Thursday, February 16, 2012

പുതിയ കാലത്തെ "നക്‌സലൈറ്റുകള്‍"



ആര്‍.കെ.ബിജുരാജ്


'ആശുപത്രിയെ നക്‌സലൈറ്റുകളില്‍ നിന്ന് രക്ഷപ്പെടുത്തുക'.
തീര്‍ച്ചയായും ഇത്തരം ഒരു വാക്യം ചില സൂചനകള്‍ നല്‍കുന്നുണ്ട്. ശരി/തെറ്റുകളുടെ ഭയപ്പെടുത്തുന്ന ഒരു മുന്നറിയിപ്പ്. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്ക് മുമ്പില്‍ കണ്ട ഫ്‌ളക്‌സ് ബാനറാണ് ഇത്. 'ആശുപത്രി സംരക്ഷണസമിതിയും വിശ്വാസികളു'മാണ് ബാനര്‍ തൂക്കിയത്. നഴ്‌സ്മാരുടെ പണിമുടക്കാണ് പശ്ചാത്തലം.
നമ്മളെല്ലാം വൈകാതെ നക്‌സലൈറ്റുകള്‍ (മാവോയിസ്റ്റുകള്‍)ആകുമെന്ന് അരുന്ധതി റോയി പറഞ്ഞത് ശരിയാകുന്നു. ജീവിക്കാനും മാന്യമായി തൊഴിലെടുക്കാനും സമരം ചെയ്ത നഴ്‌സുമാര്‍ നക്‌സലൈറ്റുകള്‍ തന്നെ!
അങ്കമാലിയിലെ 'വിശുദ്ധചെറുപുഷ്പ'ത്തില്‍ നിന്ന് കാരുണ്യത്തിന്റെ സുവിശേഷം ഇടപ്പള്ളിയിലെ അമൃതയിലെത്തുമ്പോഴും ഒരേ ഭാവം. 'അവിശ്വാസികള്‍ ആശുപത്രി തകര്‍ക്കാന്‍ ശ്രമിക്കുന്നു'. സമരത്തിന്റെ കാല്‍ തല്ലിയൊടിക്കാന്‍ മഠത്തിലെ സ്വാമിമാര്‍ തന്നെ രംഗത്ത്. കൂട്ടിന് അതിഹിന്ദുത്വവും. സമരം ചെയ്യുന്ന നഴ്‌സുമാരെ തല്ലിയൊതുക്കുമ്പോഴും കാരുണ്യ മൂര്‍ത്തികള്‍ മൗനവൃതത്തിലാഴും. അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ ബിസിനസ് എന്ന വലിയ താല്‍പര്യത്തെ അപ്പോഴുമവര്‍ പൂജിക്കും. ഒരു മാതൃസ്‌നേഹവും കാരുണ്യവും അനുകമ്പയും ജോലിക്കാരായ നഴ്‌സുമാര്‍ക്കുമേല്‍ ചൊരിയപ്പെടില്ല. അങ്ങനെ, നമ്മുടെ 'സേവനങ്ങള്‍' എല്ലാം ശുദ്ധ ബിസിനസാണെന്നും ആതുരസേവനത്തിന്റെ മുഖംമൂടി തട്ടിപ്പാണെന്നും തുറന്നുകാട്ടാന്‍ നഴ്‌സുമാരുടെ അതിജീവന സമരത്തിനായി.


