലെ ജില്ലയാണ്. അവിടെയായിരുന്നു നഴ്സിംഗ് പഠനം. പഠിക്കുന്ന സമയത്ത് താമസം ഒരു കോണ്‍വെന്റിലായിരുന്നു. അന്ന് അമ്പതുരുപയാണ് സ്റൈപ്പന്റ. അമ്പതുരൂപ അന്ന് വലിയ തുകയാണ്. അന്ന് താമസചെലവും ഭക്ഷണത്തിനുള്ളതും കഴിച്ചാലും പത്ത് പതിനഞ്ച് രൂപ മിച്ചംപിടിക്കാനുണ്ടാവും. ഇന്ന് പക്ഷേ സ്റൈപ്പന്‍ഡ് കിട്ടുന്ന തുകയൊന്നും ഒന്നിനും തികയില്ല. താമസസൗകര്യം, പഠനച്ചെലവ്, ഭക്ഷണവും കഴിഞ്ഞാല്‍ വേറെ വലിയ തുക വീട്ടില്‍ നിന്ന് കൊണ്ടുവരേണ്ടിവരും. ഞാനതിനൊപ്പം ഹയര്‍സെക്കന്‍ഡറി പഠിക്കുകയും ചെയ്തു. ജോലികിട്ടിയത് സിറാപൂരിലാണ്. മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള, രാജ്ഗഢിലെ ചെറിയ പട്ടണമാണ് സിറാപൂര്. ശരിക്കും പറഞ്ഞാല്‍ വലിയ ഗ്രാമമെന്ന് പറയാം.
അവിടെ പ്രാഥമികാരോഗ്യകേന്ദ്രത്തിലായിരുന്നു (പി.എച്ച്.സി)നഴ്സായി നിയമനം കിട്ടിയത്്. മാസം 90 രൂപ വേതനം. രണ്ട്് ഡോക്ടര്‍മാരുണ്ട്. മൂന്നുനാല് നഴ്സുമാര്‍. പി.എച്ച്.സിയില്‍ എപ്പോഴും തിരക്കാണ്. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവരെക്കൊണ്ട് ആശുപത്രിയെപ്പോഴും നിറഞ്ഞിരിക്കും. മിക്കവാറും പേര് ദരിദ്രരോ ഇടത്തരക്കാരോ ആയ ഗ്രാമീണരായിരുന്നു. ആ ആശുപത്രിയൂടെ ലക്ഷ്യം തന്നെ മറ്റ് ആശുപത്രി സൗകര്യങ്ങളില്ലാത്ത ഗ്രാമീണരെ സഹായിക്കലായിരുന്നു. തൊട്ടടുത്തൊന്നും നല്ല ആശുപത്രിയില്ല. നല്ല പരിചരണം കിട്ടണമെങ്കില്‍ രാജ്ഗഡില് പോകണം. അല്ലെങ്കില്‍ ഭോപ്പാലിലോ ഇന്‍ഡോറിലോ പോകണം.
കൃഷിയാണ് അവിടെയുള്ളവരുടെ മുഖ്യ തൊഴില്‍. സ്ത്രീകളുള്‍പ്പടെ നല്ല പങ്കും നിരക്ഷരായിരുന്നു. ദാരിദ്ര്യമുണ്ട്. വരണ്ടതാണെങ്കിലൂം കാലാവസ്ഥ കുറേയൊക്കെ നല്ലതാണ്. വരുന്നരോഗികളില് നല്ല പങ്കും നിരക്ഷരരായതുകൊണ്ട് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ നന്നേ പാടുപെട്ടു. മരുന്നുകൊടുക്കുമ്പോള്‍ ഗ്രാമീണര്‍ക്ക് അവര്‍ക്ക് നൂറായിരം സംശയങ്ങളുണ്ടാവും. ക്ഷമയോടെ പറഞ്ഞുകൊടുക്കണം. നിസാര രോഗങ്ങള്‍ക്ക് പോലും കുത്തിവച്ചില്ലെങ്കില്‍ ഡോക്ടര്‍മാരും നഴ്സും ശരിയല്ല എന്നൊക്കെയാണ് ഗ്രാമീണരുടെ ഭാവം. നാട്ടുകാര്‍ നല്ലവരാണ്. പെട്ടന്ന് തന്നെ നമ്മളെ അവരുടെ സ്വന്തക്കാരെ പോലെ പരിഗണിക്കും. അങ്ങനെ അടുത്തു പരിചയമുള്ള നിരവധി പേരുണ്ടായിരുന്നു ആ നാട്ടില്‍. ഭോപ്പാലില്‍ വന്നിട്ട് വര്‍ഷം കുറേയായെങ്കിലൂം അന്നത്തെ കൊച്ചുകുട്ടികളെയൊക്കെ അവിചാരിതമായി കാണാറുണ്ട്. കുട്ടികള്‍ക്കൊക്കെ മക്കളും പേരക്കുട്ടികളുമായി. എന്നാലൂം പലരും ഓര്‍മവച്ചു സ്നേഹം പ്രകടിപ്പിക്കും.
ഒരു നഴ്സ് എന്താവണം, എന്തൊക്കെ പ്രശ്നങ്ങളെ അഭിമുഖീകരിക്കണം എന്ന് ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ പഠിച്ചു. ആശുപത്രിയില്‍ പല തരത്തിലുള്ള രോഗികളാണ് വരിക. ആദ്യദിവസങ്ങളില്‍ വന്നതില്‍ ഒരാള്‍ പ്രായം ചെന്ന് വ്യക്തിയായിരുന്നു. ശരീരംമുഴുവന്‍ പൊട്ടിയൊലിക്കുന്ന അവസ്ഥയിലായിരുന്നു ആ വൃദ്ധന്. തുണിയില്ല. ദേഹം മുഴുവന്‍ പഴുപ്പ്. അസഹനീയമായ ദുര്‍ഗന്ധം. ആരും സഹായത്തിനില്ല. നഴ്സിംഗിന് പഠിക്കുമ്പോള്‍ ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായ ലോകമാണ് അത്. ഞാന്‍ തന്നെ ആ വൃദ്ധന്റെ പൊട്ടിയൊലിക്കുന്ന ശരീരം മുഴുവന്‍ തുടച്ചുമാറ്റി, മരുന്നുവച്ച് കെട്ടി. സമയത്തിന് ഭക്ഷണം നല്കി. ആ വൃദ്ധനെ പരിചരിക്കുമ്പോള്‍ എന്റെ ലോകം ഇനി എന്തെന്ന് ബോധ്യപ്പെടുത്തി. പിന്നീടുവന്ന പല മുഖങ്ങളെയും ഞാന്‍ ഓര്‍ക്കാത്തത് ആദ്യ ദിവസങ്ങളില്‍ വന്ന പൊട്ടിയൊലിക്കുന്ന ആ വൃദ്ധന് മൂലമാവണം.
മറ്റൊരിക്കല്‍ വന്നത് തീപൊള്ളലേറ്റ യുവതിയാണ്. ശരീരം വെന്തുരുകി അവര്‍ വേദനകൊണ്ടു പുളയുകയാണ്. അലറിവിളിക്കുന്ന അവരെ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടത്, എങ്ങനെയാണ് തൊടേണ്ടത് എന്നോര്ത്തുതന്നെ ഞാന്‍ വിയര്‍ത്തു. ഇത്തരം രണ്ടു മൂന്നു ദുരിതജീവിതം എന്നിലെ നഴ്സിനെ വളര്‍ത്തി എന്നു പറയാം.
ജീവിതത്തില്‍ നൂറായിരക്കണക്കിന് രോഗികള്‍ മുന്നിലൂടെ പോയിട്ടുണ്ട്. വരുന്നരോഗികളുടെ വേദന മുഴുവന്‍ ഡോക്ടര്മാരിലേതിനേക്കള് നഴ്സുമാരിലേക്കാണ് പ്രവഹിക്കുക. ആ വേദന ഏറ്റുവാങ്ങിവേണം പരിചരിക്കാന്‍. പുറത്തു കാണിച്ചില്ലെങ്കിലും പലപ്പോഴും രോഗിയുടെ വേദന നഴ്സിന്േറതായി മാറും.
നമ്മുടെ അല്പം മോശമായ പെരുമാറ്റം അവരിലെ രോഗാവസ്ഥയെ കുറക്കില്ല. കൂട്ടുകയേയുള്ളൂ. ഇന്ന് നഴ്സുമാരെ പലരും കാണുന്നത് ഏതോ പണിചെയ്യുന്ന ഏതോ ഒരാള്‍ എന്ന മട്ടിലാണ്. നഴ്സുമാര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭ്യമാക്കണമെന്നോ, അവര്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ പരിഗണന അര്ഹിക്കുന്നുണ്ടെന്നോ ആരും കരുതാറില്ല. നഴ്സുമാര്‍ക്കും മാന്യമായി ജീവിക്കാന്‍ അവകാശമുണ്ടെന്നത് മറന്നതുപോലെയാണ് പൊതുസമൂഹം പെരുമാറുക. പലപ്പോഴും രോഗികളുടേതിനേക്കാള് മോശം അവസ്ഥയിലാണ് നഴ്സുമാര്‍ എന്ന് ആരും എന്ന് മനസിലാക്കില്ല. നഴ്സുമാരുടെ സേവനം ഒരിക്കലും തിരിച്ചറിയപ്പെടുന്നില്ലെന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്. ഈ അവസ്ഥക്ക് നഴ്സുമാരുടെ സമരങ്ങള്‍ കുറച്ചെങ്കിലും മാറ്റം വരുത്തുമെന്ന് വിശ്വാസം. നഴ്സിന്റെ ജോലി മറ്റൊരു ജോലിയുമായി തുലനപ്പെടുത്താനാവില്ല. ശരീരം പൊട്ടിയൊലിക്കുന്നവര്‍, അപകടത്തില്‍പെട്ട് ദേഹം മുറിഞ്ഞവര്‍, തീപൊള്ളലേറ്റവര്... എന്നിങ്ങനെ കണ്മുന്നിലൂടെ പലതരം വേദനകളാണ് കടന്നുപോകുന്നത്. നല്ല പരിചരണവും അനുകമ്പയാര്‍ന്ന സമീപനവുമാണ് പലരെയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടിവരിക. ജീവിതം നല്‍കുന്നവരുടെ ജീവനും വിലവേണ്ടതല്ലേ?
ഞാന്‍ ജോലിക്ക് ചേര്‍ന്ന കാലത്ത് ഉള്‍ഗ്രാമങ്ങളില്‍ ചികിത്സാ സൗകര്യമില്ല. അതുകൊണ്ട് മിക്കപ്പോഴും ഉള്‍ഗ്രാമങ്ങളില്‍ പോകണം. നാല്പതും അമ്പതും കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഗ്രാമീണര്‍ക്ക് വൈദ്യസഹായം നല്‍കുന്നത്. സ്ഥിരമായി എത്താനാവാത്തതുകൊണ്ട് തന്നെ ഗ്രാമീണര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കും. അവിടെ എത്തുന്നവരെയെല്ലാം പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഒരു ഡ്യൂട്ടി. അഞ്ചുഡോക്ടര്‍മാര്‍, ഒരു സിവില്‍സര്‍ജന്‍, അഞ്ചെട്ട് നഴ്സുമാര്‍, സഹായികള്‍ എന്നിവരടങ്ങുന്ന സംഘമാണ് ക്യാമ്പിന് പോവുക.
ഉള്‍നാട്ടിലേക്ക് പോകുക മിക്കപ്പോഴും ജീപ്പിലാണ്. പൊടിപിടിച്ച റോഡിലൂടെ ഗ്രാമങ്ങളില്‍ എത്തുമ്പേഴേക്ക് ശരിക്കും ക്ഷീണിച്ചിട്ടുണ്ടാവും. ചെന്നാലോ, ഇരിക്കുക പോലും ചെയ്യാതെ മണിക്കൂറുകള്‍ പ്രവര്‍ത്തിക്കണം. പലയിടത്തും റോഡില്ലാത്തതിനാല്‍ ജീപ്പിലെ യാത്ര ചിന്തിക്കാന്‍ പോലും പറ്റില്ല. ജീപ്പില്ലാത്തപ്പോള് കുതിരവണ്ടിയിലാവും യാത്ര. അല്ലെങ്കില്‍ കാളവണ്ടി. കുതിരവണ്ടിയില്‍ അങ്ങനെ എല്ലാവര്ക്കും കയറാന്‍ പറ്റില്ല. ഡോക്ടര്‍മാരാവും കുതിരവണ്ടിയില്‍. ഞങ്ങള്‍ നടക്കേണ്ടിവരും. കിലോമീറ്ററുകളോളം നടത്തമായിരുന്നു മിക്ക ദിവസങ്ങളിലും. പതിവായി തന്നെ കാല് വിണ്ടുകീറും. ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍മാര്‍ നല്ലവരായിരുന്നു. അവര്‍ ചിലപ്പോള്‍ സഹായിക്കും. കുറച്ചൊക്കെ അവര്‍ ഇറങ്ങി നടന്ന് ഞങ്ങളെ വണ്ടിയില്‍ കയറ്റും. അല്ലെങ്കില്‍ എത്താന്‍വേണ്ടി കാത്തിനില്ക്കും.
ജീപ്പ് പലവട്ടം കേടായി വഴിയില്‍ കിടന്നിട്ടുണ്ട്. അങ്ങനെ സംഭവിക്കുന്ന ദിവസം കിടപ്പ് വഴിയരികിലാവും. ഞങ്ങള്‍ ജീപ്പിനകത്തും ആണുങ്ങള് പുറത്തുമായിട്ടാവും കിടപ്പ്. അല്ലെങ്കില്‍ ചെറിയ ടെന്റ്പോലൊന്ന് കെട്ടും. വെള്ളവും ഭക്ഷണവുമില്ലാതെ, തുറസായ സ്ഥലങ്ങളില്‍ എണ്ണാന്‍ കഴിയാത്രയത്രയും ദിവസങ്ങളില്‍ ഞങ്ങള്‍ കഴിഞ്ഞിട്ടുണ്ട്.. 10-15 കിലോമീറ്റര്‍ ഉള്ളിലോട്ട് പോകുമ്പോഴേ തിരിച്ചുവരാന്‍ പറ്റില്ലെന്നുറപ്പിച്ചിട്ടുണ്ടാകും.
