Tuesday, September 10, 2013

ചെങ്ങറയുടെ ആത്മകഥ


പുസ്തകറിവ്യൂ\വായന
സമരങ്ങളുടെ ചരിത്രം എഴുതപ്പെടുക അതില്‍ മുഖ്യ പങ്കുവഹിച്ചവരുടെ ആത്മകഥകളില്‍ക്കൂടിയുമാണ്. സമകാലിക കേരളത്തിലെ (ഇന്ത്യയിലെയും) ദലിതരുടെ/ദരിദ്രരുടെ (മര്‍ദിതരുടെ) അവകാശ സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ ചെങ്ങറയുടെ ചരിത്രം സെലീന പ്രക്കാനം എഴുതിയിരിക്കുന്നു. അവരുടെ ജീവിതകഥ പറഞ്ഞുകൊണ്ടു തന്നെ.
‘ചെങ്ങറ സമരവും എന്‍െറ ജീവിതവും’ ആത്മകഥാ ചരിത്രത്തില്‍ ഇടംപിടിക്കുക മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ തുറന്നുപറച്ചില്‍ രചനകളിലൊന്നായാണ്. അപൂര്‍വമായേ ഇത്തരം തുറന്നുപറച്ചിലുകള്‍ നമുക്ക് ഉണ്ടായിട്ടുള്ളൂ. കറുത്ത സമരപോരാളിയുടെ ജീവിതമെന്ന  അപൂര്‍വതയുമുണ്ട് പുസ്തകത്തിന്. ഇത്തരത്തില്‍ മറ്റൊന്ന് മുമ്പുണ്ടായിട്ടില്ളെന്ന് ഉറപ്പ്. സി.കെ. ജാനുവിന്‍െറയും മയിലമ്മയുടെയും  പുസ്തകങ്ങള്‍ നമുക്ക് മുന്നിലുണ്ടെങ്കിലും അവയേക്കാള്‍, തുറന്നുപറച്ചിലുകള്‍/വെളിപ്പെടുത്തലുകള്‍കൊണ്ടാണ് പുസ്തകം വ്യത്യസ്തമാകുന്നത്.
ചെങ്ങറ സമരത്തെ രണ്ടാം നിരയില്‍നിന്ന് നയിച്ചയാളാണ് അനുഭവങ്ങള്‍ നിരത്തുന്നത്. ഈ രണ്ടാം നിര പക്ഷേ യഥാര്‍ഥ സമരമുഖത്ത് ഒന്നാം മുന്നണിയിലാണ് എന്നതാണ് വൈരുധ്യം. ഇതു പുസ്തകം നന്നായി വരച്ചിടുന്നു.
പത്തനംതിട്ടയിലെ വടശ്ശേരിക്കരയില്‍ ജനിച്ചതു മുതലുള്ള ജീവിതമാണ് പുസ്തകത്തിന്‍െറ ഉള്ളടക്കം. പടിപടിയായുള്ള രാഷ്ട്രീയ വികാസത്തിലൂടെ ചെങ്ങറയിലത്തെുന്നതും അവിടെ സാധുജന വിമോചന സംയുക്ത വേദിയുടെ സെക്രട്ടറിയാകുന്നതും വിവരിക്കുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളില്‍ സമരഭൂമിയില്‍ നിന്നിറങ്ങുന്നതും ഡി.എച്ച്.ആര്‍.എം അംഗമാകുന്നതും വരെയുള്ള ജീവിതം പറഞ്ഞാണ് പുസ്തകം അവസാനിക്കുന്നത്.
സമരത്തിന്‍െറ പുറംലോകമറിയാത്ത നിരവധി അനുഭവങ്ങള്‍ സെലീന പ്രക്കാനം വരച്ചിടുന്നുണ്ട്. സമരംനയിച്ച രീതി, അവിടത്തെ ജീവിതം, രഹസ്യനീക്കങ്ങള്‍, അട്ടിമറി ശ്രമങ്ങള്‍, വ്യക്തികള്‍, വേദനകള്‍, ഒറ്റപ്പെടലുകള്‍ എന്നിവയെപ്പറ്റിയെല്ലാം പുസ്തകം തുറന്നു പറയുന്നു. ചില ‘വിഗ്രഹ’ങ്ങള്‍ ഉടഞ്ഞുവീഴുന്നു.