സമരത്തിന്റെ വില; തുടക്കം

ഒരു നഴ്‌സിന്റെ ആത്മഹത്യയാണ് ഇന്ത്യയിലെമ്പാടും നഴ്‌സുമാരുടെ സമരത്തിന് തീപിടിപ്പിച്ചത്. 2011 ഒക്‌ടോബര്‍ 18 ന് മുംബൈ ബാന്ദ്ര കുര്‍ല കോംപ്‌ളക്‌സിലെ ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലെ നഴ്‌സ് ബീന ബേബി ആത്മഹത്യചെയ്തു. ആശുപത്രിയില്‍ തുച്ഛ വേതനത്തിന് പണിയെടുക്കുന്ന നൂറുകണക്കിന് നഴ്‌സുമാരില്‍ ഒരാളായിരുന്നു തൊടുപുഴ സ്വദേശി ബീന. അടിമവേലചെയ്യിക്കുന്നതിനും മറ്റൊരു ജോലി തേടാതിരിക്കാനും ആശുപത്രി അധികൃതര്‍ ബീനയുടെ യഥാര്‍ഥ വിദ്യാഭ്യാസ രേഖകള്‍ പിടിച്ചുവച്ചിരുന്നു. ബോണ്ട് കാലാവധി കഴിഞ്ഞാലേ അവ തിരിച്ചു നല്‍കൂ. അല്ലെങ്കില്‍ 50,000 രൂപ ആശുപത്രിക്ക് നല്‍കണം. തുക അടച്ചാലും രേഖകള്‍ തിരിച്ചുനല്‍കണമെന്നുമില്ല. ആത്മഹത്യയുടെ തലേദിവസം അള്‍ട്രാ സൗണ്ട് റിപ്പോര്‍ട്ട് കാണാതായി എന്ന് പറഞ്ഞ് അനാവശ്യമായി അധികൃതര്‍ ബീനയെ ചീത്ത വിളിച്ചിരുന്നു. ഇത്തരം പീഡനങ്ങളും അവിടെ നിന്ന് വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയും മൂലമാണ് ബീന ആത്മഹത്യ ചെയ്ത്. ആശുപത്രിയിലെ 80 ശതമാനം നഴ്‌സുമാരുടെയും അവസ്ഥ ബീനയുടേത് തന്നെയായിരുന്നു.
സഹപ്രവര്‍ത്തകയുടെ ആത്മഹത്യ പെട്ടന്ന് തന്നെ രോഷത്തിന്റെ കെട്ടുപൊട്ടിച്ചു. നഴ്‌സുമാര്‍ സമരരംഗത്തിറങ്ങി. 220 മെഡിക്കല്‍ നഴ്‌സ്മാര്‍ നിരാഹാരം തുടങ്ങി. സമരം ചെയ്തവരെ പൊലീസ് ലാത്തി ചാര്‍ജ് ചെയ്തതും 20 നഴ്‌സുമാരെ അവര്‍ താമസിക്കുന്നിടത്തു നിന്ന് രാത്രിയില്‍ ആശുപത്രി അധികൃതര്‍ ഇറക്കി വിടാന്‍ ശ്രമിച്ചതും സമരവീര്യത്തെ കൂട്ടി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടതോടെ രാഷ്ട്രീയക്കാര്‍ ഇടനിലക്കാരായി രംഗത്തിറങ്ങി. ഇന്ത്യയിലെ ഒന്നാം കിട കോര്‍പ്പറേറ്റ് ആശുപത്രികളിലൊന്നാണ് ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മുട്ടുകാല്‍ ശസ്ത്രക്രിയ നടത്തിയ ഡോ. രമാകാന്ത് പാണ്ഡേയാണ് ഉടമ. പ്രധാനമന്ത്രിയുടെ ആളുടെ സ്ഥാപനം എന്നനിലക്കാണ് രാഷ്ട്രീയക്കാര്‍ എത്തി സമരത്തെ വഞ്ചിച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയത്. മുംബൈയില്‍ നിന്ന് സമരം ഡല്‍ഹിയിലേക്കും കൊല്‍ക്കത്തയിലേക്കും ഇങ്ങ് കേരളത്തിലേക്കും പടര്‍ന്നു. മുംബൈ സമരം ഒത്തുതീര്‍ന്നതിന്റെ രണ്ടാം നാള്‍ കൊല്‍ക്കത്തയിലെ രബീന്ദ്രനാഥ് ആശുപത്രിയിലും സമരം തുടങ്ങി. സമരം കനത്തപ്പോള്‍ പാര്‍ലമെന്റ് പ്രശ്‌നം ചര്‍ച്ച ചെയ്തു. സമരത്തിലേര്‍പ്പെട്ടവരില്‍ നല്ല പങ്കും മലയാളികളായിരുന്നു. ലോകത്തെവിടെയും നഴ്‌സുമാര്‍ ഏതെങ്കിലും സമരത്തില്‍ ഏര്‍പ്പെട്ടാല്‍ അത് മലയാളികളുടേത് കൂടിയാണ് എന്ന് അനുഭവം പഠിപ്പിക്കുന്നു.
യഥാര്‍ഥത്തില്‍, സമരം തുടങ്ങുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ സുപ്രധാനമായ തീരുമാനമെടുത്തിരുന്നു. 2011 ഓഗസ്റ്റ് 29 ന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ (ഐ.എന്‍.സി) എല്ലാ നഴ്‌സിംഗ് സ്ഥാപനങ്ങളുടെയും പ്രിന്‍സിപ്പല്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ബോണ്ടിംഗ് സംവിധാനത്തെ എതിര്‍ത്തു. ബോണ്ടിംഗ് അധാര്‍മികമായതിനാല്‍ അത് നിര്‍ത്തണമെന്നും അതു തുടര്‍ന്നാല്‍ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി (പീനല്‍ ആക്ഷന്‍) എടുക്കുമെന്നുമെന്നുമായിരുന്നു സര്‍ക്കുലര്‍. ബോണ്ടുകളും രേഖകളും നഴ്‌സ്മാര്‍ക്ക് തിരിച്ചുനല്‍കണമെന്ന് സംഘടനാ ജോയിന്റ് സെക്രട്ടറി കെ.എസ്. ഭാരതി സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു.
2011 ഡിസംബര്‍ 31 ഡല്‍ഹി സംസ്ഥാന ആരോഗ്യ വകുപ്പ് ബോണ്ടിനെതിരെയും രേഖകള്‍ പിടിച്ചുവക്കുന്നതിനെതിരെയും ഉത്തരവിറക്കി. അപ്പോളോ ആശുപത്രിയിലെ കൊല്ലം സ്വദേശിയായ സ്റ്റാഫ് നഴ്‌സ് എന്‍ ആന്‍സി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്. കാന്‍സര്‍ രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ജോലി രാജിവയ്ക്കാന്‍ ഇഷ്ടപ്പെട്ട ആന്‍സിയെ അതിന് ആശുപത്രി അധികൃതര്‍ അനുവദിച്ചിരുന്നില്ല. കോടതി വിധി ഉണ്ടായതോടെ സര്‍ക്കാരുകളും അനങ്ങിത്തുടങ്ങി.
രാജ്യത്താകമാനം നഴ്‌സുമാര്‍ അനുഭവിച്ചിരുന്ന ദുരിതാവസ്ഥയാണ് സമരം വ്യാപിക്കുന്നതിന് മുഖ്യകാരണം. അതോടൊപ്പം കല്‍ക്കത്തയില്‍ എ.എം.ആര്‍.ഐ ആശുപത്രിക്ക് തീപിടിച്ച് 90 പേര്‍ മരിച്ചതും, ഇന്റര്‍നെറ്റ്/സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെയുള്ള പ്രചരണവും സമരത്തിന് അനുകൂല അന്തരീക്ഷം ഒരുക്കി.