ജോലിയില്‍ ചേരുമ്പോള്‍ എനിക്ക് 22 വയസാണ്. പി.എച്ച്.സിക്ക് പുറത്ത് പോകാന്‍ പേടിയും മടിയുമായിരുന്നു. മധ്യപ്രദേശില്‍ കൊള്ളക്കാരുണ്ട്. അവര്‍ സ്ത്രീകളെ ഉപദ്രവിക്കും പിടിച്ചുപറിക്കും എന്നൊക്കെയാണ് കേരളത്തില്‍ വച്ചേ കേട്ടിട്ടുള്ളത്. പിന്നെ നാടുവാഴികളും ഗുണ്ടകളുടെയും ശല്യമുണ്ട്. അതുകൊണ്ട് പുറത്തുപോകുന്ന കാര്യം കേള്‍ക്കുമ്പോഴേ ചങ്കിടിക്കാന്‍ തുടങ്ങും. അപ്പോള്‍ ഡോക്ടര്‍മാരാണ് പറഞ്ഞത് കറുത്ത സ്ത്രീകളെ ഇവിടെയുള്ളവര്‍ ഉപദ്രവിക്കില്ലെന്ന്. മധ്യപ്രദേശിലുള്ളവരില് നല്ല പങ്കും വെളുത്തവരാണ്. കറുത്തനിറമുള്ളവരെയല്ല, വെള്ളുത്ത തൊലിയുള്ളവരെയാണ് ആണുങ്ങള്‍ക്ക് ഇഷ്ടം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.അവര്‍ ചിലപ്പോള്‍ എന്റെ പേടി മാറ്റാന്‍ പറഞ്ഞതാകും. എന്തായാലും എന്റെ അനുഭവവും അങ്ങനെയാണ്. ഞാന്‍ കാഴ്ചയില്‍ സുന്ദരിയല്ലാത്തതുകൊണ്ടും കറുത്തവളായതുകൊണ്ടും ഒരാക്രമണവും ഞാന്‍ നേരിട്ടിട്ടില്ല. ലൈംഗികമായി ആക്രമിക്കപ്പെടുകയോ മോശം പെരുമാറ്റങ്ങളെ അഭിമുഖീകരിക്കുകയോ ഉണ്ടായില്ല. കറുത്തവളായതുകൊണ്ടുള്ള ഒരു ഭാഗ്യമാണത്. എന്റെ വിശ്വാസമാകാം. നിങ്ങള്‍ അംഗീകരിക്കണമെന്നില്ല.
ഒരു തട്ടിക്കൊണ്ടുപോകല്‍
ഞാനുള്‍പ്പടെയുളള സംഘം ഒരിക്കല്‍ തട്ടിക്കൊണ്ടുപോകലിന് വിധേയമായി. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണത്. കുറച്ചുപേര്‍ സന്യാസികളുടെ വേഷത്തില്‍ വന്നു. ഒരു സ്ത്രീക്ക് സുഖമില്ലെന്നും ചികിത്സിക്കാന്‍ ഒപ്പം ചെല്ലണമെന്നും പറഞ്ഞു. കുതിരപ്പുറത്താണ് അവര്‍ വന്നത്. അവിടെ കുതിരകളില്‍ പലരും സഞ്ചരിക്കാറുണ്ട്. അവരുടെ കൂട്ടത്തില്‍ ഒരു സ്ത്രീയുടെ പ്രസവമാണ് കാര്യം. പി.എച്ച്.സിയിലേക്ക് കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥയാണെന്നാണ് പറഞ്ഞത്. അങ്ങനെ വിളിച്ചാല്‍ പോകേണ്ടതുണ്ട്. ഞാന്‍, ഒരു ആയ, വാര്‍ഡ് ബോയി എന്നിവര്‍ അവര്‍ക്കൊപ്പം പോകാന്‍ തയാറായി. ഞങ്ങള്‍ അത്യാവശ്യം മരുന്നുകള്‍ എടുത്ത് ജീപ്പില്‍ കയറി. സംഘം മുന്നിലും പിന്നിലുമായി ജീപ്പിനൊപ്പം വന്നു. കുറേ ഉള്‍നാട്ടിലേക്ക് അവര്‍കൊണ്ടുപോയി. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ജീപ്പ് നിര്‍ത്തിച്ച് ഞങ്ങളുടെ കണ്ണ് കെട്ടി. എന്നിട്ട് എങ്ങോട്ടോ കൊണ്ടുപോയി. അപ്പോള്‍ മാത്രമാണ് അപകടത്തിലാണ് എന്നു മനസിലായത്.
അവിടെ ചെല്ലുമ്പോള്‍ ഒരു സ്ത്രീ പ്രസവവേദനയില്‍ പുളയുകയാണ്. അവരുടെ പ്രസവം സുഗമമാക്കാന്‍ ആവുന്നതെല്ലാം ചെയ്തു. മതിയായ ചികിത്സയും പരിചരണവും നല്കി. പ്രസവത്തിനുശേഷം സ്ത്രീയും കുട്ടിയും സുരക്ഷിതരാണ് എന്നതിനാല്‍ ഞങ്ങള്‍ പോകാന്‍ തയാറയി. ആ സമത്ത് പ്രതിഫലമായി അവര്‍ സ്വര്‍ണമാല നീട്ടി. ഞങ്ങള്‍ ഒന്നും വേണ്ടെന്ന് പറഞ്ഞു. ഒരിടത്ത് നിന്നും ഒരു സഹായവും സ്വീകരിക്കുന്ന പതിവില്ല. ഞങ്ങളെ തിരിച്ചുകൊണ്ടുവിടാനായി കണ്ണുകെട്ടി ജീപ്പില്‍ കയറ്റി, അവരും ഒപ്പം വന്നു.
കൊള്ളക്കാരായിരിക്കണം ഞങ്ങളെ തട്ടിക്കൊണ്ടുപോയത്. അറിയില്ല. അക്കാലത്തും പിന്നീടും മധ്യപ്രദേശിന്റെ പലഭാഗത്തും കൊള്ളക്കാരും അക്രമസംഘങ്ങളുമുണ്ട്. അവരിലേതെങ്കിലും വിഭാഗമായിരിക്കണം. ഞങ്ങളെ അനുനയിപ്പിച്ചാണ് അവര്കൊണ്ടുപോയത്. ചെല്ലാന്‍ കൂട്ടാക്കിയില്ലെങ്കില്‍ അവര്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിക്കൊണ്ടുപോകുമായിരുന്നു എന്ന് പിന്നീട് മനസിലായി. ഇതിനകം ഞങ്ങളെ തട്ടിക്കൊണ്ടുപോയതും കാണാനില്ലാത്തതും വാര്‍ത്തയായി പരന്നിരുന്നു. എല്ലാവരുടെയും ചര്‍ച്ച ഇതായി. ഇതൊന്നും ഞങ്ങളറിഞ്ഞില്ല.
ഒരു ഗ്രാമത്തിനടുത്ത് തിരിച്ചു ഞങ്ങളെ കൊണ്ടുവന്നപ്പോള്‍ പൊലീസ് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പൊലീസിനെ കണ്ടപാടെ കുതിരപ്പുറത്തുള്ളവര്‍ രക്ഷപ്പെട്ടു. ഞങ്ങളെ കണ്ട്, കുഴപ്പമില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പൊലീസുകാര്‍ ഉള്‍പ്പടെ എല്ലാവര്ക്കും ശ്വാസം നേരെ വീണത്. അതായിരുന്നു ഞങ്ങളുടെയും അവസ്ഥ. പൊലീസുകാര്‍ തിരിച്ചും മറിച്ചും തട്ടിക്കൊണ്ടുപോയവരെ പറ്റി ചോദിച്ചു. അവരെപ്പറ്റി മോശം പറയാന്‍ ഒന്നുമുണ്ടായില്ല. നല്ല പെരുമാറ്റമായിരുന്നു. ഞങ്ങള്‍ എതിര്‍ത്തുവെങ്കില്‍ തീര്‍ച്ചയായും അവര്‍ വകവരുത്തുമായിരുന്നേനെ. അന്നേരം എതിര്‍ക്കാന്‍ തോന്നിയില്ല. അത് ദൈവം തന്ന ബുദ്ധിയാവണം. ദൈവമാണ് ഞങ്ളെ രക്ഷിച്ചതും. ഇപ്പോഴും അന്നത്തെ തട്ടിക്കൊണ്ടുപോകല്‍ എനിക്ക് പിടികിട്ടാത്ത രഹസ്യമാണ്.
രാജകുമാരനും അമ്മയും
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് മിക്കപ്പോഴും ടൂര്‍ പോവുന്ന പതിവുണ്ട്. ടൂര്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ചികിത്സാപരമായിട്ടുള്ള സന്ദര്‍ശനങ്ങളെയാണ്. അങ്ങനെ ഒരിക്കല്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ഒരു കൊട്ടാരം സന്ദര്‍ശിച്ചു. മധ്യപ്രദേശ് കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാടാണ്. രാജ്ഗഢിലും അത്തരം കൊട്ടാരങ്ങളുണ്ട്. അതില്‍ ഒരു കൊട്ടാരം (കൊട്ടാരത്തിന്റെയോ രാജകുമാരന്റെയോ പേര് പ്രസക്തമല്ല)ത്തില്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ റാണി (അമ്മ) തളര്‍വാതം പിടപെട്ട് കിടപ്പിലാണ്. അവരെ ചികിത്സിക്കാന്‍ ഡോക്ടറും നഴ്സും വരുന്നത് ഇന്‍ഡോറില്‍ നിന്നാണ്. രാജവാഴ്ച അവസാനിച്ചുവെങ്കിലും മധ്യപ്രദേശില്‍ 1960 കളുടെ നല്ല പങ്കും ഭൂപ്രഭുക്കളുടെയും രാജാക്കന്മാരുടെയും ഭരണമായിരുന്നു.
അവിടെ ചെന്നപ്പോള്‍ റാണിഅമ്മക്ക് കുത്തിവെയ്പ്പ് എടുക്കണം. ഡോക്ടര്‍ എന്നോട് അത് നിര്‍ദേശിച്ചു. ഞാന്‍ മരുന്നു നിറച്ച് പതിയെ അവരുടെ ദുര്‍ബലമായ ശരീത്തിലേക്ക് കടത്തി. രസകരമായ കാര്യം ആ അമ്മ എന്നെ നോക്കി ചിരിച്ചുവെന്നതാണ്. കാരണം മുമ്പൊക്കെ നഴ്സുമാര്‍ കുത്തിവയ്ക്കുമ്പോള്‍ ആ അമ്മക്ക് നന്നായി വേദനിച്ചിരുന്നുവത്രെ. ഇപ്പോള്‍ വേദന അനുഭവപ്പെട്ടില്ല. ഞങ്ങള്‍ കൊട്ടാരം ചുറ്റിക്കറങ്ങി മടങ്ങി. ആഡംബരങ്ങളും വിലപിടിപ്പുമുള്ള കുറേ വസ്തുക്കളുണ്ട് കൊട്ടാരത്തില്‍. എല്ലാം കണ്ടുമടങ്ങാനൊരുങ്ങുമ്പോഴാണ് ആളുകളെ പീഡിപ്പിക്കാനുള്ള ഉപകരണങ്ങളും മുറികളും കണ്ടത് കുറ്റം ചെയ്തവരെ ശിക്ഷിക്കുന്നതാണ് അത്. അത് കാണുമ്പോള്‍ തന്നെ പേടിയാകും. ആളുകളെ പീഡിപ്പിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് കൊട്ടാരത്തോടുള്ള ഇഷ്ടം പോയി. പകരം ഒരുതരം വെറുപ്പ് മനസില്‍ അടിഞ്ഞുകൂടി.
തിരിച്ച് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കൊട്ടാരത്തില്‍ നിന്ന് അറിയിപ്പ് വന്നു. അന്ന് കൂടെയുണ്ടായിരുന്ന മലയാളിപെണ്കുട്ടിയോട് കൊട്ടാരത്തില്‍ ചെല്ലാനും റാണിക്ക് കുത്തിവെപ്പ് നല്‍കണമെന്നും. രാജകുമാരന്റെ അഭ്യര്‍ഥന എന്ന മട്ടിലാണ് അറിയിപ്പച്ച്. സിവില്‍ സര്ജന് സന്ദേശം എനിക്ക് കൈമാറി. കൊട്ടാരത്തില്‍ പോകില്ലെന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. ഒരു കാരണവശാലും അങ്ങോട്ടില്ലെന്ന് പറഞ്ഞതോടെ ഡോക്ടര്‍മാരും വല്ലാണ്ടായി. ഒടുവില്‍, എങ്ങനെയോ ഞാന്‍ ചെല്ലാനിഷ്ടപ്പെടുന്നില്ലെന്ന വിവരം കൊട്ടാരത്തില്‍ അറിഞ്ഞു. അടുത്ത ദിവസം നോക്കുമ്പോള്‍ കൊട്ടാരത്തിലെ രാജകുമാരന് നേരിട്ടുവന്നിരിക്കുന്നു. ക്ഷമായാചന മട്ടിലാണ് വരവ്. ചിന്തിക്കാന്‍ പോലുമാകില്ല അത്തരം ഒരാള്‍ നമുക്ക് മുന്നില്‍ വരുന്നത്. അമ്മറാണി പറഞ്ഞുവിട്ടിട്ടാണ് വന്നിരിക്കുന്നത്. കൊട്ടാരം സന്ദര്‍ശിച്ചപ്പോള്‍ ഞങ്ങള്‍ രാജകുമാരനെ കണ്ടിരുന്നു. ഞങ്ങളോട് മോശമായി എന്തോ രാജകുമാരന് ചെയ്തുവെന്ന് അമ്മ കരുതി. അതിനാല്‍ ക്ഷമപറയാനും കൊട്ടാരത്തില്‍ വരാന്‍ അപേക്ഷിക്കാനും അമ്മ മകനെ പറഞ്ഞയച്ചതാണ്.
അപ്പോഴെനിക്ക് വിഷമം തോന്നി. ശാഠ്യം അയഞ്ഞു. കൊട്ടാരത്തില്‍ ചെന്നു. എനിക്കാരോടും ദേഷ്യമൊന്നുമില്ല, കൊട്ടാരത്തിലെ പീഡന ഉപകരണവും മുറിയും കണ്ടപ്പോള്‍ പേടിച്ചതാണെന്ന് പറഞ്ഞു. അപ്പോള്‍ ആ അമ്മ നീ എന്തു പൊട്ടിയാണ് എന്നു ചോദിച്ചു കളിയാക്കി. ഇത് പഴയകാലത്തെതാണ്, ഇപ്പോള്‍ ഒരധികാരവും ഞങ്ങള്‍ക്കില്ലെന്ന് അമ്മ പറഞ്ഞു. പിന്നെ ആ കൊട്ടാരവുമായി ഞാന്‍ അടുപ്പത്തിലായി.
തിരിച്ചുകൊണ്ടുവിടുമ്പോള് ആ രാജകുമാരന് എന്നോടും അവിടെയുള്ള എല്ലാവരോടുമായി പറഞ്ഞു. 'ഇതെന്റെ സ്വന്തം പെങ്ങളാണ്. ഒരു ബുദ്ധിമുട്ടുമുണ്ടാവാതെ നോക്കണം.എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നെ അറിയിക്കണം''.
കൊട്ടാരത്തില്‍ പോകുമ്പോഴെല്ലാം ആ രാജകുമാരനുമായി നല്ല ബന്ധമായിരുന്നു. റാണി കുറച്ചുകഴിഞ്ഞപ്പോള്‍ മരിച്ചു. രാജകുമാരനും ഇപ്പോഴില്ല. ഹൃദയാഘാതം വന്ന് മരിച്ചുപോയി. വല്ലാത്ത വേദനയായിരുന്നു അദ്ദേഹത്തിന്റെ മരണം. സ്വന്തം സഹോദരന് ഇല്ലാതായതിന്റെ ഒരു നീറ്റല്‍.