ഭൂമിക്കുവേണ്ടിയുള്ള സമരം മറ്റേത് സാമ്പത്തിക സമര ആവശ്യങ്ങളില്‍നിന്നും വ്യത്യസ്തമാണ്. അത് ഉല്‍പാദന ഉപാധി (ഭൂമിയാണ് മുഖ്യ ഉല്‍പാദന ഉപാധി)ക്ക് മേലുള്ള ഉടമസ്ഥത തേടലാണ്, വിഭവാധികാരത്തിന് മേലുള്ള അവകാശം സ്ഥാപിക്കലാണ്, അതിനേക്കാള്‍ രാഷ്ട്രീയാധികാരം പിടിച്ചെടുക്കലിലേക്കുള്ള ചുവടുവെപ്പാണ്. അതിനാല്‍, ദലിതുകളുടെ അതിജീവനത്തിനുള്ള  ചെങ്ങറ സമരം സവിശേഷ  ശ്രദ്ധയാകര്‍ഷിക്കുന്നു.
സമരഭൂമിയില്‍ അണികളിലൊരാളായി ചെന്ന്  ഉശിരുള്ള നേതാവായി മാറുകയായിരുന്നു സെലീന.  സമരഭൂമിയില്‍ നടക്കുന്ന കാര്യങ്ങള്‍  ഭാവനയില്‍ കാണാവുന്നതിലുമപ്പുറമാണ്. അതില്‍ ജനനം, മരണം, രോഗം, പട്ടിണി, അടിച്ചമര്‍ത്തല്‍, പൊലീസ് അതിക്രമം, ആഭ്യന്തരമായ ഗൂഢനീക്കങ്ങള്‍, ഉപജാപങ്ങള്‍ തുടങ്ങിയ എല്ലാം അരങ്ങേറുന്നു. ആ അര്‍ഥത്തില്‍ ചെങ്ങറ ഒരു പിടികിട്ടാത്ത സമരസമസ്യയാണ്. നോവലുകളില്‍ മാത്രം വായിച്ചറിയാനാവുന്ന സങ്കല്‍പലോകം. ഭാവനയും യാഥാര്‍ഥ്യവും കൂടിക്കലരുന്നതുപോലെ വായനക്കാരന് അനുഭവപ്പെടുന്നു.
സമര രംഗത്തെ സെലീന ഉജ്ജ്വലയാണ്. ധീരമായാണ് അവര്‍ നേതൃത്വം നല്‍കുന്നത്. ചിലപ്പോഴൊക്കെ നമ്മള്‍ സ്തബ്ധരാകുന്നു. ‘ഞാന്‍ മണ്ണെണ്ണയൊഴിക്കും, ഞാന്‍ കത്തിക്കഴിഞ്ഞതിനുശേഷമേ നിങ്ങള്‍ ചാടാവൂ’ എന്ന് നിര്‍ദേശം പുറപ്പെടുവിക്കുന്ന ആത്മസന്നദ്ധയാണ് അവര്‍. കോടതി ഉത്തരവിന്‍െറ ബലത്തില്‍ ചെങ്ങറയില്‍നിന്ന് പൊലീസ് സമരക്കാരെ ഒഴിപ്പിക്കുമെന്ന ഘട്ടത്തില്‍ ‘ആത്മാഹുതി സമരം’ പ്രഖ്യാപിച്ചതിനെപ്പറ്റിയാണ് സെലീന പറയുന്നത്. പൊലീസ് കയറിയാല്‍ മരത്തില്‍ കുരുക്കുമായി ഇരിക്കുന്നവരോടാണ് ആഹ്വാനം. മറ്റൊരു ഭാഗത്ത് നമ്മള്‍ ഇങ്ങനെ വായിക്കും: ‘അപ്പോള്‍ അദ്ദേഹം (ളാഹ ഗോപാലന്‍) എന്നോടു പറഞ്ഞു: ‘അവിടെ പെട്രോളും മണ്ണെണ്ണയും മിക്സ് ചെയ്ത് വെച്ചിട്ടുള്ളത് അറിയാമല്ളോ. പൊലീസ് വരുന്ന സമയത്ത് നീയതെടുത്ത് തലയില്‍ക്കൂടി ഒഴിക്കണം. അത് കത്തിക്കാനുള്ള ആളിനെ ഞാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞു: നിന്‍െറ കുഞ്ഞിന്‍െറ കാര്യം അറിയാം. അത് സംഘടന നോക്കിക്കൊള്ളാം. അതിന്‍െറ സംരക്ഷണം സംഘടന ഏറ്റെടുത്തുകൊള്ളും’(പേജ് 48). വായനക്കാരന് തീപൊള്ളുന്നു. മധ്യവര്‍ഗ സമരചിന്തകളെ സെലീന പ്രക്കാനം ഈ വരികളിലൂടെ ചുഴറ്റിയെറിയുന്നു.
പുസ്തകത്തില്‍ സമരനേതാവായ ളാഹ ഗോപാലന്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഈ വിമര്‍ശങ്ങള്‍ക്ക് വൈകാരികതയുടെ തലം സെലീന  നല്‍കുന്നില്ല. വിമര്‍ശം വ്യക്ത്യധിഷ്ഠിതമാകുന്നുമില്ല. വ്യക്തിധിഷ്ഠിതമാക്കാനുള്ള, വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ ഗ്രന്ഥകര്‍ത്താവിന് ധാരാളമുണ്ടെങ്കിലും.