നഴ്‌സുമാരുടെ ആവശ്യങ്ങള്‍

രാജ്യമെമ്പാടും നടന്ന സമരങ്ങളില്‍ മൂന്ന് പ്രധാന ആവശ്യങ്ങളായിരുന്നു നഴ്‌സുമാര്‍ ഉയര്‍ത്തിയത്. നിയമവിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക. ബോണ്ട് തുക നല്‍കാതെ എല്ലാ സര്‍ടിഫിക്കറ്റുകളും രേഖകളും തിരിച്ചു നല്‍കി പിരിയാന്‍ അനുവദിക്കുക. ജോലി ചെയ്ത കാലത്തെ പ്രവര്‍ത്തനപരിചയ സര്‍ടിഫിക്കറ്റുകള്‍ യഥാസമയത്ത് നല്‍കുക. നഴ്‌സുമാര്‍ സമരങ്ങളില്‍ വേതനക്കൂടുതല്ല ആവശ്യപ്പെട്ടത് (അതവരുടെ അടിയന്തര ആവശ്യമാണെങ്കില്‍ കൂടിയും) എന്നത് ശ്രദ്ധേയമാണ്.
രാജ്യത്തെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിങ് ജീവനക്കാരോടുള്ള സമീപനം മോശമായ രീതിയിലാണ്. 10-18 മണിക്കൂര്‍ ജോലി. 1500-4500 രൂപയാണ് മിക്ക ആശുപത്രികളിലെയും വേതനം. ഈ തുകയില്‍ നിന്നുവേണം താമസ, ഭക്ഷണ സൗകര്യങ്ങള്‍ കണ്ടെത്താന്‍. വിദ്യാഭ്യാസ വായ്പയെടുത്ത് നഴ്‌സിംഗ് പഠിച്ച് പാസാകുന്നവരെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുന്നതാണ് നിയമന വ്യവസ്ഥകള്‍. 3-4 വര്‍ഷം ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുകൊള്ളാമെന്ന ബോണ്ട് എഴുതി നല്‍കണം. ഈ കാലയളവില്‍ എന്തുസഹിക്കണം. ഇടക്ക് വച്ച് ജോലിയില്‍ നിന്ന് പിരിയണമെന്നുണ്ടെങ്കില്‍ 50,000-ഒരുലക്ഷം രൂപ നഴ്‌സുമാര്‍ ആശുപത്രിക്ക് നല്‍കണം. അത് അത്ര എളുപ്പവുമല്ല. തൊഴില്‍ നിയമങ്ങള്‍ പ്രകാരം ബോണ്ട് കുറ്റകരമാണ്. നിയമവിരുദ്ധമാണ്. ഒഴിഞ്ഞു പോയാല്‍ പ്രവര്‍ത്തന പരിചയ സര്‍ടിഫിക്കറ്റ് നിഷേധിക്കും. മറ്റൊരിടത്തും ജോലി കിട്ടാത്ത അവസ്ഥയുമുണ്ടാക്കും.
കേരളത്തില്‍ ആരോഗ്യവകുപ്് ഗ്രേഡ് 2 നഴ്‌സുമാര്‍ക്ക് 13,900 രൂപ വേതനം നല്‍കുമ്പോഴാണ് സ്വകാര്യ ആശുപത്രികളില്‍ 2000-4000 രൂപ വേതന സംവിധാനം. 2009 ല്‍ സര്‍ക്കാര്‍ നഴ്‌സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിച്ചിരുന്നു. അതനുസരിച്ച് നഴ്‌സുമാര്‍ക്ക് 7500 രൂപ കറഞ്ഞ വേതനമായി കിട്ടണം. എന്നാല്‍, ശരാശരി 3000 രൂപയാണ്് മിക്ക ആശുപത്രികളും നല്‍കുന്നത്. ലീവ്, പി.എഫ്. ഉള്‍പ്പടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ല. രണ്ടുവര്‍ഷത്തെ ട്രെയിനി എന്ന പേരിലാണ് നിയമനം. ട്രെയിനിംഗ് സൗകര്യ മനുസരിച്ച് അഞ്ചും പത്തും വര്‍ഷം നീട്ടാം. പലയിടത്തും ആശുപത്രി നേരിട്ടല്ല ഇടനിലക്കാരെ വെച്ചാണ് നഴ്‌സുമാരെ നിയമിക്കുന്നത്. ഈ ഇടനിലക്കാരും നഴ്‌സുമാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം പിഴിഞ്ഞെടുക്കും.


സമരം കേരളത്തിലേക്ക്

സമരം കേരളത്തിലേക്ക് വ്യാപിക്കുന്നതിന് കാരണം യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്ന സംഘടനയാണ്. വളരെ പെട്ടെന്ന്, പതിവ് രീതികളില്‍ നിന്ന് വ്യത്യസ്തമായിരുന്നു സംഘടനയുടെ രൂപീകരണം. മുംബൈയില്‍ സമരം നടക്കുന്ന സമയത്ത് തൃശൂരിലെ ചില നഴ്‌സുമാര്‍ ഫേസ്ബുക്കില്‍ സമരത്തിന് അനുകൂലമായി കുറിപ്പിട്ടു. പെട്ടന്ന് തന്നെ നഴ്‌സുമാരും സമാനമനസ്‌കരും ഒന്നിച്ചു. ഈ ഒന്നിക്കല്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളുടെ പ്രസക്തി എടുത്തുകാട്ടുന്നുണ്ട്. നവംബര്‍ 16 സംഘടന രജിസ്റ്റര്‍ ചെയ്തു. വൈകാതെ തൃശൂര്‍ മദര്‍ ഹോസ്‌ററ്പിറ്റലില്‍ സമരത്തിന് നോട്ടീസ് നല്‍കി. പ്രത്യക്ഷ സമരം കൂടാതെ തന്നെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.
ഈ വിജയത്തിന് കുറച്ചുദിവസം മുമ്പ് കൊല്ലത്ത് ശങ്കര്‍ സ്മാരക ആശുപത്രിയിലും സമരം നടന്നു. ഇന്ത്യന്‍ രജിസ്‌ട്രേഡ് നഴ്‌സ് അസോസിയേഷന്‍ (ഐ.ആര്‍.എന്‍.എ)ക്കായിരുന്നു നേതൃത്വം. സമരം ചെയ്യുന്നര്‍ക്കെതിരെ ഗുണ്ടകളെ ഉപയോഗിച്ച് മര്‍ദനം അഴിച്ചുവിട്ടു. എന്നാല്‍, കൂടുതല്‍ പേര്‍ രംഗത്തിറങ്ങുകയും സമരം ശക്തമാകുകയും ചെയ്തപ്പോള്‍ നഴ്‌സുമാരുടെ ആവശ്യം ആശുപത്രി അധികൃതര്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥ വന്നു.


കാരുണ്യവും ബിസിനസ്!

ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജില്‍ ന്യായമായ അവകാശങ്ങള്‍ ഉന്നയിച്ച് നോട്ടീസ് നല്‍കിയതോടെ കേരളത്തില്‍ നഴ്‌സുമാരുടെ സമരം പുതിയ ഉയരങ്ങളിലെത്തി. സമരത്തോടുള്ള അമൃത അധികൃതരുടെ സമീപനം വളരെ മോശമായിരുന്നു. കാരൃണ്യം പ്രചരിപ്പിക്കുന്ന അമ്മ മൂര്‍ത്തിക്ക് ഒട്ടും ചേരാത്തതായിരുന്നു തുടര്‍ നടപടികള്‍.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ യൂണിറ്റ് ആശുപത്രിയില്‍ രൂപീകരിച്ചതും നോട്ടീസ് നല്‍കിയതും അമൃതാനന്ദമയി മഠത്തിലുള്ളവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. സംഘടനയുടെ യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാര്‍, ജോ.സെക്രട്ടറി ഷിബു എന്നിവരെ ജോലിയില്‍നിന്ന് പുറത്താക്കി. കാരണം പറഞ്ഞത് ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചുവെന്നതാണ്. എന്നാല്‍ പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചതോടെ മാനേജ്‌മെന്റ് പ്രതിക്കൂട്ടിലായി. മാനേജ്‌മെന്റ് ക്ഷണിച്ചതനുസരിച്ച് നഴ്‌സിങ് ജീവനക്കാരെ പിരിച്ചുവിട്ട വിഷയം ചര്‍ച്ച ചെയ്യാനെത്തിയ യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് ജാസ്മിന്‍ ഷാ, സെക്രട്ടറി സുദീപ് കൃഷ്ണന്‍,തൃശൂര്‍ ജില്ലാ സെക്രട്ടറി ഷിഹാബ്, വൈസ് പ്രസിഡന്റ് ദിപു എന്നിവരെ ആശുപത്രിക്കകത്ത് ഗുണ്ടകള്‍ മര്‍ദിച്ച് അവരാക്കി. വലിയ ഇടനാഴിയിലിട്ട് സമരനേതാക്കളെ ഇരുമ്പു കമ്പി, കമ്പിപ്പാര, ഇടിക്കട്ട എന്നിവയുമായി പിന്നില്‍ നിന്നും മുന്നില്‍ നിന്നും പതിനഞ്ച് മിനിറ്റേ് ആക്രമിച്ചു. നേതാക്കളുടെ കാല്‍മുട്ടും കൈയും കാലും അടിച്ചൊടിച്ചു. ചോരയില്‍ കുളിച്ചു കിടക്കുന്നവരെ നിലത്തു കൂടെ വലിച്ചിഴച്ച് ഗുണ്ടകള്‍ തന്നെ കാഷ്വാലിറ്റിയില്‍ എത്തിച്ചു. ഡിസ് ചാര്‍ജ് ആവശ്യം അംഗീകരിച്ചില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് 200 ലധികം നഴ്‌സുമാര്‍ പണിമുടക്കി ആശുപത്രിക്ക് മുന്നില്‍കുത്തിയിരുന്നു. കുത്തിയിരുന്നവരെ പൊലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കാന്‍ ശ്രമം നടന്നു. പ്രശ്‌ന പരിഹാരത്തിന് രാത്രി ട്രേഡ് യൂനിയന്‍ നേതാക്കളും അസി. പൊലീസ് കമീഷണറും ആശുപത്രിഅധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചില ധാരണകള്‍ ഉരുതിരിഞ്ഞു. തീരുമാനം മിനുട്‌സില്‍ രേഖപ്പെടുത്തണമെന്ന നഴ്‌സുമാരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാന്‍ വിസമ്മതിച്ചു. അതോടെ സമരം തുടരുകയല്ലാതെ നിവൃത്തിയില്ലാതായി. അടുത്ത ദിവസങ്ങളില്‍ സമരത്തിന് പിന്തുണയേറി. ആയിരത്തോളം നഴ്‌സുമാര്‍ പണിമുടക്കി. സമരം പൊളിക്കാന്‍ അമൃതക്ക് കീഴിലെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് സന്യസ്തരുള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ സേവനത്തിന് മാനേജ്‌മെന്റ് നിയോഗിച്ചു. ജീവനക്കാരുടെ അഭാവവും സമരവും മൂലം പ്രവര്‍ത്തനം താളംതെറ്റിയ ആശുപത്രിയില്‍നിന്ന് രോഗികള്‍ കൂട്ടംകൂട്ടമായി ഡിസ്ചാര്‍ജ് വാങ്ങിപ്പോകുന്നത് തുടര്‍ന്നു. ഒറ്റ ദിവസം 250 രോഗികള്‍ ആശുപത്രി വിട്ടു. സമര ലഘുലേഖ ആശുപത്രിയില്‍ വിതരണം ചെയ്യുന്നതിനിടെ സമരക്കാരില്‍ ഒരാളെ മുറിയില്‍ തടഞ്ഞുവെച്ച് മര്‍ദിച്ച് അവശനാക്കി. ഈ സംഭവത്തില്‍ അമൃതാസ്ഥാപനങ്ങളിലെ അന്തേവാസികളായ നാല് പേരാണ് (ഇവര്‍ സ്വാമിമാരാണെന്നും അല്ലെന്നും പറയപ്പെടുന്നു) പിടിയിലായത്. സമരം കൈപ്പിടിയില്‍ ഒതുങ്ങില്ലെന്ന് മനസിലായതും രോഗികള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് പോയതും മൂലം ഒടുവില്‍ ആശുപത്രി അധികൃതര്‍ ഒത്തുതീര്‍പ്പിന് തയാറായി. മൂന്ന് ദിവസത്തിനുശേഷം സമരം പിന്‍വലിച്ചു.