അച്ചന്മാര്ക്കെതിരെ നാട്ടുകാര്‍
രാജ്ഗഡില് ജോലി ചെയ്തിരുന്ന സമയത്ത് ഒരു കോണ്‍വെന്റിലായിരുന്നു താമസം. അതിനോട് ചേര്‍ന്ന് തന്നെയുള്ള വളപ്പിലാണ് അച്ചന്മാരുടെയും വികാരിമാരുടെയും താമസം. സെമിനാരിയുമുണ്ടവിടെ. പള്ളിയും മറ്റ് ആതുരാലയങ്ങളും ചേര്‍ന്ന സമുച്ചയമാണ് അത്. ആ കോമ്പൗണ്ടിന് കുറേ സ്ഥലമുണ്ട്. അതില്‍ എല്ലാത്തരം പഴങ്ങളും നട്ടുവളര്‍ത്തിയിരുന്നു. ആപ്പിള്‍, പേര, മുസംബി, ചിക്കു തുടങ്ങി എല്ലാ ഫലങ്ങളുമുണ്ട് തോട്ടത്തില്‍. തോട്ടം സൂക്ഷിക്കാനായി ഒരു ചൗക്കിദാറുമുണ്ട്. ചുറ്റും മതിലുകെട്ടിയിട്ടുണ്ടെങ്കിലൂം തോട്ടത്തില്‍ പതിവായി മോഷണം നടന്നു. പഴങ്ങള്‍ പലതും ആരോ വലിയ അളവില്‍ പറിച്ചുകൊണ്ടുപോകുന്നു. സെമിനാരിയുടെ നടത്തിപ്പു ചുമതലയുള്ള അച്ചന് ശ്രമിച്ചിട്ടും ആരാണ് മോഷ്ടാവ് എന്നു മനസിലായതേയില്ല. അച്ചന് ഞങ്ങളെയും സംശയിക്കാന്‍ തുടങ്ങി. ഞങ്ങള്‍ അല്ലെന്ന് പറഞ്ഞിട്ടും ആരും വിശ്വസിക്കുന്നില്ല. ഒടുവില്‍ ഞാന്‍ പറഞ്ഞു കള്ളനെ പിടിച്ചുതരാം. എല്ലാ ദിവസവും അച്ചന് ഉച്ചക്ക് ഭക്ഷണം കഴിച്ചശേഷം ഉറങ്ങും. ആ സമയത്താണ് മോഷണം. അടുത്ത ദിവസം അച്ചന് ഉറങ്ങാന്‍ പോകുന്നതുപോലെ മുറിക്കകത്ത് പോയി. അപ്പോള്‍ മോഷ്ടാക്കള്‍ മതില് ചാടിവന്നു. എല്ലാം ചെറുപ്പക്കാരാണ്. അവരാണ് പഴങ്ങള്‍ മോഷ്ടിക്കുന്നത്. അച്ചന്മാര് ചാടി വീണ് കുറച്ചുപേരെ പിടികൂടി. മുറിക്കകത്തിട്ടുപൂട്ടി. ഉറക്കം നടിച്ചുകിടന്ന അച്ചന് ഇറങ്ങിവന്നു. വന്നപാടെ അതില്‍ ഒരുത്തനിട്ട് ഒറ്റയടി. ആ പയ്യന് പരിക്കേറ്റു. ആ സമയമായപ്പോഴേക്കും ആശുപത്രിയില്‍ ഡ്യൂട്ടിക്ക് പോകേണ്ട സമയമായതിനാല്‍ ഞാന്‍ പോയി. പിന്നെ നടന്ന കഥകള്‍ ഞാന്‍ കുറേകഴിഞ്ഞാണ് അറിഞ്ഞത്.
അത് ആ നാട്ടിലെ പണക്കാരുടെയും ഉദ്യോഗസ്ഥരുടെയും മക്കളാണ്. അവരെ അച്ചന് പൊലീസില്‍ ഏല്‍പ്പിച്ചു. പണക്കാരും എല്ലാവരും കൂടി അച്ചനും സെമിനാരിക്കുമെതിരെ തിരിഞ്ഞു. ഏതാണ്ട്് സെമിനാരി ആക്രമിക്കുന്ന ഘട്ടമായി. മറ്റൊരു തരത്തിലുള്ള മത പ്രശ്നമായി അതു വികസിക്കാന്‍ തുടങ്ങി. ആ സമയത്ത് പൊലീസ് അച്ചനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ആശുപത്രിയില്‍ ആരോ എന്നെ വിളിച്ചു പറഞ്ഞു അച്ചനെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ്. ജയിലിടക്കും. പയ്യനെ ആക്രമിച്ചുവെന്ന പേരില്‍. ഞാന്‍ വിവരം അറിയിക്കാനായി സെമിനാരിയിലേക്ക് ഓടി. ചെല്ലുമ്പോള്‍ നാട്ടുകാര്‍ അവിടമാകെ വളഞ്ഞിരിക്കുകയാണ്. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ. കൂട്ടംകൂടി നില്ക്കുന്നവര് ഏത് നിമിഷവും ഞങ്ങളെ ആക്രമിക്കും. അച്ചന്റെ ചേട്ടന് ജബല്പൂരില് മേജറാണ്. അദ്ദേഹത്തെ വിവരം അറിയിച്ചാല്‍ കുറച്ചൊക്കെ ഗുണമുണ്ടാകും. മാത്രമല്ല സഭയുടെ മേലധികാരികളെ അറിയിക്കുകയും വേണം. അന്നു ഫോണില്ല. അച്ചന്മാര്ക്കാകട്ടെ പുറത്തിറങ്ങാനുമാകുന്നില്ല. വിഷമിച്ചുനില്‍ക്കുന്ന അവസ്ഥയില്‍ ഞാന്‍ പറഞ്ഞു ഞാന്‍ വിവരം അറിയിക്കാം. എല്ലാവരും പറഞ്ഞു അത് അപകടമാണ്. പുറത്തിറങ്ങുമ്പോള്‍ നാട്ടുകാര്‍ ആക്രമിക്കും. ഞാന്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞു ദൈവത്തെ പ്രാര്‍ഥിച്ച് പതിയെ പുറത്തിറങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഒന്നും സംഭവിക്കാത്തപോലെ തെന്നിമാറി. എന്റെ ഭാവം കണ്ടിട്ടാവണം അവര്‍ വിട്ടയച്ചു. മാത്രമല്ല അവര്‍ക്ക് അച്ചന്മാരെയാണ് നോട്ടം. ഞാന്‍ പട്ടണത്തില്‍ എത്തി കൊട്ടാരത്തിലേക്ക് വിളിച്ചു. രാജകുമാരനോട് വിവരം പറഞ്ഞു. അദ്ദേഹം അവിടെ നിന്ന് ഫോണില്‍ ജബല്പൂരില് മേജറോട് വിവരം അറിയിച്ചു. ഞാന്‍ നേരിട്ട് ചെന്ന് സഭയുടെ മേലധികാരികളെയും വിവരം അറിയിച്ചു. മേജര്‍ പെട്ടന്ന് ഇടപെട്ടതിനാല്‍ അറസ്റ്റ് ഒഴിവാക്കി. പൊലീസ് നിശബ്ദമായി. വിവരം പുറത്ത് അറിയിക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. സെമിനാരി ആക്രമിക്കപ്പെടുകയും അതിന് പ്രതികാരമായി വിശ്വാസികള്‍ സംഘടിക്കുകയും ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോയേനെ. പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, വിവരംഅറിയിക്കാമെന്ന് പറഞ്ഞ് സ്വയം മുന്നിട്ടിറങ്ങിയത് ദൈവത്തിന്റെ ഇടപെടലായിരുന്നുവെന്ന്.
തോക്കിന് മുന്നില്‍ നിന്ന് രക്ഷ
പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്ന് പിന്നീട് ഞാന്‍ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറി. രാജ്ഗഡില് തന്നെയായിരുന്നു ആശുപത്രി. രസകരമായിുന്നു ആ ദിനങ്ങള്‍. എന്നാല്‍ ഭയപ്പെടുത്തിയ കുറേ അവസരങ്ങള്‍ ഉണ്ടായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ മരിച്ചു. അയാള്‍ എതോ രാഷ്ട്രീയ നേതാവിന്റെ ബന്ധുവാണ്. രാഷ്ട്രീയ നേതാവിന് കുറേ ഗുണ്ടാബലമുണ്ട്. അവര്‍ ആശുപത്രിയിലേക്ക് ഇരച്ചുകയറി. ഞങ്ങളെ ആക്രമിക്കുകയാണ് ലക്ഷ്യം. തോക്കും നീട്ടിപ്പിടിച്ചാണ് വരവ്. കൈയില്‍ വേറെയും ആയുധങ്ങളുണ്ട്. ആന്ധ്രക്കാരിയായ ഡോക്ടറിനായിരുന്നു ചുമതല. രോഗി മരിക്കാന്‍ കാരണം ഗുളികകള്‍ കൊടുത്തത് മാറിയതാണ്, ഡോക്ടറുടെ അലംഭാവംകൊണ്ടാണ് എന്നൊക്കെ പറഞ്ഞ് അവര്‍ അലറിക്കൊണ്ടിരുന്നു. ചിലതൊക്കെ അവര്‍ തകര്‍ത്തു. പൊലീസ് മാറിനിന്നു. മധ്യപ്രദേശില്‍ പൊലീസിന് ഗുണ്ടകളെയും രാഷ്ട്രീയക്കാരെയും പേടിയാണ്. ആക്രമിക്കാന്‍ വന്നവര്‍ മൃതദേഹം മാറ്റാനും സമ്മതിച്ചില്ല. അവര്‍ക്ക് ഞങ്ങളെ കൊല്ലണം. എല്ലാവരും പേടിച്ചരണ്ട് ഒരു വശത്തേക്ക് കൂടി നിന്നു. ഞങ്ങള്‍ നില്‍ക്കുന്നിടത്തേക്ക് അവര്‍ എപ്പോള്‍ വേണമെങ്കിലും വരുമെന്ന അവസ്ഥയായി. എന്തുചെയ്യണം എന്ന് ചിന്തിച്ചു. ഡോക്ടറെ വിട്ടുകൊടുത്താല്‍ അവര്‍ വെടിവച്ചുകൊല്ലും. ഒരു നിമിഷത്തില്‍ ഞാന്‍ പറഞ്ഞു, ഞാന്‍ പോകാം. അവരോട് സംസാരിക്കാം. എവിടെ നിന്നാണ് ധൈര്യം വന്നത് എന്നു മാത്രം അറിയില്ല. ഞാന്‍ ഒന്നുരണ്ടു നഴ്സുമാരെയും വിളിച്ച് പുറത്ത് ആക്രമിക്കാന്‍ വരുന്നവരുടെ നേരെ ചെന്നു.
അവര്‍ ചീറിക്കൊണ്ട് അടുത്തേക്ക് വന്നെങ്കിലും ഞങ്ങളെന്തോ പറയാന്‍ പോകുകയാണെന്ന് തോന്നി. അവര്‍ പറയുന്ന് ശ്രദ്ധിക്കാന്‍ തയാറായി. കൈയബദ്ധമോ, അലംഭാവംകൊണ്ടോ അല്ല രോഗിമരിച്ചത് എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങളെക്കൊണ്ടാവുന്നത് എല്ലാം ചെയ്തിരുന്നു. രോഗിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. ഇനി സംശയമുണ്ടെങ്കില്‍ മറ്റെവിടെയെങ്കിലും കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം ചെയ്യാം. അങ്ങനെ മരണം കാരണം അറിയാം. എന്നിട്ടാവാം കൊല്ലലും ആക്രമണവുമെല്ലാം. അങ്ങനെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങള്‍ കുറ്റക്കാരാണ് എന്നു പറയുകയാണെങ്കില്‍ നിയമം ഞങ്ങളെ ശിക്ഷിക്കട്ടെ. നിയമം നടപ്പാകട്ടെ. നിങ്ങള്‍ ഇപ്പോള്‍ ഞങ്ങളെ ശിക്ഷിക്കുകയാണെങ്കില്‍ നാളെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മറ്റൊന്നു പറഞ്ഞാല്‍ കുറ്റബോധം തോന്നുന്ന അവസ്ഥയുണ്ടാവും. അതുവേണോ, കുറച്ചുകൂടി സംയമനം പാലിച്ചുകൂടെ? ഒന്നും കരുതിക്കൂട്ടി ചെന്ന് പറഞ്ഞതല്ല. പെട്ടന്ന് വായില്‍ വന്നത് ഞാനവരോട് പറയുകയായിരുന്നു. മറ്റ് നഴ്സുമാരും ഒപ്പം കൂടി. പിന്നാലെ മറ്റ് ജീവനക്കാരും. ആ സമയത്ത് ഉള്ളാലെ ഞങ്ങള്‍ ഭയന്നുവിറക്കുകയായിരുന്നു. എന്നാല്‍, ഭയം പുറത്തുകാണിച്ചതേയില്ല. അവര്‍ പതിയെ ഒന്നടങ്ങി. ഞങ്ങള്‍ പറഞ്ഞത് അംഗീകരിച്ചു. മൃതദേഹം മാറ്റാന്‍ തയാറായി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഞങ്ങളെ കുറ്റക്കാരല്ലെന്ന് ഉറപ്പിച്ചു.
ബസുടമയുടെ മകള്‍
നഴ്സിംഗ് ജോലിക്കിടെ മറക്കാനാവാത്ത മുഖങ്ങളില്‍ ഒന്ന് ഒരു പെണ്‍കുട്ടിയുടേതാണ്. രാജഗഢ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആ നാട്ടിലെ വലിയ പണക്കാരന്റെ മകളാണ് പെണ്‍കുട്ടി. ബ്രാഹ്മണവിഭാഗത്തില്‍ പെടുന്നതാണ് അവര്‍. ആ പെണ്‍കുട്ടിയുടെ അച്ഛന് 90 ബസുകളുണ്ട്്. ഞാന്‍ പതിവായി അവരുടെ ബസില്‍ യാത്ര ചെയ്തിരുന്നു. അതുകൊണ്ട് അവര്‍ക്ക് എന്നെ അറിയാം. മകളുടെ മരണം ഏതാണ്ട് സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. മകളെ കൊണ്ടുപോയിക്കോളാന്‍ അച്ഛനോട് പറഞ്ഞു. അപ്പോള്‍ ആ ബസ് ഉടമ ആര്‍ത്തുനിലവിളിച്ച് അവിടെ ഇരുന്നു. ആശ്വസിപ്പിക്കാനായി ഞാന്‍ അടുത്തുചെന്നു. അയാള്‍ എന്റെ കാലില്‍ കെട്ടിപ്പിടിച്ചു. മകളെ എങ്ങനെയെങ്കിലും രക്ഷിക്കണം. അവള് മരിക്കുന്നത് കാണാന്‍ വയ്യെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നാണ് ആ നിമിഷം വരെ കരുതിയത്. അയാള്‍ കരഞ്ഞതുകണ്ടപ്പോള് ആകെ വിഷമമായി. ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് ഓടി. പെണ്‍കുട്ടിയെ വിടേണ്ട, നമുക്ക് ഒന്നു കൂടി ശ്രമിക്കൂ ഡോക്ടര്‍ എന്നു പറഞ്ഞു. ഞാന്‍ ശ്രമിക്കണമെന്ന് ശഠിക്കുന്നതുപോലെ പറഞ്ഞതിനാല്‍ നോക്കാമെന്ന് ഡോക്ടറും അര്‍ധമനസോടെ സമ്മതം മൂളി. ഞങ്ങള്‍ വീണ്ടും ഓടി ചെന്ന് ഓക്സിജന്കൊടുത്തു. ഹൃദയമിടിപ്പ് പരിശോധിച്ചു. രക്തം വീണ്ടും കയറ്റി. തൊട്ടുമുമ്പുള്ള അവസ്ഥയായിരുന്നില്ല പെണ്‍കുട്ടിക്ക് അപ്പോള്‍. അവള് മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലായി. ആ കുട്ടി വൈകാതെ ആശുപത്രിവിട്ടു. മകളെയും കൊണ്ടുപോകുന്നതിന് മുമ്പ് അച്ഛന് എന്നെ കാണാന്‍ വന്നു. എന്റെ മകളെ രക്ഷപ്പെടുത്തിയതിന് എന്തുവേണമെങ്കിലും ചോദിക്കാം എന്നു പറഞ്ഞു. ഞാനല്ല രക്ഷപ്പെടുത്തിയത്, ഡോക്ടര്‍മാരാണ്. അതിനേക്കാള്‍ വലിയവനായ ദൈവമാണ്. ഒന്നുകൂടി ശ്രമിക്കാമെന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അദ്ദേഹം എനിക്ക് ഒരു ബസ് സമ്മാനമായി നല്‍കാമെന്ന് പറഞ്ഞു. ഞാനത് നിരസിച്ചു. എന്തുസഹായം എപ്പോള്‍ വേണമെങ്കിലും ചോദിക്കാന്‍ മടിക്കരുത് എന്നു പറഞ്ഞാണ് അദ്ദേഹവും പോയത്. ആ പെണ്‍കുട്ടിയും അച്ചനും ഞാനുമായി അടുത്ത പരിചയക്കാരായി. മകന്റെ കല്യാണം 2007 ല്‍ നടക്കുമ്പോള്‍ ഞാന്‍ അവരെ ക്ഷണിച്ചിരുന്നു. കല്യാണാവശ്യത്തിന് ഒരു ബസ് തന്നെ അദ്ദേഹം അയച്ചു.