ആത്മകഥയില്‍ സെലീന പറയുന്നത് ചെങ്ങറ സമരത്തിന്‍െറ പേരില്‍ അറിയപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ളെന്നാണ്്. ‘നിരവധി സെലീനമാരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. അറിയപ്പെടാത്ത അവരുടെ ദുരിതങ്ങള്‍ നിറഞ്ഞ ജീവിതങ്ങളുണ്ട്. അതിനൊപ്പം നില്‍ക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നേതാക്കന്മാരെ സൃഷ്ടിക്കുന്നവരാണ് യഥാര്‍ഥ നേതാക്കള്‍’
സമരത്തെ സെലീന പ്രക്കാനം വിലയിരുത്തുന്നത് ഇങ്ങനെ: ‘ ലോകം കണ്ട ഒട്ടനവധി സമരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ചെങ്ങറ സമരം. അത് വിജയിച്ച സമരമാണെന്ന് എനിക്കഭിപ്രായമില്ല.  കൃത്യമായ ഒരു ഒത്തുതീര്‍പ്പോടെ ചെങ്ങറ സമരം അവസാനിപ്പിക്കാമായിരുന്നു. അവിടത്തെ ജനങ്ങളുടെ അവസ്ഥ ചിന്തിച്ചു മനസ്സിലാക്കുക. അപ്പോള്‍ അത് പരാജയമായിരുന്നുവെന്ന് ബോധ്യമാകുംര്‍.’ ഈ സമരചരിത്രത്തിന്‍െറ/ആത്മകഥ വായന വരുംകാല സമരങ്ങള്‍ക്കും വിലപ്പെട്ട പഠന രേഖയാണ്. പരാജയങ്ങളും പഠിക്കേണ്ടതുതന്നെ.
ചെങ്ങറയുമായുള്ള വേര്‍പെടലിന്‍െറ അവസാന നിമിഷങ്ങള്‍ വിവരിക്കുന്ന ‘രാജി, ജീവിതം’ എന്ന അധ്യായത്തില്‍ എഴുതുന്നു: ‘സമരഭൂമിയില്‍ നിന്നിറങ്ങുമ്പോള്‍, ഉടുത്തിരുന്ന വസ്ത്രവും 200 രൂപയും ഒരു സെന്‍ക്കന്‍ഡ് ഹാന്‍ഡ് മൊബൈല്‍ഫോണും മാത്രമാണ് എന്‍െറ കൈയിലുണ്ടായിരുന്നത്. മറ്റുള്ളതെല്ലാം സമരഭൂമിയിലുണ്ട്. ഞാന്‍ വാങ്ങിയ പുസ്തകങ്ങള്‍ പോലും.’
പുസ്തകത്തിന്‍െറ അവസാന അധ്യായത്തിന്‍െറ തലക്കെട്ടുതന്നെ നിലപാട് പ്രഖ്യാപനമാണ്: ‘ദലിത്-ആദിവാസി വിമോചനത്തിന് കുറുക്കുവഴികളില്ല.’ ആ അധ്യായത്തില്‍ ഇങ്ങനെ പറയുന്നു: ‘ഒരുപാട് ചിന്തകളും നേതൃത്വങ്ങളും ഉണ്ടായിവരണം. ചിതറിപ്പോയ ജനതയെ ഏകീകരിച്ചുകൊണ്ടേ വിമോചനം സാധ്യമാകൂ. അവര്‍ക്ക് ഒന്നിക്കാന്‍ ഭൂമിയും സമ്പത്തും ആവശ്യമായ കാര്യമാണ്. അതേസമയം, ഒരു ജനതയായി ഏകീകരിക്കാന്‍ കഴിയുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരു സമുദായമായിത്തീരണം. അതാണ് പ്രധാനം.’
പുസ്തകത്തിന്‍െറ ചരിത്രപ്രാധാന്യം കേരളീയ സമൂഹത്തില്‍ നടന്ന ദലിത്-ആദിവാസികളുടെ പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്നുവെന്നത് കൂടിയാണ്.