അങ്കമാലിയിലെ സമരം

അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മാനേജ്‌മെന്റിന് നഴ്‌സുമാര്‍ ഡിസംബര്‍ 22ന് ഡിമാന്റ് നോട്ടീസ് നല്‍കി. സംഘടനാ സ്വാതന്ത്യ്രം അനുവദിക്കുക, ഡ്യൂട്ടി സമയം എട്ടു മണിക്കൂര്‍ ആക്കുക, കുറഞ്ഞ വേതനം നല്‍കുക, പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ അനുവദിക്കുക, സബ്കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി നടപ്പാക്കുക, നഴ്‌സിങ് ജോലി മാത്രം നല്‍കുക, ഒരുവര്‍ഷം കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയവയും നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി പത്തുമുതല്‍ സമരം ചെയ്യാനായിരുന്നു തീരുമാനം. മാനേജ്‌മെന്റ അടുത്ത ദിവസം നാല് പേരെ പുറത്താക്കി. ഇവരെ തിരിച്ചെടുത്തില്ലെങ്കില്‍ രണ്ടാം തീയതി മുതല്‍ പ്രക്ഷോഭം തുടങ്ങുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. ജനുവരി 3 ന് ആശുപത്രിയില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടങ്ങി. ബാഹ്യശക്തികളുടെ പ്രേരണ മൂലമാണ് പുറമെ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ 74 നഴ്‌സിങ് ട്രെയിനികള്‍ സമരമാരംഭിച്ചതന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം.
സമരം മുന്നേറുമ്പോള്‍ വര്‍ഗീയവല്‍ക്കരിച്ചും സമുദായവല്‍ക്കരിച്ചും അടിച്ചൊതുക്കാനാണ് മാനേജ്‌മെന്റ ശ്രമിച്ചത്. നഴ്‌സുമാര്‍ക്കെതിരെ എല്ലാ വിശ്വാസികളും അണിചേരണമെന്ന് ആവശ്യപ്പെട്ട് അങ്കമാലിയിലെ കത്തോലിക്കാപള്ളികളില്‍ കുര്‍ബാനക്കിടെ നോട്ടീസ് വായിച്ചു. സമരത്തിനെതിരെ എല്‍.എഫ് ആശുപത്രി സംരക്ഷണ സമിതി നേതൃത്വത്തില്‍ റാലിയും, കണ്‍വെന്‍ഷനും നടന്നു. പ്രകടനത്തില്‍ അണിനിരന്ന വികാരികളെയും കന്യാസ്ത്രീകളെയും ജനങ്ങള്‍ നിരന്ന് നിന്ന് കൂക്കിവിളിച്ചു. മുദ്രാവാക്യങ്ങള്‍ കൂക്കിവിളികള്‍ക്കിടയില്‍ മുങ്ങിപ്പോയി. സഭാനേതൃത്വം കൂടുതല്‍ അപമാനിതരായി. പട്ടണത്തിലും, സമീപ പ്രദേശങ്ങളിലും മതവൈര്യമുണ്ടാക്കുന്ന പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച് സമരത്തെ അപകീര്‍ത്തിപ്പെടുത്താനും ശ്രമം നടന്നു.
ഇതിനിടയില്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സമരം ചെയ്യുന്ന കുട്ടികളുടെ നേര്‍ക്ക് കത്തിയുമായി ചാടി വീണു. നാട്ടുകാര്‍ ഓടിക്കൂടി ആക്രമിക്കുമെന്ന ഘട്ടത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആശുപത്രിക്കകത്ത് കയറി ഒളിച്ചു. പ്രതികാരമായി കാഷ്വാലിറ്റി വിഭാഗം അടിച്ചു തകര്‍ത്തെന്ന കള്ളക്കേസ് സമരക്കാര്‍ക്കെതിരെ എടുത്തു. മാനേജ്‌മെന്റ് നിയോഗിച്ച ഫോട്ടോഗ്രാഫറെ സമരക്കാര്‍ കൈകാര്യം ചെയ്‌തെന്ന് ആരോപിച്ച് എട്ട് പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കടന്ന് നഗ്‌ന ചിത്രമെടുക്കാന്‍ ശ്രമിച്ചു എന്ന് പെണ്‍കുട്ടികളും പരാതി നല്‍കി. അത്യാഹിത വിഭാഗത്തില്‍ ജോലിക്കു ചെന്ന നഴ്‌സുമാരെ കന്യാസ്തീകള്‍ മുറിയില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായി.
എസ്മ പ്രകാരം സമരക്കാര്‍ക്കെതിരെ നടപടി വേണമെന്ന് പറഞ്ഞ് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. സമരക്കാരുടെ ആവശ്യം ന്യായമാണ്. ആദ്യം അത് പരിഹരിക്കണം. എന്നതായിരുന്നു കോടതി നിലപാട്. നഴ്‌സുമാര്‍ക്ക് സമരം നടത്താന്‍ ആശുപത്രി വളപ്പില്‍ തന്നെ സ്ഥലം അനുവദിക്കാന്‍ കോടതി നിര്‍ദേശിച്ചു. നഴ്‌സുമാര്‍ക്ക് അടിസ്ഥാന ശമ്പളം നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശം കൂടി ആയതോടെ മാനെജ്‌മെന്റ് വെട്ടിലായി.
ദിവസങ്ങള്‍ക്കുള്ളില്‍ സമരം ഒത്തുതീര്‍പ്പായി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തു. മറ്റ് ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. തൃശൂര്‍ അമല, ജൂബിലി ആശുപത്രികളിലും നഴ്‌സുമാര്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. തൃശൂരിലെ സി.എം.ഐ സഭയും നഴ്‌സുമാരും ലേബര്‍ ഓഫീസ് ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പലെത്തി. സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വേതനം നല്‍കാനും ഒന്നര വര്‍ഷം പൂര്‍ത്തിയാക്കിയ നഴ്‌സുമാരെ സ്ഥിരപ്പെടുത്താനും തീരുമാനമായി. ഒറ്റ ചര്‍ച്ചയില്‍ തന്നെ ജൂബിലി ആശുപത്രിയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു.