വിവാഹവും ഒഴിഞ്ഞുപോക്കും
മധ്യപ്രദേശിലെ നഴ്സായി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു വിവാഹം. 1971 ല്‍. അദ്ദേഹവും മധ്യപ്രദേശില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. മലയാളിയായിരുന്നു. മൂവാറ്റുപുഴക്കാര്‍ തന്നെ. ബന്ധുക്കള്‍ തന്നെയാണ് ആലോചനകൊണ്ടുവന്നത്. അങ്ങനെ ഒരുമിച്ചു ജീവിതം തുടങ്ങി. ഒരു മകന് ഞങ്ങള്‍ക്കുണ്ടായി. സാജു. 1972 ജനുവരി 15നാണ് അവന് ജനിച്ചത്. അന്ന് ഹിന്ദുക്കളുടെ വിശേഷദിവസമാണ്. ശബരിമലയില്‍ മകരവിളക്ക് കാണുന്ന ദിനം. അവന് കേള്‍വിശക്തിയും സംസാരശേഷിയുമുണ്ടായിരുന്നില്ല. അതോടെ ബന്ധം ഉലഞ്ഞു. അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. വികലാംഗത്വമുള്ള കുട്ടിയെ പോറ്റുക അത്ര എളുപ്പമല്ലല്ലോ. അതാവണം വിട്ടുപോകലിന് കാരണം. എനിക്ക് വേണമെങ്കില്‍ കുട്ടിയെ പോറ്റാന്‍ വേണ്ടി നിയമപരമായുള്ള അവകാശം മേടിക്കാമായിരുന്നു. ഞാനത് ചെയ്തില്ല. ആരുടെയും സഹായമില്ലാതെ കുട്ടിയെ വളര്‍ത്താന്‍ തീരുമാനിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ ആ കഥ പറയാനും ഞാന്‍ ഇഷ്ടപ്പെടുന്നില്ല. സാജുവിനെ കഷടപ്പെട്ട് പഠിപ്പിച്ചുവളര്‍ത്തി. അവന് പോസ്റ്റാേഫസില് ജോലി കിട്ടി. ഊട്ടിയിലായിരുന്നു ആദ്യം. ഇപ്പോള്‍ ഭോപ്പാലില്‍ ഉണ്ട്. 2007 ലായിരുന്നു മകന്റെ വിവാഹം. അവനെപ്പോലെ വൈകല്യമുള്ള കുട്ടിയുമായിരുന്നു വിവാഹം. അവരിപ്പോള്‍ സുഖമായിരിക്കുന്നു. അവന് മതകാര്യത്തില്‍ തല്പരനാണ്. ഇന്ത്യയിലെമ്പാടും സുവിശേഷപ്രചാരണത്തിന് അവന് പോയിട്ടുണ്ട്.
ഭോപ്പാല്‍ ദിനങ്ങള്‍
രാജ്ഗഢിലെ ജില്ലാ ആശുപത്രിയിലെ ജോലിയും മകന്റെ പഠനവും ഒത്തുപോകില്ലായിരുന്നു. അവന് മതിയായ സൗകര്യം അവിടെ ഇല്ല. അതുകൊണ്ട് ഭോപ്പാലിലേക്ക് സ്ഥലം മാറ്റം വാങ്ങി. മെഡിക്കല്‍ കോളജിലാണ് നിയമനം കിട്ടിയത്്. 1982 ലാണ് അത്. ഭോപ്പാലില്‍ വരുമ്പോള്‍ 240 രൂപയായിരുന്നു വേതനം. വളരെ വര്‍ഷങ്ങളുടെ പഴക്കമുള്ള, പ്രശസ്തമായ കോളജാണിത്. 1955 ല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രിയാണെന്ന് തോന്നുന്നു ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. തലയെടുപ്പുള്ള കെട്ടിടമാണിത്.
ഭോപ്പാല്‍ സുന്ദരമായ നഗരമാണ്. കൊട്ടാരങ്ങളും പഴയകെട്ടിടങ്ങളം ഉള്ള നന്നായി സംരക്ഷിക്കപ്പെട്ട നഗരമായിരുന്നു അത്. ആളുകളാകട്ടെ വളരെ നല്ലവര്‍. അവിടെയുള്ളവര്‍ക്ക് മലയാളികളെ കാര്യവുമാണ്. ഭോപ്പാലില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ കാലത്ത് പല ഉന്നത ആള്‍ക്കാരുമായും അടുത്ത് പെരുമാറാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആശുപത്രിയില്‍ ഇന്ദിരാഗാന്ധി വന്നിട്ടുണ്ട്. ഒപ്പം രാജീവ് ഗാന്ധിയുമുണ്ടായിരുന്നു. അന്ന് ഇന്ദിരാഗാന്ധിയോടും മകനോടും സംസാരിച്ചു. ആശുപത്രിയിലെ അടുത്തുപരിചയപ്പെട്ട മറ്റൊരാള്‍ ഗവര്‍ണര്‍ കെ.എം. ചാണ്ടിയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യക്കായിരുന്നു ചികിത്സ. അവര്‍ക്ക് ഹിന്ദി അറിയില്ല. അവരുടെ പരിചരണം എന്നെ ഏല്‍പ്പിച്ചു. മലയാളത്തില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കലായിരുന്നു മുഖ്യജോലി.
ഭോപ്പാല്‍ എനിക്ക് പെട്ടന്ന് ഇഷ്ടമായി. ഇനി ഇവിടം വിട്ടുവേറൊരിടത്തേക്കില്ലെന്ന് അന്നേ ഉറപ്പിച്ചു. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ രണ്ടുവര്‍ഷത്തിനുശേഷം നഗരത്തിനുമേല്‍ ഒരു ദുരന്തം പെയ്തിറങ്ങുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഞാന്‍ മാത്രമല്ല ആരും. ഭോപ്പാലില്‍ എത്തുന്നതിന് മുമ്പേ യൂണൈന് കാര്‍ബൈഡ് കമ്പനിയെപ്പറ്റി കേട്ടിരുന്നു. ഭോപ്പാലിലൂടെ യാത്ര ചെയ്യുമ്പോള്‍ കമ്പനി കണ്ടിട്ടുമുണ്ട്, പലവട്ടം. ഭോപ്പാലിന്റെ സാമ്പത്തിക അടിത്തറയില്‍ കമ്പനിക്ക് നല്ല പങ്കുണ്ടായിരുന്നു. മെഡിക്കല്‍ കോളജില്‍ വരുന്നവരില്‍ നല്ല പങ്കും യൂണിയന് കാര്‍ബൈഡില്‍ ജോലി ചെയ്തിരുന്നവരോ അവരുടെ ബന്ധുക്കളോ ഒക്കെയാണ്. ഞാന്‍ ഭോപ്പാലില്‍ ചെല്ലൂമ്പോള്‍ കമ്പനിയുടെ നല്ല കാലമാണ്. കമ്പനിയില്‍ ജോലി തേടിയെത്തിയവര്‍ നഗരത്തില്‍ അടിഞ്ഞ് ഒരു ചേരിയും രൂപപ്പെടുത്തിയിരുന്നു. അവിടെ നിന്ന് പലവിധ രോഗങ്ങളുമായി അവര്‍ ആശുപത്രിയില്‍ എത്തി. അമേരിക്കന്‍ സ്ഥാപനമായ യൂണിയന് കാര്‍ബൈഡ് കമ്പനിക്ക് കീടനാശിനി നിര്‍മ്മാണശാലയിലാണ് ഭോപ്പാലില്‍ ഉണ്ടായിരുന്നത്. 1984 ഡിസംബര്‍ 2 ന് രാത്രിയാണ് വ്യാവസായിക ദുരന്തം. കമ്പനിയില്‍ നിന്ന് 42 ടണ്‍ മീതൈല്‍ ഐസോസയനേറ്റ് വിഷവാതകം ചോര്‍ന്നു. ഔദ്യോഗിക കണക്ക് പ്രകാരം ചോര്‍ച്ചയുണ്ടായ ഉടനെ 2,259 പേര് മരിച്ചു. രണ്ടാഴ്ചക്കകം 8,000ല്‍ അധികം ആളുകള്‍ മരിച്ചു. ാെമത്തം 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. വിഷവാതകം ശ്വസിച്ചതു മൂലമുണ്ടായ വിഷമതകളുമായി മരിച്ചുജീവിച്ചവരുടെ എണ്ണം 15,000ല്‍ അധികം വരും.
1970 ല്‍ ആണ് യൂണിയന് കാര്‍ബൈഡ് കോര്പ്പറേഷന് ഭോപ്പാലില്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.
ഡിസംബര്‍ രണ്ടിന് രാത്രി മീതൈല്‍ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വെള്ളം കയറി. രാസപ്രവര്‍ത്തനം മൂലം സംഭരണിയിലെ താപനില 2000ന് മുകളിലേക്ക് ഉയര്‍ന്നു. മര്ദ്ദംതാങ്ങാനാവാതെ വിഷവാതകം പുറത്തേക്ക പരന്നു. ആ സമയം ആളുകള്‍ ഉറക്കത്തിലായിരുന്നു. വിഷപ്പുക ശ്വാസനാളിയില്‍ കയറിയപ്പോള്‍ ആളുകള്‍ ഞെട്ടിയെഴുന്നേറ്റു. ആയിരങ്ങള്‍ തത്ക്ഷണം മരിച്ചു.
രാത്രിവൈകിയാണ് വിഷവാതകം പുറത്തേക്ക് വ്യാപിക്കുന്നത്. അന്ന് എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. ഓഫായിരുന്നു. അതിനാല്‍ റൂമില്‍ തന്നെയായിരുന്നു. ഞങ്ങള്‍ ഉറക്കം പിടിച്ചിരുന്നില്ല. എന്നാല്‍, വാതില്‍ അടച്ചിരുന്നു. മീന്‍വറുക്കുന്ന വല്ലാത്ത മണം അനുഭവപ്പെട്ടു. ഞാന്‍ വിചാരിച്ചത് അടുത്തുള്ള മലയാളികള്‍ മീന്ചുടുന്നതിന്റെ മണമാണെന്നാണ്. കാരണം അവിടെ അങ്ങനെ പതിവുണ്ട്. വേഗം തന്നെ ജനല്‍ അടച്ചു. വല്ലാത്ത ശ്വാസമുട്ടും, ചുമയും കണ്ണിനു പുകച്ചിലും അനുഭവപ്പെട്ടു. അതൊക്കെ മീന്‍ വറക്കുന്നതുകൊണ്ടാവുമെന്ന് കരുതി കിടന്നു. കിടന്നു കുറച്ചു കഴിഞ്ഞ് ഉറങ്ങൂകയും ചെയ്തു.
ആ സമയത്ത് നഗരത്തില്‍ മരണം നടക്കുകയാണ്. ഞാന്‍ താമസിച്ചിരുന്നത് കമ്പനിയില്‍ നിന്ന് അല്പം ദൂരെയായിരുന്നതിനാലും കാറ്റുവീശിയതിന് എതിര്വശത്തായതിനാലുമാണ് അധികം ബാധിക്കാതിരുന്നത്. പുലര്‍ച്ചെ നാലിന് വാതക ചോര്‍ച്ച നിയന്ത്രണ വിധേയമായി.
അടുത്ത ദിവസം രാവിലെയാണ് എന്താണ് സംഭവിച്ചതെന്ന് അറിയുന്നത്. താടിക്ക് കൈയും കൊടുത്ത്, തരിച്ചിരുന്നു. ആയിരങ്ങള്‍ മരിച്ചു, മരിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അറിഞ്ഞത്.
എല്ലാവരും ഭോപ്പാല്‍ വിട്ടുപോകുകയാണ്. നഴ്സുമാരുള്‍പ്പടെ എല്ലാവരും. എത്രയും പെട്ടെന്ന് സ്ഥലം വിടണമെന്നാണ് എല്ലാവരും പറഞ്ഞത്. അങ്ങനെ ഞാനും ഭോപ്പാല്‍ വിടാന്‍ തീരുമാനിച്ചു. രാജ്ഗഢിലേക്ക് പോകാമെന്നായിരുന്നു കരുതിയത്. എനിക്കതേ സ്ഥലമുള്ളൂ. അവിടെയാണ് മുമ്പ് പ്രവര്‍ത്തിച്ചത്. രക്ഷപ്പെടണമെന്ന് മാത്രമേ ആ സമയത്ത് ചിന്തിക്കുന്നുള്ളൂ. വേഗം ചില സാധനങ്ങള്‍ കെട്ടിപ്പൂട്ടി.
അപ്പോഴാണ് സ്ഥലം വിട്ടാല്‍ പ്രശ്നമാകുമെന്ന് ഓര്‍ത്തത്. സ്ഥലം വിട്ടാല്‍ ഗുരുതരമായ തെറ്റാകും. അപകടം സംഭവിക്കുമ്പോള്‍ ഡോക്ടര്‍മാരും നഴ്സുമാരും രക്ഷപ്പെട്ടാല്‍ പിന്നെ ജനങ്ങള്ക്കാരാണുള്ളത്. അതു ശരിയല്ലെന്ന് തോന്നി. മാത്രവുമല്ല, പോയല്‍ അച്ചടക്ക നടപടിയുണ്ടാകും. സസ്പെന്‍ഡ് ചെയ്യപ്പെടും. അത് വലിയ ദോഷമാകും. അതിനാല്‍ എന്തുംവരട്ടെ, ഭോപ്പാലില്‍ നിന്ന് പോകുന്നില്ലെന്ന് തീരുമാനിച്ചു. ആശുപത്രിയിലേക്ക് വേഗം ചെന്നു. വിശ്രമമില്ലാത്ത ഒരാഴ്ചയായിരുന്നു പിന്നീട്്. അല്പം മാത്രമായിരുന്നു ഭക്ഷണം. ശരിക്കും വലഞ്ഞു.
ആശുപത്രിയിലേക്ക് ചെല്ലുമ്പോള്‍ കാഴ്ച ഭീകരമാണ്. അത് ആശുപത്രിയാണെന്നും പറയാന്‍ പറ്റില്ല. മൃതദേഹങ്ങള്‍ നിരത്തിയിട്ടിരിക്കുന്നു. ആളുകള്‍ ചുമക്കുന്നു, പലരും മരണത്തോട് മല്ലിടിക്കുന്നു. കുട്ടികളും സ്ത്രീകളുമൊക്കെയുണ്ട്.