സെലീന പ്രക്കാനത്തിന്‍െറ ആത്മകഥ പൂര്‍ണമല്ല. ഡി.എച്ച്.ആര്‍.എമ്മില്‍ ചേരുന്നതുവരെയുള്ള കാലമേ പുസ്തത്തിലുള്ളൂ. ഡി.എച്ച്.ആര്‍.എമ്മിലെ പ്രവര്‍ത്തനം, വിയോജിപ്പുകള്‍, പുതിയ നിലപാടുകള്‍ എന്നിവയുള്‍പ്പെടെ ജീവിതം ഇനിയും പറയാനിരിക്കുന്നു. മാത്രമല്ല, ജീവിതത്തിലെ ജാതി-മത അനുഭവങ്ങള്‍ വളരെ കുറച്ചേ പുസ്തകത്തിലുള്ളൂ. അഞ്ചോ ആറോ ഖണ്ഡികളില്‍ അത് ഒതുങ്ങുന്നു. ഈ മേഖലകളെപ്പറ്റി ഇനിയും കുറേ കൂട്ടിച്ചേര്‍ക്കലുകള്‍ ആവശ്യമാണ്.  പുസ്തകം ചെങ്ങറ സമരവുമായി ബന്ധപ്പെട്ട ജീവിതഭാഗങ്ങള്‍ക്ക് ഊന്നല്‍നല്‍കിയതിനാലാവും മറ്റ് ഭാഗങ്ങള്‍ വേണ്ടത്ര വിവരിക്കാത്തതും.
മധ്യവര്‍ഗ/ബുദ്ധിജീവികളുടെ ഭാഷയിലല്ല പുസ്തകം എഴുതിയത്. സങ്കീര്‍ണവും നീണ്ടതുമായ വാചകങ്ങളില്ല. ലളിതം. ചെറിയ ചെറിയവാചകങ്ങളില്‍ ഒഴുക്കോടെ പുസ്തകം മുന്നോട്ട് നീങ്ങുന്നു. മാത്രമല്ല, പുസ്തകത്തിലെ ഓരോ വരികളിലും സത്യസന്ധത അനുഭവിച്ചറിയാനുമാവുന്നു.  ഒ.കെ. സന്തോഷും എം.ബി. മനോജും പുസ്തകമെഴുത്തില്‍ അവലംബിച്ച സവിശേഷരീതി അഭിനന്ദനമര്‍ഹിക്കുന്നു. ചെങ്ങറയില്‍ ഉള്‍പ്പെടെയുള്ള വിയോജിപ്പുകളില്‍ അവര്‍ കക്ഷിചേരുന്നില്ല. വിഭാഗീയതയെ പ്രോത്സാഹിപ്പിക്കുന്നില്ല, ഭിന്നിപ്പുകളില്‍ സന്തോഷിക്കുന്നുമില്ല. ആത്മകഥാ കേട്ടെഴുത്തുകാര്‍ പാലിക്കേണ്ട സ്വയം അച്ചടക്കം ഇരുവരും പുലര്‍ത്തുന്നു. ഭാഷയുടെ ജാതി ഇരുവര്‍ക്കും നന്നായി അറിയാം.
‘ചെങ്ങറ സമരത്തെക്കുറിച്ചും  അതിന്‍െറ നേതൃത്വത്തെക്കുറിച്ചുമുള്ള വിശകലനങ്ങള്‍ സ്വാഭാവികമായും വരാനിരിക്കുന്ന ചുവടുവെപ്പുകള്‍ക്കു സഹായകരമായിത്തീരുമെന്ന് ഉറപ്പാണെ’ന്ന് മുഖവുര പറയുന്നു. പക്ഷേ, ഒരുവരി കൂടി ചേര്‍ക്കണം. വരാനിരിക്കുന്ന സമരങ്ങള്‍ നിശ്ചയമായും സെലീന പ്രക്കാനത്തിന്‍െറ ആത്മകഥ വായിച്ചിരിക്കണം. അല്ലാതെ അവക്ക്
മുന്നോട്ടു പോകാനേ ആവില്ല.
ചെങ്ങറ സമരവും എന്‍െറ ജീവിതവും

സെലീന പ്രക്കാനം
എഴുത്ത്: ഒ.കെ. സന്തോഷ്,
എം.ബി. മനോജ്
വില:110.00, പേജ്: 151
ഡി.സി.ബുക്സ്


ആര്‍.കെ. ബിജുരാജ്
2013 september 9 sunday
Varadya Madhyamam


1 comment:

  1. പരിചയപ്പെടുത്തല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.വേഗം കണ്ടെത്താന്‍ ശ്രമിക്കാം.അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടം കൂടികൂടി വരികയല്ലേ.

    ReplyDelete