മാധ്യമങ്ങളുടെ മൗനസമ്മതം

നഴ്‌സുമാരുടെ സമരത്തോട് കുറ്റകരമായ അലംഭാവത്തോടെ മുഖം തിരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മുംബൈ സമരത്തെപ്പറ്റി വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങള്‍ സമരം കേരളത്തില്‍ തുടങ്ങിയതോടെ പിന്‍വാങ്ങി.ആശുപത്രികള്‍ നല്‍കുന്ന ഭീമമായ പരസ്യം നഷ്ടപ്പെടുമോ എന്നു ഭയമായിരിക്കണം മാധ്യമമൗനത്തിന് മുഖ്യകാരണം.
സമരഅനുകൂലമായ വാര്‍ത്തകള്‍ ഒന്നും മാതൃഭൂമി പത്രം പ്രസിദ്ധീകരിച്ചില്ല. അമൃതാനന്ദമയി മഠത്തിനോടുള്ള അടുപ്പവും മഠത്തിന്റെ ഇടപെടലുമാണ് മാതൃഭൂമിയുടെ ഈ നയത്തിന് പിന്നില്‍. അതോടൊപ്പം ഡയറക്ടര്‍ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളും അവരെ ഭയപ്പെടുത്തി. അവിടെയും സമരം ഉയരുമോ എന്ന പേടി തന്നെ കാരണം. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും സഭാനേതൃത്വത്തിനുമെതിരെ എഴുതേണ്ടിവരുമെന്ന് മുന്‍കൂട്ടി കണ്ട് മനോരമ ആദ്യം മുതലേ സമരത്തിന് പുറം തിരിഞ്ഞു നിന്നു. 'മാധ്യമം' ടദേശാഭിമാനി പത്രവും, ഇന്ത്യാവിഷന്‍.റിപ്പോര്‍ട്ടര്‍ ചാനലുകളുമാണ് അല്‍പമെങ്കിലൂം ഭേദപ്പെട്ട രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയത്. മലബാറിലെ ചില മുസ്‌ളീം ആശുപത്രികളില്‍ സമരത്തിന് നോട്ടീസ് നല്‍കപ്പെട്ട സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് നിലപാട്മാറ്റം സംഭവിക്കുമോയെന്ന് കാത്തിരുന്നു കാണാം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തമസ്‌കരിക്കുക മാത്രമല്ല ചെയ്ത്. മാനേജ്‌മെന്റിന്റെ ഭാഷ്യം നല്‍കാനും സമരത്തിനെതിരെ ചെറുതും വലുതുമായ നിരവധി കള്ളങ്ങളും എഴുതിപ്പിടിപ്പിക്കാനും മത്സരിച്ചു. സമരക്കാര്‍ക്കുനേരെയുള്ള കള്ളക്കേസുകളുടെ കാര്യം വിശദമായി പൊലിപ്പിച്ചു നല്‍കി.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ സി.പി.എം സമരത്തിനൊപ്പമുണ്ടെന്ന് വരുത്തുകയും എന്നാല്‍ സമരത്തിനെതിരെ നിലകൊള്ളുകയുമാണ് ചെയ്തത്. സ്വന്തമായും നടത്തിപ്പു ചുമതലയിലുമുള്ള ആശുപത്രികളില്‍ നാളെ ഉയരാന്‍ സാധ്യതയുള്ള സമരങ്ങള്‍ അവരും മുന്‍കൂട്ടി കാണുന്നുണ്ടാവും. സമരത്തിനൊപ്പം നിന്നില്ലെങ്കില്‍ ജനങ്ങള്‍ക്കുമുന്നില്‍ ഒറ്റപ്പെടുമെന്ന ബോധമാണ് അല്‍പമെങ്കിലൂം അനുകൂല സമീപനം എടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
വാര്‍ത്തകള്‍ തമസ്‌കരിച്ച മാധ്യമങ്ങളും വാര്‍ത്തകള്‍ വരാതിരിക്കാന്‍ നല്ല രീതിയില്‍ പണിപ്പെട്ട മാനേജ്‌മെന്റുകളും മറ്റൊരു കാര്യം വിട്ടുപോയി. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെയും പ്രാധാന്യം. മാധ്യമങ്ങള്‍ക്ക് പുറത്ത് ഈ ഫിഫ്ത്ത് എസ്‌റ്റേറ്റിലൂടെ (ഓണ്‍ലൈന്‍ ലോകം) സത്യം പുറത്തുവന്നു. ശ്രദ്ധേയമായ ഇടപെടലുകള്‍ ഓണ്‍ലൈന്‍ രംഗത്തുണ്ടായി. ഡൂള്‍ന്യൂസ്, നാലാമിടം,, മറുനാടന്‍ മലയാളി തുടങ്ങിയ സൈറ്റുകള്‍ വാര്‍ത്തകളും അഭിമുഖങ്ങളും നല്‍കി. മറ്റൊരര്‍ഥത്തില്‍ മാധ്യമങ്ങളെന്ന ഫോര്‍ത്ത് എസ്‌റ്റേറ്റിനെ സൈബര്‍ ലോകം മറികടന്നുവെന്ന് സമരത്തിന് കിട്ടിയ ജനപിന്തുണ വ്യക്തമാക്കുന്നു.

രാഷ്ട്രീയക്കാര്‍ സമരത്തെ വഞ്ചിച്ച വിധം

2011 ഡിസംബര്‍ 9 ന് രാജീവ് പൊന്നാഡത്ത് ( പി. രാജീവ് എം.പി തന്നെ ഇദ്ദേഹം) ഫേസ് ബുക്കില്‍ ഇംഗ്ലീഷില്‍ എഴുതി: '' എറണാകുളം അമൃത നഴ്‌സുമാര്‍ നടത്തിയ സമരം ഇന്ന് പുലര്‍ച്ചെ 3ന് ഞങ്ങള്‍ പരിഹരിച്ചു. മാനേജ്‌മെന്റ് വേതന പ്രശ്‌നം മൂന്നുമാസത്തിനകം പരിഹരിക്കും, യൂണിയന്‍ നേതാവിന് ഒരു മാസം വീണ്ടും ചേരാന്‍ സമയം നല്‍കും. പ്രവര്‍ത്തനപരിചയ സര്‍ട്ടിഫിക്കറ്റ് ആറ് മാസത്തിന് ശേഷം നല്‍കും. നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാവില്ല. .. ഞാന്‍ ഈ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ മധ്യസ്ഥനെന്ന നിലയില്‍ രണ്ടു രാത്രി ചെലവിട്ടു''.
സമരത്തിന്റെ ക്രെഡിറ്റ് സ്വന്തംപേരിലെഴുതാനുള്ള വ്യഗ്രതമാത്രമാണ് ഈ ഫേസ്ബുക്ക് കുറിപ്പ്. ജനങ്ങള്‍ വിശ്വസിക്കണം എന്തോ മഹത്തായ കാര്യം 'ഞങ്ങള്‍' ചെയ്തിരിക്കുന്നുവെന്ന്! ്എന്നാല്‍ പി.രാജീവ് ഉള്‍പ്പടെയുള്ള ഇടത്-വലതുരാഷ്ട്രീയക്കാര്‍ സമരത്തില്‍ 'മധ്യവര്‍ത്തികള്‍' മാത്രമായിരുന്നു. നഴ്‌സുമാരുടെ പ്രശ്‌നത്തെയല്ല അവര്‍ പ്രതിനിധീകരിച്ചത്. രാജീവ് തന്നെ എഴുതിയ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ നോക്കിയാല്‍ അതു മനസിലാകും.് ബോണ്ട് സംവിധാനത്തെപ്പറ്റി അതില്‍ ഒന്നും പറയുന്നില്ല.
അമൃതയില്‍ സമരം തുടങ്ങിയ ആദ്യ ദിവസം തന്നെ സമരത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത് ചില കോണ്‍ഗ്രസ് നേതാക്കള്‍ നഴ്‌സുമാരുടെ പ്രതിനിധിയായി മാനേജ്‌മെന്റുമായി ഒത്തുതീര്‍പ്പിന്ശ്രമിച്ചിരുന്നു. സമരക്കാര്‍ എതിര്‍ത്തതോടെയാണ് അവര്‍ പിന്‍വാങ്ങിയത്.
മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സമരം നടക്കുമ്പോഴും ഇത്തരം 'മധ്യവര്‍ത്തികള്‍' എത്തിയിരുന്നു. എം.പിമാരായ പി.ടി തോമസ്, ജോസ് കെ. മാണി, ആന്‍േറാ ആന്റണി, മഹാരാഷ്ര്ട ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയവരായിരുന്നു സമരക്കാര്‍ക്കുവേണ്ടി മാനേജ്‌മെന്റുമായി സംസാരിച്ചത്. ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് സമരം പിന്‍വലിക്കുകയണെന്ന് അവര്‍ പ്രസ്താവനയും നടത്തി. എന്നാല്‍, ഈ പ്രസ്താവനകളില്‍ വലിയ ചതി ഒളിഞ്ഞിരുന്നു. ഒരാശുപത്രിയുടെയും അവിടത്തെ നഴ്‌സുമാരുടെയും പ്രശ്‌നം മാത്രമായി വലിയ സമരത്തെ അവര്‍ ചുരുക്കി. നഴ്‌സുമാര്‍ ഉയര്‍ത്തിയ ബോണ്ട് സമ്പ്രദായം റദ്ദാക്കുക പോലുള്ള നിര്‍ണായക ആവശ്യങ്ങളെല്ലാം അവഗണിക്കപ്പെട്ടു. ബോണ്ട് സമ്പ്രദായത്തെപ്പറ്റി പിന്നീട് തീരുമാനിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ പിന്നീട് മധ്യസ്ഥരെ ആരും കണ്ടില്ല. വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഉറപ്പാക്കാത്തിടത്തോളം എല്ലാ ചര്‍ച്ചയും പരാജയമാണ്. അതുകൊണ്ട് തന്നെ ചര്‍ച്ചയില്‍ പങ്കെടുത്തവരെ ധാര്‍മിക ബോധവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മുംബൈയിലും അമൃതയിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവറിലുമെല്ലാം സമരാനന്തരം മാനേജ്‌മെന്റ് ഒരേ തരം നടപടിയാണ് കൈക്കൊണ്ടത്.