ഞങ്ങള്‍ വേഗം പരിചരണം തുടങ്ങി. പെട്ടന്ന് തന്നെ സഹായങ്ങളൂം വൈദ്യസഹായങ്ങളും ഭോപ്പാലിലേക്ക് പ്രവഹിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പടെ എല്ലാവരും ആ ദിവസങ്ങളില്‍ ഡ്യൂട്ടിനോക്കാതെയായിരുന്നു പണി. എതാണ്ട് മുഴുവന്‍ സമയവും അവിടെ തന്നെ നിന്നു. ആശുപത്രി ജീവനക്കാരില്‍ ചിലരും മരിച്ചിരുന്നു.
അന്ന് അവിടെ പിടിച്ചു നിന്ന ദിവസങ്ങള്‍ ഓര്‍ക്കുമ്പോള്‍ മനസില്‍ ഭീതിയാണ്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കരച്ചില് ഒരു സമത്തും കണ്ടു നില്‍ക്കാനാവില്ല.ഇവിടെ നൂറുകണക്കിന് പേര് നിലവിളിക്കുന്നു. അലമുറയിടുന്നു. മരിച്ചവരില്‍ കുട്ടികളും രോഗികളുമുണ്ട്. പിഞ്ചുകുട്ടികളുടെ അവസ്ഥ കണ്ട് പലവട്ടം കരഞ്ഞുപോയി.
ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ മൃതദേഹം കണ്ട ഒരു നിമിഷത്തില്‍ എല്ലാവരുടെയും നിയന്ത്രണം വിട്ടു.
ഭോപ്പാലിലെ ദുരന്തം മനസില്‍ ശരീരത്തില്‍ നിന്ന് ഒരു അവയവം നഷ്ടപ്പെട്ട പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഒറ്റ ദിവസംകൊണ്ട് കാല് നഷ്ടപ്പെട്ടപോലത്തെ അവസ്ഥ. അന്നുവരെയുള്ള അഹങ്കാരവും സുരക്ഷിതത്വബോധവുമെല്ലാം പെട്ടന്ന് എന്നില്‍ നിന്ന് മാഞ്ഞുപോയി. വളരെ നിസഹായരാണ് മനുഷ്യര്‍ എന്ന് മനസിലായി. ദൈവം എന്നെ ദുരന്തത്തില്‍നിന്ന് രക്ഷിച്ചു. ഞാന്‍ പറയാം ഭോപ്പാല്‍ ഓരോ നഗരത്തിനുമുള്ള സൂചനയാണ്. മനുഷ്യന്റെ അഹന്തക്കുള്ള മുന്നറിയിപ്പാണ്. ഭോപ്പാലിലെ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സ തേടുന്നവരില്‍ നല്ല പങ്കും വിഷവാതകത്തിന്റെ ഇരകളാണ്. ഒന്നുകില്‍ അന്ന് വിഷവാതകം ശ്വസിച്ച മുതിര്‍ന്ന ആളുകള്‍. അല്ലെങ്കില്‍ അന്ന് കുട്ടികളായിരുന്നവര്‍. അന്ന് ഗര്‍ഭസ്ഥ ശിശുക്കളായിരുന്നവരുടെപോലും ആരോഗ്യത്തെ വിഷവാതകം ബാധിച്ചു. ഉറപ്പിച്ചു പറയാനാകും ഭോപ്പാലില്‍ ഇന്ന് ശ്വാസകോശ രോഗങ്ങളുമായും മറ്റ് മാരക അസുഖങ്ങളുമായി എത്തുന്നവരില്‍ നല്ല പങ്കും ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളാണ്.
വിരമിക്കലിന് മുമ്പ് എല്ലാം നഷ്ടപ്പെടല്‍
ഭോപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്നാണ് ജോലിയില്‍ നിന്ന് വിരമിക്കുന്നത്. 2004 ഓഗസ്റ്റില്‍. അതിന് മൂന്നുമാസം മുമ്പ് അന്നുവരെയുള്ള സമ്പാദ്യവും കരുതിവച്ച പണവുമെല്ലാം എനിക്ക് നഷ്ടമായി. എല്ലാം കള്ളന് കവര്‍ന്നു. ദൈവത്തിന്റെ മറ്റൊരു പരീക്ഷണം.
ദു:ഖവെള്ളി ദിനത്തിലാണ് അത്. മകന് ബോംബെയില്‍ ഒരു ജോലി ശരിയാക്കാമെന്ന് ചിലര്‍ പറഞ്ഞിരുന്നു. രണ്ടുലക്ഷം രൂപകൊടുക്കണം. പണം കൊടുക്കാന്‍ താല്രപ്യമില്ലായിരുന്നു.അതുശരിയല്ലെന്നറിയാം. എന്നാലും മകന് ജോലികിട്ടുന്ന കാര്യമാണല്ലോ. അവനാകട്ടെ സംസാരശേഷിയും കേള്‍വിശക്തിയുമില്ല. ആ കൊച്ച് രക്ഷപെടണം എന്നതുമാത്രമായിരുന്നു ചിന്ത. ഞാന്‍ ബാങ്കിലുണ്ടായിരുന്ന പണമൊക്കെ എടുത്തുകൊണ്ടുവന്നു. രണ്ടുവര്‍ഷം ഞാന്‍ യെമനില്‍ ജോലി ചെയ്തിരുന്നു. മെഡിക്കല്‍ ലീവില്‍. ഒരിക്കല്‍ നാട്ടിലേക്ക് ലീവ് എടുത്തുവരുമ്പോള്‍ ചില കൂട്ടുകാരികള്‍ യെമനിലേക്ക് പോകാനുള്ള അവസരത്തെപ്പറ്റി പറഞ്ഞു. ഞാന്‍ വീട്ടില്‍ പോകാതെ അവര്‍ക്കൊപ്പം ചേര്‍ന്നു. ബോംബയില്‍ നിന്ന് യമനിലേക്ക് പോയി. അവിടെ പണി ചെയ്ത സമയത്ത് കുറച്ചു പണം സമ്പാദിച്ചിരുന്നു. അതില്‍ നിന്നുള്ളതാണ് ആ പണം.
വിരമിക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ക്കൊക്കെ മധുരം മേടിച്ചുകൊടുക്കണമെന്നുമുണ്ടായിരുന്നു. അതിനായി കുറച്ച് പൈസയും ശരിയാക്കി വച്ചു. ഞാനത് വീട്ടില്‍ കൊണ്ടുവന്നു. ദു:ഖവെള്ളി ദിവസം ഞാന്‍ ജോലിക്ക് എത്തില്ലെന്ന് അറിയിച്ചിരുന്നു. പള്ളിയില്‍ പോകാനായിട്ടാണ് അവധി പറഞ്ഞത്. പക്ഷേ, എന്നോട് ജോലിക്ക് ചെല്ലാമോ എന്ന് ആശുപത്രിയില്‍ നിന്ന് ചോദിച്ചു. അവിടെ ആളില്ലാത്തതുകൊണ്ടാണ്. ചെല്ലാമെന്ന് പറഞ്ഞു. ഞാന്‍ ജോലിക്ക് കേറിയ സമയത്ത് കള്ളന്വീട്ടില് കയറി എല്ലാം എടുത്തുകൊണ്ടുപോയി. രണ്ടുലക്ഷം രൂപയും എല്ലാം. വീടൊക്കെ കുത്തിപ്പൊളിച്ചിട്ടു. എല്ലാം വലിച്ചുവാരിയിട്ടിരുന്നു. എനിക്കും മറ്റുള്ളവര്‍ക്കുമെല്ലാം വിഷമമായി. വല്ലാത്ത ദു:ഖം തോന്നിയെങ്കിലും ദൈവത്തിന്റെ പരീക്ഷണമാണിതെന്ന ചിന്ത ശക്തിപകര്‍ന്നു. എന്നാലും മകന് ജോലി കിട്ടില്ലല്ലോ എന്നത് വേദനയായി. ദു:ഖവെള്ളി ദിവസം ജോലിക്ക് വിളിച്ചവരെയൊക്കെ മുകളിലുള്ളവര്‍ ചീത്ത പറഞ്ഞു.
പൊലീസില്‍ പരാതികൊടുത്തു. വേറെയും വീടുകളില്‍ മോഷണം നടന്നിരുന്നു. പരാതികൊടുത്തെങ്കിലും ഒരു വിവരവുമുണ്ടായില്ല. ഒരിക്കല്‍ ഉജയിനിയില് നിന്ന് സുഹൃത്ത് വിളിച്ചിട്ടു പറഞ്ഞു: 'ചേച്ചി ഭാഗ്യവതിയാണ്് കള്ളനെ പിട്ിച്ചല്ലോ, ചേച്ചിക്ക് പണവും സ്വര്‍ണവും തിരിച്ചുകിട്ടിയത് ഭാഗ്യമാണ്.'. അങ്ങനെ പണമൊന്നും തിരിച്ചുകിട്ടിയില്ലോ എന്നു പറഞ്ഞപ്പോള്‍ ടിവിയില്‍ വാര്‍ത്ത കാണിച്ചിരുന്നു എന്നു പറഞ്ഞു. പൊലീസ് പണമെല്ലാം എനിക്ക് തിരിച്ചുനല്കിയതായി അവകാശപ്പെട്ടു. അത് പൊലീസുകാര്‍ ആരെങ്കിലും തിരിമറി നടത്തിയതാവണം. എനിക്കൊന്നും ലഭിച്ചില്ല. ഞാന്‍ എസ്.പി. ഓഫീസില്‍ ചെന്നു. അവര്‍ കൈമലര്‍ത്തി. ഞാന്‍ കുറേ ചീത്ത അവരെ വിളിച്ചു. പണം നല്‍കാതെ നല്‍കിയെന്ന് പറഞ്ഞാല്‍ അനുഭവിക്കേണ്ടിവരും എന്നൊക്കെ പറഞ്ഞു. അവര്‍ ഒന്നു ഭയന്നെങ്കിലും ഒന്നുമുണ്ടായില്ല. നഷ്ടപ്പെട്ട പണം കിട്ടിയില്ല. ഒരു പക്ഷേ, എനിക്ക് വിധിയുണ്ടായിരിക്കില്ല. അങ്ങനെ ഭോപ്പാല്‍ തന്നത് ഭോപ്പാല്‍ തന്നെ തിരിച്ചെടുത്തു.
ഠഠഠ
ഒരു നഴ്സിന്റെ ജീവിതം പൂര്‍ണമായി ആര്‍ക്കും രേഖപ്പെടുത്താനാവില്ല. സ്വയമോ മറ്റാര്‍ക്കോ. നൂറായിരം അനുഭവങ്ങളിലൂടെയാണ് അവള്/അവന് കടന്നുപോകുന്നത്. പലതരം ആളുകളിലൂടെയാണ് ഒരു നഴ്സ് ജീവിക്കുന്നത്. രോഗി താന്‍ തന്നെയാണ്് എന്നു തോന്നി പ്രവര്ത്തിക്കുമ്പോഴാവും നഴ്സിന്റെ വിജയം. അസുഖങ്ങള്‍ ഭേദമായ നൂറായിരക്കണക്കിന് ജനങ്ങളിലാണ് ഒരു നഴ്സിന്റെ ജീവിതം നിലകൊള്ളുന്നത്. രോഗികളായി ഒരിക്കല്‍ മുന്നില്‍ കിടന്നവരെ നമ്മള് പിന്നീട് കാണുന്നുപോലുമില്ല. അവര്‍ എവിടെയാണ്. സുഖമായി തന്നെ തുടരുന്നുവോ? ആ കഥകള്‍ കൂടി പറയേണ്ടിവരും.
നഴ്സിംഗ് ജോലി എനിക്ക് ദൈവം തന്നതാണ്. അതായിരുന്നു എന്റെ ദൈവ നിയോഗം. ദൈവസേവനമായി കണ്ടുകൊണ്ടാണ് ഞാന്‍ ജോലിചെയ്തതും. എങ്കിലും തെറ്റ് ചെയ്തിട്ടുണ്ട് എന്ന തോന്നല്‍ മനസിലുണ്ട്. നഴ്സായി പ്രവര്‍ത്തിക്കുമ്പോള്‍ പലപ്പോഴും ഗര്‍ഭചിദ്രം നടക്കുമ്പോള്‍ അതിനുവിധേയരാകുന്നവരുടെ പരിചരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഗര്‍ഭചിദ്രം നടക്കുമ്പോള്‍ ഡോക്ടര്‍മാര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ഒരിക്കലല്ല പലവട്ടം. അതെന്റെ ഡ്യൂട്ടിയായിരുന്നു. പക്ഷേ, ഗര്‍ഭചിദ്രം ദൈവത്തിന് എതിരാണെന്നാണ് വിശ്വാസം പഠിപ്പിച്ചിട്ടുള്ളത്. ഒരു ജീവനെയും നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഒരു നഴ്സിന് ഇത്തരം ദുര്യോഗവും കൂടിയുണ്ട്. വിശ്വാസവും ജോലിയും വൈരുദ്ധ്യത്തിലേര്പ്പെടുന്ന ഘട്ടം. ഈ ആന്തരിക സംഘര്‍ഷവും എങ്ങനെയാണ് ഒരു വിശ്വാസിയായ നഴ്സിന് ആവിഷ്കരിക്കാനാവുക.
ഒരു രോഗിയില്‍ നിന്ന് ഒരിക്കലും അന്യായമായ ഒരു തുകയും ഞാന്‍ കൈപ്പറ്റിയിട്ടില്ല. ഒരു യാത്രാ അലവന്‍സും മേടിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സര്‍വീസ് ബുക്ക് നോക്കി വിരമിക്കുന്നതിന് തൊട്ടുമുമ്പ് സൂപ്രണ്ട് പറഞ്ഞത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്. 'നിങ്ങളൊരു മണ്ടിയാണ്. നിങ്ങളെപ്പോലെ ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല'. ഞാനൊന്നും നേടാതെ, നേടിയതൊക്കെ മോഷ്ടിക്കപ്പെട്ടും കഴിയുന്ന അവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. വേണമെങ്കില്‍ എനിക്ക് കുറേയേറെ സമ്പാദിക്കാമായിരുന്നു. അനാവശ്യമായ ഒരു ആനുകൂല്യവും കൈപ്പറ്റാതിരുന്നതിനെപ്പറ്റിയുള്ള ആ പരമാര്‍ശമാണ് എന്റെ വിജയം. ഞാനെന്റെ ജോലിയോട് സത്യസന്ധതകാട്ടി എന്നതിനുള്ള അംഗീകാരമാണ് ആ പരാമര്‍ശം. അത് മതി എനിക്ക്. ഇനിയുള്ള കാലവും ജീവിക്കാന്‍.
പച്ചക്കുതിര, ഫെബ്രുവരി
Thursday, February 16, 2012
പുതിയ കാലത്തെ "നക്സലൈറ്റുകള്‍"

ആര്.കെ.ബിജുരാജ്
'ആശുപത്രിയെ നക്സലൈറ്റുകളില്‍ നിന്ന് രക്ഷപ്പെടുത്തുക'.
തീര്‍ച്ചയായും ഇത്തരം ഒരു വാക്യം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ശരി/തെറ്റുകളുടെ ഭയപ്പെടുത്തുന്ന ഒരു മുന്നറിയിപ്പ്. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിക്ക് മുമ്പില്‍ കണ്ട ഫ്ളക്സ് ബാനറാണ് ഇത്. 'ആശുപത്രി സംരക്ഷണസമിതിയും വിശ്വാസികളു'മാണ് ബാനര്‍ തൂക്കിയത്. നഴ്സ്മാരുടെ പണിമുടക്കാണ് പശ്ചാത്തലം.
നമ്മളെല്ലാം വൈകാതെ നക്സലൈറ്റുകള്‍ (മാവോയിസ്റ്റുകള്‍)ആകുമെന്ന് അരുന്ധതി റോയി പറഞ്ഞത് ശരിയാകുന്നു. ജീവിക്കാനും മാന്യമായി തൊഴിലെടുക്കാനും സമരം ചെയ്ത നഴ്സുമാര്‍ നക്സലൈറ്റുകള്‍ തന്നെ!
അങ്കമാലിയിലെ 'വിശുദ്ധചെറുപുഷ്പ'ത്തില്‍ നിന്ന് കാരുണ്യത്തിന്റെ സുവിശേഷം ഇടപ്പള്ളിയിലെ അമൃതയിലെത്തുമ്പോഴും ഒരേ ഭാവം. 'അവിശ്വാസികള്‍ ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു'. സമരത്തിന്റെ കാല് തല്ലിയൊടിക്കാന്‍ മഠത്തിലെ സ്വാമിമാര്‍ തന്നെ രംഗത്ത്. കൂട്ടിന് അതിഹിന്ദുത്വവും. സമരം ചെയ്യുന്ന നഴ്സുമാരെ തല്ലിയൊതുക്കുമ്പോഴും കാരുണ്യ മൂര്‍ത്തികള്‍ മൗനവൃതത്തിലാഴും. അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ ബിസിനസ് എന്ന വലിയ താല്പര്യത്തെ അപ്പോഴുമവര്‍ പൂജിക്കും. ഒരു മാതൃസ്നേഹവും കാരുണ്യവും അനുകമ്പയും ജോലിക്കാരായ നഴ്സുമാര്‍ക്കുമേല്‍ ചൊരിയപ്പെടില്ല. അങ്ങനെ, നമ്മുടെ 'സേവനങ്ങള്‍' എല്ലാം ശുദ്ധ ബിസിനസാണെന്നും ആതുരസേവനത്തിന്റെ മുഖംമൂടി തട്ടിപ്പാണെന്നും തുറന്നുകാട്ടാന്‍ നഴ്സുമാരുടെ അതിജീവന സമരത്തിനായി.
സമരത്തിന്റെ വില; തുടക്കം
ഒരു നഴ്സിന്റെ ആത്മഹത്യയാണ് ഇന്ത്യയിലെമ്പാടും നഴ്സുമാരുടെ സമരത്തിന് തീപിടിപ്പിച്ചത്. 2011 ഒക്ടോബര്‍ 18 ന് മുംബൈ ബാന്ദ്ര കുര്‍ല കോംപ്ളക്സിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ നഴ്സ് ബീന ബേബി ആത്മഹത്യചെയ്തു. ആശുപത്രിയില്‍ തുച്ഛ വേതനത്തിന് പണിയെടുക്കുന്ന നൂറുകണക്കിന് നഴ്സുമാരില്‍ ഒരാളായിരുന്നു തൊടുപുഴ സ്വദേശി ബീന. അടിമവേലചെയ്യിക്കുന്നതിനും മറ്റൊരു ജോലി തേടാതിരിക്കാനും ആശുപത്രി അധികൃതര്‍ ബീനയുടെ യഥാര്‍ഥ വിദ്യാഭ്യാസ രേഖകള്‍ പിടിച്ചുവച്ചിരുന്നു. ബോണ്ട് കാലാവധി കഴിഞ്ഞാലേ അവ തിരിച്ചു നല്‍കൂ. അല്ലെങ്കില്‍ 50,000 രൂപ ആശുപത്രിക്ക് നല്‍കണം. തുക അടച്ചാലും രേഖകള്‍ തിരിച്ചുനല്കണമെന്നുമില്ല. ആത്മഹത്യയുടെ തലേദിവസം അള്‍ട്രാ സൗണ്ട് റിപ്പോര്‍ട്ട് കാണാതായി എന്ന് പറഞ്ഞ് അനാവശ്യമായി അധികൃതര്‍ ബീനയെ ചീത്ത വിളിച്ചിരുന്നു. ഇത്തരം പീഡനങ്ങളും അവിടെ നിന്ന് വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയും മൂലമാണ് ബീന ആത്മഹത്യ ചെയ്ത്. ആശുപത്രിയിലെ 80 ശതമാനം നഴ്സുമാരുടെയും അവസ്ഥ ബീനയുടേത് തന്നെയായിരുന്നു.
സഹപ്രവര്‍ത്തകയുടെ ആത്മഹത്യ പെട്ടന്ന് തന്നെ രോഷത്തിന്റെ കെട്ടുപൊട്ടിച്ചു. നഴ്സുമാര്‍ സമരരംഗത്തിറങ്ങി. 220 മെഡിക്കല്‍ നഴ്സ്മാര് നിരാഹാരം തുടങ്ങി. സമരം ചെയ്തവരെ പൊലീസ് ലാത്തി ചാര്‍ജ് ചെയ്തതും 20 നഴ്സുമാരെ അവര്‍ താമസിക്കുന്നിടത്തു നിന്ന് രാത്രിയില്‍ ആശുപത്രി അധികൃതര്‍ ഇറക്കി വിടാന്‍ ശ്രമിച്ചതും സമരവീര്യത്തെ കൂട്ടി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ രാഷ്ട്രീയക്കാര്‍ ഇടനിലക്കാരായി രംഗത്തിറങ്ങി. ഇന്ത്യയിലെ ഒന്നാം കിട കോര്‍പ്പറേറ്റ് ആശുപത്രികളിലൊന്നാണ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്. പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മുട്ടുകാല് ശസ്ത്രക്രിയ നടത്തിയ ഡോ. രമാകാന്ത് പാണ്ഡേയാണ് ഉടമ. പ്രധാനമന്ത്രിയുടെ ആളുടെ സ്ഥാപനം എന്നനിലക്കാണ് രാഷ്ട്രീയക്കാര്‍ എത്തി സമരത്തെ വഞ്ചിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയത്. മുംബൈയില്‍ നിന്ന് സമരം ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും ഇങ്ങ് കേരളത്തിലേക്കും പടര്‍ന്നു. മുംബൈ സമരം ഒത്തുതീര്ന്നതിന്റെ രണ്ടാം നാള് കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ് ആശുപത്രിയിലും സമരം തുടങ്ങി. സമരം കനത്തപ്പോള്‍ പാര്‍ലമെന്റ് പ്രശ്നം ചര്‍ച്ച ചെയ്തു. സമരത്തിലേര്പ്പെട്ടവരില് നല്ല പങ്കും മലയാളികളായിരുന്നു. ലോകത്തെവിടെയും നഴ്സുമാര്‍ ഏതെങ്കിലും സമരത്തില്‍ ഏര്‍പ്പെട്ടാല്‍ അത് മലയാളികളുടേത് കൂടിയാണ് എന്ന് അനുഭവം പഠിപ്പിക്കുന്നു.
യഥാര്‍ഥത്തില്‍, സമരം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ സുപ്രധാനമായ തീരുമാനമെടുത്തിരുന്നു. 2011 ഓഗസ്റ്റ് 29 ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ (ഐ.എന്‍.സി) എല്ലാ നഴ്സിംഗ് സ്ഥാപനങ്ങളുടെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ബോണ്ടിംഗ് സംവിധാനത്തെ എതിര്‍ത്തു. ബോണ്ടിംഗ് അധാര്‍മികമായതിനാല്‍ അത് നിര്‍ത്തണമെന്നും അതു തുടര്‍ന്നാല്‍ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി (പീനല്‍ ആക്ഷന്‍) എടുക്കുമെന്നുമെന്നുമായിരുന്നു സര്‍ക്കുലര്‍. ബോണ്ടുകളും രേഖകളും നഴ്സ്മാര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംഘടനാ ജോയിന്റ് സെക്രട്ടറി കെ.എസ്. ഭാരതി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.
2011 ഡിസംബര്‍ 31 ഡല്‍ഹി സംസ്ഥാന ആരോഗ്യ വകുപ്പ് ബോണ്ടിനെതിരെയും രേഖകള്‍ പിടിച്ചുവക്കുന്നതിനെതിരെയും ഉത്തരവിറക്കി. അപ്പോളോ ആശുപത്രിയിലെ കൊല്ലം സ്വദേശിയായ സ്റ്റാഫ് നഴ്സ് എന്‍ ആന്‍സി ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്. കാന്‍സര്‍ രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ജോലി രാജിവയ്ക്കാന്‍ ഇഷ്ടപ്പെട്ട ആന്‍സിയെ അതിന് ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. കോടതി വിധി ഉണ്ടായതോടെ സര്‍ക്കാരുകളും അനങ്ങിത്തുടങ്ങി.
രാജ്യത്താകമാനം നഴ്സുമാര്‍ അനുഭവിച്ചിരുന്ന ദുരിതാവസ്ഥയാണ് സമരം വ്യാപിക്കുന്നതിന് മുഖ്യകാരണം. അതോടൊപ്പം കല്‍ക്കത്തയില്‍ എ.എം.ആര്.ഐ ആശുപത്രിക്ക് തീപിടിച്ച് 90 പേര് മരിച്ചതും, ഇന്റര്‍നെറ്റ്/സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെയുള്ള പ്രചരണവും സമരത്തിന് അനുകൂല അന്തരീക്ഷം ഒരുക്കി.
നഴ്സുമാരുടെ ആവശ്യങ്ങള്‍
രാജ്യമെമ്പാടും നടന്ന സമരങ്ങളില്‍ മൂന്ന് പ്രധാന ആവശ്യങ്ങളായിരുന്നു നഴ്സുമാര്‍ ഉയര്‍ത്തിയത്. നിയമവിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക. ബോണ്ട് തുക നല്‍കാതെ എല്ലാ സര്ടിഫിക്കറ്റുകളും രേഖകളും തിരിച്ചു നല്കി പിരിയാന്‍ അനുവദിക്കുക. ജോലി ചെയ്ത കാലത്തെ പ്രവര്‍ത്തനപരിചയ സര്ടിഫിക്കറ്റുകള് യഥാസമയത്ത് നല്‍കുക. നഴ്സുമാര്‍ സമരങ്ങളില്‍ വേതനക്കൂടുതല്ല ആവശ്യപ്പെട്ടത് (അതവരുടെ അടിയന്തര ആവശ്യമാണെങ്കില്‍ കൂടിയും) എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്സിങ് ജീവനക്കാരോടുള്ള സമീപനം മോശമായ രീതിയിലാണ്. 10-18 മണിക്കൂര്‍ ജോലി. 1500-4500 രൂപയാണ് മിക്ക ആശുപത്രികളിലെയും വേതനം. ഈ തുകയില്‍ നിന്നുവേണം താമസ, ഭക്ഷണ സൗകര്യങ്ങള്‍ കണ്ടെത്താന്‍. വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്സിംഗ് പഠിച്ച് പാസാകുന്നവരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് നിയമന വ്യവസ്ഥകള്‍. 3-4 വര്‍ഷം ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ബോണ്ട് എഴുതി നല്‍കണം. ഈ കാലയളവില്‍ എന്തുസഹിക്കണം. ഇടക്ക് വച്ച് ജോലിയില്‍ നിന്ന് പിരിയണമെന്നുണ്ടെങ്കില്‍ 50,000-ഒരുലക്ഷം രൂപ നഴ്സുമാര്‍ ആശുപത്രിക്ക് നല്‍കണം. അത് അത്ര എളുപ്പവുമല്ല. തൊഴില്‍ നിയമങ്ങള്‍ പ്രകാരം ബോണ്ട് കുറ്റകരമാണ്. നിയമവിരുദ്ധമാണ്. ഒഴിഞ്ഞു പോയാല്‍ പ്രവര്‍ത്തന പരിചയ സര്ടിഫിക്കറ്റ് നിഷേധിക്കും. മറ്റൊരിടത്തും ജോലി കിട്ടാത്ത അവസ്ഥയുമുണ്ടാക്കും.
കേരളത്തില്‍ ആരോഗ്യവകുപ്് ഗ്രേഡ് 2 നഴ്സുമാര്‍ക്ക് 13,900 രൂപ വേതനം നല്‍കുമ്പോഴാണ് സ്വകാര്യ ആശുപത്രികളില്‍ 2000-4000 രൂപ വേതന സംവിധാനം. 2009 ല്‍ സര്‍ക്കാര്‍ നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിച്ചിരുന്നു. അതനുസരിച്ച് നഴ്സുമാര്‍ക്ക് 7500 രൂപ കറഞ്ഞ വേതനമായി കിട്ടണം. എന്നാല്‍, ശരാശരി 3000 രൂപയാണ്് മിക്ക ആശുപത്രികളും നല്‍കുന്നത്. ലീവ്, പി.എഫ്. ഉള്‍പ്പടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ല. രണ്ടുവര്‍ഷത്തെ ട്രെയിനി എന്ന പേരിലാണ് നിയമനം. ട്രെയിനിംഗ് സൗകര്യ മനുസരിച്ച് അഞ്ചും പത്തും വര്‍ഷം നീട്ടാം. പലയിടത്തും ആശുപത്രി നേരിട്ടല്ല ഇടനിലക്കാരെ വെച്ചാണ് നഴ്സുമാരെ നിയമിക്കുന്നത്. ഈ ഇടനിലക്കാരും നഴ്സുമാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം പിഴിഞ്ഞെടുക്കും.
സമരം കേരളത്തിലേക്ക്
സമരം കേരളത്തിലേക്ക് വ്യാപിക്കുന്നതിന് കാരണം യുണൈറ്റഡ് നഴ്സസ് അസോസിയേഷന് എന്ന സംഘടനയാണ്. വളരെ പെട്ടെന്ന്, പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു സംഘടനയുടെ രൂപീകരണം. മുംബൈയില്‍ സമരം നടക്കുന്ന സമയത്ത് തൃശൂരിലെ ചില നഴ്സുമാര്‍ ഫേസ്ബുക്കില്‍ സമരത്തിന് അനുകൂലമായി കുറിപ്പിട്ടു. പെട്ടന്ന് തന്നെ നഴ്സുമാരും സമാനമനസ്കരും ഒന്നിച്ചു. ഈ ഒന്നിക്കല് സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ പ്രസക്തി എടുത്തുകാട്ടുന്നുണ്ട്. നവംബര്‍ 16 സംഘടന രജിസ്റ്റര്‍ ചെയ്തു. വൈകാതെ തൃശൂര്‍ മദര്‍ ഹോസ്ററ്പിറ്റലില് സമരത്തിന് നോട്ടീസ് നല്കി. പ്രത്യക്ഷ സമരം കൂടാതെ തന്നെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
ഈ വിജയത്തിന് കുറച്ചുദിവസം മുമ്പ് കൊല്ലത്ത് ശങ്കര്‍ സ്മാരക ആശുപത്രിയിലും സമരം നടന്നു. ഇന്ത്യന്‍ രജിസ്ട്രേഡ് നഴ്സ് അസോസിയേഷന് (ഐ.ആര്.എന്‍.എ)ക്കായിരുന്നു നേതൃത്വം. സമരം ചെയ്യുന്നര്‍ക്കെതിരെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദനം അഴിച്ചുവിട്ടു. എന്നാല്‍, കൂടുതല്‍ പേര് രംഗത്തിറങ്ങുകയും സമരം ശക്തമാകുകയും ചെയ്തപ്പോള്‍ നഴ്സുമാരുടെ ആവശ്യം ആശുപത്രി അധികൃതര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.