ആശുപത്രി ഉടമകളുടെ പ്രതികാര നടപടി

അമൃതയില്‍ ഒത്തുതീര്‍പ്പുണ്ടായി സമരം വിജയിച്ചുവെന്ന ഫേസ്ബുക്ക് കുറിപ്പെഴുതിയവരുടെ തൊട്ടുമുന്നില്‍ അധികൃതര്‍ നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. 230 നഴ്‌സുമാരെ അമൃത ആശുപത്രി തൊട്ടടുത്ത ദിവസം പിരിച്ചുവിട്ടു. പരിശീലനം പൂര്‍ത്തിയാക്കിയ നഴ്‌സുമാരായിരുന്നു ഇവര്‍. പലരെയും സ്ഥലം മാറ്റി. ചിലരെ അപ്രധാന ഇടങ്ങളിലേക്ക് ഒതുക്കി.
മറ്റ് ആശുപത്രികളിലും ഇതുതന്നെയായിരുന്നു അവസ്ഥ. സമരത്തിന് നേതൃത്വം നല്‍കിയവരോട് ദ്രോഹപരമായ നടപടികള്‍ തുടരുകയാണ്. ബോണ്ട് തുക നല്‍കാതെ സര്‍ടിഫിക്കറ്റുകളും രേഖകളും നല്‍കാന്‍ മാനേജ്‌മെന്റ് സമ്മതിച്ചു. എന്നാല്‍ ഒരിടത്തും അത് നടപ്പായില്ല. തൊഴില്‍ പരിചയം മുന്‍നിര്‍ത്തി സര്‍ടിഫിക്കറ്റുകള്‍ നല്‍കുമെന്ന ധാരണയും പാലിക്കപ്പെട്ടില്ല. കോടതിയും സര്‍ക്കാറും നിര്‍ദേശിച്ച നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായ സ്വകാര്യ ആശുപത്രികള്‍ നഴ്‌സുമാര്‍ക്കുള്ള ഇളവുകള്‍ ഇല്ലാതാക്കി. നഴ്‌സുമാര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ, ഭക്ഷണ ചെലവുകളിലെ ഇളവുകള്‍ തീര്‍ത്തും ഒഴിവാക്കി. ചികിത്സാ, ഭക്ഷണ ചെലവിന്റെ 50ശതമാനം സൗജന്യമായിരുന്ന ആശുപത്രികളില്‍ ഇപ്പോഴാ സൗകാര്യമില്ല. അവധി ദിനങ്ങള്‍ 12 ആക്കി വെട്ടിച്ചുരുക്കി. നേരത്തെ അത് 30 ദിവസമായിരുന്നു. അടിസ്ഥാന വേതനം 3500 രൂപമതിയെന്നും സമരത്തിലോ സംഘടനാ പ്രവര്‍ത്തനത്തിലോ പങ്കാളിയാവില്ലെന്നും എഴുതിവാങ്ങിയായി പുതിയ നിയമനങ്ങള്‍. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നഴ്‌സിങ് ജീവനക്കാരില്‍ നിന്ന് ഒരു സംഘടനയിലും ചേരില്ലെന്ന് എഴുതി വാങ്ങി.
മാനേജ്‌മെന്റിന്റെ പുതിയ പ്രതികാര പരിപാടികളില്‍ ഒന്നാണ് മുഴുവന്‍ നഴ്‌സുമാര്‍ക്കും യോഗ്യത പരീക്ഷ വെക്കണമെന്ന തീരുമാനം. പരീക്ഷ ജയിക്കുന്നവരെ മാത്രമേ സ്ഥിരപ്പെടുത്തൂ. അംഗീകൃത യോഗ്യതകളുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കാണ് പരീക്ഷ നടത്താന്‍ തീരുമാനം.
അമൃതയില്‍ സമരം നടക്കുമ്പോള്‍ തന്നെ ആശുപത്രി ഉടമാസംഘം തൊഴിലാളി വിരുദ്ധ നടപടികളുടെ പൊതു നയം രൂപീകരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഉടമകളുടെ യോഗം നഴ്‌സുമാരുടെ നിയമനത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. ഒരുവര്‍ഷം പ്രവൃത്തിപരിചയമുള്ളവരെ മാത്രം നഴ്‌സുമാരായി നിയമിച്ചാല്‍ മതിയെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. സ്‌പെഷലിസ്റ്റ് ആശുപത്രികളില്‍ നിന്ന് പ്രവൃത്തിപരിചയം നേടിയവരായിരിക്കണം നഴ്‌സുമാര്‍.
മറ്റൊരു ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന ആശുപത്രിയിലെ സമ്മതപത്രം നഴ്‌സുമാര്‍ ഹാജരാക്കണം. പുതിയ നഴ്‌സുമാര്‍ക്ക് ഇനി പരിശീലനം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചെന്ന് യോഗാനന്തരം അസോസിയേഷന്‍ പ്രസിഡന്റ് ഡോ. പി.കെ. മുഹമ്മദ് റഷീദ് തന്നെ മാധ്യമങ്ങളെ അറിയിച്ചു.