കാരുണ്യവും ബിസിനസ്!
ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജില്‍ ന്യായമായ അവകാശങ്ങള്‍ ഉന്നയിച്ച് നോട്ടീസ് നല്‍കിയതോടെ കേരളത്തില്‍ നഴ്സുമാരുടെ സമരം പുതിയ ഉയരങ്ങളിലെത്തി. സമരത്തോടുള്ള അമൃത അധികൃതരുടെ സമീപനം വളരെ മോശമായിരുന്നു. കാരൃണ്യം പ്രചരിപ്പിക്കുന്ന അമ്മ മൂര്‍ത്തിക്ക് ഒട്ടും ചേരാത്തതായിരുന്നു തുടര്‍ നടപടികള്‍.
യുണൈറ്റഡ് നഴ്സസ് അസോസിയേഷന് യൂണിറ്റ് ആശുപത്രിയില്‍ രൂപീകരിച്ചതും നോട്ടീസ് നല്കിയതും അമൃതാനന്ദമയി മഠത്തിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സംഘടനയുടെ യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍, ജോ.സെക്രട്ടറി ഷിബു എന്നിവരെ ജോലിയില്‍നിന്ന് പുറത്താക്കി. കാരണം പറഞ്ഞത് ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നതാണ്. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചതോടെ മാനേജ്മെന്റ് പ്രതിക്കൂട്ടിലായി. മാനേജ്മെന്റ് ക്ഷണിച്ചതനുസരിച്ച് നഴ്സിങ് ജീവനക്കാരെ പിരിച്ചുവിട്ട വിഷയം ചര്‍ച്ച ചെയ്യാനെത്തിയ യൂണിയന് സംസ്ഥാനപ്രസിഡന്റ് ജാസ്മിന് ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്,തൃശൂര്‍ ജില്ലാ സെക്രട്ടറി ഷിഹാബ്, വൈസ് പ്രസിഡന്റ് ദിപു എന്നിവരെ ആശുപത്രിക്കകത്ത് ഗുണ്ടകള്‍ മര്‍ദിച്ച് അവരാക്കി. വലിയ ഇടനാഴിയിലിട്ട് സമരനേതാക്കളെ ഇരുമ്പു കമ്പി, കമ്പിപ്പാര, ഇടിക്കട്ട എന്നിവയുമായി പിന്നില്‍ നിന്നും മുന്നില്‍ നിന്നും പതിനഞ്ച് മിനിറ്റേ് ആക്രമിച്ചു. നേതാക്കളുടെ കാല്‍മുട്ടും കൈയും കാലും അടിച്ചൊടിച്ചു. ചോരയില്‍ കുളിച്ചു കിടക്കുന്നവരെ നിലത്തു കൂടെ വലിച്ചിഴച്ച് ഗുണ്ടകള്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ചു. ഡിസ് ചാര്‍ജ് ആവശ്യം അംഗീകരിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് 200 ലധികം നഴ്സുമാര്‍ പണിമുടക്കി ആശുപത്രിക്ക് മുന്നില്കുത്തിയിരുന്നു. കുത്തിയിരുന്നവരെ പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കാന്‍ ശ്രമം നടന്നു. പ്രശ്ന പരിഹാരത്തിന് രാത്രി ട്രേഡ് യൂനിയന്‍ നേതാക്കളും അസി. പൊലീസ് കമീഷണറും ആശുപത്രിഅധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചില ധാരണകള്‍ ഉരുതിരിഞ്ഞു. തീരുമാനം മിനുട്സില്‍ രേഖപ്പെടുത്തണമെന്ന നഴ്സുമാരുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിക്കാന്‍ വിസമ്മതിച്ചു. അതോടെ സമരം തുടരുകയല്ലാതെ നിവൃത്തിയില്ലാതായി. അടുത്ത ദിവസങ്ങളില്‍ സമരത്തിന് പിന്തുണയേറി. ആയിരത്തോളം നഴ്സുമാര്‍ പണിമുടക്കി. സമരം പൊളിക്കാന്‍ അമൃതക്ക് കീഴിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് സന്യസ്തരുള്പ്പെടെയുള്ളവരെ ആശുപത്രിയില്‍ സേവനത്തിന് മാനേജ്മെന്റ് നിയോഗിച്ചു. ജീവനക്കാരുടെ അഭാവവും സമരവും മൂലം പ്രവര്‍ത്തനം താളംതെറ്റിയ ആശുപത്രിയില്‍നിന്ന് രോഗികള്‍ കൂട്ടംകൂട്ടമായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നത് തുടര്‍ന്നു. ഒറ്റ ദിവസം 250 രോഗികള്‍ ആശുപത്രി വിട്ടു. സമര ലഘുലേഖ ആശുപത്രിയില്‍ വിതരണം ചെയ്യുന്നതിനിടെ സമരക്കാരില്‍ ഒരാളെ മുറിയില്‍ തടഞ്ഞുവെച്ച് മര്‍ദിച്ച് അവശനാക്കി. ഈ സംഭവത്തില്‍ അമൃതാസ്ഥാപനങ്ങളിലെ അന്തേവാസികളായ നാല് പേരാണ് (ഇവര്‍ സ്വാമിമാരാണെന്നും അല്ലെന്നും പറയപ്പെടുന്നു) പിടിയിലായത്. സമരം കൈപ്പിടിയില്‍ ഒതുങ്ങില്ലെന്ന് മനസിലായതും രോഗികള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് പോയതും മൂലം ഒടുവില്‍ ആശുപത്രി അധികൃതര്‍ ഒത്തുതീര്‍പ്പിന് തയാറായി. മൂന്ന് ദിവസത്തിനുശേഷം സമരം പിന്‍വലിച്ചു.
അങ്കമാലിയിലെ സമരം
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രി മാനേജ്മെന്റിന് നഴ്സുമാര്‍ ഡിസംബര്‍ 22ന് ഡിമാന്റ് നോട്ടീസ് നല്കി. സംഘടനാ സ്വാതന്ത്യ്രം അനുവദിക്കുക, ഡ്യൂട്ടി സമയം എട്ടു മണിക്കൂര്‍ ആക്കുക, കുറഞ്ഞ വേതനം നല്‍കുക, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ അനുവദിക്കുക, സബ്കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കുക, നഴ്സിങ് ജോലി മാത്രം നല്‍കുക, ഒരുവര്‍ഷം കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി പത്തുമുതല്‍ സമരം ചെയ്യാനായിരുന്നു തീരുമാനം. മാനേജ്മെന്റ അടുത്ത ദിവസം നാല് പേരെ പുറത്താക്കി. ഇവരെ തിരിച്ചെടുത്തില്ലെങ്കില്‍ രണ്ടാം തീയതി മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷന് വ്യക്തമാക്കി. ജനുവരി 3 ന് ആശുപത്രിയില്‍ നഴ്സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ബാഹ്യശക്തികളുടെ പ്രേരണ മൂലമാണ് പുറമെ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ 74 നഴ്സിങ് ട്രെയിനികള്‍ സമരമാരംഭിച്ചതന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.
സമരം മുന്നേറുമ്പോള്‍ വര്‍ഗീയവല്‍ക്കരിച്ചും സമുദായവല്‍ക്കരിച്ചും അടിച്ചൊതുക്കാനാണ് മാനേജ്മെന്റ ശ്രമിച്ചത്. നഴ്സുമാര്‍ക്കെതിരെ എല്ലാ വിശ്വാസികളും അണിചേരണമെന്ന് ആവശ്യപ്പെട്ട് അങ്കമാലിയിലെ കത്തോലിക്കാപള്ളികളില്‍ കുര്‍ബാനക്കിടെ നോട്ടീസ് വായിച്ചു. സമരത്തിനെതിരെ എല്‍.എഫ് ആശുപത്രി സംരക്ഷണ സമിതി നേതൃത്വത്തില്‍ റാലിയും, കണ്‍വെന്‍ഷനും നടന്നു. പ്രകടനത്തില്‍ അണിനിരന്ന വികാരികളെയും കന്യാസ്ത്രീകളെയും ജനങ്ങള്‍ നിരന്ന് നിന്ന് കൂക്കിവിളിച്ചു. മുദ്രാവാക്യങ്ങള്‍ കൂക്കിവിളികള്‍ക്കിടയില്‍ മുങ്ങിപ്പോയി. സഭാനേതൃത്വം കൂടുതല്‍ അപമാനിതരായി. പട്ടണത്തിലും, സമീപ പ്രദേശങ്ങളിലും മതവൈര്യമുണ്ടാക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് സമരത്തെ അപകീര്‍ത്തിപ്പെടുത്താനും ശ്രമം നടന്നു.
ഇതിനിടയില്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സമരം ചെയ്യുന്ന കുട്ടികളുടെ നേര്‍ക്ക് കത്തിയുമായി ചാടി വീണു. നാട്ടുകാര്‍ ഓടിക്കൂടി ആക്രമിക്കുമെന്ന ഘട്ടത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ ആശുപത്രിക്കകത്ത് കയറി ഒളിച്ചു. പ്രതികാരമായി കാഷ്വാലിറ്റി വിഭാഗം അടിച്ചു തകര്‍ത്തെന്ന കള്ളക്കേസ് സമരക്കാര്‍ക്കെതിരെ എടുത്തു. മാനേജ്മെന്റ് നിയോഗിച്ച ഫോട്ടോഗ്രാഫറെ സമരക്കാര്‍ കൈകാര്യം ചെയ്തെന്ന് ആരോപിച്ച് എട്ട് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്കി. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കടന്ന് നഗ്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടികളും പരാതി നല്കി. അത്യാഹിത വിഭാഗത്തില്‍ ജോലിക്കു ചെന്ന നഴ്സുമാരെ കന്യാസ്തീകള്‍ മുറിയില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായി.
എസ്മ പ്രകാരം സമരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. സമരക്കാരുടെ ആവശ്യം ന്യായമാണ്. ആദ്യം അത് പരിഹരിക്കണം. എന്നതായിരുന്നു കോടതി നിലപാട്. നഴ്സുമാര്‍ക്ക് സമരം നടത്താന്‍ ആശുപത്രി വളപ്പില്‍ തന്നെ സ്ഥലം അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു. നഴ്സുമാര്‍ക്ക് അടിസ്ഥാന ശമ്പളം നല്കുന്നുണ്ടെങ്കില് അക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശം കൂടി ആയതോടെ മാനെജ്മെന്റ് വെട്ടിലായി.
ദിവസങ്ങള്‍ക്കുള്ളില്‍ സമരം ഒത്തുതീര്‍പ്പായി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു. മറ്റ് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. തൃശൂര്‍ അമല, ജൂബിലി ആശുപത്രികളിലും നഴ്സുമാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. തൃശൂരിലെ സി.എം.ഐ സഭയും നഴ്സുമാരും ലേബര്‍ ഓഫീസ് ചര്‍ച്ചയില്‍ ഒത്തുതീര്പ്പലെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം നല്‍കാനും ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയ നഴ്സുമാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. ഒറ്റ ചര്‍ച്ചയില്‍ തന്നെ ജൂബിലി ആശുപത്രിയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
മാധ്യമങ്ങളുടെ മൗനസമ്മതം
നഴ്സുമാരുടെ സമരത്തോട് കുറ്റകരമായ അലംഭാവത്തോടെ മുഖം തിരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മുംബൈ സമരത്തെപ്പറ്റി വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങള്‍ സമരം കേരളത്തില്‍ തുടങ്ങിയതോടെ പിന്‍വാങ്ങി.ആശുപത്രികള്‍ നല്കുന്ന ഭീമമായ പരസ്യം നഷ്ടപ്പെടുമോ എന്നു ഭയമായിരിക്കണം മാധ്യമമൗനത്തിന് മുഖ്യകാരണം.
സമരഅനുകൂലമായ വാര്‍ത്തകള്‍ ഒന്നും മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചില്ല. അമൃതാനന്ദമയി മഠത്തിനോടുള്ള അടുപ്പവും മഠത്തിന്റെ ഇടപെടലുമാണ് മാതൃഭൂമിയുടെ ഈ നയത്തിന് പിന്നില്‍. അതോടൊപ്പം ഡയറക്ടര്‍ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളും അവരെ ഭയപ്പെടുത്തി. അവിടെയും സമരം ഉയരുമോ എന്ന പേടി തന്നെ കാരണം. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും സഭാനേതൃത്വത്തിനുമെതിരെ എഴുതേണ്ടിവരുമെന്ന് മുന്‍കൂട്ടി കണ്ട് മനോരമ ആദ്യം മുതലേ സമരത്തിന് പുറം തിരിഞ്ഞു നിന്നു. 'മാധ്യമം' ടദേശാഭിമാനി പത്രവും, ഇന്ത്യാവിഷന്.റിപ്പോര്‍ട്ടര്‍ ചാനലുകളുമാണ് അല്‍പമെങ്കിലൂം ഭേദപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. മലബാറിലെ ചില മുസ്ളീം ആശുപത്രികളില്‍ സമരത്തിന് നോട്ടീസ് നല്കപ്പെട്ട സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിലപാട്മാറ്റം സംഭവിക്കുമോയെന്ന് കാത്തിരുന്നു കാണാം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്കരിക്കുക മാത്രമല്ല ചെയ്ത്. മാനേജ്മെന്റിന്റെ ഭാഷ്യം നല്‍കാനും സമരത്തിനെതിരെ ചെറുതും വലുതുമായ നിരവധി കള്ളങ്ങളും എഴുതിപ്പിടിപ്പിക്കാനും മത്സരിച്ചു. സമരക്കാര്‍ക്കുനേരെയുള്ള കള്ളക്കേസുകളുടെ കാര്യം വിശദമായി പൊലിപ്പിച്ചു നല്കി.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സി.പി.എം സമരത്തിനൊപ്പമുണ്ടെന്ന് വരുത്തുകയും എന്നാല്‍ സമരത്തിനെതിരെ നിലകൊള്ളുകയുമാണ് ചെയ്തത്. സ്വന്തമായും നടത്തിപ്പു ചുമതലയിലുമുള്ള ആശുപത്രികളില്‍ നാളെ ഉയരാന്‍ സാധ്യതയുള്ള സമരങ്ങള്‍ അവരും മുന്‍കൂട്ടി കാണുന്നുണ്ടാവും. സമരത്തിനൊപ്പം നിന്നില്ലെങ്കില്‍ ജനങ്ങള്‍ക്കുമുന്നില്‍ ഒറ്റപ്പെടുമെന്ന ബോധമാണ് അല്‍പമെങ്കിലൂം അനുകൂല സമീപനം എടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
വാര്‍ത്തകള്‍ തമസ്കരിച്ച മാധ്യമങ്ങളും വാര്‍ത്തകള്‍ വരാതിരിക്കാന്‍ നല്ല രീതിയില്‍ പണിപ്പെട്ട മാനേജ്മെന്റുകളും മറ്റൊരു കാര്യം വിട്ടുപോയി. ഇന്റര്‍നെറ്റിന്റെയും സോഷ്യല്നെറ്റ്വര്ക്ക് സൈറ്റുകളുടെയും പ്രാധാന്യം. മാധ്യമങ്ങള്‍ക്ക് പുറത്ത് ഈ ഫിഫ്ത്ത് എസ്റ്റേറ്റിലൂടെ (ഓണ്‍ലൈന്‍ ലോകം) സത്യം പുറത്തുവന്നു. ശ്രദ്ധേയമായ ഇടപെടലുകള്‍ ഓണ്‍ലൈന്‍ രംഗത്തുണ്ടായി. ഡൂള്‍ന്യൂസ്, നാലാമിടം,, മറുനാടന്‍ മലയാളി തുടങ്ങിയ സൈറ്റുകള്‍ വാര്‍ത്തകളും അഭിമുഖങ്ങളും നല്കി. മറ്റൊരര്‍ഥത്തില്‍ മാധ്യമങ്ങളെന്ന ഫോര്‍ത്ത് എസ്റ്റേറ്റിനെ സൈബര്‍ ലോകം മറികടന്നുവെന്ന് സമരത്തിന് കിട്ടിയ ജനപിന്തുണ വ്യക്തമാക്കുന്നു.