സമരത്തിന്റെ ഭാവി, തലങ്ങള്‍

കോഴിക്കോട് പി.വി.എസ്, അല്‍ഷിഫാ തുടങ്ങിയ ആശുപത്രികളില്‍ സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാനത്തെമ്പാടും സമരം ശക്തമാക്കുമെന്നും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് ജാസ്മിന്‍ ഷാ പറയുന്നു. അതേ സമയം തന്നെ സമരത്തെയും സംഘടനയെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ മറുവശത്ത് ഊജിതമാണ്.
സംഘടനയുടെ പലനേതാക്കള്‍ക്കു നേരെയും വധഭീഷണി നിലനില്‍ക്കുന്നുണ്ട്. അതേ പോലെ പ്രലോഭിപ്പിക്കാനും ശ്രമം നടക്കുന്നു. സംഘടനയെ പൊളിക്കാനും നീക്കം നടക്കുന്നുണ്ട്. വളരെ കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടോ, സമരാനുഭവങ്ങളോ, ഐക്യരൂപ- സംഘടനാ ചട്ടക്കൂടുകളോ ഇല്ലാത്ത നഴ്‌സസ് സംഘടനക്ക് എത്രത്തോളം ചെറുത്തുനില്‍ക്കാനാവുമെന്ന് കണ്ടറിയണം. കേസുകള്‍, മര്‍ദനങ്ങള്‍, അച്ചടക്ക-പ്രതികാര നടപടികള്‍, എതിര്‍പക്ഷത്തുള്ള കോപറേറ്റ്-മത-രാഷ്ട്രീയ നേതൃത്വങ്ങള്‍, മാധ്യമപിന്തുണയില്ലായ്മ എന്നിവയ്ക്കിടയില്‍ സംഘടന ഉലയാനുള്ള സാധ്യതയാണ് കൂടുതല്‍.
തങ്ങളുടെ വരുതിയില്‍ നില്‍ക്കുന്ന ഒരു ട്രേഡ് യൂണിയനു കീഴില്‍ നഴ്‌സുമാരെ അണിനിരത്താനാണ് മറ്റൊരു നീക്കം. ആശുപത്രി ഉടമകളുമായി ഇടനില സാധ്യത മുന്നില്‍ കണ്ട് രാഷ്ര്ടീയക്കാരും ഇതില്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്. രക്ഷാകര്‍തൃ സ്ഥാനത്ത് പൊടുന്നനെ ചില രാഷ്ര്ടീയ പാര്‍ട്ടികളും നേതാക്കളും കടന്നുവന്നത് തന്നെ നല്ല സൂചനയല്ല. സമരക്കാര്‍ക്ക് ഭാവി ജോലി സാധ്യതകള്‍ ഇല്ലാതാക്കാനും ആശുപത്രികള്‍ താല്‍പര്യപ്പെടുന്നു.
പൊതു സമൂഹം നഴ്‌സുമാരുടെ സമരത്തെ കേവലം ഒരു ആശുപത്രി മാനേജ്‌മെന്റും അവിടുത്തെ ജീവനക്കാരും തമ്മിലുള്ള വിഷമായി ചുരുക്കി കണ്ടുകൂടാ. നിരവധി മാനങ്ങളും തലങ്ങളുമുള്ളതാണ് ഈ തൊഴില്‍ സമരം. ലോകമെങ്ങും മലയാളി നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയാളി നഴ്‌സുമാരോടുള്ള ഈ 'ലോകപ്രിയത' വെറുതെ ഉണ്ടായതല്ല. പ്രൊഫഷണല്‍ മികവാണ് അതിന് പ്രധാന കാരണം. അതിന് അവര്‍ മാന്യമായ പ്രതിഫലം അര്‍ഹിക്കുന്നുണ്ട്. നഴ്‌സുമാര്‍ കേരളത്തിന്റെ മൊത്തം വിദേശവരുമാനത്തിന്റെ 25%സംഭാവന ചെയ്യുന്നുവെന്ന് ചില പഠനങ്ങള്‍ പറയുന്നു. ചില ജില്ലകളില്‍ അത് 40-45 ശതമാനം വരെയും.
നഴ്‌സിംഗ് മേഖലയിലേക്ക് കടന്നുവരുന്നത് കൂടുതലും ദരിദ്ര-ഇടത്തരം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു സത്യം. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നാണ് ഇതിലേറെയും പേര്‍. വലിയ തുക കടം മേടിച്ചാണ്, വന്‍ ഫീസ് നല്‍കി പലരും പെണ്‍മക്കളെ നഴ്‌സിംഗിനയ്ക്കുന്നത്. എങ്ങനെയെങ്കിലും മക്കള്‍ നഴ്‌സുമാരായാല്‍ തങ്ങളും അവരും സ്വയം രക്ഷപ്പെടുമെന്നതാണ് കുടുംബങ്ങളുടെ പ്രതീക്ഷ. അത്തരം പ്രതീക്ഷകള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ മെച്ചപ്പെട്ട വേതനവും, തൊഴില്‍ സ്വാതന്ത്ര്യവും ഈ നഴ്‌സുമാര്‍ക്ക് നല്‍കണം. മഹത്തായ സേവനം നല്‍കുന്നവര്‍ക്ക് ചിലതെല്ലാം തിരിച്ചുനല്‍കാന്‍ സമൂഹത്തിനും ബാധ്യതയുണ്ട്.

പച്ചക്കുതിര, ഫെബ്രുവരി 2012

No comments:

Post a Comment