രാഷ്ട്രീയക്കാര്‍ സമരത്തെ വഞ്ചിച്ച വിധം
2011 ഡിസംബര്‍ 9 ന് രാജീവ് പൊന്നാഡത്ത് ( പി. രാജീവ് എം.പി തന്നെ ഇദ്ദേഹം) ഫേസ് ബുക്കില്‍ ഇംഗ്ലീഷില്‍ എഴുതി: '' എറണാകുളം അമൃത നഴ്സുമാര്‍ നടത്തിയ സമരം ഇന്ന് പുലര്‍ച്ചെ 3ന് ഞങ്ങള്‍ പരിഹരിച്ചു. മാനേജ്മെന്റ് വേതന പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കും, യൂണിയന് നേതാവിന് ഒരു മാസം വീണ്ടും ചേരാന്‍ സമയം നല്‍കും. പ്രവര്‍ത്തനപരിചയ സര്‍ട്ടിഫിക്കറ്റ് ആറ് മാസത്തിന് ശേഷം നല്‍കും. നഴ്സുമാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. .. ഞാന്‍ ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥനെന്ന നിലയില്‍ രണ്ടു രാത്രി ചെലവിട്ടു''.
സമരത്തിന്റെ ക്രെഡിറ്റ് സ്വന്തംപേരിലെഴുതാനുള്ള വ്യഗ്രതമാത്രമാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. ജനങ്ങള്‍ വിശ്വസിക്കണം എന്തോ മഹത്തായ കാര്യം 'ഞങ്ങള്‍' ചെയ്തിരിക്കുന്നുവെന്ന്! ്എന്നാല്‍ പി.രാജീവ് ഉള്‍പ്പടെയുള്ള ഇടത്-വലതുരാഷ്ട്രീയക്കാര് സമരത്തില്‍ 'മധ്യവര്‍ത്തികള്‍' മാത്രമായിരുന്നു. നഴ്സുമാരുടെ പ്രശ്നത്തെയല്ല അവര്‍ പ്രതിനിധീകരിച്ചത്. രാജീവ് തന്നെ എഴുതിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ നോക്കിയാല്‍ അതു മനസിലാകും.് ബോണ്ട് സംവിധാനത്തെപ്പറ്റി അതില്‍ ഒന്നും പറയുന്നില്ല.
അമൃതയില്‍ സമരം തുടങ്ങിയ ആദ്യ ദിവസം തന്നെ സമരത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ നഴ്സുമാരുടെ പ്രതിനിധിയായി മാനേജ്മെന്റുമായി ഒത്തുതീര്പ്പിന്ശ്രമിച്ചിരുന്നു. സമരക്കാര്‍ എതിര്‍ത്തതോടെയാണ് അവര്‍ പിന്‍വാങ്ങിയത്.
മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം നടക്കുമ്പോഴും ഇത്തരം 'മധ്യവര്‍ത്തികള്‍' എത്തിയിരുന്നു. എം.പിമാരായ പി.ടി തോമസ്, ജോസ് കെ. മാണി, ആന്‍േറാ ആന്റണി, മഹാരാഷ്ര്ട ഗവര്‍ണര്‍ കെ. ശങ്കരനാരായണന് തുടങ്ങിയവരായിരുന്നു സമരക്കാര്‍ക്കുവേണ്ടി മാനേജ്മെന്റുമായി സംസാരിച്ചത്. ചര്‍ച്ചയില്‍ നഴ്സുമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് സമരം പിന്വലിക്കുകയണെന്ന് അവര്‍ പ്രസ്താവനയും നടത്തി. എന്നാല്‍, ഈ പ്രസ്താവനകളില്‍ വലിയ ചതി ഒളിഞ്ഞിരുന്നു. ഒരാശുപത്രിയുടെയും അവിടത്തെ നഴ്സുമാരുടെയും പ്രശ്നം മാത്രമായി വലിയ സമരത്തെ അവര്‍ ചുരുക്കി. നഴ്സുമാര്‍ ഉയര്‍ത്തിയ ബോണ്ട് സമ്പ്രദായം റദ്ദാക്കുക പോലുള്ള നിര്‍ണായക ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടു. ബോണ്ട് സമ്പ്രദായത്തെപ്പറ്റി പിന്നീട് തീരുമാനിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ പിന്നീട് മധ്യസ്ഥരെ ആരും കണ്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉറപ്പാക്കാത്തിടത്തോളം എല്ലാ ചര്‍ച്ചയും പരാജയമാണ്. അതുകൊണ്ട് തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തവരെ ധാര്‍മിക ബോധവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മുംബൈയിലും അമൃതയിലും അങ്കമാലി ലിറ്റില്‍ ഫ്ളവറിലുമെല്ലാം സമരാനന്തരം മാനേജ്മെന്റ് ഒരേ തരം നടപടിയാണ് കൈക്കൊണ്ടത്.
ആശുപത്രി ഉടമകളുടെ പ്രതികാര നടപടി
അമൃതയില്‍ ഒത്തുതീര്‍പ്പുണ്ടായി സമരം വിജയിച്ചുവെന്ന ഫേസ്ബുക്ക് കുറിപ്പെഴുതിയവരുടെ തൊട്ടുമുന്നില്‍ അധികൃതര്‍ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. 230 നഴ്സുമാരെ അമൃത ആശുപത്രി തൊട്ടടുത്ത ദിവസം പിരിച്ചുവിട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ നഴ്സുമാരായിരുന്നു ഇവര്‍. പലരെയും സ്ഥലം മാറ്റി. ചിലരെ അപ്രധാന ഇടങ്ങളിലേക്ക് ഒതുക്കി.
മറ്റ് ആശുപത്രികളിലും ഇതുതന്നെയായിരുന്നു അവസ്ഥ. സമരത്തിന് നേതൃത്വം നല്കിയവരോട് ദ്രോഹപരമായ നടപടികള്‍ തുടരുകയാണ്. ബോണ്ട് തുക നല്‍കാതെ സര്ടിഫിക്കറ്റുകളും രേഖകളും നല്കാന് മാനേജ്മെന്റ് സമ്മതിച്ചു. എന്നാല്‍ ഒരിടത്തും അത് നടപ്പായില്ല. തൊഴില്‍ പരിചയം മുന്‍നിര്‍ത്തി സര്ടിഫിക്കറ്റുകള് നല്‍കുമെന്ന ധാരണയും പാലിക്കപ്പെട്ടില്ല. കോടതിയും സര്‍ക്കാറും നിര്‍ദേശിച്ച നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായ സ്വകാര്യ ആശുപത്രികള്‍ നഴ്സുമാര്‍ക്കുള്ള ഇളവുകള്‍ ഇല്ലാതാക്കി. നഴ്സുമാര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ, ഭക്ഷണ ചെലവുകളിലെ ഇളവുകള്‍ തീര്‍ത്തും ഒഴിവാക്കി. ചികിത്സാ, ഭക്ഷണ ചെലവിന്റെ 50ശതമാനം സൗജന്യമായിരുന്ന ആശുപത്രികളില്‍ ഇപ്പോഴാ സൗകാര്യമില്ല. അവധി ദിനങ്ങള്‍ 12 ആക്കി വെട്ടിച്ചുരുക്കി. നേരത്തെ അത് 30 ദിവസമായിരുന്നു. അടിസ്ഥാന വേതനം 3500 രൂപമതിയെന്നും സമരത്തിലോ സംഘടനാ പ്രവര്‍ത്തനത്തിലോ പങ്കാളിയാവില്ലെന്നും എഴുതിവാങ്ങിയായി പുതിയ നിയമനങ്ങള്‍. കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ നഴ്സിങ് ജീവനക്കാരില്‍ നിന്ന് ഒരു സംഘടനയിലും ചേരില്ലെന്ന് എഴുതി വാങ്ങി.
മാനേജ്മെന്റിന്റെ പുതിയ പ്രതികാര പരിപാടികളില്‍ ഒന്നാണ് മുഴുവന്‍ നഴ്സുമാര്‍ക്കും യോഗ്യത പരീക്ഷ വെക്കണമെന്ന തീരുമാനം. പരീക്ഷ ജയിക്കുന്നവരെ മാത്രമേ സ്ഥിരപ്പെടുത്തൂ. അംഗീകൃത യോഗ്യതകളുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കാണ് പരീക്ഷ നടത്താന്‍ തീരുമാനം.
അമൃതയില്‍ സമരം നടക്കുമ്പോള്‍ തന്നെ ആശുപത്രി ഉടമാസംഘം തൊഴിലാളി വിരുദ്ധ നടപടികളുടെ പൊതു നയം രൂപീകരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഉടമകളുടെ യോഗം നഴ്സുമാരുടെ നിയമനത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ളവരെ മാത്രം നഴ്സുമാരായി നിയമിച്ചാല്‍ മതിയെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് തീരുമാനിച്ചു. സ്പെഷലിസ്റ്റ് ആശുപത്രികളില്‍ നിന്ന് പ്രവൃത്തിപരിചയം നേടിയവരായിരിക്കണം നഴ്സുമാര്‍.
മറ്റൊരു ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയിലെ സമ്മതപത്രം നഴ്സുമാര്‍ ഹാജരാക്കണം. പുതിയ നഴ്സുമാര്‍ക്ക് ഇനി പരിശീലനം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചെന്ന് യോഗാനന്തരം അസോസിയേഷന് പ്രസിഡന്റ് ഡോ. പി.കെ. മുഹമ്മദ് റഷീദ് തന്നെ മാധ്യമങ്ങളെ അറിയിച്ചു.

സമരത്തിന്റെ ഭാവി, തലങ്ങള്‍
കോഴിക്കോട് പി.വി.എസ്, അല്‍ഷിഫാ തുടങ്ങിയ ആശുപത്രികളില്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തെമ്പാടും സമരം ശക്തമാക്കുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സംസ്ഥാനപ്രസിഡന്റ് ജാസ്മിന് ഷാ പറയുന്നു. അതേ സമയം തന്നെ സമരത്തെയും സംഘടനയെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മറുവശത്ത് ഊജിതമാണ്.
സംഘടനയുടെ പലനേതാക്കള്ക്കു നേരെയും വധഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേ പോലെ പ്രലോഭിപ്പിക്കാനും ശ്രമം നടക്കുന്നു. സംഘടനയെ പൊളിക്കാനും നീക്കം നടക്കുന്നുണ്ട്. വളരെ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോ, സമരാനുഭവങ്ങളോ, ഐക്യരൂപ- സംഘടനാ ചട്ടക്കൂടുകളോ ഇല്ലാത്ത നഴ്സസ് സംഘടനക്ക് എത്രത്തോളം ചെറുത്തുനില്‍ക്കാനാവുമെന്ന് കണ്ടറിയണം. കേസുകള്‍, മര്‍ദനങ്ങള്‍, അച്ചടക്ക-പ്രതികാര നടപടികള്‍, എതിര്‍പക്ഷത്തുള്ള കോപറേറ്റ്-മത-രാഷ്ട്രീയ നേതൃത്വങ്ങള്‍, മാധ്യമപിന്തുണയില്ലായ്മ എന്നിവയ്ക്കിടയില്‍ സംഘടന ഉലയാനുള്ള സാധ്യതയാണ് കൂടുതല്‍.
തങ്ങളുടെ വരുതിയില്‍ നില്ക്കുന്ന ഒരു ട്രേഡ് യൂണിയനു കീഴില്‍ നഴ്സുമാരെ അണിനിരത്താനാണ് മറ്റൊരു നീക്കം. ആശുപത്രി ഉടമകളുമായി ഇടനില സാധ്യത മുന്നില്‍ കണ്ട് രാഷ്ര്ടീയക്കാരും ഇതില്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്. രക്ഷാകര്‍തൃ സ്ഥാനത്ത് പൊടുന്നനെ ചില രാഷ്ര്ടീയ പാര്‍ട്ടികളും നേതാക്കളും കടന്നുവന്നത് തന്നെ നല്ല സൂചനയല്ല. സമരക്കാര്‍ക്ക് ഭാവി ജോലി സാധ്യതകള്‍ ഇല്ലാതാക്കാനും ആശുപത്രികള്‍ താല്പര്യപ്പെടുന്നു.
പൊതു സമൂഹം നഴ്സുമാരുടെ സമരത്തെ കേവലം ഒരു ആശുപത്രി മാനേജ്മെന്റും അവിടുത്തെ ജീവനക്കാരും തമ്മിലുള്ള വിഷമായി ചുരുക്കി കണ്ടുകൂടാ. നിരവധി മാനങ്ങളും തലങ്ങളുമുള്ളതാണ് ഈ തൊഴില്‍ സമരം. ലോകമെങ്ങും മലയാളി നഴ്സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി നഴ്സുമാരോടുള്ള ഈ 'ലോകപ്രിയത' വെറുതെ ഉണ്ടായതല്ല. പ്രൊഫഷണല്‍ മികവാണ് അതിന് പ്രധാന കാരണം. അതിന് അവര്‍ മാന്യമായ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്. നഴ്സുമാര്‍ കേരളത്തിന്റെ മൊത്തം വിദേശവരുമാനത്തിന്റെ 25%സംഭാവന ചെയ്യുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. ചില ജില്ലകളില്‍ അത് 40-45 ശതമാനം വരെയും.
നഴ്സിംഗ് മേഖലയിലേക്ക് കടന്നുവരുന്നത് കൂടുതലും ദരിദ്ര-ഇടത്തരം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു സത്യം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് ഇതിലേറെയും പേര്. വലിയ തുക കടം മേടിച്ചാണ്, വന്‍ ഫീസ് നല്കി പലരും പെണ്മക്കളെ നഴ്സിംഗിനയ്ക്കുന്നത്. എങ്ങനെയെങ്കിലും മക്കള്‍ നഴ്സുമാരായാല്‍ തങ്ങളും അവരും സ്വയം രക്ഷപ്പെടുമെന്നതാണ് കുടുംബങ്ങളുടെ പ്രതീക്ഷ. അത്തരം പ്രതീക്ഷകള്‍ക്ക് നിലനില്ക്കണമെങ്കില് മെച്ചപ്പെട്ട വേതനവും, തൊഴില്‍ സ്വാതന്ത്ര്യവും ഈ നഴ്സുമാര്‍ക്ക് നല്‍കണം. മഹത്തായ സേവനം നല്‍കുന്നവര്‍ക്ക് ചിലതെല്ലാം തിരിച്ചുനല്‍കാന്‍ സമൂഹത്തിനും ബാധ്യതയുണ്ട്.
പച്ചക്കുതിര, ഫെബ്രുവരി 2012
Subscribe to:
Posts (Atom)